കോളേജിലെ അദ്ധ്യാപകവൃത്തിയിൽനിന്നു് ഞാൻ വിരമിച്ചിട്ടിപ്പോൾ എട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. അങ്ങോട്ടു തിരിഞ്ഞു നോക്കുമ്പോൾ രസകരങ്ങളായ പല അനുഭവങ്ങളും മനോമുകുരത്തിൽ തെളിഞ്ഞുവരുന്നതു കാണാം. മനസ്സിനുന്മേഷമുണ്ടാക്കുന്ന ഒന്നാണു് അധ്യാപനം. സാഹിത്യാധ്യാപനം വിശേഷിച്ചും ഉല്ലാസപ്രദമാകുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ക്ലാസ്സുകളിൽ കാൽനൂറ്റാണ്ടിലധികകാലം ഞാൻ മലയാളസാഹിത്യം പഠിപ്പിച്ചിട്ടുണ്ടു്. പഠിക്കുന്നതിലും പഠിച്ചതു് പരീക്ഷയ്ക്കു് എഴുതിക്കൊടുക്കുന്നതിലും ക്ലാസ്സിൽ നടക്കുന്ന പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നതിലും പൊതുവെ അച്ചടക്കം പാലിക്കുന്നതിലുംമറ്റും ഇരുകൂട്ടർക്കും തമ്മിലുള്ള ഗണ്യമായ വ്യത്യാസമാണു് എന്റെ മനസ്സിൽ മായാതെ പറ്റിനിൽക്കുന്നതു്. ഈ വ്യത്യാസത്തെപ്പറ്റി ഞാൻ ഇപ്പോഴും ഇടയ്ക്കിടയ്ക്കു ചിന്തിച്ചുനോക്കാറുണ്ടു്. പെൺകുട്ടികൾ പൊതുവെ അച്ചടക്കമുള്ളവരാണല്ലോ. അതുകൊണ്ടു് ക്ലാസ്സിലും ഇക്കാര്യത്തിൽ അവർക്കു തന്നെയാണു് ഒന്നാംസമ്മാനം കൊടുക്കേണ്ടതു്. ആൺകുട്ടികളെപ്പോലെ പെട്ടെന്നു് അക്ഷമരാകാനോ ബഹളം കൂട്ടാനോ സ്വാഭാവികമായിത്തന്നെ അവർക്കു കഴിവില്ലെന്നു പറയാം. പക്ഷേ, ഈ ശാന്തശീലവും ശാലീനതയും ചിലപ്പോൾ ആവശ്യത്തിലധികമായിപ്പോകുന്നില്ലേ എന്നു സംശയം തോന്നാറുണ്ടു്. പാഠ്യവിഷയത്തെ സംബന്ധിച്ചു് എന്തെങ്കിലും സംശയം നേരിട്ടാൽ ഉടൻ എഴുന്നേറ്റു നിന്നു ചോദ്യം ചോദിക്കാൻ ആൺകുട്ടികൾക്കു് ഒരു കൂസലുമില്ല. എന്നാൽ പെൺകുട്ടികളുടെ കഥയോ? ഇരുപത്തഞ്ചു കൊല്ലക്കാലത്തിനിടയ്ക്കു് ഒരു തവണപോലും ഒരൊറ്റ പെൺകുട്ടിയെങ്കിലും തുറന്ന ക്ലാസ്സിൽവച്ചു് ഒരു ചോദ്യം ചോദിച്ചതായിട്ടോർമ്മയില്ല. ഒരുതരം നാണം കുണുങ്ങികളായി അടങ്ങിയൊതുങ്ങിയിരിക്കാനേ പെൺകുട്ടികൾ ശീലിച്ചിട്ടുള്ളൂ. ഹാജർ വിളിക്കുമ്പോൾപോലും വേണ്ടത്ര ഉച്ചത്തിലുത്തരം പറയാൻ അവർ ലജ്ജിക്കുന്നു. ഈ ‘പഴഞ്ചൻ’ സമ്പ്രദായം എന്നെ പലപ്പോഴും അരിശംകൊള്ളിച്ചിട്ടുണ്ടു്. ‘പ്രസന്റ് ’ എന്നുറക്കെ പറഞ്ഞില്ലെങ്കിൽ ആബ്സെന്റ് മാർക്ക് ചെയ്യുമെന്നു് പറഞ്ഞു് ഞാൻ പേടിപ്പിച്ചുനോക്കി—ഫലമില്ല. ചിലരെ വരാത്തവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. എന്നിട്ടെന്തു ഫലം! ഒരു മാറ്റവുമില്ല. ആൺകുട്ടികളെപ്പോലെതന്നെ പെൺകുട്ടികളും നല്ല തന്റേടവും തടിമിടുക്കും കാണിക്കണമെന്നു ഞാൻ പ്രസംഗിക്കാറുണ്ടു്. അത്തരം മാറ്റത്തിൽ ആത്മാർത്ഥമായി സന്തോഷിക്കുന്ന ആളാണു് ഞാനെന്നും അവർക്കറിയാം. എന്നാലും ഒരുതരം അന്തർജ്ജനസമ്പ്രദായം തന്നെയാണു് അവർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നതു്. യാഥാസ്ഥിതികത്വം ഉറഞ്ഞു കൂടിനിൽക്കുന്നതു് സ്ത്രീ സമുദായത്തിലാണെന്നു് ഈദൃശാനുഭവങ്ങൾ തെളിയിക്കുന്നു. സ്ത്രീപുരുഷസമത്വം ഉദ്ഘോഷിക്കപ്പെടുന്ന ഇക്കാലത്തു് ഈ സ്ത്രൈണസ്വഭാവത്തിനു് അൽപാൽപ്പം മാറ്റം കാണുന്നുണ്ടെന്നു സമാധാനിക്കാം. നമ്മുടെ സാഹിത്യ നിരൂപണരംഗത്തു സ്ത്രീകൾ അധികം പ്രവേശിക്കാറില്ലല്ലോ. ഉള്ളവർ തന്നെ അൽപം ആശങ്കയോടെയാണു് കടന്നു വരുന്നതെന്നു തോന്നുന്നു. ഇതിലും ഒരു പുതുമ കണ്ടുതുടങ്ങിയിട്ടുള്ളതു സന്തോഷാവഹമാണു്. എല്ലാ സാമാന്യനിയമങ്ങൾക്കും ഉണ്ടല്ലോ വ്യത്യസ്തങ്ങൾ. ഒരിക്കൽ കോളേജിലുണ്ടായ ഒരു സംഭവം ഓർമ്മയിൽ വരുന്നു. ആൺകുട്ടികളുടെ കൂട്ടത്തിലൊരു പച്ചക്കാമദേവൻ ഒരു പെൺകുട്ടിക്കു് ഒഴിയാബാധയായിത്തീർന്നു. തരം കിട്ടുമ്പോഴെല്ലാം അവൻ അവളുടെ പിറകെ ചുറ്റിപറ്റി നടക്കും. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി പലരും കാൺകെ അവന്റെ മുഖത്തൊരു ആട്ടുവച്ചുകൊടുത്തു. അതോടെ രോഗം നിശ്ശേഷം മാറി. കുറെ ദിവസത്തേയ്ക്കു് അവനെ കോളേജിന്റെ പരിസരങ്ങളിൽ പോലും കാൺമാനില്ലായിരുന്നു. ഒരു പെൺകുട്ടി ഈ രീതിയിലെങ്കിലും കുറെ ചൊടിയും ചുണയും കാണിച്ചതറിഞ്ഞപ്പോൾ എനിക്കെന്തൊരു സന്തോഷം തോന്നിയെന്നോ!
