ജർമ്മനിയിലെ മഹാകവി ഗെറ്റേയുടെ ഫൗസ്റ്റ് എന്ന കൃതിയിൽ ഫൗസ്റ്റും മാർഗാറേറ്റയും പൂന്തോട്ടത്തിൽ വച്ചു് പരസ്പരം കാണുന്ന രംഗമുണ്ടു്.
ഫൗസ്റ്റ്: ഓമനേ!
മാർഗാറേറ്റ: നില്ക്കു. (അവൾ ഒരു ഡേസിപ്പുഷ്പം പറിച്ചെടുത്തു് ഓരോ ഇതളായി ഇളക്കിയെടുക്കുന്നു.)
ഫൗസ്റ്റ്: എന്തു? ഡേസിപ്പൂമാലയോ?
മാർഗാറേറ്റ: ഒരു വിനോദം മാത്രം. (ഇതളുകൾ ഇളക്കിയെടുത്തുകൊണ്ടു് അവൾ മർമ്മരം കേൾപ്പിക്കുന്നു.)
ഫൗസ്റ്റ്: നീ എന്താണു മന്ത്രിക്കുന്നതു?
മാർഗാറേറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു.—സ്നേഹിക്കുന്നില്ല.
ഫൗസ്റ്റ്: സ്വർഗ്ഗീയ സൗന്ദര്യം!
മാർഗാറേറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു—ഇല്ല. അദ്ദേഹം എന്നെ സ്നേഹിക്കുന്നു—ഇല്ല. അദ്ദേഹം എന്നെ സ്നേഹിക്കുന്നു.
(Faust-In Martha’s garden)

ഡേസിപ്പുഷ്പത്തിന്റെ ഒടുവിലത്തെ ഇതൾ ഇളക്കിയെടുക്കുമ്പോൾ ‘സ്നേഹിക്കുന്നു’ എന്നാണു വരുന്നതെങ്കിൽ ഫൗസ്റ്റിനു് തന്നോടു സ്നേഹമുണ്ടു്. അങ്ങനെ വരുന്നില്ലെങ്കിൽ ‘സ്നേഹിക്കുന്നില്ല’ എന്നാണു് മാർഗാറേറ്റയുടെ വിചാരം. ഈ പരീക്ഷണം നടത്തി ഫൗസ്റ്റ് തന്നെ സ്നേഹിക്കുന്നുവെന്നു ഗ്രഹിച്ചു് അവൾ ഹർഷോന്മാദത്തിൽ വീഴുകയാണു്. അതുകണ്ടു് ഫൗസ്റ്റ് അവളോടു പറയുന്നു. സ്വർഗ്ഗീയങ്ങളായ ശക്തിവിശേഷങ്ങൾ പുഷ്പത്തിന്റെ രസനയിലൂടെ അവളോടു സംസാരിക്കുകയാണെന്നു്. (കാൽ ശതാബ്ദത്തിനു മുൻപു് ഞാനിതു് ‘മലയാളനാടു്’ വാരികയിൽ എഴുതിയതാണു്.)

1925-ൽ ജനിച്ച എതൽ അദ്നൻ ലബനനിലെ എഴുത്തുകാരിയാണു്. അവരുടെ ആത്മകഥാപരമായ “In the Heart of the Heart of Another Country” എന്ന രചനയിൽ നിന്നു്:
“ബേറൂട്ടിലെ രസകരങ്ങളായ കാര്യങ്ങൾ ‘ഇല്ലാത്തവ’ എന്നതാണു്. ഓപറ ഹൗസ് ഇല്ല. ഫുട്ബോൾ ഫീൽഡ് ഇല്ല. പാലമില്ല. ജനങ്ങളും സർക്കാരുമില്ല എന്നു ഞാൻ പറയാൻ പോകുകയായിരുന്നു. ഉച്ഛിഷ്ടത്തിന്റെ (എച്ചിലിന്റെ) അഭാവത്തിന്റെ അഭാവം തീർച്ചയായുമുണ്ടു്.”
“ഒരു സ്ത്രീ ചന്തയിൽ പോകുകയും അവളുടെ കാലുകൾക്കിടയിൽക്കൂടി എറുമ്പുകൾ കയറുമ്പോൾ അവൾ സഹായത്തിനു വേണ്ടി നിലവിളിക്കുകയും ചെയ്താൽ ചില ആണുങ്ങൾ അവളുടെ തുടകൾക്കിടയിലായി ചാടി വീഴും.”
റോമൻ കവി മാർഷൽ (Martial, 40–103) പറഞ്ഞതു്:
“എന്റെ കവിതകളാണു് അവ. പക്ഷേ നീ അവ ചൊല്ലുമ്പോൾ അവയിലുള്ള പകർപ്പവകാശം ഞാൻ ഉപേക്ഷിക്കുന്നു.”

