SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, sm-1998-07-03-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Tolstoy.jpg
ടോൾ​സ്റ്റോ​യി

സമു​ദാ​യ​ത്തിൽ ജൂ​ഡാ​സു​ക​ളു​ടെ എണ്ണം കൂ​ടി​ക്കൂ​ടി​വ​ന്നാൽ ക്രി​സ്തു​വി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കാൻ ആളു​കൾ​ക്കു കൗ​തു​ക​മേ​റും. സാ​ഹി​ത്യ​ത്തിൽ ഇന്നു ജൂ​ഡാ​സു​കൾ​ക്കാ​ണു സം​ഖ്യാ​ബ​ലം. അതു​കൊ​ണ്ടു് ക്രി​സ്തു ഭക്ത​നായ ഞാൻ സാ​ഹി​ത്യ​ത്തി​ലെ ക്രി​സ്തു​വായ ടോൾ​സ്റ്റോ​യി യെ​ക്കു​റി​ച്ചു് ഏതാ​നും വാ​ക്യ​ങ്ങൾ എഴു​താൻ തൽ​പ​ര​ത്വ​മു​ള്ള​വ​നാ​യി​ത്തീ​രു​ന്നു. പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ ടോൾ​സ്റ്റോ​യി​യു​ടെ Strider എന്ന കഥ വാ​യി​ച്ചി​ട്ടു​ണ്ടോ? ഇല്ലെ​ങ്കിൽ ഉടനെ അതു വാ​യി​ക്ക​ണം. പരി​ഷ്കൃ​ത​ലോ​ക​ത്തെ സാ​ഹി​ത്യം പേ​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ കാ​ല​യ​ള​വിൽ ഈ കഥ​യു​ടെ പാ​രാ​യ​ണം വാ​യി​ക്കു​ന്ന​വ​രെ ഉന്ന​മിത മന​സ്ക​രാ​ക്കും.

images/Strider.jpg

ഒരു കുതിര സ്വ​ന്തം കഥ പറ​യു​ന്ന രീ​തി​യിൽ ടോൾ​സ്റ്റോ​യി എഴു​തിയ ഈ കഥ. കു​തി​ര​യു​ടെ കഥ മാ​ത്ര​മ​ല്ല ലോ​ക​മാ​കെ​യു​ള്ള മനു​ഷ്യ​രു​ടെ കഥ​യാ​യി മാറി സാർ​വ​ലൗ​കി​ക​സ്വ​ഭാ​വം ആവ​ഹി​ക്കു​ന്നു. സാർ​വ​ജ​നീന സ്വ​ഭാ​വ​വും അതി​നു​ണ്ടു്. മനു​ഷ്യ​ന്റെ സ്വ​ത്താ​യി കു​തി​ര​യെ കരു​തു​ന്ന​താ​ണു് ആ മൃ​ഗ​ത്തി​നു മന​സ്സി​ലാ​കാ​ത്ത​തു്. ‘എന്റെ കുതിര’—എന്നു ഉട​മ​സ്ഥൻ പറ​യു​ന്നു. ‘എന്റെ ഭൂമി’ ‘എന്റെ വായു’ ‘എന്റെ വെളളം’ എന്നൊ​ക്കെ​പ്പ​റ​യു​ന്ന​തു​പോ​ലെ​യ​ല്ലേ ‘എന്റെ കുതിര’ എന്ന പ്ര​യോ​ഗ​വും? ‘എന്റെ വീടു്’ എന്നു​പ​റ​യു​ന്ന​വർ അതിൽ താ​മ​സി​ക്കു​ന്ന​തേ​യി​ല്ല. ‘എന്റെ ഭാര്യ’ എന്നു ഒരു​ത്ത​ന്റെ പ്ര​യോ​ഗം. പക്ഷേ അവൾ പാർ​ക്കു​ന്ന​തു വേ​റെ​യാ​രു​ടെ​യെ​ങ്കി​ലും കൂ​ടെ​യാ​യി​രി​ക്കും. കു​തി​ര​യു​ടെ വി​ചാ​രം അതു ഈശ്വ​ര​ന്റേ​താ​ണു് എന്ന​ത്രേ. പക്ഷേ ഉട​മ​സ്ഥൻ കരു​തു​ന്നു കുതിര അയാ​ളു​ടെ​താ​ണെ​ന്നു്.

കവിത പക്ഷി​യെ​പ്പോ​ലെ​യാ​ണു്. അതു് അതി​രു​ക​ളെ മാ​നി​ക്കു​ന്നി​ല്ല എന്നു് ഒരു റഷ്യൻ കവി പറ​ഞ്ഞി​ട്ടു​ണ്ടു്.

കു​തി​ര​യ്ക്കു പ്രാ​യം കൂടി പ്ര​യോ​ജ​ന​ശൂ​ന്യ​മാ​യ​പ്പോൾ ഉട​മ​സ്ഥൻ അതി​ന്റെ കഴു​ത്തു മു​റി​പ്പി​ച്ചു. ചെ​ന്നാ​യും അതി​ന്റെ കു​ട്ടി​ക​ളും കു​തി​ര​യു​ടെ മാംസം കടി​ച്ചു​തി​ന്നു. അത്ര​ത്തോ​ള​മെ​ങ്കി​ലും അതു പ്ര​യോ​ജ​നം ചെ​യ്തു. ഉട​മ​സ്ഥ​നാ​ക​ട്ടെ കഴി​യു​ന്നി​ട​ത്തോ​ളം ഉപ​ദ്ര​വ​ങ്ങൾ അന്യർ​ക്കു ചെ​യ്തു​കൊ​ണ്ടു് ജീ​വി​ച്ചു. അയാൾ മരി​ച്ച​പ്പോൾ ആ തടി​ച്ച മൃ​ത​ദേ​ഹം വി​ല​കൂ​ടിയ ശവ​പ്പെ​ട്ടി​ക്ക​ക​ത്താ​ക്കി ചിലർ മോ​സ്കോ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി അയാ​ളു​ടെ തൊ​ലി​യോ മാം​സ​മോ അസ്ഥി​യോ ആളു​കൾ​ക്കു് പ്ര​യാ​ജ​ന​പ്പെ​ട്ടി​ല്ല. ആരുടെ ജീ​വി​ത​മാ​ണു് ആദ​ര​ണീ​യം? കു​തി​ര​യു​ടെ​തോ അതി​ന്റെ ഉട​മ​സ്ഥ​ന്റേ​തോ? സം​ശ​യ​മി​ല്ല. കു​തി​ര​യു​ടെ ജീ​വി​തം തന്നെ. കഥ​യു​ടെ ആന്ത​ര​ത​ത്ത്വ​ത്തി​ലേ​ക്കു കൈ ചൂ​ണ്ടു​ന്ന ഒരു വാ​ക്യ​മു​ണ്ടു് ഇതിൽ “… and people considered that I did not belong to God and to myself as is natural to all living creatures, but that I belonged to the stud groom” ഈ ലോ​ക​ത്തു​ള്ള​തെ​ല്ലാം അന്യോ​ന്യം ബന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈശ്വ​ചൈ​ത​ന്യം അവ​യി​ലെ​ല്ലാം ഒരേ രീ​തി​യിൽ പ്ര​കാ​ശി​ക്കു​ന്നു എന്നു പറ​യു​ക​യാ​ണു് സാ​ഹി​ത്യ​ത്തി​ലെ ഈശ്വ​ര​നായ ടോൾ​സ്റ്റോ​യി.

