
കവി ഉള്ളൂർ പരമേശ്വരയ്യർ മരിച്ചു. ആ മഹച്ചരമം കഴിഞ്ഞിട്ടു് അഞ്ചുമിനിറ്റായില്ല. ആകാശവാണി വിലാപകാവ്യം പ്രക്ഷേപണം ചെയ്തു. അതു കേട്ടവരൊക്കെ ആകാശവാണിയുടെ ഉചിതജ്ഞതയെ പ്രകീർത്തിച്ചെങ്കിലും അവരിൽ ആരും തന്നെ ഹ്രസ്വകാലത്തിനുള്ളിൽ ഒട്ടൊക്കെ ദീർഘമായ കാവ്യം രചിക്കാനാവുമോ എന്നാലോചിച്ചില്ല. ഉള്ളൂർ രോഗിയായി കിടക്കയിൽ വീണയുടൻ തന്നെ വിലാപകാവ്യം എഴുതാൻ തുടങ്ങിയിരിക്കണം കവി. പതിനഞ്ചു ദിവസമെങ്കിലും കാവ്യമെഴുതാൻ വേണ്ടിവന്നിരിക്കണം. ഒരു മാസം കൊണ്ടു് അതിൽ തിരുത്തലുകൾ വരുത്തിയിരിക്കണം. ഓരോ ദിവസവും പത്രം വന്നു മുറ്റത്തു വീഴുന്ന ശബ്ദം കേട്ടു കവി ഓടിയിരിക്കണം. ഉള്ളൂർ മരിച്ചോ എന്നു പത്രമാകെ നോക്കിയിരിക്കണം. ഒരു ദിവസം മരിച്ച വാർത്ത വന്നപ്പോഴുതു് അദ്ദേഹം ആൾ ഇൻഡ്യ റേഡിയോ പ്രവർത്തിച്ചിരുന്ന ഭക്തിവിലാസത്തേക്കു കവിതയും കൊണ്ടോടിയിരിക്കണം.

ഞാൻ എറണാകുളത്തു ജോലി നോക്കിയിരുന്ന കാലത്താണു് കവി ജി. ശങ്കരക്കുറുപ്പ് രോഗിയായി ഒരു പ്രൈവറ്റ് ആശുപത്രിയിൽ കിടന്നതു്. അതിനും അല്പം മുൻപാണു് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതു്. എറണാകുളത്തുള്ളവരെയൊക്കെ അദ്ദേഹം ഭദ്രാലയത്തിലേക്കു ക്ഷണിച്ചു് സൽകരിച്ചെങ്കിലും എന്നെ അവഗണിച്ചു. എങ്കിലും ശങ്കരക്കുറുപ്പു് ആശുപത്രിയിലായി എന്നറിഞ്ഞ ഞാൻ റ്റാക്സിക്കാറിൽ അവിടെയെത്തി. അദ്ദേഹത്തെ കണ്ടു. അവശനായിക്കിടന്ന അദ്ദേഹത്തെക്കണ്ടു. ഞാൻ കണ്ണീരൊഴുകാതെ നിയന്ത്രണം പാലിച്ചു നിന്നു. ഒടുവിൽ ആ പാദങ്ങളിൽ തൊട്ടു കണ്ണിൽ വച്ചിട്ടു് ഞാൻ ഓടി. അല്ലെങ്കിൽ എന്റെ കണ്ണീരു് അദ്ദേഹവും സഹധർമ്മിണിയും കണ്ടു കൂടുതൽ ആകുലാവസ്ഥയിൽ ആകുമായിരുന്നു. പിന്നീടു് കവിയുടെ മകൻ രവിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു—“I could not restrain my tears” രവി അറിയിച്ചു—“അതു ഞാൻ അറിഞ്ഞു.”
ശങ്കരക്കുറുപ്പു് ആശുപത്രിയിൽ കിടന്ന കാലത്തു കേരളത്തിലും പുറത്തും പ്രചാരമുള്ള ഒരു ദിനപ്പത്രത്തിന്റെ എഡിറ്റർ—എല്ലാ മണ്ഡലങ്ങളിലും സ്വാധീനതയുള്ള എഡിറ്റർ—എന്നെ ലൂസിയ ഹോട്ടലിൽ വന്നു കണ്ടു. അദ്ദേഹത്തിന്റെ അപേക്ഷ രോഗിയായിക്കിടക്കുന്ന കവി മരിച്ചുവെന്നു് സങ്കല്പിച്ചു ലേഖനമെഴുതിക്കൊടുക്കണമെന്നായിരുന്നു. “എന്റെ മനസ്സ് അതിനു് അനുമതി തരുന്നില്ല” എന്നു് ഞാൻ മറുപടി പറഞ്ഞു. “രഹസ്യമായിരിക്കും, എഴുത്തു” എന്നു് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോൾ “ഞാൻ ആ ദുഷ്കൃത്യം ചെയ്യുകയില്ല എന്നു് അസന്ദിഗ്ദ്ധമായി അദ്ദേഹത്തെ അറിയിച്ചു. പത്രാധിപർ പോയി. അദ്ദേഹം അതുകൊണ്ടു് അവസാനിപ്പിച്ചില്ല. അക്കാര്യം ദിവസവും ടെലിഫോണിൽ എന്നെ വിളിച്ചു ലേഖനം എഴുതാൻ പ്രേരിപ്പിച്ചു. വലിയ തുക പ്രതിഫലമായി തരാമെന്നു് പറയുകയും ചെയ്തു എങ്കിലും ഞാൻ വഴങ്ങിയില്ല. പിന്നീടും ഒരു കൊല്ലത്തിലധികം കാലം കവി ജീവിച്ചിരുന്നു.

