സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-04-13-ൽ പ്രസിദ്ധീകരിച്ചതു്)

images/Gaston_Bachelard.jpg
ഗസ്തൊങ് ബാഷ് ലാ

തെളിഞ്ഞ ഒരു പുലർവേളയിൽ എന്റെ വീട്ടിലേക്കു് ആകൃതിസൗഭഗമുള്ള ഒരു യുവാവു് കയറി വന്നു. എനിക്കു് നേരത്തെ പരിചയമുള്ള ചെറുപ്പക്കാരൻ. എന്താണു് കാര്യമെന്നു് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “സർ എന്റെ ഐച്ഛികവിഷയം മാതമറ്റിക്സ് ആണു്. കഴിഞ്ഞ മൂന്നു തവണയായി ഞാൻ ആ വിഷയത്തിൽ തോൽക്കുന്നു. തോല്പിക്കുകയാണു് പരീക്ഷയുടെ ചെയർമൻ. കാരണം അദ്ദേഹത്തിന്റെ അടുക്കൽ റ്റ്യൂഷനു പോയിരുന്നു. റ്റ്യൂഷൻ ഫീ അദ്ദേഹം ചോദിച്ചിടത്തോളം ഞാൻ കൊടുത്തില്ല എന്നതിന്റെ പേരിൽ സാറ് എന്നെ പരീക്ഷയിൽ തോല്പിക്കുകയാണു്. മൂന്നു തവണ എന്നെ തോല്പിച്ചുകഴിഞ്ഞു. ഇത്തവണയും അദ്ദേഹം ചെയർമനാണു്. തോല്പിക്കുമെന്നതിനു സംശയമില്ല. സാറിനു് എന്നെ സഹായിക്കാനൊക്കുമോ?” ഞാൻ ആ യുവാവിനെ കൂട്ടിക്കൊണ്ടു് എൻ. ഗോപാലപിള്ളയുടെ വീട്ടിൽ ചെന്നു. കാര്യമറിഞ്ഞ അദ്ദേഹം പോംവഴി പറഞ്ഞുതന്നു. “തോൽപ്പിക്കുന്നതിന്റെ കാരണം കാണിച്ചു് സർവകലാശാല രജിസ്ട്രാർക്കു് പെറ്റിഷൻ കൊടുക്കണം. ചെയർമൻ സ്ഥാനത്തു നിന്നു് അയാളെ മാറ്റണം എന്നു് അസന്ദിഗ്ദ്ധമായി അതിൽ കാണിക്കണം.” ഞാൻ അപേക്ഷിച്ചു: “സാറ് തന്നെ പെറ്റിഷൻ ഡ്രാഫ്റ്റ് ചെയ്തു തരണം. ഞങ്ങളെഴുതിയാൽ ശരിയാവുകയില്ല.” ഗോപാലപിള്ള സാർ പുഞ്ചിരിതൂകി പറഞ്ഞു: “ഞാൻ ദ്രോഹിക്കണമെന്നല്ലേ കൃഷ്ണൻ നായർ പറയുന്നതു്. പരദ്രോഹമാകാം”. എന്നു അറിയിച്ചിട്ടു് അദ്ദേഹം പെറ്റിഷൻ പറഞ്ഞുതന്നു. യുവാവു് അതു റ്റൈപ്പ് ചെയ്തു് ഒപ്പിട്ടു് സർവകലാശാലയിലേക്കു് അയച്ചു. ചെയർമൻ സ്ഥാനത്തു നിന്നു് മാതമറ്റിക്സ് പ്രഫെസറെ മാറ്റുകയും ചെയ്തു. സർവകലാശാല മാറ്റിയ കാര്യം ഗോപാലപിള്ള സാറിനെ അറിയിച്ചപ്പോൾ “പരദ്രോഹം വിജയം വരിച്ചു അല്ലേ?” എന്നു് അദ്ദേഹം ചോദിച്ചു. യുവാവു് അത്തവണ മാതമറ്റിക്സ് പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചു. ക്രമേണ അദ്ദേഹം ജോലിയിലുയർന്നു് ഉയർന്നു് വൈസ് ചാൻസലറാവുകയും ചെയ്തു. പരദ്രോഹത്തിനു് ഊന്നൽ കൊടുത്തു് ഗോപാലപിള്ള സാർ സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ വലിയ കൂട്ടുകാരൻ പരദ്രോഹതല്പരനായിരുന്നു. നുണകേട്ടുകൊണ്ടു് അദ്ദേഹം എന്നെ കേരളത്തിന്റെ വടക്കു ഭാഗത്തേക്കു മാറ്റിക്കളഞ്ഞു. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം! എന്നും ഞാൻ ആത്മഹത്യയ്ക്കു് ആലോചിക്കുമായിരുന്നു. സഹധർമ്മിണിക്കും മക്കൾക്കും ആരുമില്ലാതെയാകുമല്ലോ എന്നു വിചാരിച്ചു് ആത്മഹനനചിന്ത ഉപേക്ഷിക്കും.

കുഞ്ചൻ നമ്പിയാരുടെ തുള്ളൽക്കഥകൾ വായിച്ചുരസിച്ചവനു് ചോസറുടെ രചനകൾ രസപ്രദങ്ങളാവുകയില്ല, തീർച്ച.

