സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-11-06-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: വിമർശകർ ടി. പി. കിഷോറിന്റെ കഥകളെ ക്രൂരമായി കടിച്ചു കീറാനും തമസ്കരിക്കാനും ശ്രമിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നില്ലെന്നു് പ്രഭാവർമ്മ പറയുന്നു. നിങ്ങളെ ഉദ്ദേശിച്ചാണോ ആ പ്രസ്താവം?

ഉത്തരം: അല്ല. ഞാൻ കിഷോറിന്റെ കഥകളെ വിമർശിച്ചിട്ടേയില്ല. എനിക്കു അദ്ദേഹത്തോടു ബഹുമാനമായിരുന്നു. ഒരിക്കൽ ഒരു ജോലി തേടി അദ്ദേഹം ഇന്റർവ്യൂവിനു വന്നു. ചോദ്യം ചോദിക്കുന്നു മൂന്നുപേരിൽ ഒരാളായിരുന്നു ഞാൻ. ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ആദ്ദേഹം ബുദ്ധി വൈഭവം പ്രകടിപ്പിച്ചുകൊണ്ടു് ഉത്തരങ്ങൾ നല്കി. കിഷോറിന്റെ പ്രജ്ഞയുടെ തിളക്കം കണ്ടു് ഞാൻ അദ്ഭുതപ്പെട്ടു. ആ യുവാവിനെ ജോലിക്കു നിയമിക്കണമെന്നു് ഞാൻ പത്രാധിപരോടു പറഞ്ഞപ്പോൾ ‘സാർ ഇയാൾ അസാധാരണനായ ബുദ്ധിമാനാണു്. നിയമിച്ചാൽ വേറെ നല്ല ജോലി കിട്ടുമ്പോൾ പൊയ്ക്കളയും. പിന്നെയും നമുക്കു് ഇന്റർവ്യു നടത്തേണ്ടിവരും. അതുകൊണ്ടു് കിഷോർ വേണ്ട’ എന്നു പറഞ്ഞു. കിഷോറിനു് പകരം മലയാളം എഴുതാനറിഞ്ഞുകൂടാത്ത ഒരാളെ നിയമിച്ചു. പിന്നെ, ആത്മഹത്യയെക്കുറിച്ചു്. നെടുനാളത്തെ ഡിപ്രെഷൻ കൊണ്ടാണു് വ്യക്തി ആത്മഹത്യ ചെയ്യുക. Contributing Causes ഏറെ. അങ്ങനെയിരിക്കുമ്പോൾ ഒരുത്തൻ ‘പോടാ’ എന്നു പറഞ്ഞാൽ മതി. ഉടനെ അയാൾ വിഷം കഴിക്കും. അല്ലെങ്കിൽ കയറെടുക്കും. പ്രതിഭാശാലിയായ കിഷോറിന്റെ മരണത്തിൽ എനിക്കു ദുഃഖമുണ്ടു്.

ചോദ്യം: ഞാനിപ്പോൾ എന്തു ചെയ്യുന്നു?

ഉത്തരം: പതിവായി ചെയ്യുന്നതു ഇപ്പോഴും ചെയ്യുന്നു. റോഡിലേക്കു ചെന്നു് ‘വാ നോട്ടം’ നടത്തുന്നു.

ചോദ്യം: ബഷീർ കാലു പോയ മജീദിനെ അവതരിപ്പിക്കുന്നു. സി. വി. വിശ്വസിക്കാൻ വയ്യാത്ത പരാക്രമങ്ങൾ കാണിക്കുന്ന അനന്തപദ്മനാഭനെ കൊണ്ടുവരുന്നു ‘മാർത്താണ്ടവർമ്മ’യിൽ. ബഷീറിന്റെ ചിത്രീകരണം സത്യം. സി.വി.യുടേതു് അസത്യം. അല്ലേ?

ഉത്തരം: രണ്ടെഴുത്തുകാരും ജിവിതത്തിന്റെ രണ്ടുവശങ്ങളെ ചിത്രീകരിക്കുന്നതേയുളളു. നമ്മളിൽ ശോചനീയതയുടെയും പരാക്രമത്തിന്റെയും അംശങ്ങളുണ്ടു്. രണ്ടു കലാകാരന്മാരും അവയ്ക്കു പ്രകാശനം നല്കുന്നു.

ചോദ്യം: വ്യായാമം ചെയ്തില്ലെങ്കിൽ വേഗം മരിക്കുമോ?

ഉത്തരം: വ്യായാമം കൊണ്ടു് ഇന്നുവരെ ആരും ദീർഘകാലം ജീവിച്ചിട്ടില്ല. ഗുസ്തിക്കാർ നേരത്തെ മരിച്ചു പോകുന്നു.

ചോദ്യം: എന്റെ സിരകളിലൂടെ ഒഴുകുന്നതു നായരുടെ രക്തമാണു്. എന്റെ കവിതകളെക്കുറിച്ചു് ആഭാസമെഴുതുന്ന നിങ്ങൾക്കു ഞാൻ താക്കീതു് തരുന്നു. ഞാൻ നെയ്യാററിൻകരയിലുളളവനാണെന്നു ഓർമ്മിച്ചു കൊള്ളൂ. ഞാൻ നിങ്ങളെ കാണാൻ വരുന്നുണ്ടു്.

