സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-07-17-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/Nadas.jpg
പെയ്റ്റർ നാദാഷ്

“നമ്മുടെ കാലയളവിൽ രചിക്കപ്പെട്ട മഹത്തമമായ നോവൽ; ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ ഗ്രന്ഥങ്ങളിൽ ഒന്നു്”. (The greatest novel written in our time and one of the greatest books of the century). ഹങ്ഗേറിയൻ നോവലിസ്റ്റ് പെയ്റ്റർ നാദാഷിന്റെ (P’eter N’adas, b. 1942) ‘A Book of Memories’ എന്ന നോവലിനെക്കുറിച്ചു് അമേരിക്കയിലെ ധിഷണാശാലിനിയും എഴുത്തുകാരിയുമായ സൂസൻ സാൻറ്റാഗ് (Susan Sontag, b.1933) പറഞ്ഞതാണു് ഇതു്. വായനക്കാരെക്കൊണ്ടു് പുസ്തകം വാങ്ങിപ്പിക്കാനുള്ള ഒരടവാണിതെന്നു് ഞാൻ ആദ്യം വിചാരിച്ചു. നോവൽ വായിച്ചു തുടങ്ങിയപ്പോൾ പ്രൂസ്തിനെ അനുകരിച്ചുള്ള സവിശേഷശൈലി എനിക്കു ക്ലേശമുളവാക്കി. വിശേഷിച്ചൊരു കഥയില്ലാതെ സ്മരണകളെ മാത്രം പ്രത്യാനയിക്കുന്ന നോവലിന്റെ അസാധാരണത ആ ക്ലേശം വർദ്ധിപ്പിച്ചു. എങ്കിലും നോവലിന്റെ എഴുന്നൂററിയാറു പുറങ്ങളും വായിച്ചു കഴിഞ്ഞപ്പോൾ സൂസൻ സാന്ററ്റാഗ് സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നു് എനിക്കു ഗ്രഹിക്കാൻ കഴഞ്ഞു. ഉത്കൃഷ്ടസാഹിത്യം ഭാരതത്തിലോ അതിന്റെ ഒരു ഭാഗമായ കേരളത്തിലോ അല്ല ഉണ്ടാകുന്നതു്. അങ്ങു് പടിഞ്ഞാറൻ ദേശത്താണു് എന്ന സത്യവും എനിക്കു മനസ്സിലായി. സ്മരണകളെ പുനരാവിഷ്കരിക്കുന്നതുകൊണ്ടു് അവയ്ക്കു് അന്യോന്യബന്ധമില്ലാതത്തതു കൊണ്ടു് നോവലിന്റെ കഥ പറയാൻ വയ്യ. ഓരോ സംഭവവും ആകർഷകമെന്നേ പ്രസ്താവിക്കാനാവൂ.

images/ABookofMemoriesANovel.jpg

പ്രൂസ്തിന്റെ സ്മരണകളുടെ പ്രത്യാനയിക്കലിനും നാദാഷിന്റെ സ്മരണകളുടെ പുനരാവിഷ്കരിക്കലിനും തമ്മിൽ വ്യത്യാസമുണ്ടു്. പ്രൂസ്തിന്റേതു് അനൈച്ഛികങ്ങളായ (involuntary) ഓർമ്മകളാണു്. മഞ്ഞേറ്റു് തണുത്തു വിറച്ചു് പ്രൂസ്തു് മുറിയിലെത്തി വിളക്കിനടുത്തു് ഇരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ പരിചാരിക റൊട്ടിക്കഷണങ്ങൾ കൊണ്ടുവന്നു. ഒരു കഷണം റൊട്ടി ചായയിൽ മുക്കി പ്രൂസ്തു് വായ്ക്കകത്തിട്ടപ്പോൾ അദ്ദേഹത്തിനു് അസ്വസ്ഥതയുണ്ടായി. ഒറഞ്ചു് മരങ്ങളുടെ ഗന്ധം അനുഭവപ്പെട്ടു. അസാധാരണമായ പ്രകാശത്തിന്റെ അനുഭൂതി. ആഹ്ലാദമെന്ന വികാരം. പ്രൂസ്തു് ചലനരഹിതനായി വർത്തിച്ചു. തന്നിൽ സംഭവിക്കുന്നതിനു തടസ്സമുണ്ടാകരുതെന്നു കരുതി. അപ്പോൾ സ്മരണകൾ വന്നു കയറുകയായി. പണ്ടത്തെ ഉഷ്ണകാലങ്ങൾ പ്രഭാതങ്ങളുടെ ആഹ്ലാദനിർഭരതകളോടു കൂടി അദ്ദേഹത്തിന്റെ ബോധമണ്ഡലത്തിൽ എത്തി. ബുദ്ധിയെസ്സംബന്ധിച്ചിടത്തോളം മരിച്ച ഓർമ്മകളാണു് ചായയിൽ കുതിർന്നു റൊട്ടിക്കഷണം പുനരുൽപ്പാദിപ്പിച്ചതു്. ഇതാണു് അനിച്ഛാപൂർവ്വങ്ങളായ ഓർമകൾ. നാദാഷിന്റെ സ്മരണകൾക്കു അനൈച്ഛികത്വമില്ല. കരുതിക്കൂട്ടിയുള്ള പുനരാവിഷ്കാരമാണു് അതു്.

