images/puppet.jpg
A buffalohide puppet used in Nang Yai, a form of shadow play from Thailand, a photograph by Steve Evans .
images/yathana.png

ബലിക്കാക്കയുടെ വിഷാദം കലർന്ന ചെരിഞ്ഞുനോട്ടവുമായി തിരുനെല്ലിയിലേക്കുള്ള ബസ്സ് മാനന്തവാടി സ്റ്റാന്റിൽ, തിരക്കിൽനിന്നും മാറി ഓരംചേർന്നു് നിൽക്കുന്നു. വൈക്കത്തുനിന്നോ മറ്റോ കാലത്തുപുറപ്പെട്ട ബസ്സാണെങ്കിലും നേരിട്ടുള്ള യാത്രക്കാർ ആരുംതന്നെയില്ല. രാത്രി ഏഴുമണിയോടെ അവിടെയെത്തുമെന്നു് കണ്ടക്ടർ പറഞ്ഞു. അപ്പോഴേക്കും ദീപാരാധന കഴിഞ്ഞിരിക്കും. താമസം നേരത്തേ ബുക്കുചെയ്തതുകൊണ്ടു് അലയേണ്ടെന്നുമാത്രം.

കാട്ടിക്കുളത്തുനിന്നു് റോഡുതിരിഞ്ഞതുമുതൽ ചെറുതായി മഴ പൊഴിയാൻതുടങ്ങി. തണുപ്പു്, കാടു്, സന്ധ്യ. കടും നീലവർണ്ണത്തിൽ ഇരുട്ടുകൊണ്ടുവരച്ച നിഴൽച്ചിത്രങ്ങൾ! കൊടുംവളവുകളിൽ ഹോണടിക്കാതെ, വേഗം കുറയ്ക്കാതെ ബസ്സുപറപ്പിക്കുന്നതു കണ്ടു തുള്ളിച്ചാടിയിരുന്ന എത്രയോ വനയാത്രകൾ കഴിഞ്ഞിരിക്കുന്നു. ഇരുട്ടത്തു് പാതനിറഞ്ഞു് ആനനിന്നാൽ കാണുകപോലുമില്ല. എതിരെ ഒരു ചെറിയ വാഹനം വന്നാൽപ്പോലും തീർന്നു. പക്ഷേ, ഈ യാത്രയിൽ കാടു് എന്നെ സ്പർശിക്കുന്നേയില്ല. കോടനിറഞ്ഞ വളവുകളിൽ, മരണവുമായി മുഖാമുഖത്തിനു തയ്യാറായി ബസ്സോടിക്കുന്ന ഡ്രൈവറെ നിസ്സംഗമായി നോക്കിക്കൊണ്ടു് ഞാൻ തിരുനെല്ലി സമീപിക്കുന്നതറിഞ്ഞു.

ലോഡ്ജിലെ കൗണ്ടറിൽ റിസർവേഷൻ കടലാസുകാണിച്ചു് മുറിതുറപ്പിച്ചു് കുളിച്ചെന്നുവരുത്തി ഞാൻ ക്ഷേത്രത്തിലേക്കുള്ള കരിങ്കൽപ്പടവുകൾ കയറി. മഴയും കോടയും കൊണ്ടു് മിക്കവാറും വിജനമായ വഴിപാടു കൗണ്ടറിൽ നാളേയ്ക്കുള്ള ‘ഒരാൾപ്പിണ്ഡ’ത്തിനു രസീതാക്കി.

“ദീപാരാധന കഴിഞ്ഞു. എങ്കിലും പുറത്തു് നടയ്ക്കൽ ദീർഘദണ്ഡനമസ്ക്കാരം ചെയ്തോളൂ. കാലത്തു് ആറുമണിക്കു് ബലിസാധനങ്ങൾ കൗണ്ടറിൽനിന്നു വാങ്ങി പാപനാശിനിയിലേക്കു ചെല്ലാം.”

ഇരുട്ടിൽ കരിങ്കൽക്കെട്ടുകളിൽ പിതൃക്കളുെട നിഴലനക്കങ്ങൾ കണ്ടുനടന്നു. നിസ്സഹായതയാണു് അവയുടെ ഭാവം. ശബ്ദമില്ല. സ്പർശമില്ല. വിനിമയമില്ല. മറുലോകത്തുനിന്നു് ജീവന്റെ ലോകത്തേക്കുള്ള അപ്രാപ്യതമാത്രം. അക്വേറിയത്തിന്റെ കണ്ണാടിഭിത്തിയിൽ മീനുകൾ വന്നു് ശബ്ദമില്ലാതെ സംസാരിക്കുന്നതുപോലെ. അർദ്ധരാത്രിയിൽ ബ്രഹ്മാവു് വന്നു് നിത്യവും ചെയ്യുന്നു എന്നു വിശ്വസിക്കുന്ന പൂജയ്ക്കായി, സാമഗ്രികളൊരുക്കിവെച്ചു് തിരുമേനി എട്ടുമണിയോടെ നടയടച്ചു.

ഹോട്ടലിൽനിന്നു് അത്താഴം കഴിച്ചെന്നുവരുത്തി, ലോഡ്ജിലേക്കു തിരിച്ചുനടന്നു. നാലുപാടും ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന ബ്രഹ്മഗിരി നിരകളുടെ നടുത്തളത്തിൽ, വിജനമായ സ്റ്റേഡിയത്തിൽ മരണവുമായി മല്ലയുദ്ധത്തിനു തയ്യാറായ യോദ്ധാവിന്റെ ചിത്രം എങ്ങനെയോ തലയ്ക്കകത്തു കയറിക്കൂടി. രാത്രിക്കു കൊഴുപ്പുകൂട്ടാനായി തിങ്ങിനിറഞ്ഞുനിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ രണ്ടോ മൂന്നോ തെളിഞ്ഞ നക്ഷത്രങ്ങൾ ഒളിഞ്ഞുനോക്കുന്നുണ്ടു്. പ്രേതസിനിമകളിൽ ഇഫക്ടിനായി ഉപയോഗിക്കാറുള്ള തീയറ്റ്റിക്കൽ ഫോഗുപോലെ മഴയിൽ കട്ടികുറഞ്ഞു പാറിവരുന്ന കോടയും കൂടിയായപ്പോൾ ഞാനാ നാടകം വെറുത്തു മുറിയിലേക്കു കയറി. ‘അതു്…’ ഇപ്പോഴും വളരെ നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ടല്ലോ എന്നു് കാതോർക്കുന്തോറും മേലാസകലം തരിപ്പു പടർന്നുകൊണ്ടിരുന്നു. നീണ്ട യാത്രയുടെ വലിവുകൾ ശരീരമാസകലം പടരുന്നുണ്ടായിരുന്നതിനാൽ എപ്പൊഴോ ഉറക്കത്തിലേക്കു കൂപ്പുകുത്തി.

കാലത്തു് ആറുമണിക്കു് കൗണ്ടറിൽ രസീതുകാണിക്കാൻ നേരത്തു് ഉറ്റവരാരോ പിരിഞ്ഞതിന്റെ ചടവുമാറാത്ത രണ്ടു സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതു്. ഇത്ര തിരക്കുകുറഞ്ഞു് കണ്ടിട്ടില്ലത്രേ. ബലിസാമഗ്രികളുമായി അവരോടൊപ്പം പാപനാശിനിയിലേക്കു നടന്നു. അകലമുള്ള കരിങ്കൽപ്പടവുകളിറങ്ങാൻ അവർ ക്ലേശിക്കുന്നുണ്ടായിരുന്നു. പഞ്ചതീർത്ഥക്കരയിൽ ഒരിത്തിരി നിന്നു് കിതപ്പാറ്റുമ്പോൾ കയ്യിൽ വഹിക്കുന്ന നാക്കിലയും ദർഭയും എള്ളും പൂവുമൊക്കെ അതീന്ദ്രിയമായ കനംകൊണ്ടു് കടച്ചിലുണ്ടാക്കുന്നതറിഞ്ഞു. സ്വന്തം അച്ഛന്റെ മരണാനന്തരച്ചടങ്ങിൽനിന്നു പോലും വിട്ടുനിന്ന ശൗര്യമായിരുന്നു യൗവനത്തിൽ. ചിതയുടെ മർമ്മങ്ങളിൽ മക്കളോരോരുത്തരായി കൊള്ളിവയ്ക്കാൻ പറഞ്ഞപ്പോൾ ‘അച്ഛനെ പച്ചയ്ക്കുകൊളുത്താൻ മടിയില്ലാത്ത ജന്തുക്കൾ…’ എന്നു പിറുപിറുത്തു് മാറിനിന്നതാണു്. പിന്നെ ഇതുപോലെ ഒറ്റയ്ക്കൊരു വരവിൽ അച്ഛൻ വല്ലാത്തൊരു സാന്നിധ്യമായി തോന്നിയപ്പോൾ വീട്ടുകാരറിയാതെ തേങ്ങിത്തേങ്ങി കർമ്മങ്ങൾ ചെയ്തു. ഇപ്പോഴും ഞാൻ അവരുടെ കണ്ണിൽ അവിശ്വാസിയാണു്. കടങ്ങൾ ഇനിയും ബാക്കിയുണ്ടെന്നറിഞ്ഞു് വീണ്ടും പാപനാശിനി വിളിക്കുന്നു.

കാട്ടിലെ മഴയ്ക്കു് കാഴ്ചയേക്കാൾ ശബ്ദബഹളമാണു്. വലിയ ആഘോഷത്തോടെ കരിയിലകളിൽ പതിക്കുന്ന തുള്ളികളുടെ ഓർക്കസ്ട്ര. കരഞ്ഞുകരഞ്ഞു മൂക്കുപിഴിയുന്ന ഒരൊച്ച പലതവണ കാട്ടുമഴയിൽ കേട്ടിട്ടുണ്ടു്. ഏങ്ങലുപോലെ വീശിയടിക്കുന്ന കാറ്റും. കാറ്റു് ശവത്തിൽക്കുത്തുംപോലെ മരങ്ങളെ പിന്നെയും കരയിക്കും. ഗുണ്ഡികാശിവക്ഷേത്രത്തിലേക്കു വഴിപിരിയുന്നിടത്തു സംശയിച്ചു നിന്നെങ്കിലും സ്ത്രീകൾ ഒപ്പമെത്തി വഴികാണിച്ചു. ഇടയ്ക്കുള്ള പാലത്തിനുമുകളിലൂടെ കടക്കുമ്പോൾ താഴെയൊഴുകുന്ന അരുവിയ്ക്കു് മഴതുടങ്ങിയതിന്റെ ചെറിയ അഹങ്കാരം! മഴക്കാലമായാൽ ഇവിടമാകെ വെള്ളത്തിന്റെ താണ്ഡവമായിരിക്കും.