ഉത്തരം: അയ്യോ വരല്ലേ. താങ്കളെക്കണ്ടാൽ എനിക്കു പേടിയാകും. താങ്കളുടെ ജന്മസ്ഥലം നെയ്യാററിൻകര ആയാലെന്തു്? കോത്താഴമായാലെന്തു്? പാമ്പു് ഫണം വിടർത്തി എന്നെ കൊത്താൻ ആഞ്ഞാഞ്ഞു് നില്ക്കുമ്പോൾ ഞാൻ പ്രാണഭീതയോടെ ഓടുകയല്ലാതെ അതു് എന്റെ പറമ്പിൽ നിന്നു് വന്നോ അതോ റോഡിൽ നിന്നു വന്നോ എന്നു ആലോചിക്കാറില്ല.

മിലിമീറ്ററിലെ സമൃദ്ധി

ഇൻഡ്യൻ അഡ്മിനിസ്റ്റ്രേററീവ് സർവീസിലെ സമുന്നത സ്ഥാനത്തു് വിളങ്ങിയിരുന്ന ഒരഭിവന്ദ്യ സുഹൃത്തു് എന്നെക്കാണാൻ ദയാപൂർവം വന്നു. സന്ധ്യാവേളകളിൽ നാലും കൂടുന്ന വഴിയിൽ വീടറിയാതെ അദ്ദേഹം പകച്ചു നിൽക്കുമ്പോൾ അമ്പലത്തിൽ പോയിട്ടു് ആ വഴിക്കുവന്ന എന്റെ മകളോടു് ‘കൃഷ്ണൻ നായരുടെ വീടു് ഏതാണു്’ എന്നു ചോദിച്ചു. മകൾ പറഞ്ഞു: ‘ഞാൻ കൃഷ്ണൻ നായരുടെ മകളാണു്. അതാ ആ കാണുന്നതാണു് വീടു്’. നടന്നു വരുമ്പോൾ അദ്ദേഹം മകളോടു് പറഞ്ഞു: ‘ഇവിടെ വീടുകളില്ലാതിരുന്ന കാലത്തു് കൊച്ചുവീടുവച്ചു് കൃഷ്ണൻ നായർ രാജാവിനെപ്പോലെ കഴിഞ്ഞിരുന്നു. ഇപ്പോൾ എത്രയെത്ര സൗധങ്ങൾ. ഫലമോ? കൃഷ്ണൻ നായരുടെ വീടു് തീരെച്ചെറുതായതു പോലെ. വലിയ മോശം.’ സത്യമാണു് അദ്ദേഹം പറഞ്ഞതു്. ശ്രീ. ഒ. എൻ. വി. കുറുപ്പിന്റെ മകന്റെ കൊട്ടാരം പോലുള്ള വീടു് എന്റെ കൊച്ചുകെട്ടിടത്തിന്റെ എതിർഭാഗത്തു്. അതിനപ്പുറത്തു് ശ്രീ. പന്തളം സുധാകരന്റെ സൗധം. അവയ്ക്കു് എതിരായി വേറെ രണ്ടു സൗധങ്ങൾ. ഞാൻ കുറച്ചിലോടുകൂടി എന്റെ കൊച്ചുവീട്ടിൽ കഴിയുന്നു. അതിഥി പോയതിനു ശേഷമാണു് ഞാൻ അദ്ദേഹത്തിന്റെ ഈ സത്യകഥനം അറിഞ്ഞതു്. അല്ലെങ്കിൽ അദ്ദേഹത്തോടു് നേരിട്ടല്ലാത മനസ്സിലെങ്കിലും ഞാൻ ഈ ചോദ്യം ചോദിക്കുമായിരുന്നു. ‘ഡോക്ടർ അയ്യപ്പപ്പണിക്കർ ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ കൊച്ചു മുറിക്കാണോ മഹനീയത? അതോ ആയിരക്കണക്കിനു് ആളുകർ നിരന്നിരിക്കുന്ന സെക്രട്ടറിയേറ്റ് ബിൽഡിങ്ങിനോ?’ (ഇതൊരു യുക്തിഭദ്രമായ ചോദ്യം മാത്രം. എന്റെ കഴിവിനെ ആത്മപ്രശംസാപരമായി ധ്വനിപ്പിക്കുകപോലും ചെയ്യുന്നില്ല ഇതു്.) പറയാൻ പോകുന്ന വിഷയത്തോടു് ബന്ധമില്ലെങ്കിലും ആഗതന്റെ അന്യാദൃശമായ ഉചിതജ്ഞതയ്ക്കു് ലക്ഷണമായി അദ്ദേഹത്തിന്റെ ഒരു ചോദ്യം കൂടെ ഇവിടെ

images/Ayyapapanicker.jpg
ഡോക്ടർ അയ്യപ്പപ്പണിക്കർ

എഴുതാം. വീട്ടിൽ കയറി ഇരിക്കുന്നതിനു മുൻപു് അദ്ദേഹം ചോദിച്ചു എന്നോടു്, “നിങ്ങൾ ഈ പുസ്തകങ്ങളൊക്കെ ഏതെങ്കിലും ലൈബ്രറിക്കു നൽകാൻ എഴുതിവയ്ക്കാത്തതെന്തു്?” ‘അവ മരുമക്കൾ വീതിച്ചുകൊണ്ടു പോയ്ക്കോള്ളും’ എന്ന എന്റെ മറുപടി കേൾക്കാതെ അദ്ദേഹം വീണ്ടും നിർദ്ദേശിച്ചു. ‘സമയമായിരിക്കുന്നു. വേഗം ലൈബ്രറിക്കു കൈമാറ്റം ചെയ്യാനുള്ള രേഖ തയ്യാറാക്കി വയ്ക്കണം’ എന്റെ ആസന്നമായ മരണത്തെക്കുറിച്ചു ഭാവികഥനം നടത്തിയ ആ മഹാബുദ്ധിമാനു നന്ദിപറയട്ടെ. വലിയ ബുദ്ധിമാനെനു വെറുതെ പറഞ്ഞതല്ല. ഇൻഡ്യ കണ്ട പ്രഗൽഭരായ പ്രധാനമന്ത്രിമാരിൽ പ്രധാനസ്ഥാനമുള്ള ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ കൂടക്കൂടെ വിളിച്ചുകാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. പൂർണ്ണവിരാമമില്ലാതെ, അല്പവിരാമം പോലുമില്ലാതെ എന്നോടു സംസാരിച്ച അദ്ദേഹം മൈലുകളോളം ദൂരത്തിൽ സംസാരിച്ചിരിക്കും. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവന്റെ അടുക്കൽച്ചെന്നു് കയർ, കയർ എന്നു് പറഞ്ഞു് അയാളെ പേടിപ്പിക്കുന്നതു ക്രൂരതയാണെന്നു സാരാമാഗു എഴുതിയിട്ടുണ്ടു്. സുഹൃത്തു് എന്നോടു് കയർ കയർ എന്നു പറഞ്ഞുകൊണ്ടിരുന്നു.

