
രാത്രി, കനമാർന്ന ഇരുട്ടു്. ഒരാൾ കുതിരപ്പുറത്തു് ഒരു ഭൂവിഭാഗത്തിലൂടെ പോകുകയായിരുന്നു. പൊടുന്നനെ ഒരു ശബ്ദം കേൾക്കുകയായി: “നില്ക്കൂ”. അയാൾ കുതിരയെ നിറുത്തി. വീണ്ടും ശബ്ദം: “താഴെക്കിടക്കുന്നവ എടുത്തു കീശയിലിടൂ”. അയാൾ കുതിരപ്പുറത്തു നിന്നിറങ്ങി കുറെ കല്ലുകൾ വാരി കീശയിലിട്ടു. പിന്നെയും ആജ്ഞ: “ഇനി പൊയ്ക്കൊള്ളു”. അയാൾ യാത്ര തുടർന്നു. ഏറെദൂരം പോയപ്പോൾ ചന്ദ്രനുദിച്ചു. നിലാവിൽ, അയാൾ കീശയിലിട്ടതു വാരിയെടുത്തു നോക്കി. വിലകൂടിയ, അതിമനോഹരങ്ങളായ രത്നങ്ങൾ. അപ്പോൾ അയാൾക്കു ദുഃഖവും ആഹ്ലാദവുമുണ്ടായി. കുറെക്കൂടി കല്ലുകൾ വാരിയെടുത്തില്ലല്ലോ എന്നു വിചാരിച്ചു് സങ്കടം. അത്രയെങ്കിലും എടുത്തല്ലോ എന്നതുകൊണ്ടു് സന്തോഷം. ഈ അശ്വാരൂഢന്റെ സ്ഥിതിയിലാണു് ഞാനിപ്പോൾ. തമിഴ് സാഹിത്യത്തെ സാകല്യാവസ്ഥയിൽ കണ്ടു് അതിനെ വിശ്വസാഹിത്യമെന്നു വിളിക്കൂ. ആ വിശ്വസാഹിത്യത്തിൽ അനിഷേധ്യസ്ഥാനമുള്ള തമിഴ് ചെറുകഥാകാരൻ മൗനി യുടെ (എസ്. മണിയുടെ) ഒരു ചെറുകഥാ സമാഹാരം നൈമിത്തിക വിചാരത്താൽ ഞാൻ വാങ്ങിക്കൊണ്ടുവന്നു. പതിനൊന്നു കഥകളേ അതിലുള്ളു. ഓരോന്നും കോഹിനൂർ രത്നം പോലെ സമുജ്ജ്വലം. അവയെന്നെ ആഹ്ലാദത്തിലേക്കു എടുത്തെറിഞ്ഞു. അതേസമയം വിഷാദവും നൈരാശ്യവും. മൗനി ജീവിച്ചിരുന്ന കാലത്തു് ഏറെക്കഥകൾ എഴുതിയിരുന്നു. പ്രസിദ്ധപ്പെടുത്തിയിരുന്നു. അവയിലൊന്നുപോലും ഞാൻ കണ്ടില്ല. എന്നല്ല മഹാനായ ഈ കലാകാരന്റെ പേരുപോലും ഞാൻ കേട്ടില്ല. അദ്ദേഹം ഈ ലോകം വിട്ടു പോയതു 1985-ലാണു്. ആ മഹച്ചരമത്തിനുശേഷം പതിമ്മൂന്നു സുദീർഘ സംവത്സരങ്ങൾ കഴിഞ്ഞിട്ടാണു് ഞാൻ ആ പേരു കേൾക്കുന്നതും അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നതും. ഇപ്പോൾ ഒരോർമ്മ. തിരുവനന്തപുരത്തു നിന്നു് പ്രസിദ്ധപ്പെടുത്തിയിരുന്ന “തെക്കൻ കാറ്റു്” എന്ന പത്രത്തിന്റെ എഡിറ്റർ സഹദേവൻ എന്റെ മിത്രമായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോടു ചോദിച്ചു: “മൗനിയുടെ കഥകൾ വായിച്ചിട്ടുണ്ടോ?” “വായിച്ചിട്ടില്ല. അങ്ങനെ ഒരാളെ ഞാൻ കേട്ടിട്ടുമില്ല” എന്നായിരുന്നു എന്റെ മറുപടി. എന്റെ അജ്ഞത കണ്ടു് ആ സുഹൃത്തിനു പുച്ഛം തോന്നിയിരിക്കാം. ഇപ്പോൾ എന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ സഹദേവനില്ല. ധിഷണാശാലിയായിരുന്ന അദ്ദേഹം ഇമെർജെൻസിക്കാലത്തു് മർദ്ദനമേറ്റു് രോഗിയായി. പിന്നീടു മരിച്ചുപോകുകയും ചെയ്തു. സഹദേവൻ ഇന്നുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പുസ്തകവും കൊണ്ടു് അദ്ദേഹത്തെ കാണാൻ ഓടുമായിരുന്നു. ഓരോ കഥയുടെയും നിസ്തുലഭംഗി എടുത്തു കാണിച്ചു് ഞാനും അദ്ദേഹവും പുളക പ്രസരം അനുഭവിക്കുമായിരുന്നു. സഹദേവന്റെ ചോദ്യവും എന്റെ ഉത്തരവും എന്റെ വാർദ്ധക്യ സ്മൃതിയിൽ നിന്നു ഓടിപ്പോയതു് ഇപ്പോൾ—ഈ കഥാഗ്രന്ഥത്തിന്റെ ദർശനത്തിൽ—തിരിച്ചു വന്നിരിക്കുന്നു. പ്രശസ്തനായ കാന. സുബ്രഹ്മണ്യം മൗനിയുടെ മൗലികപ്രതിഭ കണ്ടു് ‘സാഹിത്യകാരന്മാരുടെ സാഹിത്യകാരൻ’ (Writer’s Writer) എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചു. നൂതന രൂപശില്പം നിർമ്മിക്കുകയും നവീനങ്ങളായ ഉൾക്കാഴ്ചകൾ നല്കുകയും മറ്റെഴുത്തുകാർക്കു മാർഗ്ഗനിർദ്ദേശങ്ങൾ സ്വന്തം കൃതികളിലൂടെ മൗനമായി പ്രദാനം ചെയ്യുകയും തന്നിലേക്കു് അവരെ ആകർഷിക്കുകയും ചെയ്യുന്നവനാണു് സാഹിത്യകാരന്മാരുടെ സാഹിത്യകാരൻ. മൗനിയുടെ കഥകൾ വായിക്കുക. സുബ്രഹ്മണ്യം സ്ഥൂലീകരണത്തിലോ അത്യുക്തിയിലോ വിലയം കൊണ്ടില്ല എന്നു നമുക്കു മനസ്സിലാക്കാം.
