SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-08-14-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

“ഞാൻ തന്നെ ആരാ​ണു്? ഞാൻ എന്തു​ചെ​യ്തു? ഞാൻ കണ്ട​തും കേ​ട്ട​തും വേർ​തി​രി​ച്ച​റി​ഞ്ഞ​തു​മൊ​ക്കെ ഒരു​മി​ച്ചു​കൂ​ട്ടി ഉപ​യോ​ഗി​ച്ചു. ആയി​ര​ക്ക​ണ​ക്കി​നു​ള്ള വി​ഭി​ന്ന​വ്യ​ക്തി​കൾ എന്റെ കൃ​തി​ക​ളെ ബഹു​മാ​നി​ക്കു​ന്നു… മറ്റു​ള്ള​വർ വി​ത​ച്ച​താ​ണു് ഞാൻ പല​പ്പോ​ഴും കൊ​യ്ത​തു്. കൂ​ട്ടാ​യി​ച്ചേർ​ന്ന വ്യ​ക്തി​യു​ടെ കൃ​തി​യാ​ണു് എന്റേ​തു്.

images/Goethe.jpg
ഗറ്റേ

അതു് ഗറ്റേ എന്ന പേരു വഹി​ക്കു​ന്നു​വെ​ന്നു മാ​ത്രം”. (Goethe 1749–1832 – ജർ​മ്മൻ കവി. ഗറ്റേ എന്ന​തു ഡാ​നി​യൽ ജോൺ​സി​ന്റെ നി​ഘ​ണ്ടു നൽ​കു​ന്ന ഉച്ചാ​ര​ണം). നാലോ അഞ്ചോ വി​ശ്വ​മ​ഹാ​ക​വി​ക​ളു​ള്ള​തിൽ ഒരാ​ളായ ഗറ്റേ പറ​ഞ്ഞ​താ​ണി​തു്. ഉപചിത സം​സ്കാ​ര​ത്തി​ന്റെ (Collective Culture) ഫല​മാ​ണു് സാ​ഹി​ത്യ​സൃ​ഷ്ടി​യെ​ന്നും വ്യ​ക്തി​നി​ഷ്ഠ​ത​യ്ക്കു പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും പറ​യു​ക​യാ​ണു് ജർ​മ്മൻ മഹാ​ക​വി. ഇതു് വിനയം കലർ​ന്ന പ്ര​സ്താ​വ​മാ​യി മാ​ത്രം നമ്മൾ കരു​തി​യാൽ മതി. കാരണം ഗറ്റേ​യ്ക്കു സദൃ​ശ​നാ​യി ലോ​ക​സാ​ഹി​ത്യ​ത്തിൽ ഗറ്റേ മാ​ത്ര​മേ​യു​ള്ളൂ എന്ന​താ​ണു്. ഈ മത​ത്തോ​ടു് ഒറ്റോ റാ​ങ്ക് (Otto Rank 1884–1937) എന്ന ഓസ്ട്രി​യൻ മനഃ​ശാ​സ്ത്ര​ജ്ഞൻ യോ​ജി​ക്കി​ല്ല. ഫ്രാ​യി​റ്റി​ന്റെ ശി​ഷ്യ​നാ​യി​രു​ന്ന അദ്ദേ​ഹ​മെ​ഴു​തിയ സമു​ജ്ജ്വ​ല​മായ ‘Art and Artist’ എന്ന ഗ്ര​ന്ഥ​ത്തിൽ ഇതിനു വി​പ​രീ​ത​മായ അഭി​പ്രാ​യ​മാ​ണു് കാണുക. സമ​ഷ്ടി​യാ​ക്ക​ലി​നോ​ടു്—കൂ​ട്ടാ​യ്മ ഉണ്ടാ​ക്കു​ന്ന​തി​നോ​ടു്—ഏതു കലാ​കാ​ര​നും സ്പ​ഷ്ട​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നു റാ​ങ്ക് പറ​യു​ന്നു. മാ​ത്ര​മ​ല്ല, തന്നെ​യും തന്റെ കൃ​തി​യെ​യും ഒരു കാ​ല​യ​ള​വി​ന്റെ ശാ​ശ്വ​ത​പ്ര​തീ​ക​മാ​ക്കി​മാ​റ്റു​ന്ന​തും കലാ​കാ​ര​നു് ഇഷ്ട​മ​ല്ല. മഹാ​നായ കലാ​കാ​രൻ നൂ​ത​ന​സൃ​ഷ്ടി​കൾ നൽകി സമ​ഷ്ടി​യാ​ക്ക​ലി​ന്റെ സ്വാ​ധീ​ന​ത​യിൽ നി​ന്നു് രക്ഷ​നേ​ടും. ദുർ​ബ്ബ​ല​വാ​സ​യു​ള്ള​വ​രാ​ണു് ആ പ്ര​ക്രി​യ​യ്ക്കു് അസം​സ്കൃ​ത​വ​സ്തു​വാ​യി നി​ന്നു കൊ​ടു​ക്കു​ന്ന​തു്. അതി​നാ​ലാ​ണു് മഹാ​പ്ര​തി​ഭ​യു​ള്ള​വർ ജീ​വി​ത​കാ​ല​ത്തി​നു​ശേ​ഷം കീർ​ത്തി​യാർ​ജ്ജി​ക്കു​ന്ന​തും ഇട​ത്ത​രം കഴി​വു​ള്ള​വർ ജീ​വി​ത​കാ​ല​ത്തു തങ്ങൾ​ക്കു് അർ​ഹ​ത​യി​ല്ലാ​ത്ത വിജയം കൈ​വ​രി​ക്കു​ന്ന​തും. (പുറം 406) സു​ശ​ക്ത​മായ ഇച്ഛാ​ശ​ക്തി​യു​ള്ള​വർ (will power ശക്തി​പ​ര​ത്തി​ന്റെ ആവർ​ത്ത​നം ക്ഷ​ന്ത​വ്യം) സമ​ഷ്ടി​യാ​ക്ക​ലി​ന്റെ സ്വാ​ധീ​ന​ത​യ്ക്കു് അടി​മ​പ്പെ​ടു​ക​യി​ല്ലെ​ന്നും കു​റ​ഞ്ഞ വാ​സ​ന​യു​ള്ള ഇട​ത്ത​രം കലാ​കാ​ര​ന്മാർ ജന​ക്കൂ​ട്ട​ത്തി​നു​വേ​ണ്ടി​യു​ള്ള സൃ​ഷ്ടി​ക​ളിൽ വ്യാ​പ​രി​ക്കു​ന്നു​വെ​ന്നും റാ​ങ്ക് തു​ടർ​ന്നു പറ​യു​ന്നു. പ്ര​തി​ഭാ​ശാ​ലി എതിർ​ക്കു​ന്ന​തു സാ​മാ​ന്യ​ജ​ന​ത​യ്ക്കു​വേ​ണ്ടി​യു​ള്ള ഈ സർ​ഗ്ഗ​പ്ര​ക്രി​യ​യെ​യാ​ണു്. ഈ വി​ശി​ഷ്ട​ഗ്ര​ന്ഥം അവ​ത​രി​പ്പി​ച്ചു​കൊ​ണ്ടു് രാ​ഷ്ട്രാ​ന്ത​രീയ പ്ര​ശ​സ്തി​നേ​ടിയ അനൈ​യ​സ് നിൻ (Anais Nin 1903–1977) എന്ന അമേ​രി​ക്ക​നെ​ഴു​ത്തു​കാ​രി പറ​യു​ന്നു ഈ മതം റാ​ങ്കി​നെ​ക്കു​റി​ച്ചും ശരി​യാ​ണെ​ന്നു്. ഗ്ര​ന്ഥം ആവിർ​ഭ​വി​ച്ച കാ​ല​യ​ള​വിൽ അർ​ഹ​മായ പരി​ഗ​ണന അതിനു കി​ട്ടി​യി​ല്ല. ഇപ്പോൾ മൂ​ല്യ​നിർ​ണ്ണ​യ​ത്തി​നു​ള്ള സമ​യ​മാ​യി​യെ​ന്നും.