images/Sklovsky.jpg
ഷ്കോ​ലോ​ഫ്സ​കി

റഷ്യൻ ‘ഫോർ​മ​ലിസ’ത്തി​ന്റെ ഉദ്ഘോ​ഷ​ക​നായ ഷ്കോ​ലോ​ഫ്സ​കി (Viktor Shklovsky 1893–1984) ഇക്ക​ഥ​യു​ടെ സവി​ശേ​ഷത എന്തെ​ന്നു് സ്പ​ഷ്ട​മാ​ക്കി​യി​ട്ടു​ണ്ടു്. ഒരു വസ്തു​വി​നെ പലതവണ നമ്മൾ കാ​ണു​മ്പോൾ അതിനെ തി​രി​ച്ച​റി​യാൻ തു​ട​ങ്ങു​ന്നു. വസ്തു നമ്മു​ടെ മുൻ​പി​ലു​ണ്ടു്. നമു​ക്കു അതി​നെ​ക്കു​റി​ച്ചു് അറി​യാം. പക്ഷേ നമ്മൾ അതിനെ കാ​ണു​ന്നി​ല്ല. അതി​നാൽ അതി​നെ​പ്പ​റ്റി നമു​ക്കു കാ​ര്യ​മാ​യി​ട്ടെ​ന്തെ​ങ്കി​ലും പറയാൻ വയ്യ. കല എന്തു​ചെ​യ്യു​ന്നു? തോ​ന്ന​ലു​ക​ളിൽ നി​ന്നു വസ്തു​വി​നെ മാ​റ്റു​ക​യാ​ണു് അതി​ന്റെ ജോലി. പരി​ചി​ത​മായ വസ്തു​വി​നെ അപ​രി​ചി​ത​മാ​ക്കു​മ്പോ​ഴാ​ണു് കല​യു​ടെ കൃ​ത്യം നട​ക്കുക. ടോൾ​സ്റ്റോ​യി അനു​ഷ്ഠി​ച്ച​തും അതു​ത​ന്നെ. അദ്ദേ​ഹ​മെ​ഴു​തിയ കു​തി​ര​യു​ടെ കഥ​യു​ടെ ഉള്ള​ട​ക്കം ചി​ര​പ​രി​ചി​ത​മായ ഒരു വി​ഷ​യ​ത്തെ അഭൂ​ത​പൂർ​വ​മാ​ക്കു​ന്നു. The words ‘my horse’ referred to me, a living horse and seemed as strange to me as the words ‘my land’, ‘my air’, ‘my water’ എന്നു കു​തി​ര​യെ​ക്കൊ​ണ്ടു് ടോൾ​സ്റ്റോ​യി പറ​യി​ക്കു​മ്പോൾ പരി​ചിത വിഷയം അഭൂ​ത​പൂർ​വ​മാ​കു​ന്നു.

ഞാൻ സമീ​ക​രി​ച്ചു പറ​യു​ക​യ​ല്ല. ശ്രീ. ടി. വി. കൊ​ച്ചു​ബാവ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘നി​ങ്ങൾ ജീ​വി​ച്ചു. മരി​ച്ചു. ഒക്കെ ശരി ചെ​യ്തു അദ്ഭു​ത​മെ​ന്തു്?’ എന്ന കഥ സു​പ​രി​ച​യ​മു​ള്ള വി​ഷ​യ​ത്തെ അപ​രി​ചി​ത​സ്വ​ഭാ​വ​മു​ള്ള​താ​ക്കു​ന്നു. അതി​ല​ദ്ദേ​ഹം വിജയം പ്രാ​പി​ക്കു​ക​യും ചെ​യ്യു​ന്നു.

ലെ​സ്ബാ​സ് (Lesbos) ദ്വീ​പി​ലെ കവി (സ്ത്രീ) സഫോ (Sappho or Psappho C 610 BC–C 580 BC) എഴു​തിയ ഒരു കവിത ഞാൻ കു​റി​ക്കു​ന്നു.

With his venom

Irresistible

and bitter sweet

That loosener

of limbs. Love

reptile-​like

Strikes me down.

അവ​യ​വ​ങ്ങ​ളെ ശി​ഥി​ലീ​ക​രി​ക്കു​ന്ന​തും തടു​ക്കാൻ വയ്യാ​ത്ത​തും കയ്പും മാ​ധു​ര്യ​വും കലർ​ന്ന​തു​മായ പ്രേ​മ​മെ​ന്ന വിഷം കൊ​ണ്ടു് അവൻ എന്നെ ഇഴ​ജ​ന്തു​വെ​ന്ന​പോ​ലെ അടി​ച്ചു താഴെ വീ​ഴ്ത്തു​ന്നു. പ്രേ​മ​ത്തെ ഇവിടെ സർ​പ്പ​വി​ഷ​മാ​യി കവി കരു​തു​ന്നു​ണ്ടെ​ങ്കി​ലും അതു നല്കു​ന്ന ആഘാതം അവർ​ക്കു തി​ക​ച്ചും നി​ന്ദ്യ​മ​ല്ല. പക്ഷേ ഗർ​ഹ​ണീ​യ​മായ വി​ഷ​മാ​ണു് നമ്മ​ളിൽ ബന്ധു​ക്ക​ളും സ്നേ​ഹി​ത​രും കു​ത്തി​വ​യ്ക്കു​ന്ന​തു്. ആ വി​ഷ​ത്തി​ന്റെ പേ​രാ​ണു സ്നേ​ഹം എന്ന​തു്. ഈ കപ​ട​സ്നേ​ഹ​ത്തിൽ നി​ന്നു രക്ഷ പ്രാ​പി​ക്ക​ലാ​ണു് ഏറ​റ​വും പ്രാ​ധാ​ന്യ​മർ​ഹി​ക്കു​ന്ന കാ​ര്യം. ശത്രു​വി​നെ വി​ശ്വ​സി​ക്കാം. സൗ​ക​ര്യം കി​ട്ടി​യാൽ അവൻ നമ്മ​ളെ അടി​ച്ചു​വീ​ഴ്തു​മെ​ന്നു് അറി​യാം. പക്ഷേ സ്നേ​ഹം ഭാ​വി​ച്ചു​കൊ​ണ്ടു് വി​ചാ​രി​ച്ചി​രി​ക്കാ​ത്ത സന്ദർ​ഭ​ത്തിൽ നമ്മ​ളെ മര​ണ​ത്തി​ലേ​ക്കു നയി​ക്കു​ന്ന ബന്ധു​വെ​ന്ന സർ​പ്പ​ത്തെ​യും സ്നേ​ഹി​ത​നെ​ന്ന സർ​പ്പ​ത്തെ​യും നമു​ക്കു മുൻ​കൂ​ട്ടി കാ​ണാ​നാ​വി​ല്ല. അതി​നാൽ ഇവിടെ മൂ​ല്യാ​രാ​ധ​നം വി​ഫ​ല​മാ​യി​ബ്ഭ​വി​ക്കു​ന്നു. കൊ​ച്ചു​ബാ​വ​യു​ടെ കഥ​യി​ലെ ആ കഥാ​പാ​ത്ര​ത്തെ നോ​ക്കുക. അയാൾ നന്മ​യ​ല്ലാ​തെ വേ​റൊ​ന്നും ചെ​യ്തി​ട്ടി​ല്ല. പക്ഷേ ചരി​ത്ര​ഗ​വേ​ഷ​ക​നു് ആ നന്മ​യൊ​ന്നും പരി​ഗ​ണ​നാർ​ഹ​മ​ല്ല. അമാ​നു​ഷി​ക​മാ​യി അയാൾ വല്ല​തും ചെ​യ്തോ? ഇല്ലെ​ങ്കിൽ അയാൾ​ക്കു് ഒരു പ്രാ​ധാ​ന്യ​വു​മി​ല്ല. ഗവേ​ഷ​ണ​ത്തി​നു് എത്തു​ന്ന​വൻ ആ മനു​ഷ്യ​സ്നേ​ഹി​യു​ടെ കാ​രു​ണ്യാർ​ദ്ര​ങ്ങ​ളായ പ്ര​വൃ​ത്തി​ക​ളെ തു​ച്ഛീ​ക​രി​ച്ചു​കൊ​ണ്ടു പിൻ​വാ​ങ്ങു​മ്പോൾ കഥ അവ​സാ​നി​ക്കു​ന്നു. ഉത്കൃ​ഷ്ട​ങ്ങ​ളായ മൂ​ല്യ​ങ്ങ​ളെ നി​ര​സി​ക്കു​ന്ന​വ​രു​ടെ നേർ​ക്കു​ളള ശക്ത​മെ​ങ്കി​ലും കലാ​ത്മ​ക​മായ ഉപാ​ലം​ഭ​മാ​ണു് ഈ കഥ. ഉള​ള​ട​ക്ക​ത്തെ രൂ​പ​ത്തിൽ തി​രു​കു​ക​യ​ല്ല കൊ​ച്ചു​ബാവ. ഭാ​വ​ത്തെ സമു​ചി​ത​മായ രീ​തി​യിൽ ആവി​ഷ്ക​രി​ക്കു​മ്പോൾ അതു​ത​ന്നെ രൂ​പ​മാ​യി​ത്തീ​രു​ക​യാ​ണു്. ചി​ര​പ​രി​ചി​ത​മായ വി​ഷ​യ​ത്തെ ചി​ര​പ​രി​ചി​ത​മ​ല്ലാ​താ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണു് കഥാ​കാ​ര​ന്റേ​തു്.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: നി​ങ്ങൾ സാ​ഹി​ത്യ​കൃ​തി​ക​ളെ​ക്കു​റി​ച്ചു് മാ​ത്ര​മ​ല്ല ഗണി​ത​ശാ​സ്ത്രം, ഭൗ​തി​ക​ശാ​സ്ത്രം, തത്ത്വ​ചി​ന്ത ഇവ​യെ​ക്കു​റി​ച്ചു​മൊ​ക്കെ എഴു​തു​ന്നു. അവ​യൊ​ക്കെ മന​സ്സി​ലാ​കു​മോ നി​ങ്ങൾ​ക്കു്?

