കയ്യിൽ കാശില്ലാത്ത കേവലം പാപ്പരായ്പോകുന്ന അവസരങ്ങൾ കൂടക്കൂടെ വന്നുചേരുന്നതു് ഓരോരുത്തരുടെ തലയിലെഴുത്താണു്. എനിക്കാണെങ്കിൽ എന്റെ കയ്യിൽ കിട്ടുന്ന പണം വെളിയിലയിൽ വീഴുന്ന വെള്ളംപോലെ ചഞ്ചലമായിരിക്കകൊണ്ടു്, കുചേലന്റെ പൂർവ്വാവസ്ഥ ഒരിക്കലും ഒരു അപൂർവ്വാവസ്ഥയായിത്തീരാറില്ല. ഹരജിയുടെ ബുദ്ധുമുട്ടൊന്നും കൂടാതെ പാപ്പർസ്ഥാനം കൂടക്കൂടെ സിദ്ധിക്കുന്ന എനിക്കു് അങ്ങിനേയുള്ള അവസരംപോലെ ഉന്മേഷമുണ്ടാക്കുന്ന അവസരം മറ്റൊന്നുമില്ലെന്നു് തീർച്ചപറയാം. ഭുക്കുണ്ഡന്റെ ശ്ലോകമാണെ നേരു് ഞാൻ പറഞ്ഞതു് കളവല്ല. സൂക്ഷിച്ചുവെക്കേണ്ടതു് ദേഹസുഖവും ചിലവഴിക്കേണ്ടതു് പണവും എന്നാണു് എന്റെ പ്രമാണം. അനാവശ്യമായി ചിലവാക്കാൻ എത്രയെങ്കിലും ഉറുപ്പിക കയ്യിലില്ലാത്തതു് ഒരു നല്ല അനുഭവമായിരിക്കേണ്ടതാണെന്നു് ഞാൻ ഇതുകൊണ്ടു് ധ്വനിപ്പിക്കുന്നില്ല. ഞാൻ എല്ലാറ്റിലും ഒരു വിപരീതമട്ടുകാരനാണു്. കാശില്ലാതാകുമ്പോഴാണു് എന്റെ ആലോചനക്കു് ശക്തിയും, ബുദ്ധിക്കു് കൂർമ്മതയും ധൈര്യത്തിന്നു് ഉണർച്ചയും ഉണ്ടാകുന്നതു്. ഈ മാതിരി അടി വറ്റിയ നില എന്നെപ്പോലെയുള്ള ധാരാളികൾക്കു് മാത്രമെ കൂടക്കൂടെ സിദ്ധിക്കാറുള്ളു. കുബേരന്റെ തറവാട്ടിലെ കാരണവനായാലും കൂടി ഞാൻ അവിടത്തെ സ്വത്തുക്കളുടെ ഉന്മൂലനാശത്തിന്നു് കാരണമാവാതിരിക്കില്ല. നിർദ്ധനാവസ്ഥയിൽ നിന്നു് കേവലം എന്നെ വീണ്ടെടുപ്പാൻ ഈശ്വരന്നുപോലും സാധിക്കയില്ല. കോടീശ്വരന്മാരായ കാർനിജിക്കും ഫോർഡിന്നുംകൂടി ഈ മാതിരി അനുഭവം കൊണ്ടാടാൻ കഴികയില്ലെന്ന ഒരു വിചാരം ചിലപ്പോഴൊക്കെ എന്നെ രസിപ്പിച്ചു. എന്തായാലും പണമുള്ളവർക്കു് സാദ്ധ്യമാകാത്ത കാര്യങ്ങളുമുണ്ടെന്നു് ഞാൻ ഇതുകൊണ്ടു് ഗ്രഹിച്ചു. പണമുള്ളതുകൊണ്ടു് കുഴങ്ങുന്ന അവരോടൊന്നും, പണമില്ലാത്തതുകൊണ്ടു് കുഴങ്ങുന്ന എനിക്കു് വലിയ ബഹുമാനമില്ല. ഇല്ലാത്തവർക്കു് ഒരിക്കൽ ഉണ്ടാവും എന്ന ആശയും ആശംസയും ഉള്ളപോലെ, ഉള്ളവർക്കു് ഒരിക്കൽ ഇല്ലാതായ്പോകും എന്ന പേടിയും ശങ്കയും ഉണ്ടാകും. അതെന്തെങ്കിലുമാവട്ടെ അന്നത്തെ ദിവസത്തിൽ എന്റെ കയ്യിൽ ഒരു ഉരഞ്ഞ കാശുപോലുമില്ലായിരുന്നു. പണത്തിനെ സംബന്ധിച്ചിടത്തോളം ഇല കൊഴിഞ്ഞുപോയ മരംപോലെ ഞാനും വെറും നഗ്നനായിരുന്നു. അതുകൊണ്ടു് അന്നത്തെ അനാവശ്യചിലവിന്നു് അത്യാവശ്യമായ പത്തിരുന്നൂറുറുപ്പിക എങ്ങിനെ ഉണ്ടാക്കണം എന്നാലോചിച്ചു് വരുമ്പോഴാണു് ഞാൻ എന്റെ സ്നേഹിതൻ കെ. വി. കൃഷ്ണനെ കണ്ടതു്.
- ഞാൻ:
- ഹാ! നല്ല അവസരത്തിലാണു് നിന്നെ കണ്ടതു്.
- കൃ:
- എന്തായിരുന്നു.
- ഞാൻ:
- ഞാൻ കയ്യിൽ കാശില്ലാഞ്ഞിട്ടു് കുഴങ്ങിയിരിക്കുന്നു. നാലുപുറത്തിൽനിന്നും കാക്ക കൊത്തുംപോലെ ഓരോരുവർ എന്നെ കൊത്തിപ്പറിക്കുന്നു. ആങ്കോലത്തു് അമ്മിണിക്കു് മേടിച്ചുകൊടുത്ത കമ്മലിന്റെ ബില്ലുകൊണ്ടു് അഞ്ചാറു ദിവസമായി ഒരാൾ എന്റെ അടുക്കെ വന്നും പോയുംകൊണ്ടു് ചാലിയന്റെ ഓടംപോലെ കളിക്കുന്നു. പുറപ്പാടു് ബാക്കിക്കു് ജന്മിയുടെ കാര്യസ്ഥൻ വീട്ടിൽ പാടു കിടക്കുന്നു. കൊടുപ്പാനുള്ളതു് കൊടുത്തല്ലാതെ മേലാലൊന്നും കടം തരില്ലെന്നു് നമ്മുടെ ഷാപ്പുകാരൻ കേളപ്പനും ശഠിക്കുന്നു. പുല്ലാന്തിപ്പാഞ്ചാലി ഒരു കസവുചേലക്കു് പറഞ്ഞിട്ടു് ദിവസം പത്തായി. ആകപ്പാടെ ഒരു ഇരുനൂറുറുപ്പിക കൂടാതെ കഴികയില്ല. ആ സഹായം ചെയ്വാൻ ഞാൻ നിന്നെയാണു് കണ്ടതു്.
- കൃ:
- നല്ല പുള്ളിയെത്തന്നെയാണു് കണ്ടതു്.
- ഞാൻ:
- അതെന്താ നിന്റെ കയ്യിൽ പണമില്ലെന്നോ? ആളുകളെ കളിയാക്കല്ല.
- കൃ:
- തല്ക്കാലം നിങ്ങളെക്കാളും ഞാനാണു് പാപ്പരു്.
- ഞാൻ:
- അങ്ങിനെ വരാൻ പാടുണ്ടോ?
- കൃ:
- എങ്ങിനെയാണു് വരാൻ പാടില്ലാത്തതു്.
- ഞാൻ:
- എടോ, നിങ്ങൾക്കൊക്കെ പണമുണ്ടായിട്ടു് ഫലമില്ല. എന്നെപ്പോലെയുള്ള ലോകോപകാരികൾക്കാണു് പണം ഉണ്ടാകേണ്ടതു്.
- കൃ:
- എന്റെ വശം പണമുണ്ടായിരുന്നിട്ടുകൂടി എന്നു് ഞാനും പറയുന്നില്ല. തുണിസ്സാമാനം വാങ്ങിയ വകയിൽ 3,000 ക ഇന്നലെയാണു് ഞാൻ സേട്ടുവിന്നു് പുക്കിച്ചതു്. അന്നുതന്നെ കല്ലണ്ടിയുടെ കല്യാണത്തിന്നു് 500 കയും സഹായിച്ചു. ഇപ്പോൾതന്നെ ഒരു കുറിക്കാര്യത്തിൽ 35 കക്കു് ഒരാൾ വന്നു് തിടുക്കി. ഉറുപ്പിക മുഴുവൻ തികയാഞ്ഞിട്ടു് കാമ്പ്രത്തു് കമ്മാരനോടാണു് രണ്ടുറുപ്പിക വാങ്ങിക്കൊടുത്തതു്. ഇനി കൊപ്പരക്കാരൻ കുഞ്ഞോലൻ മാപ്പിള വന്നാൽ എന്തുപറയും എന്നു് പരുങ്ങിക്കളിക്കുകയാണു് ഞാൻ. എപ്പോഴും ഞാൻ സൂക്ഷിച്ചിരിക്കുന്നു. കയ്യിൽ കാശില്ലാതിരിക്കുമ്പോഴാണു് നിങ്ങൾ വല്ലതിന്നും വന്നു് ചോദിക്കുന്നതു് എന്നു്.
- ഞാൻ:
- ഈ കാര്യത്തിൽ നിന്റെ നാവൊ പണമൊ കുറ്റക്കാരൻ എന്നു് ആരു് കണ്ടു?
- കൃ:
- അയ്യൊ തെറ്റായിട്ടൊന്നും വിചാരിക്കരുതെ. പണമുണ്ടെങ്കിൽ ഞാൻ മടിയില്ലാതെ എടുത്തു് തരുന്നവനാണെന്നു് നിങ്ങൾക്കുതന്നെ നിശ്ചയമുള്ള കാര്യമല്ലെ.
- ഞാൻ:
- ഹോ! ഇങ്ങിനെ ഒരു പരോപകാരിയെ ഞാൻ കണ്ടിട്ടില്ല. എനിക്കു് കേൾക്കേണ്ട.
- കൃ:
- എന്നാൽ ചെവി പൊത്തിക്കളയൂ.
- ഞാൻ:
- എനിക്കു് അദ്ധ്വാനിക്കാനൊന്നും കഴിയില്ല. ആരാണു് ആ പുസ്തകഷാപ്പിൽ കേറിച്ചെന്നതു്.
- കൃ:
- എന്തു് ആളെ മനസ്സിലായില്ലെ. “ദൂരെപ്പോ” മനക്കൽ “പരിശുദ്ധൻ” നമ്പൂതിരിപ്പാടല്ലെ അതു്, നിങ്ങളുടെ ജന്മി.
- ഞാൻ:
- എന്റെ ജന്മി. ഇത്ര അഹന്തയും അസൂയയും കളവും ചതിയും ദ്രോഹവും ഉള്ള ഒരു തെമ്മാടിയെ ഞാൻ കണ്ടിട്ടില്ല.
- കൃ:
- എന്നിട്ടെന്തുവേണം. കണക്കിലേറെ പണം കെട്ടിയിരിപ്പുള്ള ആളാണു്. ഏതെങ്കിലും കാര്യത്തിൽ വാശി പിടിച്ചാൽ അതു് വെള്ളംപോലെ ചിലവാക്കാനും മടിയില്ല.
- ഞാൻ:
- എന്നാൽ നമ്മളും ഒന്നങ്ങോട്ടു് ചെല്ലുക. അദ്ദേഹം നീ പറയുമ്പോലെ വലിയ വാശിക്കാരനും ദുരഭിമാനിയുമാണു്. ഒരു സമയം നമുക്കു് വല്ലതും കിട്ടുമോ എന്നും ആലോചിക്കാമല്ലോ. ഞങ്ങൾ രണ്ടാളും ഷാപ്പിൽ കയറിയപ്പോൾ എന്തൊ ഒരാലോചനയിൽ മുഴുകിക്കൊണ്ടു് നമ്പൂരിപ്പാടു് ഒരു കസേലമേൽ ഇരിക്കുകയായിരുന്നു. ഞങ്ങൾ രണ്ടാളും ആ കുബേരനെ ഭക്തിയോടെ തൊഴുതു, മെല്ലെ ഒന്നു് മന്ദഹസിച്ചു, ഒരേടത്തൊതുങ്ങിനിന്നു.
- ഞാൻ:
- തിരുമനസ്സിന്നു് ഒരു കുണ്ഠിതമെന്താണാവോ?
- നമ്പൂതിരിപ്പാടു്:
- വിശേഷിച്ചൊന്നുമില്ല.
- കൃ:
- അപ്പോൾ വല്ലതും ഒന്നു് ഉണ്ടെന്നു് വരുന്നല്ലൊ.
- ന:
- ഇല്ലെന്നുമില്ല.
- ഞാ:
- അടിയങ്ങൾക്കും ഒന്നു് കേൾക്കുന്നതിന്നു് വിരോധമുണ്ടോ?
- ന:
- കേട്ടിട്ടെന്തു് ഫലം.
- ഞാൻ:
- ഫലമുണ്ടാവില്ലെന്നു് അത്ര വേഗമൊന്നും തീർച്ചപ്പെടുത്തരുതെന്നു് ഉണർത്തിച്ചുകൊള്ളുന്നു.
- ന:
- നിങ്ങൾ ഡിപ്യൂട്ടി കലക്ടർ കമ്മാരൻനായരെ അറിയുമോ. ആ വഷളനെ അറിയാത്തവർ ദുർല്ലഭമാണു്.
- ഞാ:
- നല്ലവണ്ണം അറിയും.
- ന:
- അവന്റെ കോടതിയിൽ ഇന്നാളൊരു ദിവസം നാം സാക്ഷിയായിപ്പോയിരുന്നു. ആ കഴുവേറി നമ്മെ അനാവശ്യമായി ഇശ്ശി ശകാരിച്ചു. നാം അന്ധാളിച്ചു. നമ്മെ ആരും ഇതിന്നു് മുമ്പു് ശകാരിച്ചിട്ടും ഇല്ല. ഒരു ശൂദ്രന്നു് ആ സ്വാതന്ത്ര്യം കിട്ടിയതും കൊടുത്തതും കലികാലവൈഭവം തന്നെ. അവന്റെ തറവാട്ടിൽ ജനിക്കുന്നവരൊക്കെ ഡിപ്യുട്ടി കലക്റ്റർമാരായിരിക്കയില്ല. നമ്മുടെ തറവാട്ടിൽ ജനിക്കുന്നവരൊക്കെ ജന്മികളായിരിക്കും.
- ഞാൻ:
- അദ്ദേഹത്തിന്നു് ആ മാതിരി നീചസ്വഭാവം സഹജമാണു്. തിരുമനസ്സിന്നു് ഒന്നും പകരം ഉണർത്തിച്ചില്ലായിരിക്കും.
- ന:
- വഷള്, വഷള്, തിരുവിതാംകൂർ പൊന്നു് തമ്പുരാൻ തന്നെ നമ്മെ ബഹുമാനിക്കും. നാം ഇരിക്കുന്നേടത്തു് ഇരിക്കാൻ മടിക്കും. അങ്ങിനെയുള്ള നമ്മെയാണു് ഈ ശുംഭൻ നിന്ദിച്ചതു്. നമുക്കു് വല്ലാതെ കോപം വന്നു.
- ഞാൻ:
- എന്നിട്ടെന്തായാവോ.
- ന:
- ആ കഴുവേറിയെപ്പറ്റി നമ്മുടെ അഭിപ്രായം ഉള്ളിൽതന്നെ ഒതുക്കി.
- കൃ:
- ഇവിടുത്തെ ക്ഷമ അഭിനന്ദിക്കത്തക്കതന്നെ.
- ഞാൻ:
- അതുകൊണ്ടു് മതിയായില്ലല്ലോ.
- ന:
- മാനനഷ്ടത്തിന്നു് വല്ല നമ്പറും അവന്റെ പേരിൽ നിലനില്ക്കുമോ എന്നു് നാം പല വക്കീൽമാരോടും അന്വേഷിച്ചു. ആ കൊശവൻ ഒരു ജഡ്ജിയുടെ നിലയിൽ പറഞ്ഞതാകകൊണ്ടു് ഒരു നിവൃത്തിയുമില്ലെന്നു് എല്ലാവരും അഭിപ്രായപ്പെട്ടു. പിന്നെ നാമെന്തു് ചെയ്യും.
- കൃ:
- ജഡ്ജിയുടെ നില വരുത്തിച്ചിട്ടു് വന്ന നിലയല്ലെ. കാശിന്നു് കൊള്ളാത്തവർക്കു് ഉദ്യോഗം കിട്ടിയാൽ ഇങ്ങിനെയൊക്കെയായിരിക്കും.
- ന:
- നിവൃത്തിയില്ലാത്ത കാര്യത്തിൽ നമുക്കടങ്ങുകയല്ലാതെ എന്തു് ഗതി.
- ഞാൻ:
- എന്തു് ഈ അപമാനവും സഹിച്ചു് വെറുതെ ഇരുന്നു് കളകയെന്നോ. ഇതു് അടിയനുള്ളപ്പോൾ സമ്മതിക്കുകയില്ല. മാന്യന്മാരായ മഹത്തുക്കളെ കണ്ട തെമ്മാടികൾ എന്തെങ്കിലും നിന്ദിക്കയൊ.
- ന:
- അതൊക്കെശ്ശരി. ഈ കാര്യത്തിൽ തനിക്കെന്തു് ചെയ്വാൻ സാധിക്കും.
- ഞാൻ:
- അടിയനോടു് തിരുമനസ്സൊന്നു് കല്പിച്ചാൽ മതി. അടിയൻ തിരുമനസ്സു് കേൾക്കേ അദ്ദേഹത്തെച്ചെന്നു് ശകാരിക്കും. എന്നിട്ടു് അദ്ദേഹത്തെക്കൊണ്ടു് തിരുമനസ്സോടു് മാപ്പു് ചോദിപ്പിക്കും.
- ന:
- താനെന്തൊക്കയൊ പറയുന്നു.
- ഞാൻ:
- തിരുമനസ്സിന്നു് അടിയനെ നല്ലവണ്ണം അറിയാഞ്ഞിട്ടാണു്.
- ന:
- അറിഞ്ഞിട്ടെന്തു് കാര്യം.
- ഞാൻ:
- അങ്ങിനെ അരുളിച്ചെയ്യരുതു്. തിരുമനസ്സിലെ യോഗ്യതയും പദവിയും അടിയനറിയുംപോലെ ആരും അറിയില്ല. തിരുമനസ്സിലേക്കു് വേണ്ടി മരിക്കാനും കൂടി അടിയനൊരുക്കമാണല്ലൊ. അങ്ങിനെയിരിക്കെ അദ്ദേഹത്തെ ചെന്നു് ശകാരിക്കുന്നതും അദ്ദേഹത്തെക്കൊണ്ടു് തിരുമനസ്സോടു് മാപ്പുചോദിപ്പിക്കുന്നതും അടിയന്നു് വലിയ കാര്യമാണൊ.
- കൃ:
- ഇവിടുത്തേക്കു് യാതൊരു വിശ്വാസക്കേടും വേണ്ട.
- ഞാൻ:
- അടിയനോടൊന്നു് കല്പിക്കയേ വേണ്ടൂ.
- ന:
- താനാളൊരു രസികനാണു്. താൻ പറയും പ്രകാരം ചെയ്താൽ നമ്മുടെ ഖേദം തീർന്നുപോകുമായിരുന്നു. ഒരു വലിയ കുണ്ഠിതം നമ്മുടെ മനസ്സിൽനിന്നു് പോയ്പോയപോലെയിരിക്കും. തന്നെ ഞാൻ ഒരിക്കലും മറക്കില്ല.
- ഞാൻ:
- അയ്യൊ അടിയൻ ഒരു കാശിന്നും ഗതിയില്ലാത്തവനാണെ. തിരുമനസ്സിലെ കാലാധാരമേ അടിയന്നുള്ളു.
- ന:
- ആട്ടെ സമ്മതിച്ചു. താൻ പറയും പ്രകാരം നടത്തിയാൽ ഞാൻ തനിക്കു് മുന്നൂറുറുപ്പിക സംഭാവന ചെയ്വാനൊരുക്കമാണു്. നാം വാക്കുമാറി ഒരിക്കലും നടക്കുകയില്ല.