മൗനിയുടെ ‘Transformation’(മാറ്റം) എന്ന കഥയിലേക്കു നമുക്കു പോകാം. തലേദിവസം സായാഹ്നത്തിൽ മരിച്ച ഭാര്യയുടെ അടുത്തു രാത്രി മുഴുവൻ ഇരുന്ന ഭർത്താവിനെ ചിത്രീകരിക്കുകയാണു് കഥാകാരൻ.
മരണം സംഭവിച്ചയുടനെ അയാൾ വീട്ടുകാർക്കു കമ്പി സന്ദേശമയച്ചിട്ടു് ഭവനത്തിന്റെ വാതില്ക്കൽ നില്ക്കുകയാണു് കാലത്തു്. അടുത്ത വീട്ടിലെ ആരോടും അയാൾ ഒരു വാക്കു പോലും പറഞ്ഞില്ല. കാലത്തു് ഒൻപതുമണിക്കു് എത്തുന്ന തീവണ്ടിയിൽ അവർ വരും. ആരു വന്നാലെന്തു്? അതുകൊണ്ടു് എന്തു വ്യത്യാസം വരാനിരിക്കുന്നു!
പാതയിൽ നോക്കിക്കൊണ്ടു്, ആ അവസ്ഥാ വിശേഷത്തോടു അനുരഞ്ജിച്ചുകൊണ്ടു് അയാൾ നില്ക്കുകയാണു്. ഒരു കാക്ക പറന്നുവന്നു് അടുത്ത വീട്ടിന്റെ മേല്ക്കൂരയിലിരുന്നു് ഉറക്കെക്കരഞ്ഞു. “അവർ ഒൻപതു മണിക്കുള്ള തീവണ്ടിയിൽ വരും” എന്നു് ആ കരച്ചിലിലൂടെ കാക്ക പ്രഖ്യാപിച്ചു. എന്നിട്ടു് അതു പറന്നുപോയി. അയാളുടെ മുൻപിൽ ഒഴിഞ്ഞ തെരുവു മാത്രം.
കൊമ്പുകളില്ലാത്ത രണ്ടുകാളകളെ കെട്ടിയ ഒരു വണ്ടി വന്നു. വിറകു കയറ്റിയ ആ വണ്ടി മൃഗങ്ങൾ ശബ്ദരഹിതമായി വലിക്കുകയാണു്. അർദ്ധനഗ്നനായ വണ്ടിക്കാരൻ ഹയ്, ഹയ് എന്നുപറഞ്ഞു് കാളകളെ ചവിട്ടി നടത്തുകയാണു്. ആ വണ്ടിക്കാരനെന്തിനു് ഭാര്യ നഷ്ടപ്പെട്ട അയാളുടെ മുൻപിലെത്തി? കാളകൾ, തലയാട്ടുന്ന വണ്ടിക്കാരൻ, ഭാരം കൂടിയ വിറകു തുണ്ടുകൾ, കറങ്ങുന്ന ചക്രങ്ങൾ ഇവയെല്ലാം ആ ചോദ്യത്തിനു് ഉത്തരം നല്കുന്നില്ലേ? അയാളുടെ ഭാരം ആരു വലിക്കും? ഈശ്വരനോ? അതോ താൻ തന്നെയോ? അല്ലെങ്കിൽ മറ്റാരെങ്കിലുമോ?
വികസിക്കുന്ന പ്രപഞ്ചത്തിന്റെ അദ്ഭുതത്തിൽ ചേരാനായി അവൾ. അകത്തു കിടക്കുന്നു. “വണ്ടീ, പോകൂ. എന്റെ കണ്ണിന്റെ മുൻപിൽ നിന്നു പോകൂ. നീ ആ സംഭവം പ്രഖ്യാപിക്കുകയാണു്. നീ മറഞ്ഞാൽ എനിക്കു സന്തോഷമുണ്ടാകും” എന്നു അയാൾ പറഞ്ഞു. ഒരാടു് പാതയിൽ. അയാൾ അതിനെ നോക്കി. കമ്പിന്റെ രണ്ടറ്റത്തും കലങ്ങൾ തൂക്കിക്കൊണ്ടു് ഒരു മധുരക്കള്ളു വില്പനക്കാരൻ. മുൻപിൽ ഒഴിഞ്ഞ കലങ്ങൾ. അവ പാതയെ ഉരുമ്മുന്നു. ശക്തമായി ഉരുമ്മിയാൽ കലം പൊട്ടിപ്പോകും. വില്പനക്കാരൻ കലങ്ങൾക്കിടയിൽ പ്രത്യക്ഷനായി, അപ്രത്യക്ഷനായി എന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. അവൾ അവിടെ എന്തിനു് എപ്പോഴുമായി? അവൾ വീട്ടിനകത്തു കിടക്കുന്നു. അയാളുടെ മുൻപിൽ തെരുവു്.
അയാളുടെ അമ്മ വന്നു. അച്ഛനും. അമ്മ കരഞ്ഞു പറഞ്ഞു: “എന്റെ കുഞ്ഞേ ഇതു സംഭവിച്ചല്ലോ” അമ്മ അവളുടെ മേൽ വീണു് ഉറക്കെക്കരഞ്ഞു.
അടുത്തവർഷം, അയാളുടെ അമ്മ ‘സുമംഗലീപ്രാർത്ഥന’ നടത്തി. ഉച്ചവരെ അവർ നനഞ്ഞ സാരിയോടുകൂടി നിന്നു. വളരെനേരം അവർ വിലപിച്ചു. തലേവർഷം ജനിച്ച പശുക്കുട്ടിയെ അവർ തന്നോടു ചേർത്തു പിടിച്ചു.