ഉത്ത​രം: ഇതൊരു ചോ​ദ്യം തന്നെ​യാ​ണു്. പക്ഷേ മണ്ട​ന്റെ ചോ​ദ്യം. സാ​ഹി​ത്യ​കൃ​തി​ക​ളൊ​ക്കെ മന​സ്സി​ലാ​ക്കി​യി​ട്ടു​ത​ന്നെ​യാ​ണു് ഞാൻ ഈ കോ​ള​മെ​ഴു​തു​ന്ന​തു്. എന്നാൽ ഗണി​ത​ശാ​സ്ത്രം തു​ട​ങ്ങി​യ​വ​യിൽ എനി​ക്കു് അറി​വി​ല്ല. ഫ്ര​ഞ്ച് സൈ​ക്കോ​യ​നാ​ലി​സ്റ്റ് ഷാക് ലകാ​ങി​ന്റെ (Jacques Lacan, 19014–1981) കൃ​തി​കൾ വാ​യി​ക്കു​മ്പോൾ എനി​ക്കു സമ്പൂർ​ണ്ണ​മാ​യും മന​സ്സി​ലാ​കാ​റി​ല്ല. ലകാ​ങി​നും അദ്ദേ​ഹ​ത്തെ​പ്പോ​ലെ​യു​ള്ള​വർ​ക്കും തങ്ങ​ളു​ടേ​തായ jargon (അനർ​ത്ഥ ഭാഷ) ഉണ്ടു്. അതു് എനി​ക്കെ​ന്ന​ല്ല പലർ​ക്കും അറി​യാൻ പാ​ടി​ല്ല. അറി​ഞ്ഞു​കൂ​ടാ എന്ന​തു കു​റ​റ​വു​മ​ല്ല. ശ്രീ. എം. എച്ച്. ശാ​സ്ത്രി​കൾ മഹാ​പ​ണ്ഡി​ത​നാ​ണു് സം​സ്കൃ​ത​ഭാ​ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം. അദ്ദേ​ഹ​ത്തി​നോ​ടു ദെ​റി​ദ​യു​ടെ Differance എന്ന പ്ര​യോ​ഗ​ത്ത​ന്റെ വി​ശ​ദീ​ക​ര​ണം ആവ​ശ്യ​പ്പെ​ട്ടാൻ മറു​പ​ടി കി​ട്ടു​മോ? ‘എനി​ക്ക​റി​യി​ല്ല’ എന്നു് ശാ​സ്ത്രി​കൾ പറ​ഞ്ഞാൽ നി​ങ്ങൾ അദ്ദേ​ഹ​ത്തെ ബു​ദ്ധി​ശൂ​ന്യൻ എന്നു വി​ളി​ക്കു​മോ?

ചോ​ദ്യം: ബു​ദ്ധി​യും (inelligence) വി​വേ​ക​വും (wisdom) ഒന്ന​ല്ലേ?

ഉത്ത​രം: അല്ല. ബു​ദ്ധി​യു​ള്ള​വൻ ഗാ​ന്ധി​ജി​യെ​പ്പൊ​ലെ രാ​ജ്യ​ത്ത​ന്റെ സ്പ​ന്ദ​ന​ങ്ങ​ള​റി​ഞ്ഞു പ്ര​വർ​ത്തി​ക്കും. വി​വേ​ക​മു​ള​ള​വൻ അര​വി​ന്ദ​ഘോ​ഷി​നെ​പ്പോ​ലെ ചി​ന്ത​ക​ളി​ലൂ​ടെ ഒരു നൂതന മണ്ഡ​ലം സൃ​ഷ്ടി​ക്കും. ബു​ദ്ധി​മാൻ ഉറ​ക്കെ​സ്സം​സാ​രി​ക്കും. വി​വേ​ക​മു​ള്ള​വൻ തന്റെ നൂതന ചി​ന്താ​ലോ​ക​ത്തെ പ്ര​ദർ​ശി​പ്പി​ച്ചി​ട്ടു മി​ണ്ടാ​തി​രി​ക്കും.

ചോ​ദ്യം: പരീ​ക്ഷ​യിൽ റാ​ങ്കു് വാ​ങ്ങി​ക്കു​ന്ന​വർ​ക്കു് ഇത്ര പ്രാ​ധാ​ന്യം പത്ര​ങ്ങൾ കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ?

