ഈ കൊളോണിയൽ ചരിത്രമുണ്ടാക്കിയ ഭൂതകാല ധാരണയാണു് വർഗ്ഗീയതയുടെ ഏറ്റവും വലിയ സ്രോതസ്സു്. അവരുടെ ഊർജ്ജം… ഉറവിടം… ഇപ്പോൾ സർവ്വകലാശാലകളിലോ അല്ലെങ്കിൽ സൂക്ഷ്മമായി ചരിത്രം പഠിക്കുന്നവരോ ഈ കൊളോണിയൽ വീക്ഷണഗതിയെയും ഹിന്ദുത്വയുക്തിയെയുമൊക്കെ വിഡ്ഢിത്തമെന്നു് മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടു്. പക്ഷേ, അതു് ഇന്ത്യാചരിത്രത്തെക്കുറിച്ചു് ധാരണയുള്ള നാലോ അഞ്ചോ ശതമാനം പേരിൽ പോലുമില്ല. ബാക്കി തൊണ്ണൂറ്റിയഞ്ചു് ശതമാനത്തിന്റെയും ധാരണ ഈ വർഗ്ഗീയവൽക്കരിക്കപ്പെട്ട ചരിത്രമാണു് !
- ചോദ്യം:
- നമ്മുടെ ജനാധിപത്യം ഫാസിസ്റ്റ് പ്രയോഗങ്ങളുടെ ഇടമായി തീരുകയാണല്ലോ?
- ഉത്തരം:
- ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം പലപ്പോഴും ഫാസിസ്റ്റ് പൊട്ടൻഷ്യൽ നിലനിർത്തുന്നുണ്ടു്. ഇന്ത്യയിൽ ഇന്നു നടപ്പാവുന്ന ജനാധിപത്യവും യഥാർത്ഥ ജനാധിപത്യവും തമ്മിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ടു്. കാരണം ഇന്ത്യൻ ജനാധിപത്യമെന്നു പറയുന്നതു് ഇതര സമ്മർദ്ദങ്ങളിലൂടെയും സ്വാധീനങ്ങളിലൂടെയും, ഒരുപക്ഷേ, ജനാധിപത്യപരമായ പരിഗണനകൾ കുറഞ്ഞ ഒരു പ്രയോഗരീതിയാണു്. ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചക്കിടയിൽ ഒരു ഘട്ടത്തിൽ റസ്സൽ പറയുന്ന ഒരാശയം; ജനാധിപത്യം വിശാലാർത്ഥത്തിൽ ഇതര മനുഷ്യരെക്കുറിച്ചുള്ള കരുതലാണു്. Concern for the other എന്നു് അദ്ദേഹം പറയുന്നുണ്ടു്. ‘ഈ അപരത്തെക്കുറിച്ചുള്ള കരുതൽ’ എന്നാൽ അതാണു് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ രൂപം. അപ്പോഴാണു് കമ്യൂണിസം ഏറ്റവും വലിയ ജനാധിപത്യമാകുന്നതു്. അന്യന്റെ വാക്കുകൾ സംഗീതംപോലെ ശ്രവിയ്ക്കുമെന്നു് പറയുന്നതു് ജനാധിപത്യത്തിന്റെ പരമമായ ആവിഷ്ക്കാരമാണു്. അതിനുപകരം നമ്മുടെ ജനാധിപത്യമെന്തായി? റസ്സൽ തന്നെ പറയുന്നുണ്ടു്. അഞ്ചു കൊല്ലം കൂടുമ്പോൾ നടത്തുന്ന വോട്ടെടുപ്പു്. തെരഞ്ഞെടുപ്പിലൂടെ വരുന്ന കക്ഷികൾ… അവർ നടത്തുന്ന ഭരണം. ഇതിനെ ജനാധിപത്യമായി ചുരുക്കി കണ്ടുകൂട എന്നാണദ്ദേഹം പറയുന്നതു്. ജനാധിപത്യത്തിന്റെ പ്രായോഗികമായ ഒരു ആവിഷ്ക്കാര രീതിയാണിതു്. പക്ഷേ, അതാണു് ജനാധിപത്യമെന്നു ധരിയ്ക്കരുതു്. അതായതു് ഭൂരിപക്ഷഹിതം മാത്രമല്ല ജനാധിപത്യം. അതാണു് ജനാധിപത്യമെന്നു കരുതിയാൽ ജനാധിപത്യം ഫാഷിസമാകും. കാരണം ഭൂരിപക്ഷം നേടിയാണു് മോദി യും ഭരിയ്ക്കുന്നതു്. ഭൂരിപക്ഷം നേടിയാണു് ഹിറ്റ്ലർ അധികാരത്തിൽ വന്നതു്. പല സ്ഥലത്തും ഫാഷിസ്റ്റുകൾക്കു് ഭൂരിപക്ഷമുണ്ടായിരുന്നു. നൂറുപേരുള്ള ഒരു ഗ്രൂപ്പിൽ തൊണ്ണൂറ്റിയൊമ്പതു പേരും കൂടി ചേർന്നു് ഒരാളെ തല്ലിക്കൊല്ലാൻ തീരുമാനിച്ചാൽ അതിന്റെ പേരു് ജനാധിപത്യമെന്നല്ല… ഫാഷിസം എന്നു തന്നെയാണു്. എപ്പോഴാണതു് ജനാധിപത്യമാകുന്നതു്? ഈ തൊണ്ണൂറ്റിയൊമ്പതു പേർ ചേർന്നു് ഭരിയ്ക്കുമ്പോഴും ഒറ്റയ്ക്കു നില്ക്കുന്ന ഒരാളെക്കൂടി പരിഗണിച്ചുകൊണ്ടു്… അയാൾക്കും ഇടം നല്കിക്കൊണ്ടു് ഈ തൊണ്ണൂറ്റിയൊമ്പതു പേർ ചേർന്നു ഭരിച്ചാൽ മാത്രമാണു് ജനാധിപത്യമുള്ളതു്. അതാണു് ജനാധിപത്യത്തിന്റെ വിശാല തത്വം. ആ പ്രിൻസിപ്പിളാണു് നമ്മൾ കൈവിട്ടുകൂടാത്തതു്. മറിച്ചു് ഇപ്പോൾ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ മതവർഗ്ഗീയതകൾ… വിഭാഗീയ യുക്തികൾ… ഈ സമ്മർദ്ദശക്തികൾ ജനാധിപത്യത്തിലെ സ്പേസ് കയ്യടക്കി കൊണ്ടിരിയ്ക്കുകയാണു്. അവിടെ ജനാധിപത്യത്തിന്റെ വിശാല താത്പര്യം ദുർബ്ബലപ്പെടുന്നുണ്ടു്. ജനാധിപത്യത്തിനു് ഫങ്ഷണലായി ധാരാളം പരിമിതിയുണ്ടു്. ആ പരിമിതികളുടെ പേരിൽ ജനാധിപത്യ പ്രക്രിയയെ നമ്മളൊരിയ്ക്കലും തള്ളിപ്പറഞ്ഞുകൂടാ എന്നാണെന്റെ അഭിപ്രായം.
- ചോദ്യം:
- ഇന്ത്യൻ ജനാധിപത്യത്തെ വികലമാക്കുന്ന വർഗീയതയുടെ വേരുകൾ വളരെ ആഴത്തിൽ ഉള്ളതാണെന്നു് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ടു്.
- ഉത്തരം:
- അതെ. നമ്മുടെ ജനാധിപത്യം പ്രവർത്തനക്ഷമമായതിന്റെ പ്രശ്നങ്ങൾ എന്നുള്ള നിലയ്ക്കാണു് ഇതു് മനസ്സിലാക്കേണ്ടതു്. ഇന്ത്യയെ എങ്ങനെ മനസ്സിലാക്കണം എന്നൊരു പ്രശ്നമുണ്ടു്. എന്താണു് ഇന്ത്യ… അതു് ഇന്ത്യാചരിത്രപഠനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണു്. ആധുനികാർത്ഥത്തിലുള്ള ഇന്ത്യാ ചരിത്രം ബ്രിട്ടീഷ് കൊളോണിയൽ ഭരണവുമായി ബന്ധപ്പെട്ടതാണു്. ഞാനതിന്റെ മറ്റു വിശദാംശങ്ങളൊന്നും പറയുന്നില്ല. അതു് വളരെ വലിയ മറ്റൊരു മേഖലയാണു്. പക്ഷേ, ഒരു കാര്യം പറയാനുള്ളതു്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊളോണിയൽ ഭരണകൂടവുമായി ബന്ധപ്പെട്ടു് ഇന്ത്യാചരിത്രം എഴുതപ്പെടുകയും അതു് നമ്മുടെ സർവ്വകലാശാലകൾ, കോളേജുകൾ, വിദ്യാലയങ്ങൾ… ഇവിടെയൊക്കെ പഠിപ്പിയ്ക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടായിട്ടു് ഇതു തുടരുന്നതാണു്. എന്താണിതിന്റെ കാതൽ…? മൂന്നു കാര്യങ്ങളാണു്; ഒന്നു്. ഇന്ത്യൻ ഭൂതകാലത്തെ മൊത്തം മതപരമായി അവതരിപ്പിച്ചു. പ്രാചീന ഇന്ത്യയെ ഹൈന്ദവമെന്നു് വിളിച്ചു… ബ്രിട്ടീഷുകാർ വന്നതിനു ശേഷമാണു് ആധുനിക ഇന്ത്യ എന്നുള്ള ആശയം വന്നതു്. അങ്ങനെ ഇന്ത്യൻ ഭൂതകാലത്തെ മുഴുവൻ മതവത്ക്കരിച്ചു. പ്രാചീന ഇന്ത്യയെ സുവർണ്ണദശയായിട്ടും മധ്യകാല ഇന്ത്യയെ തകർച്ചയുടെ കാലമായിട്ടും അവതരിപ്പിച്ചു. ബുദ്ധമതം. ജൈനമതം. തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക മികവുകൾ മഹാഭൂരിപക്ഷവും മധ്യകാലത്തിന്റേതാണു്. പക്ഷേ, ഇതൊന്നും നമ്മുടെ ധാരണകളിൽ ഉറച്ചില്ല. ഉറച്ചതു് പ്രാചീന ഇന്ത്യ ഹിന്ദുവാണു് എന്നതാണു്. ആ പ്രാചീനമഹിമ മുഴുവൻ തകർത്തതു് മദ്ധ്യകാലത്തെ ഇസ്ലാമിക ഭരണമോ ഇസ്ലാമിക ആക്രമണമോ ആണെന്നും വന്നു. അങ്ങനെ ഭൂതകാലത്തെ മതവത്ക്കരിക്കുക… അതിൽ തന്നെ ഒരു ഹൈന്ദവസുവർണ്ണയുഗം സങ്കല്പിക്കുക. ഈ സുവർണ്ണയുഗത്തെ തകർത്ത ഒരു അധിനിവേശ ശക്തിയായിട്ടു് ഇസ്ലാമിനെ അവതരിപ്പിക്കുക. ഈ ഹിന്ദു മുസ്ലിം വൈരുദ്ധ്യം വാസ്തവത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചരിത്ര ധാരണകളോടു് വളരെ കൂടുതൽ ബന്ധപ്പെട്ടതാണു്. 19-ാം നൂറ്റാണ്ടു് അവസാനം മുതൽ ഇന്ത്യയിൽ ദേശീയബോധം ശക്തിപ്പെടുകയും ദേശീയ വാദപരമായി ചരിത്രമെഴുതപ്പെടുകയും ചെയ്തതെങ്കിലും ഈ വീക്ഷണഗതിയ്ക്കു് കാര്യമായ മാറ്റമൊന്നും വന്നില്ല.
- ചോദ്യം:
- നമ്മുടെ ഭൂതകാലം മതവല്ക്കരിക്കപ്പെട്ടതു് എങ്ങനെയാണു്?
- ഉത്തരം:
- ഉദാഹരണം പറഞ്ഞാൽ. ഹിന്ദു മുസ്ലീം സംഘർഷം… ഹിന്ദുമുസ്ലിം സംഘർഷങ്ങൾ ഉണ്ടായിരുന്നുവെന്നതു് ശരിയാണു്. മതപരമെന്നതിനെക്കാൾ കൂടുതൽ സാമ്പത്തികമോ രാഷ്ട്രീയമോ ആയ കാരണങ്ങളായിരുന്നു അതിനുണ്ടായിരുന്നതു്. ഹിന്ദുരാജാക്കന്മാർ തമ്മിലേറ്റു മുട്ടിയിട്ടുണ്ടു്. മുസ്ലിം രാജാക്കന്മാർ തമ്മിലും സംഘർഷമുണ്ടായിട്ടുണ്ടു്. പക്ഷേ, പിന്നീടു് എന്തു പറ്റിയെന്നുവെച്ചാൽ സാമ്പത്തികമോ രാഷ്ട്രീയമോ ആയിട്ടുള്ള ഉള്ളടക്കങ്ങളൊക്കെ ചോർത്തിക്കളഞ്ഞു. മറഞ്ഞു പോയി. വർഗ്ഗീയമായ ഒരു ഭൂതകാലമായി മാറി. ഇന്നു് വാസ്തവത്തിൽ ഇന്ത്യയിൽ ഹിന്ദുത്വമുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂളിതാണു്. ഈ കൊളോണിയൽ ചരിത്രമുണ്ടാക്കിയ ഭൂതകാല ധാരണയാണു് വർഗ്ഗീയതയുടെ ഏറ്റവും വലിയ സ്രോതസ്സു്. അവരുടെ ഊർജ്ജം… ഉറവിടം… ഇപ്പോൾ സർവ്വകലാശാലകളിലോ അല്ലെങ്കിൽ സൂക്ഷ്മമായി ചരിത്രം പഠിക്കുന്നവരോ ഈ കൊളോണിയൽ വീക്ഷണഗതിയെയും ഹിന്ദുത്വയുക്തിയെയുമൊക്കെ വിഡ്ഢിത്തമെന്നു് മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടു്. പക്ഷേ, അതു് ഇന്ത്യാചരിത്രത്തെക്കുറിച്ചു് ധാരണയുള്ള നാലോ അഞ്ചോ ശതമാനം പേരിൽ പോലുമില്ല. ബാക്കി തൊണ്ണൂറ്റിയഞ്ചു് ശതമാനത്തിന്റെയും ധാരണ ഈ വർഗ്ഗീയവൽക്കരിക്കപ്പെട്ട ചരിത്രമാണു്! ഈ ചരിത്ര ബോധം കൊണ്ടുനടക്കുന്നതു് വർഗ്ഗീയവാദികൾ മാത്രമല്ല… ജനാധിപത്യവാദികളാണെന്നു കരുതുന്നവരുടെ ഉള്ളിലും അവരുടെ ധാരണയിലും ഈ പറയുന്ന പ്രാചീന കാലത്തെ ഹൈന്ദവ ഇന്ത്യ. മദ്ധ്യകാലത്തെ ഇസ്ലാമിക ആക്രമണം. ഇസ്ലാം ബലപ്രയോഗത്തിന്റെയും വാളിന്റെയും മതമാണു് എന്ന ആശയം… ഇതൊക്കെ ശക്തമായിട്ടുണ്ടു്. അതുകൊണ്ടു് അവരെല്ലാം മറ്റെല്ലാ അംശത്തിലും ജനാധിപത്യവാദികളാവുമ്പോഴും വർഗ്ഗീയഫാഷിസത്തിന്റെയൊരു വേരു് അവരുടെ ധാരണാമണ്ഡലത്തിൽ വേരൂന്നി കിടപ്പുണ്ടു്. ഇതാണു് ഇന്ത്യാചരിത്രവും വർഗ്ഗീയ ഫാഷിസവും തമ്മിലുള്ള അഗാധമായ ബന്ധം. ഈ ബന്ധത്തെ ചെറുക്കാൻ നമുക്കു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. നമ്മൾ വർഗ്ഗീയത ശരിയല്ല… വർഗ്ഗീയ ഫാഷിസം ശരിയല്ല എന്നൊക്കെപ്പറയും. ഈ വർഗ്ഗീയഫാഷിസത്തിന്റെ വേരെവിടെയാണു്…? എവിടെ നിന്നാണു് ഈ ധാരണകൾ പുറപ്പെടുന്നതു്…? അതു് തിരിച്ചറിയാൻ പറ്റിയിട്ടില്ല. ക്ഷേത്രാക്രമണങ്ങൾ നടന്നു. ശരിയാണു്. ക്ഷേത്രാക്രമണങ്ങൾ നടന്നതു് വലിയൊരു പങ്കു് സമ്പത്തിനുവേണ്ടിയിട്ടാണു്. മതത്തിനു വേണ്ടിയിട്ടല്ല. കൊള്ളയ്ക്കാണു്. പണത്തിനുവേണ്ടിയിട്ടാണു്. പക്ഷേ, സമ്പത്തിനുവേണ്ടി നടന്ന കൊള്ളയെ എന്തായിട്ടാണു് കണ്ടതു്? സാമ്പത്തികമായ ആക്രമണങ്ങളൊന്നും സാമ്പത്തിക ആക്രമണമായിട്ടല്ല. മതപരമായ ആക്രമണങ്ങളായിട്ടാണു കണ്ടതു്. രാഷ്ട്രീയ ആക്രമണങ്ങളെ രാഷ്ട്രീയ ആക്രമണങ്ങളായിട്ടല്ല. മതപരമായ ആക്രമണങ്ങളായിട്ടു കണ്ടു. അങ്ങനെ നമ്മുടെ ഭൂതകാലം മുഴുവൻ മതവത്ക്കരിക്കപ്പെട്ടു.
- ചോദ്യം:
- ഭാരതീയ ‘സാംസ്കാരിക പൈതൃക’മെന്നതും ഇങ്ങനെ മതവല്ക്കരിക്കപ്പെട്ടതല്ലേ?
- ഉത്തരം:
- അതെ. എന്നാൽ വാസ്തവമെന്താണു്? ഇന്ത്യൻ സംസ്കൃതിയിലെ ഏതു ഘടകമെടുത്തും നിങ്ങൾ സൂക്ഷ്മമായി പരിശോധിച്ചോളൂ… അതിനൊക്കെ വലിയ തോതിലുള്ള പങ്കുവയ്പുകൾ ഉണ്ടു്. അതൊന്നും ഏതെങ്കിലും ഒരു മതം സൃഷ്ടിച്ചതല്ല. വിഭിന്ന മതങ്ങൾ… പാരമ്പര്യങ്ങൾ… സംസ്കാര ധാരകൾ നിരന്തരം കൂടിക്കലർന്നാണു് സംസ്കാരമാകുന്നതു്. നമ്മുടെ കേരളത്തിൽ ശബരിമല ധർമ്മശാസ്താവു് എന്ന സങ്കല്പമെടുത്താൽ. ആലപ്പുഴയിലും കുട്ടനാട്ടിലുമുള്ള കരുമാടിക്കുട്ടൻ എന്ന ആശയം അതിനകത്തുണ്ടു്. ശാസ്താവു് എന്ന സങ്കല്പമുണ്ടു്. ഹരിഹരപുത്രനെന്നുള്ള ഹൈന്ദവസങ്കല്പമുണ്ടു്. ഗാന്ധാര ശില്പകല മുതൽ ആരംഭിക്കുന്ന ബൗദ്ധമായ ഒരു ശില്പപാരമ്പര്യമുണ്ടു്. ബുദ്ധമതത്തിലെ ശരണസങ്കല്പമുണ്ടു്. എന്തൊക്കെ കൂടിക്കലർന്നു? ഈ കലർപ്പിലാണു് ശബരിമല അയ്യപ്പൻ നില്ക്കുന്നതു്. കലർപ്പെന്നല്ല പങ്കുവെയ്പ്പു് എന്നു് തന്നെ പറയണം. ഇങ്ങനെ പങ്കുവെച്ചുണ്ടായ ഒരു പരസ്പരാശ്രിത ജീവിതമാണു് വാസ്തവത്തിൽ. ഇന്ത്യയുടെ ഭൂതകാലം. ഈ പങ്കുവെയ്പ്പിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും സംസ്കാരത്തിനുപകരം നാം ഭൂതകാലത്തെ മുഴുവൻ മതത്തിന്റെ യുക്തിയിൽ കണ്ടു. ഇന്നിപ്പോൾ ശബരിമല ധർമശാസ്താവു് എന്നു പറയുന്നതു് സമ്പൂർണ്ണമായി ഹൈന്ദവവത്ക്കരിയ്ക്കപ്പെട്ടു കഴിഞ്ഞു. അതിൽ കരുമാടിക്കുട്ടന്റെ ഓർമ്മയുമില്ല. അതിൽ ബൗദ്ധമതത്തിന്റെ ഓർമ്മയുമില്ല. മറ്റൊരു ഓർമ്മയില്ല. അതു് ഹൈന്ദവം മാത്രമായി. ഇരിങ്ങാലക്കുട കൂടൽമാണിക്കക്ഷേത്രം നമുക്കറിയാം. ഭരതേശ്വരന്റെ ക്ഷേത്രമാണു്. ഭരതക്ഷേത്രമായിട്ടു് മാറി. പെരുമ്പാവൂർ കല്ലിൽ ക്ഷേത്രം ജൈനദേവാലയമായിരുന്നു. ഇപ്പോൾ ഭഗവതിയുടെ ക്ഷേത്രമായി. അതു് ചരിത്രത്തിലുണ്ടായ പങ്കുവെയ്പ്പാണു്. ആ പങ്കുവെയ്പ്പു്—കൈമാറ്റങ്ങൾ—അംഗീകരിച്ചുകൊണ്ടു നമ്മൾ ഭൂതകാലത്തെ ഉൾക്കൊള്ളണം. പക്ഷേ, അതിനുപകരം അതിനെ മതപരമായിട്ടു് സ്ഥാപിക്കുകയാണു്. ഹിന്ദുസ്ഥാനി സംഗീതത്തിൽ പേർഷ്യൻ സംഗീതം ധാരാളമുണ്ടു്. അല്ലെങ്കിൽ നമ്മുടെ പ്രാദേശികമായ ആവിഷ്ക്കാരങ്ങളിലൊക്കെ. നമ്മുടെ കഥകളിയടക്കമുള്ള ഏതു കലയിലും ഈ പറയുന്ന കലർപ്പിന്റെ വലിയൊരു ലോകമുണ്ടു്. എല്ലാറ്റിലും പങ്കുവെയ്പ്പിന്റെ ലോകമുണ്ടു്. നമ്മുടെ ഭക്ഷണശീലം… ഇന്നത്തെ മലയാളിയുടെ ഭക്ഷണശീലമെടുത്താൽ. അറബി രുചികൾ അല്ലെങ്കിൽ പോർച്ചുഗീസുകാർ കൊണ്ടുവന്ന രുചികൾ, ഡച്ചു് ഭക്ഷണരീതികൾ ഇതൊക്കെ കലർന്നു് കലർന്നാണല്ലോ ഇന്നു കേരളീയഭക്ഷണം എന്നുപറയുന്നതു്. അല്ലാതെ കേരളത്തിൽ മാത്രം ഉണ്ടായതായി എന്തുണ്ടു്? തമിഴ്‌നാട്ടിൽ നിന്നു് ഇങ്ങോട്ടു് വന്നതും കടൽകടന്നു് ഇങ്ങോട്ടു വന്നതുമായ രുചികളെയൊക്കെ മാറ്റിവെച്ചിട്ടു് ബാക്കിയെന്തുണ്ടു്? എന്തു കേരളസംസ്കാരമുണ്ടു്? നമ്മുടെ ഭാഷ. ഭക്ഷണം, വസ്ത്രം, മതം. വിശ്വാസം, ദൈവ ബോധം ഇതിലൊക്കെ വലിയ തോതിലുള്ള പങ്കുവെയ്പ്പുകളുണ്ടു്. ഈ പങ്കുവെയ്പ്പുകളാണോ നമ്മൾ ചരിത്രമായിട്ടു മനസ്സിലാക്കുന്നതു്? നിശ്ചയമായിട്ടും അല്ല. മതപരമായ ദൃഢയുക്തികളാണു്… വിഭാഗീയ യുക്തികളാണു്. അങ്ങനെ വരുമ്പോൾ എന്തു പറ്റും. ഇതു് ഞങ്ങളുടേതാണു്. മറ്റേതു് അവരുടേതാണു്. മറിച്ചു് പങ്കുവെയ്ക്കുകയാണെങ്കിൽ ഇതു് ഞങ്ങളുടേതും അവരുടേതുമാണു്. ഈ പങ്കുവെയ്പ്പിന്റെ സംസ്കാരത്തെ ഞങ്ങളുടേതെന്നും അവരുടേതെന്നും വിഭജിച്ചു് മനസ്സിലാക്കിക്കൊണ്ടാണു് ആധുനിക ഇന്ത്യൻ സമൂഹം തങ്ങളുടെ ഭൂതകാലത്തെ തിരിച്ചറിഞ്ഞതു്. ഇപ്പോഴും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും. ഇതിനെതിരെ സമരം ചെയ്യാതെ വാസ്തവത്തിൽ വർഗ്ഗീയവാദത്തിന്റെയും ഫാഷിസത്തിന്റെയും ഉള്ളിലേക്കു് നമുക്കു കടക്കാൻ പറ്റില്ല.
- ചോദ്യം:
- ഫാസിസ്റ്റു വിരുദ്ധ പ്രവർത്തനങ്ങളിൽ ഇടതുപക്ഷത്തിന്റെ പരിമിതികൾ എന്താണു്?
- ഉത്തരം:
- നമ്മുടെ ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിലുള്ള ഏറ്റവും വലിയ പ്രശ്നം. പണിക്കർ മാഷ് എപ്പോഴും പറയും. സംസ്കാരത്തിന്റെ സൂക്ഷ്മതലത്തെ അതു സ്പർശിക്കുന്നില്ല എന്നതാണു്. നമ്മൾ ഫാഷിസം ശരിയല്ല… മതവിദ്വേഷം ശരിയല്ലയെന്നു് പറയുകയുകമാത്രമല്ല വേണ്ടതു്. അങ്ങനെ പറയണം. എന്നാൽ അങ്ങനെ പറഞ്ഞതുകൊണ്ടു മാത്രം തീരില്ല. മറിച്ചു് നിങ്ങളുടെ മതമെന്നു പറയുന്നതുതന്നെ ഒരു പങ്കുവെയ്ക്കലാണെന്നു് വിശ്വാസിയോടു് പറയണം. ഹിന്ദുമതവിശ്വാസമെന്നു് പറയുന്നതു്… ഇസ്ലാമെന്നു് പറയുന്നതു്… ക്രിസ്തുമതമെന്നു് പറയുന്നതു്… അങ്ങിനെ ഏതു മതവും ഒരു ജനത വലിയ തോതിൽ പങ്കുവെച്ചു് പങ്കുവെച്ചാണു് കൊണ്ടുനടന്നതു്. ജീവിച്ചതു് എന്നു് അവരോടു് പറയണം. അതായതു് അവർ ജീവിക്കുന്ന സാംസ്കാരിക പാരമ്പര്യം തന്നെ പങ്കുവെയ്പ്പിന്റേതാണു്… അല്ലാതെ മതാത്മകമായ ഏകതയുടേതല്ല. ഞാനീപ്പറഞ്ഞ രണ്ടുഘടകങ്ങളുണ്ടല്ലോ. ഇന്ത്യാചരിത്രത്തിന്റെ വർഗ്ഗീയമായ അവതരണം അതുപോലെ തന്നെ സാംസ്കാരിക പാരമ്പര്യത്തെ പരസ്പരാശ്രിതത്വത്തിലും പങ്കുവെയ്പ്പിലും അധിഷ്ഠിതമായി മനസ്സിലാക്കുകയെന്ന പ്രശ്നം. ഈ രണ്ടു പ്രശ്നവും വളരെ നിർണ്ണായകമായ നിലയിൽ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിൽ ഉന്നയിക്കപ്പെടുന്നില്ല. അപ്പോൾ എന്തു സംഭവിക്കും? പുറമേക്കു് ജനാധിപത്യപരമായ ആശയങ്ങൾ കൊണ്ടുനടക്കുന്നവർക്കും ഈ മണ്ഡലത്തിൽ വരുമ്പോൾ അടിയിടറും. അവരും പങ്കുവെയ്ക്കുന്ന ധാരണകൾ. ഈ കൊളോണിയൽ കമ്യൂണൽ ധാരണകളാണു്. റൊമീല ഥാപ്പർ ഇക്കാര്യം പറയുന്നുണ്ടു്. ഫ്രണ്ട്ലൈൻ ഇന്റർവ്യൂവിൽ അവർ പറയുന്ന ഒരു കാര്യം ചരിത്രമെഴുത്തിന്റെ വളർച്ചയിൽ താൻ സംതൃപ്തയാണു്. ഇന്ത്യയിലെ ചരിത്രരചനയിൽ ആധുനികമായ കൃത്യതയും സൂക്ഷ്മതയുമൊക്കെ വന്നു. പക്ഷേ, അതേ സമയം തന്നെ ഇതു് അക്കാദമിക് ഹിസ്റ്ററിയുടെ ചുരുങ്ങിയ ഒരു മണ്ഡലത്തിലല്ലാതെ പുറത്തേക്കു് എത്തിയില്ല. അവിടെ ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വർഗ്ഗീയ ധാരണകൾ തന്നെ തുടരുന്നു. ഇതു പരിഹരിക്കാൻ അക്കാദമിഷ്യന്മാർക്കു് കഴിയില്ല. ഇതു് പരിഹരിയ്ക്കാൻ ബഹുജനപ്രസ്ഥാനങ്ങൾക്കാണു് കഴിയുക. ആ പരിഹാരം പക്ഷേ, നമ്മളേറ്റെടുത്തോ എന്നു ചോദിച്ചാൽ ഇല്ല എന്നതാണു് ഉത്തരം! എപ്പോഴാണു് നമുക്കു് വർഗ്ഗീയതയെക്കുറിച്ചു് ഒരു ഉണർവ്വു് ഉണ്ടാകുന്നതു്…? ജാഗ്രതയുണ്ടാവുന്നതു്? അതു് വർഗ്ഗീയ രാഷ്ട്രീയം അധികാരത്തിൽ വരുമ്പോഴാണു്. പണിക്കർ മാഷ് പറയുന്ന ഒരു വാചകം നമ്മൾ വീണ്ടും ഓർക്കണം. വർഗ്ഗീയ വിരുദ്ധസമരത്തിനു് ഇടവേളയില്ല. കാരണം ‘നിങ്ങളാരാണു്’ എന്ന ചോദ്യത്തിനു നിങ്ങൾ കൊണ്ടുനടക്കുന്ന ഉത്തരത്തിലാണു് വർഗ്ഗീയത വേരു പിടിച്ചു നില്ക്കുന്നതു്. അല്ലാതെ ഹിന്ദുത്വം അധികാരത്തിൽ വരുമ്പോൾ മാത്രമല്ല. അപ്പോൾ അത്രയും വിപുലമായ ഒരു ലോകം വാസ്തവത്തിൽ ഈ വർഗ്ഗീയതയോടു് ബന്ധപ്പെട്ടു നില്ക്കുന്നുണ്ടു്. അതുകൊണ്ടു് ജനാധിപത്യത്തിൽ, ആധുനിക ഇന്ത്യയിൽ, വർഗ്ഗീയതയ്ക്കു് ഒരിടമുണ്ടു് എന്നുവരുന്നു. ഫാഷിസത്തിനു് ഒരു മുറിയുണ്ടു്. അതുള്ളതു തന്നെയാണു്. അതു ചെറുക്കണമെങ്കിൽ കുറേക്കൂടി വിശാലമായ ക്യാൻവാസിൽ ഈ പ്രശ്നത്തെ കാണണം. ഞാനീ വിഷയം ചിലപ്പോൾ ക്ലാസ്സുകളിലോ പഠനക്യാമ്പുകളിലോ ഒക്കെ പറയാൻ പോയാൽ സഖാക്കൾ പലപ്പോഴും ചോദിയ്ക്കാറുണ്ടു്. മാഷേ, ഇക്കാര്യം നമുക്കു പ്രചരിപ്പിക്കണ്ടേ. ഇക്കാര്യങ്ങളൊക്കെ ആദ്യമായി കേൾക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ടു്. വാസ്തവത്തിൽ ഈ ഒരു ധാരണ അൻപതു കൊല്ലം മുമ്പേ ഇന്ത്യയിൽ ഇടതുപക്ഷ ചരിത്ര-വിജ്ഞാനമായി കഴിഞ്ഞതാണു്. അര നൂറ്റാണ്ടു മുമ്പു് ഇടതുപക്ഷ ചിന്തകർ ഇന്ത്യാചരിത്രത്തെക്കുറിച്ചുണ്ടാക്കിയ ബോദ്ധ്യങ്ങൾ ഇപ്പോഴും നമ്മുടെ പൊതുബോധത്തിലേക്കു് ഒട്ടും വന്നിട്ടില്ല എന്നു് നമ്മൾ അറിയണം.