എനിക്കുണ്ടായ ധർമ്മരോഷം നമ്മുടെ സംസ്കാരത്തിന്റെ ഒരവിഭാജ്യഘടകമാണു്. പക്ഷേ, ഈ ധർമ്മാധർമ്മവിവേചനം പടിഞ്ഞാറുള്ളവർക്കു് അത്ര പ്രബലമല്ല എന്നു തെളിയിക്കുന്ന ഒരു നോവൽ ഞാൻ ഇന്നു വായിച്ചതേയുള്ളൂ. ആന്ദ്രേയീ കൂർകോഫി ന്റെ (Andrey Kurkov) “Death and the Penguin ” എന്ന നോവൽ. നോവലിസ്റ്റ് റഷനാണു്. വിക്റ്റർ ചെറുകഥയെഴുത്തുകാരൻ. അയാളുടെ ചെറുകഥ ഒരു പത്രത്തിന്റെ എഡിറ്റർ നിരസിച്ചു. പക്ഷേ, എഡിറ്റർ വിക്റ്ററെ പൂർണ്ണമായും നിരാശപ്പെടുത്തിയില്ല. പത്രത്തിനുവേണ്ടി ചരമക്കുറിപ്പുകൾ എഴുതാൻ അയാളോടു ആവശ്യപ്പെട്ടു. മരിച്ചവരെക്കുറിച്ചു എഴുതുക എന്നതല്ല രീതി ജീവിച്ചിരിക്കുന്നവരെപ്പറ്റി മുൻകൂറായി ചരമക്കുറിപ്പു് എഴുതിവയ്ക്കണം. ലോകമെമ്പാടുമുള്ള പത്രങ്ങൾ ഇതു ചെയ്യാറുണ്ടത്രേ. മറ്റാരും എഴുതാത്ത രീതിയിൽ വിക്റ്റർ മരണക്കുറിപ്പുകൾ എഴുതും. മാസന്തോറും മുന്നൂറു ഡോളറാണു് അയാൾക്കു പത്രാധിപർ നല്കുന്നതു്. ക്ലീഷേ ഒഴിവാക്കിക്കൊണ്ടു് മൗലികമായി മരണത്തെക്കുറിച്ചു് വിക്റ്റർ എഴുതിയതിന്റെ ഒരു Specimen നല്കട്ടെ: “Writers and State Deputy Aleksandr Yakornitsky is no longer with us in the third row of the Chamber, a leather seat stands empty. To be occupied before long by another. But in the hearts of the many who knew Aleksandr Yakornitsky there will be a sense of emptiness, of profound loss” (pp. 29) വിക്റ്ററുടെ പേരില്ല കുറിപ്പിൽ ‘A group of friends’ എന്നേ അതിന്റെ താഴെ വച്ചിട്ടുള്ളു. വിക്റ്ററിന്റെ ചരമക്കുറിപ്പു് അനുസരിച്ചു് വ്യക്തികൾ മരിക്കുന്നു. ഒരാൾ വെടിയേറ്റാണു് മരിക്കുന്നതെങ്കിൽ വേറൊരാൾ അനേകം നിലകളുള്ള കെട്ടിടത്തിൽനിന്നു് വീണാണു് ചരമം പ്രാപിക്കുന്നതു്. സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷമുള്ള Ukraine പ്രദേശത്താണു് ഇതെല്ലാം സംഭവിക്കുക. കുറ്റകൃത്യങ്ങൾ ഇങ്ങനെ അനവരതം നടക്കുമ്പോൾ വിക്റ്റർ മുൻകൂറായി ചരമക്കുറിപ്പുകൾ എഴുതിയും ജന്തുശാലയിൽ നിന്നു കിട്ടിയ പെൻഗ്വിൻ പക്ഷിയെ സ്നേഹപൂർവ്വം വളർത്തിയും ഒരുത്തൻ ഏല്പിച്ച ഒരു കൊച്ചുപെൺകുട്ടിയെ സ്വന്തം വീട്ടിൽ സംരക്ഷിച്ചും കഴിഞ്ഞുകൂടുകയാണു് പെൻഗ്വിന്റെ പേരു മിഷ എന്നു്. അങ്ങനെയിരിക്കെ പെൻഗ്വിനു് രോഗം വന്നു ഡോക്ടർ പക്ഷിയെ പരിശോധിച്ചിട്ടു് ഹൃദയം മാറ്റിവയ്ക്കണമെന്നു് നിർദ്ദേശിച്ചു. മോട്ടോർ അപകടത്തിൽപ്പെട്ടു മാരകമായ ക്ഷതമേറ്റ ഒരാൺകുട്ടിയുടെ മാതാപിതാക്കളിൽനിന്നു് അവന്റെ ഹൃദയം വിക്ടർ മേടിച്ചു. ഹൃദയശസ്ത്രക്രിയ വിജയകരമായി നടന്നു. പക്ഷിയെ ധ്രുവത്തിലേക്കു അയച്ചു് അതിനെ ഗാർഹിക ബന്ധനത്തിൽനിന്നു മോചിപ്പിച്ചു വിക്റ്റർ നോവൽ അവസാനിക്കുന്നു. Where is the penguin? എന്നു് ഒരാളിന്റെ ചോദ്യം വിക്റ്ററോടു് “The Penguin is me” എന്നു് അയാളുടെ ഉത്തരം പെൻഗ്വിൻ കുറെക്കാലം ബന്ധനത്തിലായിരുന്നല്ലോ. പോസ്റ്റ് സോവിയറ്റ് പ്രദേശത്തു എല്ലാ പൗരന്മാരും ബന്ധനത്തിലാണു് എന്നാണോ നോവലിസ്റ്റ് ധ്വനിപ്പിക്കുന്നതു്? പക്ഷി ഏതിന്റേയോ പ്രതിരൂപമാണു് ഏതിന്റേതെന്നു് എനിക്കു മനസ്സിലായില്ല. ഒരുപക്ഷേ, സോവിയറ്റ് യൂണിയന്റേതാകാം. അതിനു താൽക്കാലിക ഹൃദ്രോഗം വരുന്നതും രക്ഷപ്പെടുന്നതും ഗോർബച്ചേവിന്റെ ഭരണത്തെയാവും സൂചിപ്പിക്കുക. യെൽറ്റ്സിന്റെ ഭരണമാകാം രോഗത്തിൽ നിന്നുള്ള മുക്തി എല്ലാം എന്റെ അഭ്യൂഹങ്ങൾ മാത്രം.