വിസ്മയ ജനകമെന്ന വിശേഷണം പ്രയോഗിക്കാതെ എനിക്കു് റഷ്യൻ സാഹിത്യകാരൻ ഗോഗലിന്റെ (Gogol, 1809–1852) “Nevsky prospekt” എന്ന കഥയെക്കുറിച്ചു പറയാൻ വയ്യ. ആ രചനയിലെ പ്രക്രിയയെ അദ്ഭുതകർമ്മമെന്നും ഞാൻ വിളിക്കുന്നു. പീറ്റർസ്ബർഗ്ഗ് നഗരത്തിലെ തെരുവാണു് നെവ്സ്കി പ്രോസ്പെക്റ്റ് (ന്യയീഫ്സ്കി എന്നാവാം റഷ്യൻ ഉച്ചാരണം). എല്ലാമറിയുന്ന പാത. ഒറ്റ ദിവസം കൊണ്ടു് അവിടെ എന്തെല്ലാം മായാദർശനങ്ങൾ! ഇരുപത്തിനാലു മണിക്കൂറിനകം എന്തെല്ലാം പരിവർത്തനങ്ങൾ! ഇവിടെ എന്തെല്ലാം വിചിത്രങ്ങളായ മീശകളാണു് കാണുക! പേനക്കോ ബ്രഷിനോ അവയെ വർണ്ണിക്കാനാവുകയില്ല. മനുഷ്യജീവിതത്തിന്റെ ഏറിയ ഭാഗവും അവയുടെ സംസ്കരിക്കലിനു വേണ്ടി ചെലവാക്കുന്നു ആളുകൾ. ഉണർന്നിരിക്കുന്ന രാത്രികളും ജാഗരൂകതയോടുള്ള പകലുകളും ആ മീശകൾക്കു വേണ്ടിയുള്ളതാണു്. അവയിൽ പരിമളമേറ്റുന്നു. വില കൂടിയ സുഗന്ധക്കുഴമ്പുകൾ അവയിൽ തേക്കുന്നു. സ്വപ്നത്തിൽപ്പോലും കാണാനാവാത്ത കൃശങ്ങളായ അരക്കെട്ടുകൾ അവിടെ ദർശിക്കാം. കുപ്പിക്കഴുത്തു പോലുള്ള കൃശമായ അരക്കെട്ടുകൾ. ഉദാസീനമായ ഒരു ശ്വാസം തട്ടിയാൽ മതി. അവ പൊട്ടിപ്പോകും. നെവ്സ്കി പ്രോസ്പെക്റ്റ്! ശുദ്ധമായ ആഹ്ലാദം.
ആകാശത്തു് കോടാനുകോടി നക്ഷത്രങ്ങൾ ഉള്ളപ്പോൾ ദ്രഷ്ടാവിനു് വിശേഷിച്ചൊരനുഭൂതിയും ഉണ്ടാകാറില്ല. എന്നാൽ ഓരോ നക്ഷത്രത്തെയും സൂക്ഷിച്ചു നോക്കിയാൽ അതിന്റെ സൗന്ദര്യം കണ്ടു് കണ്ണഞ്ചിപ്പോകും.
ഈ റോഡിലൂടെ ലെഫ്റ്റനന്റ് പീറോഗോഫും അയാളുടെ സുഹൃത്തായ പീഷ്കാരേഫും പോകുകയായിരുന്നു. അവർ പൊടുന്നനെ രണ്ടു യുവതികളെ കണ്ടു. അവരിലൊരുത്തി ഇളം തവിട്ടു നിറമുള്ള സുന്ദരി. മറ്റേ യുവതിയും സുന്ദരി തന്നെ. പീഷ്കാരേഫ്—കലാകാരനാണു് അയാൾ—അവളുടെ പിറകേ പോയി. ലെഫ്റ്റനന്റ് തവിട്ടു നിറമുള്ള യുവതിയുടേയും. കലാകാരന്റെ കാമം ഇളക്കിവിട്ട യുവതി സൂര്യകാന്തിപ്പു സൂര്യനെ നോക്കുന്നതു പോലെ അയാളെ ഒന്നു നോക്കി മന്ദഹാസം തൂകി. അപ്പോൾ എന്തു സംഭവിച്ചു. ഗോഗലിന്റെ വാക്യങ്ങൾ തന്നെ കേൾക്കുക: The pavement slipped away beneath him, and the carriages with their galloping horses seemed motionless beside him, the bridge stretched and arched its back, buildings turned upside-down, a sentry box rolled towards him, while the policeman’s halberd, the gold lettering and painted scissors of a shop-sign seemed to be sparkling on one of his eyelashes. All this was caused by a single glance, a single turn of a pretty head (Selected Stories, Radgua Publisheres, Moscow, pp. 126). (ഉജ്ജ്വലമായ ഭാവനയുള്ളവർക്കല്ലാതെ ഇമ്മാതിരി രചന സാദ്ധ്യമല്ല—ലേഖകൻ.) മഹതിയാണെന്നു വിചാരിച്ചു് കലാകാരൻ അവളുടെ വീട്ടിൽ ചെന്നു കയറി. അപ്പോഴാണു് അയാൾക്കു മനസ്സിലായതു് അവൾ വെറും വേശ്യയാണെന്നു്. അവളെ രക്ഷിക്കാൻ അയാൾ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വേശ്യ അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു. കലാകാരൻ തന്റെ കഴുത്തു മുറിച്ചു മരിക്കുകയും ചെയ്തു.