ഇൻഡ്യയിലെ കർമ്മശക്തിയുടെ അർദ്ധാധികഭാഗവും സ്ത്രീ സമുദായത്തിലാണു് സ്ഥിതിചെയ്യുന്നതു്. അടുത്ത കാലംവരെ ഉറങ്ങിക്കിടന്നിരുന്ന ആ ശക്തിയെ കുറെയെങ്കിലും ഉണർത്തിവിട്ടതു് മഹാത്മാഗാന്ധി യാണു്. ഇന്നും അതിനു വേണ്ടത്ര വികാസം സിദ്ധിച്ചിട്ടില്ല. പെറ്റു കൂട്ടുകയും കുട്ടികളെ വളർത്തുകയും മാത്രമാണു് തങ്ങളുടെ ജോലിയെന്ന അന്ധവിശ്വാസമാണു് ഇന്നും ഭാരതത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കുമുള്ളതു്. ദാമ്പത്യജീവിതത്തിൽ ചിരപ്രതിഷ്ഠിതമായിട്ടുള്ള സ്ത്രീകളുടെ അടിമത്തത്തെ പാതിവ്രത്യത്തിന്റെ ചായം തേച്ചുകാണിക്കുന്ന ശീലാവതീചരിതവും മറ്റും അവർ ബഹിഷ്ക്കരിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ശ്രീരാമന്റെ പേരിൽ കേസുകൊടുക്കുന്ന സീതയാണു് ഇനി നമുക്കു വേണ്ടതു്. സോവിയറ്റു റഷ്യയിലെ സ്ത്രീകളെ നോക്കൂ: അടുക്കളയിലെന്നതുപോലെ അടർക്കളത്തിലും അവർ പ്രശോഭിക്കുന്നു. എല്ലാ പ്രവൃത്തിരംഗങ്ങളിലും പുരുഷന്മാരോടൊപ്പം നിൽക്കാൻ അവർക്കു കഴിവുണ്ടു്. കഴിഞ്ഞ ലോക മഹായുദ്ധകാലത്തു സെബാസ്റ്റപോൾനഗരം ശത്രുക്കൾ വളഞ്ഞപ്പോൾ ഭൂഗർഭത്തിലുള്ള കൃത്രിമഗുഹകളിൽ കുട്ടികളെ മുലകൊടുത്തുറക്കിക്കിടത്തിക്കൊണ്ടു്, യന്ത്രത്തോക്കുമേന്തി പുറത്തുവന്നു ശതക്കണക്കിനു ജർമ്മൻഭടന്മാരെ വെടിവെച്ചുകൊന്ന അവിടത്തെ അമ്മമാരുടെ വീരചരിതം ഇന്നത്തെ ഭാരതസ്ത്രീകൾക്കു മാതൃകയാവണം. പ്രസംഗവശാൽ നീണ്ടു പോയ ഈ ഭാഗം ഇവിടെ നിൽക്കട്ടെ. ഇനിയും കോളേജുക്ലാസ്സുകളിലേയ്ക്കു തന്നെ മടങ്ങാം.
പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നതിലും നോട്ട് എഴുതിയെടുക്കുന്നതിലും മറ്റും പെൺകുട്ടികൾ താരതമ്യേന കുടുതൽ ഏകാഗ്രതപാലിക്കാറുണ്ടു്. എങ്കിലും പരീക്ഷയ്ക്കുത്തരം എഴുതുമ്പോൾ സ്വയം ചിന്തിച്ചു് സ്വന്തമായൊരഭിപ്രായം പുറപ്പെടുവിക്കാൻ അവർക്കു കഴിയുന്നില്ല. നോട്ട് കാണാപ്പാഠംപഠിച്ചു് ആവശ്യംപോലെ ഉത്തരക്കടലാസിൽ പകർത്താനേ അവർ ശ്രമിക്കു. പൊതു വിജഞാനസമ്പാദനത്തിൽ അവർ ആൺകുട്ടികളുടെ കുറെയേറെ പിന്നിലാണെന്നു വേണം പറയാൻ. പാഠ്യപുസ്തകങ്ങൾക്കു പുറമെ ലൈബ്രറിയിൽനിന്നു വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെടുത്തു