ഏതായാലും നോവൽ വായിക്കുന്നവർക്കു് അന്യവത്കരണബോധത്തിൽപ്പെട്ട ജനതയെ കാണാൻ കഴിയും. മൈനർ ക്ലാസിക്ക് എന്നു് ഈ നോവലിനെ Lesley Chamberlain വിശേഷിപ്പിക്കുന്നു. അതിനോടു് യോജിക്കാൻ വയ്യ. നോവൽ വായിച്ചു കഴിഞ്ഞതിനുശേഷം പെൻസിൽകൊണ്ടു് അതിന്റെ അവസാനത്തെ പുറത്തിൽ ഞാൻ എഴുതിയതു് Trash എന്നും Contrived എന്നുമാണു്. അതാണു് ശരിയെന്നു് ഞാൻ വിചാരിക്കുന്നു. (Death and the Penguin, Andrey Kurkov, Translated from the Russian by George Bird. pp. 228. Price UK GBP 6.99.)
ആലപ്പുഴ തെക്കനാര്യാട്ടെ തറയിൽ വീട്ടിൽ എക്സൈസ് പ്യൂൺ വേലായുധൻ പിള്ളയുടെ മകൻ ഭാസ്കരപ്പണിക്കരാണു് എനിക്കു് സർദാർ കെ. എം. പണിക്കരു ടെ ‘ബാലികാമതം’ എന്ന ആഭാസകാവ്യം വായിക്കാൻ തന്നതു്. അച്ഛൻ കാണരുതു് എന്നു് മുന്നറിയിപ്പു് നല്കി ഭാസ്കരപ്പണിക്കർ തന്ന ആ പുസ്തകം ഞാൻ മേശവലിപ്പു തുറന്നു അതിനകത്തു് വച്ചിട്ടു് മേശപ്പുറത്തു പഠിക്കാനുള്ള പുസ്തകം നിവർത്തി വയ്ക്കും. കണ്ണു് എപ്പോഴും “ബാലികാമത”ത്തിൽ. പിതാവു് ഞാൻ ഇരുന്നു പഠിക്കുന്ന കൊച്ചുമുറിയുടെ മുൻവശത്തുള്ള വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. എന്റെ വായനയുടെ കള്ളത്തരം കണ്ടുപിടിച്ച പിതാവ് പെട്ടെന്നു് മുറിയിലേക്കു കടന്നുവന്നു വലിപ്പിനകത്തു തുറന്നുവച്ചിരുന്ന “ബാലികാമതം” എടുത്തു. പുസ്തകത്തിന്റെ പാതിഭാഗത്തിലെത്തിയിരുന്നു ഞാൻ.
“കാൺക നീ പന്തൊത്തുരുണ്ടു തടിച്ചൊരി
ക്കൊങ്കതൻ ചാരു സൗഭാഗ്യമെല്ലാം
പ്രേമപുരസ്സരമെൻ കാന്തൻ കൈകളാ
ലോമനിച്ചുള്ള പൊൻകുംഭയുഗ്മം”
എന്നു തുടങ്ങി കൊച്ചാൺപിള്ളേർക്കു് കാമഭ്രാന്തു് ഉണ്ടാക്കുന്ന
‘ഭാഗ്യം മഹാഭാഗ്യം എൻതോഴി ഇങ്ങനെ
ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?
ആഭാസത്തരവും സഭ്യതയും തമ്മിലുള്ള രേഖ വളരെ നേർത്തതാണു്. കരുതി പ്രയോഗിച്ചില്ല പദമെങ്കിൽ സഭ്യത തെറിയായി മാറും. ഇതുപോലെയാണു് ജേണലിസവും കലയും.
എന്ന വരികളിൽ അവസാനിക്കുന്ന ആ ഭാഗം ഞാൻ വീണ്ടും വീണ്ടും വായിച്ചു് എന്നെത്തന്നെ മറന്നിരിക്കുന്ന സന്ദർഭത്തിലാണു് പിതാവു് അതു പിടിച്ചെടുക്കാൻ വന്നതു് “ചെറുക്കൻ വായിക്കുന്ന പുസ്തകം കണ്ടില്ലേ?” എന്നു പിതാവു് അമ്മയോടു ദേഷ്യത്തിൽ പറയുന്നതു ഞാൻ കേട്ടു. പിന്നീടു് കെ. എം. പണിക്കരുടെ ‘ബാലികാമതം’ ഞാൻ കണ്ടിട്ടില്ല. മേശവലിപ്പിനകത്തുവയ്ക്കാതെ ചാരുകസേരയിൽ കിടന്നു് പിതാവു് അതു വായിച്ചിരിക്കണം വീണ്ടും വീണ്ടും വായിച്ചിരിക്കണം. എന്നിട്ടു ദിവ്യമായ ഗ്രന്ഥമെന്നപോലെ അലമാരിയിൽ സൂക്ഷിച്ചുവച്ചിരിക്കണം. അല്ലെങ്കിൽ അടുത്ത വീട്ടിലെ സുന്ദരിയായ മധ്യവയസ്കയ്ക്കു് സ്നേഹപൂർവ്വം സമ്മാനിച്ചിരിക്കണം. (ഞാൻ മുകളിലെഴുതിയ വരികൾ ഓർമ്മ നല്കിയതാണു്) കെ. എം. പണിക്കരുടെ ഈ കാവ്യബീഭത്സതയോടു വള്ളത്തോളി ന്റെ ഈ വരികൾ താരതമ്യപ്പെടുത്തൂ.