മീ​ക്ക​ലാ​ഞ്ച​ലോ, ഷേ​ക്സ്പി​യർ, റെം​ബ്രാ​ന്റ്, ഗറ്റേ ഇവർ ജീ​വി​ച്ച കാ​ല​യ​ള​വു​ക​ളോ​ടു ബന്ധി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും സമ​ഷ്ടി​യായ കലയെ എതിർ​ത്ത​വ​രാ​ണു്. അവർ ഒറ്റ​യ്ക്കു​നി​ന്നു. അന്യാ​ദൃ​ശ​സ്വ​ഭാ​വം കാ​ണി​ച്ചു. സ്വ​ത്വ​ശ​ക്തി​യി​ലും ആശ​യ​സം​ഹി​ത​യു​ടെ സ്വീ​കാ​ര​ത്തി​ലും അവർ തി​ക​ഞ്ഞ വ്യ​ക്തി​ത്വം പു​ലർ​ത്തി.

images/ArtandArtist.jpg

മതം അന​ശ്വ​ര​ത​യി​ലു​ള്ള സമ​ഷ്ടി​വി​ശ്വാ​സ​ത്തിൽ നി​ന്നും ജനി​ക്കു​ന്നു; കല വ്യ​ക്തി​യു​ടെ ബോ​ധ​മ​ണ്ഡ​ല​ത്തിൽ​നി​ന്നും. (‘Religion springs from the collective belief in immortality; art from the personal consciousness of the individual’ pp. 17) കലയും മതവും തമ്മി​ലു​ള്ള സം​ഘ​ട്ട​നം വ്യ​ക്തി​യായ കലാ​കാ​ര​നിൽ നമു​ക്കു നി​ഷ്പ്ര​യാ​സം കാണാം. ഇതു് വ്യ​ക്തി​ത്വ​വും കൂ​ട്ടാ​യ്മ​യും തമ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​ണു്. കലാ​കാ​ര​ന്റെ ആത്മാം​ശ​ത്തിൽ ഈ ദ്വ​ന്ദ്വ​ഭാ​വ​ങ്ങ​ളു​ണ്ടു്. ഈ അർ​ത്ഥ​ത്തിൽ അവ​യ്ക്കു് അന്യോ​ന്യ​മായ ആശ്ര​യ​മു​ണ്ടാ​കു​ന്നു. എങ്കി​ലും അതോ​ടൊ​രു​മി​ച്ചു് രണ്ടും സം​ഘ​ട്ട​ന​ത്തിൽ ഏർ​പ്പെ​ടു​ന്നു. സമൂ​ഹ​ത്തി​ന്റെ ആശ​യ​സം​ഹി​ത​കൾ, അതാ​തു​കാ​ല​ത്തി​ന്റെ മത​വി​ശ്വാ​സം ഇവ​യെ​ല്ലാം കല പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ങ്കി​ലും അതു് (കല) സമ​ഷ്ടി​യാ​യ​തി​നു് എതി​രാ​യി വർ​ത്തി​ക്കു​ന്നു. കലാ​കാ​രൻ സ്വ​ത്വ​ശ​ക്തി​കൊ​ണ്ടു് അതിനെ ജയി​ച്ച​ട​ക്കു​മ്പോ​ഴാ​ണു് യഥാർ​ത്ഥ​മായ കല​യു​ടെ ആവിർ​ഭാ​വം. ജീ​നി​യ​സ് സമ​ഷ്ടി​യോ​ടു ഒരി​ക്ക​ലും പൊ​രു​ത്ത​പ്പെ​ടി​ല്ല. മധ്യ​കാ​ലം (Middle Ages) ക്രി​സ്തു​മ​ത​ത്തി​ന്റെ സമ​ഷ്ടി​സ്വ​ഭാ​വ​ത്തോ​ടു യു​ദ്ധം ചെ​യ്തു സ്വ​ത്വ​ശ​ക്തി​യു​ള്ള​വ​രെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. മീ​ക്ക​ലാ​ഞ്ച​ലോ, ഷേ​ക്സ്പി​യർ, റെം​ബ്രാ​ന്റ്, ഗറ്റേ ഇവർ ജീ​വി​ച്ച കാ​ല​യ​ള​വു​ക​ളോ​ടു ബന്ധി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും സമ​ഷ്ടി​യായ കലയെ എതിർ​ത്ത​വ​രാ​ണു്. അവർ ഒറ്റ​യ്ക്കു​നി​ന്നു. അന്യാ​ദൃ​ശ​സ്വ​ഭാ​വം കാ​ണി​ച്ചു. സ്വ​ത്വ​ശ​ക്തി​യി​ലും ആശ​യ​സം​ഹി​ത​യു​ടെ സ്വീ​കാ​ര​ത്തി​ലും അവർ തി​ക​ഞ്ഞ വ്യ​ക്തി​ത്വം പു​ലർ​ത്തി.

images/Otto_Rank.jpg
ഒറ്റോ റാ​ങ്ക്

കലാ​കാ​ര​നും കലയും തമ്മി​ലു​ള്ള ബന്ധം വി​ശ​ദ​മാ​ക്കു​ന്ന ഈ ഗ്ര​ന്ഥ​ത്തി​ന്റെ നാ​ന്നൂ​റ്റി​മു​പ്പ​തു​പു​റ​ങ്ങ​ളി​ലും കമ​നീ​യ​ങ്ങ​ളായ ചി​ന്താ​ര​ത്ന​ങ്ങൾ ഉണ്ടു്. അവ കാ​ന്തി ചി​ന്തു​ന്നു. അവയിൽ ഒരു രത്ന​ത്തി​ന്റെ ഒരംശം മാ​ത്ര​മേ ഞാൻ ഇവിടെ പ്ര​ദർ​ശി​പ്പി​ച്ചു​ള്ളൂ. നമ്മു​ടെ ഈ കാ​ല​യ​ള​വി​നു് സം​ഗ​ത​ങ്ങ​ളായ ആശ​യ​സാ​മ്രാ​ജ്യ​ങ്ങ​ളിൽ അലയാൻ താ​ല്പ​ര്യ​മു​ള്ള​വർ​ക്കു് ഈ ഗ്ര​ന്ഥം കൈ​യി​ലെ​ടു​ക്കാം (Translated by Charles Francis Atkinson, W. W. Norton Company, New York/London, Rs. 838.77).

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: നി​ങ്ങ​ളെ​യും വേറെ ചി​ല​രെ​യും ബഹു​മാ​നി​ക്കാ​നാ​യി തോ​ന്ന​യ്ക്ക​ലിൽ കൂടിയ സമ്മേ​ള​ന​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്തിൽ ‘ആചാ​ര്യ​പൂജ’ എന്നു് അച്ച​ടി​ച്ച​തിൽ പ്ര​തി​ഷേ​ധി​ച്ചു് ഒരു സാ​ഹി​ത്യ​കാ​രൻ സമ്മേ​ള​ന​ത്തിൽ പങ്കു​കൊ​ണ്ടി​ല്ല എന്നു ഞാ​ന​റി​ഞ്ഞു. ശരി​യ​ല്ലേ അദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ടു്?

