സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-07-26-ൽ പ്രസിദ്ധീകരിച്ചതു്)

images/Yasunari_Kawabata.jpg
കാവാബത്ത

സമകാലിക മലയാള സാഹിത്യത്തിന്റെ ജീർണ്ണിച്ച അവസ്ഥയിൽ ദുഃഖിക്കുന്നവരാണു് കേരളീയരിൽ ഭൂരിപക്ഷവും. പ്രതിഭയുടെ വിലാസം കാണാനില്ല. കലാഭാസത്തെ ഉത്കൃഷ്ടകലയായി ബഹുജനമദ്ധ്യത്തിൽ കൊണ്ടുവരുന്നു, അനർഹന്മാരെ ക്ലിക്കുകൾ പ്രോത്സാഹിപ്പിക്കുന്നു. അവർക്കു് എവോർഡുകൾ കൊടുത്തു ജനവഞ്ചന നടത്തുന്നു. കപടചിന്തകന്മാരെ ഉത്ക്കൃഷ്ട്രചിന്തകന്മാരാക്കി പ്രദർശിപ്പിക്കുന്നു. ഇങ്ങനെ പോകുന്നു പരാതികൾ ഏറെ. ഈ ശോകം കലർന്ന പ്രഖ്യാപനങ്ങൾ വാസ്തവവിരുദ്ധങ്ങളാണെന്നു പറയാനും വയ്യ. ആകുലാവസ്ഥയിലാണു് മലയാളസാഹിത്യം. തല്പരകക്ഷികൾക്കു് ആകുലാവസ്ഥയില്ല. കലയുടെ ഗന്ധർവലോകത്തു വിഹരിക്കുകയാണു് കേരളീയരുടെ സാഹിത്യമെന്നു് പ്രചാരണം നടത്തുന്നു. ഇതു പ്രചാരണമാണെന്നു പറയുന്നവരെ നവീനസാഹിത്യത്തിന്റെ സ്തോതാക്കാൾ തേജോവധം ചെയ്യുന്നു. ഈ വധത്തെ പേടിച്ചു് ജന്മനാ കലാകാരന്മാരായവർ ഒരക്ഷരംപോലുമെഴുതാതെ മൗനം അവലംബിക്കുന്നു.

ഈ ജീർണ്ണതയ്ക്കു്, അധഃപതനത്തിനു് ആക്കം കൂട്ടുന്നു ചില പെണ്ണെഴുത്തുകാർ. ആണെഴുത്തു് പെണ്ണെഴുത്തു് എന്ന വിഭജനം അസത്യാത്മകമല്ലേ? സാഹിത്യം ഉത്കൃഷ്ടമാകുന്നതു് അതു് ദേശം, ജാതി, മതം, ലിംഗഭേദം ഇവയെ ഉല്ലംഘിച്ചു് ശുദ്ധമായ മനുഷ്യത്വത്തിൽ ചെന്നു ചേരുമ്പോഴല്ലേ? എല്ലാക്കാലത്തെയും മഹനീയമായ കഥ, ആദ്യത്തെ നോവൽ എന്നൊക്കെ വാഴ്ത്തപ്പെടുന്ന ‘ഒഡിസി’ എന്ന എപിക് കാവ്യം രചിച്ചതു് ഹോമറ ല്ല സ്ത്രീയാണു് എന്നൊരഭിപ്രായമുണ്ടു്. പരിണതപ്രജ്ഞന്മാരിൽ ഏറെപേരും ആ അഭിപ്രായം ശരിയാണെന്നു പറയുകയും ചെയ്യുന്നു. ആ കാവ്യം നമ്മൾ വായിച്ചു രസിക്കുന്നതു് പെണ്ണെഴുത്തായതുകൊണ്ടാണോ? കലാസൃഷ്ടി, സൃഷ്ടിക്കുന്ന ആളിന്റെ ശരീരത്തോടു ഇണങ്ങിച്ചേരണം എന്ന വാദം തികച്ചും ഫൂളിഷാണു്. സ്രഷ്ടാക്കൾക്കു സെക്സില്ല. ബ്രൊൺറ്റി യുടെ ‘വതറിങ് ഹൈറ്റ്സ് ’ (വുതറിങ് എന്നല്ല) എന്ന നോവൽ നമ്മുടെ ഹൃദയം കവരുന്നതു് പെണ്ണെഴുത്തു് ആയതുകൊണ്ടാണോ? പെണ്ണെഴുത്തു് എന്ന സങ്കല്പം വലിയ മണ്ടത്തരമാണു്.

images/Emile_Zola.jpg
സൊല

നൈട്രജൻ മനുഷ്യർക്കു ദോഷം ചെയ്യുന്നതുകൊണ്ടു് കെമിസ്റ്റ് അതിനോടു ദേഷ്യം കാണിക്കുന്നുണ്ടോ? ഓക്സിജൻ മനുഷ്യർക്കു ഗുണം ചെയ്യുന്നതുകൊണ്ടു് കെമിസ്റ്റിനു് അതിനോടു സ്നേഹമുണ്ടോ? എന്നു ഫ്രഞ്ച് നോവലിസ്റ്റ് സൊല (Zola) ചോദിച്ചതു് എനിക്കോർമ്മ വരുന്നു. ആണെഴുത്തു് ആയതുകൊണ്ടു് സ്ത്രീകൾക്കു് അതു വെറുക്കേണ്ട കാര്യമില്ല. പെണ്ണെഴുത്തു് ആയതുകൊണ്ടു് സ്ത്രീകൾ അതിഷ്ടപ്പെടേണ്ടതുമില്ല. വികസിതോജ്ജ്വലമായ മനുഷ്യത്വത്തിന്റെ ആവിഷ്കാരമാണു് സാഹിത്യസൃഷ്ടി. ഓരോ കലാസൃഷ്ടി കൈയിൽ കിട്ടുമ്പോഴും ഈ മാനദണ്ഡം വച്ചാണു് അളക്കേണ്ടതു്. മറ്റേതു പ്രക്രിയയും ഭോഷ്കായിത്തീരും.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ എപ്പോഴും കുട കൊണ്ടുനടക്കുന്നതു് എന്തിനു്?

