സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-06-07-ൽ പ്രസിദ്ധീകരിച്ചതു്)

images/Isaac_Babel.jpg
ഐസക്ക് ബാബിൽ

റഷ്യയിലെ ഉജ്ജ്വല പ്രതിഭാശാലികൾക്കു് സദൃശ്യനായി സാഹിത്യനിരൂപകർ ഐസക്ക് ബാബിലി നെ കാണുന്നു. (Isaac Babel 1894–1940) അതിസുന്ദരങ്ങളായ ചെറുകഥകളുടെ രചയിതാവെന്ന നിലയിൽ ഈ ശതാബ്ദത്തിലും അദ്ദേഹം ആദരിക്കപ്പെടുന്നു. 1937-ലാണു് ബാബിലിനെ സോവിയറ്റ് സർക്കാർ അറസ്റ്റ് ചെയ്തു് തടങ്കൽപ്പാളത്തിലാക്കിയതു്. സോവിയറ്റ് യൂണിയനിലെ രഹസ്യപ്പൊലീസിന്റെ തലവനായിരുന്ന ബെറിയയുടെ ഓഫീസിൽ വച്ചായിരുന്നു വിചാരണ. കോടതി 1940 ജനുവരി 26-ആം തീയതി കൂടി. പ്രധാനപ്പെട്ട പ്രാഡ്വിവാകൻ വിധി വായിച്ചു.

“In the name ot the Union of Soviet Republics the Military Tribunal of the Supreme Court has examined the case and established that Issac Babel was a member of anti-Soviet Trotskyist group an agent of the French and Austrian intelligence services linked to the wife of the enemy of the people Yezhov and was drawn into a conspiratorial terrorist organization. Having found Babel guilty, the Tribunal Sentences him to the highest penalty, to be shot”

അങ്ങനെ ഒരു ജീനിയസ്സിനെ 1940 ജനുവരി 27-ആം തീയതി അർദ്ധരാത്രി കഴിഞ്ഞു് 1.30-നു് വെടിവച്ചുകൊന്നു. അദ്ദേഹത്തിന്റെ കൂടെ പതിനഞ്ചുപേരെക്കൂടി വധിച്ചു. ലിസ്റ്റിൽ ആദ്യത്തെ പേര് ബാബിലിന്റേതായിരുന്നു (The KGB’S Literary Archive. The Harvill Press, London, See pp. 69 and 70).

images/Changampuzha.jpg
ചങ്ങമ്പുഴ

ദി ഗ്രസ്സോ (Di Grasso) എന്നതു് ബാബിലിന്റെ പ്രഖ്യാതമായ കഥയാണു്. ദി ഗ്രസ്സോ പാവപ്പെട്ട ആട്ടിടയനാണു്. അവൻ ഒരു കൃഷിക്കാരന്റെ മകളെ വിവാഹം ചെയ്യാനുള്ള തീരുമാനമായി. പക്ഷേ, അവൾ ജോവാന്നീ എന്നൊരു യുവാവിനു വേണ്ടി ഗ്രാസ്സോയെ വഞ്ചിച്ചു. അയാൾ പെൺകുട്ടിയോടു് പറഞ്ഞു “പട്ടണത്തിൽ നിന്നുവന്ന ജോവാന്നീക്കു് കന്യാമറിയം എത്രവേണമെങ്കിലും സ്ത്രീകളെ കൊടുക്കും. പക്ഷേ, നിന്നെയല്ലാതെ എനിക്കാരെയും വേണ്ട. കന്യാമറിയത്തോടു ചോദിച്ചു നോക്കൂ. ഇതു തന്നെ ആ ദേവതയും പറയും.” പക്ഷേ, അവൾ വഴങ്ങിയില്ല. അവരെല്ലാം നാടകം കളിക്കുന്നവരാണു്. മൂന്നാമത്തെ അങ്കമായി. ജോവാന്നീ സുശക്തങ്ങളായ കാലുകൾ നീട്ടിയിരിക്കുകയാണു്. ക്ഷുരകൻ അയാളുടെ മുഖം ഷേവ് ചെയ്യുന്നു. ആട്ടിടയൻ ആദ്യം തലതാഴ്ത്തി. എന്നിട്ടു് അതുയർത്തി. ആട്ടിടയനായി അഭിനയിക്കുന്ന ദി ഗ്രസ്സോ ആദ്യം ചിന്താധീനനായി. എന്നിട്ടു് പുഞ്ചിരി പൊഴിച്ചു് അന്തരീക്ഷത്തിലേക്കു ഉയർന്നു. നാടകവേദിയിലൂടെ ഒഴുകി ജോവാന്നീയുടെ തോളുകൾക്കിടയിൽ അമർന്നു. എന്നിട്ടു് അയാളുടെ കഴുത്തു കടിച്ചുമുറിച്ചു. ശബ്ദത്തോടെ ജോവാന്നീയുടെ രക്തം കുടിച്ചു ആ മുറിവിൽ നിന്നു്. ജോവാന്നീ മരിച്ചു. ശബ്ദരഹിതമായി വീണ കേർട്ടൻ വധിക്കപ്പെട്ടവനെയും വധകർത്താവിനെയും മറച്ചുവച്ചു. കാലത്തു് വർത്തമാനപ്പത്രത്തിൽ വാർത്ത വന്നു ആ ശതാബ്ദത്തിലെ ഏറ്റവും പ്രഗല്ഭനായ ട്രാജഡിയൻ ആക്റ്ററെ തലേദിവസത്തെ നാടകത്തിൽ പ്രേക്ഷകർ കണ്ടുവെന്നു്. ആളുകൾ ഇതറിഞ്ഞു് നാടകടിക്കറ്റിന്റെ വില അഞ്ചിരട്ടി കൊടുത്തുവാങ്ങിച്ചു. സുപ്രധാനമായ ഒരു കലാതത്ത്വമാണു് ബാബിൽ ഈ കഥയിലൂടെ പ്രകാശിപ്പിക്കുന്നതെന്നു് പല നിരൂപകരും പറയുന്നു. നാടകവേദിയിൽ ഒരു ജീവിതം. പ്രേക്ഷകരുടേതു മറ്റൊരു ജീവിതം. രണ്ടു ജീവിതങ്ങൾക്കും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നാണു് അദ്ദേഹം പരോക്ഷമായും പ്രത്യക്ഷമായും പറയുന്നതു്. കല എത്ര പ്രാകൃതമായാലും അതു ജീവിതത്തെ വീണ്ടെടുക്കുന്നുവെന്നു്.

