ഇ പി ഉണ്ണിയുമായി എസ് ഗോപാലകൃഷ്ണൻ നടത്തിയ സംഭാഷണം.
- ഗോപാലകൃഷ്ണൻ:
- ഓ വി വിജയന്റെ നവതി വർഷമാണിതു്. ഇന്ത്യയിലെ പ്രമുഖനായ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ഉണ്ണിയോടു് എന്റെ ആദ്യത്തെ ചോദ്യം… വിജയൻ എന്ന കാർട്ടൂണിസ്റ്റിൽ അസാധാരണമായ intellectual and moral presence ഉണ്ടായിരുന്നു എന്നു് തോന്നിയിട്ടുണ്ടു്. ധാർമ്മിക വ്യക്തിത്വം എന്നതു് മറ്റു പല കാർട്ടൂണിസ്റ്റുകളിലും സജീവമായിരുന്നു. എന്നാൽ ധൈഷണികവും ധാർമ്മികവുമായ ഒരു ചേരുവ വിജയനിൽ അനന്യം ആയിരുന്നില്ലേ? അതാണോ ആ കാർട്ടൂണുകളെ വ്യത്യസ്തമാക്കിയതു്?
- ഉണ്ണി:
- അസാധാരണം എന്നു് പറഞ്ഞു തുടങ്ങിയതിനു നന്ദി. അതൊരു മുഖവുരക്കു് അവസരം തരുന്നു. ഈ കാർട്ടൂണിസ്റ്റ് അസാധാരണൻ തന്നെ. എത്രത്തോളം എന്നു് നാം കണ്ടെത്തണം. കാർട്ടൂണിനെക്കുറിച്ചു സംസാരിക്കുമ്പോൾ വിശേഷിച്ചും അളവും അനുപാതങ്ങളും നോക്കണം. വിജയനെ ഞാൻ അന്നന്നാൾ വായിച്ചു പിന്തുടർന്നതാണു്. താങ്കൾ കുറെയൊക്കെ പുറകോട്ടു പോയി വായിച്ചെടുത്തതാവും. ഈ വ്യത്യാസം ഈ സംഭാഷണത്തിൽ ഉടനീളം നാം ഓർക്കണം. അഭിപ്രായഭിന്നതയെക്കാൾ കാഴ്ച്ചപ്പാടിലെ അന്തരം ഉണ്ടാവും. ഇതത്ര വലിയ കാര്യമൊന്നുമല്ല. വിജയൻ വിഗ്രഹമായി കഴിഞ്ഞ സ്ഥിതിക്കു് പക്ഷേ, ഇത്തരം കുറെ ചെറിയ കാര്യങ്ങൾ കൊണ്ടു് വേണം നമുക്കു് മറന്നു കിടക്കുന്ന കാർട്ടൂണിസ്റ്റിനെ വീണ്ടെടുക്കാൻ. അസാധാരണം എന്നു് വിശേഷിപ്പിക്കാൻ എളുപ്പം അന്നത്തേക്കാൾ ഇന്നാണു്. വരച്ച കാലത്തു് വിജയനു് സമശീർഷർ ഉണ്ടായിരുന്നു—അബു എബ്രഹാം, രജീന്ദർ പുരി. ഇവർ മൂവരും ചേർന്നാണു് ഇന്ത്യൻ വാർത്താ കാർട്ടൂണിനെ ഒരു എഡിറ്റോറിയൽ കലാരൂപം ആക്കി മാറ്റിയതു്. അറുപതുകളിലും എഴുപതുകളിലും ഈ പ്രക്രിയ പൂർത്തിയാക്കിയ ഇവർ പത്രങ്ങൾക്കകത്തും പുറത്തും കാർട്ടൂണിനെ ഉയർത്തി. കണ്ണിന്റെ മുന്നിൽ രാഷ്ട്രീയം കീഴ്മേൽ മറിഞ്ഞ കാലം ആണതു്. നല്ല എഴുത്തുകാർക്കും കലാകാരന്മാർക്കും സിനിമാപ്രവർത്തകർക്കും ഒപ്പം അന്നു് ഈ പ്രതിഷേധകലയ്ക്കും സ്ഥാനം കിട്ടി… താങ്കൾ ഉദ്ദേശിച്ച ധൈഷണിക മാനം അങ്ങിനെ വന്നതാണു്. പിന്നെ, ധാർമ്മികതയുടെ കാര്യം. തൽക്കാലം പിടിച്ചു നില്ക്കാൻ നമുക്കു് വേണ്ടതു് നർമ്മമാണു്. ധർമ്മത്തിനൊരു പഞ്ഞവും ഇല്ല. കോവിഡും കൂടി വന്നതോടെ അധികാര സ്ഥാനത്തിരിക്കുന്ന സകലരും നമ്മെ ഉപദേശിച്ചു കൊണ്ടേയിരിക്കയാണു്. കിട്ടാവുന്ന നർമ്മം ഒക്കെ നമുക്കു് വേണം—കുഞ്ചൻ, സഞ്ജയൻ, വി കെ എൻ, വിജയൻ, സോഷ്യൽ മീഡിയയിലും മറ്റും ഉള്ള പരിഹാസികളായ ചെറുപ്പക്കാർ.
