SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-01-04-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Blaise_Cendrars.jpg
ബ്ലെ​യ്സ് സാ​ങ്ദ്രാർ

1887 സെ​പ്റ്റം​ബർ ഒന്നി​നു് സ്വി​റ്റ്സർ​ല​ണ്ടിൽ ജനി​ച്ച സോ​സ്സ​യാ​ണു് (Frederic Sausser, 1877–1961) പി​ല്ക്കാ​ല​ത്തു് ബ്ലെ​യ്സ് സാ​ങ്ദ്രാർ (Blaise Cendrars) എന്ന ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​ര​നാ​യി മഹാ​യ​ശ​സ്സാർ​ജ്ജി​ച്ച​തു്. അദ്ദേ​ഹം നോ​വ​ലി​സ്റ്റാ​യി​രു​ന്നു, കവി​യാ​യി​രു​ന്നു. രണ്ടു നി​ല​ക​ളി​ലും മൗ​ലി​ക​പ്ര​തിഭ പ്ര​ദർ​ശി​പ്പി​ച്ച സാ​ഹി​ത്യ​കാ​രൻ. പാ​രീ​സി​ലെ ‘അവൊങ് ഗാർദ്’ മണ്ഡ​ല​ങ്ങ​ളിൽ​നി​ന്നു് പ്ര​ചോ​ദ​ന​മുൾ​ക്കൊ​ണ്ടു് ക്യൂ​ബി​സം എന്ന കലാ​സ​ങ്കേ​തം സ്വീ​ക​രി​ച്ചു് കാ​വ്യ​ങ്ങൾ രചി​ച്ച ആളാ​ണു് സാ​ങ്ദ്രാർ. (പുതിയ ആശ​യ​ങ്ങ​ളും പുതിയ കലാ​സ​ങ്കേ​ത​ങ്ങ​ളും കലയിൽ നി​വേ​ശി​പ്പി​ച്ച സം​ഘ​മാ​ണു് അവൊങ് ഗാർദ് ഒരു വസ്തു​വി​ന്റെ വി​വി​ധാം​ശ​ങ്ങൾ ഒരേ സമ​യ​ത്തു​ത​ന്നെ ആവി​ഷ്ക​രി​ക്കു​ന്ന പ്ര​സ്ഥാ​നം ക്യൂ​ബി​സം. ധി​ഷ​ണ​യിൽ​നി​ന്നു വരു​ന്ന പ്ര​തീ​ക​ങ്ങ​ളാ​യി വാ​ക്കു​ക​ളെ സങ്ക​ല​നം ചെ​യ്തു കവി​ത​യിൽ കൊ​ണ്ടു​വ​രു​ന്ന​താ​ണു് ഇതി​ന്റെ രീതി.)

ഗു​ണ​വി​ഭി​ന്ന​ത​യു​ള്ള—വി​ജാ​തീ​യ​ങ്ങ​ളായ—വസ്തു​ത​ക​ളെ​യോ വസ്തു​ക്ക​ളെ​യോ അടു​ത്ത​ടു​ത്തു​വ​ച്ചു് സ്ഫോ​ട​നാ​ത്മ​കത ഉള​വാ​ക്കു​ന്ന​തും അവൊങ് ഗാർ​ദി​ന്റെ രി​തി​യാ​ണു്. ഇതിൽ ആപൊ​ളി​നെ​റും (Apollinaire, 1880–1918) വി​ദ​ഗ്ദ്ധ​നാ​ണു്. ഈ സമീ​പ​സ്ഥ​സ്വ​ഭാ​വം വി​കാ​ര​ങ്ങ​ളെ ഉദ്ദീ​പി​പ്പി​ക്കു​ന്നു. കവി​യു​ടെ സ്വ​ത്വ​ത്തെ പ്ര​ദർ​ശി​പ്പി​ക്കു​ന്നു എന്നാ​ണു് അവ​രു​ടെ വാദം. 1913-ൽ സാ​ങ്ദ്രാർ എഴു​തിയ “Contrasts” എന്ന കവി​ത​യിൽ ഇതു ദർ​ശി​ക്കാം. അതി​ന്റെ ഒടു​വി​ല​ത്തെ ഭാഗം എടു​ത്തെ​ഴു​ത​ട്ടെ:

It’s raining light bulbs

Montrouge Gare de I’Est

Metro Nord-​Sud seine

Omni bus people

One big halo

Depth

Rue de Beci they yell

‘L’ Intransigeant’ and ‘Paris Sports’

The aerodrome of the sky

is now, all fiery, a picture by cimabue

And infront

The men are

Tall

Dark

Sad

And smoking, factory stacks

(Montrouge—പാ​രീ​സി​ന്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശം. Gare de I’Est-​റെയിൽവേ സ്റ്റേ​യ്ഷൻ Nord-​Sud-ഭൂഗർഭത്തിലൂടെയുള്ള വഴി ‘L’Intransigenant’-​വർത്തമാനപ്പത്രം ‘Paris Sports’—സ്പോർ​ട്സ് ജേണൽ. Cimabue ചി​ത്ര​കാ​രൻ.)

വി​ജാ​തീ​യ​ങ്ങ​ളായ ഈ അം​ശ​ങ്ങ​ളെ അടു​ത്ത​ടു​ത്തു​വ​ച്ചു് റൊ​മാ​ന്റി​ക് കല​യ്ക്കു വി​രു​ദ്ധ​മായ കല സൃ​ഷ്ടി​ക്കു​ക​യാ​ണു് സാ​ങ്ദ്രാ​റെ​ന്നു് നി​രൂ​പ​ക​മ​തം. ഇറ്റ​ലി​യി​ലെ ചി​ത്ര​കാ​രൻ ചീ​മാ​ബ് വാ​യു​ടെ ചി​ത്രം​പോ​ലെ​യു​ള്ള ആകാശം. ഇരു​ണ്ട, കറു​ത്ത, വി​ഷാ​ദ​മാർ​ന്ന മനു​ഷ്യർ, ബൾ​ബു​ക​ളു​ടെ അനവരത പ്ര​കാ​ശം ഇവ​യെ​യെ​ല്ലാം അടു​ത്ത​ടു​ത്തു​വ​ച്ചു് പാരമ്പര്യത്തിൽനിന്ന്-​കാല്പനികതയിൽനിന്നു്-അകന്നുനില്ക്കുന്ന അവ​സ്ഥാ​വി​ശേ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണു് സാ​ങ്ദ്രാ​റെ​ന്നും നി​രൂ​പ​കൻ പറ​യു​ന്നു.

ഇതു​പോ​ലെ​യാ​ണു് ഈ കവി​യു​ടെ എല്ലാ​ക്ക​വി​ത​ക​ളും. അങ്ങ​നെ അദ്ദേ​ഹം കാ​വ്യ​പ​ഥ​ത്തിൽ നൂ​ത​ന​ത്വം ഉള​വാ​ക്കു​ന്നു.

1918-ൽ മരി​ച്ച ആപൊ​ളി​നെ​റി​നെ​ക്കു​റി​ച്ചു് 1919-ൽ സാ​ങ്ദ്രാർ എഴു​തിയ കവിത മാ​സ്റ്റർ​പീ​സാ​ണു്. ചില ഭാ​ഗ​ങ്ങൾ കാണുക:

images/Apollinaire.jpg
ആപൊ​ളി​നെർ

“അവി​ടെ​യു​ണ്ടാ​യി​രു​ന്ന കവി​ക​ളെ ഞാൻ അഭി​സം​ബോ​ധന ചെ​യ്യു​ക​യാ​ണു് സു​ഹൃ​ത്തു​ക്ക​ളേ, ആപൊ​ളി​നെർ മരി​ച്ചി​ല്ല. നി​ങ്ങൾ ഒഴി​ഞ്ഞ ശവ​വ​ണ്ടി​യു​ടെ പിറകേ പോ​രി​ക​യാ​യി​രു​ന്നു. ആപൊ​ളി​നെർ ഒരു ‘മെ​യ്ഗ​സാ’യി​രു​ന്നു. (പ്ര​കൃ​ത്യ​തീ​ത​ശ​ക്തി​യു​ള്ള പു​രോ​ഹി​തൻ. ഉണ്ണി​യേ​ശു​വി​നെ കാണാൻ ചെന്ന മൂ​ന്നു​പേ​രെ ഓർമ്മിക്കുക-​ലേഖകൻ) ജാ​ല​ക​ങ്ങ​ളി​ലെ പട്ടു​കൊ​ടി​ക​ളിൽ ഇരു​ന്നു് അദ്ദേ​ഹം മന്ദ​ഹാ​സം തൂ​കു​ക​യാ​യി​രു​ന്നു. ശവ​വാ​ഹ​ന​ത്തി​ന്റെ പിറകേ നി​ങ്ങൾ നട​ന്ന​പ്പോൾ അദ്ദേ​ഹം നി​ങ്ങൾ​ക്കാ​യി പൂ​ക്ക​ളും പു​ഷ്പ​ച​ക്ര​ങ്ങ​ളു​മെ​റി​ഞ്ഞു് ആഹ്ലാ​ദി​ക്കു​ക​യാ​യി​രു​ന്നു. അവ​രെ​ല്ലാ​വ​രും ആപൊ​ളി​ന​റു​ടെ ഭാഷ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.”

