കവിതയുടെ കാഴ്ചവട്ടം വളരെയേറെ വിശാലമാണു്. ദേശം, ഭാഷ, കാലം എന്നിവകൾക്കപ്പുറം നീന്തുന്ന ഒറ്റയാൻ പോരാളിയായി കവിതകൾ പ്രത്യക്ഷപ്പെടാറുണ്ടു്. വിവർത്തന കവിതകളിലേക്കു് വരുമ്പോൾ കവിതയുടെ ഈ പോരാട്ടം കുറച്ചധികം ശക്തമാകുന്നതു് കാണാം. “വിവർത്തനത്തിലൂടെ നഷ്ടമാകുന്നതെന്തോ അതാണു് കവിത” എന്ന ഫ്രോസ്റ്റിന്റെ പ്രസ്താവനയോടു് പരസ്യമായി മല്ലിടുന്ന, അദ്ദേഹത്തിന്റെ തന്നെ കവിതകൾക്കു് വന്നിട്ടുള്ള വിവർത്തനങ്ങളെ ആധാരമാക്കിയുള്ള അന്വേഷണമാണിതു്. “കവിത മറ്റൊരു ഭാഷയാണു്, ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷ” എന്ന പോൾ വലേറിയുടെ വാചകം ഈ പഠനത്തിനു് ആപ്തവാക്യമായി വരാം. കണ്ടെത്തലുകളിലേക്കും വീണ്ടെടുപ്പിലേക്കും വ്യാപിക്കുന്ന സർഗാത്മകമായ അർത്ഥാന്വേഷണങ്ങളായി വിവർത്തനത്തെ മനസ്സിലാക്കേണ്ടതുണ്ടു്. റോബർട്ട് ഫ്രോസ്റ്റ് 1923-ൽ പ്രസിദ്ധീകരിച്ച “Stopping by the woods on a snowy evening ” എന്ന കവിതക്കു്, വ്യത്യസ്ത കാലയളവിൽ മലയാളത്തിൽ വന്ന ഏതാനും വിവർത്തനങ്ങളെ സവിശേഷമായി പഠിക്കുകയാണു് ഈ ലേഖനത്തിലൂടെ ചെയ്യുന്നതു്. കവിക്കു് കവിത ജീവിതത്തിലുടനീളം പ്രകോപന പ്രധാനമാണു്. വാക്കുകൾക്കു വേണ്ടി മണ്ണും മലയും കടലും ആകാശവും ചികഞ്ഞുകൊണ്ടേയിരിക്കുന്ന അവിശ്രമനായ കുട്ടിയാണു് കവി. ഈ പ്രവൃത്തിയുടെ ഏറ്റവും ബലവത്തായ സാക്ഷാത്കാരമാണു് കവിതാവിവർത്തനം. അവിടെ ഭിന്നഭാഷാനിഘണ്ടുക്കൾ തമ്മിലുള്ള സന്ധിചർച്ചയല്ല മറിച്ചു് വ്യതിയാനങ്ങളാൽ സമ്പന്നമായ മറ്റൊരു കലാസൃഷ്ടിയാണുണ്ടാകേണ്ടതു്.
“മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു് കാത്തിടേണ്ട
മാമക പ്രതിജ്ഞകൾ,
അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ്
എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ.”