- ചോദ്യം:
- ജാതിവിമർശനത്തെയും ബഹുജനപ്രസ്ഥാനങ്ങൾ ഏറ്റെടുത്തില്ലെന്നു പറയാമോ?
- ഉത്തരം:
- അതും ആ നിലയ്ക്കു് കാണേണ്ടതു തന്നെയാണു്. ഫാഷിസത്തിനു് ക്ലാസ്സിക്കലായ ഒരു നിർവ്വചനമുണ്ടു്. മുസ്സോളിനി ഫാഷിസത്തെ നിർവ്വചിച്ചതു് മൂലധന താത്പര്യങ്ങളും ഭരണകൂടവും തമ്മിൽ സമ്പൂർണ്ണമായി ഏകീഭവിയ്ക്കുന്നതാണു് ഫാഷിസം എന്നാണു്. ഒരർത്ഥത്തിൽ ഇന്നു് ഇന്ത്യയിൽ നടന്നുകൊണ്ടിരിയ്ക്കുന്നതു് അതാണു്. ആ നിലയിൽ ക്ലാസ്സിക്കൽ ഫാഷിസത്തിന്റെ ഒരു Character ഇപ്പോൾ ഇന്ത്യയിൽ കണ്ടുതുടങ്ങിയിട്ടുണ്ടെന്നു് പറയാം. മൂലധന താത്പര്യങ്ങളെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്ന ഒരു ഭരണകൂടയുക്തി ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടു്. ഇന്ത്യയിൽ, പക്ഷേ, ഫാഷിസം യൂറോപ്യൻ ഫാഷിസത്തിന്റെ അതേ മാതൃകയിലല്ലായെന്നു് നമുക്കറിയാം. ഇന്ത്യയിലെ ഫാഷിസം സംശയരഹിതമായും മതത്തോടും മതത്തിന്റെ വർഗ്ഗീയവത്ക്കരണത്തോടും ബന്ധപ്പെട്ടാണു്. അതിനു് ദേശീയതയുടേതായ ഒരു പരിവേഷവും ഉണ്ടാവും. ദേശീയതയെ മതയുക്തികൾ കൊണ്ടു വിശദീകരിക്കുക. അങ്ങനെ മതപരമായ ഒരു ദേശീയതയെ സങ്കല്പിക്കുക. അതിൽനിന്നു ഭിന്നമായി നില്ക്കുന്നവരൊക്കെ ദേശവിരുദ്ധരാണു് എന്നു പറഞ്ഞുറപ്പിക്കുക… അതുവഴി രാഷ്ട്രീയാധികാരം പിടിച്ചടക്കുക. ഇതാണു് ഇപ്പോൾ ചെയ്തുകൊണ്ടിരിയ്ക്കുന്നതു്. മറ്റെല്ലാ തരത്തിലുള്ള നിങ്ങളുടെ സാമൂഹ്യപദവികളേയും മതത്തിന്റെ സാമൂഹ്യപദവികൊണ്ടു് റദ്ദാക്കാം. നിങ്ങൾ ദരിദ്രനാണു്… നിങ്ങൾ ഇടത്തരക്കാരനാണു്. തൊഴിലാളിയാണു്… അല്ലെങ്കിൽ ഉദ്യോഗസ്ഥനാണു്… അല്ലെങ്കിൽ ഈ ദേശത്തുകാരനാണു്… കടൽത്തീരത്താണു്… മലവാരത്താണു്… ഇതൊന്നും പ്രശ്നമല്ല. നിങ്ങൾ ഹിന്ദുവാണു്. വാസ്തവത്തിൽ ചരിത്രത്തിൽ ഇല്ലാത്ത ഒട്ടും പ്രവർത്തനക്ഷമമല്ലാത്ത ഒരാശയമാണിതു്. നിങ്ങൾ ജീവിയ്ക്കുന്ന പ്രദേശം… അതിന്റെ ചുറ്റുപാടു്… ഭൗതികപരിസരം… നിങ്ങളുടെ സാമൂഹ്യപദവി… സമ്പത്തു് ഇതൊക്കെയാണു് നിങ്ങളുടെ ജീവിതയാഥാർത്ഥ്യം. അല്ലാതെ നിങ്ങൾ ഹിന്ദുവാണെന്നതല്ല. കാശ്മീരിലെ ഹിന്ദുവും, നമ്മുടെ കടപ്പുറത്തു് മീൻ വിറ്റു ജീവിയ്ക്കുന്ന ഹിന്ദുവും തമ്മിൽ സമാനമായി യാതൊന്നുമില്ല… ഒരു മതമെന്നു് പറയുന്നതു്, അതിനകത്തു് നാനാതരം ജീവിതങ്ങൾ ജീവിയ്ക്കുന്ന മനുഷ്യരുടെ വലിയൊരു ശ്രേണിയാണു്. അല്ലാതെ ഏകാത്മകമായ ഒന്നുമതിലില്ല. പക്ഷേ, ഫാഷിസ്റ്റുകൾ ഈ വൈരുദ്ധ്യങ്ങളൊക്കെ പുറമേയാണു്; അകമേ ശുദ്ധമായ ഒരു മതസത്ത നിലനില്ക്കുന്നുണ്ടു് എന്നു പറയും…
- ചോദ്യം:
- മതജീവിതത്തിന്റെ ചരിത്രപരമായ വൈരുദ്ധ്യങ്ങളെയും ഭിന്നതകളേയും ഒക്കെ മറച്ചുവെച്ചിട്ടു് മതപരമായ ഏകസ്വത്വബോധത്തെ ഉറപ്പിക്കുകയാണവർ
- ഉത്തരം:
- യു. പി.-യിൽ എന്താണു് നടന്നതു് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ… 80-ൽ 72 സീറ്റും ബി. ജെ. പി.-യ്ക്കു് കിട്ടി. അവിടെ ബി. എസ്. പി.-യ്ക്കു് 20% വോട്ടുണ്ടു്. 20% വോട്ട് ബി. എസ്. പി.-യ്ക്കു് കിട്ടിയിട്ടും അവർക്കു് ഒരൊറ്റ സീറ്റുപോലും കിട്ടിയിട്ടില്ല. അല്ലെങ്കിൽ 18–20 ശതമാനം മുസ്ലീങ്ങൾ അവിടെയുണ്ടു്. പക്ഷേ, ബി. ജെ. പി.-യ്ക്കു് 72 സീറ്റും കിട്ടി. 20% മുസ്ലീങ്ങളുള്ള യു. പി.-യിൽ ഒരൊറ്റ എം. പി. പോലും മുസ്ലീമായിട്ടില്ല! 80-ൽ ഒരാളില്ല! ദളിത് പൊളിറ്റിക്സ് എത്ര ശക്തമാണെങ്കിലും, മറ്റു് ഏതു തരത്തിലുള്ള സ്വത്വ ധാരണകൾ ഉണ്ടെങ്കിലും, അതിന്റെയൊക്കെ മുകളിൽ ഹിന്ദു-മുസ്ലീം വിഭജനത്തെ ഉറപ്പിച്ചെടുക്കാനായിട്ടു് ബി. ജെ. പി.-യ്ക്കു് അവിടെ കഴിഞ്ഞു. മുസഫർ നഗർ കലാപം മുതൽ, (2013 ലെ ഈ കലാപം മുതൽ) ഏതാണ്ടു് ഒരു വർഷം കൊണ്ടു് പടിപടിയായി ആസൂത്രണം ചെയ്ത കമ്യൂണൽ പോളറൈസേഷൻ അവിടെയുണ്ടാക്കി. ഒരു കോർ ദളിത് വോട്ട് ബാങ്ക് ബി. എസ്. പി.-യോടൊപ്പം ഇപ്പോഴുമവിടെയുണ്ടു്. പക്ഷേ, വിജയത്തിലേക്കു് എത്തിച്ചേരുന്ന, 20% വോട്ട് സീറ്റാക്കി മാറ്റിയിരുന്ന, ഒരു അഡീഷണൽ വോട്ടുണ്ടല്ലോ… പിന്നോക്കക്കാരുടെയും മറ്റു വിഭാഗങ്ങളുടെയും. അതിനെ ഹിന്ദു പോളറൈസേഷൻ വഴി വലിച്ചു് ഇപ്പുറം കൊണ്ടുവന്നിടാനായിട്ടു് ബി. ജെ. പി.-യ്ക്കു് കഴിഞ്ഞു. ഞാൻ ഇതു പറയുന്നതു് നമ്മുടെ ഇതര സാമൂഹ്യപദവികളെ റദ്ദാക്കിക്കൊണ്ടു് മതപരമായ ഒരു സ്വത്വം അവിടെ ആധിപത്യം നേടുന്നുണ്ടു് എന്നു സൂചിപ്പിക്കാനാണു്. ഈ സ്വത്വനിർമ്മാണത്തിന്റെ ഉപകരണമായിട്ടു് സംസ്കാരത്തെ ഉപയോഗിക്കുക. വിദ്യാഭ്യാസത്തെ ഉപയോഗിക്കുക… അല്ലെങ്കിൽ കലകളെ ഉപയോഗിക്കുക… സർവ്വതിനെയും ഉപയോഗിക്കുക. ഇതാണു് ചെയ്തുകൊണ്ടിരിക്കുന്നതു്. അതുകൊണ്ടാണു് ഫാഷിസ്റ്റ് വിരുദ്ധസമരങ്ങൾ സാംസ്കാരത്തിൽ ഇടപെടണം എന്നു് ശ്രീ. കെ. എൻ. പണിക്കർ പറയുന്നതു്. Cultural Intervention… ജീവിതബോധത്തിനകത്തു് നിന്നുകൊണ്ടു് പ്രവർത്തിക്കാൻ കഴിയണം. പലപ്പോഴും നമ്മൾ അതിന്റെ സൂക്ഷ്മതലത്തിൽ ഇടപെടാൻ ശ്രമിയ്ക്കുന്നതിനു പകരം അതിന്റെ പുറംതട്ടിലാണു് ഇടപെടുന്നതു്. അദ്ദേഹം പറയുന്ന ഒരാശയമുണ്ടു്. വർഗ്ഗീയതയെ ജാഥ നടത്തി തോൽപ്പിയ്ക്കാൻ പറ്റില്ല… കാരണം വർഗ്ഗീയതയെന്നു പറയുന്നതു് അവബോധപരമായിട്ടാണു് വേരു പിടിച്ചിരിയ്ക്കുന്നതു്… ജാഥകൊണ്ടു് അതു് പരിഹരിയ്ക്കാൻ പറ്റില്ല. വർഗ്ഗീയവിരുദ്ധ ജാഥ നടത്തുമ്പോൾ നമ്മൾ വർഗ്ഗീയപാർട്ടികൾക്കെതിരെയാണു് ജാഥ നടത്തുന്നതു്. ജാഥയിൽ വന്നുചേരുന്ന ആളിന്റെ അവബോധത്തിൽ പക്ഷേ, വർഗ്ഗീയതയുണ്ടു്. അതു് അവിടെ നിലനില്ക്കുന്നുണ്ടു്. ഈ ഒരു വൈരുദ്ധ്യത്തെ നമ്മൾ അഭിസംബോധന ചെയ്താൽ മാത്രമേ ഫാഷിസ്റ്റുവിരുദ്ധസമരം ശക്തമാകൂ. അതു വളരെ പ്രയാസകരമായ ഒരു കാര്യമാണു്. പക്ഷേ, കൂടുതൽ പ്രാധാന്യമുള്ള ഒരു കാര്യവുമാണു്.
- ചോദ്യം:
- നമ്മുടെ സെക്കുലർ ജനാധിപത്യത്തിന്റെ ഭാവി എന്താണു്?
- ഉത്തരം:
- സെക്കുലർ മനസ്സു് നമ്മൾ ഉറപ്പിക്കുക തന്നെ വേണം. വ്യക്തിപരമായി ഞാൻ മതബോധമുള്ള ഒരാളല്ല… ദൈവബോധമുള്ള ഒരാളല്ല. മതബോധവും ദൈവബോധവും ഇല്ലായെന്നുള്ളതുകൊണ്ടു് നമ്മൾ പരിക്ഷീണരാവേണ്ട കാര്യമൊന്നുമില്ല. എനിയ്ക്കു വ്യക്തിപരമായ മതബോധമില്ലെങ്കിലും. മതവിശ്വാസവും ദൈവവിശ്വാസവുമില്ലെങ്കിലും ആ വിശ്വാസത്തോടു് എനിയ്ക്കു് സംസാരിയ്ക്കാനുണ്ടു് എന്നതാണു്. ദൈവവിശ്വാസത്തോടു് എനിക്കു സംസാരിയ്ക്കാനുണ്ടു് എന്നാണു് ഞാൻ കരുതുന്നതു്. ദൈവം ശരിയാണോ തെറ്റാണോയെന്നുള്ള ദാർശനിക തർക്കമല്ല. ആ തർക്കം മറ്റൊരു നിലയ്ക്കു് പ്രസക്തമാണു്. ഇന്നെനിക്കു് സംസാരിയ്ക്കാനുള്ളതു്, ഞാൻ സംസാരിക്കേണ്ടതു്, മതനിരപേക്ഷവാദികൾ ആകെ ചെയ്യേണ്ടതായിട്ടു് എനിയ്ക്കു തോന്നുന്നതു് മറ്റൊരു നിലയിലാണു്. എന്താണു് മതം? മതമെന്നു പറയുന്നതു് അതിന്റെ നൈതികമോ ധാർമ്മികമോ ആയ ചില പരണകളാണോ…? അതോ അതിനെ ആചാരവത്ക്കരിച്ചുകൊണ്ടുള്ള സ്ഥാപനരൂപങ്ങളാണോ…? ലളിതമായി ചോദിച്ചാൽ, മതമെന്നു പറയുന്നതു് അതിന്റെ ധാർമ്മികപരണയാണോ അതോ മതമെന്നു പറയുന്നതു് പൗരോഹിത്യാധികാരമാണോ? ഇതു രണ്ടും മതത്തിൽ സാദ്ധ്യമാണു്. നാരായണഗുരു അല്ലെങ്കിൽ ഗാന്ധിജി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദൻ, പരമഹംസർ … ഇവരൊക്കെ മതത്തിൽ ഇടപെടാൻ ശ്രമിയ്ക്കുന്നതു്, അവർ മതത്തെ കാണുന്നതു് മതത്തിന്റെ ധാർമ്മിക-നൈതികമാനത്തെ മുൻനിർത്തിയിട്ടാണു്. നാരായണഗുരു എന്താണു് ചെയ്തതു്? നാരായണഗുരു ഈ അപരത്വമെന്നു പറയുന്നതിനെ ആത്മതത്ത്വത്തോടു് ചേർത്തുവെയ്ക്കുകയാണു് ചെയ്തതു്. അതായതു് അദ്ധ്യാത്മികതയെന്നു പറയുന്നതിനെത്തന്നെ സാമൂഹികമായ വലിയ ഒരു വിപ്ലവശക്തിയാക്കി മാറ്റുന്ന ഒരു ഇടപെടലാണു് ഗുരു ചെയ്യുന്നതു്. വിമോചന ദൈവശാസ്ത്രം ചെയ്യുന്നതു് അതാണു്. ഭക്തിപ്രസ്ഥാനം ചെയ്തതു് അതാണു്. ഭക്തിപ്രസ്ഥാനത്തിലും നവോത്ഥാനപ്രസ്ഥാനത്തിലും വിമോചന ദൈവശാസ്ത്രത്തിലുമൊക്കെ സംഭവിയ്ക്കുന്നതു് മതത്തിന്റെ ഒരു നെതികമാനത്തെ ഉയർത്തുകയാണു്. മതത്തിന്റെ ആചാര-പൗരോഹിത്യ സ്ഥാപന രൂപത്തെ പിന്തള്ളുക. അതു് നൂറു് ശതമാനം നടന്നുവെന്നല്ല, പക്ഷേ, ഇതിനാണവർ ശ്രമിച്ചതു്. ഈ ശ്രമത്തോടാണു് മതനിരപേക്ഷവാദികൾ ഐക്യപ്പെടേണ്ടതു്.
- ചോദ്യം:
- മതത്തിനകത്തു് ഈയൊരു സാദ്ധ്യതയുണ്ടു്. പക്ഷേ, ഇന്നിപ്പോൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
- ഉത്തരം:
- മതത്തിന്റെ ഈ നൈതികമായ അർത്ഥം സമ്പൂർണ്ണമായി ആചാരത്തിന്റെയും സ്ഥാപനാധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും പിടിയിൽ പെട്ടുപോകുന്നു. ഇതിനകത്തുള്ള ചെറുത്തുനില്പുകൾ ദുർബലമായി വരുന്നു. അപ്പോൾ നമ്മൾ മതവിശ്വാസിയാണങ്കിലും അല്ലെങ്കിലും ചെയ്യേണ്ടതു്, മതത്തിന്റെ ഈ ധാർമികമായ ഉള്ളടക്കമാണു് പ്രധാനമെന്നും അതിനെ സംഘടനാപരമായ ആക്രമണോത്സുകതയാക്കി മാറ്റുന്ന ഫാഷിസ്റ്റുകളും പൗരോഹിത്യവത്ക്കരിക്കുന്ന യാഥാസ്ഥിതികരും മതത്തിന്റെ ഉള്ളടക്കത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിയ്ക്കുന്നില്ല എന്ന വലിയൊരു സംവാദം വിശ്വാസികളുമായി നടത്തുകയാണു്. ഈ സംവാദം വഴി നിങ്ങൾക്കു് മതവിശ്വാസികളോടു് സംവദിയ്ക്കാൻ പറ്റും. മതവിശ്വാസികൾ എല്ലാവരും ഒരുപോലെ അക്രമാസക്തരാണെന്നൊന്നും നമ്മൾ കരുതേണ്ട കാര്യവുമില്ല. മാത്രമല്ല മത ബോധത്താൽ പ്രചോദിതരായി ധാർമ്മികജീവിതം നയിയ്ക്കുന്ന ധാരാളം ആളുകളുണ്ടു്. അതു് മഹാത്മാഗാന്ധി മാത്രമല്ല. നമ്മുടെ നാട്ടിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരും മതത്തിന്റെ നെതികമാനം ഉൾക്കൊണ്ടു് ജീവിയ്ക്കന്നവരായിട്ടുണ്ടാവും. ആ നൈതികമായ, സാദ്ധ്യതയെ നമ്മൾ സംവാദപരമായിട്ടു് പിന്തുണച്ചു് ശക്തിപ്പെടുത്തി മതത്തിനകത്തു നിന്നുകൊണ്ടുതന്നെ വർഗ്ഗീയ ഫാഷിസത്തിനും മതയാഥാസ്ഥിതികത്വത്തിനുമെതിരായ ഒരു എതിർശബ്ദത്തെ വികസിപ്പിച്ചുകൊണ്ടുവരണം. ഇതാണു് മത നിരപേക്ഷവാദികൾ ചെയ്യേണ്ടതു്. ഒപ്പം തന്നെ വർഗ്ഗീയതയുടെ അക്രമണോത്സുകമായ കടന്നുവരവും ഇപ്പോൾ നമുക്കു് കാണാം. കൽബുർഗി യെ കൊല്ലുന്നു. ധബോൽക്കറെ കൊല്ലുന്നു. ഗോവിന്ദ് പൻസാരെ യെ കൊല്ലുന്നു. നാട്ടിലെമ്പാടും ഭീഷണിയുടെ ഒരന്തരീക്ഷം, ഭയത്തിന്റെ ഒരന്തരീക്ഷം നിലവിലുണ്ടു്. ഭയം രാജ്യഭാരമേറ്റെടുത്ത ഒരു സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിയ്ക്കുകയാണു്. അതുകൊണ്ടു തന്നെ ശക്തമായ പ്രതിഷേധം സംഘടിതമായി നമ്മൾ ഉയർത്തണം. ചെറിയ തർക്കങ്ങളൊക്കെ മാറ്റിവെച്ചു് ഈ മതാധികാരപരമായ ഒരു പ്രവണതയ്ക്കു് എതിരെ ആരെല്ലാം ഐക്യപ്പെടുമോ അവരെയെല്ലാം കൂട്ടിയിണക്കണം. ഇടതുപക്ഷത്തെ എല്ലാ ഗ്രൂപ്പുകളെയും കൂട്ടണം. സോഷ്യലിസ്റ്റുകളെ കൂട്ടണം. ജനാധിപത്യവാദികളെ കൂട്ടണം. മറ്റു തർക്കങ്ങളൊക്കെ അപ്രസക്തമാകണം. അങ്ങനെ മറ്റു തർക്കങ്ങളൊക്കെ അപ്രസക്തമാകുന്ന മതനിരപേക്ഷതയുടെ വലിയ ഒരു ലോകം… ഒരു Common Platform (പൊതുവേദി) ഇവിടെ ആവശ്യമുണ്ടു്. ഒപ്പം തന്നെ കുറെക്കൂടി സൂക്ഷ്മമായ നിലയിൽ ഇതിന്റെ സാമൂഹ്യമായ ഉള്ളടക്കം തിരിച്ചറിഞ്ഞുകൊണ്ടു് അവബോധപരമായ പ്രവർത്തനവും നടത്തണം. ഇങ്ങനെ ദ്വിമുഖമായൊരു പ്രവർത്തനമാണു് മതനിരപേക്ഷതയ്ക്കു വേണ്ടി നടക്കേണ്ടതു്. വലിയ ഒരു സെക്കുലർ ചെറുത്തുനില്പിന്റെ കൂട്ടായ്മ ഒരു ഭാഗത്തു്. മറ്റൊരു ഭാഗത്തു് ഏറ്റവും സൂക്ഷ്മതലത്തിലുള്ള അവബോധപരമായ ഇടപെടൽ. ഇതു രണ്ടിനെയും സമർത്ഥമായി കൂട്ടിയിണക്കുന്നതിലാണു് ഇന്നത്തെ മതനിരപേക്ഷപ്രവർത്തനത്തിനു് അർത്ഥമുണ്ടാവുക. ഇതിലേതെങ്കിലുമൊന്നിലേക്കു് ഒന്നിനെയും നമ്മൾ ചുരുക്കിക്കൂട.
- ചോദ്യം:
- ധാബോൽക്കറുടെയും കലബുർഗിയുടെയും പൻസാരെയുടെയും കൊലപാതകങ്ങൾ അവർ വളരെ ശക്തമായ ഒരു സംഘടിത പ്രസ്ഥാനത്തിന്റെ ആളുകളല്ലാതായതുകൊണ്ടു കൂടിയല്ലെ സംഭവിച്ചതു്?