ഉത്ത​രം: അത്ര​ക​ണ്ടു് പ്ര​ചാ​ര​മാർ​ജ്ജി​ക്കാ​ത്ത ഒരു ലേഖനം ഞാൻ വാ​യി​ച്ചു. (അൽഡസ് ഹക്സി​ലി​യു​ടേ​തു്) നൂ​റു​പേ​ര​ട​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ സമൂ​ഹ​ത്തിൽ പത്തു​പേർ ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കും. അവർ കാ​യി​കാ​ഭ്യാ​സ​ങ്ങ​ളിൽ പ്ര​ഗൽ​ഭ​രു​മാ​യി​രി​ക്കും. അവരെ ചൂ​ണ്ടി​ക്കാ​ണി​ച്ചു് ശേ​ഷ​മു​ള്ള എൺ​പ​തു​പേ​രെ പു​ച്ഛി​ച്ചാൽ അവരിൽ പലരും ഞര​മ്പു​രോ​ഗ​മു​ള്ള​വ​രാ​യി​ത്തീ​രു​മെ​ന്നു് ഹക്സ്ലി പറ​യു​ന്നു. പരീ​ക്ഷ ബു​ദ്ധി​ശ​ക്തി​യു​ടെ ടെ​സ്റ്റ​ല്ല. ഉന്ന​ത​മായ വി​ധ​ത്തിൽ ജയി​ക്കു​ന്ന​വ​രെ ഇത്ര​ത്തോ​ളം പൊ​ക്കു​മ്പോൾ മറ്റു​ള്ള കു​ട്ടി​കൾ​ക്കു നി​രാ​ശ​ത​യു​ണ്ടാ​വും. അവർ ന്യൂ​റോ​ട്ടി​ക്കാ​വും. വി​ചാ​രി​ച്ച മാർ​ക്കു് കി​ട്ടാ​തെ നി​രാ​ശ​പ്പെ​ട്ടു കു​ട്ടി​കൾ ആത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന്റെ കാ​ര​ണ​ങ്ങൾ പത്ര​ങ്ങ​ളിൽ വരു​ന്ന ഈ സ്ഥൂ​ലീ​ക​രി​ച്ച വാർ​ത്ത​ക​ളും മന്ത്രി​യു​ടെ അഭി​ന​ന്ദ​ന​വും വി​ദ്യാ​ഭ്യാസ ഡയ​റ​ക്ട​റു​ടെ സാ​ന്നി​ദ്ധ്യ​വും (അഭി​ന​ന്ദ​ന​വേ​ള​ക​ളിൽ) ആണു് ഇത്ത​രം റാ​ങ്ക് വാർ​ത്ത​കൾ പത്ര​ത്തി​ന്റെ ഒരു കോ​ള​ത്തി​ലൊ​തു​ക്ക​ണം. ഇല്ലെ​ങ്കിൽ അതു സമു​ദാ​യ​ദ്രോ​ഹ​മാ​യി മാറും.

ചോ​ദ്യം: സ്ത്രീ​കൾ നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​മ്പോൾ അവർ വളരെ നേ​ര​മി​രി​ക്ക​ണ​മെ​ന്നു തോ​ന്നു​മോ അതോ വേഗം പോ​യെ​ങ്കിൽ എന്നു തോ​ന്നു​മോ?

ഉത്ത​രം: വരു​ന്ന സ്ത്രീ​കൾ പെർ​ഫ്യും തേ​ച്ചു​കൊ​ണ്ടു് വരി​ക​യാ​ണെ​ങ്കിൽ അവർ ഉടനെ വീ​ട്ടിൽ നി​ന്നു പോ​ക​ണ​മെ​ന്നു് എനി​ക്കു തോ​ന്നാ​റു​ണ്ടു്. പോ​യി​ല്ലെ​ങ്കിൽ ‘ഡോ​ക്ട​റെ കാണാൻ appointment ഉണ്ടു്.’ എന്നു വി​ന​യ​ത്തോ​ടെ പറ​ഞ്ഞു് അവരെ യാത്ര അയ​യ്ക്കാ​റു​ണ്ടു് ഞാൻ. പെർ​ഫ്യും എനി​ക്കു തല​വേ​ദ​ന​യു​ണ്ടാ​ക്കും.

ചോ​ദ്യം: പൂ​ക്ക​ളി​ഷ്ട​മാ​ണോ വി​ര​സ​നായ നി​ങ്ങൾ​ക്കു് ?

ഉത്ത​രം: വധു​വി​ന്റെ കഴു​ത്തിൽ വരൻ താ​ലി​കെ​ട്ടു​മ്പോൾ അവ​രു​ടെ ശരീ​ര​ങ്ങ​ളി​ലേ​ക്കു വർ​ഷി​ക്കാൻ പൂ​ക്കൾ വേണം. അതു​കൊ​ണ്ടു് ഞാൻ പൂ​ക്ക​ളെ ഇഷ്ട​പ്പെ​ടു​ന്നു. ചാ​ണ​ക​വും എനി​ക്കി​ഷ്ട​മാ​ണു് ദൂ​ര​ദർ​ശ​നിൽ സീ​രി​യൽ കാ​ണു​മ്പോൾ എന്റെ അടു​ത്തു ചാ​ണ​ക​ക്കു​മ്പാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്നു ഞാൻ പല​പ്പോ​ഴും ആഗ്ര​ഹി​ച്ചി​ട്ടു​ണ്ടു്.

ചോ​ദ്യം: ശൂ​ന്യാ​കാ​ശ​ത്തു നക്ഷ​ത്ര​ങ്ങൾ എപ്പോ​ഴും വരും. ധൂ​മ​കേ​തു​ക്കൾ വർ​ഷ​ങ്ങൾ കൂ​ടു​മ്പോൾ മാ​ത്ര​മേ​യു​ള്ളു. കാരണം?

ഉത്ത​രം: സാ​ഹി​ത്യ​ത്തിൽ എപ്പോ​ഴും ധൂ​മ​കേ​തു​ക്കൾ വരു​ന്നു. നക്ഷ​ത്രം വല്ല​പ്പോ​ഴും മാ​ത്രം. കാരണം?

ചോ​ദ്യം: കവിത എങ്ങ​നെ​യാ​വ​ണം?

ഉത്ത​രം: എന്തൊ​രു ചോ​ദ്യം! കവിത പക്ഷി​യെ​പ്പോ​ലെ​യാ​ണു്. അതു് അതി​രു​ക​ളെ മാ​നി​ക്കു​ന്നി​ല്ല എന്നു് ഒരു റഷ്യൻ കവി പറ​ഞ്ഞി​ട്ടു​ണ്ടു്.

അറി​യാ​ത്ത​തു് എഴു​തു​ന്നു

ഈ ലോ​ക​ത്തു​ള്ള​തെ​ല്ലാം അന്യോ​ന്യം ബന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു, ഈശ്വ​ര​ചൈ​ത​ന്യം അവ​യി​ലെ​ല്ലാം ഒരേ രീ​തി​യിൽ പ്ര​കാ​ശി​ക്കു​ന്നു എന്നു് പറ​യു​ക​യാ​ണു് സാ​ഹി​ത്യ​ത്തി​ലെ ഈശ്വ​ര​നായ ടോൾ​സ്റ്റോ​യി.