വികാരശമനത്തിനു വേണ്ടി തിരുവനന്തപുരത്തെ പല മാന്യന്മാർക്കും കത്തുകളയച്ചു ഞാൻ. ഒരു കത്തിൽപ്പോലും തിരിച്ചു തിരുവനന്തപുരത്തേക്കു മാറ്റം വാങ്ങിച്ചുതരാൻ ശ്രമിക്കണമെന്നു് അഭ്യർത്ഥിച്ചില്ല. കഷ്ടപ്പാടുകൾ യഥാർത്ഥമായ രീതിയിൽ വർണ്ണിക്കുമെന്നേയുള്ളൂ. ഒരു കത്തു് പി. ടി. ഭാസ്കരപ്പണിക്കർക്കാണു് അയച്ചതു്. ഉടനെ മറുപടിവന്നു. അന്യസ്ഥലം എന്നതു് ഇല്ലെന്നും ജന്മസ്ഥലത്തു് കഴിയുന്നതുപോലെ അന്യസ്ഥലത്തും കഴിയാൻ ശീലിക്കണമെന്നും അങ്ങനെ ചെയ്താൽ മനസ്സിനു സുഖം കിട്ടുമെന്നും ഒക്കെ അദ്ദേഹം എഴുതിയിരുന്നു. ശരിയാണോ അതു? നമ്മൾ നമ്മുടെ വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീട്ടിൽച്ചെന്നാൽ അവിടെയുള്ളവർ എത്ര സൗഹൃദത്തോടു പെരുമാറിയാലും അന്യന്റെ വീടു് അന്യന്റെ വീടായിട്ടല്ലേ നമുക്കു തോന്നുക? എന്റെ വായനക്കാരൻ കോഴിക്കോട്ടുകാരനാണെന്നിരിക്കട്ടെ. അദ്ദേഹം തിരുവനന്തപുരത്തു് എത്തിയാൽ ജന്മദേശത്തിരിക്കുന്ന പ്രതീതി ഉണ്ടാകുമോ? ഗസ്തൊങ് ബാഷ്ലാ (Guston Bachelard) എന്ന ഫ്രഞ്ച് തത്ത്വചിന്തകൻ ഏതാണ്ടിങ്ങനെ പറഞ്ഞതായി എനിക്കു് ഓർമ്മയുണ്ടു്. ‘മനുഷ്യൻ ലോകത്തേക്കു് എറിയപ്പെടുന്നതിനു മുൻപു് വീട്ടിലെ തൊട്ടിലിൽ കിടക്കുന്നു. വീടു് വലിയ തൊട്ടിലാണു്. അവിടെക്കിടന്നാണു് നമ്മൾ പകൽക്കിനാക്കൾ കാണുക. ചിന്തകൾ, ഓർമ്മകൾ, സ്വപ്നങ്ങൾ ഇവയെ കൂട്ടിയിണക്കുന്നതു് സ്വന്തം വീടാണു്. ഭവനത്തിന്റെ ഹൃദയത്തിലാണു് ജീവിതം തുടങ്ങുന്നതും അതു സംരക്ഷിക്കപ്പെടുന്നതും. ഈ സതം മൂല്യമാണു്.’ പി. ടി. ഭാസ്കരപ്പണിക്കർ പറഞ്ഞതു് ശരിയല്ല. ജന്മദേശത്തു് നിന്നു് മറ്റൊരു സ്ഥലത്തേക്കു് ബലാൽക്കാരമായി മാറ്റപ്പെടുന്നവനു് ആത്മഹനനത്തിനുള്ള ചിന്തയുണ്ടാകും. എന്തിനു് ഏറെപ്പറയുന്നു! സ്വന്തം വീടു് വാടകയ്ക്കു കൊടുത്തിട്ടു് ആ സ്ഥലത്തുതന്നെ വേറൊരു വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ആളിനു് അസ്വസ്ഥത ഉണ്ടാകാതിരിക്കില്ല. സാഹിത്യവും ഇങ്ങനെതന്നെ. കുഞ്ചൻ നമ്പിയാരുടെ തുള്ളൽക്കഥകൾ വായിച്ചു രസിച്ചവനു് ചോസറുടെ രചനകൾ രസപ്രദങ്ങളാവുകയില്ല. തീർച്ച.

ചോദ്യം, ഉത്തരം

ചോദ്യം: കെ. ദാമോദരനെ (സി. വി. കുഞ്ഞുരാമന്റെ മകൻ) നിങ്ങൾക്കു നല്ല പരിചയമുണ്ടായിരുന്നോ? എന്താണു് അഭിപ്രായം?

ഉത്തരം: കെ. ദാമോദരൻ സർക്കാരിന്റെ ഹെഡ്ട്രാൻസ്ലെയ്റ്ററായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സെക്ഷനിൽ ജോലിചെയ്തിട്ടുണ്ടു്. യൂറോപ്യൻ സാഹിത്യവും തത്ത്വചിന്തയും ഞാൻ വായിച്ചതു് അദ്ദേഹത്തിന്റെ ഉപദേശത്താലാണു്. എന്റെ സാഹിത്യസംബന്ധിയായ അഭ്യുദയത്തിനു ഞാൻ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.

ചോദ്യം: ജി. ശങ്കരക്കുറുപ്പിനെക്കുറിച്ചു സത്യസന്ധമായി എന്തെങ്കിലും പറയൂ.

ഉത്തരം: അദ്ദേഹം മഹാകവിയാണു്. പക്ഷേ, സ്നേഹസമ്പന്നനായിരുന്നില്ല.

ചോദ്യം: ഉറൂബ് എങ്ങനെ?

ഉത്തരം: റീയലിസ്റ്റിക് കാലയളവിലെ അദ്വിതീയനായ കലാകാരൻ. തകഴിയെക്കാൾ കേമൻ നൂറുവട്ടം.

ചോദ്യം: പി. കുഞ്ഞിരാമൻ നായരുടെ കവിതയെക്കുറിച്ചു്?

ഉത്തരം: കുഞ്ഞിരാമൻ നായർക്കു സദൃശനായി കുഞ്ഞിരാമൻ നായരേയുള്ളൂ. അത്രയ്ക്കു സിദ്ധികളുള്ള കവിയാണു് അദ്ദേഹം. ‘മാഷ് എങ്ങോട്ടു പോകുന്നു’ എന്നു നമ്മൾ ചോദിച്ചാൽ ‘കന്യാകുമാരിക്കു’ എന്നു മറുപടി പറയും. എന്നിട്ടു് വടക്കൻ പറവൂരിലേക്കു പോകും.

ചോദ്യം: ഒളപ്പമണ്ണയെ മഹാകവി എന്നു വിശേഷിപ്പിക്കുന്നതു ശരിയോ?