images/Susan_Sontag_1979.jpg
സൂസൻ സാൻറ്റാഗ്

മൂന്നു ഭാഗങ്ങളായിട്ടാണു് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളതു്. മൂന്നു ഭാഗങ്ങളും സാകല്യാവസ്ഥ കൊണ്ടു് ഹങ്ഗറിയുടെ ചിത്രം വരയ്ക്കുന്നു. “കാലയളവുകളാൽ വേർതിരിക്കപ്പെട്ടു്” വ്യക്തികളുടെ ആന്തരജീവിതവും ബാഹ്യജീവിതവും ആലേഖനം ചെയ്യപ്പെടുന്നു. ബുദ്ധിക്കു ക്ലേശമുണ്ടാക്കുന്നതാണു് രചനാരീതിയെന്നു മുകളിൽ പറഞ്ഞെങ്കിലും അന്തിമമായ ഫലപ്രാപ്തി കലാത്മകതയോടു ബന്ധപ്പെട്ടതാണു്. ഹിമാലയ പർവ്വതത്തിന്റെ അഗ്രഭാഗത്തു് എത്താൻ എണ്ണമറ്റ കഠിനതകൾ സഹിക്കണം. ദുഷ്കരത്വങ്ങൾ സങ്കല്പാതീതം. എന്നാൽ മുകളിലെത്തിയതിനുശേഷം താഴോട്ടു നോക്കിയാലോ? വർണ്ണിക്കാനാവാത്ത അനുഭൂതിയായിരിക്കുമതു്. ഇതിനു സദൃശമായ മഹനീയമായ അനുഭവമാണു് ഈ നോവലിന്റെ പാരായണമുളവാക്കുക.

images/Nagy_Imre_igazol.jpg
ഇമ്റേ നാജ്

സമകാലികങ്ങളായ മാസ്റ്റർ പീസുകളെക്കുറിച്ചു് മാത്രം പ്രതിപാദിക്കുന്ന The Oxford Guide to Contemporary Writing എന്ന പുസ്തകത്തിൽ നാദാഷിന്റെ ഈ നോവലിനെക്കുറിച്ചു് ഹ്രസ്വമല്ലാത്ത നിരൂപണമുണ്ടു്. അതിൽ ആഖ്യാനത്തോടു ബന്ധപ്പെട്ട പരികല്പനയുടെ അതിരുകളെ നാദാഷ് വലിച്ചുനീട്ടിയെന്നും അതിനുപ്പുറത്തു് അദ്ദേഹത്തിനു പോകാൻ കഴിയുന്നില്ലെന്നും പറഞ്ഞിട്ടുണ്ടു്. ഓരോ നോവലിസ്റ്റിന്റെയും ജന്മദേശത്തെ ചരിത്രം കഥ പറയുന്നതിന്റെ നിരന്തരാവസ്ഥയെ ബാധിക്കുമെന്നാണു് നിരൂപകമതം. പ്രതിപാദ്യവിഷയത്തിന്റെ സ്ഥിരതയെയും അതു ഭഞ്ജിക്കും. നാദാഷിന്റെ നോവലിനെസ്സംബന്ധിച്ചും ഇതു ശരിയാണു്. ആയിരത്തിത്തൊള്ളായിരത്തിയമ്പതും തുടർന്നുള്ള വർഷങ്ങളും ഹങ്ഗറിയിലെ രാഷ്ട്രവ്യവഹാരത്തിന്റെ അനിശ്ചിതത്വം കണ്ടു. ഈ കാലയളവിന്റെ ചിത്രമാണു് നോവലിലെ പ്രധാന കഥാപാത്രം വരയ്ക്കുന്നതു്. 1944–45-ൽ തന്നെ രാഷ്ട്രത്തിൽ അസ്വസ്ഥതകളുണ്ടായി. ആ വർഷമാണു് കമ്മ്യൂണിസ്റ്റ് സൈന്യം ഹങ്ഗറിയെ കീഴടക്കിയതു്.

