സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-05-15-ൽ പ്രസിദ്ധീകരിച്ചതു്)

images/Czes_Milosz.jpg
ചെസ്ലാവ് മീലോഷ്

നിങ്ങളുടെ വാക്കുകൾ അവയുടെ അർത്ഥങ്ങളിലൂടെ സംസാരിക്കാതിരിക്കട്ടെ. ആർക്കു് എതിരായി അവ ഉപയോഗിക്കുന്നുവോ അവയുടെ അന്തർഭാഗത്തുകൂടെയാവട്ടെ അതു്. സന്ദിഗ്ദ്ധങ്ങളായ വാക്കുകളിൽ നിന്നു് നിങ്ങൾ ആയുധങ്ങൾക്കു് രൂപം നൽകൂ. സ്പഷ്ടങ്ങളായ വാക്കുകളെ ശബ്ദകോശത്തിന്റെ തടവറയിലാക്കൂ… ഉത്കടവികാരത്തിന്റെ ശബ്ദം യുക്തിയുടെ ശബ്ദത്തേക്കാൾ നല്ലതാണു്. ഉത്കട വികാരമില്ലാത്തതിനു് ചരിത്രത്തിനു് മാറ്റം വരുത്താൻ കഴിയുകയില്ല. സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1980 - ൽ നേടിയ പോളിഷ് കവി ചെസ്ലാവ് മീലോഷ് (Czeslaw Milosz, b. 1911) എഴുതിയ ‘Child of Europe’ എന്ന കവിതയിലെ ഒരു ഭാഗമാണിതു്. (Collected Poems, 1931–1987, Penguin Books, pp. 511).

പ്രതിപാദ്യ വിഷയത്തിന്റേയും സന്ദർഭത്തിന്റേയും അർഥനകൾക്കു് യോജിച്ച വിധത്തിൽ മീലോഷ് ഇങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കവിത അർത്ഥങ്ങളിലൂടെ സംസാരിക്കുന്നു. അസന്ദിഗ്ദ്ധതയാണു് അതിന്റെ മുദ്ര. ഉത്കടവികാരത്തിന്റെ നാദം അതു് ഉയർത്തുകയും ചെയ്യുന്നു. പക്ഷേ വൈഷയികത്വത്തേക്കാളേറെ ധൈഷണികത്വമുണ്ടു് അദ്ദേഹത്തിന്റെ കവിതയ്ക്കു്. ഭാവാത്മകത്വമുളവാക്കുന്ന സന്ദിഗ്ദ്ധത അതിനൊട്ടില്ലതാനും. ശക്തിയാർന്ന വികാരങ്ങളുടെ ആവിഷ്കാരം കാണണമെങ്കിൽ മീലോഷിന്റെ കവിത വായിക്കണം. നോക്കുക:

Woman:

Earth flows away from the shore where I stand

her trees and grasses, more and more distant, shine.

Buds of chestnuts, lights of frail birches,

I won’t see you anymore.

With worn – out people you move away,

with the Sun waving like a flag you run

towards the night,

I’m afraid to stay here alone,

I have nothing except my body

it glistens in the dark, a star with crossed hands.

so that I am scared to look at myself. Earth

do not abandon me.

കവി നിൽക്കുന്ന കരയിൽ നിന്നു് എല്ലാം ഒഴുകിപ്പോകുന്നു. അദ്ദേഹത്തിനു് പേടി. ശരീരം മത്രമേയുള്ളൂ കവിക്കു്. ഭൂമി കവിയെ ഉപേക്ഷിക്കാതിരുന്നെങ്കിൽ! അസ്തിത്വത്തിന്റെ സന്ത്രാസത്തെ കമ്യുവും സാർത്രും ചിത്രീകരിച്ചതിനേക്കാൾ നൂറു മടങ്ങു് ശക്തിയോടെ മീലോഷ് സ്ഫുടീകരിക്കുകയാണിവിടെ. ഈ ശക്തി ഭവിഷ്യദ്വാക്യത്തിന്റെ ശക്തിയോടു് ചേർന്നു് വരുമ്പോൾ ഉണ്ടാകുന്ന അന്യാദൃശസ്വഭാവം താഴെച്ചേർക്കുന്ന വരികളിൽ കണ്ടാലും:

He wonders at his brother’s

skull shaped like an egg,

everyday he shoves back

his black hair from his brow,

the one day he plants a big load of dynamite

and is surprised that afterward

everything spouts up in the explosion.

Agape, he observes the clouds

and what is hanging in them:

globes, penal codes, dead cats floating

on their backs,

locomotives.

They turn in their skeins of white

clouds like clash in a puddle.