മല​യാ​ള​ത്തി​ലേ​ക്കു തർ​ജ്ജമ ചെയ്ത അവ​സാ​ന​ത്തെ ഭാഗം ആശ​യ​വി​ശ​ദീ​ക​ര​ണ​ത്തി​നു് അസ​മർ​ത്ഥ​മാ​ക​യാൽ ഇം​ഗ്ലീ​ഷിൽ​നി​ന്നു കുറെ വരികൾ അതു​പോ​ലെ കൊ​ടു​ക്ക​ട്ടെ:

“Among them, Apollinaire, like that

statue of the Nile, the father of the

waters, stretched out with

kids that flow all over him

Between his feet, under his arms,in his beard

They look like their father and go their own way

And they all speak the language of Appollinaire.”

ആപൊ​ളി​നെർ, സാ​ങ്ദ്രാ​റു​ടെ ഈ വാ​ക്കു​ക​ളി​ലൂ​ടെ നമ്മു​ടെ മുൻ​പിൽ ജീ​വ​നാർ​ന്നു നി​ല്ക്കു​ന്നു. ഒഴി​ഞ്ഞ ശവ​വാ​ഹ​ന​മാ​ണു് പോ​യ​തെ​ന്നു് നമ്മ​ളും പറ​യു​ന്നു. വാ​ങ്മയ ചി​ത്ര​ങ്ങ​ളു​ടെ ഐക്യം കാ​ല്പ​നിക കവിത പ്ര​ദാ​നം ചെ​യ്യു​ന്നു. അതി​നെ​ക്കാൾ ദൃ​ഢ​ത​യു​ണ്ടു് വി​ജാ​തീ​യ​ങ്ങ​ളായ അം​ശ​ങ്ങ​ളു​ടെ സമീ​പ​സ്ഥ സ്വ​ഭാ​വ​ത്തി​നു് എന്നു തെ​ളി​യി​ച്ച മഹാ​ക​വി​യാ​ണു് സാ​ങ്ദ്രാർ.

വാ​ങ്മയ ചി​ത്ര​ങ്ങ​ളു​ടെ ഐക്യം കാ​ല്പ​നിക കവിത പ്ര​ദാ​നം ചെ​യ്യു​ന്നു. അതി​നെ​ക്കാൾ ദൃ​ഢ​ത​യു​ണ്ടു് വി​ജാ​തീ​യ​ങ്ങ​ളായ അം​ശ​ങ്ങ​ളു​ടെ സമീ​പ​സ്ഥ സ്വ​ഭാ​വ​ത്തി​നു് എന്നു തെ​ളി​യി​ച്ച മഹാ​ക​വി​യാ​ണു് സാ​ങ്ദാർ.

ഇന്ത്യ​യിൽ ഒരി​ട​ത്തും കി​ട്ടാ​ത്ത ഇപ്പു​സ്ത​കം ഇന്റർ​നെ​റ്റി​ലൂ​ടെ അമേ​രി​ക്ക​യിൽ​നി​ന്നു വരു​ത്തി സൗ​ജ​ന്യ​മാ​ധു​ര്യ​ത്തോ​ടെ എനി​ക്കു വാ​യി​ക്കാൻ​ത​ന്ന വൈ​ക്കം മുരളി എന്ന സഹൃ​ദ​യ​നു് നന്ദി.

(Complete Poems, Blaise-​Cendrars, Translated by Ron Padgett, University of California Press, pp. 392.)

ആഖ്യാനം-​പിറകോട്ടു്

ഇട​പ്പ​ള്ളി രാ​ഘ​വൻ​പി​ള്ള യുടെ ‘സ്മരണ’ എന്ന ലളി​ത​കാ​വ്യം ഞാൻ എത്ര പരി​വൃ​ത്തി​യാ​ണു് വാ​യി​ച്ച​തു്. ഇപ്പോൾ ഇതെ​ഴു​താൻ വേ​ണ്ടി വീ​ണ്ടും വാ​യി​ച്ചു. ആവർ​ത്തി​ച്ച പാ​രാ​യ​ണം ഓരോ വേ​ള​യി​ലും അനു​ഭൂ​തി​യു​ണ്ടാ​ക്കു​ന്നു. വാ​യ​ന​ക്കാർ​ക്ക് കുറെ വരികൾ കേൾ​ക്കാൻ കൗ​തു​ക​മു​ണ്ടോ?

“ഓർ​പ്പൂ ഞാ​നോ​മ​ലിൻ മേ​നി​യിൽ താ​രു​ണ്യം

പൂ​ക്ക​ള​ണി​യി​ക്കും ചൈ​ത്ര​കാ​ലം!

ഏക​നാ​യ് വാ​യ​ന​മ​ച്ചി​ലി​രു​ന്നു ഞാ-

നേ​കാ​ന്ത​ത​യു​മാ​യ് സല്ല​പി​ക്കേ

മന്ദ​മ​ക്കോ​ലാ​യി​ല​ങ്ങി​ങ്ങൊ​രു പാദ

വി​ന്യാ​സം കേ​ട്ടു ഞാൻ പി​ന്തി​രി​യും

തങ്ക​ര​ത്ത​ങ്ക​ല​തി​ക​യിൽ തത്തി​ടും

കങ്കണ പൈ​ങ്കി​ളി​ക്കൊ​ഞ്ച​ലി​നാൽ

ബന്ധ​മ​ഴി​ഞ്ഞ​താം കു​ന്ത​ള​പ്പ​ച്ചി​ല്ല

പ്പൊ​ന്ത​യ്ക്കൊ​രു​ക്കി​ളി​യേ​റ്റി​യേ​റ്റി

നാണം കു​ണു​ങ്ങി​യ​ത്തൂ​ണിൻ​മ​റ​വി​ലാ​യ്

വാ​ണി​ടും വാ​രൊ​ളി മേനി കാണും

തെ​ല്ലിട ഞങ്ങ​ള​റി​യാ​തെ കണ്മുന

ത്തെ​ല്ലു​ക​ള​ന്യോ​ന്യം കൂ​ട്ടി​മു​ട്ടും.”

ചി​ത്ത​ത്തു​ടി​പ്പോ​ലെ കവി ചോ​ദി​ക്കും എന്തി​നു വന്ന​തെ​ന്നു്. ഒന്നു​മി​ല്ലെ​ന്നു് ഉത്ത​രം പറ​ഞ്ഞ് ഓമലാൾ തി​രി​ച്ചു​പോ​കും. കവി പറ​യു​ന്നു:

“ഒന്നു​മി​ല്ലെ​ന്നു​ള്ള വാ​ക്കി​ന്റെ​യർ​ഥ​ങ്ങ

ളൊ​ന്നു രണ്ട​ല്ലെ​ന്ന​ന്നോർ​ത്തി​ല്ല ഞാൻ.”

അർ​ത്ഥ​വും ശബ്ദ​വും (ഒച്ച എന്ന അർ​ത്ഥ​ത്തിൽ) ഈ വരി​ക​ളിൽ ഒന്നാ​വു​ക​യാ​ണു് ചങ്ങ​മ്പു​ഴ​ക്ക​വി​ത​പോ​ലെ വാ​ക്കു​ക​ള​ല്ല അനു​വാ​ച​ക​നു് ത്രു​ട​ന​മു​ള​വാ​ക്കു​ന്ന​തു്. കവി​ത​യി​ലെ കാ​മു​കി​യും കാ​മു​ക​നു​മാ​ണു്. സാ​മാ​ന്യ​പ​ദ​ങ്ങ​ളേ ഇട​പ്പ​ള്ളി പ്ര​യോ​ഗി​ക്കു​ന്നു​ള്ളു. അദ്ദേ​ഹ​ത്തി​ന്റെ അല​ങ്കാ​ര​ങ്ങ​ളും ചി​ര​പ​രി​ചി​ത​ങ്ങൾ എങ്കി​ലും എന്തൊ​ര​നു​ഭൂ​തി​ജ​ന​ക​ത്വ​മാ​ണു് ഈ വരി​കൾ​ക്ക്!