ഉത്തരം: ഞാൻ വിഷാദാത്മകത്വം അംഗീകരിക്കുന്നവനാണു് അതെന്നു തെളിയിക്കുന്നു. മഴക്കാലമല്ലെങ്കിലും മഴയുണ്ടാകുമെന്നു് വിശ്വസിക്കുന്ന സ്വഭാവമാണു് എന്റേതു്.

ചോദ്യം: സാഹിത്യവാരഫലം നല്ലതാണെന്നു് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സന്തോഷിക്കുകയില്ലേ?

ഉത്തരം: പ്രതികൂലമായ അഭിപ്രായം എന്നെ ക്ഷോഭിപ്പിക്കുമായിരുന്നു പണ്ടു്. ഇപ്പോൾ അതില്ല. നന്മയുണ്ടു് ഈ കോളത്തിനെന്നു് ആരെങ്കിലും പറഞ്ഞാൽ അതു് ആർജ്ജവമുള്ള പ്രസ്താവമാണെങ്കിൽ എനിക്കു് ഇഷ്ടമാകും. പക്ഷേ, Not bad എന്ന അഭിപ്രായം കേട്ടാൽ പണ്ടും ഇന്നും ദേഷ്യം വരുമെനിക്കു്. ആരുടെ രചനയെക്കുറിച്ചും അതു പറയരുതു്.

ചോദ്യം: ഇത്രയും കാലം ജീവിച്ചല്ലോ. നിങ്ങൾ എന്തു പഠിച്ചു?

ഉത്തരം: വിനയം കാണിച്ചാൽ ആരും ചവിട്ടിത്തേച്ചുകളയുമെന്നു്.

ചോദ്യം: മനുഷ്യസ്വഭാവം നിർണ്ണയിക്കുന്നതു് എങ്ങനെ?

ഉത്തരം: അയാളുടെ പ്രവൃത്തികൾ നിരീക്ഷിച്ചാൽ മതി. റോഡിൽ രണ്ടുപേർ തമ്മിൽ അടിപിടി കൂടുന്നതു നോക്കി നില്ക്കുന്നവൻ നല്ലവനല്ല.

ചോദ്യം: ആപ്തമിത്രം. ഈ ആൾ ഉണ്ടോ?

ഉത്തരം: ഇല്ല. ഏതു മിത്രവും ചതിക്കും. വിശ്വാസവഞ്ചന കാണിക്കും. മോഹഭംഗം ഒടുവിൽ സംഭവിക്കാതിരിക്കാൻ ആദ്യമേ മിത്രത്തെ വിശ്വസിക്കാതിരിക്കണം.

ചോദ്യം: കരയാത്തവർ ആരെല്ലാം?

ഉത്തരം: രാഷ്ട്രീയക്കാർ കരയുകയില്ല. സഞ്ജയഗാന്ധി വിമാനം തകർന്നു് മരിച്ചപ്പോൾ ഇന്ദിരാഗാന്ധി കരയാതെ നിന്നതു് താങ്കൾ റ്റെലിവിഷനിൽ കണ്ടില്ലേ? ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തിനടുത്തുനിന്ന രാജീവ്ഗാന്ധി അമ്മ മരിച്ചതിലുള്ള ദുഃഖം കാണിച്ചോ? ആ വികാരരാഹിത്യവും താങ്കൾ റ്റെലിവിഷനിൽ കണ്ടതല്ലേ? നേരേ മറിച്ചാണു് നമ്മുടെ സ്ഥിതി. ഞാനും കഥാകാരൻ മോഹനവർമ്മയും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണു് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു എന്ന വാർത്ത റേഡിയോയിൽ കണ്ടതു്. ഞങ്ങൾ രണ്ടുപേരും കണ്ണീരൊഴുക്കിക്കൊണ്ടാണു് വാർത്ത ശരിയാണോ എന്നറിയാൻ വേണ്ടി റോഡിലേക്കു് ഓടിച്ചെന്നതു്.