മിലിമീറ്റർ ഒളിഞ്ഞിരിക്കുന്ന സമൃദ്ധി മൈലുകളോളം നീളത്തിൽ ചിന്തിക്കുന്നവരുടെ ചിന്തകളിലില്ല എന്നു പറഞ്ഞതു് മ്യൂസിലാണു്.

മിലിമീറ്റർ ഒളിഞ്ഞിരിക്കുന്ന സമൃദ്ധി മൈലുകളോളം നീളത്തിൽ ചിന്തിക്കുന്നവരുടെ ചിന്തകളിലില്ല എന്നു പറഞ്ഞതു് മ്യൂസിലാണു്. ഈ കലാരഹസ്യം ദേശാഭിമാനി വാരികയിൽ ‘ഓണപ്പടം’ എന്ന കഥയെഴുതിയ ശ്രീ. എം. രാഘവനു് അറിഞ്ഞുകൂടാ. തിരുവോണ ദിവസം ഓണത്തിന്റെ പാവനതയിലല്ല വീട്ടുകാർക്കും അവിടെയെത്തിയ മുത്തച്ഛനും മുത്തശ്ശിക്കും താല്പര്യം. അവർ ആലോചിക്കുന്നതൊക്കെ റ്റെലിവിഷൻ സെറ്റിൽ വരുന്ന സിനിമയെക്കുറിച്ചു്. യഥാർത്ഥ മൂല്യങ്ങളെ നിരാകരിക്കുന്നവരോടു് കഥാകാരനുള്ള പുച്ഛം ഇവിടെ പ്രകടമാണു്. പക്ഷേ അതിനെ സാന്ദ്രതയോടെ പ്രതിപാദിക്കാതെ കഥാകാരൻ കഥയോടു ബന്ധപ്പെടാത്ത ഏറെക്കാര്യങ്ങൾ വിവരിക്കുന്നു. ഭാവനാത്മകമായ പ്രതിപാദനമല്ല അദ്ദേഹത്തിന്റെതു്. ദുർബ്ബലമായ രചന. മിലിമീറ്ററിലെ സമൃദ്ധി കാണണം സാഹിത്യകാരന്മാർ.

images/Amitav_Ghosh.jpg
അമിതാവ് ഘോഷ്

മദ്ധ്യതിരുവിതാംകൂറിലെ ഒരു കലാലയത്തിൽ നിന്നു പിരിയുന്ന ഒരു മാന്യനു് അദ്ദേഹത്തിന്റെ നിർബന്ധം സഹിക്കാനാവാതെ ഞാൻ നാലുവാക്യമെഴുതിക്കൊടുത്തു. അതച്ചടിച്ചു വന്നപ്പോൾ മൂന്നു തെറ്റുകൾ. രണ്ടു തെറ്റുകൾ പോകട്ടെ. ഒരു തെറ്റിനെക്കുറിച്ചു് പറയാതിരിക്കാൻ വയ്യ. മഹാവ്യക്തി എന്നു ഞാനെഴുതിയതു് അദ്ദേഹം മഹദ് വ്യക്തി എന്നു മാറ്റിക്കളഞ്ഞു. മഹാവ്യക്തി വലിയ വ്യക്തിയാണു്. മഹാന്റെ വ്യക്തിയാണു് മഹദ് വ്യക്തി. മാനേജ്മെന്റ് അദ്ദേഹത്തിനു ജോലി നീട്ടിക്കൊടുക്കാത്തതു് കുട്ടികളുടെ ഭാഗ്യം.

ശ്രീമതി പ്രേമ ജയകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ചരിത്രം മനുഷ്യരുടെ കഥയാകുമ്പോൾ’ എന്ന ഹൃസ്വലേഖനത്തിൽ അമിതാവ് ഘോഷ് നല്ല കാഥികനാണു് എന്നു പറഞ്ഞിരിക്കുന്നു. അദ്ദേഹം ചപ്ലക്കട്ടയടിച്ചു് ‘കഥാപ്രസംഗം’ നിർവഹിക്കുന്നതു് ഞാൻ കണ്ടിട്ടില്ല. കേട്ടിട്ടില്ല. കാഥികൻ കഥ പറയുന്നവനാണു്. കഥയെഴുതുന്നവൻ കഥാകാരനും. അമിതാവ് ഘോഷ് കാഥികനാണെങ്കിൽ ഇപ്പറഞ്ഞതു് ഞാൻ പിൻവലിച്ചേക്കാം.