കൊ​ല്ല​ത്തു തേ​വാ​ടി നാ​രാ​യ​ണ​ക്കു​റു​പ്പു് എന്നൊ​രു ഭി​ഷ​ഗ്വ​ര​നു​ണ്ടാ​യി​രു​ന്നു. ആറ​ടി​പ്പൊ​ക്കം. വെ​ളു​ത്ത നിറം. വി​ശാ​ല​മായ വക്ഷ​സ്സു്. തീ​ക്ഷ്ണ​ത​യാർ​ന്ന കണ്ണു​കൾ. തോൾ വരെ നീ​ട്ടി​വ​ളർ​ത്തിയ കറു​ത്ത തല​മു​ടി. നെ​ഞ്ചു​വി​രി​ച്ചു് അദ്ദേ​ഹം നട​ക്കു​ന്ന​തു കണ്ടാൽ ആരും ആദ​ര​പൂർ​വ്വം നോ​ക്കി​പ്പോ​കും. നാ​രാ​യ​ണ​ക്കു​റു​പ്പു് സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്നു. മി​സ്റ്റി​ക് കവി​ത​കൾ എഴു​തി​യി​ട്ടു​ണ്ടു് അദ്ദേ​ഹം. വള​ള​ത്തോ​ളി​ന്റെ ശാ​കു​ന്ത​ളം തർ​ജ്ജ​മ​യെ​ക്കു​റി​ച്ചു് അദ്ദേ​ഹം എഴു​തിയ പ്ര​തി​കൂ​ല​പ്ര​ബ​ന്ധം ഇന്നും എന്റെ ഓർ​മ്മ​യിൽ തങ്ങി നിൽ​ക്കു​ന്നു. ശാ​കു​ന്ത​ള​ത്തി​ലെ “ദർ​ഭാ​ങ്കു​രേണ ചര​ണ​ക്ഷത ഇത്യ​കാ​ണ്ഡേ തന്വീ സ്ഥി​താ കതി​ചി​ദേവ പദാ​നി​ഗ​ത്വാ (തന്വീ കതി​ചി​ദ് ഏവ പതാ​നി​ഗ​ത്വാ അകാ​ണ്ഡേ ദർ​ഭാ​ങ്കു​രേണ ചരണഃ ക്ഷതഃ ഇതി സ്ഥി​തഃ എന്നു് അന്വ​യം) എന്ന ശ്ലോ​കം വള​ള​ത്തോൾ തർ​ജ്ജമ ചെ​യ്ത​തു് ‘കാ​ന്താം​ഗി നാലടി നട​ന്നഥ നി​ന്നു​കൊ​ണ്ടാൾ’ എന്നാ​യി​രു​ന്നു. അതിനു തേ​വാ​ടി​യു​ടെ അഭി​പ്രാ​യ​ക്കു​റി​പ്പു് ഏതാ​ണ്ടി​ങ്ങ​നെ: ശകു​ന്തള കു​റ്റി​യ​ടി​ച്ചു കയറു വലി​ച്ചു കെ​ട്ടു​ക​യാ​യി​രു​ന്നു. ഒരു കു​റ്റി​യ​ടി​ച്ചി​ട്ടു നാലടി നട​ന്നു. അതി​നു​ശേ​ഷം നി​ന്നു. (ഓർ​മ്മ​യിൽ നി​ന്നു് എഴു​തു​ന്ന​തു്) മഹാ​നായ ഈ ഭി​ഷ​ഗ്വ​ര​നെ, സാ​ഹി​ത്യ​കാ​ര​നെ ഞാൻ കൂ​ട​ക്കൂ​ടെ കണ്ടി​രു​ന്നു. അദ്ദേ​ഹം ‘ടാഗോർ’ എന്ന പേരിൽ ഒരു മാസിക തു​ട​ങ്ങി. അന്യാ​ദൃ​ശ​മാ​യി​രു​ന്നു അതും. ആ മാ​സി​ക​യെ​ക്കു​റി​ച്ചു് സം​സാ​രി​ക്കു​ന്ന​തി​ന്നി​ട​യിൽ തേ​വാ​ടി എന്നോ​ടു പറ​ഞ്ഞു: “ചെ​റു​ക​ഥ​ക​ളി​ലെ സം​ഭ​വ​ങ്ങൾ വാ​യ​ന​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളി​ലെ സം​ഭ​വ​ങ്ങ​ളോ​ടു സാ​ദൃ​ശ്യ​മു​ള്ള​വ​യാ​യി വന്നാ​ലേ കഥകൾ ആസ്വാ​ദ്യ​ങ്ങ​ളാ​വൂ” ശരി​യാ​ണു് അദ്ദേ​ഹം പറ​ഞ്ഞ​തു്. മല​യാ​ള​ത്തി​ലെ ചൊൽ​ക്കൊ​ണ്ട കഥ​ക​ളി​ലെ സം​ഭ​വ​ങ്ങ​ളെ​ല്ലാം വാ​യ​ന​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങൾ തന്നെ. ഇപ്പോ​ഴു​ണ്ടാ​കു​ന്ന ചെ​റു​ക​ഥ​കൾ​ക്കു് ഈ സ്വ​ഭാ​വ​മി​ല്ല. ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ “ബോ​ധാ​ബോ​ധ​ങ്ങ​ളു​ടെ നൂൽ​പ്പാ​ല​ത്തി​ലൂ​ടെ ഹെൻ​ട്രി” എന്നൊ​രു കഥ​യു​ണ്ടു് ശ്രീ. ആർ. സന്തോ​ഷ് ബാ​ബു​വി​ന്റേ​താ​യി. എന്തൊ​രു കൃ​ത്രി​മ​ത്വം! എന്തൊ​രു പ്ര​ക​ട​നാ​ത്മ​ക​ത്വം! ഹെൻ​ട്രി ചല​ച്ചി​ത്ര ലോ​ക​ത്തെ കാ​പ​ട്യ​ങ്ങൾ കണ്ടു ഞര​മ്പു​രോ​ഗി​യാ​യി​ത്തീ​രു​ന്ന​തും മനഃ​ശാ​സ്ത്ര​ജ്ഞ​ന്റെ ഉപ​ദേ​ശ​മ​നു​സ​രി​ച്ചു് സമനില വീ​ണ്ടെ​ടു​ക്കു​ന്ന​തു​മാ​ണു് കഥ. കട​ലാ​കെ ഒരൗൺ​സ് വെ​ള​ള​മാ​യി എന്റെ വീ​ട്ടു​മു​റ​റ​ത്തെ കൊ​ച്ചു​കു​ഴി​യിൽ ഒതു​ങ്ങു​മോ? പോ​ക്ക​റ്റി​ലി​ട്ടു​കൊ​ണ്ടു് പോ​ക​ത്ത​ക്ക​വി​ധം ആന കൊ​ച്ചു മൃ​ഗ​മാ​കു​മോ? ‘ചന്ദ്ര​ബിം​ബ​മെ​ടു​ത്തു് ചാ​ണ​യാ​ക്കി’ അതിൽ ചന്ദ​ന​മു​ട്ടി ഉര​യ്ക്കാ​നാ​വു​ന്ന കാലം വരുമോ? വരു​മെ​ങ്കിൽ ഇക്ക​ഥ​യും സാ​ഹി​ത്യ​മാ​കും. ചല​ച്ചി​ത്ര​നിർ​മ്മാ​ണ​ത്തെ​ക്കു​റി​ച്ചു്, അതു നട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളിൽ വൃ​ത്തി​കേ​ടു​ക​ളെ​ക്കു​റി​ച്ചു് കഥ​യെ​ഴു​തിയ ആളി​നു് ഒര​ഭി​പ്രാ​യ​മു​ണ്ടു്. അതു സൂ​ചി​പ്പി​ക്കു​ക​യ​ല്ലാ​തെ അദ്ദേ​ഹ​ത്തി​നു വേ​റൊ​ന്നും ചെ​യ്യാ​നി​ല്ല. കഥ​യി​ലെ സം​ഭ​വ​ങ്ങൾ നമ്മു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ളോ​ടു തു​ല്യ​മാ​ക​ണ​മെ​ന്നു തേ​വാ​ടി നാ​രാ​യ​ണ​ക്കു​റു​പ്പു് പറ​ഞ്ഞെ​ങ്കി​ലും കഥാ​കാ​ര​ന്മാർ ആ വാ​സ്ത​വി​കത കൊ​ണ്ടു് ഒരു നൂതന ലോകം സൃ​ഷ്ടി​ക്ക​ണം. അതി​ന്റെ നൂ​ത​ന​ത്വ​മാ​ണു് നമ്മ​ളെ അദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു്. സന്തോ​ഷ് ബാ​ബു​വി​നു് ഇതൊ​ന്നു​മ​റി​യി​ല്ല.