രണ്ടു് അപസ്മാരരോഗികൾ
images/Sartre.jpg
സാർത്ര്

മധുരഗാനം പൊഴിക്കുന്ന പക്ഷീ നീ എവിടെ? എന്നു് പക്ഷിയുടെ പാട്ടു കേട്ടു് ഉണർന്നുപോയ ഒരു ഇംഗ്ലീഷ് കവി ചോദിക്കുന്നതു് എന്റെ ഓർമ്മയിൽ എത്തുന്നു. പഞ്ജരമാകുന്ന കാരാഗൃഹത്തിൽ കിടക്കുകയാണു് അതു്. വസന്തകാലത്തിന്റെ സ്വാധീനതയിൽ അമർന്നു് അതു സ്വയമറിയാതെ ഗാനമുതിർക്കുകയാണു്. അതുകേട്ടു് ഉണർന്ന കവി വീണ്ടും ഗാനലഹരിയിൽ പെട്ടു് ഉറങ്ങുന്നു. ഞാനും കാലത്തു നാലു മണിക്കു് ഉണരുന്നു. പക്ഷിയുടെ പാട്ടു കേട്ടല്ല ഞാൻ നിദ്രയിൽനിന്നു മോചനം നേടുന്നതു്. എന്റെ വീട്ടിന്റെ മുൻവശത്തുള്ള റോഡിലൂടെ എപ്പോഴും വാഹനങ്ങൾ പോകും. പതിവായി കാലത്തു നാലു മണിക്കു് ‘എരച്ചും തുമ്മിയും ചുമച്ചും’ ഫോർഡ് ആദ്യമായി ഉണ്ടാക്കിയ ഒരു കാർ കടന്നുപോകാറുണ്ടു്. എന്റെ ഗെയ്റ്റിന്റെ സമീപത്തു് അതു ചിലപ്പോൾ നില്ക്കും പിന്നെയുള്ള കോലാഹലം വിസ്തരിക്കാൻ വയ്യ ക്ഷയരോഗി ചുമയ്ക്കുന്നതുപോലെ അതു ചുമയ്ക്കും. കടുത്ത ജലദോഷമുള്ളവൻ തുമ്മുന്നതുപോലെ അതു തുമ്മും. കേറ്റം കയറുന്നവൻ “എരയ്ക്കുന്നതു”പോലെ അതു് ‘എരയ്ക്കും’ കവിയെ പക്ഷി പാടി പിന്നെയും ഉറക്കും. എനിക്കു് ആ ഭാഗ്യമില്ല. കാറിന്റെ നിർഘോഷങ്ങൾ കേട്ടാൽ നിദ്ര എന്നെ വിട്ടു പോകും. ലൈറ്റിന്റെ സ്വിച്ചമർത്തി ഞാൻ വായന തുടങ്ങും. ഇന്നു രാവിലെ ഉണർന്നു് വായിച്ചതു് ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ ‘വിഷ്ണുമൂർത്തിയുടെ കണ്ണുകൾ’ എന്ന കഥയാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്) മഹാദ്ഭുതം! കാറും കഥയും ഒരുപോലെ കാറിന്റെ ശബ്ദങ്ങൾ very tiresome. കഥ മൗനത്തെക്കുറിച്ചുള്ളതാണെങ്കിലും അതുയർത്തുന്ന കലാശൂന്യതയുടെ നിർഘോഷങ്ങൾ very tiresome കഥയ്ക്കു രണ്ടു ഭാഗങ്ങൾ. ആദ്യത്തെ ഭാഗത്തു് ഒരു സ്ഥാപനത്തിൽ ജോലി നേടിയ ഒരു ഹതഭാഗ്യനു് നേരിടേണ്ടി വന്ന മൗനമാണു് പ്രതിപാദ്യവിഷയം. രണ്ടാമത്തെ ഭാഗത്തു ഉത്സവവർണ്ണന. അതും മൗനത്തെ പരോക്ഷമായി പ്രതിപാദിക്കുന്നു. രണ്ടും മോരും മുതിരയുമെന്നപോലെ ചേരാതെയിരിക്കുന്നു. ആദ്യത്തെ ഭാഗത്തു കാഫ്കാ എഴുതുന്ന രീതി സ്വീകരിച്ചിരിക്കുന്നു ഇന്ദുചൂഡൻ. രണ്ടാമത്തെ ഭാഗത്തു ഋജുവായ ആഖ്യാനം. ഇവയും ചേരുന്നില്ല. ഒരു ദിവസം കാറിന്റെ ശബ്ദം സഹിക്കാനാവാതെ ഡ്രൈവറോടു സംസാരിക്കാനായി ഞാൻ ഗെയ്റ്റ് തുറന്നു റോഡിലേക്കു ചെന്നു. അപസ്മാരരോഗിയെപ്പോലെ വാഹനം കിടക്കുന്നതുകണ്ടു് ഞാൻ മിണ്ടാതെ വീട്ടിലേക്കു പോന്നു. ഇന്ദുചൂഡന്റെ കഥയ്ക്കും അപസ്മാരരോഗമാണു്. രണ്ടും ചികിത്സ അർഹിക്കുന്നു. കാറിനെ ചികിത്സിച്ചാൽ വീട്ടിൽ കിടന്നുറങ്ങുന്നവരെ ശല്യപ്പെടുത്താതിരിക്കാൻ ഡ്രൈവർക്കു കഴിയും. കഥയെ ചികിത്സിച്ചാലോ? Incurable disease ആണു് കഥയ്ക്കു്. അതുകൊണ്ടു് ആ യത്നം വേണ്ട ഇന്ദുചൂഡനു്.

നോൺസ്റ്റോപ്പ് ഈറ്റിങ്

വികസിതോജ്ജ്വലമായ മനുഷ്യത്വത്തിന്റെ ആവിഷ്കാരമാണു് സാഹിത്യസൃഷ്ടി. ഓരോ കലാസൃഷ്ടി കൈയിൽ കിട്ടുമ്പോഴും ഈ മാനദണ്ഡം വച്ചാണു് അളക്കേണ്ടതു്. മറ്റേതു പ്രക്രിയയും ഭോഷ്കായിത്തീരും.