While below on the earth a banner,

the colour of a romantic rose, flutters,

and a long row of military trains crawls

on the weed – covered tracks

കവിത എങ്ങനെയിരിക്കണം? മാതൃഭാഷയിൽ അനലംകൃതമായ ഭാഷണമായിരിക്കണം അതു്. അതുകേട്ടാൽ ഉഷ്ണകാലത്തെ മിന്നൽപ്പിണരിലെന്നപോലെ ആപ്പിൾ മരങ്ങളും, നദിയും, പാതയുടെ വളവും നിങ്ങൾ കാണണം. നോവലുകളും ഉപന്യാസങ്ങളൂം സേവനമനുഷ്ഠിക്കുന്നുണ്ടു്. ഒരു ശകടം നിറയെ ഉള്ള വിസ്താരമാർന്ന ഗദ്യത്തേക്കാൾ സ്പഷ്ടമായ കവിതാഭാഗത്തിനു് ഭാരം കൂടും.

ധൈഷണികതയ്ക്കു് പ്രാധാന്യം കല്പിക്കുന്ന കവിയാണു് മീലോഷ് എന്നു് പറഞ്ഞെങ്കിലും ചിന്തയിൽ ഭാവാത്മകതയുടെ ദീപം കത്തിച്ചുകൊണ്ടു് അദ്ദേഹം സഞ്ചരിക്കുന്നതു് കാണാൻ കൗതുകമുണ്ടു്. ‘Annalena’ എന്ന കാവ്യം നോക്കിയാലും:

I liked your velvet yoni,

Annalena, long voyages in the delta of your legs

A striving upstream toward

Your beating heart through

more and more savage

Currents saturated with the light of hops

and bind weed

And our vehemence and

triumphant laughter and our

hasty dressing in the middle

of the night to walk on the

stone stairs of the upper city.

യൂറോപ്പിന്റെയും ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും കാവ്യപ്രവാഹങ്ങൾ വിഭിന്നങ്ങളാണു്. അവയെ അവലംബിക്കാതെ ഒരു നൂതന കാവ്യധാര സൃഷ്ടിച്ച മഹാകവിയാണു് മീലോഷ്. തികച്ചും മൗലികമാണു് അദ്ദേഹത്തിന്റെ കവിതാലോകം. അതിൽ വിഹരിക്കുന്നതു് അന്യാദൃശമായ അനുഭവമാണു്. ഒരധ്യാപിക അഞ്ചു വയസ്സുള്ള ഒരു കൂട്ടം കുട്ടികളെ കാഴ്ചബംഗ്ലാവിന്റെ മാർബിൾ സ്തംഭങ്ങൾക്കിടയിലൂടെ കൊണ്ടുചെന്നു താഴെയിരുത്തി. വലിയ ഒരു ചിത്രത്തിന്റെ മുൻപിൽ. “ഒരു ലോഹത്തൊപ്പി, ഒരു വാൾ, ദേവന്മാർ, ഒരു മല, വെളുത്ത മേഘങ്ങൾ, ഒരു കഴുകൻ, മിന്നൽപ്പിണർ” എന്നൊക്കെ അവൾ കുട്ടികളോടു പറഞ്ഞു. അവളുടെ ദുർബ്ബലമായ കണ്ഠം, അവളുടെ സ്ത്രീസംബന്ധിയായ അവയവങ്ങൾ, അവളുടെ പലനിറങ്ങളാർന്ന വസ്ത്രങ്ങൾ, ക്രീം, ചെറിയ ആഭരണങ്ങൾ ഇവയെല്ലാം മാപ്പിനാൽ ആശ്ലേഷിക്കപ്പെട്ടു. ക്ഷമയാൽ ആശ്ലേഷിക്കപ്പെടാത്തതായി എന്തുണ്ടു്? (pp. 492). നമ്മുടെ കവികളുടെ രചനകൾക്കും നമ്മൾ മാപ്പു കൊടുക്കുന്നു. കൊടുക്കും. എന്നിട്ടു് മീലോഷിന്റെ ഉജ്ജ്വലകാവ്യങ്ങൾ വായിക്കു. ഞാൻ വീണ്ടും പറയുന്നു ‘അന്യാദൃശമായ അനുഭവമാണതു്’.