ബലികർമ്മം ചെയ്യുന്ന പാറയിടുക്കിൽ വെള്ളം കുതിച്ചുതുടങ്ങിയിട്ടേയുള്ളൂ. കാർമ്മികൻ അവിടെ കാത്തുനിൽപ്പുണ്ടു്. രസീതുവാങ്ങി, അതിൽനോക്കി പേരും നക്ഷത്രവും ഉറക്കെ വായിച്ചു. “പെരുമാളുടെ നക്ഷത്രമാണല്ലോ” എന്നു് ആശ്ചര്യംകൂറി. കാറ്റത്തു് വിളക്കു കെടാതിരിക്കാനുള്ള കൂട്ടിനുള്ളിൽ തിരികൊളുത്തി, നാക്കിലയും സാധനങ്ങളും കല്ലിൽ വച്ചു് അപ്പുറത്തു് മുങ്ങിവരാൻ ആംഗ്യം കാണിച്ചു. എല്ലുകോച്ചുന്ന തണുപ്പിൽ നരകലോകങ്ങളിലൊന്നു് ഓർമ്മിപ്പിച്ചുകൊണ്ടു് പാപനാശിനി അതിന്റെ ശിക്ഷാവിധി നടപ്പിലാക്കി. കർമ്മംചെയ്യുന്ന പാറയിടുക്കിലേക്കു് പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ടു് ഈറനോടെ പതുക്കെ നിരങ്ങിയിറങ്ങുമ്പോഴേക്കും കാർമ്മികൻ ശ്ലോകം ചൊല്ലിത്തുടങ്ങിയിരുന്നു. ദർഭകൊണ്ടു് പവിത്രമണിയിച്ചു്, നാക്കിലയിലൊരുക്കിയ ബലിയിൽ കൈപിണച്ചുവെച്ചു് മരിച്ചുപോയ ആത്മാവിനെ മനസ്സിൽ ധ്യാനിക്കാൻ പറഞ്ഞു. ശ്ലോകം പകുതിനിർത്തി അദ്ദേഹം ചോദിച്ചു.

“ആർക്കാ?”

“ആത്മസുഹൃത്തിനു്.”

“എങ്ങനെ സംഭവിച്ചു?”

“ദുർമ്മരണം… കൊലപാതകം…!”

മൈസൂരിൽ ജോലിചെയ്യുന്ന കാലത്തു് ഓഫീസേഴ്സ് ഹോസ്റ്റലിൽ എന്റെ റൂംമേറ്റായിരുന്നു അൻപഴകൻ. അത്യുൽസാഹി. എപ്പോഴും എന്തെങ്കിലുമൊക്കെ പ്ലാനുകളുമായി ഭാവിയെ വരച്ചിട്ടുകൊണ്ടിരിക്കുന്നവൻ. അടുത്ത ഇരുപതുകൊല്ലം വരെയുള്ള ഭാവിപദ്ധതികൾ കണിശമായി ആസൂത്രണംചെയ്തു് അതിനനുസരിച്ചു് ഓരോ നീക്കവും നടത്തിയിരുന്നവൻ. തമിഴും മലയാളവും കലർത്തി എനിക്കായി ഒരു പ്രത്യേകഭാഷ അവൻ നിർമ്മിച്ചിട്ടുണ്ടു്. അതിന്റെ കൊഞ്ചുന്ന അബദ്ധങ്ങൾ എന്നിൽ വാത്സല്യം നിറയ്ക്കും. അവന്റെ തമിഴ് ശീലങ്ങളെ ഞാൻ കളിയാക്കുമ്പോൾ നുണക്കുഴി വിടർത്തി ചമ്മിയ ചിരിയും ചിരിച്ചു് നിൽക്കുന്ന നിൽപ്പുകാണണം. കുളിക്കു ശേഷമാണു് തലയിൽ എണ്ണതേപ്പു്. നടൻ സൂര്യാ സ്റ്റൈലിൽ താഴേക്കു നീട്ടിവളർത്തിയ മീശ. ടക് ഇൻ ചെയ്യുമ്പോൾ വൃത്തിയായി ഇറുകി നിൽക്കാനായി ഷർട്ടിനു പുറത്തുകൂടിയാണു് അണ്ടർവെയർ ധരിക്കുക. മേലുദ്യോഗസ്ഥരെ കാണുമ്പോൾ നട്ടെല്ലു വളച്ചൊടിച്ചു നിൽക്കും. ചെറിയ ചെറിയ പ്രശംസകൾ പിടിച്ചുപറ്റാനായി എന്തുതരം അടിമപ്പണിയും ചെയ്യാൻ ഒരു മടിയുമില്ല. അൻപ് ഒരു വിശേഷജന്മം. അവനെ കാണുമ്പോഴൊക്കെ ഞാൻ നീട്ടിപ്പാടും:

“അൻപേ അൻപേ കൊല്ലാതേ… ”

അതവനു് വലിയ ഇഷ്ടമാണു്. പാണ്ടിത്തൊണ്ടയിൽ അവനതിന്റെ ബാക്കി പാടും.

“കണ്ണേ കണ്ണൈ കിള്ളാതേ… ”

ഡിസംബറിന്റെ കൊടുംതണുപ്പിലാണു് ഞാൻ മൈസൂരിലെ ഓഫീസേഴ്സ് ഹോസ്റ്റലിൽ ജോലിക്കുചേരാനായി വന്നിറങ്ങിയതു്. അന്നവിടത്തെ വാച്ച്മാൻ കണ്ണൂരുകാരൻ രാജേട്ടൻ അൻപിനെ പരിചയപ്പെടുത്തി. ഞങ്ങളുടെ അതേ സെക്ഷനിലാണു് ജോലിയെന്നും താമസിക്കേണ്ടതു് അയാളുടെ റൂമിലാണെന്നുമൊക്കെ. കൈകൊടുത്തുപരിചയപ്പെടുത്തിയ ഉടനെ അൻപ് ആംഗ്യം കൊണ്ടു് മദ്യപിക്കുമോ എന്നാരാഞ്ഞു. ഞാൻ അന്തിച്ചുനിൽക്കുന്നതുകണ്ടു് രാജേട്ടൻ പൊട്ടിച്ചിരിച്ചു, “ഇവിടത്തെ തണുപ്പിൽ അതൊന്നുമില്ലാതെ രക്ഷയില്ല സാറേ… ”

വാച്ച്മാന്റെ മുറിയിൽ ചെറിയൊരു സ്റ്റൗവും സെറ്റപ്പുമൊക്കെയുണ്ടു്. അന്നവിടെ ചീനച്ചട്ടിയിൽ ചിക്കൻകറി വേവുന്നുണ്ടായിരുന്നു. പാർസലായി വാങ്ങിയ പൊറോട്ടയും രാജേട്ടന്റെ ചിക്കൻകറിയും പിന്നെ അൻപിന്റെ ഉത്സാഹമായിരുന്ന അന്നത്തെ രാത്രിയിലെ ബ്രാണ്ടിയും ചേർന്നു് എന്റെ വരവേൽപ്പു് ഗംഭീരമായി.

കരിങ്കല്ലുകൊണ്ടുപണിത വലിയ അഞ്ചുനില ഹോസ്റ്റലിനകത്തു്, നാട്ടിലെ കൊടുംചൂടിൽനിന്നു പറിച്ചുനടപ്പെട്ട ഞാൻ, ഒരു പരിചയവുമില്ലാഞ്ഞിട്ടും അൻപിന്റെ നിർബ്ബന്ധത്തിനു വഴങ്ങി. മദ്യവും ഭക്ഷണവുംകൊണ്ടു് ഞങ്ങളുടെ ബന്ധത്തിന്റെ അസ്തിവാരം അന്നു പണിതുതീർന്നു.

തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തു് ‘മഞ്ചക്കൊല്ലൈ’ എന്ന കുഗ്രാമമാണു് അൻപിന്റെ നാടു്. കൃഷിയും പശുവും തപ്പട്ടകൊട്ടുന്ന ശവഘോഷയാത്രയുമൊക്കെയായി ‘ഇളയരാജാപാട്ടു’ പോലൊരു ജീവിതം. നാട്ടിലെ ഏക അഭ്യസ്തവിദ്യൻ. ഐ. എ. എസു്. മോഹവുമായി നാടുവിട്ടവൻ. ജാതിയും ജന്മിത്തവും കടുത്ത ആചാരങ്ങളുമൊക്കെ അതിശക്തമായി നിലനിൽക്കുന്ന ഗ്രാമം. തങ്ങളുടെ ഇടവഴിയിലൂടെ ഒരു കീഴ്ജാതിക്കാരൻ നടന്നതിനു് അവനെ അടിച്ചുകൊന്നതു് കഴിഞ്ഞമാസമാണു്. വിശന്നപ്പോൾ വഴിയിൽ വീണുകിടന്ന ഒരു മാമ്പഴം എടുത്തുതിന്നതിനു് സ്ത്രീയെയും കുഞ്ഞിനേയും നഗ്നയാക്കി അടിച്ചു ചോരപ്പാടുവരുത്തിയ നാടു്.

നാട്ടിൽനിന്നു് നാനൂറോളം കിലോമീറ്റർ അകലെയാണെന്നു മാത്രമല്ല, നാനൂറോളം വർഷങ്ങൾ മുന്നിലുമാണു് താനെന്നു് അൻപ് നീരസത്തോടെ പറയും.

മദ്യം കഴുകിത്തുടച്ചു വൃത്തിയാക്കിയ വടിവൊത്ത ‘തംഗ്ലീഷി’ൽ അവൻ മൊഴിയും;

“ഐ ഹേറ്റ് മൈ വില്ലേജ് മനൂ… ”

രാജേട്ടന്റെ കണ്ണൂർ സ്ലാങ് മറുപടിക്കും;

“Never hate one’s roots. Roots are our legs, without which we cannot stand straight… ”

പറഞ്ഞൊപ്പിച്ച ഇംഗ്ലീഷിന്റെ ആവേശത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ച രാജേട്ടൻ മൂക്കുകുത്തി വീണു.

അയാളുടെ വായിൽ മുൻനിര പല്ലുകളൊക്കെ അപ്രത്യക്ഷമായിരുന്നു. കുടിച്ചുഫിറ്റായി പലടത്തും മുഖമടച്ചുവീണതിന്റെ ഫലമാണതെന്നു് പിന്നീടറിഞ്ഞു. സംസാരിക്കുമ്പോൾ പല്ലില്ലാത്ത ശൂന്യതയിലേക്കു് മേൽച്ചുണ്ടു് വലിഞ്ഞുണ്ടാക്കുന്ന ഒരു ഗോഷ്ഠിയിൽ വല്ലാത്ത വൈകൃതം മുഖത്തിനു കൈവരും.

“മനുക്കുട്ടാ… ”എന്നു് അൻപ് സ്ത്രൈണമായി വിളിക്കുമ്പോൾ കറുത്തുമിനുത്ത മുഖത്തെ നുണക്കുഴി ഭംഗിയായി വിടരും.

“I hail from a hell… നരകം തെരിയുമാ? ഒരുതടവൈ, ഒരേതടവൈ എന്നൂര്ക്ക് വന്താ ഉങ്കള്ക്ക് അതു് പുരിയും”

തമിഴന്റെ സ്ഥിരം അതിശയോക്തിയാണെന്നു കരുതി ഞാനപ്പറഞ്ഞതു തള്ളി. എന്റെ നാട്ടിന്റെ ദുരവസ്ഥകളെക്കുറിച്ചു ഞാനും വിസ്തരിച്ചു. അൻപിന്റെ സംഭാഷണങ്ങളിൽ കൂടെക്കൂടെ ‘നരകം’ എന്ന വാക്കു് കടന്നുവരുന്നതു് ഞാൻ ആദ്യമേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പുതിയ ജോലിയും അന്തരീക്ഷവും തണുപ്പും പിന്നെ മദ്യവും ഒക്കെ ചേർന്നു് ഞാനാകെ ഉത്സാഹത്തിലായിരുന്നതിനാൽ ആ വാക്കിനുപിന്നാലെ അധികം സഞ്ചരിച്ചില്ല.