ഉത്ത​രം: ആചാ​ര്യ​പ​ദ​ത്തി​നു യാ​സ്ക​മു​നി​വി​ര​ചി​ത​മായ നി​രു​ക്ത​ത്തിൽ ‘ആചാ​ര്യ ആചാരം ഗ്രാ​ഹ​യ​തി’ എന്നാ​ണു് വ്യു​ത്പ​ത്തി പ്ര​ദർ​ശ​നം. പര​മ്പ​രാ​ഗ​ത​മായ വി​ധി​കൾ (ശി​ഷ്യ​നെ) ഗ്ര​ഹി​പ്പി​ക്കു​ന്ന​വർ ആചാ​ര്യൻ. ‘ആചി​നോ​ത്യർ​ത്ഥാൻ’ എന്നും നി​രു​ക്ത​ത്തിൽ. പരി​ജ്ഞാ​ന​സം​ബ​ന്ധി​ക​ളായ വസ്തു​ത​കൾ നി​ര​ത്തി​വ​യ്ക്കു​ന്ന​വൻ ആചാ​ര്യൻ. ‘ആചി​നോ​തി ബു​ദ്ധി​മ​തി വാ’ എന്നും നി​രു​ക്തം. ധൈ​ഷ​ണി​ക​ശ​ക്തി​യെ വി​ക​സി​പ്പി​ക്കു​ന്ന​വ​നും ആചാ​ര്യൻ തന്നെ. ഇതു ഗ്ര​ഹി​ച്ചാൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​വു​ക​യി​ല്ല. ആചാ​ര്യ​പ​ദം കേൾ​ക്കു​ന്ന​യാൾ ശങ്ക​രാ​ചാ​ര്യ​രോ​ടു് പാ​വ​ങ്ങ​ളെ കൂ​ട്ടി​ച്ചേർ​ക്കു​ന്ന​തു​കൊ​ണ്ടാ​ണു് അസ​ഹി​ഷ്ണുത കാ​ണി​ക്കു​ന്ന​തു്. ‘പൂജ’യ്ക്കു് ആദരം എന്നേ അർ​ത്ഥ​മു​ള്ളൂ. ആ വാ​ക്കി​നും ഇല്ലാ​ത്ത അർ​ത്ഥം സങ്ക​ല്പി​ച്ചു് അദ്ദേ​ഹം ആകു​ലാ​വ​സ്ഥ​യിൽ എത്തി​യി​രി​ക്കാം. ‘പ്ര​തി​ബ​ധ്നാ​തി ഹി ശ്രേയ: പൂ​ജ്യ​പൂ​ജാ​വ്യ​തി​ക്രമ:’ (ആദ​രി​ക്കേ​ണ്ട​വ​രെ ആദ​രി​ക്കാ​തി​രു​ന്നാൽ ശ്രേ​യ​സ്സി​നു ഭംഗം വരും) എന്ന കാ​ളി​ദാ​സ​വ​ച​ന​ത്തി​ലും പൂ​ജ​യ്ക്കു് ആദ​ര​മെ​ന്നേ അർ​ത്ഥ​മു​ള്ളൂ. പൂജ എന്നു കേ​ട്ടാൽ ഇട​തു​കൈ​യി​ലെ മണി​കി​ലു​ക്കി വല​തു​കൈ​യി​ലെ ദീ​പ​സ​മു​ച്ച​യം വി​ഗ്ര​ഹ​ത്തി​ന്റെ മുൻ​പിൽ പല​വ​ട്ടം കറ​ക്കു​ന്ന ശാ​ന്തി​ക്കാ​ര​നെ ഓർ​മ്മി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു് ദേ​ഷ്യം വരു​ന്ന​തു്.

ചോ​ദ്യം: നി​ങ്ങ​ളെ ആളുകൾ തൊ​ഴു​താൽ ആവ​ശ്യ​ത്തി​ല​ധി​കം നട്ടെ​ല്ല് മുൻ​പോ​ട്ടു​വ​ള​ച്ചു് നി​ങ്ങൾ അതു സ്വീ​ക​രി​ക്കു​ന്നു. ഇതു കാ​പ​ട്യ​മ​ല്ലേ?

ഉത്ത​രം: തെ​റ്റു ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നു നന്ദി. എന്റെ ശീ​ല​മ​താ​ണു്. കാ​പ​ട്യ​മ​ല്ല അതു്. കൂ​ടു​തൽ നട്ടെ​ല്ലു​വ​ള​ച്ചാൽ മുഖം കു​ത്തി റോഡിൽ വീഴും. ആളുകൾ എന്നെ ചവി​ട്ടി​ക്കൊ​ണ്ടു നട​ന്നു​പോ​കും. ഇനി അതിൽ മന​സ്സി​രു​ത്താം.

ചോ​ദ്യം: മാ​ന്യ​നാ​രു്?

ഉത്ത​രം: പല​പ്പോ​ഴും ഉത്ത​രം നൽ​കി​യി​ട്ടു​ണ്ടു്, ഇതി​നു്. ഭാ​ര്യ​യെ അന്യ​രു​ടെ മുൻ​പിൽ വച്ചു് അപ​മാ​നി​ക്കാ​ത്ത​വൻ മാ​ന്യൻ.

ചോ​ദ്യം: ലജ്ജ സ്ത്രീ​കൾ​ക്കു ഭൂ​ഷ​ണ​മ​ല്ലേ?

ഉത്ത​രം: അതേ. പക്ഷേ കൂ​ടു​തൽ ലജ്ജ​യു​ള്ള​വ​ളെ വി​ശ്വ​സി​ക്ക​രു​തു്. മൃ​ഗ​ശാ​ല​യിൽ​നി​ന്നു് രക്ഷ​പ്പെ​ട്ടു് അല​ഞ്ഞു​തി​രി​യു​ന്ന കടുവ സ്കൂ​ട്ട​റു​മാ​യി വന്നാൽ അതി​ല​ജ്ജാ​ശീല അതി​ന്റെ പി​റ​കിൽ​ക​യ​റി അച്ഛ​നോ ചേ​ട്ട​നോ കണ്ടു​കൊ​ണ്ടി​രി​ക്കെ ശം​ഖു​മു​ഖം കട​പ്പു​റ​ത്തു പൊ​യ്ക്ക​ള​യും. തി​രി​ച്ചു രാ​ത്രി​യിൽ വീ​ട്ടിൽ വന്നാ​ലാ​യി, വന്നി​ല്ലെ​ങ്കി​ലാ​യി.

ചോ​ദ്യം: പ്രേ​മ​ലേ​ഖ​ന​ങ്ങൾ പു​സ്ത​ക​ത്തിൽ വച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ നല്ല​ത​ല്ലേ പോ​സ്റ്റ് വഴി അയ​ക്കു​ന്ന​തു്?

ഉത്ത​രം: പു​സ്ത​ക​ത്തിൽ വച്ചു​കൊ​ടു​ത്താൽ മതി. പോ​സ്റ്റി​ല​യ​ച്ചാൽ കാ​മു​കൻ വാ​യി​ക്കു​ന്ന​തി​നു​മുൻ​പു് പോ​സ്റ്റ്മാൻ അതു വാ​യി​ച്ചി​രി​ക്കും. ഒടു​വിൽ കു​ട്ടി​ക്കു പോ​സ്റ്റു​മാ​നെ വി​വാ​ഹം കഴി​ക്കേ​ണ്ട​താ​യി​വ​രും.

ചോ​ദ്യം: വയ​സ്സു​കൂ​ടു​ന്തോ​റും പേ​ടി​യും കൂ​ടു​മ​ല്ലേ?

ഉത്ത​രം: ഇല്ല. ഇൻ​ഷ്വ​റൻ​സിൽ ചേ​ര​ണ​മെ​ന്നു പറ​ഞ്ഞു് ഏജ​ന്റു​കൾ വരി​ല്ല വൃ​ദ്ധ​ന്മാ​രു​ടെ അടു​ക്കൽ. പക്ഷേ ഇപ്പോൾ പ്രാ​യം കു​റ​ഞ്ഞ​വർ​ക്കും പ്രാ​യം കൂ​ടി​യ​വർ​ക്കും പേ​ടി​യു​ള​വാ​ക്കി​ക്കൊ​ണ്ടു് വി​ല്പ​ന​ക്കാർ വീ​ട്ടിൽ നി​ര​ന്ത​രം കയ​റി​യി​റ​ങ്ങു​ന്നു. തനി​യൂ​റോ​പ്യൻ വേ​ഷ​ത്തിൽ അവർ വന്നു​നി​ന്നു് തീ​പ്പെ​ട്ടി​ക്കൂ​ടു​വ​രെ ഡെ​മോൺ​സ്ട്രേ​റ്റ് ചെ​യ്യാം എന്നു പറയും. വേ​ണ്ടെ​ന്നു​പ​റ​ഞ്ഞാ​ലും അവർ പോ​കു​കി​ല്ല. ഈശ്വര, ഇവ​രിൽ​നി​ന്നു് ആളു​ക​ളെ രക്ഷി​ക്ക​ണേ. ആമേൻ.