ശീലിച്ചതേ പാലിക്കൂ

ഭർത്താവു് വളരെക്കാലം ഭാര്യയോടു കൂടി താമസിച്ചാൽ അയാൾക്കു് അവളുടെ സ്വഭാവം മാത്രമല്ല, ആകൃതിയും ഉണ്ടാകും.

അമ്പലത്തിന്റെ ഭരണത്തിനു ഒരു കമ്മറ്റി രൂപവൽക്കരിച്ചു. അതിലെ ഒരു പ്രധാനപ്പെട്ട അംഗം സ്ക്കൂൾ അധ്യാപകനായിരുന്നു. കമ്മറ്റി മാസം തോറും ഒരുമിച്ചുകൂടും. അന്നു വരവു ചെലവു കാര്യങ്ങൾ പരിഗണനയ്ക്കു വരും. അധ്യാപകനായ അംഗം കഥാപ്രസംഗക്കാരനെത്തേടി തൃശ്ശൂർ വരെ പോയിവന്നതിനു് 1500 രൂപ ചെലവായി എന്നു കണക്കെഴുതി വച്ചിരുന്നു. അതു പാസ്സാക്കണമെന്നു് ആ മെമ്പർ പറഞ്ഞപ്പോൾ മറ്റൊരു മെമ്പർ എതിർത്തു. അയാൾ ചോദിച്ചു: “തൃശ്ശൂർ വരെ പോയിട്ടു വന്നതിനു 1500 രൂപയോ? ഇതു വെള്ളരിക്കാപ്പട്ടണമാണോ?” അധ്യാപകനു് ദേഷ്യം വന്നു അയാൾ ഇംഗ്ലീഷിൽ പറയുകയായി. “Silence, you get put” അതുകേട്ടു് എതിർപ്പു് പ്രകടിപ്പിച്ച മെമ്പർ പറഞ്ഞു: “അതൊക്കെ സ്കൂളിൽ മതി. ഇതു സ്ക്കൂളല്ല.” കുറ്റം പറയാനാവില്ല അധ്യാപകനെ. അയാൾ സ്ക്കൂളിൽ ശീലിച്ചതു് അങ്ങനെയാണു്. നേരെമറിച്ചു് മെമ്പർ ഡ്രൈവറാണെങ്കിൽ എതിർത്ത അംഗത്തോടു് ‘സംസാരത്തിനു ബ്രേക്കിടു്. ബ്രേക്കിടു് എന്നു പറയുമായിരുന്നു (ഇ. വി. കൃഷ്ണപിള്ള യോടു് കടപ്പാടു്).

സ്വഭാവത്തിനു സാഹചര്യം കൊണ്ടും സഹവാസം കൊണ്ടും മാറ്റം വരും. നാട്ടുമ്പുറത്തുകാരിയായ പെണ്ണു് കാൺപൂരിൽ ജോലിയുള്ള ഭർത്താവുമായി കഴിഞ്ഞു കൂടിയിട്ടു് തിരിച്ചു കേരളത്തിലെ കുഗ്രാമത്തിൽ എത്തുമ്പോൾ ഭർത്താവിനെപ്പോലെ പരിഷ്കൃത ഭാഷയിലാവും സംസാരിക്കുക. അയാളുടെ സ്വഭാവസവിശേഷതകൾ അവളും ആർജ്ജിച്ചിരിക്കും. മര്യാദയ്ക്കു ചിരിച്ചിരുന്ന സ്ത്രീ ഭർത്താവിനോടുള്ള വാസം കഴിഞ്ഞു് വെക്കേഷനു വീട്ടിലെത്തുമ്പോൾ അയാളെപ്പോലെ കൃത്രിമമായി ചിരിക്കും. മറിച്ചും സംഭവിക്കും. ഭർത്താവ് വളരെക്കാലം ഭാര്യയോടുകൂടി താമസിച്ചാൽ അയാൾക്കു് അവളുടെ സ്വഭാവം മാത്രമല്ല, ആകൃതിയും ഉണ്ടാകും. അയാൾ ‘മാമറി ഗ്ലാൻഡ്സ് ഡെവലപ്പ്’ ചെയ്തെന്നു് വരും. ‘ബട്ടക്ക്സിന്റെ സ്വേയിങ് മോഷനോടു’കൂടി അയാൾ നടന്നെന്നു വരും. ഇതൊന്നും സങ്കല്പമല്ല. ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണു്.

ഞാൻ പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്ന കാലംതൊട്ടേ ജനയിതാവിന്റെ ആജ്ഞയനുസരിച്ചു് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥകൾ ഹൃദിസ്ഥമാക്കിയിരുന്നു. അതുകഴിഞ്ഞു് എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം ഇവ വായിക്കുകയും പല ഭാഗങ്ങളും കാണാതെ പഠിക്കുകയും ചെയ്തു. പിന്നീടു് ചമ്പുക്കൾ ഹൃദിസ്ഥമാക്കി. അതൊക്കെക്കൊണ്ടാവണം എനിക്കു സാഹിത്യത്തെക്കുറിച്ചു് ഇന്നുള്ള അഭിരുചിയും സങ്കല്പവും ഉണ്ടായതു്. ഞാനെത്ര ശ്രമിച്ചാലും എനിക്കതു മാറ്റാൻ കഴിയില്ല. ഇതിൽ നിന്നു വിഭിന്നമായി ഞാൻ മനുഷ്യന്റെ വൈരൂപ്യം കണ്ട്, കലയുടെ വിലക്ഷണതകണ്ടു് വളർന്നവനാണെങ്കിലോ? ശ്രീമതി ബീന ജോർജ്ജ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘മേഘമേലാപ്പ്’ എന്ന ‘ചെറുകഥ’ പോലെ ചെറുകഥ എഴുതുമായിരുന്നു. അപരാധം ചെയ്യാത്ത വായനക്കാരെ ഞാൻ പീഡിപ്പിക്കുമായിരുന്നു. അവർക്കു കഠിനമായ തലവേദന ഉളവാക്കുമായിരുന്നു. ഛർദ്ദിക്കാൻ കോളാമ്പി അന്വേഷിച്ചു് നാലുപാടും ഓടാനുള്ള പ്രേരണ അവർക്കു് ഉണ്ടാക്കുമായിരുന്നു. ശ്രീമതി ബീന ജോർജ്ജിന്റെ കഥയെക്കുറിച്ചു് ഞാൻ ഒരക്ഷരം പോലും പറയുന്നില്ല. കൊച്ചുന്നാൾ തൊട്ടു ഞാൻ വൈരൂപ്യവുമായി ഇടപഴകിയാൽ എനിക്കു വരുന്ന സ്വഭാവത്തെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ.