പുല്പായിൽനിന്നെഴുന്നേറ്റിളം പെൺകൊടി
ശുഭ്രരാമായണ പുസ്തകത്തെ
ചെമ്പട്ടു കഞ്ചുകച്ഛന്നമായ്ത്താരുണ്യ
സമ്പത്തുയർന്നുവരുന്ന മാറിൽ.
കല്ലും പവിഴവും പൊന്നുമണിഞ്ഞുള്ള
കണ്ഠം തൊടുമാറു വച്ചഴകിൽ
ഇത്തിരി ചാഞ്ഞൊരു തണ്ടലർ പോലായ
വക്ത്രത്തിൻ കീഴ്‌വശം കൊണ്ടമർത്തി.”
സംസ്കാര സമ്പന്നനാണു് വള്ളത്തോളെന്നു് ഈ വരികൾ ഉദ്ഘോഷിക്കുന്നില്ലേ? എന്തൊരു മനോഹാരിതയാണു് ഈ വരികൾക്കു്! ആഭാസത്തരവും സഭ്യതയും തമ്മിലുള്ള രേഖ വളരെ നേർത്തതാണു് കരുതി പ്രയോഗിച്ചില്ല പദമെങ്കിൽ സഭ്യത തെറിയായി മാറും ഇതുപോലെയാണു് ജേണലിസവും കലയും. അവയ്ക്കിടയ്ക്കുള്ള നേരിയ രേഖയെ ആ രേഖയായി നിറുത്താതെ അതിനെ ജേണലിസത്തിലേക്കു നീക്കുകയാണു് ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയെഴുതിയ സുരേഷ് ഐക്കര (കഥ ദേശാഭിമാനി വാരികയിൽ) റാഹേലിന്റെ വീട്ടിൽ വെള്ളം കയറുകയാണു് അവളുടെ ഭർത്താവു എവിടെയോ പോയിരിക്കുന്നു. പലരും സഹായിക്കാനെത്തി അവളെ. ആ സഹായം അവൾ സ്വീകരിക്കുന്നില്ല. എന്തും വരട്ടെ. ഭർത്താവു് വീട്ടിൽ തിരിച്ചെത്തുന്നതുവരെ വീട്ടിൽ നിന്നു പോരില്ല എന്നാണു് റാഹേലിന്റെ നിലപാടു്. ഒടുവിൽ ഭർത്താവിന്റെ മൃതദേഹം—ക്ഷതമാർന്ന ശരീരം—വെള്ളത്തിൽ കിടക്കുന്നതു ഞാൻ കാണുന്നു. സെന്റിമെന്റ് വേറെ, സെന്റിമെന്റലിസം വേറെ. ഇവ തമ്മിലുള്ള വ്യത്യാസം അംഗീകരിക്കാതെ സെന്റിമെന്റലിസത്തിന്റെ—വികാരചാപല്യത്തിന്റെ—മറുകണ്ടത്തിലേക്കു ചാടാനേ സുരേഷിനു് അറിയൂ. ഈ സത്യം തെല്ലു പേടിയോടെ എഴുതുകയാണു് ഞാൻ. കഥ കൊള്ളുകില്ലെന്നു പറഞ്ഞാൽ അതു സ്വീകരിക്കാതെ പരുക്കൻ പദങ്ങൾ കൊണ്ടു് വിമർശകനെ ഏറ്റുന്ന ആളാണു് സുരേഷ് എന്ന വസ്തുത പൂർവ്വകാലാനുഭവംകൊണ്ടു് ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്.
തങ്ങൾ ആരുടെ ശൈലിയെ അനുകരിക്കുന്നുവോ അദ്ദേഹത്തെ കവികൾ പുച്ഛിക്കും. ചങ്ങമ്പുഴയെ ഇന്നത്തെ പല കവികളും പുച്ഛിക്കുന്നതിന്റെ കാരണമതാണു്.
നിത്യജീവിതത്തിൽ ക്രമവും വ്യവസ്ഥയുമില്ല. ഡാർവിനാണെന്നു തോന്നുന്നു കുന്നിന്റെ മുകളിൽനിന്നു് മിന്നലേറ്റു മരിക്കുന്ന ഒരുത്തന്റെ കഥ വിവരിച്ചിട്ടുള്ളതു്. വിദ്യുച്ഛക്തിയുടെ സാമാന്യനിയമമനുസരിച്ചാണു് മരണം സംഭവിക്കുന്നതു്. അയാൾ ജനിച്ചയുടനേ ജാതകമെഴുതിയ ജ്യോത്സ്യനു് ആ മരണം ഇടിമിന്നലേറ്റുണ്ടാകുമെന്നു് മുൻകൂട്ടി പറയാൻ കഴിയുകയില്ല. ആ പാവം തെറ്റായ സ്ഥലത്തു് തെറ്റായ സമയത്തു നിന്നു പ്രകൃതിക്കു സദാചാരത്തിലോ സന്മാർഗ്ഗത്തിലോ പരിഗണനയില്ല മനുഷ്യൻ നല്ലവനോ ചീത്തയോ ആകട്ടെ അവന്റെ സ്വഭാവമെന്തായാലും ഇടി വീഴും. അവൻ ഭസ്മമാകും. പ്രകൃതിനിയമമാണതു്. ഇതല്ല കലയുടെ ലോകം. അതിനു നിയമങ്ങളുണ്ടു്. ആ നിയമങ്ങൾ അനുസരിച്ചു് സൃഷ്ടി നടത്തുമ്പോൾ ക്രമവും വ്യവസ്ഥയുമുള്ള ലോകം ഉണ്ടാകുന്നു. പലരും വന്നു വിളിച്ചിട്ടും റാഹേൽ വെള്ളം കയറിയ വീട്ടിൽനിന്നു രക്ഷപ്പെടാൻ കൂട്ടാക്കാത്തതു് കഥാകാരനു് വെള്ളപ്പൊക്കത്തിൽ ഭർത്താവു മരിച്ചെന്നു പിന്നീടു പറയാനാണു്. കഥാകാരന്റെ ഈ ലോകം വിശ്വസനീയമല്ല. അതിൽ ക്രമവും വ്യവസ്ഥയുമില്ല. സുരേഷ് ഐക്കര കഥാകാരനാണു് എന്ന വിശ്വാസം എനിക്കില്ല.