ചോ​ദ്യം: രഹ​സ്യം സ്നേ​ഹി​ത​നോ​ടു് പറ​യു​ന്ന​തിൽ തെ​റ്റു​ണ്ടോ?

ഉത്ത​രം: സ്നേ​ഹി​ത​നും സ്നേ​ഹി​ത​നു​ണ്ടെ​ന്നു് ജൂ​ത​പ​ഴ​മൊ​ഴി ഓർ​മ്മി​ക്കൂ.

ചോ​ദ്യം: ഞാൻ നേ​ര​മ്പോ​ക്കു പറ​ഞ്ഞാ​ലും ആളുകൾ ചി​രി​ക്കു​ന്നി​ല്ല​ല്ലോ?

ഉത്ത​രം: മെയ്ൻ റോഡിൽ പഴ​ത്തൊ​ലി​യിൽ ചവി​ട്ടി​വീ​ണു നോ​ക്കൂ. ആളുകൾ ചി​രി​ക്കും.

സഹൃ​ദ​യ​ത്വ​മി​ല്ലാ​യ്മ, പരി​പാ​ക​ക്കു​റ​വു്
images/Ulysses.jpg

1. ഇം​ഗ്ലീ​ഷ് ഭാ​ഷ​യിൽ എഴു​തിയ നൂറു നല്ല നോ​വ​ലു​ക​ളു​ടെ ലി​സ്റ്റ് മോഡേൺ ലൈ​ബ്ര​റി​യു​ടെ പത്രാ​ധി​പ​സ​മി​തി തയ്യാ​റ​ക്കി​യ​തു് ഓഗ​സ്റ്റ് മൂ​ന്നി​ന്റെ Outlook വാ​രി​ക​യി​ലു​ണ്ടു്. ആ ലി​സ്റ്റിൽ ഒന്നാം സ്ഥാ​നം ജെ​യിം​സ് ജോ​യി​സി ന്റെ ‘യൂ​ലി​സി​സി’നു നൽ​കി​യി​രി​ക്കു​ന്നു. ജോ​യി​സി​ന്റെ അനു​ഗ്രാ​ഹ​ത​യോ​ടെ ഒരാൾ എഴു​തിയ ഗൈ​ഡി​ന്റെ (സ്റ്റു​ഏർ​ട് ഗിൽ​ബർ​ട്ട് എന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പേ​രെ​ന്നു് ദുർ​ബ്ബ​ല​മായ ഓർമ്മ പറ​യു​ന്നു) സഹാ​യ​ത്തോ​ടെ ഞാൻ മൂ​ന്നു​ത​വണ ആ നോവൽ വാ​യി​ച്ചു. വള​രെ​യൊ​ന്നും മന​സ്സി​ലാ​യി​ല്ല. പ്ര​ശ​സ്ത​നായ ഒരു ഇം​ഗ്ലീ​ഷ് പ്ര​ഫെ​സ​റും എന്നെ പണ്ട​റി​യി​ച്ചി​ട്ടു​ണ്ടു് ആ നോവൽ അദ്ദേ​ഹ​ത്തി​നു മന​സ്സി​ലാ​യി​ല്ലെ​ന്നു്. എനി​ക്കു സമ്പൂർ​ണ്ണ​മാ​യും ഗ്ര​ഹി​ക്കാ​ത്ത ഒരു നോ​വ​ലി​നു് പ്ര​ഥ​മ​സ്ഥാ​നം കല്പി​ച്ച​തിൽ എനി​ക്കു അനു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഒന്നും പറ​യാ​നാ​വി​ല്ല, രണ്ടാ​മ​ത്തെ സ്ഥാ​നം എഫ്. സ്കോ​ട്ട് ഫി​റ്റ്സ് ജെ​റൾ​ഡി ന്റെ The Great Gatsby എന്ന നോ​വ​ലി​നാ​ണു്. ഒര​മേ​രി​ക്ക​ക്കാ​ര​നു​ണ്ടാ​കു​ന്ന മോ​ഹ​ന​സ്വ​പ്ന​ങ്ങ​ളു​ടെ തകർ​ച്ച​യെ ചി​ത്രീ​ക​രി​ക്കു​ന്ന ഈ കൃതി അമേ​രി​ക്കൻ ജനതയെ രസി​പ്പി​ക്കും. സാർ​വ​ലൗ​കിക സ്വ​ഭാ​വ​മി​ല്ലാ​ത്ത ഈ നോ​വ​ലി​നു് മഹ​ത്വം കല്പി​ക്കു​ക​യി​ല്ല നമ്മൾ. അതി​നാൽ ഇതിനു രണ്ടാ​മ​ത്തെ സ്ഥാ​നം നൽ​കി​യ​തു് അത്ര ശരി​യ​ല്ല. കലാ​പ​ര​മായ ആവ​ശ്യ​ക​ത​യ്ക്കു് അതീ​ത​മാ​യി ലൈം​ഗി​ക​ത്വം നോ​വ​ലു​ക​ളിൽ കലർ​ത്തു​ന്ന ഫി​ലി​പ്പ് റോ​ത്ത് ഇട​ത്ത​രം എഴു​ത്തു​കാ​ര​നാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ ‘Portnoy’s Complaint’ എന്ന നോവൽ ഈ ലി​സ്റ്റിൽ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്നു. പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മായ Alexander Portnoy വാ​യ​ന​ക്കാർ​ക്കു് അസ്വ​സ്ഥത ഉള​വാ​ക്കി​ക്കൊ​ണ്ടു് എപ്പോ​ഴും സ്വ​യം​ഭോ​ഗം നട​ത്തു​ന്നു. സാ​ഹി​ത്യ​ത്തി​ന്റെ ഭം​ഗി​യി​ല്ലാ​ത്ത വി​ല​ക്ഷ​ണ​മായ കൃ​തി​യാ​ണി​തു്. ഏറ്റ​വും വി​ചി​ത്ര​മാ​യി എനി​ക്കു തോ​ന്നി​യ​തു് James M Cain എഴു​തിയ The Postman Always Rings Twice എന്ന നോവൽ മഹ​നീ​യ​ങ്ങ​ളായ നോ​വ​ലു​ക​ളു​ടെ കൂ​ട്ട​ത്തിൽ വന്നി​രി​ക്കു​ന്നു എന്ന​താ​ണു്. ഇതു വെ​റു​മൊ​രു ‘ത്രി​ല്ല​റാ’ണു്. കല​യു​ടെ ‘ഏഴ​യ​ല​ത്തു്’ വരാ​ത്ത രചന! ഇമ്മ​ട്ടിൽ ഏറെ​പ്പ​റ​യാ​നു​ണ്ടു് പട്ടി​ക​യിൽ​പ്പെ​ട്ട പല നോ​വ​ലു​ക​ളെ​ക്കു​റി​ച്ചും. മോഡേൺ ലൈ​ബ്ര​റി​യു​ടെ എഡി​റ്റോ​റി​യൽ ബോർ​ഡം​ഗ​ങ്ങൾ​ക്കു് സാ​ഹി​ത്യ​മെ​ന്തെ​ന്നു് അറി​ഞ്ഞു​കൂ​ടാ എന്നു പറ​യേ​ണ്ട​താ​യി വന്നി​രി​ക്കു​ന്നു എനി​ക്കു്. വാ​യ​ന​ക്കാ​രെ വഴി​തെ​റ്റി​ക്കു​ന്ന ഇത്ത​രം ലി​സ്റ്റു​കൾ സം​സ്കാ​ര​ലോ​പ​മു​ണ്ടാ​ക്കും.