ഷോ​യെ​ങ്കാ​യു​ടെ പു​സ്ത​കം
images/Wole_Soyinka.jpg
ഷോ​യെ​ങ്കാ

“1993 നവം​ബ​റിൽ മധ്യ​കാല ഗവൺ​മെ​ന്റിൽ നി​ന്നു് അബാ​ച്ച അധി​കാ​ര​മേ​റ്റെ​ടു​ത്ത​പ്പോൾ ഞാൻ മു​ന്ന​റി​യി​പ്പു നല്കി നമ്മു​ടെ രാ​ജ്യം ഇതു​വ​രെ സഹി​ച്ച ഏതു ഏക​ശാ​സ​നാ​ധി​പ​തി​യെ​ക്കാ​ളും അയാൾ ദയാ​ര​ഹി​ത​നാ​യി​രി​ക്കു​മെ​ന്നു്. പ്രാ​രം​ഭ​കാ​ല​യ​ള​വിൽ ഞാ​നൊ​രു ഭയോ​ത്പാ​ദ​ക​നാ​ണെ​ന്നു സ്പ​ഷ്ട​മാ​ക്കു​മ്പോ​ലെ തോ​ന്നി. ഇപ്പോൾ തീർ​ച്ച​യാ​യും അയാൾ ഏതു വി​ധ​ത്തി​ലു​ള്ള​വ​നാ​ണെ​ന്നു നമ്മൾ ഗ്ര​ഹി​ക്കു​ന്നു. ഏറ​റ​വും തി​ന്മ​യാർ​ന്ന​തു വരാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു എന്നു പറയാൻ എനി​ക്കു ദുഃ​ഖ​മു​ണ്ടു്. തനി​ക്കു മന​സ്സി​ലാ​ക്കാൻ കഴി​യാ​ത്ത നൈ​ജീ​രി​യ​യു​ടെ എല്ലാ അം​ശ​ങ്ങ​ളും നശി​പ്പി​ച്ചാ​ലേ അബാ​ച്ച​യ്ക്കു് തൃ​പ്തി​യു​ണ്ടാ​കൂ”.

images/Sani_Abacha.jpg
അബാ​ച്ച

നോബൽ ലാ​റി​യി​റ്റായ ഷോ​യെ​ങ്കാ (Soyinka, b.1934) തന്റെ രാ​ജ്യ​മായ നൈ​ജീ​രി​യ​യെ​ക്കു​റി​ച്ചു നട​ത്തിയ ഈ ഭാ​വി​ക​ഥ​നം ഇന്നു് സത്യ​മാ​യി​ബ്ഭ​വി​ച്ചി​രി​ക്കു​ന്നു. (The Open Sore of a Continent, Wole Soyinka, Oxford University Press, Rs. 195, pp. 170) അബാ​ച്ച ഇന്നി​ല്ല. അയാൾ നൈ​ജീ​രി​യ​യെ എല്ലാ വി​ധ​ത്തി​ലും നശി​പ്പി​ച്ചു. അഴി​മ​തി​യു​ടെ പ്ര​തീ​ക​മാ​യി ആ രാ​ജ്യം. പ്ര​തി​യോ​ഗി​ക​ളെ അയാൾ വധി​ച്ചു. പ്ര​തി​ഭാ​ശാ​ലി​യായ കവി​യും നോ​വ​ലി​സ്റ്റു​മായ കെൻ സരോ വിവാ യെ കള്ള​ക്കേ​സിൽ കു​ടു​ക്കി തൂ​ക്കി​ക്കൊ​ന്നു. കു​ഴി​ക്കു് ആഴ​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു് മഹാ​നായ ആ സാ​ഹി​ത്യ​കാ​രൻ വള​രെ​നേ​രം പി​ട​ഞ്ഞ​തി​നു ശേ​ഷ​മാ​ണു് അന്ത്യ​ശ്വാ​സം വലി​ച്ച​തു്. ഈ ക്രൂ​ര​ത​യു​ടെ ചി​ത്രം വര​യ്ക്കു​ന്ന​തോ​ടൊ​പ്പം നൈ​ജീ​രി​യ​യു​ടെ ഐഡ​ന്റി​റ്റി—അന​ന്യത—എന്താ​ണെ​ന്നു ഷോ​യെ​ങ്കാ പ്ര​ഗൽ​ഭ​മാ​യി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു. സ്വ​ന്തം ജീവൻ പോലും തൃ​ണ​വൽ​ക്ക​രി​ച്ചു് അദ്ദേ​ഹം പറ​യു​ന്ന​തു​കേ​ട്ടാ​ലും: “The road to the prison is wide open; we must not be afraid to tread where Martin Luther King Jr has trodden, where Nelson Mandela spent his most virile years. There is no terror in a place where Obafemi Awolowo passed years in meditation, a place that Salawa Gambo made her second home… We shall be teargassed, clubbed senseless and some may even lose their lives, but you know and I know that some kinds of existence are worse than death…”

ഇതിലെ ആർ​ജ്ജ​വ​വും ശക്തി​യും മറ്റു​ള്ള​വ​രു​ടെ വാ​ക്കു​ക​ളിൽ അപൂർ​വ്വ​മാ​യേ കാണാൻ കഴിയൂ.

images/Ken_Saro_Wiwa.jpg
കെൻ സരോ വിവാ

കെൻ സരോ വി​വാ​യെ​ക്കു​റി​ച്ചു് ഷോ​യെ​ങ്കാ ഇതി​ലൊ​രു പ്ര​ബ​ന്ധ​മെ​ഴു​തി​യി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ മനു​ഷ്യ​സ്നേ​ഹ​വും ക്രൂ​ര​മായ കൊ​ല​പാ​ത​കം കണ്ടു​ണ്ടായ ദുഃ​ഖ​വും അതിൽ പ്ര​തി​ഫ​ലി​ക്കു​ന്നു. മഹാ​നായ ഒരു മനു​ഷ്യ​സ്നേ​ഹി​യു​ടെ ഉത്തേ​ജ​ക​ങ്ങ​ളായ വാ​ക്കു​ക​ളു​ടെ സമാ​ഹാ​ര​മാ​ണു് ഈ ഗ്ര​ന്ഥം.