images/Martin_Amis.jpg
മാർ​ട്ടിൻ അമിസ്

എല്ലാ ഭൂ​ത​കാ​ല​സ്മ​ര​ണ​ക​ളും പ്ര​തി​ഭാ​ശാ​ലി​കൾ പ്ര​ത്യാ​ന​യി​ക്കു​മ്പോൾ ഈ അനു​ഭൂ​തി​വി​ശേ​ഷ​മു​ണ്ടാ​കും. അതി​നാ​ലാ​ണു് കിർ​ക്ക​ഗോർ എന്ന തത്ത്വ​ചി​ന്ത​കൻ പറ​ഞ്ഞ​തു് നമ്മൾ മു​ന്നോ​ട്ടു ജീ​വി​ക്കു​ന്നു. പി​റ​കോ​ട്ടു ചെ​ന്നു കാ​ര്യ​ങ്ങൾ മന​സ്സി​ലാ​ക്കു​ന്നു​വെ​ന്നു് ഈ ഗത​കാ​ലാ​വ​ലോ​ക​നം സാ​ന്ദ്ര​ത​യി​ലെ​ത്തി​ച്ചാൽ ക്യൂ​ബൻ നോ​വ​ലി​സ്റ്റു് കാർ​പെൻ​ത്യേ​റി​ന്റെ (Carpentier, 1904–1980) Journey Back to the Source എന്ന ചെ​റു​ക​ഥ​യു​ണ്ടാ​വും. ഒരാ​ളി​ന്റെ മര​ണം​തൊ​ട്ടു് ജന​നം​വ​രെ​യു​ള്ള ജീ​വി​തം വി​പ​ര്യ​സ്ത​നി​ല​യിൽ (reversed) വി​വ​രി​ക്കു​ന്നു ഈ ചെ​റു​കഥ. ഇതി​ന്റെ അവ​സാ​ന​ത്തോ​ടു് അടു​ക്കു​മ്പോൾ കാർ​പെൻ​ത്യേർ പറ​യു​ന്നു. “He did not know his own name. The unpleasantness of the christening over, he had no desire for smells, sound or even sights.”

വി​പ​ര്യ​സ്ത​നി​ല​യി​ലു​ള്ള ആഖ്യാ​നം നിർ​വ​ഹി​ക്കു​ന്ന ഒരു നോ​വ​ലും ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടു്. Martin Amis എഴു​തിയ ‘Times Arrow’ നാ​സ്തി​ക​ളു​ടെ കാ​ല​യ​ള​വിൽ ഒരു ജർ​മ്മൻ ഡോ​ക്ടർ ചെയ്ത ക്രൂ​ര​കൃ​ത്യ​ങ്ങ​ളാ​ണു് ഏമി​സു് വി​പ​രീ​താ​ഖ്യാ​ന​ത്തി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്ന​തു്. ഭക്ഷ​ണം കഴി​ഞ്ഞ​തി​നു​ശേ​ഷം നമ്മൾ പ്ലെ​യ്റ്റു​കൾ കഴു​കി​വ​യ്ക്കും. തു​ട​ക്ക​ത്തി​ലേ എച്ചിൽ ഉള്ള​വ​യാ​യി കരു​തി​യി​ട്ടു് ആ പ്ലെ​യ്റ്റു​കൾ കഴു​കാൻ തു​ട​ങ്ങി​യാ​ലോ. അതാ​ണു് വി​പ​ര്യ​സ്ത​നില. “then you select a soiled dish, collect some scraps from the garbage, and settle down for a short wait. Various items get gulped up into my mouth and after skilful massage with tongue and teeth I transfer them to the plate for additional sculpture with knife and fork and spoon” എന്ന ഭാ​ഗ​ത്തു കാ​ണു​ന്ന ഈ വി​പ​രീ​താ​ഖ്യാ​നം നോ​വ​ലി​ലാ​കെ​യു​ണ്ടു്.

images/Changampuzha.jpg
ചങ്ങ​മ്പുഴ

ഇതൊ​ക്കെ വാ​യി​ച്ച​തു​കൊ​ണ്ടു് എനി​ക്കു മോ​ഹൻ​ദാ​സു് ശ്രീ​കൃ​ഷ്ണ​പു​രം ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ എഴു​തിയ ‘സമ​യ​മാ​പി​നി പി​റ​കോ​ട്ടു്’ എന്ന reversed narration വാ​യി​ച്ചു് കമ​ന്റു് ചെ​യ്യ​ണ​മെ​ന്നു തോ​ന്നി​യ​തേ​യി​ല്ല. പ്രാ​യം കൂടിയ ഗൃ​ഹ​നാ​യ​കൻ ചെ​റു​പ്പ​ക്കാ​ര​നാ​യി വരു​ന്നു. അടു​ത്ത മു​റി​യിൽ മക​ളു​ണ്ടെ​ന്ന​തു് ഓർ​മ്മി​ക്കാ​തെ ഭാ​ര്യ​യു​മാ​യി ശയി​ക്കു​ന്ന അയാൾ എന്തൊ​ക്കെ​യോ പ്ര​വർ​ത്തി​ക്കു​ന്നു. മക​ളു​ടെ കൂ​ടു​കാ​രി​യെ നോ​ക്കി അയാൾ “കണ്ണ​ടി​ക്കു​ന്നു” അവ​ളു​ടെ പിറകെ നട​ന്നു ചൂ​ള​മ​ടി​ക്കു​ന്നു. ഗൃ​ഹ​നാ​യ​കൻ സമ​യ​മാ​പി​നി​യെ നോ​ക്കി അഭ്യർ​ത്ഥി​ക്കു​ന്നു തന്നെ കാ​ല​ത്തേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​പോ​കാൻ. അതോടെ വൃ​ദ്ധ​ന്റെ കഷ​ണ്ടി അയാൾ​ക്കു തി​രി​ച്ചു​കി​ട്ടു​ന്നു. ഈ അം​ശ​മി​ല്ലാ​തി​രു​ന്നെ​ങ്കിൽ പടി​ഞ്ഞാ​റൻ രചനകൾ വാ​യി​ക്കാ​ത്ത​വർ ഈ കഥാ​കാ​ര​നെ അഭി​ന​ന്ദി​ച്ചേ​നെ. ഇപ്പോൾ ഈ നി​ല​യിൽ ഇതൊരു ദുർ​ബ്ബ​ല​ര​ച​ന​യാ​യി​പ്പോ​യി. മോഹൻ ദാ​സി​നെ ഞാൻ പ്ലേ​ജി​യ​റൈ​സ​ത്തി​ന്റെ പേരിൽ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല. പടി​ഞ്ഞാ​റൻ സാ​ഹി​ത്യം വാ​യി​ക്കാ​തെ തന്നെ ഇവി​ടെ​യു​ള്ള ഒരെ​ഴു​ത്തു​കാ​ര​നു് ഇങ്ങ​നെ എഴു​താൻ തോ​ന്നും. ഒന്നു​കൂ​ടെ പറ​യു​ന്നു. സാ​ഹി​ത്യ​ചോ​ര​ണ​മെ​ന്നു് ഞാൻ കരു​തി​യി​ട്ടി​ല്ല.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: വലിയ എഴു​ത്തു​കാ​ര​നാ​യാൽ?

ഉത്ത​രം: വലിയ പ്ര​യാ​സ​മാ​യി​രി​ക്കും. തീ​സി​സ് എഴു​തു​ന്ന​വർ ഏറെ ഉപ​ദ്ര​വി​ക്കും.

ചോ​ദ്യം: ജന​സം​ഖ്യ കൂ​ടി​യാൽ?

ഉത്ത​രം: കൂ​ട​ട്ടെ. കു​ളി​മു​റി​ക​ളും അത​നു​സ​രി​ച്ചു കൂടും. പക്ഷേ ചല​ച്ചി​ത്ര​താ​ര​ങ്ങൾ​ക്കു (സ്ത്രീ​കൾ​ക്കു്) കു​ളി​മു​റി​കൾ വേണ്ട. അവർ ബാ​ത്ത്റൂ​മി​ല്ലാ​തെ കു​ളി​ച്ചു​കൊ​ള്ളും.

ചോ​ദ്യം: എല്ലാ സ്ത്രീ​ക​ളും നല്ല​വ​ര​ല്ലേ?

ഉത്ത​രം: അവർ വി​വാ​ഹം ചെ​യ്യാ​തി​രി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം നല്ല​വർ. വി​വാ​ഹം കഴി​ഞ്ഞാൽ ഒരു നി​മി​ഷം​കൊ​ണ്ടു ചീത്ത സ്ത്രീ​യാ​യി മാറും. പു​രു​ഷ​ന്മാർ വി​വാ​ഹ​ത്തി​നു​മുൻ​പും പിൻ​പും ചീത്ത ആളുകൾ.

ചോ​ദ്യം: നി​ങ്ങ​ളു​ടെ ചങ്ങ​മ്പുഴ ‘ചി​ന്താ​വി​ഷ്ട​യായ സീത’ പോലെ ഒരു കാ​വ്യ​മെ​ഴു​താ​ത്ത​തെ​ന്തു്?