- ഉത്തരം:
- അവർക്കു് ഒരു സംഘടിത സംവിധാനത്തിന്റെയും പിന്തുണയില്ല. അവർ ഒറ്റയ്ക്കു നിന്ന മനുഷ്യരാണു്. കേരളത്തിൽ നിങ്ങൾ യുക്തിവാദിയായിരിക്കുന്നതുപോലെയോ, ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനായിരിക്കുന്ന പോലെയോ അല്ല. മഹാരാഷ്ട്രയിലും കർണ്ണാടകയിലും. കാരണം അവിടെ നിങ്ങൾ ഒറ്റയ്ക്കാണു്. അതുകൊണ്ടു് നിങ്ങളെ വെടിവെച്ചുകൊല്ലാം. നിങ്ങൾ റോഡിലിറങ്ങിയാൽ നിങ്ങൾ ഗുണ്ടകളാൽ ആക്രമിയ്ക്കപ്പെടാം. എന്നിട്ടും അവർ അവിടെ നിന്നു. ഇബ്സൺ ഒരു നാടകത്തിൽ പറയുന്നുണ്ടു്. ഒറ്റയ്ക്കു നില്ക്കുന്ന മനുഷ്യനാണു് ലോകത്തിലെ ഏറ്റവും ധീരനായ മനുഷ്യൻ എന്നു്. അങ്ങനെ ധീരരും ശക്തരുമായ മനുഷ്യരായിരുന്നു അവരൊക്കെ. കേരളത്തിൽ നമ്മൾ ഈ പറയുന്ന ആശയങ്ങൾക്കൊക്കെ ഇപ്പോഴും പിന്തുണക്കാരുണ്ടു്. ഇപ്പോഴുമതിനു് സാമൂഹ്യമായ ബലമുണ്ടു്… അക്രമത്തിനെ പലനിലയിലും ചെറുക്കാനുള്ള ഒരു സംഘടിത ശേഷി ഇന്നു് കേരളത്തിലുണ്ടു്. കേരള ത്തിൽ നമ്മൾ മതനിരപേക്ഷത പറയുന്ന പോലെയല്ല ഇന്ത്യയിലെ മഹാഭൂരിപക്ഷ പ്രദേശങ്ങളും. അതുകൊണ്ടു് അവരുടെ രക്തസാക്ഷിത്വത്തിനു് മഹാധീരതയുടെ ഒരു പരിവേഷം കൂടിയുണ്ടു്. അല്ലാതെ ആകസ്മികമായി വന്നുപെടുന്ന ഒരു മരണമല്ല. അടുത്ത ഇര കെ. എസ്. ഭഗവാനാ ണെന്നു് സുനിൽ ഷെട്ടിയുടെ പോസ്റ്റിൽ പറഞ്ഞല്ലോ. ഭഗവാൻ അതിനോടു് പ്രതികരിച്ചതു്. ആ ചെറുപ്പക്കാരനോടു് എനിക്കു് ശത്രുതയൊന്നുമില്ല. എനിയ്ക്കു് അയാളോടു് സഹതാപമുണ്ടു്. അയാൾ എന്നോടു സംസാരിക്കേണ്ട ആളാണെങ്കിൽ ഞാൻ പോയിട്ടു് സംസാരിയ്ക്കാം… അതല്ലാതെ ഭീഷണിപ്പെടുത്തിയൊന്നും എന്നെ ഈ വാർദ്ധക്യത്തിൽ മനംമാറ്റാൻ കഴിയില്ല എന്നായിരുന്നു. ഇങ്ങനെ ജീവിച്ചവരാണു് ഇവരൊക്കെ. ഏതു സമയവും മരണമുണ്ടു് എന്നു് കരുതിക്കൊണ്ടു തന്നെ ഉറച്ചുനിന്ന പോരാളികളാണു്. അതു് വലിയ ഒരു കാര്യമാണു്. കേരളത്തിൽ ഇപ്പോൾ എന്താണു് സ്ഥിതി? എനിക്കു സങ്കടം തോന്നിയ ഒരു കാര്യം കൽബുർഗിയുടെ വധമോ ധാബോൽക്കറുടെ വധമോ ഗോവിന്ദ് പൻസാരയുടെ വധമോ യഥാർത്ഥത്തിൽ ഉണ്ടാക്കേണ്ടുന്ന പ്രതികരണത്തിന്റെ പത്തിലൊന്നു പോലും കേരളത്തിലുണ്ടാക്കിയില്ല. കേരളത്തിലെ പുരോഗമന ഇടതുപക്ഷ സാംസ്കാരികതയെക്കുറിച്ചുള്ള വലിയ വാചകമടികൾക്കു് ഒരർത്ഥവുമില്ലാത്ത മട്ടിൽ ഈ മരണങ്ങൾ ഇങ്ങനെ നമ്മുടെ മുമ്പിലൂടെ കടന്നുപോയി. കുറച്ചു് പ്രസ്താവനകൾ… പത്തോ ഇരുപതോ പേർ ചേർന്ന ചെറു യോഗങ്ങൾ. അല്ലെങ്കിൽ പത്തോ അമ്പതോ പേർ. ആയിരക്കണക്കിനു് മനുഷ്യർ തെരുവിലിറങ്ങേണ്ട ഒരു സന്ദർഭമായിരുന്നു. കാരണം, ഒരു മനുഷ്യനെ വീട്ടിൽ ചെന്നു് വിളിച്ചുണർത്തി അയാളുടെ നെറ്റിയിൽ വെടിവെച്ചു് അയാളെ കൊന്നുകളയുക. അയാൾ ഒന്നും ചെയ്തിട്ടില്ല. അയാൾ ചില ആശയങ്ങൾ പറഞ്ഞു. നഗ്നപൂജ ശരിയല്ല. ഈ ജാതി വിവേചനം ശരിയല്ലായെന്നു് പറഞ്ഞു. കേരളത്തിൽ ഒരുപാടു് കോലാഹലങ്ങൾ ഉണ്ടാവുന്നുണ്ടു്. കേരളത്തിൽ അൾട്രാപ്രോഗ്രസ്സീവ് എന്നുവിളിക്കുന്ന ഗ്രൂപ്പുകൾ കൂടി ഇക്കാര്യത്തിൽ ആത്മ പരിശോധന നടത്തണമെന്ന തോന്നൽ എനിയ്ക്കുണ്ടു്. കാരണം ചുംബനസമരം കേരളത്തിലുണ്ടാക്കിയ ക്ഷോഭത്തിന്റെ നൂറിലൊന്നുപോലും കൽബുർഗിയുടെ വധം കേരളത്തിലുണ്ടാക്കിയില്ല. അതു് എന്തിന്റെ തെളിവാണു്. പക്ഷേ, ആ ചുംബനസമരത്തിനുവേണ്ടി ഉയർന്ന വാദങ്ങളുടെ ആയിരം മടങ്ങ് ശബ്ദം വാസ്തവത്തിൽ ഈ മനുഷ്യരുടെ വധത്തിനുനേരെ ഉയരേണ്ടതല്ലേ. ചുംബനസമരം നിശ്ചയമായിട്ടും ശരിയാണു്. ഞാനതിനെ പിന്തുണച്ചു് എഴുതിയ ആളാണു്. നൂറു് ശതമാനം പിന്തുണയ്ക്കുന്നു. എന്നാൽ നമ്മുടെ രാഷ്ട്രീയമായ ജാഗ്രതയെന്നു പറയുന്നതു തന്നെ പലപ്പോഴും Fashionable ആയിത്തീരുന്നുണ്ടു്. അടിസ്ഥാന ജനാധിപത്യത്തിനും അടിസ്ഥാന മൂല്യങ്ങൾക്കും വേണ്ടിയുള്ള സമരങ്ങളോടു പലപ്പോഴും നാം മൗനം പാലിയ്ക്കും. ആ സന്ദർഭങ്ങളിൽ മൗനം വരും… നിശ്ശബ്ദത വളരെ ശക്തമായിട്ടു് അവിടെ വളരും. മറിച്ചു് സെൻസേഷനണലായി തീരുന്ന ചില സന്ദർഭങ്ങളിൽ അതു് വളരെ പ്രകടനപരമായിട്ടു് തീരും. ചുംബനസമരത്തിനു ശേഷം നമ്മുടെ എല്ലാ മാഗസിനുകളുടെയും പ്രത്യേക പതിപ്പിറക്കി. ധാബോൽക്കറുടെ മരണത്തിനുശേഷം ഒരു ലേഖനം പോലും വന്നില്ല. മൂന്നു വർഷമാകുന്നു. പൻസാരെയുടെ മരണത്തിനുശേഷവും ഒരു ലേഖനവും വന്നില്ല. കൽബുർഗിയുടെ മരണത്തിനുശേഷം എന്തെങ്കിലും വരുമോയെന്നു് നമുക്കു് നോക്കിയിരിക്കാം. ഇതു് കേരളത്തിന്റെ പുരോഗമനനാട്യത്തിന്റെ കൂടി പൊള്ളത്തരം കാണിയ്ക്കുന്നുണ്ടു്. ഭിന്ന ലൈംഗികതയെ കുറിച്ചുള്ള ജാഗ്രതപോലെ തന്നെ പ്രധാനമല്ലേ മതനിരപേക്ഷതയ്ക്കു് വേണ്ടിയുള്ള ജാഗ്രത? വർഗ്ഗീയതയ്ക്കു് എതിരായുള്ള ജാഗ്രത? വർഗ്ഗീയതയ്ക്കു് എതിരായ ഒരു സോഷ്യൽ സ്പേസിന്റെ പ്രാധാന്യമെന്താണെന്നു് നമുക്കു് മനസ്സിലാവണമെങ്കിൽ ആണും പെണ്ണും ഒരുമിച്ചു നടന്നാൽ കെട്ടിയിട്ടു് തല്ലുന്ന, തല്ലിക്കൊല്ലുന്ന മംഗലാപുരത്തു് ഒരു തവണ നാം പെട്ടു പോവണം. അപ്പോൾ നമുക്കു മനസ്സിലാകും എന്താണു് ഈ സ്പേസിന്റെ പ്രാധാന്യമെന്നു്, കേരളത്തിൽ ആ ഒരു പ്രശ്നമുണ്ടു്. റാഡിക്കൽ ലെഫ്റ്റ് എന്നു കരുതുന്നവർ പുലർത്തുന്ന മൗനത്തിലും ഒരുപാടു് അപകടമുണ്ടു്. യുക്തിവാദത്തോടോ യുക്തിവാദപരമായ സമീപനങ്ങളോടോ ഒക്കെ വിയോജിപ്പുള്ളവരുണ്ടാകും. റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പുകളൊക്കെയും യുക്തിവാദികളല്ല. അതു് ഒരു പഴഞ്ചൻ ആശയമാണെന്നൊക്കെ അവർ കരുതുന്നുണ്ടാകും. ഞാൻ പറഞ്ഞുവരുന്നതു് അത്തരം തർക്കങ്ങൾ ഒന്നും ഇവിടെ പ്രസക്തമല്ല എന്നതാണു്. കാരണം വർഗ്ഗീയ ഫാഷിസത്തെ സംബന്ധിച്ചു് യുക്തിവാദികളോ റാഡിക്കൽ ലെഫ്റ്റോ, മെയിൻ സ്ട്രീം ലെഫ്റ്റോ തമ്മിൽ ഒരു വ്യത്യാസവുമില്ല. അവരെ സംബന്ധിച്ചു് ഹിന്ദുത്വവർഗ്ഗീയതയോടു് ചേർന്നു നില്ക്കാത്തവരെല്ലാം ശത്രുക്കളാണു്. അത്തരത്തിലുള്ള വിശാലമായ ഒരു കരുതൽ, കേരളത്തിലെ ലെഫ്റ്റ് ഗ്രൂപ്പുകൾ എന്നു കരുതുന്നവരുണ്ടല്ലോ… അവരും പുലർത്തേണ്ടതാണു്… ഈ ഐക്യത്തെക്കുറിച്ചുള്ളാരു ബോധം… അതു വേണ്ട അളവിൽ അവർക്കുമില്ല. പലപ്പോഴും വളരെ ഏകപക്ഷീയമായ ശത്രുതാബോധം അവർ കൊണ്ടുനടക്കുന്നുണ്ടു് എന്നുതന്നെയാണു് എനിക്കു തോന്നിയിട്ടുള്ളതു്.
- ചോദ്യം:
- അദ്ധ്യാപകന്റെ കൈവെട്ടുകേസ് ന്യൂനപക്ഷ വർഗ്ഗീയ ഫാഷിസമല്ലേ വെളിവാക്കിയതു്?
- ഉത്തരം:
- അതൊരു ഭീകരവാദമാണെന്നതിൽ യാതൊരു സംശയവുമില്ല. ധാബോൽക്കറുടെ കൊലപാതകത്തിനുള്ള മൗനംപോലെ തന്നെ ജോസഫിന്റെ കൈവെട്ടിയ തെമ്മാടിത്തരത്തിനെതിരെയും കേരളം പറയേണ്ടവിധത്തിൽ പറഞ്ഞില്ല. ഭയാനകമായ ഒരു നിശ്ശബ്ദത നമ്മുടെ അന്തരീക്ഷത്തെ ഭരിയ്ക്കുന്നുണ്ടു്. ഔപചാരികമായ ഇത്തരം ശബ്ദങ്ങൾ അപ്പുറമിപ്പുറമൊക്കെ കേൾക്കുന്നുണ്ടു്. പ്രസ്താവനകൾ. ഇപ്പോൾ കൽബുർഗി കൊല്ലപ്പെട്ടപ്പോൾ വൈകാരികമായ തീവ്രതയോടെയുള്ള യാതൊരുവിധ ഉയിർത്തെഴുന്നേല്പുകളും കേരളത്തിൽ ഉണ്ടായിട്ടില്ല. മറിച്ചു് ഒറ്റതിരിഞ്ഞ ചില ജാഥയൊക്കെ നടന്നു. അതിനേക്കാൾ എത്രയോ ശക്തമായിരുന്നു കർണ്ണാടകയിൽ കുറച്ചാളുകളാണെങ്കിലും വൈകാരികമായി സംഘടിച്ചു് ഒരുമിച്ചു നിന്നതു്. അതു്, നമ്മുടെ വലിയ ഒരു പരിമിതിയാണു്. മദ്ധ്യവർഗ്ഗയാഥാസ്ഥിതികത്വം പിടിമുറുക്കിയതുകൊണ്ടു് ഉല്പതിഷ്ണുത്വം വളരെ കുറവായിരിക്കുന്നു. ഉല്പതിഷ്ണുക്കൾ ഒറ്റതിരിഞ്ഞു് ഒറ്റയ്ക്കിരിക്കുന്നു. അല്ലെങ്കിൽ അവരെ മാറ്റിനിറുത്തിയിരിയ്ക്കുന്നു. അതു് മാറ്റിയെടുക്കുകയെന്ന വലിയൊരു ദൗത്യമാണു് കേരളത്തിലെ ഇടതുപക്ഷത്തിനു് ഇന്നുള്ളതു്. അതു് ഏതളവിൽ ചെയ്യാൻ കഴിയുന്നുവോ ആ അളവിലായിരിക്കും ഇടതുപക്ഷം ഭാവിയിലേക്കു് നീങ്ങുക.
- ചോദ്യം:
- ഇനി വർഗ്ഗസമരമല്ല വർഗ്ഗീയ സംഘട്ടനങ്ങളേ ഉണ്ടാവൂ എന്ന ഹണ്ടീങ്ടൺ വാദം ശരിയാവുകയാണോ?
- ഉത്തരം:
- അങ്ങനെ കരുതിക്കൂട… സാമുവൽ ഹണ്ടിംഗ്ൺ പറയുന്ന ഒരു അടിസ്ഥാന കാര്യം സമ്പത്തു്, വർഗ്ഗപരമായ ഉള്ളടക്കം, സാമൂഹിക അസമത്വം ഇതിനെ ചൊല്ലിയൊക്കെ ലോകത്തുണ്ടാവുന്ന കലാപങ്ങളോ തർക്കങ്ങളോ അവസാനിച്ചു കഴിഞ്ഞു. ഇനി സംസ്കാരത്തെ ചൊല്ലിയുള്ള കലാപങ്ങൾ അഥവാ മതം ആണു് വിഷയമാകുക. ഇന്ത്യയിൽ വാസ്തവത്തിൽ ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് പ്രകൃതം നോക്കിയാൽ നിങ്ങൾക്കു് കാണാൻ പറ്റും ‘മത’മെന്നു പറയുന്നതല്ല. അതിന്റെ അടിസ്ഥാന കാരണം. മതം ഇപ്പോൾ ഒരു സംഘാടനയുക്തിയായിരിക്കുന്നു. മതമെന്നു പറയുന്ന സംഘാടനയുക്തി ഉപയോഗപ്പെടുത്തിക്കൊണ്ടു് മൂലധനത്തിന്റെയും കോർപ്പറേറ്റ്വത്ക്കരണത്തിന്റെയും കൂടി താത്പര്യങ്ങളാണു് ഇപ്പോൾ പ്രവർത്തിക്കുന്നതു്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോർപ്പറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണ ഒറ്റക്കെട്ടായി കിട്ടിയിട്ടില്ലായിരുന്നെങ്കിൽ മോദി വിജയം നേടില്ലായിരുന്നുവെന്നതിൽ സംശയമൊന്നുമില്ലല്ലോ. ഇപ്പോൾതന്നെ എന്താണു് ചെയ്തുകൊണ്ടിരിയ്ക്കുന്നതു്. അധികാരത്തിലെത്തിയതിനുശേഷം, ഉടനീളം കോർപ്പറേറ്റ് താത്പര്യങ്ങൾക്കു് അനുകൂലമായ നിലപാടെടുത്തുകൊണ്ടിരിയ്ക്കുകയാണു്. അതേസമയം പൊതു ജീവിതത്തിലുടനീളം വർഗ്ഗീയതയെ മുൻനിർത്തിയുള്ള സംഘർഷങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടു് സംവാദം മുഴുവൻ അതിലേക്കു തിരിച്ചുവിടുകയാണു്. തൊഴിൽ നിയമങ്ങൾ മാറ്റാൻ തീരുമാനിച്ചു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഒക്കെ വന്നുകഴിഞ്ഞു. ഇന്ത്യയിലാകെ കൊണ്ടുവരുമെന്നു് കരുതുന്നു. അതിനായി ശ്രമിയ്ക്കുന്നു. ഇതു നമ്മുടെ പൊതുജീവിതത്തിൽ ചർച്ചയാവുന്നുണ്ടോ? ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടു. അതു ചർച്ചയായോ…? ICHR അടക്കമുള്ള, പൂനഫിലിം ഇൻസ്റ്റിറ്റ്യൂട്ടു് അടക്കമുള്ള, വലിയ സ്ഥാപനങ്ങളെ പരമാവധി ജീർണ്ണതയിലേക്കു് എത്തിച്ചു. ഒന്നും ചർച്ചയാവുന്നില്ല. ചർച്ചയുടെ മണ്ഡലത്തിൽ എന്താണു്…? അവിടെ ഘർവാപസിയുണ്ടു്… വർഗ്ഗീയ സംഘർഷങ്ങളുണ്ടു്. അതായതു് വർഗ്ഗീയ സംഘർഷങ്ങളുടെ ഒരു മറ ഇപ്പുറം സൃഷ്ടിച്ചുകൊണ്ടു് ജനാധിപത്യപരമായ സ്ഥാപനങ്ങളെ തന്നെ തകർക്കുന്ന നിലയിൽ വർഗ്ഗീയ ഫാഷിസം മുന്നോട്ടു പോയി. നമ്മൾ നേരത്തെ പറഞ്ഞതുപോലെ, ജനാധിപത്യത്തെ തന്നെ ഒരു പുറന്തോടാക്കി മാറ്റിക്കൊണ്ടു് മൂലധനതാത്പര്യങ്ങൾ നടപ്പിലാക്കുന്ന ഒന്നായിട്ടു് ഈ ഭരണവും ഫാഷിസ്റ്റുകളുടെ താത്പര്യവും മാറിയിട്ടുണ്ടു്. ഇതു് ഹണ്ടിംഗന്റെ യുക്തിയിലേക്കു് ലോകം നീങ്ങുകയാണെന്നതിന്റെ തെളിവല്ല.
- ചോദ്യം:
- മതാത്മകമായ സ്വത്വമാണു് പ്രധാനമെന്നു വാദിയ്ക്കുന്ന ന്യൂനപക്ഷവർഗ്ഗീയത അതിശക്തമായി വരുന്നുണ്ടു്.
- ഉത്തരം:
- അതു് ലോകമെമ്പാടുമുണ്ടു്. ഐ. എസ്. എന്നു പറയുന്നതു്, ഇസ്ലാമിനു് എന്തെങ്കിലും തരത്തിൽ അഭിമാനമാണെന്നു് വെളിവുള്ള ഒരാൾക്കും കരുതാൻ പറ്റില്ലല്ലോ… വെളിവുള്ളൊരാൾക്കും കരുതാൻ പറ്റില്ല. കാരണം മഹത്തായ സാംസ്കാരിക സ്ഥാപനങ്ങളെ മുഴുവൻ തവിടു പൊടിയാക്കുക… മനുഷ്യരെ തലയറുത്തു കൊല്ലുക… ആകാവുന്നത്ര ക്രൂരതകൾ, പൈശാചികതകൾ എല്ലാം നടത്തുക. ഇതെല്ലാം മതത്തിന്റെ അക്കൗണ്ടിൽ എഴുതുകയും ചെയ്യുക. വാസ്തവത്തിൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുന്ന ആർ. എസ്. എസ്സുകാരന്റെ ഹിന്ദുത്വം, ഹൈന്ദവത അവകാശപ്പെടുന്നതിനേക്കാൾ ഹീനമാണല്ലോ ഐ. എസിന്റെ ഇസ്ലാമിക താത്പര്യം. അത്തരത്തിലുള്ള അങ്ങേയറ്റം മതവിരുദ്ധമായ മൂല്യങ്ങൾ മതത്തിന്റെ അക്കൗണ്ടിൽ സ്ഥാപിക്കുവാനുള്ള ശ്രമം ഇസ്ലാമിന്റെ പേരിലും നടക്കുന്നുണ്ടു്. മതസ്വത്വത്തെ നിങ്ങൾ ഏകാത്മകമായി കാണുന്നതോടെ നിങ്ങൾ വർഗ്ഗീയവാദിയാവും. അതിൽ സംശയമൊന്നും വേണ്ട. കാരണം മതമെന്നു പറയുന്നതു് inclusive ആയിട്ടല്ല. Exclusive ആയിട്ടാണു് നിങ്ങളപ്പോൾ കാണാൻ തുടങ്ങുക. ഞാൻ നേരത്തെ പറഞ്ഞ കാര്യം ഒന്നുകൂടി വിശദീകരിക്കാം. അതായതു് സാഹോദര്യമെന്നതാണു് ഇസ്ലാമികമായ മതാനുഭവത്തിന്റെ കാതൽ. സാമൂഹിക നീതിയെന്നതാണു് അതിന്റെ കാതൽ എന്നൊരാൾ കരുതിക്കഴിഞ്ഞാൽ അല്ലെങ്കിൽ സ്നേഹമാണു് ക്രൈസ്തവതയുടെ കാതൽ എന്നൊരാൾ കരുതിക്കഴിഞ്ഞാൽ അയാളുടെ മതബോധം Inclusive ആണു്, കാരണം അതിൽ പിന്നെ വേറൊരാളെ പുറത്തു് നിർത്താൻ പറ്റില്ല. ഏകതയാണു് എന്റെ ഹൈന്ദവത—ഏകം… അദ്വൈതം എന്നതാണെങ്കിൽ പിന്നെ അപ്പുറമില്ലല്ലോ… അതാണു് ഞാൻ പറഞ്ഞതു് മതത്തിന്റെ കാതലായ മൂല്യത്തിലേക്കു് നീങ്ങിയാൽ നിങ്ങൾ അതുവഴി തന്നെ ഒരു ethical position (നൈതിക നിലപാടു്) എടുക്കേണ്ടി വരും. ഏകം എന്നു കരുതിയാൽ പിന്നെ വിഭജനത്തിന്റെ യുക്തി അപ്പുറത്തുണ്ടെങ്കിൽ നിങ്ങൾക്കു് അതിനെ എതിർക്കാതിരിക്കാൻ പറ്റില്ല. കാരണം നിങ്ങളുടെ മത ബോധം അതല്ല. മതത്തിന്റെ കാതലിലേക്കു് ചെന്നാൽ ഇങ്ങനെയും കാണാം. ഇപ്പോൾ പലപ്പോഴും മതനിരപേക്ഷമായ ആത്മീയതയെന്നു് പറയുമല്ലോ… അതു് ഈ അർത്ഥത്തിലാണു്. നിങ്ങൾ ക്രൈസ്തവതയെ സ്നേഹമായി സ്വീകരിച്ചാൽ പിന്നെ ക്രിസ്ത്യാനിയെ മാത്രമേ ഞാൻ സ്നേഹിക്കുകയുള്ളൂ. അല്ലാത്തവനെ സ്വീകരിയ്ക്കകയില്ല എന്നുപറയുന്നതിൽ എന്തു കഥയാണുള്ളതു്? നിങ്ങൾ എല്ലാവരേയും സ്നേഹിക്കണമല്ലോ…? നിങ്ങൾ ഒന്നേയുള്ളൂ… ഏകമാണു് എന്നു കരുതിയാൽ പിന്നെ അപ്പുറത്താരാണു് ഉള്ളതു്? മതത്തിന്റെ കാതലിലേക്കു് കടന്നുനിന്നാൽ മതത്തിനു തന്നെ ഒരു ethical position വരികയാണു്. ഈ ആചാരമതത്തിനു് അപ്പോൾ എന്തുസംഭവിയ്ക്കും? ധാർമ്മിക മാനത്തിലേക്കു് വരുമ്പോൾ മതം Inclusive ആകും. ഒന്നേയുള്ളൂവെന്നു് കരുതിയാൽ പിന്നെ ആ ഒന്നിൽ എല്ലാം വരണം. സാഹോദര്യമാണെന്നു് കരുതിയാൽ എല്ലാം വന്നല്ലോ. മറിച്ചു് ഈ ആചാരമാണു് മതമെന്നു കരുതിയാൽ ഈ ആചാരമല്ലാത്തവരൊക്കെ പുറത്തായി. ഈ ആചാരങ്ങൾ പാലിയ്ക്കമ്പോഴാണു് നിങ്ങൾ ഈ മതത്തിനുളളിലാവുന്നതു് എന്നു കരുതിയാൽ വ്യത്യസ്ത ആചാരങ്ങളുള്ള എല്ലാവരും മതത്തിനു് പുറത്തായി. അതുകൊണ്ടു് ആചാരപരമായി മതത്തെ ഉൾക്കൊള്ളുമ്പോൾ നിങ്ങൾ മതത്തെ അതിന്റെ ധാർമ്മികമാനത്തിനു് പുറത്തേക്കു കൊണ്ടുപോവുകയാണു്. അപ്പോൾ മതം exclusive ആകും. പുറംതള്ളാൻ തുടങ്ങും. ധാർമ്മികമാനത്തിലേക്കു്… മൂല്യങ്ങളിലേക്കു വന്നാലോ മതത്തിനു് ഒരു inclusive character വരും. ഞാൻ പറയുന്നതു് മതം എപ്പോഴെങ്കിലും ഇങ്ങനെ കേവലവും ശുദ്ധവുമായ ഒരു മൂല്യമായി നിലനിന്നിരുന്നുവെന്നല്ല. അങ്ങനെ ചരിത്രത്തിൽ മതം നിലനിന്നിട്ടേയില്ല. പക്ഷേ, മതത്തിനു് അങ്ങനെയൊരു സ്പേസ് ഉണ്ടു്. ആ ഇടത്തെ ശക്തിപ്പെടുത്താനാണു് നവോത്ഥാനഘട്ടത്തിലൊക്കെ ശ്രമമുണ്ടായതു്. ഭക്തിപ്രസ്ഥാനത്തിലും വിമോചനദൈവശാസ്ത്രത്തിലും ഒക്കെ അതാണുണ്ടായിരുന്നതു്. നേരെ മറിച്ചു് exclusive ആയ മതത്തെ ശക്തിപ്പെടുത്താനാണു് ഫാഷിസം ശ്രമിക്കുന്നതു്. ഇത്തരം exclusion-ന്റെ മറുയുക്തി ഇവിടെ കൊണ്ടുവരാനാണു് ന്യൂനപക്ഷ വർഗ്ഗീയത ഇപ്പോൾ ശ്രമിയ്ക്കുന്നതു്.
- ചോദ്യം:
- സാർവ്വലൗകികമായ ഒരു മതാചാരം ഏതെങ്കിലും മതത്തിലുമുണ്ടോ?
- ഉത്തരം:
- നിങ്ങൾ അതു ചെയ്യരുതു്… ഇതു ചെയ്യരുതു്… ഇതു മാത്രമാണു് ആചാരം. സാർവ്വലൗകികമായ ഒരു മതാചാരം ഒരു മതത്തിലുമില്ല. അങ്ങനെ നമുക്കു സങ്കല്പിക്കാം, ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലെയും ആചാരങ്ങൾ പലതായി പരിണമിച്ചു് പരിണമിച്ചു് വന്നിട്ടുള്ളതാണു്. ഇപ്പോഴുള്ള ഒരാചാര വ്യവസ്ഥയാണു് മതത്തിന്റെ ശാശ്വതമായ ഒരാചാരവ്യവസ്ഥയെന്നുള്ള വാദം അസംബന്ധം നിറഞ്ഞൊരു ആശയമാണു്. ഇപ്പോൾ ഒരാചാരമുണ്ടു്… നൂറു് കൊല്ലം മുമ്പു് ഉണ്ടായിരുന്ന മതാചാരങ്ങൾ ഒരു മതത്തിലും ഇന്നു് അതേപടി നിലനില്ക്കുന്നില്ല. സ്വവർഗ്ഗാനുരാഗത്തെ തള്ളിക്കളഞ്ഞിരുന്ന സഭക്കു് സ്വവർഗ്ഗാനുരാഗികൾക്കും ദൈവാനുഭവത്തിനായുള്ള ആഗ്രഹമുണ്ടെങ്കിൽ അതിനെ തടയേണ്ടതില്ലായെന്നു് പറയേണ്ട സ്ഥിതിയുണ്ടായല്ലോ… മാർപാപ്പ പറഞ്ഞല്ലോ. ഒരു സ്വവർഗ്ഗാനുരാഗി ക്രിസ്തുവിനെ ആഗ്രഹിക്കുന്നുവെങ്കിൽ അരുതെന്നു പറയാൻ ഞാനാരാണു്? ഈ ചോദ്യമുയർത്തിയതു് മാർപാപ്പയാണു്. മാർപാപ്പയേക്കാൾ വലുതല്ലല്ലോ നാട്ടിലെ വിശ്വാസത്തിന്റെ നടത്തിപ്പുകാർ. അപ്പോൾ ഇക്കാര്യങ്ങൾ എല്ലാറ്റിലും വന്നുകൊണ്ടിരിയ്ക്കുന്നു. ഇന്നിപ്പോൾ ഈ ന്യൂനപക്ഷവർഗ്ഗീയതയുടെ അക്കൗണ്ട് എന്നു പറയുന്നതും മതത്തിനു് എതിരാണു് ! അവരുടെ മതത്തിനുമെതിരാണു്. അതുകൊണ്ടു് ആത്യന്തികമായി ഒറ്റ ഗുണമേയുള്ളൂ. അതു് ഫാഷിസ്റ്റുകൾക്കു് കുറച്ചുകൂടി സഹായകമാണു്. ഞാൻ നേരത്തെ പറഞ്ഞ ഒരു ആശയമുണ്ടല്ലോ. പങ്കുവെയ്പ്പാണു് പ്രധാനം. അപരവത്ക്കരണമല്ല. ഈ അപരവത്ക്കരണത്തെ കൂടുതൽ തീവ്രമാക്കുന്നതിനു് മാത്രമെ ന്യൂനപക്ഷവർഗ്ഗീയതയുടെ പ്രവണതകൾ കൊണ്ടു കഴിയൂ. അതു് സ്വത്വബോധത്തിന്റെയോ സ്വത്വസാക്ഷാത്ക്കാരത്തിന്റെയോ രൂപമാണെന്നൊക്കെ പറഞ്ഞിട്ടു് വലിയ കാര്യമുണ്ടെന്നു് എനിക്കു തോന്നുന്നില്ല. ന്യൂനപക്ഷത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയും ഇരുവിഭാഗവും പലരീതിയിൽ വഴിതിരിച്ചുവിടുകയാണല്ലോ. സാമ്പത്തികമായ ഉന്നമനം എന്നുപറയുന്നതു് കുറ്റമല്ല. ഏതെങ്കിലുമൊരു പ്രദേശത്തു് സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു മതവിഭാഗത്തിൽപ്പെട്ടവർ സാമ്പത്തികവും സാമൂഹികവുമായ വളർച്ച നേടുന്നുവെന്നുപറഞ്ഞാൽ അതു് ഒരു പോരായ്മയല്ല. അതു് നമ്മുടെ ജനാധിപത്യത്തിന്റെ ബലമാണു്. പക്ഷേ, പ്രശ്നമെന്താണെന്നു വെച്ചുകഴിഞ്ഞാൽ ഇതു് അപരവത്ക്കരണത്തിന്റെ ഒരായുധമാക്കി ഉപയോഗിയ്ക്കരുതു്. മറ്റുള്ളവർ അതുപയോഗിക്കാൻ അവർ അനുവദിയ്ക്കുകയും ചെയ്യരുതു്. ഇപ്പോൾ ഈ അപരവത്ക്കരണം ശക്തിപ്പെട്ടുകൊണ്ടേയിരിയ്ക്കുകയാണു്. ന്യൂനപക്ഷപരം എന്നുപറയുന്ന പല പ്രവർത്തനങ്ങളും ഈ പങ്കുവെയ്പ്പിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിനുപകരം അപരവത്ക്കരണത്തിന്റെ യുക്തിയെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തികൊണ്ടിരിയ്ക്കുകയാണു്. അതു തത്ക്കാലത്തേക്കു് എന്തു നേട്ടമുണ്ടാക്കികൊടുത്താലും വിശാലാർത്ഥത്തിൽ അതു ഭയങ്കരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും… അവർക്കും പൊതുസമൂഹത്തിനും: നമ്മുടെ ഈ പരസ്പരാശ്രിതത്വത്തിൽ അധിഷ്ഠിതമായ, പങ്കുവെയ്പ്പിന്റെതായ ഒരു സാംസ്കാരികതലത്തെ നാം ഉയർത്തിപ്പിടിക്കണം. ഏകാത്മകമായ ഒരു മതസ്വത്വമെന്ന ധാരണയെ സമ്പൂർണ്ണമായി നിരസിയ്ക്കുകയും വേണം.
- ചോദ്യം:
- ഏകാത്മകമതസ്വത്വവാദം പ്രായോഗികമായി വലിയൊരു അസംബന്ധമല്ലേ?
