സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-12-04-ൽ പ്രസിദ്ധീകരിച്ചതു്)

images/Salvador_Allende_Gossens.jpg
സാൽവാദോർ ഗോസാൻസ് ആയേന്ദേ

തെക്കേയമേരിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമാണു് ചിലീ (Chile). അവിടുത്തെ പ്രസിഡന്റായി സാൽവാദോർ ഗോസാൻസ് ആയേന്ദേ (Salvador Gossens Allende, 1908–1973) എന്ന മാർക്സിസ്റ്റ് 1970-ൽ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷമേ അദ്ദേഹം പ്രസിഡന്റായി കഴിഞ്ഞുകൂടിയുള്ളു. 1973-ൽ ഉണ്ടായ സൈനിക വിപ്ലവത്തിൽ ആയേന്ദേ വധിക്കപ്പെട്ടു. ആയേന്ദേയുടെ അനന്തരവളാണു് വിശ്വസാഹിത്യത്തിൽ യശസ്വിനിയായിത്തീർന്ന ഈസാബെൽ ആയേന്ദേ (Isabel Allende, b 1942). അമ്മാവൻ വധിക്കപ്പെട്ടുവെന്നു കണ്ടു് അവർ തെക്കേയമേരിക്കയുടെ വടക്കുഭാഗത്തുള്ള വെനസ്വേല (Venezuela) രാജ്യത്തേക്കു പലായനം ചെയ്തു. അതിനുശേഷമാണു് ഈസാബെൽ നോവലുകളും ചെറുകഥകളുമെഴുതി മഹായശസ്സു് നേടിയതു്. അവരുടെ കഥാസമാഹാരമാണു്. ‘The Stories of Eva Luna’ എന്നതു്. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ഈസാബെൽ. ശാരീരിക വേഴ്ചയ്ക്കുശേഷം വിശ്രമിക്കുന്ന കാമുകനെയും കാമുകിയെയും വർണ്ണിക്കുന്നുണ്ടു്. ആ വിശ്രമരംഗം കാമുകന്റെ സ്മൃതിമണ്ഡലത്തിൽ ഒരു പഴയ ചിത്രത്തെ കൊണ്ടുവരുന്നു. ഈ ചിത്രത്തിലും കാമുകർ ലൈംഗിക വേഴ്ചയ്ക്കുശേഷം വിശ്രമിക്കുന്നതായിട്ടാണു് കാണുക. അവരുടെ തൊലിപ്പുറം മിനുങ്ങുന്നു. പുരുഷന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. അയാളുടെ ഒരു കൈ സ്വന്തം നെഞ്ചിൽ. മറ്റേക്കൈ അവളുടെ തുടയിൽ. റാൽഫ് എന്ന കാമുകൻ (ചിത്രത്തിലെ കാമുകനല്ല) കാമുകിയായ ഈവയോടു പറയുന്നു. ഞാൻ ചിത്രത്തിലെ കാമുകനെ നിരീക്ഷണം ചെയ്യുന്നവനല്ല. പെണ്ണിന്റെ അടുത്തു കിടക്കുന്ന പുരുഷൻ തന്നെയാണു്. ഞാൻ നിന്നോടു പറയുന്നു. “ഒരു കഥ പറയൂ” “എന്തിനെക്കറിച്ചു്?” “നീ വേറൊരാളിനോടും പറയാത്ത ഒരു കഥ പറയു. എനിക്കുവേണ്ടി നീ അതുണ്ടാക്കു” ക്ഷുദ്രമായ സെക്സിനെ അവിസ്മരണീയമായ സന്ദർഭമാക്കി മാറ്റാൻ കഥയ്ക്കു കഴിയും. സംതൃപ്തി കൈവരിച്ചതിനുശേഷം കാമുകിയും കാമുകനും വിശ്രമിക്കുമ്പോൾ കഥ കേട്ടാൽ ആദ്യത്തെ ഉത്കടവികാരം പുനരുൽപാദിപ്പിക്കപ്പെടും. കഥ മാത്രമല്ല. സൗരഭ്യവും മർമ്മരശബ്ദവും പുഷ്പവും മദ്യവും പാൽക്കട്ടിയും മറ്റും കാമാഗ്നിദീപനത്തിനു സഹായിക്കുന്നതെങ്ങനെയെന്നു് മനോഹരമായി സ്പഷ്ടമാക്കിത്തരുന്ന പുതിയ പുസ്തകമാണു് ആയേന്ദേയുടെ ‘Aphrodite—A Memoir of Senses’ (Translated from the Spanish by Margaret Sayers Peden, Flamingo, pp. 315, 1998).

