സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-05-17-ൽ പ്രസിദ്ധീകരിച്ചതു്)

images/Maupassant.jpg
മോപാസാങ്

ഫ്രഞ്ചെഴുത്തുക്കാരൻ മോപാസാങ് (Maupassant, 1850–1893) എഴുതിയ “Useless Beauty ” എന്ന ചെറുകഥ അതിസുന്ദരമാണു്. അതുകൊണ്ടുതന്നെ വിശ്വവിഖ്യാതവും. മലയാളസാഹിത്യത്തിലെ ഉച്ഛിഷ്ടം മാത്രം കണ്ടുശീലിച്ചവർക്കു് ഇതു കലയുടെ സ്പഷ്ടീകരണം നല്കും. വ്യയപരാങ്മുഖനെങ്കിലും ദ്രോഹശീലനായ സൃഷ്ടികർത്താവു് ഏതു മനുഷ്യാവയവത്തിനും രണ്ടു ലക്ഷ്യങ്ങൾ നല്കിയിട്ടുണ്ടു്. വായ ഭക്ഷണം ഉള്ളിൽ കടത്തിവിട്ടു് മനുഷ്യശരീരത്തെ പോഷിപ്പിക്കുന്നു. അതു് ഭാഷണവും ചിന്തകളും പ്രസരിപ്പിക്കുന്നു. നമ്മുടെ മാംസം സ്വയം ഉത്തേജനമാർന്നു് ആശയങ്ങൾ വിതറുന്നു. മൂക്കു് പ്രാണവായു ശ്വാസകോശങ്ങളിലേക്കു കൊണ്ടുചെല്ലുന്നു. അതേസമയം ലോകത്തുള്ള എല്ലാ സൗരഭ്യങ്ങളും തലച്ചോറിലേക്കു നയിക്കുന്നു; പൂക്കൾ, കാടുകൾ, വൃക്ഷങ്ങൾ, സമുദ്രം ഇവയുടെ മണം മസ്തിഷ്കത്തിലേക്കു കൊണ്ടുചെല്ലുന്നതു് മൂക്കാണു് മറ്റുള്ളവരുമായി ആശയം പകരാൻ സഹായിക്കുന്ന കാതുതന്നെ സംഗീതം കണ്ടുപിടിച്ചു. സ്വപ്നങ്ങൾ സൃഷ്ടിക്കുന്നതും ആഹ്ലാദാനുഭൂതി ഉണ്ടാക്കുന്നതും ശബ്ദങ്ങളാൽ ശാരീരികമായ ഹർഷം ജനിപ്പിക്കുന്നതും ചെവിയാണു്—മോപാസാങ്.

images/SamuelTaylorColeridge.jpg
കോൾറിജ്ജ്

തത്ത്വചിന്തകനായ ഹേഗൽ ഈ വൈരുദ്ധ്യത്തെക്കുറിച്ചു് പ്രതിപാദിച്ചിട്ടുണ്ട്. അതിനെപ്പറ്റി എഴുതുന്ന വേറൊരു തത്വചിന്തകൻ പറയുന്നു: “If ‘p’ turns into ‘q’, then ‘q’ also turns into ‘p’. “I don’t really know the Danube, I’ve never seen it in a rage!” But you did see it in its clam; haven’t you enough imagination to see the insect when you see the chrysalis? So does the surface deceive? It points to the depths.”

കോൾറിജ്ജ് എന്ന ഇംഗ്ലീഷ് കവി (Coleridge, 1772–1834) മഴയുടെ ഈ വൈരുദ്ധ്യത്തെ-ദ്വന്ദ്വഭാവത്തെ-മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടു് An Ode to the Rain എന്ന കാവ്യത്തിൽ. കവിക്കറിയാം രാത്രിയാണെന്നു്. ഒന്നോ രണ്ടോ മണിക്കൂർ അദ്ദേഹം ഉണർന്നു കിടന്നെങ്കിലും ഒരിക്കൽപ്പോലും കൺപോളകൾ തുറന്നില്ല. അന്ധനെപ്പോലെ അദ്ദേഹം ഇരുട്ടത്തു് കിടന്നതേയുള്ളു കവി മഴയെ അഭിസംബോധന ചെയ്തു് പറയുന്നു:

‘O Rain! that I lie listening to:

Your’e but a doleful sound at best:

I owe you little thanks its true

For breaking thus my needful rest!

Yet if, as soon as it is light

O Rain! you will take your flight.

I’ll neither rail, nor malice keep,

Though sick and sore for want of sleep.

images/Sugathakumari.jpg
സുഗതകുമാരി

സുഗതകുമാരി യുടെ ‘രാത്രിമഴ’ എന്ന കാവ്യത്തിലും മഴയുടെ ഈ ദ്വന്ദ്വഭാവത്തെ ആവിഷ്കരിച്ചിരിക്കുന്നു. കോൾറിജ്ജ് രാത്രിമഴയെയാണു് അഭിസംബോധന ചെയ്യുന്നതു്. സുഗതകുമാരിയും അങ്ങനെതന്നെ. ചുമ്മാതെ കേഴുകയും ചിരിക്കുകയും ചെയ്യുന്നു ശ്രീമതി വർണ്ണിക്കുന്ന മഴ. ശോകാകുലം (doleful) കോൾറിജ്ജിന്റെ മഴ എങ്കിലും അതിന്റെ വിരസമായ രണ്ടു ശബ്ദങ്ങൾ തമ്മിലിടയുന്നു. ചുറ്റും മർമ്മരം കേൾക്കാറാകുന്നു. സുഗതകുമാരിയുടെ രാത്രിമഴ ഭ്രാന്തിയെപ്പോലെ കേണും ചിരിച്ചും വിതുമ്പിയും നിർത്താതെ പിറുപിറുത്തും വർത്തിക്കുന്നു.