ഞാൻ ഇത്രയും എഴുതിയതു് ബാബിലിന്റെ “1920 Diary” യുടെ ഇംഗ്ലീഷ് തർജ്ജമ 2002-ൽ പ്രസാധനം ചെയ്തിരിക്കുന്നു എന്നതിനാലാണു്. “Red Cavalry Diary ” എന്ന പേരിലാണു് ഈ കുറുപ്പുകൾ അറിയപ്പെടുക. സിന്തിയ ഒസിക് എന്ന എഴുത്തുകാരി ഇതിനെക്കുറിച്ചു എഴുതിയതു് ഇങ്ങനെ.

“An electrifying translation accompained by an indispensible introduction… When all is said and done… and much is said and done in these bistering pages: pillaged churches, runied synagogues,wild Russians, beaten Poles, mud, horses, hunger, looting, shooting—Bable’s journey is a Jewish lamentation… A tragic masterwork”

പോളിഷ്–സോവിയറ്റ് യുദ്ധം നടക്കുന്ന കാലത്തു് പത്രലേഖകനായി സൈന്യത്തെ അനുഗമിച്ച ബാബിലിന്റെ അനുഭവങ്ങളാണു് ഈ ഡയറിയിലുള്ളതു്. 1920-നും അതിനടുത്ത വർഷങ്ങളിലും അദ്ദേഹത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്ന സംഭവങ്ങളെ കലാകാരനെന്ന നിലയിൽ ആലേഖനം ചെയ്യുന്ന ഈ ഡയറി 1950-നോടു അടുത്ത കാലം വരെ കാണാനില്ലായിരുന്നു. ബാബിലിന്റെ ഭാര്യയുടെ കൈയ്യിൽ കിട്ടി. പിന്നെയും മുപ്പതുവർഷം കഴിഞ്ഞിട്ടേ അതു് അച്ചടിക്കാൻ കഴിഞ്ഞുള്ളൂ.

സെക്സ് വ്യവസായത്തിന്റെ അതിപ്രസരത്താൽ, അധിപ്രസരത്താൽ ബലാത്സംഗങ്ങൾ നടക്കുന്നു. കൂട്ടബലാത്സംഗങ്ങളും ഇതുകൊണ്ടാണു് സംഭവിക്കുക. സിനിമ, റ്റി.വി. ഇവയും സെക്സ് ഇൻഡ്രസ്റ്റ്രിയുടെ ഭാഗമായിത്തീർന്നിട്ടുണ്ടു് കേരളത്തിൽ.

കവിയായ ബാബിലിനെ കാണാനാണു് വായനക്കാർക്കു കൗതുകമെങ്കിൽ ഈ വിശിഷ്ടമായ ഡയറി വായിക്കണം. പില്ക്കാലത്തു് അദ്ദേഹം രചിച്ച കമനീയങ്ങളായ കഥകളുടെ ബീജങ്ങൾ ദർശിക്കാനാണു് താൽപര്യമെങ്കിൽ രചയിതാവിന്റെ ആത്മാവു് കലയായി രൂപാന്തരപ്പെടുന്ന ഈ ഡയറി വായിക്കണം. ഒരു സ്ത്രീയെ ബാബിൽ വർണ്ണിക്കുന്നതു കണ്ടാലും. The wife is buxom, languid, roguish, a sensual young Jewess, married 5 months, doesn’t like her husband, but that’s all nonsense. I am the center of attention… She keeps glancing at me. asks my Surname. can’t keep her eyes off me, we drink tea, I’ m in an idiotic position, I stay quiet, limp, polite, say thank you for every move she makes (pp. 32). വിഷാദാത്മകത്വം സ്വീകരിച്ച ബാബിലിനെയും ഈ ഗ്രന്ഥത്തിൽ കാണാം. “Life is being destroyed. I am present in an endless funeral” എന്നു ബാബിൽ. എത്ര സാർത്ഥകമായ ഭാവി. ഇത്ര സിദ്ധികളുള്ള കലാകാരനെ സാധാരണ ക്രിമിനലിനെപ്പോലെ വെടിവച്ചുകൊന്നല്ലോ സർക്കാർ. മനുഷ്യനെ സ്നേഹിച്ച കലാകാരനായ ബാബിൽ ഈ ഡയറിയിൽ പ്രത്യക്ഷനാകുന്നു.