ചോദ്യം: ഭർത്താവു് എപ്പോഴും വ്യക്തിത്വം പാലിക്കുന്ന ആളാണോ?
ഉത്തരം: ഭാര്യ മകളുടെ പ്രസവമെടുക്കുന്നതിനു് അവളുടെ വീട്ടിൽപ്പോയി താമസിക്കുന്ന കാലമത്രയും അയാൾ സ്വതന്ത്രൻ. എന്നു് ഭാര്യ തിരിച്ചുവരുമോ അന്നുതൊട്ടു് ദാസൻ.
ചോദ്യം: തിരുവനന്തപുരത്തെ വാടകകെട്ടിടങ്ങൾ?
ഉത്തരം: ഉടമസ്ഥന്മാർക്കു് പതിനൊന്നു മാസം കൂടുമ്പോൾ ഇരട്ടിവാടക വാങ്ങാനുള്ളവ.
ചോദ്യം: ഏതു യത്നമാണു് പ്രയാസം നിറഞ്ഞതു് ?
ഉത്തരം: ഏതെങ്കിലും പ്രദേശത്തിന്റെ പടമെടുത്തു് നിങ്ങളുടെ മനസ്സിലുള്ള സ്ഥലമെവിടെയെന്നു കണ്ടുപിടിക്കുന്നതു്. കേരളത്തിന്റെ പടം വിടർത്തിവച്ചു് ആലപ്പുഴ എവിടെയെന്നു നോക്കുക. എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല.
ചോദ്യം: പരുക്കൻ പെരുമാറ്റം പക്ഷേ, എപ്പോഴും നല്ലവൻ ഇങ്ങനെ ഒരാൾ ലോകത്തുണ്ടോ?
ഉത്തരം: ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ സംസ്കൃത കോളേജിലെ പ്രഫെസർ ഇ. വി. ദാമോദരൻ. കഷ്ടം അദ്ദേഹം ഇന്നില്ല.
ചോദ്യം: ശാശ്വതമൊന്നേ ദ്രോഹം. ഇതു സ്വാർത്ഥകമാക്കിയ ആളാരു്?
ഉത്തരം: ഒരു കൊളീജിയേറ്റ് ഡയറക്ടർ. പേരു പറയുന്നതു ശരിയല്ല. അദ്ദേഹത്തിന്റെ ബന്ധുക്കൾ ജീവിച്ചിരിക്കുന്നു. ഞാൻ പറഞ്ഞതു് സത്യമാണെന്നു് അവരും സമ്മതിക്കും. പക്ഷേ, അവർക്കു വേദന തോന്നും.
ചോദ്യം: സ്ത്രീകളുടെ സാഹിത്യരചനകളുടെ സവിശേഷതയെന്തു്?
ഉത്തരം: മാധവിക്കുട്ടിയുടെ (കമലാദാസ്സിന്റെ) രചനകൾ ഒഴിച്ചു ശേഷമുള്ളവയെല്ലാം ഗർഭാശയങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.
ചോദ്യം: വള്ളത്തോളിനെ എൻ. ഗോപാലപിള്ള പുച്ഛിച്ചിരുന്നു എന്നു കേൾക്കുന്നതു ശരിയാണോ?
ഉത്തരം: എനിക്കറിഞ്ഞുകൂടാ ശരിയാവാൻ മാർഗ്ഗമുണ്ടു്. വള്ളത്തോൾ ശൈലിയിൽ കവിതയെഴുതിയ ആളായിരുന്നു ഗോപാലപിള്ള. തങ്ങൾ ആരുടെ ശൈലിയെ അനുകരിക്കുന്നുവോ അദ്ദേഹത്തെ കവികൾ പുച്ഛിക്കും. ചങ്ങമ്പുഴയെ ഇന്നത്തെ പല കവികളും പുച്ഛിക്കുന്നതിന്റെ കാരണമതാണു്.
കെ. വി. മോഹൻകുമാറിന്റെ ‘നാലു നാവികരും ഒരു യുവതിയും ചരിത്രത്തിൽ ഇടപെടുമ്പോൾ’ എന്ന രചന (മാതൃഭൂമി ആഴ്ചപ്പതിപ്പു്) കലയല്ല, കഥയുമല്ല അതു് കലാഭാസമാണു്, കഥാഭാസമാണു്. കാരണങ്ങൾ പലതു് ചിലതു സൂചിപ്പിക്കാം.

ചെറുകഥയിലെ ഇതിവൃത്തവും ആഖ്യാനവും താദാത്മ്യം പ്രാപിക്കണം. തമ്മിൽച്ചേരാത്ത രീതിയിൽ വെവ്വേറെ നില്ക്കരുതു് ഒരു കപ്പലിനകത്തെ ബലാത്സംഗത്തെ വർണ്ണിക്കുന്ന ഈ രചനയിൽ ഇതിവൃത്തം ഒന്നുമില്ല. വല്ലതുമുണ്ടെങ്കിൽ അതു് ആഖ്യാനവുമായി പിരിച്ചെടുക്കാൻ വയ്യാത്ത വിധത്തിൽ ഒന്നായിട്ടില്ല. ഉറൂബിന്റെ ‘വാടകവീടുകൾ’ എന്ന മനോഹരമായ കഥ നോക്കുക. സംഭവങ്ങൾ വേറെ, ആഖ്യാനം വേറെ എന്നു് അക്കഥ വായിക്കുമ്പോൾ നമുക്കു തോന്നുന്നില്ല. ആ തക്കാളി നന്നു് ആ കവിത നന്നു് എന്നു പറഞ്ഞു സാഹിത്യകാരൻ നടന്നു പോകുമ്പോൾ നമ്മൾ ആർദ്രമനസ്കരായിത്തീരുന്നു. ക്രിയാംശവും ആഖ്യാനവും ഒരുമിച്ചുചേരുന്നതിന്റെ ഫലമാണിതു്. ഒരു മോഹൻകുമാറിന്റെ കഥയിലെ ബലാത്സംഗവർണ്ണനം വായിക്കുമ്പോൾ നമുക്കു നിസ്സംഗത. ഇതു് ഇതിവൃത്തവും ആഖ്യാനവും തമ്മിൽ മൈലുകളോളം ദൂരമുള്ളതുകൊണ്ടാണു്. ദുർഗ്രഹങ്ങളായ വാക്യങ്ങൾ കൊണ്ടു് കൃത്രിമത്വം സൃഷ്ടിക്കുന്നു മാതൃഭൂമിയിലെ കഥാകാരൻ.