സുഗതകുമാരിയുടെ മഴ പണ്ടു് ‘സൗഭാഗ്യരാത്രികളിൽ’ അവരെ ചിരിപ്പിച്ചു. കുളിർ കോരിയണിയിച്ചു. വെണ്ണിലാവിനേക്കാൾ പ്രിയം തന്നു് ഉറക്കി. കോൾറിജ്ജിനും പണ്ടത്തെ മഴയെക്കുറിച്ചു് നല്ലതേ പറയാനുള്ളു. Dear Rain! I ne’er refused to say/You’re a good creature in your way. കോൾറിജ്ജ് പുസ്തകം തന്നെ എഴുതും മഴ എത്ര നന്മയുള്ളതാണെന്നു് കാണിച്ചു്. പക്ഷേ, ആ രാത്രിയിൽ അതു പോയാൽ മതി.

കോൾറിജ്ജ് പറയുന്നു:

Dear Rain! if I have been cold and shy/Take no offence! I’ll tell you why. കവിയെക്കൂടാതെ രണ്ടുപേരുമുണ്ടു്. അവർക്കു മൂന്നുപേർക്കും തനിച്ചിരിക്കണം. ഒരുപാടു് കാര്യങ്ങൾ അവർക്കു സംസാരിക്കാനുണ്ടു്. വിഷാദമഗ്നങ്ങളായ പലതും വെളിപ്പെടുത്താനുണ്ടു്. കൺകോണുകളിൽ അവർക്കു കണ്ണീരുണ്ടു്. മഴയുടെ നന്മയെ പ്രകീർത്തിച്ചു് ഗ്രന്ഥമെഴുതാൻ തയ്യാറായ കോൾറിജ്ജ് ഇപ്പോൾ അതു പോയാൽ മതിയെന്നു് ആഗ്രഹിക്കുന്നു. പ്രേമസാക്ഷിയായിരുന്ന മഴ സുഗതകുമാരിക്കു് ഇപ്പോൾ ദുഃഖസാക്ഷിയായി മാറിയിരിക്കുന്നു.

എനിക്കു് ഇയാളെക്കാൾ നല്ല ഭർത്താവിനെ കിട്ടുമായിരുന്നു എന്നു് ഓരോ വിവാഹിതയും വിചാരിക്കുന്നു. തെറ്റിദ്ധാരണ!

അടുത്തദിവസം മഴയെത്തുമ്പോൾ ആഹ്ലാദഭരിതനായി കോൾറിജ്ജ് അതിനെ സ്വാഗതം ചെയ്യും. വിരസമായി അതു് ഒരാഴ്ചയോ കൂടുതൽ ദിവസങ്ങളോ അവിടെ ഉണ്ടായിരുന്നാൽത്തന്നെയും അദ്ദേഹം നിശ്ചലനായി അതു പറയുന്നതൊക്കെ കേൾക്കും. ഈ സമാപനത്തിന്റെ പ്രതിധ്വനിയെന്ന മട്ടിൽ സുഗതകുമാരി പറയുന്നു:

രാത്രിമഴയോടു ഞാൻ

പറയട്ടെ, നിന്റെ

ശോകാർദ്രമാം സംഗീത

മറിയുന്നു ഞാൻ, നിന്റെ

യലിവും അമർത്തുന്ന

രോഷവും, ഇരുട്ടത്തു

വരവും, തനിച്ചുള്ള

തേങ്ങിക്കരച്ചിലും

പുലരിയെത്തുമ്പോൾ

മുഖം തുടച്ചുള്ള നിൻ

ചിരിയും തിടുക്കവും

നാട്യവും ഞാനറിയും;

അറിയുന്നതെന്തുകൊ

ണ്ടെന്നോ? സഖി ഞാനു

മിതുപോലെ

രാത്രിമഴ പോലെ

മഴയുടെ വൈരുദ്ധ്യം കോൾറിജ്ജിനെ അലട്ടുന്നു. സുഗതകുമാരിയെയും. എങ്കിലും അതിനെ നിർമ്മാർജ്ജനം ചെയ്തു് മഴയിൽ വിലയം കൊള്ളുന്നു രണ്ടുപേരും വൈവിധ്യത്തിലൂടെ അനന്യത കാണുന്നു രണ്ടുകവികളും കേരളത്തിലെ കവി ഇംഗ്ലീഷ് കവിയെ ‘പ്ലേജിയറൈസ്’ ചെയ്തുവെന്നു് പറയുകയല്ല ഞാൻ. രണ്ടു പ്രതിഭാശാലികൾ ഒരേ വിഷയം പ്രതിപാദിച്ചാൽ ഏതാണ്ടു് ഒരേ മട്ടിലാവും എന്നു ചൂണ്ടിക്കാണിക്കാനേ എനിക്കു് ഉദ്ദേശ്യമുള്ളു. ‘പി’ ‘ക്യു’ ആയാൽ ‘ക്യൂ’ ‘പി’ ആയി മാറുമെന്നു് തത്ത്വചിന്തകൻ അഭിപ്രായപ്പെട്ടതു് ശരിയാണെന്നു് കാണിക്കാനും.