അന്തസ്സുകെട്ട പല പദങ്ങളും ഞാൻ ഈ കോളത്തിൽ എഴുതാറുണ്ടു്. അവയിലൊന്നാണു് ‘പറട്ട’ എന്ന വാക്കു്. മറ്റൊന്നു് ‘പന്ന’ എന്നതു്. രണ്ടു വാക്കുകളും സാഹിത്യ നിരൂപണത്തിൽ പ്രയോഗിക്കാൻ പാടില്ലെന്നു് എനിക്കറിയാം. എങ്കിലും ഉൽകൃഷ്ടങ്ങളായ വാരികകളിൽ അധമതമങ്ങളായ ചെറുകഥകൾ അച്ചടിച്ചുവരുമ്പോൾ ഞാൻ ഈ പദങ്ങൾ എഴുതിപ്പോകുകയാണു്. അതുപോലെ അന്തസ്സില്ലാത്ത ഒരു സംഭവത്തെക്കുറിച്ചു പറയാൻ മാന്യവായനക്കാരുടെ സദയാനുമതി തേടുന്നു ഞാൻ. വർഷങ്ങൾക്കു മുൻപു് ഞാൻ മകളുടെ വീട്ടിൽ പോയപ്പോൾ കുറേ കാഷ്യുനട്ട്സ് വാങ്ങിക്കൊണ്ടുപോയിരുന്നു. അവിടെച്ചെന്നപ്പോൾ വീടു് പൂട്ടിയിട്ടിരുന്നു. മകളും അവളുടെ കുടുംബവും എവിടെയോ പോയിരിക്കുകയാണു്. ഞാൻ വീട്ടിൽ നിന്നിറങ്ങി റോഡിലേക്കു പോന്നു. റോഡിൽ അവളുടെ വീട്ടിനടുത്തു താമസിക്കുന്ന കൂട്ടുകാരിയെ കണ്ടു. മകൾ മൂന്നു മണിക്കേ ഒരു ബന്ധുഗൃഹത്തിൽ പോയി എന്നു് ആ കൂട്ടുകാരിയിൽ നിന്നു് മനസ്സിലാക്കി. പൊതി അവരുടെ നേർക്കു് നീട്ടിയിട്ടു് ഞാൻ പറഞ്ഞു “ഇതു നട്ട്സാണു്. മകൾ വരുമ്പോൾ കൊടുത്താൽ കൊള്ളാം” കൂട്ടുകാരി മറുപടി നല്കി. “അയ്യോ സർ ഞാനും ഒരു റിലേറ്റീവിന്റെ വീട്ടിൽ പോകുകയാണു്. തിരിച്ചെത്തുമ്പോൾ രാത്രിയാകും. ചേട്ടൻ (അവരുടെ ഭർത്താവു്) വീട്ടിലുണ്ടു്. പുള്ളിയെ ഇതേല്പിക്കാൻ വയ്യ. നട്ട്സാണെന്നു കണ്ടാൽ നോൺസ്റ്റോപ്പായി മുഴുവൻ തിന്നുകളയും. ആർക്കു കൊടുക്കേണ്ടതാണെന്നും മറ്റും നോട്ടമില്ല. നട്ട്സ് തിന്നാൻ കൊതിയേറെയുണ്ടു് ചേട്ടനു്. അതുകൊണ്ടു് സാറിതു് സ്വന്തം വീട്ടിൽ കൊണ്ടുപോകുന്നതാണു് നല്ലതു്” നോൺസ്റ്റോപ്പ് ഈറ്റിങ് ഒഴിവാക്കാനായി ഞാൻ നട്ട്സ് എന്റെ വീട്ടിൽ കൊണ്ടുപോയി.

images/Saramago.jpg
സാറാമാഗു

വാക്കുകൾ നോൺസ്റ്റോപ്പായി ഈറ്റ് ചെയ്യുന്ന എഴുത്തുകാർ കേരളത്തിൽ വളരെ കൂടുതലാണു്. ഡോൿടർ എം. ലീലാവതി വാക്കുകൾ നിറുത്താതെ ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. വളരെ വർഷങ്ങളായി ഇതിനെ സംസ്കൃതഭാഷയിൽ വാവദൂകത എന്നു പറയും. ലീലാവതിക്കു് ഇന്ന രചന വേണമെന്നില്ല. “മല്ലൻപിള്ളയെ ആന കൊന്ന പാട്ടാ”യലും മതി. യൂങ്ങിന്റെ anima, animus ഇവ പ്രബന്ധത്തിൽ തിരുകി കുറഞ്ഞതു് പത്തു പുറമെങ്കിലും ശ്രീമതി എഴുതിക്കളയും. ഈ രചനയുടെ ആർജ്ജവമില്ലായ്മ ബഹുജനം മനസ്സിലാക്കും എന്ന വിചാരമേയില്ല ലീലാവതിക്കു്. ഫലമോ? അവരുടെ രചനകളിൽ വിശ്വാസ്യത എന്ന ഗുണമില്ല. വാരികകളിൽ ഡോക്ടർ എം. ലീലാവതി എന്ന പേരിന്റെ താഴെ കാളമൂത്രം പോലെ പത്തുപുറത്തിലച്ചടിച്ച ലേഖനം കണ്ടാൽ ആ പുറങ്ങളിൽ ശക്തിയോടെ ഒരടി കൊടുത്തിട്ടു് അവ മറിക്കും വായനക്കാരൻ. എം. പി. വീരേന്ദ്രകുമാറി ന്റെ ‘ആമസോണും കുറെ വ്യാകുലതകളും’ എന്നതു നല്ല പുസ്തകമാണു്. പക്ഷേ, അതിനെക്കുറിച്ചു് ഡോക്ടർ ലീലാവതി എഴുതിയതു് ഞാൻ വായിച്ചില്ല. ആറോ ഏഴോ പുറത്തിലുള്ള സത്യസന്ധതയില്ലാത്ത രചന വായിക്കുന്നതെന്തിനു് എന്ന വിചാരമാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുറങ്ങൾ കീറിപ്പോകത്തക്ക വിധത്തിൽ ആഘാതമേല്പിച്ചു് ഞാൻ അടുത്ത ലേഖനത്തിലേക്കു പോയപ്പോൾ എനിക്കുണ്ടായതു്. ലീലാവതി നിത്യജീവിതത്തിൽ സത്യസന്ധത പരിപാലിക്കുന്ന നല്ല സ്ത്രീയാണു്. പക്ഷേ, അവരെഴുതുന്നതെന്തും അസത്യാത്മകമാണു്. ഇപ്പോൾ ലീലാവതിയുടെ പ്രബന്ധങ്ങൾ ആരും വായിക്കുന്നില്ല.