ഉത്ത​രം: എഴു​ത്ത​ച്ഛ​നു ഐൻ​സ്റ്റെ​ന്റെ തീയറി ഒഫ് റി​ലേ​റ്റി​വി​റ്റി അറി​ഞ്ഞു​കൂ​ടാ​ത്ത​തു​കൊ​ണ്ടു് അയാൾ മണ്ട​ന​ല്ലേ എന്നു നി​ങ്ങൾ ചോ​ദി​ച്ചി​ല്ല​ല്ലോ. ഭാ​ഗ്യം.

ചോ​ദ്യം: രാ​ജ​വാ​ഴ്ച വീ​ണ്ടും വരി​ക​യും നി​ങ്ങ​ളെ കേ​ര​ള​ത്തി​ന്റെ മഹാ​രാ​ജാ​വാ​ക്കു​ക​യും ചെ​യ്താൽ?

ഉത്ത​രം: വീ​ര​ശൃം​ഖ​ല​കൾ നല്കു​ന്ന ഏർ​പ്പാ​ടു് വീ​ണ്ടും തു​ട​ങ്ങും. വൈ​രൂ​പ്യ​മു​ള്ള ഭാ​ര്യ​യെ കൊ​ണ്ടു​ന​ട​ക്കു​ന്ന ഭർ​ത്താ​വി​നു് മഹാ​രാ​ജാ​വായ ഞാൻ വീ​ര​ശൃം​ഗല കൊ​ടു​ക്കും.

ചോ​ദ്യം: ഡോ​ക്ടർ ചി​കി​ത്സി​ക്കു​ന്ന​തി​നു മി​ടു​ക്കൻ എന്നു തീ​രു​മാ​നി​ക്കു​ന്ന​തു് എങ്ങ​നെ?

ഉത്ത​രം: തീ​രു​മാ​നി​ക്കാൻ മാർ​ഗ്ഗ​മി​ല്ല. കണ്ട​മാ​നം ഗു​ളി​ക​ക​ളും ആന്റി​ബ​യോ​ട്ടി​ക്ക്സും എഴുതി രോ​ഗി​ക്കു കൊ​ടു​ക്കു​ന്ന ഡോ​ക്ടർ​ക്കു രോ​ഗ​മെ​ന്തെ​ന്നു് കണ്ടു​പി​ടി​ക്കാൻ കഴി​ഞ്ഞി​ല്ലെ​ന്നു് കരു​തു​ന്ന​തിൽ തെ​റ്റി​ല്ല.

ചോ​ദ്യം: നി​ങ്ങൾ ഗ്ര​ന്ഥ​കാ​ര​ന്മാ​രോ​ടു് അവ​രു​ടെ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചെ​ഴു​താ​മെ​ന്നു പറ​ഞ്ഞി​ട്ടു് അതു ചെ​യ്യു​ന്നി​ല്ല. ഇതു കള്ള​ത്ത​ര​മ​ല്ലേ?

ഉത്ത​രം: അതേ. കള്ളം പറ​യാ​തെ മറ്റു മാർ​ഗ്ഗ​മി​ല്ല. ഗ്ര​ന്ഥ​കാ​ര​നോ​ടു വാ​ക്കു പറ​ഞ്ഞ​ത​നു​സ​രി​ച്ചു് സത്യ​വി​രു​ദ്ധ​മാ​യി പു​സ്ത​കം നല്ല​താ​ണെ​ന്നു എഴു​തി​യാൽ കോ​ള​ത്തി​ന്റെ വി​ശ്വാ​സ്യത നഷ്ട​പ്പെ​ടും. സത്യം പറ​യാ​തി​രി​ക്കാൻ ഒക്കു​ക​യു​മി​ല്ല. കാരണം നി​രൂ​പ​ണം ചെ​യ്യു​ന്ന​വ​നെ​ക്കാൾ ബു​ദ്ധി​യു​ള്ള​വ​രാ​ണു് വാ​യ​ന​ക്കാർ എന്ന​തു​ത​ന്നെ. അവർ കള്ളം കണ്ടു​പി​ടി​ക്കും. വാ​ക്കു പരി​പാ​ലി​ക്കാൻ വയ്യെ​ങ്കിൽ അതു ഗ്ര​ന്ഥ​കാ​ര​നോ​ടു നേ​രി​ട്ടു പറ​യ​രു​തോ എന്ന ചോ​ദ്യ​മു​ണ്ടാ​കാം. ആളു​ക​ളു​ടെ മു​ഖ​ത്തു​നോ​ക്കി അവർ​ക്കു് അസു​ഖ​ദാ​യ​ക​മായ സത്യം പറയാൻ എനി​ക്കു് മടി​യാ​ണു്.

ചോ​ദ്യം: മഹ​നീ​യ​മായ ഒരു മാതൃക പശ്ചാ​ത്ത​ല​ത്തിൽ വച്ചാ​ണു് ഇതിലെ നി​രൂ​പ​ണം. ബ്ളെ​സു് സാ​ങ്ദ്രാ​റി​ന്റെ കവി​ത​യാ​ണു് ഉത്കൃ​ഷ്ട​മെ​ന്നു എഴു​തു​ന്ന ഈ കോ​ള​ത്തിൽ ‘ഭാ​ഷാ​പോ​ഷി​ണി’യിലും ‘മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി’ലും വരു​ന്ന കവി​ത​ക​ളാ​ണു് നല്ല​തെ​ന്നു് പറ​യു​ന്ന​തെ​ങ്ങ​നെ?

ഉത്ത​രം: പെ​സ്സോ ആയുടെ കവി​ത​യെ ജയി​ക്കാൻ മറ്റു കവി​ത​യി​ല്ല എന്നു​പ​റ​യു​ന്ന ഞാൻ ഭാ​ഷാ​പോ​ഷി​ണി വാ​ഴ്ത്തു​ന്ന രാ​മ​ന്റെ കവി​ത​യാ​ണു് കേമം എന്നു എഴു​തു​മോ? ചാ​രി​ത്ര​മാ​ണു് ഈ കോ​ള​ത്തി​ന്റെ സവി​ശേ​ഷത എന്നു വി​ന​യ​പൂർ​വ്വം ചൂ​ണ്ടി​ക്കാ​ണി​ക്ക​ട്ടെ.

