images/Solitude.jpg
Loneliness, a painting by Felix Nussbaum (1904–1944).
ഏകാന്തതയുടെ ലയം
images/Gabriel_García_Márquez.jpg
മാർകേസ്

ഈ ലോകത്തു മൂന്നു കാരണങ്ങൾ കൊണ്ടു പരിവർത്തനങ്ങൾ സംഭവിക്കാമെന്നു ചിന്തകൻമാർ പറയുന്നു. ഒന്ന്: സാമ്പത്തികങ്ങളായ പ്രതിസന്ധികൾ; രണ്ട്: രാഷ്ട്ര വ്യവഹാരപരങ്ങളായ സിദ്ധാന്തങ്ങൾ; മൂന്ന്: മഹാവ്യക്തികൾ. സാമ്പത്തിക വ്യവസ്ഥയോടു ബന്ധപ്പെട്ട സ്ഥിതിവിശേഷങ്ങളാണ് ഫ്രഞ്ച് വിപ്ലവത്തിനു ഹേതുക്കളായത്. മാർക്സിന്റെ സിദ്ധാന്തങ്ങൾ റഷ്യൻ വിപ്ലവത്തിനു വഴി തെളിച്ചു. മഹാൻമാരും ലോകത്തു പരിവർത്തനമുണ്ടാക്കുന്നു. ഗാരീബാൾഡീ യും

images/Giuseppe_Garibaldi.jpg
ഗാരീബാൾഡി

ബിസ്മാർക്കും ലെനിനും ഗാന്ധിയും മാവോസേതൂങ്ങും യഥാക്രമം ഇറ്റലിക്കും റഷ്യയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നൂതന വ്യവസ്ഥിതികൾ പ്രദാനം ചെയ്തു. ആ മഹാവ്യക്തികൾ ജനിച്ചില്ലായിരുന്നെങ്കിൽ? ഇപ്പറഞ്ഞ രാജ്യങ്ങൾക്ക് ഇന്നത്തെ മഹനീയത കൈവരുമായിരുന്നില്ല. മഹാൻമാരുടെ സവിശേഷതയാർന്ന ധിഷണ സവിശേഷതയാർന്ന സമുദായങ്ങളിൽ പ്രവർത്തിക്കുമ്പോൾ ആ സമുദായങ്ങൾ പരിവർത്തനങ്ങൾക്കു വിധേയങ്ങളാവുകയാണ്. കലാകാരൻമാരും

images/Gandhi.jpg
ഗാന്ധി

ഇമ്മട്ടിൽ പരിവർത്തനം ജനിപ്പിക്കുന്നു. വാല്മീകിയുടെയും കാളിദാസന്റെയും സോഫോക്ളീസിന്റെയും ഷേക്സ്പിയറുടെയും പ്രതിഭ അവരുടെ കാലഘട്ടങ്ങളിലെ സമുദായങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടപ്പോൾ, അങ്ങനെ പ്രവർത്തനവും പ്രതിപ്രവർത്തനവും നടന്നപ്പോൾ സാഹിത്യത്തിന് നവീനത ലഭിച്ചു. ഈ വിധത്തിൽ

images/Otto_von_Bismarck.jpg
ബിസ്മാർക്ക്

വിശ്വസാഹിത്യസംസ്ക്കാരത്തിന് വികാസം നൽകിയ മഹാനാണ് ഈ വർഷത്തെ നോബൽ സമ്മാനം നേടിയ കൊളംബിയൻ നോവലിസ്റ്റ് ഗാബ്രീയൽ ഗാർസീയാ മാർകേസ് (Gabriel Garcia Marquez, ജനനം 1928). ഓരോ വ്യക്തിയും മുമ്പുള്ള പല വ്യക്തികളുടെയും “അനന്തരഫല’ മാണെന്ന സത്യം ഇവിടെ നിഷേധിക്കുന്നില്ല. എങ്കിലും വ്യക്തിനിഷ്ഠമായ മൗലികതയ്ക്ക് സ്ഥാനമുണ്ട്. അമേരിക്കൻ

images/William_Faulkner.jpg
വില്യം ഫോക്നർ

നോവലിസ്റ്റ് വില്യം ഫോക്നറും ലാറ്റിനമേരിക്കൻ കഥാകാരൻ ബോർഹെസും മാർകേസിന്റെ സാഹിത്യസംസ്കാരത്തെ രൂപപ്പെടുത്തിയിരിക്കാം. പക്ഷേ, മാർകേസ് സംസ്ക്കാരത്തെ വ്യാഖ്യാനിച്ചത് അദ്ദേഹത്തിന്റേതു മാത്രമായ മാർഗ്ഗത്തിലൂടെയാണ്. സംസ്ക്കാരത്തിന്റെ പരിവർത്തനത്തിന് അദ്ദേഹം കാരണക്കാരനായത് സ്വകീയമായ സർഗവൈഭവത്താലാണ്. അങ്ങനെ നോക്കുമ്പോൾ

images/Jorge_Luis_Borges.jpg
ബോർഹെസ്

മാർകേസ്ന് ആരോടും ആധമർണ്യമില്ല. ഗാബ്രീയൽ ഗാർസീയാ മാർകേസിനു തുല്യം ഗാബ്രീയൽ ഗാർസിയ മാർകേസ് മാത്രം.

