പാതിരാത്രിയും പിന്നിട്ടുവെങ്കിലും അപ്പർ ബർത്തിൽ ചരിഞ്ഞുകിടക്കുന്ന ജമീലയും എതിർവശത്തെ ലോവർ ബർത്തിലെ ഓർമ്മ നശിച്ച വൃദ്ധനും ഉറങ്ങിയിരുന്നില്ല. വൃദ്ധൻ കിടക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. ആറടിക്കുമേലെ ഉയരമുള്ള അയാൾ, മറ്റൊരു വൃദ്ധൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന മിഡിൽ ബർത്തിൽ തല തട്ടാതെ, ജനാല താഴ്ത്തിയിട്ടില്ലാത്തതിനാൽ അഴികളിൽ തട്ടിച്ചിന്നി അകത്തേയ്ക്കു് ഊക്കോടെ ചിതറുന്ന പെരുമഴയാൽ ഒരു ചെടിയെന്ന വണ്ണം നനയ്ക്കപ്പെട്ടു്, അങ്ങനെ നനയ്ക്കപ്പെടുന്നതിൽ യാതൊരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ, തീവണ്ടിയുലയുന്ന താളത്തിൽ, സീറ്റിന്റെ ഒത്ത നടുവിൽ ചുരുണ്ടുകൂടിയിരുന്നാടുന്നതു് തേനീച്ചക്കൂടു പോലത്തെ മുടിയുള്ള ജമീല തന്റെ ഐ-ഫോണിന്റെ പ്രകാശത്തിൽ നോക്കിക്കിടന്നു. ഓർമ്മ നശിച്ച ഒരു മനുഷ്യനാണു് അയാളെന്ന കാര്യം, ഹൗറയിൽ നിന്നും എറണാകുളം വരെ പോകുന്ന ആ തീവണ്ടി ഹൗറയിൽ നിന്നും യാത്ര തുടങ്ങുന്നതിനു മുൻപു്, അയാളെ ജമീലയ്ക്കു് എതിരെയുള്ള ജനാലസീറ്റിൽ ഇരുത്തിയ ഉടൻ തന്നെ മിഡിൽ ബർത്തിലെ വൃദ്ധൻ ജമീലയോടു് പറഞ്ഞിരുന്നു. താൻ കേരളത്തിൽ സുവിശേഷവേല ചെയ്യുന്ന ഒരു പാസ്റ്ററാണെന്നു് പരിചയപ്പെടുത്തിയ അയാൾ തന്റെ പേരു് പറഞ്ഞതു് ജമീല അപ്പോൾ തന്നെ മറന്നു. കൂടെയുള്ള വൃദ്ധൻ കൊൽക്കത്തയിൽ തന്റെ സഭ നടത്തുന്ന ഏതോ സ്ഥാപനത്തിലെ ജോലിക്കാരനാണെന്നും കുറച്ചു നാളായി ഓർമ്മയും ബോധവുമില്ലെന്നും ഇനി ശിഷ്ടകാലം നാട്ടിലെ ഏതെങ്കിലും സ്ഥാപനത്തിൽ നിർത്താനാണു് സഭയുടെ തീരുമാനമെന്നും കൊൽക്കത്തയിൽ നിന്നു് അയാളെ കൂട്ടിക്കൊണ്ടുവരാൻ സഭ നിയോഗിച്ച ആളാണു് താനെന്നും അയാൾ പറഞ്ഞു. ഇതെല്ലാം തന്നോടു് പറയുന്നതെന്തിനെന്നു് ജമീലയ്ക്കു് മനസ്സിലായില്ലെങ്കിലും അവൾ എല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുകയും തിരിച്ചൊന്നും പറയാതെ തലയാട്ടിയിരിക്കുകയും ഇതൊരു വെറും നുണക്കഥ മാത്രമാണെന്നു് ഉറപ്പിക്കുകയും നുണക്കഥയായാലെന്തു് അല്ലെങ്കിലെന്തു് എന്നു് സ്വയം ചോദിക്കുകയും ചെയ്ത ശേഷം, പാസ്റ്ററിൽ നിന്നും ശ്രദ്ധ വിടുവിച്ചു്, ആ സമയം മുഴുവൻ അഴികളിൽ തല ചേർത്തുവെച്ചു് പ്ലാറ്റ്ഫോമിലേയ്ക്കു് നോക്കിയിരിക്കുകയായിരുന്ന ഓർമ്മ നശിച്ച വൃദ്ധനെ നോക്കി, മൂടൽമേഘങ്ങളുടെ നിറവും ഭാവവുമുള്ള അയാളും പാസ്റ്ററും ഒരേപോലത്തെ, തന്റെ കുട്ടിക്കാലത്തെ കാമുകൻ അവന്റെ ആദ്യകുർബ്ബാനയ്ക്കിട്ടിരുന്നതു പോലത്തെ, ഉടുപ്പുകളാണല്ലോ ഇട്ടിരിക്കുന്നതെന്നു് ജിജ്ഞാസപ്പെട്ടു. അയാളുടെ തേച്ചുവെടിപ്പാക്കിയ കറുത്ത പാന്റ്സും അരക്കയ്യൻ വെള്ള ഷർട്ടും കറുത്ത ബെൽറ്റും തിളങ്ങിമിനുങ്ങുന്ന കറുത്ത ലെതർ ഷൂസും സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിൽ പാസ്റ്ററായിരിക്കുമോ അയാളെ ഉടുപ്പിടീപ്പിച്ചിട്ടുണ്ടാവുക എന്ന കൗതുകം അവളിൽ ഒരു നിമിഷം മിന്നി; ഇത്രയും ശൂന്യമായ കണ്ണുകൾക്കു മാത്രം സാധ്യമാവുന്ന പ്രപഞ്ചങ്ങൾ എന്തൊക്കെയായിരിക്കാം എന്ന മറ്റൊരു കൗതുകം അവളെ കൂടുതൽ രസിച്ചപ്പോൾ അതു് മറഞ്ഞു.
പിന്നെയുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന പാസ്റ്ററെ പൂർണ്ണമായും അവഗണിച്ചു് അവൾ പ്ലാറ്റ്ഫോമിലേയ്ക്കു് നോക്കി: വിവിധയിനം മനുഷ്യർ; വിവിധയിനം ഉടുപ്പുകൾ; വിവിധയിനം കാത്തിരിപ്പുകൾ; വിവിധയിനം യാത്രയയക്കലുകൾ; വിവിധയിനം തിരക്കുകൾ; വിവിധയിനം മൊബൈൽഫോണുകൾ; വിവിധയിനം കണ്ണുകൾ; വിവിധയിനം കൃഷ്ണമണികൾ; വിവിധയിനം ചെവികൾ; വിവിധയിനം കൈയ്യാംഗ്യങ്ങൾ; വിവിധയിനം വിരലുകൾ; വിവിധയിനം കാലുകൾ; വിവിധയിനം പാദരക്ഷകൾ; വിവിധയിനം ചലനതാരകൾ; പ്ലാറ്റ്ഫോമിൽ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കടലാസുവള്ളമിറക്കുന്ന ഒരു കുട്ടി; ആ കുട്ടിയുടെ കടലാസുവള്ളത്തിന്റെ ഊതനീല; അന്തിമഴവെളിച്ചത്തിന്റെ നരച്ച വിഷാദത്തിൽ അതിന്റെ നിഴലിളക്കങ്ങൾ. ജമീല പ്ലാറ്റ്ഫോമിൽ നിന്നും നോട്ടം പിൻവലിച്ചു് വീണ്ടും വൃദ്ധനെ നോക്കി; ഇടത്തുനിന്നും വലത്തേയ്ക്കു് പരത്തിച്ചീകിവച്ചിരിക്കുന്ന അയാളുടെ ജെൽ തേച്ചുപിടിപ്പിച്ചതു പോലെയുള്ള സമൃദ്ധിയാർന്ന വെള്ളിത്തലമുടിയെ നോക്കി; ചെകുത്താൻചെവികളിൽ നിന്നും ആന്റിനക്കമ്പികൾ പോലെ പുറത്തേയ്ക്കെഴുന്നു നിൽക്കുന്ന രോമങ്ങളെ നോക്കി; കണ്ണുകളുടെ ശൂന്യതയെ രാകിക്കൂർപ്പിക്കുന്ന തിമിരവെളുപ്പിനെ നോക്കി; വിദഗ്ദ്ധമായി ക്ഷൗരം ചെയ്ത കവിളുകളുടെ കുഴിഞ്ഞ ഞൊറിവുകളെ നോക്കി; നീളൻമൂക്കിനെയും നീളൻമൂക്കിന്റെ ഒത്ത നടുവിലെ കുഞ്ഞുകാക്കപ്പുള്ളിയെയും നോക്കി; വിണ്ടുവിളറിയ ചുണ്ടിലെ തുപ്പൽച്ചാലുകളെ നോക്കി; ടർക്കിക്കോഴികളുടേതു പോലെയുള്ള കഴുത്തിലൂടെ നടന്നുപോകുന്ന ഒരു തടിയൻ ചുവന്നുറുമ്പിനെ നോക്കി. പെട്ടെന്നൊരു പ്രേരണയിൽ അവൾ കൈ നീട്ടി ഉറുമ്പിനെ തൂത്തുകളഞ്ഞിട്ടു്, എന്തിനാണു് അങ്ങനെ ചെയ്തതെന്നറിയാതെ, അയാളുടെ ഇളകാത്തതും രാഗവൈരാഗ്യരഹിതവുമായ നോട്ടത്തിന്റെ അതേ ദിശയിലേയ്ക്കു്, കടലാസുവള്ളമിറക്കിയ കുട്ടി അതിനോടകം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്ന ഇടത്തേയ്ക്കു്, ആ കുട്ടിയുടെ ചഞ്ഞരഞ്ഞ നൗകയെ നോക്കി ഒരു നിമിഷമിരുന്ന ശേഷം അയാളുടെ കണ്ണുകളിലെ ശൂന്യതയിലേയ്ക്കു് തിരിച്ചെത്തി. കുറച്ചുനേരം കൂടി അയാളെ നോക്കി അവിടെ ഇരിക്കണമെന്നു് തോന്നിയെങ്കിലും, അങ്ങനെ ചെയ്താൽ പാസ്റ്ററുമായി സംസാരിച്ചിരിക്കേണ്ടിവരുമെന്നു് അറിയാവുന്നതിനാലും മനുഷ്യരുമായി സംസാരിക്കുന്നതിലെ വിമുഖത നിമിത്തം കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കാമുകരിൽ നിന്നും അപരിചിതരിൽ നിന്നുപോലും അകന്നകന്നകന്നകന്നുപോയ ഒരുവളായതിനാലും അങ്ങനെയൊരുവളല്ലായിരുന്നെങ്കിൽ കൂടി ബംഗാളിലെ കുഗ്രാമങ്ങളിലൂടെയും സിക്കിമിലെ മഞ്ഞുമലകളിലൂടെയും ഏറെനാൾ തനിച്ചു് അലഞ്ഞുതിരിഞ്ഞതിന്റെ ക്ഷീണം ഉച്ചി മുതൽ പാദം വരെ അപ്രതിരോധ്യമാം വിധം പടർന്നുപിടിച്ചിട്ടുണ്ടായിരുന്നതിനാലും അവൾ, ഉറഞ്ഞുപോയ ഒരു നോട്ടത്തിൽ പൂണ്ടു് വർഷങ്ങൾക്കപ്പുറമുള്ള ഒരു തീവണ്ടിയിൽ ഇരിക്കുന്ന ഒരുവളുടെ തലമുടിയിലൂടെയെന്ന പോലെ, വൃദ്ധന്റെ തലമുടിയിലൂടെ വിരലുകളോടിച്ച ശേഷം ബാക്ക്പാക്കുമായി അപ്പർ ബർത്തിൽ കയറി, ഇളംമഞ്ഞ വരകളുള്ള തന്റെ കടുംനീല ട്രാക്കു് സ്യൂട്ടിന്റെ പോക്കറ്റിൽ വച്ചിരിക്കുന്ന ഒരു ദശകത്തോളം പഴക്കമുള്ള ഐപോഡിന്റെ ഇയർഫോൺ ചെവികളിൽ തിരുകി, കണ്ണുകളടച്ചു്, ബാക്ക്പാക്കിൽ തലവച്ചു്, നീണ്ടുനിവർന്നുകിടന്നു. എറണാകുളത്തേയ്ക്കുള്ള ടിക്കറ്റാണു് ബുക്ക് ചെയ്തിരുന്നതെങ്കിലും ഭുബനേശ്വറിലിറങ്ങി ചിൽകയിലെ ദേശാടനപ്പക്ഷികളെ കാണാൻ പോകാമെന്നോ അല്ലെങ്കിൽ വിശാഖപ്പട്ടണത്തിറങ്ങി രണ്ടുമൂന്നു നാൾ കടൽ കണ്ടും കടലിൽ കുളിച്ചും കടലലകൾക്കു മീതെ തെന്നിത്തിമിർത്തും കഴിയാമെന്നോ ആയിരുന്നു, തീവണ്ടി സ്റ്റേഷൻ വിടുന്നതിനു മുമ്പു തന്നെ മയങ്ങിത്തുടങ്ങിയ അവളുടെ പദ്ധതി. ഗാഢനിദ്രയിലേയ്ക്കു് വൈകാതെ പരിണമിച്ച മയക്കത്തിൽ നിന്നും അവളുണർന്നപ്പോൾ പാതിരാത്രിയും ഭുബനേശ്വറും പിന്നിടുകയും വൃദ്ധനൊഴിച്ചു് മറ്റു ബർത്തുകളിലെ മനുഷ്യർ ഉറക്കത്തിന്റെ പല ഘട്ടങ്ങളിൽ ആഴുകയും ചെയ്തിരുന്നു. താനും ഉറക്കത്തിന്റെ തുടർച്ചയിലാണെന്നൊരു പ്രതീതി ഉറക്കമുണർന്ന ശേഷം അൽപനേരത്തേയ്ക്കു് അവളെ പൊതിഞ്ഞു. ഐപോഡിന്റെ ഇയർഫോൺ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റിൽ ചുരുട്ടിക്കൂട്ടി വച്ചു്, കണ്ണുതിരുമ്മി, കണ്ണുചിമ്മി, കണ്ണുമിഴിച്ചു്, ഐഫോണിൽ സമയം നോക്കി, അവൾ ബാക്ക്പാക്കിൽ നിന്നും മുക്കാലോളം കാലിയായ ഒരു കുപ്പി വെള്ളമെടുത്തു് കുറച്ചു തുള്ളികൾ കണ്ണുകളിൽ അവശേഷിച്ച ഉറക്കത്തിലേയ്ക്കു് ഇറ്റിച്ചു; ബാക്കി മുഴുവൻ വായിലേയ്ക്കു് കമിഴ്ത്തി. താഴെയിറങ്ങി, ജനാലയുടെ ഷട്ടറിട്ടു്, വൃദ്ധന്റെ അടുത്തു് ചെന്നിരിക്കണമെന്നു് തോന്നിയെങ്കിലും അവൾ വൃദ്ധനെ നോക്കി, അയാളിലേയ്ക്കു് ചിതറുന്ന മഴയെ നോക്കി, മറ്റൊരിടത്തു് ഹാജർ രേഖപ്പെടുത്തിയ മനസ്സുമായി അപ്പർ ബർത്തിൽ തന്നെ കിടന്നു. ഉറക്കത്തിലെപ്പോഴോ അവൾ അയാളെ ഇന്ദ്രനീലത്തിരമാലകൾക്കു് മീതെ, അലസസുന്ദരമായ ഒരു പാട്ടു പോലെ, ഒരു പരുന്തിന്റെ ചിറകുകളെന്ന വണ്ണം കൈകൾ വിരിച്ചു്, അവളുടെ ട്രാക്ക്സ്യൂട്ടിന്റേതിനു സമാനമായ ഇളംമഞ്ഞ വരകളുള്ള ഒരു കടുംനീല സർഫിംഗ് സ്യൂട്ട് ധരിച്ചു്, സർഫ്ബോർഡില്ലാതെ സർഫ് ചെയ്യുന്ന പടുതിയിൽ കണ്ടിരുന്നു. മഴയിൽ കുതിർന്ന അയാളുടെ കറുത്ത പാന്റ്സും അരക്കയ്യൻ വെള്ള ഷർട്ടും കണ്ടപ്പോൾ ഉറക്കത്തിലെ കടലിലും അതേ വേഷവ്യവസ്ഥയിൽ അയാൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്നൊരു വ്യർത്ഥത അവളെ ബാധിച്ചു. ഐഫോണിന്റെ വെളിച്ചം ഒരു നിമിഷത്തേയ്ക്കു് അയാളുടെ നനഞ്ഞ ഉടുപ്പുകൾക്കു നേരെ, മുഖത്തിനു നേരെ, കണ്ണുകൾക്കു നേരെ, തിരിച്ചുപിടിച്ച അവൾ, കൂർത്തുമൂർത്ത ശൂന്യതയ്ക്കു പകരം അവിദിതമായ ഏതെല്ലാമോ ആസക്തികളുടെ ആഴങ്ങൾ ആ കണ്ണുകളിൽ പടരുന്നതു് ശ്രദ്ധിച്ചു്, എന്തുകൊണ്ടെന്നു തിരിച്ചറിയാൻ പറ്റാതിരുന്ന ഒരു കുറ്റബോധത്താൽ കുത്തിനോവിക്കപ്പെട്ടു്, ആ വെളിച്ചം അയാളിൽ നിന്നു് പിൻവലിച്ചയുടൻ അയാൾ സീറ്റിൽ നിന്നു് കൂനിക്കുനിഞ്ഞെണീറ്റു്, വാതിലിനടുത്തേയ്ക്കു് നീണ്ട ദ്രുതചുവടുകളുമായി നടന്നുപോയി. അതു് കണ്ടു് ഒരു നിമിഷം മനസ്സു ചിതറി നിശ്ചലയായെങ്കിലും പെട്ടെന്നു തന്നെ സമചിത്തത വീണ്ടെടുത്തു് അവൾ താഴേയ്ക്കു് ചാടിയിറങ്ങി. തുറന്നുകിടന്ന ടോയ്ലറ്റിൽ നിന്നും വമിച്ച മൂത്രവാടയും അൽപം മുൻപു് ആരോ ആഞ്ഞുവലിച്ച ബീഡിയുടെ പുകയിലച്ചൂരും പലതരം നിശാവാസനകളും കൂടിക്കലർന്ന ഒരു നിശിതഗന്ധം തങ്ങിനിന്ന വാതിലിനടുത്തെത്തിയപ്പോൾ, കാട്ടുവള്ളികളിൽ തൂങ്ങിയാടുന്ന അതികായനായ ഒരുവനെ പോലെ, ഇടതുകൈ വഴുവഴുക്കുന്ന വാതിൽപ്പിടിയിൽ പിടിച്ചും, വലതുകൈ അവിടെയുമിവിടെയും ഒറ്റപ്പെട്ട ചില കുടിലുകളും അതിലും ഒറ്റപ്പെട്ട ചില മരങ്ങളും മാത്രമുള്ള തരിശുനിലങ്ങളിലൂടെ പാഞ്ഞലയുന്ന കാറ്റിലേയ്ക്കു് വിടർത്തിനീട്ടിയും, ചങ്കുപറിച്ചു് പിച്ചും പേയുമലറുന്ന വളരെവളരെവളരെ പഴയ ഒരു മനുഷ്യനാൽ ഭൂതാവിഷ്ടമായിട്ടെന്ന വണ്ണം പെയ്തുമദിക്കുന്ന പാതിരാപ്പേമാരിയുടെ വെളിപാടുകളിലേയ്ക്കു് ചാഞ്ഞും ചെരിഞ്ഞും നിശ്ശബ്ദനായി ഇളകിയാടുന്ന വൃദ്ധനെ അവൾ കണ്ടു. അവൾ അനക്കമറ്റു് നിന്നു. അടുത്തേയ്ക്കു് ചെന്നു് അയാളെ കംപാർട്ട്മെന്റിനകത്തേയ്ക്കു് പിടിച്ചുവലിക്കാൻ ശ്രമിച്ചാൽ അയാൾ പിടിവിട്ടു് തെറിച്ചുവീഴുമെന്നൊരു തോന്നൽ അവളുടെ നിശ്ചലതയെ കൂടുതൽ നിശ്ചലമാക്കിയപ്പോൾ അവൾ കണ്ണുകൾ മുറുക്കിയടച്ചു. നീണ്ടുനീണ്ടു പോയ ഏതാനും നിമിഷങ്ങൾക്കു ശേഷം തീവണ്ടി ഒരു പാലത്തിലേയ്ക്കു് വേഗം കുറച്ചു് പ്രവേശിക്കുന്നതിന്റെ ശബ്ദവ്യതിയാനം കേട്ടു് അവൾ കണ്ണുകൾ തുറക്കുമ്പോൾ, അസംബന്ധമായ ഒരു പ്രാർത്ഥനയ്ക്കു മാത്രം പ്രാപ്യമായ ധ്യാനാത്മകതയോടെ കൈകൾ കൂപ്പി പടികളിലിരുന്നു്, എവിടെനിന്നോ പറന്നെത്തിയ മൂന്നു മിന്നാമിനുങ്ങുകളാൽ ഭ്രമണം ചെയ്യപ്പെട്ടു്, മഴയിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഏതോ നദിയുടെ ഗാഢവിസ്തൃതിയിലേയ്ക്കു്, അതിന്റെ മുഴങ്ങുന്ന ആഴങ്ങളിൽ വീണുകിടക്കുന്ന പ്രഭയറ്റ ഒരു പൂർണ്ണചന്ദ്രനിലേയ്ക്കു്, അതിന്റെ ഒരു കരയിൽ മിന്നൽപ്പിണരുകളുടെയും തീവണ്ടിക്കൂപ്പകളുടെയും ചുക്കിച്ചുളിഞ്ഞ നിലാവിന്റെയും വെളിച്ചങ്ങളിൽ മിന്നിയും മറഞ്ഞും മിന്നിയും ദൃശ്യമായ തകർന്നടിഞ്ഞുകിടക്കുന്ന ഒരു തോണിയിലേയ്ക്കു് നോക്കിയിരിക്കുകയായിരുന്നു വൃദ്ധൻ. ഉറക്കമില്ലാത്ത ഇരുൾപക്ഷികളിൽ നാലെണ്ണം ഒന്നിനു പിറകെ ഒന്നായി അയാളെ തൊട്ടുതൊട്ടില്ല എന്ന വണ്ണം താണുപറന്നു് ചിറകടിച്ചു കടന്നുപോയി. നീണ്ട ആ പാലത്തിൽ നിന്നും തീവണ്ടി പുറത്തെത്തിക്കഴിഞ്ഞപ്പോൾ അയാൾ അതീവശ്രദ്ധയോടെ പടികളിൽ നിന്നെണീറ്റു്, അവളുടെ സാന്നിധ്യത്തെ പരിഗണിക്കുകയേ ചെയ്യാതെ, അവളെ കടന്നു് തിരിച്ചു് സീറ്റിൽ ചെന്നിരുന്നു. അഗോചരമായ ഏതെല്ലാമോ ബോധങ്ങളാൽ ബാധിതയായി കുറച്ചുനേരം കൂടി അവിടെ അങ്ങനെ നിന്ന ശേഷം അവളും തിരിച്ചുനടന്നു്, ചുരുണ്ടുകൂടി തണുത്തുവിറച്ചിരിക്കുകയായിരുന്ന വൃദ്ധന്റെ എതിർവശത്തു്, എത്ര നേരം അയാളെ നോക്കിയിരുന്നാലും അയാൾ തന്നെ കാണുകയില്ലെന്നു് അറിയാമായിരുന്നിട്ടും അയാളെത്തന്നെ കുറേ നേരം തുറിച്ചുനോക്കിയിരുന്നു. പിന്നെ ജനാലയുടെ ഷട്ടർ താഴ്ത്തി, കൈ മുകളിലേയ്ക്കു നീട്ടി അപ്പർ ബർത്തിൽ നിന്നും ബാക്ക്പാക്ക് താഴേയ്ക്കിറക്കി, അതിൽ നിന്നും ഒരു ടവ്വലെടുത്തു്, അങ്ങനെയൊരു കാര്യം അവിടെ സംഭവിക്കുന്നേയില്ലെന്ന മട്ടിലിരിക്കുന്ന വൃദ്ധന്റെ തലയും കൈകളും നല്ലതുപോലെ തോർത്തി, അയാളുടെ നനഞ്ഞുകുതിർന്ന ഉടുപ്പുകൾ ഒന്നൊന്നായി അഴിച്ചുകളഞ്ഞു്, നിറയെ ചിത്രപ്പണികളുള്ള തന്റെ ഒരു നീല പൈജാമയും ഒരു കറുത്ത ടീ ഷർട്ടും ഒരു ചുവന്ന കൈയില്ലാസ്വെറ്ററും ഒട്ടും പാകമല്ലാതിരുന്നിട്ടും അയാളെ ഉടുപ്പിച്ചു്, അയാളിൽ നിന്നും യാതൊരു വിധത്തിലുള്ള പ്രതിരോധവും ഉണ്ടാവുകയില്ലെന്നു് അറിഞ്ഞുകൊണ്ടുതന്നെ ബർത്തിലേയ്ക്കു് അയാളെ നീണ്ടുനിവർത്തി കിടത്തിച്ചു്, മഞ്ഞപ്പുള്ളികളുള്ള ഒരു പിങ്കു് കട്ടിപ്പുതപ്പുകൊണ്ടു് അയാളെ മൂടി, ബർത്തിനു പുറത്തേയ്ക്കു് നീണ്ടുകിടക്കുന്ന അയാളുടെ കാലുകളെ എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ കിടക്കുന്ന അയാളെ കുറച്ചുനേരം കൂടി നോക്കിനിന്നു്, അപ്രകാരം നോക്കിനിൽക്കെ അയാൾ തന്റെ കൈകൾ നെഞ്ചിൽ പിണച്ചു വയ്ക്കുന്നതും അയാളുടെ കണ്ണുകൾ ഒരു താരാട്ടിന്റെ താളത്തിനു് ചുവടുകൾ വയ്ക്കുന്നതുപോലെ ഒരു മയക്കത്തിലേയ്ക്കു് അണഞ്ഞുകൂമ്പുന്നതും കണ്ടു്, ഉറങ്ങുന്ന മനുഷ്യരുടെ രഹസ്യങ്ങൾ പിടിച്ചെടുക്കാൻ അലയുന്ന മനുഷ്യർക്കേ ആവൂ എന്നു് ഏറെ വർഷങ്ങൾക്കു് ശേഷം താൻ എത്തിപ്പെടാൻ പോകുന്ന ഒരു തത്ത്വത്തിന്റെ ആദിവിത്തു് ഉള്ളിന്റെയുള്ളിന്റെയുള്ളിന്റെയുള്ളിൽ മുളപൊട്ടുന്നതറിയാതെ, ഉറങ്ങുന്ന അയാളെ പിന്നെയും കുറച്ചുനേരം കൂടി നോക്കിനിന്നു്, ഇനി മതി എന്നു് തീരുമാനിച്ചു്, അവൾ ബാക്ക്പാക്കുമെടുത്തു് വാതിലിനടുത്തേയ്ക്കു് നടന്നു. മഴ തോർന്നുതുടങ്ങിയിരുന്നു. തീവണ്ടി അവൾക്കു് പേരറിയാത്ത ഏതോ സ്റ്റേഷനിലേയ്ക്കു് വളരെ പതുക്കെ പ്രവേശിക്കുകയായിരുന്നു. ശുഷ്കമായ ഒരു ചൂളംവിളിച്ചു്, ഒരു പറ്റം നത്തുകൾ ഒരുമിച്ചു് കരയുന്നതിന്റെ കിരുകിരുപ്പോടെ അതു് അവിടെ നിർത്തിയപ്പോൾ അവൾ അധികം മനുഷ്യരില്ലാത്ത പ്ലാറ്റ്ഫോമിലിറങ്ങി, തിരിഞ്ഞുനോക്കിയാൽ വാതിൽപ്പിടിയിൽ തൂങ്ങിയാടി തന്നെയും നോക്കിനിൽക്കുന്ന വൃദ്ധനെ കാണാനാവും എന്നറിയാമായിരുന്നിട്ടും തിരിഞ്ഞു നോക്കാതെ നടന്നു.