ലെഫ്റ്റനന്റ് ഒരു സുന്ദരിയുടെ പിറകേ പോയല്ലോ. അയാൾ ചെന്നു കയറിയതു് അവളുടെ ഭർത്താവും അയാളുടെ അനുചരനുമിരിക്കുന്ന വീട്ടിൽ. രണ്ടുപേരും കൂടി ലെഫ്റ്റനന്റിനെ തൂക്കിയെടുത്തു് വെളിയിലേക്കു് എറിഞ്ഞു. അധികാരികളോടു പരാതി പറയാൻ അയാൾ തീരുമാനിച്ചെങ്കിലും ക്രമേണ ദേഷ്യവും അപമാനനവും നിന്ദനവും അയാൾ മറന്നു. സായാഹ്നത്തിന്റെ തണുപ്പു് അനുഭവിച്ചുകൊണ്ടു് അയാൾ നെവ്സ്കി പ്രോസ്പക്റ്റിലൂടെ നടന്നു.
“നെവ്സ്കിയെ വിശ്വസിക്കരുതു്. അതാകെ സ്വപ്നമാണു്” എന്നു ഗോഗൽ പറയുന്നുണ്ടു്. സ്വപ്നസന്നിഭമായ ഒരു പാത രണ്ടു സ്വപ്നജീവികളെ സൃഷ്ടിക്കുന്നു. കിനാവു പോലെ അവർ രണ്ടുപേരും അപ്രത്യക്ഷരാകുന്നു. എല്ലാം സ്വപ്നം തന്നെ. കാല്പനിക സത്യം ആവിഷ്കരിച്ചു് കിനാവിലേക്കു വായനക്കാരെ കൊണ്ടുചെല്ലുകയാണു് ഗോഗൽ. ജീവിതം തന്നെ ദീർഘമായ സ്വപ്നമല്ലേ? ഈ ആശയം കലയിലൂടെ—ഉത്കൃഷ്ടമായ കലയിലൂടെ—പ്രദാനം ചെയ്തു നമ്മെ ഉദ്ബുദ്ധരാക്കുകയാണു് ഗോഗൽ. ‘The pavement slipped away beneath him’ എന്ന തുടങ്ങുന്ന വാക്യങ്ങളുണ്ടല്ലോ. നമ്മുടെ ചെറുകഥാ സാഹിത്യമാകെ ഒരുമിച്ചു ചേർത്തുവച്ചാലും ഈ വാക്യങ്ങളുടെ സമീപത്തെത്താൻ അതിനു കഴിയുകയില്ല.
Bai Xiao Yi എന്ന ചൈനീസ് സാഹിത്യകാരന്റെ ഒരു കൊച്ചുകഥ. ‘സംശയം’ എന്നു പേരു്.
ഞാൻ ഫോണിൽ സംസാരിക്കാൻ ഭാവിക്കുകയായിരുന്നു. അപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഹാ. അദ്ദേഹം തിരിച്ചുവന്നു. ‘ഞാൻ ഡയൽ ചെയ്യുന്നതു നിറുത്തി ഫോൺ തിരിച്ചു വച്ചതും അദ്ദേഹം അകത്തേക്കു കടന്നതും ഒരു നിമിഷത്തിൽ തന്നെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘നീ ഇപ്പോൾ ആരെയോ ഫോണിൽ വിളിക്കുകയായിരുന്നോ?’
‘അതേ’ ബുദ്ധിമാനും ശക്തനും കഴിവുള്ളവനും ആയ ഭർത്താവിനെ നോക്കിക്കൊണ്ടു് ഞാൻ സോഫയിലേക്കു വീണു.
‘പിന്നെ നീയെന്തിനു ഫോൺ താഴെവച്ചു?’ അദ്ദേഹം വലിയ ഡിറ്റക്ടീവ് ആണു്.
‘അങ്ങ് തിരിച്ചു വന്നതുകൊണ്ടു്’ എന്നു ഞാൻ പറഞ്ഞു.
കുറച്ചു വൈഷമ്യത്തോടെ അദ്ദേഹം ചോദിച്ചു:
‘ഞാൻ വന്നതുകൊണ്ടു് നീ ഫോൺ ചെയ്യുന്നതു നിറുത്തിയതു് എന്തിനു്?’
‘ഞാൻ അങ്ങയെ വിളിക്കുകയായിരുന്നു’ അദ്ദേഹത്തിന്റെ മുഖമാകെ ചുവന്നു. വിഷയം മാറ്റിക്കൊണ്ടു അദ്ദേഹം ചിരിച്ചു. അദ്ദേഹം ഞാൻ പറഞ്ഞതു വിശ്വസിച്ചോ എന്നതിൽ എനിക്കുറപ്പില്ല.
ഇന്നുണ്ടാകുന്ന പല കാവ്യങ്ങൾക്കും ഛന്ദസ്സില്ല, പദസന്നിവേശത്തിന്റെ ചാരുതയില്ല, ഭാവമില്ല.