രാത്രി ഏറെ വൈകി, നാലാം നിലയിലുള്ള ഞങ്ങളുടെ മുറിയിലെത്തിയതും അഴികളില്ലാത്ത ജനാലയിൽ കൈകുത്തിനിന്നു് ഞാൻ ഒരു സിഗരറ്റു കൊളുത്തി. പുക തീരെ ഇഷ്ടമല്ലെങ്കിലും അതു ശ്രദ്ധിക്കാതെ അൻപ് അവന്റെ സ്യൂട്ട്കേസിന്റെ അടിയിൽനിന്നും പഴകി ബൈന്റിട്ട ഒരു പുസ്തകം പുറത്തെടുത്തു. തമിഴക്ഷരങ്ങൾ തപ്പിവായിച്ച ഞാൻ ശരിക്കും ഞെട്ടി, “ഗരുഢപുരാണം!” അന്തിമശിക്ഷകളുടെ പുരാണം! വായിക്കാനും വീട്ടിൽവെക്കാനും ഭയക്കുന്ന പുരാണം. ഇവനിതെന്താ സംഭവം! ഞാൻ ചെറുതായൊന്നു പരിഭ്രമിച്ചു.

വക്കുതുന്നിക്കൂട്ടി, പാവാടപോലുള്ള ലുങ്കിയിൽ കയറിക്കൂടി, ചെറിയ ഡപ്പിയിൽ നിന്നു ഭസ്മമെടുത്തുതൊട്ടു്, എന്നെയും തൊടുവിച്ചു് അൻപ് ഒരു ശ്ലോകം ചൊല്ലി.

“തപസാ ധർമ്മമാരാധ്യ പുഷ്കരേ ഭാസ്ക്കരാ പുരാ…

ധർമ്മം സൂര്യസുതം പ്രാപ ധർമ്മരാജം നമാമ്യഹം…

ദേവീഭാഗവതത്തിലേ സാവിത്രി, കണവനോടു് ഉയിർ കടയ്ക്കറ്ത്ക്കാകെ ചൊല്ലിന ശ്ലോകം. ധർമ്മരാജൻ, ശമൻ, കൃതാന്തൻ, ദണ്ഡധരൻ, കാലൻ, യമൻ, മിത്രൻ, ദേവൻ അവര്ക്കു് എട്ടുനാമാക്കൾ. എന്നമ്മാ എന്നേയ്ക്കുമേ ഇന്ത അഷ്ടകം ചൊല്ലിനത്ക്കു് അപ്പറം താൻ തൂങ്കിനാർ. ആനാ അവള്ക്കാകെ യാരുമേ അഷ്ടകം ശൊല്ലലേ…” അൻപ് തന്റെ പേഴ്സിൽനിന്നു് അമ്മയുടെ ഫോട്ടോ എടുത്തു കാണിച്ചു.

images/sreevalsan-2-t.png

അതിലേക്കുനോക്കി നെടുവീർപ്പിട്ടു്, പിന്നെ പെട്ടെന്നു് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി അവൻ കിടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കട്ടിലിന്റെ നാലുകാലുകൾക്കും ഭസ്മം തൊടുവിച്ചു്, കിടക്ക പൊക്കി അതിനടിയിൽ ഒന്നുമില്ലെന്നുറപ്പുവരുത്തി, അതിനുമുകളിൽ കയറി പത്മാസനത്തിലിരുന്നു് കണ്ണടച്ചു് വീണ്ടും പ്രാർത്ഥന. പിന്നെ കാലുകൾ പിണച്ച അതേ നിലയിൽ കിടക്കയിലേക്കു മറിഞ്ഞ്, കയ്യിൽ ഒരുനുള്ള് ഭസ്മവുമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു് അവൻ ഉറക്കത്തിലേക്കു വീണു. കാലുകൾക്കു് ഒരു അനക്കവുമില്ലാത്ത ആ സാഹസികനിലകണ്ടു വിറങ്ങലിച്ചു് ഞാൻ അവനറിയാതെ പുറത്തിറങ്ങി.

സിഗരറ്റുകൾ പലതുതീർന്നപ്പോൾ തണുപ്പു പെരുകി ഞാൻ മുറിയ്ക്കകത്തെത്തി. അൻപ് അതേ നിലതന്നെ. കട്ടിലിനു താഴെ ഗരുഢവാഹനനായി മഹാവിഷ്ണുവിന്റെ കവർച്ചിത്രവുമായി എന്നെ പേടിപ്പിച്ചുകൊണ്ടു് ആ പുസ്തകം! അതിനെക്കുറിച്ചു് വളരെക്കുറച്ചേ കേട്ടിട്ടുള്ളുവെങ്കിലും അതുതന്നെ ഇനിയുള്ള രാത്രികളുടെ ഉറക്കം കളയാൻ ധാരാളം.

ദിവസങ്ങൾ കഴിയുന്തോറും അൻപിന്റെ കുട്ടിത്തങ്ങളിൽ ഞാൻ മയങ്ങിപ്പോയെങ്കിലും അകാരണമായ അവന്റെ മരണഭയം എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ടെക്നോളജിയുടെ ലോകത്തു് പുപ്പുലിയാണെങ്കിലും ചെയ്തികളെ മുഴുവൻ പുണ്യ-പാപങ്ങളായാണു് അവനെണ്ണുക. അതും സാധാരണലോകത്തിന്റെ കണക്കിലല്ല, യമലോകത്തിന്റെ അതിസൂക്ഷ്മമായ വിധിന്യായങ്ങളിൽ. ഇപ്പോൾ സ്വാഭാവികമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളോരോന്നും ചിത്രഗുപ്തന്റെ കണക്കിൽ എണ്ണപ്പെട്ട പാപങ്ങളാണെന്നും അവയ്ക്കൊക്കെ കൊടിയ ശിക്ഷ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും അവൻ പറയും. നിർദ്ദോഷമായ ഒരു നുണപറയുന്നതുപോലും അവനെ ഭയപ്പെടുത്തുന്നതു് ഈ ധാരണകൊണ്ടാണു്. ഇവനിങ്ങനെ എത്രനാൾ മുന്നോട്ടുപോകുമെന്നു് ഞങ്ങൾ സഹപ്രവർത്തകർ ആശങ്കപ്പെടും. തമാശയ്ക്കും കൗതുകത്തിനും പരിഹാസത്തിനുമപ്പുറം അവന്റെ നരകസങ്കൽപ്പങ്ങൾക്കു് ഞാൻ കാതുകൊടുക്കാറില്ലെന്നതാണു് സത്യം.

അവന്റെ പ്രോജക്റ്റ് ടീമിലേക്കു് കർണ്ണാടകത്തിൽനിന്നു് ഉഷാറാണി എന്നൊരു സ്ത്രീ വന്നു ചേർന്നതു മുതൽ അൻപ് ആന്തരികസംഘർഷത്തിലായിരുന്നു. കാഴ്ചയിൽ അവൾ വിവാഹിതയാണു്. മംഗളസൂത്രം, സീമന്തത്തിൽ സിന്ദൂരം, കാലിൽ മിഞ്ചി, കയ്യിൽ കുപ്പിവള… പക്ഷേ, പെരുമാറ്റത്തിൽ അതിന്റെ യാതൊരു ലാഞ്ഛനയും അവൾ കാണിക്കുന്നില്ല. സ്ത്രീകൾ അൻപിന്റെ ശക്തമായ ദൗർബല്യമായിരുന്നല്ലോ. പക്ഷേ, പാപസങ്കല്പംനിമിത്തം, കന്യകയെ, വിവാഹിതയെ, വിധവയെ, ഗർഭിണിയെ ഇങ്ങനെ ഒരുപാടുസ്ത്രീകളെ മറ്റേ കണ്ണുകൊണ്ടു നോക്കാൻ പാടില്ലെന്നു് അവന്റെ പുരാണം പഠിപ്പിച്ചിട്ടുണ്ടു്. ഇതൊന്നുമല്ലാത്ത ഒരു പെൺതരിയെ കണ്ടുപിടിക്കാനുള്ള തത്രപ്പാടും ഉള്ളിൽ തിളച്ചുമറിയുന്ന കാമത്തിന്റെ ലാവയും; അൻപ് ധർമ്മസങ്കടത്തിലായി.

ഞങ്ങൾ താമസിക്കുന്ന അതേ ഫ്ലോറിലാണു് ഉഷാറാണിയുടേയും മുറി.

മിക്കപ്പോഴും വെള്ളവസ്ത്രമാണു് അവരുടെ വേഷം. ചിലപ്പോൾ സാരി, ചിലപ്പോൾ ഇറുകിയ ചുരിദാർ. അൻപിന്റെ ലക്ഷണശാസ്ത്രമനുസരിച്ചു് ‘ഹസ്തിനി’യുടെ എല്ലാ കണക്കുകളും ഒത്തവൾ.

“മനുക്കുട്ടാ…”

അൻപിന്റെ ശൃംഗാരം തുടങ്ങുമ്പോഴേ ഞാൻ ഇളക്കും.

“ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്കു റൂമിലേക്കു ചെല്ലു്. പരിചയപ്പെടാനെന്നമട്ടിൽ. പ്രോജക്റ്റിന്റെ ഡീറ്റെയ്ൽസ് പറഞ്ഞുകൊണ്ടു തുടങ്ങു്. പിന്നെ പതുക്കെ അവരുടെ താല്പര്യ നിലവാരങ്ങൾ ഒന്നളക്കു്. അൻപേ… അൻപേ… കൊല്ലാതേ… ” നാണിച്ചു് കുന്തംമറിഞ്ഞു് അവൻ മുറിക്കുപുറത്തിറങ്ങി.

“കുളപ്പമൊന്നും ഇല്ലല്ലോ അല്ലേ? അവരോട് പാർവൈ എന്നമോ മാതിരി ഇര്ക്ക്… മനുക്കുട്ടാ… ഗുരുവേ… ഞാൻ വറേൻ… ”

ശൃംഗാരക്കുഴമ്പായി അവൻ മുറിവിട്ടു പുറത്തുപോയതും ഞാൻ വായ്ത്തരിപ്പു തീർക്കാനായി സിഗരറ്റുകൊളുത്തി. കുറച്ചു നേരത്തിനുശേഷം വിയർത്തുകുളിച്ചു് പരിഭ്രമിച്ചെത്തിയ അവനെക്കണ്ടു് ഞാൻ അന്തംവിട്ടു. ഇവനു് ഇത്രയ്ക്കു ധൈര്യമോ? കണ്ടുമുട്ടിയ ഉടനെ എല്ലാം കഴിഞ്ഞോ? അവൻ പക്ഷേ, മുറിയിൽ കാണിച്ച പരാക്രമം കണ്ടപ്പോൾ എനിക്കാകെ പേടിയാണു് തോന്നിയതു്.

“കുംഭീപാകം… അതുതാൻ എനക്ക് കടക്കറ ദണ്ഡനൈ… ആണ്ടവാ… കടവുളേ…” അവൻ പ്രായശ്ചിത്തം പോലെ കട്ടിൽപ്പടിയിൽ നെറ്റി മുട്ടിച്ചു കരഞ്ഞു.