images/Aphrodite.jpg

പേടിസ്സ്വപ്നത്തിന്റെതായ ആ രാജ്യത്തിൽ ഷിഹറസാദ് എന്ന യുവതി സുൽത്താനോടു കഥ പറഞ്ഞു തുടങ്ങി. അയാളുടെ ഉത്കണ്ഠയെ ഉദ്ദീപിപ്പിച്ചുകൊണ്ടു് അവൾ കഥ നിറുത്തും. അങ്ങനെ കഥയ്ക്കു ശേഷം കഥ. രാത്രിക്കു ശേഷം രാത്രി. യുവതി സ്വന്തം ജീവൻ രക്ഷിച്ചു. നല്ല ഭക്ഷണത്തിനു ശേഷം മുന്തിരിച്ചാറു് രക്തത്തിലൂടെ ആഹ്ലാദം നല്കിക്കൊണ്ടു ഒഴുകുമ്പോൾ അടുത്ത വേഴ്ചയ്ക്കു മുൻപായി കാമുകിക്കും കാമുകനും കഥ കേൾക്കുന്നതു വാജീകരണശക്തി നല്കും. വാക്കുകൾക്കു മാന്ത്രികശക്തിയുണ്ടു്. അവ വർണ്ണിക്കുന്നു. ധ്വനിപ്പിക്കുന്നു. ഉദ്ദീപിപ്പിക്കുന്നു. കാമോത്സുകമായ സാഹിത്യം രക്തത്തെ ചൂടുപിടിപ്പിച്ചു് അഭിലാഷങ്ങളെ ഇളക്കിവിടുന്നു. റ്റെലിഫോൺ സെക്സ് എന്നൊരു ഏർപ്പാടുണ്ടേല്ലോ. ആയേന്ദേയുടെ ഒരയൽക്കാരി—ഇരുന്നൂറ്റിയമ്പതു പൗണ്ട് ഭാരവും രണ്ടു പേരക്കുട്ടികളുമുള്ള വൃദ്ധ—പെൺകുട്ടിയായി ഭാവിച്ചു് റ്റെലിഫോണിലൂടെ അശ്ലീലവാക്യങ്ങൾ പറഞ്ഞു ശ്രോതാവിനു സംതൃപ്തി നല്കുന്നു. ഭക്ഷണത്തെസ്സംബന്ധിച്ചാവുമ്പോഴും ഭാഷ കാമാഗ്നിദീപനൗഷധമാണു് (aphrodisiac). ഭക്ഷണവസ്തുക്കൾക്കു സൗരഭ്യമുണ്ടു്. ബുദ്ധിവിലാസം കാണിക്കുന്ന ഉക്തികൾ. രൂപകങ്ങൾ. ഹാസ്യ പ്രസ്താവങ്ങൾ ഇവയെല്ലാം അവയെക്കുറിച്ചുമാകാം. പക്ഷേ നമ്മൾ വിരളമായേ അത്തരം അംശങ്ങൾ ഉപയോഗിക്കുന്നുള്ളു. ഹെൻട്രി മില്ലർ എഴുതിയതിന്റെ നല്ല ഭാഗവും ഭക്ഷണത്തെക്കുറിച്ചാണു്. സെക്സിനെക്കുറിച്ചല്ല. അതുകൊണ്ടു് അയൽക്കാരിയോടു ആയേന്ദേ നിർദ്ദേശിച്ചു റ്റെലിഫോണിലൂടെ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചു് സംസാരിക്കണമെന്നു്. നിങ്ങൾ റ്റെലിഫോൺ സെക്സിനുവേണ്ടി വിളിക്കൂ. സെറീന എന്ന പെൺകുട്ടി അശ്ലീലഭാഷണം നിർവഹിക്കുന്നതിനു പകരം വായിൽ വെള്ളമൂറുമാറു് ആട്ടിറച്ചിക്കറിയുടെ വർണ്ണം നല്കും.

ഭക്ഷണം… ക്കലിനെ വൈഷയികാനുഭവമായി മാറ്റാൻ സംഗീതത്തിനു കഴിയും. ഫുട്ബോൾ കളിയുടെ ഗർജ്ജനവും വാർത്താപാരായണത്തിന്റെ നൃശംസതയും ആഹാരം കഴിക്കുന്ന വേളയിലാണു് ഉണ്ടാകുന്നതെങ്കിൽ അവയെത്ര അസഹനീയം! സംഗീതമാണു് അപ്പോൾ റ്റെലിവിഷൻ സെറ്റിൽ നിന്നു പ്രവഹിക്കുന്നതെങ്കിൽ അതൊരു മഹനീയമായ അനുഭവമായി മാറും.

images/Isabel_Allende.jpg
ഈസാബെൽ ആയേന്ദേ

ആഹാരത്തിലേക്കു വരുമ്പോൾ ശബ്ദങ്ങൾക്കും കാമാഗ്നിദീപനൗഷധത്തിന്റെ ശക്തി കിട്ടും. ‘ഹാപ്പി ബർത്തഡേ’ എന്നു പറയാനാവില്ല ആയേന്ദേക്കു്. പക്ഷേ തിളയ്ക്കുന്ന എണ്ണയിൽ കിടക്കുന്ന ഉള്ളിയുടെ ‘ശ്ശ്’ എന്ന ശബ്ദം. കത്തി പച്ചക്കറി നുറുക്കുന്നതിന്റെ ലയം. ഭാഗ്യം കെട്ട മത്സ്യം ചൂടുള്ള പാത്രത്തിൽ വീഴുമ്പോഴുള്ള നാദം. ധാന്യം പൊടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷമയുള്ള ഗാനം. മുന്തിരിച്ചാറു് വേറൊരു ഭാജനത്തിലേക്കു പകരുമ്പോൾ ജനിക്കുന്ന തരളസ്സ്വനം ഇവയെല്ലാം അവർക്കു ആവാഹിക്കാൻ കഴിയും.

രുചി അവസാനിക്കുന്നിടത്തു മണം തുടങ്ങുന്നു. അവയെ വേർതിരിക്കാൻ വയ്യ. കാപ്പിയുടെ പ്രലോഭനം രുചിയിൽ നിന്നല്ല ഉണ്ടാകുന്നതു്. വിദൂരങ്ങളായ കാടുകളുടെ തീക്ഷണവും ദർജ്ഞേയവുമായ സൗരഭ്യത്തിൽ നിന്നാണു്. ഘ്രാണേന്ദ്രിയത്തെ സംബന്ധിച്ചു് വേദനം സുനിശ്ചിതവും സുശക്തവുമാണു് അതിനാൽ സുഗന്ധദ്രവ്യത്തിനു ഫലദായകത്വമുണ്ടു്. ഒരു മണം തന്നെ നിലനിറുത്തുന്നതാണു് നല്ലതു്. അപ്പോൾ അതു് സ്വശരീരഗതമാകും. ആ ഗന്ധം കൊണ്ടു് മറ്റുള്ളവർക്കു നമ്മളെ തിരിച്ചറിയാനാവും. ക്ലിയപട്ര ഇതു മനസ്സിലാക്കിയിരുന്നു. രാജ്ഞി നൈൽ നദിയിലൂടെ വരുമ്പോൾ അനേകം നാഴിക അകലെയിരിക്കുന്നവർക്കു് അവരുടെ ആഗമനം അറിയാൻ കഴിയും. ഡമസ്കസിലെ റോസാപ്പൂക്കളുടെ സൗരഭ്യം ക്ലിയപട്രയുടെ യാനപാത്രങ്ങളിലെ പായ്കളിൽ നിന്നുത്ഭവിക്കും. ചിലപ്പോൾ ആ സൗരഭ്യം റോമിലെ തെരുവുകളിൽ വ്യാപിക്കും. അപ്പോൾ റോമൻ പൗരന്മാർ വിചാരിക്കും വിദേശത്തു നിന്നെത്തിയ ഒരു സ്ത്രീയുടെ കിടക്കവിരിപ്പുകളിൽ തങ്ങളുടെ സാമ്രാജ്യം നഷ്ടപ്പെട്ടു പോയേക്കുമെന്നു്.