images/Janos_Kadar_fototeca.jpg
യാനോഷ് കാദാർ

​​​1946 തൊട്ടു 1953 വരെ സ്റ്റാലിനിസ്റ്റ് ഭരണക്രമമായിരുന്നു ഹങ്ഗറിയിൽ. ഇമ്റേ നാജ് (Imre Nagy) സോവിയറ്റ് പ്രധാനമന്ത്രി മാലൻ കോഫിന്റെ (Malen Kov) സഹായത്തോടെ പ്രധാനമന്ത്രിയായി. കാലമേറേച്ചെല്ലുന്നതിനു മുൻപു് ഹങ്ഗറിയിൽ ആന്റികമ്മ്യൂണിസ്റ്റ് വിപ്ലവമുണ്ടായി. നാജ് ഹങ്ഗറി നിക്ഷ്പക്ഷരാജ്യമാണെന്നു് പ്രഖ്യാപിക്കുകയും യൂഎന്നിനോടു് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. നാജിന്റെ മന്ത്രിസഭയിലെ ഒരംഗമായ യാനോഷ് കാദാർ (J’anos Kad’ar) മറ്റൊരു സർക്കാർ ഉണ്ടാക്കുകയും സോവിയറ്റ് സഹായത്തോടെ വിപ്ലവം അടിച്ചമർത്തുകയും ചെയ്തു. പലായനം ചെയ്ത നാജിനെ അവർ പിടികൂടി വധിച്ചു. പ്രക്ഷുബ്ധമായ ഈ കാലയളവിലെ ഓർമ്മകൾ സ്ഫുടീകരിക്കുന്ന നാദാഷിനു് പരമ്പരാഗതമായ ആഖ്യാനരീതി അംഗീകരിക്കാൻ വയ്യ. കാലപ്രവാഹത്തിനു് എതിരായി നീന്താൻ ഒരു സാഹിത്യകാരനും കഴിയുകയില്ല എന്നാവാം നാദാഷിന്റെ വിചാരം. രാജ്യത്തിന്റെ അവസ്ഥ ശകലീകൃതമായാൽ ആഖ്യാനവും അതേരീതിയിലാകും. ഓർമ്മകൾ നിരന്നുനിൽക്കുന്നു. അവയ്ക്കു് പരസ്പരബന്ധമില്ലെന്നു് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ സാകല്യാവസ്ഥയിൽ അവ വായനക്കാരെ സാമൂഹികാവസ്ഥയുടെയും രാഷ്ട്രവ്യവഹാരാവസ്ഥയുടെയും സവിശേഷതകളിലേക്കു് എറിയുന്നു. ഒന്നും രണ്ടും ഭാഗങ്ങളിലെ സ്മരണകൾ വീണ്ടും പ്രകാശിപ്പിക്കുന്നതു് ഒരാൾതന്നെയാണു്. മൂന്നാമത്തെ ഭാഗത്തിൽ കഥനകൃത്തിന്റെ (narrator) കൂട്ടുകാരൻ അവരുടെ സൗഹൃദത്തിന്റെ കഥ പറയുന്നു. മോസ്കോയിൽ വച്ചാണു് അവർ തമ്മിൽ കാണുക. ഓരോ വ്യക്തിക്കും അനാദൃശസ്വഭാവമുണ്ടല്ലോ. അതിനാൽ കൂട്ടുകാരനാണെങ്കിലും അവർ വിഭിന്ന വ്യക്തികളാണു്. കഥനകൃത്തിനു്—ആഖ്യായകനു്—നരേറ്റർക്കു്—ഏതുമറിയാൻ ആഗ്രഹമുണ്ടു്. അയാൾക്കു് മറ്റൊരാളിനെ ആക്രമിച്ചു് തന്നോടു് ചേർക്കണം. ആ ആളിനെ തന്റെ ആളായി മാറ്റണം അയാൾക്കു്. സ്നേഹിതനു് ആ വിചാരമില്ല. രണ്ടുപേർക്കും പകുതിയോളമില്ല. സ്നേഹിതനു് വീടുണ്ടു്; പക്ഷേ ജന്മനാടില്ല. ഓർമ്മകൾ പ്രത്യാനയിക്കുന്നവനു് ജന്മനാടുണ്ടു്; വീടില്ല.

പൊരുത്തക്കേടു് എന്നു് വിശേഷിപ്പിക്കാവുന്ന മരണത്തെയാണു് സ്മരണകൾ എഴുതുന്ന ആൾ സ്വാഗതം ചെയ്തതു്. ആ മരണത്തിനുശേഷം സ്നേഹിതൻ കൈയെഴുത്തുപ്രതികൾ പരിശോധിച്ചു. “… but even after a thorough review of notes I haven’t been able to decide in what direction he intended to steer his plot, However, I did find one additional sketchy chapter, a fragment really, that I could not place anywhere”. അയാളുടെ ജോലി തീർന്നു. ഓർമ്മകൾ എടുത്തെഴുതിയ ആളിന്റെ ആ സ്മരണഖണ്ഡം സുഹൃത്തു് എടുത്തുചേർക്കുമ്പോൾ നോവൽ അവസാനിക്കുന്നു. സമൂഹങ്ങളുടെ രാഷ്ട്രവ്യവഹാരസംബന്ധിയായ അവസ്ഥകൾക്കു് വ്യതിക്രമങ്ങൾ—വിപരീതഗതികൾ—ഉണ്ടായി. ജീവിതമാകെ ശകലീകൃതമാകുമ്പോൾ ആ ശകലീകൃതാവസ്ഥ സാഹിത്യകാരനുണ്ടാകും. അയാളുടെ കൃതികൾക്കുമുണ്ടാകും എന്നാണു് നാദാഷിന്റെ വിചാരം.

അറിവുണ്ടായിരിക്കുകയും അതു വിരളമായി മാത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്നവനാണു് ശക്തൻ. വാതോരാതെ സംസാരിക്കുന്നവൻ അശക്തനാണു്.