- ഗോപാലകൃഷ്ണൻ:
- ഒരു കാർട്ടൂണിസ്റ്റ് എന്ന പ്രൊഫഷനിൽ ഏറ്റവും പ്രബലമായ അന്ധവിശ്വാസം അതു് ചിരി ഉയർത്തണം എന്നതാണു് എന്നു് വിജയൻ പറഞ്ഞിരുന്നു. മൂന്നാം ലോക കാർട്ടൂണിസ്റ്റ് എന്നു് അദ്ദേഹം സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. പക്ഷേ, സാർവ്വകാലികവും സാർവ്വദേശീയവുമായ, ഇതിഹാസങ്ങളിൽ കാണും വിധമുള്ള, ഒരു പരിഹാസം അധികാരരൂപങ്ങളെ നോക്കി ആ കാർട്ടൂണുകൾ ചെയ്തില്ലേ?
- ഉണ്ണി:
- കുട്ടികൃഷ്ണ മാരാരു് പറഞ്ഞ വ്യാസന്റെ ചിരിയടക്കം ചിരിയുടെ നാനാർത്ഥങ്ങൾ അറിയാത്ത ആളല്ല വിജയൻ. വിജയൻ പറയുന്നതെല്ലാം അക്ഷരാർത്ഥത്തിൽ എടുക്കാൻ പറ്റില്ല. സാഹിത്യത്തിനു പുറത്തു് അങ്ങേരുടേതു തർക്കത്തിന്റെ ഭാഷയാണു്. ആരെയും കിട്ടിയില്ലെങ്കിൽ മൂപ്പരു് അവനവനോടു് തന്നെ തർക്കിക്കും. ഈ മൂന്നാം ലോക പ്രയോഗം അതിന്റെ ഭാഗമായി ഇറക്കിയതാവണം. ഏതായാലും ഇതു് ചോദ്യം ചെയ്യപ്പെടണം. വിജയൻ തന്നെ ഒരു മൂന്നാം ലോക കാർട്ടൂണിസ്റ്റല്ല. ഹിന്ദു പത്രത്തിൽ എഡിറ്റ് പേജിൽ ക്രിക്കറ്റിനെക്കുറിച്ചു വരെ വരച്ച ആളാണ്. പാരിസ് മാച്ച് പത്രത്തിൽ വരച്ച ഫ്രഞ്ചുകാരൻ ടിം, ആസ്ട്രേലിയയിൽ നിന്നു് കുടിയേറി അമേരിക്കൻ കാർട്ടൂണിസ്റ്റ് ആയ ഒലിഫാന്റ്, ലണ്ടനിൽ ജോലിചെയ്ത തിരുവിതാംകൂറുകാരനായ അബു എബ്രഹാം, ഹോ ചി മിൻന്റെ ഭാഗം പിടിച്ചു നിരന്തരം വിയറ്റ്നാമിനെ കുറിച്ചു വരച്ച ഇവരൊക്കെ ഒന്നാം ലോക കാർട്ടൂണിസ്റ്റുകൾ ആവുമോ? പണ്ടു് വിറ്റ്ഗെൻസ്ടീൻ പറഞ്ഞതു് കാർട്ടൂണിനും യോജിക്കും. കാർട്ടൂൺലോകത്തിന്റെ പരിധി കാർട്ടൂൺ ഭാഷയുടെ പരിധിയാണു്. ഭൂപടത്തിലെ രേഖകൾ അടക്കം പല അതിരുകളും ലംഘിക്കുന്ന കലയാണു് കാർട്ടൂൺ. അതുകൊണ്ടാണു് ഈ ഉത്തമ കാർട്ടൂണിസ്റ്റും അധികാരത്തിന്റെ അശ്ലീലത്തെ സർവ്വവ്യാപിയായി കണ്ടതു്.