images/Perfume.jpg

സുസ്കിന്റിന്റെ (Suskind) ‘Perfume’ എന്ന പ്രഖ്യാതമായ നോവലിലെ പ്രധാനകഥാപാത്രം ഒരു ശരീരഗന്ധവുമില്ലാതെ ജനിക്കുന്നു. ആരും—അമ്മ പോലും—അയാളെ സ്നേഹിക്കുന്നില്ല. അതിനാൽ ആരെയും വശീകരിക്കുന്ന സൗഭാഗ്യം കണ്ടുപിടിക്കാൻ അയാൾ യത്നിക്കുന്നു. കന്യകകളുടെ ശരീരഗന്ധം വാറ്റിയെടുത്തു് സുഗന്ധദ്രവ്യം അയാൾ ഉണ്ടാക്കുന്നു. ഒരു മണം തന്നെ സ്ഥിരമായി ഉണ്ടായിരിക്കുന്നതു് നന്നെന്ന ആയേന്ദേയുടെ തത്ത്വത്തിനു് സുസ്കിന്റിന്റെ ഈ ആശയത്തോടു് യോജിപ്പുണ്ടു്.

കാമോത്സുകതയുടെ സാരാംശം എവിടെയിരിക്കുന്നു? അതിലേക്കു കൈചൂണ്ടുന്നു അനൈസ് നീന്റെ ഒരു കത്തു്. നീൻ, ഹെൻട്രി മില്ലർ ഈ വലിയ എഴുത്തുകാർക്കു ജീവിച്ചുപോകാനായി കുറെക്കാലം അശ്ലീലകഥകൾ എഴുതേണ്ടതായി വന്നു കളക്റ്റർ എന്ന കള്ളപ്പേരിൽ ഒരുത്തൻ അവരെക്കൊണ്ടു് ഇത്തരം കഥകൾ എഴുതിച്ചിരുന്നു. പക്ഷേ അതിലൊരിടത്തും കവിത വരാൻ പാടില്ല എന്ന നിർബ്ബന്ധം അയാൾക്കുണ്ടായിരുന്നു താനും സെക്സല്ലാതെ വേറെ എന്തെങ്കിലും രചനയിൽ വന്നാൽ ‘കളക്ടർ’ കോപിക്കും. അനൈസ് നീൻ അയാൾക്കു എഴുതിയ ദീർഘമായ കത്തിന്റെ ചില ഭാഗങ്ങൾ വായിക്കുക.

images/Anaisnin.jpg
അനൈസ് നീൻ

“Dear Collector: We hate you. Sex loses all its power and magic when it becomes explicit, mechanical, overdone when it becomes a mechanistic obsession… Intellectual, imaginative, romantic, emotional. This is what gives sex its surprising textures, its subtle transformation, its aphrodisiac elements. You are shrinking your world of sensations. You are withering it, starving it, draining its blood”.

images/TheFoulandTheFragrant.jpg

ലൈംഗികത്വത്തെ സങ്കോചിപ്പിക്കാതെ, അതിനു ഭക്ഷണമില്ലായ്മ കൊണ്ടു നാശം വരുത്താതെ. അതിന്റെ രക്തമൂറ്റിക്കളയാതെ ആയേന്ദേ സെക്സിനെയും അതിനെ ഉദ്ദീപിപ്പിക്കുന്ന വസ്തുക്കളെയും കുറിച്ചു് ഹൃദ്യമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. എത്രയെത്ര മനോഹരങ്ങളായ കഥകളും കലാത്മകങ്ങളുമായ വർണ്ണചിത്രങ്ങളുമാണു് ഇതിലുള്ളതു്. സുഗന്ധത്തെക്കുറിച്ചും പുതിയ ഗന്ധത്തെക്കുറിച്ചും പണ്ഡിതോചിതമായി എഴുതിയ ഒരു ഗ്രന്ഥം ഞാൻ മുൻപു് വായിച്ചിട്ടുണ്ടു്. Alain Corlin-ന്റെ The Foul and the Fragrant എന്ന പുസ്തകം (ഫ്രഞ്ച് പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജമ). കലാവൈദഗ്ദ്ധ്യം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ഭാവാത്മകമായ പ്രതിപാദനം കൊണ്ടും ആയേന്ദേയുടെ ഗ്രന്ഥം ഫ്രഞ്ച് പുസ്തകത്തിന്റെ മുൻപിൽ നില്ക്കുന്നു, വളരെ മുൻപിൽ.

മഴ പെയ്യുന്നതു് എങ്ങനെ?