- ഞാൻ:
- തിരുമനസ്സിന്നു് എന്തു് തന്നാലും അടിയൻ വാങ്ങാനൊരുക്കമാണു്. ആ കഴുവേറിയെ ഒന്നു് പകരത്തിന്നു് പകരം ശകാരിക്കാഞ്ഞിട്ടു് അടിയന്നു് നിർത്തം കൊള്ളുന്നില്ല. ഈശ്വരനെപ്പോലെ ഇരിക്കുന്ന തിരുമനസ്സിനെശകാരിച്ചിട്ടു് പകരം ചോദിപ്പാനാളില്ലെന്നോ? അവനത്ര വമ്പനായിട്ടില്ല. തിരുമനസ്സിലേക്കു് അടിയങ്ങളെപ്പോലെ ചില ദാസന്മാരുണ്ടായിരിക്കുമ്പോൾ അല്പം പോലും വിഷാദിപ്പാനിടവരുത്തുമോ? എഴുന്നെള്ളണം ഇപ്പോൾ തന്നെ എഴുന്നള്ളണം.
കെ. വി. കൃഷ്ണനേയും നമ്പൂതിരിപ്പാടിനേയും കൂട്ടി ഞാൻ ഡിപ്യൂട്ടികലക്ടരുടെ വീട്ടിലേക്കു് നടന്നു. എന്റെ ശുഷ്കാന്തിയും ചുണയും കൂസലില്ലായ്മയും കണ്ടപ്പോൾ ഇവരാരും ഒന്നിച്ചുവരാൻ മടിച്ചില്ല. ഡിപ്യൂട്ടി കലക്ടരും ഞാനും പണ്ടു് സഹപാഠികളായിരുന്നു. ഇദ്ദേഹം ആളൊരു സാധുവും സാത്വികനുമായിരുന്നു. എന്നാൽ കോടതിയിൽ വരുമ്പോൾ പ്രകൃതം ഒന്നു് മാറ്റി അറിഞ്ഞുകൊണ്ടു് ഒരു ഘനവും കോപവും നടിക്കുന്നതു് ഒരു വലിയ അവസ്ഥയാണെന്നു് വിചാരിച്ചുവരുന്ന ആളാണു്. അതുകൊണ്ടു് ചില അബദ്ധം പിണഞ്ഞെന്നു് വരാമെങ്കിലും, വീട്ടിൽ ചെന്നാൽ അദ്ദേഹം തന്റെ അതിഥികളുടെ വെറും ദാസനാണു്. ഊ സ്വഭാവം ഞാൻ നല്ലവണ്ണം അറിഞ്ഞതുകൊണ്ടു് നമ്പൂതിരിപ്പാടിന്റെ കണ്ണിൽ പൊടിയിട്ടു്, സമ്മാനം വാങ്ങാൻ ഒരുപായം ഞാനുടനെ കണ്ടുപിടിച്ചു് കഴിഞ്ഞിരുന്നു. എന്റെ പുറപ്പാടിന്റെ ഉറപ്പു് കാണിപ്പാൻവേണ്ടി, പോകുംവഴിക്കു് ഞാൻ കൃഷ്ണന്റെ മടക്കു കത്തി വാങ്ങി, തുറന്നു്, മൂർച്ചനോക്കി, അപ്പാടു് തന്നെ കീശയിലിട്ടു. “അത്രത്തോളം സാഹസത്തിന്നു് പോകരുതേ” എന്നു് നമ്പൂതിരിപ്പാടു് പറഞ്ഞപ്പോൾ ഞാൻ ഒന്നു് മന്ദഹസിച്ചതേ ഉള്ളു.
ഡിപ്യൂട്ടികലക്ടരുടെ വീട്ടിൽ എത്തിയപ്പോൾ തെക്കിനി മാളികയുടെ ചുവട്ടിൽ യഥായോഗ്യം നമ്പൂതിരിപ്പാടിനേയും കൃഷ്ണനേയും ഇരുത്തി ഞാൻ കൂസലില്ലാതെ മാളികമേൽ കേറിച്ചെല്ലാൻ പുറപ്പെട്ടു. നമ്പൂതിരിപ്പാടും കൃഷ്ണനും എന്നെ ഒന്നും തിരിയാത്ത അന്ധാളിപ്പോടെ നോക്കി. അവർ അത്യന്തം ചകിതന്മാരായിരുന്നു എന്നു് അവരുടെ വിളറിച്ചുപോയ മുഖം എന്നെ ബോദ്ധ്യപ്പെടുത്തി. “വിത്തിന്നു് നീർത്തുള്ളിയെന്നപോലെ” ഇതും എന്റെ ഉദ്ദേശത്തിന്നു് സഹായിയായി. “ഇവൻ എന്തൊക്കെയാണു് ലഹള ഉണ്ടാക്കിത്തീർക്കാൻ ഒരുമ്പെടുന്നതു്. എല്ലാം കൂടി നമ്മെ പിന്നേയും അവതാളത്തിൽ ചാടിക്കുമോ. നമ്മളെ ഇവിടെ കാണുന്നതു തന്നെ അബദ്ധമായ്വരില്ലേ” എന്ന നമ്പൂതിരിപ്പാടിന്റെ വാക്കിന്നു് “ഇവിടുന്നൊട്ടും ഭയപ്പെടേണ്ട, അദ്ദേഹം ഇവിടുത്തോടൊരു തെറ്റു് ചെയ്കയുണ്ടാവില്ല” എന്ന കൃഷ്ണന്റെ മറുപടിയും ഞാൻ കോണി കയറുമ്പോൾ കേട്ടു. മുകളിൽ ചെന്നപ്പോൾ ഡിപ്യൂട്ടികലക്ടർ എന്തോ എഴുതുകയായിരുന്നു. ഉച്ചത്തിൽ പറയുമ്പോളല്ലാതെ മെല്ലെ പറയുമ്പോളൊന്നും ചോടെയിരിക്കുന്നവർക്കു് കേൾക്കാൻ പാടില്ലായിരുന്നു. ധൈര്യമുള്ളവന്നു് ദൈവവുംകൂടി അനുകൂലിയാണെന്നു് പറഞ്ഞപോലെ ഈ സംഗതിയും എനിക്കു് മറ്റൊരു സഹായിയായി. എന്നെക്കണ്ടപ്പോൾ ഡിപ്യൂട്ടികലക്ടർ എഴുത്തും നിർത്തി, ഒന്നു് മന്ദഹസിച്ചു്, ഒരേടത്തു് ഇരിക്കാൻ പറഞ്ഞു.
- ഡി:
- എന്താ വന്നതു്.
- ഞാൻ:
- എനിക്കൊരബദ്ധം പറ്റി അങ്ങുന്നേ! നിങ്ങളല്ലാതെ ഈ കുഴക്കിൽനിന്നു് എന്നെ രക്ഷിപ്പാനാരുമില്ല.
- ഡി:
- എന്തബദ്ധം.
- ഞാൻ:
- ഞാൻ ഒരു അവിവേകം പ്രവർത്തിച്ചു. നമ്മുടെ പൂർവ്വസ്നേഹം വിചാരിച്ചു് നിങ്ങൾ എന്നെ രക്ഷിക്കണം.
- ഡി:
- എന്നാൽ കഴിയുന്നതാണെങ്കിൽ നിശ്ചയമായിട്ടും രക്ഷിക്കും.
- ഞാൻ:
- നിങ്ങൾ അങ്ങിനെ ചെയ്യുമെന്നു് എനിക്കു് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു് തന്നെയാണു് ഇവിടെ വന്നതു്.
- ഡി:
- ആട്ടെ ഇനി കാര്യമെന്താണെന്നു് പറയൂ.
- ഞാൻ:
- ദൂരപ്പോമനക്കൽ പരിശുദ്ധൻ നമ്പൂതിരിപ്പാടിനെ നിങ്ങൾ അറിയുമായിരിക്കും. ഇന്നാളൊരു ദിവസം നിങ്ങളുടെ കോടതിയിൽ ഒരു സാക്ഷിയായിരുന്നു. നിങ്ങൾ കാണാനിടയുണ്ടു്. വലിയ ജന്മിയാണു്.
- ഡി:
- കോടതിയിൽ അങ്ങിനെ എത്ര സാക്ഷികൾ വന്നും പോയ്ക്കൊണ്ടുമിരിക്കും. ഇതൊക്കെ ആർക്കോർമ്മവെക്കാൻ സാധിക്കും. ഇരിക്കട്ടെ ബാക്കി പറയൂ.
- ഞാൻ:
- ഇദ്ദേഹം ഞങ്ങളുടെ ജന്മിയാണു്. വലിയ ധിക്കാരിയാണു്. കുടിയാന്മാരുടെ ചോര കുടിക്കുന്ന ഒരു മൂരി അട്ടയാണു്. ആരാന്റേതു് പിടിച്ചുപറിക്കുന്ന ചീപ്പവറാനാണു്. ജാതിപ്പിശാചിന്റെ ബാധകൊണ്ടു് ആളുടെ മേൽ പല്ലിളിച്ചു് ചാടുന്ന ഒരു വ്യാഘ്രമാണു്. ചവിട്ടി പല്ലുകൊഴിക്കേണ്ടുന്ന വകയാണു്.
- ഡി:
- ഒന്നാന്തരം വിശേഷണങ്ങൾ, പിന്നെ.
- ഞാൻ:
- ഇയ്യിടെ ബാക്കി പാട്ടവുംകൊണ്ടു് എന്റെ അനുജനെ ഞാൻ മനക്കലയച്ചിരുന്നു. രണ്ടുറുപ്പിക കുറവുണ്ടെന്നു് കണ്ടിട്ടു് അയാൾ എന്തൊക്കെയാണു് കാട്ടിക്കൂട്ടിയതു്. പണം എന്റെ അനുജന്റെ മുഖത്തു് വലിച്ചെറിഞ്ഞു. അവനെ പിടിപ്പതു് ശകാരിച്ചു. തല്ലിയാൽ അയിത്തമായിപ്പോകുമെന്നുവെച്ചു് അവനെ ദൂരെ നിന്നു് കല്ലെടുത്തെറിഞ്ഞു. ഒരു നിസ്സാരകാര്യത്തിനു് ഒരാളുടെ അച്ഛനെയും അമ്മയെയും ഒക്കെ പറഞ്ഞാലോ? അനുജൻ മടങ്ങിവന്നു് വിവരം എന്നോടു് പറഞ്ഞപ്പോൾ എനിക്കു് കണക്കിലേറെ കോപം വന്നു. ഇയ്യാളോടു് ഒന്നു് പകരം ചോദിക്കാതെ വെറുതെ വിട്ടുകളയില്ലെന്നു് ഞാനുറപ്പാക്കി. അങ്ങിനെ ഇരിക്കുമ്പോൾ മിനിഞ്ഞാന്നു് ഞാൻ മിസ്റ്റർ രാരന്റെ പുസ്തകഷാപ്പിൽ ഇയ്യാളെ കണ്ടുമുട്ടി. വേദമോതേണ്ടുന്ന നാവു് ശകാരമോതാനുപയോഗിച്ച ദുർഭൂതത്തെ കണ്ടപ്പോൾ എനിക്കു് വന്ന ക്രോധം ഇത്രയാണെന്നു് പറഞ്ഞുകൂട. ഇപ്പോഴും എന്റെ ഉടൽ വിറക്കുന്നു. ഇന്നതാണു് പറഞ്ഞതെന്നൊന്നും ഇപ്പോൾ എനിക്കു് നല്ല രൂപമില്ല. എന്നെ കണ്ടിട്ടു് ഇളിച്ചുകൊണ്ടു് “എന്താ വന്നതു്” എന്നു് ചോദിച്ചപ്പോൾ ഞാൻ പല്ലുംകടിച്ചു് എത്രയോ ഉച്ചത്തിൽ ഇങ്ങിനെ പറഞ്ഞു. “എന്തിനാ വന്നതു് എന്നോ? മാനമര്യാദയുള്ള ആളുകളെ എന്തും പറഞ്ഞു് ശകാരിച്ചുകളയാമെന്നോ വിചാരിച്ചിരുന്നതു്. വലിയ ആളാണെന്ന നിലയൊക്കെ അവിടെ വെച്ചുകളയു. തെമ്മാടിത്തം പറഞ്ഞാൽ ചോദിപ്പാനാളുണ്ടാകയില്ലെന്നു് വിചാരിച്ചോ? ഉടനെതന്നെ മാപ്പു് ചോദിച്ചില്ലെങ്കിൽ തല്ലിപ്പല്ലൊന്നും ബാക്കിവെക്കില്ല. ഞാൻ പറയുമ്പോലെ ചെയ്തില്ലെങ്കിൽ കൊലക്കുറ്റം നടത്താനുംകൂടി ഞാൻ മടിക്കില്ല. ഈ കത്തി കണ്ടിരിക്കുന്നോ. കുറേ പണവും പദവിയുമുണ്ടെന്നുവെച്ചു് വല്ല കഴുവേറികളും ധിക്കാരം കാണിച്ചാൽ ബാക്കിയുള്ളവർ അടങ്ങിക്കൂടണമെന്നോ? ഇതേതു് കോടതിയിലെ നിയമമാണു്. ആയുസ്സിൽ ആഗ്രഹമുണ്ടെങ്കിൽ ഉടനെതന്നെ മാപ്പു് ചോദിച്ചുകൊള്ളണം. അല്ലാതെ ഒരൊഴിവില്ല.” (പിന്നെ വളരെ പതിഞ്ഞ സ്വരത്തിൽ) “എന്റെ അങ്ങുന്നേ! ഞാനിങ്ങിനെയൊക്കെ പറഞ്ഞുപോയപ്പോൾ ആളുകളും വളരെകൂടി. കുറെ കവിഞ്ഞുപോയെന്നു് എനിക്കും തോന്നി. എന്തിനുപറയുന്നു അയാൾ എന്റെ പേരിൽ സിവിലായും ക്രിമിനലായും നമ്പർ കൊടുപ്പാനൊരുങ്ങിയിട്ടുണ്ടത്രെ. അന്യായം കൊടുത്താൽ ഞാൻ കുടുങ്ങും. എന്നാലോ അയാൾക്കു് നിങ്ങൾ എന്നു് പറഞ്ഞാൽ ഒരു ദൈവമെന്നാണത്രെ ഭാവം. അതു് ബഹുമാനമാണു്; അതുകൊണ്ടു് എന്റെ സ്നേഹിതൻ കൃഷ്ണന്റെ ഉപദേശപ്രകാരം ഞാൻ അയാളെ ചുവട്ടിൽ കൊണ്ടുവന്നിരുത്തീട്ടുണ്ടു്. നിങ്ങൾ ക്ഷണം ചോടെയിറങ്ങി എനിക്കുവേണ്ടി വെറും രണ്ടു് വാക്കു് പറഞ്ഞാൽ മതി. നമ്പൂതിരിപ്പാടിനെ നോക്കി “കോപം കൊണ്ടറിയാതെ പറഞ്ഞു് പോയതല്ലെ. ഒക്കെ ക്ഷമിച്ചുകളയിൻ” എന്നു് മാത്രം പറഞ്ഞു് ഇങ്ങട്ടു് പോരണം.
- ഡി:
- അതിനെന്തുവിരോധം. ക്ഷണം ചോടെ ഇറങ്ങാമല്ലൊ.
ഞാനും ഡിപ്യുട്ടിക്കലക്ടരും ഇറങ്ങിവരുമ്പോൾ ഞാൻ ശകാരിച്ചതു് ഡിപ്യൂട്ടിക്കലക്ടരെയാണെന്നു് തെറ്റിദ്ധരിച്ചു് എന്തൊക്കെയാണു് വരാൻപോകുന്നതെന്നു് പേടിച്ചു് വിറച്ചുകൊണ്ടു് നമ്പൂതിരിപ്പാടും കൃഷ്ണനും ഒരേടത്തു് നിർജ്ജീവന്മാരായി നിന്നിരുന്നു. ഡിപ്യൂട്ടികലക്ടരുടെ പിന്നാലെ ഇറങ്ങിയ ഞാൻ വളരെ ക്രോധിച്ചപോലെ കണ്ണുകൊണ്ടും മുഖംകൊണ്ടും ഒരുവക അഭിനയം തട്ടിമൂളിച്ചിരുന്നു. ഡിപ്യൂട്ടിക്കലക്ടരെ കണ്ട മാത്രയിൽതന്നെ നമ്പൂതിരിപ്പാടു് ഒന്നു് താണുതൊഴുതു. നമ്പൂതിരിപ്പാടിനെ നോക്കി ഡിപ്യൂട്ടിക്കലക്ടർ “എന്താണങ്ങുന്നേ! കോപംകൊണ്ടു് പറഞ്ഞുപോയതല്ലെ, ആർക്കാണബദ്ധം വന്നുപോകാത്തതു്. ഒക്കേ ക്ഷമിച്ചുകളയണം. മേലാലീമതിരി അബദ്ധം വരില്ല” എന്നു് പറയുന്നതു് കേട്ടപ്പോൾ ആശ്ചര്യങ്കൊണ്ടു് നമ്പൂതിരിപ്പാടും കൃഷ്ണനും കണ്ണുമിഴിച്ചുപോയി. എല്ലാവർക്കും വേണ്ടി ഡിപ്യൂട്ടിക്കലക്ടരോടു് ഞാൻ വിടവാങ്ങി, നമ്പൂതിരിപ്പാടോടും കൃഷ്ണനോടും കൂടെ മടങ്ങി പടിയിറങ്ങിയപ്പോൾ “തിരുമനസ്സോടു് മാപ്പു് ചോദിക്കുന്നില്ലെന്നോ? അവനല്ല അവന്റെ വലിയച്ഛൻകൂടി തിരുമനസ്സോടു് മാപ്പു് ചോദിക്കില്ലേ?” എന്ന എന്റെ വാക്കു് കേട്ടപ്പോൾ നമ്പൂതിരിപ്പാടിന്റെ ആശ്ചര്യത്തിന്നു് അളവും അറ്റവും ഉണ്ടായിരുന്നില്ല. “താൻ പുള്ളി ചില്ലറയല്ല. നമുക്കുവേണ്ടി ഇത്ര ധൈര്യപ്പെട്ടില്ലെ. താൻ അദ്ദേഹത്തെ കഠിനമായി ശകാരിക്കുന്നതു് ഞങ്ങൾ രണ്ടുപേരും അസ്സലായിക്കേട്ടു. ഡിപ്യൂട്ടിക്കലക്ടരെ ശകാരിച്ചു്, പേടിപ്പിച്ചു്, നമ്മോടു് മാപ്പും ചോദിപ്പിച്ചു എന്നതു് ഒരു ചില്ലറ വിദ്യയല്ല. ആർക്കും അത്ര എളുപ്പത്തിൽ സാധിക്കുന്നതുമല്ല. മുന്നൂറിന്നു് പകരം ഇതാ അഞ്ഞൂറു്. നമ്മുടെ വകയായിരിക്കട്ടെ.”
- ഞാൻ:
- തിരുമനസ്സിലേക്കുവേണ്ടി, തിരുമനസ്സിലെ കുടിയാന്മാരായ ഞങ്ങളാൽ ചില ദാസന്മാർ എന്താണു് ചെയ്യാത്തതു്.
- ജാനി:
- (ഭാര്യ) അല്ല! നിങ്ങൾ ഒരു വർത്തമാനം കേട്ടോ?
- കുമാരൻപിള്ള:
- (ഭർത്താവു്) എന്താണതു്?
- ജാ:
- നിങ്ങൾ പൊൻതറ നാണിക്കുട്ടിയെ അറിയില്ലേ?
- കു:
- കഴിഞ്ഞകൊല്ലം സ്ക്കൂൾഫയനൽ പാസ്സായവളോ?
- ജാ:
- അതേ.
- കു:
- അവൾ നിന്റെ വലിയ ചങ്ങാതിയല്ലേ?
- ജാ:
- അതേ. അതുകൊണ്ടു് തന്നേയാണു് ഞാൻ പറയുന്നതു്.
- കു:
- എന്തു്?
- ജാ:
- നാണിക്കുട്ടിയെ പണ്ടുപണ്ടെ പള്ളിച്ചിറത്തറവാട്ടിലെ രാമൻനായർ വിവാഹം കഴിക്കാമെന്നു് വെച്ചിരുന്നു. രണ്ടുകൂട്ടർക്കും അതിനു് വിരോധവുമില്ലായിരുന്നു?
- കു:
- ഇപ്പഴെന്താ അതിന്നു് വൈഷമ്യം?
- ജാ:
- അതാണു് ഞാൻ പറയാൻ പോകുന്നതു്. രാമൻ നായർ ബി. എൽ. പാസ്സായിട്ടു് ഇന്നാളാണു് ഇവിടെ എത്തിയതു്. അതിനിടയ്ക്കു് അദ്ദേഹത്തിന്റെ അമ്മാമൻ കോമൻനായരുടെ മകളുടെ ഭർത്താവു് പെട്ടെന്നു് ഒരു പനികൊണ്ടു് മരിച്ചുപോയി. മന്ദാരത്തിന്നും നാണിക്കുട്ടിക്കും ഒരു വയസ്സാണു്.
- കു:
- അതുകൊണ്ടെന്താ?