നൂതന സാഹിത്യസംസ്ക്കാരത്തിന്റെ പ്രയോക്താവെന്ന നിലയിൽ ആദരിക്കപ്പെടുന്ന ഈ ഉജ്ജ്വല പ്രതിഭാശാലിയുടെ കൃതികൾക്കുള്ള സവിശേഷത എന്താണ്? അതിനുത്തരം നൽകാൻവേണ്ടി വേറൊരു സാഹിത്യകാരനെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് അന്തരിച്ച ഫ്രഞ്ച് നോവലിസ്റ്റ് റോമാങ് ഗാരി യുടെ The Roots of Heaven എന്ന നോവലിൽ ഒരു ജർമ്മൻ തടങ്കൽപ്പാളയത്തിന്റെ വർണ്ണനമുണ്ട്. അവിടെ കിടക്കുന്ന

images/TheRootsofHeaven.jpg

ഫ്രഞ്ച് ഭടൻമാർ ഒന്നിനൊന്നു തകർച്ചയിലേക്കു നീങ്ങുന്നു. ഈ തകർച്ചയിൽനിന്നു രക്ഷപ്രാപിക്കാൻ തടവുകാരുടെ നേതാവായ റോബർ ഒരു മാർഗം കണ്ടു പിടിക്കുന്നു. തടവുമുറിയുടെ ഒരു മൂലയിൽ ഒരു പെൺകുട്ടി ഇരിക്കുന്നതായി സങ്കൽപിക്കുക എന്നതാണ് ഈ ഉപായം. ആരെങ്കിലും അന്നനാളത്തിന്റെ മറ്റേയറ്റംകൊണ്ടു ശബ്ദമുണ്ടാക്കിയാൽ അയാൾ ആ സാങ്കൽപികകന്യകയോടു ക്ഷമായാചനം ചെയ്യണം. വസ്ത്രങ്ങൾ മാറ്റുമ്പോൾ അവൾ കാണാതിരിക്കാനായി യവനിക തൂക്കണം. ഈ സങ്കൽപത്തിനും അതിന് അനുസരിച്ചുള്ള പ്രവർത്തനത്തിനും ഫലമുണ്ടായി. തടവുകാർ തകർച്ചയിൽനിന്ന് രക്ഷപ്പെട്ടു. ജർമ്മൻ

images/Guimaraes_Rosa_anos_1960.jpg
റോസ

സൈനികോദ്യോഗസ്ഥൻ ഇതറിഞ്ഞു. അയാൾ അവിടെനിന്ന് അറിയിച്ചു: “നിങ്ങൾ ഇവിടെ ഒരു പെൺകുട്ടിയെ താമസിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. നാളെക്കാലത്ത് ഞാനിവിടെ ഭടൻമാരുമായി വരും. അപ്പോൾ അവളെ വിട്ടുതരണം. ഞാനവളെ വേശ്യാലയത്തിലേയ്ക്ക് അയയ്ക്കും, ജർമ്മൻ ഭടൻമാരുടെ ആവശ്യത്തിലേക്കുവേണ്ടി”. പെൺകുട്ടിയെ വിട്ടുകൊടുത്താൽ അവളെ വീണ്ടും സൃഷ്ടിക്കാനാവില്ല എന്ന് ഫ്രഞ്ചുതടവുകാർക്ക് അറിയാം. അതുകൊണ്ട് അവളെ വിട്ടുകൊടുക്കേണ്ടതില്ലെന്ന് റോബറും കൂട്ടുകാരും തീരുമാനിച്ചു. അടുത്ത ദിവസം റോബർ “ഏകാന്തതടവി”ലേക്കു നയിക്കപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞു. അയാൾ മരിച്ചിരിക്കു