images/TheGreatGatsby.jpg

2. ഈ ആഴ്ച​ത്തെ sensationalism ജന​ങ്ങൾ​ക്കു ക്ഷോ​ഭ​മു​ള​വാ​ക്കു​ന്ന സം​ഭ​വ​ത്തെ സ്ഥൂ​ലീ​ക​രി​ച്ചു് അവർ​ക്കു് കൂ​ടു​തൽ ഉന്മ​ത്തത നൽകുക എന്ന​തു്—ശ്രീ​മ​തി അരു​ന്ധ​തീ​റോ​യി യുടെ ലേ​ഖ​ന​മാ​ണു്. അതു പ്ര​സം​ഗ​മാ​ണെ​ന്നു തോ​ന്നു​ന്നു. കേ​ന്ദ്ര​സർ​ക്കാർ മരു​ഭൂ​മി​യിൽ ബോംബ് പരീ​ക്ഷ​ണം നട​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള ആ ലേഖനം പല ഇം​ഗ്ലീ​ഷ് വാ​രി​ക​ക​ളും അതർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തി​ല​ധി​കം പ്രാ​ധാ​ന്യം കൊ​ടു​ത്തു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പരീ​ക്ഷ​ണം തെ​റ്റാ​ണെ​ന്നു യു​ക്തി​കൾ കാ​ണി​ച്ചു വാ​ദി​ക്കാം. അതു ശരി​യാ​ണെ​ന്നു യു​ക്തി​പ്ര​ദർ​ശ​ന​ത്തോ​ടെ സ്ഥാ​പി​ക്കാം. കേ​ന്ദ്ര​സർ​ക്കാ​രി​ന്റെ ആ പരീ​ക്ഷ​ണം ശരി​യ​ല്ലെ​ന്നു പറയാൻ അരു​ന്ധ​തീ​റോ​യി​ക്കു് എല്ലാ അവ​കാ​ശ​ങ്ങ​ളു​മു​ണ്ടു്. പക്ഷേ ശ്രീ​മ​തി യു​ക്തി​യെ കൂ​ട്ടു​പി​ടി​ക്കാ​തെ വൃ​ഥാ​സ്ഥൂ​ല​ത​യി​ലൂ​ടെ വി​കാ​ര​പ്ര​ക​ട​നം നട​ത്തു​ക​യാ​ണു്. അവ​രു​ടെ പ്ര​ബ​ന്ധം വാ​യി​ച്ചാൽ സർ​ക്കാർ ഇൻ​ഡ്യ​യി​ലാ​കെ ഹൈ​ഡ്ര​ജൻ ബോംബ് വർ​ഷി​ച്ചു എന്നാ​ണു് തോ​ന്നി​പ്പോ​കുക. എല്ലാം ഭസ്മീ​ക​രി​ച്ചു, ഭസ്മീ​ഭ​വി​ച്ചു താൻ മാ​ത്രം അതി​നെ​ക്കു​റി​ച്ചെ​ഴു​താൻ ജീ​വി​ച്ചി​രി​ക്കു​ന്നു എന്ന രീ​തി​യി​ലാ​ണു് ശ്രീ​മ​തി ആക്രോ​ശി​ക്കു​ന്ന​തു്. ‘I am female but have nothing against eunuchs’ എന്ന​തു് അമ്മ​ട്ടി​ലു​ള്ള അനേകം വാ​ക്യ​ങ്ങ​ളിൽ ഒരു വാ​ക്യം. ഇതിലെ യൂനക്സ്-​നപുംസകങ്ങൾ—ആരൊ​ക്കെ​യാ​ണു്? ആരെ​ല്ലാ​മാ​യാ​ലും ശ്രീ​മ​തി​യു​ടെ ഈ പദ​പ്ര​യോ​ഗം അവർ​ക്കു് അപ​മാ​ന​മു​ണ്ടാ​ക്കു​ന്നി​ല്ല. സം​സ്കാ​ര​സ​മ്പ​ന്ന​മായ മന​സ്സിൽ​നി​ന്നു വരാൻ പാ​ടി​ല്ലാ​ത്ത ഈ പദം അതു​പ്ര​യോ​ഗി​ച്ച​യാ​ളി​നു് അപ​മാ​നം സം​ഭ​വി​പ്പി​ക്കു​ന്നു. വാ​യ​ന​ക്കാ​രും അപ​മാ​നി​ക്ക​പ്പെ​ടു​ന്നു. ഈ പ്ര​ക​ട​നാ​ത്മ​ക​ത​യും വി​കാ​ര​ചാ​പ​ല്യ​വും വി​വേ​ച​ന​മി​ല്ലാ​യ്മ​യു​മാ​ണു് പ്ര​ബ​ന്ധ​ത്തി​ന്റെ ദോ​ഷ​ങ്ങൾ. സത്യ​സ​ന്ധത ഈ ദോ​ഷ​ങ്ങ​ളാൽ അന്തർ​ദ്ധാ​നം ചെ​യ്യു​ന്നു. ബർ​ട്രൻ​ഡ് റസ്സൽ, ആൽഡസ് ഹക്സി​ലി ഇവ​രു​ടെ രച​ന​ക​ളി​ലെ ചി​ന്ത​കൾ​ക്കു​ള്ള ഉജ്ജ്വ​ലത നമ്മ​ളെ സമാ​ക്ര​മി​ച്ചു് കീ​ഴ​ട​ക്കു​ന്നു. നമു​ക്കു് അതോടെ പ്ര​തി​പാ​ദ്യ​വി​ഷ​യ​ങ്ങ​ളിൽ വി​ശ്വാ​സ​മു​ണ്ടാ​കു​ന്നു. അരു​ന്ധ​തീ​റോ​യി​യു​ടെ കനം കു​റ​ഞ്ഞ വി​ചാ​ര​ബു​ദ്ബു​ദ​ങ്ങൾ അവ​രു​ടെ വാ​വ​ദൂ​ക​ത​യു​ടെ അടി​യേ​റ്റ് പൊ​ടു​ന്ന​നെ പൊ​ട്ടി​ത്ത​ക​രു​ന്നു. ഫലമോ? വാ​യ​ന​ക്കാർ​ക്കു് ഉണ്ടാ​കേ​ണ്ട ദൃ​ഢ​പ്ര​ത്യ​യം (Conviction) ഇല്ലാ​തെ​യാ​വു​ന്നു. ‘The lady doth protest too much, methinks’ എന്നു ഷേ​ക്സ്പി​യ​റി​ന്റെ ഹാം​ലി​റ്റ് നാ​ട​ക​ത്തിൽ. The truthfulness of the argument is lost by the wordiness of Arundhati Roy എന്നു സാ​ഹി​ത്യ​വാ​ര​ഫ​ല​ക്കാ​രൻ.

