images/Carl_Gustav.jpg
Schönau near Teplitz, a painting by Carl Gustav Carus (1789–1869).
തുളുനാടും സ്വാതന്ത്ര്യ സമരവും
ഡോ. എ. എം. ശ്രീധരൻ
images/D_K_Chowta.jpg
ഡി. കെ. ചൗട്ട

ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ കാസർഗോഡ്, മംഗലാപുരം, ഉടുപ്പി ജില്ലകളടങ്ങുന്ന തുളുനാട്ടിലും സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടു്. വ്യക്തികളായും സംഭവങ്ങളായും പ്രതിരോധ സമരങ്ങളായും അവ പടർന്നു നിൽക്കുന്നു. അതൊക്കെ നമ്മുടെ ലിഖിത ചരിത്രത്തിന്റെ ഭാഗവും പ്രസിദ്ധവുമാണു്. എന്നാൽ, സാഹിത്യവും സ്വാതന്ത്ര്യ സമരവും തമ്മിലുളള ബന്ധം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. 1921-ൽ എഴുതിയ എസ്. യു. പനിയാഡിയുടെ സതികമലയെയും 2006-ൽ എഴുതിയ ഡി. കെ. ചൗട്ട യുടെ മിത്തബയൽ യമുനക്കയെയും മുൻ നിർത്തി അത്തരം ഒരാലോചനയാണു് ഇവിടെനടത്തുന്നതു്.

images/Rajagopalachari.jpg
സി. രാജഗോപാലാചാരി

തുളുഭാഷയിലെ ആദ്യനോവലാണു് സതികമല. തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണു് പനിയാഡി സതികമല രചിക്കുന്നതു്. സ്വാതന്ത്ര്യ സമര സംബന്ധമായും ദേശീയോദ്ഗ്രഥനപരവുമായ അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തന പദ്ധതികളുമെല്ലാം ഈ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ടു്. പ്രാദേശിക ഭാഷയായ തുളുവിന്റെ സംരക്ഷണം, വിദേശവസ്ത്ര ബഹിഷ്കരണം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാധ്യമാകേണ്ട ആധുനീകരണം, സ്ത്രീ-പുരുഷസമത്വം തുടങ്ങി സമകാലിക പ്രസക്തിയുള്ള നാനാ വിഷയങ്ങൾ വിശദമായിത്തന്നെ നോവൽ ചർച്ച ചെയ്യുന്നുണ്ടു്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വിഷയങ്ങളെ പ്രമേയമാക്കിയുള്ള നോവലുകൾ ഉണ്ടായിരുന്നു. അക്ഷരമാലയില്ലെന്നും സാഹിത്യമില്ലെന്നും പ്രബലമായ സംസ്കാരമില്ലെന്നും പറഞ്ഞു് അരുകുവൽക്കരിച്ച തുളുവും ഈ കാലഘട്ടത്തിലെ പ്രബലസാന്നിധ്യമാകുന്നുണ്ടെന്നു് സ്ഥാപിക്കാനാണു് ഇങ്ങനെയൊരാമുഖം.

images/Khan_Abdul_Ghaffar_Khan.jpg
ഖാൻ അബ്ദുൾ ഗാഫർ ഖാൻ

കർണാട് സദാശിവറാവു, കോട്ട രാമകൃഷ്ണ കാറന്തു്, സി. കെ. ഭരദ്വാജ്, ഹിരിയടയ്ക്ക രാമരായമല്ലയ്യ, ഹിരിയടയ്ക്ക നാരായണ റാവു, ആർ. എസ്. ഷേണായി തുടങ്ങിയ പ്രമുഖരോടൊപ്പമാണു് പനിയാഡി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതു്. സി. എ. പൈ, പങ്കളു നായക് എന്നിവരും പനിയാഡിക്കൊപ്പമുണ്ടായിരുന്നു. കെ. കെ. ഷെട്ടി, പൊളലി ഷീനപ്പ ഹെഗ്ഡെ, എൻ. എസ്. കില്ലെ എന്നിവർ അക്കാലത്തെ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു. സി. രാജഗോപാലാചാരി യുമായി അടുത്ത സൗഹൃദവും രാഷ്ട്രീയ സഹവർത്തിത്വവും പനിയാഡിക്കുണ്ടായിരുന്നു. ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ആരാധനകനായ പനിയാഡി ചുവന്ന വസ്ത്രം ധരിച്ചു് ‘റെഡ് ഷർട്ട്’ എന്നു് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. ആർ. ആർ. ദിവാകറി ന്റെ അദ്ധ്യക്ഷതയിൽ 1923-ൽ നടന്ന ദക്ഷിണ കന്നട ജില്ലാകോൺഗ്രസ് സമ്മേളനത്തിലും ഗംഗാധർ റാവു ദേശ്പാണ്ഡെ അദ്ധ്യക്ഷത വഹിച്ച 1928-ലെ സമ്മേളനത്തിലും പനിയാഡി പങ്കെടുത്തു.

images/Umesh_Rao.jpg
എം. ഉമേശ് റാവു

1927-ൽ ഗാന്ധിജി മംഗലാപുരം സന്ദർശിച്ചപ്പോൾ പനിയാഡി സജീവമായി രംഗത്തുണ്ടായിരുന്നു. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു് ഹിരിയട്ക്ക രാമരായമല്ലയ്യ, കർണാട് സദാശിവറാവു, എം. ഉമേശ് റാവു, ഷെയ്ഖ് യൂസഫ് സാഹിബ്ബ്, എൻ. എസ്. കില്ലെ, കൃഷ്ണറാവു കുഡ്ഗി, പൊളലി ഷീനപ്പ ഹെഗ്ഡെ എന്നീ കോൺഗ്രസ്സ് പ്രവർത്തകരോടൊപ്പം അദ്ദേഹം അറസ്റ്റു വരിച്ചു. തൃശ്ശിനാപ്പള്ളി ജയിലിലേക്കാണു് ഇവരെ ആദ്യം കൊണ്ടുപോയതെങ്കിലും പിന്നീടു് വെല്ലൂർ ജയിലിലേക്കു് മാറ്റുകയുണ്ടായി. അവിടെ വെച്ചാണു് സഹപ്രവർത്തകരോടു ചേർന്നു് തുളുഭാഷയുടെയും നാടിന്റെയും വിമോചനത്തിനാവശ്യമായ ഗാഢമായ ആലോചനകൾ പനിയാഡി നടത്തിയതു്.

ഗാന്ധിജി കർണാടകത്തിൽ സന്ദർശനം നടത്തിയ വേളയിൽ ഉടുപ്പിയിൽ വെച്ചു് പനിയാഡിയുടെ ഭാര്യ ഭാരതീഭായി ആഭരണങ്ങളെല്ലാം ഊരി ഒരു താലത്തിൽവെച്ചു് അദ്ദേഹത്തിനു നൽകുകയുണ്ടായി. അന്നു് പിഞ്ചുകുഞ്ഞായിരുന്ന മകൻ വദിരാജാണു് ആഭരണം കൈമാറിയതു്. 1937-ൽ നെഹറു ജില്ല സന്ദർശിച്ചപ്പോൾ പനിയാഡിയെയാണു് സെക്രട്ടറിയായി നിയമിച്ചതു്. പനിയാഡി നിർദേശം സ്വീകരിച്ചില്ലെങ്കിലും മകനു് ജവഹർ എന്നു് പേരിടുകയുണ്ടായി. ദളിതു് വിമോചനം, ഖാദി പ്രചാരണം എന്നിവയിലൂന്നിയായിരുന്നു പനിയാഡിയുടെ സ്വാതന്ത്ര്യ സമരത്തിലുള്ള ഇടപെടൽ. അനേകം ദളിതരെ സംഘടിപ്പിച്ചുകൊണ്ടു് പനിയാഡി ഉടുപ്പിയിലെ അനന്തേശ്വര ക്ഷേത്ര പ്രവേശനത്തിനായി തുനിഞ്ഞ കഥ ദക്ഷിണ കർണ്ണാടത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണു്. പനിയാഡിയുടെ ജ്യേഷ്ഠനായിരുന്നു അന്നു് ക്ഷേത്ര പൂജാരി. പൂജാരി ക്ഷേത്രത്തിന്റെ പടിക്കൽ കിടന്നു് തന്നെ കവച്ചു കൊണ്ടേ പ്രവേശനം സാധ്യമാകൂ എന്നു് പനിയാഡിയെ വെല്ലുവിളിച്ചു. പനിയാഡി ആ വെല്ലുവിളി സ്വീകരിച്ചില്ലെങ്കിലും തന്റെ പരിഷ്കരണ സംരംഭങ്ങൾ തുടർന്നു. 1959-ൽ മദ്രാസിൽ വെച്ചു് ഹൃദയസ്തംഭനം മൂലം പനിയാഡി മരിച്ചു.