ഉത്തരം: ആരെയാണു് മഹാകവി എന്നു വിളിക്കാൻ വയ്യാത്തതു? മഹാകവി അപ്പൻ തച്ചേത്തു്, മഹാകവി പൊന്നങ്കോടു ഗോപാലകൃഷ്ണൻ (ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു് നോക്കുക), മഹാകവി രാജഗോപാൽ (മാതൃഭൂമിയിൽത്തന്നെ), മഹാകവി വിജു നായരങ്ങാടി (മാധ്യമം ആഴ്ചപ്പതിപ്പു് നോക്കുക). അവരുടെ കൂടെ മഹാകവി ഒളപ്പമണ്ണയും.

ചോദ്യം: എ. ബാലകൃഷ്ണപിള്ള നല്ല വിമർശകനായിരുന്നോ?

ഉത്തരം: അദ്ദേഹത്തിന്റെ മലയാള ഭാഷാപ്രയോഗം ഉമിക്കരി ചവച്ചതിന്റെ പ്രതീതിയുണ്ടാക്കും. മൂല്യനിർണ്ണയത്തിനു് ശക്തിയില്ലാത്ത സഹൃദയത്വരഹിതൻ. മഹാവിഷ്ണുവിനെ സൗദി അറേബ്യയിൽ ജനിപ്പിച്ച വ്യക്തി.

ചോദ്യം: കൈനിക്കര പദ്മനാഭപിള്ള, കൈനിക്കര കുമാരപിള്ള?

ഉത്തരം: പദ്മനാഭപിള്ള അസാധാരണനായ ബുദ്ധിമാൻ. ‘കാൽവരിയിലെ കല്പപാദം’ എന്ന നാടകമൊഴിച്ചാൽ ഉണക്ക നാടകങ്ങൾ എഴുതിയയാൾ. മേരി കോറലി (കറലി എന്നും ഉച്ചാരണം) ഭാഗ്യം കൊണ്ടു് ‘ബറബാസ്’ എന്ന നോവലെഴുതി. അതിനാൽ പദ്മനാഭപിള്ളയുടെ ‘കാൽവരിയിലെ കല്പപാദം’ നന്നായി. കുമാരപിള്ള പുരുഷരത്നം/പക്ഷേ, ശുഷ്കങ്ങളായ നാടകങ്ങൾ എഴുതിപ്പോയി അദ്ദേഹം.

കാർവറെന്ന മഹാദ്ഭുതം
images/Raymond_Carver.jpg
റെയ്മൻഡ് കാർവർ

റെയ്മൻഡ് കാർവർ എന്ന അമേരിക്കൻ കഥാകാരൻ വാക്കുകൾ കൊണ്ടു് ഇന്ദ്രജാലം കാണിക്കുന്ന ആളാണു് (Raymond Carver, 1938–1988). പക്ഷേ, ആ ഐന്ദ്രികജാലികനു് പ്രകൃതി ദീർഘകാലത്തെ ജീവിതം നൽകിയില്ല. അമ്പതാമത്തെ വയസ്സിൽ ആ ധന്യജീവിതം അവസാനിച്ചു. അമേരിക്കൻ ചെക്കോവ് എന്നാണു് കാർവറെ നിരൂപകർ വിശേഷിപ്പിച്ചതു്. ആ റഷ്യൻ പ്രതിഭാശാലിയുടെ ഔന്നത്യത്തിൽ ആർക്കും സംശയമില്ല. എങ്കിലും കാർവറുടെ ചില കഥകൾ വായിക്കുമ്പോൾ അദ്ദേഹം ചെക്കോവിനെയും ബഹുദൂരം അതിശയിച്ചുവെന്നു തോന്നാതിരിക്കില്ല. ചെക്കോവിന്റെ Ward Number Six, The Lady with the Dog, The Black Monk, The Bishop ഈ ചെറുകഥകൾ കലാഗോപുരങ്ങളാണു്. കാർവറുടെ Cathedral, The Compartment, A Small Good Thing ഈ ചെറുകഥകൾ അവയ്ക്കു പിറകിൽ നിൽക്കുന്നവയല്ല. അവ ഹൃദയാവർജ്ജകങ്ങൾ മാത്രമല്ല, അതിമഹത്ത്വമാർന്നവയുമാണു്. അതിനാലാണു് ‘One of the great short story writers of our time of any time’ എന്നു് അദ്ദേഹത്തിന്റെ “A Small Good Thing” എന്ന ചെറുകഥ നോക്കാം.

images/Anton_Chekhov.jpg
ചെക്കോവ്

മകൻ സ്കോട്ടിക്കു് അടുത്ത തിങ്കളാഴ്ച എട്ടു വയസ്സാകുമെന്നു കണ്ടു് അമ്മ ബെയ്ക്കറിയിൽ ചെന്നു് കെയ്ക്ക് ഉണ്ടാക്കാൻ ഏർപ്പാടു് ചെയ്തു. തിങ്കളാഴ്ച കാലത്തു് സ്കോട്ടി വേറൊരു കുട്ടിയുമായി സ്കൂളിലേയ്ക്കു് പോകുകയായിരുന്നു. മനസ്സിരുത്താതെ നടന്നതുകൊണ്ടു് സ്കോട്ടിയെ ഒരു കാർ തട്ടിത്താഴെയിട്ടു. ഓടയിൽ തല ചെന്നിടിച്ചു് കാലുകൾ റോഡിലേയ്ക്കു് വച്ചാണു് അവൻ വീണതു്. കാർ ഡ്രൈവർ നൂറടി ചെന്നിട്ടു് വാഹനം നിറുത്തി. ഡ്രൈവർ തിരിഞ്ഞു നോക്കി. കുട്ടി ഉറച്ചല്ല റോഡിൽ എഴുന്നേറ്റു് നിന്നതു്. എങ്കിലും നിന്നുവെന്നു കണ്ടു് ഡ്രൈവർ വാഹനം ഓടിച്ചുപോയി. കുട്ടി നടന്നു വീട്ടിലെത്തി. പക്ഷേ, അവൻ ബോധശൂന്യനായി വീണപ്പോൾ അച്ഛനമ്മമാർ അവനെ ആശുപത്രിയിലാക്കി. കുട്ടി അഗാധമായ ഉറക്കത്തിലാണു്, മൂർച്ഛയിലല്ല എന്നു ഡോക്ടർ അവരെ അറിയിച്ചു. അച്ഛനും അമ്മയും മാറിമാറിയിരുന്നു മകനെ ശുശ്രൂഷിച്ചു. അവൻ ഉടനെ കണ്ണു തുറക്കുമെന്നാണു് അവർ വിചാരിച്ചതു്. കുട്ടിയുടെ അച്ഛൻ കാറിൽ ചെന്നിറങ്ങി വീട്ടിനുള്ളിലേയ്ക്കു് കടന്നതേയുള്ളു. റ്റെലിഫോൺ മണിനാദം ഉയർന്നു. ശാപവചനം ഉച്ചരിച്ചുകൊണ്ടു് അയാൾ റിസീവറെടുത്തു. “ഇവിടെയൊരു കെയ്ക്ക് ഉണ്ടാക്കിവെച്ചിരിക്കുന്നു. അതു എടുത്തിട്ടില്ല, ഇതുവരെ” എന്നു് ശബ്ദം അങ്ങേത്തലയ്ക്കൽ. “എന്തു പറയുന്നു?” എന്നു കുട്ടിയുടെ അച്ഛന്റെ ചോദ്യം. “ഒരു കെയ്ക്ക്, പതിനാറു ഡോളറിന്റെ കെയ്ക്ക്” എന്നു മറുപടി. “എനിയ്ക്കു് കെയ്ക്കിനെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ” എന്നു് അറിയിച്ചുകൊണ്ടു് അയാൾ റിസീവർ താഴെവച്ചു.