- ജാ:
- കേൾക്കു പറയാം. പള്ളിച്ചിറക്കാർ വലിയ സ്വത്തുകാരൊന്നുമല്ല. ഇപ്പോഴത്തെ കാരണവർ കോമൻനായർക്കു് അച്ഛനാൽ കിട്ടിയ പത്തിരുപതിനായിരം ഉറുപ്പികയുടെ സ്വത്തുണ്ടു്. അതിന്റെ ആദായംകൊണ്ടാണു് അദ്ദേഹം അനന്തിരവൻ രാമനായരെ ബി. എൽ. വരെ പഠിപ്പിച്ചതു്.
- കു:
- ഈ മാതിരി കാരണവന്മാർ ഇശ്ശി ഉണ്ടായിരുന്നാൽ നാടു് നന്നായിപ്പോകുമായിരുന്നു.
- ജാ:
- അതെന്തെങ്കിലുമാകട്ടെ. തന്റെ മകളുടെ ഭർത്താവു് മരിച്ചതോടുകൂടി കോമൻനായരുടെ വിധമെന്നു് പകർന്നിരിക്കുന്നു. ഇപ്പോൾ അദ്ദേഹം ചെയ്തുപോയ വാഗ്ദത്തവും കൊടുത്തുപോയ ഉറപ്പും ഒക്കെ തെറ്റിക്കാനാണത്രെ ഭാവം.
- കു:
- അതിനെന്തു് സംഗതി?
- ജാ:
- സംഗതി മറ്റെന്തൊന്നാണു്! തന്റെ വിധവയായ മകളെ രാമൻനായർ കല്യാണം കഴിക്കണമെന്നു് കാരണവർ ശാഠ്യം പിടിക്കുന്നു. രാമൻനായർക്കു് അതിന്നു് വഴിപ്പെടാതെയിരിപ്പാനും നിവൃത്തിയില്ല. തന്റെ പഠിപ്പിന്റെ ചിലവു് മുഴുവനും നടത്തിയതു് കാരണവരുടെ സ്വന്തം പണംകൊണ്ടാണു്.
- കു:
- അവിടെയാണു് വികടം പറ്റിയതു്. ശരി, ശരി. മകളുടെ ഭർത്താവിന്നു് രാമൻനായരുടെ വിവാഹം കഴിഞ്ഞിട്ടു് മരിച്ചാൽ പോരായിരുന്നോ? ഈ ദുർഘടസമയത്തു് മരിക്കേണ്ടിയിരുന്നോ?
- ജാ:
- അതിപ്പോൾ പറഞ്ഞിട്ടെന്താണു് ഫലം? പോരാഞ്ഞിട്ടു് രാമൻനായർക്കു് ഒന്നു് രണ്ടായിരം ഉറുപ്പിക കടം ഉണ്ടത്രേ. സുബ്ബൻ എന്ന അമ്പിപ്പട്ടരാണുപോലും കടം കൊടുത്തതു്. യഥാവസരം ഒരു നമ്പർ സ്വത്തു് വിറ്റിട്ടു് ആ കടം വീട്ടാനും കോമൻനായർ ഏറ്റിരിക്കുന്നു. അതുകൊണ്ടു് രാമൻനായർക്കു് കാരണവരുടെ വാക്കു് നിരസിക്കാൻ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല.
- കു:
- ഒരു സ്ത്രീയെ വിവാഹം ചെയ്യാമെന്നു് വാഗ്ദത്തം ചെയ്ക; അതിന്നു് ഉറപ്പും കൊടുക്കുക; അവസാനം നേരെ തിരിഞ്ഞു് മറ്റൊരുവളെ കൊണ്ടുവരിക—ഇതെന്തു് മര്യാദയാണു്? ഇതാർക്കു് പറ്റിയതാണു്?
- ജാ:
- നാണിക്കുട്ടിക്കു് ഈ വർത്തമാനം കേട്ടിട്ടു് വളരെ കുണ്ഠിതമുണ്ടു്. അവൾ രാമൻനായരെ അത്ര അധികം സ്നേഹിച്ചുപോയിരുന്നു. കണ്ണീരും കയ്യുമായിട്ടാണു് കാലം കഴിക്കുന്നതു്.
- കു:
- മാന്യന്മാരെന്നു് വിചാരിക്കപ്പെടുന്നവർകൂടി ഇങ്ങിനെ വിശ്വാസവഞ്ചനക്കു് പുറപ്പെട്ടാൽ ബാക്കിയുള്ളവർ എന്തുചെയ്യും?
- ജാ:
- അതുമാത്രമോ? ഒരു കൊല്ലത്തിന്നിടക്കു് അവളെ നാലഞ്ചു് പോരുന്നവരായ പുരുഷന്മാർ അന്വേഷിച്ചു. രാമൻനായർക്കു് ഉറപ്പു് കൊടുത്തുപോയെന്നും പറഞ്ഞു് അവരെയെല്ലാം മടക്കുകയാണു് ചെയ്തതു്.
- കു:
- ആ ചെറ്റയാണു് ഇപ്പോൾ തെറ്റുന്നതു്. ഈ മാതിരിക്കാര്യത്തിലൊക്കെ കെട്ടിയിട്ടടിക്കേണ്ടതാണു്.
- ജാ:
- നാട്ടുകാർ എന്താണു് വിചാരിക്കുക?
- കു:
- എന്തു് വിചാരിക്കാനാണു്? കോമൻനായരും രാമൻനായരും ചെറ്റകളാണെന്നു് വിചാരിക്കുമായിരിക്കും.
- ജാ:
- (പതുക്കെ) പിന്നെ ഒരു സ്വകാര്യവർത്തമാനവും നിങ്ങളോടു് പറയട്ടെ. വിവാഹക്കാര്യത്തിൽ വാഗ്ദത്തവും ഉറപ്പും കൊടുത്തതോടുകൂടി രാമൻനായർ പൂന്തറയിൽ ഒരു നിത്യനായി. പുതിയ പരിഷ്കാരവും മറ്റും അല്ലെ! ഇപ്പോൾ നാണിക്കുട്ടിക്കു—
- കു:
- ആ വിവരം രാമൻനായരറിയുമോ?
- ജാ:
- നാണിക്കുട്ടി എഴുതി അറിയിച്ചിട്ടുണ്ടെന്നു് എന്നോടു് പറഞ്ഞു.
- കു:
- എന്നിട്ടോ?
- ജാ:
- അതിന്നു് മറുപടിയും അയച്ചില്ലത്രേ.
- കു:
- ആ അധമനെ കുതിരച്ചമ്മട്ടികൊണ്ടു് ബീക്കാനാളില്ലാഞ്ഞിട്ടാണു്.
- ജാ:
- എന്നിട്ടെന്താ! നാണിക്കുട്ടിയുടെ മാനക്കേടു് തീരുമോ?
- കു:
- ഇനിയെന്തു് നിവൃത്തി? ഞാൻ ചെന്നു് കോമൻനായരെക്കണ്ടു് സംസാരിച്ചാലോ?
- ജാ:
- അതുകൊണ്ടൊന്നും ഫലമുണ്ടാകുമെന്നു് തോന്നുന്നില്ല. നിങ്ങളെക്കാൾ വലിയ കൂട്ടരൊക്കെ ശിപാർശ ചെയ്തുപോയി. എന്നിട്ടൊന്നും ഒരു ഗുണവുമുണ്ടായില്ല.
- കു:
- മറ്റേക്കാര്യവും പറഞ്ഞിരുന്നോ?
- ജാ:
- പറഞ്ഞു. എന്റെ അനന്തിരവൻ കുറ്റക്കാരനാണെങ്കിൽ അവനേക്കാൾ പതിന്മടങ്ങു് കുറ്റക്കാരി നാണിക്കുട്ടിയാണെന്നു് കാരണവർ പറഞ്ഞു.
- കു:
- എന്തൊരു ധിക്കാരമാണു്! ആട്ടെ. നീ മിണ്ടാതിരിക്കു. ഞാനൊരു നിവൃത്തികാണാം. വാച്ചാലി കൃഷ്ണപ്പിള്ളയുടെ ഒത്താശ മാത്രംമതി. അദ്ദേഹം എനിക്കുവേണ്ടി എന്തും ചെയ്യും.
- സുബ്ബൻ എന്ന അമ്പിപ്പട്ടർ:
- എന്താ, പിള്ളേ വന്നതു്?
- കുമാരൻപിള്ള:
- സ്വാമിയെക്കണ്ടിട്ടു് ഒരു കാര്യം പറവാൻ.
- സു:
- അടിയന്തിരക്കാര്യമാണോ?
- കു:
- വളരെ അടിയന്തിരക്കാര്യം തന്നെ.
- സു:
- എന്താണതു്?
- കു:
- പള്ളിച്ചിറ രാമൻനായർ നിങ്ങൾക്കു് കുറേ പണം തരാനില്ലേ?
- സു:
- ഉണ്ടു്.
- കു:
- എന്നാൽ ആ കള്ളപുള്ളി നിങ്ങളെ ചതിക്കാനാണു് വട്ടം.
- സു:
- അദ്ദേഹത്തിന്റെ സ്വഹസ്താക്ഷരത്തിലുള്ള പ്രോനോട്ട് എന്റെ കയ്യിലിരിപ്പുണ്ടല്ലോ.
- കു:
- അതുകൊണ്ടൊന്നും ഫലമില്ല.
- സു:
- എന്തുകൊണ്ടു്? കാരണം കേൾക്കട്ടെ.
- കു:
- നമ്മുടെ രാമൻനായർ പൂന്തറ നാണിക്കുട്ടിയെ വിവാഹം ചെയ്വാനാണു് ഏർപ്പാടു് ചെയ്തിരുന്നതു്. അതിന്നു് കാരണവർ ഇപ്പോൾ മുടക്കം പറയുന്നു. രാമൻ നായർക്കാണെങ്കിൽ നാണിക്കുട്ടിയെ ഒഴിച്ചു് ലോകത്തിൽ മറ്റൊരുത്തിയെവേണ്ടത്രേ.
- സു:
- എന്നിട്ടു്?
- കു:
- അയാൾ ആരും അറിയാതെ രാജ്യംവിട്ടു് പോവാനാണത്രേ ഭാവം. ബർമ്മയിലൊ പെനാങ്കിലോ എത്തിപ്പോയാൽ നിങ്ങളുടെ പണം വെറുതെ പോകും.
- സു:
- ഇതാണോ കണ്ടതു്! ആ കള്ളനെ ഞാൻ പഠിപ്പിക്കാതെ വിടില്ല. എത്ര കെഞ്ചീട്ടാണു് ഞാൻ അവന്നു് ധൈര്യപ്പെട്ടു് പണംകൊടുത്തതു്. എന്നിട്ടുകൂടി അവന്റെ നന്ദികേടു് നോക്കു!
- കു:
- ആ കള്ളപ്പുള്ളിയെ നിങ്ങൾ വെറുതെ വിടരുതു്.
- സു:
- ഞാൻ ഇന്നുതന്നെ നമ്പർ ഫയലാക്കും. ഒരു ഉടൻ വാറാണ്ടു പുറപ്പെടുവിക്കും. പിടിച്ചു് കോടതിയിൽ കൊണ്ടുവരട്ടെ. രണ്ടായിരവും പലിശയും അത്ര വേഗമൊന്നും ഒരാൾക്കു് കിട്ടി എന്നു് വരില്ല.
- കു:
- അതുതന്നെയാണു് വേണ്ടതു്. ഒന്നാന്തരം ഏർപ്പാടു് സ്വാമി.
- സു:
- സ്നേഹിക്കുന്നവരെ എനിക്കു് വലിയ സ്നേഹമാണു്. തെറ്റിയാൽ എന്നെപ്പോലെ ഒരു ഗുരുത്വമില്ലാത്തവൻ ഭൂമിയിലുണ്ടാകയില്ല.
പിറ്റേന്നു് രാവിലെ വാച്ചാലി കൃഷ്ണപിള്ള പള്ളിച്ചിറക്കലേക്കു് നടന്നു. ചെല്ലുമ്പോൾ കാരണവർ ഉമ്മറത്തെ ഒരു പുല്ലുപായിൽ ഇരുന്നു് അടുക്കെ നില്ക്കുന്ന രാമൻനായരോടു് എന്തോ വിശേഷം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെന്ന ഉടനെ കാരണവരുടെ ആജ്ഞപ്രകാരം ചുവപ്പും വെളുപ്പും നിറംകൊണ്ടു് മണിപ്രവാളംപോലെ വിളങ്ങുന്ന ഒരു പുല്ലുപായയിൽ ഇരുന്നു.
- കാരണവർ:
- എന്താ പിള്ളേ! പുലരുമ്പോൾ തന്നെ വന്നതു്.
- കൃ:
- ഞാനൊരു വല്ലാത്ത വർത്തമാനം കേട്ടു.
- കാ:
- എന്താണതു്?
- കൃ:
- നമ്മുടെ സുബ്ബൻപട്ടരില്ലേ? ഇത്ര അസത്തു് പട്ടരെ ഞാൻ കണ്ടിട്ടില്ല. മഹാ ചതിയനാണു്.
- കാ:
- എന്താ? നിങ്ങൾക്കു് വല്ലതും പറ്റിയോ?
- കൃ:
- എന്റെ ചങ്ങാതിക്കു് പറ്റുന്നതു് എനിക്കു് പറ്റും പോലെയല്ലെ?
- കാ:
- ആർക്കാണു് പറ്റിയതു്?
- കൃ:
- ഈ രാമൻനായരെ അല്ലേ അയാൾ പറ്റിച്ചതു്. ബി. ഏ., ബി. എൽ. ജയിച്ച ഒരാളെ കുറവാക്കണം എന്ന വിചാരം മാത്രമേ അദ്ദേഹത്തിന്നുണ്ടായിട്ടുള്ളു.
- കാ:
- എനിക്കു് മനസ്സിലായില്ല.
- കൃ:
- രണ്ടായിരം ഉറുപ്പികക്കു് നമ്പർ കൊടുത്തു. ഉടൻവാറണ്ടു ഇന്നു് പുറപ്പെടും.
- കാ:
- എന്താണു് പിള്ളേ, നിവൃത്തി?
- കൃ:
- കോടതിയിൽ എത്തിയാൽ ജാമ്യംകൊടുപ്പാനിട ചോദിക്കണം.
- കാ:
- ജാമ്യത്തിന്നു സ്വത്തില്ലാഞ്ഞിട്ടൊന്നുമല്ല. മാനക്കേടു വരുന്നുണ്ടല്ലോ. ഒന്നാമതുശിപായി രാമനെ വാറണ്ടിൽ പിടിച്ചു കോടതിയിൽ കൊണ്ടുപോയി എന്നൊരു മാനഹാനി. ഇനി ഞാൻ ജാമ്യത്തിന്നു വിടുവിക്കാൻ നോക്കിയാൽ തന്നെ, അതിന്നു ഒരാധാരം എഴുതണം. ആ ആധാരപ്രകാരം ജാമ്യം മതിയോ എന്നു അധികാരി പരിശോധിക്കണം. ആ റിപ്പോട്ടൊക്കെ വരുമ്പോഴക്കു അഞ്ചു പത്തുദിവസം കഴിയും. ആ കാലമൊക്കെ രാമൻ ശിപായിമാരുടെ ബന്തോവസ്സിൽ കിടക്കേണ്ടേ? അതെന്തൊരു പോരായ്മയാണു്.
- രാമൻനായർ:
- പിള്ളതന്നെ ഇതിന്നൊരൊഴിവു കാണണം.
- കൃ:
- ഇവിടെയുള്ള സകല പണക്കാരേയും പട്ടർ വിലക്കിയിരിക്കുന്നു. രാമൻനായരെ അപമാനിക്കാതെ വിടില്ലെന്നു വാശിപിടിച്ചു നില്ക്കുന്നുപോലും.
- രാ:
- സ്വാമിയോടു ഞാൻ ഇത്ര വലിയ അപരാധമെന്തു ചെയ്തു?
- കൃ:
- നീചന്മാർക്കു വല്ലതും ചെയ്യുന്നതിന്നു സംഗതി വേണോ?
- കാ:
- ഈ കുടുക്കിൽ നിന്നു എങ്ങിനെ ഒഴിയുന്നു?
- രാ:
- ഇക്കണക്കിന്നു പണം കൊടുക്കാതെ സ്വാമി വഴിപ്പെടുമെന്നു തോന്നുന്നില്ല.
- കാ:
- ഇടതരുന്നതു പ്രയാസമായിരിക്കും. എന്താണു് പിള്ളേ, മിണ്ടാത്തതു്? പണം ഇപ്പോൾ എവിടുന്നു കിട്ടും?
- രാ:
- പിള്ള എങ്ങിനേയെങ്കിലും എന്നെ രക്ഷപ്പെടുത്തിത്തരണം.
- കൃ:
- (ആലോചിച്ചിട്ടു്) പൂഴിത്തറൊത്തു പത്മനാഭൻനായരുടെ വശം പണം കാണണം. ഞാൻ നിങ്ങളുടെ വിവരം പറഞ്ഞാൽ അയാൾ സഹായിക്കാതിരിക്കില്ല.
- കാ:
- എന്നാൽ നമുക്കു മൂന്നാൾക്കും ക്ഷണം പുറപ്പെടാം. പതിനൊന്നു മണിക്കുള്ളിൽ കാര്യം തീരണം.
“ഇവർ പള്ളിചിറക്കൽ കാരണവൻ കോമൻനായരാണു്. ഇദ്ദേഹം അനന്തിരവൻ രാമൻനായരാണു്. ബി. ഏ., ബി. എൽ. ആണു്” എന്നായിരുന്നു കൃഷ്ണപിള്ള പത്മനാഭൻനായരോടു ഇവരെ കൂട്ടിക്കൊണ്ടുപോയി പറഞ്ഞതു്.
- പത്മനാഭൻനായർ:
- ഓ! ഇവരേപ്പറ്റി കേട്ടറിവുണ്ടു്. കണ്ടു പരിചയമില്ലെന്നേ ഉള്ളു. എന്താണിങ്ങിനെ പുറപ്പെട്ടതു്?
- കൃ:
- അത്യാവശ്യമായ ഒരു കാര്യത്തിന്നു പുറപ്പെട്ടതാണു്. ഇവർക്കു് രണ്ടായിരം ഉറുപ്പികയുടെ തിടുക്കം നേരിട്ടിരിക്കുന്നു. അതൊന്നു ഒപ്പിച്ചുകൊടുക്കണം.
- പ:
- അല്ലാ! നടാടേ വന്നു ചോദിച്ചിട്ടു തൊടാനൊരു കാശില്ലാതായ്പോയല്ലോ!
- കൃ:
- അതുമാത്രം പറയരുതു്. വല്ല പ്രകാരത്തിലെങ്കിലും അതു സാധിപ്പിച്ചു കൊടുക്കണം. കാര്യം അത്ര അടിയന്തരമാണു്.
- പ:
- മിനിഞ്ഞാന്നാണു്, കോടതിയിൽ കെട്ടിവെക്കാനാണെന്നും പറഞ്ഞു. നമ്മുടെ ഉഴുത്രവാരിയർ ഇവിടെ ഉണ്ടായിരുന്ന പണം മുഴുവൻ കൊണ്ടുപോയതു്.
- കൃ:
- എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. എന്തെങ്കിലും ഒരു നിവൃത്തി ഉണ്ടാക്കിയേ കഴിയൂ.
- പ:
- മൂന്നു ദിവസത്തെ ഇട തന്നാൽ നമുക്കു വല്ല പ്രകാരത്തിലും നിവൃത്തിയാക്കാം.
- കൃ:
- മൂന്നു ദിവസം പോയിട്ടു മൂന്നു നിമിഷം കാക്കാൻ നിവൃത്തിയില്ല കാര്യം അത്ര അടിയന്തരമാണു്.
- പ:
- എന്നാൽ നിങ്ങൾ ഒരു കാര്യം ചെയ്യു.
- കൃ:
- അങ്ങിനെ പറയു: ഞാൻ അത്രത്തോളം ഇവരോടു ഉറപ്പു പറഞ്ഞുപോയി. ഇല്ല എന്നു പറയുന്നതു് എനിക്കു വലിയ സങ്കടമായ്പോകുമായിരുന്നു.
- പ:
- പണം ഇവിടെ ഇല്ലെന്നു പറഞ്ഞതു ശരിയാണു്. എന്നാൽ തല്ക്കാലം നിവൃത്തിയാക്കാൻ നോക്കാം.
- കൃ:
- എങ്ങിനെ?
- പ:
- ഇവിടെ മൂവ്വായിരം ഉറുപ്പികയുടെ പണ്ടങ്ങൾ ഉണ്ടു. അതു ഇവർ സ്വദേശി ബേങ്കിൽ വെച്ചിട്ടു പണം വാങ്ങി തല്ക്കാലാവശ്യം നിവൃത്തിക്കട്ടെ. എന്റെ ഉറപ്പിന്നു മൂവ്വായിരം ഉറുപ്പികക്കു ഒരു പ്രോനോട്ടു തന്നാൽ മതി. എന്നാൽ അവർക്കു, അവരുടെ പേരിൽ തന്നെ ആഭരണം പണയം വെക്കുകയും ചെയ്യാമല്ലോ?