images/Jose_Maria_Arguedas.jpg
അർഗേതാസ്

മെന്നാണ് സുഹൃത്തുക്കൾ കരുതിയത്. ഒരു ദിവസം ക്ഷീണിച്ചു തളർന്ന റോബറിനെ കൂട്ടുകാർ കണ്ടു. “നിങ്ങളെങ്ങനെയാണ് മരിക്കാതിരുന്നത്?” എന്ന് അവർ ചോദിച്ചപ്പോൾ അയാൾ മറുപടി നൽകി: പെൺകുട്ടിയെ സങ്കൽപിച്ചെടുത്തതുപോലെ അയാൾ വിശാലങ്ങളായ സമതലങ്ങളിൽ ആനകൾ നടന്നുപോകുന്നതായി സങ്കൽപിച്ചുപോലും. ഈ സങ്കൽപം അയാളെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. യാഥാർത്ഥ്യത്തിന്റെ ഒരു തലത്തിൽ നിന്നുകൊണ്ട് മറ്റൊരു യാഥാർത്ഥ്യത്തിന്റെ തലം സാക്ഷാത്കരിക്കുകയായിരുന്നു റോബർ. സങ്കൽപത്തിന്റെ ഫലമായ ഈ രണ്ടാമത്തെ യാഥാർത്ഥ്യതലത്തിന് ആദ്യത്തെ യാഥാർത്ഥ്യതലത്തേക്കാൾ സത്യാത്മകത ഉണ്ടായിരിക്കും. മാർകേസ് അനുഷ്ഠിച്ച കൃത്യം ഇതുതന്നെയാണ്. അദ്ദേഹം ജനിച്ചത് കൊളംബിയയിലെ ഒരു അനൂപപ്രദേശത്താണ്. ചതുപ്പുനിലങ്ങൾ

images/Rulfo_por_Lyon.jpg
ഹ്വാൻ റൂൾഫോയും

നിറഞ്ഞ ഈ പ്രദേശമാണ് മാർകേസിന്റെ കൃതികളിലെ മേക്കോണ്ടപ്പട്ടണമായി രൂപാന്തരപ്പെടുന്നത്. അദ്ദേഹത്തിന്റെ Leaf storm and other stories എന്ന കഥാസമാഹാരഗ്രന്ഥം വായിക്കൂ. മേക്കോണ്ടപ്പട്ടണം കാണാം. ആ ഗ്രന്ഥത്തിലാണ് ഈ ടൗൺഷിപ്പ് ആദ്യമായി പ്രത്യക്ഷമാകുന്നത്. ഇതിന്റെ ‘ഗുരുത്വാകർഷണത്തി’നു വിധേയമായിട്ടാണ് മാർകേസിന്റെ മറ്റുള്ള കൃതികൾ ആവിർഭവിച്ചതും. മേക്കോണ്ടയിൽ എല്ലാം ജീർണ്ണിക്കുന്നു. രാഷ്ട്രീയ മണ്ഡലങ്ങളിൽ അസഹനീയമായ മർദ്ദനം നടക്കുന്നു. സദാചാരത്തിന് ഒരു വിലയുമില്ല അവിടെ. ഭൂമിയുടെ ഉടമസ്ഥൻമാർ

images/Alejo_Carpentier.jpg
അലേഹോ കാർപെന്റിയർ

അധികാരികളെ വശപ്പെടുത്തിക്കൊണ്ട് പാവപ്പെട്ട കർഷകരെ അടിച്ചൊതുക്കുന്നു. ഈ അസമത്വങ്ങളെയും അനീതികളെയും മാർകേസിനു മുൻപുള്ള നോവലിസ്റ്റുകളും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, മാർകേസിന്റെ ചിത്രീകരണത്തിൽ അവയ്ക്കു സാർവലൗകികതലത്തിൽ പ്രാധാന്യം ലഭിക്കുകയുണ്ടായി. ഇതിന് അദ്ദേഹം അംഗീകരിച്ച മാർഗ്ഗവും വിഭിന്നമായിരുന്നു. ഒരളവിൽ ബീഭൽസം എന്നു വിളിക്കാവുന്ന സ്ഥൂലീകരണത്തിലൂടെയും അത്യുക്തിയിലൂടെയും ഹാസ്യാത്മകമായി അദ്ദേഹം ചൂഷണങ്ങളെയും മർദ്ദനങ്ങളെയും ആവിഷ്കരിച്ചു. നിസ്സംഗനായിട്ടാണ് അദ്ദേഹം ചിത്രങ്ങൾ വരച്ചത്. ഫലമോ? വായനക്കാരെ ചിന്തയുടെ മണ്ഡലത്തിലേക്കു വലിച്ചെറിയുന്ന കലാശിൽപങ്ങൾ. അവയിൽ നോവലിസ്റ്റിന്റെ ആക്രമണോത്സുകത ഇല്ലതാനും. മാർകേസിനു മുമ്പുള്ള നോവലിസ്റ്റുകൾ റോസ യും (Rosa) അർഗേതാസും (Arguedas) ഹ്വാൻ റൂൾഫോയും (Juan Rulfo) ഇതേ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. മറ്റു നോവലിസ്റ്റുകളായ അലേഹോ കാർപെന്റിയറും (Alejo Carpentier) മാറിയോ വാർഗ്ഗാസ്യോസയും (Mario Vargas Llosa) ഈ പ്രതിപാദ്യ വിഷയം നിരാകരിച്ചില്ല. എങ്കിലും

images/Mario_Vargas_Llosa.jpg
മാറിയോ വാർഗ്ഗാസ്യോസ

മാർകേസിനു കഴിഞ്ഞതുപോലെ അസുലഭ ശോഭയോടെ അവ സ്ഫുടീകരിക്കാൻ അവർക്കു സാധിച്ചില്ല. അസാധാരണം എന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം പ്രതിരൂപാത്മകത്വവും ഫാന്റസിയുമാണ് ഈ പ്രതിഭാശാലിയുടെ കലാസൃഷ്ടികളിലുള്ളത്. അവയിൽ നിന്നു രൂപംകൊള്ളുന്ന മേക്കോണ്ടാപ്പട്ടണം സാർവ ലൗകിക പ്രാധാന്യം ആവഹിക്കുന്നു.