‘ഞാനും കിളിയും’ എന്ന തന്റെ കവിതയ്ക്കു് ആമുഖമായി കടമ്മനിട്ട വിവർത്തനം ചെയ്ത വരികളാണിതു്. സംസ്കൃതത്തിലെ താളാത്മക വൃത്തങ്ങളിൽ ഒന്നായ പഞ്ചചാമരത്തിൽ രചിക്കപെട്ട ഈ വരികൾ ഷഹബാസിന്റെ ഗസലിലേക്കും ഊരാളിയുടെ പൊലിമയാർന്ന സംഗീതത്തിലേക്കും ഈ അടുത്തു് ഇടംചേരുകയുണ്ടായി. ഫ്രോസ്റ്റ് ഒരുപക്ഷേ, കടമ്മനിട്ടയുടെ വരികൾ വായിച്ചിരുന്നെങ്കിൽ “Poetry is what gets beautified in translation” എന്നു തിരുത്തി എഴുതിയേനെ എന്നു കൂടി തോന്നുന്നുണ്ടു്. ഭാഷയും ഭാവവും താളാത്മകമാകുന്നുണ്ടിവിടെ. തന്റെ ഗ്രാമത്തിലൂടെ അന്തിയാവോളമുള്ള കവിസഞ്ചാരം ആവിഷ്കരിച്ച കടമ്മനിട്ട രാമകൃഷ്ണ ന്റെ കടമ്മനിട്ട എന്ന കവിതയും, തന്റെ ഗ്രാമത്തിലെ ജീവിതാവസ്ഥ ആവിഷ്കരിക്കുന്ന ‘ഞാനിന്നുമെന്റെ ഗ്രാമത്തിലാണു്’ എന്ന കവിതയും ഈ വിവർത്തനത്തോടു ചേർത്തു വായിക്കേണ്ടതുണ്ടു്. കടമ്മനിട്ടയുടെ അതേ സൗന്ദര്യാത്മക ദർശനങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്തതാണു് ഈ വരികളും. ഫ്രോസ്റ്റിന്റെ കവിതകളിൽ നിറയുന്ന ബുദ്ധദർശനങ്ങളുടെയും, അസ്തിത്വാന്വേഷണത്തിന്റെയും, പ്രാദേശിക-പ്രകൃതി ബിംബങ്ങളുടെയും വിവർത്തനമാണു് കടമ്മനിട്ട നിർവഹിച്ചതു്. കാലദേശസങ്കല്പങ്ങളിൽ നിന്നു സ്വതന്ത്രമായ കവിതക്കുള്ളിലെ ഭാഷയാണു് ഇവിടെ വിവർത്തനം ചെയ്യപ്പെട്ടതു് എന്നു സാരം. വാൾട്ടർ ബെഞ്ചമിൻ സൂചിപ്പിച്ചു പോയ ശുദ്ധഭാഷ അഥവാ നിഗൂഢമായ അന്തഃസത്തയാണു് വിവർത്തനപ്രക്രിയക്കു് ആധാരമാകേണ്ടതു് എന്നു് ഇവിടെ തെളിയുന്നുണ്ടു്.
എൻ. വി. കൃഷ്ണവാര്യർ “വനത്തിൽ ഒരു ഹിമസായാഹ്നം” എന്ന ശീർഷകം നൽകി ഈ കവിത പദാനുപദവിവർത്തനം ചെയ്തപ്പോൾ വാക്കുകളുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം കാണിച്ച സൂക്ഷ്മത മലയാളകവിതയിലേക്കു് മഞ്ഞുപെയ്യുന്ന ആ ഇരുണ്ട വൈകുന്നേരത്തെ ആവാഹിക്കാൻ ശേഷിയുള്ളതായി തീർന്നു.
“The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep”
എന്ന ഫ്രോസ്റ്റിന്റെ വരികൾ
“മോഹനം വനം സാന്ദ്രഗഹനം നീലശ്യാമം
ഞാൻ പക്ഷേ പാലിക്കേണം
ഒട്ടേറെ പ്രതിജ്ഞകൾ
പോകേണമേറെ ദൂരം വീണുറങ്ങീടും മുന്നേ,
പോകേണമേറെ ദൂരം വീണുറങ്ങീടും മുന്നേ.”