കടൽ വെള്ളത്തിന്റെ ഉപ്പു ‘രസ’വും കണ്ണീരിന്റെ ഉപ്പു ‘രസ’വും ഒന്നു തന്നെ. യുവതിയുടെ കവിൾത്തടത്തിന്റെ മൃദുത്വവും പനിനീർപ്പൂവിന്റെ മൃദുത്വവും വിഭിന്നമല്ല. നീലത്തടാകത്തിലൂടെ അരുണാഭമായ കൊച്ചുതോണി പോലെ നീങ്ങുന്ന താമരയിതളിന്റെ മന്ദഗതിക്കും നീലാന്തരീക്ഷത്തിലൂടെ വൃത്തം തെറ്റാതെ, ചിറകനങ്ങാതെ, ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തിന്റെ മന്ദഗതിക്കും തമ്മിൽ എന്തേ വ്യത്യാസം? ഈ സാദൃശ്യങ്ങൾ പോലെ വൈസാദൃശ്യങ്ങളും പ്രകൃതിയിലുണ്ടു് ശ്രീരാമനും ശ്രീകൃഷ്ണനും ഈശ്വരാവതാരങ്ങൾ. പക്ഷേ രണ്ടുപേരും വിഭിന്ന വ്യക്തികൾ. മനുഷ്യനും ‘യുണീക്കാ’ണു്. എ എന്ന വ്യക്തിയെപ്പോലെ വേറൊരു വ്യക്തിയെ കാണാനേ ഒക്കുകയില്ല. ‘എ’യുടെ സ്വഭാവത്തിനു മാറ്റം വരാം. മാറ്റം വന്നു കഴിഞ്ഞാലും ആ നവീന വ്യക്തിക്കു സദൃശനായി വേറൊരു വ്യക്തി ഈ ലോകത്തു കാണുകയില്ല. സ്വഭാവത്തിനു പരിവർത്തനം വന്നതിനു് തെളിവായി ഒരിക്കലെഴുതിയ ഒരു യഥാർത്ഥ സംഭവം ചുരുക്കിപ്പറയാം. എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ) ഗുസ്തിക്കാരനായ അയ്മനം കുട്ടൻ പിള്ള. അയ്മനം കുട്ടൻ പിള്ളയുടെ അച്ഛൻ മാധവൻ പിള്ള കൊട്ടാരം സർവ്വാധികാര്യക്കാരും എക്സൈസ് കമ്മിഷണറുമായിരുന്നു. അതിനു മുൻപു് അദ്ദേഹം ജഡ്ജിയായിരുന്നു. ജഡ്ജിയായിരിക്കെ മാധവൻ പിള്ള ഒരു കൊലപാതകിയെ ജീവപര്യന്തം തടവിൽക്കിടക്കാൻ വിധിച്ചു. അയാൾ കാരാഗൃഹത്തിൽ കിടന്നു കൊണ്ടു് എല്ലാവരോടും പറയുമായിരുന്നു. ‘ഞാൻ പന്ത്രണ്ടു വർഷം കഴിഞ്ഞു് ഈ ജയിലിൽ നിന്നിറങ്ങുന്ന ദിവസം മാധവൻ പിള്ളയുടെ തല മുറിച്ചെടുക്കും.’ വർഷങ്ങൾ വേഗം കടന്നു പോയി. കൊലപാതകി ജയിലിൽ നിന്നു മോചനം നേടി. അന്നു കാലത്തു തൊട്ടു മാധവൻ പിള്ളയുടെ ഭാര്യ കരുവേലിൽ ഗൗരിക്കുട്ടി അമ്മയും (‘സന്താന ഗോപാലം’ ചമ്പു എഴുതിയവർ. ഉള്ളൂരിന്റെ ഭാഷാചമ്പുക്കൾ’ എന്ന പുസ്തകത്തിൽ ഗൗരിക്കുട്ടി അമ്മയെക്കുറിച്ചു് ഒരു പുറത്തോളം മഹാകവി എഴുതിയിട്ടുണ്ടു്) മറ്റു ബന്ധുക്കളും പേടിച്ചു നിലവിളിക്കുകയായി. മാധവൻ പിള്ള മാത്രം ശാന്തനായി വർത്തിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ വീട്ടിന്റെ വാതിലിൽ ആരോ തട്ടുന്നു. മാധവൻ പിള്ളയെ ഭാര്യയും ബന്ധുക്കളും തടഞ്ഞെങ്കിലും അവരെ തള്ളി മാറ്റിക്കൊണ്ടു് അദ്ദേഹം കതകു തുറന്നു. വെട്ടുകത്തിയുമായി നില്ക്കുന്ന കൊലപാതകി. ‘എന്തുവേണം?’ എന്നു മാധവൻപിള്ള അയാളോടു ചോദിച്ചു. അതുകേട്ടയുടനെ അയാൾ വെട്ടുകത്തി ദൂരെയെറിഞ്ഞു. മാധവൻ പിള്ളയുടെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. അദ്ദേഹം വധോദ്യതനെ ആശ്ലേഷിച്ചിട്ടു കാലത്തു വരു എന്നു പറഞ്ഞു. നേരം വെളുത്തപ്പോൾ വീട്ടിലെത്തിയ അയാളെ ധനികനായിരുന്ന മാധവൻ പിള്ള കാര്യക്കാരായി നിയമിച്ചു. അദ്ദേഹം മരിക്കുന്നതുവരെ ആ കൊലപാതകി തന്നെയായിരുന്നു കാര്യക്കാരൻ. ഒരു നിമിഷം കൊണ്ടു സ്വഭാവത്തിനു വന്ന പരിവർത്തനമാണു് ഇവിടെ നാം കാണുന്നതു്. നിത്യജീവിതത്തിൽ കായങ്കുളം കൊച്ചുണ്ണിയും മുളമൂട്ടടിമയും ജംബുലിംഗവും യഥാക്രമം ശ്രീരാമകൃഷ്ണപരമഹംസനും രമണ മഹർഷിയും മഹാത്മാ ഗാന്ധിയും ആയി മാറിയേക്കാം. എന്നാൽ കഥയിൽ, നോവലിൽ ഈ മാറ്റം സാദ്ധ്യമല്ല. സാദ്ധ്യമാകണമെങ്കിൽ ആ പരിവർത്തനത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ കാര്യകാരണബന്ധത്തോടെ വിവരിക്കണം സാഹിത്യകാരൻ. അപ്പോൾ മാത്രമേ കലയെസ്സംബന്ധിച്ച വിശ്വാസം വായനക്കാരനു് ഉണ്ടാകൂ. ഈ വിശ്വാസ്യതയില്ലാത്തതാണു് ശ്രീ. സതീഷ് ബാബു പയ്യന്നൂരിന്റെ ‘ഗ്രാമീണം’ എന്ന കഥയുടെ ദോഷം (കഥ മലയാളം വാരികയിൽ). ഭാര്യയുടെ വീട്ടുകാരെയും ഭാര്യയുടെ നാടിനെയും വെറുക്കുന്ന മനുഷ്യൻ. കഥയുടെ അവസാനത്തെ വാക്യമെത്തുന്നതുവരെ അയാൾ അങ്ങനെ തന്നെ ശത്രുവായി നില്ക്കുന്നു. ഒരു പശുക്കുട്ടിയുടെ ചാട്ടം കണ്ടയുടനെ അയാൾക്കു് മാനസികമായ പരിവർത്തനം വന്നു് പുഞ്ചിരിതൂകി പോലും. ഇയാൾ എന്റെ മുത്തച്ഛന്റെ അച്ഛനെ കൊല്ലാൻ വന്ന കൊലപ്പുള്ളിയാണോ എന്നു എനിക്കു സംശയം. കലാതത്ത്വത്തിന്റെ ഗളനാളം മുറിക്കുന്ന രചനയാണിതു്.
ചോദ്യം: മലയാളത്തിൽ നിങ്ങൾ വെറുക്കുന്ന പദമേതു?
ഉത്തരം: മഹാകവി എന്ന വാക്കു്. ‘അണ്ടനും അടകോടനും’ ഇവിടെ മഹാകവികളാണു്. നാലു വരി പദ്യമെഴുതിയവരെ പത്രക്കാർ മഹാകവികൾ എന്നു വിശേഷിപ്പിക്കുമ്പോൾ എന്റെ തൊലി പൊള്ളുന്നു. ഇംഗ്ലീഷിൽ ഒരു വാക്കുണ്ടു് ജീനിയസ്. സ്വല്പം ചായം ക്യാൻവാസിൽ തേച്ചവനെ ജീനിയസ്സെന്നു വിളിക്കാൻ നമുക്കു മടിയില്ല.
ചോദ്യം: പേടിയുണ്ടോ?
ഉത്തരം: അഗാധതയുടെ നിശ്ശബ്ദത എന്നെ പേടിപ്പിക്കും.
ചോദ്യം: ഞാൻ ചിറ്റൂർ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥിയാണു്. സാറിനു ഈ കോളേജിനെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: വളരെ നല്ല അഭിപ്രായമാണു്. അന്നു കോളേജിൽ നിന്നു് തെല്ലു ദൂരത്തായി ശവപ്പറമ്പുണ്ടായിരുന്നു. ഞാനും തോമസ് മാത്യുവും ജി. എൻ. പണിക്കരും മിക്കവാറും ദിവസം ആ ശവപ്പറമ്പിലേക്കു നടക്കും. കലാലയത്തിൽ നിന്നു ശവപ്പറമ്പിലേക്കു പോകാൻ ചിറ്റൂരുണ്ടായിരുന്ന ആ സൗകര്യം കേരളത്തിൽ വേറെ ഏതു കോളേജിനുണ്ടു്?
ചോദ്യം: പൂക്കൾ വിരിഞ്ഞാൽ?
ഉത്തരം: വണ്ടുകൾ വരും.
ചോദ്യം: യുവതികൾ ഒരുമിച്ചു പോകുമ്പോൾ സൗന്ദര്യത്തിന്റെ അനുഭൂതി ഉണ്ടാകുന്നില്ല കാഴ്ചക്കാരനു്. എന്താണു കാര്യം?
ഉത്തരം: ആകാശത്തു് കോടാനുകോടി നക്ഷത്രങ്ങൾ ഉള്ളപ്പോൾ ദ്രഷ്ടാവിനു് വിശേഷിച്ചൊരനുഭൂതിയും ഉണ്ടാകാറില്ല. എന്നാൽ ഓരോ നക്ഷത്രത്തെയും സൂക്ഷിച്ചു നോക്കിയാൽ അതിന്റെ സൗന്ദര്യം കണ്ടു് കണ്ണഞ്ചിപ്പോകും.