(ഡയറിയുടെ ആദ്യത്തെ 54 പുറങ്ങൾ നഷ്ടപ്പെട്ടുപോയി. 55-മത്തെ പുറം തൊട്ടു്—1920 ജൂൺ 3-ആം തീയതി തൊട്ടു്—തുടക്കം ഇടയ്ക്കു 21 പുറങ്ങൾ കാണാനില്ല. 1920 സെപ്റ്റംബർ 15-ആം തീയതിയിലെ കുറിപ്പോടെ അതുപൊടുന്നനെ അവസാനിക്കുന്നു.)

(1920 Diary, Issac Babel, Translated by H. T. Willetts, Yale Nota Ben. pp. 126, Price Rs 771.92.)

ചോദ്യം, ഉത്തരം

ചോദ്യം: ചില സ്ത്രീകൾ സ്ലീവിലെസ് ബ്ലൗസിട്ടു കക്ഷം കാണിക്കുന്നതെന്തിനു്?

ഉത്തരം: കക്ഷത്തിലൂടെയാണു് അവർ പ്രസിദ്ധി നേടുന്നതു്.

ചോദ്യം: ഇന്റലക്ച്വലിനെ എങ്ങനെ അറിയാം?

ഉത്തരം: ബസ്സ്, സ്റ്റോപ്പിൽ വന്നു നില്ക്കുമ്പോൾ മറ്റാളുകളോടുകൂടി അതിൽ കയറാതെ മാറിനില്ക്കുകയും അയാളെക്കൂടാതെ ബസ്സ് പോകുകയും ചെയ്യുമ്പോൾ ദുഃഖിക്കുന്നവനാരോ അവനാണു് ഇന്റലക്ച്വൽ.

ചോദ്യം: ഹിപ്പോക്രിറ്റ് ആരു്?

ഉത്തരം: പിക്കാസ്സോയുടെ ചിത്രം കണ്ടു് ഒന്നും മനസ്സിലാകാതെ ‘ഹാ ഇതിന്റെ കല കണ്ടു എനിക്കു രോമാഞ്ചമുണ്ടാകുന്നു എന്നു് പറയുന്നവൻ ഹിപ്പോക്രിറ്റ്.

ചോദ്യം: സ്ത്രീയുടെയും പുരുഷന്റെയും ആഗ്രഹങ്ങൾ ഏതുതരത്തിൽ?

ഉത്തരം: കഴിയുന്നതും വേഗത്തിൽ വിവാഹം കഴിക്കണം എന്ന അഭിലാഷം സ്ത്രീക്കു്. വിവാഹം കഴിഞ്ഞാൽ ഈ നരകത്തിൽ നിന്നു മോചനം നേടാൻ ഏതു മാർഗ്ഗം എന്ന ചിന്തയാണു് അവൾക്കു്. പുരുഷന്റെ ആഗ്രഹം വിവാഹം കഴിക്കാതിരിക്കാനാണു്. അബദ്ധത്തിൽ വിവാഹത്തിൽപ്പെട്ടു പോയാൽ മോചനത്തിനു് എന്തു സാധ്യത എന്നു് അയാൾ ഓരോ നിമിഷവും ആലോചിക്കും. ദാമ്പത്യജീവിതം അധമമത്രേ. പക്ഷേ, അതില്ലാതെ ഒക്കുകയുമില്ല.

ചോദ്യം: അറുപതു വയസ്സായാൽ പ്രേമിക്കുന്നതു വിരോധാഭാസമല്ലേ?

ഉത്തരം: സംസ്കൃതകാരന്റെ മതമനുസരിച്ചു് 60 വയസ്സ് വരെ യൗവ്വനമാണു്. അതുകൊണ്ടു് അയാൾ ചുമ്മാ പ്രേമിക്കട്ടെ. പെണ്ണിന്റെ ബന്ധുക്കൾ അറിയാതിരുന്നാൽ മതി. അറിഞ്ഞാൽ വൈദ്യശാലയിൽപോയി മുഖത്തുപുരട്ടാൻ തൈലം വാങ്ങിക്കേണ്ടതായി വരും. വിരോധാഭാസം എന്ന ഇവിടത്തെ പ്രയോഗം തെറ്റു്.

ചോദ്യം: ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അച്ഛനമ്മമാരല്ലാതെ അവൾക്കു ബന്ധുക്കളില്ല. സഹോദരന്മാരോ സഹോദരികളോ ഇല്ല. ഞാൻ ഭാഗ്യമുള്ളവനല്ലേ?

ഉത്തരം: ഭാഗ്യമുള്ളവനല്ല നിങ്ങൾ. പെണ്ണിന്റെ അമ്മ ജീവിച്ചിരിക്കുന്നില്ലേ? അമ്മായിയമ്മ പുരുഷനുള്ളതിനേക്കാൾ ഭാഗ്യക്കേടു് വേറെന്തുണ്ടു്?

ചോദ്യം: ഫോട്ടോഗ്രഫി ഇഷ്ടമാണോ?

ഉത്തരം: അതേ എന്റെ ഏതു ഫോട്ടോയിലും എന്റെ ഛായയില്ല. എന്നെ presentable ആക്കുന്ന ഫോട്ടോഗ്രാഫ്രറോടു ഞാൻ നന്ദിയുള്ളവനാണു്.