ഇ. വി. ശ്രീധരന്റെ കഥ
images/Kamala_das.jpg
കമലാദാസ്

ശ്രീമതി കമലാദാസ് ബോംബെയിൽ താമസിച്ച കാലത്തു ചിലപ്പോൾ തിരുവനന്തപുരത്തു വരുമായിരുന്നു. വന്നാൽ റെസിഡൻസിയിലായിരിക്കും അവരുടെ താമസം. അങ്ങനെ ഒരിക്കൽ ശ്രീമതി വന്നപ്പോൾ എന്നെ ചായ കുടിക്കാനായി ക്ഷണിച്ചു. റെസിഡൻസിയിൽ ചെന്ന ഞാൻ കമലാദാസിനോടു രണ്ടു മണിക്കൂർ നേരം സംസാരിച്ചു. സംസാരത്തിനിടയിൽ അവർ ചോദിച്ചു: “ഞാൻ മരിക്കുമോ?” ‘ഇല്ല’ എന്നു് എന്റെ മറുപടി. ‘എന്തുകൊണ്ടു്?’ എന്നു ശ്രീമതി. വിവേകാനന്ദസ്വാമിയോ മറ്റോ പറഞ്ഞതു ഞാൻ കമലാദാസിനെ അറിയിച്ചു. “കാട്ടിൽ നിൽക്കുന്ന മരം വർഷങ്ങൾ കഴിഞ്ഞു് ജീർണ്ണിച്ചു അവിടെത്തന്നെ മറിഞ്ഞു വീണാലും അതിന്റെ പരമാണുക്കൾ അന്തരീക്ഷത്തിൽ ചേരുന്നതേയുള്ളൂ. നശിക്കുന്നില്ല. ആ മരം മുറിച്ചു കൊണ്ടു വന്നു് കട്ടളയും കതകുമാക്കി നിർമ്മിക്കുന്ന വീട്ടിൽ വച്ചാലും നാശമില്ല. വീടു് കുറെ വർഷങ്ങൾക്കു ശേഷം താഴെ വീണാലും കതകിന്റെയും മറ്റും പരമാണുക്കൾ നശിക്കുന്നില്ല”.

ഇതു കേട്ടു് കമലാദാസ് പറഞ്ഞു: “So I won’t die?”

ഞാൻ: “ഇല്ല”.

കമലാദാസ്: “What a fine ideal”.

എനിക്കു് വിശ്വാസമൊട്ടുമില്ലാത്ത ഒരാശയമാണു് സംഭാഷണത്തിന്റെ ചാരുതയെ മാത്രം ലക്ഷ്യമാക്കി ഞാൻ ശ്രീമതിയുടെ മുൻപിൽ ആവിഷ്കരിച്ചതു്. ഒരു മീറ്റിങ്ങിനു പോയി ഉച്ചയ്ക്കു് ഊണുകഴിക്കാതെ തളർന്നിരിക്കുന്ന എന്നോടു പ്രഫെസർ ജി. ബാലകൃഷ്ണൻനായർ ഗീതയിലെ ഒരു ശ്ലോകം പറഞ്ഞു.

മാത്രാ സ്പർശസ്തു കൗന്തേയ

ശീതോഷ്ണസുഖദുഃഖദാഃ

ആഗമാപായിനോഽ-നിത്യാ

സ്താംസ്തിതിക്ഷസ്വ ഭാരത

(വസ്തുക്കളോടുള്ള സ്പർശം കൊണ്ടു തണുപ്പും ചൂടും ആഹ്ലാദവും വേദനയും ഉണ്ടാകുന്നു. അവ വരികയും പോകുകയും ചെയ്യുന്നു. സ്ഥിരതയില്ല അവയ്ക്കു്. ഭാരത, സഹിക്കാൻ ശീലിക്കൂ) ഞാൻ അദ്ദേഹത്തോടു മറുപടിയായി പറഞ്ഞതിങ്ങനെ: “Sir from the philosophical point of view you may be correct. But from the practical point of view it is not correct”. ശരിയല്ല കൃഷ്ണൻനായരുടെ അഭിപ്രായം എന്നു മാത്രം അറിയിച്ചു ബാലകൃഷ്ണൻനായർ. വിശക്കുമ്പോൾ ചോറുണ്ടേ മതിയാവൂ. ചോറ് ബ്രഹ്മമല്ലേ. ഉണ്ണുന്നയാൾ ബ്രഹ്മമല്ലേ. ഇല ബ്രഹ്മമല്ലേ എന്ന ചോദ്യങ്ങൾ സ്റ്റുപിഡാണു്. അതുപോലെ ആരെങ്കിലും മരിച്ചാൽ ബ്രഹ്മം ബ്രഹ്മത്തിൽ ചേർന്നു ദുഃഖിക്കാനൊന്നുമില്ല എന്നു പറയുന്നതും ബുദ്ധിശൂന്യതയാണു്. വ്യക്തിയുടെ മരണത്തിൽ നാം ദുഃഖിക്കുന്നതു് ആ വ്യക്തിയുടെ ജീവനുള്ള രൂപം ഇല്ലാതായതുകൊണ്ടാണു്. സാമാന്യസ്വഭാവമാർന്ന ആത്മാവ് മരിക്കുന്നില്ല എന്ന ആശയം ദുഃഖമില്ലാതാക്കുന്നില്ല.