- കൃ:
- ധാരാളം മതി.
പള്ളിച്ചിറത്തടവാട്ടിൽ കേറിച്ചെന്ന പോലീസ് ഇൻസ്പെക്ടരുടെ കൂടെ ഉണ്ടായിരുന്ന നാലഞ്ചാളുകളിൽ ഒരാൾ കുമാരൻപിള്ളയായിരുന്നു.
- ഇൻസ്പക്ടർ:
- (കോമൻനായരേയും, രാമൻനായരേയും നോക്കീട്ടു) നിങ്ങൾ പൂഴിത്തറോത്തു പത്മനാഭൻനായരോടു കുറെ ആഭരണങ്ങൾ വാങ്ങിയിരുന്നോ?
- കോ: നാ:
- അതേ.
- ഇൻ:
- അതു നിങ്ങൾ എന്തു ചെയ്തു?
- കോ: നാ:
- അതു ഞങ്ങൾ സ്വദേശിബേങ്കിൽ പണയം വെച്ചു.
- ഇൻ:
- കള്ളപ്പുള്ളികളേ! ഒരു കെട്ടുകല്യാണത്തിന്നു വേണ്ടിയാണെന്നും പറഞ്ഞു ആഭരണം വാങ്ങി. അതു ബേങ്കിൽ ചെന്നു പണയം വെക്കുകയോ? ഇതു എത്രവലിയ കുറ്റമാണെന്നു നിങ്ങക്കറിയാമോ? രണ്ടുകൊല്ലം കഠിനതടവും രണ്ടായിരം ഉറുപ്പിക പിഴയുമാണു് സമ്മാനം. നിങ്ങൾക്കി നീചബുദ്ധി എങ്ങിനെ തോന്നി?
- രാമൻനായർ:
- കാര്യത്തിന്റെ വാസ്തവം അറിയാതെ ഇങ്ങിനെ പറയുന്നതു വലിയ കഷ്ടമാണു്. ഞങ്ങൾ ഉടമസ്ഥന്റെ അനുവാദപ്രകാരമാണു് പണയം വെച്ചതു്, പോരാഞ്ഞിട്ടു ഇതിന്റെ ഉറപ്പിന്നുവേണ്ടി മൂവായിരം ഉറുപ്പികക്കു ഒരു പ്രോനോട്ടും എഴുതിക്കൊടുത്തിട്ടുണ്ടു്.
- ഇൻ:
- അങ്ങിനെയാണെങ്കിൽ പൂഴിത്തറോത്തു് പത്മനാഭനായരുടെ അന്യായത്തിന്നു സംഗതിയെന്തു്? ഒരു കെട്ടുകല്യാണത്തിന്നു കെട്ടാനാണെന്നും പറഞ്ഞു നിങ്ങൾ അദ്ദേഹത്തോടു വളരെ വില പിടിച്ച ചില ആഭരണങ്ങൾ വാങ്ങി എന്നും, മേടിച്ചുകൊണ്ടുപോകുമ്പോൾ വാച്ചാലി കൃഷ്ണപിള്ളയും കൂടെ ഉണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം നിങ്ങൾക്കു തന്നതാണെന്നും, പിറ്റേന്നുതന്നെ മടക്കിത്തരുമെന്നുള്ള നിശ്ചയത്താലാണു് അദ്ദേഹം പണ്ടങ്ങൾ തന്നതെന്നും, അതൊക്കെ പണയംവെച്ച വിവരം കിട്ടിയ ഉടനെ അദ്ദേഹം പോലീസ്സിൽ വന്നു അന്യായം ബോധിപ്പിച്ചതാണെന്നും മറ്റും സത്യത്തിന്മേൽ കയ്പീത്തു് തന്നിട്ടുണ്ടു.
- രാമൻനായർ:
- അദ്ദേഹത്തിന്നു അങ്ങിനെ തോന്നിയതു എന്തുകൊണ്ടാണെന്നു ഞങ്ങൾ അറിയില്ല. വാച്ചാലി കൃഷ്ണപ്പിള്ളയെ വിസ്തരിച്ചാൽ നിങ്ങൾക്കു വാസ്തവം മനസ്സിലാകും. ഞങ്ങൾ കുറ്റക്കാരല്ലെന്നു തെളിയും.
- കോമൻനായർ:
- അദ്ദേഹത്തിന്റെ പേർ പറയുമ്പോൾ അതാ അദ്ദേഹം വരുന്നു. ആവൂ നമുക്കു ജീവൻവെച്ചു. ഞങ്ങൾ ആദ്യം വല്ലാതെ ഭ്രമിച്ചുപോയി. ഇപ്പോൾ നിങ്ങൾക്കു നടന്ന വിവരങ്ങൾ എന്തെന്നു മനസ്സിലാക്കാമല്ലോ.
- ഇൻ:
- ഞാൻ നിങ്ങളെ വിളിക്കാൻ ആളെ അയക്കാൻ പോകയായിരുന്നു. ഇപ്പോൾ വന്നതു നല്ല രാശിക്കായി. ഇവർ പത്മനാഭൻനായരോടു പണ്ടങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ കൂടെ ഉണ്ടായിരുന്നോ?
- കൃഷ്ണപിള്ള:
- ഉണ്ടായിരുന്നു. ഞാൻ പറഞ്ഞിട്ടാണു് കൊടുത്തതു.
- ഇൻ:
- എന്താവശ്യത്തിന്നായിരുന്നു കൊടുത്തതു?
- കൃ:
- അടിയന്തരത്തിന്നു പോകുന്ന പെണ്ണുങ്ങൾക്കു കെട്ടാനാണെന്നും, പിറ്റേന്നു രാവിലെ മടക്കിക്കൊണ്ടു വരാമെന്നും പറഞ്ഞിട്ടാണു് കൊടുത്തതു.
ഇതു കേട്ടപ്പോൾ കാരണവരുടെയും അനന്തിരവന്റെയും മുഖം കരിപോലെയായി. കൃഷ്ണപ്പിള്ള ഇങ്ങിനെ പറയുമെന്നു അവർ കരുതിയിരുന്നില്ല. അപ്പഴാണു് അവർക്കു അവരുടെ അപായസ്ഥിതി മനസ്സിലായതു.
- രാമൻനായർ:
- കൃഷ്ണപിള്ളേ! നിങ്ങൾ തമാശ പറയരുതു പരമാർത്ഥം പറഞ്ഞു ഞങ്ങളെ രക്ഷിക്കിൻ.
- കൃ:
- പരമാർത്ഥം പറഞ്ഞാൽ നിങ്ങൾ എങ്ങിനെ രക്ഷപ്പെടും? എന്നേയുംകൂടി നിങ്ങൾ കുറവാക്കിയില്ലെ? പത്മനാഭൻനായർ എന്നെ വിളിച്ചു ഒരു പറ്റി ശകാരിച്ചു. അതു കഴിഞ്ഞതോടുകൂടി ഞാൻ ഇങ്ങോട്ടോടി. ഇക്കാലത്തു എങ്ങിനെയാണു് ഇൻസ്പക്ടരെ ആളുകളെ വിശ്വസിക്കുന്നതു! പോരെങ്കിൽ ഇദ്ദേഹം ഒരു ബി. എ., ബി. എൽ. ആണുപോലും.
- ഇൻ:
- ഇവർ മൂവായിരം ഉറുപ്പികക്കു വല്ല പ്രോനോട്ടോ മറ്റൊ എഴുതിക്കൊടുത്തിരുന്നോ?
- കൃ:
- പ്രോനോട്ടുമില്ല; നായിന്റെ വാലുമില്ല. ഞാൻ വരുന്ന വഴിക്കാണു് ഇവരുടെ കള്ളത്തരം മനസ്സിലായതു്. സുബ്ബൻപട്ടർ രാമൻനായരുടെ പേരിൽ രണ്ടായിരത്തിൽ ചില്വാനം ഉറുപ്പികക്കു ഒരു വാറണ്ടു പുറപ്പെടുവിച്ചു. തല്ക്കാലം പണമില്ലാത്തതുകൊണ്ടു ഒരു അടിയന്തരത്തിനാണെന്നുള്ള നാട്യത്തിന്മേൽ, എന്നേയും കൂട്ടി പത്മനാഭൻനായരോടു പണ്ടങ്ങൾ വാങ്ങി അതു ആരും അറിയാതെ ബേങ്കിൽ കൊണ്ടുപോയി. പണയംവെച്ചു, പണംവാങ്ങി പട്ടരുടെ സൊല്ലനീക്കി. പത്മനാഭൻനായർ എന്റെ വലിയ മിത്രമായതുകൊണ്ടു രണ്ടൂമൂന്നു ദിവസം കൊണ്ടൊന്നും പണ്ടങ്ങൾ ചോദിക്കില്ലെന്നുറപ്പാക്കി അതിനിടക്കു പറമ്പുവെച്ചു വേണ്ടുന്ന പണംവാങ്ങി പണ്ടങ്ങൾ വീണ്ടെടുത്തു പത്മനാഭൻ നായർക്കു കൊടുക്കാമല്ലോ. ഇതായിരുന്നു ഈ കള്ളന്മാർ വിചാരിച്ചിരുന്നതു.
- ഇൻ:
- ശരിയാണു് കൃഷ്ണപ്പിള്ള പറഞ്ഞതു്. യാതൊരാക്ഷേപവുമില്ല.
- രാമൻനായർ:
- വിശ്വസിച്ചിട്ടാളുകൾ ചതിപ്പാൻ തുടങ്ങിയാൽ നാട്ടുകാരെങ്ങിനെ പൊറുക്കും!
- കുമാരൻപിള്ള:
- ചതിയും വിശ്വാസവഞ്ചനയും നിങ്ങളിൽ നിന്നു പുറത്തുവന്നതാണു. നിങ്ങൾ ഒരു സാധുസ്ത്രീയെ ചതിച്ചില്ലെ? ചതിയും വഞ്ചനയും കൊണ്ടുനടന്നാൽ ഒരിക്കൽ കുടുങ്ങും എന്നു കരുതേണ്ടിയിരുന്നു.
- ഇൻ:
- യാതൊരു ഒഴിച്ചലുമില്ലാതെ ക്രിമിനൽ കേസ്സിലാണു് നിങ്ങൾ കെണിഞ്ഞതു്. നിങ്ങളുടെ പേരിലുള്ള തെളിവുകൾ കണ്ടാൽ കേസ്സ് ശിക്ഷിക്കാതിരിക്കയില്ല. എന്നാലും ഞാനൊന്നു പറയാം. കുമാരൻപിള്ള പറയുമ്പോലെ കേട്ടാൽ നിങ്ങൾക്കു ഞാൻ ഒരു നിവൃത്തി ഉണ്ടാക്കിത്തരാം.
- രാമൻനായർ:
- അദ്ദേഹം പറയുമ്പോലെ കേൾപ്പാൻ ഞങ്ങൾ രണ്ടാളും ഒരുക്കമാണു്.
- കുമാരൻപിള്ള:
- രാമൻനായർ അഞ്ചുദിവസത്തിനുള്ളിൽ നാണിക്കുട്ടിയെ വിവാഹം ചെയ്ക ഇതാണു് എന്റെ വിധി.
- ഇൻ:
- ബാക്കികാര്യങ്ങളൊക്കെ ഞാൻ ഏറ്റു.
ബ്രഹ്മാസ്ത്രത്തിന്നു ബ്രഹ്മാസ്ത്രം. വിശ്വാസവഞ്ചനക്കു വിശ്വാസവഞ്ചന എന്നു കുമാരപിള്ളയും കൃഷ്ണപ്പിള്ളയും സമാധാനിച്ചു.
പറമ്പു് ഏകദേശം മുക്കാലേക്കറുണ്ടു്. അതിന്റെ മദ്ധ്യത്തിൽ നില്ക്കുന്ന വീടു സുമാറ് രണ്ടായിരം ഉറുപ്പിക വിലക്കുള്ള മാളികയാണു്. ആ വീട്ടിൽ താമസിക്കുന്നതു് ഇയ്യപ്പറമ്പിൽ ഉട്ടൂപ്പുമാപ്പിളയും ഒരു ദാസിയും മാത്രമാണു്. വീടും പറമ്പും അതിന്റെ ജന്മി ദേവസ്സ അധികാരിയുടേതാണെങ്കിലും, ഏകദേശം മൂന്നൂറുറുപ്പിക വിലക്കുള്ള വീട്ടുസാമാനങ്ങളും, വീട്ടിന്റെ കിഴക്കേഭാഗത്തു് കാണുന്ന ചക്കും, അതു് വലിക്കുന്ന ഇരുന്നൂറു ഉറുപ്പിക വിലക്കുള്ള കാളകളും ഉട്ടൂപ്പുമാപ്പിളയുടെ സ്വന്തം വകയാണു്. വീട്ടിന്നു മാസം മാസം ഇരുപതുറുപ്പിക വാടക കൊടുത്തുവരുന്നുണ്ടു്. ഇദ്ദേഹത്തിന്റെ ജോലി ചക്കാട്ടവും ജനദ്രോഹവുമാണു്. അടുത്ത ബന്ധുക്കളാരുമില്ലെന്നാണു് തോന്നുന്നതു്. അകന്നവരോടു അകന്നിട്ടുതന്നെയാണു് നില്പു്. അധികാരിയുടെ വീട്ടിൽ താമസമാക്കീട്ടു് ഇരുപതുകൊല്ലത്തോളമായി. തന്റെ വീട്ടിന്റെ ചുറ്റോടുചുറ്റുമുള്ള ഭൂമിയിൽ, തന്റെ മുപ്പത്തഞ്ചു വയസ്സിന്നിടക്കു് വിശ്വസ്ത ചങ്ങാതിയായിട്ടു ചാക്കിലോടത്തു ലോനപ്പൻമാപ്പിള മാത്രമേ ഉള്ളു. അത്ര ഉണ്ടു് ഉട്ടൂപ്പുമാപ്പിളയുടെ ശീലഗുണം!
ഒരു ദിവസം ലോനപ്പൻ മാപ്പിള വരുമ്പോൾ ഉട്ടൂപ്പു മാപ്പിള തന്നോടുതന്നെ ഓരോന്നു പിറുപുറുത്തുങ്കൊണ്ടു്, കോലായിൽ കൂടെ അങ്ങട്ടും ഇങ്ങട്ടും കൂട്ടിലിട്ട കുറുക്കനെ പോലെ നടക്കുന്നതാണു് കണ്ടതു്. വല്ലവരോടും, അനാവശ്യമായി, കഠിനമായ ശണ്ഠതോന്നിയാൽ, അവരെ ഉപദ്രവിക്കുന്നതിന്നു മുമ്പായി ഉട്ടൂപ്പുമാപ്പിള, തന്നെതന്നെ ഇങ്ങിനെ ദ്രോഹിക്ക പതിവാണെന്നു ലോനപ്പൻമാപ്പിളക്കു നല്ല നിശ്ചയമുണ്ടു്. അതുകൊണ്ടു് ലോനപ്പൻമാപ്പിളവന്നു കോലായിൽ കേറിയ ഉടനെ “അല്ലാ! ഇന്നു ശുണ്ഠി ആരോടാണു? കുറെ കലശലായി കാണുന്നല്ലോ” എന്നു ചോദിച്ചു.
- ഉട്ടൂപ്പ്:
- (കണ്ണുരുട്ടിക്കൊണ്ടു) ലോനപ്പാ, ഞാൻ ഈ വീട്ടിൽ താമസിച്ചുതുടങ്ങിയിട്ടു ഇരുപതുകൊല്ലമായില്ലേ?
- ലോനപ്പൻ:
- ആയിരിക്കും.
- ഉട്ടൂപ്പ്:
- അതിനിടക്കു ഒരു കാശു വീട്ടുവാടക ഞാൻ ബാക്കിവെച്ചിട്ടുണ്ടോ?
- ലോനപ്പൻ:
- ഇല്ലായിരിക്കും.
- ഉട്ടൂപ്പ്:
- ഇതിന്റെ ജന്മി ആ നീചസ്സാത്താൻ—ആ അധികാരി ന്യായമായി ചെയ്തുതരേണ്ടുന്ന എത്ര റിപ്പേറുകളാണു്, ഞാൻ എന്റെ സ്വന്തം ചിലവിന്മേൽ ചെയ്തതെന്നു് നിണക്കു വല്ല വിവരമുണ്ടോ?
- ലോനപ്പൻ:
- (തലചൊറിഞ്ഞിട്ടു) ചിലപ്പോളൊക്കെ നീ സത്യവും മര്യാദയും വിടാതെ നടക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്.
- ഉട്ടൂപ്പ്:
- (കോപത്തോടെ) പലപ്പോഴും നടക്കാൻ കഴിയാത്തതു ഈ മാതിരി നീചന്മാരുടെ കുടിയാനായിട്ടാണു്. ആ ജുഡാസ് ഇസ്കറിയട്ട്, ആ ദേവസി അധികാരി ഇപ്പോൾ വീടും പറമ്പും വിറ്റുകളവാൻ ഭാവമുണ്ടത്രെ. പറമ്പു് വാങ്ങുന്ന ആൾ, എന്നെ ഒഴിപ്പിച്ചു വീട്ടിൽ താമസമാക്കാനാണുപോലും ഭാവം ഈ ഇരുപതുകൊല്ലം വാടക ബാക്കിവെക്കാതെ കയ്യിൽനിന്നു ചിലവാക്കിയ എന്നെ—ഇതു ഒരാൾക്കു കേൾക്കാൻ നന്നോ? ദേവസ്സിയെ ഞാൻ പഠിപ്പിക്കാതെ വിടില്ല.
- ലോനപ്പൻ:
- ദേവസി അധികാരി പഠിപ്പാക്കെ പണ്ടേ മതിയാക്കിയിരിക്കുന്നു.
- ഉട്ടൂപ്പ്:
- അവന്റെ പഠിപ്പു് പൂർത്തിയായിട്ടില്ല. അവൻ ഒരു ജന്മിയാണുപോലും. അവനെ ദ്രോഹിക്കാൻ ഞാൻ ഒരു പുതിയ വിദ്യ കണ്ടുപിടിച്ചിട്ടുണ്ടു.
- ലോനപ്പൻ:
- എന്താണുപോലും ആ വിദ്യ?
- ഉട്ടൂപ്പ്:
- നീ എന്റെ ചങ്ങാതിയാകകൊണ്ടു നിന്നോടു് ഞാൻ തുറന്നുപറയുന്നതാണു്. അവനെ ഞാൻ നഷ്ടപ്പെടുത്താതെ ഇരിക്കില്ല. അവന്റെ കണ്ണിൽനിന്നു ഞാൻ ചോരത്തുള്ളി വീഴ്ത്തും.
- ലോനപ്പൻ:
- എങ്ങിനെ എന്നു മനസ്സിലാവുന്നില്ല.
- ഉട്ടൂപ്പ്:
- ഞാൻ ഇന്നുമുതല്ക്കു വാടക കൊടുക്കില്ല. ഞാൻ ഇന്നു മുതല്ക്കു വിറകു വാങ്ങില്ല. ഈ വീട്ടിന്റെ വാതിൽപൊളികളും കട്ടിലുകളും വെട്ടിക്കീറി, തീ കത്തിക്കുന്നുണ്ടു ഫലവൃക്ഷങ്ങൾ ഒക്കെ നശിപ്പിക്കുന്നുണ്ടു. എനിക്കു ആശാരിപ്പണിയും കുറെ ശീലമുള്ളതുകൊണ്ടു. ഞാൻ, ഇയ്യമ്പറമ്പൽ ഉട്ടൂപ്പാണെങ്കിൽ ഇതൊക്കെ നിറവേറ്റാതിരിക്കില്ല. ഇതാണു് എന്റെ പുതിയ വിദ്യ.
- ലോനപ്പൻ:
- വീട്ടുവാടകയും നഷ്ടവും അധികാരിക്കു അന്യായപ്പെട്ടു വസൂൽ ചെയ്തുകൂടെ?
- ഉട്ടൂപ്പ്:
- എന്തു മണ്ണാക്കട്ടയിൽനിന്നു വസൂലാക്കും? അതിന്നും ഞാൻ വഴികണ്ടുവെച്ചുപോയി. ഇതാ ഇവിടെ എഴുതിയതു നോക്കൂ. എന്റെ സ്വന്തം വകയായിട്ടുള്ള വീട്ടുസാമാനങ്ങളും ചക്കും കാളകളും നിന്റെ സ്വന്തം വകയാണെന്നും, അതൊക്കെ മാസത്തിൽ പത്തുറുപ്പിക വാടകക്കു ഞാൻ നിന്നോടു ഏറ്റുവാങ്ങിയിരിക്കയാണെന്നും സ്ഥിരപ്പെടുത്തുന്ന ഒരു ആധാരമിതാ തെയ്യാറാക്കിക്കഴിഞ്ഞു. നമ്മുടെ വിദ്യ നമ്മൾ മാത്രമറിഞ്ഞാൽ മതി. ഇതാ, ഈ ആധാരം നീ തന്നെ സൂക്ഷിച്ചോ, ആ കള്ളൻ വല്ല സമയത്തും ജപ്തിക്കു വരുമ്പോൾ, നീ ഇതും എഴുന്നെള്ളിച്ചു, അവകാശവും പറഞ്ഞു തടസ്സം ചെയ്താൽ മതി.