ഈ മേക്കോണ്ട പട്ടണത്തിന്റെ നൂറു കൊല്ലത്തെ ഏകാന്ത ചരിത്രം മാർകേസിന്റെ മാസ്റ്റർപീസായ One hundred Years of Solitude എന്ന നോവലിൽ അന്യാദൃശസൗന്ദര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. അതിനായി അദ്ദേഹം സ്വീകരിക്കുന്ന ‘ടെക്നിക് ’ റിയലിസത്തിന്റേതല്ല. നോക്കുമ്പോൾ കണ്ണിനു വിഷയമാകുന്ന യാഥാർത്ഥ്യത്തെ സർഗാത്മകത്വംകൊണ്ടു വേറൊരു യാഥാർത്ഥ്യമാക്കിത്തീർക്കുകയാണ് മാർകേസ്. ബ്വേണ്ടിയ കുടുംബത്തിന്റെ കഥ പറയുകയാണ് നോവലിസ്റ്റ്. ആ കുടുംബത്തിൽപ്പെട്ട ഒരു കുട്ടി സ്ക്കൂളിൽനിന്നു മടങ്ങിയെത്തിയപ്പോൾ അറുപത്തിയെട്ടു കൂട്ടുകാരെക്കൂടെ കൊണ്ടുവന്നുപോലും. കിടക്കാൻ പോകുന്നതിനു മുൻപ് അവർ ഓരോരുത്തരായി കുളിമുറിയിൽ പോകാൻ തുടങ്ങി. രാത്രി ഒരു മണിയായിട്ടും എല്ലാവരും പോയിക്കഴിഞ്ഞില്ല. പ്രായം കൂടിയ ഒരു ബ്വേണ്ടിയ കുടുംബാംഗം മരിച്ചപ്പോൾ ആകാശത്തുനിന്നു മഞ്ഞപ്പൂക്കളുടെ വർഷമുണ്ടായി. മരിച്ച ഒരുത്തൻ ജീവനോടെ മേക്കോണ്ടയിൽ തിരിച്ചെത്തി. അയാൾക്ക് മരണത്തിന്റെ ഏകാന്തത സഹിക്കാൻ കഴിഞ്ഞില്ലത്രേ. മുൻപു പറഞ്ഞ ബ്വേണ്ടിയ കുടുബാംഗം മരിച്ചത് അയാളുടെ അമ്മ ഉർസൂല അറിയുന്നത് വിചിത്രമായ രീതിയിലാണ്. മരിച്ചയാളിന്റെ വീട്ടിൽനിന്ന് ഒഴുകാൻ തുടങ്ങിയ രക്തരേഖ റോഡിലെ വളവുകളെല്ലാം തിരിഞ്ഞ് ഉർസൂലയുടെ വീട്ടിൽ എത്തിച്ചേർന്നു. അപ്പോൾ ഉർസൂല റൊട്ടിയുണ്ടാക്കാനായി മുപ്പത്തിയാറു മുട്ട ഉടയ്ക്കാൻ ഭാവിക്കുകയായിരുന്നു. മേക്കോണ്ടയിൽ എന്തെല്ലാമാണ് സംഭവിക്കുന്നത്!