ധർ​മ്മ​ച്യു​തി
images/Ezhuthachan.jpg
എഴു​ത്ത​ച്ഛൻ

ഞാൻ തേ​ഡ്ഫോ​മിൽ പഠി​ക്കു​ന്ന കാലം. (ഇന്ന​ത്തെ ഏഴാം ക്ലാ​സു്) ശം​ഖു​മു​ഖം കട​പ്പു​റ​ത്തു​വ​ച്ചു് ഇട​പ്പ​ള്ളി രാ​ഘ​വൻ​പി​ള്ള​യെ കണ്ടു. രാ​ഘ​വൻ​പി​ള്ള​യ്ക്കു എന്റെ കട​ന്നു​ക​യ​റ്റം ഇഷ്ട​പ്പെ​ട്ടി​ല്ല. ഒരൊ​ഴി​ഞ്ഞ കോണിൽ വന്നി​രി​ക്കു​ന്ന തന്നെ ശല്യ​പ്പെ​ടു​ത്താൻ ഒരു ചെ​റു​ക്കൻ എത്തി​യ​തു കഷ്ട​കാ​ലം​കൊ​ണ്ടാ​ണെ​ന്നു് അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ഭാ​വം വ്യ​ക്ത​മാ​ക്കി. എങ്കി​ലും ആരാ​ധ​ന​യോ​ളം ചെന്ന മന​സ്സി​ന്റെ പ്രേ​ര​ണ​യാൽ ഞാൻ അദ്ദേ​ഹ​ത്തെ വി​ട്ടു​പോ​യി​ല്ല. ചോ​ദ്യ​ങ്ങൾ ചോ​ദി​ച്ചു ശല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. എന്നിൽ​നി​ന്നു രക്ഷ​പ്പെ​ടാൻ അദ്ദേ​ഹം എഴു​ന്നേ​റ്റു നട​ന്നു. ഞാ​നു​ണ്ടോ ഒഴി​യു​ന്നു. അദ്ദേ​ഹ​ത്തി​നൊ​പ്പം നട​ന്നു. നട​ന്നു​ന​ട​ന്നു് ഒരു ജങ്ഷ​നിൽ വന്ന​പ്പോൾ ഒരു രണ്ടു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്റെ രണ്ടാ​മ​ത്തെ നി​ല​യു​ടെ ഒരു ഭാ​ഗ​ത്തു് സു​ന്ദ​രി​യായ ഒരു പെൺ​കു​ട്ടി ക്രി​സ്മ​സ് വി​ള​ക്കു തൂ​ക്കു​ന്ന​തു കണ്ടു. വർ​ണ്ണോ​ജ്ജ്വ​ല​മായ കടലസ് കൂ​ടി​ന​ക​ത്തു് ദീപം. മെ​ഴു​കു​തി​രി​യാ​വാം; ബൾബ് ആകാം. ആ ദീ​പ​ത്തി​ന്റെ രശ്മി​കൾ അവ​ളു​ടെ മു​ഖ​ത്തു​ത​ട്ടി. മുഖം കൂ​ടു​തൽ സു​ന്ദ​ര​മാ​യി. ഇട​പ്പ​ള്ളി​യു​ടെ കവിത ആ ക്രി​സ്മ​സ് വി​ള​ക്കു​പോ​ലെ​യാ​ണെ​ന്നു് എനി​ക്കു തോ​ന്നി. ദീപം അക​ത്തു​ണ്ടെ​ന്നു കാണാൻ വയ്യ. അക​ത്തി​രി​ക്കു​ന്ന ബൾ​ബി​ന്റെ​യോ മെ​ഴു​കു​തി​രി​യു​ടെ​യോ ശോഭ ബഹിർ​ഗ​മി​ച്ചു് കട​ലാ​സ് കൂ​ടി​നു് തി​ള​ക്കം നല്കു​മ്പോൾ മാ​ത്ര​മേ അക​ത്തു​ള്ള ദീ​പ​പ്ര​ഭ​വ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചു് അനു​മാ​നി​ക്കാൻ സാ​ധി​ക്കൂ. ഇട​പ്പ​ള്ളി​യു​ടെ കവിത ആന്ത​ര​ശോ​ഭ​യാൽ രൂ​പ​ശി​ല്പ​ത്തി​നാ​കെ തി​ള​ക്കം പ്ര​ദാ​നം ചെ​യ്യു​ന്നു. ഉള്ളി​ലെ പ്ര​കാശ കേ​ന്ദ്ര​ത്തെ എടു​ത്തു​മാ​റ്റി നോ​ക്കൂ. ക്രി​സ്മ​സ് വി​ള​ക്കി​ല്ലാ​തെ​യാ​വു​ന്നു. കട​ലാ​സു​കൂ​ടി​നെ മാ​റ്റൂ. ദീപം മാ​ത്ര​മേ​യു​ള്ളൂ. അപ്പോ​ഴും ക്രി​സ്മ​സ് വി​ള​ക്കി​ല്ല. എല്ലാ ഉത്കൃ​ഷ്ട​മായ കവി​ത​ക​ളും ചെ​റു​ക​ഥ​ക​ളും ക്രി​സ്മ​സ് വി​ള​ക്കു​ക​ളാ​ണു്. ഉറൂ​ബി​ന്റെ ‘രാ​ച്ചി​യ​മ്മ’ എന്ന കഥയിൽ ആന്ത​ര​ശോ​ഭ​യു​ണ്ടു്. ബഹിർ​ഭാ​ഗ​ശോ​ഭ​യു​മു​ണ്ടു്. യു. കെ. കു​മാ​ര​ന്റെ ‘ചി​ല്ലു് പൊ​ട്ടിയ ദിവസം’ എന്ന കഥ (മല​യാ​ളം വാരിക) ആന്ത​ര​മായ പ്ര​കാ​ശ​കേ​ന്ദ്ര​മി​ല്ലാ​ത്ത കട​ലാ​സ് കൂടു മാ​ത്ര​മാ​ണു്. ഒരു​ത്ത​ന്റെ വീ​ട്ടി​ലെ ഒരു കണ്ണ​ടി​യിൽ (ചി​ല്ലിൽ) കാക്ക കൊ​ത്തു​ന്നു. അന​വ​ര​ത​മായ പ്ര​ക്രി​യ​യാ​ണ​തു്. ഒരു ദിവസം കാക്ക കണ്ണാ​ടി കൊ​ത്തി​പ്പൊ​ട്ടി​ച്ചു. കാ​ക്ക​യും അതി​ന്റെ കൊ​ത്ത​ലും ഏതോ സിം​ബോ​ളി​ക് പ്ര​ക്രിയ. അതു് എന്താ​ണെ​ന്നു് ഗ്ര​ഹി​ക്കാൻ വൈ​ഷ​മ്യം. സൂ​ച​ക​പ​ദ​ങ്ങൾ പ്ര​യോ​ഗി​ക്കാ​തെ സിം​ബ​ലു​കൾ രച​ന​ക​ളിൽ തി​രു​കു​ന്ന​തു് ഫാ​ഷ​നാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ലാ​ണു് നമ്മൾ ജീ​വി​ക്കു​ന്ന​തു്. കു​മാ​ര​ന്റെ സിം​ബോ​ളി​ക് പ്ര​ക്രിയ അനു​വാ​ച​ക​നെ പീ​ഡി​പ്പി​ക്കു​ന്നു. ഇത്ത​രം contrived symbolism ചെ​റു​ക​ഥ​യെ ജീർ​ണ്ണ​ത​യി​ലേ​ക്കു കൊ​ണ്ടു​ചെ​ല്ലു​ന്നു. (contrived symbolism = പ്ര​ചി​ന്തിത പ്ര​തി​രൂ​പാ​ത്മ​ക​ത്വം) കലാ​നു​ഭൂ​തി​യെ ധർ​മ്മ​ഭ്ര​ഷ്ട​മാ​ക്കാ​നേ ഇത്ത​രം കൃ​ത്രി​മ​ത്വം പ്ര​യോ​ജ​ന​പ്പെ​ടൂ.

പല വി​ഷ​യ​ങ്ങൾ

സ്വാ​ഭാ​വി​ക​ത​യി​ല്ലാ​ത്ത, കൃ​ത്രി​മ​ത്വം കൂടിയ പ്ര​തി​രൂ​പാ​ത്മ​ക​ത​യാ​ണു് ജി​യു​ടെ കവി​ത​ക​ളി​ലു​ള്ള​തു്. വസ്തു​ക്കൾ തമ്മി​ലു​ള്ള ആനു​രൂ​പ്യം ഉണ്ടാ​ക്കാ​നേ അദ്ദേ​ഹ​ത്തി​ന​റി​യൂ.

ആകാ​ശ​വാ​ണി​യി​ലെ[1] ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ. എം. ജെ. വെ​ണ്ണി​യൂർ ജി. ശങ്ക​ര​ക്കു​റു​പ്പി​ന്റെ കവി​ത​യു​ടെ ആരാ​ധ​ക​ന​ല്ലാ​യി​രു​ന്നു. ജി.യെ നമ്മു​ടെ സിം​ബോ​ളി​ക് കവി എന്നു് ആരെ​ങ്കി​ലും വി​ശേ​ഷി​പ്പി​ച്ചാൽ വെ​ണ്ണി​യൂർ കോ​പാ​കു​ല​നാ​കും. ശങ്ക​ര​ക്കു​റു​പ്പി​ന്റെ സിം​ബ​ലി​സം കൃ​ത്രി​മ​മാ​ണെ​ന്ന വി​ശ്വാ​സ​ക്കാ​ര​നാ​യി​രു​ന്നു അദ്ദേ​ഹം. ജി. വലിയ കവി​യാ​ണു് എന്ന വി​ശ്വാ​സം എനി​ക്കി​പ്പോ​ഴു​മു​ണ്ടെ​ങ്കി​ലും ചെ​റു​പ്പ​കാ​ല​ത്തു് അദ്ദേ​ഹ​ത്തി​ന്റെ കവി​ത​യു​ടെ അന്ധ​നായ ആരാ​ധ​ക​നാ​യി​രു​ന്നു ഞാൻ. വെ​ണ്ണി​യൂർ പ്ര​ഭാ​ഷ​ണ​മ​ദ്ധ്യേ ശങ്ക​ര​ക്കു​റു​പ്പി​ന്റെ സിം​ബ​ലി​സ​ത്തെ കൃ​ത്രി​മ​സിം​ബ​ലി​സം എന്നു വി​ശേ​ഷി​പ്പി​ക്കു​മ്പോൾ എനി​ക്കു രസി​ക്കു​മാ​യി​രു​ന്നി​ല്ല. ഞാൻ രണ്ടാ​മ​ത്തെ പ്ര​ഭാ​ഷ​ക​നാ​ണെ​ങ്കിൽ അതിനു മറു​പ​ടി നല്കി​യ​തു​ത​ന്നെ. ഇന്നു് എനി​ക്കു തോ​ന്നു​ന്നു ഞാൻ അന്നു് ‘ഫൂ​ളി​ഷാ’യി പെ​രു​മാ​റി​യെ​ന്നു്. സ്വാ​ഭാ​വി​ക​ത​യി​ല്ലാ​ത്ത, കൃ​ത്രി​മ​ത്വം​കൂ​ടിയ പ്ര​തി​രൂ​പാ​ത്മ​ക​ത​യാ​ണു് ജി​യു​ടെ കവി​ത​ക​ളി​ലു​ള്ള​തു്. വസ്തു​ക്കൾ തമ്മി​ലു​ള്ള ആനു​രൂ​പ്യം ഉണ്ടാ​ക്കാ​നേ അദ്ദേ​ഹ​ത്തി​ന​റി​യൂ. ആനു​രൂ​പ്യ​നിർ​മ്മി​തി എളു​പ്പ​മാ​ണു​താ​നും. സിം​ബ​ലി​സം ആനു​രൂ​പ്യ​മ​ല്ല. അവിടെ വസ്തു​വും പ്ര​തീ​ക​വും ഒന്നാ​യി​ത്തീ​രു​ക​യാ​ണു്. ഈ ഐക്യം ജി.യുടെ പ്ര​തി​രൂ​പാ​ത്മ​കത കവി​ത​ക​ളിൽ ഇല്ലേ​യി​ല്ല. പ്ര​സി​ദ്ധ​മായ ‘ചന്ദ്ര​ക്കല’, ‘ഇന്നു ഞാൻ നാളെ നീ’ ഈ കാ​വ്യ​ങ്ങൾ നോ​ക്കുക. അവ​യി​ലെ ഹൃ​ദ​യ​ഹാ​രി​യായ കലാം​ശം സ്യു​ഡോ​സിം​ബ​ലി​സം​കൊ​ണ്ടു് നി​ഷ്പ്ര​ഭ​മാ​കു​ന്ന​തു കാണാം. ഇത്ര​യും എഴു​തി​യ​തു​കൊ​ണ്ടു ജി. കോ​സ്മി​ക്ജീ​വ​നു​ള്ള മഹാ​ക​വി​യാ​ണെ​ന്ന എന്റെ വി​നീ​താ​ഭി​പ്രാ​യ​ത്തി​നു് മങ്ങൽ ഉണ്ടാ​കു​ന്നി​ല്ല.