- ഉത്തരം:
- നിശ്ചയമായിട്ടും, അതു് സാങ്കല്പികമല്ലേ… അങ്ങനെ ഏകാത്മകമായ ഒരു മതം എപ്പോഴെങ്കിലുമുണ്ടോ… ഹിന്ദുമതമെന്നു് പറയുന്നു… വേദാന്തമാണു് അല്ലെങ്കിൽ അദ്വൈതമാണു് അതിന്റെ ദർശനം എന്നു പറഞ്ഞു കഴിഞ്ഞാൽ ഈ അദ്വൈതമായിട്ടാണോ നമ്മളീ കാണുന്ന ഹിന്ദുമതം ചരിത്രത്തിൽ ജീവിച്ചതു്? ഇപ്പോൾ നാനാ തലങ്ങളിൽ ജീവിച്ചുകൊണ്ടിരിയ്ക്കന്നതു്? സ്നേഹമാണു് ക്രിസ്തുമതത്തിന്റെ തത്വമെന്നു് പറയാം. പക്ഷേ, ചരിത്രത്തിൽ ക്രിസ്തുമതം ജീവിച്ചതു് സ്നേഹത്തിന്റെ ജീവിതം മാത്രമൊന്നുമല്ലല്ലോ. പരിശുദ്ധ ഇസ്ലാം ഇതാണു്. ഇന്നയിന്നതാണു് എന്നു പറഞ്ഞാൽ… അങ്ങനെയാണോ പരിശുദ്ധ ഇസ്ലാം ചരിത്രത്തിലുള്ളതു്? നിലനിന്നതു്? നിലനില്ക്കുന്നതു്? അല്ലല്ലോ. ഇസ്ലാമിന്റെ ചരിതജീവിതം നോക്കൂ… ആയിരക്കണക്കിനു് ഭേദങ്ങൾ… ഭിന്നതകൾ ഒക്കെയുണ്ടാവും. എല്ലാ ജീവിതരീതികളെയും അംഗീകരിയ്ക്കാനുള്ള വിശാല മനസ്കത മതത്തിനുണ്ടാവണം. മതവിശ്വാസിക്കു് ഉണ്ടാവണം. നിങ്ങൾ നിങ്ങളുടെ ജീവിത ക്രമം പിന്തുടർന്നുകൊള്ളൂ… പക്ഷേ, അതിനപ്പുറമുള്ളതും നിലനില്ക്കാൻ ഒരുപോലെ യോഗ്യമാണു്… അതു് ജനാധിപത്യപരമായിരിക്കുന്നിടത്തോളം. അപ്പോൾ ഏകാത്മകമായൊരു മതസങ്കല്പമെന്നു പറയുന്നതു് മതത്തെ അയുക്തികമായ ഒരു ഫാഷിസ്റ്റ് ആശയമായി ഉറപ്പിക്കുന്നതാണു്. അങ്ങനെയൊരു മതമില്ല. അതുകൊണ്ടു് ഫാഷിസത്തിലേക്കുള്ള മതത്തിന്റെ ആദ്യചുവടാണു് ശുദ്ധമതവാദം. മതത്തിന്റെ ചരിത്രപരതയും, ബഹുസ്വരതയും അംഗീകരിക്കാത്ത ഏതു് മതബോധവും ഫാഷിസ്റ്റ് പൊട്ടൻഷ്യൽ ഉള്ളതാണു്. ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്ന ഭേദങ്ങളൊന്നും അക്കാര്യത്തിലില്ല. പിന്നെ ആ ഫാഷിസ്റ്റ് പൊട്ടൻഷ്യൽ ഏതു് നിലയിൽ പ്രവർത്തനക്ഷമത കൈവരിയ്ക്കുമെന്നു് ചോദിച്ചാൽ സംശയരഹിതമായിട്ടും ഇന്ത്യയിലെ ഹിന്ദുത്വത്തിനാണു് കൂടുതൽ ഫാഷിസ്റ്റ് പൊട്ടൻഷ്യൽ പ്രവർത്തനശേഷിയുള്ളൂ. അതു് മറ്റൊരു കാര്യം. അതുകൊണ്ടു് കേവലവും ഏകാത്മകവുമായ ഒരു പരിശുദ്ധമതം… കളങ്കമില്ലാത്ത കേവലമതം എന്നതു് ഒരു ഫാഷിസ്റ്റ് സങ്കല്പമാണു്. ജനാധിപത്യവിരുദ്ധമാണു്. അങ്ങനെ വിശ്വസിക്കുന്നവരൊക്കെ ഫാഷിസ്റ്റുകളായി എന്നു ഞാൻ പറയുകയല്ല. ഇവിടെ സ്വത്വരാഷ്ട്രീയമെന്ന ഒരു സാമാന്യസംവർഗ്ഗത്തേക്കാൾ നല്ലതു് അതിന്റെ ഭിന്ന പ്രതലങ്ങളെ വേറെ വേറെ കാണുന്നതാണു്. ദളിത് പ്രസ്ഥാനങ്ങൾ, ന്യൂനപക്ഷപ്രസ്ഥാനങ്ങൾ, സ്ത്രീപ്രസ്ഥാനങ്ങൾ… ഇതു് സ്വത്വരാഷ്ട്രീയത്തിന്റെ ഒരുതരം ആവിഷ്ക്കാരമാണു്. അവ എന്തിനുവേണ്ടിയാണു് നില കൊള്ളുന്നതു്? വളരെ ലളിതമായി പറഞ്ഞാൽ അതതു് ജനവിഭാഗങ്ങളുടെ ജനാധിപത്യ അധികാരങ്ങൾക്കു വേണ്ടിയാണു്. അതുകൊണ്ടു് അതിനെ നമുക്കു് നിഷേധാത്മകായിട്ടു് തള്ളിക്കളയാൻ പറ്റില്ല. അതുപോലെ രണ്ടാമതൊരു വിഭാഗമുണ്ടു്, കേരളത്തിലെ ഈ ജാതിസംഘടനകളൊക്കെ ചെയ്യുന്ന ഒരുതരം വിലപേശൽ നിലയിലുള്ള സ്വത്വരാഷ്ട്രീയം. മൂന്നാമതൊന്നാണു് ഫാഷിസ്റ്റ് പൊട്ടൻഷ്യൽ കൈവന്ന മതസ്വത്വരാഷ്ട്രീയം. മതസ്വത്വവാദമെന്നുപറയുന്നതു് സംശയരഹിതമായും ഫാഷിസത്തിലേക്കുള്ള വഴിയാണു്. അതേസമയം സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങളെ മുൻനിർത്തി, കീഴാളജനതയുടെ പ്രത്യേക പ്രശ്നങ്ങളെ മുൻനിർത്തി, ഭിന്നലൈംഗിക വിഭാഗങ്ങളുടെ പ്രത്യേക പ്രശ്നങ്ങളെ മുൻനിർത്തി അവർ സംഘടിക്കുന്നതു് ഇതു പോലെയല്ല… അതു് വളരെ ജനാധിപത്യപരമായ ചില അവകാശങ്ങൾക്കുവേണ്ടി ആ സമൂഹങ്ങൾ ഉയർത്തുന്ന സമരമാണു്. ഇതിനെ രണ്ടിനെയും സ്വത്വവാദമെന്ന ഒറ്റ കാറ്റഗറിയിൽ കൂട്ടിയിണക്കികൂട, ഇടതുപക്ഷപരമായ വീക്ഷണമുള്ളവർ ഈ പ്രതിരോധാത്മക സ്വഭാവമുള്ള, ജനാധിപത്യപരമായ അവകാശങ്ങൾക്കുവേണ്ടി വാദിയ്ക്കുന്ന സ്വത്വപ്രസ്ഥാനങ്ങളെ കൂടെ കൂട്ടിയിട്ടു്, (അതായി പരിണമിച്ചിട്ടല്ല, അവരുടെ വാദങ്ങൾ അതേപടി ഏറ്റെടുത്തിട്ടുമല്ല) അവരുടെ അവകാശവാദങ്ങളെ അംഗീകരിച്ചുകൊണ്ടു്, അവരുടെ ആവശ്യങ്ങളെ അംഗീകരിച്ചുകൊണ്ടു് അതിനോടൊപ്പം ചേർന്നു് ജനാധിപത്യവത്ക്കരണത്തിന്റെ സമരമുഖങ്ങൾ സൃഷ്ടിക്കണം. അതേസമയം തന്നെ വിലപേശൽ സ്വത്വപ്രസ്ഥാനങ്ങൾ ജനാധിപത്യപരമെന്നതിനേക്കാൾ തങ്ങളുടെ വിശേഷപദവിയെ ഇതര വിഭാഗങ്ങൾക്കു് എതിരെ ഉറപ്പിയ്ക്കാനാണു് പലപ്പോഴും ശ്രമിയ്ക്കുക. ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ ആകട്ടെ അപരവിദ്വേഷത്തിലും ഹിംസയിലും അധിഷ്ഠിതമായിട്ടാണു് പ്രവർത്തിക്കുക. അതുകൊണ്ടു് ആ പ്രസ്ഥാനങ്ങളോടു് വിമർശനാത്മകമായ അകലം പാലിയ്ക്കണം. ഫാഷിസ്റ്റ് സ്വത്വപ്രശ്നങ്ങളെ കറ തീർത്തു് എതിർക്കുകയും വേണം. അപ്പോൾ ഒന്നിനോടു് ചേർന്നു നിന്നു്, ഒന്നിനോടു് വിമർശനാത്മക നിലപാടു് എടുത്തു്, മതസ്വത്വവാദത്തോടു് സന്ധിയില്ലാതെ സമരം ചെയ്താണു് ഇടതുപക്ഷം ഈ മൂന്നിനെയും നേരിടേണ്ടതു്. പ്രതിരോധാത്മക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കണമെന്നു് പറയുമ്പോൾ അവർ എടുക്കുന്ന theoratical position അതേപടി അംഗീകരിയ്ക്കണമെന്നല്ല. ആ theoratical position-ഓടു് നമുക്കു് തർക്കിക്കാം. ഏതുപോലെ? ദൈവ വിശ്വസത്തെക്കുറിച്ചു് മതത്തോടു് തർക്കിക്കുന്ന പോലെ. പക്ഷേ, മതത്തെ സംബന്ധിച്ചു് നമ്മുടെ മുമ്പിലുള്ള ആദ്യത്തെ പ്രശ്നം… ദൈവവിശ്വാസത്തെയോ ദൈവത്തിന്റെ അസ്തിത്വത്തെയോ സംബന്ധിച്ചെന്നതിനേക്കാൾ മതവർഗ്ഗീയതയ്ക്കു് എതിരാണു് എന്നതാണു്. സ്വത്വവാദം സ്വത്വത്തെ ഒരു പരമസത്യമാക്കി ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതൊരു തർക്കവിഷയമാണു്. അതിനേക്കാൾ പ്രധാനം ആ ജനവിഭാഗത്തിന്റെ ജനാധിപത്യ അവകാശമെന്നുള്ളതാണു്. അതാണു് അതിനോടു് ചേരുന്നതിന്റെ കാരണം. അല്ലാതെ സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യം ഇടതുപക്ഷം അതേപടി ഏറ്റെടുത്താൽ പിന്നെ ഇടതുപക്ഷം ബാക്കിയുണ്ടാവില്ല.
- ചോദ്യം:
- ആഗോളവത്കരണത്തിനെ മൂലധനഫാഷിസമെന്നു വിളിക്കാമോ?
- ഉത്തരം:
- വിശാലാർത്ഥത്തിൽ ഫാഷിസത്തിന്റെ നിർവ്വചനം തന്നെ മൂലധനതാത്പര്യങ്ങളുമായി ചേർന്നു നില്ക്കുന്നുവെന്നു് ഞാൻ നേരത്തെ പറഞ്ഞല്ലോ. മുസ്സോളിനിയുടെ വിശദീകരണം അക്കാര്യത്തിൽ വളരെ വ്യക്തമാണു്. മൂലധനത്തിനു ഭരണകൂടവുമായി നൂറു ശതമാനം ഐക്യപ്പെടുന്ന ഒരു ഫാഷിസ്റ്റ് സ്വഭാവം കൈവരുന്നു. ആഗോളവത്ക്കരണകാലത്തു് ഭരണകൂടങ്ങൾ കൂടുതൽ കൂടുതൽ ഫാഷിസ്റ്റ് സ്വഭാവം പ്രകടിപ്പിയ്ക്കും. പക്ഷേ, നമ്മുടെ മുമ്പിലുള്ള ഇന്ത്യയുടെ ഫാഷിസ്റ്റ് പൊട്ടൻഷ്യലിനെയോ വർഗ്ഗീയ ഫാഷിസത്തിന്റെ സാദ്ധ്യതകളെയോ ആഗോളവത്ക്കരണമെന്ന ഒരൊറ്റ യുക്തിയിലേക്കു് ചുരുക്കിക്കൂട. അതായതു് ഫാഷിസത്തിനു് ബഹുമാനങ്ങളുണ്ടു്. അതിനു സാംസ്കാരികമായ ഒരു മാനമുണ്ടു്. രാഷ്ട്രരൂപപരമായ ഒരു മാനമുണ്ടു്. സാമ്പത്തികമായ ഒരു മാനമുണ്ടു്… അങ്ങനെ പല തലങ്ങളിൽ നിലകൊള്ളുന്ന ഒരു വലിയ പ്രതിഭാസത്തിനെയാണു് നമുക്കു് ഫാഷിസമായിട്ടു് കാണാൻ പറ്റുക. അതിൽ ഏതെങ്കിലും ഒരു തലം മാത്രമാണിതെന്നു് കരുതിക്കഴിഞ്ഞാൽ വലിയ അപകടം വരും. ആഗോള മൂലധനരാഷ്ട്രീയമാണീ ഫാഷിസം എന്നു് സങ്കല്പിച്ചാൽ ആ പ്രശ്നത്തെ നിങ്ങൾക്കു് മനസ്സിലാക്കാൻ പറ്റില്ല. പക്ഷേ, ഇന്ത്യയുടെ വർഗ്ഗീയ ഫാഷിസത്തിലേക്കുള്ള സഞ്ചാരത്തിൽ ആധുനിക ഇന്ത്യയിലെ ചരിത്രബോധത്തിനു വലിയ പങ്കുണ്ടു്. ആധുനിക ഇന്ത്യയുടെ ദേശീയതയ്ക്കു് വലിയ പങ്കുണ്ടു്. അല്ലെങ്കിൽ ഇന്ത്യാ വിഭജനത്തിനു് പങ്കുണ്ടു്. ഈ ഘടകങ്ങളെയൊന്നും നിങ്ങൾക്കു് ഈ ആഗോളവത്ക്കരണത്തിന്റെ യുക്തിയിൽ പെടുത്താൻ പറ്റില്ല. അതായതു് ഫാഷിസമെന്നു പറയുന്നതിനെ സാമ്പത്തികമാത്രപരമായി ചുരുക്കരുതു്. ഫാഷിസമോ വർഗ്ഗീയതയോ സാമ്പത്തികവാദമാത്രമായി ഒതുക്കാവുന്ന ഒരു പ്രവണതയല്ല. അതേസമയം മൂലധന താത്പര്യങ്ങൾ അവയുടെ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിയ്ക്കുന്നുണ്ടു്. അതുകൊണ്ടു് സാമ്പത്തികമായ ഒരു യുക്തിയോ മൂലധനത്തിന്റെ കേവല താത്പര്യങ്ങളോ ആണു് ഭരണകൂടവുമായി കൈകോർത്തു് ഫാഷിസമാകുന്നതു് എന്നു വിശദീകരിച്ചാൽ ഫാഷിസത്തിന്റെ ഇടപെടൽ രീതികളോ നമുക്കു മനസ്സിലാക്കാൻ പറ്റാതെ പോകും… അതു് നമ്മുടെ ഫാഷിസ്റ്റ് വിരുദ്ധസമരത്തെ വളരെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും… ഫാഷിസത്തിനൊരു സാമ്പത്തിക തലമുണ്ടെന്നുള്ളതു് നൂറുശതമാനം ശരിയായിരിക്കെ തന്നെ സാമ്പത്തികവാദപരമല്ലാത്ത നിരവധി ഘടകങ്ങൾ ഫാഷിസ്റ്റ് സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നുണ്ടു്. ഇന്ത്യയിൽ, നമുക്കറിയാം, ദേശീയതയെ മതസ്വത്വപരമായി നിർവ്വചിച്ചു് ആ ദേശീയതാബോധത്തിന്റെ മറപറ്റി ഫാഷിസ്റ്റ് രാഷ്ട്രയുക്തിയെ കൊണ്ടുവരികയാണു്. അങ്ങനെയൊന്നിനെ വിശദീകരിക്കാൻ ഈ ആഗോളവത്ക്കരണത്തിന്റെ യുക്തികൾ അല്ലെങ്കിൽ സാമ്പത്തികശാസ്ത്രയുക്തികൾ മാത്രം മതിയാകില്ല. അതേസമയം സാമ്പത്തികഘടകങ്ങളൊന്നും ഇല്ലാത്ത ഒരു സാംസ്കാരിക പ്രവർത്തനമാണു് ഫാഷിസം എന്ന മട്ടിലുള്ള വിശദീകരണങ്ങൾ ശരിയുമല്ല.
- ചോദ്യം:
- ഫാഷിസത്ത പ്രതിരോധിക്കാനും കടന്നാക്രമിക്കാനും പറ്റിയ ഒരു ഭാഷ ഇടതുപക്ഷത്തിനു് ഇല്ലെന്നു തോന്നുന്നു.
- ഉത്തരം:
- ഭാഷ വാസ്തവത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണു്. മലയാളഭാഷയ്ക്ക വേണ്ടിയും അതിന്റെ സർഗ്ഗാത്മകമായ നവീകരണത്തിനുവേണ്ടിയുമുളള വലിയ ശ്രമങ്ങൾ ഇടതുപക്ഷപരമായിട്ടു് ഉണ്ടായിട്ടില്ല. ഇ. എം. എസ്. വലിയ തോതിൽ ഇതിനായി ശ്രമം നടത്തിയിരുന്നു. ഭാഷ എന്നുപറയുന്നതു് ഒരു ജനതയുടെ സ്വത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണു്… ഭാഷയിലൂടെയാണു് നിങ്ങൾ ജനതയുടെ വൈകാരികതലത്തെ, അവരുടെ അനുഭൂതി മണ്ഡലത്തെയൊക്കെ സ്പർശിക്കുന്നതു്. അതുകൊണ്ടു തന്നെ നാം ഉപയോഗിക്കുന്ന ഭാഷയുടെ സവിശേഷതകളും അതിന്റെ വഴക്കങ്ങളും പദകോശവും ഒക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഭാഷ ഒരു ജനതയുടെ സഞ്ചിത സംസ്കാരത്തിന്റെ, ദീർഘകാലചരിത്രത്തിന്റെ ആദരമാണു്. അവരുടെ അനുഭൂതിയുടെ മണ്ഡലത്തിലേക്കുള്ള വഴിയാണു്. ആ ഭാഷയുടെ തനിമയിൽ നിന്നുകൊണ്ടു് നമുക്കു പറയാനുള്ള കാര്യങ്ങൾ പറയാൻ പറ്റണം. ഇടതുപക്ഷ വ്യവഹാരങ്ങൾ ഒരർത്ഥത്തിൽ വളരെയധികം സാമൂഹ്യശാസ്ത്രവത്ക്കരിക്കപ്പെട്ട ഒരു പരന്ന ഭാഷയിലേക്കു പോവുകയുണ്ടായി. അനുഭൂതിയുടെ അംശത്തെ കയ്യൊഴിയുന്ന, ചോർത്തിക്കളയുന്ന ഭാഷയാണു് നമ്മുടെ ഈ വ്യവഹാരങ്ങളിലൊക്കെ പലപ്പോഴും മേൽക്കൈ നേടിയതു്. ഇതു് ഒരർത്ഥത്തിൽ വലിയ പ്രശ്നമാണു്. മറുപുറത്തു്, ഫാഷിസം നമ്മുടെ ദീർഘകാലചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ ഒക്കെ ഉത്പന്നങ്ങളെ എടുത്തിട്ടു് അതിനെ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നതു്. അതായതു് വൈകാരികമായിട്ടും അനുഭൂതിപരമായിട്ടും വേരുകളുള്ള ഒരു പ്രവർത്തനമായിട്ടാണു് ഫാഷിസം പലപ്പോഴും അതിന്റെ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നതു്. അതിനെ ചെറുക്കാനായിട്ടു് കേവലയുക്തിയുടെയോ സാമൂഹ്യശാസ്ത്ര വ്യവഹാരങ്ങളിലെ ഭാഷയുടെയോ മാത്രം പ്രയോഗം മതിയാകില്ല. ഈയൊരു പ്രശ്നം നമ്മൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. സോഷ്യൽ സയൻസിന്റെ explanatory logic കൊണ്ടുമാത്രം നമുക്കു് ഈ പറയുന്ന പ്രശ്നങ്ങളെ മുഴുവൻ അഭിസംബോധന ചെയ്യാൻ പറ്റില്ല. ജനതയുടെ, മനുഷ്യരുടെ അനുഭൂതിപരവും വൈകാരികവുമായ അംശങ്ങളെ സ്പർശിക്കാൻ കഴിയുന്ന ഒരു ഭാഷ ഉണ്ടാവണം. നമ്മുടെ രാഷ്ട്രീയവ്യവഹാരത്തിൽ അതു വളരെ കുറവാണു് എന്നാണെന്റെ തോന്നൽ.
- ചോദ്യം:
- ഗാന്ധിജിയും നരായണഗുരുവുമൊക്കെ ജനങ്ങളുടെ അനുഭൂതിയെ സ്പർശിക്കുന്ന ഭാഷയാണു് ഉപയോഗിച്ചതെന്നു പറയാമോ?
- ഉത്തരം:
- അതെ. അങ്ങനെയൊരു തലത്തിലേക്കു് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കാര്യമായിട്ടു് കടന്നുവന്നിട്ടില്ല എന്നു പറയേണ്ടിവരും. എല്ലാവരും കാവ്യാത്മകമായി സംസാരിക്കണമെന്നല്ല. മറിച്ചു് ഇടതുപക്ഷവ്യവഹാരങ്ങൾക്കു് ഇത്തരമൊരു കരുതൽ കൂടി ആവശ്യമുണ്ടു് എന്നാണു് ഞാൻ പറയുന്നതു്. ഭാഷ ഒരു ഉപകരണമാണു് എന്ന നിലയിലേക്കു് നമ്മുടെ വീക്ഷണം തെറ്റിപ്പോയിട്ടുണ്ടു്. ഇപ്പോൾ മലയാളപഠനത്തിന്റെ രീതികൾ നോക്കിയാൽ, കവിത വേണ്ട; സാഹിത്യം വേണ്ട. ഇതെല്ലാം ഇപ്പോൾ അപ്രസക്തമാണു്. ഡിഗ്രിയ്ക്കു് പഠിയ്ക്കമ്പോൾ കവിത പഠിക്കണ്ട… ഭാഷയെന്നു പറയുന്നതു് വെറുമൊരു ഉപകരണമാണു് എന്നു നമ്മൾ സങ്കല്പിക്കാൻ തുടങ്ങി. നിങ്ങൾക്കു് ആശയങ്ങൾ ആവിഷ്കരിക്കാനുള്ള ഒരു ഉപകരണം. ഭാഷ ഒരു ഉപകരണമേയല്ല. നമ്മുടെ ഉൺമയുടെ ആധാര തത്വങ്ങളിൽ ഒന്നാണു് ഭാഷ. എന്നെ ഞാനാക്കുന്നതു് എന്റെ ഭാഷകൂടി ചേർന്നിട്ടാണു്. ആ ഭാഷയിലാണു് ഞാൻ അനുഭവിക്കുന്നതു്… ആ ഭാഷയിലാണു് ഞാൻ സ്വപ്നം കാണുന്നതു്. അപ്പോൾ ആ നിലയിൽ ഭാഷയുടെ ഒരു വൈകാരികവും അനുഭൂതിപരവുമായ അംശത്തെകൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വ്യവഹാരം നമുക്കു് ഫാഷിസത്തിന്റെ ഈ കാലത്തു് ആവശ്യമുണ്ടു്. കാരണം ഫാഷിസം ഉപയോഗപ്പെടുത്തുന്നതു് ജനതയുടെ സാംസ്കാരിക സഞ്ചയത്തെയാകമാനം അപ്രാപ്രിയേറ്റ് ചെയ്തു് അതിനെ പൊളിറ്റിക്കലായിട്ടു് മുതലാക്കുകയാണു്. അതിനു് വൈകാരികമായ ഒരു സ്പർശനശേഷിയുണ്ടു്. വൈകാരികമായ സ്പർശനശേഷിയുള്ള ഒരു സമ്പ്രദായത്തോടു് എതിരിടാനായിട്ടു് നമ്മുടെ അടുത്തുള്ളതു് വളരെ പരന്ന, ജനതയുടെ വൈകാരികാംശത്തെ ഒരു നിലയ്ക്കും സ്പർശിക്കാത്ത ഒരു തരം ഭാഷയാണു്. ആലോചിച്ചു നോക്കു. നാരായണഗുരു അങ്ങനെ ഒരു ഭാഷയിലല്ല സംസാരിച്ചതു്. ഗാന്ധിജി ഇങ്ങനെയൊരു ഭാഷയിലല്ല സംസാരിച്ചതു്. ഗാന്ധിജിയും നാരായണഗുരുവും ഒക്കെ സംസാരിച്ച ഭാഷയിൽ ജനതയുടെ അനുഭൂതി മണ്ഡലത്തെയൊക്കെ സ്പർശിക്കുന്ന ഒരുപാടു് അംശങ്ങളുണ്ടായിരുന്നു.
- ചോദ്യം:
- ഇന്ത്യയെ ആകെ കോർത്തിണക്കിയതിൽ ഗാന്ധിജിയുടെ ‘ഭാഷ’ ഒരു പ്രധാന ഘടകമായിരുന്നില്ലേ?
- ഉത്തരം:
- അതു വലിയ പങ്കു വഹിച്ചിട്ടുണ്ടു്. ഗാന്ധിജി മാത്രമല്ല. ബുദ്ധനെ എടുക്കൂ… ബുദ്ധൻ പാലിയിൽ സംസാരിച്ചു. അല്ലെങ്കിൽ നമ്മൾ ആദരപൂർവ്വം പറയുന്നവരൊക്കെ ഇങ്ങനെയൊരു ഭാഷയിൽ സംസാരിച്ചു—മാർക്സ് വരെ. മാർക്സിനെ വായിച്ചാൽ, മൂലധനമടക്കം മാർക്സിന്റെ ഏതു കൃതി വായിച്ചാലും, ഇത്രമേൽ കാവ്യാത്മകമായി എഴുതിയ ഒരാളെ നമുക്കു വേറെ കാണാൻ പറ്റില്ല. മാർക്സിനു് തത്വശാസ്ത്രമോ, സാമ്പത്തികശാസ്ത്രമോ അതിന്റെ സാങ്കേതിക ഭാഷയിൽ പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ, ഈ പറഞ്ഞ കാര്യം അദ്ദേഹത്തിലുണ്ടു്. മനുഷ്യരുടെ അനുഭൂതിതലത്തെ സ്പർശിച്ചു് അതൊരു വലിയ വൈകാരികാഘാതമായിട്ടു് മാറണമെങ്കിൽ വേറൊരു ഭാഷ വേണമെന്നു് മാർക്സിനറിയാം. വരണ്ടുണങ്ങിയ സൈദ്ധാന്തിക ഭാഷയിലല്ല മാർക്സ് എഴുതിയിട്ടുള്ളതു്. അതിനകത്തു് കവിതയുടെ വലിയൊരു ലോകം പ്രവർത്തിക്കുന്നുണ്ടു്. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചു് വലിയൊരു തിരിച്ചറിവുള്ളതുകൊണ്ടുകൂടിയാണു് അതു്. ഞാൻ പറയുന്നതു് ഇന്ത്യൻ ഇടതുപക്ഷത്തിനു്, കേരളത്തിലടക്കം, അങ്ങനെയൊരു സ്വകീയമായ, ഭാഷാജീവിതത്തെ രൂപപ്പെടുത്തിയെടുക്കാനായിട്ടു് കഴിഞ്ഞില്ല. ഇപ്പോഴും ഇക്കാര്യം തിരിച്ചറിയപ്പെട്ടിട്ടൊന്നുമില്ല ഞാനീപറയുന്ന ആശയത്തെ നമ്മുടെ മാർക്സിസ്റ്റ് ബുദ്ധിജീവികൾതന്നെ പരിഹാസപൂർവ്വമായിരിക്കും വീക്ഷിക്കുക. ഭാഷ എന്നുപറയുന്നതു് ഒരു ടൂൾ ആണെന്നു് കരുതുന്ന, വളരെ ഉപകരണമാത്രപരമായ ഒരു സമീപനം ഇടതുപക്ഷത്തിനുണ്ടു്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടിൽ ഭാഷയെക്കുറിച്ചുള്ള പുനഃരാലോചന വളരെ പ്രധാനമാണു്.
- ചോദ്യം:
- ഭാഷയെ ഒരു ഉപകരണം എന്ന നിലയ്ക്കു പരിഗണിക്കുന്നതു് ആഗോളവല്ക്കരണത്തോടുകൂടിയാണോ?