കഷണ്ടി

വടക്കൻപാട്ടിൽ വർണ്ണിച്ചിട്ടുള്ള ഒരു സുന്ദരിക്കു് ഒരു യുവാവുമായി ബന്ധമുണ്ടെന്നു സംശയിച്ചു് അവളുടെ സഹോദരൻ മുറിയിലെത്തി. കാമുകനെ ഒളിപ്പിക്കാൻ മാർഗ്ഗമൊന്നും കാണാതെ അവൾ തലമുടി അഴിച്ചിട്ടു. കാമുകൻ അതിനുള്ളിൽ കയറിനിന്നു. സഹോദരൻ അയാളെ കാണാതെ തിരിച്ചുപോയി. ഇതു പണ്ടത്തെ കാലം. ഇന്നു് ഹ്രസ്വകേശവുമായി വധു കല്യാണമണ്ഡപത്തിൽ കയറുന്നുവെന്നാണു് ചങ്ങമ്പുഴ യുടെ ഹാസ്യകാവ്യത്തിൽ കാണുന്നതു്. നീണ്ടുചുരുണ്ടു് ഇടതൂർന്നു യുവതിയുടെ മുടി കിടക്കുന്നതു കണ്ടാൽ പുരുഷന്മാർക്കു വല്ലാത്ത വികാരമുണ്ടാകും. ജി. ശങ്കരക്കുറുപ്പിനു് ഈ വികാരമുണ്ടായതു കണ്ടാലും:

“പാതിയുമെൻപേർ തുന്നിത്തീർത്ത പട്ടുമാറാലു

പായയിൽ കിടക്കുവതെടുക്കുവാൻ കുനിയവേ

ആതിഥേയിതൻ തിടുക്കത്തിനാൽ നീലക്കരിം-

ചായർ കെട്ടഴിഞ്ഞൂർന്നിട്ടൊഴുകി തോളിൽക്കൂടി

പുഞ്ചികരത്തെക്കെയാൽപ്പിന്നിലേക്കാക്കിച്ചുണ്ടിൽ

പുഞ്ചിരിയമർത്തിക്കൊണ്ടിളകും മിഴിയോടെ

ഓമലാൾ നിവർന്നപ്പോൾ നിർദ്ദയസദാചാര

ഭീമശാസനമെന്റെ കൈയുകൾ മറന്നുപോയ്.”

അൽഡസ് ഹക്സിലി യും നീളംകൂടിയ തലമുടിയുടെ മനോഹാരിത കണ്ടിട്ടുണ്ടു്. അദ്ദേഹം പറയുന്നു:

Hair, hair. The longer, our fathers unanimously thought, the better. How the heart beat, as the loosened bun uncoiled its component tresses! And if the tresses fell to below the waist, what admiration, what a rush of concupiscence.

images/Aldous_Huxley.png
അൽഡസ് ഹക്സിലി

അപ്യൂലീസി ന്റെ (Apuleius 124–170) The Golden Ass എന്ന വിശ്വവിഖ്യാതമായ കൃതിയിൽ സ്ത്രീയുടെ സൗന്ദര്യം തലമുടിയിലാണിരിക്കുന്നതെന്നു് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ടു! അതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ സുന്ദരിയുടെ തലമുടി ഷേവ് ചെയ്തുകളഞ്ഞാൽ അതോടെ അവളുടെ സൗന്ദര്യവും ഇല്ലാതാകുമെന്നു! അപ്യൂലീസ് പറയുന്നു. ഇതൊക്കെക്കൊണ്ടാവണം ഞാൻ പണ്ടു് സ്ത്രീയുടെ നീളംകൂടിയ തലമുടിയെ വാഴ്ത്തിയപ്പോൾ ജി. ശങ്കരക്കുറുപ്പു് പൂമുടിച്ചുരുളിന്നു സൗഭാഗ്യം ആശംസിച്ചു് എനിക്കു കത്തെഴുതിയതു്.

images/Apuleuis.jpg
അപ്യൂലീസ്

ഒരു റ്റി. ബി.യിൽ വ്യഭിചരിക്കാനെത്തിയ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു് അവളുടെ നീളം കൂടിയ തലമുടി ഷേവ് ചെയ്യിച്ച പൊലീസ് ഇൻസ്പെക്ടർ മാത്രമല്ല, പ്രാചീനകാലത്തെ പുരോഹിതന്മാരും തലമുടി പുരുഷനെ ലൈംഗികമായി ചലനം കൊള്ളിക്കും എന്നറിഞ്ഞിരുന്നു. ആരാധനത്തിനു് ചെല്ലുന്ന സ്ത്രീകൾ പള്ളിയിൽ പ്രേവേശിക്കുന്നതു് തലവഴി വസ്ത്രമിട്ടു വേണം എന്നു് അവർ അനുശാസിച്ചു. ഇന്നും ആ പ്രക്രിയ നടന്നുപോകുന്നുവെന്നാണു് എന്റെ ധാരണ.