നിസ്സാരമായ ഒരു കൈലേസ്സിട്ടു് ഷെക്സ്പിയർ ട്രാജഡിയാക്കുന്നു. കപ്പലിൽ ഒരു സ്ത്രീയുടെ ചാരിത്രം അപഹരിക്കുന്നതു കണ്ടിട്ടും നമ്മൾക്കു ചാഞ്ചല്യമില്ല. കഥയിലെ ഓരോ സംഭവത്തിനും ഓരോ വസ്തുവിനും പ്രകമ്പനം ഉളവാക്കുന്ന ശക്തി നല്കണം കഥയെഴുത്തുകാരൻ. ആ ശക്തിനല്കലിനു് സഹായം അരുളുന്നതു് ഭാവനയാണു്. അതു മോഹൻകുമാറിനു് തീരെയില്ല. ഇംഗ്ലീഷിലാവട്ടെ ഇനിയുള്ള അഭിപ്രായ പ്രകടനം. A short story should be an attractive form of composition ഇതിനു് രചനയുടെ രൂപമില്ല. അതുകൊണ്ടു് ഇതു ആകർഷകവുമല്ല. എന്റെ ദൃഷ്ടിയിൽ മോഹൻകുമാർ ഫെയ്ക്കാണു്.
തോന്നയ്ക്കൽ വാസുദേവൻ എന്റെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ടു്. പ്രഗല്ഭനായ വിദ്യാർത്ഥി. ബുദ്ധിശക്തിയിൽ അദ്ദേഹത്തെ അതിശയിച്ചവർ പിന്നീടു് എന്റെ ക്ലാസ്സിൽ വന്നിട്ടില്ല. അതുകൊണ്ടു് ശിഷ്യസ്നേഹപരതന്ത്രനായ എനിക്കു ധൈര്യത്തോടെ എഴുതാം. ഉള്ളെഴുത്തു് മാസികയിൽ അദ്ദേഹം “ലൈംഗിക മനഃശാസ്ത്രത്തിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിൽ ലേഖനം എഴുതിയിരിക്കുന്നു. രാഷ്ട്രത്തെ സംബന്ധിക്കുന്നതു് രാഷ്ട്രീയം. രാഷ്ട്രീയമെന്നു് ആകാമെന്നേയുള്ളൂ. രാഷ്ട്രീയം വിശേഷണമാണു്. അതു നാമത്തിന്റെ രീതിയിൽ ഭാഷയിൽ പ്രയോഗിക്കുന്നെങ്കിലും മലയാളാധ്യാപകനായ വാസുദേവൻ വിശേഷണത്തെ നാമമാക്കി പ്രയോഗിച്ചുകൂടാ.
‘ഇരുപതാം നൂറ്റാണ്ടിന്റെ ചിന്തയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ശക്തിയാണു്’ എന്നു വാസുദേവൻ. സ്വാധീനം വിശേഷണമാണു്. അതിനാൽ സ്വാധീനത എന്നു വേണം.
ഫ്രോയിഡ് എന്നു വാസുദേവൻ എഴുതുന്നു. ശരിയായ ഉച്ചാരണം എഴുതിക്കാണിക്കാൻ വയ്യ. ഫ്രോയിറ്റ് എന്നെഴുതിയാൽഭേദം (സ്സീഹ്മൂൻറ്റ് ഫ്രോയിറ്റ്).
‘സാമൂഹ്യശാസ്ത്രത്തിന്റെയും’ എന്നും വാസുദേവൻ സാമൂഹ്യം തെറ്റു് സാമൂഹികം ശരി.
‘നിർഭാഗ്യവശാൽ’—ദൗർഭാഗ്യം എന്നുവേണം
‘വേഗതയേറിയ ഒരു മാറ്റം’ എന്നു് വേറൊരു പ്രയോഗം—വേഗത ശരിയല്ല. വേഗം എന്നാകാം.
‘വസന്തങ്ങളുടെ താഴ്‌വരകളിൽ മാത്രം നിന്ന കവിയാണു് ചങ്ങമ്പുഴ’ എന്നു വിഷ്ണുനാരായണൻ നമ്പൂതിരി (ഉള്ളെഴുത്തുമാസിക, പുറം 18) ചങ്ങമ്പുഴ അധിത്യകയിൽ നില്ക്കുന്ന കവിയാണു്. എഴുത്തച്ഛനുപോലും ചങ്ങമ്പുഴയുടെ സിദ്ധികളില്ല.
‘സ്വപ്നജീവികളുടെ നിത്യവിസ്മയവും യൗവനവും (യൗവ്വനവും എന്നു് അച്ചടിയിൽ. അതു തെറ്റു്) അനുരാഗവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്ന കവിതയും ആവശ്യമുണ്ടു്.’
‘സ്വപ്നജീവികളുടെ നിത്യവിസ്മയവും യൗവനവും അനുരാഗവും ഊർജ്ജവും കുടവയറും നിലനിറുത്താൻ സഹായിക്കുന്ന കവിതയും ആവശ്യമുണ്ടു്.’ എന്നു വിഷ്ണുനാരായണൻ നമ്പൂതിരി പറഞ്ഞെങ്കിൽ എനിക്കും അതിനോടു് യോജിക്കാമായിരുന്നു.