വിറച്ചുവിറച്ചുകൊണ്ടാണു് അൻപ് ആ കഥ പറഞ്ഞതു്. ഗരുഢപുരാണം പ്രേതകാണ്ഡത്തിലെ ഒരു വിവരണമായിരുന്നു അതു്. ദിവ്യക്ഷേത്രങ്ങൾ തോറും സഞ്ചരിച്ചു് യാത്രചെയ്യുന്ന ഒരു യുവാവു് ഒരു രാത്രിയിൽ ഒരു ഗ്രാമത്തിലെത്തി. ക്ഷീണംകൊണ്ടു് അടുത്തുകണ്ട വീട്ടിന്റെ തിണ്ണയിൽക്കയറി അയാൾ കിടന്നു. അകത്തുണ്ടായിരുന്ന ഒരു സുന്ദരിയായ യുവതി ഇതൊക്കെ കാണുന്നുണ്ടായിരുന്നു. അവൾ ശബ്ദമില്ലാതെ വാതിൽ തുറന്നു് പുറത്തുവന്നു. യുവാവു് ഉണർന്നു നോക്കിയപ്പോൾ കഴുത്തിൽ താലിയുമായി നിൽക്കുന്ന സ്ത്രീയെ കണ്ടു. അയാൾ ചോദിച്ചു, വിവാഹിതയായ നീയിങ്ങനെ മറ്റൊരു പുരുഷനെ സമീപിക്കാമോ എന്നു്. അവൾ പറഞ്ഞു, എന്റെ ഭർത്താവാണു് പ്രശ്നമെങ്കിൽ ഇപ്പോൾ വരാമെന്നുപറഞ്ഞു് അകത്തുചെന്നു് സ്വന്തം ഭർത്താവിനെ അവൾ വകവരുത്തി. ഇനി കുഴപ്പമില്ലല്ലോ എന്നു പറഞ്ഞു് അവൾ സംഗമിച്ചു. പിരിയാൻ നേരത്തു് ഇനിയെന്നാണു് നമ്മൾ കാണുക എന്നു് സങ്കടത്തോടെ ചോദിച്ച അവളോടു് യുവാവു് പറഞ്ഞു, നമ്മൾ രണ്ടുപേരും കുംഭീപാകം എന്ന നരകത്തിൽവച്ചു കാണും.

ഉഷാറാണിയുമായി ഈ കഥയിൽ ബന്ധിച്ചതെന്തിനെന്നു് ഞാൻ ചോദിച്ചു.

“അവള്ക്ക് വെക്കമേ കടയാതു് മനൂ… നാൻ… നാൻ…”

ഞാൻ അവനെ തണുപ്പിക്കാൻ ശ്രമിച്ചു.

“അൻപേ… നീ ഭാഗ്യവാനാണെടാ… ഉഷാറാണിയാണു് നിനക്കുള്ള മരുന്നു്. മൂന്നുനേരം ഓരോ മാത്രവീതം ശാപ്പിട്… എല്ലാമേ ശരിയായിടും…” എന്റെ പരിഹാസം തമിഴായി ചിതറിവീണു.

അന്നു് ഉറങ്ങാൻ കിടക്കുമ്പോൾ, മാർക്കണ്ഡേയൻ, അജാമിളൻ, പ്രഹ്ലാദൻ, ഗജേന്ദ്രൻ… മരണത്തിന്റെ പിടിയിൽനിന്നു് രക്ഷപ്പെട്ട പുരാണകഥാപാത്രങ്ങളെയെല്ലാം അവൻ എണ്ണിയെണ്ണിപ്പറഞ്ഞു.

കാമസൂത്രം മുതൽ രതിരഹസ്യവും അനംഗരംഗവും അഭിലാഷചിന്താമണിയും വരെയുള്ള ശാസ്ത്രമുറകളെല്ലാം ഞാനും അവനു് പരിചയപ്പെടുത്തി. ഇരുപത്തഞ്ചുനൂറ്റാണ്ടോളം പഴക്കമുള്ള ഭാരതീയശാസ്ത്രമാണതെന്നും രതി ഇവിടെ പാപമായി ഒരുകാലത്തും കരുതിയിട്ടില്ലെന്നും ഞാൻ ക്ലാസ്സെടുത്തു. അൻപ് ഉള്ളിൽ വിറച്ചുകൊണ്ടിരുന്നു. വാസ്തവത്തിൽ ഉഷാറാണിയുടെ മുറിയിൽവച്ചു് എന്താണുണ്ടായതെന്നു് അവനോടു ചോദിക്കാൻതന്നെ പിന്നെ എനിക്കു ഭയമായി.

“അവൾ എന്നെ കൊല്ലും… എന്നെ ഊറ്റിക്കുടിക്കും… വാതാപിയുടെ നാട്ടിൽനിന്നാണു് അവളുടെ വരവു്… ” എന്നൊക്കെ അൻപ് പുലമ്പിക്കൊണ്ടിരുന്നു.

അതു് വേറൊരു കഥ.

കർണ്ണാടകത്തിലെ ബാദാമി എന്ന സ്ഥലമാണു് ഉഷാറാണിയുടെ നാടു്. ശിലാക്ഷേത്രങ്ങളുടേയും ഗുഹാശില്പങ്ങളുടേയും നാടു്. ചാലൂക്യന്മാരുടെ കേന്ദ്രമായിരുന്ന വാതാപിയാണു് പിന്നീടു് ബാദാമിയായതത്രേ. അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടു് ഒരു കഥയുണ്ടു്. പണ്ടു് ഇല്വലൻ എന്നും വാതാപി എന്നും പേരായ രണ്ടു് രാക്ഷസന്മാർ ഇവിടെ വസിച്ചിരുന്നു. മായാവികളായ ഇവർക്കു് പല ജീവികളുടേയും വേഷമെടുക്കാനുള്ള കഴിവുണ്ടു്. വാതാപി ആടിന്റെ വേഷമെടുത്തു് നിൽക്കും. സമ്പന്നരായ കച്ചവടക്കാരോ വഴിപോക്കരോ കടന്നുപോകുമ്പോൾ ഇല്വലൻ പരമസാത്വികനായി അവരെ വിളിച്ചു് ആദരിച്ചു് അവരുടെ മുന്നിൽവച്ചു് ഈ ആടിനെ വെട്ടി കറിവച്ചു് അവരെ സൽക്കരിക്കും. അതിഥി ഭക്ഷിച്ചുകഴിഞ്ഞാൽ ഇല്വലൻ, ഉച്ചത്തിൽ “വാതാപീ… പുറത്തുവാ” എന്നലറും. കഴിച്ചവന്റെ വയറുപിളർന്നു് രാക്ഷസൻ പുറത്തുവരുകയും അതിഥി മരിച്ചുവീഴുകയും ചെയ്യും. അവരുടെ സ്വത്തുക്കളൊക്കെ അങ്ങനെ അവർ അപഹരിച്ചു കഴിഞ്ഞുപോന്നു. അതുവഴി കടന്നുപോയ അഗസ്ത്യമുനിയും ഈ കെണിയിൽ കുരുങ്ങി. ഭക്ഷണം കഴിക്കുമ്പോൾത്തന്നെ മുനി ദിവ്യദൃഷ്ടികൊണ്ടു് ഇതിലെ ചതി മനസ്സിലാക്കുകയും ഉടനെ “വാതാപീ നീ വയറിനകത്തു് നല്ലവണ്ണം ദഹിക്കട്ടെ” എന്നു് ആജ്ഞാപിക്കുകയും ചെയ്തു. ഇല്വലൻ വിളിച്ചപ്പോഴേക്കും വാതാപി ദഹിച്ചിരുന്നു.

പാവം അൻപ് അഗസ്ത്യന്റെയും ഭക്തനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിദ്ധിയൊന്നും അവനില്ലായിരുന്നു. അതിനാലവൻ വാതാപിക്കാരിയെ അങ്ങനെയും ഭയന്നു. ദിവസങ്ങൾ കഴിയുന്തോറും അവന്റെ ഭയം ശീലമായിത്തുടങ്ങി. സർപ്പസൗന്ദര്യം എന്നൊക്കെ പറയുന്നതു് ഇതാണെന്നു് ഞാൻ ഇളക്കി. നാണവും ശൃംഗാരവും പേടിയും നിവൃത്തികേടും എല്ലാം കൂടിച്ചേർന്നു് അൻപ് ഒരഴകനായി.

പിന്നെപ്പിന്നെ ഉഷാറാണിയെ സംബന്ധിക്കുന്ന ചോദ്യങ്ങളിൽനിന്നു് അവൻ ഒഴിഞ്ഞുമാറിത്തുടങ്ങി. അല്ലെങ്കിൽത്തന്നെ മാന്ത്രികമനോരോഗിയായ അവനു് ഉഷാചികിത്സ ഫലിക്കുന്നെങ്കിൽ ഫലിക്കട്ടെ എന്നുകരുതി ഞാനും അക്കാര്യം ഉപേക്ഷിച്ചു.

മറ്റെന്തോ ഒരു ദുരൂഹതകൂടി അൻപ് പേറുന്നുണ്ടെന്നു് താമസിയാതെ വെളിപ്പെട്ടുതുടങ്ങി. നാട്ടിലെ കൃഷി മുഴുവൻ വരൾച്ചയിൽ നശിച്ചുപോയെന്നും അനുജൻ ചീത്ത കൂട്ടുകെട്ടിലാണെന്നും അമ്മ മരിച്ചതിൽപ്പിന്നെ അച്ഛന്റെ മദ്യപാനം വല്ലാതെ വർദ്ധിച്ചുവെന്നും വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണെന്നും ഒക്കെ എണ്ണമറ്റ പരാതികൾ അവൻ പറയാറുണ്ടെങ്കിലും ഇതു് അതുമായൊന്നും ബന്ധപ്പെട്ടതല്ലെന്നു വ്യക്തമായിരുന്നു. ഫോൺവിളികൾക്കു ശേഷം അവനാകെ അസ്വസ്ഥനായിരുന്നു. മുറിയിൽ തനിച്ചിരിക്കാനായി എന്നോടു് പലപ്പോഴും പുറത്തുപോകാൻ ആവശ്യപ്പെടും. എന്റെ മേശയിൽനിന്നു് സിഗരറ്റെടുത്തു്, “അറിയാത്ത പണിക്കുനിന്നു് ” ചുമച്ചു ചുമച്ചു കരയും. രാജേട്ടനോടു പറഞ്ഞു് കൂടെക്കൂടെ മദ്യം വരുത്തിച്ചു് ഒറ്റയ്ക്കു കഴിച്ചുതുടങ്ങിയതോടെ എനിക്കു ശരിക്കും ദേഷ്യം വന്നു. ഗരുഢപുരാണം അവന്റെ മർമ്മമാണെന്നു് എനിക്കറിയാം. അതിനെ നിന്ദിച്ചാൽ അവനു് ശരിക്കും നോവുമെന്നും. അവനറിയാതെ ഞാനതെടുത്തു്, ഉഷാറാണി ഫോണുമായി വാതിൽതുറന്നു് പുറത്തിറങ്ങിയ നേരത്തു് അവളുടെ മുറിയിൽ തലയണയ്ക്കടിയിൽ വച്ചു.