കുട്ടിയുടെ നില അതേ രീതിയിൽ തുടരുകയാണു്. ‘അവൻ എന്തേ ഉണരാത്തതു്’ എന്നു് അയാളും അവളും കൂടക്കൂടെ ചോദിച്ചു. തലയിൽ കെട്ടുകളും കൈയിൽ റ്റ്യൂബുമായി കുട്ടി കിടക്കുന്നു. തലയോടിൽ ഒരു ചെറിയ പൊട്ടൽ. അവൻ ഉറങ്ങുകയാണു് എല്ലാം ശരിയാകുമെന്നു ഡോക്ടർ അവരെ വീണ്ടും വീണ്ടും അറിയിച്ചു. ഡോക്ടർ അവനെ എക്സ്റേ പരിശോധനയ്ക്കായി താഴെ കൊണ്ടുപോയി. “പേടിക്കേണ്ട. ചില പടങ്ങൾ കൂടി വേണം, അത്രേയുള്ളൂ” എന്നു ഡോക്ടറുടെ ആശ്വാസവചനങ്ങൾ. കുളിക്കാനും മറ്റുമായി കുട്ടിയുടെ അമ്മ വീട്ടിൽ വന്നതേയുള്ളു. റ്റെലിഫോൺ മണിയുടെ ശബ്ദം. “നിങ്ങൾ സ്കോട്ടിയുടെ കാര്യം മറന്നുപോയോ?” എന്ന ഒറ്റച്ചോദ്യത്തോടെ വിളിച്ചയാൾ ഫോൺ താഴെ വച്ചു. അവൾ ആശുപത്രിയിലേയ്ക്കു് ഫോൺ ചെയ്തു. സ്കോട്ടിയ്ക്കു് കുഴപ്പമൊന്നുമില്ലെന്നു് അവന്റെ അച്ഛൻ അറിയിച്ചു. അമ്മ ആശുപത്രിയിലെത്തി. മകൻ കണ്ണു് ഒന്നു തുറന്നു. ഒരു മിനിറ്റ് നേരം തുറിച്ചു നോക്കി. അവന്റെ വായ് തുറന്നു.

പിന്നീടു് കണ്ണുകളടഞ്ഞു. അടഞ്ഞ പല്ലുകൾക്കിടയിലൂടെ അവസാനത്തെ ശ്വാസം പുറത്തേക്കുപോയി.

റ്റെലിഫോൺ ശബ്ദിച്ചു. “ഈശ്വരനെക്കരുതി പറയൂ. നിങ്ങൾക്കെന്തുവേണം?” എന്നു് മരിച്ച കുഞ്ഞിന്റെ അമ്മ ചോദിച്ചു.

“നിങ്ങളുടെ സ്കോട്ടി. നിങ്ങൾ മറന്നോ?” എന്നു് റ്റെലിഫോണിലൂടെ ചോദ്യം.

“എടാ ബാസ്റ്റഡ്. പട്ടിക്കു പിറന്നവനേ” അവൾ റിസീവറിനകത്തേക്കു് ഉച്ചത്തിൽ വിളിച്ചു. “സ്കോട്ടിയുടെ കാര്യം നിങ്ങൾ മറന്നോ?” എന്നു ചോദിച്ചുകൊണ്ടു് വിളിച്ചയാൾ റിസീവർ താഴെവച്ചു.

വിളിച്ചയാൾ ബെയ്ക്കറാണെന്നു് മനസ്സിലാക്കി അവൾ ഭർത്താവുമായി ബെയ്ക്കറിയിൽ എത്തി. അവൾ ബെയ്ക്കറുടെ നേരെ കൈ ചുരുട്ടിക്കാണിച്ചു് ഭയജനകമായി അയാളെ നോക്കി. “മൂന്നു ദിവസം പഴകിയ കെയ്ക്കു് എടുക്കാൻ വന്നതാണോ?” അയാൾ അവളോടു ചോദിച്ചു. “ബാസ്റ്റഡ്, നീ രാത്രിയിൽ ഫോണിൽ വിളിക്കുമല്ലേ?” എന്നു് അവളുടെ ചോദ്യം. “എന്റെ മകൻ മരിച്ചുപോയി. തിങ്കളാഴ്ച കാലത്തു് അവനെ ഒരു കാർ ഇടിച്ചിട്ടു. അവൻ മരിക്കുന്നതുവരെ ഞങ്ങൾ കാത്തിരുന്നു.” എന്നും അറിയിച്ചു.