ഈശ്വരഭക്തി ആകാം. എന്നാൽ എപ്പോഴും ഭക്തി കൊണ്ടു നടക്കുന്നതു മാനസിക രോഗത്താലാണു്. അല്ലെങ്കിൽ കുറ്റം ചെയ്തതിന്റെ ഫലമായിട്ടാണു്

ശോചനീയമായ ജീവിതവും അതിനോടു ചേർന്ന ഭയങ്കരമായ മരണവും ശ്രീ. വി. ശ്രീധരന്റെ ചിന്തയ്ക്കു വിഷയമാകുന്നു. അതിനു് അദ്ദേഹം കലയുടെ രൂപം നൽകിയതാണു് ‘ഓറഞ്ച് തോട്ടത്തിന്റെ കാവൽക്കാരൻ’ എന്ന നല്ല കഥ (മാതൃഭൂമി ആഴ്ചപതിപ്പ്). ഒരു മാഷിന്റെ തിരോധാനത്തിലൂടെ, വർഷങ്ങൾ കഴിഞ്ഞുള്ള പ്രത്യാഗമനത്തിലൂടെ, ഭാര്യയും മകളും മരിച്ചതിലുള്ള അയാളുടെ ദുഃഖത്തിലൂടെ കഥാകാരൻ നമ്മുടെ ജീവിതത്തിന്റെ വിഷാദാത്മകതയെ വ്യക്തമാക്കിത്തരുന്നു. വിശാലതയാർന്നു് ഒഴുകുന്ന നദിയിൽ ഒരാന്തര പ്രവാഹമുള്ളതുപോലെ ജീവിതത്തിന്റെ അന്തർഭാഗത്തുള്ള ശോകപ്രവാഹത്തെ ഈ വി. ശ്രീധരൻ വൈദഗ്ദ്ധ്യത്തോടെ ചിത്രീകരിക്കുന്നു.

‘All hope abandon, Ye who enter here’ എന്നു ദാന്തെ പറഞ്ഞതു പ്രായോഗിക സത്യം. ഭഗവദ്ഗീത പറഞ്ഞതു ദാർശനിക സത്യം.

വലിയ താക്കോൽ
images/Charles_Baudelaire.jpg
ബോദലെർ

The Mirror എന്ന പേരിൽ ഫ്രഞ്ച് കവി ബോദലെർ ഒരു കഥയെഴുതിയിട്ടുണ്ടു്. പേടിപ്പിക്കുന്ന വൈരൂപ്യമുള്ള ഒരുത്തൻ അകത്തേക്കു വന്നു് കണ്ണാടിയിൽ നോക്കി. ‘നിങ്ങളെന്തിനാണു് കണ്ണാടി നോക്കുന്നതു്? ദുഃഖമല്ലാതെ നിങ്ങൾക്കെന്തുണ്ടാകും അതുകൊണ്ടു്? ഭയജനകമായ വൈരൂപ്യമുള്ള അയാൾ മറുപടി നൽകി: എൺപത്തിയൊമ്പതിലെ തത്ത്വങ്ങളനുസരിച്ചു് എല്ലാ ആളുകൾക്കും തുല്യമായ അവകാശങ്ങളുണ്ടു്. അതുകൊണ്ടു കണ്ണാടിയിലേക്കു നോക്കാനുള്ള അവകാശമുണ്ടെനിക്കു്. അതു് ആഹ്ലാദദായകമാണോ അല്ലയോ എന്നതു എന്റെ മനസ്സാക്ഷിയെ മാത്രം ആശ്രയിച്ചിരിക്കുന്നു. വിവേകത്തെ അവലംബിച്ചു നോക്കുകയാണെങ്കിൽ എന്റെ പക്ഷം സംശയരഹിതമായി ശരി. പക്ഷേ നിയമത്തിന്റെ കാഴ്ചപ്പാടിലൂടെയാണെങ്കിൽ അയാൾക്കു തെറ്റ് പറ്റിയെന്നു പറയാനും വയ്യ’. ശ്രീ. പി. എഫ്. മാത്യൂസിന്റെ ‘പിളർന്ന മനുഷ്യൻ’ എന്ന കഥ വായിച്ചപ്പോൾ എന്റെ സാഹിത്യജന്യമായ വിവേകം പറഞ്ഞു clumsy (ക്ലംസി = വിലക്ഷണമായ) എന്നു്. മാത്യൂസ് പ്രഖ്യാപിക്കും നല്ല കഥയെന്നു്. ആ വിചാരമില്ലെങ്കിൽ അദ്ദേഹം അതു പ്രസിദ്ധപ്പെടുത്താൻ അയച്ചുകൊടുക്കുമായിരുന്നില്ലല്ലോ. കഥാകാരന്റെ പിളർന്ന മനുഷ്യൻ ആധ്യാത്മിക ജീവിതത്തിൽ തല്പരത്വമുള്ള സ്ത്രീയുടെ ഭർത്താവാണു്. ലൈംഗികകാര്യങ്ങളിൽ അദമ്യവാഞ്ഛ. അവയിൽ കൗതുകമില്ലാത്ത സഹധർമ്മിണിയെ അയാൾ ബലാൽകാരവേഴ്ച എന്നു വിളിക്കാവുന്ന വേഴ്ചയ്ക്കു വിധേയയാക്കുന്നു. വേറൊരു സ്ത്രീയെ ആപനസത്വയാക്കുന്നു. എങ്കിലും അയാളുടെ അബോധമനസ്സിൽ പാപത്തെക്കുറിച്ചു ബോധമുണ്ടു്. അതിന്റെ പ്രേരണയ്ക്കു വിധേയനായി കുരിശിലെ മരണം പോലും അയാൾ സ്വപ്നം കാണുന്നു. അയാളുടെ മകന്റെ ഒരു ദിവ്യാദ്ഭുത പ്രകടനം കണ്ടു ഭക്തിവികാരമിളകിപ്പോയ ചിലരുടെ പ്രവൃത്തിയാകാം (എനിക്കു നിശ്ചയമില്ല ഇക്കാര്യത്തിൽ) ഒരു വലിയ കുരിശുകൊണ്ടു് അയാളുടെ പറമ്പിൽ നാട്ടുന്നതു്.