പതിനേഴു ദിവസങ്ങൾ കഴിഞ്ഞു്, വെയിൽ തിളച്ചുമറിഞ്ഞ ഒരു ഏപ്രിൽ പകലിന്റെ അറുതിയിൽ, പുതുക്കിപ്പണിത ശേഷം വെട്ടിത്തിളങ്ങുന്ന ചെഞ്ചായമടിച്ച എഴുപതുകളിലെ ഒരു വെസ്പയിൽ, നെഞ്ചത്തു് ഓംകാരം പതിച്ച ഒരു കാവി ഫാബ് ഇന്ത്യ കുർത്തയും തവിട്ടു നിറത്തിലുള്ള ഒരു അയഞ്ഞ ലിനൻ പാന്റ്സും ധരിച്ച വൃദ്ധനെ പിന്നിലിരുത്തി, നൈക്കി ശരി വച്ച ഒരു കടുംപച്ച ടീ ഷർട്ടും നരച്ച ഡെനിം ജീൻസും ധരിച്ച ഒരു ചെറുപ്പക്കാരൻ, വല്ലപ്പോഴുമെങ്കിലും ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്തതിന്റെ പേരിൽ കുലവധു സിൽക്സ് എന്ന വസ്ത്രാലയത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട സെയിൽസ് ഗേളായ രജനി എന്ന പൂച്ചക്കണ്ണുകാരി യുവതിയെ കാണാൻ, കുടിയേറ്റത്തൊഴിലാളികൾക്കു് വാടകയ്ക്കു് കൊടുക്കാനായി അഞ്ചു് ഇടുങ്ങിയ ഒറ്റമുറികളായി വിഭജിക്കപ്പെട്ട ആലുവയിലെ ഒരു പഴയ ഗോഡൗണിലെ, ആ അഞ്ചു മുറികൾക്കും പൊതുവായുള്ള കുളിമുറിയോടു് ചേർന്നുകിടക്കുന്ന ഒരു മുറിയുടെ മുന്നിലെത്തി. അവിടെയാണു് വഹാബ് ഹസ്സൻ എന്ന തന്റെ കാമുകനുമൊത്തു് രജനി മൂന്നു മാസമായി താമസിക്കുന്നതു്. ബംഗ്ലാദേശ് അതിർത്തിയിലുള്ള കിഴക്കൻ ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്നും രണ്ടു ജോഡി പഴയ ഉടുപ്പുകളും അറുനൂറ്റിയറുപത്തിരണ്ടു് രൂപയും ഒരു മൗത്ത് ഓർഗനുമായി മൂന്നു വർഷങ്ങൾക്കു മുൻപു് എറണാകുളത്തു് വന്ന, കുലവധു സിൽക്സിന്റെ മുന്നിൽ ചാട്ട് മസാല വിൽക്കുന്ന ഉന്തുവണ്ടിക്കട നടത്തുന്ന, സമരനാളുകളിൽ രജനിക്കു വേണ്ടി നിത്യവും ഉച്ചഭക്ഷണം പാകം ചെയ്തുകൊണ്ടുവന്നിരുന്ന വഹാബിനെ നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങൾ തീവണ്ടിമാർഗ്ഗം കേരളത്തിലേയ്ക്കു് കടത്തുന്ന സംഘത്തിലെ അംഗമാണെന്ന കുറ്റമാരോപിച്ചു് രണ്ടു ദിവസങ്ങൾക്കു മുൻപു് പൊലീസ് പിടിച്ചുകൊണ്ടു പോയിരുന്നു. വാതിലിൽ മുട്ടു കേട്ടപ്പോൾ, ആ യുവാവിൽ കൊഞ്ചലും കാമവും ചേർന്ന ഒരു അരക്കെട്ടിളക്കം എപ്പോഴും അഴിച്ചുവിടുന്ന ഒരു ബംഗ്ലാ ഗാനം, മുഷിഞ്ഞു ചുളുങ്ങിയ ഒരു പച്ച വിരിപ്പിട്ട മെത്തയിൽ മലർന്നുകിടന്നു് മൗത്തു് ഓർഗനിൽ വായിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന രജനി കരുതിയതു് പൊലീസുകാരോ തന്റെ ഭർത്താവായ സത്യനോ ആയിരിക്കും പുറത്തെന്നാണു്. വഹാബിന്റെ കൂടെ രജനി താമസം തുടങ്ങിയതിൽ പിന്നെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കച്ചവടക്കാരനായ സത്യൻ ഇടയ്ക്കിടയ്ക്കു് അവിടെ വരുകയും അവർ രണ്ടുപേരെയും ചെവി പൊട്ടുന്ന ഒച്ചയിൽ പച്ചത്തെറി വിളിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അയാൾ വഹാബിനെ പൊതിരെ തല്ലുകയും ചെയ്തു. അത്രയും നാൾ അയാളോടു് പ്രതികരിക്കുകയേ ചെയ്യാതിരുന്ന രജനി, അന്നു്, തന്റെ ഇരുണ്ടു മെലിഞ്ഞ അഞ്ചടി രണ്ടിഞ്ചുടലിലേയ്ക്കു് ആവാഹിക്കാവുന്നത്ര കരുത്തു് ആവാഹിച്ചു്, താനൊരു കരാട്ടെക്കാരിയായി മാറിയ ഒരു സ്വപ്നത്തിന്റെ പിടികിട്ടാപ്പൊരുളിലേയ്ക്കു് വിവാഹത്തലേന്നു് വിയർത്തുകുളിച്ചു് ഞെട്ടിയുണർന്നതിന്റെ ആന്തലിനെ ഒരിക്കൽക്കൂടിയറിഞ്ഞു്, ആ സ്വപ്നത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞു്, അയാളുടെ ലിംഗത്തിൽ ആഞ്ഞുചവുട്ടി. കൂറ്റനൊരു നിലവിളിയോടെ തെറിച്ചുവീണ അയാൾ രണ്ടു മിനിറ്റ് അനക്കമറ്റു് കിടന്നു. പിന്നെ, ഞെങ്ങിഞെരുങ്ങി ഞെളിപിരികൊണ്ടു് എണീറ്റു് ‘നിന്റെ കഴപ്പു് ഞാൻ രണ്ടു ദിവസത്തിനുള്ളിൽ തീർത്തോളാടീ കൂത്തിച്ചീ’ എന്നലറി അവിടെ നിന്നും വേച്ചുവേച്ചു നടന്നുപോയി. അതിന്റെ പത്താം നാളാണു് വഹാബിനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതു്.
പൊലീസുകാരാവട്ടെ, സത്യനാവട്ടെ, എതിരിടുക തന്നെ എന്നൊരു ദൃഢനിശ്ചയത്തോടെ, വായിച്ചുകൊണ്ടിരുന്ന ഈണം പൂർത്തിയാക്കാതെ മൗത്തു് ഓർഗൻ മെത്തയിൽ വച്ചു് എഴുന്നേറ്റു്, പിഞ്ഞിത്തുടങ്ങിയ റോസ് നിറത്തിലുള്ള കോട്ടൺ സാരിയുടെ സ്ഥാനം നേരെയാക്കി, ഒരു ദീർഘശ്വാസമെടുത്തു് വാതിലിനടുത്തേയ്ക്കു് ചെന്നു്, തുറക്കണോ വേണ്ടയോ എന്നു് ആശങ്കപ്പെട്ടു് വാതിൽ തുറന്ന രജനി, തന്നെ നോക്കി പരുങ്ങലോടെ വിടർന്നുപുഞ്ചിരിക്കുന്ന ചെറുപ്പക്കാരനെയും തന്റെ പിന്നിലെ അടഞ്ഞുകിടക്കുന്ന ജനാല തുറന്നാൽ കാണാനാവുന്ന കാഴ്ചകളിൽ ദൃഷ്ടി ഉറപ്പിച്ചെന്ന വണ്ണം നിർന്നിമേഷനായി നിൽക്കുന്ന വൃദ്ധനെയും കണ്ടു്, അവരിരുവരെയും മാറിമാറി നോക്കി, സ്ഥലകാലബോധം നഷ്ടപ്പെട്ട ഒരുവളെപ്പോലെ ഒരു നിമിഷം നിന്നു. തൊട്ടടുത്ത നിമിഷം തന്നെ, അത്തരം വിവേചനഭ്രംശങ്ങളുടെ നിമിഷങ്ങൾക്കു് വഹിക്കേണ്ട കനത്ത ചെലവു് താങ്ങാനാവില്ലെന്നു് അറിയാവുന്ന ഒരുവളുടെ ആർജ്ജവത്തോടെ, അവൾ ആ ബോധം വീണ്ടെടുത്തു. തന്റെ പോലത്തെ പൂച്ചക്കണ്ണുകളുള്ള ആ നീണ്ടുരുണ്ട ചെറുപ്പക്കാരനെ അവൾക്കു് അറിയാമായിരുന്നു. രണ്ടു വർഷങ്ങൾക്കുമുൻപു് രണ്ടു തവണ അയാളുമായി അവൾ സംസാരിച്ചിട്ടുണ്ടായിരുന്നു. എട്ടു വയസ്സുവരെ അയാളുടെ പേരു് ലെനിൻ എന്നായിരുന്നെന്നും പിന്നീടു് അയാളുടെ അമ്മ അയാളുടെ പേരു് മറ്റെന്തോ ആയി ഔദ്യോഗികമായി തിരുത്തുകയായിരുന്നെന്നും, പുതിയ ആ പേരെന്തെന്നു് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അവൾക്കു് അറിയാമായിരുന്നു. കൂടെയുള്ള വൃദ്ധൻ ആരാണെന്നു് അറിയില്ലായിരുന്നെങ്കിലും, അയാൾ ആരായിരുന്നാലും ഇതു് തന്റെ അച്ഛനാണെന്നു പറഞ്ഞായിരിക്കും ചെറുപ്പക്കാരൻ അയാളെ പരിചയപ്പെടുത്തുക എന്നും അവൾക്കറിയാമായിരുന്നു.
“ഞാൻ… ”
“എനിക്കു് ഓർമ്മയുണ്ട്”, രജനി അയാൾക്കു പിന്നിലെ ചുവന്ന വെസ്പയിൽ നോക്കി, അതിനുമുൻപു് രണ്ടു തവണ അയാളെ കണ്ടപ്പോഴും അയാൾ ഒരു കറുത്ത ബുള്ളറ്റിലായിരുന്നല്ലോ വന്നതു് എന്നു് ഓർത്തുകൊണ്ടു് പറഞ്ഞു.
“ഇതെന്റെ അച്ഛനാണു്”.
അടഞ്ഞുകിടക്കുന്ന ജനാലയിൽ തന്നെ മുഴുകി, ആ ജനാലയൊഴിച്ചു് അവിടെ സംഭവിക്കുന്നതെല്ലാം എത്രയപ്രസക്തമെന്ന മട്ടിൽ നിൽക്കുകയായിരുന്ന വൃദ്ധനെ ചെറുപ്പക്കാരൻ തന്നിലേയ്ക്കു് ചേർത്തുനിർത്തി. രജനി ‘അതുകൊണ്ടു്?’ എന്നു് തന്റെ പുരികക്കൊടി ചുളിച്ചു. വൃദ്ധൻ ചെറുപ്പക്കാരനിൽ നിന്നും കുതറിമാറി വീണ്ടും തന്റെ നോട്ടം ജനാലയിൽ തറച്ചുനിർത്തി.