നോവലിന്റെ രചനാരീതി കാണിക്കാൻ ഒരു ഭാഗമുദ്ധരിക്കാം: “… watching my little sister was like observing a translucent green Caterpillar as it clings gently with its tiny feet to a white stone; at our touch it suddenly hunches up, shortening its body, the tip of its tail almost reaching its head, and sets itself in motion by means of this curled up mass, inching its way slowly forward…”

ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ നോവലുകളിൽ ഒന്നുതന്നെയാണു് നാദാഷിന്റെ ഈ മാസ്റ്റർപീസ്. (Translated from the Hungarian by Ivan Sanders with Imre Gold Stein, Vintage, special Indian price #2 = 85)

ചോദ്യം, ഉത്തരം

ചോദ്യം: സ്വസ്ഥതയോടെ ജീവിക്കാൻ എന്താണു് ഞാൻ ചെയ്യേണ്ടതു്?

ഉത്തരം: 1. ഏതു ദൗർഭാഗ്യമുണ്ടായാലും, ‘Even this will pass away’ എന്നു വിചാരിക്കണം. 2. അന്യരെ നന്നാക്കാൻ ശ്രമിക്കരുതു്. അവർ എങ്ങനെയോ അങ്ങനെ തന്നെ സ്വീകരിക്കണം. 3. നമ്മളെക്കുറിച്ചു് മറ്റുള്ളവർ എന്തുപറയുന്നു എന്നു് അന്വേഷിക്കരുതു്. നമ്മൾ ശരിയായി ജീവിച്ചാൽ മതി. 4. ബന്ധുക്കൾ ശത്രുക്കളാണു്. വിശേഷിച്ചും നമ്മൾ സഹായിച്ചവർ. അവർ ഉപകർത്താക്കളായ നമ്മളുടെ കൈയിൽ കൊത്താതിരിക്കില്ല. അതിനുള്ള വിഷം ചെറിയ അളവിൽ അവരുടെ പല്ലിൽ കാണും. അതുകൊണ്ടു് മരിക്കില്ലെന്നുകണ്ടു് അവരുടെ സഹധർമ്മിണികൾ കുറേക്കൂടി വിഷം ആ പല്ലിൽ കയറ്റിവയ്ക്കും. ശത്രുക്കളായ ഈ ബന്ധുക്കളെ കണ്ടാൽ അവർ തലവെട്ടിച്ചു പോകുന്നതിനുമുൻപു് നമ്മൾതന്നെ തലവെട്ടിച്ചു നടക്കണം. (ഈ ചോദ്യം പോസ്റ്റിൽ കിട്ടിയതല്ല. ഒരാൾ ടെലിഫോണിൽക്കൂടി എന്നോടുചോദിച്ചതാണു്. തളർന്ന ശബ്ദത്തിൽ ചോദ്യം ചോദിച്ചയാളിനു് ഞാൻ ഫോണിലൂടെ നൽകിയ ഉത്തരമാണിതു്).

ചോദ്യം: അമിതമായി ധനം സമ്പാദിക്കുന്നതുകൊണ്ടു് പ്രയോജനമെന്താണു്?

ഉത്തരം: കുറച്ചു കരുതിവെക്കുന്നതു് നന്നു്. വാർദ്ധക്യകാലത്തു് രോഗങ്ങൾ പിടിപെടുമ്പോൾ മരുന്നുവാങ്ങാൻപോലും ആരും പണം തരില്ല. പക്ഷേ അറുത്ത കൈക്കു് ഉപ്പുവയ്ക്കാത്ത രീതിയിൽ ധനമാർജ്ജിച്ചാൽ അതു നിലനിൽക്കില്ല. മകനോ മരുമകനോ (തിരുവനന്തപുരത്തു് മരുമകനെന്നു പറഞ്ഞാൽ മകളുടെ ഭർത്താവു് എന്നാണു് അർത്ഥം) അതു് കുടിച്ചുനിശിപ്പിക്കും. മകൻ കുടിച്ചുകൊണ്ടുവന്നാൽ അച്ഛനു് അവനെ ശകാരിക്കാം. അടികൊടുത്തു വീട്ടിന്റെ വെളിയിലാക്കാം. മരുമകനോടു് അതൊന്നും പറ്റില്ല. അവൻ വിസ്കിയും സോഡയുമായി അമ്മാവന്റെ വീട്ടിലെത്തുമ്പോൾ അയാൾ വിസ്കി ഗ്ലാസ്സിലൊഴിച്ചു സോഡപൊട്ടിച്ചു് അതിലൊഴിച്ചു് കൊടുക്കും. ‘രഘു സ്വല്പം ഡ്രിങ്ക്സ് കഴിച്ചാലെന്താ. നമ്മുടെ മകളെ അയാൾ ശരിക്കു നോക്കുന്നില്ലേ’ എന്ന സഹധർമ്മിണീവചനം അയാളുടെ ദുർബ്ബലകരത്തിനു ശക്തിയേകും. മകളുടെ ദുരന്തം കണ്ടും മദ്യം ഒഴിച്ചുകൊടുക്കുന്ന അധാർമ്മിക പ്രവൃത്തിയിൽ മനം നൊന്തും അയാൾ പ്രായമെത്തുന്നതിനുമുൻപു് കിഴവനാകും. അയാളുടെ മരണം പദ്മപുരാണത്തിലെ ശിവഗീതയിൽ പറഞ്ഞതുപോലെയാണു്.