ചോദ്യം: സന്ന്യാസിമാർ പൂർണ്ണനഗ്നരായി നടക്കുന്നതെന്തിനു്?
ഉത്തരം: ആവരണം ചെയ്ത ശരീരം അസത്യമാണു്. ദിഗംബരന്മാരാകുമ്പോൾ സത്യത്തോടു് അടുക്കും. ശരീരം തന്നെ അവർക്കു് അസത്യമാണു്. അതും ഉപേക്ഷിക്കാനാണു് അവരുടെ ശ്രമം.

പരിഷ്കാരം എത്തിനോക്കാത്ത ഒരു ഗ്രാമത്തിൽ ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന ദമ്പതികൾ പാർത്തിരുന്നു. പരിഷ്കാരം ഇല്ലെന്നല്ല പറയേണ്ടതു്. നഗരത്തിലുള്ള ഒന്നും ആ ഗ്രാമവാസികൾ കണ്ടിട്ടുമില്ല. ഒരു ദിവസം ഭർത്താവു് പാതയിലൂടെ നടന്നപ്പോൾ ചെളിയിൽ പുതഞ്ഞുകിടക്കുന്ന ഒരു കണ്ണാടി കാണാനിടയായി. അയാളതു് എടുത്തു് തുടച്ചു വൃത്തിയാക്കി വീട്ടിന്റെ രണ്ടാമത്തെ നിലയിലുള്ള തന്റെ മുറിയിൽ കൊണ്ടുവച്ചു. അതിലേക്കു നോക്കി അയാൾ പൊടുന്നനെ പറഞ്ഞു: “അച്ഛൻ” കൂടക്കൂടെ ഭർത്താവു് സ്വന്തം മുറിയിലേക്കു പോകുന്നതും തിരിച്ചു പോരാൻ വൈകുന്നതും കണ്ട ഭാര്യ പരസ്ത്രീഗമനമാണു് അതെന്നു സംശയിച്ചു. അവൾ ഭർത്താവില്ലാത്ത സമയത്തു അയാളുടെ മുറിയിൽ കയറി നോക്കി. ജീവിതത്തിൽ ആദ്യമായി കണ്ണാടി കണ്ട അവൾ ആശ്വാസത്തോടെ പറഞ്ഞു: “ചുക്കിച്ചുളിഞ്ഞ ഈ കിഴവിയോടു് എന്റെ ഭർത്താവിനു് ഒരു താൽപര്യവും ഉണ്ടാകാനിടയില്ല. എനിക്കു സമാധാനമായി.”

ചൈനീസ് ഗ്രന്ഥകാരനും ഭാഷാശാസ്ത്രജ്ഞനുമായ ലിൻയ്യൂതാങ് (1895–1976) എഴുതിയ The Importance of Living എന്ന മനോഹരമായ പുസ്തകത്തിൽ സ്ത്രീയുടെ charm, beauty ഇവയുടെ വ്യത്യാസം വ്യക്തമാക്കിയിട്ടുണ്ടു്. സുന്ദരിയായിരിക്കും യുവതി. പക്ഷേ ‘ചാം’ (charm) സമ്മോഹനശക്തി—കാണുകില്ല. ഒരു interview-വിനു് ഒരു യുവതി വന്നു. ചോദ്യത്തിനു് അവൾ ചോദ്യകർത്താവിന്റെ മുഖത്തു നോക്കി മറുപടി പറയും. അതിനു ശേഷം മുഖമൊന്നു താഴ്ത്തും. വീണ്ടും ചോദ്യം ചോദിക്കുമ്പോൾ ചോദ്യകർത്താവിന്റെ മുഖത്തു നോക്കി അവൾ ഉത്തരം നല്കും. അതു നല്കിക്കഴിഞ്ഞാൽ തല വീണ്ടും താഴ്ത്തും. ഈ തല താഴ്ത്തലിനു് വല്ലാത്ത സമ്മോഹന ശക്തിയുണ്ടായിരുന്നു. ഇതാണു ‘ചാം’. അതുകൊണ്ടു് പെണ്ണു കോവിൽക്കാളയെപ്പോലെ തല താഴ്ത്തുകയും ഉയർത്തുകയും ചെയ്താൽ ‘ചാം’ ആവില്ല. ഉള്ളിൽ നിന്നു വരുന്നതാണു് ഈ ശക്തിവിശേഷം.
സന്മാർഗ്ഗത്തിനു വൈരൂപ്യം വന്നാൽ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമെന്നു് അറിയണമെങ്കിൽ കോട്ടയത്തെ ഡി. സി. ബുക്ക്സ് പ്രസാധനം ചെയ്ത “ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ” എന്ന ഗ്രന്ഥമൊന്നു മറിച്ചുനോക്കിയാൽ മതി.