കഷ്ടിച്ചു് തേഡ് ഫോം വരെ (ഇന്നത്തെ ഏഴാം ക്ലാസ്) പഠിച്ച ഒരു മൂക്കളക്കാരിപ്പെണ്ണിനെ ഒരു പട്ടാളക്കാരൻ വിവാഹം കഴിച്ചു് പഞ്ചാബിലോ മറ്റോ കൊണ്ടുപോയി. ദീർഘകാലത്തെ അന്യദേശവാസത്തിനു ശേഷം അവൾ ആറോ ഏഴോ വയസ്സുള്ള മകളോടുകൂടി തിരിച്ചു നാട്ടിലെത്തി. വൈകുന്നേരം ഞാൻ റോഡിലേക്കു പോയപ്പോൾ അവൾ സർവാംഗസുന്ദരിയായി എനിക്കഭിമുഖമായി വരുന്നു. കൂടെ മകളുമുണ്ടു്. എന്നെക്കണ്ടയുടനെ അവൾ കുഞ്ഞിനോടു് ചോദിച്ചു: “മോളേ ചപ്പലെവിടെ?” ഞാൻ അമ്പരന്നു. ചാപ്പലാണോ (ചെറിയ ക്രൈസ്തവദേവാലയം) അവൾ അന്വേഷിച്ചതു്. എന്തോ. പിന്നീടു് ഒരു സ്നേഹിതനോടു് ചോദിച്ചപ്പോൾ വടക്കേയിൻഡ്യയിൽ ചെരിപ്പിനു് ചപ്പലെന്നാണു് പറയുന്നതെന്നു് മനസ്സിലാക്കി. മൂക്കളക്കാരിക്കുവന്ന മാറ്റം നോക്കൂ. ശീലം ജയിക്കട്ടെ.

പുതിയ പ്രസാധനം
images/Theoriginsofnonviolence.jpg

വിനോബ ഭാവെ പറഞ്ഞു: കഴിഞ്ഞ ശതാബ്ദത്തെ തിളപ്പിച്ചു വറ്റിച്ചാൽ അവശിഷ്ടം മാർക്സും ഗാന്ധിയുമായിരിക്കും. മാർക്സിൽ ലെനിനെ നിവേശിപ്പിച്ചിരിക്കുന്നു. ടോൾസ്റ്റോയിയുടെ നിഴൽ ഗാന്ധിയിൽ വ്യാപിക്കുന്നു. If the last century were boiled down, the residue would be Marx (in whom Lenin is ingested) and Gandhi (over whom the shadow of Tolstoy spreads). ടോൾസ്റ്റൊയിയുടെ ആക്രമരാഹിത്യസിദ്ധാന്തം ഗാന്ധിജി സ്വീകരിച്ചു് വികസിപ്പിച്ചുവെന്നു് സ്പഷ്ടമാക്കുകയാണു് വിനോബ. ഗാന്ധിജി അഭിഭാഷകനായി ജീവിതം ആരംഭിച്ചു. ടോൾസ്റ്റോയ് സൈനികോദ്യോഗസ്ഥനായി ജീവിതം തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ വക്കീലായി കഴിഞ്ഞ മഹാത്മാവു് പുണ്യാളനായിത്തീർന്നു, മധ്യവയസ്സ് കഴിഞ്ഞപ്പോൾ. ടോൾസ്റ്റോയിയും പുണ്യാളനായി. ഇവരുടെ മഹനീയങ്ങളായ ജീവിതങ്ങളെ ചിത്രീകരിച്ചു് ഗാന്ധിജിയുടെ അക്രമരാഹിത്യസിദ്ധാന്തത്തിന്റെ സവിശേഷതകളെ പ്രകാശിപ്പിക്കുന്ന നല്ല പുസ്തകമാണു് മാർടിൻ ഗ്രീനിന്റെ The Origin of Nonviolence എന്നതു്. (The Origins of Nonviolence, Tolstoy and Gandhi in their Historical settings, Harper Collins Publishers India, Martin Green, pp. 256, Rs 195.)