പണമില്ലാതിരുന്ന കാലത്തു് (ഇപ്പോൾ പണമുണ്ടു് എന്ന അർത്ഥമില്ല ഇതിനു്) ഞാൻ മറ്റു വീടുകളിൽച്ചെന്നു കൊച്ചു കുട്ടികളെ പഠിപ്പിച്ചിരുന്നു. മാസം മുന്നു രൂപ ട്യൂഷൻ ഫീ വാങ്ങിയിരുന്നു. ഒരു ദിവസം മുൻപിൽ വന്നു് ഇരുന്ന കൊച്ചുകുട്ടിയോടു് “മഴ പെയ്യുന്നതെങ്ങനെ?” എന്നൊരു ചോദ്യമെറിഞ്ഞു. മിടുക്കനായ കുട്ടി ഉത്തരം നല്കുി: “വെള്ളത്തുള്ളികൾ ആകാശത്തു നിന്നു് നമ്മുടെ ഭൂമിയിലേക്കു വീഴുന്നതാണു് മഴ. സമുദ്രത്തിൽ നിന്നും നദികളിൽ നിന്നും ഉയരുന്ന നീരാവി തണുത്ത വായുവിൽച്ചെന്നു തണുത്തു ജലകണങ്ങളായി മാറുന്നു. അതു താഴോട്ടു വീഴുമ്പോൾ നമ്മൾ മഴയെന്നു അതിനെ വിളിക്കുന്നു.” “കറക്ട്” എന്നു ഞാൻ അഭിനന്ദനം നടത്തി. ഇപ്പോഴത്തെ ഭാഷയിലാണെങ്കിൽ—അഭിനന്ദനം രേഖപ്പെടുത്തി. ഈ കുട്ടിയുടെ ഉത്തരം അറുപത്തിനാലു വർഷം കഴിഞ്ഞിട്ടും ഞാൻ മറന്നില്ല. കഴിഞ്ഞയാഴ്ച ഒരു പയ്യൻ—സാഹിത്യത്തിൽ തൽപരത്വമുള്ള ബാലൻ—എന്നെക്കാണാൻ വന്നു. അയാൾ ചോദിച്ചു. “സാർ, കലാസൃഷ്ടി ഉണ്ടാകുന്നതെങ്ങനെ?” ഞാൻ പണ്ടത്തെ കുട്ടിയായി അവനെ ഗുരുവായി സങ്കല്പിച്ചുകൊണ്ടു് മറുപടി നല്കി: “അനുഭവമെന്ന നീരാവി ഉയർന്നു ചെല്ലുകയും സർഗ്ഗാത്മകത്വത്തിന്റെ ശൈത്യമാർന്ന മണ്ഡലത്തിൽ വച്ചു ഘനീഭവിക്കുകയും അതു് ജലപതനം പോലെ കലാസൃഷ്ടിയായി നമ്മുടെ മുൻപിൽ വന്നു വീഴുകയും ചെയ്യുന്നു. സാക്ഷാൽ മഴ സാങ്കേതികാർത്ഥത്തിൽ precipitation ആണു്. കലാസൃഷ്ടിയും അധഃക്ഷേപം—precipitation തന്നെ.” എന്നെ കാണാൻ വന്ന ബാലൻ സ്ക്കൂൾ വിദ്യാർത്ഥി. അയാൾക്കു ഞാൻ പറഞ്ഞതു മനസ്സിലായില്ല. അതുകൊണ്ടാവണം അയാൾ വായ്പൊളിച്ചു നിന്നതു്.

“ഭാഷാപോഷിണിയിൽ” ‘കാറ്റും കോളും നിറഞ്ഞ രാത്രി’ എന്ന ചെറുകഥയെഴുതിയ എബ്രഹാം മാത്യു എന്റെ മുൻപിൽ എത്തിയ രണ്ടാമത്തെ ബാലനാണു്. അദ്ദേഹത്തിനു ഈ precipitation വിദ്യ അറിഞ്ഞുകൂടാ. അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു രചന കൊണ്ടു് അദ്ദേഹം നമ്മെ പീഡിപ്പിക്കുകയില്ലായിരുന്നു. സാബുവും സമ്പന്നയായ ലിസിയും പ്രേമബദ്ധർ. ദാരിദ്ര്യം കൊണ്ടു് ലിസിയുടെ സഹോദരന്മാർ ഈ ബന്ധത്തിൽ കോപാകുലരായി അവളെ മർദ്ദിക്കുന്നതു കൊണ്ടും സാബു നാടുവിട്ടു പോകുന്നു. പക്ഷേ, രണ്ടുപേരുടെയും പ്രേമം കുറയുന്നില്ല. കൂടുന്നതേയുള്ള. വർഷങ്ങൾ കഴിഞ്ഞു. ഒരു രാത്രിയിൽ ഒരു രൂപം ലിസിയുടെ മുറിയിലെ ജന്നലിന്നടുത്തു് കാണപ്പെടുന്നു ആരെന്നറിയാതെ ലിസി നിലവിളിക്കുമ്പോൾ ലിസിയുടെ തന്ത രൂപത്തെ വെടിവച്ചു വീഴ്ത്തുന്നു. ഇത്രയും പറഞ്ഞിട്ടു് കഥാകാരൻ എനിക്കു മനസ്സിലാകാത്ത ഗോത്ര സ്വത്വത്തെയും ദേശീയതയെയും കുറിച്ചു് എന്തൊക്കെയോ പറയുന്നു. കഥയുടെ തുടക്കത്തിലുമുണ്ടു് ഒരു ട്രിക്ക്. കഥ ഇതുവരെ എന്ന ഉപശീർഷകം നല്കിയിട്ടു് ലിസിയുടെ സാബുവിന്റെയും പ്രേമത്തെക്കുറിച്ചു് ചിലതെല്ലാം എഴുതി വയ്ക്കുന്നു. ‘തുടർന്നു വായിക്കുക’ എന്ന നിർദ്ദേശം നല്കിയിട്ടു് സർവസാധാരണമായ ഇതിവൃത്തത്തിന്റെ ആഖ്യാനത്തിലേക്കു പോകുന്നു.