“എനിക്കു ദുഃഖമുണ്ടു്. ഈശ്വരനു മാത്രമേ എന്റെ ദുഃഖമറിയൂ. ഞാൻ ബെയ്ക്കർ മാത്രം. വേറെ ആരുമല്ല. അതു് ഞാൻ ചെയ്ത അപരാധം ഇല്ലാതാക്കുന്നില്ല. എനിക്കു് വിഷാദമുണ്ടു്. നിങ്ങളുടെ മകനെക്കരുതി വിഷാദം. എനിക്കു് ഇതിലുള്ള പങ്കിനെക്കുറിച്ചു് ഓർത്തു വിഷാദം.” എന്നു് അയാൾ പറഞ്ഞു. അവർ അയാൾ കൊടുത്ത റൊട്ടി തിന്നു. കാപ്പി കുടിച്ചു. നേരം വെളുക്കുന്നതുവരെ അവർ അവിടെയിരുന്നു് അയാളുമായി സംസാരിച്ചു. തിരിച്ചു പോകണമെന്നു് അവർക്കു തോന്നിയതേയില്ല.

images/CGJung.jpg
യുങ്ങ്

മഹാവ്യക്തികൾ, അല്പപ്രഭാവന്മാർ, മഹാസംഭവങ്ങൾ ക്ഷുദ്രസംഭവങ്ങൾ ഇവ ഒരേ രീതിയിൽ നമ്മളെ ചലനം കൊള്ളിക്കും. ചിലപ്പോൾ മഹാവ്യക്തികളുടെ സാന്നിദ്ധ്യം നമ്മെ ചലിപ്പിച്ചില്ലെന്നു വരും; ക്ഷുദ്രവ്യക്തികൾ വല്ലാത്ത ഇംപ്രഷൻ ഉണ്ടാക്കുകയും ചെയ്യും. പ്രതിഭാശാലികളുമായുള്ള സമ്പർക്കം കൊണ്ടു് എനിക്കു് ഒരു വിധത്തിലും ചാഞ്ചല്യമുണ്ടായിട്ടില്ല. ഞാൻ കുട്ടിയായിരുന്നപ്പോഴാണു് വിശ്വവിശ്രുതനായ യുങ്ങു മായി സംസാരിച്ചതു്. സ്റ്റീവൻ സ്പെൻഡർ, കെസ്ലർ, ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ ഇവരോടു് ഞാൻ സംസാരിച്ചിട്ടുണ്ടു്. എന്നെക്കാൾ എത്രയോ വലിയ ആളുകളാണു് അവർ. നേരെ മറിച്ചു് ഒരു നിസ്സാര സംഭവം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു് ചെന്നു—ഞാൻ അതോർമ്മിക്കുന്നു. ചഞ്ചലചിത്തനായി മാറുന്നു. ഞാൻ വൈക്കം ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലം. സ്കൂളിനു തൊട്ടടുത്തുള്ള ചെമ്പുപണിക്കേഴത്തു വീട്ടിൽ (ഇപ്പോൾ അച്ചുതാലയം) താമസം. സായാഹ്നത്തിൽ വീട്ടിൽ നിന്നിറങ്ങി സ്കൂളിനു് അടുത്തുള്ള ഒരു ലെയ്നിലൂടെ നടന്നു. സന്ധ്യാവേള, ഏഴു വയസ്സുള്ള ഒരു പെൺകുട്ടി വീട്ടിന്റെ വാതിൽക്കൽ വന്നു നിൽക്കുകയായിരുന്നു. അവൾ എന്നോടു് ചോദിച്ചു: “ഈ നെയ്ത്തിരി മതിലിലെ കൽവിളക്കിൽ വച്ചുതരുമോ?” ഞാൻ അതു വാങ്ങി വിളക്കിൽ വച്ചിട്ടു് നടന്നു. ഇന്നും ആ സംഭവം എനിക്കു പുളകോദ്ഗമം ഉണ്ടാക്കുന്നു. അവളുടെ അപേക്ഷ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. എന്തുകൊണ്ടാണെന്നറിയില്ല എന്റെ സ്മരണ മണ്ഡലത്തിൽ നിന്നു് ആ കൊച്ചുകുട്ടിയുടെ രൂപം അപ്രത്യക്ഷമാകുന്നില്ല. യുങ്ങിന്റെ ബഹുമാനിക്കാതെ ഞാൻ ആ പിഞ്ചുബാലികയെ ബഹുമാനിക്കുന്നു.

കാർവറുടെ മഹനീയമായ കഥയുടെ സംഗ്രഹമാണു് മുകളിൽ നൽകിയതു്. അദ്ദേഹം അത്രകണ്ടു് ആദരണീയമല്ലാത്ത ഏറെക്കഥകളും രചിച്ചിട്ടുണ്ടു്. രണ്ടു വിഭാഗത്തിൽപെട്ട രചനകളുടെയും മുൻപിൽ ഞാൻ തലകുനിച്ചു നിൽക്കുന്നു. രേഖപ്പെടുത്തിയ കഥാസംഗ്രഹം നോക്കുക. അതിലെ സംഭവങ്ങൾ നിത്യജീവിതത്തിലേതു മാത്രം. പക്ഷേ, കഥ വായിച്ചു തീരുമ്പോൾ നമ്മൾ കാർവർ സൃഷ്ടിക്കുന്ന മാന്ത്രികവലയത്തിനുള്ളിൽ ആയിപ്പോകുന്നു.