എന്നു വിവർത്തനം ചെയ്യപ്പെട്ടു. ‘The darkest
evening of the year’ എന്ന പ്രയോഗത്തിനു് ‘ആണ്ടിലുമേറ്റവുമിരുൾമുറ്റിയതാം ഈ അന്തിക്കു്’ എന്നാണു് എൻ. വി. ഉപയോഗിച്ചതു്. എൻ. വി. നൽകിയ ഈ വിവർത്തനം അക്ഷരാർത്ഥത്തിൽ മനോഹരമായൊരു മഹാവനത്തെ മലയാളകവിതയിലേക്കു വരച്ചിട്ടു. മഞ്ഞിന്റെ തണുപ്പും ഉറഞ്ഞുപോയ പൊയ്കയും ഫ്രോസ്റ്റിനോളം ആഴത്തിൽ വായനകാരിലേക്കു് എൻ. വി. എത്തിക്കുന്നതായി കാണാം. ഏറെക്കുറെ ഒരേയാഴത്തിൽ കണ്ട കാടുകളായി അതുകൊണ്ടു് തന്നെ ഫ്രോസ്റ്റിന്റെയും എൻ. വി.യുടെയും കവിതയെ വിലയിരുത്താം.
“മനോഹരം, ശ്യാമ,മഗാധമാണീ
വനാന്തരം സുന്ദര,മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയുമെന്റെ മുന്നിൽ,
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാൻ
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാൻ!”
എന്നവസാനിക്കുന്ന 1979-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഉമേഷിന്റെ വിവർത്തനം പരിശോധിക്കുമ്പോൾ സംസ്കൃതവൃത്തങ്ങൾക്കു് വിധേയപ്പെട്ടതുവഴി കവിതയുടെ ഭംഗി അവിടിവിടായി അസ്വസ്ഥതമാകുന്നതായി കാണാം. ‘മഞ്ഞു മൂടിയ സന്ധ്യയിൽ വനത്തിൻ ചാരെ നിൽക്കവേ’ എന്നാണു് കവിതാശീർഷകമായി കൊടുത്തിരിക്കുന്നതു്.
“വനത്തിനിന്നുള്ളൊരു ഭംഗി കാണാൻ
വഴിക്കു ഞാൻ വണ്ടി നിറുത്തി”
എന്ന വരികളിൽ ‘വണ്ടി’ എന്ന ബിംബം ഫ്രോസ്റ്റിന്റെ വനപ്പരപ്പിൽനിന്നും ഏറെ ദൂരയാണു്. മഞ്ഞിന്റെ തണുപ്പു് വായനകാരനു കൈമാറാൻ ഈ വിവർത്തനം മറന്നു പോകുന്നുമുണ്ടു്. ഫ്രോസ്റ്റിൽ നിന്നും ദൂരെ മാറിപോകുന്നുണ്ടെങ്കിലും സർഗാത്മകവിവർത്തനത്തിന്റെതായ സാധ്യതകൾ ഉമേഷ് ഇവിടെ ഉപയോഗിക്കുന്നുണ്ടു്.
മലയാളകവിതയിലേക്കു് അരികുവത്കൃതരുടെ കാഴ്ചയും മൊഴികളും സ്വാംശീകരിച്ചെഴുതിയ എസ്. ജോസഫ് ‘മഞ്ഞുമൂടിയ വൈകുന്നേരം മരങ്ങൾക്കരികിൽ നിൽക്കുമ്പോൾ’ എന്ന പേരിൽ ഫ്രോസ്റ്റിന്റെ കവിത പരിഭാഷപെടുത്തിയിട്ടുണ്ടു്.
“വനങ്ങൾ രമണീയം, ഗഹനം, കരിനീലം
എനിക്കു് പക്ഷേയുണ്ടു്
പാലിക്കാൻ വാഗ്ദാനങ്ങൾ
ദൂരങ്ങളൊരുപാടുണ്ടുറങ്ങും മുൻപേ താണ്ടാൻ
ദൂരങ്ങളൊരുപാടുണ്ടുറങ്ങും മുൻപേ താണ്ടാൻ”
മഞ്ഞുപെയ്യുന്ന വൈകുന്നേരവും മഹാവനവും വിട്ടു്, നിന്നുപോയ കുതിരക്കുഞ്ഞനിലേക്കു ശ്രദ്ധക്ഷണിക്കുന്നതാണു് ജോസഫിന്റെ വിവർത്തനം. തന്റെ മറ്റുകവിതകളുടെതുപോലെ നിറങ്ങളും വരകളും ലോലഭാവങ്ങളും ഈ കവിതയിലേക്കും ചേർത്തുച്ചരിക്കുകയാണു് കവി.