കഥാവിഷയം അറുപഴഞ്ചനായതുകൊണ്ടും അതിനെ നവീനത കലർത്തി പ്രതിപാദിക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടും രണ്ടു ട്രിക്കുകൾ കൊണ്ടു് വായനക്കാരെ മലർത്തിയടിക്കുകയാണു് കഥാകാരൻ. ജന്മനാ കലാകാരന്മാരായവർക്കു് ഇത്തരം കപടവിദ്യകൾ കാണിക്കേണ്ടതായി വരില്ല. വായനക്കാരെ വഞ്ചിക്കുന്ന ഈ മായിക പ്രകടനങ്ങൾ സ്വഭാവികമായ കലയുടെ ലക്ഷണമല്ല. മനുഷ്യ ജീവിതത്തിന്റെ മദ്ധ്യത്തിലിറങ്ങി നില്ക്കേണ്ട കലാകാരൻ ഏഴു പന്തുകൊണ്ടു് അമ്മാനമാടുന്നതു് കുട്ടികളെയും അക്ഷരശൂന്യന്മാരെയും രസിപ്പിക്കും. ഹൃദയത്തിനു പരിപാകം വന്നവരെ അതു വെറുപ്പിലേക്കു് എറിയും.

ചോദ്യം, ഉത്തരം

ചോദ്യം: പണ്ടത്തെ കുതിരവണ്ടിയായിരുന്ന ജട്ക്കയുടെ രൂപാന്തമാണോ ചക്കാടാവണ്ടി എന്ന പ്രയോഗം?

ഉത്തരം: ആ വിവരക്കേടു പണ്ടൊരു അഭിഭാഷകൻ പ്രകടമാക്കിയതാണു്. ശകട ശബ്ദത്തിൽ നിന്നാവണം ചക്കട എന്ന പദമുണ്ടായതു. സംസ്കൃതക്കാരുടെ നിഷ്പത്തികളൊക്കെ ബുദ്ധിചാപല്യത്തിൽ നിന്നു് ജനിക്കുന്നതാണു്. പുരുരവസ്സു് എന്നു പറഞ്ഞാൽ ഉർവ്വശിയെക്കിട്ടാതെ ഏറെക്കരഞ്ഞവൻ എന്നു സംസ്കൃതം പഠിച്ചവൻ പറയും. അപ്പോൾ ഉർവ്വശിയെ കാണുന്നതിനു മുൻപു് അയാൾക്കു പേരില്ലായിരുന്നോ എന്ന സംശയം നമുക്കുണ്ടാകുന്നു. സിംഹ ശബ്ദം ഹിംസ ശബ്ദം മറിച്ചിട്ടതാണെന്നു് അയാൾ പറയും. കശ്യപൻ. പശ്യകനാമം തിരിച്ചെഴുതിയതാണത്രേ. (പശ്യകൻ = കാണുന്നവൻ) ദേവപദം മറിച്ചിട്ടാൽ വേദമെന്നാകും പോലും. അതുകൊണ്ടു് വേദവും ദേവനും ഒന്നാണെന്നു് അവർ വാദിക്കുന്നു. നോൺസെൻസ്…

ചോദ്യം: ഹോസ്റ്റലിൽ താമസിക്കുന്ന കാമുകിയെ കാണാൻ രാത്രി മുഴുവൻ ഞാൻ അവളുടെ മുറിക്കു മുന്നിലെ ജന്നലിനു സമീപത്തുള്ള റോഡിൽ നില്ക്കാറുണ്ടു്. എന്റെ കാലു കഴയ്ക്കുന്നതല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല. എന്തു വഴി സാറേ?

ഉത്തരം: അങ്ങനെ നിന്നാൽ കാൽകഴപ്പു് സ്വാഭാവികം, നില്ക്കാതിരിക്കു എ​ന്നാണു് എന്റെ ഉപദേശം. പ്രേമമെന്ന സ്ഥായിയായ വികാരമേയില്ല. ഒരു തരം passing fancy ആണു് അതു്. വളരെ നേരം റോഡിൽ നിന്നാൽ കാൽകഴപ്പു മാത്രമല്ല വേറെ രോഗവും വരും. രാത്രി മുഴുവൻ മഞ്ഞിൽ നില്കുന്ന പൂവിനെ നോക്കു അതു നനഞ്ഞിരിക്കും. നിങ്ങൾ പ്രേമമെന്ന നശ്വരവികാരം കൊണ്ടു് നനയാതിരിക്കു.

ചോദ്യം: ആരെയാണു് നിങ്ങൾ കൂടുതൽ വെറുക്കുന്നതു് ?

ഉത്തരം: കുടയില്ലാതെ മഴയത്തു് എങ്ങനെ നടക്കും എന്ന മട്ടിൽ സർവസാധാരണങ്ങളായ പ്രസ്താവനങ്ങൾ നടത്തുന്നവരെ.

ചോദ്യം: ഇന്ദ്രിയാനുഭൂതികളിൽ ശ്രേഷ്ഠമേതു്?

ഉത്തരം: തരുണിയുടെ സ്പർശം. റോസാപ്പു ഇതളിന്റെ സ്പർശം. കമ്യു പറഞ്ഞതു്.

ചോദ്യം: Style is the man ആ മനുഷ്യൻ തന്നെ ശരിയോ?

ഉത്തരം: ശരിയല്ല. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനായ കുട്ടികൃഷ്ണമാരാർ ഉദ്ധതനായി എഴുതുന്നതെങ്ങനെ? ഔദ്ധത്യമുള്ള നിരൂപകൻ രചനയിൽ മൃദുത്വം വരുത്തുന്നതെങ്ങനെ? രീതി എന്നതു ആ മനുഷ്യനല്ല.