കവിതയും സമ്മോഹനശക്തി ആവഹിക്കുന്നതു് അന്തർജ്ജാതമായ ഉത്തേജനശക്തിയാലാണു്. ചങ്ങമ്പുഴയുടെ ‘ഉദ്യാനലക്ഷ്മി’ എന്ന കാവ്യം വായിക്കൂ. അനായാസമായ പദപ്രവാഹം. ചേതോഹരമായ ലയാനുവിദ്ധത. ആകർഷകത്വമുള്ള അലങ്കാരങ്ങൾ ഇവയെല്ലാമുണ്ടു്. പക്ഷേ ഇടപ്പള്ളി രാഘവൻപിള്ള യുടെ ‘പ്രതീക്ഷ’ എന്ന കാവ്യത്തിനുള്ള ഉത്തേജനശക്തി ചങ്ങമ്പുഴയുടെ കാവ്യത്തിനില്ല. അതിനാൽ ‘പ്രതീക്ഷ’ ഉളവാക്കുന്ന (പോരിക, പോരികെന്നാശാപതംഗമേ എന്നു തുടങ്ങുന്ന കാവ്യത്തെക്കുറിച്ചാണു് ഞാൻ പറയുന്നതു്. ‘പ്രതീക്ഷ’ എന്ന പേരു തെറ്റാണോ എന്തോ) ഉത്തേജിതാവസ്ഥ ‘ഉദ്യാനലക്ഷ്മി’ക്കു ജനിപ്പിക്കാൻ കഴിയുന്നില്ല.
ഇന്നുണ്ടാകുന്ന പല കാവ്യങ്ങൾക്കും ഛന്ദസ്സില്ല. പദസന്നിവേശത്തിന്റെ ചാരുതയില്ല. ഭാവമില്ല. ഉമിക്കരി ചവച്ചാൽ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമെന്നു് അറിയണമെങ്കിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആശാലത എഴുതിയ ‘മദനൻ’ എന്ന “കാവ്യം” വായിച്ചാൽ മതി.
‘രമണൻ എന്നായിരുന്നു പേര്
പ്രണയമായിരുന്നു തൊഴിൽ
ചന്ദ്രികയായിരുന്നു കാമുകി.
ചന്ദ്രിക എന്നു് പേര്
തൊഴിൽ പ്രണയം തന്നെ’
എന്നു തുടങ്ങുന്ന ആ രചന വിദ്യയുടെ അധിഷ്ഠാന ദൈവതമായ സരസ്വതീദേവിയെ ആത്മഹനനത്തിലേക്കു നയിക്കും. സഹൃദയനെ അപമാനിക്കുന്നു ഈ രചനാഭാസം.

ആഫ്രിക്കൻ-അമേരിക്കൻ കവിയും സമൂഹ പ്രവർത്തകയുമായ മേയ ആൻജലോ ക്കു് (Maya Angelou, b. 1928) ഒരിക്കൽ സഹിക്കാനാവാത്ത പല്ലുവേദന വന്നു. കറുത്ത വർഗ്ഗത്തിൽപ്പെട്ട സ്ത്രീയെന്നു പറഞ്ഞു് ഡോക്ടർ ലിങ്കൺ എന്ന ഡെന്റിസ്റ്റ് അവരെ ചികിത്സിക്കാൻ കൂട്ടാക്കിയില്ല. അതിനെക്കുറിച്ചു് മേയ പറഞ്ഞതിങ്ങനെ: “It seems terribly unfair to have a toothache and a headache and to have to bear at the same time the heavy burden of Blackness.” ‘കറുപ്പി’ന്റെ ഈ വലിയ ഭാരം ചുമക്കുന്നതു കൊണ്ടാവണം അവരുടെ കാവ്യങ്ങൾക്കും ആത്മകഥകൾക്കും ശക്തിയും പാരുഷ്യവും വന്നുപോയതു്. മാത്രമല്ല മേയയ്ക്കു് എട്ടു വയസ്സുള്ളപ്പോഴാണു് അമ്മയുടെ കാമുകൻ അവളെ ബലാത്സംഗം ചെയ്തതു്. ധർഷണം ചെയ്തതു് ഇന്നാരാണെന്നു് അവൾ വെളിപ്പെടുത്തിയപ്പോൾ അമ്മാവന്മാർ അയാളെ വധിച്ചു കളഞ്ഞു. വാക്കുകൾക്കു കൊല്ലാനുള്ള ശക്തിയുണ്ടെന്നു മനസ്സിലാക്കിയ മേയ പിന്നീടുള്ള അഞ്ചു വർഷത്തേക്കു തികഞ്ഞ മൗനം പാലിച്ചു. (ഈ വിവരങ്ങൾക്കു ഒരു നിരൂപകനോടു ഞാൻ കടപ്പെട്ടിരിക്കുന്നു.) മേയയുടെ ഒരു കാവ്യം എടുത്തെഴുതട്ടെ. അവരുടെ കവിത്വശക്തിക്കും വർണ്ണവിവേചനത്തോടുള്ള കോപത്തിനും അതു നിദർശകമായിരിക്കും.
You may write me down in history
With your bitter, twisted lies,
You may trod me in the very dirt
But still, like dust, I’ll rise
does my sassiness upset you?
Why are you beset with gloom?
‘Cause I walk like I’ve got oil wells
Pumping in my living room
…
You may shoot me with your words,
You may cut me with your eyes
You may kill me with your hatefulness
But still, like air, I’ll rise.
…
I rise
I rise
I rise
(pp. 163, 164, The Complete Collected Poems, Virago.)