ഒറ്റച്ചോദ്യത്തിനു് രണ്ടുത്തരം കിട്ടുന്ന വിദ്യ അങ്ങനെ ഞാൻ നടപ്പിലാക്കി.

ഇപ്പോൾ അധികം മിണ്ടാട്ടമില്ലാത്തതുകൊണ്ടു് പുസ്തകം എവിടെയെന്നു് നേരിട്ടുചോദിക്കാൻ അവനു മടികാണും. എങ്കിലും മുറിമുഴുവൻ അവൻ അതിനായി അരിച്ചുപെറുക്കി. ചോദ്യം നാത്തുമ്പത്തെത്തിച്ചു് വേണ്ടെന്നു വയ്ക്കുന്നതു് ഞാനാസ്വദിച്ചു.

മൂന്നാം ദിവസം എന്നെ അമ്പേ തകർത്തുകൊണ്ടു് അവൻ ഗരുഢപുരാണവുമായി മുറിയിൽ കയറിവന്നു് അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു് മിണ്ടാതെ പുറത്തുപോയി. ഒരു വാക്കുപോലും എന്നോടു ചോദിച്ചില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ എനിക്കൊരു കയ്യുമില്ലെന്നു വരുത്തും വിധമായിരുന്നു അവന്റെ നിലപാടു്. ഞാൻ ശരിക്കും തുന്നം പാടി. അന്നു രാത്രി അവൻ നന്നായി മദ്യപിച്ചു് മുറിയിൽ ഏറെ വൈകിവന്നു് നേരെ കിടക്കയിലേക്കു കയറി കിടന്നു. കട്ടിൽക്കാലിനു് ഭസ്മക്കുറിയില്ല, പത്മാസനത്തിൽ യമാഷ്ടകമന്ത്രമില്ല, വിരൽത്തുമ്പിൽ ഭസ്മം പിടിച്ചുള്ള ആഭിചാരമില്ല. തലയണയെ ഇറുക്കി പുണർന്നു് കമിഴ്‌ന്നടിച്ചു് ഒരൊറ്റ കിടപ്പു്.

പിറ്റേന്നു് മുറിയിൽ വെളിച്ചവും ശബ്ദവും ഒക്കെ കൊണ്ടാണു് ഞാനെഴുന്നേറ്റതു്. സ്യൂട്ട്കേസും ഹാന്റ്ബാഗുമായി അവൻ യാത്രയ്ക്കൊരുങ്ങി നിൽക്കുന്നു.

“നാൻ കലമ്പറേൻ… ”

ഭൂമിയിലേക്കിറങ്ങാൻ ഞാനെടുത്ത നിമിഷങ്ങൾക്കിടയിൽ അവൻ വാതിൽചാരി പുറത്തിറങ്ങിക്കഴിഞ്ഞു.

പിറ്റേന്നുകാലത്തു് എഴുന്നേറ്റു് അൻപ് ഇറങ്ങിപ്പോയതോർക്കാതെ, ഞാൻ കൊതുകുവലയിട്ടു മൂടിയ അവന്റെ കട്ടിലിലേക്കു് കുറേനേരം നോക്കിയിരുന്നു. അവനെ ഉണർത്താനെന്നോണം വലപൊക്കിമാറ്റിയതും കിടക്കയുടെ ഒത്തനടുക്ക്, നിഗൂഢസന്ദേശം പോലെ, ആത്മഹത്യാക്കുറിപ്പുപോലെ, തന്റെ അപരലോകത്തേക്കുള്ള താക്കോൽ പോലെ ഗരുഢപുരാണം അവൻ വച്ചു് പോയിരിക്കുന്നു. പഴകി, വക്കുകൾ പിഞ്ഞുതുടങ്ങിയ ആ തമിഴ്ഗ്രന്ഥം ഞാൻ പേടിയോടെ എടുത്തു മറിച്ചു. തപ്പിത്തപ്പി തമിഴക്ഷരങ്ങൾ ഞാൻ വായിച്ചെടുത്തു, “ശ്രീ ഗരുഢപുരാണവസനം”. മദ്രാസിലെ ‘മാരൈമലൈയഡികൾ’ ലൈബ്രറിയിൽനിന്നു് ഇഷ്യൂ ചെയ്തെടുത്ത പുസ്തകമായിരുന്നു അതു്. 1894ൽ പ്രസിദ്ധീകരിച്ച അറുപഴഞ്ചൻ കോപ്പി. പതുക്കെ അകത്തെ താളുകൾ മറിക്കുന്തോറും അരുതാത്തതെന്തോ ചെയ്യുന്നതിന്റെ തരിപ്പു് എന്നിലാസകലം പടരുന്നുണ്ടായിരുന്നു. പഴകിയ തമിഴ് ലിപികളുടെ വക്കും വടിവും കെട്ട രൂപങ്ങൾക്കിടയ്ക്കു് ചുമർച്ചിത്രവടിവിൽ ഇടയ്ക്കിടെ ഓരോ പേജിൽ ചിത്രങ്ങൾ വരച്ചുവച്ചിരിക്കുന്നു. രണ്ടു നൂറ്റാണ്ടുമുമ്പുള്ള ഏതോ ചിത്രകാരൻ ഉറക്കമിളച്ചു് പേടിച്ചരണ്ടു് വരച്ചുണ്ടാക്കിയ രേഖാചിത്രങ്ങൾ! ശൗനകാദികൾക്കു് സൂതമുനിയും ഗരുഢനു് മഹാവിഷ്ണുവും പുരാണതത്വം വിവരിക്കുന്നതു്, യമരാജൻ കിങ്കരന്മാർക്കു് ആജ്ഞനൽകുന്നതു്, കിങ്കരന്മാർ മനുഷ്യാത്മാവിനെ കാലപാശത്താൽ ബന്ധിക്കുന്നതു്, പിശാചുക്കളും യമകിങ്കരരും ചേർന്നു് ആത്മാവിനു് പിണ്ഡശരീരം നൽകുന്നതു്, മുൾമരങ്ങൾ മാത്രം നിറഞ്ഞ അസിപത്രവനം… ചിത്രങ്ങളോരോന്നും എന്നെവിറളിപിടിപ്പിച്ചു. മരിച്ചവരുടെ ആത്മാക്കൾ പ്രേതക്കൂട്ടങ്ങളായി അവയിൽ ചിത്രീകരിച്ചിരിക്കുന്നതു് അതിദയനീയമായാണു്. ചെയ്തുകൂട്ടിയ പാപങ്ങളുടെ പശ്ചാത്താപത്തീയിൽ അസ്ഥിപഞ്ജരങ്ങളായവ.

ഗരുഢപുരാണത്തിന്റെ രഹസ്യമറിയാനായി ഞാൻ പിറ്റേന്നു് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിൽ പരതി. ഇംഗ്ലീഷിലും മലയാളത്തിലുമായി ലഭിച്ച വ്യാഖ്യാനങ്ങളിലൂടെ ഞാൻ അൻപിന്റെ മനസ്സുവായിക്കാൻ വിഫലശ്രമം നടത്തി. പാപകർമ്മങ്ങൾ ചെയ്യുന്നവർക്കു് യമമാർഗ്ഗത്തിൽ സംഭവിക്കുന്ന നരകയാതനകളാണു് ഗരുഢന്റെ ആവശ്യപ്രകാരം മഹാവിഷ്ണു അതിൽ വർണ്ണിക്കുന്നതു്.

images/sreevalsan-1-t.png

മരണത്തിന്റെ നിമിഷത്തിൽ ഉറ്റവരുടെ ആർത്തനാദംകേട്ടും കാലദൂതന്മാരെക്കണ്ടു് മൂർച്ഛിച്ചും പഞ്ചേന്ദ്രിയങ്ങൾ ഒന്നൊന്നായി വിട്ടുപിരിഞ്ഞും ചൈതന്യവും പ്രാണനും ഇളകി, മനുഷ്യാത്മാവു് ആ മുഹൂർത്തത്തെ കല്പാന്തകാലംപോലെ ദീർഘമായി അനുഭവിക്കുന്നുവത്രേ. നൂറുതേളുകൾ ഒന്നിച്ചു കടിച്ചാലുള്ള വേദന അവർ അനുഭവിക്കുന്നു. ജ്വലിക്കുന്ന കണ്ണുകളും ഭയങ്കരമായ കറുത്തിരുണ്ട ദേഹവും ക്രൂരനഖങ്ങളുമുള്ള യമഭടന്മാർ വന്നു് ജീവനെ കയറുകൊണ്ടു ബന്ധിച്ചു് യാതനാദേഹത്തിലാക്കുന്നു. മരിച്ചുകഴിഞ്ഞാൽ വേദനയറിയേണ്ടല്ലോ എന്നു് സമാധാനിക്കാൻ വരട്ടെ. യാതനാദേഹത്തിനു് വേദനയുടെയും പീഡനങ്ങളുടെയും മുഴുവൻ അനുഭവവും സഹിക്കേണ്ടിവരും. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ വേദന മരിക്കുവോളം മാത്രമല്ലേയുള്ളൂ, മരിച്ചുകഴിഞ്ഞ ദേഹത്തിനു് യാതന ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, യാതനകളുടെ പരമാവധിയായ മരണം ആദ്യമേ നടന്നുകഴിഞ്ഞല്ലോ.

നൂറ്റാണ്ടുകളുടെ പഴകിയമണം ഉറഞ്ഞുകൂടിയ ലൈബ്രറിയുടെ ഇരുണ്ട ഇടനാഴിയിൽനിന്നു് എനിക്കു് ഉച്ചത്തിൽ നിലവിളിക്കണമെന്നു തോന്നി.

പുരാണത്തിലെ ഭീകരത ആരംഭിക്കാനിരിക്കുന്നേയുള്ളൂ.

യമഭടന്മാരുടെ ചാട്ടവാറടിയേറ്റു് നെഞ്ചുതകർന്നുള്ള വേദന. വഴിയിൽ കടിച്ചുകീറുന്ന നായ്ക്കൾ. ചുട്ടമണലിലൂടെ അനന്തമായ ദൂരം വീണും ഞരങ്ങിയും ക്രൂരമർദ്ദനമേറ്റും നിലവിളിച്ചു കരഞ്ഞും താണ്ടണം. അടങ്ങാത്ത വിശപ്പും ദാഹവും. മുള്ളിലകൾ മാത്രമുള്ള മരങ്ങൾ. ചിത്രഗുപ്തന്റെ അനുചരരായ ശ്രവണർ, ഈ ജന്മത്തിൽ ചെയ്തുകൂട്ടിയ പാപങ്ങൾ എണ്ണിയെണ്ണിപ്പറയും. അതിനുള്ള ഘോരശിക്ഷകൾ വഴിയിലുടനീളം പറഞ്ഞുകേൾപ്പിക്കും. യമപാതയിൽ അതിഘോരമായ പതിനാറു പട്ടണങ്ങൾ. അവിടങ്ങളിൽ വിചിത്രമായ യാതനാമുറകൾ.