കാളകൾ ഓടട്ടെ

മുല്ല നാസറുദീന്റെ പ്രവൃത്തികളെ കഥകളാക്കി എഴുതിയിട്ടുണ്ടല്ലോ. ആ കഥകളാകെ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു്. ഓരോ കഥയും രസകരമെന്നേ പറയാനാവു. പുസ്തകം കൈയിലില്ലാത്തതുകൊണ്ടു് ഓർമ്മയെ മാത്രം ആശ്രയിച്ചു ഇതെഴുതുന്നു. മുല്ല നാസറുദീൻ റോഡിലൂടെ നടക്കുമ്പോൾ ഒരു വണ്ടിക്കാരൻ വണ്ടിയിൽ നിന്നു് വലിയ ഒരു കെട്ടു പൊക്കുന്നതു കണ്ടു. ഭാരക്കൂടുതൽ കൊണ്ടു് അയാൾ മുന്നോട്ടു വീഴാൻ പോകുകയായിരുന്നു. ചിലപ്പോൾ പിറകോട്ടും. അയാളെ സഹായിക്കേണ്ടതു തന്റെ കർത്തവ്യമാണെന്നു കരുതി നാസറുദീൻ ഓടിച്ചെന്നു് കെട്ടിൽ പിടികൂടി. പക്ഷേ, കൂടുതൽ വൈഷമ്യമുണ്ടായതേയുള്ളു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തള്ളലല്ലാതെ വേറൊന്നും നടക്കുന്നില്ല. കുറെ നേരം ഈ ബഹളം നടന്നപ്പോൾ വണ്ടിക്കാരൻ നാസറുദീനോടു പറഞ്ഞു: “താൻ എന്തു ചെയ്യുകയാണു്?” ഞാനിതു വണ്ടിയിൽ നിന്നു റോഡിലേക്കു ഇറക്കാൻ ശ്രമിക്കുകയാണു്. അതുകേട്ട നാസറുദ്ദീൻ മറുപടി നൽകി. “ങ്ഹാ, ഞാൻ വിചാരിച്ചു നിങ്ങൾ കെട്ടു വണ്ടിക്കകത്തു ആക്കാൻ ശ്രമിക്കുകയാണെന്നു്.”

“മണി മുഴങ്ങുന്നു” എന്ന ചെറുകഥാ ഭാണ്ഡകത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പെന്ന ശകടത്തിൽ നിന്നിറക്കി വായനക്കാരനനെന്ന പഥികന്റെ തലയിലേക്കു് ആക്കാൻ എം. എൻ. വിനയകുമാർ ശ്രമിക്കുമ്പോൾ ഈ ഭാരം താങ്ങാൻ ‘എനിക്കു ശക്തിയില്ലെന്നു്’ പറഞ്ഞു വായനക്കാരൻ അതു് തിരിച്ചു ആ വണ്ടിയിലേക്കു തന്നെ തള്ളിയിടാൻ യത്നിക്കുന്നു. അങ്ങനെ പഥികനായ കൃഷ്ണൻ നായരും ഭാണ്ഡകത്തിന്റെ ഉടമസ്ഥനായ വിനയകുമാറും ഉന്തും തളളും നടത്തുന്നു. ഇതു കണ്ടു് മറ്റു പഥികന്മാർ പുച്ഛിച്ചു ചിരിക്കുന്നു. എന്തൊരു ഭാരമാണപ്പാ ഈ രചനാഭാണ്ഡത്തിനു് ലോകത്തിന്റെ കൊള്ളരുതായ്മയെ മുഴുവൻ ഒരു വീട്ടിന്റെ കൊള്ളരുതായ്മയാക്കി നിർമ്മിച്ച ഈ ദുർഭാരം പഥികനെ ക്ഷീണിപ്പിക്കുന്നു. വിനയകുമാറിനെയും ക്ഷീണിപ്പിക്കുന്നു. രണ്ടുപേരും ക്ഷീണിക്കേണ്ട കാര്യമില്ലാത്തതുകൊണ്ടു ദുർഭാരത്തിന്റെ ഉടമസ്ഥൻ കാളകളെ അടിച്ചു പറത്തിക്കൊണ്ടു് അങ്ങു പോയാൽ മതി. അൺലോഡിങ്ങിനു ശ്രമിച്ചു യാത്രക്കാരുടെ കഴുത്തു ഒടിക്കരുതു്.

പല കാര്യങ്ങൾ

ഈസാബെൽ ആയേന്ദേയുടെ പൌലാ (Paula) എന്ന പുസ്തകം അസാധാരണമാണു്. 1992-ൽ മരിച്ച പൌലാ. ഈസാബെല്ലിന്റെ മകളാണു്. ഒരു വർഷത്തോളം ബോധമില്ലാതെ രോഗിണിയായി കിടന്നു ആ യുവതി. അമ്മ അവളെ അടുത്തിരുന്നു ശുശ്രൂഷിച്ചു. ബോധം വീണ്ടെടുക്കാത്ത പൌലായെ ഈസാബെൽ കലഫോർന്യയിലെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ വച്ചു് അവൾ മരിക്കുകയും ചെയ്തു. അമ്മ മകളെ പരിചരിച്ചതിന്റെ വർണ്ണനയാണു് ഇപ്പുസ്തകത്തന്റെ ഏറിയ ഭാഗവും. അതു വായിക്കുമ്പോൾ നമ്മൾ കരയും. അമ്മ പറയുന്നതു കേൽക്കുക:

I took you in my arms, then held your face in my hands and kissed your forehead, your cheeks, your eyelids; I shook your shoulders, calling Paula, Paula… And then, Oh Paula…! and then you opened your eyes and looked at me (pp. 126, Hamingo edition).

ഇപ്പുസ്തകത്തിൽ ഈസാബെല്ലിന്റെ അമ്മാവനും ചിലിയിലെ പ്രസിഡന്റുമായ സാൽവദോർ ആയേന്ദേയുടെ അവസാന നിമിഷങ്ങളും അവർ വിവരിക്കുന്നുണ്ടു്. ഹൃദയഭേദകമായ ആ രംഗം ഇതാ.

The president was left standing beside the torn and bloody Chilean flag in the ruined Red Salon, rifle in hand. Soldiers burst in with drawn weapons. The official version is that Allende placed the barrel of the rifle beneath his chin, pulled the trigger, and blew off his head (pp. 195).