- ലോനപ്പൻ:
- നീ വലിയ ഉപായി തന്നെ!
- ഉട്ടൂപ്പ്:
- ഉപായമില്ലെങ്കിൽ ഈ കാലത്തു കാക്കകൊത്തിക്കൊണ്ടുപോകും ***ന്നും ആ കള്ളൻ ചിലവാക്കണ്ടേ! അങ്ങിനെയാണെങ്കിൽ ഞാൻ പോവാനൊരുക്കമാണു്.
ഇങ്ങിനെ അധികാരിയെ ഓരോന്നു അനാവശ്യമായി ശകാരിച്ചുകൊണ്ടിരിക്കെ, ലോനപ്പൻ മാപ്പിള ആധാരവും വാങ്ങി തന്റെ ജോലിക്കു പോയി.
ഉറച്ചപോലെതന്നെ ഉട്ടൂപ്പ് മാപ്പിള ആ മാസം വാടക കൊടുത്തില്ല. മാസം പിന്നെയും ഒന്നു കഴിഞ്ഞു. അങ്ങിനെയിരിക്കുമ്പോൾ ചങ്ങാതി ലോനപ്പൻമാപ്പിള അവിടെ ചെന്നു. ഉട്ടൂപ്പ് മാപ്പിളയുടെ മുഖത്തു സ്ഫുരിച്ചതായ സന്തോഷവും തൃപ്തിയും കണ്ടപ്പോൾ ആ ദുഷ്ടൻ ഏതാണ്ടൊക്കെ അധികാരിയെ പറ്റിച്ചിരിക്കേണമെന്നു ലോനപ്പൻ മാപ്പിളക്കു തോന്നാതിരുന്നിട്ടില്ല. ഉട്ടൂപ്പ് മാപ്പിള അത്യന്തം സന്തോഷത്തോടെ വീട്ടിന്റെ കോലം തന്റെ ചങ്ങാതിക്കു കാണിച്ചു. ഉള്ളിലുള്ള മുറികളുടെ വാതിൽ പൊളികൾ—ഒന്നാന്തരം പുലാവിന്റെ പൊളികൾ—പറിച്ചെടുത്തു കൊത്തിക്കീറി, വിറകുപുരയിൽ ഇട്ടിരിക്കുന്നു. വാതിലിന്റെ പടികൾകൂടി പറിച്ചെടുത്തു, കഷണങ്ങളാക്കി, ചിലതു ഊണു പാകമാക്കാനുപയോഗിക്കുന്നതു് കണ്ടു. കഴുക്കോലുകളൊക്കെ ഭഗീരഥപ്രയത്നം ചെയ്തു ഉളികൊണ്ടുവെട്ടി, നീണ്ട പല്ലുള്ള ഈർച്ചവാളുകൾ പോലെ ആക്കിക്കഴിഞ്ഞിരിക്കുന്നു. ഓടുകൾ പലതും പൊട്ടിച്ചിരിക്കുന്നു. *** ആയിരത്തഞ്ഞുറ്റുപ്പികയുടെ നഷ്ടം ആ വീട്ടിന്നു വരുത്തിക്കഴിഞ്ഞിരിക്കുന്നു.
- ഉട്ടൂപ്പ്:
- ഇതുകൊണ്ടൊന്നും ഉട്ടൂപ്പ് മതിയാക്കിയില്ല. ചുമരിന്മേൽനിന്നു കുമ്മായമൊക്കെ അടർത്തിത്തള്ളിയിടണം. മുകളിലെ പാക്കൊക്കെ പറിച്ചെടുത്തു ചുടണം. ഓടുകൾ ഇനിയും ധാരാളം പൊട്ടിച്ചു വീട്ടിന്റെ ഉള്ളിൽ മഴവെള്ളം കടത്തണം ഇനിയും ഒന്നു രണ്ടു മാസത്തെ പണിയുംകൂടി ഉണ്ടു. എന്നാലെ ഒരു വകയിൽ പൂർത്തിയായി എന്നു പറഞ്ഞുകൂടു.
- ലോനപ്പൻ:
- വേഗം പൂർത്തിയാക്കിക്കൊള്ളു. അതിന്നുള്ളിൽ അറിഞ്ഞുപോയാൽ അന്യായം ഫയലാക്കുകയും കമീഷൻ നോക്കുകയും, മേലാൽ നഷ്ടം ചെയ്യുന്നതിന്നു നിരോധനക്കല്പന വിടുകയും ചെയ്യും.
- ഉട്ടൂപ്പ്:
- നീ ഒന്നു രണ്ടുമാസം മിണ്ടാതിരുന്നാൽ മതി. പിന്നെ ഒക്കെ ഞാനായ്ക്കോളാം. ആ അധികപ്രസംഗി അധികാരി വരുമ്പോൾ ഞാൻ തന്നെ അവനെയും കൂട്ടി, വീടുകാണിക്കും. അവന്റെ മുഖം കാണുമ്പോൾ ഞാൻ ചിരിച്ചു മരിക്കേണ്ടതിന്നു നീ ഒരു മരുന്നാണെന്ന നാട്യത്തിന്മേൽ ഒരു ദ്രാം റാക്കു എനിക്കു കുടിപ്പാൻ തരണം. അവന്റെ ചാട്ടവും നോട്ടവും ഞാൻ പുല്ലുവിലയാക്കും. പോയന്യായം കൊടുത്തോളാൻ പറയും. എനിക്കു നേരം പോക്കു വിചാരിച്ചിട്ടു് ഇപ്പോൾതന്നെ ചിരി വരുന്നു.
- ലോനപ്പൻ:
- അന്യായം കൊടുത്തിട്ടും ഫലമില്ല. നിന്റെ എളകുന്ന മുതലൊക്കെ എന്റെതാണെന്നല്ലെ വെച്ചിട്ടുള്ളതു? അതറിയുമ്പോഴാണു് അതിരസം.
- ഉട്ടൂപ്പ്:
- ഹ! ഹ! ഹ! ഇയ്യപ്പറമ്പിൽ ഉട്ടൂപ്പോടു കളിച്ചാൽ അങ്ങിനെയാണു്. ഞാൻ മര്യാദക്കാരനാണെങ്കിലും തെറ്റിയാൽ വലിയ പോക്കിരിയാണു്. സുൽത്താനേയും കൂടി എനിക്കു പേടിയില്ല. ചുരുങ്ങിയാൽ ഒരു നാലായിരം ഉറുപ്പിക അവന്റേതു ഞാൻ പാറക്കു പായിക്കാതിരിക്കില്ല.
- ലോനപ്പൻ:
- അധികാരിയുടെ പിശുക്കു വിചാരിക്കുമ്പോൾ അദ്ദേഹത്തിന്നു നെഞ്ഞത്തു് ഉണ്ട കൊണ്ടപ്പോലെ ഇരിക്കും.
- ഉട്ടൂപ്പ്:
- അവനെ ഞാൻ പമ്പരം പോലെ തിരിക്കും നോക്കിക്കോ.
- ലോനപ്പൻ:
- വരുമ്പോൾ കാണാം.
- ഉട്ടൂപ്പ്:
- പിന്നെ അവൻ വാടകക്കു ഇതുവരെ വരാത്തതെന്താണെന്നു മനസ്സിലാകുന്നില്ല.
- ലോനപ്പൻ:
- ഒരു സമയം ജോലിത്തിരക്കായിരിക്കും.
- ഉട്ടൂപ്പ്:
- എനിക്കറിഞ്ഞുകൂടെ അവനെ? അവന്റെ തിരക്കൊക്കെ വാടക പിരിപ്പിക്കുന്ന തിരക്കാണു്.
- ലോനപ്പൻ:
- ഒരു സമയം സുഖക്കേടായിരിക്കും.
- ഉട്ടൂപ്പ്:
- അയ്യൊ, ഈ രസം കഴിയുംമുമ്പെ അവൻ കിടത്തത്തിലാകരുതെന്നാണു് എന്റെ പ്രാർത്ഥന. ഈ രസം കഴിഞ്ഞാൽ അവൻ കിടന്നാലും ശരി, മരിച്ചാലും ശരി, എല്ലാം കണക്കൊന്നുതന്നെ. എനിക്കു ആ വങ്കൻ ഇളിഭ്യനായി കണ്ണുമിഴിക്കുന്നതു കാണണം. അതു ഞാൻ ദൈവസഹായംകൊണ്ടു കാണുകയും ചെയ്യും. എനിക്കു ഒന്നു നല്ലവണ്ണം ചിരിക്കണം. ഗ്രാമഫോണിലെ ചിരിചിരിക്കണം. ചിരിച്ചു ചിരിച്ചു വീഴണം.
നാലഞ്ചുമാസം കഴിഞ്ഞിട്ടു ലോനപ്പന്നു പിന്നേയും ഉട്ടൂപ്പ് മാപ്പിളയുടെ വീട്ടിൽ ചെന്നപ്പോൾ, ആ ധൂർത്തൻ വീടിന്നു പറഞ്ഞപോലെയുള്ള മാറ്റങ്ങൾ സകലം വരുത്തിക്കഴിഞ്ഞിരിക്കുന്നു. ജനവാതിലിന്റെ പൊളികൾകൂടി ബാക്കിവെച്ചിട്ടില്ല. ഇതൊന്നും പോരാഞ്ഞിട്ടു വാഴകളൊക്കെ പൊരിച്ചു വെറുതെ കൊടുത്തുകളഞ്ഞിരിക്കുന്നു. കുലക്കാറായ തെങ്ങിൻതൈകളൊക്കെ ഉണങ്ങിപ്പോവാൻതക്ക വണ്ണം കടവെട്ടി, പെട്ടെന്നു വീണുപോകത്തക്കവണ്ണം നിർത്തിവെച്ചിരിക്കുന്നു. ഒന്നാംതരം പിലാവുകളുടെ വേരൊക്കെ വെട്ടി, ഒരു കാറ്റിന്നു വീണുപോവാൻതക്കവണ്ണം നിർത്തിയിരിക്കുന്നു. ഒട്ടുമാവുകളും കൂടി വെട്ടി വിറകാക്കിയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ടു ഉട്ടൂപ്പുമാപ്പിള മുകളിലെ വലിയ മുറിയിലേക്കു ലോനപ്പൻമാപ്പിളയെ വിളിച്ചുകൊണ്ടുപോയി. അവിടെ കണ്ട കഴ്ച ലോനപ്പൻമാപ്പിള മൂക്കിൽ കൈവെച്ചു പോവാൻതക്കവണ്ണം അത്ഭുതകരമായിരുന്നു.
- ഉട്ടൂപ്പ്:
- ഇതൊക്കെ എന്താണെന്നു വിചാരിക്കുന്നു? വാളിന്റെ ഉറയൊന്നുമല്ല. ഈ പറമ്പിൽ കായ്ക്കുന്ന തെങ്ങുകൾ നൂറ്റമ്പതെണ്ണം ഉണ്ടു്. ഓരോന്നിന്മേൽനിന്നു നന്നാല്കുലകണ്ടു മുറിച്ചെടുത്തു ആ അറുനൂറെണ്ണവും ഇവിടെക്കൊണ്ടുവന്നു കൂട്ടിയതാണു്. ഇതൊക്കെ അധികാരിയുടെ മേലാലത്തെ നാളികേരമാണു്. ഹി! ഹി! ഹി! ഇതു കാണുമ്പോൾ അയാളുടെ കോലമെന്തായിരിക്കും! ജെയിലിൽ പോകനൊരുങ്ങിയ എന്നോടു എവിടുന്നു വസൂലാക്കും?
- ലോനപ്പൻ:
- നിന്റെ ധൈര്യം വല്ലാത്ത ധൈര്യം! ഇങ്ങിനെ ഒക്കെ ചെയ്വാനുറച്ചല്ലൊ.
- ഉട്ടൂപ്പ്:
- ഇങ്ങിനെ ഒക്കെ ചെയ്താലെ ഈ വകക്കാർക്കു ഒരു പാഠമാകയുള്ളു. കയ്യും നീട്ടി വാടകക്കുവന്നാൽ പോര. അല്പം സാരമായി വീടും മറ്റും നന്നാക്കണം. വാടകകൊടുക്കുന്നതിന്നു പുറമെ, വീട്ടിൽ താമസിക്കുന്നവർ വീടും നന്നാക്കണമെന്നു പറയുന്നതു കഷ്ടമല്ലേ? എന്നെക്കൊണ്ടെങ്കിലും ഇവന്റെ ബാക്കി കുടിയാന്മാർക്കു നന്മ വരട്ടെ. ഇവനെ ഇങ്ങിനെയാണു് വെള്ളം കുടിപ്പിക്കേണ്ടതു്.
പിന്നേയും മാസം ഒന്നു കഴിഞ്ഞു. ലോനപ്പൻമാപ്പിള തന്റെ ഗ്രഹചാരം ശമിപ്പിക്കുവാനുള്ള ഓരോ മാർഗ്ഗങ്ങളും വിവരിക്കുമ്പോൾ, ഉട്ടൂപ്പ് മാപ്പിള ബദ്ധപ്പെട്ടു വരുന്നതു കണ്ടു.
- ഉട്ടൂപ്പ്:
- ആറുമാസമായിട്ടും ആ പിശുക്കൻ വാടകക്കുവരാത്തതെന്തായിരിക്കും എന്നു വിചാരിക്കുമ്പോൾ അവന്റെ കാര്യസ്ഥാൻ ഇതാ ഒരു കത്തുംകൊണ്ടു വന്നിരിക്കുന്നു.
- ലോനപ്പൻ:
- എന്തിനാണു് വാടകക്കൊ?
- ഉട്ടൂപ്പ്:
- അവനും തോമാസ്സ് വക്കീലും നാളെ രാവിലെ വരുന്നുണ്ടെന്നും ഞാൻ അവരെ കാത്തിരിക്കേണമെന്നുമാണു് കത്തിന്റെ താല്പര്യം. നോക്കു് ഞാനല്ലെ, കാത്തിരിക്കാത്തവൻ! എത്രനാളായി ഈ ഒരു അവസരത്തിന്നു കാത്തിരിക്കുന്നു.
- ലോനപ്പൻ:
- വക്കീലും കൂടെ വരുന്നതെന്തിനായിരിക്കും?
- ഉട്ടൂപ്പ്:
- എന്തു മണ്ണാങ്കട്ടക്കെങ്കിലുമാവട്ടെ. നാളെ രാവിലെ ലോനപ്പനും കൂടി വരണം. നാളെയാണു് രസം! രസത്തിൽ രസം!!
- ലോനപ്പൻ:
- വാടക ചോദിപ്പാൻ വക്കീലെന്തിനാണു്!
- ഉട്ടൂപ്പ്:
- ഓഹോ! വക്കീലുകൂടെ വരുന്നതു എന്തിനായിരിക്കുമെന്നു തിരിഞ്ഞൊ? വീട്ടിന്നും പറമ്പിന്നും വില കെട്ടുവാനായിരിക്കും. പതിനായിരത്തിന്നുണ്ടെന്നു വിചാരിക്കുന്ന വീടും പറമ്പും ഇപ്പോൾ രണ്ടായിരിത്തിന്നെടുക്കുന്ന ആളെ കാണട്ടെ. ഹി! ഹി! ഹി! വ്യസനം കൊണ്ടു് അധികാരിയും നേരമ്പോക്കുകൊണ്ടു ഞാനും നാളെ ബോധംകെടും, സംശയമില്ല. എന്റെ ഇഷ്ടാ, നീ വരാൻ വിട്ടുപോകരുതേ?
- ലോനപ്പൻ:
- എന്നെ വിളിച്ചില്ലെങ്കിലുംകൂടി ഞാൻ വരില്ലെ? ഈ താമാശയല്ലെ കാണേണ്ടതു്.
- ഉട്ടൂപ്പ്:
- അതാ, അവർതന്നെയാണു് വരുന്നതു്. അധികാരിയും വക്കീലും.
- ലോനപ്പൻ:
- കയ്യിൽ ചില കടലാസ്സും ഉണ്ടു.
- ഉട്ടൂപ്പ്:
- പതിനായിരത്തിന്റെ പറമ്പു രണ്ടായിരത്തിനില്ലെന്നു പറയുമ്പോൾ അധികാരിയുടെ മണ്ട കായില്ലേ? ആരാന്റെ മുതൽ തിന്നിട്ടു പൊന്തിയ ആ കുമ്പ കലിങ്ങല്ലേ?
ഇങ്ങിനെ ഓരോന്നു നൊടിഞ്ഞുകൊണ്ടിരിക്കെ അധികാരിയും വക്കീലും പടിവാതിൽ കടന്നു നടയിൽ പ്രവേശിച്ചു. ലോനപ്പൻ മാപ്പിളയോടു, ഒന്നു കണ്ണും ചിമ്മി, തന്റെ ചിരിയുമടക്കി, ഉട്ടൂപ്പ് മാപ്പിള, നടിച്ചുവിട്ട ഭയഭക്തിയോടെ, രണ്ടാളേയും തന്റെ വീട്ടിന്റെ അകത്തേക്കോലായിൽ ഇട്ടിരുന്ന കസേലമേൽ ഇരുത്തി. ഈ കെടുകാര്യങ്ങൾക്കു താനും ഒരു സഹായിയാണെന്നു ശങ്കിച്ചു പോകരുതെന്നുവെച്ചോ മറ്റൊ ലോനപ്പൻ മാപ്പിള, ഇവരുടെ ഒന്നിച്ചുപോകാതെ പടിവാതിലിന്റെ അടുക്കെത്തന്നെ നിന്നു, ഉട്ടൂപ്പുമാപ്പിളയുടെ ചിരി പൊട്ടുമ്പോൾ മെല്ലെ അടുത്തുചെല്ലാമെന്നു നിശ്ചയിച്ചു. നേരം പത്തുമിനിട്ടു കഴിഞ്ഞു. വീട്ടിന്റെ അകത്തുവെച്ചു കഴിഞ്ഞതു എന്തെല്ലാമായിരിക്കുമെന്നു ലോനപ്പൻ മാപ്പിളക്കു നിശ്ചയമുണ്ടായിരുന്നില്ല. അദ്ദേഹം നിശ്ചയമായിട്ടും കണ്ടതു “കർത്താവേ! കർത്താവേ!” എന്നുനിലവിളിച്ചുകൊണ്ടു ഭ്രാന്തനപ്പോലെ ഉട്ടൂപ്പ് മാപ്പിള തന്റെ നേരെ ഓടിവരുന്നതാണു്.
- ഉട്ടൂപ്പ്:
- ലോനപ്പാ, നീ എന്നെ കുതിരച്ചമ്മിട്ടികൊണ്ടു് കുറെതല്ലു്. നീ ചവിട്ടി എന്റെ എല്ലു മുറിക്കു്. എന്റെ ഈ ഖേദം മറ്റെങ്ങിനെ തീരുന്നു. ഇങ്ങിനെ കിണ്ടം പിണഞ്ഞുപോയല്ലൊ. എന്തു പറ്റലാണു് പറ്റിയതു! കർത്താവു് തന്നെ എനിക്കെതിരായല്ലൊ.
- ലോനപ്പൻ:
- അല്ലാ! ചിരിക്കുന്നതിനുപകരം കരച്ചിലായോ? എന്തുണ്ടായി?
- ഉട്ടൂപ്പ്:
- എല്ലാം പറയാം. ഞാൻ രണ്ടു് ദ്രാം കഴിച്ചുവരട്ടെ. എന്റെ തല നേരെ നില്ക്കുന്നില്ല. ഇങ്ങിനെ ഒരാൾ വഷളാകാനില്ല. ജീവിച്ചിട്ടു പ്രയോജനമില്ല.
- അധികാരി:
- ഇതെന്തു കഥ! ഉട്ടൂപ്പിന്നു ഈ മാതിരി അപസ്മാരഗോഷ്ടി പിടിപെടാറുണ്ടൊ?
- ലോനപ്പൻ:
- ഇത്ര കലശലായിട്ടു ഞാൻ ഇതുവരെ കണ്ടിട്ടില്ല.