images/macondo_marquez.jpg
Macondo

അലമാരിക്കകത്തു വച്ചു മറന്ന ഒരു ഫ്ലാസ്ക്കിന്റെ കനം കൂടി. മേശപ്പുറത്തുവച്ച ഒരു പാത്രത്തിലെ വെള്ളം തീയില്ലാതെ തിളച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അത് ആവിയായി പോകുകയും ചെയ്തു. അവാസ്ത്വികങ്ങളായ ഈ സംഭവങ്ങൾ മാർകേസ് വർണ്ണിക്കുന്നതെന്തിനാണ്? നിത്യ ജീവിത സത്യത്തിനും അപ്പുറത്തുള്ള മറ്റൊരു സത്യം ചൂണ്ടികാണിച്ചുതരാനാണ് അദ്ദേഹം അമ്മട്ടിൽ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ നാം എന്നും കാണുന്ന കാര്യങ്ങൾ സത്യമാണെന്നതിന് എന്തു തെളിവുകളുണ്ട്. ബംഗാളിലെ വനത്തിൽ നടക്കുന്ന കടുവയെ കാൻവാസിൽ വരച്ചുവച്ചാൽ ആ കടുവയ്ക്കും വനത്തിലെ കടുവയ്ക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരിക്കും. വ്യത്യാസമുണ്ടെങ്കിൽ, കാൻവാസിലെ കടുവ വെറും സങ്കൽപമാണെങ്കിൽ അതിനു മൂന്നു കാലു മാത്രമേയുള്ളൂ എന്നു പറഞ്ഞുകൂടേ? ആ കടുവ മൂന്നു കാലുവച്ച് ഹോക്കികളിച്ചു എന്നും പറഞ്ഞുകൂടേ? അസാധാരണവും അവിശ്വസനീയവുമായ ഇത്തരം സംഭവങ്ങളുടെ വർണ്ണനമാണ് മാർകേസിന്റെ കലയുടെ സവിശേഷത. അത് യഥാർത്ഥ ലോകത്തു നിന്ന് ഒരു മാന്ത്രിക ലോകത്തേക്കു നമ്മെ നയിക്കുന്നു. അപ്പോഴുണ്ടാകുന്ന വിമോചനത്തിന്റെ ബോധം നമുക്ക് എന്തെന്നില്ലാത്ത ആശ്വാസമരുളുന്നു.

ഹോസ് ആർകേദിയോ ബ്വേണ്ടിയ ഒരു രാത്രി കണ്ണാടിച്ചുവരുകളുള്ള ഒരു പട്ടണം സ്വപ്നം കണ്ടു. അടുത്ത ദിവസം അയാൾ ആ വിധത്തിലൊരു പട്ടണത്തിന്റെ പ്രതിഷ്ഠാപകനായി. അയാളുടേയും അയാൾക്കു ശേഷമുള്ള നാലു തലമുറകളുടേയും കഥയാണ് ഈ നോവലിലുള്ളത്; നൂറു വർഷത്തെ ഏകാന്തയുടെ കഥ. അത് ആഖ്യാനംചെയ്തു കഴിയുമ്പോൾ നോവൽ അവസാനിക്കുന്നു. ഹോസ് ആർകേദിയോയുടെ കിനാവുപോലെ മേക്കോണ്ടയും അപ്രത്യക്ഷമാകുന്നു.

ഹോസ് ആർകേദിയോ നഗരം സ്ഥാപിച്ചപ്പോൾ അവിടെ ഒരു ജിപ്സി വന്നെത്തി. അയാൾ ബ്വേണ്ടിയ കുടുംബത്തിന് അജ്ഞാതമായ ഭാഷയിൽ രചിക്കപ്പെട്ട ഒരു കൈയെഴുത്തുപ്രതി കൊടുത്തു. കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട ഒറീലിനിയോ അതു വായിച്ചു മനസിലാക്കുന്നു. പിതാമഹൻമാരുടെയും പ്രപിതാമഹൻമാരുടെയും കഥകൾ അതിൽനിന്ന് അയാൾ ഗ്രഹിക്കുന്നു. തന്റെ കഥയും അതിലുണ്ട്. അത് എന്തെന്നറിയാൻ അയാൾ തിടുക്കത്തോടെ പുറങ്ങൾ മറിച്ചു. അപ്പോൾ ചക്രവാതമുണ്ടായി. ആ കൊടുങ്കാറ്റിൽപ്പെട്ട് മേക്കോണ്ട നഗരം തകർന്നുവീഴും. ഒറീലിനിയോ മുറിവിട്ടു പുറത്തുപോകില്ല. നമ്മൾ വായിച്ച നോവൽ ജിപ്സി നൽകിയ കൈയെഴുത്തു പ്രതിതന്നെ. ഈ ഭാഗത്തെത്തുമ്പോൾ വായനക്കാരായ നമ്മളും ചക്രവാതത്തിൽ പെട്ട്പോകുന്നു എന്ന തോന്നൽ. ചകിതരായി, പ്രകമ്പനത്തിനു വിധേയരായി നമ്മൾ മുറിവിട്ടു പുറത്തുപോകാതെ ഇരുന്നുപോകുന്നു. ശൂന്യതയുടെ ബോധമുളവാക്കുന്ന നോവലുകളിൽ ഈ നോവൽ അത്യുൽകൃഷ്ടമാണ്.

യഥാർത്ഥവും സാങ്കൽപികവുമായ വസ്തുതകളുടെ അതിർത്തിരേഖകൾ ഈ നോവലിൽ മാഞ്ഞുപോകുന്നു. മനുഷ്യാവസ്ഥയുടെ ഒരു ‘മെറ്റഫറാ’ണ് ഈ നോവലെന്നും പറയാം. മനുഷ്യജീവിതത്തിന്റെ ട്രാജഡിയെ ഇതിനേക്കൾ ഉദാത്തതയോടെ മറ്റാരും ചിത്രീകരിച്ചിട്ടില്ല. ലാറ്റിനമേരിക്കയുടെ ചരിത്രം കൂടിയാണ് ഈ നോവൽ. അതിന് സാർവജനീനതയും സാർവലൗകികതയും വരുത്തി മാർകേസ് അനുപമമായ കലാശിൽപം സൃഷ്ടിച്ചിരിക്കുന്നു.