“ഒരു കാര്യം സംസാരിക്കാനാണു് വന്നതു്. ബുദ്ധിമുട്ടില്ലെങ്കിൽ…”
എന്തു് കാര്യമാണു് അയാൾക്കു് സംസാരിക്കാനുള്ളതെന്നും എന്തായിരിക്കും അതിനോടുള്ള തന്റെ പ്രതികരണമെന്നും അറിയാമായിരുന്നിട്ടും രജനി അയാളെ അകത്തേയ്ക്കു് ക്ഷണിച്ചു. പുറത്തെ വെളിമ്പ്രദേശത്തു് നിക്ഷേപിക്കുന്ന നഗരമാലിന്യങ്ങളുടെയും അതിനെ നേരിടാൻ സദാ അകത്തു് പുകയ്ക്കുന്ന കുന്തിരിക്കത്തിന്റെയും ഗന്ധങ്ങൾ ഇടകലർന്നു് കെട്ടിക്കിടക്കുന്ന ആ മുറിയിലേയ്ക്കു് ചിരപരിചിതമായ ഒരിടത്തിലേയ്ക്കെന്ന വണ്ണം അയാൾക്കു മുൻപേ പ്രവേശിച്ച വൃദ്ധൻ, ചിരപരിചിതമായ ഒരിടത്തിലെ ഇഷ്ടസ്ഥാനത്തേയ്ക്കെന്ന വണ്ണം, ദ്രവിച്ചുതുടങ്ങിയ രണ്ടു നീലപ്പാളികളുള്ള തടിജനാലയുടെ ദിശയിലേയ്ക്കു് നടന്നു്, അതിന്റെ വലതുപാളി തുറന്നു. മുറിയിലേയ്ക്കു് നഗരത്തിന്റെ നാറ്റം ഇരച്ചുകയറി; മന്ദതാളത്തിലുള്ള ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ രണ്ടീച്ചകളും ഒരു തുമ്പിയും ഒപ്പം പറന്നുവന്നു. ജനാലയ്ക്കപ്പുറം, കൊടുംവേനലിൽ ഉണങ്ങിത്തളർന്ന രണ്ടു് വാഴകളിലേയ്ക്കോ, അതിന്റെ കരിഞ്ഞ ഇലകളിലൊന്നിലൂടെ പതിയെ നടന്നുപോകുന്ന ഒരു ഉറുമ്പിൻകൂട്ടത്തിലേയ്ക്കോ, ആ വാഴകളുടെ സമീപം പൂത്തുലഞ്ഞു നിൽക്കുന്ന മാവിലേയ്ക്കോ, ആ മാവിൽ കളിച്ചുല്ലസിക്കുന്ന രണ്ടു് അണ്ണാന്മാരിലേയ്ക്കോ, ഒരു ധ്യാനലീലയിലെന്ന പോലെ അതേ മാവിൽ അള്ളിപ്പിടിച്ചു കിടന്നു് നാക്കു് നീട്ടുന്ന ഒരുടുമ്പിലേയ്ക്കോ, നിലത്തു വീണ മാങ്ങകളിലേയ്ക്കോ, ആ മാങ്ങകളുടെ അളിഞ്ഞുപുളിഞ്ഞ മഞ്ഞയെ ആർത്തിയോടെ പൊതിയുന്ന ഈച്ചകളിലേയ്ക്കോ, പെരിയ ഒരു മാളത്തിലേയ്ക്കു് നുഴഞ്ഞുപോകുന്ന ഒരു പെരുച്ചാഴിയിലേയ്ക്കോ, ആ മാളത്തിന്റെ കുറച്ചപ്പുറം തൊഴിലാളികളിലാരോ നട്ടുപിടിപ്പിച്ച, രണ്ടാഴ്ച കഴിഞ്ഞു് എക്സൈസുകാർ അതു് വെട്ടിനശിപ്പിക്കുമ്പോൾ ഭൂമിയിലെ ചെടികൾ നിരോധിക്കാൻ ഭൂമിയിലെ മനുഷ്യർക്കു് എന്തു് അധികാരം എന്നൊരു ക്ഷോഭക്ഷുബ്ധമായ സംശയത്തിലേയ്ക്കു് ഏറെ വർഷങ്ങൾ കഴിഞ്ഞു് തെന്നിന്ത്യയുടെ കഞ്ചാവുറാണി എന്നു് വാർത്താമാധ്യമവിവരണങ്ങളിൽ അറിയപ്പെടേണ്ടവളായ രജനിയെ പിടിച്ചുലയ്ക്കാൻ പോകുന്ന കൂമ്പിയ ഒരു കഞ്ചാവുചെടിയിലേയ്ക്കോ, അതിന്റെ അവശമായ ഇലകളിലേയ്ക്കോ, ഗോഡൗണിനെ വെളിമ്പ്രദേശത്തു നിന്നും വേർതിരിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു വെട്ടുകൽച്ചുമരിലേയ്ക്കോ, അതിന്റെ നെടുങ്കൻ പിളർപ്പുകളിലേയ്ക്കോ, അതിൽ പതിപ്പിച്ചിട്ടുള്ള ബഹുവർണ്ണ പരസ്യങ്ങളിലെ നരേന്ദ്ര മോദിയിലേയ്ക്കോ പിണറായി വിജയനിലേയ്ക്കോ, ആ ചുമരിന്റെ അപ്പുറം വെളിമ്പ്രദേശത്തു് മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തിയ ഒരു ലോറിയുടെ മേലെ നിന്നു് വലിയ ചപ്പുവീപ്പകൾ താഴേയ്ക്കു് വലിച്ചെറിയുന്ന സ്ത്രീയിലേയ്ക്കോ, ആ സ്ത്രീയിലേയ്ക്കു് ചാഞ്ഞുചിന്നുന്ന അസ്തമയസൂര്യന്റെ കിരണങ്ങളിലേയ്ക്കോ, ആരിലേയ്ക്കെന്നോ എന്തിലേയ്ക്കെന്നോ തിട്ടപ്പെടുത്താനാവാത്ത ഒരു നോട്ടവുമായി, നരച്ച കുറ്റിത്താടി ചിതറിക്കിടക്കുന്ന തന്റെ വിയർത്തു നനഞ്ഞ കവിൾ പൂതലിച്ച മരയഴികളോടു് ചേർത്തുവച്ചു് നിൽക്കുന്ന വൃദ്ധനെ ഒരു നീണ്ട നിമിഷത്തേയ്ക്കു്, ചെറുപ്പക്കാരൻ അയാളെ അവിടെ നിന്നും പിടിച്ചുമാറ്റുന്നതു വരെ, അയാളുടെ വീതിയേറിയ ചുമലുകൾക്കു മുകളിലൂടെ രജനി നോക്കി നിന്നു. രജനിയോടു് ക്ഷമ ചോദിച്ചു്, തുറന്നുകിടന്ന ജനാലപ്പാളി അടച്ചു്, ആ ജനാലയോടു് ചേർന്നുള്ള മൂലയിലെ ഒരു ചുവന്ന പ്ലാസ്റ്റിക്കു് കസേരയിൽ വൃദ്ധനെ ഇരുത്തി, ചെറുപ്പക്കാരൻ അയാളുടെ അടുത്തു്, അയാളുടെ തലമുടിയിലൂടെ വിരലുകളോടിച്ചു് നിന്നു. ആ വിരലുകളുടെ പെരുമാറ്റത്തിൽ അസ്വാരസ്യം പ്രകടിപ്പിച്ചു് വൃദ്ധൻ അവയിൽ നിന്നും തന്റെ തല ഉടൻ കുടഞ്ഞു വിടുവിച്ചു. അതു് കണ്ടു് മന്ദഹസിച്ച രജനി, മെത്തയുടെ ഒരറ്റത്തു് നിലത്തു് വച്ചിരിക്കുന്ന ടേബിൾ ഫാനിന്റെ വേഗം കൂട്ടിയ ശേഷം കുന്തിരിക്കത്തിന്റെ രണ്ടു കുറ്റികൾ കൂടി കത്തിച്ചു. അതിന്റെ ഗന്ധത്തിലേയ്ക്കു് ചെറുപ്പക്കാരന്റെ ഡിയോഡറന്റ് മണം കലർന്നപ്പോൾ, മുൻപു് രണ്ടു തവണ കണ്ടപ്പോഴും അയാൾ ഇതേ ഡിയോഡറന്റായിരുന്നല്ലോ പൂശിയിരുന്നതെന്നു് അവൾ ഓർമ്മിച്ചു; ലെനിൻ എന്ന പേരിൽ നിന്നും വിൻസെന്റ് എന്ന പേരിലേയ്ക്കാണു് എട്ടാം വയസ്സിൽ അയാളുടെ അമ്മ അയാളെ തിരുത്തിയതെന്നും അവൾക്കു് ഓർമ്മ വന്നു.
“ഞാൻ വീട്ടിലു് പോയിരുന്നു.”
“എന്നിട്ടു്?”
“സത്യേട്ടനെ കണ്ടു.”
“അങ്ങേരു് എന്തു പറഞ്ഞു?”
“രജനി അയാളെ ഇട്ടേച്ചു് പോയെന്നു് പറഞ്ഞു.”
“അതു മാത്രമേ പറഞ്ഞുള്ളൂ?”
“വഹാബിന്റെ കൂടെയാ പോയതെന്നും പറഞ്ഞു.”
“തെറിയൊന്നും പറഞ്ഞില്ലേ?”
“അതു്… അതു് പിന്നെ… പുള്ളിക്കാരൻ കൊറേ നേരം കരഞ്ഞു…”
“ഓഹോ!”
“ഞാൻ വന്നതു്…”
“അങ്ങേരുടെ വക്കാലത്തുമായിട്ടാണോ?”
“ഏയ് അതല്ല…”
“അങ്ങേരാണോ ഇവിടെയാണു് ഞാൻ താമസിക്കുന്നതെന്നു് പറഞ്ഞതു്?”
“അല്ലല്ല. രജനി എവിടെയാ താമസിക്കുന്നേന്നു് അറിയില്ലെന്നാ സത്യേട്ടൻ പറഞ്ഞതു്.”
“അപ്പൊ എങ്ങനെയാ ഈ അഡ്രസ്സ് തപ്പിപ്പിടിച്ചതു്?”
“അതു്… വഹാബിന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്ത ടി. വി. -ലും പത്രത്തിലുമൊക്കെ വായിച്ചപ്പൊ… ”
“ഓ, അങ്ങനെ.”
“വഹാബിനെ പുറത്തിറക്കാനുള്ള നിയമവഴി വല്ലതും… ”
“നിയമം ഉപദേശിക്കാനാണോ ഇപ്പൊ ഇങ്ങോട്ടു് വന്നതു്? വന്ന കാര്യമെന്താന്നു് വച്ചാൽ അതു് പറഞ്ഞിട്ടങ്ങ് പോയാപ്പോരേ?”
“അതു്…”
“ആ പുസ്തകങ്ങൾ വേണോന്നു് പറയാനാണു് വന്നതെങ്കിൽ അധികം നേരം ഇവിടെയിങ്ങനെ ഇരിക്കണോന്നില്ല വിൻസെന്റേ.”
തനിക്കു് അയാളുടെ പേരു് ഇപ്പോഴും ഓർമ്മയുണ്ടെന്ന ബോധ്യത്തിന്റെ അന്ധാളിപ്പിൽ അയാൾ തന്നെ പകച്ചു നോക്കുന്നതും അയാളുടെ ആവശ്യവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്ന വസ്തുതയെ നേരിടാനാവാതെ അയാൾ ആ നോട്ടം പിൻവലിച്ചു് തല താഴ്ത്തുന്നതും രജനി കൗതുകത്തോടെ നോക്കിനിന്നു. അവരുടെ സംഭാഷണത്തിൽ യാതൊരു താത്പര്യവും പ്രകടിപ്പിക്കാതെ, കസേരയുടെ ചുവട്ടിൽ വച്ചിരുന്ന മൺകൂജയെടുത്തു് അതിലെ കരിങ്ങാലിയിട്ടു് തിളപ്പിച്ച വെള്ളം വായിലേയ്ക്കു് കമിഴ്ത്തുകയായിരുന്നു വൃദ്ധൻ അപ്പോൾ. ദാഹം തീർത്തിട്ടു് കൂജ അതിന്റെ സ്ഥാനത്തു് തിരിച്ചു വച്ച അയാൾ, പിന്നെ, ആ മുറിയിൽ രജനിയുടെയും വഹാബിന്റെയും ബാഗുകൾ വച്ചിരിക്കുന്നിടത്തേയ്ക്കും, അവരുടെ അലക്കാനുള്ള ഉടുപ്പുകൾ കൂട്ടിയിട്ടിരിക്കുന്നിടത്തേയ്ക്കും, ടേബിൾ ഫാൻ കടകടാന്നു് കറങ്ങുന്നിടത്തേയ്ക്കും, കുന്തിരിക്കം പുകയുന്നിടത്തേയ്ക്കും, ഭക്ഷണസാമഗ്രികളും ഇൻഡക്ഷൻ കുക്കറും മിക്സിയും കെറ്റിലും പാത്രങ്ങളും ഗ്ലാസ്സുകളും സ്പൂണുകളും കുപ്പികളും ഡപ്പകളും ഡപ്പികളും വച്ചിട്ടുള്ള തട്ടിരിക്കുന്നിടത്തേയ്ക്കും, ആ തട്ടിന്റെ കുറച്ചപ്പുറം ഒരു പുൽച്ചൂലും ചപ്പുകോരിയും ചവറ്റുകുട്ടയും വച്ചിരിക്കുന്നിടത്തേയ്ക്കും, കാന്തല്ലൂരിലെ ഒരു സ്ട്രോബെറിത്തോട്ടത്തിന്റെ നടുവിൽ രജനിയും വഹാബും കെട്ടിപ്പിടിച്ചു് നിൽക്കുന്ന ഒരു ഫോട്ടോ ചുമരിൽ ഫ്രെയിം ചെയ്തിട്ടുള്ളിടത്തേയ്ക്കും, രജനിയുടെ മൂന്നു് ചുവന്ന പൊട്ടുകൾ ഒട്ടിച്ചുവച്ചിരിക്കുന്ന ഒരു മുഖക്കണ്ണാടി തൂക്കിയിട്ടിരിക്കുന്നിടത്തേയ്ക്കും, ഇതൊന്നുമല്ല താൻ തിരയുന്നതെന്ന മട്ടിൽ നോക്കിയ ശേഷം, താനിരിക്കുന്ന കസേരയുടെ എതിർമൂലയിലെ മെത്തയിൽ കിടക്കുന്ന മൗത്തു് ഓർഗനിലേയ്ക്കു്, ഇതാണു്, ഇതു തന്നെയാണു് താൻ തിരയുന്നതെന്ന മട്ടിൽ നോക്കിയിരിക്കുന്നതു് രജനിയും, രജനി വൃദ്ധനെ നോക്കുന്നതു് കണ്ടു് വൃദ്ധനെ നോക്കിയ വിൻസെന്റും കണ്ടു. വൃദ്ധൻ കസേരയിൽ നിന്നെഴുന്നേറ്റു ചെന്നു് ആ മൗത്തു് ഓർഗനുമെടുത്തു് തിരിച്ചു് കസേരയിൽ വന്നിരുന്നു. അതോടെ ആ ഉപകരണത്തിലുള്ള താത്പര്യം ഒടുങ്ങിയെന്ന പോലെ, അതു് മടിയിൽ വച്ചു്, പുറത്തേയ്ക്കുള്ള വഴിയടഞ്ഞു് മുറിയിൽ കുടുങ്ങിയ തുമ്പിയാൽ വലയം ചെയ്യപ്പെട്ടു്, കൂടുതൽ കൂടുതൽ വിയർത്തു്, അയാൾ പിന്നെയും അടഞ്ഞുകിടക്കുന്ന ജനാലയിൽ നോക്കിയിരിക്കാൻ തുടങ്ങി. “വിൽക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട. പക്ഷേ, എന്നെ ആ പുസ്തകങ്ങൾ ഒന്നു കാണിക്കുകയെങ്കിലും ചെയ്യാമോ? എനിക്കല്ല, അച്ഛനു വേണ്ടിയാണു്.” ഇരുട്ടു് കനത്തു തുടങ്ങിയ മുറിയിൽ കണ്ണുകുത്തുന്ന തൂവെള്ള പ്രകാശമുള്ള ഒരു സി.എഫ്.