അമ്മയ്ക്കു മകളോടു സ്നേഹത്തിന്റെയും പ്രസിഡന്റിന്റെ വധത്തിനുശേഷമുള്ള ചിലിയിലെ ദുഷ്ടതയേറിയ ഭരണത്തിന്റെയും ഉജ്ജ്വലമായ ചിത്രീകരണമായി ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. Fascinating എന്ന പദമാണു് ഈ ഗ്രന്ഥം വായിച്ചപ്പോൾ എന്റെ മനസ്സിൽ ആവർത്തിച്ചാവർത്തിച്ചു വന്നു കൊണ്ടിരിക്കുന്നതു്.

യാനീസ് റീത്സോസ് എന്ന ഗ്രീക്ക് കവി (Yannis Ritsos, 1909–1990) കൊമ്യൂനിസ്റ്റ് ഒളിപ്പോരുകാരോടു ചേർന്നു നാസ്തികളോടു സമരം ചെയ്തു. ഒളിപ്പോരുകാർ പരാജയപ്പെട്ടപ്പോൾ റീത്സോസ് അറസ്റ്റ് ചെയ്യപ്പെട്ടു. നാലു വർഷമാണു് അദ്ദേഹം ജയിലിൽ കിടന്നതു്. അധികാരികൾ മഹാകവിയായ അദ്ദേഹത്തെ നിരന്തരം മർദ്ദിച്ചെങ്കിലും 117 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത റീതോസ് കാവ്യങ്ങളാകെ ഞാൻ വായിച്ചിട്ടുണ്ടു്. സൌന്ദര്യാവിഷ്കാരത്തിന്റെ കാര്യത്തിൽ മായകോവ്സ്കിക്കോ നെറുദയ്ക്കോ റീത്സോസിന്റെ സമീപത്തെത്താൻ കഴിയുകയില്ല. സ്വതന്ത്ര്യത്തെ പ്രകീർത്തിച്ചുകൊണ്ടു് അദ്ദേഹമെഴുതിയ ഒരു കാവ്യം നോക്കുക:

Tall eucalyptus with a broad moon

A star trembles on the water

The sky white, silver

Stones, flayed stones all the way up.

Near the shallow water you could hear

a fish jump twice, three times.

Ecstatic, grand orphaned—freedom.

images/Joseph_Brodsky.jpg
യോസിഫ് ബ്രോഡ്സ്കി

തടവറയിലായ മഹാന്മാർ തങ്ങളുടെ അനുഭവങ്ങളെ പ്രതിപാദിച്ച രചനകളാകെ സമാഹരിച്ചു PEN ഗ്രന്ഥരൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നു. അതിൽ നിന്നാണു് മുകളിലെഴുതിയ കവിത. കെസ്ലർ, ബായേഹോ, സൽഷെനീറ്റ്സർ. ഹാവൽ, പ്രാമുദ്യ ആനന്ദാ തൂർ, ബ്രേയ്തൻ ബ്രേയ്തൻ ബാഹ് (ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ, ജനനം 1939), പ്രീമോ ലേവി ഇങ്ങനെ എത്രയെത്ര മഹാന്മാരുടെ തടവറയനുഭവങ്ങളാണു് ഈ പുസ്തകത്തിലുള്ളതു്. നോബൽ ലോറിയിറ്റായ യോസിഫ് ബ്രോഡ്സ്കിയിടെ അവതാരിക സ്വർണ്ണാഭരണത്തിൽ വച്ച രത്നം പോലെ ഇതിൽ പ്രകാശം ചെരിയുന്നു (The Prison Where I Live, The PEN Anthology of of Imprisoned Writers, Casell).

പുരസ്കാരത്തിനൊപ്പം പുലഭ്യവും ലഭിക്കുന്നതു ഇന്നു പതിവായിട്ടുണ്ടെന്നു് ഒരു സാഹിത്യകാരൻ പ്രസംഗിച്ചതായി പത്രത്തിൽ കണ്ടു. പുരസ്കാര ലബ്ധിക്കുള്ള അർഹതയെക്കുറിച്ചു് വിമർശകൻ ഡോക്ടർ വി. രാജകൃഷ്ണനും വിമർശനശാഖയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ കോളമിസ്റ്റും സംശയം പ്രകടിപ്പിച്ചതു് എങ്ങനെ പുലഭ്യമായി എന്നു് അറിയുന്നില്ല. എല്ലാക്കാലത്തും സമ്മാനം നേടിയവരുടെ അർഹതയെക്കുറിച്ചു് ഏറെപ്പേർ അഭിപ്രായം പറഞ്ഞിട്ടുണ്ടു്. പേൾബക്കിനു നോബൽ സമ്മാനത്തിനു് യോഗ്യതയില്ലെന്നു പറഞ്ഞതു് മുണ്ടശ്ശേരിയാണു്. ഫ്രഞ്ചെഴുത്തുകാരനായ ക്ളോദ് സീമൊങ്ങി നു നോബൽ സമ്മാനം കൊടുത്തുവെന്നു് അറിഞ്ഞ ബാഷേവിയസ് സിങ്ങർ ചോദിച്ചു: ‘അയാളാരു്’ എന്നു്. ഇതൊക്കെ സ്വാഭാവികമാണു്. സമ്മാനത്തിനു അർഹതയില്ലെന്നും തോന്നുമ്പോൾ ആളുകൾ അതു പറയും. അതിനെ പുലഭ്യം പറച്ചിലായി കരുതുന്നതു ശരിയല്ല. എല്ലാ വിധത്തിലും യോഗ്യതയുള്ളവർക്കു സമ്മാനം കിട്ടുമ്പോൾ ആരും ശബ്ദിക്കാറുമില്ല. ഗാർസിയ മാർകേസ്, ഷിംബോർസ്ക, സാറാമഗു ഇവർക്കു നോബൽ സമ്മാനം കൊടുത്തപ്പോൾ ആരെങ്കിലും പ്രതികൂലമായ പ്രസ്താവന നടത്തിയോ? വൈലോപ്പിള്ളിക്കു വയലാർ എവോർഡു കിട്ടിയ സന്ദർഭത്തിൽ അദ്ദേഹം അതിനു് സർവഥാ അർഹൻ എന്നേ കേരളത്തിലെ ജനങ്ങൾ പറഞ്ഞുള്ളു. മറ്റു പലരുടെയും കാര്യത്തിൽ കേരളീയർക്കു സംശയാത്മകമായ മനസ്സുണ്ടു്. ആ മനസ്സുള്ളവരുടെ പ്രതിനിധിയായി രണ്ടു പേർ വിമർശനത്തിന്റെ ഭാഷയിൽ അഭിപ്രായമാവിഷ്കരിച്ചാൽ അതിനെ പുലഭ്യമായി കാണുന്നതു സമ്മാനം കിട്ടിയവരോടു ‘ലൗ’വായി മാത്രമേ കരുതാൻ മാർഗ്ഗമുള്ളു. നദിയുടെ താഴെ നിന്നു വെളളം കുടിക്കുന്ന പാവപ്പെട്ട ആട്ടിൻ കുട്ടിയെ മുകളിൽ നില്ക്കുന്ന ചെന്നായ് വിരട്ടരുതു്.