മരണം ജയി​ക്കു​ന്നു
images/Kurissery_Gopalapillai.jpg
കു​റി​ശ്ശേ​രി ഗോ​പാ​ല​പി​ള്ള

ഭാ​ര​തീയ തത്ത്വ​ചി​ന്ത​യി​ലും സം​സ്കൃത വ്യാ​ക​ര​ണ​ത്തി​ലും മലയാള വ്യാ​ക​ര​ണ​ത്തി​ലും പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്ന കു​റി​ശ്ശേ​രി ഗോ​പാ​ല​പി​ള്ള യു​മാ​യി ഞാൻ സ്നേ​ഹ​ബ​ന്ധ​ത്തി​ലാ​കു​ന്ന​തു് 1945-​ലാണു്. അകാ​ര​ത്തെ താ​ല​വ്യ​മാ​യും ഓഷ്ഠ്യ​മാ​യും പരി​ഗ​ണി​ക്കു​ന്ന എ. ആർ. രാ​ജ​രാ​ജ​വർ​മ്മ​യു​ടെ മതം ശാ​സ്ത്രീ​യ​മ​ല്ലെ​ന്നു കാ​ണി​ച്ചു് വി​ദ്യാർ​ത്ഥി​യാ​യി​രു​ന്ന ഞാൻ മല​യാ​ള​രാ​ജ്യം ദി​ന​പ​ത്ര​ത്തി​ലെ​ഴു​തിയ ഒരു ഹ്ര​സ്വ​ലേ​ഖ​ന​ത്തി​നു് കു​റി​ശ്ശേ​രി ഗോ​പാ​ല​പി​ള്ള മറു​പ​ടി എഴുതി. എന്റെ വാ​ദ​ങ്ങ​ളെ അദ്ദേ​ഹം യു​ക്തി​യു​ക്ത​മാ​യി ഖണ്ഡി​ച്ചു. പാ​ണ്ഡി​ത്യ​മി​ല്ലാ​ത്ത ഞാൻ പി​ന്നെ മൗനം അവ​ലം​ബി​ച്ചു​ക​ള​ഞ്ഞു. ആ വാ​ദ​പ്ര​തി​വാ​ദ​ത്തിൽ തു​ട​ങ്ങിയ സൗ​ഹൃ​ദം പിൽ​ക്കാ​ല​ത്തു് വി​ക​സി​ച്ചു. ഞാൻ അദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടിൽ നി​ത്യ​സ​ന്ദർ​ശ​ക​നാ​യി മാറി. കു​റി​ശ്ശേ​രി ശയ്യാ​വ​ലം​ബി​യാ​യി. ശാ​സ്ത​മ​ഗ​ല​ത്തെ ശ്രീ​രാ​മ​കൃ​ഷ്ണ ആശു​പ​ത്രി​യിൽ കി​ട​ന്ന അദ്ദേ​ഹം അന്ന​ത്തെ രാ​ത്രി മരി​ക്കു​മെ​ന്നു് ഡോ​ക്ടർ പറ​ഞ്ഞു. അദ്ദേ​ഹ​ത്തി​ന്റെ മരണം സു​നി​ശ്ചി​ത​മാ​ണെ​ന്നു മന​സ്സി​ലാ​ക്കി എല്ലാ​വ​രും ദുഃ​ഖി​ച്ചു. പക്ഷേ ബന്ധു​ക്ക​ളെ​യും സ്നേ​ഹി​ത​രെ​യും അദ്ഭു​ത​പ്പെ​ടു​ത്തു​മാ​റു് അദ്ദേ​ഹം രാ​വി​ലെ ബോധം വീ​ണ്ടെ​ടു​ത്തു. രണ്ടു ദിവസം കഴി​ഞ്ഞ​പ്പോൾ ഞാൻ അദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു: “സാ​റി​നും മരി​ക്കു​മെ​ന്നു് ഉറ​പ്പു​ണ്ടാ​യി​രു​ന്നോ?” കു​റി​ശ്ശേ​രി മറു​പ​ടി നൽകി: “ഉറ​പ്പ് ഉണ്ടാ​യി​രു​ന്നു” “അപ്പോൾ എന്തു​തോ​ന്നി?” അദ്ദേ​ഹ​ത്തി​ന്റെ മറു​പ​ടി: “ഞാൻ മരി​ക്കാൻ പോ​കു​ന്നു എന്ന ചിന്ത മാ​ത്ര​മേ എനി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളു. വി​ഷാ​ദ​മി​ല്ല. മറ്റു വി​കാ​ര​ങ്ങ​ളി​ല്ല. ബന്ധു​ക്ക​ളെ​ക്കു​റി​ച്ചു് ഒരു ചിന്ത പോ​ലു​മി​ല്ല. ഞാൻ മരി​ക്കു​ന്നു. മരി​ക്കു​ന്നു എന്ന വി​ചാ​രം മാ​ത്ര​മേ ഉണ്ടാ​യി​രു​ന്നു​ള്ളു”. ഇതു് കു​റി​ശ്ശേ​രി​യു​ടെ അനു​ഭ​വം മാ​ത്ര​മ​ല്ല.

images/Andre_Malraux.jpg
മൽറോ

മരി​ക്കാൻ പോ​കു​ന്ന എല്ലാ​വ​രു​ടെ​യും അനു​ഭ​വ​മാ​ണെ​ന്നു് എനി​ക്കു തോ​ന്നു​ന്നു. ഫ്ര​ഞ്ചെ​ഴു​ത്തു​കാ​ര​നായ മൽറോ (Andre Malraux 1901–1976) ഒരു കഥാ​പാ​ത്ര​ത്തെ​ക്കൊ​ണ്ടു പറ​യി​ച്ച​തു് സ്മ​ര​ണീ​യ​മാ​ണു്. ‘There is no death… There is only… me… me… who is going to die’. കു​റി​ശ്ശേ​രി വി​ചാ​രി​ച്ച​തും ഈ കഥാ​പാ​ത്രം വി​ചാ​രി​ച്ച​തും തമ്മി​ലെ​ന്തേ വ്യ​ത്യാ​സം. ഇതെ​ഴു​തു​ന്ന​യാൾ മരി​ക്കാൻ പോ​കു​ന്ന സന്ദർ​ഭ​ത്തി​ലും ഇങ്ങ​നെ​ത​ന്നെ വി​ചാ​രി​ക്കും. സം​ശ​യ​മി​ല്ല. വ്യ​ക്തി ഇല്ലാ​താ​വു​മ്പോൾ. രക്ത​മാം​സ​ങ്ങ​ളൊ​ടു​കൂ​ടി ചലനം കൊ​ണ്ടി​രു​ന്ന ആളി​ന്റെ ശരീരം സ്പ​ന്ദി​ക്കാ​തെ​യാ​വു​മ്പോൾ ആ ആളി​നോ​ടു സ്നേ​ഹ​മു​ണ്ടാ​യി​രു​ന്ന​വർ ദുഃ​ഖി​ക്കും. ചി​ലർ​ക്കു് അതു് സ്ഥാ​യി​യായ വി​കാ​ര​മാ​യി വർ​ത്തി​ക്കും. സ്ഥി​ര​ത​യാർ​ന്ന ചി​ന്ത​യാ​യി മാറും.