അനുനിമിഷം ഉയരുന്ന മേയ ആൻജലോയെ അവരുടെ ആത്മകഥയിൽ കാണാം (അഞ്ചു വാല്യങ്ങൾ). ഇവയെക്കുറിച്ചും ആറാമത്തെ വാല്യമായ “Wouldn’t take nothing for my journey now” എന്നതിനെക്കുറിച്ചും ഞാൻ ഈ കോളത്തിൽ അപ്പോഴപ്പോൾ എഴുതിയിട്ടുണ്ടു്. അസാധാരണത്വമുള്ള സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടുന്ന മേയയുടെ അസാധാരണത്വമുള്ള അഭിമുഖ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന “Conversations with Maya Angelou” എന്ന പുസ്തകത്തെപ്പറ്റിയും ഈ പംക്തിയിൽ പ്രതിപാദനമുണ്ടായിരുന്നു. 1998-ൽ Bantam Books പ്രസിദ്ധപ്പെടുത്തിയ “Even the Stars Look Lonesome” എന്ന പുസ്തകവും ഞാനിപ്പോൾ വായിച്ചു തീർത്തു. Maya Angelou Writes like a song and like the truth എന്നു് ഒരു നിരൂപകൻ പറഞ്ഞതു് അത്രകണ്ടു സത്യമല്ലെങ്കിലും മേയയുടെ സ്വത്വശക്തിയും വ്യക്തിത്വശക്തിയും കലാവൈഭവവും ഇതിലെ ഓരോ പ്രബന്ധത്തിലുമുണ്ടു്. ഏതാനും വാക്യങ്ങൾ എടുത്തെഴുതാം. മേയയുടെ രചനാരീതി കാണിക്കാനായി.
“Taste and smell are firmly joined in wedded bliss. About the bliss I cannot speak, but I can say much about that marriage. I like it that the fleeting scent of fresh-cut citrus and the flowery aroma of strawberries will make my salivary glands pour into my mouth a warm and pure liquid. I accept the salt of tears evoked by sweet onions and betrayed love. Give me the smell of the sea and the wild scent of mountain pines”
(Bantam Books, New York, Pages 148, $ 7.50)
സന്മാർഗ്ഗത്തിനു വൈരൂപ്യം വന്നാൽ എങ്ങനെയിരിക്കും?
എങ്ങനെയിരിക്കുമെന്നു് അറിയണമെങ്കിൽ കോട്ടയത്തെ ഡി. സി. ബുക്ക്സ് പ്രസാധനം ചെയ്ത “ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ” എന്ന ഗ്രന്ഥമൊന്നു മറിച്ചു നോക്കിയാൽ മതി. മറിച്ചു നോക്കുകയേ വേണ്ടൂ. വായിച്ചാൽ വായിക്കുന്നവന്റെ മനസ്സു് വിഷമയമാകും.

ഉള്ളൂരി ന്റെ ഭാഷാചരിത്രം നോക്കുക. ഉള്ളൂർക്കവിതയെക്കുറിച്ചു് അതിൽ ഒരു വാക്കുപോലുമില്ല. ഉള്ളൂരെന്ന മഹാവ്യക്തി ജീവിക്കുന്നുവെന്നും അതിൽ കാണുകയില്ല. അതല്ല ഇപ്പുസ്തകത്തിന്റെ സ്ഥിതി. പ്രബന്ധങ്ങൾ എഴുതുന്നവർ സ്വന്തം പുസ്തകങ്ങളെക്കുറിച്ചു് ഒട്ടൊക്കെ ദീർഘമായി എഴുതുന്നു. പ്രതിഭയില്ലാത്തവരെ വാഴ്ത്തുന്നു. പ്രതിഭാശാലികളെ പുറംകൈ കൊണ്ടു തട്ടിയെറിയുന്നു. ഇതു moral ugliness ആണു്. ഈ വൈരൂപ്യത്തിനു് എതിരായി പ്രഫെസർ സുകുമാർ അഴീക്കോട് ധീരമായ ശബ്ദമുയർത്തുന്നു. ലക്ഷ്യവേധികളാണു് അദ്ദേഹത്തിന്റെ അമ്പുകൾ. അദ്ദേഹത്തെ ഞാൻ വിനയപൂർവം അഭിനന്ദിക്കട്ടെ (സുകുമാർ അഴീക്കോടിന്റെ ലേഖനം ‘കലാകൗമുദി’യിൽ).
ഏതു വൈരൂപ്യത്തെയും സൌന്ദര്യമായിക്കാണാൻ ആളുകളുണ്ടാവും. ഈ സാഹിത്യചരിത്രം വെറും ചവറാണെന്നു് എന്നോടു നേരിട്ടു പറഞ്ഞവർ പ്രശംസയുമായി ലേഖനങ്ങളിലൂടെ പ്രത്യക്ഷരായിക്കഴിഞ്ഞു. അവരുടെ വൈഷമ്യം എനിക്കു് ഊഹിക്കാൻ കഴിയും. നിരന്തരം നിർബന്ധിച്ചാൽ എഴുതിപ്പോകുമല്ലോ. അവർക്കു കാളിദാസൻ പണ്ടേ ഉപദേശം നല്കിയിട്ടുണ്ടു്. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നില്ക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ.”