- ഗോപാലകൃഷ്ണൻ:
- അദ്ദേഹത്തിന്റെ കാർട്ടൂണുകളിൽ ഞാൻ തുടർച്ചയായി കാണുന്ന ഒരു നോട്ടമുണ്ടു്… ചെറുതു് വലുതിനെ വെല്ലുവിളിക്കുന്നതു്… അല്ലെങ്കിൽ ചില മൂല്യാധിഷ്ഠിത മഹത്വങ്ങൾക്കു മുന്നിൽ അപഹാസ്യമാകുന്ന അല്പത്തരങ്ങൾ… ശ്രദ്ധിച്ചിട്ടുണ്ടോ?
- ഉണ്ണി:
- ഏതാണ്ടു് പതിനെട്ടാം നൂറ്റാണ്ടിനു ശേഷം കാർട്ടൂണിന്റെ ഭാഷ മാറിയിട്ടില്ലെന്നു് പണ്ഡിതർ പറയുന്നു. വൈരുദ്ധ്യങ്ങളിൽ അധിഷ്ഠിതമാണു് ഈ ഭാഷ. കടക വിരുദ്ധമായ രണ്ടു ഘടകങ്ങൾ ചേർത്തുവെക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനം ആണു് കാർട്ടൂൺ… വലുതു് ചെറുതു്, കറുപ്പു് വെളുപ്പ്, താണതു് ഉയർന്നതു് ഇത്തരം ധ്രുവങ്ങളിലൂടെയാണു് കാർട്ടൂൺ സരളമായും തീവ്രമായും കാര്യങ്ങൾ പറയുന്നതു്. ഇതു വിജയൻ ചെയ്യുമ്പോൾ അതിനു സവിശേഷമായ പ്രഹരശേഷിയുണ്ടാവും. ഇന്നത്തെ കോൺഗ്രസ്സ് പാർട്ടി എത്ര താണു പോയി എന്നു് പറയാൻ ഏതു കാർട്ടൂണിസ്റ്റും ഗാന്ധിജിയെ കൂട്ടുപിടിക്കും. ഇന്ദിരാകാല കോൺഗ്രസ്സിനെ വിജയൻ കൊച്ചാക്കുന്നതു ഗാന്ധിയായി പ്രത്യക്ഷപ്പെടുന്ന ജയപ്രകാശ് നാരായണനെ അവതരിപ്പിച്ചുകൊണ്ടാണു്. എന്നോ മണ്മറഞ്ഞ മഹാത്മാവിന്റെ ഗതകാലത്തെ ഓർമ്മിപ്പിച്ചാൽ മൊത്തത്തിൽ എവിടെയും ഉണ്ടായ മൂല്യച്യുതിയെ കുറിച്ചൊരു പൊതു പരാമർശത്തിൽ എത്തും… അതിലൊരു പങ്കു് മാത്രമേ കോൺഗ്രസ്സ് പാർട്ടിയുടെ കണക്കിൽ വീഴൂ. ഗാന്ധിപറഞ്ഞ കാര്യങ്ങൾ ഏറ്റുപറയുന്ന സമകാലികനായ ജെ പി യെ എന്തിനു ജയിലിൽ അടയ്ക്കുന്നു എന്നു വിജയൻ ചോദിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയ്ക്കു് ഉത്തരം മുട്ടും.