ഭർത്താവ്—നിർവചനം തരൂ? കാമുകന്റെ അസ്ഥിപഞ്ജരം.

പാവനചരിതനായ ക്രിസ്തുവിനേയും കഥാപാത്രത്തിന്റെ ഭോഗലാലസയെയും കൂട്ടിച്ചേർത്തു കഥ പറയുന്നതിനുള്ള മാത്യൂസിന്റെ bad taste ക്ഷമിക്കത്തക്കതല്ല എന്നതു പോകട്ടെ. കഥയെന്തുകൊണ്ടു് എന്റെ ഉള്ളിൽ തട്ടിയില്ല എന്നതിനു കാരണം പറയാം. പ്രതിപാദ്യ വിഷയമെന്ന ദാരുഖണ്ഡത്തെ വാക്കുകൾ കൊണ്ടു ചൈതന്യധന്യമാക്കുന്ന പ്രക്രിയയാണു കലയെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. അതു മാത്യൂസിനു വശമല്ല. സാഹിത്യ സൃഷ്ടിയിൽ വാക്കുകൾ താക്കോലല്ല. താക്കോൽദ്വാരമാണെന്നും ആ നിരൂപകൻ പ്രസ്താവിച്ചിട്ടുണ്ടു്. ആ ദ്വാരത്തിലൂടെ നോക്കുമ്പോഴാണു് നമ്മൾ അപ്പുറത്തെ അദ്ഭുതങ്ങൾ കാണുന്നതു്. മാത്യൂസ് താക്കോൽദ്വാരത്തിൽ വാക്കുകൾ കൊണ്ടുണ്ടാക്കിയ ഒരു താക്കോൽ വച്ചു മറുപുറത്തുള്ള കാഴ്ചയെ ഇല്ലാതാക്കിയിരിക്കുന്നു (കഥ മലയാളം വാരികയിൽ).

പലരും പലതും

1. ആളുകൾക്കു വായിക്കാവുന്ന പുസ്തകങ്ങൾ നിങ്ങൾക്കെഴുതാൻ അറിഞ്ഞുകൂടേ? എന്നു നോറ ജോയിസ് ഭർത്താവായ ജെയിംസ് ജോയിസിനോടു ചോദിച്ചു. വിവേകമുള്ള സ്ത്രീ. നോറയെപ്പോലെ ഇവിടത്തെ എഴുത്തുകാരുടെ ഭാര്യമാരും ഭർത്താക്കന്മാരോടു ചോദിച്ചിരുന്നെങ്കിൽ എത്ര ഫൗണ്ടേഷൻ മഷിയും അച്ചടിമഷിയും ലാഭിക്കാമായിരുന്നു!