images/EMS_1.jpg
ഇ. എം. എസ്.

2006-ലാണു് ‘മിത്തബയൽ യമുനക്ക’ പ്രസിദ്ധീകരിക്കുന്നതു്. പേരു സൂചിപ്പിക്കുന്നതുപോലെ സ്ത്രീശക്തിയെ ഉദാഹരിക്കുന്ന നോവലാണിതു്. മിത്തബയൽ ബാരബയൽ എന്നീ രണ്ടു തറവാടുകളെ കേന്ദ്രീകരിച്ചു കൊണ്ടു് തുളുനാടിന്റെ ഏതാണ്ടു് അഞ്ഞൂറു വർഷത്തെ സാംസ്കാരിക ചരിത്രമാണു് ഈ നോവലിലെ പ്രമേയം. മിത്തബയൽ എന്ന കാട്ടു പ്രദേശം കൃഷിയോഗ്യമാക്കൽ, തറവാടിന്റെ രൂപീകരണം, വളർച്ച, ആഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങൾ, പുതു തലമുറയുടെ ഇടപെടൽ, സ്വാതന്ത്ര്യ സമരത്തിലുള്ള പങ്കാളിത്തം, ഹരിജനോദ്ധാരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ഒരു ഭാഗത്തു്. കുമ്പള, മായിപ്പാടി രാജവംശങ്ങൾ, പോർച്ചുഗീസ് അധിനിവേശം, അറബികളുമായുള്ള കച്ചവട ബന്ധം, ബ്രിട്ടീഷ് അധിനിവേശം, ഭൂപ്രഭുക്കന്മാർ തമ്മിലുള്ള സംഘർഷം, നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, രണ്ടാം ലോകമഹായുദ്ധം, ഗാന്ധിജിയുടെ നേതൃത്വം, സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങൾ, ബ്രിട്ടീഷ് മർദ്ദനം, ഗാന്ധിജിയുടെ മംഗലാപുരം സന്ദർശനം, ഗോവിന്ദ പൈയുടെ വ്യക്തി ജീവിതവും രാഷ്ടീയ ജീവിതവും, മദ്രാസ് സംസ്ഥാനത്തിന്റെ രൂപീകരണം, സ്വാതന്ത്ര്യാനന്തരം സംഭവിച്ച നൈതികമായ അധഃപതനം തുടങ്ങിയവ മറുഭാഗത്തുമായി വിശാലമായ കാൻവാസിൽ രചിക്കപ്പെട്ടതാണു് ഈ നോവൽ. കയ്യൂർ സമരവും ഇ. എം. എസ്. മന്ത്രിസഭയുടെ ഭൂപരിഷ്കരണ യത്നങ്ങളുമൊക്കെ സാന്ദർഭികമായി നോവലിൽ കടന്നുവരുന്നു. ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട മഹത്തായ നോവലുകളിലൊന്നാണു് ‘മിത്തബയൽ യമുനക്ക’.