അയാൾ പട്ടണത്തിലെ ഓഫീസിൽ കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ജന്നലിൽക്കൂടി നോക്കിയപ്പോൾ ഒരു മരം കണ്ടു അയാൾ. അതിന്റെ മുകളിലായി ഒരു ചെറിയ മേഘം. അതു ഉയർന്നു. അപ്രത്യക്ഷമായി. തേങ്ങിക്കൊണ്ടു് അയാൾ എഴുതി. “ഞാനെഴുതുമ്പോൾ വിധിക്കു മാറ്റം വരുത്തുന്നുണ്ടോ? ഇല്ല. ഞാനെഴുതുന്നതു തന്നെയാണു് എന്റെ വിധി”
കഥ പര്യവസാനത്തിലായി. മരണം ശക്തമാണു്. ഇക്കഥ മരണത്തെക്കാൾ നൂറുമടങ്ങു് ശക്തം. ‘ജീവിതം പോലെ രണ്ടറ്റവും കാണാത്ത വഴിയിൽ’ തനിച്ചു നില്ക്കുന്ന അയാൾ മരണത്തിന്റെ അനിവാര്യസ്വഭാവത്തെ ശാന്തനായി സ്വീകരിക്കുന്നു എന്നതാണു് ഇക്കഥയിലെ പ്രമേയം. കാക്ക പറന്നകലുന്നതുപോലെ. കാളവണ്ടി ചലനം കൊണ്ടു് അപ്രത്യക്ഷമാകുന്നതുപോലെ, മധുരക്കള്ളു വില്പനക്കാരൻ കണ്ണിന്റെ മുൻപിൽ നിന്നു മറയുന്നതുപോലെ അയാളുടെ ഭാര്യയും മറഞ്ഞു. എല്ലാക്കാലത്തേക്കുമായി. ആ അപ്രത്യക്ഷമാകലിനെ വാങ്മയ ചിത്രങ്ങളിലൂടെ പ്രദർശിപ്പിച്ചു് വിധിയുടെ അപ്രതിരോദ്ധ്യതയെ സമുന്നതനായ കലാകാരനു മാത്രം കഴിയുന്ന മട്ടിൽ പ്രകാശിപ്പിക്കുകയാണു് മൗനി എന്ന കഥാകാരൻ. എത്ര വിദഗ്ദ്ധമായിട്ടാണു് അദ്ദേഹം ശൂന്യതയെ—വിവിക്തതയെ—ചിത്രീകരിക്കുന്നതെന്നു് അറിയണമെങ്കിൽ മൂലകഥ (ഇംഗ്ലീഷ് തർജ്ജമ) തന്നെ വായിക്കണം.
മരണമെന്ന സംഭവത്തിനു് എത്രയെത്ര വിശദാംശങ്ങളുണ്ടു്! അവയെ മൗനി ഒഴിവാക്കുന്നു എന്നു മാത്രമല്ല പറയേണ്ടതു്. മരണസംഭവത്തെ നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവന്നു് ഒറ്റശ്ശലാകയാക്കി മാറ്റുന്നു അദ്ദേഹം. അതു കലയുടെ പ്രകാശമേറ്റു തിളങ്ങുന്നു. ആ തിളക്കം വായനക്കാർക്കു മരണമെന്ന ക്രൂരസംഭവത്തിന്റെ തീക്ഷണതമമായ അവബോധമുളവാക്കുന്നു. ടോൾസ്റ്റോയിയുടെ The Death of Ivan llych എന്ന ദീർഘമായ കഥയാണു് വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടമായ “മരണകഥ”. മൗനിയുടെ ഈ കൊച്ചുകഥ ഈശ്വരസദൃശനായ ടോൾസ്റ്റോയിയുടെ കലാശില്പത്തിനു അതിന്റേതായ രീതിയിൽ സാദൃശ്യം ആവഹിക്കുന്നു.
ഇതുപോലെ മറ്റുകഥകളും മാസ്റ്റർപീസുകളാണു്. അവയിൽ ഒന്നിനെക്കുറിച്ചുകൂടി എഴുതിയാൽ കൊള്ളാമെന്നുണ്ടു് എനിക്കു്. സ്ഥലക്കുറവുകൊണ്ടു് ആ ആഗ്രഹം അടക്കി വക്കേണ്ടിയിരിക്കുന്നു. ഒന്നേ എനിക്കു വായനക്കാരോടു പറയാനുള്ളു. മൗനിയുടെ ചെറുകഥകൾ വായിക്കൂ. മഹത്തമമായ കല എന്താണെന്നു് ഗ്രഹിക്കൂ. (Short Stories, Mauni, A Writer’s Writer, Translated by Lakshmi Holmstrom—Katha Classics, Rs. 200.)
പൂവു അന്യൂനാവസ്ഥയിലെത്തുന്നതു് അതു ഫലമായിത്തീരുമ്പോഴാണെന്നും അതിനു മുൻപു് അതു അഹങ്കരിക്കുന്നുവെന്നും ടാഗോർ പറഞ്ഞിട്ടുണ്ടു്. കായാകാത്ത അഹങ്കരിക്കുന്ന പൂക്കളാണു് നമ്മുടെ പല കവികളും. ചിലരുണ്ടു് exceptions ആയി.
കഥാഗ്രന്ഥത്തിൽ നിന്നു കിട്ടിയ വിവരങ്ങൾ. മൗനി (എസ്. മണി) തഞ്ചാവൂർ ജില്ലയിലെ ശെമ്മാംകുടി ഗ്രാമത്തിൽ 1907 ജൂലൈ 27-നു് ജനിച്ചു. കുംഭകോണത്തു് വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ഡിഗ്രി. വിവാഹത്തിനുശേഷം 14 കൊല്ലം കുംഭകോണത്തു താമസിച്ചു. 1943-ൽ ചിദംബരത്തേക്കു മാറി. നാലു പുത്രന്മാരും ഒരു പുത്രിയും. അപകടത്തിൽപ്പെട്ടു രണ്ടാൺമക്കൾ മരിച്ചു. ഫിലോസഫിയിൽ ഒരു ഡിഗ്രി കൂടെയെടുത്തു അദ്ദേഹം. അതിനുശേഷം ഒരു മകനു ഉന്മാദമുണ്ടായി. 1985 ജൂൺ ആറാം തീയതി മൗനി മരിച്ചു. കാഫ്ക, ബോർഹെസ്, മ്യൂസിൽ ഇവരാണ് മൗനിക്കു പ്രിയപ്പെട്ട സാഹിത്യകാരന്മാർ.