- ഗോപാലകൃഷ്ണൻ:
- മരിച്ചവരോടു് സംസാരിക്കുന്ന കാർട്ടൂണുകൾ എന്നു് തോന്നിയിട്ടുണ്ടു്. അതായതു് ഏതു് സമകാലിക വിഷയത്തെ സ്പർശിക്കുമ്പോഴും നൂറ്റാണ്ടുകളുടെ വേരുകൾ… ബോധത്തിന്റെ വേരുകൾ കാണാൻ കഴിയും. അതു് ഒരു അനന്യത അല്ലേ?
- ഉണ്ണി:
- ചരിത്ര സംഭവങ്ങളുടെ ഓർമ്മകൾ ബാക്കി നിന്ന കാലം ആയിരുന്നു അതു്. ഇതു് മറ്റാരെക്കാൾ വിജയൻ ഉപയോഗിച്ചു എന്നതു് വാസ്തവമാണു്. പ്രമേയങ്ങളിൽ ഊന്നി നിരന്തരമായി വരച്ചു. യുദ്ധം, സമാധാനം, സ്വാതന്ത്ര്യം, പരിസ്ഥിതി, മാർക്സിസം, വിപ്ലവം, വിപ്ലവാനന്തരം, അങ്ങിനെ പോയി ആ അന്വേഷണങ്ങൾ. വാർത്തകളിൽ കോർത്തിട്ടു ഈ സംവാദങ്ങൾ മുറയ്ക്കു കൊണ്ടു നടന്ന മറ്റൊരു കാർട്ടൂണിസ്റ്റ് ഇല്ല. ഒപ്പം നിൽക്കാവുന്ന വായനക്കാരും ഉണ്ടായിരുന്നു. പകൽ കണ്ടു മറക്കുന്നതിനപ്പുറം താൽപര്യമെടുക്കാവുന്ന വിമർശന കലയായി പത്രത്തിലെ ഈ ചതുരത്തെ കണ്ട വായനക്കാർ അന്നുണ്ടു്. എല്ലാവരും എല്ലായ്പോഴും കാർട്ടൂണിസ്റ്റിനോടു് യോജിച്ചിരുന്നില്ല. തർക്കങ്ങൾ തുടർന്നതു് തുടർവായനയ്ക്കു് പ്രേരകമായി. വാർത്തകൾ ശിഥിലമായ സാറ്റലൈറ്റ് ടെലിവിഷന്റെ കാലം ആവുമ്പോഴേക്കും വിജയൻ വര നിർത്തി. ചൈനയും അമേരിക്കയും വിരുദ്ധ ധ്രുവങ്ങളിലേക്കു നീങ്ങിത്തുടങ്ങുന്ന ഇപ്പോൾ വീണ്ടും ലോക രാഷ്ട്രീയത്തിൽ പ്രമേയങ്ങൾ തിരിച്ചു വരുന്നു. തർക്കങ്ങൾ തിരിച്ചു വന്നിട്ടില്ല. കാർട്ടൂണിനും ടീവിക്കും സംഭാഷണം വീണ്ടെടുക്കാവുന്നതാണു്. ആൾക്കാർ ഒന്നിച്ചിരുന്നു സംസാരിക്കുന്ന ടിവിയിൽ നാം കാണുന്നതു് അനിഷ്ടം തോന്നുന്ന എന്തിനു നേരെയും നടത്തുന്ന ആക്രോശങ്ങൾ ആണു്. കാർട്ടൂണിസ്റ്റുകൾ ആണെങ്കിൽ പലപ്പോഴും അലസരാണു്. അവരുടെ രീതി പഴയ പോലീസുകാർ സ്റ്റേഷൻ കെഡികളെ പഴിക്കുന്നതുപോലെ സ്ഥിരം ശത്രുക്കളെ കണ്ടെത്തി നിരന്തരം ആക്രമിക്കുക എന്നതാണു്. കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ നീണ്ട പത്തു് വർഷം മൻമോഹൻ സിംഗ് എന്ന പ്രധാനമന്ത്രിയെ ഒരേ പോലെ ചിത്രീകരിച്ചു. അമേരിക്കയോടും സോണിയ കുടുംബത്തോടും പരിപൂർണ്ണ വിധേയത്വമുള്ള ഒരു ദുർബ്ബലനായി. ഇപ്പോൾ ഈ മോദികാലത്തു് സിംഗിൽ അൽപ സ്വല്പം മഹത്വം കണ്ടെത്തി തുടങ്ങിയിട്ടുണ്ടു്. ഇതെല്ലം മറക്കുന്ന മണ്ടന്മാരാണു് വായനക്കാർ എന്ന വിശ്വാസം മാധ്യമങ്ങളിൽ ബാക്കി നിൽക്കുന്നു. വിജയനെ അനന്യൻ ആക്കുന്നതു് വായനക്കാരേക്കുറിച്ചു് അദ്ദേഹത്തിനുള്ള ഉയർന്ന സങ്കൽപം ആണു്. അവരോടു കൌശലം കാണിച്ചു പ്രീണനം നടത്തുകയല്ല യോജിച്ചും വിയോജിച്ചും മുന്നേറുകയാണു് വേണ്ടതെന്ന വിശ്വാസം. കാർട്ടൂണിസ്റ്റ് എക്കാലത്തും ജനപ്രിയനാവാൻ ശ്രമിക്കരുതു് എന്നു് വിജയൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. ചിലപ്പോൾ എങ്കിലും വായനക്കാരുടെ താൽപര്യങ്ങൾക്കു് നേർ എതിരായി വരക്കണം എന്നും. ഇതു കേട്ടാൽ ഇന്നത്തെ ചില പത്രങ്ങളിലെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്മാർ പരേതനായ വിജയന്റെ രാജി ആവശ്യപ്പെടും.
- ഗോപാലകൃഷ്ണൻ:
- ഇന്ത്യൻ കാർട്ടൂണുകളിൽ പരിചിതമല്ലാത്ത ഘടകങ്ങൾ (elements) അദ്ദേഹം കൊണ്ടുവന്നതായി തോന്നി. മുൻപേ പറക്കുന്നതുപോലെ. digital കാലത്തേതു് എന്നു തോന്നിപ്പിക്കുന്ന വരയിലെ അംശങ്ങൾ… കറുപ്പിന്റെ പ്രയോഗം, നിഴലുകളുടെ ഉപയോഗം, ജ്യാമിതീയ പരീക്ഷണങ്ങൾ… ചാരനിറങ്ങളിലെ മെലിഞ്ഞ stripes ഇങ്ങനെ. വിജയനു് ഏതെങ്കിലും മുൻമാതൃകകൾ ഉണ്ടായിരുന്നോ?
- ഉണ്ണി:
- അറുപതുകളിൽ പാശ്ചാത്യ ചിത്രകലയെ അടുത്തറിഞ്ഞ ദില്ലിചിത്രകാരന്മാരുമായി വിജയനു് നല്ല അടുപ്പമായിരുന്നു. ജെ സ്വാമിനാഥനെ പോലെ കുറെ പേരുമായി വ്യക്തി സൌഹൃദം ഉണ്ടായിരുന്നു. സ്ഥിരമായി കലാനിരൂപണം എഴുതിയിരുന്നു. അന്നത്തെ ചിത്ര-ശില്പ കലകൾക്കകത്തു വേണ്ടത്ര കലാപം ഉണ്ടായിരുന്നതുകൊണ്ടു് കാർട്ടൂണിനു അനുഗുണമായ വികടദൃശ്യസാദ്ധ്യതകൾ വിജയൻ കണ്ടെത്തിയിരിക്കും. അസാമാന്യമായ ദൃശ്യസമ്പത്തുള്ള ഒരാൾക്കേ ഇങ്ങിനെ വരയ്ക്കാൻ പറ്റൂ. ശങ്കർ ഒക്കെ കൊണ്ടു് നടന്ന ഫോട്ടോഗ്രാഫിക് കാരികേച്ചറിനപ്പുറം ജ്യാമിതീയമായി രൂപാന്തരം പ്രാപിച്ച ശൈലി ഇങ്ങിനെ വന്നതാണു്. ഇതിനിടയ്ക്കു് മുഖച്ഛായ അടക്കം കാരികേച്ചറിന്റെ സർവ്വ ലക്ഷണങ്ങളും ഭംഗിയായി നില നിർത്തി എന്നിടത്താണു് കരവിരുതു്.