എൽ ബൾബ് തെളിച്ച ശേഷം രജനി വൃദ്ധനെയും വിൻസെന്റിനെയും മാറിമാറി നോക്കി. ആ പുസ്തകങ്ങൾ കാണിക്കാനാവില്ലെന്നോ അവ ഇപ്പോൾ തന്റെ കയ്യിലിലെന്നോ പറഞ്ഞു് വിൻസെന്റിനെ പറഞ്ഞുവിടുകയാണു് വേണ്ടതെന്നു് അറിയാമായിരുന്നെങ്കിലും, വൃദ്ധന്റെ നിശ്ശബ്ദ സാന്നിധ്യത്തിലെ, ഒരേ സമയം വിശുദ്ധമെന്നും കുത്സിതമെന്നും അവൾക്കു് തോന്നിയ, ഏതോ പ്രഭാവത്താൽ പാട്ടിലാക്കപ്പെട്ടിട്ടെന്ന പോലെ, അവൾ തന്റെ ബാഗിൽ നിന്നും എഴുപതുകളിലും എൺപതുകളിലും മലയാളത്തിലിറങ്ങിയ റാദുഗയുടെയും പ്രോഗ്രസ്സിന്റെയും മിർ പബ്ലിഷേഴ്സിന്റെയും സോവിയറ്റ് ബാലസാഹിത്യ പുസ്തകങ്ങളുടെ പൊടിപിടിച്ച ഒരു കെട്ടെടുത്തു് വിൻസെന്റിനു് നീട്ടി. ഒരു തുണിമിൽ തൊഴിലാളിയായിരുന്ന രജനിയുടെ അച്ഛൻ കുട്ടിക്കാലത്തു് അവൾക്കു് സമ്മാനിച്ച, അവൾ വായിച്ചു കേൾപ്പിക്കുമ്പോൾ ആ മനുഷ്യന്റെ ചുവന്നു കലങ്ങിയ കണ്ണുകളിലും ബീഡിക്കറ പടർന്ന ചുണ്ടുകളിലും ഒരു കുണുങ്ങുന്ന കുസൃതി സദാ ഇളക്കിവിടുമായിരുന്ന കഥകളുള്ള, ആ കഥകളൊന്നും അത്രയ്ക്കു് അവളെ ഹരം പിടിപ്പിക്കുന്നവയായിരുന്നില്ലെങ്കിലും അവളെ പലതരം അദ്ഭുതലോകങ്ങളിലേയ്ക്കു് അക്കാലത്തു് വശീകരിച്ചു കൊണ്ടുപോയിരുന്ന ഒത്തിരിയൊത്തിരി ചിത്രങ്ങളുള്ള ആ പുസ്തകങ്ങൾ അന്വേഷിച്ചാണു് വിൻസെന്റ് അതിനു മുൻപു് രണ്ടു തവണയും രജനിയെ കാണാനെത്തിയതു്. ആദ്യത്തെ തവണ, പഴയ സോവിയറ്റ് ബാലസാഹിത്യ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണോ എന്നറിയാൻ റയിൽവേ മേൽപ്പാലത്തിനു കീഴിലുള്ള തന്റെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന അയാളെ സത്യൻ തന്റെ രണ്ടുമുറി വാടക വീട്ടിലേയ്ക്കു് വിളിച്ചുകൊണ്ടു വന്ന ദിവസം, രജനിയുടെ ബാഗിൽ നിന്നും സത്യൻ ആ പുസ്തകങ്ങളെടുത്തു് ഒരു ചെറുപ്പക്കാരനെ കാണിക്കുന്നതും തുളച്ചുകയറുന്ന തരം ഗന്ധമുള്ള ഒരു ഡിയോഡറന്റു് പൂശിയ ആ ചെറുപ്പക്കാരനുമായി അയാൾ വില പേശുന്നതും അടുക്കളയിൽ നിന്നും ശ്രദ്ധിച്ച രജനി, തറയിലേയ്ക്കു് ഇറ്റിറ്റുവീഴുന്ന മത്തിച്ചാറിന്റെ മുളകരച്ച തുള്ളികൾ പറ്റിപ്പിടിച്ച ഒരു തവിയുമായി, ചുമലു കവിഞ്ഞുകിടക്കുന്ന ഈറൻ മുടിയുലച്ചു്, നിസ്സാരമായ ഏതോ കാര്യത്തിന്റെ പേരിൽ രാവിലെ സത്യനുമായി ഉണ്ടായ കശപിശയ്ക്കിടയിൽ ഇടതു കക്ഷത്തു നിന്നും വയറു വരെ നെടുകെ കീറിപ്പോയ ഒരു നൈറ്റിയാണല്ലോ താൻ ധരിച്ചിരിക്കുന്നതെന്നു് തല പൊക്കിയ ഒരു സങ്കോചത്തെ അപ്പോൾ തന്നെ ചവുട്ടിക്കൂട്ടി, നിറയെ നീലപ്പൂക്കളുള്ള കീറിയ ഒരു വെള്ള നൈറ്റി ധരിച്ചു് അടുക്കളയിൽ നിന്നും പാഞ്ഞുവന്നു്, ആ പുസ്തകങ്ങൾ വിൽക്കാനുള്ളതല്ല എന്നു് അലറുകയും അതു് കേട്ടു് ഞെട്ടിവിറച്ച ചെറുപ്പക്കാരന്റെ കയ്യിൽ നിന്നും അയാൾ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്ന എൻ ദൂബൊവിന്റെ കടലോരത്തു് ഒരു ബാലൻ എന്ന പുസ്തകം താഴെ വീഴുകയും ചെയ്തിരുന്നു. രജനിയുടെ നേർക്കു് ചീറ്റലോടെ ചാടിയ സത്യനെ പിടിച്ചു മാറ്റി, വിൽക്കാനുള്ളതല്ലെങ്കിൽ ആ പുസ്തകങ്ങൾ തനിക്കു വേണ്ടെന്നു് പറഞ്ഞു് ഉടൻ തന്നെ അവിടെ നിന്നും പുറത്തു് കടന്നു്, തന്റെ കറുത്ത ബുള്ളറ്റു് സ്റ്റാർട്ടു് ചെയ്തു് അതിവേഗത്തിൽ ഓടിച്ചു പോയ അയാൾ, പിന്നീടു്, രണ്ടു മാസങ്ങൾ കഴിഞ്ഞു്, രജനിയെ ഒറ്റയ്ക്കു കണ്ടു് സംസാരിക്കണമെന്നു പറഞ്ഞു്, അവിടേയ്ക്കു് അതേ ബുള്ളറ്റിൽ, അതേ ഡിയോഡറന്റു് പൂശി തിരിച്ചെത്തി. ഒരു പരസ്യസ്ഥാപനത്തിലെ കോപ്പിറൈറ്ററെന്നു് സ്വയം പരിചയപ്പെടുത്തിയ അയാൾ, ആ പുസ്തകങ്ങൾ തരാമെങ്കിൽ രജനി ചോദിക്കുന്ന പണം നൽകാമെന്നു് പറഞ്ഞു് ആയിരത്തിന്റെ ഒരു കെട്ടു് നോട്ടു് അവൾക്കു് നീട്ടിയ ആ വരവിലാണു്, തനിക്കു് ആ പുസ്തകങ്ങൾ അത്രയ്ക്കു് വിലപ്പെട്ടതാകുന്നതു് എന്തു കാരണത്താലാണു് എന്നതിന്റെ വിശദീകരണമായി, തൊണൂറ്റിയൊന്നിൽ യു.എസു്.എസു്.ആർ. തകർന്നതിന്റെ മൂന്നാം ദിവസം വീട്ടിൽ നിന്നും നാട്ടിൽ നിന്നും കാണാതായ, അന്നു് ലെനിൻ എന്ന എട്ടു വയസ്സുകാരനായിരുന്ന താൻ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത, വിൻസെന്റ് എന്ന പേരിൽ മുതിർന്നതിനു ശേഷം പലരിൽ നിന്നായി ശേഖരിച്ച വസ്തുതകളിൽ നിന്നും കെട്ടുകഥകളിൽ നിന്നും താൻ നിർമിച്ചെടുത്ത, വിഷാദവാനും നിരാശാഭരിതനും ഒളിവുകാലത്തെ ഒറ്റുകാരനുമായ എഴുപതുകളിലെ ഒരു കലാപകാരിയായിരുന്ന തന്റെ അച്ഛനെക്കുറിച്ചു് രജനിയോടു് പറയുന്നതു്. സാമാന്യം ദീർഘവും വിൻസെന്റിന്റെ സൂക്ഷ്മവും ചടുലവുമായ ശബ്ദവിന്യാസത്താൽ വശ്യവുമായിരുന്ന, എന്തുകൊണ്ടായിരിക്കാം ഒരു അപരിചിതയോടു് ഇയാൾ ഇത്രയും സ്വകാര്യമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നതെന്നും ഇയാൾ പറയുന്നതെല്ലാം പെരുംനുണകളാണോ എന്നും ഇയാൾ തട്ടിപ്പുകാരനായ ഒരു കഥപറച്ചിലുകാരനോ അല്ലെങ്കിൽ ഒരു വട്ടനോ ആണോ എന്നും താൻ ഇയാൾക്കു് ഒരു പരീക്ഷണവസ്തു ആണോ എന്നും എന്നെങ്കിലുമൊരിക്കൽ തന്റെ ജീവിതത്തെക്കുറിച്ചു് ഒരു അപരിചിത വ്യക്തിയോടു് തനിക്കു് ഇതു പോലെ പറയാനാകുമോ എന്നുമുള്ള സന്ദിഗ്ദ്ധതകൾ അവളിൽ പ്രവർത്തിപ്പിക്കുകയും ചെയ്ത ആ പിതൃവിവരണത്തിൽ രജനിയെ സ്പർശിച്ചതു് രണ്ടു് സംഭവങ്ങളാണു്: ഒന്നു്) അച്ഛനെ കാണാതായതിന്റെ അടുത്ത ദിവസം, വിൻസെന്റിന്റെ അമ്മ ലെനിൻ എന്ന അയാളുടെ പേരു് വിൻസെന്റ് എന്നാക്കി തിരുത്തുന്നതു്; രണ്ടു്) അച്ഛനെ കാണാതായതിനെ തുടർന്നുള്ള രാത്രികളിലൊന്നിൽ, അച്ഛന്റെ മുറിയിലെ വലിയ പുസ്തകശേഖരം പരതിയപ്പോൾ കിട്ടിയ സോവിയറ്റ് ബാലസാഹിത്യ കൃതികളുടെ ഒരു കെട്ടിൽ നിന്നുമെടുത്ത അർക്കാദി ഗൈദാറിന്റെ, നീലമലയ്ക്കടുത്തുള്ള കാട്ടിൽ ഭൂഗർഭഗവേഷണ കേന്ദ്രത്തിന്റെ തലവനായി ജോലി ചെയ്യുന്ന സെരോഗ് എന്നു പേരുള്ള അച്ഛനെ കാണാൻ മോസ്കോനിവാസികളായ ചുക്കും ഗെക്കും അവരുടെ അമ്മയും ഒരു ശൈത്യകാലത്തു് നടത്തുന്ന സാഹസികയാത്ര വിവരിക്കുന്ന ചുക്കും ഗെക്കുമെന്ന പുസ്തകം, അതിലെ ചിത്രങ്ങൾ പരിഗണിക്കുകയേ ചെയ്യാതെ, കഥയിൽ അതുമിതും ആലോചിച്ചുനടക്കുന്ന പ്രകൃതക്കരനായ, തനിക്കു് സന്തോഷം തോന്നുമ്പോൾ ലോകത്തുള്ള മറ്റെല്ലാവരും സന്തുഷ്ടരായിരിക്കുമെന്നു് വിശ്വസിക്കുന്ന ഗെക്കായി സ്വയം സങ്കൽപ്പിച്ചു് വായിച്ചുകൊണ്ടിരിക്കുകയായിരുന്ന വിൻസെന്റിന്റെ മുറിയിലേയ്ക്കു് “നിന്നോടാരാ ഇതൊക്കെ വായിക്കാൻ പറഞ്ഞത് ” എന്നു് ചോദിച്ചുകൊണ്ടു് അമ്മ കയറിവരുന്നതും, അവന്റെ കയ്യിൽ നിന്നും ആ പുസ്തകം പിടിച്ചു വാങ്ങി, അച്ഛന്റെ മുറിയിലെ മറ്റു് നൂറുകണക്കിനു് പുസ്തകങ്ങൾക്കൊപ്പമിട്ടു് കത്തിച്ചു ചാമ്പലാക്കുന്നതും. അമ്മയുടെ ആ രണ്ടു് കൃത്യങ്ങളുടെയും പ്രേരക കാരണങ്ങൾ വിൻസെന്റ് തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, അവയുടെ നിർവ്വഹണനിമിഷങ്ങളിൽ ആ സ്ത്രീയിൽ ഏതു പിടപ്പാണോ പുളഞ്ഞിട്ടുണ്ടാവുക, ആ പിടപ്പിന്റെ പുളച്ചിൽ തനിക്കും പരിചിതമാണല്ലോയെന്നു് രജനിക്കു് തോന്നി; ആയിരത്തിന്റെ നോട്ടുകെട്ടു് നീട്ടി കച്ചവടവാഗ്ദാനം നടത്തിയ വിൻസെന്റിനെ ‘മേലാൽ ഇതും പറഞ്ഞിനി ഈ വഴി വന്നുപോയേക്കരുത്’ എന്നു് ആട്ടിപ്പായിക്കുമ്പോൾ, തൊട്ടറിയാനാവുന്നതു പോലെ അവരെ അറിയാനാവുന്നണ്ടല്ലോ എന്നും അവൾക്കു് തോന്നി. രജനി നീട്ടിയ പുസ്തകങ്ങൾ ഒന്നൊന്നായി മറിച്ചു നോക്കിയ ശേഷം വിൻസെന്റ് അവയിൽ ചിലതു്, അടഞ്ഞുകിടക്കുന്ന ജനാലയിൽ ആമഗ്നനായി കസേരയിലിരിക്കുന്ന, വൃദ്ധന്റെ മടിയിൽ വച്ചു. വൃദ്ധൻ അവയിലേയ്ക്കു് വെറുതെയെങ്കിലുയൊന്നു നോക്കുക പോലും ചെയ്യാതെ, പകലിന്റെ ചൂടു് വിട്ടുമാറിയിട്ടില്ലാത്ത തറയിലേയ്ക്കു് അവയെല്ലാം പൊടി പറത്തി തട്ടിയിട്ട ശേഷം, മടിയിലെ മൗത്തു് ഓർഗൻ വലതു കയ്യിൽ മുറുക്കെപ്പിടിച്ചു് കസേരയിൽ നിന്നെഴുന്നേറ്റു്, മുഖത്തെ വിയർപ്പു് തുടച്ചു്, ജനാലയുടെ അടുത്തേയ്ക്കു് ചെന്നു് വീണ്ടും അതിന്റെ വലതുപാളി തുറന്നു. മുറിയിലേക്കു്, മുൻപത്തേതിലും പ്രചണ്ഡമായ നാറ്റം അടിച്ചുകയറി. മുറിയിലകപെട്ടു പോയിരുന്ന തുമ്പികളും ഈച്ചകളും പുറത്തേയ്ക്കു് കടന്നു. മറ്റൊരു തുമ്പി അഴികളെ ചുറ്റിപ്പറ്റി ഒരു നിമിഷം ചിറകടിച്ചിട്ടു് അകത്തേയ്ക്കു കയറാതെ പറന്നകന്നു. വിൻസെന്റു്, വൃദ്ധനെ അവിടെ നിന്നും പിടിച്ചു മാറ്റാനോ ജനാലപ്പാളി അടയ്ക്കാനോ പോവാതെ, നിർമ്മമമെന്നോ മഥിതമെന്നോ വ്യവച്ഛേദിക്കാനാവാത്ത കണ്ണുകളുമായി പുറത്തേയ്ക്കു് നോക്കിനിൽക്കുന്ന വൃദ്ധനെ പോലെ താഴെ വീണു കിടക്കുന്ന പുസ്തകങ്ങളെ നോക്കി നിൽക്കുന്നതു്, അയാളിൽ ഇപ്പോൾ കലമ്പിക്കൊണ്ടിരിക്കുന്ന ആശയങ്ങൾ എന്തൊക്കെയായിരിക്കാം, അയാളിൽ ഇപ്പോൾ പണിയെടുത്തുകൊണ്ടിരിക്കുന്ന പദ്ധതികൾ എന്തൊക്കെയായിരിക്കാം, അയാളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഓർമ്മകൾ എന്തൊക്കെയായിരിക്കാം എന്നൊരു തോന്നലിൽ മുഴുകി രജനി നോക്കിനിന്നു. മാവിന്റെ തുഞ്ചത്തെ ചില്ലകളിൽ നിന്നും കാക്കകളുടെ ഒരു കൂറ്റൻ കൂട്ടം രാത്രി സംക്രമിച്ചു തുടങ്ങിയ സന്ധ്യയുടെ ചുവപ്പിലേയ്ക്കു് വലിയ ഒച്ചയിൽ ചിതറുന്നതായിരിക്കാം വൃദ്ധൻ നോക്കിനിൽക്കുന്നതെന്നു് അവൾ സങ്കൽപ്പിച്ചു. കാക്കകളെല്ലാം പറന്നു പോയിക്കഴിഞ്ഞപ്പോൾ, ഇളകിയുലയുന്ന ഇലകളിലേയ്ക്കു് കണ്ണുകളുയർത്തി, അവിടെത്തന്നെ ഒരു നിമിഷം തങ്ങിയ ശേഷം, വൃദ്ധൻ ജനാലയടച്ചു് തിരികെ കസേരയിൽ വന്നിരുന്നു.