Stephen Jay Gould-ന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ എന്റെ വായനക്കാർ. ഇല്ലെങ്കിൽ ഉടനെ വായിക്കണം. നമുക്കു ധൈഷണികാഹ്ലാദമുണ്ടാകും.

മതിപൂർവ്വകമായ (designed) നിയമങ്ങളും മതിപൂർവ്വകമല്ലാത്ത (undesigned) ഫലങ്ങളും ചിന്തകൻ മരത്തിലിരിക്കുന്ന പക്ഷിയെ കാണുന്നു. അദ്ദേഹത്തിനു വിശക്കുന്നു. തോക്കെടുത്തു് അതിനെ വെടിവയ്ക്കുന്നു. അദ്ദേഹം അതു ചെയ്യുന്നതു മതിപൂർവ്വകമായിട്ടാണു്. കരുതിക്കൂട്ടിയാണു് നിരപരാധനും നല്ലവനുമായ ഒരാൾ മരച്ചുവട്ടിൽ നില്ക്കുന്നു. ഇടിവീണു അയാൾ മരിക്കുന്നു. നിങ്ങൾ വിചാരിക്കുന്നുണ്ടോ ഈശ്വരൻ കരുതിക്കൂട്ടി അയാളെ കൊന്നതാണെന്നു്? നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടെങ്കിൽ പക്ഷി വണ്ടിനെ ഭക്ഷിച്ചതു് ഈശ്വരനിശ്ചയത്താലാണെന്നു് വിശ്വസിക്കുന്നുണ്ടോ? മനുഷ്യനും വണ്ടിനും ഒരേ ദുർദ്ദശ വന്നെന്നു് ചിന്തകൻ വിശ്വസിക്കുന്നു. മനുഷ്യന്റെയും വണ്ടിന്റെയും മരണം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ലെങ്കിൽ അവരുടെ ആദ്യജനനവും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല.
രാഷ്ട്രവ്യവഹാരമണ്ഡലത്തിൽ പ്രവർത്തിക്കുന്നവർക്കു കള്ളം പറയാതിരിക്കാൻ വയ്യ. അവരുടെ അസ്തിത്വം തന്നെ കള്ളത്തിൽ അടിയുറച്ചിരിക്കുകയാണു്. സത്യം പറയേണ്ട സാഹിത്യകാരനും രാഷ്ട്രീയപ്രവർത്തകന്മാരെപ്പോലെ ആയിരിക്കുന്നു. അവർ വ്യാജപ്രക്രിയകളിലൂടെ നിലനില്ക്കാൻ ശ്രമിക്കുന്നു. വിജയം പ്രാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടു് ഇന്നത്തെ മലയാളസാഹിത്യമണ്ഡലത്തിൽ സദാചാരവും സന്മാർഗ്ഗവും ഒട്ടും തന്നെയില്ല. സാഹിത്യകാരന്മാർ കായങ്കുളം കൊച്ചുണ്ണി, മുളമൂട്ടു് അടിമ, ഇത്തിക്കരപ്പക്കി ഈ തസ്കര പ്രമാണിമാരെപ്പോലെ തസ്കരന്മാരായി മാറിയിരിക്കുന്നു. കള്ളന്മാരെ ബഹുജനം പേടിക്കുന്നതുപോലെ സാഹിത്യകാരന്മാരെയും പേടിച്ചുതുടങ്ങുന്ന ദിനം അത്ര ദൂരത്തല്ല.

“ഞാനാണെടേ ഉവ്വേ കേരളത്തിൽ ആദ്യമായി കമ്മ്യൂണിസം കൊണ്ടുവന്നതു്” എന്നു പി. കേശവദേവ് ലക്ഷത്തിയമ്പതിനായിരം തവണ എന്നോടു പറഞ്ഞിട്ടുണ്ടു്. മാർക്സിന്റെ സിദ്ധാന്തങ്ങൾ അദ്ദേഹത്തിന്റെ ജന്മദേശത്തു പ്രായോഗികതലത്തിൽ എത്തിയില്ലല്ലോ അതു റഷയിലാണു് സംഭവിച്ചതു്. അതിനു നേതൃത്വം നല്കിയതു് ലെനിനായിരുന്നു. റഷയിൽ കമ്മ്യൂണിസം സ്ഥാപിച്ചതു ലെനിൻ. കേരളത്തിൽ കമ്മ്യൂണിസം സ്ഥാപിച്ചതു് കേശവദേവ്. അതിനാൽ ലെനിനും കേശവദേവും സമന്മാർ ഈ സമാനതയെ അവലംബിച്ചു് ലെനിൻ—കേശവദേവ് എന്നു് ലോകോത്തര നോവലായ ‘ഓടയിൽനിന്നു്’ എന്നതിന്റെ രചയിതാവായ കേശവദേവിനെ വിളിക്കാം ഞാനിതു് എഴുതുമ്പോൾ ലെനിന്റെ മൃതദേഹം അസ്വസ്ഥതയോടെ തിരിയുകയും മറിയുകയും ചെയ്യുന്നതു് എന്റെ അന്തർനേത്രം കാണുന്നു. ‘പാവങ്ങൾ’ എഴുതിയ വിക്തോർ യൂഗോ ശവക്കല്ലറയിൽ എഴുന്നേറ്റിരുന്നു് കൂവുന്നതും ഞാൻ ആന്തരശ്രോത്രം കൊണ്ടു കേൾക്കുന്നു.
സാഹിത്യകാരന്മാർ കായങ്കുളം കൊച്ചുണ്ണി, മുളമൂട്ടു് അടിമ ഇത്തിക്കരപ്പക്കി ഈ തസ്കരപ്രമാണിമാരെപ്പോലെ തസ്കരന്മാരായി മാറിയിരിക്കുന്നു.