images/Veerendra_Kumar.jpg
എം. പി. വീരേന്ദ്രകുമാർ

വാക്കുകൾ നോൺസ്റ്റോപ്പായി ഈറ്റ് ചെയ്യുന്ന ആളാണു് ദേശാഭിമാനി വാരികയിൽ ‘അന്യാധീനം’ എന്ന കഥയെഴുതിയ കെ. വി. അനൂപ്. ഒരു കുടിയൊഴിക്കലിന്റെ കഥ ബഹുഭാഷണതൽപരനായി അദ്ദേഹം പറയുന്നു. കനേഡിയൻ എഴുത്തുകാരി Margaret Atwood എഴുതിയിട്ടുണ്ടു് “Expressing yourself is not nearly enough. You must express the story” എന്നു്. രണ്ടുമില്ല അനൂപിന്റെ കഥയിൽ. കഥാകാരൻ ഉദ്ദേശിച്ച വികാരം വായനക്കാരനിൽ ഉളവാക്കുമ്പോഴാണല്ലോ അതു് കഥയുടെ ആവിഷ്കാരമാകുന്നതു്. അതില്ല ഇക്കഥയിൽ. ഡോക്ടർ ലീലാവതി ലേഖനമെഴുതുന്നതുപോലെ അനൂപ് ദീർഘമായി കഥയെഴുതുന്നു. വിശക്കുമ്പോൾ ഇഡ്ഢലിയോ ദോശയോ പിട്ടോ തിന്നുകൊള്ളൂ അനൂപേ. വാക്കുകൾ തിന്നരുതു്.

പുതിയ പുസ്തകം

ഏതു മിത്രവും ചതിക്കും. വിശ്വാസവഞ്ചന കാണിക്കും. മോഹഭംഗം ഒടുവിൽ സംഭവിക്കാതിരിക്കാൻ ആദ്യമേ മിത്രത്തെ വിശ്വസിക്കാതിരിക്കണം.

സാറാമാഗുവി ന്റെ കൈകളിൽ വന്നുവീണ നോബൽസ്സമ്മാനം വി. എസ്. നയ്പോൾ എന്ന ജേണലിസ്റ്റിന്റെ കൈകളിൽ വീഴുന്ന ദൗർഭാഗ്യത്തെക്കുറിച്ചു് എനിക്കു ഓർമ്മിക്കാനേ വയ്യ. അതുപോലെ ആന്ദ്രേ മൽറോയും കമ്യുവും സാർത്രും വിഹരിച്ച ഫ്രഞ്ച് സാഹിത്യമണ്ഡലത്തിൽ കുറെ ‘ഛോട്ടാകൾ’ വിഹരിക്കുന്നു. കാവാബത്തയും താനീസാക്കിയും യൂക്കിയോ മിഷീമയും കെൻസാബുറോയും പ്രതിഭയുടെ ഉജ്ജ്വലത കാണിച്ചിടത്തു് ഇപ്പോൾ ഒരു ഹാറുകി മൂറാകാമി എന്ന അല്പപ്രഭാവൻ പ്രവേശിച്ചിരിക്കുന്നു. സർക്കസ്സിലെ കോമാളിയെപ്പോലെ അദ്ദേഹം സാഹിത്യകൂടാരത്തിൽ അന്യരുടെ ചന്തിയിൽ കമ്പുകൊണ്ടടിച്ചും സ്വന്തം മുഖം വക്രിപ്പിച്ചു് കാണിച്ചും നടക്കുന്നു. പ്രസാധകർക്കു ജീവിക്കണമല്ലോ. അതുകൊണ്ടു് ഭാവനയില്ലാത്ത ഇക്കൂട്ടരുടെ പുസ്തകങ്ങൾ വലിയ തുക പ്രതിഫലം നല്കി വാങ്ങുന്നു. ആകർഷകമായി അച്ചടിക്കുന്നു. പേരുകേട്ട നിരൂപകരുടെ രണ്ടു വാക്യങ്ങളുള്ള നിരൂപണങ്ങൾ ലക്ഷക്കണക്കിനു ഡോളർ നല്കി വാങ്ങിച്ചു പുസ്തകങ്ങളുടെ കവറുകളിൽ അച്ചടിക്കുന്നു. സത്യമേ പറയൂ എന്നു ജനത വിശ്വസിക്കുന്ന ഇംഗ്ലീഷ് വാരികകളിൽ അനുകൂലങ്ങളായ നിരൂപണങ്ങൾ എഴുതിക്കുന്നു. എം. കൃഷ്ണൻ നായരെപ്പോലെയുള്ള മണ്ടന്മാർ വലിയ തുക കൊടുത്തു് പുസ്തകങ്ങൾ വാങ്ങി വായിച്ചു് മോഹഭംഗത്തിൽ വീഴുന്നു. ഈ കോളത്തിൽ എഴുതാൻ വേണ്ടി ചപ്പും ചവറും ഞാൻ ഇപ്പോഴും വാങ്ങിച്ചു് പണം നശിപ്പിക്കുന്നു. പേരക്കുട്ടികൾക്കു് പനി വന്നാൽ ചെലവാക്കാത്ത പണം ഇമ്മാതിരി നശിച്ച പുസ്തകങ്ങൾക്കുവേണ്ടി ചെലവാക്കി ഞാൻ ക്രൂരനായി വർത്തിക്കുന്നു. ഈയിടെ ഞാൻ ഹാറൂകി മുറാകാമിയുടെ “After the Quake” എന്ന കഥാസമാഹാരഗ്രന്ഥം 6.95 കൊടുത്തു് വാങ്ങിച്ചു് ദ്രോഹിയായി മാറിയിരിക്കുന്നു. പുസ്തകത്തിന്റെ ഭംഗി കണ്ടാൽ വാങ്ങാതെ ഇരിക്കുന്നതെങ്ങനെ? തൂവെള്ളക്കവർ. നല്ല കടലാസ്സ്. മുദ്രണത്തിന്റെ മനോഹാരിത. സോപ്പ് തേച്ചു് കൈ കഴുകിയിട്ടേ ഞാൻ ഗ്രന്ഥമെടുത്തുള്ളൂ. വായിച്ചു കോർപ്പറെയ്ഷന്റെ ചവറുതൊട്ടി പോലെയാണു് ഇപ്പുസ്തകമെന്നു മനസ്സിലാക്കുകയും ചെയ്തു.