ഈ ലേഖകനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പരാതി പടിഞ്ഞാറൻ കഥാരത്നമെടുത്തു് ഇവിടത്തെ കഥാകാചത്തോടു് താരതമ്യപ്പെടുത്തുന്നു എന്നതാണു്. ഞാനങ്ങനെ ഇന്നുവരെ ചെയ്തിട്ടില്ല. കലാത്മകമായ കഥയേതു്, കലാരഹിതമായ രചനയേതു് എന്നേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ. പക്ഷേ, ഇപ്പോൾ ആ പരാതി സാർത്ഥകമാകാൻ പോകുന്നു. മലയാളം വാരികയിലെ ‘മഴച്ചിന്തു്’ എന്ന കഥയും (എം. വി. ശ്രീലത എഴുതിയതു്) മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘കറുത്ത മത്സ്യം’ എന്ന കഥയും (എബ്രഹാം മാത്യു എഴുതിയതു്) വായിക്കുക. എന്നിട്ടു് കാർവറുടെ കഥയുമായി തട്ടിച്ചു നോക്കുക. ഹൃദയത്തിന്റെ ഒരു കോണിലെങ്കിലും നേരിയ ചലനമുണ്ടാകുന്നോ? എവിടെയെങ്കിലും സാഹിത്യത്തെസ്സംബന്ധിച്ച ആവിഷ്കാരമുണ്ടോ? നമുക്കുള്ള അനുഭൂതികളെ നവീകരിക്കുന്നുണ്ടോ ഈ ബീഭത്സതകൾ? അന്തരംഗത്തിന്റെ ഉൽപാദനകേന്ദ്രത്തിൽ ഈ ചെറുകഥകളുടെ ഏതു വാക്യമാണു് ആഘാതമേൽപ്പിക്കുന്നതു? എന്തിനിങ്ങനെ എഴുതുന്നുവെന്നു ചോദിക്കാൻ തോന്നിപ്പോകുന്നു. നിത്യജീവിതസംഭവങ്ങളെ ഇങ്ങനെ വർണ്ണരഹിതമായി പ്രതിപാദിക്കാൻ ഇവർക്കെങ്ങനെ തോന്നുന്നു?

ചങ്ങമ്പുഴ, എം. എൻ. വിജയൻ
images/Changampuzha.jpg
ചങ്ങമ്പുഴ

തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി റ്റൗൺഹോൾ. അവിടെയെന്തോ കലാപരിപാടി നടക്കുകയായിരുന്നു. എന്റെ മുൻപിലുള്ള കസേരയിൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും അവഗാഹമുള്ള ഒരാൾ. കലാപ്രകടനം നടക്കുന്നതിനിടയിൽ അദ്ദേഹം തിരിഞ്ഞു് എന്നോടൊരു ചോദ്യം: “ആ തൂങ്ങിച്ചത്തവന്റെ പേരെന്തു?” ജീവിതവേദന സഹിക്കാനാവാതെ ആത്മഹനനം നടത്തിയ ആ പ്രതിഭാശാലിയെ പണ്ഡിതനു് അറിഞ്ഞുക്കൂടായ്കയല്ല. കരുതിക്കൂട്ടി ആ മനുഷ്യന്റെ സ്മരണയെ അദ്ദേഹം അപമാനിക്കുകയായിരുന്നു. അതുകൊണ്ടു് ഞാൻ മറുപടി പറയാനേ പോയില്ല. ഈ ചോദ്യകർത്താവു് ആ ഒരു നിമിഷത്തിൽ അങ്ങനെയൊന്നു ചോദിച്ചെന്നേയുള്ളുവെന്നു് പിൽക്കാലത്തെ ഒരു സംഭവം തെളിയിച്ചു. അദ്ദേഹം എന്നോടു് പറഞ്ഞു: “ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യുണ്ടല്ലോ, അതിനെ ജയിക്കാൻ മലയാളത്തിലൊരു കവിയില്ല”. ഇടപ്പള്ളിക്കവിതയുടെ സൗന്ദര്യം അദ്ദേഹവും ആസ്വദിച്ചിരുന്നു എന്നതു് സ്പഷ്ടം. പ്രതീക്ഷിക്കാത്തിടത്തുനിന്നു് നമ്മളെ ആഹ്ലാദിപ്പിക്കുന്ന ചോദ്യമുണ്ടാകുമ്പോൾ നമുക്കു് വലിയ ആഹ്ലാദമുണ്ടാകും. ആ ആഹ്ലാദിരേകമാണെനിക്കു് എം. എൻ. വിജയന്റെ ‘ചങ്ങമ്പുഴ’ എന്ന ലേഖനം ‘നവകേരളം’ വാരികയിൽ വായിച്ചപ്പോഴുണ്ടായിരുന്നതു്. അതുകൊണ്ടു് വിജയനെ ചങ്ങമ്പുഴക്കവിതയുടെ വിരോധിയായി ഞാൻ കണ്ടിരുന്നുവെന്നു് അർത്ഥമില്ല. വിജയന്റെ ചിന്താസരണി വേറെ. അദ്ദേഹത്തിന്റെ ആസ്വാദനതലം വിഭിന്നം. അങ്ങനെയുള്ള ഒരാളിൽനിന്നു് ഇത്തരത്തിൽ ലേഖനമുണ്ടാകുമ്പോൾ സ്വാഭാവികമായി ഹർഷാതിശയം ഉണ്ടാകും. അതാണു് എനിക്കുണ്ടായതും. ചങ്ങമ്പുഴയുമായുള്ള ആത്മബന്ധത്തെ സൂചിപ്പിച്ചുകൊണ്ടു് എം. എൻ. വിജയൻ ഇതുവരെ മറ്റാരും പറയാത്ത കാര്യങ്ങൾ പറയുന്നു. അതും ഹൃദ്യമായ രീതിയിൽ. അത്യുക്തിയില്ല, ന്യൂനോക്തിയില്ല. സത്യസന്ധമായി വിജയൻ വസ്തുതകൾ പ്രതിപാദിക്കുന്നു. ഞാൻ രണ്ടുതവണ അദ്ദേഹത്തിന്റെ ലേഖനം വായിച്ചു. സന്തോഷിച്ചു.