images/Bertrand_Russell.jpg
ബർട്രൻഡ് റസ്സൽ

2. സാഹിത്യത്തിൽ താല്പര്യമുള്ളവർ ഒരുമിച്ചു കൂടുമെന്നു നേരത്തേ അറിഞ്ഞാൽ ആ സമ്മേളനത്തിനു പോകാൻ നിശ്ചയിച്ച ഒരാൾ ഗ്രന്ഥങ്ങൾ നോക്കി ചില ആശയങ്ങൾ ഉള്ളിലൊതുക്കി വയ്ക്കും. സംസാരം തുടങ്ങുമ്പോൾ അയാൾ തന്റെ ഉള്ളിലിരിക്കുന്ന ആശയത്തോടു് അതിനെ അടുപ്പിക്കും. എന്നിട്ടു് വാചാലനോ വാഗ്മിയോ ആകും ആ ആശയപ്രതിപാദനത്തിൽ. അൽഡസ് ഹക്സിലി എൻസൈക്ലോപീടിയ ബ്രിട്ടാനിക്ക നേരത്തേ ഹൃദിസ്ഥമാക്കിക്കൊണ്ടു വന്നു Alps, Andis എന്നിങ്ങനെ ക്രമം തെറ്റാതെ സംസാരിക്കുമെന്നു് ബർട്രൻഡ് റസ്സൽ പരിഹസിച്ചിട്ടുണ്ടു്.

3. വിഡ്ഢികൾ എവിടെയും വിഡ്ഢിത്തം കാണിക്കും. എം. എ പരീക്ഷയുടെ വൈവ വോസി നടക്കുന്നു. മുന്നിലെത്തിയ വിദ്യാർത്ഥിയോടു് ഒരു ബോർഡ് മെംബർ ഉത്പ്രേക്ഷയും ഉപമയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥി ഉത്തരം നൽകിക്കഴിഞ്ഞയുടനെ തിരുമണ്ടനായ മറ്റൊരു മെംബർ ചോദിച്ചു: ‘പെണ്ണിന്റെ കണ്ണിലൊരു ഞെക്കുവിളക്കുണ്ടു്. ഇതിലെ അലങ്കാരമെന്തു്?’ ചെയർമാനായിരുന്ന ഉള്ളൂർ ഇതുകേട്ടു പൊട്ടിച്ചിരിച്ചു. അതിനു് ഉത്തരം പറയേണ്ടതില്ല എന്നു വിദ്യാർത്ഥിയോടു മഹാകവി പറയുകയും ചെയ്തു.

images/warandpeace.jpg

4. ഭർത്താവിനു ഭാര്യയെസ്സംബന്ധിച്ചുണ്ടാകുന്ന ദുശ്ശങ്ക സർവസാധാരണം. അതിനെ സ്വന്തമായ രീതിയിൽ കണ്ടു് നൂതനമായ രീതിയിൽ സംവിധാനം ചെയ്യുമ്പോൾ ‘ഒതല്ലോ’ എന്ന നാടകമുണ്ടാകുന്നു (ഒഥല്ലോ എന്നെഴുതുന്നതു ശരിയല്ല). അതു താജ്മഹൽ പോലെ ടോൾസ്റ്റോയിയുടെ war and peace പോലെ മാനവസംസ്കാരത്തിന്റെ ഒരു ഭാഗമായി മാറുന്നു.

5. സുദീർഘമായി പ്രസംഗിക്കുന്നതിൽ വിരുതനായ ഒരാൾ തിരുവനന്തപുരത്തുണ്ടായിരുന്നു. ഒന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടു് അദ്ദേഹം ‘അയ്യോ വാച്ചില്ല എന്റെ കയ്യിൽ’ എന്നു പറഞ്ഞു. സദസ്സിൽ നിന്നൊരാൾ അതുകേട്ടു് ഉറക്കെപ്പറഞ്ഞു: ‘അതാ ഇടതുവശത്തെ ചുവരിൽ കലണ്ടർ തൂക്കിയിട്ടുണ്ടു്’.

6. എന്റെ ഒരു മലയാളം പ്രൊഫെസർ (പേരു പറയുന്നതു ശരിയല്ല) അവരെഴുതിയ നോവലിന്റെ കയ്യെഴുത്തു പ്രതിയുമായി കൈനിക്കര കുമാരപിള്ളയെ സമീപിച്ചു അവതാരികയ്ക്കായി. രണ്ടാഴ്ച കഴിഞ്ഞു ശ്രീമതി എത്തിയപ്പോൾ കൈനിക്കര പറഞ്ഞു: ‘ജോൺസൺ പറഞ്ഞതുപോലെ ഞാൻ കല്യാണിയമ്മയോടു പറയുകയാണു്. നിങ്ങളുടെ നോവൽ ഒറിജിനലാണു്. നല്ലതുമാണു്. പക്ഷേ നല്ല ഭാഗം ഒറിജിനലല്ല. ഒറിജിനലായ ഭാഗം നല്ലതുമല്ല.’ (കൈനിക്കര തന്നെ എന്നോടു പറഞ്ഞതാണിതു്. പ്രൊഫെസർ എവിടെ നിന്നു മോഷ്ടിച്ചുവെന്നും അദ്ദേഹം എന്നെ അറിയിച്ചു. ആ നോവലിന്റെ പേരു് അദ്ദേഹം എന്നോടു പറഞ്ഞെങ്കിലും ഞാൻ ഇപ്പോഴതു് മറന്നിരിക്കുന്നു).