വർഷം ഓർമ്മയില്ല. ഞാനും മന്മഥൻസ്സാറും എവിടെയോ പോയിട്ടു് തിരുവനന്തപുരത്തേയ്ക്കു തിരിച്ചുപോവുകയായിരുന്നു തീവണ്ടിയിൽ. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ വേറൊരു കംപാർടുമെന്റിൽ നിന്നിറങ്ങിയ കേശവദേവ് പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതു് ഞങ്ങൾ കണ്ടു. ഞാൻ കണ്ടഭാവം നടിച്ചില്ല. മന്മഥൻസാറ് ‘ദേവേ’ എന്നു വിളിച്ചു. അദ്ദേഹം തിരിഞ്ഞുനോക്കി. മന്മഥൻസാറ് ദേവിനോടു ചോദിച്ചു—“അല്ല ദേവ് എന്നാണു് തമിഴ്‌നാട്ടിലെ ദ്രാവിഡമുന്നേറ്റ കഴകത്തിൽ അംഗമാകുന്നതെന്നു് ഞാൻ ആലോചിക്കുകയായിരുന്നു. എന്നാണു് ആ സുദിനം?” കേരളത്തിലെ ലെനിൻ പല പാർട്ടികളിലെയും നേതാക്കന്മാരോടു്—റീയാക്ഷനറി പാർട്ടികളിലെ നേതാക്കന്മാരോടുപോലും ബന്ധം സ്ഥാപിച്ചതിനെ ലക്ഷ്യമാക്കിയായിരുന്നു മന്മഥൻ സാറിന്റെ ആ ചോദ്യം. ഭാഗ്യംകൊണ്ടു് തീവണ്ടി നീങ്ങി. അല്ലെങ്കിൽ പുളിച്ച തെറി ദേവ്, പുരുഷ രത്നമായ മന്മഥനെ വിളിക്കുന്നതു് കേൾക്കേണ്ടതായി വന്നേനെ എനിക്കു്. ട്രെയിൻ വൈകിയോടിയതുകൊണ്ടു പെട്ടെന്നു് തീവണ്ടിയാപ്പീസ് വിട്ടതു് എന്റെ മഹാഭാഗ്യം. കേശവദേവ് ആരെയും തെറിവിളിക്കും ദേഷ്യം വന്നാൽ. ഒരിക്കൽ എൻ. പി. ചെല്ലപ്പൻനായരെ അസഭ്യപദങ്ങൾകൊണ്ടു് വർഷിക്കുന്നതു ഞാൻ കണ്ടു. (അതോ കേട്ടോ) കേരളത്തിൽ ഒരേയൊരു ആളിനെ മാത്രമേ ദേവ് എതിർക്കാതിരുന്നുള്ളൂ. കെ. ബാലകൃഷ്ണൻ. അദ്ദേഹം അസഹനീയമായ അസഭ്യപദങ്ങളാൽ ദേവിനെ അഭിഷേകം ചെയ്താലും ദേവ് എടാ ബാലാ, എടാ ബാലാ എന്നു ചിരിച്ചുകൊണ്ടു വിളിക്കുമായിരുന്നു. കേരള ലെനിന്റെ ദുരവസ്ഥ!
കേശവദേവിന്റെ ദുർഭാഷണം കേട്ടു് വേദിയിൽ തളർന്നുവീണവരിൽ ചിലർ—‘ധിക്കൃതശക്രപരാക്രമി’യായ എൻ. ഗോപാലപിള്ള (കവികോകിലം കുഞ്ഞൻ എന്നാണു് സാറ് കൂടിയുള്ള സമ്മേളനത്തിൽ അദ്ദേഹത്തെ ദേവ് സംബോധന ചെയ്തതു്) സർദാർ കെ. എം. പണിക്കർ (അദ്ദേഹത്തെ സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിൽ ‘കുളിർമുലക്കവി’യെന്നാണു് ദേവ് വിളിച്ചതു്) പാലാ നാരായണൻനായർ (ചീത്തവിളി പാരമ്യത്തിലെത്തിയപ്പോൾ പാല ഒരു തുണ്ടെഴുതി ദേവിന്റെ കൈയിൽ കൊടുത്തു ‘തേജോവധം ചെയ്യരുതു്’ എന്നായിരുന്നു കവിയുടെ അഭ്യർത്ഥന) അല്പപ്രഭാവനായ എം. കൃഷ്ണൻനായർ (അയാളെ പച്ചത്തെറി വിളിച്ചിട്ടു അയാളുടെ കുടുംബാംഗങ്ങളെ തെറി വിളിക്കാൻ ദേവ് തുടങ്ങിയപ്പോൾ എന്റെ കൂട്ടുകാരൻ ഇടവാ ജമാൽ മുഹമ്മദ്—സ്കൂൾ ഹെഡ്മാസ്റ്റർ—ദേവിനോടു് അപേക്ഷിച്ചു ഇനി ആക്രമിക്കരുതു് എന്നു്) കേശവദേവിന്റെ ഈ പാരമ്പര്യം ചില എഴുത്തുകാർ ഇപ്പോഴും പുലർത്തിപ്പോരുന്നുണ്ടു് രചനകളിലും പ്രഭാഷണങ്ങളിലും. എല്ലാവർക്കും കെ. ബാലകൃഷ്ണന്റെ വ്യക്തിപ്രാഭാവവും സ്വത്വശക്തിയുമില്ലല്ലോ.
- സ്വത്വത്തെപ്പറ്റിയുള്ള അപഗ്രഥനാത്മകമായ ബോധം. ‘ഞാൻ’, ‘സ്വയം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നിന്റെ സാന്നിധ്യ ത്തെക്കുറിച്ചുള്ള വിവാദം.
- എന്താണോ ‘സ്വത്വം’ എന്നു് ഇപ്രകാരം നിർവ്വചിക്കപ്പെടുന്നതു്, അതിന്റെ തന്മയെ സംബന്ധിച്ച വിവാദം.