കു​റി​പ്പു​കൾ

[1] പ്ര​ഭാ​ഷ​ണം നിർ​വ​ഹി​ക്കു​ന്ന​വ​നെ തോ​ണ്ടി​വി​ളി​ച്ചി​ട്ടു് എന്തെ​ങ്കി​ലും പറയുക എന്ന​തു് ചില അദ്ധ്യ​ക്ഷ​ന്മാ​രു​ടെ പതി​വാ​ണു്. ആ പ്ര​തി​ബ​ന്ധ​പ്ര​ക്രി​യ​കൊ​ണ്ടു് എന്റെ പ്ര​ഭാ​ഷ​ണ​ങ്ങൾ പലതും തകർ​ന്നു​പോ​യി​ട്ടു​ണ്ടു്. പി​ന്നീ​ടു് തോ​ണ്ടു​ന്ന​വ​നാ​ണു് അധ്യ​ക്ഷ​നെ​ന്നു് അറി​ഞ്ഞാൽ ഞാൻ മീ​റ്റി​ങ്ങി​നു പോ​കാ​തെ​യാ​യി. ഒരി​ക്കൽ മയ്യ​നാ​ട്ടു് ഒരു സമ്മേ​ള​നം. ഞൻ ഒരു വി​ഷ​യ​ത്തെ​ക്കു​റി​ച്ചു് വാ​ക്യ​ങ്ങ​ളു​ടെ സമ​ന്വ​യ​ത്തിൽ മന​സ്സി​രു​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. പൊ​ടു​ന്ന​നെ ആരോ ഷേർ​ടിൽ പി​ടി​ച്ചു​വ​ലി​ച്ചു. ഞാൻ തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോൾ അധ്യ​ക്ഷ​നാ​ണു് ആ ഹീ​ന​കൃ​ത്യം ചെ​യ്ത​തെ​ന്നു് മന​സ്സി​ലാ​ക്കി. തെ​ല്ലു നീ​ര​സ​ത്തോ​ടെ ‘എന്തു് ’എന്നു ചോ​ദി​ച്ച എന്നോ​ടു ജി​യു​ടെ ‘ഇന്നു ഞാൻ നാളെ നീ’ ഒന്നു ചൊ​ല്ലൂ എന്നു അയാൾ പറ​ഞ്ഞു. എന്റെ പ്ര​ഭാ​ഷ​ണ​വി​ഷ​യ​ത്തി​നു യോ​ജി​ക്കി​ല്ല ആ കവിത. ഇതു​പോ​ലെ മുൻപു പല​ത​വ​ണ​യും അയാൾ പ്ര​ഭാ​ഷ​ണ​ത്തി​നു് ഭംഗം ഉണ്ടാ​ക്കി​യി​ട്ടു​ണ്ടു്. പി​ന്നീ​ടു് അയാൾ ഉപ​സം​ഹാ​ര​പ്ര​സം​ഗം നട​ത്തു​മ്പോൾ ജി​യെ​ക്കു​റി​ച്ചു പറയണം. അതിനു വേ​ണ്ടി​യാ​ണു് എന്നെ അയാൾ ഉപ​ദ്ര​വി​ച്ച​തു്. ഏതാ​യാ​ലും എന്റെ പ്ര​ഭാ​ഷ​ണം തകർ​ന്നു​വെ​ന്നു​ക​ണ്ടു് ഞാൻ ആ കവിത ചൊ​ല്ലാ​തെ കസേ​ര​യി​ലി​രു​ന്നു. അധ്യ​ക്ഷൻ വി​ള​റി​വെ​ളു​ത്തു. ശ്രോ​താ​ക്കൾ ‘തു​ടർ​ന്നു പ്ര​സം​ഗി​ക്ക​ണം’ എന്നു വി​ളി​ച്ചു​പ​റ​ഞ്ഞു​വെ​ങ്കി​ലും ഞാൻ അന​ങ്ങി​യ​തേ​യി​ല്ല.

images/G_Sankarakurup.jpg
ജി. ശങ്ക​ര​ക്കു​റു​പ്പ്

ഈ പ്ര​ഭാ​ഷ​ണ​വി​ഘ്ന​കാ​രി​യെ​യാ​ണു് ഞാൻ ഈ കോ​ള​ത്തിൽ അടു​ത്ത​കാ​ല​ത്തു് എഴു​തി​യി​രു​ന്ന​തു്. അതു് ആവർ​ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അദ്ദേ​ഹം ഒരു കമ്മി​റ്റി​യു​ടെ അധ്യ​ക്ഷ​നാ​യി​രു​ന്നു. ആ സ്ഥാ​നം വഹി​ച്ചു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​നു് ചി​ല​തൊ​ക്കെ ചെ​യ്യാ​മാ​യി​രു​ന്നു. ഒരു ദിവസം മു​ഖ്യ​മ​ന്ത്രി അദ്ദേ​ഹ​ത്തി​ന്റെ അധി​കാ​ര​മ​ണ്ഡ​ല​ത്തിൽ കൈ​ക​ട​ത്തി എന്തോ ഓർ​ഡ​റി​ട്ടു. പ്ര​ഭാ​ഷ​ണ​ത്തി​നു് പ്ര​തി​ബ​ന്ധ​മു​ണ്ടാ​ക്കു​ന്ന ആളി​നു് അതു രസി​ച്ചി​ല്ല. അദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ അനൗ​ചി​ത്യ​ത്തെ വി​മർ​ശി​ച്ചു​കൊ​ണ്ടു് എന്നോ​ടു ചോ​ദി​ച്ചു “കൃ​ഷ്ണൻ​നാ​യ​രേ, എന്റെ ഭാ​ര്യ​യു​ടെ​കൂ​ടെ കി​ട​ക്കാൻ എനി​ക്കാ​ണോ അവ​കാ​ശം? അതോ നി​ങ്ങൾ​ക്കോ?” (ഞാൻ മറു​പ​ടി പറ​ഞ്ഞി​ല്ല. എങ്കി​ലും മന​സ്സിൽ മൂ​ന്നു​ത​വണ പറ​ഞ്ഞു. “അതു നി​ങ്ങൾ​ക്കു തന്നെ, അതു നി​ങ്ങൾ​ക്കു​ത​ന്നെ, അതു നി​ങ്ങൾ​ക്കു​ത​ന്നെ” ഇറ്റ​ലി​യി​ലെ ജ്യോ​തിഃ​ശാ​സ്ത്ര​ജ്ഞ​നും ഗണി​ത​ശാ​സ്ത്ര​ജ്ഞ​നു​മായ ഗലീ​ലി​യോ കോ​പ്പർ​നി​ക്ക​സി​ന്റെ സി​ദ്ധാ​ന്ത​മാ​ണു് ശരി​യെ​ന്നു പറ​ഞ്ഞ​പ്പോൾ കാ​ത​ലി​ക് പള്ളി ഭീ​ഷ​ണി​പ്പെ​ടു​ത്തി അദ്ദേ​ഹ​ത്തെ ഇൻ​ക്വി​സി​ഷ​നെ​ക്കൊ​ണ്ടു് പീ​ഡി​പ്പി​ക്കു​മെ​ന്നു് ശാ​സ്ത്ര​ജ്ഞൻ പേ​ടി​ച്ചു. അദ്ദേ​ഹം വാ​ക്കു​കൾ പര​സ്യ​മാ​യി പിൻ​വ​ലി​ച്ചു. ആ പിൻ​വ​ലി​ക്കൽ നട​ത്തു​ന്ന സന്ദർ​ഭ​ത്തിൽ​ത​ന്നെ ഭൂമി സൂ​ര്യ​നെ ചു​റ്റു​ന്നു എന്ന അർ​ത്ഥ​ത്തിൽ Eppur si muove-​But it does move എന്നു മൂ​ന്നു​ത​വണ മന​സ്സിൽ പറ​ഞ്ഞു. ഞാനും ഗലീ​ലി​യോ ആയി മാറി ആ നി​മി​ഷ​ത്തിൽ.)