മൗലികമായി—അടിസ്ഥാനപരമായി—രണ്ടു വികാരങ്ങളേയുള്ളു. കാമവും വിശപ്പും. അവയെ അവലംബിച്ചേ സാഹിത്യസൃഷ്ടികളുണ്ടാവൂ. അതിനാൽ പ്രമേയങ്ങൾക്കും ഇതിവൃത്തങ്ങൾക്കും സാദൃശ്യങ്ങൾ വരും. അവയെച്ചൊല്ലി നമ്മൾ പരാതിപ്പെടേണ്ട. പക്ഷേ, ആവർത്തനാത്മകമായ ഇതിവൃത്തം പ്രയോഗിക്കുമ്പോഴും എഴുത്തുകാരന്റെ ‘വിഷൻ’ ഉണ്ടാകണം. ആ വിഷനാണു് കലാസൃഷ്ടികൾക്കു് അന്യാദൃശ്യ സ്വഭാവം നല്കുന്നതു്. വിഷൻ കടംകൊണ്ടാൽ സാഹിത്യം ജീർണ്ണിക്കും. സുഗതകുമാരിയുടെ കവിതയിലെ വിഷനും കോൾറിജ്ജിന്റെ കവിതയിലെ വിഷനും ഒന്നുതന്നെയാണോ എന്നാലോചിക്കാൻ ഞാൻ വായനക്കാരോടു് അപേക്ഷിക്കുന്നു.

images/jeanpaul.jpg
ഷാങ്പോൾ

ഒരെഴുത്തുകാരന്റെ നേരമ്പോക്കു്. രണ്ടു സാഹിത്യകാരന്മാർ ഒരു ചലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സിനിമ തീർന്നയുടനെ അവർ എഴുന്നേറ്റു് ഓടാൻ തുടങ്ങി. ഒരാൾ വഴുതയ്ക്കാട്ടേക്കായിരുന്നു ഓട്ടം. മറ്റേയാൾ ഇടപ്പഴഞ്ഞിയിലെ സ്വന്തം വീട്ടിലേക്കും. വഴുതയ്ക്കാട്ടേക്കു് ഓടിയ ആളിനു് സിനിമയിലെ കഥ നാടകമാക്കണം. വഴുതയ്ക്കാട്ടെ വീട്ടിലേക്കു ഓടിയ ആൾ നാടകം പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപു് തനിക്കു് അതു നോവലാക്കി പബ്ലിഷ് ചെയ്യണമെന്നു് ഇടപ്പഴഞ്ഞിയിലേക്കു ഓടിയ ആളിന്റെ ആഗ്രഹം. റോഡിലൂടെ നടന്നുപോകുന്നവരെ ഇടിച്ചു തള്ളിക്കൊണ്ടു് രണ്ടുപേരും ഓടി എന്നാണു് കഥ. എനിക്കു് ഈ രണ്ടെഴുത്തുകാരെയും നേരിട്ടറിയാം. രണ്ടുപേരും ഇടതുവശത്തു് ഇംഗ്ലീഷ് പുസ്തകങ്ങൾ വയ്ക്കും. വലതുവശത്തു് വെള്ളക്കടലാസ്സും എന്നിട്ടു് തർജ്ജമ നടത്തും. ജർമ്മനെഴുത്തുകാരൻ ഷാങ്പോൾ (Jean Paul, 1763–1825) പറഞ്ഞിട്ടുണ്ടു് സായാഹ്നം നീഹാരബിന്ദുവിനെ (dew) ഹിമാനി (frost) ആക്കുന്നുവെന്നു്. പ്രഭാതം ഹിമാനിയെ നീഹാരബിന്ദുവായി മാറ്റുന്നുവെന്നു്. മേരി കറലിയുടെ ‘Barabbas’ എന്ന നോവൽ കൈനിക്കര പദ്മനാഭപിള്ള ‘കാൽവരിയിലെ കല്പപാദപം’ എന്ന നാടകമാക്കി. ഡ്യൂ, ഫ്രോസ്റ്റായതാവാം. ഫ്രോസ്റ്റ്, ഡ്യൂ ആയതാവാം. ഏതാണെന്നു് കണ്ടുപിടിക്കാൻ വയ്യ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾക്കു പേടിയുണ്ടാക്കുന്നതു് ഏതു വസ്തുവാണു് ?

ഉത്തരം: കംപ്യൂട്ടർ അതിനെക്കുറിച്ചു് എനിക്കൊന്നുമറിഞ്ഞുകൂടാ അജ്ഞതയാവാം എന്റെ ഭയത്തിനു ഹേതു.

ചോദ്യം: വിമർശനമോ നിരൂപണമോ മലയാളത്തിൽ ഇല്ല എന്നൊരു വിമർശകനോ നിരൂപകനോ പറഞ്ഞാൽ?

ഉത്തരം: തിരുവനന്തപുരത്തുകാരന്മാരൊക്കെ കള്ളന്മാരാണെന്നു് തിരുവനന്തപുരത്തുകാരനായ ഞാൻ പറഞ്ഞതുപോലിരിക്കും.

ചോദ്യം: ആധുനിക സാഹിത്യകാരന്മാരെ ആരു പേടിക്കുന്നു?