വിചാരങ്ങൾ—വേറെ പലതും
images/Antoine_de_Saint-Exupery.jpg
സങ്തു് എഗ്സ്യൂപേരി

നിങ്ങൾ കുടുംബത്തെ വിമർശിക്കരുതു്. വിമർശിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ വിമർശിക്കുകയാവും. കാരണം നിങ്ങൾ കുടുംബത്തിലെ ഒരു ഭാഗമാണു് എന്നതത്രേ. ഈ രീതിയിൽ ഫ്രഞ്ച് സാഹിത്യകാരൻ സങ്തു് എഗ്സ്യൂപേരി എഴുതിയതു് ഞാൻ എന്റെ പിതാവിനെത്തന്നെ ഈ കോളത്തിൽ വിമർശിച്ചിട്ടുണ്ടു്. അതു് തെറ്റാണെന്നു് യുങ് എന്നെ ഒരു ഗ്രന്ഥത്തിലൂടെ ഉപദേശിക്കുന്നു. ദുഷ്ടനായ അച്ഛനെ അക്കാര്യത്തിനും സ്നേഹമില്ലാത്ത അമ്മയെ വേറൊരു കാര്യത്തിനും നമ്മൾ വിമർശിക്കുന്നു. പക്ഷേ, അപ്പോഴൊക്കെ ചിലന്തിവലയിൽ ഈച്ചയെന്നപോലെ നമ്മൾ ബന്ധനസ്ഥരാവുകയാണു്. സാന്മാർഗ്ഗിക സ്വാതന്ത്ര്യം‌ നഷ്ടപ്പെടുത്തുകയാണു്. അച്ഛനമ്മമാരും അവരുടെ മാതാപിതാക്കന്മാരും യഥാക്രമം മകൻ, പേരക്കുട്ടി ഇവരോടു് എത്ര പാപം ചെയ്താലും ആ മകന്റെ പേരക്കുട്ടിയുടെ അവസ്ഥയായി നമ്മൾ അതു സ്വീകരിക്കണം. മണ്ടനേ മറ്റുള്ളവന്റെ കുറ്റത്തിൽ തല്പരനായിരിക്കൂ. വിവേകമുള്ളവൻ സ്വന്തം കുറ്റത്തിൽനിന്നു് പാഠങ്ങൾ പഠിക്കും.

മണ്ടനേ മറ്റുള്ളവന്റെ കുറ്റത്തിൽ തല്പരനായിരിക്കൂ. വിവേകമുള്ളവൻ സ്വന്തം കുറ്റത്തിൽനിന്നു് പാഠങ്ങൾ പഠിക്കും.

എനിക്കു് സംസ്കൃതഭാഷയിൽ പരിമിതമായ അറിവേയുള്ളൂ. അതുകൊണ്ടു് ആ ഭാഷയിൽ പാണ്ഡിത്യമുണ്ടെന്നു ഞാൻ നടിക്കാറില്ല. കുട്ടികൃഷ്ണമാരാരുടെ ഗദ്യപരിഭാഷകൾ വായിച്ചു് അവ വീണ്ടും കോളത്തിലെഴുതി സംസ്കൃതം എനിക്കറിയാമെന്നു് ഞാൻ ഭാവിച്ചിട്ടില്ല. അതല്ല ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത സംസ്കൃത പണ്ഡിതന്മാരുടെ സ്ഥിതി. അവർ ഇംഗ്ലീഷിൽ സംസാരിച്ചുകളയും. കെ. ജി. മേനോൻ എന്നൊരു ചീഫ് സെക്രട്ടറി ഇവിടെയുണ്ടായിരുന്നു. മന്ത്രിമാർക്കു് അധികാരമുള്ളവ തനിക്കും അധികാരമുള്ളവ തന്നെ എന്നു സ്വയം വിചാരിച്ചു് അദ്ദേഹം ഫയലുകളിൽ കല്പനകൾ പുറപ്പെടുവിക്കുമായിരുന്നു. ഒരു ദിവസം ഞങ്ങൾ കുറെ അധ്യാപകർ ഗ്രാന്റ്സ് കമ്മിഷന്റെ ശംബളം വേണമെന്നു പറയാൻ ചീഫ് സെക്രട്ടറിയുടെ അടുത്തു പോയിരുന്നു. ‘എന്തുവേണം?’ എന്നു് ലങ്കാധിപതിയെപ്പോലെ അദ്ദേഹം ചോദിച്ചപ്പോൾ സംസ്കൃതമറിയാമെങ്കിലും ഇംഗ്ലീഷിൽ അനഭിജ്ഞനായ ഒരധ്യാപകൻ ‘ഗ്രാന്റ് കമ്മിഷന്റെ ശംബളം ഞങ്ങൾക്കും കിട്ടണം’ എന്നു പറഞ്ഞു. ചീഫ് സെക്രട്ടറി ആ വിഡ്ഢിത്തം കേട്ടില്ലെന്നു ഭാവിച്ചു് ഉത്തരക്കടലാസ് നോക്കുന്നതിലേക്കു സംഭാഷണം തിരിച്ചു വിട്ടു. ‘False number ഇട്ടാലും കള്ളന്മാരാകാമല്ലോ’ എന്നു ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ ‘അതിനു ഉത്തരക്കടലാസുകൾ ഷഫിൾ ചെയ്തല്ലേ വിതരണം ചെയ്യുന്നതു്’ എന്നു് ആ അധ്യാപകൻ പറഞ്ഞു. കെ. ജി. മേനോൻ ഒറ്റ നോട്ടം കൊണ്ടു് ഞങ്ങളെയാകെ ഭസ്മമാക്കി. ഞങ്ങൾ ഭസ്മമായി തിരുവനന്തപുരം സംസ്കൃത കോളേജിലേക്കു പറന്നു.