യുവകവി സുജീഷിലൂടെ 2020-ൽ ഫ്രോസ്റ്റ് പിന്നെയും വിവർത്തനംചെയ്യപ്പെടുന്നുണ്ടു്. മഞ്ഞുതിരും സന്ധ്യയിൽ കാടരികിൽ എന്നാണു് അദ്ദേഹം നൽകിയ ശീർഷകം.
“ഇരുണ്ടഗാധം—മനോഹരം ഈ കാടെങ്കിലും
പാലിക്കാനുണ്ടേറെ വാക്കെനിക്കു്,
നാഴിക താണ്ടാനുണ്ടേറെ ഉറങ്ങും മുൻപു്,
നാഴിക താണ്ടാനുണ്ടേറെ ഉറങ്ങും മുൻപു്”
എന്നു സുജീഷ് ആ കവിതയെ പുതിയവാക്കുകളോടു ചേർത്തുവെച്ചു.
ഈ വിവർത്തനങ്ങളിൽ കവിത താണ്ടുന്ന ദൂരം വ്യത്യസ്തമാണു്. വാക്കുകളുടെ തെരഞ്ഞെടുപ്പിൽ ഓരോരുത്തരിലും അവരുടെ എഴുത്തിന്റെ പരിസ്ഥിതിക്കു് വ്യക്തമായ സ്വാധീനമുണ്ടു്. ഫ്രോസ്റ്റിന്റെ കവിതയിലെ ‘കാടു്’ പിന്തുടർന്നു വന്ന ധാരാളം കവികൾക്കു് മോഹവസ്തുവായിട്ടുണ്ടു്. അതിന്റെ ആഴവും പരപ്പും കവിതാവിവർത്തനങ്ങളെ പലവിധം സ്വാധീനിച്ചിട്ടുണ്ടു്. ഈ സ്വാധീനം വിവർത്തനത്തെ പാഠഭേദമായോ ഒരു സ്വാതന്ത്ര്യകൃതിയായോ മനസിലാക്കാനും വിലയിരുത്താനും ആവശ്യപെടുന്നു. ഫ്രോസ്റ്റ് കാണിച്ചു തന്ന കാടും ഉതിർന്നുവീണ മഞ്ഞും വിവർത്തകർക്കു് ഉൾപ്രേരകങ്ങളായെങ്കിൽ കൂടി വിവർത്തനങ്ങളിലെ കാടും, മഞ്ഞും, താണ്ടാനുള്ള ദൂരവും വേറേ തന്നെയാണു്. എൻ. വി. യുടെയും കടമ്മനിട്ടയുടെയും കവിതകൾ നഷ്ടങ്ങളല്ലാ സൗന്ദര്യാത്മകതയുടെ കണ്ടെത്തലാണു് കവിതാവിവർത്തനം സാധ്യമാക്കുന്നതു് എന്നു് ഉറപ്പിക്കുന്നുണ്ടു്. ഭാഷദേശാതി ബിംബങ്ങൾക്കുമപ്പുറം കേസരി പറഞ്ഞു വെച്ച ഏകവിശ്വസാഹിത്യ സങ്കല്പവും സാംസ്കാരികലയനവും സാധ്യമാകുന്ന വിശേഷ പ്രക്രിയയാണു് വിവർത്തനം. പക്ഷേ, വിവർത്തന വിനിമയത്തിൽ വിവർത്തകന്റെ ഭാഷക്കും ദേശത്തിനും അഭേദ്യമായ സ്വാധീനം ഉണ്ടു്. അതുകൊണ്ടു തന്നെ വിവർത്തനം ഒരു സർഗാത്മക പ്രക്രിയയാണു്. അതിന്റെ കാതലായ സവിശേഷത വ്യതിചലനം ആയിരിക്കേണ്ടതുണ്ടു്.