- ഉത്തരം:
- അങ്ങനെയല്ല. ആഗോളവത്കരണത്തോടുകൂടിയല്ല അതു് സംഭവിച്ചിട്ടുള്ളതു്. എന്റെയൊരു നോട്ടത്തിൽ കേരളത്തിന്റെ മോഡേണൈസേഷനോടൊപ്പം തന്നെ നമ്മുടെ ഭാഷയുടെ ഒരു ഉപകരണാത്മകസ്വഭാവം ശക്തിപ്പെടുന്നുണ്ടു്. ആധുനിക കേരളം വികസിക്കുന്നതോടൊപ്പം തന്നെ ഭാഷയെ ഒരു ടൂൾ ആയി സങ്കല്പിക്കുന്ന യുക്തിയും ഇവിടെ ശക്തിപ്പെടുന്നുണ്ടു്. ആഗോളവത്ക്കരണത്തിന്റെ കടന്നുവരവോടുകൂടി അതിനു് കുറെക്കൂടി മേൽക്കെ കിട്ടി. കഴിഞ്ഞ ഒരു ഇരുപതു് കൊല്ലംകൊണ്ടു് ഈ പ്രവണത കൂടുതൽ ശക്തമായിട്ടുണ്ടു്. നമ്മുടെ മറ്റെല്ലാ വ്യവഹാരങ്ങളിൽ നിന്നും ഭാഷ പിന്തള്ളപ്പെടുകയും ഭാഷയെ വെറുമൊരു ഉപകരണമായി കാണുന്ന സമീപനം പ്രബലമാവുകയും ചെയ്തു. നിങ്ങൾക്കു കടയിൽ പോയി സാധനം മേടിക്കാൻ… ബസ്സിന്റെ ബോർഡ് വായിക്കാൻ… വഴിയിലെ ആളുകളോടു് സംസാരിക്കാൻ… ഇതിനൊക്കെയുള്ളൊരു ഉപകരണമാണു് ഭാഷ എന്നു വന്നു. ഈ ഭാഷ അല്ലെങ്കിൽ ആ ഭാഷ ഏതായാലും മതി എന്നു തെറ്റിദ്ധരിക്കാൻ തുടങ്ങി. അങ്ങനെയൊന്നല്ല. ഭാഷ. നമുക്കു വാക്കു് ഉണ്ടെങ്കിലാണു് ചിന്തിക്കാൻ പറ്റുന്നതു്. നിങ്ങളുടെ വാങ്മയലോകം എത്ര വലുതാണോ അത്രയും നിങ്ങളുടെ ആശയലോകവും വലുതാവും. ആകാശം എന്നുപറയുന്ന ഒരൊറ്റ വാക്കു്, അല്ലെങ്കിൽ കടലെന്നു പറയുന്ന ഒരൊറ്റ വാക്കു്. അതിനെ അലയാഴിയെന്നും പാരാവാരമെന്നും ഒക്കെ സങ്കല്പിക്കുമ്പോൾ വേറെ വേറെ വ്യാപ്തികൾ വരും. പാരാവാരം എന്നു പറയുന്നതിൽ ഒരു അപാരതാബോധമുണ്ടു്. അലയാഴി എന്നുപറയുന്നതിൽ വലിയൊരു ആഴവും അലകളുമുണ്ടു്. കടൽ എന്നുപറയുന്നതിന്റെ അതേ അർത്ഥമല്ല ഇതിലൊക്കെയുള്ളതു്. കടൽ വലുതായി വലുതായി വരുന്നതാണു്. ഈ പാരാവാരവും അലയാഴിയും സമുദ്രവുമൊക്കെയായി കടൽ ഭാഷയിൽ വലുതാവുകയാണു്. അങ്ങനെ ഭാഷയിൽ വലുതാവണമെന്നുണ്ടെങ്കിൽ നിങ്ങൾക്കു് ഭാഷയിൽ നല്ല ഈടുറപ്പു് വേണം. ആ ഈടുവെയ്പു് നമ്മുടെ കയ്യിൽ ഇല്ലാതാവുകയാണെന്നു് പറഞ്ഞാൽ അതൊരു രാഷ്ട്രീയനഷ്ടം കൂടിയാണു്.
- ചോദ്യം:
- ഭാഷയിലുള്ള സൂക്ഷ്മജ്ഞാനം അഗാധമായൊരു രാഷ്ട്രീയ പ്രവർത്തനമാണു്. അതൊരു ഭാഷാ പ്രവർത്തനമൊന്നുമല്ല.
- ഉത്തരം:
- അതു നന്നായി തിരിച്ചറിഞ്ഞ ഒരാൾ ഇ. എം. എസ്സായിരുന്നു. അതുകൊണ്ടാണു് ഇ. എം. എസ്. മലയാളത്തിനുവേണ്ടി അത്ര ശക്തമായി പറഞ്ഞതു്. എല്ലാ അറിവും അതിൽ വേണമെന്നൊക്കെ വാദിച്ചതു്. പക്ഷേ, ഇ. എം. എസ്സിന്റെ ഒറ്റ തിരിഞ്ഞ ബോധം എന്നുള്ളതിനപ്പുറം ഇടതുപക്ഷരാഷ്ട്രീയത്തിനൊരു ഭാഷാ ദർശനമുണ്ടായിയെന്നു് നമുക്കു കരുതാൻ പറ്റില്ല. ഇപ്പോഴും ഇല്ലതാനും. മലയാളത്തിനുവേണ്ടിയുള്ള എന്തെങ്കിലുമൊരു നിർണ്ണായകശ്രമം ഇടതുപക്ഷം ഇക്കഴിഞ്ഞ പത്തോ നാല്പതോ കൊല്ലത്തിനുളളിൽ നടത്തിയിട്ടൊന്നുമില്ല. ആദ്യഘട്ടത്തിൽ, ഇ. എം. എസ്സിന്റെ ഘട്ടത്തിൽ, ഇ. എം. എസ്. അതു് ശക്തമായി ഉന്നയിക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്തു. ആ തലമുറയിൽ കുറേപേർക്കു് ഈയൊരു കരുതൽ ഉണ്ടായിരുന്നു. അതു് ദേശീയപ്രസ്ഥാനം മുതലുള്ള Concern ആണു്. ഗാന്ധിജി ഹിന്ദുസ്ഥാനിക്കു വേണ്ടി നിലകൊണ്ടു. ദേശീയ ഭാഷകൾക്കു വേണ്ടി അക്കാലത്തൊരു പ്രവർത്തനമുണ്ടായി. നമ്മുടെ പ്രവർത്തനങ്ങൾ അതിന്റെയൊരു തുടർച്ചയിലുള്ളതും കൂടിയാണു്. ഇപ്പോൾ ഇതിൽ നിന്നെല്ലാം നാം പൊതുവെ പിൻവാങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞുവരുന്നതു് ജനതയുടെ വൈകാരിക അനുഭവതലത്തോടു് സംവദിക്കണമെങ്കിൽ ഭാഷയുടെ ഈ സൂക്ഷ്മജീവിതത്തിൽ നല്ല ധാരണ വേണം. അതു് സാമൂഹ്യശാസ്ത്രപരമായ ഒരിടപെടൽ കൊണ്ടുമാത്രം പറ്റുന്ന ഒരു കാര്യമല്ല. നിങ്ങൾക്കു് അതുകൊണ്ടു് ഒരു പ്രബന്ധമെഴുതാം, എന്നാൽ ജനതയുടെ ഉള്ളിലേക്കു് കടക്കാൻ അതുമാത്രം പോര. അവിടെയാണു് പോയറ്റിക്ക് എന്നു വിളിക്കുന്ന ഒന്നിന്റെ പ്രാധാന്യം! അങ്ങനെ ഒരു ഭാഷ വളരെ ആവശ്യമാണു്. വളരെ യാന്ത്രികവും പരന്നതുമായ ഒരു ഭാഷയല്ല. വളരെ സരളവും പൊയറ്റിക്കലും, പൊളിറ്റിക്കലുമായ ഒന്നു്!
- ചോദ്യം:
- പുതിയകാലത്തെ ഇടതുപക്ഷ പരാജയങ്ങൾക്കു് അവരുടെ ഭാഷയുമായി വല്ല ബന്ധവുമുണ്ടോ? രാഷ്ട്രീയം മാറാൻ ആളുകൾക്കു മടിയില്ലാതായിരിക്കുന്നു!
- ഉത്തരം:
- നിശ്ചയമായിട്ടും ഉണ്ടു് എന്നാണു ഞാൻ കരുതുന്നതു്. രാഷ്ട്രീയം രാഷ്ട്രീയബോധം എന്നു പറയുന്നതു്, നമ്മുടെ നിലനില്പിനെയും നമ്മുടെ ഉൺമയെയും കുറിച്ചുള്ള, നമ്മുടെ സാമൂഹികമായ ഉള്ളടക്കത്തെക്കുറിച്ചൊക്കെയുള്ള അഗാധമായ തിരിച്ചറിവാണു്. അല്ലാതെ കക്ഷിബോധമൊന്നുമല്ല. ആ അഗാധമായ തിരിച്ചറിവു് നിങ്ങൾക്കു് സാദ്ധ്യമാക്കിത്തരുന്നതു് ഭാഷാബോധം കൂടിച്ചേർന്നാണു്. ഇപ്പോൾ, ‘വിവേകം’ എന്ന ഒരു വാക്കു്… കാര്യകാരണബോധം എന്നാണു് അതിന്റെ അർത്ഥം. പക്ഷേ, കുഞ്ചൻ നമ്പ്യാർ പറഞ്ഞതു് ‘പരക്ലേശ വിവേകം’ എന്നാണു്. ‘പരക്ലേശവിവേകം’ എന്നു് വിവേകത്തോടൊപ്പം ഓർക്കുന്ന ഒരാളെ സംബന്ധിച്ചു് ‘വിവേക’ത്തിനു് ഒരുപാടു് അർത്ഥവ്യാപ്തിയുണ്ടു്. ഈ അർത്ഥം നിഘണ്ടുവിൽ ഉള്ളതല്ല. അതു് മലയാളത്തിന്റെ ഒരു സവിശേഷജീവിതമാണു്. നമ്മുടെ പഴയ ഭാഷയെക്കുറിച്ചു് കേരളത്തിൽ ആദ്യം അന്വേഷിച്ച ഒരാളുണ്ടു്. ജോർജ്ജ് മാത്തൻ. മലയാൺമയുടെ വ്യാകരണം. ജോർജ്ജ് മാത്തൻ പറയുന്നുണ്ടു്, ഭാഷയ്ക്കു് പദാർത്ഥമുണ്ടു് ഭാവാർത്ഥവുമുണ്ടു്… ഭാവാർത്ഥമുള്ളതു് സ്വന്തം ഭാഷയ്ക്കാണു്, മാതൃഭാഷയ്ക്കാണു്. പദാർത്ഥം എല്ലാ ഭാഷയ്ക്കുമുണ്ടു്. അമ്മ എന്നതിനു് Mother എന്നു പറഞ്ഞാലും മതി. പക്ഷേ, അമ്മയുടെ ഒരു അനുഭവപരിസരം നിലനില്ക്കുന്നതു്—അതാണു് ഭാവാർത്ഥം—അതു നിലനില്ക്കുന്നതു് മാതൃഭാഷയിലാണു്. ഞാൻ പറയുന്നതു് ഭാവാർത്ഥപരമായ ഭാഷയിൽ വേണം നമ്മൾ സംസാരിക്കാൻ എന്നാണു്. പദാർത്ഥപരമല്ല. ഇടതുപക്ഷവ്യവഹാരത്തിനു സംഭവിച്ച ഒരു വലിയ പരിമിതി പദാർത്ഥപരമായ ഭാഷയിൽ എല്ലാ കാര്യവും പറയുകയും ഭാവാത്മകമായ ഭാഷാജീവിതം കയ്യൊഴിയുകയും ചെയ്തുവെന്നതാണു്. അപ്പോൾ അതു് നിങ്ങളുടെ അനുഭൂതിയെ സ്പർശിക്കില്ല. നിങ്ങളുടെ അനുഭൂതിയിൽ രാഷ്ട്രീയം ഇല്ലെങ്കിൽ, നിങ്ങളുടെ വൈകാരികഘടനയിൽ ‘രാഷ്ട്രീയം’ ഇല്ലെങ്കിൽ ആ രാഷ്ട്രീയം വളരെ ദുർബലമായിരിക്കും. അപ്പോൾ രാഷ്ട്രീയം എന്നു പറയുന്നതു് നിങ്ങൾ കൊണ്ടുനടക്കുന്ന ചില ആശയങ്ങൾ മാത്രമാണെന്നു വരും. രാഷ്ട്രീയം ആശയം മാത്രമല്ല. രാഷ്ട്രീയം ‘അവബോധ’മാണു്. രാഷ്ട്രീയം കേവലം ആശയങ്ങളോ ചില സംഘടനാ മെമ്പർഷിപ്പോ ആണെന്നു് തെറ്റിദ്ധരിക്കുമ്പോൾ നിങ്ങൾക്കു് അതു് എളുപ്പം വെച്ചുമാറാം. അങ്ങനെ വെച്ചുമാറാൻ പറ്റുന്നതുകൊണ്ടാണു് ഇടതുപക്ഷത്തിന്റെ ആളുകൾക്കു് പെട്ടെന്നു് ചാടി ബി. ജെ. പി. യിൽ പോകാൻ പറ്റുന്നതു്. അവബോധപരമായി ഇടതുപക്ഷത്തെത്തിയ ഒരാൾക്കു്, ഒരു സംശയവും വേണ്ട, ജീവിതകാലത്തൊരിയ്ക്കലും ബി. ജെ. പി.-യുമായിട്ടു് ഐക്യപ്പെടാൻ പറ്റുകയില്ല… ഗുരുവിനെ അനുഭൂതിപരമായി ഉൾക്കൊണ്ടു് ഒരാൾക്കു് ആർ. എസ്. എസ്സുകാരനാവാൻ പറ്റില്ല. ഒരു സംശയവും വേണ്ട. മറിച്ചു് ഈ അനുഭൂതി തലത്തിനുപകരം എസ്. എൻ. ഡി. പി. മെമ്പർഷിപ്പാണു് ഗുരു എന്നു കരുതിക്കഴിഞ്ഞാൽ നിങ്ങൾക്കു് ആർ. എസ്. എസ്സാവാൻ ഒരു ബുദ്ധിമുട്ടുമില്ല. സംഘടനാ മെമ്പർഷിപ്പാണു് മാർക്സിസം എന്നുകരുതിയാൽ നിങ്ങൾക്കു് ആർ. എസ്. എസ്സിലെത്താനോ ബി. ജെ. പി.-യാകാനോ മറ്റേതെങ്കിലുമാകാനോ എളുപ്പം പറ്റും. ഒരു സംഘടന മാറിയാൽ മതി. അനുഭൂതിതലത്തെ സ്പർശിക്കുകയെന്നു പറയുന്നതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. അതിൽ വിജയിച്ച മനുഷ്യരാണു്, ലോകത്തെ വലിയ നേതാക്കളെല്ലാം. അതു് ബുദ്ധനാവട്ടെ… ഗാന്ധിയാകട്ടെ… ലെനിനാകട്ടെ… നാരായണ ഗുരുവാകട്ടെ… ഏതു് മഹാനെയെടുത്താലും… അതു് നമുക്കു് കാണാം.
- ചോദ്യം:
- അനുഭൂതിയുടെ മണ്ഡലത്തിൽ സ്പർശിച്ചുകൊണ്ടല്ലേ ഇവിടെ ഇടതുപക്ഷം ഒരു രാഷ്ട്രീയ ശക്തിയായിത്തീർന്നതു്?
- ഉത്തരം:
- നമ്മുടെ ഇടതുപക്ഷത്തിന്റെ ഒരു ദീർഘചരിത്രമെടുത്തു നോക്കിയാൽ അനുഭൂതിയുടെ മണ്ഡലത്തെ ഉറപ്പിച്ചു നിറുത്തിയിട്ടാണു് ഇടതുപക്ഷം രാഷ്ട്രീയമായിട്ടു് ശക്തിപ്പെട്ടതു്. തൊള്ളായിരത്തിമുപ്പതു് മുതൽ ഒരു അമ്പതു കൊല്ലത്തെ കേരളത്തിന്റെ ചരിത്രമെടുത്താൽ അനുഭൂതിമണ്ഡലത്തെ രാഷ്ട്രീയവത്ക്കരിച്ചതിൽ ഇക്കാലത്തു് ഇടതുപക്ഷം വൻവിജയം നേടിയെന്നു് കാണാനാകും. നാടകങ്ങൾകൊണ്ടു്, പാട്ടുകൊണ്ടു്. പ്രാദേശിക പ്രവർത്തനങ്ങൾ കൊണ്ടൊക്കെ. ഈ അനുഭൂതി മണ്ഡലത്തിന്റെ രാഷ്ട്രീയവത്ക്കരണം കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഇല്ലെന്നു തന്നെ പറയാം. സംഘടനാപരമായി ഇടതുപക്ഷത്തു നില്ക്കുന്നവരുടെ പോലും അനുഭൂതിതലം വലതുപക്ഷപരമാണു്, ഞാൻ പറയുന്നതു് ആശയതലം എന്ന നിലയിലല്ല. അവരുടെ Experience-ന്റെ, അനുഭൂതിയുടെ, തലം പൊളിറ്റിക്കലല്ല. അപ്പൊളിറ്റിക്കലാണു്. ഇതു് തിരിച്ചറിയാൻ നമുക്കു പറ്റിയില്ല. അതുകൊണ്ടു് ഭാഷയുടെ പ്രശ്നം വളരെ വലിയ പ്രശ്നമാണു്. കഴിഞ്ഞ പത്തോ ഇരുപതോ കൊല്ലം നോക്കിയാൽ… എന്താണു സംഭവിച്ചതു്… ഇടതുപക്ഷത്തോടു് ആഭിമുഖ്യമുണ്ടായിരുന്ന സാംസ്കാരിക പ്രവർത്തകർ. സാംസ്കാരിക മേഖല വളരെ കൂടുതൽ ശൂന്യമായിത്തീർന്നു. പല കാരണങ്ങളുണ്ടു്. പലരും തെറ്റിപ്പിരിഞ്ഞുപോയി. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെയുള്ള വഴക്കുകൾ ഉണ്ടായി. ഒരുപാടു പേർ അകന്നുപോയി. സാംസ്കാരികമേഖലയിൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന മേൽക്കെ അല്ലെങ്കിൽ സ്വാധീനം ഈ കാലത്തു് തീരെയില്ലാതായി. ഇന്നു് അതു കൂടുതൽ ശക്തിപ്പെട്ടു. ആ സാംസ്കാരിക നഷ്ടം ഇപ്പോൾ രാഷ്ട്രീയമായി പ്രതിഫലിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ഗ്രാമത്തിൽ, പ്രാദേശിക തലത്തിൽ ഇടതുപക്ഷപരമായ വീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ടു് നിലനിന്നിരുന്ന ഗ്രന്ഥശാലകൾ, സംഘടനകൾ… ചെറിയ ചെറിയ മനുഷ്യർ… അവരുടെ പ്രഭാഷണങ്ങൾ. ഇടപെടലുകൾ ഇതെല്ലാം ചേർന്നിട്ടാണു് ആ പരിസരത്തെ ‘ലെഫ്റ്റ് ഓറിയന്റഡ്’ ആയി നിലനിർത്തിയിരുന്നതു്. ഈ മനുഷ്യരിൽ 90% ഇന്നു് സംസാരിക്കുന്നില്ല. അവരൊക്കെ ഒരുപക്ഷേ, ഒന്നുകിൽ പല തർക്കങ്ങൾകൊണ്ടു് നിശ്ശബ്ദരാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ അകന്നുപോകുകയോ ഒക്കെ ചെയ്തിട്ടുണ്ടു്. അതുകൊണ്ടു് അവരൊന്നും ഇടതുപക്ഷപരമായ സാംസ്കാരികസ്വരം ഉയർത്തുന്നില്ല. ഈ സ്ഥാനമിപ്പോൾ ആരു് ഏറ്റെടുക്കും? ഈ സ്ഥാനങ്ങളൊക്കെയിപ്പോൾ വലതു പക്ഷത്തിന്റെ നാനാതരം യുക്തികൾകൊണ്ടു് നിറയുന്നു. ഞാൻ പറയുന്നതു്, കേരളത്തിലെ വലതുപക്ഷരാഷ്ട്രീയത്തിന്റെ ശക്തി, ഒരർത്ഥത്തിൽ ഇടതുപക്ഷരാഷ്ട്രീയത്തിലെ ‘സാംസ്കാരികത’യുടെ തകർച്ചയുമായി വളരെ അധികം ബന്ധമുള്ള കാര്യമാണു്. അതു് എപ്പോഴെങ്കിലുമൊക്കെ നമ്മൾ തിരിച്ചറിയുമായിരിക്കും!
- ചോദ്യം:
- ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാൻ പ്രാഥമികമായി എന്തുവേണമെന്നാണു് താങ്കൾ കരുതുന്നതു്?
- ഉത്തരം:
- എറണാകുളത്തു് ഇ. എം. എസ്. പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തപ്പോൾ ഡോ. പ്രഭാത് പട്നായിക് പറഞ്ഞ ഒരു കാര്യമുണ്ടു്. ‘ജനാധിപത്യപരമായി വിമർശനാവകാശം നിലനിർത്താൻ വേണ്ടി ഇടതുപക്ഷം ഉറച്ചുനില്ക്കണം.’ അതായതു് ഭരണകൂടവിമർശനം. ആർ. എസ്. എസ്സിനെയായാലും കേന്ദ്രഭരണത്തെയായാലും ഏതിനെയും വിമർശിയ്ക്കാനുള്ള ജനാധിപത്യ അവകാശത്തിനുവേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം ഇടതുപക്ഷത്തിന്റേതായിരിയ്ക്കുണം. എന്നിട്ടദ്ദേഹം പറയുന്നു. “വിമർശിയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നിങ്ങൾ വാദിയ്ക്കുന്നുവെന്നതിന്റെ അർത്ഥം വിമർശിയ്ക്കപ്പെടാനുള്ള സന്നദ്ധത നിങ്ങൾ നിലനിർത്തുന്നുവെന്നാണു്.” ഇടതുപക്ഷത്തിനു് കഴിഞ്ഞ കുറേക്കാലം പറ്റിയ വലിയൊരു പരാജയം ‘വിമർശിക്കപ്പെടാനുള്ള’ സന്നദ്ധത ഒട്ടുംതന്നെ കാണിയ്ക്കാതെ വിമർശനാവകാശം തങ്ങളുടെ മാത്രം ജന്മാവകാശമാണെന്നുള്ള മട്ടിൽ പലപ്പോഴും പ്രവർത്തിക്കുകയുണ്ടായി എന്നതാണു്. ഇടതുപക്ഷപരമായ ബോധമുള്ളവരെ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശത്രുക്കളാക്കുന്നതിൽ ഈ നിലപാടു് വലിയ പങ്കുവഹിച്ചു. കേരളത്തിലെ ലെഫ്റ്റിന്റെ നില ദുർബലമൊന്നുമല്ല. ഇടതുപക്ഷമനസ്സുള്ള, ഇടതുപക്ഷ രാഷ്ട്രീയ അവബോധമുള്ള ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ടു്. കേരളത്തിലെ ഇന്റലിജെൻഷ്യയുടെ ബഹുഭൂരിപക്ഷം. ഇവരിൽ 90% വും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം ഇന്നില്ല. കാരണം അവർക്കു് അവരുടെ ഭിന്നതകളോ, അഭിപ്രായ വ്യത്യാസങ്ങളോ ഏതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കാൻ പറ്റാത്ത, ജനാധിപത്യവിരുദ്ധമായ, ഒട്ടും സംവാദാത്മകമല്ലാത്ത, ഒരു അന്തരീക്ഷമുണ്ടായി വന്നു. അതു് തിരുത്താതെ ഈ ലെഫ്റ്റ് ഇന്റലിജെൻഷ്യയെ കൂടെക്കൂട്ടാൻ കഴിയില്ല. അതിൽ എനിക്കു തോന്നുന്നതു്, ഇടതുപക്ഷം ചെയ്യേണ്ടതു്, പ്രത്യേകിച്ചും സാംസ്കാരിക ബൗദ്ധിക മണ്ഡലത്തിൽ നിന്നു് ചെയ്യേണ്ടതു്, അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ യോജിപ്പുള്ള, അതായതു് നിയോലിബറലിസത്തിനെതിരെ… വർഗ്ഗീയതക്കെതിരെ… കമ്പോളവത്ക്കരണത്തിന്റെയും മറ്റുമുള്ള മൂല്യങ്ങൾക്കെതിരെ… മതനിരപേക്ഷതയ്ക്കുവേണ്ടിയും സാമൂഹ്യനീതിക്കു വേണ്ടിയുമുളള… ഇങ്ങനെ ചില അടിസ്ഥാനമൂല്യങ്ങൾ പങ്കുവെയ്ക്കുന്ന എല്ലാവരുമുൾപ്പെട്ട ഒരു സംവാദാത്മക കൂട്ടായ്മയായി ലെഫ്റ്റ് ഇന്റലിജൻഷ്യയെ കൂട്ടിയിണക്കാൻ കഴിയണം. അല്ലാതെ, തങ്ങൾ പറയുന്നതു് ഏറ്റുപറയുന്നവരാണു്… പറയുന്നവരാകണം ഇടതുപക്ഷത്തുള്ളതു് എന്ന യുക്തിയിലേക്കു പോയിരിക്കും. രാഷ്ട്രീയ നേതൃത്വം പറയുന്നതു് അതേപടി സാംസ്കാരിക പ്രവർത്തകർ ആവർത്തിയ്ക്കണമെന്ന പിടിവാശിയുമായി മുമ്പോട്ടു് പോയിട്ടു് ഒരു കാര്യവുമില്ല. അതു് തീർത്തും അപ്രസക്തമാണു്. രാഷ്ട്രീയ നേതൃത്വത്തിനു് അപ്പഴപ്പോഴുണ്ടാവുന്ന രാഷ്ട്രീയപ്രശ്നങ്ങളെ മുൻനിർത്തി അഭിപ്രായങ്ങൾ പറയേണ്ടിവരും. ദൈനംദിന രാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങളുമുണ്ടാവും. അതുപോലെ തന്നെ ഭരണകൂടപരമോ ഒക്കെയായ മെഷിനറിയുടെ പ്രശ്നമുണ്ടാവും. അതുകൊണ്ടു് നിലപാടുകൾ എടുക്കുകയും തിരുത്തുകയുമൊക്കെ ചെയ്യേണ്ടിവരും. അതു് അതേപടി സാംസ്കാരിക പ്രവർത്തകർ ആവർത്തിക്കേണ്ട യാതൊരു കാര്യവുമില്ല. ഈ അടിസ്ഥാനപ്രമാണങ്ങൾ… നിയോലിബറലിസത്തിനെതിരായുള്ള നിലപാടുകൾ, വർഗ്ഗീയതക്കു് എതിരെയുള്ള നിലപാടു്, മതനിരപേക്ഷതയ്ക്കു് വേണ്ടിയുള്ള, കൺസ്യൂമറിസത്തിനെതിരായ, സാമൂഹികതയ്ക്കു് വേണ്ടിയുള്ള… ഈ അടിസ്ഥാനഘടകങ്ങളോടു യോജിച്ചുനില്ക്കുന്നവരുൾപ്പെടുന്ന ഒരു കൂട്ടായ്മയായിട്ടു് ഇടതുപക്ഷ സാംസ്കാരികതയെ പുനഃസംഘടിപ്പിക്കാൻ കഴിയണം. അതിനുള്ള നേതൃത്വം നിശ്ചയമായിട്ടും ഇടതുപക്ഷപ്രസ്ഥാനം ഏറ്റെടുക്കണം. എങ്കിൽ മാത്രമേ ഇടതുപക്ഷത്തിനു മുമ്പോട്ടു് പോകാൻ പറ്റു എന്നതാണു് സത്യം.
- ചോദ്യം:
- പൊതുവിൽ ‘ഇടതുപക്ഷ’മായിരിക്കുന്ന ആളുകൾ ഗ്രൂപ്പുകളായി ചിതറി നില്ക്കുകയാണു്. അവരുടെ ഏകീകരണം ആവശ്യമല്ലേ.