മാർകേസിന്റെ വേറൊരു മാസ്റ്റർപീസണ് “വർഗാധിപതിയുടെ വീഴ്ച”—The Autumn of the Patriarch—എന്ന നോവൽ.

images/TheAutumnofThePatriarch.jpg
The Autumn of the Patriarch

ഫാന്റസിയിലൂടെ സ്വേച്ഛാധിപത്യത്തിന്റെ കുൽസിതത്വം ചിത്രീകരിക്കുന്ന ഈ കൃതി വായിക്കുന്നത് സാധാരണമായ അനുഭവമല്ല, മഹനീയമായ അനുഭവമാണ്. നോവൽ ആരംഭിക്കുമ്പോൾ സ്വേച്ഛാധിപതിയുടെ അഴുകിയ ശവമാണ് നമ്മൾ കാണുന്നത്. കഴുകൻമാർ അതിന്റെ അടുക്കലെത്തിക്കഴിഞ്ഞു. പിറകേ വിപ്ലവകാരികളും. അവർ കമഴ്‌ന്നുകിടന്ന ആ മൃതദേഹം മറിച്ചിട്ടുനോക്കി. സ്വേച്ഛാധിപതിയുടെ മൃതശരീരം തന്നയോ അത്? അറിഞ്ഞുകൂടാ. വിപ്ലകാരികൾ അയാളെ കണ്ടില്ലല്ലോ. പിന്നെ എങ്ങനെയാണ് അവർക്ക് അയാളെ തിരിച്ചറിയാൻ കഴിയുക? ഭയങ്കരനായ ആ സ്വേച്ഛാധിപതി ആരാണ്? ഭൂമി കുലുക്കമുണ്ടായാൽ അതു തടയാൻ കഴിയുന്നവൻ. ഗ്രഹണം ഉണ്ടാകുമെന്നു കണ്ടാൽ നിരോധനാജ്ഞകൊണ്ട് അത് ഇല്ലാതാക്കാൻ പ്രാഗൽഭ്യമുള്ളവൻ. നോവൽ ആരംഭിക്കുമ്പോൾ ഈ ലോകം വിട്ടുപോയിരിക്കുന്ന ആ രാക്ഷസൻ പലരുടേയും ആഖ്യാനത്തിലൂടെ നമ്മുടെ മുമ്പിൽ വന്നുനിൽക്കുന്നു. പ്രതിയോഗിയായ ഒരു മന്ത്രിയെ കൊന്നു വെള്ളി ട്രേയിൽവച്ച് ബാൻക്വിറ്റിനു കൊണ്ടുവന്നവനാണ് ഡിക്ടേറ്റർ. അതിഥികൾക്ക് കോളിഫ്ളവറോടുകൂടി അയാളുടെ മാംസം ഭക്ഷിക്കേണ്ടിവന്നു.

മാർകേസിന്റെ ‘വിഷൻ’ ഇവിടെയും സ്ഥൂലീകരണമാർന്നു കാണപ്പെടന്നു. ഇതിനു കാരണമുണ്ട്. കൊളംബിയയിലെ ആഭ്യന്തരയുദ്ധങ്ങൾ മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളെക്കാൾ വിചിത്രതരമാണ്. ‘ഫാൻറ്റാസ്റ്റിക് ’ എന്ന ഇംഗ്ലീഷ്പദം അതിന്റെ സ്വഭാവം കൂടുതൽ വ്യക്തമാക്കിത്തരുമെന്നു തോന്നുന്നു. 1899-ലെ ആഭ്യന്തരയുദ്ധത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ വധിക്കപ്പെട്ടു. 1948-നും 1953-നും ഇടയ്ക്കുണ്ടായ വിപ്ലവത്തിൽ രണ്ടുലക്ഷത്തിലധികം പേരാണ് മരിച്ചത്. 1953-ൽ

images/Gustavo_Rojas_Pinilla.jpg
ഖുസ്റ്റാവോ റോഹാസ്പീനീയാ

ഖുസ്റ്റാവോ റോഹാസ്പീനീയാ (Gustavo Rojas Pinilla) എന്ന സൈനിക മേധാവി പ്രസിഡന്റായിരുന്ന ഗോമേത്തിനെ (Gomez) നിഷ്കാസനം ചെയ്തിട്ട് അധികാരം പിടിച്ചെടുത്തു. അയാളുടെ മർദ്ദനഭരണവും കൊളംബിയൻ ജനതക്ക് സഹിക്കേണ്ടിവന്നു. 1957-ൽ റോഹാസും സ്ഥാനഭ്രഷ്ടനായി. 1977-ൽ പട്ടാളനിയമം വന്നു. എത്രയെത്ര മരണങ്ങളാണ് അതിനുശേഷമുണ്ടായത്.