ഉറ്റവരാരെങ്കിലും നൽകുന്ന പിണ്ഡം കൊണ്ടു് യാതനാദേഹംവിട്ടു് ആത്മാവിനു് പിണ്ഡദേഹം ലഭിക്കുമത്രേ. ഓരോദിവസവും നൽകുന്ന പിണ്ഡംകൊണ്ടു് ശിരസ്സു്, കഴുത്തു്, ഹൃദയം, പൃഷ്ഠം, നാഭി, ഗുഹ്യം, തുട, മുട്ടു്, പാദങ്ങൾ എന്നിങ്ങനെ. പത്താം ദിവസത്തെ പിണ്ഡത്താൽ ലഭിച്ച വിശപ്പും ദാഹവും പതിനൊന്നും പന്ത്രണ്ടും ദിവസത്തെ പിണ്ഡംകൊണ്ടു് അല്പം ശമിക്കുന്നു.

എങ്കിലും യാതനകൾ തീരുന്നില്ല. യമസങ്കേതത്തിലേക്കു് പിണ്ഡദേഹത്തെ കൊണ്ടുപോകുമ്പോൾ കടന്നുപോകേണ്ട മഹാഘോരമായ വൈതരണി എന്ന നദിയുണ്ടു്. ചോരയും മലമൂത്രങ്ങളും ശുക്ലവും ഒഴുകുന്ന നദി. ഇറച്ചികൊത്തിപ്പറിക്കുന്ന വലിയ കഴുകന്മാരും മുതലകളും ഭീകരജലജീവികളും അതിലുണ്ടു്. എങ്ങനെയെങ്കിലും അതും താണ്ടിയാൽ യമാലയത്തിലെത്തി. അവിടെ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിൽ പരേതനുള്ള യഥാർത്ഥ ശിക്ഷ രേഖപ്പെടുത്തിവച്ചിരിക്കുന്നു. നാലുലക്ഷത്തോളം നരകങ്ങളിൽ 28 എണ്ണമാണു് മഹാനരകങ്ങൾ. താമിസ്രം, രൗരവം, കുംഭീപാകം, അന്ധകൂപം, വജ്രകണ്ടകം, പുയോധം, ക്ഷാരകർദ്ദമം, ശൂലപ്രോധം, സൂചീമുഖം…ഞാൻ അവയോരോന്നിന്റെയും വിവരണങ്ങൾ വായിച്ചു് കണ്ണുമഞ്ഞളിച്ചു്, ശ്വാസംകിട്ടാതെ ലൈബ്രറിയിടനാഴിയിൽ വീണിരിക്കണം. കുറേനേരംകഴിഞ്ഞു് സെക്യൂരിറ്റി വന്നു് തട്ടിവിളിച്ചപ്പോഴാണു് ഞാനുണർന്നതു്.

രണ്ടുദിവസത്തിനു ശേഷം ഒരു നട്ടുച്ചയ്ക്കു് സൈലന്റ് മോഡിലായിരുന്ന എന്റെ ഫോൺ നിർത്താതെ തരിച്ചുകൊണ്ടിരുന്നു. ഓഫീസിനു പുറത്തെത്തി ഫോണെടുത്തു നോക്കിയപ്പോൾ അതു് അൻപിന്റെ നമ്പറാണു്. എന്തെങ്കിലും പറയാനിടകിട്ടും മുന്നേ, അപ്പുറത്തുനിന്നു് അതിദയനീയമായ ഒരു നിലവിളിയാണു് കേട്ടതു്. തുടർന്നു് ഉച്ചത്തിൽ തമിഴിൽ ആരുടെയൊക്കെയോ അലർച്ചപോലുള്ള തെറിവിളികളും വടിയോ ഇരുമ്പായുധങ്ങളോ വായുവിൽ പുളയുന്ന ഒച്ചയും. പിന്നെ ആ ഫോൺ കല്ലിൽ എറിഞ്ഞുടയ്ക്കുന്ന ശബ്ദത്തോടെ കണക്ഷൻ മുറിഞ്ഞു. കണ്ണും ചെവിയുമടഞ്ഞു് ഒരു കൊടുങ്കാറ്റുപോലെ ഞാൻ അടുത്ത സെക്ഷനിലെ സെൽവകുമാറിനെ തേടി. “അതേയ്… നമ്മുടെ അൻപിനു് എന്തോ അപകടം പറ്റിയിട്ടുണ്ടു്. ഇപ്പോൾ അവന്റെ ഫോണിൽനിന്നൊരു കോൾ വന്നു.”

“ഹേയ്… മനൂ, എന്ന ശൊൽറീങ്ക… ഇന്നു് കാലൈയിലെ കൂടെ ഞാൻ പേശീട്ടിരുന്തേനേ… ഒന്നുമേ ആഹാത്… അവനോടു് തമ്പി, ലാസ്റ്റ് വീക്കിലെ എന്നമോ പോയ്സൺ സാപ്പിട്ട് തർക്കൊലൈ പണ്ണിട്ടാൻ. അതിനാലെ താനേ അവൻ ലീവുപോട്ട് ഊര്ക്ക് കലമ്പിനാൻ. നീങ്ക പോങ്കസാർ, നാൻ എപ്പടിയാവതു് വിസാരിച്ചു് എതാവതു് കടച്ച്നാ ശൊൽറേൻ…”

നിസ്സംഗമായ തഞ്ചാവൂർ തമിഴിന്റെ താളത്തിൽ അയാളതു പറഞ്ഞു. ഞാനെന്റെ ഫോണിലേക്കു് പേടിയോടെ നോക്കിക്കൊണ്ടു നിന്നു. സെൽവൻ എന്റെ പുറത്തു് തലോടി പറഞ്ഞയച്ചു. വൈകുന്നേരമാകുമ്പോഴേക്കും അവൻ ആരോടൊക്കെയോ അന്വേഷിച്ചു് എന്തോ ചില പന്തികേടു് മണത്തു. അൻപിനെ അന്വേഷിച്ചു് ഒരു ജീപ്പിൽ നാലഞ്ചുപേർ വന്നെന്നും അവരോടു് സംസാരിച്ചു് തർക്കിച്ചു് അവരോടൊപ്പം പുറത്തിറങ്ങിയെന്നും എങ്ങനെയോ സെൽവൻ അറിഞ്ഞു. പിന്നീടു് ഒരു വിവരവും വീട്ടുകാർക്കു ലഭിച്ചിട്ടില്ല.

രാത്രി ഏറെ വൈകി സെൽവകുമാറിന്റെ ഫോൺ വരുമ്പോൾ അൻപിനോടൊപ്പം കഴിഞ്ഞ മുറിയിൽ ഞാൻ തനിച്ചു് തരിച്ചിരിക്കുകയായിരുന്നു. മുറിമുഴുവൻ അൻപു്. ഉറക്കം കെടുത്തിക്കൊണ്ടു് അൻപു്. നിർദ്ദയം അൻപ്!

“സാർ… അൻപ്ക്ക് മികവും മോസമാന നിലൈമൈ തെരിയ്റ്ത്. നാമ മഞ്ചക്കൊല്ലൈ പോലാമാ സാർ?”

“ആക്ച്വലി എന്നാ ആച്ച് തെരിയുമാ? എതാവ്തു് തകവൽ?”

“റൊമ്പ കൊടൂരമാ എന്നെന്നമോ നടന്ത്ര്ക്ക്… നാമ പോയിത്താൻ ആഹണം… ”

“ഷുവർ സെൽവൻ… ഏർളി മോർണിംഗ് എതാവ്ത് ബസ്സിര്ക്കാ പാര്ങ്ക… ”

സെൽവനും തമിഴന്റെ സ്വതസിദ്ധമായ വിറയൽ പടർന്നുതുടങ്ങി. ദൈവങ്ങളെ ഇങ്ങനെ അനായാസമായി ഏറെ അടുപ്പത്തോടെ വിളിപ്പുറത്തെത്തിക്കാൻ തമിഴരെക്കഴിഞ്ഞേയുള്ളൂ. ഫോൺ മുറിച്ചപ്പോൾ മുറിയിലെ നിശ്ശബ്ദത പെരുകിപ്പെരുകി ചെവിതുളക്കുന്ന ചൂളംവിളിയായി.

അൻപിന്റെ കിടക്കയിൽ അന്തിമവിധിപോലെ ഗരുഢപുരാണം തിണർത്തുകിടന്നു.

രണ്ടുദിവസമായി ഉഷാറാണിയെയും കണ്ടില്ലല്ലോ എന്നു് പെട്ടെന്നോർത്തു.

വെളുക്കുവോളം ആ രാത്രിയങ്ങനെ വെളുത്തുകിടന്നു.

രാജേട്ടൻ പറഞ്ഞേൽപ്പിച്ച ഓട്ടോവിൽ ബസ്സ്റ്റാന്റിലെത്തിയപ്പോൾ തീവണ്ടിപോലെ നീണ്ടുകിടക്കുന്ന തമിഴൻ ബസ്സിൽ ആളനക്കമില്ലായിരുന്നു. “അരശു പേരുന്തു കഴകം” എന്നെഴുതിയ ഇളം പച്ചയും കടുംപച്ചയും നിറമുള്ള നെടുങ്കൻ ബസ്സിൽ മരിച്ചവീടിന്റെ മണം ഓർമ്മിപ്പിക്കുന്ന ചന്ദനത്തിരി കത്തിച്ചുവച്ചു് ഡ്രൈവർ പുറത്തിറങ്ങി ബീഡിവലിക്കുന്നു. സെൽവൻ വലതുവശത്തെ സീറ്റുചൂണ്ടി അവിടെ ഇരിക്കാമെന്നു് ആംഗ്യം കാണിച്ചു. അൻപിന്റെ വീടു്, പോകുന്ന വഴിക്കുതന്നെ കാണാമെന്നതായിരുന്നു അവന്റെ കാരണം. ഇന്നു പാതിരയ്ക്കോ നാളെ അതിരാവിലെയോ ആണു് അവിടെയെത്തുക എന്ന കാര്യം ബസ്സുപോലെത്തന്നെ നീണ്ട ഒരു കാലത്തെ ഓർമ്മിപ്പിച്ചു.

സെൽവനു് അൻപിനെ അത്ര പിടിത്തമില്ല. വല്ലാത്ത അവസരവാദിയാണെന്നാണു്. നാടും നാട്ടുകാരുമായൊന്നും ഒരു ബന്ധവുമില്ലാത്ത പരിഷ്ക്കാരി ബുദ്ധിജീവി! വേറെ എന്തൊക്കെയോ ഇടപാടുകളുണ്ടെന്നോ സ്ഥിരജോലിലഭിക്കാനായി ഒരു സ്ഥാപനത്തിൽ പണംകൊടുത്തു് കാത്തിരിക്കുകയാണെന്നോ അവൻ വെറുപ്പോടെ സൂചിപ്പിച്ചു. സെൽവനും ആഗ്രഹം അതേ സ്ഥാപനത്തിലെ ഒരു ജോലിയാണെന്നതിന്റെ അസൂയയാണോ എന്നറിയില്ല. അവൻ പോലും അടിയിന്തിരമായി അൻപിന്റെ നാട്ടിലേക്കു പോകണമെന്നു പറയുമ്പോൾ കാര്യങ്ങൾ അത്രയ്ക്കു കടുപ്പമായിരിക്കണം, ഞാൻ ഊഹിച്ചു.