- ഉത്തരം:
- ഏകീകരണം എന്നു് ഞാൻ പറയില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പരിപാടിയെ നൂറു ശതമാനം അംഗീകരിച്ചുകൊണ്ടോ… നൂറു ശതമാനം പോയിട്ടു് അൻപതു് ശതമാനം അംഗീകരിച്ചുകൊണ്ടോ ഉള്ള ഒരു ഏകീകരണം എവിടെയും സാദ്ധ്യമല്ല. അതുകൊണ്ടു് ഏകീകരണമെന്നു് പറയുമ്പോൾ, മനസ്സിലാക്കപ്പെടുന്നതു് ഏതെങ്കിലും ചില അടിസ്ഥാന രാഷ്ട്രീയ സംഘടനായുക്തിയിലേക്കു് ബാക്കിയെല്ലാറ്റിനേയും ചേർത്തു നിർത്തുക എന്നാണെങ്കിൽ ആ നിലയിൽ ഏകീകരണം സാദ്ധ്യമല്ല. സാദ്ധ്യമാവുന്നതു് ഒരു കൂട്ടായ്മയാണു്. ഒരു പൊതുവേദിയാണു്. Common Platform എന്നു് പറയുമ്പോൾ നമ്മൾ അംഗീകരിക്കേണ്ടതു്, വ്യത്യസ്ത അഭിപ്രായങ്ങൾക്കു് അതിനകത്തു് ഇടമുണ്ടെന്നാണു്. ഉദാഹരണമായി പരിസ്ഥിതിസംഘടനകളും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം എന്താണു്? നിശ്ചയമായിട്ടും കേരളത്തിലെ ഔദ്യോഗിക ഇടതുപക്ഷവും പരിസ്ഥിതിസംഘടനകളും തമ്മിൽ ധാരാളം തർക്കങ്ങളും വൈരുദ്ധ്യങ്ങളുമൊക്കെയുണ്ടു്. ആ തർക്കങ്ങളും വൈരുദ്ധ്യങ്ങളും നിലനില്ക്കും. കാരണം അതിൽ പല പ്രായോഗിക പ്രശ്നങ്ങളുമുണ്ടു്. ഒരു കമ്പനി പൂട്ടി പോകാൻ സമയത്തു് ഇടതുപക്ഷ ട്രേഡ് യൂണിയനെടുക്കുന്ന പൊസിഷൻ ഒന്നായിരിക്കും; പരിസ്ഥിതി ഗ്രൂപ്പുകൾ എടുക്കുന്ന പൊസിഷൻ വേറൊന്നായിരിയ്ക്കും. ആ ഭിന്നത നിലനിർത്തിക്കൊണ്ടുതന്നെ പാരിസ്ഥിതിക നാശത്തിനെതിരായിട്ടു് പൊതുവായ ഒരു വീക്ഷണം ‘ലെഫ്റ്റ്’ എടുക്കണം… ഇന്നു്, സംശയരഹിതമായും പറയാവുന്ന ഒരു കാര്യം, പരിസ്ഥിതി നാശമണ്ടാവുന്നതു് മുതലാളിത്തത്തിന്റെ അനിവാര്യമായ ഒരു കടന്നാക്രമണത്തിന്റെ ഫലമായിട്ടാണു്. അതുകൊണ്ടു് പരിസ്ഥിതിനാശത്തിനെതിരെയുള്ള സമരത്തെ ഇടതുപക്ഷം വിശാലാർത്ഥത്തിൽ കാണണം. ഈ പൊസിഷൻ നിങ്ങൾ പങ്കുവെച്ചാൽ തർക്കം നിലനില്ക്കില്ല. അപ്പോൾ ഈ വിശാലമായ Platform-ൽ നമുക്കു് കൂടിയിണങ്ങാൻ കഴിയും, കൂടിയിണങ്ങണം. അല്ലാതെ ഒരു പഞ്ചായത്തിലൊരു തർക്കമുണ്ടായി അവരെ മുഴുവൻ ശത്രുക്കളാക്കി… അടുത്ത പഞ്ചായത്തിൽ വേറൊരു വിഷയത്തിൽ തർക്കമുണ്ടായി അവരെ ശത്രുക്കളാക്കി. ഇങ്ങനെ വന്നതുമൂലം പ്രാദേശികമായി പ്രവർത്തിച്ച എല്ലാ പരിസ്ഥിതി ഗ്രൂപ്പുകളും, ഏതാണ്ടു് ഒരു തൊണ്ണൂറു ശതമാനവും, രാഷ്ട്രീയമായിട്ടു് ഇടതുപക്ഷ പാർട്ടികൾക്കെതിരായി. ഞാൻ പറയുന്നതു്, അപ്പോൾപ്പോലും ഒരു ഡയലോഗിന്റെ സ്പേസ് ഉയർത്തണം എന്നാണു്. പിന്നെ, മുമ്പു് പലപ്പോഴും പറഞ്ഞിരുന്ന പോലെ പരിസ്ഥിതിവാദം സാമ്രാജ്യത്വ ഗൂഢാലോചനയോ മറ്റോ ആണെന്നുള്ള വാദമൊന്നും വിവേകമുള്ള ആർക്കും ഇന്നു് പറയാൻ പറ്റില്ല. അങ്ങനെ കരുതുന്ന ചുരുക്കം ചിലർ ഇപ്പോഴുമുണ്ടു്. പക്ഷേ, വിവേകമുള്ള മുഴുവൻ മനുഷ്യർക്കും പരിസ്ഥിതിവാദമെന്നതു് വളരെ പ്രധാനപ്പെട്ടൊരു രാഷ്ട്രീയ പ്രശ്നമാണു്. അതു് മുതലാളിത്തത്തിനെതിരായ നിശിതമായ വിമർശനമാണു് എന്നു അവർ മനസ്സിലാക്കിയിട്ടുണ്ടു്. വിശദാംശങ്ങളിലുള്ള തർക്കമല്ല പ്രധാനം. അടിസ്ഥാന നിലപാടുകളിലുള്ള യോജിപ്പാണു്. നമുക്കിവിടെ സംഭവിച്ചതു് അടിസ്ഥാനനിലപാടുകളിലുള്ള യോജിപ്പിനെ ഉയർത്തിപ്പിടിയ്ക്കുന്നതിനു പകരം വിശദാംശങ്ങളിലുള്ള തർക്കത്തെ പെരുപ്പിക്കുക. ശത്രുതകൾ കൂടുതൽ കൂടുതൽ ഉണ്ടാക്കിയെന്നുള്ളതാണു്. കൂടുതൽ ശത്രുതാപരമായി അതിനെ മാറ്റിയെടുത്തു എന്നുള്ളതാണു്. അതു് ഇക്കാര്യത്തിൽ മാത്രമല്ല. ഇപ്പോൾ സ്ത്രീ പ്രശ്നം. സ്ത്രീ വാദികളുന്നയിച്ച അടിസ്ഥാനപ്രശ്നങ്ങൾ ആദ്യം ഉന്നയിച്ച ആളിന്റെ പേരാണു് ഏംഗൽസ്. കുടുംബഘടനയെ സംബന്ധിച്ച വിമർശനം ആദ്യമുയർത്തിയതു് ഏംഗൽസാണു്. അല്ലെങ്കിൽ കുടുംബത്തിനകത്തെ തൊഴിൽ വിഭജനം, സ്ത്രീയുടെ തുല്യാവകാശത്തിന്റെ പ്രശ്നം, ലൈംഗികാവകാശത്തിന്റെ പ്രശ്നം ഒക്കെ… ലൈംഗികതയെക്കുറിച്ചു് പറഞ്ഞാൽ എന്തോ ബൂർഷ്വാ ജീർണ്ണതയാണെന്നു് നമ്മൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടു്. ഏംഗൽസ് എത്രയോ മുമ്പു് ഇതു് ഉന്നയിച്ചതാണു്. ഇടതുപക്ഷം ഇതൊക്കെ തിരിച്ചറിയേണ്ടതുണ്ടു്.
- ചോദ്യം:
- സംവാദാത്മകവും ജനാധിപത്യപരവുമായ അത്തരം പൊതുവേദിയുടെ രൂപീകരണത്തിലേക്കു് ഇടതുപക്ഷം എത്താത്തതെന്തുകൊണ്ടാണു്?
- ഉത്തരം:
- ചരിത്രത്തിലെ നിർണ്ണായകമായ ഏതു പ്രതിസന്ധിഘട്ടത്തിലും അപ്പോൾതന്നെ പ്രവർത്തിച്ചില്ലെങ്കിൽ, പിന്നെ തെറ്റുപറ്റിയെന്നു് പറയാനേ പറ്റൂ. പിന്നെ പ്രവർത്തിക്കാൻ പറ്റില്ല. അങ്ങനെയായിരുന്നു പ്രവർത്തിക്കേണ്ടിയിരുന്നതു് എന്നു പിന്നീടു പറയാം. പക്ഷേ, അങ്ങനെ പറഞ്ഞതുകൊണ്ടു് അന്നു പ്രവർത്തിച്ചാലുണ്ടാകുന്ന ഫലമൊന്നും ഉണ്ടാവുകയില്ല! ഉദാഹരണത്തിനു്, ജാതി എന്നുപറയുന്നതിന്റെ വർഗ്ഗപരമായ ഉള്ളടക്കത്തെ തിരിച്ചറിഞ്ഞു് ജാതിയെയും വർഗ്ഗത്തെയും കൂട്ടിയിണക്കുന്ന ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ ലെഫ്റ്റ് വിജയിച്ചില്ല. ഒരു സംശയവുമില്ലാത്ത കാര്യമാണു്. ഇപ്പോൾ അതു് തിരിച്ചറിയുകയും മറികടക്കാൻ പരിമിതമായ തോതിലെങ്കിലുമുളള ഇടപെടലുകൾ നടക്കുകയും ചെയ്യുന്നുണ്ടു്. ദളിത് പ്രശ്നങ്ങൾ പ്രത്യേകമായി ഏറ്റെടുക്കപ്പെടുന്നു. അതിന്നു് ഇടതുപക്ഷപരമായ സമരമുഖങ്ങൾ വികസിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായകമായ ഒന്നായിട്ടില്ലെങ്കിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ ഇടതുപക്ഷം ജാതിവിരുദ്ധസമരത്തിന്റെ മുൻനിരയിലുണ്ടു്. മുൻനിരയിലല്ലെങ്കിലും പ്രധാനപ്പെട്ടൊരു പങ്കു് രാജസ്ഥാനിലായാലും മഹാരാഷ്ട്രയിലായാലും തമിഴ്‌നാട്ടിലായാലും ജാതിവിരുദ്ധ സമരങ്ങളിൽ ഇടതുപക്ഷം വഹിക്കുന്നുണ്ടു്. എന്നാൽ ചരിത്രത്തിൽ ഒരു ഘട്ടത്തിൽ ചെയ്യാനുള്ളതു് പിന്നീടൊരു ഘട്ടത്തിൽ ചെയ്യുന്നതു കൊണ്ടു് അതേ ഫലം നമുക്കു് ഉണ്ടാക്കാൻ പറ്റില്ല. സാങ്കേതികമായിട്ടു് അതു് ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നതു് എന്നുവേണമെങ്കിൽ അപ്പോൾ പറയാം. തെറ്റുതിരുത്തുന്നതു് ഒരു മോശം കാര്യമൊന്നുമല്ല. അതു് നല്ലതാണു്… തിരിച്ചറിവുകൾ എപ്പോഴും നല്ലതാണു്. പക്ഷേ, ആദ്യം ചെയ്യുമ്പോഴുണ്ടാകുന്ന ഫലമുണ്ടല്ലോ, അതു് നിങ്ങളിതു് ആവർത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ടു് ഉണ്ടാവുകയില്ല. ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ വേറൊരു ഘട്ടം വന്നുകഴിഞ്ഞിട്ടുണ്ടാവും! എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ എല്ലാവിധ പാരിസ്ഥിതിക സമരങ്ങളുടെയും അടിസ്ഥാനമായി നില്ക്കുന്നതു് നിയോലിബറലിസത്തിനെതിരായ, വികസനസങ്കല്പങ്ങൾക്കു് എതിരായ വിമർശനങ്ങളാണു്. നർമ്മദയിലായാലും മഹാരാഷ്ട്രയിലായാലും ഒക്കെ. പരിസ്ഥിതിയ്ക്കു് എതിരായ നിയോലിബറൽ നയങ്ങളെക്കുറിച്ചാണു് അവരെല്ലാം പറയുന്നതു്. ഇതിൽ നിങ്ങൾ എവിടെയാണു്…? സംശയമൊന്നും വേണ്ട. ഇടതുപക്ഷം ജനങ്ങളുടെ കൂടെയാണു്. നിയോലിബറൽ പോളിസിയ്ക്കു് എതിരാണു്. പക്ഷേ, ഇന്ത്യയിൽ നടന്ന പരിസ്ഥിതി സമരങ്ങളിൽ എത്ര ശതമാനത്തിൽ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ മേൽക്കെ ഉണ്ടു്? കുറവാണു്. അപ്പോൾ ഇടതുപക്ഷപരമായി നടക്കുന്ന ഈ സമരങ്ങളെ ഇടതുപക്ഷമെന്തുകൊണ്ടു് ‘ഔദ്യോഗിക’മായി കാണുന്നില്ല? അതാണു് പ്രശ്നം. ഈ സമരങ്ങളൊക്കെ ഒരു ഘട്ടം കഴിഞ്ഞു് സ്വന്തം നിലയിൽ വികസിയ്ക്കുകയും വളരുകയും ഒക്കെ ചെയ്തുകഴിഞ്ഞിട്ടു്… അതല്ലെങ്കിൽ അതു് അതിന്റേതായ ‘വേരൊക്കെ’ ഉണ്ടാക്കിക്കഴിഞ്ഞിട്ടു് നിങ്ങൾ നിലപാടു് മാറ്റി, ഇതുമായിട്ടു് ഐക്യപ്പെടാൻ ശ്രമിയ്ക്കുമ്പോഴേക്കു് ഒരു ‘സുപ്രധാന ഘട്ടം’ കടന്നിട്ടുണ്ടാവും. അതുണ്ടാക്കാവുന്ന ദുരന്തങ്ങളോ, തിരിച്ചടികളോ, ഏറ്റെടുക്കാൻ പറ്റാവുന്ന സാദ്ധ്യതകളോ ഒക്കെ കഴിഞ്ഞിട്ടുണ്ടാവും! കാരണം അതൊക്കെ വേറെ വഴി തിരിഞ്ഞിട്ടുണ്ടാവും! അതുകൊണ്ടു്, ഇടതുപക്ഷ സാംസ്കാരിക മുന്നണി എന്നതിൽ ഭിന്നാഭിപ്രായങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടം അംഗീകരിച്ചുകൊണ്ടുതന്നെയും ആ സംവാദാത്മകത നിലനിർത്തികൊണ്ടും മാത്രമേ ഇത്തരം കൂട്ടായ്മകൾ സാദ്ധ്യമാവുകയുള്ളൂ. അല്ലാതെ, സർവ്വാധികാരപരമായ ഒരു നയം ആദ്യം മുന്നോട്ടു വെക്കുക, അതു് അംഗീകരിച്ചുകൊണ്ടു് ബാക്കിയെല്ലാവരും മുന്നണിയിൽ ഉണ്ടാവുക എന്നതു് സാദ്ധ്യമല്ല.
- ചോദ്യം:
- കോമൺ പ്ലാറ്റ് ഫോമുകൾക്കു് നേതൃത്വം കൊടുക്കാൻ ഇടതുപക്ഷത്തിന്റെ ആന്തരികമായ ജനാധിപത്യവല്ക്കരണം ഒരു മുന്നുപാധി ആണെന്നു പറയാമോ?
- ഉത്തരം:
- അതു് തിയറിറ്റിക്കലായി എന്തായാലും അംഗീകരിച്ചിട്ടുണ്ടു്. ഞാൻ പറഞ്ഞതൊക്കെ, ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിനുശേഷം പ്രകാശ് കാരാട്ട് എഴുതിയ ലേഖനമായാലും ബേബി യുടെ ലേഖനമായാലും ഐസക്കിന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗമായാലും ഈ ആശയങ്ങൾ കടന്നുവരുന്നുണ്ടു്. ഒരു Common Platform എന്ന ആശയം. പക്ഷേ, അതു് ആശയമായി നിന്നാൽ പോരല്ലോ… ഇതിനു് ഒരു പ്രായോഗികരൂപം വരണം. പ്രായോഗികതലത്തിൽ പക്ഷേ, അതു് ഇപ്പോഴും വന്നിട്ടില്ല. വ്യക്തിപരമായിട്ടു് എനിയ്ക്കുള്ള അനുഭവം പറഞ്ഞുകഴിഞ്ഞാൽ, ഏതെങ്കിലും പ്രാദേശിക തർക്കത്തിന്റെ പേരിൽ ആരെങ്കിലും തെറ്റിപ്പിരിഞ്ഞുപോയി… ഒരു സെമിനാർ നടത്തുമ്പോൾ ആ സെമിനാറിൽ പ്രസംഗിക്കാൻ പോകരുതു് എന്നു് എന്നെ വിളിച്ചു പറയുന്ന നേതാക്കൾ ധാരാളമുണ്ടു്. വാസ്തവത്തിൽ അങ്ങനെ പോവാതിരിക്കുന്നതുകൊണ്ടു് എന്താണു് സംഭവിയ്ക്കുന്നതു്! വിട്ടുപോയവർ കുറെക്കൂടി ശത്രുക്കളാവും. ഞാൻ പോയി, സംവാദാത്മകമായി, ഇടതുപക്ഷത്തെക്കുറിച്ചു് പറയുന്നതിനുപകരം ഞാൻ മാറി നില്ക്കയും, ഇടതുപക്ഷവിരുദ്ധനായ ആരെങ്കിലും ഒരാൾ ചെന്നു് അതിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഫലത്തിലെന്തായി…? ശത്രുത കുറേക്കൂടി കൂടി. ഇടതുപക്ഷം സംവാദാത്മകമാക്കുന്നതിനു പകരം ഇടതുപക്ഷ അനുഭാവികൾ കൂടുതൽ വിഭജിതരാവുന്നു. ഈ വിഭജനയുക്തിയെ കയ്യൊഴിയാൻ ഇപ്പോഴും കഴിയാത്ത വലിയൊരു വിഭാഗം ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടു്. അതു് ഇനിയങ്ങോട്ടു് നിലനില്ക്കാത്ത കാര്യമാണു്. ഇതിലുള്ള പ്രശ്നമിതാണു്. അടിസ്ഥാനപരമായി ശരി തങ്ങളുടേതു് മാത്രമാണു് എന്നു് കരുതുന്ന ശാഠ്യം. ജനാധിപത്യപരമായൊരു സംവാദാത്മകത അവിടെയുമില്ല. ഒരു സംശയവും വേണ്ട, ക്ലാസ്സിക്കലായ പാർട്ടി വീക്ഷണത്തിനകത്തു നിന്നുകൊണ്ടു് നിങ്ങൾക്കു് ഇന്നുയരുന്ന എല്ലാ പ്രശ്നങ്ങളോടുമുള്ള ഒരു എൻഗേജ്മെന്റിനു് അവസരമില്ല! അങ്ങനെ വരുമ്പോൾ എന്തുവേണം. സ്വത്വ പ്രശ്നം അല്ലെങ്കിൽ സ്ത്രീപ്രശ്നം അല്ലെങ്കിൽ ജാതിയുടെ പരിസ്ഥിതിയുടെ പ്രശ്നം, ഭിന്നലൈംഗികതയുടെ പ്രശ്നങ്ങൾ ഇതിനെയൊക്കെ അഭിസംബോധന ചെയ്യാൻ പാർട്ടി പ്രോഗ്രാം മാത്രം മതിയോ…? മതിയാവുകയില്ല! അതുകൊണ്ടു് പാർട്ടി പ്രോഗ്രാമിന്റെ ഫണ്ടമെന്റൽസ് വിടാതെ തന്നെ ഇതുമായി എൻഗേജ് ചെയ്യാൻ എത്രത്തോളം പറ്റുമെന്നു് ആലോചിയ്ക്കണം.
- ചോദ്യം:
- ഈ ആലോചനപോലും സംവാദപരമായിട്ടു വികസിക്കണമെന്നാണു് മാഷ് പറയുന്നതു്.
- ഉത്തരം:
- എന്റെ ഒരു അഭിപ്രായം, എന്റെയല്ല; പലരും പറഞ്ഞുകഴിഞ്ഞതാണു്, നമ്മൾ ആന്തരികമായി ജനാധിപത്യവത്ക്കരണത്തിനു് വിധേയരാവണം. ഇവിടെ ഞാനൊരു കാര്യം കൂടി പറയാം. ജനാധിപത്യമെന്നു് പറയുന്നതു് ഒരു ബൂർഷ്വാ ഏർപ്പാടാണു് എന്നുള്ള ധാരണ തിരുത്തണം. ജനാധിപത്യമെന്നു് പറയുന്നതു് ഒരു വലിയ സാദ്ധ്യതയാണു്. ഒരു ഉട്ടോപ്യയാണെന്നു് വേണമെങ്കിൽ പറയാം. സമീർ അമീൻ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറഞ്ഞാരു കാര്യമുണ്ടു്: ഫ്രഞ്ച് വിപ്ലവത്തിന്റെ ആദർശങ്ങൾ എന്തായിരുന്നു: equality, fraternity, liberty—സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. സമീർ അമീൻ പറയുന്നതു് ഇതു് ബുർഷ്വാസിയ്ക്കു് സാക്ഷാത്ക്കരിയ്ക്കാൻ കഴിയില്ല എന്നാണു്. സാക്ഷാത്ക്കരിച്ചു കഴിഞ്ഞാൽ പിന്നെ ബൂർഷ്വാസി ഉണ്ടാവില്ല. അതുകൊണ്ടു് ബൂർഷ്വാ മുദ്രാവാക്യമാണെങ്കിലും ആ മുദ്രാവാക്യം ബൂർഷ്വാസിയെത്തന്നെ ഇല്ലാതാക്കാൻ പോന്നതാണു്. എന്നാൽ ബൂർഷ്വാസി സാക്ഷാത്ക്കരിച്ച മുദ്രാവാക്യം, അദ്ദേഹം പറയുന്നുണ്ടു് അമേരിക്കൻ വിപ്ലവത്തിന്റെ മുദ്രാവാക്യമാണു്. Liberty and property സ്വാതന്ത്ര്യവും സ്വത്തുടമസ്ഥതയും. ഉടമസ്ഥതയും സ്വാതന്ത്യവുമാണു് ബൂർഷ്വാസി സാക്ഷാത്ക്കരിച്ച മുദ്രാവാക്യം. ബൂർഷ്വാസിയുടെ മുദ്രാവാക്യത്തിൽ സമത്വമുണ്ടു്. സാഹോദര്യവുമുണ്ടു്. ബൂർഷ്വാസി ഉണ്ടാക്കിയ മുദ്രാവാക്യത്തിൽ തന്നെ ബൂർഷ്വാസിയെ ഇല്ലാതാക്കാൻ പോന്ന ആശയങ്ങളുണ്ടു്. അതുകൊണ്ടു് ഇതു് ഒരു ബൂർഷ്വാമുദ്രാവാക്യമാണു് എന്നു് പറഞ്ഞാൽ തീരില്ല. ജനാധിപത്യത്തിനു് ഇങ്ങനെയൊരു പൊട്ടൻഷ്യൽ ഉണ്ടു്. എന്താണു് ജനാധിപത്യം? വിശാലാർത്ഥത്തിൽ ‘നിങ്ങൾക്കു വേണ്ടി നിലകൊള്ളാനും നിങ്ങളിലൂടെ നിലവിൽ വരുന്നതുമായ ഒന്നാണു് ഞാൻ’ എന്നും തിരിച്ചറിയാൻ കഴിയുമ്പോഴാണു് ജനാധിപത്യം ഉണ്ടാവുന്നതു്. അടിസ്ഥാനപരമായി ഇതൊരു മാർക്സിസ്റ്റ് അണ്ടർസ്റ്റാന്റിങ് ആണു്… “നിങ്ങൾ എന്നെ തിരിച്ചറിഞ്ഞാൽ മാത്രമേ ഞാനുള്ളൂ” എന്നു് ഞാൻ എപ്പോഴും പറയുന്ന ഒരു ഉദാഹരണമുണ്ടു്. നിങ്ങൾ വിളിയ്ക്കുന്നതാണു് എന്റെ പേരു്… അല്ലാതെ അതു് എന്റെയുള്ളിലുള്ള ഒരു സത്തയല്ല. അതുകൊണ്ടു് ‘ഞാൻ’ എന്നു പറയുന്നതു് ഒരു relation ആണു്. അപ്പോൾ നിങ്ങളോടു് പ്രതിബദ്ധനാണു് ഞാൻ. ആ പ്രതിബദ്ധതയ്ക്കു് കൈവരുന്ന രാഷ്ട്രീയ ആവിഷ്ക്കാരമാണു് ജനാധിപത്യം. അങ്ങനെ വരുമ്പോൾ ജനാധിപത്യത്തെ, ബൂർഷ്വാ പാർലിമെന്ററി ജനാധിപത്യമെന്നതിലേക്കു ചുരുക്കിക്കൊണ്ടു് ബൂർഷ്വാ ജനാധിപത്യമാണു് ജനാധിപത്യത്തിന്റെ ഒരേയൊരു രൂപമെന്നു് തെറ്റിദ്ധരിയ്ക്കുന്നതു് ശരിയല്ല. അങ്ങനെ ചുരുക്കിക്കാണുന്നതു് ശരിയല്ല. ഇതു് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിൽ വന്നുപെട്ട ഒരു പരിമിതിയായിട്ടാണു് എനിക്കു് തോന്നിയിട്ടുള്ളതു്. ജനാധിപത്യത്തിന്റെ ഈ വലിയ സാദ്ധ്യതയെ കേവലം പാർലിമെന്ററി ഡെമോക്രസിയുടെ, ബൂർഷ്വാ ഡെമോക്രസിയുടെ ഒരു പരിമിതമായ ഒരു സ്പേസുമായി കൂട്ടിയിണക്കി മനസ്സിലാക്കുകയാണു് ചെയ്തിരിക്കുന്നതു്. ജനാധിപത്യം വിപ്ലവകരമായ സാദ്ധ്യതകളുള്ള ഒരു ആശയമാണു്. അതിനെ അങ്ങനെതന്നെ കാണണം. ജനാധിപത്യം ഒരു സാധ്യതയാണു് ഫാഷിസമെന്ന വാക്കു് ഞാൻ ആ നിലയിൽ ഉപയോഗിയ്ക്കുന്നില്ലെങ്കിലും ‘സ്റ്റാലിനിസം’ സംശയരഹിതമായും ജനാധിപത്യവിരുദ്ധവും സർവ്വാധിപത്യപരവുമായൊരു പ്രവണതയാണു്. നമുക്കു് ഇഷ്ടമില്ലാത്ത ഒരാളെ ഫാസിസ്റ്റ് എന്നുവിളിയ്ക്കുന്ന ഒരു രീതി നാട്ടിലുണ്ടു്. ആ രീതിയിൽ സ്റ്റാലിനെയും ഫാഷിസ്റ്റ് എന്നു വിളിയിക്കാം. അല്ലെങ്കിൽ സ്റ്റാലിനിസത്തെയും ഫാഷിസമെന്നു വിളിയ്ക്കാം. പക്ഷേ, സൂക്ഷാർത്ഥത്തിൽ ജർമനിയിലോ ഇറ്റലിയിലോ വളർന്നുവന്ന ഫാഷിസം പോലെ, ഇന്ത്യയിൽ വികസിയ്ക്കാൻ സാദ്ധ്യതയുള്ള വർഗ്ഗീയ ഫാഷിസത്തിന്റെ പ്രകൃതംപോലെ ഒന്നല്ല സ്റ്റാലിന്റേതു്. ആ വ്യത്യാസം നിലനിൽക്കുന്നുണ്ടു്. പക്ഷേ, ഇതു് സ്റ്റാലിനിസത്തിനുവേണ്ടിയുള്ള ഏതെങ്കിലും തരത്തിലുളള ഒരു ന്യായവാദമല്ല. സ്റ്റാലിനിസം സംശയരഹിതമായിട്ടും ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവും തൊഴിലാളി വർഗ്ഗത്തിന്റെ വിപുലമായ രാഷ്ട്രീയ ജനാധിപത്യത്തെ വളരെയേറെ അപകടപ്പെടുത്തിയതുമായ ഒരു പ്രവണതയാണു്… യാതൊരു സംശയവുമില്ല. അതു് സ്റ്റാലിന്റെ പ്രശ്നമല്ല കേട്ടോ… സ്റ്റാലിനിസമെന്നതു് സ്റ്റാലിൻ എന്ന വ്യക്തിയുടെ പ്രശ്നമല്ല. മറിച്ചു് സ്റ്റാലിനിസമെന്നു പറയുന്നതു് ജനാധിപത്യവും സംഘടനാബന്ധവും സംഘടനയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ളൊരു പ്രത്യേകതരത്തിലുള്ള ഒരു വീക്ഷണഗതിയാണു്. ആ വീക്ഷണഗതി ഏറ്റവും തീവ്രമായി നടപ്പിലാക്കിയതു് സ്റ്റാലിനായിരുന്നു. സ്റ്റാലിന്റെ പേരിൽ അതു് അറിയപ്പെടുന്നെന്നേയുള്ളൂ. ഇതു് ഏറിയും കുറഞ്ഞും പല ഘട്ടങ്ങളിൽ നിലനില്ക്കുന്നുണ്ടു്. സംശയരഹിതമായും അതു് മാർക്സിസത്തിന്റെ വിപുലമായ ജനാധിപത്യ താത്പര്യത്തെ ധ്വംസിച്ച ഒന്നാണു്. ആ കാര്യത്തിൽ എനിയ്ക്കു സംശയമില്ല. പിന്നെ ചരിത്രപരമായ ചില ന്യായങ്ങളോ ചില ആവശ്യങ്ങളോ സ്റ്റാലിന്റെ അത്തരം പ്രവർത്തികൾക്കു് പിറകിലുണ്ടായിരുന്നു എന്നുപറയാം. രണ്ടാം ലോകയുദ്ധം… ശീതസമരത്തിന്റെ പ്രശ്നങ്ങൾ ഇതൊക്കെയുണ്ടായിരുന്നുവെന്നു പറയാം. എന്തൊക്കെയുണ്ടെന്നു് പറഞ്ഞാലും അന്നു് നടന്ന അതിക്രമങ്ങൾക്കു് അതൊരു ന്യായീകരണമല്ല. അതൊരു കാരണമാണെന്നു് പറയാം. പക്ഷേ, അതിന്റെ പേരിൽ ഈ അതിക്രമങ്ങളൊന്നും നമുക്കു് ന്യായീകരിക്കാൻ കഴിയില്ല. അങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാൽ മാർക്സിസം അതിന്റെ പേരിൽ കൂടുതൽ കൂടുതൽ കളങ്കപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ. രക്ഷപ്പെടില്ല. അതുകൊണ്ടു് നമ്മുടെ പോരായ്മയായിട്ടാണു്… ചരിത്രത്തിലെ, മാർക്സിസ്റ്റ് ചരിത്രത്തിലെ വലിയ പോരായ്മയായിട്ടാണു് സ്റ്റാലിനിസം മാറേണ്ടതു്. അതിനുവേണ്ടി എന്തെല്ലാം കാരണങ്ങൾ പറയാനുണ്ടെങ്കിലും അതിനെ യാതൊരു അർത്ഥത്തിലും സാധൂകരിയ്ക്കാനോ ന്യായീകരിക്കാനോ കഴിയില്ല.
- ചോദ്യം:
- ‘ജനാധിപത്യ കേന്ദ്രീകരണം’ എന്ന സംഘടനാത്വം പര്ഷ്കരിക്കാതെ കോമൺ പ്ലാറ്റ് ഫോം രാഷ്ട്രീയം വിജയിക്കുമോ?