images/Gabriel_Garcia_Marques_caricature.png
മാർകേസ്

ഇവയൊക്കെക്കണ്ട് മാർക്കേസിന്റെ വികാരലോലമായ ഹൃദയം പിടഞ്ഞിരിക്കണം. മതിവിഭ്രമജനകമായ ഈ വിപ്ലവങ്ങളുടെ സ്വഭാവം ആവിഷ്കരിക്കുമ്പോൾ നോവലുകൾക്കും മതിവിഭ്രമജനക സ്വഭാവം വന്നേ മതിയാവൂ. സ്വസ്ഥതയുള്ള മനുഷ്യൻ പ്രാപഞ്ചികസംഭവങ്ങളെ നേരെ കാണും. അടിക്കടി വിപ്ലവം നടക്കുന്ന രാജ്യത്തുള്ള ജനങ്ങൾ അസ്വസ്ഥരായിരിക്കും. ആ അസ്വസ്ഥതയോടെ നോക്കുമ്പോൾ സംഭവങ്ങൾ രൂപപരിവർത്തനം വന്ന മട്ടിലേ പ്രത്യക്ഷങ്ങളാവൂ. മാർകേസിന്റെ ഫാന്റസിക്ക് ഹേതു ഇതാണ്. ഈ നോവലിലെ ഡിക്ടേറ്റർക്ക് ‘അധികദിനവൽസരം’—leap year—വന്നാൽ അതില്ലാതെയാക്കാൻ കഴിയും. ഗോപുരത്തിലെ മണി പന്ത്രണ്ടടിക്കാറായപ്പോൾ അത് പാടില്ല, രണ്ടു തവണ മാത്രമേ അത് ശബ്ദിക്കാവൂ എന്ന് അയാൾ ആജ്ഞാപിച്ചു. പ്രത്യക്ഷത്തിൽ അസംബന്ധമെന്ന് തോന്നാവുന്ന ഈ സംഭവങ്ങൾ വിപ്ലവം കൊണ്ട് ക്ഷോഭിച്ചകൊളംബിയൻ ജനതയുടെ മാനസികനിലയ്ക്ക് യോജിച്ചവയാണ്. സാംസ്കാരികവും രാഷ്ട്രവ്യവഹാരപരവുമായ അവസ്ഥാവിശേഷങ്ങളിൽ ഫാന്റസികൾ നിവേശനം ചെയ്ത് സത്യത്തിലേക്ക് നമ്മെ കൊണ്ടുചെല്ലുന്ന നോവലാണ് “വർഗ്ഗാധിപതിയുടെ വീഴ്ച”.

1973 സെപ്റ്റംബറിൽ “കൂ ദേ താ” യിൽക്കൂടി (Coup d’etat)–അട്ടിമറിവിപ്ലവത്തിൽക്കൂടി ചിലിയിൽ അധികാരം പിടിച്ചെടുത്ത ഔഗുസ്റ്റോ പീനോചേ ഊഗാർതേ (Augusto Pinochet Ugarte) സ്ഥാനഭ്രഷ്ടനാകുന്നതുവരെ താൻ നോവലെഴുതുകയില്ലെന്ന് മാർകേസ് 1973-ൽ പ്രഖ്യാപിച്ചു.

images/Pinochet_Ugarte.jpg
ഔഗുസ്റ്റോ പീനോചേ ഊഗാർതേ

എങ്കിലും അദ്ദേഹം Chronicle of a Death Foretold എന്ന മറ്റൊരു പ്രകൃഷ്ടകൃതി നമുക്ക് നൽകി. എനിക്ക് അത് വായിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് നിരൂപകർ പറഞ്ഞത് എടുത്തെഴുതാനേ എനിക്കു കഴിയൂ. “വടക്കേ കൊളംബിയയുടെ കായൽവാരങ്ങളിൽ നിദ്രയിൽ വിലയം കൊണ്ട ഒരു പട്ടണം ഉണർന്നെഴുന്നേൽക്കുന്നു. ഒരു വിവാഹാഘോഷത്തിനുവേണ്ടി. വധുവിന് വേറൊരുത്തൻ കാമുകനായി ഉണ്ടെന്നറിഞ്ഞ വരൻ അവളെ ഉപേക്ഷിച്ചുപോകുന്നു. വധുവിന് ശാശ്വതമായ ദുഃഖവും ഏകാന്തയും അവളുടെ ഇരട്ടപെറ്റ സഹോദരൻമാർ പ്രതികാരനിർവഹണത്തിന് സന്നദ്ധരാകുന്നു”.