എന്താ​ണു സത്യം?
images/Arundhati_Roy.jpg
അരു​ന്ധ​തീ​റോ​യി

“സർ ഒരു പെൺ​കു​ട്ടി കാണാൻ വന്നു​നിൽ​ക്കു​ന്നു. അങ്ങോ​ട്ടു് വരാൻ പറ​യ​ട്ടോ?” ഞാൻ താ​മ​സി​ച്ചി​രു​ന്ന ലൂസിയ ഹോ​ട്ട​ലി​ലെ അക്കാ​ല​ത്തെ റി​സ​പ്ഷ​നി​സ്റ്റ് ശ്രീ. സി. എ. സെ​ബാ​സ്റ്റിൻ ടെ​ല​ഫോ​ണി​ലൂ​ടെ ചോ​ദി​ക്കു​ക​യാ​ണു്. വന്ന​യാ​ളി​നെ എനി​ക്കു മന​സ്സി​ലാ​യി, അതു​കൊ​ണ്ടു് ‘ഞാൻ കു​ളി​ക്കു​ക​യാ​ണെ​ന്നു പറ​ഞ്ഞേ​ക്കൂ, സെ​ബാ​സ്റ്റിൻ’ എന്നു മറു​പ​ടി പറ​ഞ്ഞു. പു​രു​ഷ​ന്മാർ മാ​ത്രം താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലിൽ കൂ​ടെ​ക്കൂ​ടെ എന്നെ​ക്കാ​ണാ​നെ​ത്തു​ന്ന യു​വ​തി​യാ​ണു് അവൾ. (പെൺ​കു​ട്ടി​യ​ല്ല). കള്ളം പറ​ഞ്ഞ​സ്ഥി​തി​ക്കു കു​ളി​ക്കാ​മെ​ന്നു​വി​ചാ​രി​ച്ചു കുളി തു​ട​ങ്ങി. ഒരു​ത്തി​യെ വേ​ദ​നി​പ്പി​ച്ച​ല്ലോ എന്നു വി​ചാ​രി​ച്ചു​കൊ​ണ്ടു് സോ​പ്പ് ശരീ​ര​ത്തിൽ തേ​ച്ച​പ്പോൾ മൂ​ന്നു തവണ അതു താ​ഴെ​വീ​ണു. നാ​ലാ​മ​ത്തെ​ത്ത​വണ സോ​പ്പ് വീ​ണ​തു് കമോ​ഡി​ലാ​ണു്. സോ​പ്പ് തേ​ക്കാ​തെ കു​ളി​ച്ചു. ആവ​ശ്യ​ത്തി​ല​ധി​കം സമ​യ​മെ​ടു​ത്തു പ്രാ​തൽ കഴി​ച്ചു. ഡ്രസ് ചെ​യ്തു് ലി​ഫ്റ്റി​ന​ടു​ത്തേ​ക്കു വന്ന​പ്പോൾ സു​ന്ദ​രി അവിടെ നിൽ​ക്കു​ന്നു. ലി​ഫ്റ്റിൽ ഒരു​മി​ച്ചു​ക​യ​റി. താ​ഴെ​വ​ന്നു. സെ​ബാ​സ്റ്റി​നെ ഒന്നു നോ​ക്കി പു​ഞ്ചി​രി​പൊ​ഴി​ച്ചി​ട്ടു ഞാൻ റോ​ഡി​ലേ​ക്കു പോയി. ‘മേരി എനി​ക്കു​വേ​ണ്ടി ഒരു മണി​ക്കൂർ കാ​ത്തു​നി​ന്ന​ല്ലോ. എന്തു​കാ​ര്യം?’ എന്നു ഞാൻ വി​ന​യ​ത്തോ​ടെ ചോ​ദി​ച്ചു. ഒന്നു​മി​ല്ല എന്ന അർ​ത്ഥ​ത്തിൽ അവൾ ചു​മ​ലു​കു​ലു​ക്കി. റോ​ഡി​ലൂ​ടെ നട​ക്കു​ന്ന ഞങ്ങ​ളെ ചില യു​വാ​ക്ക​ന്മാർ ഹോ​ട്ട​ലി​ന്റെ അഞ്ചാ​മ​ത്തെ നി​ല​യിൽ​നി​ന്നു നോ​ക്കി​ക്കൊ​ണ്ടു് ങ്ഹ്, ങ്ഹ് എന്നും മറ്റും ശബ്ദ​മു​ണ്ടാ​ക്കി. ഞാൻ തളർ​ന്നു. നി​ര​പ​രാ​ധ​രെ കു​രി​ശി​ലേ​റ്റു​ന്ന കാലം. മി​ണ്ടാ​തെ ബസ്സിൽ കയറി. മേരി അവ​ളു​ടെ ഓഫീ​സി​ന​ടു​ത്തു ബസ്സിൽ നി​ന്നി​റ​ങ്ങി. ഞാൻ മഹാ​രാ​ജാ​സ് കോ​ളേ​ജി​ലേ​ക്കും പോയി.

തി​ക​ച്ചും ധൈ​ഷ​ണി​ക​മായ അന്ത​രീ​ക്ഷ​മാ​ണു് കോ​ളേ​ജിൽ. ഡോ​ക്ടർ എം. ലീ​ലാ​വ​തി, എം. കെ. സാനു, തോമസ് മാ​ത്യു, എം. അച്യു​തൻ ഇവ​രെ​ല്ലാം ഔന്ന​ത്യ​മാർ​ന്ന മണ്ഡ​ല​ങ്ങ​ളി​ലേ​ക്കു വി​ദ്യാർ​ത്ഥി​ക​ളെ​യും എന്നെ​യും നയി​ക്കും. അതിനു മാ​റ്റു​കൂ​ട്ടാ​നാ​യി റ്റി. ആർ എന്ന​റി​യ​പ്പെ​ടു​ന്ന കഥാ​കാ​ര​നും സാ​ഹി​ത്യ​ത്തിൽ വി​ശേ​ഷി​ച്ചും ഒ. വി. വി​ജ​യ​ന്റെ സാ​ഹി​ത്യ​ത്തിൽ തല്പ​ര​നായ സി. എ. മോ​ഹൻ​ദാ​സും എത്തും.

ക്ലാ​സ്സു​കൾ കഴി​ഞ്ഞു. പോകാൻ എഴു​ന്നേ​റ്റ​പ്പോൾ ‘സാർ ഇതൊ​ന്നു തി​രു​ത്തി​ത്ത​രു​മോ’ എന്നു ചോ​ദി​ച്ചു​കൊ​ണ്ടു് എം. എ ക്ലാ​സ്സിൽ പഠി​ക്കു​ന്ന ഒരു പെൺ​കു​ട്ടി എന്റെ മു​റി​യു​ടെ വാ​തിൽ​ക്കൽ നിൽ​ക്കു​ന്നു. വി​ദ്യാർ​ത്ഥി​കൾ എന്താ​വ​ശ്യ​പ്പെ​ട്ടാ​ലും ‘നോ’ എന്നു പറ​യാ​റി​ല്ല ഞാൻ. കഥ മേ​ടി​ച്ചു​കൊ​ണ്ടു് ഞാൻ കസേ​ര​യിൽ വീ​ണ്ടു​മി​രു​ന്നു വായന തു​ട​ങ്ങി. ഓരോ വാ​ക്യം വാ​യി​ച്ചു തീ​രു​മ്പോ​ഴും എനി​ക്കു് അദ്ഭു​ത​മെ​ന്ന വി​കാ​രം. ചെ​ക്കോ​വ് എഴു​തു​മ്പോ​ലെ മോ​പ​സാ​ങ് എഴു​തു​മ്പോ​ലെ മനോ​ഹ​ര​മായ കഥ. ‘ഒന്നാ​ന്ത​ര​മാ​യി​രി​ക്കു​ന്നു’ എന്നു് ആ കു​ട്ടി​യോ​ടു പറ​ഞ്ഞു. ‘സാർ ഇതു് ഏതെ​ങ്കി​ലും വാ​രി​ക​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ത്ത​രു​മോ?’ എന്നു് അവ​ളു​ടെ ചോ​ദ്യം. ‘ആക​ട്ടെ’ എന്നു പറ​ഞ്ഞു ഞാൻ കഥയും കൊ​ണ്ടു് ലൂസിയ ഹോ​ട്ട​ലി​ലെ​ത്തി കഥ​യു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി നോ​ക്കു​മ്പോ​ഴൊ​ക്കെ എനി​ക്കു് അസ്വ​സ്ഥത. ഇത്ര​യും ഭാ​വ​ന​യു​ള്ള ഒരു പെൺ​കു​ട്ടി​യു​ടെ ഗു​രു​വാ​യി​രി​ക്കാൻ എനി​ക്കെ​ന്തു് യോ​ഗ്യത! എന്നെ​ക്കാൾ എത്ര ഉയ​ര​ത്തിൽ നിൽ​ക്കു​ന്നു ശിഷ്യ. ഞാ​നെ​ത്ര​മാ​ത്രം താ​ഴ്‌​ന്ന സ്ഥ​ല​ത്താ​ണു് നിൽ​ക്കു​ന്ന​തു്. അസ്വ​സ്ഥ​ത​യോ​ടും അസൂ​യ​യോ​ടും കൂടി ഉറ​ങ്ങാൻ കി​ട​ന്ന എനി​ക്ക​ന്നു് ഉറ​ങ്ങാൻ സാ​ധി​ച്ചി​ല്ല.

രഹ​സ്യം സ്നേ​ഹി​ത​നോ​ടു് പറ​യു​ന്ന​തിൽ തെ​റ്റു​ണ്ടോ? സ്നേ​ഹി​ത​നും സ്നേ​ഹി​ത​നു​ണ്ടെ​ന്നു് ജൂ​ത​പ​ഴ​മൊ​ഴി ഓർ​മ്മി​ക്കൂ.