“കാടൊക്കെ രസം തന്ന്യാണു്.
ഇരുട്ടും പരപ്പും ഒക്കെണ്ടെങ്കിലും യ്ക്കു്
കൊറച്ചു് വാക്കു് പാലിക്കാൻ ണ്ടു്.
ചാവുന്നേനു മുമ്പു്
കൊറേക്കാര്യങ്ങള് ചെയ്യാനൂംണ്ടു്”
ഗീതാ സൂര്യന്റെ ഈ വിവർത്തനമാകട്ടെ ഫ്രോസ്റ്റിന്റെ ഇരുണ്ടഗാധമായ വനത്തെ കോഴിക്കോടിന്റെ പ്രാദേശിക ഭാഷാപരിസരത്തിലേക്കു കൊണ്ടെത്തിക്കുന്നു. കേരളത്തിന്റെ വാമൊഴിവഴക്കങ്ങളിലേക്കുകൂടി ഫ്രോസ്റ്റിന്റെ കവിത അവിശ്രമം സഞ്ചരിക്കുകയാണിവിടെ.
കവിതാവിവർത്തനത്തിൽ ഭാഷ താണ്ടുന്ന ദൂരവും ചുറ്റിസഞ്ചരിക്കുന്ന കാടും വൈരുധ്യമാനമാകുന്ന കാഴ്ചയോടുകൂടിയാണു് ഈ കവിതകളെയെല്ലാം വിലയിരുത്തേണ്ടതു്. ആദ്യപാഠം അഥവാ മൂലകൃതിയിൽ നിന്നു കെട്ടുപൊട്ടിച്ചോടുവാൻ തക്ക പാകമായൊരു ഭാഷ വിവർത്തകന്റെ എഴുത്തിൽ ആവാഹിക്കപ്പെടുന്നുണ്ടിവിടെ, ആയതിനാൽ വിവർത്തന പാഠങ്ങൾക്കു് സ്വാതന്ത്രമായൊരു അസ്തിത്വം ഉണ്ടെന്നതു് തർക്കവിഷയമാകേണ്ടതില്ല. റോബർട്ട് ഫ്രോസ്റ്റിന്റെ പ്രസ്തുത കവിത, വിവർത്തനം ചെയ്യപ്പെടുമ്പോൾ കവിതയിലെ മഹാവനമല്ലാ കവിതക്കുള്ളിൽ അന്തർലീനമായിട്ടുള്ള നിഗൂഢവനമാണു് വിവർത്തന വിഷയമാകുന്നതു്. അതിനാൽ തന്നെ ചേർച്ചയല്ല വൈവിദ്ധ്യമാണു് കവിതാ വിവർത്തനത്തിനു് സൗന്ദര്യം പ്രദാനം ചെയ്യുന്നതു്. പോൾ വലേറി പറഞ്ഞുവെച്ച കവിതക്കുള്ളിലെ ഭാഷയിലേക്കുള്ള അന്വേഷണമാണു് ഓരോ വിവർത്തനവും. ഫ്രോസ്റ്റിനെ വായിച്ചു മടങ്ങുമ്പോൾ ആ കവിതാ ശകലത്തിൽ നിന്നുപോയവരാണു് അധികവും. വായനയുടെ തിരയേറ്റങ്ങളിൽ പലതിലും കടലിലേക്കു മുങ്ങാങ്കുഴിയിടുന്ന കവിതയാണു് ഫ്രോസ്റ്റിന്റേതു്. ഈ വിവർത്തന പഠനത്തിനിടക്കു് എന്റെയുള്ളിൽ ഈ വിധം പ്രസ്തുത കവിത വിവർത്തനം ചെയ്യപ്പെടുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ.
“മഞ്ഞുപെയ്യുന്ന ഈ സന്ധ്യയിൽ
നിന്റെ വന്യതയിലേക്കു്
കവിത നട്ടു് ഞാനിതാ നിന്നുപോകുന്നു.