‘ഹാ കാന്തേ ഹാ ധനം പുത്രാഃ ക്രന്ദമാനം സുദാരുണം

മണ്ഡൂക ഇവ സർപേണ മൃത്യുനാ നീയതേ നരഃ’

(ഹാ കാന്തേ! എന്റെ ധനം! പുത്രന്മാരേ! എന്നൊക്കെ നിലവിളിക്കുന്ന അയാളെ, തവളയെ പാമ്പെന്നപോലെ മരണം റാഞ്ചിക്കൊണ്ടുപോകും).

ചോദ്യം: നിങ്ങളുടെ നക്ഷത്രം?

ഉത്തരം: എന്റെ നക്ഷത്രം പടിഞ്ഞാറേച്ചക്രവാളത്തിൽ മറഞ്ഞുകഴിഞ്ഞു.

ചോദ്യം: ഞാനിപ്പോൾ എന്തുചെയ്യുന്നുവെന്നു് പറയാമോ?

ഉത്തരം: സ്വന്തമായി ഉണ്ടായിരുന്ന പുൽപ്രദേശം മുഴുവൻ താങ്കൾ മേഞ്ഞുകഴിഞ്ഞു. പുതിയ പ്രദേശങ്ങൾ തേടുകയാണിപ്പോൾ. സൂക്ഷിക്കണേ.

ചോദ്യം: ഇരുപത്തിയേഴുകൊല്ലമായി ഇടവിടാതെ ആരെങ്കിലും കോളമെഴുതിയാൽ നിങ്ങൾ അയാളെ ബഹുമാനിക്കുമോ?

ഉത്തരം: ഇല്ല. അറിവുണ്ടായിരിക്കുകയും അതു വിരളമായി മാത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്നവനാണു് ശക്തൻ. വാതോരാതെ സംസാരിക്കുന്നവൻ അശക്തനാണു്. ​​

ചോദ്യം: ആളുകളെ വിശ്വസിക്കാമോ?

ഉത്തരം: പാടില്ല. നിമിഷം തോറും ആളുകളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കും. എന്നെയും വിശ്വസിക്കരുതു്. ഒരുനിമിഷത്തിനു മുൻപുള്ള കൃഷ്ണൻ നായരല്ല ഇപ്പോൾ ഈ ചോദ്യത്തിനുത്തരമെഴുതുന്ന കൃഷ്ണൻ നായർ.

ഡിസ്ഗസ്റ്റിങ്ങ്

സത്യസന്ധതയുള്ള ഒരു സ്ത്രീയുടെ സ്നേഹം കിട്ടുക എന്നതാണു് പുരുഷന്റെ വലിയ ഭാഗ്യം. അതുപോലെ ഓക്കാനമുണ്ടാക്കാത്ത ചെറുകഥ വായിക്കാൻ സാധിക്കുക എന്നതു് വായനക്കാരന്റെ മഹാഭാഗ്യമാണു്.

കാശ്മീരിലോ മറ്റോ ആണെന്നു തോന്നുന്നു തടാകത്തിൽ വച്ച ബോട്ടിൽ സ്ഥിരമായി പാർക്കുന്ന കുടുംബമുണ്ടെന്നു് എസ്. കെ. പൊറ്റക്കാട്ടു് എന്നോടു് പറഞ്ഞിട്ടുണ്ടു്. ഞാൻ വേമ്പനാട്ടുകായലിന്റെ തീരത്തുതാമസിച്ചിരുന്ന കാലത്തു് കെട്ടുവള്ളത്തിൽ താമസിക്കുന്ന കുടുംബങ്ങളെ ഏറെക്കണ്ടിട്ടുണ്ടു്. തിരുവനന്തപുരത്തു് മരുതംകുഴി—കൊച്ചാർ റോഡിന്റെ ഒരു വശത്തിട്ട വലിയ പൈപ്പിൽ ഒരു യാചകകുടുംബം താമസിച്ചതും ഞാൻ കണ്ടു. ബോട്ടിലും വള്ളത്തിനും സ്ഥിരമായി പാർക്കുന്നവർക്കു കരയിലേക്കുവരാൻ പ്രയാസമേറും. പൈപ്പിനകത്തെ താമസവും അസഹനീയം തന്നെ. പാമ്പു് അകത്തേക്കുകയറും. ചുറ്റുമുള്ള കൊച്ചുകാട്ടിൽ മനുഷ്യപുരീഷവും കന്നുകാലിച്ചാണകവും സുലഭം. മനുഷ്യർ എത്രമാത്രം കഷ്ടപ്പെടുന്നു. കുറെ ഭാഗ്യവാന്മാർ സ്ഥിതിസമത്വം വേണമെന്നു തൊണ്ടകീറി പ്രസംഗിച്ചുംകൊണ്ടു് കൊട്ടാരം പോലത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നു. കാറിൽ സഞ്ചരിക്കുന്നു. വിമാനത്തിൽ കയറി അന്യനാടുകളിലേക്കു പോകുന്നു.