- ഉത്തരം:
- ജനാധിപത്യ കേന്ദ്രീകരണമെന്നു് പറയുന്നതിൽ രണ്ടു കാര്യമുണ്ടു്. ഒന്നു്, ജനാധിപത്യ കേന്ദ്രീകരണം. ചരിത്രാതീതമായ ഒരു കേവലതത്വമൊന്നുമല്ല. ചരിത്രനിരപേക്ഷമായ ഒരു സംഘടനാ തത്വവുമല്ല. അതു് സവിശേഷമായ ഒരു ചരിത്രഘട്ടത്തെ അഭിസംബോധന ചെയ്യുന്നതിനു് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രാപ്തമാക്കുന്ന, സംഘടനയെ പ്രാപ്തമാക്കുന്ന, ഒരു തത്വമെന്ന നിലയിൽ വിഭാവനം ചെയ്യപ്പെട്ടതാണു്. അതുകൊണ്ടു് വിഭിന്നചരിത്രഘട്ടങ്ങൾ നിലവിൽ വരുമ്പോൾ ഈ സംഘടനാ തത്വവും മാറാവുന്നതാണു്. അല്ലാതെ ബാക്കിയെല്ലാം മാറാം ഇതു് മാത്രം മാറ്റം വന്നുകൂടാത്തതാണു്… എന്ന പ്രമാണപദവിയൊന്നും സംഘടനാ തത്വങ്ങൾക്കു് ഇല്ല. കാരണം സംഘടന ചരിത്രത്തിനകത്താണു്. അല്ലാതെ സംഘടനയും സംഘടനായുക്തികളും ചരിത്രത്തിനു പുറത്തു് ചരിത്രത്തിനെ നിർണ്ണയിച്ചു നിൽക്കുന്നുവെന്നു് കരുതേണ്ട ഒരു കാര്യവുമില്ലല്ലോ. ലെനിൻ ഇതു നടപ്പിലാക്കിയപ്പോൾ, ഒരു സവിശേഷഘട്ടത്തിൽ, യുദ്ധസന്ദർഭത്തിൽ, ഒരു ആഭ്യന്തരയുദ്ധത്തിന്റെ ഘട്ടത്തിൽ സംഘടനക്കകത്തു് ജനാധിപത്യപരമായ സംവാദങ്ങൾക്കു് എത്രത്തോളം ഇടം കൊടുക്കാം എന്നൊരു പ്രായോഗിക പ്രശ്നത്തിനുള്ള മറുപടിയായിട്ടാണു് ഇതു് മുന്നോട്ടു വെച്ചതു്. ആ പ്രായോഗിക പ്രശ്നം തന്നെ അദ്ദേഹം നേരിട്ട രീതിയും നമ്മൾ ആലോചിക്കണം. ഈ ജനാധിപത്യ കേന്ദ്രീകരണം നടപ്പിലാക്കിയ ലെനിൻ കാമനേവിനെയും അതുപോലെ തന്നെ പി. ബി. അംഗമായിരുന്ന സിനോവിവനേയും—ഇവർ രണ്ടുപേരും മേൻഷെവിക്കുകളുടെ പക്ഷത്തു നിന്നുകൊണ്ടു് വിപ്ലമുന്നേറ്റം സായുധമായൊരു കലാപമായി പാർട്ടി ആസൂത്രണം ചെയ്യപ്പെട്ടപ്പോൾ അക്കാര്യം മുൻകൂട്ടി പത്രങ്ങൾക്കു് പറഞ്ഞുകൊടുക്കുകയും ഇവരെ പി. ബി.-യിൽ നിന്നു് പുറത്താക്കുകയും ചെയ്തു. പി. ബി.-യിൽ നിന്നു് പുറത്താക്കി. വിപ്ലവം പൂർത്തീകരിയ്ക്കപ്പെട്ടു് അധികാരത്തിൽ വന്നപ്പോൾ ലെനിൻ ചെയ്ത കാര്യം ഇവരെ പി. ബി.-യിലേക്കു് തിരിച്ചെടുക്കലാണു്. കാരണം വിപ്ലവകരമായ ഒരു ഘട്ടത്തിൽ അവരുടെ അടിസ്ഥാന നിലപാടിനെ പാർട്ടിക്കു കയ്യൊഴിയേണ്ടി വന്നുവെന്നതിന്റെ അർത്ഥം ഇനി ചരിത്രകാലത്തിലുടനീളം അവരെ പാർട്ടിക്കു് ആവശ്യമില്ലായെന്നല്ല. മറിച്ചു് അവരെ ഉൾക്കൊണ്ടുകൊണ്ടു് പാർട്ടി മുമ്പോട്ടുപോകുകയാണു് ചെയ്തതു്. ലെനിന്റെ ഒസ്യത്തു് എന്നറിയപ്പെടുന്ന പ്രമാണമുണ്ടല്ലോ. അതിൽ അദ്ദേഹം പറഞ്ഞ കാര്യമെന്താണു്. രണ്ടുകാര്യങ്ങളാണു് അദ്ദേഹം പറഞ്ഞതു്. സ്റ്റാലിന്റെ എല്ലാ പോരായ്മകളും കൃത്യം കൃത്യമായിട്ടു് അതിൽ പറയുന്നുണ്ടു്. ഏകാധിപത്യവാസന വളരെ കൂടുതലാണു്. ജനാധിപത്യ നിലപാടു് കുറവാണു്… ഇങ്ങനെ ഒരാളുടെ കൈയ്യിൽ ചെല്ലുമ്പോൾ ജനാധിപത്യ കേന്ദ്രീകരണം സ്വച്ഛാധിപത്യമായിട്ടു് മാറാം. ഇതെല്ലാം ലെനിൻ അവസാനകാലത്തു് അദ്ദേഹത്തിന്റെ ഒസ്യത്തിൽ പറഞ്ഞിട്ടുണ്ടു്. ഒപ്പം തന്നെ അദ്ദേഹം പറഞ്ഞതു്… പി. ബി.-യിൽ പരമാവധി അംഗങ്ങളെ എടുക്കണം. കാരണം പി. ബി.-യിൽ കുറച്ചു് അംഗങ്ങളെയുള്ളൂവെങ്കിൽ അവർ തമ്മിലുള്ള തർക്കം പാർട്ടിയെ വലിയ തോതിൽ ബാധിക്കും. കൂടുതൽ പേരുണ്ടെങ്കിൽ തർക്കം പാർട്ടിയെ ബാധിക്കില്ല. അതുപോലെ അദ്ദേഹം പറഞ്ഞു. ദീർഘകാലം പ്രവർത്തനപരിചയമുള്ളവരെ എടുക്കുന്നതിനുപകരം പുതിയ ആളുകളെ എടുക്കാൻ ശ്രമിക്കണം. കാരണം ദീർഘകാലം നിങ്ങൾ ആരോടാണോ എതിരിടുന്നതു് അതുവഴി അവരുടെ സ്വഭാവം നിങ്ങൾ ആർജ്ജിയ്ക്കാൻ വഴിയുണ്ടു്. ഇതൊക്കെ ലെനിന്റെ ഒസ്യത്തിലുണ്ടു്. ഞാൻ പറഞ്ഞതു്, ജനാധിപത്യകേന്ദ്രീകരണം പ്രവർത്തനക്ഷമമാക്കാൻ തുടങ്ങുമ്പോഴുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചു് നല്ല കരുതൽ ലെനിന്റെ ഭാഗത്തുണ്ടായിരുന്നു.
- ചോദ്യം:
- പക്ഷേ, ആ ‘കരുതൽ’ ഒന്നും പില്ക്കാലത്തു് ഈ തത്ത്വത്തിന്റെ പ്രയോഗത്തിൽ കാണാൻ കഴിഞ്ഞില്ല.
- ഉത്തരം:
- മിക്കവാറും ഉണ്ടായില്ല. അതുകൊണ്ടു് വളരെ അധികം സ്വേച്ഛാധിപത്യ പ്രവണതകൾ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരിൽ നടപ്പിലാക്കപ്പെട്ടു. ഇങ്ങനെ വരുമെന്നു് മുൻകൂട്ടി കണ്ടു് ഒരു നിലപാടു് എടുത്ത ആളാണു് റോസാ ലക്സംബർഗ്. ലെനിൻ എന്തു ചെയ്തുവെന്നതു തന്നെ ഒരു കാര്യമാണു്. ലെനിൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നീടതു് മാറ്റിക്കൂടാ എന്നു പറയുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. മാർക്സ് പറഞ്ഞതു് പലതും തെറ്റായിരുന്നുവെന്നു് നമ്മൾ പറയുന്നുണ്ടല്ലോ. ഇന്ത്യാ ചരിത്രത്തെക്കുറിച്ചു് മാർക്സ് പറഞ്ഞ പല നിരീക്ഷണവും തെറ്റായിരുന്നുവെന്നു് നമുക്കു് അറിയാമല്ലോ. മാർക്സിനു് തെറ്റുണ്ടു് എന്നു് നമുക്കു് പറയാമെങ്കിൽ പിന്നെ ലെനിന്റെ ഭാഗത്തു് പിഴവുണ്ടെന്നു് പറഞ്ഞാലും തരക്കേടൊന്നുമില്ല. ജനാധിപത്യ കേന്ദ്രീകരണമെന്നതു് ഒരു സവിശേഷഘട്ടത്തിലെ സംഘടനായുക്തിയാണു്. ആ സവിശേഷഘട്ടം കഴിഞ്ഞാൽ ഇപ്പോൾ അതു് ആവശ്യമുണ്ടോയെന്നു് ആലോചിക്കാം. ചർച്ചചെയ്യേണ്ട കാര്യമാണു്. റോസാ ലക്സംബർഗ് ആദ്യമേ ഇതിനെ എതിർത്ത ആളാണു്. കാരണം ഇതു് വളരെ പെട്ടെന്നു് ഒരു ഏകാധിപത്യപരമായ സംവിധാനത്തിലേക്കു പോകും. ഏകാധിപതികളായ നേതൃത്വത്തിനു് വിശേഷപദവി നല്കിക്കൊണ്ടു് ജനങ്ങളെ, ഇച്ഛാശക്തിയില്ലാത്ത അനുയായികളും ആൾക്കൂട്ടവുമായി മാറ്റുന്നതിലേക്കു നയിക്കുമെന്നായിരുന്നു അവരാദ്യം ഉന്നയിച്ച വിമർശനം: ആ വിമർശനത്തിന്റെ സാംഗത്യവും വളരെ പ്രധാനപ്പെട്ടതാണു്.
- ചോദ്യം:
- രണ്ടു വിരുദ്ധ തത്വങ്ങളെ കൂട്ടിയിണക്കുന്നു, ജനാധിപത്യം—കേന്ദ്രീകരണം…!
- ഉത്തരം:
- ഞാൻ നേരത്തെ പറഞ്ഞല്ലോ എന്താണു് ജനാധിപത്യം? അതു് ഭൂരിപക്ഷമല്ല. വിയോജിയ്ക്കാനുള്ള ന്യൂനപക്ഷത്തിന്റെ അവകാശവും ആ വിയോജിപ്പിനെ അംഗീകരിച്ചുകൊണ്ടു് അതിനുകൂടി ഇടംകൊടുത്തു അവരെക്കൂടി ഉൾച്ചേർക്കാനുള്ള ഭൂരിപക്ഷത്തിന്റെ സന്നദ്ധതയുമാണു് ജനാധിപത്യം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഇല്ലാതാക്കുന്നതാണു് ജനാധിപത്യമെന്നു കരുതിക്കൂട. ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഇല്ലാതാക്കുന്നതിന്റെ പേരു് ഫാഷിസം എന്നു മാത്രമാണു്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരിൽ വലിയൊരളവോളം നടന്നതു് ഇക്കാര്യമാണു്. അതുകൊണ്ടു് ന്യൂനപക്ഷം ഇല്ലാതായിത്തീരുന്ന, എതിർശബ്ദങ്ങൾ ഇല്ലാതായിത്തീരുന്ന ഒരു സംവിധാനത്തെ നമ്മൾ ജനാധിപത്യമെന്നു് വിളിച്ചുകൂടാ. ജനാധിപത്യത്തിന്റെ ആദ്യത്തെ കരുതൽ എതിർശബ്ദങ്ങളെ സംരക്ഷിയ്ക്കലാണു്. എന്തുകൊണ്ടാണു് ഫാഷിസ്റ്റുകൾ. വർഗ്ഗീയഫാഷിസ്റ്റുകൾ ജനാധിപത്യവാദികളല്ല എന്നു നമ്മൾ പറയുന്നതു്. ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടല്ല. 31% വോട്ടേ അവർക്കുള്ളൂ. 51% വോട്ട് അവർക്കു് കിട്ടിയാൽ, ഇതെല്ലാം ശരിയാകുമോ? മറിച്ചു് ആലോചിയ്ക്കുക. ഹിന്ദുത്വവാദത്തിനു് 50 ശതമാനം വോട്ട് കിട്ടി. അല്ലെങ്കിൽ 60 ശതമാനം വോട്ട് കിട്ടി… അന്നവർ ഇതിനേക്കാൾ തീവ്രമായി ഹിന്ദുത്വം നടപ്പിലാക്കിയാൽ ശരിയാവുമോ? അപ്പോൾ ജനാധിപത്യമാകുമോ? ഒരു സംശയവും വേണ്ട… ജനാധിപത്യം ആവില്ല. കാരണം അപരശബ്ദങ്ങളെ സ്വാംശീകരിക്കാനും അവയെക്കൂടി പരിഗണിക്കുന്നതിനും അതിനെക്കുറിച്ചുകൂടി കരുതലുള്ള ഒരു സംവിധാനമായി പ്രവർത്തിയ്ക്കാനുമുള്ള നമ്മുടെ ആന്തരികശേഷിയെയാണു് ജനാധിപത്യ സംവിധാനം എന്നു പറയുക. ബൂർഷ്വാ ഡെമോക്രസിയിലും പാർലിമെന്ററി ഡെമോക്രസിയിലും പലപ്പോഴും അതുണ്ടാവില്ല. അതാണു് ബൂർഷ്വാ ജനാധിപത്യത്തിന്റെ ഒരു ദൗർബ്ബല്യം. അതുകൂടി പരിഹരിച്ചാലാണു് സോഷ്യലിസ്റ്റ് ജനാധിപത്യം വരിക. അതുകൊണ്ടു് ബൂർഷ്വാ ജനാധിപത്യത്തിന്റെ പോരായ്മകളെ മറികടക്കുന്ന, ജനാധിപത്യയുക്തിയാണു് വേണ്ടതു്. അതിന്റെ പോരായ്മകളെ അതിനേക്കാൾ ശക്തമായി, സംഘടിതമായി ആവിഷ്ക്കരിക്കുന്ന വിദ്യയല്ല വേണ്ടതു്. നമ്മൾ ജനാധിപത്യ കേന്ദ്രീകരണത്തിൽ, കേന്ദ്രീകരണത്തെ ജനാധിപത്യത്തിനേക്കാൾ എത്രയോ ശക്തമായി ഉറപ്പിച്ചു. ഒരു ബാലൻസ് ഉണ്ടായില്ല. അതായതു് ഭൂരിപക്ഷപരമായൊരു അഭിപ്രായം വരുന്നു. സംഘടന ആ തീരുമാനമെടുക്കുന്നു… അപ്പോഴും ന്യൂനപക്ഷപരമായ അഭിപ്രായങ്ങൾ നിലനില്ക്കണം. ആ അഭിപ്രായങ്ങൾ ഉന്നയിക്കുന്നവർക്കു് സ്പേസ് ഉണ്ടാവണം. അതാണു് പിന്നീടു് ശരിയെന്നു് മനസ്സിലാക്കിയാൽ അതു് സംഘടനയുടെ യുക്തിയിലേക്കു തിരിച്ചുവരികയും വേണം. ഇതിനുപകരം എന്തു സംഭവിയ്ക്കുന്നു… ഭിന്നാഭിപ്രായങ്ങൾ വരുമ്പോൾ അതു് എന്നെന്നേയ്ക്കുമായി ഒഴിവാക്കപ്പെടുന്നു. ഞാൻ പറഞ്ഞല്ലോ. സിനോവിവിനേയും കാമിനേവിനെയും പി. ബി.-യിലേക്കു് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച ലെനിനാണു് ജനാധിപത്യ കേന്ദ്രീകരണം കൊണ്ടുവന്നതു്. അതാണു് അദ്ദേഹം ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രായോഗിക മാതൃകയാക്കി കാണിച്ചതു്.
- ചോദ്യം:
- നിസ്സാര തർക്കങ്ങൾ കാരണം ദീർഘകാല പ്രവർത്തന ചരിത്രമുള്ളവരെ പ്രസ്ഥാനത്തിൽനിന്നും എന്നെന്നേക്കുമായി ഇല്ലതാക്കുന്നതിനു് എത്രയോ ഉദാഹരണങ്ങളുണ്ടു്.
- ഉത്തരം:
- തർക്കങ്ങളിൽ ഭിന്നാഭിപ്രായം പറഞ്ഞവരിൽ ചിലർ ശരിയായിരിക്കും. ഇനി ഭിന്നാഭിപ്രായം പറഞ്ഞവർ തെറ്റാണെങ്കിൽ തന്നെയും അവരുടെ അക്കാലം വരെയുള്ള ജീവിതത്തിന്റെയും പ്രവൃത്തികളുടെയും സംഭാവനകൾ എത്ര മഹനീയമാണു്. ജനാധിപത്യ കേന്ദ്രീകരണം എന്നു പറയുന്നതു് യാന്ത്രികമായ ഒരു സംഘടനായുക്തിയായിട്ടല്ല വളരെ വിപുലമായൊരു ജനാധിപത്യപരിപ്രേക്ഷ്യമായിട്ടാണു് നിലനിൽക്കേണ്ടതു്. അങ്ങനെ നിലനിർത്തുന്നതിൽ പരാജയപ്പെടുമെന്നുള്ളതു് കമ്യൂണിസ്റ്റു പാർട്ടികൾ തന്നെ പല രൂപത്തിൽ പുനരാലോചിച്ചിട്ടുണ്ടു്. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ പലതരത്തിലുള്ള പുനരാലോചനകൾ ഈ പ്രശ്നം തുറന്നുകാണിച്ചിട്ടുണ്ടു്. നേതൃസ്ഥാനത്തു് ഇത്രകാലമേ ഒരാൾ നില്ക്കാൻ പാടുള്ളൂ, അല്ലെങ്കിൽ ജനാധിപത്യം ശക്തമായ രീതിയിൽ നടപ്പിലാവണം എന്നൊക്കെ പലപ്പോഴും നമ്മൾ നടത്തുന്ന ആത്മവിമർശനത്തിന്റെ അടിസ്ഥാനം തന്നെ ജനാധിപത്യകേന്ദ്രീകരണമെന്ന തത്വത്തിനു് പ്രായോഗികമായി ധാരാളം പരിമിതികൾ ഇപ്പോഴും നിലനില്ക്കുന്നു എന്നു തന്നെയാണു്. രണ്ടു കാര്യമാണു് എനിക്കു് ഇതു സംബന്ധിച്ചു് പറയാനുള്ളതു്. ഒന്നു്, മാറി വരുന്ന പുതിയ ഒരു ചരിത്രസന്ദർഭത്തിൽ ഇതു് എത്രത്തോളം സംഗതമാണു് എന്നതിനെക്കുറിച്ചു് സർവ്വതലസ്പർശിയായി ഒരു സംവാദം നടക്കണം. രണ്ടു്, ആ സംവാദം നടക്കുമ്പോൾ അതിലൊരു തീർപ്പാക്കുന്നതുവരെ എന്തു ചെയ്യണം… ജനാധിപത്യ കേന്ദ്രീകരണത്തിലെ ജനാധിപത്യമെന്ന അംശത്തെ കേന്ദ്രീകരണയുക്തിക്കു് കീഴ്പ്പെട്ടുപോകാത്തമട്ടിൽ സംഘടനാ സംവിധാനങ്ങൾക്കു് അകത്തു് ഉറപ്പിച്ചെടുക്കാൻ കഴിയണം. അങ്ങനെ ഉറപ്പിച്ചെടുത്തു കഴിഞ്ഞാൽ, ഈ കേന്ദ്രീകരണ യുക്തി അതിനെ വിഴുങ്ങില്ലായെന്നു് വന്നുകഴിഞ്ഞാൽ, ജനാധിപത്യകേന്ദ്രീകരണം എന്തുപറഞ്ഞാലും ഇന്നുള്ള സ്ഥിതി വിശേഷത്തിൽ നിന്നും പുറത്തുകടക്കുന്നതിനു് അതു് വഴിവെക്കും.
- ചോദ്യം:
- ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു് നടന്ന സമാന്തര ആഘോഷങ്ങളെ മാഷ് എങ്ങനെ കാണുന്നു?
- ഉത്തരം:
- ഹൈന്ദവവാദികൾ അവരുടെ ആയുധമാക്കിയെടുത്ത ഇത്തരം പരിപാടികൾ നമ്മളേറ്റെടുത്തു നടത്തിയാൽ അങ്ങനെ എല്ലാം ഏറ്റെടുക്കേണ്ടിവരില്ലേ? മതചിഹ്നങ്ങൾ മതനിരപേക്ഷമായ ഒരു പ്രയോഗത്തിലേക്കു് വികസിപ്പിക്കുന്നുണ്ടെങ്കിൽ അതു് നല്ലതാണു്. മതചിഹ്നങ്ങളെ മതത്തിന്റെ പ്രയോഗമണ്ഡലങ്ങളിൽ നിന്നു് പുറത്തുകൊണ്ടുവന്നു് ആവിഷ്ക്കരിക്കാൻ കഴിയണം. കൃഷ്ണൻ എന്ന മിത്തിക്കൽ character-നെ കൃഷ്ണസങ്കല്പത്തിന്റെ ചരിത്രത്തോടും സാമൂഹ്യാവസ്ഥകളോടുമൊക്കെ ബന്ധപ്പെടുത്തി പല നിലയിൽ നമുക്കു് വിശദീകരിയ്ക്കാമല്ലോ. കൃഷ്ണൻ ഒരു ലഘുവായ ബിംബമല്ല… കൊസാംബിയൊക്കെ അതു വിശദമായിട്ടു് ചർച്ച ചെയ്യുന്നുണ്ടു്… നമ്മുടെ കൃഷ്ണസങ്കല്പത്തിന്റെ രൂപപ്പെടൽ. പലകാലങ്ങളിലുണ്ടായ പരിവർത്തനങ്ങൾ. അദ്ദേഹം പറയുന്നതു് പഴയ നൊമാഡിക് സൊസൈറ്റിയുടെയും പില്ക്കാലത്തു് അഗേറിയൻ സൊസൈറ്റിയുടെയും നായകനായിട്ടുതന്നെ കൃഷ്ണൻ മാറി എന്നാണു്. പശുപാലകനായും കാർഷികസമൂഹത്തിന്റെ നായകനായും കൃഷ്ണൻ മാറുന്നുണ്ടു്. കൃഷ്ണനെ ചരിത്രവത്ക്കരിക്കാനും ജനാധിപത്യവത്ക്കരിക്കാനും ഒരു ചർച്ചയുടെ വിഷയമാക്കാനുമൊക്കെ നമുക്കു് പറ്റുകയാണെങ്കിൽ നല്ലതാണു്. ഇനി കൃഷ്ണബിംബം അങ്ങേയറ്റത്തെ മതവത്ക്കരണത്തിന്റെ ഒരു വിഷയമാവുമ്പോൾ ഒരു Counter Strategy എന്ന നിലയ്ക്കു് മതനിരപേക്ഷമായ ഒരു പ്രയോഗത്തിന്റെ ഒരു അവതരണത്തിന്റെയോ ഒരു താത്ക്കാലിക പ്രതീകമാക്കുന്നതിൽ പ്രായോഗികമായി ചില ഫലങ്ങളുണ്ടെന്നു് കരുതാം. പക്ഷേ, അതിൽ കവിഞ്ഞു് ഇതാണു് ശരിയായ ഒരു പ്രതിരോധ മാർഗ്ഗമെന്നൊന്നും തെറ്റിദ്ധരിക്കേണ്ട കാര്യമൊന്നുമില്ല. തത്ക്കാലത്തേക്കു് Counter Strategy എന്ന നിലക്കൊക്കെ ഉപയോഗിക്കാവുന്ന ചില കാര്യങ്ങളുണ്ടല്ലോ. അതിനെ നമ്മൾ അമിതമായി മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. കേരളത്തിലെ മദ്ധ്യ വർഗ്ഗത്തെ കൂടെ കൂട്ടാനുള്ള ഇടതുപക്ഷപരമായ പണിയെന്താണു്. മദ്ധ്യവർഗ്ഗത്തെ സ്വാധീനിച്ചിട്ടുള്ള വലതുപക്ഷപരമായ ആശയങ്ങളോടു് ഐക്യപ്പെടലാണോ… മദ്ധ്യവർഗ്ഗമിന്നു് കേരളത്തിൽ നയിക്കപ്പെടുന്നതു് വലതുപക്ഷപരമായ വീക്ഷണങ്ങളാലും താത്പര്യങ്ങളാലുമാണു്. അതു് ഏറ്റെടുത്തു് ആവർത്തിച്ചു് ഇടതുപക്ഷത്തിനു് വലതുപക്ഷത്തെ തോൽപ്പിക്കാനൊന്നും പറ്റില്ല. ഇടതുപക്ഷത്തെ കുറെക്കൂടി വലതു പക്ഷത്തേയ്ക്കു് കൊണ്ടുപോവുകയും സമൂഹം മൊത്തം കൂടുതൽ വലതുപക്ഷപരമായി തീരുകയും ചെയ്യുമെന്നു് മാത്രമേയുള്ളൂ…
- ചോദ്യം:
- ഈ മദ്ധ്യവർഗത്തെ ഇടതുപക്ഷപരമായ നിലപാടിലേക്കു കൊണ്ടുവരാൻ എന്തുവേണം?
- ഉത്തരം:
- അതിനു് ‘നീതി’യെ മുൻനിർത്തികൊണ്ടുള്ള സമരമുഖങ്ങൾ തുറക്കണം. കേരളത്തെ മുൻനിർത്തി പറഞ്ഞാൽ, ആരാണിന്നു് കേരളത്തിൽ ഏറ്റവും പീഡിതരായ തൊഴിലാളികൾ? ഞാൻ മൂന്നു കൂട്ടരുടെ പേരു പറയാം. ഒന്നു് പീടികതൊഴിലാളികൾ… Sales girls അടക്കം. രണ്ടു്, നഴ്സുമാർ; മൂന്നു് അൺ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകർ… ജീവനക്കാർ. ഇവരോളം കേരളത്തിലിന്നു് ചൂഷിതരായവരല്ല കേരളത്തിലെ സാധാരണ പണിക്കാർ പോലും… കൂലിത്തൊഴിലാളികൾ പോലും. ദിവസം 500 രൂപ ഒരു കൂലിത്തൊഴിലാളിക്കു് നാട്ടിൽ കിട്ടും. ഒരു അന്യസംസ്ഥാനത്തൊഴിലാളിയ്ക്കു് 500–600 രൂപ കേരളത്തിൽ കിട്ടും. അതേസമയം കേരളത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയത്തിൽ അദ്ധ്യാപകർക്കു് എത്ര രൂപ കിട്ടും? ദിവസം 150 രൂപ തികച്ചു കിട്ടുന്നവർ എത്ര പേരുണ്ടാവും? മാസം 5,000 രൂപ കിട്ടുന്ന അദ്ധ്യാപികമാർ എത്ര പേരുണ്ടു് ? 10,000 രൂപ കിട്ടുന്ന നഴ്സുമാർ എത്ര പേരുണ്ടു്? ദിവസം 150–200 രൂപ കൂലി കിട്ടാത്ത അഭ്യസ്തവിദ്യരായ, സവിശേഷവൈദഗ്ദ്ധ്യമുള്ള ലക്ഷക്കണക്കിനു മനുഷ്യരും കേരളത്തിൽ ചൂഷിതരായിട്ടുണ്ടു്. ഇവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നമായിട്ടു് മാറിയിട്ടുണ്ടോ മാറിയിട്ടില്ല. എപ്പോഴെങ്കിലും ഒറ്റത്തിരിഞ്ഞു് അവിടവിടെ ചില സമരം നടക്കുന്നു എന്നതല്ലാതെ. എത്ര ലക്ഷമുണ്ടു് പീടികത്തൊഴിലാളികൾ? എന്താണു് സ്ഥിതി? രാവിലെ എട്ടുമണിക്കു് കടയിൽക്കയറി രാത്രി 10 മണിക്കും 11 മണിക്കും 12 മണിക്കും കടയിൽ നിന്നിറങ്ങിയാൽ എത്ര രൂപയാണു് കിട്ടുന്നതു്? ഞാൻ പറയുന്നതു് ഇത്തരം പ്രശ്നങ്ങളേറ്റെടുത്തു് അവരുടെ പ്രസ്ഥാനമായി മാറുമ്പോൾ—സമൂഹത്തിൽ നീതിബോധമുള്ള ധാരാളം മനുഷ്യർ ഇന്നുണ്ടു്, സമൂഹത്തിൽ നീതിബോധം അറ്റുപോയിട്ടൊന്നുമില്ല—ഈ പ്രശ്നങ്ങൾ നിങ്ങൾ ഏറ്റെടുത്തു് സമരം ചെയ്താൽ ഈ നീതിബോധമുള്ള മനുഷ്യർ നിങ്ങളോടൊപ്പമുണ്ടാകും. അങ്ങനെ മദ്ധ്യവർഗ്ഗപരമായ അവബോധത്തെ നിങ്ങൾക്കു് ഉൽപതിഷ്ണുത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ പറ്റും. അതിന്റെകൂടെ ഈ വലതുപക്ഷത്തിനെതിരായ ചില കൗണ്ടർ സ്ട്രാറ്റജികളോ പ്രകടനങ്ങളോ ആഘോഷങ്ങളോ ഒക്കെ നടത്താം. അല്ലാതെ വലതുപക്ഷത്തിന്റെ മതാത്മകയുക്തികളെ അതേപടി ആഘോഷിച്ചതു കൊണ്ടു് വലതുപക്ഷസ്വാധീനം ഇല്ലാതാവുമെന്നു് കരുതിക്കൂടാ.
- ചോദ്യം:
- മദ്ധ്യവർഗ്ഗത്തെ രാഷ്ട്രീയമായി റാഡിക്കലാക്കി എടുക്കുന്നതിനുള്ള സ്പേസ് മുഖ്യധാരാ ഇടതുപക്ഷം ഉപയാഗിക്കുന്നുണ്ടോ?