- ഗോപാലകൃഷ്ണൻ:
- ആഷിസ് നന്ദി പറഞ്ഞു, ആവശ്യത്തിൽ കൂടുതലായ സംഘടിത ദേശീയത കണ്ടു മടുത്തവർക്കു് സത്യത്തിലേക്കു് തിരിച്ചു വെച്ച കണ്ണാടിയായിരുന്നു വിജയൻ എന്നു്… അപ്പോൾ ഇന്നായിരുന്നെങ്കിലോ?
- ഉണ്ണി:
- തൊട്ടതിനൊക്കെ രാജ്യദ്രോഹം ചുമത്തുന്ന ഭരണകൂടത്തെ കണ്ടു ആദ്യം ഒന്നു് ഭയന്നേനെ. എന്നിട്ടു് കൂസലില്ലാതെ വരച്ചേനെ. മെക്കാളെ പ്രഭുവിനെ സ്ഥിരം കഥാപാത്രം ആക്കി ദേശസ്നേഹത്തെ സായ്പിന്റെ കണ്ണുകളിലൂടെ കാണുന്ന ദേശീയ നേതാക്കളെ കണക്കിനു് കളിയാക്കിയേനെ. മെക്കാളെയുടെ പീനൽ കോഡിൽ ഉള്ളതും അംബേദ്കരുടെ ഭരണഘടനയിൽ ഇല്ലാത്തതുമായ ഒന്നാണു് ഇന്നു് ഏതു തഹസിൽദാരും എടുത്തു വീശുന്ന ഈ കപട ദേശഭക്തി എന്നു് കൂടെ കൂടെ ഓർമ്മിപ്പിച്ചേനെ. വിജയൻ കാർട്ടൂൺ രംഗം വിട്ടു് അല്പകാലത്തിനുള്ളിൽ നാട്ടിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്രത്തിൽ അധികാരം രുചിച്ചു കഴിഞ്ഞു. ഭരിക്കുമ്പോൾ മെക്കാളെയെ കൂട്ടു് പിടിക്കുക, പ്രതിപക്ഷത്തിരിക്കുമ്പോൾ അംബേദ്കരുടെ ഭരണഘടനയെ പിടിച്ചു ആണയിടുക ഇതാണു് പതിവു്. ഇതിനപ്പുറം അടിസ്ഥാന ജനാധിപത്യത്തിനുവേണ്ടി മൂല്യവത്തായി നമ്മൾ തിരഞ്ഞെടുക്കുന്നവർ എന്തെങ്കിലും ചെയ്യും എന്നു് പ്രതീക്ഷിക്കണ്ട. ഈ തിരിച്ചറിവോടെ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലം ആയിട്ടു് ഭരണഘടനയെ ഏറ്റുപിടിക്കുന്ന ഒരു പ്രതിരോധം സുപ്രീം കോടതിയിലെ കുറെ ചെറുപ്പക്കാരായ വക്കീലന്മാർ തുടങ്ങി വെച്ചിട്ടുണ്ടു്. ഇവർ അത്യാവശ്യം മുഖ്യധാരയിലും സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുന്നുണ്ടു്. ഇതിന്റെ കൂടെ ഭരണഘടനയെ കേന്ദ്രീകരിച്ചു അങ്ങിങ്ങ് കാർട്ടൂണുകൾ കണ്ടു തുടങ്ങിയിട്ടുണ്ടു്. ഈ ചുവടുപിടിച്ചു വിജയൻ ഒരു സക്രിയ കാർട്ടൂൺ ധാര തന്നെ സൃഷ്ടിച്ചേനെ.
- ഗോപാലകൃഷ്ണൻ:
- ഇന്ദിരാഗാന്ധിയുടെ കാർട്ടൂൺ സാക്ഷരത എത്രയായിരുന്നു? ഭാവി അവരെ ഓർക്കുന്നതു് ഒരു പക്ഷേ വിജയൻ വരച്ച ലോകോത്തര കാർട്ടൂണുകളിലൂടെ കൂടി ആയിരിക്കും… എന്തു തോന്നുന്നു, ഇന്ദിരാഗാന്ധിയ്ക്കു് വിജയനെ മനസ്സിലായിക്കാണുമോ? ശങ്കറിനെ നെഹ്രുവിനും, വിജയനെ ഇ. എം. എസ്സി നും മനസ്സിലായതുപോലെ?