images/U_R_Ananthamurthy.jpg
യു. ആർ. അനന്തമൂർത്തി

വർത്തമാനത്തിലൂന്നി ഒരു നാടിന്റെ ഭൂതകാലത്തിലേക്കുളള സഞ്ചാരമാണു് നോവലിസ്റ്റ് നടത്തുന്നതു്. ചരിത്രപരവും, നാടോടി വിജ്ഞാനീയവും, സാംസ്കാരികവും, നരവംശശാസ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ കോണുകളിലൂടെയുള്ള വായന സാധ്യമാക്കുന്നു എന്നതാണു് ഈ നോവലിന്റെ മറ്റൊരു പ്രത്യേകതയെന്നു് യു. ആർ. അനന്തമൂർത്തി യും, ഗുത്തു മനകളെകേന്ദ്രീകരിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാരത്തിന്റെ സങ്കീർണ്ണതകളാണു് ഈ നോവലിലെ പ്രതിപാദ്യമെന്നും തൗളവരുടെ ഭൂത-വർത്തമാനങ്ങൾ അടുത്തറിയാൻ ഈ നോവലിലൂടെ സാധിക്കുമെന്നും ബി. എ. വിവേക് റായ്യും അഭിപ്രയപ്പെട്ടിട്ടുണ്ടു്. മിത്തബയലിലെ സുബ്ബയ്യയും ഗോവിന്ദ പൈയും ചേർന്നു് തുളുനാട്ടിൽ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ തുളു നാടിനെ ഇന്ത്യയിലെ മറ്റു് പ്രദേശങ്ങൾക്കു് സമശീർഷ്കമാക്കുന്നു. ഗാന്ധിജിയുമായി ഗോവിന്ദ പൈക്കുണ്ടായിരുന്ന ഗാഢസൗഹൃദവും വ്യക്തി ജീവിതത്തിൽ കാട്ടിയ പ്രത്യേക താൽപ്പര്യവും ഈ നോവലിലെ കരളലിയിക്കുന്ന സന്ദർഭങ്ങൾക്കു് കാരണമായിട്ടുണ്ടു്. ഗോവിന്ദ പൈയുടെ പത്നിയുടെ അസുഖവും ദാരുണമായ അന്ത്യവും ഇതോടു് ചേർത്തുവായിക്കേണ്ടതാണു്.

ഗാന്ധിജിയുടെ ഊന്നുവടി തുളുനാടിന്റെ സംഭാവനയാണെന്നു് നോവലിൽ സൂചിപ്പിക്കുന്നുണ്ടു്. അതുപോലെ ഗാന്ധിജിയുടെ തീവണ്ടി മാർഗമുളള മംഗലാപുരം യാത്ര കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലും ദക്ഷിണ കാനറയിലും ഉണ്ടാക്കിയ നവോന്മേഷവും പ്രത്യേകം പരാമർശിക്കപ്പെടുന്നുണ്ടു്. സ്വാതന്ത്ര്യ ലബ്ധിയോടെ അതിന്റെ മുന്നണിപ്പോരാളികളോടു് നാം കാട്ടിയ അവഗണയും കൃതഘ്നതയും അധികാരത്തോടുള്ള ആർത്തിയും വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും വിധമാണു് നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നതു്.

ഡോ. എ. എം. ശ്രീധരൻ
images/sreedharan-am.jpg

കണ്ണൂർ സർവ്വകലാശാല മലയാളം പഠന വകുപ്പു് അദ്ധ്യക്ഷൻ, വിദൂര വിദ്യാഭ്യാസ വകുപ്പു് ഡയറക്ടർ, HRDC ഡയറക്ടർ എന്നീ പദവികളിൽ ജോലി ചെയ്തു.

തുളു മലയാളം നിഘണ്ടു, ബ്യാരി ഭാഷാ നിഘണ്ടു എന്നിവ രചിച്ചു. തുളുവിലെ ആദ്യനോവലായ സതികമലെയടക്കം നിരവധി കൃതികൾ വിവർത്തനം ചെയ്തു. തമിഴ് മഹാകാവ്യം മണിമേഖലയ്ക്കു് ആദ്യമായി പദ്യ വിവർത്തനമൊരുക്കി.

Colophon

Title: Thulunadum Swathanthrya Samaravum (ml: തുളുനാടും സ്വാതന്ത്ര്യ സമരവും).

Author(s): Dr. A. M. Sreedharan.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-13.

Deafult language: ml, Malayalam.

Keywords: Article, Dr. A. M. Sreedharan, Thulunadum Swathanthrya Samaravum, ഡോ. എ. എം. ശ്രീധരൻ, തുളുനാടും സ്വാതന്ത്ര്യ സമരവും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 13, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Schönau near Teplitz, a painting by Carl Gustav Carus (1789–1869). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.