ചോദ്യം: സർഗ്ഗപ്രക്രിയയും നിരൂപണ പ്രക്രിയയും ഒന്നാണെന്ന മതത്തെക്കൂറിച്ചു് നിങ്ങൾ എന്തു പറയുന്നു?
ഉത്തരം: ആശാരി കട്ടിലുണ്ടാക്കുമ്പോൾ കട്ടിലെന്ന പ്രാഥമികാശയത്തിന്റെ പകർപ്പാണു് അതെന്നു പ്ളേറ്റോ പറയുന്നു. ആശാരിയുടെ കട്ടിൽ അങ്ങനെ സത്യത്തിൽ നിന്നു് അകലുന്നു. ആശാരിയുടെ കട്ടിൽ കണ്ടു് ചിത്രകാരൻ അതിന്റെ ചിത്രമെഴുതുമ്പോൾ സത്യത്തിൽ നിന്നു പിന്നെയുമകന്നു. ഇങ്ങനെ ചിത്രകാരന്റെ ചിത്രം സത്യത്തിൽ നിന്നു് രണ്ടുതവണ മാറി നില്ക്കുകയാണു. ചിത്രം കാണുന്ന നിരൂപകനു് ഉണ്ടാകുന്ന അനുഭൂതികൾ അയാൾ ആവിഷ്കരിക്കുമ്പോൾ ആ അനുഭൂതികളെ അതേരീതിയിൽ—സമ്പൂർണ്ണമായി—ആവിഷ്കരിക്കാൻ ഭാഷയുടെ പരിമിതികൾ സമ്മതിക്കില്ല. അതിനാൽ നിരൂപകന്റെ പ്രബന്ധം പിന്നെയും സത്യത്തിൽ നിന്നു് അകലുന്നു. വായനക്കാരൻ ആ പ്രബന്ധം വായിക്കുമ്പോൾ നിരൂപകൻ പറഞ്ഞതു മുഴുവൻ ഗ്രഹിക്കുന്നില്ല. അയാളുടെ ഗ്രഹിക്കൽ ഭാഗികമായതുകൊണ്ടു സത്യത്തിൽ നിന്നു് വീണ്ടും അകല്ച്ചയുണ്ടാകുന്നു. നിരൂപണം വായിക്കുന്ന ആൾ സത്യത്തിൽ നിന്നു പലതവണ മാറിയ കാര്യമാണു ഗ്രഹിക്കുക. സന്തായാനയുടെ ഒരു പ്രയോഗം ഓർമ്മയിലെത്തുന്നു. തേയിലയിൽ തിളച്ചവെള്ളം ഒഴിക്കുമ്പോൾ കടുപ്പം കൂടിയ ചായ ഉണ്ടാകുന്നു. അതേ തേയിലയിൽ വീണ്ടും ചൂടുവെള്ളം ഒഴിക്കുമ്പോൾ കടുപ്പം കുറഞ്ഞ ചായ. മൂന്നാമത്തെ തവണ ചൂടുവെള്ളം ഒഴിക്കുമ്പോൾ ചായയുടെ കടുപ്പം വളരെക്കുറഞ്ഞു. നിരൂപണം തീരെക്കടുപ്പമില്ലാത്ത ചായയാണു്. വേറൊരുതരത്തിൽ പറയാം. സർഗ്ഗപ്രക്രിയ കർത്തൃനിഷ്ഠമാണു്. നിരൂപണം വസ്തുനിഷ്ഠവും. രണ്ടും രണ്ടു പ്രക്രിയകൾ. ലോകസാഹിത്യം നോക്കൂ. കവിയായ ഷേക്സ്പിയറിനെക്കാൾ വലിയ ക്രിട്ടിക് ഉണ്ടോ? കോൾറിജ്ജ് എന്ന നിരൂപകനു് കോൾറിജ്ജ് എന്ന കവിയുടെ അടുത്തെത്താൻ കഴിയുമോ? വള്ളത്തോളിന്റെ ‘മഗ്ദലനമറിയ’മാണോ ശ്രേഷ്ടം. അതോ മുണ്ടശ്ശേരിയുടെ ‘മറ്റൊലി’യോ? സർഗ്ഗപ്രക്രിയയും നിരൂപണ പ്രക്രിയയും ഒന്നാണെന്ന വാദം അത്രകണ്ടു ശരിയല്ല.
ചോദ്യം: നമ്മുടെ കവികളെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?
ഉത്തരം: പൂവു് അന്യൂനാവസ്ഥയിലെത്തുന്നതു് അതു ഫലമായിത്തീരുമ്പോഴാണെന്നും അതിനു മുൻപു് അതു് അഹങ്കരിക്കുന്നുവെന്നും ടാഗോർ പറഞ്ഞിട്ടുണ്ടു്. കായാകാത്ത അഹങ്കരിക്കുന്ന പൂക്കളാണു് നമ്മുടെ പല കവികളും. ചിലരുണ്ടു് exceptions ആയി.
ചോദ്യം: കുട്ടികൃഷ്ണമാരാർ വലിയ നിരൂപകനാണോ?
ഉത്തരം: അല്ലേയല്ല. അദ്ദേഹം ഏതു കൃതി കണ്ടാലും സന്മാർഗ്ഗത്തെ അവലംബിച്ചു് വിലയിരുത്തൽ നടത്തും. സന്മാർഗ്ഗം നിരൂപണത്തിൽ കടന്നു വരുമ്പോൾ സൗന്ദര്യം ഓടിയൊളിക്കും.
ചോദ്യം: നിങ്ങൾ ഈ കോളം എന്നു നിറുത്തും?
ഉത്തരം: വൃത്താകൃതിയിലുള്ള പാതയാണു് ഇതു്. ഈ പാതയുടെ രണ്ടുവശങ്ങളിലും പടിഞ്ഞാറൻ കൃതികളെന്ന പനിനീർപ്പൂക്കൾ വിടർന്നു നില്ക്കുന്നു. അവയുടെ പരിമളവും സൗന്ദര്യവും ആസ്വദിച്ചു ഞാൻ ചാക്രിയമായി നടന്നുകൊണ്ടിരിക്കുന്നു. ആ അനവരത പ്രക്രിയയ്ക്കു് അന്ത്യമില്ല.
ചോദ്യം: വിമർശനത്തിൽ സാഹിത്യകാരന്മാർ കോപിക്കുന്നതെന്തുകൊണ്ടു്?
ഉത്തരം: തങ്ങളുടെ ജീനിയസ്സിൽ ഉറച്ച വിശ്വാസമുള്ളവർ കോപിക്കില്ല. മുണ്ടശ്ശേരി നാടായ നാടുകളിലൊക്കെ വള്ളത്തോളിനെതിരായി പ്രസംഗിച്ചിട്ടും കടലാസായ കടലാസുകളിലൊക്കെ എഴുതിയിട്ടും മഹാകവി കോപിച്ചില്ല.
ചോദ്യം: നിങ്ങൾക്കു ഏതു നാദമാണു് ഇഷ്ടം?
ഉത്തരം: പണ്ടു തിരുവനന്തപുരത്തെ ശംഖുംമൂഖം കടപ്പുറത്തേക്കുള്ള ചെമ്മണ്ണു നിറഞ്ഞ പാതയുടെ ഇരുവശങ്ങളിലും കാറ്റാടി മരങ്ങൾ ഉണ്ടായിരുന്നു. അതിന്റെ കമ്പി പോലുള്ള ഇലകൾക്കിടയിലൂടെ കടൽക്കാറ്റു് ചൂളം വിളിച്ചുകൊണ്ടു കടന്നു പോകും. ആ നാദം കേൾക്കൻ ഞാൻ അവിടെച്ചെന്നു നില്ക്കുമായിരുന്നു. സമീകരിച്ചു പറയുകയില്ല. ജാപ്പനീസ് ഫിലിം സംവിധായകൻ അക്കീറ കു അറസാവയുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടു് അദ്ദേഹം താമരപ്പൂക്കൾ വിടരുന്ന ശബ്ദം കേൾക്കാനായി പൊയ്കയുടെ തീരത്തു് ചെന്നു നിന്നിട്ടുണ്ടെന്നു്.
കുട്ടികൃഷ്ണമാരാർ വലിയ നിരൂപകനാണോ? അല്ലേയല്ല. അദ്ദേഹം ഏതു കൃതി കണ്ടാലും സന്മാർഗ്ഗത്തെ അവലംബിച്ചു് വിലയിരുത്തൽ നടത്തും. സന്മാർഗ്ഗം നിരൂപണത്തിൽ കടന്നു വരുമ്പോൾ സൗന്ദര്യം ഓടിയൊളിക്കും.
ഇതെഴുതുന്ന ആൾ എറണാകുളത്തു് സർക്കാർ ജോലി ചെയ്തിരുന്ന കാലം. വെള്ളിയാഴ്ച തോറും എക്സ്പ്രസ് ബസ്സിൽ കയറി തിരുവനന്തപുരത്തേക്കു പോരും. എറണാകുളം ബസ് സ്റ്റേഷനിൽ നിന്നു യാത്ര തുടങ്ങി ഏതാനും നാഴിക സഞ്ചരിച്ചു കഴിയുമ്പോൾ ദീർഘതയുള്ള പാലത്തിലെത്തും. ബസ്സിലിരുന്നുകൊണ്ടു് താഴത്തേക്കു നോക്കിയാൽ നീലജലം. അതിൽ കൊച്ചു കൊച്ചു തിരകൾ. എടുത്തങ്ങു് ചാടിയാലോ? എന്തൊരാഹ്ലാദമായിരിക്കും? നൂലിട്ടാൽ എത്താത്ത താഴ്ചയാണു് ആ ജലത്തിനുള്ളതെന്നു് എനിക്കു് ഓർമ്മിക്കാൻ സാധിക്കുന്നില്ല. ജലത്തിന്റെ ഉപരിതലം അത്രയ്ക്കു ആകർഷകമാണു്. പക്ഷേ ചാടുന്നതിനു മുൻപു് ബസ്സ് പാലം കടന്നിരിക്കും. ആപത്തുണ്ടാക്കുന്നതിനെല്ലാം ആകർഷകമായ ഉപരിതലം അല്ലെങ്കിൽ ബാഹ്യതലം ഉണ്ടായിരിക്കും. ഇതുകൊണ്ടല്ലേ വിനോദ സഞ്ചാരത്തിനു പോകുന്ന കുട്ടികൾ മുങ്ങിമരിക്കാൻ ഇടയാവുന്നതു്. നീലജലവും നീലത്തിരകളും അവരെ ആകർഷിക്കുന്നു. മരണമാണു് ആ മനോഹാരിതയുടെ അടിയിലുള്ളതെന്നു് ഓർമ്മിക്കാതെ ജലത്തിലേക്കു ചാടുന്നു കുട്ടികൾ. അന്തർപ്രവാഹം അവരെ പിടിച്ചു താഴ്ത്തുന്നു. ചെറുപ്പക്കാരൻ രാജരഥ്യയിലൂടെ നടക്കുന്നു. തുടുത്ത കവിളുകളുള്ള ചെറുപ്പക്കാരി എതിരേ വരുന്നു. ആ കവിളിൽ സ്പർശിക്കാതെ പോകുന്നതെങ്ങനെ? സ്പർശിക്കുന്നു. തെല്ലകലെ പിറകിലായി വരുന്ന അവളുടെ ഭർത്താവു അയാളെ പൊലീസ് ഭാഷയിൽ ‘പെരുമാറി’ വിടുന്നു. പിന്നെ മുഖത്തിന്റെ കോട്ടം തീർക്കാനായീ ധാന്വന്തരം കുഴമ്പു വാങ്ങാൻ യുവാവു ഓടുന്നു. വർഷങ്ങൾക്കു മുൻപു ഞാൻ ഒരു വ്യവസായ കേന്ദ്രത്തിൽ ചെന്നു. കതകിൽ Wet paint. Don’t touch എന്നെഴുതിയ തീരെച്ചെറിയ ബോർഡുണ്ടു്. എങ്കിലും ആ ചുവന്ന ചായത്തിൽ തൊടാതിരിക്കുന്നതെങ്ങനെ? തൊട്ടു. വിരലിന്റെ അഗ്രമാകെ ചുവന്ന ചായം. അതു വിരലിൽ നിന്നു കളയാൻ വേണ്ടി കാലുയർത്തി ചെരുപ്പിന്റെ അടിഭാഗത്തു തേച്ചു. പെയിന്റ് പറ്റിയ ഭാഗം മണലുമായി സ്പർശിച്ചു് ഒട്ടിപ്പിടിക്കുന്നു. വിരലിലെ ചായം പോയതുമില്ല. മുണ്ടിന്റെ ഒരറ്റം കൊണ്ടു് വിരൽ തുടച്ചു. അവിടമാകെ ചുവപ്പുനിറം. മറ്റുള്ളവർ തുറിച്ചു നോക്കുന്നു. ചെരിപ്പു് തറയിൽ തൊട്ടാൽ അതു വലിച്ചെടുക്കാൻ പാടുപെടുന്നു. മാന്യവായനക്കാരേ ഉപരിതലത്തിലെ സൗന്ദര്യം കണ്ടു് വഞ്ചിക്കപ്പെടല്ലേ. അതിന്റെയെല്ലാം അടിയിൽ ആപത്തുണ്ടു്.