images/Tolstoy.jpg
ടോൾസ്റ്റോയ്

തലമുടിയുടെ ദൈർഘ്യവും മറ്റും ജനിപ്പിക്കുന്ന ആകർഷകത്വം എന്നെ സ്വാഭാവികമായി പുരുഷന്റെ കഷണ്ടിയിലേക്കു നയിക്കുന്നു. വിവാഹാലോചന നടക്കുമ്പോൾ ഭാവിവരൻ കഷണ്ടിയുള്ളവനാണെങ്കിൽ പെണ്ണു് ‘എനിക്കു് കഷണ്ടിക്കാരനെ വേണ്ട’ എന്നു പറയും; കരയും, ചിലപ്പോൾ നെഞ്ചിലിടിച്ചെന്നും വരും. ഇതു സത്യമാണെങ്കിലും സ്ത്രീകൾക്കു കഷണ്ടി അത്ര വെറുപ്പു് ഉണ്ടാക്കുമോ? സംശയമാണു്. സ്ത്രീഹൃദയത്തിന്റെ അഗാധതയോളം ചെന്നു് രഹസ്യങ്ങൾ മനസ്സിലാക്കിയ ടോൾസ്റ്റോയി യുടെ നായിക അന്ന കരേനിനയ്ക്കു ലേശം കഷണ്ടിയുള്ള ഭർത്താവാണുണ്ടായിരുന്നതു്. അവളുടെ ജാരനായ പ്രോൺസ്കിക്കു നല്ല കഷണ്ടിയും. എന്നിട്ടും ജഗന്മോഹിനിയായ അന്ന അയാളെ സ്നേഹിച്ചു. അയാളിൽ നിന്നു ഗർഭം ധരിച്ചു. പ്രസവിക്കുകയും ചെയ്തു. സഹജാവബോധം കൊണ്ടു് ടോൾസ്റ്റോയി ഗ്രഹിച്ചിരിക്കണം പുരുഷന്റെ കഷണ്ടി സ്ത്രീയെ ലൈംഗികമായി പിന്തിരിപ്പിക്കില്ലെന്നു്. സമ്പൂർണ്ണമായ കഷണ്ടിയുള്ള ഭരത് ഗോപിക്കു് പ്രേമലേഖനങ്ങൾ കിട്ടുന്നുണ്ടോ എന്നു ഞാൻ അന്വേഷിക്കട്ടെ.

ഞാനിത്രയും പൂർവ്വപീഠികയായി എഴുതിയതു് ‘ന്യൂസ് വീക്കിലെ’ നർമ്മഭാസുരമായ ‘കഷണ്ടി’ എന്ന കഥ വായിച്ചതുകൊണ്ടാണു്. കഥയുടെ രചയിതാവു് ചന്ദ്രൻ പൂക്കാടു്. കഥാകാരന്റെ ഹാസ്യം കഥാപ്രവാഹത്തിന്റെ കരകളെ കവിഞ്ഞൊഴുകുന്നില്ല. അതു് അന്തർധാരയാണു്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യം ‘ഈസ്തെറ്റിക് വാല്യൂ’ ഉള്ളതല്ല എന്നു ചന്ദ്രൻ മനസ്സിലാക്കിയിട്ടുണ്ടു്. കടക്കണ്ണിൽ ലേശം പുഞ്ചിരിയോടെ അദ്ദേഹം കഷണ്ടിയെ നോക്കുന്നു. അതു് ഹൃദ്യവുമായിരിക്കുന്നു.

ലൈംഗികവ്യവസായം
images/G_Sankarakurup.jpg
ജി. ശങ്കരക്കുറുപ്പ്

അമേരിക്കയിൽ പോയിട്ടുവന്ന കടമ്മനിട്ട രാമകൃഷ്ണൻ അവിടെ നടക്കുന്ന Sex industry-യെക്കുറിച്ചു് എന്നോടു പറഞ്ഞു. അവയിൽ ഒന്നും തന്നെ അച്ചടിക്കാൻ കൊള്ളുകയില്ല. അടുത്തകാലത്തു് അമേരിക്കയിൽ ജോലി നോക്കുന്ന ഒരു മലയാളി എന്റെ വീട്ടിൽ വന്നു. അദ്ദേഹവും ആ വ്യവസായത്തിന്റെ സ്തോഭജനകങ്ങളായ വർണ്ണനങ്ങൾ എനിക്കു നല്കി. അതിൽ അച്ചടിക്കാവുന്നതു് ഒരു സ്ഥലത്തു് എഴുതിവച്ച ഈ വാക്യമാണു്. “See and talk to a naked girl” പെൺകുട്ടി നഗ്നയായാൽ എന്തു്? സമ്പൂർണ്ണമായി വസ്ത്രധാരണം ചെയ്തു നിന്നാലെന്തു്? എന്നു ചോദിക്കുന്നതു് എന്റെ എൺപതു വയസ്സിന്റെ നിസ്സംഗതയാലാവാം. നാലോ അഞ്ചോ ഡോളർ കൊടുത്തു മലയാളികൾ ആ നഗ്നത ആസ്വദിക്കുകയും അവളോടു സംസാരിച്ചു് ആഹ്ലാദത്തിൽ വീഴുകയും ചെയ്യുന്നതു് എന്നോടിതുവരെ പറഞ്ഞ ആൾ വിശദമാക്കി. സെക്സ് വ്യവസായത്തിന്റെ അതിപ്രസരത്താൽ, ബലാത്സംഗങ്ങൾ നടക്കുന്നു. കൂട്ടബലാത്സംഗങ്ങളും ഇതുകൊണ്ടാണു് സംഭവിക്കുക. സിനിമ, റ്റി. വി. ഇവയും സെക്സ് ഇൻഡസ്ട്രിയുടെ ഭാഗമായിത്തീർന്നിട്ടുണ്ടു് കേരളത്തിൽ. പത്രങ്ങൾ ഈ വ്യവസായത്തിനു് കൂട്ടുനില്ക്കുന്നുവെന്നു് ഞാൻ പറയുമ്പോൾ എഡിറ്റർമാർ എന്നോടു പിണങ്ങരുതു്. ഇതു് അപേക്ഷയാണു്. തുടകളും മുലകളും ചിത്രങ്ങളിലൂടെ കാണിക്കാത്ത ഒരു വർത്തമാനപ്പത്രവും നമ്മുടെ നാട്ടിലില്ല. ഇതു് പ്രായം കൂടിയവരെ സ്പർശിക്കാറില്ല. യുവാക്കന്മാരെ വല്ലാതെ സ്പർശിക്കും. അവർ റെയ്പ്പ് നടത്താൻ ഉദ്യുക്തരാവുന്നതുതന്നെ പത്രങ്ങളിൽ വരുന്ന ചിത്രങ്ങൾ കണ്ടിട്ടാണു്. ‘ലൂറിഡാ’യ (സ്തോഭജനകങ്ങളായ) ലൈംഗിക വർണ്ണനകൾ വായിച്ചിട്ടാണു്.