ദ്വന്ദ്വഭാവം

പുരൂരവസ്സു് എന്നു പറഞ്ഞാൽ ഉർവ്വശിയെക്കിട്ടാതെ ഏറെക്കരഞ്ഞവൻ എന്നു് സംസ്കൃതം ഫഠിച്ചവർ പറയും. അപ്പോൾ ഉർവ്വശിയെ കാണുന്നതിനു മുൻപു് അയാൾക്കു പേരില്ലായിരുന്നോ എന്ന സംശയം നമുക്കുണ്ടാകുന്നു.

ഈ ലോകത്തു ഏതിനും ദ്വന്ദാഭാവമുണ്ടു്. “ഓമനേ, നിന്നെക്കാൾ സുന്ദരിയായി വേറെ ആരുമില്ല” എന്നു് വിവാഹം കഴിഞ്ഞയുടനെയുള്ള രാത്രിയിൽ പറയുന്ന നവവരൻ കുറെ വർഷങ്ങൾക്കുശേഷം ജീവിതക്ലേശം കൊണ്ടും അടുത്തടുത്തുള്ള പ്രസവം കൊണ്ടും വൈരൂപ്യത്തിനു് ആസ്പദമായിത്തീർന്ന അവളെ ‘എടീ പൂതനേ, നിന്നെയൊന്നു കൊന്നുതരുന്നില്ലല്ലോ ഈശ്വരൻ’ എന്നു പറയും.

ഞാനും കുറെ സ്നേഹിതന്മാരും തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവിന്റ മുൻപിലുള്ള പൂന്തോട്ടത്തിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. അപ്പോൾ എന്നെ പഠിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് പ്രഫെസറെക്കുറിച്ചു് ഞാൻ ദോഷം പറഞ്ഞു. അദ്ദേഹത്തിന്റെ അനന്തരവൻ കൂടി ആ സംഘത്തിലുണ്ടായിരുന്നതു് മറന്നാണു് ഞാൻ ദോഷാരോപണം നടത്തിയതു്. അനന്തരവൻ ചാടിയെഴുന്നേറ്റു് എന്റെ നേർക്കു കൈചൂണ്ടി. ‘You have no business to insult my dear uncle’ എന്നു ആക്രോശിച്ചു. കൂടുതലിരുന്നാൽ അയാൾ പണ്ടു് ‘രസികൻ’ മാസികയുടെ എഡിററ്റായിരുന്ന പച്ചക്കുളം വാസുപിള്ള പറഞ്ഞതുപോലെ മാംസപിണ്ഡത്തിൽ തൊട്ടുകളിക്കുമെന്നു് വിചാരിച്ചു് ഞാൻ സ്ഥലംവിട്ടു. വർഷങ്ങൾ കഴിഞ്ഞു് അയാൾ എറണാകുളത്തു് ഞാൻ താമസിക്കുന്ന ലൂസിയ ഹോട്ടലിൽ എത്തി. അതിഥിയെ മാനിച്ചു് “സാറ് എങ്ങനെയിരിക്കുന്നു?” എന്നു് ചോദിച്ചു. ഉടനെ അയാൾ മറുപടി പറഞ്ഞു: “ആരു അവനെയൊക്കെ അന്വേഷിക്കുന്നു. അമ്മാവൻ പോലും. അലവലാതി” സ്നേഹത്തിന്റെ രണ്ടാമത്തെ അവസ്ഥയാണു് ശത്രുത.

കലാസൃഷ്ടികളെക്കുറിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. ഇരുപത്തിയഞ്ചു വർഷം മുൻപുണ്ടായ ഒരു കവിതയെ അന്നു ‘നെഞ്ചേറ്റി ലാളിച്ചവർ’ (ഈ ക്ലീഷേ പ്രയോഗത്തിനു മാപ്പു്) ഇന്നു് ഇതിനെ കാർക്കിച്ചു തുപ്പുന്നു. പണ്ടു് പ്രേക്ഷകർക്കു പുളകോദ്ഗമകാരിയായി വർത്തിച്ച ഒരു സിനിമയെ ഇന്നു് ആളുകൾ പുച്ഛിക്കുന്നതെങ്ങനെയെന്നു സ്പഷ്ടമാക്കി ഒ. കെ. ത്യാഗരാജൻ ‘പ്രിന്റുകൾക്കു ശേഷിപ്പില്ല’ എന്നൊരു ചെറുകഥ എഴുതിയിരിക്കുന്നു ദേശാഭിമാനി വാരികയിൽ. ആളുകളുടെ അഭിരുചിക്കുള്ള ദ്വന്ദ്വഭാവത്തെ പ്രകാശിപ്പിക്കുന്നതിൽ ത്യാഗരാജൻ വിജയം വരിച്ചിരിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-12-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujit.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.