images/Thekingdomofgodiswithinyou.jpg

ടോൾസ്റ്റോയിയുടെ The Kingdom of God is Within You എന്ന ഉജ്ജ്വലമായ പ്രബന്ധം ഇരുപത്തിയഞ്ചുവയസ്സായ ഗാന്ധി വായിക്കുകയായിരുന്നു. റഷ്യയിലെ റീയസൻ (Ryazan) തുല (Tula) പ്രദേശങ്ങളിലെ സർക്കാർ പട്ടിണികിടന്ന കൃഷിക്കാരെ കൊല്ലുന്നതു ടോൾസ്റ്റോയി കണ്ടു. അദ്ദേഹം ആ സ്ഥലങ്ങളിലേക്കു തീവണ്ടിയിൽ പോകുകയായിരുന്നു. ഒരു തീവണ്ടിയാപ്പീസിൽ വച്ചു് മറ്റൊരു തീവണ്ടി വന്നതു ടോൾസ്റ്റോയി ദർശിച്ചു. ഗവർണ്ണറുടെ നേതൃത്വത്തിൽ തോക്കുകളും വെടിയുണ്ടകളും കൃഷിക്കാരെ അടിച്ചു കൊല്ലാനുള്ള ഇരുമ്പുകമ്പികളും കൊണ്ടുപോകുന്ന തീവണ്ടിയായിരുന്നു അതു്. ക്ഷാമം പിടിച്ച ആ സ്ഥലങ്ങളിലെ പാവങ്ങളെ കൊല്ലാനുള്ള ഉപകരണങ്ങളായിരുന്നു അവ. രണ്ടു ബഞ്ചു ചേർത്തുവച്ചു് കൃഷിക്കാരനെ കിടത്തി ഗവർണ്ണറുടെ ആളുകൾ അടിതുടങ്ങും. ഓരോ അടിയിലും രക്തം ചിന്തും. ‘ബലിമൃഗത്തിന്റെ’ അടക്കിയ തേങ്ങലുകളും നിലവിളിയും ഉയരും. ചുറ്റും നിന്ന ജനക്കൂട്ടത്തിൽ നിന്നു് ഭാര്യമാരുടെ, അമ്മമാരുടെ, കുഞ്ഞുങ്ങളുടെ, പീഡിപ്പിക്കപ്പെടുന്ന പാവങ്ങളുടെ ബന്ധുക്കളുടെ കരച്ചിൽ ഉയരും.

ടോൾസ്റ്റോയിയുടെ ഹൃദയസ്പർശിയായ ഈ ഗ്രന്ഥം വായിച്ചപ്പോഴാണു് ഗാന്ധിജി അക്രമരാഹിത്യ സിദ്ധാന്തത്തിനു് തന്റെ മനസ്സിൽ രൂപം നൽകിയതെന്നു് മാർടിൻ ഗ്രീൻ വിചാരിക്കുന്നു. തുടർന്നു് അദ്ദേഹം അതിന്റെ അനുക്രമമായ വികാസത്തെ വിദഗ്ദ്ധമായി പ്രതിപാദിക്കുന്നു. ഫലമോ? ടോൾസ്റ്റോയിയുടെയും ഗാന്ധിജിയുടെയും അനാദൃശമായ, അപ്രമേയമായ പ്രഭാവം ആവിഷ്കരിക്കപ്പെടുന്നു.

images/Sartre.jpg
ഷാങ്പോൾ സാർത്ര്

ചരിത്രത്തിന്റെ ശക്തിവിശേഷങ്ങൾ മഹാവ്യക്തികളെ ചലനം കൊള്ളിക്കും. ആ ചലനത്തെ അവർക്കു് അവഗണിക്കാനൊക്കുകയില്ല. വേണ്ടെന്നു് വിചാരിച്ചാലും അയസ്കാന്തത്തിലേക്കു് ഇരുമ്പുകഷണം ഓടിയെത്തുന്നതുപോലെ അവർ അതിലേക്കു് ഓടിച്ചെല്ലും. പ്രതിബന്ധസഹസ്രങ്ങൾ അവർ തട്ടിത്തകർക്കും. ടോൾസ്റ്റോയിയും ഗാന്ധിജിയും ആ വിധത്തിലുള്ള വ്യക്തികളായിരുന്നു. ഈ വികാസം ചിത്രീകരിക്കുമ്പോൾ ഗ്രന്ഥകാരൻ സാഹിത്യസംസ്കാരത്തെയും പരിഗണിക്കുന്നു. ടോൾസ്റ്റോയിയെയും ഗാന്ധിജിയെയും സമ്പൂർണ്ണരൂപത്തിൽ അറിയാൻ നമ്മളെ സഹായിക്കുന്നതാണു് ഈ ഗ്രന്ഥം. ആന്റി ഇംപീരിയലിസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും ശാശ്വത പ്രതിരൂപങ്ങളായ ടോൾസ്റ്റോയിയും ഗാന്ധിജിയും ഈ ഗ്രന്ഥത്തിൽ ശോഭ പ്രസരിപ്പിച്ചു നിൽക്കുന്നു. 1986-ൽ അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തിയ ഇപ്പുസ്തകം 1998-ൽ ആദ്യമായി ഇൻഡ്യയിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു, Harper Collins Publishers. ഈ പ്രസാധകരോടു് നമുക്കു കൃതജ്ഞതയുണ്ടു്.