സ്ഥാ​യി​ത്വ​മു​ള്ള ആ ചി​ന്ത​യും വി​കാ​ര​വും കൊ​ണ്ടാ​ണു് ശ്രീ. എൻ. ഇ. സുധീർ ‘മര​ണ​ത്തി​ന്റെ നി​ഴ​ലിൽ’ എന്ന കവി​ത​യെ​ഴു​തി​യ​തു്. (മല​യാ​ളം വാരിക) അന്ത​രി​ച്ച വ്യ​ക്തി​ക​ളെ​സ്സം​ബ​ന്ധി​ച്ച ഓർ​മ്മ​യാ​കു​ന്ന നൂലിൽ പി​ടി​ച്ചു കൊ​ണ്ടു ജീ​വ​നു​ള്ള​വർ ഈ ലോ​ക​ത്തു കഴി​ഞ്ഞു​കൂ​ടു​ന്നു. അവർ​ക്കു​മ​റി​യാം മരണം അനി​വാ​ര്യ​മാ​ണെ​ന്നു്. ആ അനി​വാ​ര്യ സ്വ​ഭാ​വ​ത്തെ സുധീർ ആവി​ഷ്ക​രി​ക്കു​മ്പോൾ ഇതെ​ഴു​തു​ന്ന ആളും ചി​ന്താ​കു​ല​നാ​യി​ബ്ഭ​വി​ച്ചു.

ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടു്
images/Changampuzha.jpg
ചങ്ങ​മ്പുഴ

മനോ​ഹ​ര​ങ്ങ​ളായ കാ​വ്യ​ങ്ങൾ എഴു​തു​ന്ന​വർ ബു​ദ്ധി​യു​ടെ വി​ലാ​സം കാ​ണി​ക്ക​ണ​മെ​ന്നി​ല്ല. അപൂർ​വ​മാ​യി കാ​വ്യ​ര​ച​നാ വൈ​ഭ​വും ധി​ഷ​ണാ​വി​ലാ​സ​വും ഒരാ​ളിൽ​ത്ത​ന്നെ സമ്മേ​ളി​ക്കാ​റു​ണ്ടു്. ചങ്ങ​മ്പുഴ ആ രീ​തി​യിൽ അനു​ഗൃ​ഹീ​ത​നാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ കവിത നി​സ്തു​ലം. സം​സാ​രി​ക്കാൻ തു​ട​ങ്ങി​യാൽ അദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ളു​ടെ ഉജ്ജ്വ​ല​ത്വം കണ്ടു നമ്മൾ അമ്പ​ര​ന്നു പോകും. ജി. ശങ്ക​ര​ക്കു​റു​പ്പു് പ്ര​ഭാ​ഷ​ണം നിർ​വ​ഹി​ക്കു​ന്ന വേ​ള​ക​ളിൽ മൗ​ലി​ക​ങ്ങ​ളും മനോ​ഹ​ര​ങ്ങ​ളു​മായ ആശ​യ​ങ്ങൾ ആവി​ഷ്ക​രി​ച്ചു് നമ്മ​ളെ അദ്ഭു​ത​പ്പെ​ടു​ത്തും. നിത്യ ജീ​വി​ത​ത്തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളിൽ ശങ്ക​ര​ക്കു​റു​പ്പിൽ നി​ന്നു് ആകർ​ഷ​ക​ത്വ​മു​ള്ള ഒരു ചിന്ത പോലും ഉണ്ടാ​യി​ക്ക​ണ്ടി​ട്ടി​ല്ല. പ്ര​ത്യ​ക്ഷ​ങ്ങ​ളായ അനു​ഭ​വ​ങ്ങ​ളെ അവ​ലം​ബി​ച്ചാ​ണു് ഞാൻ ഈ രണ്ടു് കവി​ക​ളെ​ക്കു​റി​ച്ചും പറ​ഞ്ഞ​തു്. നല്ല കവി​ത​ക​ളെ​ഴു​താ​നു​ള്ള കഴി​വും മറ്റാർ​ക്കും ലഭി​ക്കാ​ത്ത ആശ​യ​ങ്ങൾ പ്ര​ദർ​ശി​പ്പി​ക്കാ​നു​ള്ള പ്രാ​ഗ​ല്ഭ്യ​വും ശ്രീ. ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടിൽ സമ്മേ​ളി​ച്ചി​രി​ക്കു​ന്നു. അദ്ദേ​ഹം എന്തു പറ​ഞ്ഞാ​ലും ഒരു നൂ​ത​നാ​ശ​യം ഉണ്ടാ​കും. അതു നമ്മ​ളെ ആഹ്ലാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും.

images/Chullikadu.jpg
ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ട്

ഇന്നു് (18-6-98) ഞങ്ങൾ റ്റെ​ലി​ഫോ​ണി​ലൂ​ടെ കുറെ നേരം സം​സാ​രി​ച്ചു. ചങ്ങ​മ്പു​ഴ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു്. ഏതൊരു കവി​യു​ടെ കവി​താ​സ​പ​ര്യ പി​ല്ക്കാ​ല​ത്തു് അനേകം കവി​ക​ളു​ടെ ആവിർ​ഭാ​വ​ത്തി​നു് കാ​ര​ണ​മാ​കു​ന്നു​വോ ആ കവി​ക്കു് അന്യാ​ദൃ​ശ​സ്വ​ഭാ​വ​മു​ണ്ടെ​ന്നു ബാ​ല​ച​ന്ദ്രൻ പറ​ഞ്ഞു. ചങ്ങ​മ്പുഴ ആ രീ​തി​യി​ലു​ള്ള കവി​യാ​ണെ​ന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ അഭി​പ്രാ​യം. ‘മന​സ്വി​നി’, ‘യവനിക’ എന്നീ ചങ്ങ​മ്പു​ഴ​ക്കാ​വ്യ​ങ്ങൾ അന​ന്യ​സാ​മാ​ന്യ​ങ്ങ​ളാ​ണെ​ന്നും അദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇട​പ്പ​ള്ളി​ക്ക​വി​ത​യ്ക്കു സം​ക്ഷേ​പണ സാ​മർ​ത്ഥ്യ​ത്തി​ന്റെ ശോ​ഭ​യു​ണ്ടെ​ങ്കി​ലും ചങ്ങ​മ്പു​ഴ​ക്ക​വി​ത​യു​ടെ അപ്ര​തി​മത ഇല്ലെ​ന്നും ബാ​ല​ച​ന്ദ്ര​നു മത​മു​ണ്ടു്. എല്ലാ അഭി​പ്രാ​യ​ങ്ങ​ളും സാ​ഹി​ത്യ പഞ്ചാ​ന​ന​ന്റെ ഭാ​ഷ​യിൽ ആദ​ര​ണീ​യ​ങ്ങ​ളും സ്വീ​ക​ര​ണീ​യ​ങ്ങ​ളു​മാ​ണു്. നമ്മു​ടെ കവി​കൾ​ക്കു ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടി​ന്റെ ബു​ദ്ധി​വൈ​ഭ​വം കൂടി ഉണ്ടാ​യി​രു​ന്നെ​ങ്കിൽ.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; sm-1998-07-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.