പ്രാതലിനും ഉച്ചയൂണിനും ചായക്കുമൊക്കെ ബസ്സ് നിർത്തിയാൽ പിന്നെ അനന്തമായ കാത്തിരിപ്പാണു്. ഞങ്ങൾ രണ്ടുപേരൊഴികെ ആരും മുഴുനീളയാത്രക്കാരില്ല എന്നതിനാൽ ബസ്സുകാർക്കു് ഒരു ധൃതിയുമില്ല. മുറിവെള്ളരിയും പച്ചമാങ്ങാപ്പൂളുകളും പൈനാപ്പിൾക്കഷണങ്ങളും ഉപ്പും മുളകും പുരട്ടി വിൽക്കാൻ വരുന്ന പെണ്ണുങ്ങളുടേയും കുട്ടികളുടേയും ദൈന്യം കാൺകെ, എല്ലാ തവണയും അവ വാങ്ങിത്തിന്നുകൊണ്ടിരുന്നു. ബസ്സ് സ്റ്റാന്റുകളിലെത്തിയാൽ അത്യുച്ചത്തിൽ ‘ഡപ്പാംകൂത്തു’ പാട്ടുകൾ വച്ചു് അവർ യാത്രക്കാരെ ആകർഷിക്കാൻ കിടക്കും. തീരെ താല്പര്യമില്ലാതെ ഞാൻ സെൽവനോടു് അപ്രധാനമായ കാര്യങ്ങൾ കൊറിച്ചുകൊണ്ടിരുന്നു. ഗരുഢപുരാണവിഷയം എടുത്തിട്ടപ്പോൾ ആയിടക്കിറങ്ങിയ ശങ്കറിന്റെ ‘അന്യൻ’ സിനിമയിലെ വിക്രമിന്റെ അഭിനയമികവിനെക്കുറിച്ചു് വാതോരാതെ സംസാരിച്ചു. അതിലെ നരകസങ്കല്പത്തിലൊക്കെ വിശ്വാസമുണ്ടോ എന്നു ചോദിച്ചപ്പോൾ ‘നമ്മുടെ വിശ്വാസത്തിനു് എന്തുപ്രസക്തി’ എന്ന ഞെട്ടിക്കുന്ന ഉത്തരമാണു് സെൽവൻ തന്നതു്. അവനു് താല്പര്യം ആ സിനിമയിലെ മൾട്ടിപ്പിൾ പേഴ്സനാലിറ്റികളെക്കുറിച്ചാണു്. “ദ് ത്രീ ഫേയ്സസ് ഓഫ് ഈവ്” എന്നൊരു പഴയ സിനിമയെക്കുറിച്ചൊക്കെ അവൻ സംസാരിച്ചു. ജൂഡി കാസ്റ്റെലി എന്നൊരു സ്ത്രീക്കു് 44 വ്യക്തിത്വങ്ങളായിരുന്നത്രേ. പതിമൂന്നാം വയസ്സുമുതൽ പലതവണ ആത്മഹത്യക്കു ശ്രമിച്ചിട്ടും ആരൊക്കെയോ തന്റെ ശരീരത്തെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും അവർ അതിജീവിച്ചു. 19 വർഷക്കാലം സ്കിസോഫ്രേനിയക്കു ചികിത്സിച്ചു് മെഡിക്കൽ സമൂഹം കയ്യൊഴിഞ്ഞ കേസു്. പിന്നീടാണു് അവരിലെ മുതിർന്ന ജൂഡി സംഗീതവും ചിത്രവും ശില്പവും സാഹിത്യവുമൊക്കെ രചിച്ചു് വലിയ കലാകാരിയായതു്. നാല്പത്തിനാലു് ബഹുമുഖപ്രതിഭകൾ ഒരൊറ്റ ശരീരത്തിൽ-സെൽവന്റെ വിവരണം തുടരുമ്പോൾ ബസ്സ് അറ്റമില്ലാത്ത നേർപാതയിലൂടെ ഒരേവേഗത്തിൽ ഇരുട്ടത്തു് ഓടിക്കൊണ്ടിരുന്നു.

ഇപ്പോൾ പാട്ടും ബഹളവുമൊന്നുമില്ല.

എല്ലാവരും ഉറക്കത്തിൽ.

ഒരു ഇറക്കംകഴിഞ്ഞു് ബസ്സൊരു വളവെടുത്തപ്പോൾ സെൽവൻ എന്നെ തട്ടിവിളിച്ചു് വലതുഭാഗത്തേക്കു നോക്കിയിരിക്കാൻ പറഞ്ഞു. സമയം രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. പുറത്തു് കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നുമില്ല.

“പാര്ങ്കോ… പാര്ങ്കോ…”

റോട്ടിൽനിന്നു് അല്പം ഉയരത്തിലായി ഒറ്റയ്ക്കൊരു ചെറിയ വീടിനുമുന്നിൽ മഞ്ഞബൾബെരിയുന്നുണ്ടു്.

“അൻപോട വീടു്… ”

എന്റെ കണ്ണുറയ്ക്കുമ്പോഴേക്കും ആ ദൃശ്യം അകന്നുമറഞ്ഞിരുന്നു.

രാത്രിയിലും വിളക്കെരിയുന്നുണ്ടെങ്കിൽ അതൊരു മരണവീടായിരിക്കണമത്രേ. അനുജന്റെ ആത്മഹത്യയോ അതോ എന്നവൻ അർദ്ധോക്തിയിൽ നിർത്തി.

തണുപ്പും മനസ്സിന്റെ മരവിപ്പും എന്നെ തളർത്തിയിരുന്നു.

വിണ്ടും കുറേദൂരമോടി ഞങ്ങൾ ബസു് സ്റ്റാന്റിലെത്തി.

ചായകുടിക്കാനായി ഞങ്ങൾ ഒരു കടപരതുമ്പോൾ എല്ലായിടത്തും പതിച്ചുവെച്ച “ദിനമലർ” വാർത്താപോസ്റ്ററിൽ കട്ടക്കറുപ്പിൽ ആ വാർത്ത ഞങ്ങളെ കാത്തിരുന്നു.

“പേരാസിരിയറിൻ കൊലൈ: കാരണം മർമ്മമാനത്”

സെൽവൻ ആദ്യമേ പറഞ്ഞതു് സൂക്ഷിക്കണമെന്നാണു്. സംഭവം നടന്നതിനുശേഷം കൊലപാതകികൾ കൂടുതൽ ജാഗരൂകരായിരിക്കും. പോലീസിനെയൊന്നും ഇവിടെ ആർക്കും പേടിയില്ല. തങ്ങളെത്തേടി മറ്റാരെങ്കിലും വരുന്നുണ്ടോ എന്നാണു് അവരന്വേഷിക്കുക. നമ്മളിപ്പോൾ അവരുടെ നിരീക്ഷണത്തിലായിരിക്കും, ഉറപ്പു്.

അപ്പോൾ കഴിഞ്ഞദിവസം എനിക്കു കിട്ടിയ പോക്കറ്റ് ഫോൺ വിളി മരണത്തിന്റെ പിടിയിലകപ്പെട്ട അൻപിന്റെ, ലോകത്തോടുള്ള അവസാനത്തെ സന്ദേശമായിരിക്കണം. വിനിമയലോകത്തേക്കു് ഫോൺ സ്വയം നൽകിയ അപായസൂചന. പക്ഷേ, അതു് തികച്ചും നിഷ്ഫലമായിപ്പോയെന്നു മാത്രം.

ചായയും സിഗരറ്റും പറഞ്ഞു് ഞാനൊരു പാതിരാക്കടയിൽ നിൽക്കുമ്പോഴേക്കും സെൽവൻ എന്റെ കൈയിൽപ്പിടിച്ചു വലിച്ചു് ഇരുട്ടിലൂടെ ഒരു നാടൻ ബസ്സിലെത്തിച്ചു. പ്രാചീനമായ ഏതോ കാലത്തിലേക്കു പെട്ടെന്നു ചെന്നെത്തിയതുപോലെ. ബസ്സുനിരങ്ങിത്തുടങ്ങിയതോടെ അവനു് ശ്വാസം വീണതുപോലെ തോന്നി. നമ്മളെ ആരും ശ്രദ്ധിച്ചുകൂടാ. ഇവിടങ്ങളിൽ ആത്മഹത്യയ്ക്കും കൊലയ്ക്കുമൊന്നും അത്ര വ്യക്തമായ കാരണങ്ങളേ വേണ്ട.

പുലരിക്കാറ്റിന്റെ തെളിമയും ശാന്തിയുമൊന്നും ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. നാലുപാടും കടലുപോലെ പരന്നുകിടക്കുന്ന പാടങ്ങൾക്കു നടുവിൽ ആൾപ്പൊക്കത്തിൽ ഒരു മൺതിട്ടിലായി അൻപിന്റെ വീടു് ഞങ്ങളെ നോക്കിനിന്നു. മുറ്റത്തു് നടുവിലായി പീഠത്തിൽ പട്ടുകൊണ്ടുമൂടിയ ഒരു മൺകുടം. ചുറ്റും ഉറക്കച്ചടവുമായി ‘ഒപ്പാരി’ പാടിക്കരയാനെത്തിയ കുറച്ചു സ്ത്രീകൾ. ഞങ്ങളെ കണ്ടതും സ്വിച്ചിട്ടതുപോലെ അവർ ദീനദീനമായി പാട്ടുപാടി നെഞ്ചത്തടിച്ചു കരയാൻതുടങ്ങി. അൻപിന്റെ അച്ഛൻ മൂക്കറ്റം കുടിച്ചു് മുറ്റത്തെ പൂച്ചെടിത്തടത്തിൽ തലചായ്ച്ചു് മയങ്ങിക്കിടക്കുന്നു. ആരോ ഞങ്ങളെ മുറ്റത്തിട്ട ബഞ്ചിലേക്കു വിളിച്ചിരുത്തി. സെൽവൻ ഗാഢമായ തമിഴിൽ ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൻ ഓരോ വാർത്തയിലും ഞെട്ടി പലപല ദയനീയ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

മിനിയാന്നു് കാലത്തു് കുറച്ചുപേർ വന്നു് അൻപിനെ വിളിച്ചു് ജീപ്പിൽ കയറ്റുന്നതു മാത്രമേ വീട്ടുകാർ കണ്ടിട്ടുള്ളൂ. ആരോടും ഒന്നും പറയാതെ അവരോടൊപ്പമിറങ്ങി. പിന്നെ പിറ്റേന്നു കാലത്തു് സ്ത്രീകളാരോ വെള്ളമെടുക്കാനായി മുന്നിലെ കനാലിലേക്കിറങ്ങിയപ്പോഴാണു് കാൽപ്പാദം വെള്ളത്തിലിറങ്ങി മണ്ണിൽപ്പുതഞ്ഞു് അൻപിന്റെ ശരീരം കാണുന്നതു്. കണ്ണുകൾ രണ്ടും ചൂഴ്‌ന്നെടുത്തിരുന്നു. ജനനേന്ദ്രിയം ക്രൂരമായി മുറിച്ചുമാറ്റിയിരുന്നു. ശരീരം മുഴുവൻ തലങ്ങും വിലങ്ങും കമ്പികൊണ്ടു വരിഞ്ഞുകെട്ടിയതിന്റെ ചോരപടർന്ന വടുക്കളുണ്ടായിരുന്നു. കാൽമുട്ടുകൾ ചതഞ്ഞുതൂങ്ങുന്നുണ്ടായിരുന്നു. പിന്നെയും പിന്നെയും ആ വിവരണം സെൽവൻ വിവർത്തനം ചെയ്തുകൊണ്ടിരുന്നു.