സാ​ക്ഷാൽ കമ്മ്യൂ​ണി​സ്റ്റാ​യി​രു​ന്നു അച്യു​ത​മേ​നോൻ. ഇന്നു് ഇങ്ങ​നെ​യു​ള്ള​വ​രെ കാ​ണാ​നി​ല്ല. കാ​ണാ​നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കമ്യൂ​ണി​സ്റ്റാ​യി ഭാ​വി​ക്കു​ന്ന​വ​രിൽ പലരും പി​ന്തി​രി​പ്പ​ന്മാ​രാ​ണു​താ​നും.

സദാ​ചാ​ര​തൽ​പ​ര​ന​ല്ലാ​ത്ത,[2] കാണാൻ കൊ​ള്ളു​കി​ല്ലാ​ത്ത, പെ​രു​മാ​റാൻ അറി​ഞ്ഞു​കൂ​ടാ​ത്ത ഭർ​ത്താ​വി​നെ ഒഴി​വാ​ക്കാ​നാ​ണു് ഭാര്യ എന്നും വൈ​കു​ന്നേ​രം മീ​റ്റി​ങ്ങു​കൾ​ക്കു പോ​കു​ന്ന​തും അർ​ദ്ധ​രാ​ത്രി തി​രി​ച്ചു വീ​ട്ടി​ലെ​ത്തു​ന്ന​തും. അതു ഗ്ര​ഹി​ച്ച ഭർ​ത്താ​വു് പ്ര​തി​ഷേ​ധി​ക്കും, ദേ​ഷ്യ​പ്പെ​ടും. ഒരു ദിവസം ഞാൻ തെ​ക്കൻ തി​രു​വി​താം​കൂ​റി​ലൊ​രി​ട​ത്തു് മീ​റ്റി​ങ്ങി​നു​പോ​യി. എന്റെ കൂടെ പ്ര​സം​ഗി​ക്കാൻ രണ്ടു സ്ത്രീ​ക​ളും ഒരു പു​രു​ഷ​നും. സമ്മേ​ള​നം കഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോൾ രാ​ത്രി ഒരു മണി​ക്കു കഴി​ഞ്ഞു. സ്ത്രീ​ക​ളെ ആദ്യം വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണു് മര്യാ​ദ​യെ​ന്നു കരുതി ഒരു സ്ത്രീ​യു​ടെ വീ​ട്ടി​ലേ​ക്കു കാർ പോ​ക​ട്ടെ​യെ​ന്നു് ഞാൻ ഡ്രൈ​വ​റോ​ടു പറ​ഞ്ഞു. അവ​രു​ടെ വീ​ട്ടു​ന​ട​യിൽ എത്തി. ഗെ​യ്റ്റ്പോ​ലും പൂ​ട്ടി​യി​രി​ക്കു​ന്നു. വീ​ടി​ന്റെ കാ​ര്യം പി​ന്നെ പറ​യാ​നെ​ന്തി​രി​ക്കു​ന്നു? ഞങ്ങൾ ഗെ​യ്റ്റിൽ മെ​ല്ലെ തട്ടി. അതു ക്ര​മേണ ഊറ്റം കൂടിയ മട്ടി​ലാ​യി. ങ്ഹേ, ഗെ​യ്റ്റു് തു​റ​ക്കു​ന്ന​തേ​യി​ല്ല. ഉച്ച​ത്തിൽ വി​ളി​ച്ചു. അടു​ത്ത വീ​ട്ടു​കാർ ഉണർ​ന്നു് എത്തി​നോ​ക്കി. ഒരു മണി​ക്കൂർ ഞങ്ങൾ ശ്ര​മി​ച്ചു ഗെ​യ്റ്റു് ഭർ​ത്താ​വി​നെ​ക്കൊ​ണ്ടു തു​റ​പ്പി​ക്കാൻ. ഫല​മി​ല്ലെ​ന്നു​ക​ണ്ടു് സ്ത്രീ പറ​ഞ്ഞു. “കരു​തി​ക്കൂ​ട്ടി തു​റ​ക്കാ​ത്ത​താ​ണു്.” അവർ നി​ല​വി​ളി തു​ട​ങ്ങി. വേറെ, മാർ​ഗ്ഗ​മി​ല്ലെ​ന്നു കണ്ടു ഞാൻ മറ്റേ സ്ത്രീ​യോ​ടു പറ​ഞ്ഞു. “ഇവ​രെ​ക്കൂ​ടി നി​ങ്ങൾ​കൊ​ണ്ടു​പോ​കു. നേരം വെ​ളു​ത്തി​ട്ടു് കാ​ര്യ​ങ്ങൾ ശരി​യാ​ക്കാം.” അത​നു​സ​രി​ച്ചു് ഉച്ച​ത്തിൽ കര​യു​ന്ന സ്ത്രീ​യെ അവർ സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. സ്വ​ന്തം വീ​ട്ടിൽ കയറാൻ സാ​ധി​ക്കാ​ത്ത സ്ത്രീ പഠി​ക്കു​ന്ന കാ​ല​ത്തു് കോ​ളേ​ജ് ബ്യൂ​ട്ടി​യാ​യി​രു​ന്നു. അവർ​ക്കു ദൗർ​ഭാ​ഗ്യ​ത്താൽ കി​ട്ടി​യ​തു് പര​മ​വി​രൂ​പ​നും കഷ​ണ്ടി​ക്കാ​ര​നു​മായ ഭർ​ത്താ​വി​നെ​യാ​ണു്. അയാൾ ഗെ​യ്റ്റു് തു​റ​ക്കാ​തെ താ​നാ​ണു് വീ​ട്ടി​ന്റെ master എന്നു തെ​ളി​യി​ച്ചു. ഈ മാസ്റ്റർഷിപ്പ്-​ അധികാരിത്വം-​ എല്ലാ​യി​ട​ങ്ങ​ളി​ലും ദോ​ഷ​മാ​യേ ഭവി​ക്കൂ. പക്ഷേ സാ​ഹി​ത്യ​ര​ച​ന​യു​ടെ കാ​ര്യ​ത്തിൽ അതു ഗു​ണ​മാ​ണു്. എഴു​ത്തു​കാ​രൻ കവി​ത​യെ​ഴു​തു​ട്ടെ, കഥ​യെ​ഴു​ത​ട്ടെ ഈ അധി​കാ​രി​ത്വം കൈ​വി​ട്ടാൽ രചന പരാ​ജ​യ​പ്പെ​ടും. പര​മാ​വ​ധി നി​യ​ന്ത്ര​ണം പാ​ലി​ച്ചു വേണം രചന നിർ​വ​ഹി​ക്കാൻ ആ ആധി​പ​ത്യ​മി​ല്ല. ‘മാ​ധ്യ​മം’ ആഴ്ച​പ്പ​തി​പ്പിൽ ‘അന്തർ​വി​ഷ​യ​ക​വും ബഹു​വി​ഷ​യ​ക​വു​മായ കാ​ര്യ​ങ്ങൾ’ എന്ന കഥ​യെ​ഴു​തിയ ഗീ​ത​യ്ക്ക്. ബ്രാ​ഹ്മ​ണ​ജാ​തി​യിൽ​പ്പെ​ട്ട കാ​വേ​രി കോ​ളേ​ജി​ലെ പ്ര​ഫെ​സർ. അവ​രു​ടെ ഭർ​ത്താ​വു് സു​ബ്ര​ഹ്മ​ണി​ക്കു മീ​നി​ല്ലാ​തെ ഉണ്ണാൻ വയ്യ. അതും മത്തി​ത​ന്നെ വേണം. കാ​വേ​രി ഒരു വി​ദ്യാർ​ത്ഥി​യെ അനു​ന​യി​പ്പി​ച്ചു് മീൻ​കൂ​ട്ടാൻ തയ്യാ​റാ​ക്കി ഭർ​ത്താ​വി​നു് നല്കു​ന്നു​പോ​ലും. വി​ഷ​യ​ത്തിൽ ഒരാ​ധി​പ​ത്യ​വും കാ​ണി​ക്കാ​തെ ഗീത ശു​ദ്ധ​അ​ല​വ​ലാ​തി വർ​ത്ത​മാ​നം നിർ​വ​ഹി​ക്കു​ന്നു. ഇതു കഥ​യാ​ണെ​ന്ന​റി​യാൻ പത്രാ​ധി​പർ രച​ന​യു​ടെ മു​ക​ളിൽ അച്ച​ടി​ച്ച ‘കഥ’ എന്ന വാ​ക്കേ സഹാ​യി​ക്കു​ന്നു​ള്ളു. ഈ രച​ന​യിൽ സാ​ഹി​ത്യം കാ​ണാ​നു​ള്ള അനു​വാ​ച​ക​യ​ത്നം വി​ഫ​ലീ​ഭ​വി​ക്കു​ക​യേ​യു​ള്ളു. വി​നാ​ശാ​ത്മ​ക​ത​യു​ടെ ജു​ഗു​പ്സാ​വ​ഹ​മായ ചി​ത്രം ഗീ​ത​യു​ടെ കഥ നല്കു​ന്നു.