“തരില്ലെന്നറിയാം. പക്ഷേ, ചോദിച്ചില്ല എന്നു പിന്നീടു് തോന്നരുതല്ലോ. ഈ മനുഷ്യനെ ഓർത്തെങ്കിലും എനിക്കീ പുസ്തകങ്ങൾ തരുമോ?”
ഈ പുസ്തകങ്ങൾ കൈവശമുള്ള മറ്റു മനുഷ്യരെയും തന്നെ വന്നു കണ്ടതു പോലെ വിൻസെന്റ് കണ്ടിട്ടുണ്ടായിരിക്കുമോ എന്നു് നാവിന്റെ തുമ്പത്തേയ്ക്കു് തികട്ടി വന്ന ഒരു സംശയത്തെ അടക്കിനിർത്തിയ രജനി, അയാളുടെ അരണ്ട കണ്ണുകളിലേയ്ക്കു്, അവയിലിഴയുന്ന ഉഴൽച്ചകളിലേയ്ക്കു്, തന്റെ നോട്ടത്തിന്റെ വായ്ത്തലയെ അഭിമുഖീകരിക്കാനാവാതെ ആ കണ്ണുകൾ താഴേയ്ക്കു് താഴേയ്ക്കു് പൂന്തു പോവുന്നതു വരെ, ഒന്നും പറയാതെ, ഈ പുസ്തകങ്ങൾ കൈവശമുള്ള മറ്റു മനുഷ്യരെയും തന്നെ വന്നു കണ്ടതു പോലെ അയാൾ കണ്ടിട്ടുണ്ടാവുമെങ്കിൽ ആ മനുഷ്യർ അയാളോടു് എപ്രകാരമാവും പ്രതികരിച്ചിട്ടുണ്ടാവുക എന്ന സംശയത്തെ പരിഗണിച്ചു് നോക്കി നിന്നു. അച്ഛനെക്കുറിച്ചുള്ള മറ്റൊരു ദീർഘ വിവരണത്തിലേയ്ക്കാണു് അയാൾ ആഴുന്നതെന്നു് അവൾക്കു് തീർച്ചയായിരുന്നു. എന്തിനാണു് ഇതൊക്കെ അയാൾ തന്നോടു് പറയുന്നതെന്നും എന്തിനാണു് ഇതൊക്കെ താൻ കേൾക്കാൻ നിൽക്കുന്നതെന്നും തുടക്കത്തിൽ തോന്നിയെങ്കിലും, ശബ്ദവിന്യാസ സങ്കേതങ്ങളെ ആശ്രയിക്കാതെ, ഒരു ആത്മഭാഷണം പോലെ അയാൾ നടത്തിയ ആ ആഖ്യാനത്തിലെ മൂന്നു് ദൃശ്യങ്ങൾ, പിൽക്കാലത്തു് പലപ്പോഴും, കോട പുതഞ്ഞുകിടക്കുന്ന വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെ തനിച്ചു് കഞ്ചാവു് കടത്തിക്കൊണ്ടു വരുന്ന രാത്രികളിൽ പ്രത്യേകിച്ചും, അവളിലേയ്ക്കു് ആവർത്തിച്ചു് തിരിച്ചെത്താൻ ത്രാണിയുള്ള തീക്ഷ്ണതയോടെ, അവളെ ബാധിച്ചു. ഒന്നു്) അച്ഛന്റെ പഴയ ഉറ്റസുഹൃത്തും എഴുപതുകളിലെ ഒരു ഒളിവുകാലത്തു് അച്ഛൻ ഒറ്റുകൊടുക്കുകയും ചെയ്ത, പിന്നീടു് തൊണ്ണൂറുകളിൽ ഒരു പെന്തക്കോസ്തു് പാസ്റ്ററായി മാറിയ ഒരാൾ, ബംഗാളിലൂടെ നടത്തിയ ഒരു സുവിശേഷപ്രഘോഷണ യാത്രയ്ക്കിടയിൽ ഹൂഗ്ലി നദിയുടെ കരയിൽ തമ്പടിച്ച ഒരു സംഘം നാടോടികളുടെ കൂട്ടത്തിൽ നിന്നും താൻ കണ്ടെടുത്ത തന്റെ പഴയ കൂട്ടുകാരനെ വിൻസെന്റിന്റെ വൈറ്റിലയിലുള്ള പതിനാലാം നിലയിലെ ഫ്ലാറ്റിലെത്തിച്ച ദിവസം, ഓർമ്മ നശിച്ച ഈ മനുഷ്യൻ തന്നെയാണോ എന്റെ അച്ഛൻ, പാസ്റ്റർ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണോ, സത്യമാണെങ്കിൽ ഈ മനുഷ്യനെ ഞാനിനി എന്തു ചെയ്യും എന്നു് കുഴഞ്ഞുകലങ്ങിയ വിൻസെന്റ് അമ്മയുടെ ഒരു പഴയ ആൽബത്തിലെ അച്ഛന്റെ കുപിതയൗവനകാലത്തെ ഫോട്ടോകൾ മറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കളിപ്പാട്ടം പിടിച്ചുവാങ്ങുന്ന കുട്ടിയെ പോലെ ആ ആൽബം അയാളിൽ നിന്നും പിടിച്ചുവാങ്ങിയ വൃദ്ധൻ, അതിലെ ഒരു ഫോട്ടോയിൽ തന്റെയൊപ്പം ഒരു കടൽത്തീരത്തു് സിഗരറ്റു് വലിച്ചുകൊണ്ടിരിക്കുന്ന തന്റെ കൂട്ടുകാരനെയും ബാൽക്കണിയിലെ മടക്കുകസേരയിലിരുന്നു് ഇരുപത്തിയൊൻപതു് പുകയിലമുക്ത വർഷങ്ങൾക്കു് ശേഷം ആദ്യമായി ഒരു സിഗരറ്റു് വലിക്കുകയായിരുന്ന പാസ്റ്ററിനെയും മാറി മാറി നോക്കുന്നു. രണ്ടു്) അമ്മയുടെ ശവക്കല്ലറ കാണിക്കാൻ അച്ഛനെയും കൂട്ടി വിൻസെന്റ് പള്ളിയിലേയ്ക്കു് പോയ ദിവസം, ഒരു സെമിത്തേരിച്ചെടിയിൽ നിന്നും കുറച്ചു് വയലറ്റു് പൂക്കൾ പറിച്ചു് വൃദ്ധൻ കല്ലറയ്ക്കു് മേലെ വിതറുന്നു. മൂന്നു്) അച്ഛന്റെ പഴയ വെസ്പ പുതുക്കിപ്പണിത ശേഷം അതിൽ അയാളെയുമിരുത്തി ലുലു മാളിലേയ്ക്കു് ചെന്ന ദിവസം, അച്ഛനെ ഇവിടെ ഉപേക്ഷിച്ചിട്ടു് കടന്നുകളയാം എന്നൊരു തോന്നലിന്റെ സാധ്യതകൾക്കു് വശംവദപ്പെട്ടു് അച്ഛനിൽ നിന്നും ആൾക്കൂട്ടത്തിലേയ്ക്കു് മറഞ്ഞ വിൻസെന്റ് അൽപനേരം കഴിഞ്ഞു് ഒരു സി.സി.റ്റി.വി. ക്യാമറയുടെ സാധ്യതകൾക്കു് വിധേയപ്പെട്ടു് അച്ഛനെ ഉപേക്ഷിച്ച ആഡംബര വാച്ചുകടയുടെ മുന്നിൽ തിരിച്ചെത്തി അവിടെ അച്ഛനില്ലെന്നു് കണ്ടു് തണുത്തുറഞ്ഞു് നിൽക്കുമ്പോൾ, വൃദ്ധൻ താഴത്തെ നിലയിൽ നിന്നും ഒരു എസ്കലേറ്ററിൽ ഉയർന്നു വന്നു് അടുത്ത നിലയിലേയ്ക്കുള്ള എസ്കലേറ്ററിലേയ്ക്കു് നടന്നു പോകുന്നു.
അച്ഛന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരണം അവസാനിപ്പിച്ചു കഴിഞ്ഞു് വിൻസെന്റ് പ്രത്യാശയോടെ രജനിയെ നോക്കിനിന്നു. എന്താണു് അയാളോടു് പറയേണ്ടതെന്നും എങ്ങനെയാണു് അതു് പറയേണ്ടതെന്നും അറിയാമായിരുന്നെങ്കിലും, രജനി അൽപനേരം നിശ്ശബ്ദയായി, ഭാര്യയുടെ കല്ലറയിൽ വയലറ്റു് പൂക്കൾ വിതറുന്ന വൃദ്ധനിൽ കുരുങ്ങിനിന്ന ശേഷം, വിൻസെന്റിനെ നോക്കി മന്ദഹസിച്ചു്, താൻ പറയാൻ പോകുന്ന കാര്യം പറയുന്നതിനു മുൻപേ കേട്ടിട്ടെന്ന പോലെ അയാൾ മങ്ങിവിളറുന്നതു് കണ്ടു്, “ആർക്കു വേണ്ടിയാണെങ്കിലും, എത്ര പൈസ തരാമെന്നു് പറഞ്ഞാലും, ഞാൻ ഈ പുസ്തകങ്ങൾ തരാനോ വിൽക്കാനോ ഉദ്ദേശിക്കുന്നില്ല; അതുകൊണ്ടു് അച്ഛനുമായി ഇനിയും ഇവിടെ നിക്കണോന്നില്ല, വിൻസെന്റേ,” എന്നു് അയാളോടു് പറഞ്ഞു. വിൻസെന്റിന്റെ വിവരണത്തിൽ താൻ സെമിത്തേരിയിൽ എത്തിയപ്പോൾ മുതൽ, മൗത്തു് ഓർഗൻ ചുണ്ടത്തു് വച്ചു്, ഉള്ളിലൊഴുകുന്ന നിറങ്ങളെ തന്റെ വാദ്യത്തിലേയ്ക്കു് ആവാഹിക്കാനാവാത്ത ഒരു സംഗീതജ്ഞനാൽ വിഭാവനം ചെയ്യപ്പെട്ട ഒരാളെന്ന വണ്ണം ഇരിക്കുകയായിരുന്ന വൃദ്ധൻ, അപ്പോൾ, അതിൽ നിന്നും ദുരൂഹമോഹനമായ ഒരീണം പുറപ്പെടുവിച്ചു്, അനവധിയനവധി വർഷങ്ങൾ നീണ്ട ഒരു ശീതകാലനിദ്രയിൽ നിന്നും അത്രയും വർഷങ്ങൾ മുഴുവൻ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഒരു അസംബന്ധ സ്വപ്നത്തിന്റെ ഏറ്റവും സുന്ദരമായ പരിണതിയിലേയ്ക്കു് ഉണർന്നുവരുന്ന ഒരു ജീവിയെപ്പോലെ, രജനിയെ നോക്കി പൂത്തുതിളങ്ങി, അഴിഞ്ഞുലഞ്ഞു് ചിരിച്ചു.