- വക്കീൽ:
- ഉട്ടൂപ്പിന്റെ അച്ഛന്റെ പെങ്ങളുടെ മകൾ “റോസ” കൂടെ പണക്കാരത്തിയായിരുന്നു. അവൾ ക്ഷയരോഗത്താൽ മരിച്ചുപോയി. മരിക്കുംമുമ്പെ ഒരു ഒസ്യത്തെഴുതിവെച്ചിരുന്നു. ഒസ്യത്തിൽ പലതും ഉള്ളതിൽ പതിനായിരം ഉറുപ്പിക ഉട്ടൂപ്പിന്നും നീക്കിയിരിക്കുന്നു. എന്നാൽ ഉറുപ്പികയായിട്ടു് കൊടുക്കാനല്ല, ഒസ്യത്തു്. ആ ഉറുപ്പികക്കു് ഒരു പറമ്പും വീടും വാങ്ങിക്കൊടുക്കാനാണു്. ഒസ്യത്തിൽ എക്സിക്യൂട്ടരായി എന്നെയാണു് നിശ്ചയിച്ചിട്ടുള്ളതു. അതുകൊണ്ടു, ഉട്ടൂപ്പ് വളരെകാലമായിപ്പാർത്തുവരുന്നതുകൊണ്ടു, അധികാരിയുടെ വീടും പറമ്പും, ഞാൻ പതിനായിരത്തിന്നു ഉട്ടൂപ്പിന്റെ പേരിൽ ജന്മം വാങ്ങി ജന്മാധാരവും അധികാരിയുടെ ഒഴിമുറിയും, അടിയാധാരങ്ങളും കൊടുപ്പാൻ വന്നപ്പോളാണു് ഉട്ടൂപ്പിന്നു ഒരു ഗോഷ്ടി പുറപ്പെട്ടതു. സന്തോഷംകൊണ്ടു ശുദ്ധ നൊസ്സാകുമെന്നു ഞാൻ കേട്ടതേ ഉള്ളു. ഇപ്പോൾ എനിക്കു അനുഭവവുമായി.
കാര്യത്തിന്റെ വാസ്തവം ലോനപൻമാപ്പിളക്കു മനസ്സിലായപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടു ഒരു മന്ദഹാസം കൊണ്ടു നീണ്ടു. അധികാരിയെ നഷ്ടപ്പെടുത്താൻവേണ്ടി ഉട്ടൂപ്പ് മാപ്പിളവീട്ടിന്നും പറമ്പിന്നും വരുത്തിയ ഹാനികൾ കാണിച്ചപ്പോൾ ചിരിച്ചുചിരിച്ചു മരിക്കാറായതു്. അധികാരിയായിരുന്നു. തന്റെ സ്വത്തിന്നു പിടിച്ചതു വിലയും, നഷ്ടം മുഴുവൻ സഹിക്കാൻ ഉട്ടൂപ്പിന്റെ തലയും എന്നു വരുമ്പോൾ കാര്യത്തിന്റെ നേരമ്പോക്കു എത്രത്തോളം കടന്നുപോയി.
പിറ്റേന്നു രാവിലെ ആധാരങ്ങളും മറ്റും അധികാരിയും വക്കീലും ഉട്ടൂപ്പിന്നു കൊണ്ടുവന്നുകൊടുത്തു. ഉട്ടൂപ്പിന്റെ പുളിച്ച മുഖം ഒന്നു കാണേണ്ടതുതന്നെയായിരുന്നു.
- അധികാരി:
- ഉട്ടൂപ്പേ നിന്റെ വിദ്യ നന്നു്. പുതിയതു തന്നെയാണു്.
- വക്കീൽ:
- റോസയുടെ നിരൂപിക്കാത്ത പുതിയ വിദ്യ അതിലും നന്നായി.
- അധികാരി:
- ഉട്ടൂപ്പേ! നീ എന്തെടോ ചിരിക്കാത്തതു? ഞാൻ ഇന്നലെ വേണ്ടതു ചിരിച്ചു.
- ഉട്ടൂപ്പ്:
- അബദ്ധം എല്ലാവർക്കും പറ്റും.
- വക്കീൽ:
- ഏതായാലും നിന്റെ അദ്ധ്വാനം വെറുതെയായിട്ടില്ല ഉട്ടൂപ്പേ. അദ്ധ്വാനത്തിന്നു മാത്രം പറ്റീട്ടുണ്ടു.
- അധികാരി:
- ആട്ടെ! ആറുമാസത്തെ വാടക നൂറ്റിരുപതുറുപ്പിക, എനിക്കു ഇരുപത്തുനാലു മണിക്കൂറിനുള്ളിൽ തരണം.
- വക്കീൽ:
- എന്താ, ഉട്ടൂപ്പ് മിണ്ടാത്തതു്?
- ഉട്ടൂപ്പ്:
- എന്റെ വശം തല്ക്കാലം പണം ഇല്ല.
- അധികാരി:
- തരാതെ പോയാൽ ഞാൻ അന്യായം കൊടുക്കും. ഈ വീടും പറമ്പും ജപ്തിചെയ്യും.
- വക്കീൽ:
- എന്താ, ഉട്ടൂപ്പേ—വെറുതെ കോടതിച്ചിലവിന്നും ഉത്തരവാദിയാകേണ്ട.
- ഉട്ടൂപ്പ്:
- ഈ കാളകളേയും ചക്കും വിറ്റിട്ടു ഞാൻ മൂന്നുദിവസത്തിന്നുള്ളിൽ തന്നോളാം. ഇങ്ങിനെ സംസാരിക്കുന്ന മദ്ധ്യെ ഷാപ്പുകാരൻ വറിതുമാപ്പിള കേറിവന്നു.
- അധികാരി:
- എന്താ വറീതെ! വിശേഷിച്ചു് ?
- വറീത്:
- ഉട്ടൂപ്പുമായിട്ടു ചില്ലറ എടവാടു തീർക്കാനായിട്ടുണ്ടു്.
- ഉട്ടൂപ്പ്:
- ഞാനുമായിട്ടൊ? എന്തിടവാടു് ?
- വറീത്:
- ചാക്കിലോടത്തു ലോനപ്പൻ റങ്കൂണിലേക്കുപോയി.
- അധികാരി:
- എന്നു് ?
- വറീത്:
- ഇന്നു്:
- ഉട്ടൂപ്പ്:
- എന്താ! എന്നോടു ഒരു വാക്കുപോലും പറയാതേയോ! ഇങ്ങിനെ പോയ്ക്കളഞ്ഞല്ലോ! നന്ദിയില്ലാത്തകഴുത!!
- വറീത്:
- തിരക്കുകൊണ്ടു വരാൻ കഴിഞ്ഞില്ല എന്നു നിങ്ങളോടു പറവാൻ പറഞ്ഞു.
- അധികാരി:
- അവൻ കടത്തിൽ മുഴുകിയിരുന്നല്ലൊ? അവന്നു പണം എവിടുന്നുകിട്ടി?
- വറീത്:
- പണം ഞാൻ സഹായിച്ചു.
- അധികാരി:
- ഉറപ്പോ?
- വറീത്:
- ഉട്ടൂപ്പിന്റെ വീട്ടുസാമാനങ്ങളും ചക്കും കാളകളും ഒക്കെ അവന്റേതാണത്രെ. അവന്റെ ആറുമാസത്തെ വാടക അറുപതുറുപ്പിക അടക്കം എല്ലാസാധനങ്ങളും മറ്റും എനിക്കറുനൂറുറുപ്പികക്കു വിറ്റു. അഞ്ഞൂറുറുപ്പികകൊണ്ടു അവന്റെ പറമ്പിന്മേലുണ്ടായിരുന്ന എന്റെ കാണം വീട്ടി നൂറുറുപ്പിക കയ്യിൽകൊണ്ടുപോയി.
- ഉട്ടൂപ്പ്:
- (കണ്ണുമിഴിച്ചുകൊണ്ടു) എന്തു്? എന്റെ സാമനങ്ങളൊക്കെ അവൻ വില്ക്കയോ? ആ കള്ളസ്സുബറിനെ തല്ലിക്കൊല്ലണ്ടേ? അവന്റെ വക ഒരു കാശിന്റെ മുതൽ ഇവിടെ ഇല്ല. ഈ വീട്ടിൽ കാണുന്ന കീറിയ തുണിക്കഷണവുംകൂടി എന്റെ സ്വന്തമാണു്. ആ കൂലിപ്പാപ്പർക്കു എന്തു മുതലാണുള്ളതു!
- വറീത്:
- ഈ കടലാസ്സൊന്നു വായിച്ചുനോക്കീൻവക്കിലേ.
- വക്കീൽ:
- (വായിച്ചിട്ടു) എന്താണുട്ടൂപ്പേ അസംബന്ധം പറയുന്നതു! ഇതു നീതന്നെ എഴുതിക്കൊടുത്ത രേഖയല്ലെ! സാമാനങ്ങളും മറ്റും അവന്റെ സ്വന്തമാണെന്നു നീ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ!
- ഉട്ടൂപ്പ്:
- അയ്യോ! അതു ഞാൻ വെറുതെ എഴുതിക്കൊടുത്തതാണു്. അതിൽ പറയുന്ന സംഗതി മുഴുവൻ കളവാണു്. അതു പ്രതിഫലമില്ലാത്ത ഒരാധാരമാണു്. ആ കള്ളൻ എന്നെ പറ്റിച്ചതാണു്.
- വക്കീൽ:
- പിന്നെ നീ ഇങ്ങിനെ എഴുതിക്കൊടുത്തതെന്തിനാണു്?
- ഉട്ടൂപ്പ്:
- എനിക്കങ്ങിനെ ഒരു നൊസ്സുതോന്നി. അവൻ വിശ്വസിച്ചു ചതിച്ചതാണു്.
- അധികാരി:
- നൊസ്സോ? കള്ളക്കഴുവേറി! നിന്റെ സ്വത്തിന്മേൽ ഞാൻ പ്രവേശിക്കുമെന്നുകരുതി നീ അന്യാധീനപ്പെടുത്തിവെച്ചതല്ലെ?
- വക്കീൽ:
- ഹാ! ഹാ! അവിടേയും പറ്റിയോ. ക്ഷണമാകട്ടെ, സാമാനങ്ങളും കാളകളും വറീതിന്നു വിട്ടുകൊടുക്കൂ. താമസിക്കേണ്ട. ഇനിയൊരു പുതിയ വിദ്യയൊന്നും ഇവിടുന്നു കാണിക്കേണ്ട.
- അധികാരി:
- ഹാ! ഹാ! ഹാ! ബഹുരസമായുട്ടൂപ്പേ. ഞാൻ ഒന്നുകൂടി ചിരക്കട്ടെ. ഹാ! ഹാ! ഹാ! നിന്റെ വിദ്യ ഒരു പുതിയ വിദ്യതന്നെയാണു്. ഹാ! ഹാ! ഹാ!.
നിലമ്പൂരിൽ ഉണ്ടായിരുന്ന ഗവർമ്മേണ്ടാനയാണു് കൊടുങ്കാട്ടിൽ കേറിക്കാണാതായ്പോയതു്. സുൽത്താൻ എന്നു പേരായ ആ ഗജപോക്കിരി അടുത്തകാട്ടിലെ, സ്വജാതിയിൽപ്പെട്ട ഒരു ഗജഗാമിനിയാൽ വശീകൃതനായിപ്പോയിരിക്കുമെന്നാണു് ആനക്കാരുടെ അഭിപ്രായം. ഏതായാലും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആനക്കാരും ഇതിനെ കഴിയുന്ന വേഗത്തിൽ കണ്ടുപിടിക്കേണമെന്നു ഗവർമ്മേണ്ടു കല്പനയുണ്ടായി. “ദ്യുമണിതന്റെ രശ്മിപോലു മങ്ങണയാത്ത ഹിമവാൻ തന്റെ തെക്കെപ്പുറത്തെ പെരുങ്കാടും” കൂടി നിലമ്പൂരിലെ കാട്ടിനോടു് തുല്യമാകുമോ എന്നു സംശയമാണു്! പോരാഞ്ഞിട്ടു് കലവറയിലെ എലികളേക്കാളും നിലമ്പൂരിൽ കാട്ടാനകളുണ്ടെന്നാണു് കേൾവി. അതുകൊണ്ടു് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ഒന്നിച്ചു, തരമുണ്ടെങ്കിൽ ഒരു കാട്ടാനയെ വെടിവെക്കേണമെന്ന ഉദ്ദേശത്തിന്മേൽ റൈഫ്ളും കൈക്കലാക്കി ഞാൻ അവർകളും പുറപ്പെട്ടു. കാട്ടിൽ കടന്നു നടന്നിട്ടു നല്ല ശീലമില്ലെങ്കിലും എന്റെ ശീലം നല്ലതാണെന്നു എല്ലാവർക്കും അറിവുള്ളതുകൊണ്ടു ഞാൻ ഒരു വർജ്ജ്യനായ അതിഥിയാണെന്നു ആർക്കും തോന്നിയില്ല. നേരം പകലാകയാൽ, കുറെ ചരതത്തിൽ നടന്നാൽ അപകടത്തിനൊന്നും വഴി ഉണ്ടാകയില്ലെന്നു ഞാനും എന്റെ വിഡ്ഡിത്തംകൊണ്ടു വിചാരിച്ചു. ഗവർമ്മേണ്ടു് കാട്ടിൽ, ഒരു സർക്കാർറോഡിന്റെ അത്ര വീതിയിൽ ഒരു പാത വെട്ടിയുണ്ടാക്കിയിരുന്നതുകൊണ്ടു മാത്രം ഗതാഗതത്തിന്നു സൗകര്യക്കുറവൊന്നുമുണ്ടായിരുന്നില്ലെന്നു പറവാനും പാടില്ല. പാതയുടെ രണ്ടുഭാഗത്തും ഇടതിങ്ങിയ ഓടക്കാടുകളുണ്ടായിരുന്നു. ഓടകൾ വളഞ്ഞു, ഇരു വശത്തിൽനിന്നും നിരത്തിന്മേൽ കുത്തിനിന്നിരുന്നതുകൊണ്ടു് പാതയുടെ അകലം മുക്കാലോഹരിയും കുറഞ്ഞുപോയിരുന്നു എന്നു മാത്രമല്ല പാതയിൽ പലകൊല്ലങ്ങളായി ഓടയുടെ ഇലകൾ ഏകദേശം അഞ്ചാറടി ഘനത്തിൽ വീണുകിടന്നിരുന്നതു കൊണ്ടു നടക്കുമ്പോൾ സ്പ്രിങ്ങിന്മേൽ എന്നപോലെ താണും തെള്ളിയും ഉള്ള ചേഷ്ടകൾ പുറപ്പെട്ടിരുന്നു. രണ്ടു മൂന്നുനാഴിക നടന്നിട്ടും ഒരു കുറുക്കനേയുംകൂടി കണ്ടില്ല. കാട്ടിൽ മൃഗങ്ങൾതന്നെ ഇല്ലെന്നു തോന്നിപ്പോയി. ഭയത്തിന്റെ ഒരു അടയാളവും കൂടി ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. അങ്ങിനെ ചെന്നപ്പോൾ അല്പം ഒന്നു വിശ്രമിക്കട്ടെ എന്നു കരുതി ഞങ്ങളെല്ലാവരും പാതയിൽ ഓടയിലക്കിടക്കയിൽ ഇരുന്നു. തോക്കു കയ്യിലുണ്ടായിരുന്നതു കൊണ്ടു മുന്നിൽ ഉണ്ടായിരുന്നതു ഞാനായിരുന്നു. ഞാൻ തോക്കും താഴെവെച്ചു, കിഴക്കെത്തലക്കൽ നല്ലവണ്ണം ഊന്നിയിരുന്നു ഒരു കുങ്കിച്ചിച്ചുരുട്ടും വലിച്ചു ബാക്കിയുള്ളവരോടു, എന്റെ ശിക്കാറിന്റെ സാമർത്ഥ്യത്തെപ്പറ്റിയും, എന്റെ ധൈര്യത്തിന്റെ ശക്തിയെപ്പറ്റിയും, എന്റെ ഗണ്യമില്ലായ്മയെപ്പറ്റിയും മറ്റും വിവരിച്ചു പറയുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരൊക്കെ മുറുക്കാനായി അടുത്തടുത്തിരുന്നിരുന്നു. ഞാൻ അവരിൽനിന്നു കഷ്ടിച്ചു നാലഞ്ചുവാര അകലേയും ഇരുന്നിരുന്നു.
- ഞാൻ:
- നായാട്ടിന്നുവേണ്ടുന്നതു നല്ലധീരതയാണു്. ധൈര്യമുണ്ടെങ്കിൽ ഒരു പുല്ലും വകവെക്കാനില്ല. ഞാൻ 98 നരിയേയും, 29 കരടിയേയും, 37 ചോലനായയേയും വെടിവച്ചതു എന്റെ വെറും പേടിയില്ലായ്മകൊണ്ടാണു്. മരത്തിന്മേൽ പറംകെട്ടി വെടിവെക്കുന്ന പുരുഷത്വമില്ലാത്ത സമ്പ്രദായമൊന്നും എനിക്കില്ല. എന്റെ വെടി ഒക്കെനിന്നനിലയിൽ ഒറ്റക്കാണു്. ഒരു വരിയൻ നരി ഒരിക്കൽ:—
ഇങ്ങിനെ സംസാരിക്കുന്ന മദ്ധ്യെ ഓടകൾ ഒടിയുന്ന ശബ്ദം കേട്ടു. ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി. കാറ്റുകൊണ്ടു തമ്മിൽ ഉരസ്സുന്നതായിരിക്കും എന്നു കരുതി ഞങ്ങൾ അല്പം സമാധാനിച്ചു. എങ്കിലും ശബ്ദത്തിന്റെ കാഠിന്യം വർദ്ധിച്ചു, പെട്ടെന്നു ഞങ്ങളുടെ നേരെ മുന്നിലുള്ള ഓടകളൊക്കെ ചട ചട എന്നു പൊട്ടിത്തുടങ്ങിയതോടുകൂടി ഒരു വലിയ കാട്ടാന എന്റെയും ബാക്കിയിള്ളവരുടേയും മദ്ധ്യത്തിൽ ചാടിവീണു. ഇങ്ങിനെ ഒരു ഭയങ്കരനെ ഞാനിതുവരെ കണ്ടില്ല. പെട്ടെന്നു ഞങ്ങളെ കണ്ടപ്പോൾ തുമ്പിക്കയ്യും പൊന്തിച്ചു ഇടിവെട്ടും പോലെ ഒന്നു ഗർജ്ജിച്ചു. ആ നിമിഷംതന്നെ ബാക്കിയുള്ളവർ പടിഞ്ഞാട്ടും ഞാൻ കിഴക്കോട്ടും എഴുന്നീറ്റുപാഞ്ഞു. തോക്കെടുക്കാനൊന്നും എനിക്കു നേരമുണ്ടായിരുന്നില്ല. ഇത്ര പെട്ടെന്നു ആനയെ കണ്ടുമുട്ടുമെന്നു ഞാൻ കരുതിയിരുന്നുമില്ല. ഓടയില കെട്ടിനിന്ന പാതയിൽകൂടെ നല്ലവണ്ണം പായാനും സാധിച്ചില്ല. ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ ഒരു ഊക്കൻകൊമ്പൻ തുമ്പിയും പൊക്കിപ്പിടിച്ചു എന്റെ പിന്നാലെ ഓടിവരുന്നതാണു് കണ്ടതു്. ആ ഭയങ്കരനായ ഗണപതിയെ നിങ്ങൾ ഒന്നു കാണേണ്ടതായിരുന്നു. പരിഭ്രമംകൊണ്ടു പാച്ചിൽ ഒന്നു മുറുക്കിയപ്പോൾ, എന്റെ കടുംകഷ്ടകാലത്തിന്നു, ഓടയിലക്കൂട്ടത്തിന്റെ അസൗകര്യമായ ഒരു താഴ്ചയിൽപെട്ടു, ഞാൻ മരംപോലെ മറിഞ്ഞുവീണു. ദുർമ്മരണം പെട്ടുപോയോ എന്നുമിന്നൽപോലെ ഒരു വിചാരം എന്റെ തലയിൽനിന്നു ഒന്നുകുത്തി. ഇശ്വരനെ ഓർമ്മിക്കാൻ എന്നോടു് പലദിവസവും വിട്ടുപോകാറുണ്ടെങ്കിലും എന്നെ ഓർമ്മിക്കാൻ ഈശ്വരനോടു് ഒരിക്കലും വിട്ടുപോകാറില്ലെന്നു എനിക്കു പെട്ടെന്നു തോന്നിയ ഉപായം വെളിപ്പെടുത്തി. മറിഞ്ഞു വീണ ഉടനെ ഞാൻ ഒരു ഭാഗത്തേക്കു ഉരുണ്ടുകളഞ്ഞു. നോക്കുമ്പോൾ എന്താണു് കഥ? കണ്ടവർക്കല്ലെ വിശ്വാസം വരുകയുള്ളൂ. ഓടകളുടെ കടയ്ക്കും ഓരോന്നുവളഞ്ഞു പാതയിൽ കുത്തുന്ന ഭാഗത്തിന്നും മദ്ധ്യെ രണ്ടുമൂന്നടി വിസ്താരത്തിൽ ഒന്നാന്തരം ഒരു പാതപോലെയുള്ള സ്ഥലം നീണ്ടുകിടക്കുന്നു. വളഞ്ഞ ഓടക്കൂട്ടങ്ങൾ അതിന്നു് ഒരു കമാനംപോലെ നില്ക്കുന്നുമുണ്ടു്. ഒരാൾക്കു ശരിക്കു എഴുന്നേറ്റു നില്ക്കാം. ഞാൻ ക്ഷണം നിവർന്നുനിന്നു. പിന്നെയും ഒരു മരണപാച്ചിൽ പാഞ്ഞു. തളർച്ചകൊണ്ടു അസാരം ഒരേടത്തുനിന്നു. ഓടത്തുമ്പുകൾ അല്പം അകറ്റി, മെല്ലെ ഒന്നു പിന്നോക്കം പാളിനോക്കിയപ്പോൾ ആ ഭയങ്കരനായ ആന ഞാൻ ഉരുണ്ട പ്രദേശത്തിലുള്ള ഓടകൾ തുമ്പിക്കൈകൊണ്ടു താഴ്ത്തി ചവിട്ടിച്ചതച്ചതക്കുന്നതു ഞാൻ കണ്ടു. ഞാൻ അതിന്റെ ഉള്ളിൽ പെട്ടുപോയിട്ടുണ്ടെന്നു വിചാരിച്ച ആ ആനത്തലവനെ എനിക്കു നല്ലവണ്ണം കാണാമായിരുന്നു എന്നു മാത്രമല്ല വെടിവെച്ചു വീഴ്ത്തുകയും ചെയ്യാമായിരുന്നു. എന്തു ചെയ്യും? അന്നു് ആനക്കും എനിക്കും ദുർമ്മരണം വിധിച്ചിരുന്നില്ല. ഈ ദുരിതം വഴിയിൽ കിടക്കുന്ന എന്റെ തോക്കു് ചവിട്ടിപ്പൊട്ടിക്കാതെ വല്ലേടത്തും കടന്നുപോകട്ടെ എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, ആന, എന്തോ എന്നറഞ്ഞില്ല തുമ്പിക്കയ്യും പൊക്കി ശുദ്ധിച്ചുതുടങ്ങി. ആനക്കു ഘ്രാണശക്തി വളരെ കേമമാണു്. ഒരു ഞൊടിയിടകൊണ്ടു ഞാൻ എവിടെ ഉണ്ടെന്നു മനസ്സിലാക്കി, ഒരു ഇടിയിടയുന്ന ഗർജ്ജനത്തോടെ എന്റെ നേരെ ഓടിവന്നു. ഞാൻ തിരിഞ്ഞു പാഞ്ഞു.