നമ്മുടെ ചെറുകഥാരാഹിത്യവും സെക്സ് വ്യവസായത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മൈന ഉമൈബാൻ എഴുതിയ ‘കസുമക്കയുടെ കുസൃതികൾ’ എന്ന കഥ വായിക്കുക (ദേശാഭിമാനി വാരിക). കസുമക്ക രാത്രി അപ്രത്യക്ഷയാകുന്നതും അവളുടെ കറുത്ത ബ്രാ ചവറിനടിയിൽ കിടക്കുന്നതും മറ്റും വർണ്ണിച്ചു് കഥയെഴുതിയ ആൾ സെക്സ് വ്യവസായത്തിന്റെ ആക്കം കൂട്ടുന്നു. കഴിഞ്ഞ ഒരു വർഷത്തിനകം ഇമ്മാതിരി കഥകൾ ഞാൻ വായിച്ചതു് ഒന്നല്ല. നൂറല്ല. ആയിരമല്ല. ഒരുലക്ഷത്തിയമ്പതിനായിരമാണു്. എന്തിനു് ഈ ആവർത്തനം? പുതുതായി പറയാനൊന്നുമില്ലെങ്കിൽ മിണ്ടാതിരുന്നുകൂടേ? ഒരു നല്ല വാരികയുടെ പുറങ്ങളെ എന്തിനു് മലീമസമാക്കുന്നു? ഇത്തരം കഥകൾ വായനക്കാരുടെ ക്ഷുദ്രലൈംഗികവികാരങ്ങളെ തീക്ഷ്ണമാക്കുന്നു; ചിലർ വികാരശമനത്തിനു് വേശ്യാത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റു ചിലർ ബലാത്സംഗം നടത്തുന്നു; എല്ലാവരും നമ്മുടെ സംസ്കാരത്തെ ജീർണ്ണിപ്പിക്കുന്നു.