7. ക്ഷുദ്രത്തിനു പരിധിയുണ്ടെന്നായിരുന്നു എന്റെ ഇതുവരെയുള്ള വിചാരം. ആ പരിധിയില്ലെന്നു ശ്രീ. സി. വി. ബാലകൃഷ്ണൻ മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ‘ജീവശാസ്ത്രം’ എന്ന കഥ വായിച്ചപ്പോൾ മനസ്സിലായി. ഒരു മധ്യവയസ്കൻ ഒരു ചെറുപ്പക്കാരിയെ ഗർഭിണിയാക്കുന്നു. അയാൾ അവളെയും കൊണ്ടു് ഡോക്ടറെ കാണാൻ വരുന്നു. മാസമേറെയായതുകൊണ്ടു ഗർഭച്ഛിദ്രം നടത്താൻ ഒക്കുകയില്ലെന്നു ഡോക്ടർ. അവർ തിരിച്ചു പോകുന്നു. കഥയുടെ പര്യവസാനമിങ്ങനെ: ‘എന്താ ആലോചിക്കണേ?’ അവൾ ചോദിക്കുന്നു: “നിന്നെ എങ്ങനെയാ കൊന്നു കളയ്വാന്ന്”

അതുകേട്ടു് അവൾ പറയുന്നു: “നിങ്ങടെ കൈകൊണ്ടു് എങ്ങനെ മരിക്കാനും എനിക്കു സമ്മതമാ. പോരേ”

ആവിഷ്കരിക്കാൻ യോഗ്യതയുള്ള വിഷയങ്ങളേ തിരഞ്ഞെടുക്കാവൂ. അതു് അന്യാദൃശ്യമായ രീതിയിൽ പ്രതിപാദിക്കുകയും വേണം. ചെക്കോവും ഇങ്ങനെയൊക്കെയല്ലേ എഴുതുന്നതെന്നു ബാലകൃഷ്ണൻ ചോദിക്കുമായിരിക്കും. ശരി. പക്ഷേ ചെക്കോവിന്റെ കഥകളിൽ തീക്ഷ്ണമായ ജീവിതാവബോധമുണ്ടു്. ബാലകൃഷ്ണന്റെ ഇക്കഥയിൽ അതില്ല.

ചോദ്യം, ഉത്തരം

ചോദ്യം: മലയാളം എം. എ ക്ലാസ്സിൽ പഠിക്കാൻ വയ്ക്കുന്ന രാമചരിതം നല്ല കവിതയാണോ?

ഉത്തരം: അതൊരു മണൽക്കാടാണു്. സാക്ഷാൽ സഹാറാ മരുഭൂമിയിൽ മൃഗതൃഷ്ണയെങ്കിലും കാണും. രാമചരിതമെന്ന സഹാറയിൽ അതുപോലുമില്ല.

ചോദ്യം: തോമസ് ഹാർഡിയോ ജോർജ്ജ് എല്യറ്റോ വലിയ നോവലിസ്റ്റ്?

ഉത്തരം: എനിക്കിഷ്ടം ജോർജ്ജ് എല്യറ്റിന്റെ നോവലുകൾ. അവരുടെ നോവലുകൾക്കുള്ള മഹത്ത്വം ഹാർഡിയുടെ നോവലുകൾക്കില്ല എന്നും എനിക്കു തോന്നിയിട്ടുണ്ടു്.

ചോദ്യം: അതിരുകടന്ന ഭക്തി നല്ലതാണോ?