അന്നു രാത്രി, നിറയെ ചിത്രപ്പണികളുള്ള ഒരു നീല പൈജാമയും ഒരു കറുത്ത ടീ ഷർട്ടും ഒരു ചുവന്ന കൈയില്ലാസ്വെറ്ററും ധരിച്ചു്, കസേരയിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കാവൽക്കാരനെ ഉണർത്താത്ത ചുവടുകളുമായി അപ്പാർട്ട്മെന്റിന്റെ ഗെയ്റ്റ് തുറന്നു് ഇറങ്ങി വരുന്ന നഗ്നപാദനായ വൃദ്ധനെ കണ്ടപ്പോൾ, ചാഞ്ഞു നിൽക്കുന്ന ഒരു തെരുവുവിളക്കിന്റെ ചുവട്ടിലെ ധൂമിലമായ മഞ്ഞ വെളിച്ചത്തിൽ, ഈയലുകളാൽ പൊതിയപ്പെട്ടും രണ്ടു ദിവസം മുൻപു് മറ്റൊരു പൂച്ചയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മുതുകിലും മുൻകാലുകളിലുമേറ്റ പരുക്കുകളാൽ വലയ്ക്കപ്പെട്ടും ഇനിയെങ്ങോട്ടു് എന്ന അതിപുരാതന ആഖ്യാനസമസ്യയാൽ ഞെരുക്കപ്പെട്ടും ഏറെ നേരമായി ദാർശനികമായ ഒരു നിശ്ചലതയിൽ നിലകൊള്ളുകയായിരുന്ന രാസാത്തി എന്നു് പേരുള്ള ഒരു തടിച്ചി പുള്ളിപ്പൂച്ചയ്ക്കു്, ഈ മനുഷ്യനു് എന്നെ ഓർമ്മയുണ്ടാവുമോ എന്നൊരു സംശയമുണ്ടായി. രണ്ടു ദിവസം മുൻപു് വരെ ആ അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിൽ, തനിക്കു് ഓർമ്മ വച്ചപ്പോൾ മുതൽ തന്നെ പോറ്റിവളർത്തുന്ന ഒരു യുവതിയുടെ കൂടെ താമസിക്കുകയായിരുന്ന അവൾ, അതിനു മുൻപു് ഒരിക്കൽ, ആ ഫ്ലാറ്റിലേയ്ക്കു് ഇടയ്ക്കിടെ വരാറുള്ള ഒരു ചെറുപ്പക്കാരൻ അയാളെയും കൂട്ടി തന്റെ യജമാനത്തിയെ കാണാൻ രണ്ടു ദിവസം മുൻപു് വന്നപ്പോൾ, വൃദ്ധനെ കണ്ടിട്ടുണ്ടായിരുന്നു. കാരണരഹിതമായി നിറഞ്ഞുതൂവുന്ന ഒരു സങ്കടമല്ലാതെ ഉപേക്ഷിച്ചു പോകാൻ മറ്റു കാരണങ്ങളില്ലാത്ത ഫ്ലാറ്റിലെ സുഭിക്ഷവും സുരക്ഷിതവുമായ ജീവിതമുപേക്ഷിച്ചു് കാരണരഹിതമായി പെരുകിമുറുകുന്ന ഒരു തരിപ്പല്ലാതെ സീകരിക്കാൻ മറ്റു് കാരണങ്ങളില്ലാത്ത തെരുവിന്റെ അനിശ്ചിതവും കലുഷിതവുമായ ജീവിതം സ്വീകരിക്കണോ വേണ്ടയോ എന്ന, ദിവസം ചുരുങ്ങിയതു് പതിനെട്ടു മണിക്കൂറെങ്കിലും ഉറങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന ഒരുവളിൽ നിന്നും ഏറിയാൽ മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാനാവുന്ന ഒരുവളായി അവളെ രൂപാന്തരപ്പെടുത്തിയ ഒരു അസ്തിത്വപ്രതിസന്ധിയിലൂടെ അവൾ കടന്നുപൊയ്ക്കോണ്ടിരുന്ന കാലമായിരുന്നു അതു്. അന്നു്, വൃദ്ധനു് ഒരു കപ്പ് ചായയും ഒരു പ്ലേറ്റ് ഉപ്പുബിസ്കറ്റും നൽകി സ്വീകരണമുറിയുടെ മൂലയിലെ ഒരു ബീൻബാഗിലിരുത്തിയിട്ടു് അവളുടെ യജമാനത്തിയും ചെറുപ്പക്കാരനും കിടപ്പുമുറിയിലേയ്ക്കു് പോയി വാതിലടച്ചു കഴിഞ്ഞപ്പോൾ, അത്രയും നേരം ബാൽക്കണിയഴികൾക്കിടയിലൂടെ തലയിട്ടു് ഇല്ലാക്കാഴ്ചകളിൽ നോക്കി, ഇല്ലാശബ്ദങ്ങൾക്കു് ചെവിയോർത്തിരിക്കുകയായിരുന്ന അവൾ വൃദ്ധന്റെ അടുത്തേയ്ക്കു് വന്നു്, അയാളുടെ കാൽച്ചുവട്ടിൽ ചുരുണ്ടുകൂടി, എന്തുകൊണ്ടെന്നു് അവൾക്കു് തിരിച്ചറിയാനാവാതിരുന്ന ഒരു തീവ്രതയോടെ, അയാളുടെ കണ്ണുകളിൽ ഏതാനും നിമിഷങ്ങൾ ആണ്ടുപൂണ്ടുകിടന്നു. തന്റെ തലയിലൂടെ കുറച്ചു കാലമായി ചൂളം വിളിച്ചലറിയലയുന്ന ക്ഷുദ്രജീവികൾ ഈ മനുഷ്യന്റെ തലയിലൂടെയും ഇപ്പോൾ ചൂളം വിളിച്ചലറിയലയുന്നുണ്ടെന്നു്, അങ്ങനെ തോന്നാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണമോ തെളിവോ അവളുടെ പക്കലില്ലായിരുന്നെങ്കിലും, ആ കിടപ്പിൽ അവൾക്കു് തോന്നി. അവളെ ശ്രദ്ധിക്കാതെ, എതിർവശത്തെ പാൽപ്പാടനിറമുള്ള ഭിത്തിയിൽ ഒരു കൂറ്റൻ ചിലന്തി, മഹത്തായ ഒരു കലാസൃഷ്ടിയിൽ ഏർപ്പെടുന്ന ഏകാഗ്രതയോടെ, പ്രാണിപിടുത്തത്തിൽ ഏർപ്പെട്ടിരിക്കുന്നതു് ഉദ്വേഗഭരിതനായി വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, വൃദ്ധൻ അപ്പോൾ. അതു് കണ്ടു്, ഇതോ കലാമഹിമ എന്നൊരവജ്ഞയോടെ, ചിലന്തിയിറച്ചിയോടു് വലിയ മമതയുള്ള രുചിസ്പർശിനികൾ ഇല്ലായിരുന്നെങ്കിലും ചിലന്തികളെ വേട്ടയാടാനുള്ള അസാമാന്യ പ്രതിഭയാൽ അനുഗൃഹീതയായിരുന്ന രാസാത്തി ചാടിമറിഞ്ഞു് ഞൊടിയിടയിൽ ആ ചിലന്തിയെ കൊലപ്പെടുത്തി ഭക്ഷിച്ചു. കൃത്യം നിർവ്വഹിച്ച ശേഷം, തന്റെ പ്രകടനം വൃദ്ധനെ ചൊടിപ്പിച്ചിട്ടുണ്ടാവുമോ എന്നൊരങ്കലാപ്പിൽ അയാളെത്തന്നെ നോക്കിയിരുന്ന അവൾ, നിശബ്ദതയുടെ ഹ്രസ്വമായ ഒരിടവേളയ്ക്കു് ശേഷം കൊള്ളാം കൊള്ളാം കൊള്ളാം എന്നു് അയാൾ പതിയെ കയ്യടിക്കുന്നതു് കണ്ടു് മനസ്സു് നിറഞ്ഞു്, നാത്തുമ്പിലേയ്ക്കു് അപ്പോഴേയ്ക്കും തിക്കുമുട്ടിവന്നിരുന്ന ഓക്കാനത്തെ തത്ക്കാലത്തേയ്ക്കു് വരുതിയിൽ നിർത്തി, വൈകാതെ താൻ ഛർദ്ദിച്ചു് അവശയാകുമെന്നു് അറിയാമായിരുന്നിട്ടും, ആ മുറിയുടെ ഭിത്തികളിലും തറയിലുമുണ്ടായിരുന്ന മറ്റു മൂന്നു ചിലന്തികളെക്കൂടി ഓടിനടന്നു് കൊലപ്പെടുത്തി ഭക്ഷിച്ചു; ഓരോ തവണയും വൃദ്ധൻ അവളെ കയ്യടിച്ചു് അഭിനന്ദിക്കുകയും ചെയ്തു. തനിക്കു് മൂന്നു നേരം പുഷ്ടിപ്രദമായ പൂച്ചഭക്ഷണവും രുചികരമായ പാലും തരുമായിരുന്നെങ്കിലും, തന്നെ വേണ്ടവിധം കൊഞ്ചിക്കുകയും പുന്നാരിക്കുകയും കളിപ്പിക്കുകയും ചെയ്യുമായിരുന്നെങ്കിലും, ചിലന്തികളെ പിടികൂടാനുള്ള തന്റെ പാടവത്തെ മാത്രം, പലപലതണ പലപലവിധത്തിൽ താനതു് പ്രദർശിപ്പിച്ചിട്ടും, തന്റെ യജമാനത്തി ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും ശ്രദ്ധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ലെന്നതു് അവളുടെ വലിയ നിരാശകളിലൊന്നായിരുന്നായതിനാൽ, തന്റെ സിദ്ധിയെ ആദ്യമായി ഒരാൾ വാഴ്ത്തുന്നതു് കണ്ടപ്പോൾ, അതിനോടു് എങ്ങനെ പ്രതികരിക്കണമെന്നോ അയാളോടു് എപ്രകാരം നന്ദി പറയണമെന്നോ അറിയാതെ അവൾ ആനന്ദത്താൽ സ്വയം മറന്നു് അയാളെ നോക്കിയിരുന്നു. കുറച്ചു നേരം കഴിഞ്ഞു് അകത്തെ മുറിയിൽ നിന്നും വാതിൽ തുറന്നു് പുറത്തേയ്ക്കു് വന്ന യജമാനത്തിയും ചെറുപ്പക്കാരനും വൃദ്ധനെയും കൂട്ടി ഫ്ലാറ്റിന്റെ പുറത്തേയ്ക്കിറങ്ങുന്നതു് കണ്ടു്, അവൾ അവരുടെ പിന്നാലെ, അയാളുടെ ദേഹത്തു് ചാടി മൂത്രമൊഴിച്ചു് അയാളെ തന്റെ പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള അടക്കാനാവാത്ത പ്രലോഭനത്തെ എങ്ങനെയൊക്കെയോ അടക്കിനിർത്തി, വാതിൽ വരെ നടന്നു. വാതിൽ പൂട്ടാതെ ഒരിക്കൽ പോലും ഫ്ലാറ്റിന്റെ പുറത്തേയ്ക്കിറങ്ങാറില്ലാത്ത അവളുടെ യജമാനത്തി അന്നു് ആദ്യമായി വാതിൽ പൂട്ടാതെ പുറത്തിറങ്ങിയതിനെ, അവ്യാഖ്യേയമായ ഏതെല്ലാമോ ഉണർച്ചകളാൽ ഉന്മത്തയായി, തന്റെ ഉറക്കം അപഹരിച്ച പ്രഹേളികയുടെ പരിഹാരമായി വ്യാഖ്യാനിച്ച അവൾ, ആ വ്യാഖ്യാനത്തിന്റെ ആഘാതത്തിൽ അൽപസമയം ഉറങ്ങിയ ശേഷം, തുറന്നു കിടന്ന വാതിലിലൂടെ പുറത്തു ചാടി, ഒൻപതാം നിലയിലും മൂന്നാം നിലയിലും വച്ചു് ഛർദ്ദിച്ചു് പന്ത്രണ്ടു നിലകളുടെ പടികളിറങ്ങി, അപ്പാർട്ട്മെന്റിന്റെ ഗെയ്റ്റു് കടന്നു്, ഇനി മടക്കമില്ലെന്നു് തന്നോടു് ആവർത്തിച്ചുപറഞ്ഞു്, വിട്ടുപോരുന്ന ഇടത്തേയ്ക്കു് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, തെരുവിലേയ്ക്കിറങ്ങി. ഇനിയെന്തു ചെയ്യുമെന്നു് വലഞ്ഞും വിശന്നു പൊരിഞ്ഞപ്പോൾ ചപ്പുകൂനകളിൽ പരതിയും ആദ്യമായി ലൈംഗികാനന്ദം അറിഞ്ഞും രതിയിലേർപ്പെട്ട ശേഷം എങ്ങോട്ടോ ഓടിപ്പോയ തവിട്ടുനിറമുള്ള ഒരു പൂച്ചയെ കാത്തും അങ്ങനെ കാത്തുനിൽക്കുമ്പോൾ അവളെ ലൈംഗികമായി സമീപിച്ച മറ്റൊരു പൂച്ചയെ തിരസ്കരിച്ചും തിരസ്കരിക്കപ്പെട്ടത്തിൽ ഇളിഭ്യനായി ചാരനിറമുള്ള ആ പൂച്ച അവളെ ആക്രമിച്ചപ്പോൾ പരുക്കേറ്റിട്ടും ധീരമായി പൊരുതി അവനെ തുരത്തിയും തവിട്ടു നിറമുള്ള പൂച്ച ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു് ഹതാശയായും യജമാനത്തിയെ ഓർത്തു് സങ്കടപ്പെട്ടും ഒന്നും പറയാതെ യജമാനത്തിയെ വിട്ടുപിരിഞ്ഞതിൽ മനം നൊന്തും ജീവിച്ച