പലരും പലതും
images/MaitreyiDeviPic.jpg
മൈത്രേയീദേവി

ഓട്ടോറിക്ഷ ഡ്രൈവറോടു ഒരിക്കലും സംസാരിക്കരുതു്. സംസാരിച്ചാൽ ധനനഷ്ടം ഉണ്ടാകും. റോഡിന്റെ ശോചനീയാവസ്ഥയിൽ തുടങ്ങും ഡ്രൈവർ സംസാരം. അതു പൊലീസിന്റെ ഉപദ്രവത്തിലേക്കു നീളും. തിരുവനന്തപുരത്തു് ഓട്ടോറിക്ഷകൾ കൂടിപ്പോയതുകൊണ്ടു് വരുമാനം കുറഞ്ഞുപോയിയെന്നു പരിവേദനം നടത്തും. എനിക്കതിന്റെ ട്രിക്ക് അറിയാമെന്നതിനാൽ മറുപടിയൊന്നും പറയുകയില്ല. നിശ്ശബ്ദനാണു് ഞാനെന്നു കണ്ടാൽ ഡ്രൈവർ വേറൊരു ട്രിക്കിലേക്കാവും പോവുക. “കൃഷ്ണൻ നായർ സാറല്ലേ. എനിക്കറിയാം. മലയാളനാടു് തൊട്ടു് സാറിന്റെ വാരഫലം വായിക്കുന്നു. കലാകൗമുദിയിൽ ഏറെക്കാലമുണ്ടായിരുന്നു അതു്. പിന്നീടു് ഇപ്പോൾ മലയാളം വാരികയിലും. എല്ലാം ഒന്നാന്തരം. ഒന്നാന്തരം എന്നു കേട്ടു് ഞാൻ ഓട്ടോറിക്ഷ എവിടെയിട്ടിരിക്കുന്നുവെന്നു ചോദിക്കുന്നു. ‘പേരൂർക്കടയിൽ’ എന്നു് ഉത്തരം. ഡ്രൈവറുടെ പേരു് ചോദിക്കുന്നു ഞാൻ. ‘രാജൻ’ എന്നു് ഉത്തരം. (സകല ഓട്ടോറിക്ഷ ഡ്രൈവർമാരും രാജന്മാരാണു്. അതുകൊണ്ടു് പരിചയമില്ലാത്തവനെയും നമുക്കു രാജൻ എന്നു വിളിക്കാം. ‘രാജൻ തിരുമല വരെ പോകണമല്ലോ’ എന്നു ഞാൻ പറഞ്ഞാൽ സ്വന്തം പേരു യാത്രക്കാരൻ മനസ്സിലാക്കിയാല്ലോ എന്നു വിചാരിച്ചു് റിക്ഷ ഉടനെ സ്റ്റാർട്ടാക്കും അയാൾ) തുടർന്നു സംസാരത്തോടു സംസാരം തന്നെ. വീട്ടിന്റെ മുൻവശത്തു കൊണ്ടുവന്നു വാഹനം നിറുത്തുമ്പോൾ മീറ്ററിൽ 13 രൂപ 10 പൈസ. ‘എന്തു വേണം?’ എന്നു ചോദിക്കുമ്പോൾ ‘ഇരുപതു രൂപ’ എന്നു മറുപടി. സാഹിത്യവാരഫലത്തെക്കുറിച്ചു് നല്ല അഭിപ്രായം പറഞ്ഞയാളല്ലേ, പോട്ടെ ഏഴു രൂപ എന്നു വിചാരിച്ചു് ഞാൻ ഇരുപതു രൂപ ഡ്രൈവർക്കു കൊടുക്കുന്നു. അയാൾ സ്നേഹപ്രകടനത്തോടെ തുറന്നു കിടക്കുന്ന ഇരുമ്പ് ഗെയ്റ്റ് ഒന്നുകൂടെ തുറന്നു തരുന്നു റിക്ഷയിൽ നിന്നു് ചാടിയിറങ്ങി. ഇതു് കൂലി കൊടുക്കുന്നതിന്റെ ആധിക്യം. എനിക്കു പലപ്പോഴും സംഭവിക്കാറുണ്ടു്. ഇപ്പോൾ ഞാൻ ഓട്ടോറിക്ഷ ഡ്രൈവറോടു സംസാരിക്കാറില്ല. സംസാരിച്ചാൽ പേഴ്സിന്റെ കനം വളരെക്കുറഞ്ഞു പോകും. ഞാൻ എന്റെ പെൺമക്കളോടും ഏർപ്പാടു ചെയ്തിട്ടുണ്ടു്. റിക്ഷഡ്രൈവർ സംസാരിക്കാൻ തുടങ്ങിയാൽ മിണ്ടരുതെന്നു്. അതും ലംഘിച്ചു് സാഹിത്യത്തിൽ താൽപര്യമുള്ള ഒരു മകൾ ഡ്രൈവറോടു സംസാരിച്ചു. അവൾക്കു വലിയ നഷ്ടം വന്നില്ല. 13 രൂപയ്ക്കു പകരം 25 രൂപ വാങ്ങിച്ചു അയാൾ. അവൾ റിക്ഷയിൽ കയറിയ ഉടനെ ഡ്രൈവറുടെ ചോദ്യം: “കൃഷ്ണൻ നായർ സാറിന്റെ മകളല്ലേ?” മകൾ “എങ്ങനെയറിയാം?” ഡ്രൈവർ. “സാറിനെ അറിയാത്തവർ ആരുണ്ടു്?” തുടർന്നു സാഹിത്യവാരഫലത്തിലേക്കല്ല അതിന്റെ സൂക്ഷ്മാവംശത്തിലേക്കു ചെന്നു അയാൾ. മകൾക്കു് അദ്ഭുതം. എന്റെ വീട്ടുനടയിൽ വന്നപ്പോൾ മീറ്ററിൽ 13 രൂപ 25 രൂപ ചോദിച്ചു അയാൾ. അവൾ ആ സംഖ്യ കൊടുക്കുകയും ചെയ്തു. “അയാൾ നിന്നെപ്പറ്റിച്ചല്ലോ” എന്നു ഞാൻ പറഞ്ഞപ്പോൾ മകൾ പറഞ്ഞു: “പോട്ടെ, അച്ഛനെക്കുറിച്ചു് നല്ല വാക്കു പറഞ്ഞ ആളല്ലേ?” “സിൻസിയറായി പറഞ്ഞതല്ല അയാൾ. നിന്റെ കയ്യിൽ നിന്നു് കൂടുതൽ പണം തട്ടിയെടുക്കാനായിരുന്നു അയാൾ ശ്രമിച്ചതു്. അതിൽ അയാൾ ജയിക്കുകയും ചെയ്തു” എന്നു് ഞാൻ അറിയിച്ചു. മകളെ ഗുണപാഠം. ഓട്ടോറിക്ഷയിൽ കയറിയാൽ ഡ്രൈവരോടു ഒന്നും മിണ്ടരുതു്. മിണ്ടിയാൽ ഭീമമായ നഷ്ടം വരും.