ബസ്സിൽ പ്രായം കൂടിയ തന്തയും പ്രായം നന്നേക്കുറഞ്ഞ മകളും സഞ്ചരിക്കുന്നു. അവർക്കു രാത്രിയിൽ എവിടെയെങ്കിലും തങ്ങണം. സ്ഥലപരിചയമില്ലാത്ത അവരെ ഒരുത്തൻ പറ്റിച്ചതായി അയാൾ തന്നെ കൂട്ടുകാരോടു പറഞ്ഞു. അപ്പോൾ കൂട്ടുകാർ പൊട്ടിച്ചിരിച്ചു. ആ കൊലച്ചിരി കേട്ട ആഖ്യാതാവ് താൻ നേരത്തെക്കണ്ട മാരകായുധങ്ങളെ ഓർത്തു. അവയിൽ ഒന്നെടുത്തു് ചിരിക്കുന്നവരുടെ കുടൽമാല വലിച്ചെടുക്കാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ അതു വെറും ആഗ്രഹം. സഫലീഭവിക്കാത്ത ആശ. പെൺകുട്ടിയുടെ ആകർഷകത്വത്തിൽ സെക്സ് ഇന്ററസ്റ്റ് ഉണ്ടായ ഒരുത്തൻ ഫലശൂന്യമാണു് അതെന്നുകണ്ടു് അവളെ ആപത്തിലേക്കു തള്ളിവിട്ടതാകാം. സെക്സ് ആകർഷകം. പക്ഷേ അതിൽ ആപത്തു്. അല്ലെങ്കിൽ സംഭവവിവരണം വെറും ഫാന്റസിയാകാം. എന്തായാലും അതുകേട്ടവനു ഉണ്ടാകുന്ന സന്മാർഗ്ഗബോധത്തിനു പ്രാധാന്യമുണ്ടു്. താൻ മുൻപു കണ്ട കത്തികളിലേക്കു അയാളെ നയിച്ചതും ആ സന്മാർഗ്ഗബോധം തന്നെ. പക്ഷേ സന്മാർഗ്ഗബോധമുണ്ടായാൽ അതങ്ങു് മസ്തിഷ്കത്തിൽ വച്ചുകൊണ്ടിരിക്കാനേ ഈ ലോകത്തു സാധിക്കൂ. അതനുസരിച്ച് പ്രവർത്തിക്കാൻ ഒരുത്തനും കഴിയുകയില്ലെന്നു് ഇക്കഥയെഴുതിയ ശ്രീ. സുഭാഷ് ചന്ദ്രൻ അഭിവ്യഞ്ജിപ്പിക്കുന്നു. ഭേദപ്പെട്ട കഥയാണിതു്. (സന്മാർഗ്ഗം എന്ന പേരിലുള്ള കഥ ‘ഭാഷാപോഷിണി’ യുടെ ഒക്ടോബർ ലക്കത്തിൽ)

നോവലിന്റെ സീമകളെ ബഹുദൂരം വികസിപ്പിച്ച മഹാനായ നോവലിസ്റ്റാണു് ഷൂസേ സാരാമാഗു. നോബൽ സമ്മാനം കിട്ടിയതുകൊണ്ടു് അദ്ദേഹം ഒട്ടും ഉയർന്നില്ല: മഹത്ത്വമാർജ്ജിച്ചില്ല. നോബൽസ്സമ്മാനത്തിനും അതിന്റെ ദാതാക്കൾക്കുമാണ് ഇതോടെ ഉത്കൃഷ്ടത ലഭിച്ചിരിക്കുന്നത്. റ്റോണി മോറിസണും ഷീമസ് ഹീനി ക്കും ദാര്യോ ഫോ ക്കും സമ്മാനം കൊടുത്തു അപകൃഷ്ടതയിലേക്കു ചെന്ന സീഡ്വിഷ് അക്കാഡമി സാരാമാഗുവിനു സമ്മാനം നല്കി അന്തസ്സു വീണ്ടെടുത്തിരിക്കുന്നു. ലോക നോവൽ സാഹിത്യത്തിലെ അഞ്ചു കൃതികളെടുത്താൽ സാരാമാഗുവിന്റെ ‘Blindness’ എന്ന നോവലിനു അതിൽ സ്ഥാനമുണ്ടായിരിക്കും. ഈ കലാശില്പത്തെക്കുറിച്ചു ഹ്രസ്വമെങ്കിലും അന്തരംഗസ്പർശിയായ ലേഖനം ശ്രീ. ബാബു ജോസഫ് എഴുതിയിരിക്കുന്നു (മലയാളം വാരിക) ഷുമാഹറിന്റെ Small is beautiful എന്ന പ്രസ്താവം ഞാൻ ഓർമ്മിച്ചുപോയി. ഈ ലേഖനം വായിച്ചപ്പോൾ.