കലാശൂന്യതയുടെ സിമന്റും ദുർഗ്രഹതയുടെ മണലും സഹൃദയ പീഡനത്തിന്റെ കമ്പിയും ചേർത്തു നിർമ്മിച്ച ‘ദുരിതപാശങ്ങൾ’ എന്ന കഥാപ്രണാളിയിൽ കയറിയിരുന്നു് കാഴ്ചക്കാരെ വിഷമിപ്പിക്കുകയാണു് ശ്രീ. യു. കെ. നാരായണൻകുട്ടി. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഞാൻ ‘കഥ’ യുടെ ചുരുക്കമൊന്നും നൽകുന്നില്ല. അത്രയ്ക്കു് ഈ രചന ജുഗുപ്സാവഹമാണു്. ഇതിനെ വിശേഷിപ്പിക്കാൻ ഇംഗ്ലീഷ് വാക്കുകളെ ആശ്രയിക്കേണ്ടിവരുന്നു എനിക്കു്. Disgusting, ugly, boring.

സത്യസന്ധതയുള്ള ഒരു സ്ത്രീയുടെ സ്നേഹം കിട്ടുക എന്നതാണു് പുരുഷന്റെ വലിയ ഭാഗ്യം. അതുപോലെ ഓക്കാനമുണ്ടാക്കാത്ത ചെറുകഥ വായിക്കാൻ സാധിക്കുക എന്നതു് വായനക്കാരന്റെ മഹാഭാഗ്യമാണു്.

ഭാവാത്മകതയുടെ പരകോടി

കുഞ്ഞുങ്ങൾ പ്രശാന്തമായ രാത്രിയിൽ പാടുന്നു: നിർമ്മല പ്രവാഹം. പ്രസന്നമായ ജലാകരം!

കുഞ്ഞുങ്ങൾ: “ഐശ്വരവും ആഹ്ലാദനിർഭരവുമായ നിങ്ങളുടെ ഹൃദയത്തിൽ എന്താണ്?”

ഞാൻ: “മൂടൽമഞ്ഞിൽ നഷ്ടപ്പെട്ട മണികളുടെ നാദം”.

കുഞ്ഞുങ്ങൾ: “ചെറിയ ചത്വരത്തിലിരുന്നു പാടാൻ നിങ്ങൾ ഞങ്ങളെ അനുവദിച്ചിരിക്കുന്നു. നിർമ്മലപ്രവാഹം, പ്രസന്നമായ ജലാകരം. നിങ്ങളുടെ വാസന്തിക കരങ്ങളിൽ എന്തുണ്ട്?”

ഞാൻ: “ചുവന്ന പനിനീർപ്പൂവും വെളുത്ത ലില്ലിയും”.

കുഞ്ഞുങ്ങൾ: “പ്രാചീനഗാനത്തിന്റെ ജലത്തിൽ അവ മുക്കൂ. നിർമ്മലപ്രവാഹം, പ്രസന്നമായ ജലാകരം! ചുവന്നതും ദാഹമാർന്നതുമായ നിങ്ങളുടെ വായ്ക്കകത്തെ രുചിയെന്തു്?”

ഞാൻ: “എന്റെ വലിയ തലയോടിന്റെ അസ്ഥികളുടെ രുചി”.

കുഞ്ഞുങ്ങൾ: “പ്രാചീനഗാനത്തിന്റെ പ്രശാന്തജലം കുടിക്കൂ. നിർമ്മലപ്രവാഹം, പ്രസന്നമായ ജലാകരം. ഈ ചെറിയ ചത്വരത്തിൽനിന്നു് നിങ്ങൾ ഇത്ര ദൂരത്തേക്കു് പോകുന്നതെന്തിനു്?”

ഞാൻ: “ഐന്ദ്രജാലികന്മാരെയും രാജകുമാരികളെയും ഞാൻ അന്വേഷിച്ചുപോകുന്നു”.

കുഞ്ഞുങ്ങൾ: “കവികളുടെ മാർഗ്ഗം ആരാണു് നിങ്ങൾക്കു് കാണിച്ചുതന്നതു്?”

ഞാൻ: “പ്രാചീനഗാനത്തിന്റെ ജലാകരവും പ്രവാഹവും”.