ഉത്തരം: അവരെ ആരും പേടിക്കുന്നില്ല. പക്ഷേ, അവർ തങ്ങളുടെ രചനകളിലെ ദുർഗ്രഹതയെ പേടിക്കുന്നു. ദുർഗ്രഹത ഇല്ലാതായാൽ അവർക്കു സാഹിത്യത്തിൽ സ്ഥാനമില്ല.

ചോദ്യം: സ്ത്രീകളുടെ വിചാരമെന്താണു്?

ഉത്തരം: എനിക്കു് ഇയാളെക്കാൾ നല്ല ഭർത്താവിനെ കിട്ടുമായിരുന്നു എന്നു് ഓരോ വിവാഹിതയും വിചാരിക്കുന്നു. തെറ്റിദ്ധാരണ!

ചോദ്യം: വിദേശ നാമധേയങ്ങൾ തോന്നിയ രീതിയിൽ ഉച്ചരിക്കാമെന്നു് ചർച്ചിൽ പറഞ്ഞു. നിങ്ങളുടെ അഭിപ്രായം?

ഉത്തരം: അദ്ദേഹം ഫ്രാൻസിൽ ചെല്ലുമ്പോൾ അവിടത്തെ ഒരാൾ മിസ്റ്റർ ചുർച്ചിൽ എന്നു വിളിച്ചാൽ അദ്ദേഹത്തിനു് ഇഷ്ടമാവുമോ?

ചോദ്യം: എനിക്കു ഇംഗ്ലീഷിൽ തീസിസ് എഴുതേണ്ടിയിരിക്കുന്നു ഒരു മലയാളവിഷയത്തെക്കുറിച്ചു്. ഒരു വിഷയം നിർദ്ദേശിക്കാമോ?

ഉത്തരം: Modern Malayalam poets and the failure of communication with special reference to Satchidanandan’s poetry.

ചോദ്യം: ഭാഗ്യംകെട്ട പുരുഷനാരു്?

ഉത്തരം: ഓഫീസിലെ പണിയൊക്കെക്കഴിഞ്ഞു് 5 12 മണിക്കു വീട്ടിൽച്ചെന്നു് കയറുമ്പോൾ വൈരുപ്യമുള്ള ഭാര്യയും മൂക്കള ഒലിപ്പിക്കുന്ന ആറു മക്കളും വന്നു പൊതിയുന്നതു് ആരെയോ അയാൾ തികഞ്ഞ ഭാഗ്യരഹിതൻ.

വാക്കുകൾ

പൊലിസുകാർ എന്നു കേട്ടാൽ പരുക്കൻ സ്വഭാവമുള്ളവർ എന്നാവും ഒരുമാതിരിയുള്ളവരുടെ വിചാരം. പക്ഷേ, ആ വിചാരം തെറ്റു്. അവരുടെ കൂട്ടത്തിൽ നല്ല കവികളും കഥാകാരന്മാരുമുണ്ടു്.