ഐറിസ് മർഡോക്കിന്റെ പ്രശംസാവചനങ്ങൾ കവറിൽ അച്ചടിച്ചു കണ്ടതുകൊണ്ടു് ഞാൻ പുസ്തകക്കടയിൽ നിന്നു ഒരു നോവൽ വാങ്ങിച്ചു. ഗ്രന്ഥകാരൻ ഈല്യാസ് കനേറ്റി. നോവലിന്റെ പേരു ‘ഒറ്റോ ദാ ഫേ.’ അതു വായിച്ചു വിസ്മയാധീനനായ ഞാൻ ആ നോവലിസ്റ്റിനു നോബൽ സമ്മാനം കൊടുക്കേണ്ടതാണെന്നു് എഴുതി. രണ്ടുമാസം കഴിഞ്ഞില്ല. അതിനു മുൻപു അദ്ദേഹത്തിനും നോബൽസ്സമ്മാനം കിട്ടി. ഈ ദീർഘദർശനം അല്പജ്ഞനായ എന്റെ മൂല്യനിർണ്ണയങ്ങൾ തെറ്റല്ല എന്നു തെളിയിക്കുന്നു. ഇതിനെ ഭംഗ്യന്തരേണ ശ്രീ. വേണുനായർ സൂചിപ്പിക്കുന്നു. വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ ലേഖനത്തിൽ (മലയാളം വാരിക) ശ്രീ. വി. എം. വിനയകുമാർ സാരാമാഗുവിന്റെ വേറൊരു നോവലിനെക്കുറിച്ചാണു എഴുതുന്നതു്. അതും നന്നായി (ലേഖനം മലയാളം വാരികയിൽ).

2. സി. ഇ. എം. ജോഡ് എന്ന തത്വചിന്തകൻ ഒരിടത്തു നിൽക്കുകയായിരുന്നു. അപ്പോൾ ഒരുത്തൻ അടുത്തെത്തി അദ്ദേഹത്തോടു ചോദിച്ചു. ‘Sir do you want dirty post cards—in all positions. വൃത്തികെട്ട പോസ്റ്റ് കാർഡ് വിൽക്കുന്നവനു സ്ഥലം പാവനമാണോ, അല്ലയോ എന്ന നോട്ടമില്ല. തികച്ചും വിശുദ്ധമായ സാഹിത്യത്തിന്റെ മണ്ഡലത്തിൽ പല പൊസിഷനിലുള്ള പടങ്ങൾ വിൽക്കാനായി ചിലർ ഇറങ്ങിയിരിക്കുന്നു. ഏറെയാളുകൾ അവ വാങ്ങും. വിവേകമുള്ളവർ പടങ്ങൾ വേണ്ടെന്നു പറഞ്ഞാൽ വില്പനക്കാരൻ അയാളുടെ ‘തന്തയ്ക്കും തള്ളയ്ക്കും’ പറയും. ഈ പുലഭ്യം പറച്ചിൽ കേരളത്തിൽ കൂടികൂടി വരികയാണു്.
വിമർശനത്തിൽ സാഹിത്യകാരന്മാർ കോപിക്കുന്നതെന്തുകൊണ്ടു്? തങ്ങളുടെ ജീനിയസ്സിൽ ഉറച്ച വിശ്വാസമുള്ളവർ കോപിക്കില്ല. മുണ്ടശ്ശേരി നാടായ നാടുകളിലൊക്കെ വള്ളത്തോളിനെതിരായി പ്രസംഗിച്ചിട്ടും കടലാസായ കടലാസുകളിലൊക്കെ എഴുതിയിട്ടും മഹാകവി കോപിച്ചില്ല.
“കലയുടെ ഉള്ളടക്കം എന്തു് എന്നതു പരിഗണനാർഹമല്ല. മഹനീയമായ കല നിങ്ങളുടെ ഇച്ഛാശക്തിക്കു എതിരായി നിങ്ങളെ കടന്നു പിടിക്കുകയും ഇച്ഛാശക്തിയെ തടഞ്ഞു വയ്ക്കുകയും ചെയ്യുന്നു. ആഗ്രഹമില്ലാത്ത, ഗ്രസനമില്ലാത്ത, അഹംബോധമില്ലാത്ത, ആത്മസങ്കോചമില്ലാത്ത ശാന്തമായ, സ്വച്ഛമായ സ്ഥലത്തേക്കു അതു് ആനയിക്കുന്നു. നിങ്ങളുടെ ബോധത്തിന്റെ ആ സ്വച്ഛ സ്ഥലത്തിലൂടെ സമുന്നത സത്യങ്ങളും അതിസൂക്ഷ്മാവിഷ്കാരങ്ങളും അഗാധബന്ധങ്ങളും സ്ഫുരിച്ചെന്നുവരും. ഒരു നിമിഷത്തേക്കു നിങ്ങൾ നിത്യതയെ സ്പർശിച്ചെന്നു വരും.” മഹാനായ ചിന്തകൻ കെൻ വിൽബർ പറഞ്ഞതാണിതു്. വേറൊരിടത്തു് അദ്ദേഹം മഹനീയമായ കലയ്ക്കു സർവാതിശായിത്വമുണ്ടെന്നും പറഞ്ഞിട്ടുണ്ടു്. നമ്മൾ സുന്ദരമായ വസ്തുവിനെ നോക്കുമ്പോൾ മറ്റെല്ലാ പ്രവർത്തനങ്ങളെയും വിലക്കുന്നു. ആ വസ്തുവിനെക്കുറിച്ചു അനുധ്യാനം നടത്താനേ നമുക്കാഗ്രഹമുള്ളു. ഈ അനുധ്യാനാവസ്ഥയിലിരിക്കുന്ന നമുക്കു് ആ വസ്തുവിൽ നിന്നു വേറൊന്നും വേണ്ട. ആ അനുധ്യാനം അവസാനിക്കണമെന്നും നമുക്കു വിചാരമില്ല.