ആനയും മടങ്ങി സമവരിയായി എന്നെ പിന്തുടർന്നു. ഞാൻ പിന്നേയും തിരിഞ്ഞുപാഞ്ഞു. ആനയും വിട്ടൊഴിഞ്ഞില്ല. ഇങ്ങിനെ മെലിഞ്ഞ ഞാനും തടിച്ച ആനയും, കുട്ടികൾ കോർത്തുകളിക്കുംപോലെ കുറേ നേരം പാഞ്ഞു. ഇതുകൊണ്ടൊന്നും പന്തിയാവില്ലെന്നു കരുതി ഞാൻ കുറേ നേരത്തോളം കിഴക്കു് ലാക്കാക്കി പാഞ്ഞപ്പോൾ പെട്ടെന്നു തെക്കുവടക്കായി നീണ്ടുകിടക്കുന്ന മറ്റൊരു കാട്ടുപാതയിൽ എത്തി. ആ പാതയിൽ ഓടയുടെ നാമം തന്നെ ഇല്ല. പടർന്നുപിടിച്ച കുറ്റിക്കാടിന്റെ നിബിഡതകൊണ്ടു എനിക്കു കാട്ടുപാതയും വിട്ടു ഇടത്തൊ വലത്തൊ തിരിവാൻ സാധിച്ചില്ല. ആനയോ, എന്നെ പിടുത്തം കിട്ടാതിരിക്കില്ല എന്ന സമാധാനത്തോടെ എന്റെ പിന്നാലെ തന്നെ കൂടിയിരുന്നു. എനിക്കാണെങ്കിൽ ആനയെ കിട്ടിയാൽ അതിന്റെ കൊമ്പും പല്ലും കൊണ്ടെങ്കിലും ഉപകാരമുണ്ടായിരുന്നു. ആനക്കു എന്നെ കിട്ടിയിട്ടു കാര്യമെന്താണെന്നു എനിക്കു ഇന്നും മനസ്സിലാകുന്നില്ല. ഈ ശനി എന്നെ വേഗത്തിലും വെറുതേയും വിടില്ലെന്ന കാര്യം എനിക്കു വളരെ നെഞ്ചിടിപ്പുണ്ടാക്കി. അങ്ങിനെ പറയുമ്പോൾ എന്റെ കിഴക്കുഭാഗത്തു ഒരു തുറസ്സുസ്ഥലം കണ്ടു. അതിന്റെ നടുക്കു ഏകദേശം ഇരുപതു വാര ചുറ്റളവുള്ള ഒരു പാറ നില്ക്കുന്നതു കണ്ടു. പാറ വളരെ ഉയരമുള്ള ഒന്നായിരുന്നു. എങ്കിലും അതിന്മേൽ പാഞ്ഞുകേറാൻ തക്ക പാടുകളൊന്നും കണ്ടു കിട്ടിയില്ല. എന്നാലും പാറ ചുറ്റിക്കൊണ്ടുതന്നെ നടന്നാൽ ആനയെ ആനകളിപ്പിക്കാമെന്നു ഞാനും ഊഹിച്ചു ഞാൻ എത്രയോ ഭയത്തോടെ ആനയുടെ വരവും കാത്തുനിന്നു. നോക്കിക്കൊണ്ടിരിക്കെ, ഭൂമി കുലുക്കിക്കൊണ്ടു് മൂപ്പർ എന്റെ നേരെ ചാടി. ഞാൻ പാറ ചുറ്റാൻ തുടങ്ങി. അന്യോന്യം കാണാത്തതുകൊണ്ടും ആന എന്റെ പിന്നിലായിരുന്നതുകൊണ്ടും എനിക്കു സൗകര്യത്തിന്നു കുറവും നെഞ്ഞിടിപ്പിന്നു ആധിക്യവും ഉണ്ടായി. വരുമ്പോലെ വരട്ടെ എന്നു കരുതി, ഞാൻ ഒരു കുതി കുതിച്ചു, ആനയുടെ വാലും പിടച്ചു നടക്കാൻ തുടങ്ങി. ഈശ്വരാ! ആനവാൽ ആശിച്ചിരുന്ന എനിക്കു് അതു് കയ്യിൽ കിട്ടിയപ്പോൾ എങ്ങിനെയെങ്കിലും ഇട്ടു പായണം എന്ന വിചാരമല്ലെ തല്ക്കാലം ഉണ്ടായതു്. ഇടക്കിടെ ഇച്ഛാഭംഗം കൊണ്ടു രുഷ്ടനായ ആന ഒരേടത്തു നില്ക്കും. “കോളെ കഴിവുണ്ടതിനു്” എന്നു പറഞ്ഞപോലെ, കാര്യം മനസ്സിലാക്കി, ഞാൻ വാൽ പിടുത്തംവിട്ടു കുറെ അകന്നു നില്ക്കും. എന്തെന്നാൽ രണ്ടു കയ്യിന്മേൽ ആക്കം കൊടുത്തു രണ്ടു കാലും പൊന്തിച്ചു പിന്നോട്ടു് ചവിട്ടാൻ ആനക്കു എളുപ്പത്തിൽ സാധിക്കുമായിരുന്നു. ഒരിക്കൽ ഒഴിഞ്ഞു നിന്നപ്പോൾ ആ പയറ്റൊന്നും എന്നോടുപറ്റുകയില്ലെന്നു ആനയും കണ്ടു. എഴുന്നള്ളത്തിന്നു ശ്രീകോവിൽ ചുറ്റുംപോലെ, ആന പിന്നെയും പാറ ചുറ്റി എന്നെ പിടിക്കാൻ ഭാവിച്ചു. ഏതായാലും ഉള്ള സമയം വെറുതെ ആക്കേണ്ടെന്നു വിചാരിച്ച ഇടിയൻ ചീരുവിന്നു മോതിരത്തിൽ കെട്ടാൻ വേണ്ടി ആനവാലിന്റെ, പനങ്കണ്ണിയേക്കാൾ തടിച്ച, അറ്റത്തെ രോമങ്ങൾ ഞാൻ ഓരോന്നായി പറിച്ചെടുപ്പാൻ തുടങ്ങി. ആനക്കു കോപം മുഴുത്തു. ഞാൻ മുഴുവനും പറിച്ചെടുത്തു. ആന വേഗത്തിൽ ചുറ്റാൻ തുടങ്ങി. എനിക്കു തലചുറ്റാനും തുടങ്ങി. വീണുപോയാൽ എന്റെ കഥ കഴിഞ്ഞുപോകുമെന്നു കണ്ടു, ഞാൻ പെട്ടെന്നു ആനവാലും വിട്ടു, ഇടത്തുവശം നിന്നിരുന്ന ഒരു മരത്തിന്റെ അടുക്കെ കുതിച്ചു. ആ മരത്തെ ഒരു വലിയ വള്ളി ചുറ്റിയിരിക്കകൊണ്ടു അതിന്മേൽ ക്ഷണം കേറാനും സാധിച്ചു. വളരെ ഉയരത്തോളം കൊമ്പൊന്നുമില്ലാത്തതുകൊണ്ടു് എനിക്കു കൊമ്പിന്മേൽ കേറിക്കൂടാൻ സാധിച്ചില്ല. എനിക്കു ആ വള്ളി മാത്രമെ ശരണമായിരുന്നുള്ളൂ. എനിയെങ്കിലും ആ ആന എന്നെ ഉപേക്ഷിച്ചാൽ മതിയായിരുന്നു എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, നൈരാശ്യം സഹിപ്പാൻ വയ്യാത്ത ആന അല്പനേരത്തിന്നുള്ളിൽ മരത്തിന്റെ ചുവട്ടിൽ എത്തി. അതിന്മേൽ വള്ളിയുടെ സഹായംകൊണ്ടു അണ്ണാക്കൊട്ടനെപ്പോലെ പറ്റിയ എന്നെ ഒന്നു നോക്കി. ഞാൻ രാമരാമാ എന്നു ജപിച്ചുതുടങ്ങി. എന്റെ കാര്യം വലിയ പരുങ്ങലിലായി. ആന ആ വള്ളിതന്റെ തുമ്പിക്കൈകൊണ്ടു ചുറ്റിപ്പിടിച്ചു ഒന്നു ശക്തിയോടെ വലിച്ചപ്പോൾ ഞാൻ മരത്തിൽനിന്നു തെറിച്ചു, ആനയുടെ മൂന്നു വാര അകലെ ഉണ്ടായിരുന്ന ഒരു കൂവക്കാട്ടിൽ വീണു. എന്റെ കാര്യം തീർന്നു. ആനക്കു ക്ഷണം വന്നു എന്നെ ചവിട്ടിത്തേക്കുവാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല! വീണക്ഷീണം കൊണ്ടും മരണ ഭയംകൊണ്ടും എനിക്കു എഴുന്നീറ്റിരിപ്പാൻ തന്നെ സാധിച്ചില്ല. ദുർമ്മരണം വന്നു ഭവിച്ചല്ലൊ എന്നു വിചാരിച്ചു ഞാൻ ആനയുടെ നേരെ നോക്കിയപ്പോൾ എന്തു പറായാനാണു്? മൂപ്പർ വള്ളി ഊക്കോടെ വലിച്ചപ്പോൾ, വള്ളിമേൽ സ്ഥാപിച്ചിരുന്ന ഒരു വലിയ തേനീച്ചക്കൂടു് തന്റെ മസ്തകത്തിൽ വീണു പോയി. ഞാൻ അങ്ങോട്ടു് നോക്കിയപ്പോൾ സംഖ്യയില്ലാത്ത തേനീച്ചശ്ശിന്നന്മാർ ആനയെ കാണാത്തവിധം പൊതിഞ്ഞതു് കൂടാതെ ഓരോ പഴുതിന്നും കാത്തു അനേകലക്ഷങ്ങൾ ആനയുടെ ചുറ്റും പറന്നു കളിക്കുന്നതും കണ്ടു. ആനയുടെ ധാർഷ്ട്യം വിറ്റുപോയി. തുമ്പിക്കയ്യും മടക്കിപ്പിടിച്ചു മൂപ്പർ വടക്കോട്ടേക്കു ഒരു കുതി കുതിച്ചു. ആനപ്പാച്ചലിൽ ഒന്നാം സമ്മാനം വാങ്ങാനർഹനാണെന്നു, ചിരിച്ചിട്ടു വയ്യാത്ത എനിക്കു തെളിവു തന്നു. പുതിയ ജീവൻ വെച്ചു ഞാൻ എഴുന്നേറ്റു മരത്തിന്നടുക്കെ വന്നു. ആനയുടെ ഒപ്പംതന്നെ നമ്മുടെ ശിന്നപ്പോരാളികളും പറന്നു പോകുന്നതു കണ്ടപ്പോൾ എന്റെ സന്തോഷം ഇരട്ടിച്ചു. മരത്തിന്നടുക്കെ വീണ കൂട്ടിൽ നിന്നു, കുറെ തേൻ വായിൽ പിഴിഞ്ഞു എന്റെ ക്ഷീണം തീർത്തപ്പോൾ, സന്തോഷം മൂന്നിരട്ടിച്ചു.
എന്റെ ഭാഗ്യത്തിന്നുണ്ടൊ കയ്യും കണക്കും? കറുത്തേടത്തിന്റെ ഭാഗ്യമല്ലെ എനിക്കു ദൈവം തന്നേച്ചതു്. ഇനിയെങ്കിലും കുറെ സമാധാനത്തോടെ നടക്കാമെന്നു വെച്ചു ഞാൻ വളരെ ആശ്വസിച്ചു. അപ്പഴതാ പിന്നേയും ഒരു ശബ്ദം. എനിക്കൊരു കിടിലം പിടിപെട്ടു. ഞാൻ പേടിയോടെ ചെവി ഓർമ്മിച്ചു നിന്നു. കാട്ടുപൊടിപ്പുകൾ പിടിച്ചു വലിച്ചും പറിച്ചെടുത്തും വരുന്ന ഒരു വലിയ ആനക്കൂട്ടമാണു് ഈ ശബ്ദത്തിന്നു കാരണമെന്നു എനിക്കു ബോദ്ധ്യമായി. ഞാൻ കാട്ടുപാതയുടെ സമീപമുണ്ടായിരുന്ന ഒരു വലിയ മരത്തിന്റെ പിന്നിൽ ഒളിച്ചു. കാറ്റു് തെക്കുനിന്നു വടക്കോട്ടായതുകൊണ്ടു എനിക്കൊരു രക്ഷയായി. നോക്കുമ്പോൾ കാട്ടുപാതയും മുറിച്ചു, എന്റെ തെക്കുഭാഗത്തിൽകൂടെ, പടിഞ്ഞാറോട്ടു് ഒരു കൂട്ടം ആനകൾ പോകുന്നതു കണ്ടു. കുട്ടിയാനകൾ മുതലായ അണയും പയ്യും കൂടാതെ, മുഴുവൻ ഉറുപ്പികകൾ തന്നെ നൂറ്റിരുപത്തൊന്നെണ്ണമുണ്ടായിരുന്നു. ഞാൻ വിസ്മയിച്ചു മൂക്കത്തു വിരൽ വെച്ചുപോയി. ഇത്ര അധികം ആനകളെ ഞാൻ ചിത്രത്തിലുംകൂടി കണ്ടിരുന്നില്ല. വൈത്തിരിയിലെ അട്ടകളെക്കാൾ നിലമ്പൂരിൽ ആനകളുണ്ടു്. തൂണും ഉത്തരവും, വാരിയും പട്ടികയും കൊണ്ടുപോകുന്നതുപോലെ കൊമ്പനും, പിടിയും, ചെറുതും വലുതുമായി കൂട്ടം കൂട്ടമായി കടന്നുപോകുന്നതുകണ്ടു ഞാൻ അമ്പരന്നുപോയി. എല്ലാം കടന്നുപോയിട്ടും ഞാൻ പിന്നേയും അരമണിക്കൂർ കാത്തു. യാതൊരു ശബ്ദവും ഇല്ലായിരുന്നു. ഇനിയൊന്നും പേടിക്കാനില്ലെന്നു കരുതി, ഞാൻ കാട്ടുപാതയിൽ ഇറങ്ങി വീണ്ടും തെക്കോട്ടു നടന്നു. നല്ല ഒരു പാതകണ്ടാൽ പടിഞ്ഞാറോട്ടു തിരിയാമെന്നു ഞാൻ ഉറപ്പിച്ചു. എനിക്കു നല്ല ഒരു ഉന്മേഷം തോന്നി. മേനകയുടെ മൂക്കും, ജാനിയുടെ നോക്കും എനിക്കു ഓർമ്മവന്നു. ഞാൻ ആനന്ദമത്തനായി. കൊടുങ്കാടു് ഒരു പൂങ്കാവാണെന്നും കരുതി ഞാൻ നടന്നുതുടങ്ങി. എന്തൊക്കെ മാതിരിയിലാണു് ഞാൻ രക്ഷപ്പെട്ടുപോയതു്; “സിമ്പാദി”ന്റെ അനുഭവങ്ങൾ എനിക്കും ഉണ്ടായെന്നു എന്തുകൊണ്ടു പറഞ്ഞുകൂടാ? സിമ്പാദിന്നു കപ്പലോട്ടംകൊണ്ടും, എനിക്കു കാട്ടിലോട്ടംകൊണ്ടും പറ്റിയ അപകടങ്ങൾക്കുണ്ടൊ സീമ. എനിക്കു തനിയെ തന്നെ ഒരഭിമാനം തോന്നി. ഞാൻ നെഞ്ഞും ഉന്തി നടന്നുവരുമ്പോൾ കിഴക്കുഭാഗത്തിൽനിന്നു പെട്ടെന്നൊരു ഗർജ്ജനം കേട്ടു തരിച്ചു നിന്നുപോയി. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുറ്റൻ കൊമ്പനാന എന്റെ നേരെ ഓടിവരുന്നതു കണ്ടു. ക്ഷീണംകൊണ്ടും ഭയം കൊണ്ടും ഒട്ടേറെ തളർന്നുപോയ എനിക്കു പാഞ്ഞു രക്ഷപ്രാപിക്കുന്നതു ഒരു അസാദ്ധ്യകാര്യമായി. വല്ല വഴിയും ഉണ്ടോ എന്നു നോക്കാൻ, ഞാൻ വലത്തോട്ടു ഒന്നു തിരിഞ്ഞുനോക്കി. അവിടെ ഒരു പാരിച്ച അരയാൽ നില്ക്കുന്നതുകണ്ടു. ആ അരയാലും ചുറ്റി തല്ക്കാലം പിഴക്കാമെന്നു കരുതി, ഞാൻ അതിന്റെ പടിഞ്ഞാറെ ഭാഗത്തിൽ പതുങ്ങി നിന്നു. അപ്പോഴതാ പിന്നിൽനിന്നും കടപിടാ എന്നൊരു ഭയങ്കരശബ്ദം കേൾക്കുന്നു. തിരിഞ്ഞുനോക്കിയപ്പോൾ മറ്റൊരു കൊമ്പനാന തുമ്പിക്കയ്യും പൊക്കി എന്റെ അടുത്തെത്തിപ്പോയിരിക്കുന്നു. ഞാൻ നാരായണ നാമവും ജപിച്ചു മരണത്തിന്നു കാത്തു. ഒരു പ്രകാരത്തിലും എനിക്കു രക്ഷ ഉണ്ടായിരുന്നില്ല. മുന്നിൽ നിന്നു വരുന്ന ആന എന്റെ അടുത്തെത്തുംമുമ്പെ, പിന്നിൽനിന്നു വരുന്ന ആന ഊക്കോടെ എന്നെ ഒരു കുത്തു കുത്തി. ഞാൻ മെലിഞ്ഞവനായിരുന്നതുകൊണ്ടു, ദേഹത്തിന്റെ ഇടത്തും വലത്തുമായി മരത്തടിയിന്മേൽ, കൊമ്പു രണ്ടും തറച്ചുനിന്നുപോയി. ഞാൻ അപ്പാടു് നിലത്തേക്കൊരു താഴ്ച താണു ആനയുടെ ഇടത്തേഭാഗത്തു കയ്യും കുത്തി ഇഴഞ്ഞുവന്നു, എഴുനേല്പാൻ വയ്യാതെ അവിടെത്തന്നെ ഇരുന്നുപോയി. അപ്പോൾ മുന്നിൽനിന്നു വന്ന കൊമ്പൻ എന്നെ കുത്തിയ കൊമ്പന്റെ വലത്തെ ചുമലിന്നു് ഒന്നു കുത്തി. ഉടനെത്തന്നെ കുത്തേറ്റ കൊമ്പൻ ഒരു വലിക്കു് തന്റെ കൊമ്പും ഊരിയെടുത്തു, തന്നെ കുത്തിയ കൊമ്പന്നു പകരം കൊടുത്തു. രണ്ടു കൊമ്പന്മാരും ദ്വന്ദയുദ്ധത്തിന്നു കോപ്പിട്ടു. “യുദ്ധം മുടങ്ങാതടങ്ങാതൊടുങ്ങാതെ” നിലനിന്നു പോരുന്നതു കണ്ടമ്പോൾ എനിക്കു ഒരു പറകവയ്യാത്ത പേടിയും സഹിക്കവയ്യാത്ത കൗതുകവും ഉണ്ടായി. ഭീമജരാസന്ധ യുദ്ധവും, ബാലിസുഗ്രീവ യുദ്ധവും ഇതിന്റെ ഇടക്കു പുല്ലായിരിക്കും? ഇവരിരുവരും വേഗത്തിൽ വിട്ടൊഴിയുന്നവരല്ലെന്നു കണ്ടപ്പോൾ “നല്ലവണ്ണം ഓരോ കൈ നോക്കൂ, കൊന്നാലും വിടല്ലെടോ” എന്നു പറഞ്ഞുംകൊണ്ടു, ഞാൻ, എന്നെ കുത്താൻ നോക്കിയ ആനയുടെ പിൻഭാഗത്തു രണ്ടു തട്ടുംതട്ടി, ഒരു ചുരുട്ടിന്നു തീയും കൊളുത്തി മുന്നോട്ടു നടന്നു.