റബർ പോലെ
images/Chateaubriand.jpg
ഷാതോബ്രിയാങ്ങ്

ഫ്രഞ്ചെഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന ഷാതോബ്രിയാങ്ങിന്റെ (Chatheaubriand, 1768–1848) ആത്മകഥ വായിച്ചാൽ വിസ്മയാധീനരാകും നമ്മൾ. അത്രയ്ക്കുണ്ടു് ഉജ്ജ്വലതയാർന്ന അതിലെ സംഭവ വിവരണങ്ങൾ. ഫ്രഞ്ച് വിപ്ലവത്തിന്റെ കെടുതികൾ കണ്ടു നമ്മൾ ഞെട്ടും. ആരുടെയോ തല മുറിച്ചെടുത്തു കൂർത്ത കമ്പിയിൽ കുത്തിവച്ചു് വിപ്ലവകാരികൾ അതു കൊണ്ടുനടക്കുന്നതിന്റെ വർണ്ണന നമുക്കു് പ്രകമ്പനമുളവാക്കും. ഷാതോബ്രിയാങ് അവരോടു് എന്തോ എതിർത്തു പറഞ്ഞപ്പോൾ കോപാകുലരായ അവർ അദ്ദേഹത്തെ കൊല്ലാൻ ചെന്നതും അദ്ദേഹം രക്ഷപ്പെട്ടതുമൊക്കെ നമ്മളെ ചലനം കൊള്ളിക്കും. അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് വാഷിങ്ടനെ അദ്ദേഹത്തിന്റെ കൊച്ചു വീട്ടിൽച്ചെന്നു ഷാതോബ്രിയാങ് കണ്ടതും സംസാരിച്ചതുമൊക്കെ ഈ ആത്മകഥയിലുണ്ടു്. ആ വിവരണങ്ങൾ വായിക്കുന്ന നമുക്കു വാഷിങ്ടൻ എന്ന മഹാവ്യക്തിയോടു് എന്തെന്നില്ലാത്ത ആദരമുണ്ടാകും (എല്ലാം ഓർമ്മയിൽനിന്നെഴുതുന്നതു്). മഹത്തമമായ ഈ ആത്മകഥയും മറ്റനേകം ഗ്രന്ഥങ്ങളും രചിച്ച ഷാതോബ്രിയാങിന്റെ ശവകുടീരം കടൽക്കരയിൽ കണ്ടപ്പോൾ അതിന്റെ പകിട്ടു കാണിക്കലിൽ അസഹനീയതയാർന്നു ഷാങ്പോൾ സാർത്ര് അതിന്റെ മീതെ മൂത്രമൊഴിച്ചുവെന്നു് സീമോൻ ദ ബോവാർ ആത്മകഥയിൽ എവിടെയോ എഴുതിയിട്ടുണ്ടു്. മഹാനായ തത്ത്വചിന്തകനാണു് സാർത്ര്. പക്ഷേ ഭൂതകാലത്തിലേക്കു് ചെന്നു് ഭാവനാത്മകമായി അതിനെ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു് ഈ സംഭവം തെളിയിക്കുന്നു. സംവത്സരങ്ങൾക്കു മുൻപു് കാമുകി കൊടുത്ത റോസാപ്പൂവു് പുസ്തകത്തിന്റെ അകത്തു വയ്ക്കുകയും ദീർഘകാലത്തിനുശേഷം അതിന്റെ ശുഷ്കദലങ്ങളെ നോക്കി കണ്ണീരൊഴുക്കുകയും ചെയ്യുന്ന പുരുഷൻ ഇപ്പറഞ്ഞ സാക്ഷാത്കാരത്തിനു കഴിവുള്ള ആളാണു് ഇമ്മട്ടിൽ ഭൂതകാലത്തെ ഭാവനയിലൂടെ സാക്ഷാത്കരിക്കുന്ന ഒരാളെയാണു് ശ്രീ ഗൗതമൻ ‘ഗുരുകുലം’ എന്ന കഥയിലൂടെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നതു്. കൂട്ടുകാരനെ കാണാനായി ഒരിടത്തു ചെന്ന ഒരാളിനു് അയാളെ കാണാൻ കഴിയുന്നില്ല. അവിടെ മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപു് അയാൾ പഠിച്ച വിദ്യാലയം അപ്പോഴുമുണ്ടു്. അവിടെ കയറിയ അയാൾ പണ്ടു ഇരുന്നു പഠിച്ച ബഞ്ചിൽത്തന്നെ ഇരുന്നു് ഭൂതകാലത്തെ അന്തർനേത്രം കൊണ്ടുകാണുന്നു. അസുലഭമായ അനുഭൂതിക്കു വിധേയനാകുന്നു. പക്ഷേ ഇതുപറയാൻ കഥാകാരൻ കഥയെ റബറെന്നപോലെ വലിച്ചുനീട്ടുന്നു. കലാപരമായ ആവശ്യകതയ്ക്കു് അതീതമായ ദീർഘതയുണ്ടു് ഗൗതമന്റെ ഏതുകഥയ്ക്കും. സംക്ഷേപിച്ചു് ദ്വന്യാത്മകമായി കഥപറയാൻ അദ്ദേഹത്തിനു് അറിഞ്ഞുകൂടാ. വിവരണങ്ങൾ വലിഞ്ഞുകയറി വായനകാരനു് ശല്യമുണ്ടാക്കരുതെന്ന സാരസ്വത രഹസ്യത്തിലും അദ്ദേഹം അജ്ഞനാണു്. കഥയുടെ പര്യവസാനത്തിലെ ഭാവനാത്മക സാക്ഷാത്കാരത്തിൽ എത്തുന്നതിനു മുൻപു് ഉചിതജ്ഞതയെ ലംഘിച്ചു് അദ്ദേഹം എന്തെല്ലാം പറയുന്നു! കഥയിലെ ഓരോ വാക്കും ധ്വനിപ്രധാനമായിരിക്കണം. അതിലെ ഒരു വാക്കെടുത്തു മാറ്റിയാൽ ചെറുകഥയാകെ തകരുന്ന രീതിയിൽ ദൃഢത ഉണ്ടാവണം. ദുർമ്മേദസ്സുകൾ മുറിച്ചുകളഞ്ഞു് സംക്ഷേപണസാമർത്ഥ്യം കാണിച്ചു് ഗൗതമൻ രചന നിർവഹിച്ചിരുന്നെങ്കിൽ ഇതു കലയുടെ മണ്ഡലത്തിൽ ചെന്നേനെ.