- ഉത്തരം:
- കൊച്ചുകൊച്ചു സംഘങ്ങൾ, ചെറിയ ചെറിയ കൂട്ടായ്മകൾ വന്നു് അതു് ഏറ്റെടുക്കുമ്പോൾ അവരൊക്കെ വളരെ പെട്ടെന്നു് Anti-left ആയിത്തീരും! ആലപ്പുഴയിൽ നടന്ന സമരം തോമസ്സ് ഐസക്കി ന്റെയും ജി. സുധാകരന്റെ നേതൃത്വത്തിൽ ശക്തമായി നടത്തി വിജയിപ്പിച്ചു. അതുതന്നെയാണു് ചെയ്യേണ്ടതു്. കേരളത്തിലുടനീളം ചെയ്യേണ്ടതു് അതാണു്. ഇങ്ങനെയുള്ള സമരങ്ങൾ ഏറ്റെടുക്കണം. ഇപ്പോൾ ചെറിയ സംഘങ്ങളാണു് ഇത്തരം സമരങ്ങൾ ഏറ്റെടുക്കുന്നതു്… അവർ അതേറ്റെടുക്കുന്നതോടെ മുഖ്യ ധാരാരാഷ്ട്രീയ പാർട്ടികൾ അതേറ്റെടുക്കാതെ പിൻമാറുന്നു. അവർ സമരങ്ങൾ ഏറ്റെടുത്തതുകൊണ്ടു് തങ്ങളുടെ പദവി നഷ്ടപ്പെട്ടുവെന്നു് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കരുതുന്നു. മറ്റാരെങ്കിലും ഏറ്റെടുത്തതുകൊണ്ടു് നിങ്ങൾ ഇതു് ഏറ്റെടുത്തുകൂടാത്ത സമരമാണു് എന്നൊന്നും ഞാൻ കരുതുന്നില്ല. അതായതു് 10–12 മണിക്കൂർ പണി യെടുക്കുന്നവർക്കു് മാസം അയ്യായിരം രൂപ ശമ്പളം കൊടുക്കുന്ന ഒരു സ്ഥിതി നിലനിൽക്കുന്നുണ്ടെങ്കിൽ കേരളത്തിൽ നിങ്ങൾ തൊഴിലാളിപ്രസ്ഥാനം അതിൽ എന്തുചെയ്യണം? അത്രയേയുള്ള പ്രശ്നം. അതു് ആരു കൂടെയുണ്ടു്… ആരു് ഏറ്റെടുത്തു… ആരു കൊണ്ടു നടന്നു. ഇതൊന്നും നമ്മുടെ Concern ആവരുതു്. നമ്മുടെ കരുതൽ ഈ മനുഷ്യരാണു്. ഈ തൊഴിലാളികളാണു്. അവരുടെ കൂടെ നിന്നാൽ മതി. ഈ സമരം ഏറ്റെടുത്താലുണ്ടല്ലോ കേരളത്തിലെ മദ്ധ്യവർഗ്ഗത്തിലെ നീതിബോധമുള്ള ലക്ഷോപലക്ഷം മനുഷ്യർ കൂടെ വരും. അങ്ങനെ മാത്രമേ നമുക്കിവരെ കൂടെ കൂട്ടാൻ പറ്റു… ഇവരെ റാഡിക്കലാക്കാൻ പറ്റു… ഞാൻ വേറൊരു ഉദാഹരണം പറയാം ആഗോളവത്ക്കരണം തുടങ്ങിയ സമയത്തു് ഇതിനെതിരെ സമരം ചെയ്യുന്നതു് അസംബന്ധമാണു് എന്നാണു് ഇന്ത്യയിലെ മദ്ധ്യവർഗ്ഗം മുഴുവൻ കരുതിയിരുന്നതു്. ഈ കഴിഞ്ഞ പണിമുടക്കിന്റെ കാര്യത്തിൽ എന്തുണ്ടായി? ഇന്ത്യൻ മദ്ധ്യവർഗ്ഗവും ഇന്ത്യയിലെ മാദ്ധ്യമങ്ങളും വലിയൊരു പങ്കു് ഈ സമരത്തോടു് അനുകൂല നിലയിലേക്കു് എത്തിയല്ലോ… എങ്ങനെയെത്തി? എത്തിയതു് വലതുപക്ഷ മാദ്ധ്യമങ്ങൾ അതിനെ പിന്തുണച്ചതുകൊണ്ടൊന്നുമല്ല. അവസാനിയ്ക്കാത്ത സമരമാണു്… ഞാനൊരു ലേഖനത്തിനു് ഈ തലക്കെട്ടു് മുൻപേ ഇട്ടിരുന്നു. ഇപ്പോഴും പറയുകയാണു്… ‘നിലയ്ക്കാത്ത സമരങ്ങളാണു് ഇടതുപക്ഷം.’ സമരം അവസാനിപ്പിക്കാൻ പാടില്ല. സമരം അവസാനിയ്ക്കുന്നതു് എപ്പോഴാണെന്നു് അറിയുമോ… പ്രശ്നം ഇല്ലാതാവുമ്പോഴാണു്. നമ്മുടെ ചുറ്റും നോക്കിയാൽ അങ്ങനെയൊരു സ്ഥിതിയല്ലല്ലോ. പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നിങ്ങൾക്കു് സമരം ചെയ്യേണ്ട. പ്രശ്നങ്ങൾ ഉള്ളിടത്തോളം സമരം ചെയ്തേ പറ്റൂ. അതുവഴി മാത്രമേ ഇടതു പക്ഷത്തെ ഉറപ്പിച്ചെടുക്കാൻ പറ്റു. റംസാന്റെ കാലത്തു് നോമ്പുതുറ സംഘടിപ്പിക്കാറുണ്ടു്. ഇന്നാളൊരു ക്യാമ്പിൽ ചെന്നപ്പോൾ ചോദിച്ചു. നോമ്പുതുറ സംഘടിപ്പിക്കുന്നതു് ശരിയാണോ? അതിൽ പ്രായോഗികമായി ഒരു പ്രതീകമൂല്യമുണ്ടു്. ആ നിലയിൽ അതു് നല്ലതുമാണു്. അതിൽ കവിഞ്ഞ ഒരു സമരമായി ഇതിനെ കാണുകയും ചെയ്യരുതു്. സമരങ്ങൾ ചെയ്യാതിരിയ്ക്കുന്നതിനുള്ള ന്യായമായിട്ടും കാണരുതു്. വലതുപക്ഷബോധത്തെ ഇല്ലാതാക്കാൻ വലതുപക്ഷ ആശയങ്ങൾ ഇടതുപക്ഷമേറ്റെടുത്തതുകൊണ്ടു് കഴിയില്ല. അതിനെ ഇടതുപക്ഷവല്ക്കരിയ്ക്കണം. ഇടതുപക്ഷവല്ക്കരണം പൊളിറ്റിക്കൽ റാഡിക്കലൈസേഷൻ വഴിയാണു് നടക്കുക. ഫാഷിസത്തെ അത്ര സാർവ്വത്രികവല്ക്കരിയ്ക്കണമോ? ഒരു ഫാഷിസ്റ്റ് turn എന്നു പറയുന്നതാവും കൂടുതൽ ശരി. ലളിതമായി പറഞ്ഞാൽ അപരബോധമില്ലാത്ത ആത്മസങ്കല്പമാണു് ഫാഷിസം. അപരത്വത്തെ സമ്പൂർണ്ണമായി നിരസിക്കുന്ന ആത്മതത്വത്തിന്റെ ദർശനം, അതു് ഫാഷിസ്റ്റാണു് അല്ലെങ്കിൽ ഫാഷിസ്റ്റ് പൊട്ടൻഷ്യൽ ഉള്ളതാണു്. അത്തരത്തിലുള്ള ഒരു ആത്മതത്വം… നമ്മുടെ ജീവിതത്തിൽ പ്രബലമായിട്ടുണ്ടു്. അതു് നമുക്കു് എവിടെ നോക്കിയാലും കാണാം. ആ നിലയിൽ ഇതു് ശരിയാണു്. പക്ഷേ, അതിനെ ഫാഷിസ്റ്റ് ഭരണകൂട സാമൂഹ്യക്രമവുമായി സമീകരിക്കാൻ പറ്റില്ല. ഞാൻ ഈ പറഞ്ഞ മനോഭാവത്തെ അല്ലെങ്കിൽ ഒരു ജീവിതബോധത്തെ ഫാഷിസ്റ്റ് ഭരണകൂടം എന്നു പറയുന്നതു ശരിയല്ല. പക്ഷേ, ഇതൊരു ഫാഷിസ്റ്റ് പൊട്ടൻഷ്യലാണു്. ഡെമോക്രാറ്റിക് എന്നു പറയുന്നതു് അടിസ്ഥാനപരമായി ഫാസിസ്റ്റ് വിരുദ്ധമായിരിയ്ക്കുന്നതു് നേരത്തെ പറഞ്ഞതുപോലെ ഭൂരിപക്ഷ ഹിതം അതിനകത്തുള്ളതുകൊണ്ടല്ല; അപരത്തെക്കുറിച്ചുള്ള കരുതൽ അതിനുള്ളിലുള്ളതുകൊണ്ടാണു്. ഞാൻ എന്നെ മാത്രം അതിൽ കാണുന്നതു് ഒരു ഫാഷിസ്റ്റ് മനസ്സും ഞാൻ നിന്നെക്കൂടി പരിഗണിച്ചുകൊണ്ടു് എന്നെ കാണാൻ തുടങ്ങുമ്പോൾ ഒരു ജനാധിപത്യാവബോധവും ഉണ്ടായി വരുന്നു. ഈ അപരബോധമില്ലാത്ത ആത്മ സങ്കല്പം, അതു് നമ്മുടെ കുടുംബഘടനയിൽ ഇപ്പോഴുണ്ടല്ലോ. നമ്മുടെ കുടുംബം എന്നുപറഞ്ഞാലൊരു ഫാഷിസ്റ്റ് മിനിയേച്ചറാണല്ലോ… സർവ്വാധികാരിയായ ഒരു ഏകനേതാവാണു് രാഷ്ട്രത്തലവനെങ്കിൽ സർവ്വാധികാരിയായ ഒരു പിതാവാണല്ലോ കുടുംബനാഥൻ. ഭാര്യയ്ക്കു്, മക്കൾക്കു്, മറ്റുള്ളവർക്കു്. അഭിപ്രായമില്ല… അവകാശമില്ല… സ്വാതന്ത്ര്യമില്ല… ഒന്നുമില്ലല്ലോ. ആദർശവത്ക്കരിക്കപ്പെട്ട കേരളീയ കുടുംബഘടനയുടെ അടിസ്ഥാനം ഇതാണു്. ഫാഷിസ്റ്റ് സ്വഭാവമുള്ള, ഏകാധിപത്യപരമായ ഒരു പുരുഷഘടന അതിലുണ്ടു്. കുടുംബഘടനയിൽ അതുണ്ടു്. പ്രണയത്തിലുണ്ടു്… പാർട്ടി ഘടനയിലുണ്ടു്… മറ്റു പലതിലുമുണ്ടു്… ചോദ്യം ചെയ്തുകൂടാത്ത എതിർക്കപ്പെട്ടു കൂടാത്ത ശബ്ദങ്ങൾ വരുന്നുണ്ടു്. അപ്പോൾ ആ നിലയിൽ അതൊരു ഫാഷിസ്റ്റ് സാദ്ധ്യതയെ ഉൾക്കൊള്ളുന്നുണ്ടു്. അതു് വളരെ വ്യാപകവുമാണു്. അതിനെ ചെറുക്കാനുള്ള ഏകവഴി ജനാധിപത്യപരമായ എതിർശബ്ദങ്ങളെ ബോധപൂർവ്വം തന്നെ നിലനിർത്തുകയെന്നുള്ളതാണു്. അതു നിലനിർത്തുവാനുള്ള ബോധപൂർവ്വമായ പരിശ്രമം വാസ്തവത്തിൽ നമ്മുടെ പ്രസ്ഥാനങ്ങൾ കൊണ്ടുവരേണ്ടതാണു്. എതിർശബ്ദങ്ങളെ ഉൾക്കൊള്ളുകയെന്നതു്, അതിനു് ഉള്ളിൽ തന്നെയുണ്ടാവണം. നിങ്ങൾ ഡെമോക്രാറ്റിക് ആണോ എന്നറിയാനുള്ള ഒരു വഴി എതിർശബ്ദങ്ങളെ ഉൾക്കൊള്ളാനും നിലനിർത്താനും നിങ്ങൾക്കു് എത്രത്തോളം ശേഷിയുണ്ടു് എന്നതിലാണു്. എതിർശബ്ദങ്ങളെ നിങ്ങളുടെ കൂടെ നിലനിർത്താൻ നിങ്ങൾ എത്രത്തോളം പ്രതിബദ്ധമാണോ അത്രത്തോളം മാത്രമാണു് നിങ്ങൾ ഡമോക്രാറ്റിക്കാവുക. ഇതു് തെരഞ്ഞെടുപ്പിലോ, പാർലിമെന്റിലോ ഭരണകൂടത്തിലോ മാത്രം നടക്കേണ്ട കാര്യമല്ല. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മതലത്തിൽ വരെ, വ്യക്തികൾ തമ്മിലുള്ള പരസ്പര പെരുമാറ്റം മുതൽ രാഷ്ട്രജീവിതത്തിന്റെ അങ്ങേത്തലവരെ നടക്കുന്നു. ബസ്സിൽ സഞ്ചരിക്കുമ്പോൾ, അന്യമനുഷ്യരോടു് സംസാരിയ്ക്കുമ്പോൾ മുതൽ ഇതു് തുടങ്ങുന്നു.
- ചോദ്യം:
- എതിർ ശബ്ദങ്ങൾ അത്തരത്തിൽ ഉൾക്കൊള്ളുന്നുണ്ടോ?
- ഉത്തരം:
- ഉൾക്കൊള്ളുകയെന്നതു് അവരുടെ ഉത്തരവാദിത്വമല്ല. നിങ്ങളുടെ ഉത്തരവാദിത്വമാണു് എന്നു നിങ്ങൾ തിരിച്ചറിയുമ്പോഴാണു് നിങ്ങൾ ഡെമോക്രാറ്റിക്കാവുന്നതു്. അതായതു് നിങ്ങളോടു വിയോജിക്കാനുള്ള എന്റെ അവകാശമാണു് ജനാധിപത്യമെന്നതുപോലെ എന്നോടു് വിയോജിക്കാനുള്ള നിങ്ങളുടെ അവകാശം കൂടിയുണ്ടെങ്കിലേ ജനാധിപത്യമുള്ളൂവെന്നു് ഞാൻ മനസ്സിലാക്കണം. അല്ലാതെ നിങ്ങളോടു് വിയോജിയ്ക്കാനുള്ള എന്റെ അവകാശം ജനാധിപത്യവും എന്നോടു് വിയോജിക്കാനുള്ള നിങ്ങളുടെ അവകാശം വിഘടനവാദവുമാണെന്നു് പറയുന്നതിൽ എന്തു ശരിയാണുള്ളതു്? ഇതു് വളരെ ആദർശാത്മകമായ ഒരു Position ആണു്. നൂറു ശതമാനം നടപ്പിലാവുക എളുപ്പവുമല്ല. പക്ഷേ, ഞാൻ പറയുന്നതു് ഈ ആദർശാത്മക നിലപാടിനെ നമ്മൾ വിടാതെ പിടിയ്ക്കണം. കാരണം എങ്കിൽ മാത്രമെ അതു് പ്രായോഗികമായി ഒരു മിനിമം ലെവലില്ലെങ്കിലും നടപ്പിലാവുകയുള്ളൂ. എന്നോടു് വിയോജിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യാവകാശത്തെ ഞാൻ വകവെക്കുകയും അനുസരിയ്ക്കകയും വേണമെന്നു് താത്ത്വികമായി പറഞ്ഞാലും പ്രയോഗത്തിൽ അങ്ങനെ വരില്ലല്ലോ. കാരണം എന്നോടു് നിങ്ങൾ യോജിക്കുന്നതു് എന്തായാലും എനിയ്ക്കു് സ്വീകാര്യമല്ലല്ലോ… അതുകൊണ്ടു് ഞാൻ പ്രയോഗത്തിൽ ഇതു് വകവെച്ചു തരില്ല. പലപ്പോഴും അതുകൊണ്ടു് ഞാനീപ്പറഞ്ഞ കാര്യം നൂറുശതമാനം നടപ്പിലാവില്ല. പക്ഷേ, നൂറു ശതമാനം നടപ്പിലാവാത്തപ്പോഴും ഈ തത്വത്തെ നാം വിട്ടുകൂട. കാരണം ഈ തത്വമാണു് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അതായതു് പ്രായോഗികമായി അതു് ഏതളവിൽ ഫലിയ്ക്കുന്നുവെന്നതിനെ മുൻനിർത്തി ഈ തത്വത്തിന്റെ അടിസ്ഥാനപരമായ ശരിയെ നമ്മൾ വിട്ടുകൂട. മനുഷ്യനു മനുഷ്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിയ്ക്കുന്ന ഒരു സമൂഹം എന്നതു് ഒരു സ്വപ്നമാണു്. അതു് നടപ്പിൽ വരിക ഒരുപക്ഷേ, ചരിത്രത്തിൽ സാദ്ധ്യമല്ലായെന്നു് കരുതാം. സംഘർഷങ്ങൾ ഇല്ലാത്തൊരു സമൂഹമെന്നതു് ഒരു സ്വപ്നം മാത്രമാണു്, ഉട്ടോപ്യൻ ആണെന്നു് പറയാം. എന്നാൽ ആ ഉട്ടോപ്യക്കു് വേണ്ടി നിലകൊള്ളുമ്പോഴാണു് നമ്മൾ കൂടുതൽ കൂടുതൽ നീതിബോധമുള്ള മനുഷ്യരും സമൂഹവുമായി മാറുന്നതു്. അതുകൊണ്ടു് ഇതു ഫലിച്ച ആദർശമാണോ… കേവല ആദർശമാണോ എന്നതിലല്ല. ചിലപ്പോൾ നമ്മൾ പറയാറുണ്ടല്ലോ… ഇതൊന്നും നടപ്പിലാവില്ലായെന്നു്. വാസ്തവത്തിൽ ഫലിയ്ക്കാത്ത ആദർശങ്ങൾക്കുവേണ്ടി ചൊരിഞ്ഞ രക്തമാണു് മനുഷ്യരെ ഇവിടെ വരെ എത്തിച്ചതു്. അല്ലാതെ വിജയിച്ച ആശയങ്ങളുടെയും വിജയിച്ച ഭരണകൂടങ്ങളുടെയും ബലത്തിലല്ല. മാർക്സ് വിജയിച്ച ഒരാളുടെ പേരല്ലല്ലോ… ജീവിതകാലത്തു് പരാജയപ്പെട്ടു്, മക്കൾ മരിച്ചു്… പട്ടിണിയിൽ അലഞ്ഞു് മരിച്ചുപോയ ഒരാളാണു്. അതുകൊണ്ടു് വിജയിച്ച മനുഷ്യരല്ല. വിജയിച്ച മഹായുദ്ധങ്ങളല്ല. മറിച്ചു് ചില മൂല്യങ്ങളാണു്; അതിനുവേണ്ടിയുള്ള ചില സമർപ്പണമാണു് നമ്മളെ മുമ്പോട്ടു കൊണ്ടുപോയതു്. അതു് ഇവിടെയും ബാധകമാണു്. അതുകൊണ്ടു് ഞാൻ എന്റെ കുടുംബത്തിനകത്തും എന്റെ ജോലിസ്ഥലത്തും എന്റെ കൂട്ടുകാരോടും എന്റെ ബന്ധങ്ങളോടും ഒക്കെ ജനാധിപത്യപരമായി തുടരുന്നുണ്ടോ… എന്ന ചോദ്യം ഞാൻ എന്നോടു് ചോദിയ്ക്കണം. ഒരു കൂട്ടായ്മ അതിനോടു ചോദിക്കണം, ഒരു സംഘടന അതിനോടു ചോദിയ്ക്കണം, ഒരു രാഷ്ട്രം അതിനോടു ചോദിയ്ക്കണം. ആ ചോദ്യം അനശ്വരമായ ഒരു ചോദ്യമാണു്. ലോകാന്ത്യം വരെ നിലനിൽക്കുന്നതാണു്. എല്ലാകാലത്തും നിലനിൽക്കുന്ന ഒരു ചോദ്യമായിട്ടു് ഇതു് മാറും. അതു് ഉന്നയിക്കാനുള്ള നമ്മുടെ ശേഷിയിലാണു് നമ്മുടെ ജനാധിപത്യത്തിന്റെ വ്യാപ്തി… നിലനില്പു് എന്നാണു് ഞാൻ കരുതുന്നതു്.
- ചോദ്യം:
- കേരളത്തിലെ മദ്ധ്യവർഗത്തിന്റെ നിശ്ശബ്ദതയുടെയോ കീഴടങ്ങലിന്റെയോ രാഷ്ട്രീയമെന്താണു്?
- ഉത്തരം:
- മദ്ധ്യവർഗ്ഗത്തിനു് ചരിത്രപരമായി തന്നെ ഒരു സന്ദിഗ്ദ്ധതയുണ്ടു്. മദ്ധ്യവർഗ്ഗം ആദർശപരമായി റാഡിക്കലായിരിക്കും എപ്പോഴും. പ്രായോഗികമായി അവർ റാഡിക്കലായ ഒരു പൊസിഷൻ ഏറ്റെടുക്കില്ല. ആദർശാത്മകമായി അവർ എപ്പോഴും പുരോഗമനവാദികളായിരിക്കും. എന്നാൽ ആ പുരോഗമന ബോധത്തെ ആവിഷ്ക്കരിക്കാനോ നടപ്പിൽ വരുത്താനോ അവർക്കു പലപ്പോഴും കഴിയില്ല. നോക്കി നിൽക്കുകയോ ആദർശം പറഞ്ഞു് മാറി നില്ക്കുകയോ ഒക്കെ ചെയ്യുന്ന ഒരു സ്വഭാവം. ഒരു സുരക്ഷിതത്വബോധം… അങ്ങനെ പല പ്രശ്നങ്ങളുണ്ടു്. ചരിത്രപരമായി തന്നെ മദ്ധ്യവർഗ്ഗത്തിനു് ഈ പ്രശ്നമുണ്ടു്. പക്ഷേ, നമുക്കറിയാമല്ലോ, ലോകത്തെ ആധുനികലോകത്ത എല്ലാ വിപ്ലവാവേശങ്ങളും രൂപപ്പെട്ടതു്, കൊണ്ടുനടന്നതു്, വലിയൊരളവോളം ഈ മദ്ധ്യവർഗ്ഗത്തിലെ റാഡിക്കലുകളാണു്. മാർക്സ് തന്നെ ഒരു മദ്ധ്യവർഗ്ഗക്കാരനാണു്. മാർക്സോ എംഗൽസോ നമ്മൾ കാണുന്ന ഈ വലിയ വിപ്ലവകാരികളോ ഒക്കെ തന്നെ മദ്ധ്യവർഗ്ഗ പശ്ചാത്തലത്തോടു ബന്ധമുള്ളവരാണു്. അല്ലാതെ ഏറ്റവും ദരിദ്രനായ ഒരു തൊഴിലാളിയിൽ നിന്നല്ലല്ലോ നമ്മുടെ വിപ്ലവനേതൃത്വം ഉയർന്നു വന്നതു്. പക്ഷേ, ഒരു സമൂഹമെന്ന നിലയ്ക്കു്, ഒരു സാമൂഹ്യവിഭാഗമെന്ന നിലയ്ക്കു്, മദ്ധ്യവർഗ്ഗത്തിനു് സ്വതഃസിദ്ധമായി ഈ റാഡിക്കലിസമില്ല. അപ്പോൾ ഇതൊരു പ്രശ്നമാണു്. സംഘടിതമായ പ്രവർത്തനങ്ങളിലൂടെ സാമൂഹികമായി ഒരു ചലനം ഉളവാക്കുമ്പോൾ അതു് ആദ്യമേറ്റെടുക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യാനുള്ള ശേഷിയും ഈ മദ്ധ്യവർഗ്ഗത്തിനുണ്ടു്. ഈ സാമൂഹിക ചലനങ്ങൾ അവർ നോക്കുന്നുണ്ടു്. അതിലൂടെ കടന്നുപോകുന്നുണ്ടു്. അങ്ങോട്ടും ഇങ്ങോട്ടും ആടാൻ എപ്പോഴും സന്നദ്ധതയുള്ളവരാണു്. അങ്ങോട്ടുള്ള ആട്ടത്തെ ഇങ്ങോട്ടു് ആക്കുകയെന്നതാണു് നമ്മുടെ ഉത്തരവാദിത്വം. കേരളത്തിൽ എന്തുസംഭവിച്ചു? കഴിഞ്ഞ അൻപതു് കൊല്ലമായി. മുപ്പതുകൾ മുതൽ അല്ലെങ്കിൽ നാല്പതുകൾ മുതൽ ഒരു നാല്പതു കൊല്ലക്കാലം, കേരളീയ മദ്ധ്യവർഗ്ഗത്തെ, മദ്ധ്യവർഗ്ഗ അവബോധത്തെ ഒട്ടൊക്കെ റാഡിക്കൽ ആക്കാനായിട്ടു് നമുക്കു് കഴിഞ്ഞു. പക്ഷേ, പിന്നീടു് ഈ മദ്ധ്യവർഗ്ഗാവബോധം ഏതാണ്ടു് സ്തംഭനാവസ്ഥയിലേക്കു്… പിന്നാലെ വലതുപക്ഷവത്ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണു്. കഴിഞ്ഞ ഒരു പത്തോ പതിനഞ്ചോ വർഷം കൊണ്ടു് കേരളത്തിലെ മദ്ധ്യവർഗ്ഗം കൂടുതൽ കൂടുതലായി വലതുപക്ഷവത്ക്കരിക്കപ്പെട്ടുവെന്നതാണു് സത്യം. കുറേക്കൂടി യാഥാസ്ഥിതിക സ്വഭാവമുള്ള മദ്ധ്യവർഗ്ഗമായി ഉറച്ചു അതു്. അതിന്റെ ചലനാത്മകത സ്വാഭാവികമായി ഉണ്ടാവുന്നതല്ല. അതു് സാമൂഹികമായി ഉണ്ടാക്കിയെടുക്കുന്നതാണു്. നാല്പതുകളിൽ നിന്നു് എഴുപതുകളിലേക്കു് എത്തുമ്പോഴുള്ള ചലനാത്മതയ്ക്കു് എഴുപതുകളിലൊരു മാറ്റം വരുന്നുണ്ടു്. അതിനുശേഷവും നമ്മുടെ പൊളിറ്റിക്കൽ ഇന്റർവെൻഷൻ വരുന്നു. എന്നാൽ മദ്ധ്യവർഗ്ഗത്തിന്റെ ലോകാവബോധത്തെ ഇളക്കിമറിച്ചു് കൂടുതൽ റാഡിക്കലാക്കുകയെന്ന നിലയിലേക്കു് അതു് വളർന്നില്ല. നാടുവാഴിത്തത്തിൽ നിന്നു് ആധുനിക ജനാധിപത്യ സമൂഹമായി മാറി. ആ ബോദ്ധ്യം ഉറച്ചു. ആധുനിക ജനാധിപത്യത്തിന്റെ പരിമിതികൾ… അതിന്റെ മറ്റു തരത്തിലുള്ള പാർശ്വവത്ക്കരണത്തിന്റെ പ്രശ്നങ്ങൾ… അതിനെ Political issue-വാക്കി ഈ സമൂഹത്തെ പിന്നെയും Radicalise ചെയ്യണം. ആ ജോലി നമ്മൾ ചെയ്തില്ല. അതുകൊണ്ടു തന്നെ ആ മദ്ധ്യവർഗ്ഗത്തിന്റെ സ്വഭാവം കൂടുതൽ കൂടുതലായി വലതുപക്ഷപരമായി. റാഡിക്കൽ Position-നു് സാമൂഹികമായി ഒരിടവുമില്ലെങ്കിൽ ഈ റാഡിക്കലുകൾ എന്തുചെയ്യും… ഒന്നുകിൽ അരാജകവാദികളാവും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ വലതുപക്ഷത്തേയ്ക്കു് പോകും. അതു് കേരളത്തിൽ സംഭവിച്ചു. അതു് അവരുടെ പരാജയമെന്നു് നമ്മൾ കണ്ടുകൂടാ. റാഡിക്കലായിട്ടു് നില്ക്കാൻ പറ്റുന്ന ഒരന്തരീക്ഷം കേരളത്തിലില്ലെങ്കിൽ ഒരാൾ എത്രകാലം ഒറ്റയ്ക്കു് അങ്ങനെ നില്ക്കും? അതു് നമ്മൾ നോക്കേണ്ട ഒരു കാര്യ മാണു്. ഇതു് ഇടതുപക്ഷത്തിനു വന്നുപെട്ട ഒരു പരിമിതിയായിട്ടുകൂടി നമ്മൾ കാണണം.
സുനിൽ പി. ഇടയിടം കെ. അജയൻ (കോഴിക്കോടു്) അനിൽ നരിക്കുനി എന്നിവരുമായി നടന്ന അഭിമുഖം.
ആദ്യ പ്രസാധനം: പീപ്പിൾ എഗെൻസ്റ്റ് ഗ്ലോബലൈസേഷൻ (PAG) നവംബർ 2015.
വിമർശകനും പ്രഭാഷകനും. 1968-ൽ ജനിച്ചു. അച്ഛൻ എം. സി. പങ്കജാക്ഷൻ ഇളയിടം. അമ്മ ഡി. രമണീ ദേവി. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും. ‘ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം’ എന്ന വിഷയത്തിൽ പിഎച്ച്. ഡി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാളവിഭാഗം പ്രൊഫസർ.
സാഹിത്യവിമർശനം (അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ-2011), കലാചരിതം/കലാനിരൂപണം (കൺവഴികൾ കാഴ്ചവട്ടങ്ങൾ-2003, അനുഭൂതികളുടെ ചരിതജീവിതം-2014, ത്യാഗരാജയോഗവൈഭവം-2017, ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ-2019), മാർക്സിസം (വീണ്ടെടുപ്പുകൾ: മാർക്സിസവും ആധുനികതാവിമർശനവും-2013, അലയടിക്കുന്ന വാക്കു്-2019), ചരിതം (ചരിതം: പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും-2004, ഇന്ത്യാചരിത്രവിജ്ഞാനം: ദേശം, ദേശീയത, ദേശചരിതം-2012), സംസ്കാരപഠനം (അധിനിവേശവും ആധുനികതയും-1999, ഉരിയാട്ടം-2007, ദമിതം: ആധുനികതാവിമർശനത്തിന്റെ രാഷ്ട്രീയ അബോധം-2009), ലേഖനങ്ങൾ (നാനാർത്ഥങ്ങൾ: സമുഹം, ചരിത്രം സംസ്കാരം-2016), പുസ്തകപഠനം (വായനാവിചാരം-2017), പ്രഭാഷണം (ആത്മം, അപരം, അധിനിവേശം-2016) എന്നീ മേഖലകളിലായി പതിനഞ്ചു് പുസ്തകങ്ങൾ.
സാഹിത്യവിമർശനത്തിനും വൈജ്ഞാനിക സാഹിത്യത്തിനുമുള്ള കേരളസാഹിത്യഅക്കാദമി അവാർഡ്, കലാവിമർശന മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം, കലാനിരൂപണത്തിനുള്ള കേരള ലളിതകലാ അക്കാദമി അവാർഡ്, പ്രഥമ ചിന്തരവി പുരസ്കാരം, എം. എൻ. വിജയൻ സ്മാരക അവാർഡ്, ഡോ. കെ. എൻ. എഴുത്തച്ഛൻ അവാർഡ്, പവനൻ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, തായാട്ടു് അവാർഡ്, എസ്. ബി. ടി. അവാർഡ്, പട്ടത്തുവിള അവാർഡ്, ഗുരുദർശന അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.
ഭാര്യ: മീന എസ്. മക്കൾ: ജാനകി, മാധവൻ.