- ഉണ്ണി:
- നെഹ്രുവി നു സമ്പൂർണ്ണ കാർട്ടൂൺ സാക്ഷരതയുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി ക്കു് ക്ഷണിക സാക്ഷരത. അവർക്കു് ചിലപ്പോളൊക്കെ കാർട്ടൂൺ മനസ്സിലായിരുന്നു എന്നു വേണം ധരിക്കാൻ. ശങ്കറിന്റെ ഓഫീസിൽ ചെന്നു് നെഹ്റു പ്രത്യക്ഷപ്പെട്ട കാർട്ടൂൺ ഒറിജിനൽകൾ തപ്പിയെടുത്തു ഫ്രെയിം ചെയ്തു വർഷാവർഷം അച്ഛനു പിറന്നാൾ സമ്മാനമായി കൊടുത്തിരുന്നു അവർ. അധികാരത്തിൽ വന്നതിനു ശേഷം സ്റ്റേറ്റ്സ്മെനിൽ വന്ന, തന്നെക്കുറിച്ചുള്ള രജീന്ദർ പുരിയുടെ കാർട്ടൂണുകളെ പറ്റി പത്രം നടത്തിയിരുന്ന ട്രസ്റ്റിന്റെ തലപ്പത്തുള്ള ജെ ആർ ഡി ടാറ്റയെ വിളിച്ചു പരാതി പറഞ്ഞതും അവർ തന്നെ. പിന്നീടു്, അബു എബ്രഹാമിനെ നേരിട്ടു് ഫോണിൽ വിളിച്ചു രാജ്യസഭാംഗം ആക്കിയതും അവർ. ഇ. എം. എസ്സ്. കാർട്ടൂൺ ശ്രദ്ധിച്ചിരുന്നു. ശങ്കറിനെ ഇഷ്ടമായിരുന്നു, അരവിന്ദനെയും. വിജയനിൽ തന്നിൽ തന്നെയുള്ള താർക്കികനെ കണ്ടിരിക്കണം. എഴുപതുകളുടെ ആദ്യം കേരളത്തിൽ വന്ന വിജയൻ എവിടെയോ സംസാരിച്ചതിന്റെ പത്ര വാർത്ത വന്നു. യഥാർഥ വിപ്ലവം ഉണ്ടാവേണ്ടതു് ദുഃഖത്തിൽ നിന്നാണു് എന്നു്. പിറ്റേന്നു തന്നെ ഇ. എം. എസ്സ്. തിരിച്ചടിച്ചു. ദുഃഖം കൊണ്ടല്ല ക്രോധം കൊണ്ടാണു് വിപ്ലവം ഉണ്ടാവുക. ഇതു രണ്ടും വായിച്ചിട്ടു് മിഡിൽ സ്കൂളിനപ്പുറം വിദ്യാഭ്യാസം ഇല്ലാത്ത നമ്പൂതിരിപ്പാടിനോടു അപാര ബഹുമാനമുള്ള ഒരു പത്രവായനക്കാരി വീട്ടമ്മ സംസ്കൃത ശ്ലോകം ചൊല്ലി വിജയനു് അനുകൂലമായി വിധിച്ചു. ഇ. എം. എസ്സിനെയും വിജയനെയും മതിപ്പോടെ കാണാൻ അന്നാകുമായിരുന്നു…
- ഗോപാലകൃഷ്ണൻ:
- Autumnal sorrow of Shankar (ശങ്കറിന്റെ വാർദ്ധക്യ ദുഃഖം) എന്നു് വിജയൻ പറഞ്ഞിട്ടുണ്ടു് ശങ്കർ-നെഹ്റു അവസാനകാലത്തെ കുറിച്ചു പറയുമ്പോൾ. വിജയനും ഇങ്ങനെ ഒരു വ്യസനം ഇടതുപക്ഷത്തെ പ്രതി അനുഭവിക്കുകയും വിജയൻ ശരിയെന്നു തെളിയുകയും ചെയ്തില്ലേ?