കലാസൃഷ്ടി അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു നമ്മളെ നയിക്കണമെന്നു ബേനോദേത്തോ ക്രോചെ പറഞ്ഞതും കെൻ വിൽബർ പറഞ്ഞതും തമ്മിൽ വ്യത്യാസമില്ല. ഈ അനുഭവം സാദത്ത് ഹസൻ മന്തോയുടെ ഒരു കഥയും ജനിപ്പിക്കുന്നില്ല. ഇന്ത്യയുടെ വിഭജനത്തെത്തുടർന്നുണ്ടായ രക്തപ്രവാഹത്തെ അദ്ദേഹം വർണ്ണിക്കുമ്പോൾ നമ്മൾ കരയും, ഞെട്ടും, ക്ഷോഭിക്കും. പക്ഷേ കരച്ചിലിനും ഞെട്ടലിനും ക്ഷോഭിക്കലിനും കലയോടു ബന്ധമൊന്നുമില്ല. അനുധ്യാനത്തിന്റെ പ്രശാന്തതയുളവാക്കാതെ, ഭാരതീയാലങ്കാരികൻ പറയുന്ന വിശ്രാന്തി നല്കാതെ അദ്ദേഹത്തിന്റെ രചനകൾ നമ്മളെ ചിത്തോദ്വേഗത്തിലേക്കു എറിയുന്നു. ചിത്തോദ്വേഗത്തിനു കലാസൗന്ദര്യവുമായി ബന്ധമില്ല.

ഈ ആഴ്ചത്തെ ‘മാധ്യമം’ വാരികയിൽ അദ്ദേഹത്തിന്റെ ഒരു കഥ തർജ്ജമ ചെയ്തു ചേർത്തിട്ടുണ്ടു്. (ഭാഷാന്തരീകരണം ശ്രീ. കെ. അരവിന്ദാക്ഷന്റേതു്) നമ്മുടെ മനസ്സിൽ കോപോദ്ദീപനമുണ്ടാകുന്നു. ലഹളകളിൽ മകൾ നഷ്ടപ്പെട്ടു പോയതുകൊണ്ടു് മഹാദുഃഖത്തോടെ പരക്കം പായുന്ന അച്ഛന്റെ അവസ്ഥ നമ്മളെ വിഷാദിപ്പിക്കുന്നു. പക്ഷേ ഈ വികാരങ്ങൾക്കു് ‘ഈസ്തെറ്റിക്’ മൂല്യമില്ല. ചിരിക്കും കണ്ണീരിനും ‘ഈസ്തെറ്റിക് വാല്യൂ’ ഇല്ലെന്നു ഒർടേഗാ ഈ ഗാസറ്റ് പറഞ്ഞതും ഓർമ്മിക്കുക. കലയുടെ മൂല്യമുണ്ടാകണമെങ്കിൽ ഈ വികാരങ്ങളുടെ ലൗകികാംശം തേഞ്ഞുമാഞ്ഞു് അവ ഭാവാനുഭൂതിയോ രസാനുഭൂതിയോ ജനിപ്പിക്കണം. മന്തോയുടെ സ്നേഹാർദ്രമായ മനസ്സിന്റെ മുൻപിൽ, മനുഷ്യത്വത്തിന്റെ മുൻപിൽ ഞാൻ തലകുനിച്ചു നിൽക്കുന്നു. കലയുടെ മുൻപിൽ അവനത ശിരസ്കനായി നില്ക്കാൻ എനിക്കു കഴിയുന്നില്ല.

ഞാൻ ജന്നൽ തുറന്നിട്ടു രാത്രി മുഴുവൻ ഉറങ്ങിയതു നന്നായി. ഉണർന്നെഴുന്നേറ്റപ്പോൾ ജന്നലിന്റെ കമ്പികൾക്കിടയിലൂടെ ഒരു പനിനീർപ്പൂവു് എത്തിനോക്കുന്നു. അതോടെ ഹൃദ്യമായ പരിമളം മുറിയിലാകെ വ്യാപിച്ചു. ഈ ആഹ്ലാദാനുഭൂതി മാറാൻ സമയം അധികം വേണ്ടിവന്നില്ല. എന്റെ നാടിന്റെ സന്മാർഗ്ഗത്തിനു വന്നിരിക്കുന്ന ഭ്രംശം ഞാൻ ഓർമ്മിക്കുകയുണ്ടായി. ആ ദുഃഖത്തിൽ നിന്നു മോചനം നേടാനായി തൊട്ടടുത്തു കിടന്ന Frontline മാസിക തുറന്നു ഒരു ബർമ്മീസ് കഥ വായിച്ചു. കഥ Thein Pe Myint എഴുതിയതു്. ഇംഗ്ലീഷ് തർജ്ജിമ ശ്രീമതി ഉഷാനാരായണന്റേതു്. ബർമ്മയിലും സമൂഹത്തിൽ സാന്മാർഗ്ഗിക ഭ്രംശം. ക്യൂവിൽ നിന്നു സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കു ഒരു സുന്ദരിപ്പെണ്ണു് അവ വാങ്ങി വീട്ടിൽ കൊണ്ടുപോയിക്കൊടുത്തു പണം വാങ്ങുന്നു. നിയമവിരുദ്ധമായ ഏർപ്പാടു്. അവളക്കണ്ടു നേരിയ തോതിൽ ലൈംഗികാഭിലാഷമുണ്ടാകുന്ന ഒരഭിഭാഷകൻ അവിടത്തെ പുരുഷന്മാരുടെ ശാശ്വത പ്രതീകം. ജിജ്ഞാസയേയുള്ളു തനിക്കെന്നു അയാൾ റിക്ഷാക്കാരനോടു പറയുന്നുവെങ്കിലും അവൾ പതിവായി കാത്തുനില്ക്കുന്ന സ്ഥലം കാണുമ്പോൾ അവൾ അവിടെയില്ലെങ്കിലും അയാൾക്കു എന്തോ ഒരു കൗതുകം. ബർമ്മീസ് സമുദായത്തിന്റെ പരിച്ഛേദമാണു് ഇക്കഥ. മനോഹരമായ ഇംഗ്ലീഷിൽ ഉഷാനാരായണൻ ഇതു തർജ്ജിമ ചെയ്തിരിക്കുന്നു.