ഉത്തരം: ഈശ്വരഭക്തിയാണോ താങ്കൾ ലക്ഷ്യമാക്കുന്നതു്? എങ്കിൽ പറയട്ടെ. നമ്മൾ ആഹാരം കഴിക്കുന്നു എന്നതുകൊണ്ടു് ദിവസം ഇരുപത്തിനാലു മണിക്കൂറും ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നില്ല. പുസ്തകം വായിക്കുന്നു നമ്മൾ. പക്ഷേ ഏതുസമയയവും പുസ്തകം വായിക്കുന്നില്ല. ഈശ്വരഭക്തി ആകാം. എന്നാൽ എപ്പോഴും ഭക്തി കൊണ്ടു നടക്കുന്നതു മാനസിക രോഗത്താലാണു്. അല്ലെങ്കിൽ കുറ്റം ചെയ്തതിന്റെ ഫലമായിട്ടാണു്. ലൗകിക ജീവിതം നയിച്ചുകൊണ്ടു് അധ്യാത്മിക ജീവിതം നയിക്കാനേ ഋഷികൾ നമ്മളോടു പറഞ്ഞിട്ടുള്ളൂ.

ചോദ്യം: ഭർത്താവ്—ഒരു നിർവ്വചനം തരൂ?

ഉത്തരം: കാമുകന്റെ അസ്ഥിപഞ്ജരം.

ചോദ്യം: വിവാഹിതനോ അവിവാഹിതനോ?

ഉത്തരം: കല്യാണം കഴിക്കാത്ത സ്കൗൻഡ്രലാണു് കല്യാണം കഴിച്ച സ്കൗൻഡ്രലിനെക്കാൾ ഭേദമെന്നു ബാബുറാവു പട്ടേൽ പറഞ്ഞിട്ടുണ്ടു്.

ചോദ്യം: ഇസ്മയിൽ കഡാറിയുടെ നോവലുകളെക്കുറിച്ച് എന്താണു് അഭിപ്രായം?

ഉത്തരം: അൽബേന്യയിലെ നോവലിസ്റ്റിനെക്കുറിച്ചാണോ താങ്കൾ ചോദിക്കുന്നതു്. ഇസ്മയിൽ കാദാറേ എന്നു പറയണം. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് The Palace of Dreams എന്ന നോവലാണു്. നല്ല രചന. പക്ഷേ അതു് ഒരുതരം റിഡക്ഷനിസമാണു്. സ്റ്റാലിന്റെ കാലത്തുണ്ടായ നോവലുകൾ റിഡക്ഷനിസത്തിൽ പെടുന്നതുപോലെ കാദാറേയുടെ ആന്റി സോവിയറ്റ് നോവലുകളും റിഡക്ഷനിസത്തിൽ പെടുന്നു. ആഹിത്യം വലിയ പാറ്റേണുകളെ അംഗീകരിച്ചില്ലെങ്കിൽ അതിനു ന്യൂനത്വം വന്നുപോകും.

ചോദ്യം: സതീഷ് ഗുജ്റാലിന്റെ കലാസൃഷ്ടികളെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: ബീഭത്സങ്ങൾ. നാലുവയസ്സായ കുട്ടി വരച്ചുവയ്ക്കുന്ന ബീഭത്സ ചിത്രങ്ങളെക്കാൾ ബീഭത്സതയുണ്ടു് ഗുജ്റാലിന്റെ സൃഷ്ടികൾക്കു്.

നില്ക്കുന്നു, ഓടുന്നു
images/The_Palace_of_Dreams.jpg

പ്രിയപ്പെട്ട വായനക്കാരേ, ജെസ്സിക്കയോട്

The moon shines bright in such a night as this

When the sweet wind gently kiss the trees

എന്നു പറയുന്ന ലോറൻസോയാണു് ഞാൻ. അതു വീണ്ടും പറയാൻ പോർഷ്യയുടെ വീട്ടിലേക്കുള്ള തണൽവീഥിയിൽത്തന്നെ നില്ക്കുന്നു ഞാൻ. Still at work my love? Burning and shining like a candle in the night. Come and sit beside me for a moment. I’ll tell you my dream എന്നു കാമുകിയായ ലാറ കാമുകനായ ഷിവാഗോയോടു പറയുന്നതു കേൾക്കാൻ യുദ്ധത്തിന്റെ കൊടുങ്കാറ്റടിക്കുന്ന റഷിൽത്തന്നെ നില്ക്കുന്നു ഞാൻ.

‘മകളേ നീ പോന്നതു ഭംഗിയായി’ എന്നു ചണ്ഡാല കന്യകയോടു പറയുന്ന ബുദ്ധനാണു ഞാൻ. അതു അവളോടു വീണ്ടും പറയാൻ അവിടെത്തന്നെ നില്ക്കുന്നു ഞാൻ.

കുങ്കുമം വാരികയിൽ ‘ദൃഢബന്ധങ്ങൾ’ എന്ന കഥയെഴുതിയ എ. കെ. എമ്മാണു് ഞാൻ. അച്ചടിച്ച ആ വൈരൂപ്യം വീണ്ടും കാണാൻ മടിച്ചു് കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു നെട്ടോട്ടം ഓടുന്നു ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-05-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.