വി​ശാ​ല​കേ​ര​ളം മാ​സി​ക​യിൽ ‘സു​മം​ഗ​ല​യു​ടെ മാം​ഗ​ല്യം’ എന്ന പറ​ട്ട​ക്ക​ഥ​യെ​ഴു​തിയ ശ്രീ​മ​തി ചന്ദ്ര​മ​തി ബാ​ല​കൃ​ഷ്ണൻ പ്ര​ഫെ​സ​റാ​ണു്. അവർ​ക്കു് എനി​ക്കു​ണ്ടായ അനു​ഭ​വ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണു് എന്റെ വി​ചാ​രം. വി​ദ്യാർ​ത്ഥി​കൾ മനോ​ഹ​ര​ങ്ങ​ളായ കഥ​ക​ളെ​ഴു​തി ഗു​രു​നാ​ഥ​യെ കാ​ണി​ച്ചി​രി​ക്കും. അവ വാ​യി​ച്ചു് അസൂ​യ​യോ​ടു്, അസ്വ​സ്ഥ​ത​യോ​ടു് ‘എനി​ക്കും കഥ​യെ​ഴു​താൻ കഴിയു’മെ​ന്നു തന്നോ​ടു​ത​ന്നെ പറ​ഞ്ഞു് ഒന്നെ​ഴു​തി​നോ​ക്കി. ആ സാ​ഹ​സി​ക​മാ​ണു് ‘വി​ശാ​ല​കേ​രള’ത്തി​ന്റെ വെ​ണ്മ​യാർ​ന്ന താ​ളു​ക​ളെ മലി​ന​മാ​ക്കി​ക്കൊ​ണ്ടു് കി​ട​ക്കു​ന്ന​തു്. എന്തൊ​രു കഥ! വി​ഷ​യ്ത്തി​നു് വലിയ പഴ​ക്ക​മി​ല്ല. രണ്ടാ​യി​രം കൊ​ല്ല​ത്തെ പ്രാ​ക്കാ​ലീ​നത മാ​ത്ര​മേ വരൂ. കഥ പറ​യു​ന്ന രീ​തി​ക്കു് ആയി​ര​ത്ത​ഞ്ഞൂ​റു​വർ​ഷ​ത്തെ വൃ​ദ്ധ​ത്വ​വും. ഒരു പാവം പെ​ണ്ണി​നെ ഒരു​ത്തൻ വി​വാ​ഹം കഴി​ച്ചു​കൊ​ണ്ടു പോ​കു​ന്നു. മറ്റു​ള്ള​വർ​ക്കു കൂ​ട്ടി​ക്കൊ​ടു​ക്കാ​നാ​ണു് അവൻ അവളെ കല്യാ​ണം കഴി​ച്ച​തു്. ആരോ​രു​മി​ല്ലാ​ത്ത പെ​ണ്ണു് ആത്മ​ഹ​ത്യ ചെ​യ്യു​ന്നു. ഇവിടെ കഥ​യു​ടെ പര്യ​വ​സാ​ന​മാ​യി. ഇതു കഥ​യ​ല്ല. കല​യ​ല്ല എന്നു ഞാൻ വി​ശ​ദ​മാ​ക്കേ​ണ്ട​തി​ല്ല. വി​മർ​ശ​ന​ത്തി​ന്റെ തത്ത്വ​ങ്ങൾ എടു​ത്തു കാ​ണി​ക്ക​ണ​മെ​ങ്കിൽ കഥ​യ്ക്കു് അതി​നു​ള്ള യോ​ഗ്യത വേ​ണ​മ​ല്ലോ. ബു​ദ്ധി​ശൂ​ന്യത ഏറെ താ​ണ്ഡ​വ​നൃ​ത്തം നട​ത്തു​മ്പോൾ ദൂ​രെ​നി​ന്നു് സത്യം വരും പ്ര​കാ​ശം പ്ര​സ​രി​പ്പി​ച്ചു​കൊ​ണ്ടു്. വി​ദ്യാർ​ത്ഥി​നി​യു​ടെ കഥ വാ​യി​ച്ച​പ്പോൾ ആ സത്യ​ദർ​ശ​നം എനി​ക്കു​ണ്ടാ​യി. ചന്ദ്ര​മ​തി ബാ​ല​കൃ​ഷ്ണൻ കഥ​യെ​ഴു​തി​യ​പ്പോ​ഴും സത്യം പ്ര​കാ​ശി​ച്ചു. സത്യ​ത്തി​ന്റെ സ്വ​ഭാ​വ​മെ​ന്തു്? എം. കൃ​ഷ്ണൻ നാ​യർ​ക്കും ചന്ദ്ര​മ​തി ബാ​ല​കൃ​ഷ്ണ​നും കഥ​യെ​ഴു​താൻ അറി​ഞ്ഞു​കൂ​ടാ എന്ന​തു​ത​ന്നെ. കൃ​ഷ്ണൻ നായർ അതു​മ​ന​സ്സി​ലാ​ക്കി മി​ണ്ടാ​തി​രു​ന്നു. ചന്ദ്ര​മ​തി ബാ​ല​കൃ​ഷ്ണൻ മി​ണ്ടാ​തി​രു​ന്നി​ല്ല.

കൈ​പ്പു​ണ്യ​മു​ള്ള അധ്യാ​പ​ക​നെ​ന്നു് എന്നെ പ്ര​ശം​സി​ച്ച എം. പി. നാ​രാ​യ​ണ​പി​ള്ള അദ്ദേ​ഹ​ത്തി​ന്റെ കഥാ​സ​മാ​ഹാ​ര​ഗ്ര​ന്ഥം ദയാ​പൂർ​വം, സ്നേ​ഹ​പൂർ​വം എനി​ക്കു് അയ​ച്ചു​ത​ന്നു. അതു കി​ട്ടി​യ​യു​ട​നെ ഞാൻ ‘റെ​വ്യു​വി​നു് അയ​ച്ചു​ത​ന്ന പു​സ്ത​കം കി​ട്ടി’ എന്നു് നാ​രാ​യ​ണ​പി​ള്ള​യ്ക്കു എഴുതി അയ​ച്ചു​വെ​ന്നു് ശ്രീ. എം. ജി. രാ​ധാ​കൃ​ഷ്ണൻ ബോ​ബെ​യി​ലെ കലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തിൽ എഴു​തി​യി​രി​ക്കു​ന്നു. അതു് ‘എം. കൃ​ഷ്ണൻ നായരു’ടെ ആത്മ​വ​ഞ്ച​ന​യാ​ണെ​ന്നു് ആ തല​ക്കെ​ട്ടി​ലൂ​ടെ ലേഖകൻ ഉദ്ഘോ​ഷി​ക്കു​ന്നു. ഞാൻ അമ്മ​ട്ടിൽ പെ​രു​മാ​റു​ന്ന അധ​മ​ന​ല്ലെ​ന്നു് രാ​ധാ​കൃ​ഷ്ണ​നെ അറി​യി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ലേഖനം അപ​കീർ​ത്തി​ക​ര​മാ​ണെ​ന്നും സൗ​ജ​ന്യ​മാ​ധു​ര്യ​ത്താൽ ഞാൻ കോ​ട​തി​യിൽ പോ​കു​ന്നി​ല്ലെ​ന്നും കൂടി രാ​ധാ​കൃ​ഷ്ണ​നോ​ടു പറ​യ​ട്ടെ. എന്നെ​ക്കു​റി​ച്ചു് വൾ​ഗ​റാ​യി പലതും എഴു​തി​യി​ട്ടു​ണ്ടു് അദ്ദേ​ഹം. പത്രാ​ധി​പർ സ്ഥ​ല​മ​നു​വ​ദി​ക്കു​ന്ന​തു​കൊ​ണ്ടു് ആരെ​ക്കു​റി​ച്ചും എന്തും എഴു​താ​മെ​ന്നു രാ​ധാ​കൃ​ഷ്ണൻ വി​ചാ​രി​ക്ക​രു​തു്.