“On the day they were going to kill him, Santiago Nasar awoke at five-thirty in the morning…” എന്നാണ് നോവലിന്റെ തുടക്കം. കോടിക്കണക്കിന് നോവൽ വിറ്റഴിഞ്ഞു. ഇംഗ്ലീഷിനു പുറമേ മറ്റു പത്തു ഭാഷകളിൽ അതിന്റെ തർജ്ജമ വന്നു കഴിഞ്ഞു.

images/NoOneWritesToTheColonel.jpg

മാർകേസിന്റെ ചെറുകഥകളും ദീർഘതയാർന്ന കഥകളും അവയുടെ മാന്ത്രികസൗന്ദര്യംകൊണ്ട് ഹൃദയാവർജ്ജകങ്ങളായിരിക്കുന്നു. ‘No one writes to the Colonel’ എന്ന നീണ്ടകഥയിൽ ഒരിക്കലും വരാത്ത പെൻഷനുവേണ്ടി എന്നും പോസ്റ്റാഫിസിൽ പോകുന്ന ഒരു പട്ടാളക്കാരനെ കാണാം. അയാളുടെ സ്വഭാവം ചിത്രീകരിക്കുന്ന രീതി അന്യാദൃശ്യമെന്നേ പറയാനാവൂ. മാർകേസിന്റെ ‘The Other Side of Death’ എന്ന കഥ ഇരട്ടപെറ്റ സഹോദരൻമാരിൽ ഒരാളുടെ മരണത്തെ വർണ്ണിക്കുന്ന കഥ–മരണത്തേക്കാൾ സുശക്തമാണ്.

ഉജ്ജ്വലങ്ങളായ ഈ നോവലുകൾക്കും ചെറുകഥകൾക്കും ഒരു സാമാന്യധർമ്മമുണ്ട്. അതു പ്രകൃതിയുടെ ലയം തന്നെയാണ്. മേക്കോണ്ടയിൽ കൊടുങ്കാറ്റടിക്കുന്നതിന് തൊട്ടു മുൻപ് ഭൂജാതനായ ഒരു ശിശുവിനെ എറുമ്പുകൾ തിന്നുകളയുന്നു. മേക്കോണ്ട നശിക്കുന്നു; ഡിക്ടേറ്ററും അയാളുടെ രാജ്യവും നശിക്കുന്നു സ്ഥിരമായി നിൽക്കുന്നത് പ്രകൃതിമാത്രം. അതിന്റെ ലയം മാത്രം.

images/Aleksandr_Solzhenitsyn_1974crop.jpg
സോൾഷെനിസ്റ്റ്സ്യൻ

വലിയ കലാകരൻമാരുടെ പ്രവർത്തനങ്ങൾ പരിതഃസ്ഥികളിൽ ആഘാതമേൽപിക്കുന്നു. ടോൾസ്റ്റോയി യുടെ വാർ ആൻഡ് പീസ്’ എന്ന നോവൽ അങ്ങനെ ആഘാതമുളവാക്കി. ഈ ആഘാതങ്ങൾ പ്രതിഭ കുറഞ്ഞവരുടെ മസ്തിഷ്കത്തിൽ ഒരു ‘പാറ്റേൺ’ സൃഷ്ടിക്കുന്നു. ആ പാറ്റേണിൽനിന്നു മാറിനിൽക്കാൻ അവർക്കു കഴിയുകയില്ല. സോൾഷെനിസ്റ്റ്സ്യ ന്റെ ചരിത്രനോവൽ (August 1914) ടോൾസ്റ്റോയിയുടെ പരിവേഷത്തിനകത്തു ഭ്രമണം ചെയ്യുന്ന ഷട്പദം മാത്രമാണ്. ഈ പാറ്റേണിൽനിന്ന് വിട്ടുമാറി ബാഹ്യപരിതഃസ്ഥികളിൽ ആഘാതമേൽപിക്കാൻ ഏതു കലാകാരന് കഴിയുമോ അയാളാണ് ഉജ്ജ്വല പ്രതിഭാശാലി. മാർകേസ് ആ വിധത്തിലൊരു കലാകാരനാണ്.

എം. കൃഷ്ണൻ നായർ
images/Mkn-06.jpg

തിരുവനന്തപുരത്ത് വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3-നു ശ്രീ എം കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.

സാഹിത്യവാരഫലം

36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പു വരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. പാവ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.

സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

images/MKN-letter.jpg
1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത്.

അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും ടോള്‍സ്റ്റോയിയും തോമസ് മാനു മായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.

തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. ഇന്ത്യന്‍ കോഫി ഹൌസിലെ പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉള്‍ക്കൊള്ളിച്ചിരുന്നു.

ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.

(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)

Colophon

Title: Ekanthathayude Layam (ml: ഏകാന്തതയുടെ ലയം).

Author(s): M. Krishnan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-19.

Deafult language: ml, Malayalam.

Keywords: Article, M. Krishnan Nair, Ekanthathayude Layam, എം. കൃഷ്ണൻ നായർ, ഏകാന്തതയുടെ ലയം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Loneliness, a painting by Felix Nussbaum (1904–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Rashmi; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.