images/Andre_Malraux.jpg
ആന്ദ്രേ മൽറോ

1995 ജനുവരിയിൽ ജപ്പാനിലെ കോബി (Kobe) നഗരത്തിൽ ഭൂകമ്പമുണ്ടായി. ആയിരക്കണക്കിനു് ആളുകൾ മരിച്ചു. ആ ഭൂമികുലുക്കവും ജനങ്ങളുടെ മരണവും ചില വ്യക്തികളിൽ ഏല്പിച്ച ആഘാതത്തെക്കുറിച്ചാണു് ഇതിലെ കഥകൾ. ആദ്യത്തെ കഥയുടെ പേരു് UFO in Kushiro എന്നു്. അഞ്ചുദിവസമായി അവൾ റ്റെലിവിഷൻ കാണുകയാണു്. തുടർച്ചയായി തകർന്നുവീണ ബാങ്കുകൾ, ആശുപത്രികൾ, അഗ്നിക്കിരയായ സ്റ്റോഴ്സ്, തെറ്റിയ റെയിൽവേപാളങ്ങൾ ഇവയെല്ലാം അവൾ തുറിച്ചുനോക്കുകയാണു്. അവർ ഭർത്താവിനോടുപോലും ഒന്നും മിണ്ടുന്നില്ല. കൂടിവന്നാൽ അവൾ തലയാട്ടും. അത്രമാത്രം. ഒരു ദിവസം അയാൾ ജോലിക്കു പോയിട്ടു തിരിച്ചുവന്നപ്പോൾ ഭാര്യ എഴുത്തു് എഴുതിവച്ചിട്ടു് അപ്രത്യക്ഷമായിരിക്കുന്നു. ‘ഞാൻ തിരിച്ചുവരുന്നില്ല’ എന്നു് അവൾ അറിയിച്ചിട്ടു് എന്തുകൊണ്ടാണു് അയാളുടെ കൂടെക്കഴിയാൻ അവൾക്കു വിസമ്മതമെന്നു് വിശദീകരണം നല്കിയിരിക്കുന്നു. അയാളുടെ മേലുദ്യോഗസ്ഥന്റെ ആജ്ഞയനുസരിച്ചു് അയാൾ വേറൊരു പട്ടണത്തിൽ പോകുന്നു. അവിടെ വെച്ചു് രണ്ടു സ്ത്രീകളെ പരിചയപ്പെടുന്നു. അവരിൽ പ്രായം കുറഞ്ഞവൾ അയാളോടു ചോദിക്കുന്നു.

“You said your wife left a note, didn’t you?”

“I did”

“what did it say?”

“That living with me was like living with

a chunk of air”

“A chunk of air? what does that mean?”

“That there’s nothing inside me, I guess”

“Is it true?”

“Could be”