ബിർ​ബെ​റേവ
images/TheItalicsaremine.jpg

ഇരു​പ​ത്തി​യൊ​ന്നാ​മ​ത്തെ വയ​സ്സിൽ റഷ്യ​വി​ട്ടു് പാ​രീ​സി​ലേ​ക്കും അവി​ടെ​നി​ന്നു അമേ​രി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലേ​ക്കും പോയ നയീന ബിർ​ബെ​റേവ (Nina Berberova 1901–1993) സി​ദ്ധി​ക​ളു​ള്ള നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കാ​രി​യു​മാ​ണു്. അവ​രു​ടെ ‘The Italics are Mine’ എന്ന ആത്മ​കഥ ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടു്. രസ​ക​ര​മായ ആ പു​സ്ത​ക​ത്തിൽ​നി​ന്ന്:

പസ്ത്യർ​നാ​ക്ക് കാ​വ്യ​ങ്ങൾ ചൊ​ല്ലിയ ഒരു സമ്മേ​ള​ന​ത്തിൽ പങ്കു​കൊ​ണ്ടി​ട്ടു് ഞങ്ങൾ തി​രി​ച്ചു പോ​രി​ക​യാ​യി​രു​ന്നു. കൃ​ത്രി​മ​മായ പാ​രാ​യ​ണം കൊ​ണ്ടു് അദ്ദേ​ഹം കാ​വ്യ​ങ്ങ​ളെ കൂ​ടു​തൽ ദുർ​ഗ്ര​ഹ​മാ​ക്കി.

images/Boris_Pasternak.jpg
പസ്ത്യർ​നാ​ക്ക്

തന്റെ കവി​ത​യു​ടെ സാ​രാം​ശ​ത്തി​ലേ​ക്കു ആളുകൾ കട​ന്നു​ചെ​ല്ല​ണ​മെ​ന്നു് പസ്ത്യർ​നാ​ക്കി​നു് ആഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നോ? കാ​വ്യം ശകലം ശക​ല​മാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല എന്നു ഞാ​നി​പ്പോൾ മന​സ്സി​ലാ​ക്കു​ന്നു. കവി​ത​യിൽ നി​ശ്ചി​ത​ഭാ​ഗ​വും (stanza) വരി​യും ബിം​ബ​വും വാ​ക്കും അബോ​ധാ​ത്മ​ക​മാ​യി പ്ര​വർ​ത്തി​ക്കും. ഇതു പൂർ​ണ്ണ​മായ അർ​ത്ഥ​ത്തിൽ ജ്ഞാ​ന​ദാ​യ​ക​മായ കവി​ത​യ​ല്ല; വൈ​കാ​രി​ക​മായ കവി​ത​യാ​ണു്. ശബ്ദ​ത്തി​ലൂ​ടെ കാ​ഴ്ച​യി​ലൂ​ടെ നമ്മ​ളിൽ എന്തോ ചി​റ​ക​ടി​ക്കും. അതി​ന്റെ താ​ഴ്ച​യി​ലേ​ക്കു പോ​കേ​ണ്ട കാ​ര്യ​മി​ല്ല. ഒരു മുറി—അതു് ഒരു ഓറ​ഞ്ചു​ള്ള പെ​ട്ടി, അല്ലെ​ങ്കിൽ വസ​ന്ത​കാ​ലം—ആയിരം ആശു​പ​ത്രി​ക​ളിൽ​നി​ന്നു ഉദ്ഗ​മി​ക്കു​ന്ന മണം പോലെ… ഇതു​പോ​രേ? അതേ. ഇതു കൂ​ടു​ത​ലു​ണ്ടു്. (പസ്ത്യ​നാ​ക്കി​ന്റെ കവി​ത​യിൽ) വള​രെ​ക്കൂ​ടു​ത​ലു​ണ്ടു്. ഇവിടെ ജീ​നി​യ​സു​ണ്ടു്. നമ്മൾ​ക്കു അതു​കൊ​ണ്ടു് (കവി​യോ​ടു്) നന്ദി​യു​ണ്ടു്.

അറി​യാ​ത്ത​തു് എഴു​തു​മ്പോൾ

വ്യാ​ക​ര​ണ​ത്തി​ന്റെ തല​ത​ട്ടു​ന്ന പ്ര​യോ​ഗ​ങ്ങൾ ‘ആധു​നിക മലയാള സാ​ഹി​ത്യ​ച​രി​ത്രം പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ’ എന്ന പു​സ്ത​ക​ത്തിൽ ഏറെ​യു​ണ്ടു്. ഡോ​ക്ടർ. ഡി. ബഞ്ച​മി​നാ​ണു് ഈ വ്യാ​ക​ര​ണ​വ​ധ​കാ​രി​ക​ളിൽ അദ്വി​തീ​യൻ.

1. ‘അപ​സാ​മാ​ന്യ​വ​ത്കൃ​ത​മാ​കു​ന്ന’ എന്നു ബഞ്ച​മി​ന്റെ പ്ര​യോ​ഗം (പുറം 262) സാ​മാ​ന്യ​ശ​ബ്ദം വി​ശേ​ഷ​ണ​മാ​യ​തു​കൊ​ണ്ടു് ‘വത്’ അതി​നോ​ടു​ചേ​രു​ക​യി​ല്ല. സാ​മാ​ന്യ​ക​ര​ണ​മാ​ണു് ശരി.

2. ‘ഭോ​ഗാ​ല​ല​സ​ത​യ്ക്കു്’ (പുറം 266) ഭോ​ഗ​ലാ​ല​സത എന്നു ബഞ്ച​മിൻ എഴു​തി​യ​തു് അച്ച​ടി​യിൽ ഇങ്ങ​നെ ആയ​താ​വാം. എങ്കി​ലും ‘ലാലസത’ എന്ന പ്ര​യോ​ഗം തെ​റ്റാ​ണു്. ‘ലാലസാ’ ശരി. ‘തസ്മിൻ മു​ഹൂർ​ത്തേ പു​ര​സു​ന്ദ​രീ​ണാ​മീ​ശാന സന്ദർ​ശന ലാ​ല​സാ​നാം’ എന്നു് ‘കു​മാ​ര​സം​ഭവ’ത്തിൽ (7–56) ഈശാന സന്ദർ​ശന ലാ​ല​സാ​നാം.

3. ‘അദ്ദേ​ഹ​ത്തി​ന്റെ സർ​ഗാ​ത്മ​കത സ്വാ​ച്ഛ​ന്ദ്യ​മ​നു​ഭ​വി​ക്കു​ന്ന​ത്’ (പുറം 268) സ്വ​ച്ഛ​ന്ദ​പ​ദ​ത്തി​ന്റെ അർ​ത്ഥം ‘സ്വൈ​രീ’ എന്നാ​ണു്. തന്നി​ഷ്ടം പോലെ നട​ക്കു​ന്ന​വൻ, താ​ന്തോ​ന്നി. സ്വ​സ്യ ഛന്ദഃ ഇതാണു സ്വ​ച്ഛ​ന്ദം. ഛന്ദ​ശ​ബ്ദ​ത്തി​ന്റെ അർ​ത്ഥം അഭി​ലാ​ഷം. ഇഷ്ടം എന്നൊ​ക്കെ. ജഗ​ന്നാഥ പണ്ഡി​ത​രു​ടെ ഭാ​മി​നീ​വി​ലാ​സ​ത്തിൽ ‘സ്വ​ച്ഛ്ന്ദം ഗല​ദ​ര​വി​ന്ദ തേ മര​ന്ദം’ എന്നു തു​ട​ങ്ങു​ന്ന ശ്ലോ​കം നോ​ക്കുക.

മൗ​ലി​ക​ങ്ങ​ളായ വ്യാ​ക​രണ നി​യ​മ​ങ്ങൾ അറി​ഞ്ഞു​കൂ​ടാ​ത്ത അധ്യാ​പ​കർ പഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ്ഥി​തി എന്താ​വും? അല്ലെ​ങ്കിൽ ദുഃ​ഖി​ക്കാ​നെ​ന്തി​രി​ക്കു​ന്നു? ജീർ​ണ്ണ​ത​യാ​ണ​ല്ലോ എങ്ങും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-08-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.