കുറെ നടന്നു ചെന്നപ്പോൾ പാതയുടെ ഒത്ത നടുക്കു് ഒരാന കിടക്കുന്നതു കണ്ടു. വിസ്തീർണ്ണമായ കാടുള്ളപ്പോൾ ഈ ചെറിയ പാതയിൽതന്നെ വന്നു കിടക്കേണ്ടുന്ന ആവശ്യമുണ്ടൊ? ആരോടു പറവാൻ! ആനയുടെ തല കിഴക്കോട്ടു് കാട്ടിന്റെ ഉള്ളിലായിരുന്നതുകൊണ്ടും കാറ്റു് അങ്ങുന്നിങ്ങോട്ടായതിനാലും ഒരു മനുഷ്യനു അടുത്തുണ്ടെന്ന വിവരം ആനക്കു കിട്ടിയില്ല ഞാൻ അവിടെനിന്നു ക്ഷണം ഒന്നു തിരിഞ്ഞുനോക്കി. പിന്തിരിഞ്ഞു നടന്നാലും ആനകളെ നേരിട്ടു കണ്ടുമുട്ടുവാനിടയുള്ളതുകൊണ്ടു കാര്യദ്വയാകുലനായി ഞാൻ വിഷമിച്ചു. പടിഞ്ഞാറോട്ടു പോകുന്ന ഒരു പാത കാണുംവരെ തെക്കോട്ടുതന്നെ നടപ്പാനുറപ്പാക്കിയ എനിക്കു ഇതൊരു ഒഴിച്ചുകൂടാത്ത പ്രതിബന്ധമായി. ആനയുടെ കിടത്തം കണ്ടാൽ പത്തുദിവസത്തിനുള്ളിലൊന്നും എഴുനേല്പാൻ ഭാവമില്ലെന്നു തോന്നും എനിക്കാണെങ്കിൽ നേരം താമസിക്കാനും പാടില്ല. ഒരിക്കലെങ്കിലും ഒരു ധീരകൃത്യം ചെയ്വാനായി ഞാനുറച്ചു. പാഞ്ഞു ചെന്നു ആനയുടെ ദേഹത്തിന്മേൽ ചാടിവീണു അവിടുന്നു മുന്നോട്ടു പാതയിൽ ചാടി ഓടിക്കളയുന്നതാണു് ഉത്തമമെന്നു എനിക്കു തോന്നി. പെട്ടെന്നു ആന എഴുന്നേറ്റെങ്കിലൊ എന്ന ഒരു ശങ്ക എന്നെ പരിഭ്രമിപ്പിക്കാതിരുന്നില്ല. അധികമായി ആലോചിക്കുന്നതു് ഭയത്തിൽചെന്നു തുഞ്ചുവാനാണു്. ധൈര്യം എന്നതു് വെറും ആലോചനയുടെ അഭാവമാണു്. അതുകൊണ്ടു അധികമാലോചിച്ചാൽ ഭീരുവായ്പോകുമെന്നു കരുതി ഞാൻ ഈശ്വരനേയും വിചാരിച്ചു ഒരൊറ്റക്കുതിക്കുതിച്ചു. ശ്രീരാമൻ ചവിട്ടിയ പാറ ഒരു ജീവിയായി എഴുന്നേറ്റു. നേരെ മറിച്ചു ഞാൻ ചവിട്ടാൻ പോകുന്ന ജീവി ഒരു പാറയായ്പോകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു ഞാൻ ആനയുടെ ദേഹത്തിന്മേൽ ചാടിവീണു. അവിടുന്നു നിലത്തു ചാടിയതു, കിടന്നിരുന്ന ആനയുടെ അടുക്കെ പടിഞ്ഞാട്ടു് മുഖവുമായി നിന്നിരുന്ന മറ്റൊരാനയുടെ നേരെ മുമ്പിലായിരുന്നു. ആ വിദ്വാനെ എനിക്കു ആദ്യം കാണാൻ കഴിവില്ലായിരുന്നു. ആനയെ പെട്ടെന്നു കണ്ടപ്പോൾ ഞാനും, എന്നെ പെട്ടെന്നു കണ്ടപ്പോൾ ആനയും ഒന്നു നടുങ്ങി. ആന പെട്ടെന്നു തുമ്പിക്കൈകൊണ്ടു എന്റെ പിൻഭാഗത്തു് ഒരു തട്ടുതട്ടി. തട്ടു് നല്ലവണ്ണം പറ്റിയിരുന്നില്ലെങ്കിലും ഞാൻ കാല്പന്തുപോലെ പത്തു വാര അകലെ തെറിച്ചുവീണു. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തട്ടിയ ആന എന്റെനേരെ കുതിച്ചുവരുന്നതുകണ്ടു. ഞാൻ ക്ഷണം എഴനേറ്റു, പത്തിരുപതു വാര അകലെ ഉണ്ടായിരുന്ന ഒരു മരക്കൂട്ടത്തിൽ രാമബാണംപോലെ കുതിച്ചു. ആനക്കു പിടുത്തം കിട്ടും മുമ്പെ മരങ്ങൾ അടുത്തടുത്തു നില്ക്കുന്ന ആ മരക്കൂട്ടത്തിൽ, ബാലിപിന്നാലെ വരുന്ന സുഗ്രീവനെപ്പോലെ ഞാൻ കുതിച്ചു കേറി. മരങ്ങളുടെ മദ്ധ്യത്തിലുള്ള വിടവുകൾ ചെറുതായിരിക്കകൊണ്ടു് ആനക്കുമരക്കൂട്ടത്തിൽ പ്രവേശിക്കാൻ സാധിച്ചില്ല.
ആ സമയത്തു് ആ കിടന്നിരുന്ന ആനയും തന്നെ ചവിട്ടിയ മഹാൻ ആരെന്നു കാണ്മാൻവേണ്ടിയൊ എന്നു തോന്നുമാറു് മരക്കൂട്ടത്തിന്റെ അടുക്കെ വന്നുനിന്നു എന്നെ കുറേനേരം കൗതുകത്തോടെ നോക്കി. ഞാൻ ഗാംഭീര്യഭാവത്തോടെ എന്റെ മീശ ഒന്നു മുറുക്കി. മറ്റേ ആന അങ്ങുമിങ്ങും നടന്നു മരക്കൂട്ടത്തിൽ കടക്കാൻ വല്ല പഴുതും ഉണ്ടോ എന്നു തിരയുവാൻ തുടങ്ങി. ആനക്കു് ഒരുവിധത്തിലും കടപ്പാൻ പാടുണ്ടായിരുന്നില്ലെന്നു കണ്ടപ്പോൾ എനിക്കു നല്ല ധൈര്യമായി. ഞാൻ അക്കൂട്ടരുടെ മൂക്കു നീണ്ട മുഖത്തു നോക്കി ഒന്നു മന്ദഹസിച്ചു. ഞാൻ ഒരു വടി എടുത്തു എന്നെ പിടിപ്പാൻ ശ്രമിക്കുന്ന ആനയെ തരംകിട്ടുമ്പോളൊക്കെ കുമച്ചു് വിട്ടു. ആനക്കു കോപം മുഴുത്തു, തുമ്പിക്കൈകൊണ്ടു മരം പിടിച്ചിളക്കാൻ നോക്കി. ഞാൻ ആ തുമ്പിക്കൈക്കു് തന്നെ അടിച്ചു. ആന ഒന്നു അട്ടഹസിച്ചു, മസ്തകംകൊണ്ടു മരം കുത്തി ഇളക്കാൻ നോക്കി, മരം അനങ്ങിയില്ല. എനിക്കു ചിരി വന്നു. ഞാൻ ആ ആനയോടു് “മതി, മതി വെറുതെ, കഷ്ണിക്കേണ്ട, മിണ്ടാതെ പോയ്ക്കൊ—ഒന്നും പണിയില്ലെങ്കിൽ വല്ല മരക്കരാറുകാരുടെ കുഴിയിലെങ്കിലും ചെന്നു വീണോളു—എന്നിട്ടു് നിന്റെ അഹന്തയൊക്കെ തളർന്നു, മനുഷ്യന്റെ തല്ലും ചവിട്ടും കിട്ടിപാകം വന്നാൽ, അന്നു ഞാനും അടുത്തു വന്നു എന്റെ വകയായും ഒന്നോ രണ്ടോ തന്നോളാം. ഇപ്പോൾ അതിനൊന്നും തരമില്ല—അതുവരെ ക്ഷമിക്കൂ” എന്നു പറഞ്ഞു. പിന്നെ മര്യാദക്കാരനായ മറ്റേ ആനയോടു “നിണക്കു ഞാനൊരു അനുഗ്രഹം തരാം. വല്ല കുഴിയിലും വീഴുന്നുണ്ടെങ്കിൽ ഒരു ചപ്പു് പോലെ മന്ദമായി പൂവള്ളിമനക്കലെ കുഴിയിൽ വീണാൽ മതി. മരം വലിക്കേണ്ടുന്ന ആവശ്യമേ ഉണ്ടാകയില്ല. എഴുന്നള്ളത്തിന്നു പൊൻപട്ടവും അണിഞ്ഞു നല്ല ചന്തത്തിൽ നടന്നാൽ മതി—പാല്പായസവും കൂടക്കൂടെ കുടിക്കുകയും ചെയ്യാം—കേട്ടോ” എന്നും പറഞ്ഞു. ആനകൾ കാര്യം മനസ്സിലാക്കിയപോലെ എന്നെ ഒന്നു നോക്കി തിരിഞ്ഞുനടന്നു. ഞാൻ മരക്കൂട്ടത്തിൽക്കൂടെ പിന്നെയും തെക്കോട്ടു നടന്നു. അപ്പോൾ ചില ആളുകളുടെ ശബ്ദം കേട്ടുതുടങ്ങി. എനിക്കല്പം ആശ്വാസമായി. മരക്കൂട്ടം കഴിഞ്ഞു ഒരു തുറസ്സിൽ എത്തിയപ്പോൾ ഞാൻ ഒന്നിച്ചു പുറപ്പെട്ട കൂട്ടരെ കണ്ടു. “കാലാതിക്രമവിരഹേ നിജപ്രിയലാഭം” എന്നു പറഞ്ഞപോലെ എന്റെ ആനന്ദത്തിന്നു അളവുണ്ടായിരുന്നില്ല. പോരാഞ്ഞിട്ടു ഒരാളുടെ വശം എന്റെ റൈഫളും കണ്ടു. “തോക്കുണ്ടായിരുന്നു എങ്കിൽ പ്രാവുകളെപ്പോലെ തുടരെത്തുടരെ പത്തിരുപതു കാട്ടാനകളെ എനിക്കു വെടിവെക്കാമായിരുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ കൂട്ടരൊക്കെ ചിരിക്കയാണു് ചെയ്തതു്. എനിക്കു ക്ഷീണംകൊണ്ടു ഒന്നു കോപിക്കാനുംകൂടി കഴിഞ്ഞില്ല. തോക്കു കുറെനേരത്തോളം ഫോറസ്റ്റ് ശിപായിയോടുതന്നെ പിടിക്കാൻ പറഞ്ഞു. ദൂരെയുള്ള ഓടകൾ അവിടുന്നും ഇവിടുന്നും ഇളകുന്നതു കണ്ടപ്പോൾ അവിടങ്ങളിലൊക്കെ ആനകളുണ്ടെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ വളരെ സൂക്ഷിച്ചു കിഴക്കോട്ടേക്കു് നടന്നു, പിന്നെയും ഒരു ചെറിയ തുറസിൽ എത്തി. അതിന്റെ നേരെ കിഴക്കു് കുറെ കൂവക്കാടുണ്ടായിരുന്നതുകൊണ്ടു മുൻഭാഗം നല്ലവണ്ണം കാണ്മാൻ പാടില്ലായിരുന്നു. ഞങ്ങളെക്കാൾ കുറെ മുന്നോട്ടായി നടന്നിരുന്ന ഒരു ഫോറസ്റ്റ് ശിപായി കൂവക്കാട്ടിൽ കേറിയ ഉടനെതന്നെ, മുഖംകൊണ്ടും കൈകൊണ്ടും ചില ആംഗ്യങ്ങൾ കാട്ടി മടങ്ങിവന്നു, സുൽത്താനെ കണ്ടുകിട്ടി എന്ന വിവരം പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ മുഖം ഒന്നു തെളിഞ്ഞു. സുൽത്താൻ—സുൽത്താൻ എന്നു നിലവിളിച്ചുകൊണ്ടു അവർ ആനയുടെ നേരെ നടന്നപ്പോൾ, ആന പെട്ടെന്നു തിരിഞ്ഞുനിന്നു; ഒരു ഭയങ്കരഗർജ്ജനവുംചെയ്തു, കൂവക്കാടു് പറച്ചുകീറുംമട്ടിൽ ഭൂമി കുലുക്കിക്കൊണ്ടു ഞങ്ങളുടെ നേർക്കു സംഹാരരുദ്രനെപ്പോലെ പാഞ്ഞുവന്നു. “സുൽത്താനല്ല—കാട്ടാനയാണു്—ഒറ്റേനാണു്—മരം നോക്കിക്കൊൾവിൻ” എന്നാർത്തുകൊണ്ടു അക്കൂട്ടരൊക്കെ അണ്ണാകൊട്ടന്മാരെപ്പോലെ മരണപ്പാച്ചിൽ പായുന്നതു കണ്ടു. ഈ ധൃതിയിലും ഭ്രമത്തിലും എന്റെ നിർഭാഗ്യത്തിന്നു ആരുടെയൊ കാൽ പിണഞ്ഞു ഞാൻ ഡിം എന്നു മറിഞ്ഞുവീണു. എഴുന്നേല്ക്കാൻ നോക്കുമ്പോൾ ഓടിവരുന്ന ആനയെ കണ്ടു ഞാൻ തളർന്നുപോയി. ആന കൂവക്കാടും കടന്നു എന്റെ പത്തുവാര അടുത്തെത്തിപ്പോയി. എനിക്കു് ഒരു പ്രകാരത്തിലും ഒഴിയുവാൻ നിവൃത്തി ഉണ്ടായില്ല. എന്റെ വിധി ഇങ്ങിനെയായിപ്പോയല്ലൊ എന്നു വിചാരിച്ചു എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. എനിക്കു് ഭാര്യാമക്കളേയും, ബന്ധുമിത്രാദികളേയും ഓർമ്മവന്നു. ഞാൻ മുത്തപ്പൻദൈവത്തിന്നു ഇടവും വലലും ഓരോ പഴങ്കുറ്റി നേർന്നു ആന തുമ്പിക്കയ്യും നീട്ടി ഏകദേശം നാലുവാര അടുത്തെത്തി. ഞാനെന്തുചെയ്യും? നരിയോടാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ആനയോടെന്താക്കാൻ? ആന പിന്നെയും, അടുത്തു എനിക്കു ഒരു വിറവന്നു ഞാൻ പെട്ടെന്നെഴുന്നേറ്റുനിന്നു, മുണ്ടഴിച്ചു നിവർത്തിപ്പിടിച്ചു, ആനയുടെ നേരെ ഒന്നു രണ്ടു വട്ടം കുടഞ്ഞു. പെട്ടെന്നു പിടിപെട്ട ചാഞ്ചല്യംകൊണ്ടു ആസുപ്രതീകം തിരിഞ്ഞോടിക്കളഞ്ഞു. എന്റെ മുണ്ടു എന്റെ ജീവനെ രക്ഷിച്ചു എന്നു പറഞ്ഞാൽ ആർക്കാണു് വിശ്വാസം വരുന്നതു. ഞാൻ അതു തക്കതായ വിലക്കുവല്ല കാഴ്ചബംഗ്ലാവിലും അയക്കാമെന്നു നിശ്ചയിച്ചു. ശിപായി നിലത്തിട്ടേച്ച എന്റെ തോക്കും എടുത്തു ഞാൻ പിന്നെയും വളരെ സൂക്ഷിച്ചുംകൊണ്ടു തെക്കോട്ടു നടന്നു മുട്ടോളം ഉയരത്തിൽ പുൽക്കൂട്ടവും, അതിന്മേലൊക്കെ ചോരകുടിക്കുന്ന ഉണ്ണിക്കൂട്ടവും ഉണ്ടായിരുന്നതുകൊണ്ടു നടക്കാൻ എന്നുവേണ്ട ഒരേടത്തു നില്പാൻതന്നെ പ്രയാസമായിരുന്നു. ഞാൻ ഒരു ഇരുപതു വാര നടന്നപ്പോൾ പടിഞ്ഞാട്ടു് പോകുന്ന ഒരു പാത കണ്ടെത്തി. ഞാൻ ആശ്വാസത്തോടെ അതിൽ പ്രവേശിച്ചു, പടിഞ്ഞാറോട്ടു് തിരിഞ്ഞപ്പോൾ ഒരു വലിയ കാട്ടാന ആ പാതയിൽനിന്നു ഓട ഒടിക്കുന്നതു കണ്ടിട്ടു് ഞാൻ ഞെട്ടിപ്പോയി. ആനയുടെ പിൻഭാഗം മാത്രമെ എനിക്കു് കാണാൻ പാടുണ്ടായിരുന്നുള്ളൂ. പെരുമലപോലെ ഇരിക്കുന്ന ഈ ആനയെത്തന്നെ കാച്ചണമെന്നു വിചാരിച്ചു ഞാൻ എന്റെ റൈഫ്ൾ എടുത്തു പിടിച്ചു. ആന മെല്ലെ ഒന്നു് കഴുത്തു തിരിച്ചപ്പോൾ ചെവിക്കുണ്ടക്കു് ലാക്കാക്കി ഞാൻ ഠീം എന്നൊരു വെടിവെച്ചു. പർവ്വതഗുഹകളിൽനിന്നു എന്റെ വെടിയുടെ മാറ്റൊലി വളരെ വട്ടം കേട്ടു. ആന ആകപ്പാടെ ഒന്നു വിറച്ചു ഒരു ഭാഗംകൊള്ളെ മറിഞ്ഞുവീണു ഞാൻ സന്തോഷംകൊണ്ടു മൂന്നുവട്ടം കൂക്കിവിളിച്ചു. വെടിയും കൂക്കിയും കേട്ടിട്ടുപത്തുനിമിഷത്തിന്നുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ അവിടെ എത്തി. ഞാൻ ഒന്നു ഞെളിഞ്ഞു. കാട്ടാനയെ വെടിവെക്കുന്നതു് എനിക്കു പുല്ലാണെന്നു് പറഞ്ഞുംകൊണ്ടു് പർവ്വതംപോലെ കിടക്കുന്ന ആനയുടെ ശവം ചൂണ്ടിക്കാണിച്ചുകൊടുത്തു. അവർ അടുത്തു ചെന്നു ആനയെ ഒന്നു നോക്കി, “അയ്യോ ചതിച്ചു. ഇതു് കാട്ടാനയല്ല, ഗവർമ്മേണ്ടിന്റെ സുൽത്താനാണു്, കാലിന്നിട്ട ചങ്ങലയും കൂടി ഉണ്ടു്—ആറായിരം ഉറുപ്പിക നഷ്ടം കൊടുക്കേണ്ടിവരും” എന്നു് ആനക്കാർ പറയുന്നതു കേട്ടപ്പോൾ “കാട്ടാന വന്നു എന്നെ കൊല്ലട്ടെ” എന്നു പിറുപിറുത്തുകൊണ്ടു ഞാൻ അവിടത്തന്നെ ഇരുന്നുപോയി.
കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.
കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.
[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.