മൈത്രേയീദേവി എഴുതിയ “Tagore by Fireside” രസകരമായ പുസ്തകമാണു്. ഒരിക്കൽ റ്റാഗോർ കൽക്കട്ടയ്ക്കു പോകുകയായിരുന്നു. ദാഹമുണ്ടായപ്പോൾ അദ്ദേഹം ഒരു വില്പനക്കാരനിൽ നിന്നു് ലമണേഡ് വാങ്ങിക്കുടിച്ചു. തീവണ്ടി നീങ്ങാറായി. ലമേണിന്റെ വില നല്കാൻ റ്റാഗോർ ഉടുപ്പിന്റെ പല കീശകളിലും തപ്പി. ഒന്നും കിട്ടിയില്ല. അപ്പോൾ ആരോ അതു കൊടുത്തു. അതുകണ്ടു റ്റാഗോർ മൈത്രിയോടു പറഞ്ഞു:

“You see if something is wanted, one can pretendto hunt for coins in this pocket and that and then one’s companion especially if she is tender hearted like you, will once say—Don’t worry, don’t worry. I will pay. One is not worrying needless to say, but one can easily pretend to look helpless and pathetic and one can say” ‘No, no, why should you take the trouble? Why should you really… and in this way one can manage things comfortably’ എന്തൊരു അന്തസ്സുള്ള ഹാസ്യം. സംസ്കാര സമ്പന്നരുടെ ഹാസ്യം അവരുടെ സംസ്കാര സമ്പന്നതെയെ കാണിക്കും.

images/machuthan.jpg
എം. അച്ചുതൻ

ഇതെഴുതുന്ന ആൾ എറണാകുളം മഹാരാജാസിൽ ജോലിയായിരുന്ന കാലത്തു് ലൂസിയ ഹോട്ടലിലായിരുന്നു താമസിച്ചതു്. അവിടെ പല പടിഞ്ഞാറൻ ദേശക്കാരും വരും. ഒരു ദിവസം എനിക്കു സംസാരത്തിനു കിട്ടിയതു് ഒരു സോവിയറ്റ് പൗരനെയാണു്. അയാളോടു ചോദിച്ചു ഞാൻ: “നിങ്ങളുടെ നാട്ടിലെ കമ്മ്യൂണിസമെങ്ങനെ?” ഈ ചോദ്യം കേട്ടയുടെനെ അയാൾ ഭീതിയോടെ നാലുപാടും നോക്കി. കുറച്ചുനേരം മൗനം അവലംബിച്ചിട്ടു് അയാൾ പറഞ്ഞു: “എനിക്കു് അതിനെക്കുറിച്ചു് വിശേഷിച്ചൊന്നും പറയാനില്ല. എന്റെ സർക്കാർ ഞാൻ കൂടി ഉൾപ്പെട്ടതാണു്. ഞാൻ ആ ഗവൺമെന്റിനെ പ്രശംസിച്ചാൽ അതു് ആത്മപ്രശംസയായി വരും. വിമർശിച്ചാൽ അതു് എന്നെത്തന്നെ വിമർശിക്കുകയാവും. കാരണം ഞാൻ സോവിയറ്റ് ഗവൺമെന്റിന്റെ ഭാഗമാണു് എന്നതത്രേ”

images/Dr_m_leelavathy.jpg
ഡോ. എം. ലീലാവതി

ഒരിക്കൽ കുറെ സായ്പന്മാർ—റഷ്യയിലുള്ളവർ—ജി. ശങ്കരക്കുറുപ്പിനെ കാണാൻ ചെന്നു. അവരോടു് ഇംഗീഷ് സംസാരിക്കാൻ ഞാൻ ചെല്ലണമെന്നു് എം. അച്ചുതൻ പറഞ്ഞു. അദ്ദേഹം എവിടെയോ പോകുകയായിരുന്നു അന്നു്. എനിക്കു് ഒന്നും ഇംഗ്ലീഷിൽ പറയേണ്ടതായി വന്നില്ല. ലോകത്തു് ഒരു ക്രിട്ടിക്കേയുള്ളൂ. ഡോ. എം. ലീലാവതി യാണു് ആ ക്രിട്ടിക്ക് എന്നു വിശ്വസിച്ചിരുന്ന ശങ്കരക്കുറുപ്പ് ഞാൻ ആരാണെന്നുപോലും സായ്പന്മാരെ അറിയിച്ചില്ല. അദ്ദേഹം ഒന്നാന്തരം ഇംഗ്ലീഷിൽ സായ്പന്മാരോടു സംസാരിക്കുകയും ചെയ്തു. ചായ കൊണ്ടുവന്ന മഹാകവിയുടെ സഹധർമ്മിണി ഭാഗ്യംകൊണ്ടു് എന്റെ നേർക്കും ഒരു കപ്പ ചായ നീട്ടി ശ്രീമതി. ഇത്രയും നന്നു്. നന്നു് അല്ലാത്തതു് ഞാൻ പറയട്ടെ. വീട്ടിന്റെ ഭിത്തിയിൽ ലെനിന്റെ പടം ഫ്രെയിം ചെയ്തു വച്ചിരുന്നു. ശങ്കരക്കുറുപ്പ് ആ പടത്തെ ചൂണ്ടിക്കാണിച്ചു് “My Guru” എന്നു റഷ്യക്കാരോടു പറഞ്ഞു. മഹാത്മാഗാന്ധിയുടെ പടത്തെ ചൂണ്ടിക്കൊണ്ടു് കവി അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആഗതർ അദ്ദേഹത്തെ (ജിയെ) ബഹുമാനിക്കുമായിരുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-06-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.