നവീനമലയാള സാഹിത്യത്തിൽ—മനുഷ്യരില്ല. മനുഷ്യനുപകരമായി വാചികതലത്തിൽ മാത്രം നിൽക്കുന്ന രചനകളേ ഉള്ളൂ.

മനുഷ്യൻ മനുഷ്യന്റെ കഴുത്തു മുറിച്ചു് ചോരയൊഴുക്കുന്ന കാലയളവുകൾ ഏറെയുണ്ടായിട്ടുണ്ടു്. സത്യം, സൗന്ദര്യം ഇവയെ ധ്വംസിച്ചു മറ്റു മൂല്യങ്ങളെയാകെ തകർക്കുന്ന കാലങ്ങളും ഉണ്ടായി. ജീർണ്ണത വർദ്ധിച്ച ഈ സന്ദർഭങ്ങളിൽ ജനത ആശ്രയം തേടിയതു് സാഹിത്യാദികലകളിലാണു്. സാഹിത്യ കൃതികളുടെ പാരായണവും ചിത്രങ്ങളുടെ ദർശനവും അവർക്കു് ആശ്വാസം നൽകി. ഭാരതത്തിലാകെ ഇന്നു ജീർണ്ണതയാണു്. നിരപരാധരെ ആയിരക്കണക്കിനു കൊല്ലുന്നു. സമുന്നതരെന്നു ബഹുജനം കരുതുന്നവർ പോലും കൈക്കൂലി വാങ്ങുന്നു. വ്യഭിചരിക്കുന്നു. ബലാൽസംഗം നടത്തുന്നു. ഈ ദുരവസ്ഥയിൽ നിന്നു രക്ഷപ്പെടാനായി സാഹിത്യത്തെ, ചിത്രകലയെ ശരണം പ്രാപിക്കാമെന്നു വിചാരിച്ചാൽ പ്രയോജനമില്ല. മലയാള സാഹിത്യത്തിൽ—നവീനമലയാള സാഹിത്യത്തിൽ—മനുഷ്യരില്ല. മനുഷ്യനു പകരമായി വാചികതലത്തിൽ മാത്രം നിൽക്കുന്ന രചനകളേ ഉള്ളൂ. അവ കഥയെന്ന പേരിൽ, കാവ്യമെന്ന പേരിൽ ആവിർഭവിക്കുന്നു. നൈരാശ്യത്തോടെ അവർ സുഖം തേടി രാമയണാദി ഗ്രന്ഥങ്ങളിലേക്കു പോകുന്നു. ക്ലാസിക്കുകൾക്കു് അതിനാലാണു് ഇന്നു പ്രാധാന്യം വന്നിരിക്കുന്നതു്.

ഞാൻ ഇപ്പോഴത്തെ ചിത്രകലാ പ്രദർശനങ്ങൾക്കു പോകാറില്ല. മനുഷ്യർക്കു പകരം കുറെ ബീഭത്സരൂപങ്ങൾ അവിടെ ചാരി വച്ചിരിക്കുന്നതു കാണാം. അവ അറപ്പും വെറുപ്പും ജനിപ്പിക്കുന്നു ദ്രഷ്ടാക്കൾക്കു്. ഇതു കണ്ടു മടുത്തു ജനങ്ങൾ രവിവർമ്മ ചിത്രങ്ങളിലേക്കു് പോകാൻ തുടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴക്കവിതയിൽ ഇന്നുണ്ടായിരിക്കുന്ന താല്പര്യത്തിനു ഹേതുവും ഇതുതന്നെ.

ചുറ്റുകമ്പി മുറുക്കുമ്പോൾ അതിലെത്ര ശക്തി നിവേശിപ്പിക്കുമോ അത്രയും ശക്തി മാത്രമേ അതു് അയഞ്ഞു വരുമ്പോഴും ബഹിർഗ്ഗമിപ്പിക്കൂ എന്നു് ഒരധ്യാപകൻ എന്നോടു് പറഞ്ഞതു് മുൻപു് ഞാൻ വായനക്കാരെ അറിയിച്ചിരുന്നു. നമ്മുടെ നോവലിസ്റ്റുകളും കഥാകാരന്മാരും സാഹിത്യസൃഷ്ടികൾക്കു് രൂപം കൊടുക്കുമ്പോൾ അവരുടെ അന്തരംഗത്തിലുള്ള ചെറിയ ശക്തിമാത്രമേ അവയിൽ നിവേശിപ്പിക്കൂ. നിരൂപണം കൊണ്ടു് അതിനെ ബഹിർഗ്ഗമിപ്പിക്കാൻ ശ്രമിക്കുന്നവർ ഉള്ള ശക്തിയെയല്ല ഇല്ലാത്ത ശക്തിയെ നമുക്കു കാണിച്ചു തരാൻ ശ്രമിക്കുന്നു. വിവരമില്ലാത്തവർ അസത്യാത്മകമായ ഈ ശക്തിപ്രദർശനത്തിൽ വിശ്വസിക്കുന്നു. എനിക്കു പേരുകൾ പറയാൻ വയ്യ. ചില കഥയെഴുത്തുകാരുടെയും നോവലിസ്റ്റുകളുടെയും ഇടത്തരം കൃതികളെസ്സംബന്ധിച്ചു നിരൂപകർ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കുന്നു. അവയൊക്കെ യഥാർത്ഥ്യങ്ങളാണെന്നു കുറെപ്പേരെങ്കിലും വിശ്വസിക്കുന്നു. ഇതു് മലയാള സാഹിത്യത്തിലെ മറ്റൊരു ആകുലാവസ്ഥ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-11-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.