images/Murakami_Haruki.jpg
Haruki Murakami

അയാൾ യാത്രപോകാൻ തീരുമാനിക്കുമ്പോൾ കഥ തീരുന്നു. ഇന്റർനെറ്റിൽ നിന്നു കിട്ടിയ ഒരു നിരൂപണ പ്രബന്ധത്തിൽ ഇപ്പുസ്തകത്തെക്കുറിച്ചു് ഇങ്ങനെ നിരീക്ഷണമുണ്ടു്. “Each one of these stories is about someone undergoing a transformation and change; the Kobe earthquake is almost incidental, each story is a metaphor for this new Japan” ഇതു് വിശ്വസിക്കാൻ മേലാ. കഥയുടെ പര്യവസാനം കഴിഞ്ഞ സംഭവങ്ങളുടെ പരിണാമമായിരിക്കണമല്ലോ സ്വാഭാവികമായും. ഭൂകമ്പത്തിന്റെ ഷോക്ക് കൊണ്ടു് ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കുക, ഇതു് വിശ്വാസ്യമല്ല. അപരാധം ചെയ്യാത്ത പുരുഷനെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഏതു സ്ത്രീയാണു് ഉപേക്ഷിക്കുക? ഇടിവീണു് വീടു് കത്തിയെരിഞ്ഞാൽ, വെള്ളം കേറി എല്ലാം നശിച്ചാൽ കേരളത്തിലെ സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിക്കാറുണ്ടോ? അതോ അവർക്കു കരുത്തു നല്കാൻ സഹധർമ്മിണികൾ അവരോടു ചേർന്നു നില്ക്കുമോ. ജാപ്പനീസ് സാഹിത്യകാരന്റെ സങ്കല്പം സ്റ്റുപിഡിറ്റിയിൽ നിന്നു് ജനിച്ചതാണു്. കോബിയിലെ ഭൂകമ്പം കളക്റ്റീവ് അൺകോൺഷ്യസിനെ ബാധിച്ചു എന്നു പറയണം അദ്ദേഹത്തിനു്. അതുകൊണ്ടു് വിശ്വാസ്യത നഷ്ടപ്പെടുത്തി അദ്ദേഹം ഫൂളിഷായി ചിലതു പറയുന്നു. ഞാൻ പുസ്തകം പൂർണ്ണമായി വായിച്ചു. ഒറ്റക്കഥ പോലും സാഹിത്യഗുണമുള്ളതായി കണ്ടില്ല. (“After the Quake”, Haruki Murakami, The Harvill Press, London, Translated from the Japanese by Jay Rubin, pp. 132.)

images/Margaret_Atwood.jpg
Margaret Atwood

കഥയെക്കുറിച്ചു പറയുമ്പോഴെല്ലാം “നാരായൻ, നാരായൻ” എന്നു കേട്ടിരുന്നു. അദ്ദേഹത്തിന്റെ കഥ വായിക്കണമല്ലോ. അല്ലെങ്കിൽ സംസ്കാരത്തിന്റെ മണ്ഡലത്തിൽനിന്നു് പുറന്തള്ളപ്പെടുമല്ലോ എന്ന ആശങ്കയോടെ ഞാൻ കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോഴുണ്ടു് പോസ്റ്റിൽ ജൂലൈ ലക്കം ‘ഭാഷാപോഷിണി’ വരുന്നു. തുറന്നു നോക്കി. നാരായന്റെ കഥയുണ്ടു്. ഭാഷാപോഷിണി രക്ഷിച്ചു. നമ്മൾ വായിച്ചിട്ടില്ലാത്ത കഥകളും കവിതകളും അവയുടെ രചയിതാക്കളും വരുന്ന മാസികയാണതു്. പത്രാധിപർക്കു മനസ്സുകൊണ്ടു് നന്ദി പറഞ്ഞു് ഞാൻ നാരായന്റെ ‘എവിടെയുമില്ലാത്ത ഒരിടവും തേടി’ എന്ന കഥ വായിച്ചു. ‘Life without television is an improvement’ എന്നാരോ പറഞ്ഞതുപോലെ ‘My life without Narain’s story is an improvement’ എന്നു തോന്നുകയും ചെയ്തു. ബൂർഷ്വാ ശങ്കരൻ നായർ പാവമായ കുമാരനെ ഒരു കരിക്കടർത്തിയതിന്റെ പേരിൽ പീഡിപ്പിച്ചു. മകനെ ഉപദ്രവിച്ച അയാളെ കുമാരന്റെ അച്ഛൻ വയറുകീറി കൊന്നു. കൊലപാതകത്തിന്റെ പേരിൽ ജയിലിലായി കുമാരന്റെ ജനയിതാവു്. കഥ അവിടെ തീർന്നാൽ പറ്റുമോ? മാസികയുടെ നാലു പുറമെങ്കിലും അതച്ചടിക്കണ്ടേ? നാരായൻ കഥ നീട്ടുന്നു. ഒരു പെണ്ണു കുമാരന്റെ പാർപ്പിടത്തിൽ ആശ്രയം തേടുന്നു. പെണ്ണിനെ തേടിനടന്ന തെമ്മാടികൾ അവളെ അടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടു പോയി. കുമാരൻ തിരിച്ചു നടക്കുമ്പോൾ കഥ പരിസമാപ്തിയിൽ. ഈ കൊലപാതകവും പെണ്ണിനെ മോഷ്ടിക്കലും എനിക്കൊരു ‘ഡിപ്രെഷൻ’ ഉളവാക്കി. എന്താണു് അതിനു കാരണം? raw emotion അതുപോലെ ആവിഷ്കരിച്ചാൽ അതു ക്ഷോഭജനകമാകുകയേയുള്ളൂ. മരണവീട്ടിൽച്ചെന്നാൽ കഴിയുന്നതും വേഗം നമുക്കവിടെനിന്നു രക്ഷപ്പെടണമെന്നേ തോന്നൂ. മരിച്ചയാളിന്റെ ഭാര്യ നെഞ്ചത്തടിച്ചു കരയുന്നതു കാണാൻ നമുക്കിഷ്ടമല്ല. അസംസ്കൃതവികാരം അസ്വസ്ഥത ഉളവാക്കുമെന്നതുകൊണ്ടാണിതു്. അല്ലാതെ അപ്പുറത്തെ മുറിയിൽ രണ്ടു പെണ്ണുങ്ങൾ കൂടി നെഞ്ചിലിടിച്ചു കരയുന്നു; അതും കൂടെ കണ്ടിട്ടു പോകാമെന്നു നമ്മൾ പറയുമോ? എന്നാൽ മരണത്തെ വർണ്ണിക്കുന്ന വിലാപകാവ്യങ്ങൾ നമ്മൾ പല പരിവൃത്തി വായിക്കും. റോഡിൽ നില്ക്കുന്ന യുവാവും യുവതിയും ശൃംഗരിക്കുന്നതു കാണാനിടവന്നാൽ ഒരളവുവരെ മാത്രമേ നമ്മൾ അതു സഹിക്കുകയുള്ളൂ. കുറഞ്ഞ സംസ്കാരമുള്ളവർ കുറേ നേരമായില്ലേടാ ഇതു തുടങ്ങിയിട്ടു്? നിറുത്തു് എന്നു ഉറക്കെ പറഞ്ഞെന്നും വരും. മറ്റുചിലർ—സംസ്കാരലോപമുള്ളവർ കല്ലെടുത്തു് അവരെ എറിയും. എന്നാൽ നാടകവേദിയിൽ ദുഷ്യന്തനും ശകുന്തളയും പ്രേമപരവശരായി അഭിനയിക്കുന്നതു കണ്ടാൽ നമുക്കു ആഹ്ലാദം ആ അഭിനയം തീർന്നാൽ once more എന്നു അഭ്യസ്തവിദ്യരും വിളിക്കും. അസംസ്കൃതവികാരത്തെ—raw emotion-നെ കലയിലെ വികാരമാക്കുന്നതുകൊണ്ടാണു് ആസ്വാദനം നടക്കുന്നതു്. നാരായനു് raw emotion-നെ അതായിട്ടുതന്നെ ചിത്രീകരിക്കാനേ അറിയൂ. എന്റെ ദൃഷ്ടിയിൽ ഇക്കഥയെഴുതിയ നാരായൻ കലാകാരനല്ല.