images/Kumaran_Asan.jpg
കുമാരനാശാൻ

എന്റെ അകന്ന ബന്ധുവിനു് കുമാരനാശാനെ പരിചയമുണ്ടായിരുന്നു. കവി തിരഞ്ഞെടുപ്പിനു നിൽക്കുന്നുണ്ടോ എന്നു് അയാൾ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞുപോലും: ‘കാലിനു സുഖമുണ്ടെങ്കിൽ നില്ക്കും’ എന്നു്. എന്റെ ഒരു കാരണവരുടെ കാരണവർ കുമാരനാശാനെ പരിചയപ്പെടാൻ വേണ്ടി നെയ്യാറ്റിൻകരയിൽ വച്ചുകൂടിയ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന അദ്ദേഹത്തോടു് ‘May I know you?’ എന്നു ചോദിച്ചു. കവി ഉടനെ മറുപടി പറഞ്ഞത്രേ “I am known by the name of Kumaran Asan.” ‘പ്രരോദന’ത്തെക്കുറിച്ചു് ഒരു ചെറുപ്പക്കാരൻ പ്രശംസിച്ചു് ലേഖനമെഴുതിയെന്നു കവിയോടു് ആരോ പറഞ്ഞപ്പോൾ ‘അവന്മാർക്കൊക്കെ അതു മനസ്സിലാകുമോ?’ എന്നു അദ്ദേഹം ചോദിച്ചു. ഈ egoism—ഞാൻ എന്ന ഭാവം—കവിക്കുണ്ടായിരുന്നുവെന്നു് അദ്ദേഹത്തിന്റെ ഏതുകൃതി വായിച്ചാലും നമുക്കു ഗ്രഹിക്കാം. ‘വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ വായുവിമാനത്തിലേറിയാലും’ എന്നതിലെ വിനയം കുമാരനാശാനു് സ്വീകരണീയമായിരുന്നില്ല എന്നുവേണം വിചാരിക്കാൻ.

കാരുണ്യമാണു് മനുഷ്യനെ മനുഷ്യനാക്കുന്നതെങ്കിൽ മഹാകവി ഉള്ളൂർ പുരുഷരത്നവും കൂടിയായിരുന്നു.

എനിക്കറിയാമായിരുന്ന സാഹിത്യകാരന്മാരിൽ ഏറ്റവും ദയയുള്ളയാൾ ഉള്ളൂർ പരമേശ്വരയ്യരാ യിരുന്നു. അദ്ദേഹം കുട്ടികൾക്കു് അടികൊടുത്തിട്ടു ദുഃഖിക്കുമായിരുന്നുവെന്നു് അദ്ദേഹത്തിന്റെ ബന്ധുവായ മാതമറ്റിക്സ് പ്രഫെസർ പരമേശ്വരൻ എഴുതിയതു് ഞാൻ വായിച്ചിട്ടുണ്ടു്. എന്റെ പരീക്ഷയുടെ ചെയർമൻ ഉള്ളൂരായിരുന്നു. മറ്റംഗങ്ങൾ ചേലനാട്ടു് അച്ചുതമേനോൻ, പി. അനന്തൻപിള്ള, ഡോക്ടർ കെ. ഗോദവർമ്മ. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു് എന്റെ അനഭിജ്ഞതയെ ബോർഡംഗങ്ങളെ ഗ്രഹിപ്പിക്കാൻ ശ്രമിച്ചതു് അനന്തൻപിള്ളയായിരുന്നു. സംസ്കൃതശ്ലോകം ചൊല്ലിയിട്ടു് അതിനു തുല്യമായ ആശയം ‘ഗിരിജാകല്യാണ’ത്തിൽ എവിടെയുണ്ടെന്നു് അദ്ദേഹം പലതവണ ചോദിച്ചു. കരുതിക്കൂട്ടി എന്നെ വിഷമിപ്പിക്കുകയാണു് അനന്തൻ പിള്ള എന്നു മനസ്സിലാക്കിയ ഡോക്ടർ ഗോദവർമ്മ എന്റെ സഹായത്തിനു് എത്തിയില്ലായിരുന്നെങ്കിൽ എനിക്കു് ‘ഫസ്റ്റ് ക്ലാസ്’ നഷ്ടപ്പെടുമായിരുന്നു. ഗോദവർമ്മ സാറ് അനന്തൻ പിള്ളയോടു് ദേഷ്യത്തിൽ ചോദിച്ചു. ‘ഈ വിദ്യാർത്ഥിക്കു് സംസ്കൃതപാണ്ഡിത്യമുണ്ടോ എന്നാണോ അനന്തൻ പിള്ള പരിശോധിക്കുന്നതു? ഇതു മലയാളം ഓണേഴ്സ് പരീക്ഷയാണു്, സംസ്കൃതം ഓണേഴ്സല്ല. ഗോദവർമ്മ സാറിന്റെ ചോദ്യം അനന്തൻ പിള്ളയ്ക്കു് ഏറ്റു. അദ്ദേഹം പിന്നീടു് എന്നെ ഉപദ്രവിച്ചില്ല. ഉള്ളൂരാകട്ടെ എനിക്കറിയാവുന്ന ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങളാണു് ചോദിച്ചതു്. ഓരോ ചോദ്യവും ചോദിക്കാൻ ഭാവിക്കുമ്പോഴും അദ്ദേഹം കാരുണ്യാർദ്രങ്ങളായ കണ്ണുകളോടുകൂടി എന്നെ നോക്കി ‘പേടിക്കരുതു്’ പേടിക്കരുതു്’ എന്നു പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആ ദയ എന്നെ അദ്ഭുതപ്പെടുത്തി. ഉത്തരങ്ങൾ ശരിയായി പറയാൻ അതു് എന്നെ സഹായിക്കുകയും ചെയ്തു. കാരുണ്യമാണു് മനുഷ്യനെ മനുഷ്യനാക്കുന്നതെങ്കിൽ മഹാകവി ഉള്ളൂർ പുരുഷരത്നവും കൂടിയായിരുന്നു.

തിരുവനന്തപുരത്തെ വഴുതയ്ക്കാടു് എന്ന സ്ഥലത്തുവച്ചു് ഞാൻ ഒരുദിവസം വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെ കണ്ടു. ‘ഇപ്പോൾ എന്തു ചെയ്യുന്നു സാർ?’ എന്നു ഞാൻ ചോദിച്ചപ്പോൾ എഡ്വിൻ ഓർനോൾഡി ന്റെ ‘Light of Asia’ തർജ്ജമ ചെയ്യുന്നുവെന്നു് അദ്ദേഹം മറുപടി നൽകി. “കുമാരനാശാന്റെ തർജ്ജമയുണ്ടല്ലോ” എന്നു ഞാൻ പറഞ്ഞപ്പോൾ “അതുപോരാ. ബുദ്ധന്റെ കുതിരയുടെ പേരു പോലും തെറ്റിച്ചാണു് ആശാൻ എഴുതിയിരിക്കുന്നതു്” എന്നു് വെണ്ണിക്കുളം പറഞ്ഞു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-04-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.