സ്പെയ്നിലെ കവിയും നാടകകർത്താവുമായ ഫേദേറീഗോ ഗാർതിആ ലൊർകായുടെ (Federico Garcia Lorca 1898–1936) ആദ്യകാലകവിതകളിൽ ഒന്നായ Ballad of the Little Square എന്നതിന്റെ തുടക്കത്തിലെ ചില വരികളുടെ ഭാഷാന്തരീകരണമാണു് മുകളിൽ ചേർത്തതു്. പ്രാചീനഗാനങ്ങളിൽമുങ്ങി അതിന്റെ പ്രശാന്തതയാർന്ന ജലം കുടിക്കാനും മാന്ത്രികത്വത്തോടെ സൗന്ദര്യം ചിത്രീകരിക്കാനുമായിരുന്നു ലൊർകായുടെ താല്പര്യം. തെക്കേ സ്പെയ്നിലെ ഗ്രനാദ പ്രദേശത്തു ജനിച്ച അദ്ദേഹം അവിടത്തെ ബഹുജനകഥകളിലും പാരമ്പര്യത്തിലും ആമജ്ജനം ചെയ്തിട്ടാണു് കാവ്യങ്ങൾ രചിച്ചതു്. പാരമ്പര്യത്തോടു ബന്ധപ്പെട്ട മഹനീയങ്ങളായ രണ്ടു പ്രസ്ഥാനങ്ങൾ—വിശ്വസാഹിത്യത്തോടു് ചേർന്നുനിൽക്കുന്നതു് ഒന്നു്; ഐബിരിയൻ പ്രഭവകേന്ദ്രത്തോടു് ചേർന്നുനിലക്കുന്നതു് രണ്ടു്—ഉണ്ടെന്നും ലൊർകാ രണ്ടാമതു പറഞ്ഞതിന്റെ സന്തതിയാണെന്നും വില്യം കാർലോസ് വില്യംസ് പറയുന്നു. (ഐബീരിയ = സ്പെയ്നും പോർച്ചുഗലും) ഈ ഐബീരിയൻ ഭാവാത്മകത സമുന്നതമാണു്. അതിൽ വിലയം കൊണ്ട കവിയാണു് ലൊർകാ.

ലൊർകായുടെ ജന്മസ്ഥലമായ ഗ്രനാദ തെക്കേ സ്പെയ്നിലെ ആന്ദലൂസിയയുടെ (Andulucia) ഒരു ഭാഗമാണു്. അവിടെ ഒരു അവനിചരസംസ്കാരമുണ്ടു്. (Gypsy Culture) 1924-നും 1927-നുമിടയ്ക്കു ലൊർകാ രചിച്ച 18 ഭാവാത്മകകാവ്യങ്ങളിൽ ഈ സംസ്കാരത്തിന്റെ സവിശേഷത കാണാം. അദ്ദേഹത്തിന്റെ The Faithless wife എന്ന അതിസുന്ദരമായ കാവ്യം നോക്കുക. കവി അവളെ നദിയുടെ അടുത്തേക്കുകൂട്ടിക്കൊണ്ടുപോയി.

images/Federico_IanGibson.jpg

I touched her sleeping breasts and they opened to me suddenly like spikes of hyacinth. The starch of her petticoat sounded in my ear like a piece of silk rent by ten knives… I took off my tie. She took off her dress. I, my belt with the revolver. She her four bodices… Her thighs slipped from me like startled fish one half fill of fire, one half full of cold… Smeared with sand and kisses I took her away from the river… I behaved like the person I am. Like a proper gipsy. അവൾക്കു് ഭർത്താവു് ഉള്ളതുകൊണ്ടു് ലൊർകയ്ക്കു് അവളുടെ കാമുകനാകാൻ ഇഷ്ടമില്ലെന്ന പ്രസ്താവത്തോടെ കാവ്യം അവസാനിക്കുന്നു. ജിപ്സി സംസ്കാരത്തിന്റെ അന്തസ്സാണു് ഇവിടെ കാണുന്നതു്.

images/LamentforIgnacioSanchezMejias.jpg

ലോകസാഹിത്യത്തിലെ വിലാപകാവ്യങ്ങളിൽ പ്രഥമപദമാണു് ലൊർകായുടെ ‘ഈഗ്നാതിയോ സാഞ്ചേതു് മേഹിയാസിനെക്കുറിച്ചുള്ള വിലാപം’ (Lament for Ignacio Sanchez Mejias) എന്നതു്. കാളപ്പോരുകാരനും ലൊർകായുടെ ഉത്തമസുഹൃത്തുമായ മേഹിയാസ് ആപത്തുണ്ടാകാവുന്ന ഒരിടത്തുകയറിയിരുന്നു. അദ്ദേഹത്തിന്റെ തുടയിൽ കൊമ്പുകുത്തിക്കയറ്റി കാള. താഴെവീണ മേഹീയാസിനെ തുടരെത്തുടരെ കുത്തുകയായി ആ മൃഗം. വാഹനം കിട്ടാത്തതുകൊണ്ടു് പതിമ്മൂന്നുമണിക്കൂർ കഴിഞ്ഞേ അദ്ദേഹത്തിനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞുള്ളൂ. ‘ഗാങ്ഗ്രീൻ’ (അഴുകൽ) ആ സമയം കൊണ്ടു് ഉണ്ടാവുകയും മേഹിയാസ് മരിക്കുകയും ചെയ്തു. (ഇതിനെക്കുറിച്ചു് കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കു് Ian Gibson എഴുതിയ Federico Garcia Lorca എന്ന പുസ്തകം നോക്കാം) ലൊർകായുടെ വിലാപകാവ്യം ആരംഭിക്കുന്നതു് ഇങ്ങനെ:

At five in the afternoon. It was exactly five in the afternoon. A boy brought the white sheet at five in the afternoon. A frail of lime made ready at five in the afternoon. The rest was death along at five in the afternoon.