images/Yukio_Mishima.jpg
യൂക്കിയോ മിഷീമ

ചങ്ങമ്പുഴ യെ ഇഷ്ടമില്ലാത്തവർ ഇടപ്പള്ളി രാഘവൻപിള്ള യോടു് അനിഷ്ടം കാണിക്കുന്നവരല്ല. ഇതിനു കാരണം എന്റെ ഒരു ഇഷ്ടത്തിലൂടെ വിശദമാക്കാൻ ശ്രമിക്കാം. എനിക്കു കെയ്ക്ക് ഇഷ്ടമല്ല. പക്ഷേ, ഞാനതു കഴിക്കാറുണ്ടു്. എന്തിനെന്നല്ലേ? കെയ്ക്കിൽ കുരുവില്ലാത്ത മുന്തിരിങ്ങ കാണും. അതു ചവയ്ക്കുമ്പോൾ എനിക്കു എന്തെന്നില്ലാത്ത ആഹ്ലാദമാണു്. ആ ആഹ്ലാദത്തെ കരുതി മാത്രമാണു് ഞാൻ കെയ്ക്ക് തിന്നുന്നതു്.

സാറാമാഗുവിന്റെ കൈകളിൽ വന്നുവീണ നോബൽസ്സമ്മാനം വി. എസ്. നയ്പോൾ എന്ന ജേണലിസ്റ്റിന്റെ കൈകളിൽ വീഴുന്ന ദൗർഭാഗ്യത്തെക്കുറിച്ചു് എനിക്കു ഓർമ്മിക്കാനേ വയ്യ.

അതുപോലെ വിവാഹസദ്യയ്ക്കു് വിളമ്പുന്ന നാലുപായസങ്ങളും എനിക്കിഷ്ടമല്ല. പക്ഷേ, ബോളി ഒഴിവാക്കിക്കൊണ്ടു് ഞാൻ അരിപ്പായസം കുടിക്കാറുണ്ടു്. അതിൽ കുരുവില്ലാത്ത മുന്തിരിങ്ങ ഏറെയിട്ടിരിക്കും. അതു തിരഞ്ഞുപിടിച്ചു് ഞാൻ പല്ലുകൊണ്ടമർത്തും. അപ്പോഴുണ്ടാകുന്ന മധുരാനുഭൂതി അനിർവചനീയമത്രേ. മുന്തിരിയില്ലാത്ത അരിപ്പായസം വിളമ്പിയാൽ ഞാനതു കൈകൊണ്ടു തൊടില്ല. പിന്നല്ലേ രുചിച്ചു നോക്കുന്ന പ്രക്രിയ!

images/Kenzaburo_Oe.jpg
കെൻസാബുറോ

ഇടപ്പള്ളി രാഘവൻപിള്ളയുടെ കവിത കുരുവില്ലാമുന്തിരിങ്ങ ധാരാളം ചേർത്ത കെയ്ക്കാണു്. അരിപ്പായസമാണു്. ചങ്ങമ്പുഴയുടെ കവിത വായിക്കു. മുന്തിരിയില്ലാത്ത കെയ്ക്കാണതു പലപ്പോഴും വെറും അരിയും പാലും കൊണ്ടുണ്ടാക്കിയ പായസമാണതു്. ഇതൊരു സാമാന്യകരണമായി കരുതരുതു് പ്രിയപ്പെട്ട വായനക്കാർ. മുന്തിരിങ്ങ ഇല്ലാത്ത ഇടപ്പള്ളിക്കവിത കണ്ടെന്നുവരും മുന്തിരിങ്ങയിട്ട അരിപ്പായസംപോലെയുള്ള ചങ്ങമ്പുഴക്കവിതയും കണ്ടെന്നുവരും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-07-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.