രണ്ടു ദിവസങ്ങൾക്കു് ശേഷം ഫ്ലാറ്റിലേയ്ക്കു് തിരിച്ചുചെല്ലാമെന്നു് തീരുമാനിച്ചു് അങ്ങോട്ടേയ്ക്കു് ചെന്ന അവൾ, അപ്പാർട്ട്മെന്റിന്റെ ഗെയ്റ്റിന്റെ മുന്നിലെത്തിയപ്പോൾ, വേണ്ട, മടങ്ങില്ലെന്നു് ഉറപ്പിച്ച ഇടത്തേയ്ക്കു് മടങ്ങണ്ടെന്നു് തന്നോടു് ആവർത്തിച്ചുപറഞ്ഞു് അവിടെ നിന്നും തിരിച്ചുനടന്നു. അൽപസമയം കഴിഞ്ഞപ്പോൾ നിറയെ ചിത്രപ്പണികളുള്ള ഒരു നീല പൈജാമയും ഒരു കറുത്ത ടീ ഷർട്ടും ഒരു ചുവന്ന കൈയില്ലാസ്വെറ്ററും ധരിച്ചു്, കസേരയിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കാവൽക്കാരനെ ഉണർത്താത്ത ചുവടുകളുമായി അപ്പാർട്ട്മെന്റിന്റെ ഗെയ്റ്റു് തുറന്നു് ഇറങ്ങി വരുന്ന നഗ്നപാദനായ വൃദ്ധനെ അവൾ കണ്ടു. ഈ മനുഷ്യൻ പാതിരാത്രിക്കു് ഉലാത്താനിറങ്ങിയതാണോ അതോ തന്നെപ്പോലെ എക്കാലത്തേയ്ക്കുമായി തെരുവിലേയ്ക്കിറങ്ങിയതാണോ എന്നു് കുഴങ്ങി നിന്ന അവളെയും കടന്നു് വൃദ്ധൻ മുന്നോട്ടു് നടന്നു. അതു് കണ്ടു് ഒരു നിമിഷം കൂടി സന്ദേഹിച്ചു നിന്ന അവൾ, മ്യാവൂമ്യാവൂമ്യാവൂ എന്നു് മൂന്നു വട്ടം വിളിച്ചിട്ടും തന്നെ ശ്രദ്ധിക്കുകയേ ചെയ്യാതെ നടപ്പു് തുടരുകയായിരുന്ന വൃദ്ധന്റെ പിന്നാലെ, തന്നെ ഇയാൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, തന്നെ ഇയാൾക്കു് ഓർമ്മയുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ രാത്രി താൻ ഇയാളുടെയൊപ്പം തന്നെ നടക്കും എന്ന തീർച്ചപ്പെടുത്തലോടെ, എന്തിനാണിപ്പോൾ അങ്ങനെയൊരു തീർച്ചപ്പെടുത്തലെന്നു് ഉത്കണ്ഠപ്പെട്ട ഒരു പ്രതിലോമ വിചാരത്തെ പോപോപോ എന്നു് ആട്ടിപ്പായിച്ചു്, പരുക്കു പറ്റിയ കാലുകളിലെ വേദനയെ കടിച്ചുപിടിച്ചു്, ഓടിച്ചെന്നു. അവർക്കൊപ്പം കൂടിയ ഒരു വെള്ളപ്പൂച്ചയെ അവൾ ഒരു പുള്ളിപ്പുലിയെയെപ്പോലെ വാ പിളർത്തി ചീറിയലറി അവിടെ നിന്നും തുരത്തി. ആ പൂച്ചപ്പോരിന്റെ പല സ്ഥായിയിലുള്ള ശബ്ദങ്ങൾ വൃദ്ധന്റെ ശ്രദ്ധയെ തന്നിലേക്കെത്തിക്കുമെന്നു് അവൾ വിചാരിച്ചെങ്കിലും അവൾ വിചാരിച്ചതു പോലെ സംഭവിച്ചില്ല. അയാളുടെ കാലിൽ തോണ്ടാമെന്നോ അല്ലെങ്കിൽ അയാളുടെ തോളത്തു് ചാടിക്കയറാമെന്നോ ഉള്ള ആലോചനകളെ അങ്ങനെ ചെയ്താൽ അയാൾ തന്നെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുമെന്നും അയാളുടെ മുന്നിൽ കയറി നടക്കാമെന്ന ആലോചനയെ അങ്ങനെ ചെയ്താൽ അയാൾ അവളുടെ കണ്ണുവെട്ടിച്ചു് കടന്നുകളയുമെന്നും ഭയന്നു് അവൾ തള്ളിക്കളഞ്ഞു. അവർ നടന്നുകൊണ്ടിരുന്ന സിമന്റു് പാകിയ ഇടവഴി നാലു വളവുകൾ താണ്ടി ഹൈവേയിലേയ്ക്കു് പ്രവേശിക്കുന്ന ഇടുങ്ങിയ തിരിവിലെത്തിയപ്പോൾ, ആ തിരിവിന്റെ വക്കിൽ നിൽക്കുന്ന ഒരു മരം, താക്കീതില്ലാതെ ആഞ്ഞുവീശിയ ഒരു പൊടിക്കാറ്റിൽ നടുങ്ങിയുലഞ്ഞു്, വൃദ്ധന്റെയും അവളുടെയും മേലെ വരണ്ട ഇലകളും മഞ്ഞപ്പൂക്കളും വാരിവിതറി. വെകിളിപിടിച്ചിക്കിളിപ്പെട്ടു് അവൾ അതു് മുഴുവൻ അപ്പോൾ തന്നെ കുടഞ്ഞു കളഞ്ഞു. പക്ഷേ, തൊട്ടടുത്ത നിമിഷം, ഇലകളും പൂക്കളും ചൂടി ഹൈവേയിലേയ്ക്കു് പ്രവേശിക്കുന്ന വൃദ്ധനെ കണ്ടപ്പോൾ, ഇലകളും പൂക്കളും ചൂടി നടക്കുന്ന ഒരു മനുഷ്യനെ കാണാൻ ഇത്രയും ചന്തമുണ്ടെങ്കിൽ, ഇലകളും പൂക്കളും ചൂടി നടക്കുന്ന തന്നെ കാണാൻ എന്തോരം ചന്തമുണ്ടാവുമായിരുന്നു എന്നൊരു ഖേദം അവൾക്കുണ്ടായി. ഹൈവേയിൽ പ്രവേശിച്ച വൃദ്ധൻ നടപ്പിന്റെ വേഗം കൂട്ടിയതോടെ അയാൾക്കൊപ്പം നടന്നെത്താൻ ആവശ്യമായി വന്ന കായക്ലേശം അവളുടെ കാലുകളിലെ വേദനയെ ഒരു കാറിക്കരച്ചിലിന്റെ വക്കിലെത്തിച്ചു; വേദനയ്ക്കു് ആ വക്കു് മുറിച്ചുകടക്കാതിരിക്കാനാവില്ലെന്നായപ്പോൾ അവൾ കാറിക്കരയുകയും എന്നിട്ടുപോലും ഇയാൾ എന്തുകൊണ്ടാണു് തന്നെ ശ്രദ്ധിക്കാത്തതെന്നു് ഉടൻ നിരാശപ്പെടുകയും ചെയ്തു. വേദനിച്ചും നിരാശപ്പെട്ടും നടന്ന ആ നടപ്പിനിടയിലും അവളുടെ ശ്രദ്ധയെ സ്വാധീനിച്ച കുതിച്ചോടുന്ന വാഹനങ്ങളെയോ കടത്തിണ്ണകളിലുറങ്ങുന്ന മനുഷ്യരെയോ ചപ്പുകൂനകളിൽ പരതുന്ന കാക്കകളെയോ പടുകൂറ്റൻ പരസ്യപ്പലകകളെയോ ശ്രദ്ധിക്കാതെ, വേച്ചുവേച്ചുകുഴഞ്ഞുവലിഞ്ഞിഴയുന്ന മധുരശബ്ദത്തിൽ ജിന്നിനും ജിന്നുകൾക്കുമൊരു സ്തുതിഗീതം ആലപിക്കുന്ന ഒരു പാപ്പാനെയും പുറത്തിരുത്തി ആടിയാടി പോകുന്ന ഒരു ആനയെ പോലും ശ്രദ്ധിക്കാതെ, അയാൾ ഏറെദൂരം തല താഴ്ത്തി, വരണ്ട ഇലകളും മഞ്ഞപ്പൂക്കളും പൊഴിച്ചു്, ഒരു അസംബന്ധവൃക്ഷമെന്ന പോലെ നടന്നു. എത്ര ദൂരം ഇയാളിങ്ങനെ നടക്കുമെന്ന അവളുടെ കൗതുകം എത്ര ദൂരം ഇയാളിങ്ങനെ നടക്കുമെന്ന ഒരു പരിഭ്രമമായി വളരുന്നതിനിടയിൽ, കലിച്ചുതുള്ളി കടന്നുപോയ ഒരു ടിപ്പർ ലോറിയിൽ നിന്നും രണ്ടു് യുവാക്കൾ ആ നാലുവരിപ്പെരുമ്പാതയിലേയ്ക്കു് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കു് കവറുകളിൽ നിന്നും ചിതറിയ കോഴികളുടെയും പന്നികളുടെയും പശുക്കളുടെയും പോത്തുകളുടെയും ആടുകളുടെയും അളിഞ്ഞ മാംസത്തുണ്ടുകൾ കണ്ടു് അയാൾ പെട്ടെന്നു് നടപ്പു നിർത്തി നിശ്ചലനായി. അതിലൊരു കവർ അയാളുടെ കാൽച്ചുവട്ടിലാണു് വീണതു്. വഴിയിലെ ഇറച്ചിക്കഷണങ്ങളിലേയ്ക്കു് എവിടെനിന്നൊക്കെയോ ഓടിയടുത്ത തെരുവുനായ്ക്കളിൽ രണ്ടെണ്ണം അയാളുടെ കാൽച്ചുവട്ടിലുമെത്തി. അയാളെ പോലെ അവരും അവളെ ശ്രദ്ധിക്കുകയേ ചെയ്യുന്നില്ലായിരുന്നെങ്കിലും, അവരെ അത്രയും അടുത്തു് കണ്ടു് പേടിച്ചു കിടുകിടുത്ത രാസാത്തി, എത്രയും പെട്ടെന്നു് ഇയാൾ ഇവിടെ നിന്നും നടന്നു പോകണേ എന്നൊരു പ്രാർത്ഥനയിൽ മുഴുകി, ആ പട്ടികളിൽ ഒരു കാലില്ലാത്ത ഒരുവന്റെ കണ്ണുകളിലെ വിശപ്പിലേയ്ക്കു് പാളിപ്പാളിനോക്കി, അയാളുടെ പിന്നിൽ പമ്മിപ്പമ്മി നിന്നു. അതിദീർഘമായ രണ്ടു നിമിഷങ്ങൾക്കു ശേഷം അയാൾ മുൻപത്തെക്കാൾ വേഗത്തിൽ അവിടെ നിന്നും നടന്നകന്നെങ്കിലും കിടുകിടുപ്പിന്റെ വിടാപ്പിടുത്തത്തിൽ നിന്നും മോചിതയാവാൻ അവൾക്കു് പിന്നെയും ഏറെ നേരം വേണ്ടിവന്നു. അവരിരുവരും തീവണ്ടിപ്പാളങ്ങൾക്കു് മേലെ പണിത ഒരു ഫ്ലൈയോവറിന്റെ ചുവട്ടിലെത്തിയപ്പോൾ, അവളുടെ ഊഹം ശരിവച്ചുകൊണ്ടു്, അയാൾ അതിൽ കയറാതെ, അരികുകളിൽ അവിടെയുമിവിടെയും ഏതാനും മനുഷ്യരും ഏതാനും നായ്ക്കളും ചിതറിയുറങ്ങുന്ന അടിപ്പാതയിലേയ്ക്കു്, നടപ്പിന്റെ വേഗം കുറച്ചു്, നടന്ന ദൂരങ്ങളുടെ കിതപ്പോടെ പ്രവേശിച്ചു. തൊട്ടുപിറകെ ഒരു പൊലീസ് റോന്തുചുറ്റൽ വണ്ടി അവിടേയ്ക്കു് സൈറൺ മുഴക്കി വന്നു് സഡൻബ്രേക്കിട്ടു് നിന്നു. വണ്ടിയിൽ നിന്നുമിറങ്ങി വന്ന ഒരു പൊലീസുകാരൻ വൃദ്ധനെ ചോദ്യം ചെയ്യുന്നതും അയാളോടു് തിരിച്ചറിയൽ രേഖ ചോദിക്കുന്നതും ഒരു മറുപടിയും പറയാതെ ഫ്ലൈയോവറിന്റെ തൂണിൽ ആരോ കോറിയ അവ്യക്തമായ ഒരു മുദ്രാവാക്യവും നോക്കി നിൽക്കുന്ന അയാളെ കോളറിൽ പിടിച്ചു് വണ്ടിയിലേയ്ക്കു് വലിച്ചിഴയ്ക്കുന്നതും കണ്ടു് എന്താണു് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചരണ്ട രാസാത്തി, പിൽക്കാലത്തു് പലപ്പോഴും, അവീൻചെടികൾ പൂത്ത ഒരു താഴ്‌വരയിൽ മരണം കാത്തുകിടന്ന ഒരു തണുത്ത മാദകരാവിൽ പോലും, അവളെ ഹർഷപുളകിതയാക്കിയ ഒരു നീക്കത്തിൽ, പൊലീസുകാരന്റെ നേരെ കുതിച്ചു ചാടി അയാളുടെ മുഖം മാന്തിപ്പറിച്ചു. വിരണ്ടു കുതറി മാറുന്നതിനിടയിൽ ആ പൊലീസുകാരൻ നില തെറ്റി വീണതും, അവളെ ഞെട്ടിച്ചുകൊണ്ടു് വൃദ്ധൻ അവളെയും കോരിയെടുത്തു് അടിപ്പാതയിലൂടെ കുതിച്ചു്, പാഞ്ഞുവരികയായിരുന്ന ഒരു തീവണ്ടിക്കു കുറുകെ ഒരു ലോംഗ്ജമ്പുകാരനെ പോലെ ചാടി പാളങ്ങൾ മുറിച്ചുകടന്നു്, അവളുടെ ചൂടുമൂത്രത്താൽ നനയ്ക്കപ്പെട്ടു് ഇരുട്ടിൽ മറഞ്ഞു.
(2016).
മാധ്യമ പ്രവർത്തകൻ. മൂന്നു് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: കരുണാകരൻ