നമ്മൾ ദിനപത്രങ്ങളിൽ എത്രയോ തവണ കണ്ടിട്ടുള്ളതാണു് കേന്ദ്രമന്ത്രിമാരും സ്റ്റെയ്റ്റിലെ മന്ത്രിമാരും വനമഹോത്സവത്തിന്റെ ഭാഗമായി മരത്തൈകൾ മണ്ണുമാന്തി നടുന്നതു്. ആ കൃത്യം നിർവഹിച്ചതിനുശേഷം അവർ സർക്കാർ വക കാറിൽ അന്തസ്സിൽ തിരിച്ചുപോകുന്നു. കാറിന്റെ പിറകിൽ മലർന്നു് കിടക്കുന്ന മന്ത്രിയെ നോക്കി മണ്ണുമാന്തിയതിനെ ഉദ്ദേശിച്ചു് ‘ഇതാ കൂലിക്കാരൻ പോകുന്നു’ എന്നാരെങ്കിലും പറയുമോ? ചങ്ങനാശ്ശേരിയിൽ പണ്ടൊരു വിവാഹത്തിൽ പങ്കുകൊള്ളാൻ ഞാൻ പോയിരുന്നു. ഉണ്ണാനിരുന്നപ്പോൾ അരിവട്ടിയിൽ ചോറുമായി വന്നു് എൻ. പി. ചെല്ലപ്പൻനായർ ഞങ്ങളുടെ ഇലകളിൽ അതു വിളമ്പി. അദ്ദേഹം ചോറു വിളമ്പിയതുകൊണ്ടു് ചങ്ങനാശ്ശേരിയിലെ മജിസ്ട്രേറ്റ് അല്ലാതാകുമോ? കേരളത്തിലെ പ്രശസ്തനായ ഹാസ്യസാഹിത്യകാരനല്ലാതാകമോ? സദ്യക്കു് ക്ഷണിച്ചു വരുത്തിയവർക്കു ചോറുവിളമ്പിയ പരിചാരകനായി ആരെങ്കിലും അദ്ദേഹത്തെ കാണുമോ? ഒരിക്കൽ ഞാൻ മദ്രാസിലേക്കുള്ള തീവണ്ടിയിൽ തിരുവനന്തപുരത്തുനിന്നു തൃശ്ശൂരിലേക്കു പോകുമ്പോൾ ഡി. ഐ. ജി. ആയിരുന്ന എൻ. കൃഷ്ണൻനായർ മറ്റൊരു ഭാഗത്തുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽകണ്ടു. അല്പനേരം സംസാരിച്ചു അതിനുശേഷം സ്വന്തം ഇരിപ്പിടങ്ങളിൽച്ചെന്നു് ഇരുന്നു. തീവണ്ടി തൃശ്ശൂരെത്തിയപ്പോൾ അദ്ഭുതങ്ങളിൽ ‘അദ്ഭുതം’. കൃഷ്ണൻനായർ എന്റെ അടുക്കലേക്കു് ഓടിവന്നു. കനമാർന്ന പെട്ടി തൂക്കിപ്പിടിച്ചിരുന്ന എന്റെ കൈയിൽ നിന്നു് അദ്ദേഹം അതു വാങ്ങിച്ചു എന്റെ പ്രതിഷേധത്തെ അവഗണിച്ചു്. തീവണ്ടിയുടെ വാതിൽ അല്പമകലെ എന്റെ പിറകിൽ കേരളത്തിലെ ഡി. ഐ. ജി. പെട്ടിതൂക്കി നടന്നു. ഞാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ അദ്ദേഹവുമിറങ്ങി. പെട്ടി താഴെ വച്ചു. എന്നെ തൊഴുതിട്ടു് തിരിച്ചു ട്രെയിനിൽ കയറി. വണ്ടി നീങ്ങുന്നതുവരെ കൃഷ്ണൻനായർ വാതില്ക്കൽത്തന്നെ നിന്നു. നിസ്സാരനായ എന്റെ പിറകേ കനമാർന്ന പെട്ടിയേന്തി നടന്ന എൻ. കൃഷ്ണൻനായരെ ഡി. ഐ. ജി. ആയിട്ടേ ആരും കാണൂ. റെയിൽവേ പോർട്ടറായി ഒരാളും കരുതുകില്ല. നേരേമറിച്ചു് റെയിൽവേ കൂലിക്കാരൻ ഡി. ഐ. ജി.യുടെ യൂണിഫോം ധരിച്ചു് ഫസ്റ്റ് ക്ലാസ്സിൽ ഇരുന്നാൽ അയാളെ കാണുന്ന എസ്. പി. ‘അറ്റൻഷനായി?’ സല്യൂട്ട് ചെയ്യുമോ? വ്യക്തിത്വത്തെയും സ്വത്വശക്തിയെയും മാറ്റാൻ ഒക്കുകില്ല. മലയാളം വാരികയിൽ ‘പുത്രകാമേഷ്ടി’ എന്ന ചെറുകഥ എഴുതിയ അജീഷ്ചന്ദ്രൻ കോട്ടാങ്ങലിനെയും ‘മാധ്യമം’ വാരികയിൽ ‘പെൺവിഷയം’ എന്ന ചെറുകഥ എഴുതിയ പി. എ. ദിവാകരനെയും കഥാകാരന്മാരായി ആരെങ്കിലും കരുതുമോ? ഇവിടെപ്പറഞ്ഞ രണ്ടുത്കൃഷ്ട വാരികകളിലല്ല ലോകത്തെ ഏതു ഉത്കൃഷ്ടതമമായ ജേണലിലും ഇവർ രചനകളെ മഷി പുരട്ടിച്ചു് വായനക്കാർക്കു നല്കിയാൽ അവരെ എഴുത്തുകാരായി ആരെങ്കിലും പരിഗണിക്കാമോ? ഇല്ല. അത്ര കണ്ടു് ‘അലവലാതിത്തര’മാണു് രണ്ടുപേരുടെയും കഥകൾ. അജീഷ് ചന്ദ്രനും ദിവാകരനും കഥാപാത്രങ്ങളുടെ സ്ത്രീവേഴ്ചയെയാണു് പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളതു്. പക്ഷേ, അന്യോന്യബന്ധമില്ലാത്ത ഭാഷയിലാണു് ആഖ്യാനം. വീട്ടിൽ പച്ചക്കറിവില്പനയ്ക്കു് വരുന്ന മധ്യവയസ്കകളും വൃദ്ധകളും ബന്ധമില്ലാതെ അതുമിതും പറയുമല്ലോ. അതുപോലെയുള്ള ഭാഷയാണു് രണ്ടുപേരുടെയും. ഞാൻ വടക്കേയിന്ത്യയിൽ മാർക്കറ്റുകളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ടു് ആവശ്യമുള്ളതു് വാങ്ങാനായി. അപ്പോഴൊക്കെ വട്ടിക്കാരികൾ തങ്ങളുടേതായ ഭാഷയിൽ പലതും പറയുന്നതു കേട്ടിട്ടുണ്ടു്. ഒന്നും മനസ്സിലാവില്ല. ഇവിടെ വീട്ടിൽ വരുന്ന പച്ചക്കറി വില്പനക്കാർ പറയുന്ന ബന്ധശൂന്യമായ ഭാഷയിൽ ഒന്നോ രണ്ടോ വാക്കുകൾ എനിക്കു പിടികിട്ടിയെന്നു വരും. ഇക്കഥകളിൽ അതുമില്ല. നാക്കു് ഒരു കഷണം മാംസപേശിയാണല്ലോ. അതിൽനിന്നു വരുന്ന വാക്കുകൾക്കു ഇത്രമാത്രം ബീഭത്സത വരുമോ?

എന്തു ഫലം?

പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു തിരുവനന്തപുരത്തു വന്നു് കുറച്ചുദിവസം താമസിച്ചപ്പോൾ അദ്ദേഹത്തിനു് ഇവിടത്തെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ കെ. ബാലകൃഷ്ണനെയാണു് നിയോഗിച്ചതു്. അസാമാന്യമായ ബുദ്ധിശക്തിയാൽ അനുഗൃഹീതനായിരുന്ന ബാലകൃഷ്ണന്റെ കഴിവുകൾ നെഹ്റു ഒറ്റനോട്ടത്തിൽത്തന്ന ഗ്രഹിച്ചു. പിന്നീടു് അദ്ദേഹം പറഞ്ഞു: ‘ഹി ഇസ് എ വാക്കിങ് എൻസൈക്ലോപിഡിയ’ എന്നു്. ബാലകൃഷ്ണനെ കുറിച്ചു നെഹ്രുവിനുള്ള ആദരം ആ പ്രസ്താവതിലുണ്ടെങ്കിലും ആരെയും അങ്ങനെ വിശേഷിപ്പിക്കാൻ പാടില്ല എന്ന മതമാണെനിക്കു്. വിശ്വവിജ്ഞാനകോശത്തിൽ എല്ലാ വിജ്ഞാനങ്ങളും അടങ്ങിയിരിക്കുന്നു. എങ്കിലും അതിനു് ആ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയുകയില്ല. അതു നിശ്ചേതനമാണു്. നേരേ മറിച്ചാണു് വ്യക്തികളുടെ സ്ഥിതി. വിശ്വസാഹിത്യത്തെക്കുറിച്ചു് ഒരുത്തനു് കുറച്ചറിവുണ്ടെന്നിരിക്കട്ടെ. അയാൾ അതിന്റെ ‘ആപ്ലിക്കെയ്ഷനിലൂടെ’ വേറെ പലർക്കും നൂതന മണ്ഡലങ്ങൾ തുറന്നുകൊടുക്കും. അഷ്ടാധ്യായീസൂത്രങ്ങൾ കുറെയൊക്കെ ഗ്രഹിച്ചുവച്ചിട്ടുള്ളവർക്കു് ഈ ‘ആപ്ലിക്കെയ്ഷനി’ലൂടെ പാണ്ഡിത്യത്തിന്റെ മണ്ഡലങ്ങൾ കുറെ ആളുകൾക്കായി അനാവരണം ചെയ്യാൻ കഴിയും. ‘വാക്കിങ് എന്ന പദം പ്രയോഗിച്ചെങ്കിലും എൻസൈക്ലോപീഡിയ എന്നതിന്റെ ചലനമില്ലായ്മയെ അതു് ഇല്ലാതാക്കുന്നില്ല.

ഇതുപോലെയാണു് ഫാന്റസി. ഒരുത്തൻ കൃഷ്ണനായി പിറക്കുന്നു. അയാൾ പേരുകേട്ട വൈദ്യനായി മാറുന്നു. ഒരു മാനസികപ്രേരണയും കൂടാതെ സ്ത്രീകളിൽ തൽപരനാകുന്നു. ഒടുവിൽ സ്ത്രീകൾ കുളിക്കുന്നതു കണ്ടു രസിക്കാൻ അയാൾ മരത്തിൽ കയറിയിരിക്കുന്നു. അവിടെനിന്നു് നദിയിൽ വീണു് ഒരു ആലിലയിൽ കയറി ഒഴുകിപ്പോകുന്നു. ഒരു പോയിന്റുമില്ലാത്ത സ്റ്റുപിഡിറ്റിയാണിതു് (രമേശൻ ബ്ലാത്തൂരു് എഴുതിയ ‘അഷ്ടാംഗഹൃദയം’ എന്ന കഥ-ദേശാഭിമാനി വാരിക). സ്ത്രീകൾ തയിർ കലക്കുമ്പോൾ വെണ്ണ ഉയർന്നുവരുന്നതുപോലെ ഫാന്റസിയുടെ പ്രക്രിയയിലൂടെ ജീവിതസത്യം ഉയർന്നുവരണം. അതൊന്നുമില്ലാതെ വിവരമില്ലാത്ത പെൺപിള്ളേരെപ്പോലെ എഴുതി വായനക്കാരെ ക്ലേശിപ്പിച്ചിട്ടെന്തു ഫലം?

images/Charles_Baudelaire.jpg
ബോദലേർ

സംസ്കൃത കോളേജിലെ എൻട്രൻസ് ക്ലാസ്സിനെക്കുറിച്ചു് ഞാൻ മുൻപു് എഴുതിയല്ലോ. ഒരു ദിവസം പഠിപ്പിക്കാൻ മടിച്ചു് ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേക്കു തർജ്ജമ ചെയ്യാൻ ഒരു ഖണ്ഡിക വിദ്യാർത്ഥികൾക്കു പറഞ്ഞു കൊടുത്തു. അതിൽ He rose from the seat എന്ന വാക്യമുണ്ടായിരുന്നു. ഒരു വിദ്യാർത്ഥിക്കു് ROSE എന്നതിന്റെ അർത്ഥമറിഞ്ഞുകൂടാ. അയാൾ ആ വാക്കിന്റെ അർത്ഥമെന്തെന്നു് എന്നോടു ചോദിച്ചു. കുട്ടികളുടെ സാമാന്യമായ അറിവു് മനസ്സിലാക്കാനായി ഞാൻ ഓരോരുത്തനോടും rose എന്നതിന്റെ അർത്ഥം ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. പക്ഷേ, പിറകിലത്തെ ബഞ്ചിലിരുന്ന ഒരു കുട്ടി ‘ഞാൻ പറയാം’ എന്ന അർത്ഥത്തിൽ കൈനീട്ടിക്കാണിക്കുന്നുണ്ടായിരുന്നു. ആരും അർത്ഥം പറയാത്തതുകൊണ്ടു് ഞാൻ അയാളോടു് ഉത്തരം നല്കാൻ ആവശ്യപ്പെട്ടു. മറുപടി ഇതായിരുന്നു. “ഒരു പുഷ്പം” എന്നെ സംസ്കൃത കോളേജിൽ നിയമിച്ച സർവകലാശാലാധികൃതരെ ഞാൻ ശപിച്ചു. ഈ കുട്ടിയുടെ ഉത്തരത്തെക്കാൾ അധമമാണു് രമേശന്റെ കഥ.