കു​റി​പ്പു​കൾ

[2] പ്ര​ഭാ​ഷ​ണം നിർ​വ​ഹി​ക്കു​ന്ന​വ​നെ തോ​ണ്ടി​വി​ളി​ച്ചി​ട്ടു് എന്തെ​ങ്കി​ലും പറയുക എന്ന​തു് ചില അദ്ധ്യ​ക്ഷ​ന്മാ​രു​ടെ പതി​വാ​ണു്. ആ പ്ര​തി​ബ​ന്ധ​പ്ര​ക്രി​യ​കൊ​ണ്ടു് എന്റെ പ്ര​ഭാ​ഷ​ണ​ങ്ങൾ പലതും തകർ​ന്നു​പോ​യി​ട്ടു​ണ്ടു്. പി​ന്നീ​ടു് തോ​ണ്ടു​ന്ന​വ​നാ​ണു് അധ്യ​ക്ഷ​നെ​ന്നു് അറി​ഞ്ഞാൽ ഞാൻ മീ​റ്റി​ങ്ങി​നു പോ​കാ​തെ​യാ​യി. ഒരി​ക്കൽ മയ്യ​നാ​ട്ടു് ഒരു സമ്മേ​ള​നം. ഞൻ ഒരു വി​ഷ​യ​ത്തെ​ക്കു​റി​ച്ചു് വാ​ക്യ​ങ്ങ​ളു​ടെ സമ​ന്വ​യ​ത്തിൽ മന​സ്സി​രു​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. പൊ​ടു​ന്ന​നെ ആരോ ഷേർ​ടിൽ പി​ടി​ച്ചു​വ​ലി​ച്ചു. ഞാൻ തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോൾ അധ്യ​ക്ഷ​നാ​ണു് ആ ഹീ​ന​കൃ​ത്യം ചെ​യ്ത​തെ​ന്നു് മന​സ്സി​ലാ​ക്കി. തെ​ല്ലു നീ​ര​സ​ത്തോ​ടെ ‘എന്തു് ’എന്നു ചോ​ദി​ച്ച എന്നോ​ടു ജി​യു​ടെ ‘ഇന്നു ഞാൻ നാളെ നീ’ ഒന്നു ചൊ​ല്ലൂ എന്നു അയാൾ പറ​ഞ്ഞു. എന്റെ പ്ര​ഭാ​ഷ​ണ​വി​ഷ​യ​ത്തി​നു യോ​ജി​ക്കി​ല്ല ആ കവിത. ഇതു​പോ​ലെ മുൻപു പല​ത​വ​ണ​യും അയാൾ പ്ര​ഭാ​ഷ​ണ​ത്തി​നു് ഭംഗം ഉണ്ടാ​ക്കി​യി​ട്ടു​ണ്ടു്. പി​ന്നീ​ടു് അയാൾ ഉപ​സം​ഹാ​ര​പ്ര​സം​ഗം നട​ത്തു​മ്പോൾ ജി​യെ​ക്കു​റി​ച്ചു പറയണം. അതിനു വേ​ണ്ടി​യാ​ണു് എന്നെ അയാൾ ഉപ​ദ്ര​വി​ച്ച​തു്. ഏതാ​യാ​ലും എന്റെ പ്ര​ഭാ​ഷ​ണം തകർ​ന്നു​വെ​ന്നു​ക​ണ്ടു് ഞാൻ ആ കവിത ചൊ​ല്ലാ​തെ കസേ​ര​യി​ലി​രു​ന്നു. അധ്യ​ക്ഷൻ വി​ള​റി​വെ​ളു​ത്തു. ശ്രോ​താ​ക്കൾ ‘തു​ടർ​ന്നു പ്ര​സം​ഗി​ക്ക​ണം’ എന്നു വി​ളി​ച്ചു​പ​റ​ഞ്ഞു​വെ​ങ്കി​ലും ഞാൻ അന​ങ്ങി​യ​തേ​യി​ല്ല.

[3] ‘മല​യാ​ള​നാ​ടു്’ വാ​രി​ക​യു​ടെ എഡി​റ്റർ എസ്. കെ. നായർ ആത്മ​ക​ഥ​യു​ടെ ഒരു ഭാഗം സി. അച്യു​ത​മേ​നോ​നെ വാ​യി​ച്ചു​കേൾ​പ്പി​ക്കു​മ്പോൾ ഞാ​നും​കൂ​ടി ഉണ്ടാ​യി​രു​ന്നു. സോ​വി​യ​റ്റു് യൂ​ണി​യ​നെ​യും കമ്യൂ​ണി​സ​ത്തെ​യും വി​മർ​ശി​ക്കു​ന്ന രച​ന​യാ​യി​രു​ന്നു എസു്. കെ. നാ​യ​രു​ടേ​തു്. അതു കേൾ​ക്കാൻ തു​ട​ങ്ങി​യ​പ്പോൾ​തൊ​ട്ടു് അച്യു​ത​മേ​നോ​ന്റെ മുഖം ചു​വ​ന്നു​തു​ട​ങ്ങി. അസ​ഹി​ഷ്ണു​ത​യു​ടെ ഉട​ലെ​ടു​ത്ത രൂ​പ​മാ​യി അദ്ദേ​ഹം ഒടു​വിൽ അച്യു​ത​മേ​നോൻ കാതു രണ്ടും പൊ​ത്തി​ക്കൊ​ണ്ടു് “നി​റു​ത്തൂ, നി​റു​ത്തൂ, ഇതാ​ണു് നി​ങ്ങൾ എഴു​തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു് ഞാൻ നേ​ര​ത്തെ അറി​ഞ്ഞെ​ങ്കിൽ കേൾ​ക്കേ​ണ്ട​തി​ല്ല എന്നു പറ​യു​മാ​യി​രു​ന്നു” എന്നു് അറി​യി​ച്ചു. ‘കേ​ട്ടു​പോ​യ​ല്ലോ’ എന്നും​കൂ​ടി അദ്ദേ​ഹം വ്യാ​കു​ല​ചി​ത്ത​നാ​യി എസ്. കെ. നാ​യ​രോ​ടു പറ​ഞ്ഞു. സാ​ക്ഷാൽ കമ്യൂ​ണി​സ്റ്റാ​യി​രു​ന്നു അച്യു​ത​മേ​നോൻ. ഇന്നു് ഇങ്ങ​നെ​യു​ള്ള​വ​രെ കാ​ണാ​നി​ല്ല. കാ​ണാ​നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കമ്യൂ​ണി​സ്റ്റാ​യി ഭാ​വി​ക്കു​ന്ന​വ​രിൽ പലരും പി​ന്തി​രി​പ്പ​ന്മാ​രാ​ണു​താ​നും. സം​സാ​ര​ത്തിൽ, പ്ര​വൃ​ത്തി​യിൽ, എഴു​ത്തിൽ തനി പി​ന്തി​രി​പ്പ​ന്മാർ. ബൂർ​ഷ്വാ​സി​യു​ടെ എല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ആസ്വ​ദി​ച്ചു​കൊ​ണ്ടു് മാ​ലോ​ക​രെ പറ്റി​ക്കാ​നാ​യി അവർ കമ്മ്യൂ​ണി​സ്റ്റു​ക​ളാ​യി ഭാ​വി​ക്കു​ന്നു.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-01-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.