വായിക്കുന്നതിനുള്ള അഭിരുചി പെൺകുട്ടികളിൽ കുറവായിട്ടേ കണ്ടിട്ടുള്ളു. ഉത്തരക്കടലാസുകളിൽ വമ്പിച്ച അബദ്ധങ്ങൾ എഴുതിപ്പിടിപ്പിയ്ക്കുക ഇരുകൂട്ടരും ചെയ്യാറുണ്ടു്. അതിൽ ആൺപെൺ വ്യത്യാസമില്ല. നേരം പോക്കിനു വകയുള്ള ചില അബദ്ധങ്ങൾ കണ്ടാൽ അവ പരസ്യമായി ക്ലാസിൽ വായിച്ചു ഞാൻ കളിയാക്കിയിരുന്നു. ശകുന്തളയ്ക്കു ദുഷ്യന്തനിൽ ഒരു പുത്രനുണ്ടായി എന്നൊരു വാക്യം ഒരിക്കൽ കണ്ടെത്തി. അതു് ഉറക്കെ വായിച്ചുകൊണ്ടു്, ദുഷ്യന്തൻ പ്രസവിക്കുമോ എന്നു ഞാൻ ചോദിച്ചുപോയി. ക്ലാസ്സിൽ കൂട്ടച്ചിരി. ഒരു പെൺകുട്ടിയുടേതായിരുന്നു ഉത്തരക്കടലാസ്. അവൾ കരയാൻ തുടങ്ങി. എന്തുചെയ്യും? ഇത്തരം നിർദ്ദോഷമായ പരിഹാസം പോലും സഹിക്കാൻവയ്യാത്ത ദുർബലമനസ്സാണു് പല കുട്ടികൾക്കുമുള്ളതു്. പെൺകുട്ടികൾ, തൊട്ടാൽ പൊട്ടുന്ന പളുങ്കു പാത്രങ്ങളാകരുതു്. ഒരിക്കൽ വേറൊരു പ്രൊഫസർക്കു ഹാജർ വിളിച്ചപ്പോൾ ഒരബദ്ധം പറ്റി. കമലാക്ഷി എന്നൊരു കുട്ടിയുടെ പേരു് രജിസ്റ്റർ നോക്കി വിളിച്ചപ്പോൾ കാമലക്ഷ്മിയായിപ്പോയി. രണ്ടും ഇംഗ്ലീഷിലെഴുതുമ്പോൾ മിക്കവാറും ഒന്നുപോലെ ഇരിക്കുമല്ലോ. പിന്നത്തെ ബഹളം പറയാനില്ല. കുട്ടിയുടെ സങ്കടം കരകവിഞ്ഞൊഴുകി. ആദ്യമായി കേരളത്തിലേയ്ക്കു വന്ന ഒരയ്യങ്കാർ പ്രൊഫസർക്കു പറ്റിയ അബദ്ധം ഇതിലും രസകരമാണു് ഇവിടുത്തെ അവാന്തരജാതികളുടെ പേരുകളൊന്നും അദ്ദേഹം കേട്ടിരുന്നില്ല. ചില ക്രിസ്ത്യൻ പേരുകൾ മാത്രമേ പരദേശത്തുവച്ചു പരിചയപ്പെട്ടിരുന്നുള്ളൂ. രജിസ്റ്ററിൽ തങ്കമ്മവാരസ്യാരമ്മ എന്നൊരു പേരുണ്ടായിരുന്നു. അവിടെ വന്നപ്പോൾ പ്രൊഫസറൊന്നു പരുങ്ങി. അൽപ്പം ആലോചിച്ചതിനുശേഷം, പിടികിട്ടിയ മട്ടിൽ, തങ്കമ്മവറിയസാറാമ്മ എന്നൊരുവിളി! ശബ്ദകോലാഹലം കൊണ്ടു ക്ലാസ്സുമുഴുവൻ ഇളകിമറിഞ്ഞു. കുറെ കഴിഞ്ഞു് എല്ലാം ശാന്തമായപ്പോൾ പാവം പ്രൊഫസർ കുട്ടികളോടു തന്നെ ചോദിച്ചു കാര്യം മനസ്സിലാക്കി. വാരസ്യയാർക്കും ചിരിവന്നു. കരയാനുള്ള വകയൊന്നും ഇതിലില്ലല്ലോ. ഇങ്ങനെ ഓർത്തോർത്തു ചിരിക്കാനുള്ള പലതും സ്മൃതി പഥത്തിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ടു്.
—സ്മരണമഞ്ജരി.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971