നാനാവിഷയകം

പൊലിസുകാർ എന്നു കേട്ടാൽ പരുക്കൻ സ്വഭാവമുള്ളവർ എന്നാവും ഒരുമാതിരിയുള്ളവരുടെ വിചാരം. പക്ഷേ, ആ വിചാരം തെറ്റു്. അവരുടെ കൂട്ടത്തിൽ നല്ല കവികളും കഥാകാരന്മാരുമുണ്ടു്. രണ്ടു കൺസ്റ്റബിൾസ് കുറച്ചുകാലം മുൻപു് എന്നെക്കാണാൻ പതിവായി വരുമായിരുന്നു. അവരുടെ സാഹിത്യസംബന്ധിയായ അറിവു് എനിക്കു് ആദരമുളവാക്കി. ഊളമ്പാറയിൽ ഒരു പൊലിസ് കേന്ദ്രമുണ്ടല്ലോ. ഞാൻ ചിലപ്പോൾ പൈപ്പിൻമൂട്ടിലെ ഒരു കടയിൽച്ചെന്നു് മലയാളം വാരിക ചോദിക്കാറുണ്ടു്. കിട്ടാറില്ല. “നിങ്ങൾ കുറച്ചു കോപ്പികളേ എടുക്കാറുള്ളോ?” എന്നു് നീരസത്തോടെ കടയുടമസ്ഥനോടു ചോദിച്ചു. അയാൾ മറുപടി നല്കി: “അതല്ല സാർ. ആംഡ് റിസർവിലെ പൊലിസുകാർ വന്നു് സാഹിത്യവാരഫലം വായിക്കാനായി ഈ വാരിക വാങ്ങിക്കൊണ്ടുപോകും. ഏറെ പൊലിസുകാർ ഈ കോളം വായിക്കുന്നുണ്ടു്.” അതിനു ശേഷം പൊലിസ് കേന്ദ്രത്തിലെ ഏതു വ്യക്തിയെ കണ്ടാലും ഞാൻ സൂക്ഷിച്ചുനോക്കും. അവർ പുഞ്ചിരിതൂകും. കോളേജ് പ്രഫെസർമാർ ഈ കോളം പതിവായി വായിക്കുന്നുവെന്നു് അറിഞ്ഞാൽ എനിക്കു് സന്തോഷമില്ല. പക്ഷേ, കൺസ്റ്റബിൾസ് എല്ലാ ആഴ്ചയും ഇതു വായിക്കുന്നുവെന്നു് അറിയുന്നതു് എനിക്കു് അത്യധികമായ സന്തോഷമുളവാക്കും.

ലണ്ടനിലെ ഒരു പൊലിസുകാരൻ എഴുതിയ കവിതയുടെ ചുരുക്കം ഞാൻ നല്കാം. “മനുഷ്യനെ കൊല്ലാൻ അഞ്ചു മാർഗ്ഗങ്ങൾ” എന്നാണു് കവിതയുടെ പേരു്. ഒന്നാമത്തെ മാർഗ്ഗം—ഒരു തടിപ്പലകയെടുപ്പിച്ചുകൊണ്ടു് കൊല്ലേണ്ടയാളിനെ നിങ്ങൾക്കു കുന്നിന്റെ അഗ്രഭാഗത്തേക്കുകൊണ്ടുപോകാം. എന്നിട്ടു് അതിൽ അയാളെ ആണികൊണ്ടു തറയ്ക്കാം. ഇതു് ശരിയായി ചെയ്യുന്നതിനു് ജനക്കൂട്ടം വേണം. കൂവുന്ന കോഴിയെ വേണം. വിനിഗറും സ്പഞ്ചും വേണം. ആണികൾ തെറ്റാതെ തറയ്ക്കുന്നതിനു് ചുറ്റിക വേണം.

(രണ്ടും മൂന്നും മാർഗ്ഗങ്ങൾ സ്ഥലപരിമിതിയെക്കരുതി ഞാൻ വിട്ടുകളയുന്നു—ലേഖകൻ)

(നാലാമത്തെ മാർഗ്ഗം.)

വിമാനങ്ങളുടെ കാലയളവിൽ നിങ്ങൾക്കു കൊല്ലേണ്ട ആളിന്റെ മുകളിലായ് പറക്കാം. അനേകം നാഴിക മുകളിലായിട്ടാണു് പറക്കുന്നതു്. ഒരു കൊച്ചു സ്വിച്ചമർത്തിയാൽ മതി അയാളെ കൊല്ലാം.