നിന്റെ ഉടലൊഴുക്കുകളിലേക്കു്,
കൺതോട്ടിലേക്കു്,
നക്ഷത്രത്തുരുത്തിലേക്കു്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ,
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ…!”
കവിതകൾ ഒരിക്കലും അവസാനിക്കുന്നില്ല, ഒഴുകാനുള്ള സാധ്യതകളും പേറി ഭാഷയും ദേശവും കാലവും മുറിച്ചുകടന്നുകൊണ്ടേയിരിക്കുമതു്. 1924-ൽ എഴുതപ്പെട്ട ഒരു കവിതയ്ക്കു് തൊണ്ണൂറിൽപരം വർഷങ്ങൾക്കു ശേഷവും വിവർത്തനങ്ങൾ വരുന്നുവെന്നതു് കവിതയുടെ ആ സാധ്യതയെ ഒരാവർത്തി കൂടി അടിവരയിടുന്നുണ്ടു്.
“കവിതാവിവർത്തനം
ഒരു കൂടു വിട്ടു കൂടുമാറ്റമാണു്
മത്സ്യം വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ
വിവർത്തകൻ മനസ്സുകളിലൂടെ ഊളിയിടുന്നു
ഓരോ വാക്കിന്റെയും തീരത്തു്
അവൻ തരിമണലിൽ കുനിഞ്ഞിരിക്കുന്നു
ഓരോ കക്കയുടെയും നിറം പഠിക്കുന്നു
ഓരോ ശംഖും ഊതിനോക്കുന്നു.”
സച്ചിദാനന്ദന്റെ ഈ വരികളിലേതുപോലെ കവിതാവിവർത്തനം കടലിനെ അറിയലാണു്. ഒഴുക്കിനെ, മത്സ്യത്തെ, ഉൾപവിഴങ്ങളെ ആഴത്തിൽ ചെന്നു് തൊട്ടുകൊണ്ടേയിരിക്കലാണു്, സർഗാത്മകമായ ചലനമാണതു്.
- അച്യുതൻ എം. പ്രൊഫ. – പശ്ചാത്യസാഹിത്യദർശനം, കോട്ടയം: ഡി. സി ബുക്ക്സ്, 1962.
- അജയ് പി. മങ്ങാട്ടു് – പറവയുടെ സ്വാതന്ത്ര്യം, കോട്ടയം: ഡി. സി. ബുക്ക്സ്, 2020.
- ജോസഫ് എസ്. -ഓർഫ്യൂസ്, ഡി. സി. ബുക്ക്സ്, 2021.
- മാത്യൂസ് പി.എഫ്.– മുഴക്കം, മാതൃഭൂമി ബുക്ക്സ്, 2021.
- സച്ചിദാനന്ദൻ - മലയാളകവിതാപഠനങ്ങൾ, മാതൃഭൂമി ബുക്ക്സ്, 2009.
- സച്ചിദാനന്ദൻ -തെരഞ്ഞെടുത്ത കവിതകൾ, സായാഹ്ന ഫൗണ്ടേഷൻ, 1999.
- https://youtu.be/IY9qwIrfzPI
- https://trell.co/read/-1602e5467bfc
- https://kalamnews.in/interview-s.joseph-kala-savithri-sun-day-special
- https://www.manoramaonline.com/literature/literaryworld/kadammanitta-ramakrishnan-death-anniversary.html
- https://umeshnair.wordpress.com/2005/05/18/robert-frost-miles-togo/
- https://www.sujeesh.in/2020/11/Robert-Frost-Poem.html?m=1
എറണാകുളം മഹാരാജാസ് കോളേജിൽ മലയാളത്തിൽ ബിരുദം നേടി. കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിൽ മലയാളത്തിൽ ബിരൂദാനന്തര ബിരുദ വിദ്യാർത്ഥിയാണു്. മലപ്പുറം പൊന്നാനി സ്വദേശി.
(ചിത്രങ്ങൾക്കും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്).