ഞാനവന്റെ വായപൊത്തി.

ഒരു പകൽമുഴുവൻ അൻപ് മരണവേദന തിന്നു് ഇഞ്ചിഞ്ചായി മരിച്ചുപോയിരിക്കുന്നു. ഒറ്റയടിക്കല്ല, പ്രാണൻ പറിഞ്ഞുപോകുംവരെ ശരീരംകൊണ്ടു് നരകയാതനമുഴുവൻ തിന്നുതീർത്തിരിക്കുന്നു. നെഞ്ചുകനത്തു് ശ്വാസമടയുംമട്ടിൽ വീർപ്പുമുട്ടി ഞാൻ ഇരുന്ന ബഞ്ചിൽനിന്നു് എഴുന്നേൽക്കാൻ ശ്രമിച്ചു. ബഞ്ചിലെ പശിമയുള്ള എന്തിലോ എന്റെ വസ്ത്രം ഒട്ടിവലിഞ്ഞു. അൻപിന്റെ കൂട്ടുകാരൻ കരഞ്ഞുകൊണ്ടു് പറഞ്ഞു, കനാലിൽനിന്നു കണ്ട ശരീരം ഇവിടെ ഈ ബഞ്ചിലാണു് ആദ്യം കിടത്തിയിരുന്നതു് എന്നു്. ഉള്ളിലൂടെ പാഞ്ഞ തരിപ്പിലൂടെ ഞാനാ രക്തപ്പശിമയെ പേടിയോടെ നോക്കി. എനിക്കു് ആരൊക്കെയോ ആയിരുന്ന, അൻപ്, നാട്ടിലെ ഏക ഐ. എ. എസ്സുകാരനായി കാറിൽവന്നിറങ്ങുന്ന ദൃശ്യം സ്വപ്നം കണ്ടിരുന്ന അൻപ്, അമുദം എന്ന ബാല്യകാലപ്രണയത്തെ ഇപ്പോഴും നാണത്തോടെ താലോലിച്ചുനടക്കുന്ന അൻപ്, ഉഷാറാണിയെന്ന പ്രലോഭനത്തെ നേരിടാനാവാതെ ധർമ്മസങ്കടത്തിലായ അൻപ്, ഏറ്റവും പുതിയ കമ്പ്യൂട്ടർ പ്രോഗ്രാമുകളും ലാൻഗ്വേജുകളും അനായാസമായി പഠിച്ചെടുക്കുമ്പോഴും ഗരുഢപുരാണം വിടാതെ പിന്തുടർന്നതിന്റെ ദുരന്തസാക്ഷ്യം, അവന്റെ രക്തമാണു് ഇപ്പോൾ എന്നെ തൊട്ടുവലിച്ചതു്. ജീവിതാശകൾ ഇപ്പോഴും ഒട്ടലായി ഉണങ്ങിക്കറപിടിച്ച ദുരന്തജാതകം!

അടുത്ത ചടങ്ങിനായി എല്ലാവരും എഴുന്നേറ്റതോടെ ഞാനും സെൽവനും ഒരല്പം മാറിനിന്നു. മുറ്റത്തെ കുടത്തിൽ അൻപിന്റെ ചിതാഭസ്മമായിരുന്നു. അതിനെ മൂടിയുരുന്ന പട്ടുതുണി മാറ്റിയപ്പോൾ അതിൽനിന്നും തെറിച്ചുനിൽക്കുന്ന അസ്ഥിചൂണ്ടി സെൽവൻ പറഞ്ഞു, “കയ്യെലുമ്പ്…” ഇതൊക്കെയാണിനി ഒരു ജന്മത്തിന്റെ ബാക്കിയിരുപ്പു്. ഒപ്പാരിയുടെ അത്യുച്ചത്തിലുള്ള നിലവിളിയുടെ അകമ്പടിയിൽ ആ കുടവും വഹിച്ചുള്ള സംഘം പടിയിറങ്ങിപ്പോയി. മരണം ബാക്കിയാക്കിയ മഹാശൂന്യത ഒരു പുതിയ ദിവസമായി ആ വീടിനെ ഭസ്മംപൂശി. ആരോ നീട്ടിയ കട്ടൻകാപ്പി ഞാൻ വായ്ക്കടുത്തേക്കു കൊണ്ടുപോയതും ബ്രഹ്മാണ്ഡം മുഴുവൻ പുറത്തെത്തിക്കുന്ന ഒരു ഛർദ്ദിലുമായി ഞാൻ വേലിക്കരികിലേക്കു് ഓടി.

images/sreevalsan-3-t.png

കയ്യിലെ പവിത്രം അഴിച്ചു് അതുകൂടി ഇലയിലേക്കുവച്ചു് പ്രാർത്ഥിച്ചു് തലയ്ക്കുമുകളിലൂടെ പിറകിലെ ഒഴുക്കിലേക്കെറിയാൻ കാർമ്മികൻ പറയുമ്പോൾ ഇനിയെങ്കിലും എല്ലാം തീരുമെന്നു് ഞാൻ ആശിച്ചു. കാറ്റും മഴയും ശമിച്ചെങ്കിലും ഇപ്പോൾ പാപനാശിനിക്കു് ശൗര്യം വർദ്ധിച്ചതുപോലെ. അപാരമായ എന്തോ ഒന്നുമായി വിനിമയം സാധിച്ചതിന്റെ ശാന്തി, അൻപ് എന്നോടു പൊറുത്തു എന്ന സമാധാനം, ആത്മബലിയുടെ ഭാരക്കുറവു് ഇതൊക്കെയാണു് ഞാൻ ആ നിമിഷം പ്രതീക്ഷിച്ചതു്. കുതിച്ചുവീഴുന്ന വെള്ളത്തിന്റെ ചില്ലുചീളുകൾ മേലാകെത്തറച്ചു് ഞാൻ കുളിച്ചുകൊണ്ടേയിരുന്നു. സ്ത്രീകളും കാർമ്മികനും നടന്നകന്നതോടെ കാടുമുഴുവൻ എനിക്കായി ഒരു ക്രൂരനാടകം തിരശ്ശീലനീക്കി.

ക്ഷേത്രത്തിൽ ഒന്നുകൂടി കയറിത്തൊഴുതു് ഹോട്ടലിൽനിന്നു കാപ്പികുടിച്ചു് മുറിയിലെത്തിയതും ഇപ്പോഴും ‘അതു’ കേൾക്കുന്നുണ്ടോ എന്നു് കാതോർത്തു.

‘അതു്…’

പോക്കറ്റിൽ ഫോണുമായി നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ, വളരെ നേർത്ത ശബ്ദത്തിൽ ഇടയ്ക്കിടെ ആരോ വിദൂരതയിൽനിന്നു വിളിക്കുന്നതുപോലെ. തോന്നലല്ല, സത്യമായും ഞാനതു കേൾക്കുന്നുണ്ടു്. ആരുടേതെന്നു തിരിച്ചറിയാനാവാത്ത ചെറിയ, വളരെ ചെറിയ ശബ്ദം. ശ്രദ്ധിച്ചാൽ മേലാകെ തരിപ്പു പടർത്തുന്ന അതീന്ദ്രിയസംവേദനം. ഷർട്ടിലെ പോക്കറ്റിൽനിന്നു മാറ്റി പാന്റിലും പിന്നെ ബാഗിലും ഫോൺ വച്ചുനോക്കി. സർവ്വശക്തിയും സംഭരിച്ചു് ഫോണെടുക്കാതെ യാത്രചെയ്തു നോക്കി. അപ്പൊഴും കേൾക്കാം എട്ടുകാലിവലപോലെ നേർത്ത അവ്യക്തശബ്ദങ്ങൾ. കിടക്കുമ്പോൾ തലയണയ്ക്കടിയിൽനിന്നു വരെ അതു കേൾക്കുന്നു.

നാട്ടിലേക്കുപോയ അൻപിന്റെ ഫോണിൽനിന്നും അവനറിയാതെ ഡയൽചെയ്തുവന്ന വിളി എന്നോടെന്തോ പറയാൻ ശ്രമിച്ചു് ദയനീയമായി പരാജയപ്പെടുകയായിരുന്നു. പ്രേതാത്മാവായി അലയുന്ന അവനു് പിണ്ഡദേഹം ലഭിക്കുന്നതുവരെ നരകയാതന തുടരുന്നുണ്ടാവണം. ഗരുഢപുരാണമനുസരിച്ചു്, ജീവിക്കുന്നവരോടു് അലറിവിളിച്ചു കേഴുന്ന കോടിക്കണക്കിനു് പ്രേതക്കൂട്ടങ്ങളിലൊന്നായി പാവം എന്റെ അൻപും യാതനാശരീരവുമായി ഇപ്പോഴും എവിടെയോ ഉണ്ടെന്ന തോന്നൽ എന്നെ ഉഴുതുമറിച്ചുകൊണ്ടിരുന്നു.

ബ്രഹ്മഗിരിയുടെ നിഴൽവീണ വഴിയിലൂടെ അതിവേഗം തിരിച്ചുപായുന്ന ബസ്സിലിരിക്കുമ്പോൾ ഞാൻ ആദ്യം ചെയ്ത കാര്യം, ഫോൺ തുറന്നു് അതിലെ കോൺടാക്റ്റ് ലിസ്റ്റിൽനിന്നു് മരിച്ചുപോയവരുടെ നമ്പറുകൾ നിഷ്ക്കരുണം ഡിലീറ്റുചെയ്യുകയായിരുന്നു. അകാരക്രമത്തിലുള്ള ആ പേരുകളിൽ ആദ്യത്തേതു് അൻപിന്റേതായിരുന്നു. ആത്മരക്ഷയ്ക്കായുള്ള ആ കൊലപാതകത്തിനു് ഗരുഢപുരാണത്തിലെ ശിക്ഷ എന്തുതന്നെയായിരുന്നാലും ഞാനതു നേരിടാൻ തയ്യാറായിരുന്നു.

ടി. ശ്രീവത്സൻ
images/sreevalsan.jpg

1971-ൽ പാലക്കാടു് ജനിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഭാഷാശാസ്ത്രത്തിൽ പി എഛ് ഡി എടുത്തു. 2002 മുതൽ ഗവ. കോളേജ് മലയാളം അധ്യാപകൻ. ആംബുലൻസ്, നിസ്സാരോപദേശകഥകൾ എന്നീകഥാസമാഹാരങ്ങളും ഈഡിപ്പസ് യന്ത്രം, നവമനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം, ഹരിതഭാഷാവിചാരം എന്നീ പഠനങ്ങളും ജർമ്മനിയിൽ നിന്നു് ‘Linguistic Convergence: Konkani - Malayalam contact Situation’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആനുകാലികങ്ങളിൽ കഥകളും പഠനങ്ങളുമെഴുതുന്നു.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രങ്ങൾ: വി. പി. സുനിൽകുമാർ

Colophon

Title: Yathanasareeram (ml: യാതനാശരീരം).

Author(s): T. Sreevalsan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-29.

Deafult language: ml, Malayalam.

Keywords: Short Story, T. Sreevalsan, Yathanasareeram, ടി. ശ്രീവത്സൻ, യാതനാശരീരം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A buffalohide puppet used in Nang Yai, a form of shadow play from Thailand, a photograph by Steve Evans . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.