ഇവയൊക്കെയാണു് മനുഷ്യനെ കൊല്ലാനുള്ള ക്ലേശപ്രദങ്ങളായ മാർഗ്ഗങ്ങൾ. കൂടുതൽ ലളിതവും നേരേയുള്ളതും വളരെ നിപുണവുമായ മാർഗ്ഗമുണ്ടു്. ഇരുപതാം ശതാബ്ദത്തിന്റെ മദ്ധ്യത്തിൽ അയാളെ എവിടെയെങ്കിലും ജീവിക്കാൻ അനുവദിച്ചാൽ മതി. അവിടെത്തന്നെ കഴിഞ്ഞുകൂടാൻ അയാൾക്കു സൗകര്യം നല്കിയാൽ മതി.

സമകാലിക ലോകത്തിന്റെ നൃശംസതയും അതിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥയും ഇതിൽക്കൂടുതൽ ഭംഗിയായി അഭിവ്യഞ്ജിപ്പിക്കുന്നതു് എങ്ങനെ?

ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ അസത്യാത്മകങ്ങളാണു്. എന്നും രാത്രി കുടിച്ചുകൊണ്ടുവന്നു് ഭാര്യയെ ചവിട്ടുന്ന ഭർത്താവിനെ ഈശ്വരനെപ്പോലെ കരുതണമെന്നു് നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രത്തിനു് എന്തു വില?

നമ്മുടെ ആദർശങ്ങളെല്ലാം (ideals എന്ന അർത്ഥത്തിൽ മലയാള ഭാഷയിലെ പ്രയോഗം) ഒരുതരത്തിൽ കാപട്യം കലർന്നതാണു്. ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ അസത്യാത്മകങ്ങളാണു്. എന്നും രാത്രി കുടിച്ചുകൊണ്ടുവന്നു് ഭാര്യയെ ചവിട്ടുന്ന ഭർത്താവിനെ ഈശ്വരനെപ്പോലെ കരുതണമെന്നു് നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രത്തിനു് എന്തു വില? മിക്ക മാതാപിതാക്കന്മാരും മക്കളെസ്സംബന്ധിച്ചിടത്തോളം ദ്രോഹികളാണു്. ബോദലേറി ന്റെ അച്ഛൻ അറുപതാമത്തെ വയസ്സിൽ ഇരുപത്തിയഞ്ചു വയസ്സുള്ള യുവതിയെ വിവാഹം കഴിച്ചു. തന്റെ സിഫിലിസ് അയാൾ ആൺമക്കൾക്കു പകർത്തിക്കൊടുത്തു. സിഫിലിസ് രോഗിയായ ബോദലേർ നാല്പത്തിയാറാമത്തെ വയസ്സിൽ പക്ഷാഘാതത്താൽ മരിച്ചു. Divine poet എന്നു ക്രോചെ വിളിച്ച ബോദലേറിന്റെ മരണത്തിനു കാരണക്കാരൻ അദ്ദേഹത്തിന്റെ ‘വൃത്തികെട്ട’ അച്ഛനായിരുന്നു. കേരളത്തിൽ എത്രയെത്ര പിതാക്കന്മാരാണു് മക്കളെ ലൈംഗികരോഗികളാക്കുന്നതു്. കാര്യമങ്ങനെയിരിക്കെ പിതാപുത്രബന്ധം പാവനമാണെന്നു് പറയുന്നതു് പച്ചക്കള്ളമല്ലേ?

images/Tennyson.jpg
റ്റെനിസൺ

ഷെയ്ക്സ്പിയറിന്റെ “മക്ബത്ത്” നാടകത്തിലെ “The multitudinous seas incarnadine;/Making the green one red” എന്ന വരികളുടെ സർവ്വാതിശായിയായ സൗന്ദര്യത്തെ പ്രകീർത്തിക്കാത്ത നിരൂപകരില്ല. ഒരിക്കൽ ഒരു പ്രഭാഷണത്തിൽ ഞാൻ ആ വരികൾ ചൊല്ലി വിശദീകരിച്ചു. പ്രഭാഷണം കഴിഞ്ഞു വേദിയിൽ നിന്നു് താഴോട്ടിറങ്ങിയപ്പോൾ ഇംഗ്ലീഷ് എം. എ. ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി വന്നു് പറഞ്ഞു ഷെയ്ക്സ്പിയർ അതു മോഷ്ടിച്ചതാണെന്നു്. രണ്ടുവരികൾ അയാൾ കുറിച്ചുതന്നു. “The multitudes of seas dyed red with blood”, “And made the green sea red with Pagan blood” ഷെയ്ക്സ്പിയറിനു മുൻപു ജീവിച്ച ഒരു കവിയുടെ വരികളാണു് ഇവയെന്നു് ആ വിദ്യാർത്ഥി പറഞ്ഞു. വർഷങ്ങൾക്കു മുൻപു് എന്റെ കൈയിലേക്കു തന്ന ആ കുറിപ്പു് ഞാൻ കളഞ്ഞില്ല. ഷെയ്ക്സ്പിയറിനു “മോട്ടിക്കാ”മെങ്കിൽ റ്റെനിസൺ എഴുതിയ ‘Recollection of Arabian Nights’ എന്ന കാവ്യം മോഷ്ടിച്ചു് വൈലോപ്പിള്ളിക്കു് ‘ആയിരത്തിയൊന്നു രാവുകൾ’ എന്ന കവിത എഴുതിക്കൂടേ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-05-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.