ലൊർക സ്നേഹിതന്റെ മൃതശരീരം കാണാൻ പോയില്ല. I do not want to see it. Tell the moon to come for I do not want to see Ignacio’s blood on the sand. I do not want to see it. ശ്രേഷ്ഠമായ കാവ്യഭാഷണത്തോടു കൂടിയുള്ള പര്യവസാനം.

It will be a long time before

there’s born again, if ever,

an Andalusian so noble

so full of adventure.

I sing his elegance with words that moan,

and remember a sad

breeze among the Olives.

സർഗ്ഗാത്മകത്വത്തിന്റെ പരകോടിയെ ലൊർകാ ദ്വേൻ ദേ (duende) എന്നാണു് വിളിക്കുന്നതു്. ആ ശക്തിവിശേഷം കൊണ്ടു് ഭാവാത്മകയുടെ അടിത്തട്ടിൽച്ചെന്നു സത്യം കണ്ടെത്തിയ വിശ്വമഹാകവിയാണു് ലൊർകാ. ശ്രീ സച്ചിദാനന്ദൻ മലയാളം വാരികയിൽ ലൊർകായെക്കറുച്ചെഴുതിയ നല്ല ലേഖനം വായിച്ചപ്പോൾ ഇത്രയും കുറിച്ചിടണമെന്നു് എനിക്കു തോന്നി.

ജീവിത സൗകര്യങ്ങൾ

ബാങ്കിൽ പണമടയ്ക്കാൻ നിങ്ങൾ ക്യൂവിൽ നില്ക്കുകയാണോ? വളരെനേരം നിന്നു. ഇനി ഒരാളെ മുന്നിലുള്ളൂ. അയാൾ പണം കൊടുത്തു രശീതി വാങ്ങിക്കൊണ്ടു പോകുന്നതു വരെ കാത്തു നിൽക്കാൻ ക്ഷമയില്ലേ? എങ്കിൽ പൊടുന്നനെ നിങ്ങൾ മുൻപിൽ നില്ക്കുന്ന ആളിന്റെ തോളിനു മുകളിലായി കൈ കൊണ്ടു വരണം. പണം കൗണ്ടറിന്റെ ദ്വാരത്തിലൂടെ കടത്തണം. വേണമെങ്കിൽ മുൻപിൽ നില്ക്കുന്നവനു് ഒരുന്തും കൂടെ കൊടുക്കാം. അയാൾ ഒരു വശത്തേക്കു ചരിയുമ്പോൾ രശീതും വാങ്ങി സ്ഥലം വിടാം.

മലയാളിയുടെ ആചാരവും രീതിയുമനുസരിച്ചു് സുന്ദരിയായ ആരോടും ‘സുന്ദരിയാണല്ലോ’ എന്നു പുരുഷനു പറഞ്ഞുകൂടാ. പറയണമെന്ന അദമ്യവാഞ്ഛയുണ്ടായാൽ അതിനു മാർഗ്ഗമുണ്ടു്. ‘കമലയ്ക്കു ഈ സാരി നല്ലപോലെ ചേരുന്നു’ എന്നു പറഞ്ഞാൽ മതി. പെണ്ണിനു കാര്യം മനസ്സിലാകും. ആണിനു ആഗ്രഹ സാഫല്യം.

കഥയെഴുതി അതച്ചടിച്ചു കാണണമെന്നുണ്ടല്ലോ? ഉണ്ടെങ്കിൽ സ്ഥിരം വിഷയങ്ങളിൽ ഒന്നു് എടുത്താൽ മതി. ഭാര്യയുള്ളവനു് മറ്റൊരുത്തന്റെ ഭാര്യയിൽ താൽപര്യം. അവളെ വശീകരിക്കുന്നു. പ്രാപിക്കുന്നു. എന്നിട്ടു പശ്ചാത്താപത്തോടെ ഭാര്യയെ ആശ്ലേഷിച്ചാൽ മതി. ഈ പൈങ്കിളിക്കഥ പൈങ്കിളിക്കു മാത്രമുള്ള ചാപല്യമാർന്ന ഭാഷ കൊണ്ടു് പ്രതിപാദിച്ചാൽ മതി. മനസ്സിനു പരിപാകമില്ലാത്തവരും സാഹിത്യമെന്തെന്നു അറിയാൻ പാടില്ലാത്തവരും ആ കഥയെ കൊണ്ടാടും. ഇതെങ്ങനെയെന്നു മനസ്സിലാക്കണമെന്നുണ്ടോ? എങ്കിൽ കുങ്കുമം വാരികയെടുത്തു ദേവി എഴുതിയ ‘നിറച്ചാർത്തുകൾ’ എന്ന കഥ വായിക്കുക. ഒരു മുന്നറിയിപ്പുകൂടി. ഛർദ്ദിക്കാതിരിക്കാനുള്ള അവോമിൻ ഗുളിക കൂടി വായനയ്ക്കു മുൻപു വിഴുങ്ങിക്കൊള്ളണം. എന്തെല്ലാം ജീവിത സൗകര്യങ്ങൾ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-07-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.