- ഉണ്ണി:
- സാമ്യം ഉണ്ട്. നെഹ്രുവിന്റെ മകൾ പത്രങ്ങൾക്കു സെൻസർഷിപ് പ്രഖ്യാപിച്ചു ആഴ്ച്ചകൾക്കകം ശങ്കേഴ്സ് വീക്കിലി പൂട്ടുമ്പോൾ വിടവാങ്ങൽ കുറിപ്പിൽ ശങ്കർ എഴുതി അടിയന്തിരാവസ്ഥയെ ഒക്കെ ഞങ്ങൾ സുഗമമായി കൈകാര്യം ചെയ്തേനെ എന്നു്. പ്രസിദ്ധീകരണം ഈ പ്രായത്തിൽ കൊണ്ടു് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പൂട്ടുന്നു എന്നും. കാരണം എന്തായാലും ശങ്കറിനു വാർദ്ധക്യത്തിൽ ഏറ്റ അടിയാണതു്. ഇടതു ശാപം വിജയന്റെ മേൽ വന്നു വീഴുന്നതു് മധ്യ വയസ്സിലാണു്. എഴുത്തും വരയും കത്തിനിന്ന കാലത്തുടനീളം അതു് തുടർന്നു എന്നതു് ഖേദകരം. ഇടതുപക്ഷത്തെ സ്വക്ഷേത്രമായി കണ്ടുകൊണ്ടാണു് വിജയൻ സ്വന്തം വീട്ടിലുള്ള ദുഃസ്വാതന്ത്ര്യം എടുത്തു നിരന്തരം കലഹിച്ചതു്. 1977-ൽ അടിയന്തിരാവസ്ഥക്കാലത്തു് നടന്ന തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി വിജയന്റെ “സമയത്തിനോടുന്ന വണ്ടി വരുന്നേ… ” എന്ന കാർട്ടൂൺ ചുമർ പരസ്യമായി ഉപയോഗിച്ചു. ജയിൽ അറകളായ ബോഗികൾ വലിച്ചുകൊണ്ടു് നമ്മുടെ കാഴ്ച്ചയിലേക്കു് ഓടി കയറുന്ന തീവണ്ടി. വാഗൺ ട്രാജഡി തൊട്ടു ഓഷ്വിറ്റ്സിലേക്കുള്ള ജൂതരുടെ യാത്രയെ വരെ ഓർമ്മിപ്പിക്കുന്ന പരുക്കൻ പോസ്റ്റർ സ്വഭാവം ഇതിനുണ്ടായിരുന്നു. അതു് മനസ്സിലാക്കിതന്നെയാവണം അന്നു് പാർട്ടി ചിത്രത്തെ പ്രചരണായുധം ആക്കിയതു്. വിശാലമായ ഒരു ഇടതു ജനാധിപത്യ പ്രതിരോധത്തിന്റെ പ്രസക്തി വിളിച്ചോതിയ ആ രാഷ്ട്രീയ മുഹൂർത്തത്തിൽ വിജയന്റെ വിലക്കു് തീരും എന്നു് ചില സരള മനസ്കർ ധരിച്ചു. അതൊന്നും ഉണ്ടായില്ല. തുടർന്നു എം ഗോവിന്ദനെ യും സുകുമാർ അഴീക്കോടി നെയും ഒക്കെ പുനരധിവസിപ്പിച്ച പാർട്ടി വിജയനോടു് മുഖം തിരിച്ചു തന്നെ നിന്നു. മരണാനന്തരം ആണെന്നു് തോന്നുന്നു ഒടുവിൽ മാപ്പു് കൊടുത്തതു്…
- ഗോപാലകൃഷ്ണൻ:
- വിജയന്റെ മനുഷ്യരൂപങ്ങൾ പരിണമിച്ചുണ്ടാകുന്നതുപോലെ എന്നെനിക്കു തോന്നിയിട്ടുണ്ടു്… മറ്റു ജീവരൂപങ്ങളോടു് സാദൃശ്യം… ചിലപ്പോൾ കിളി, ചിലപ്പോൾ പുഴു, ചിലപ്പോൾ പാമ്പു്, ചിലപ്പോൾ ആടു്, ചിലപ്പോൾ പന്നി… ജീവപരിണാമത്തെ കുറിച്ചോർക്കുന്ന ഒരാളെ ഞാൻ വിജയനിലെ കാർട്ടൂണിസ്റ്റിൽ കാണാറുണ്ടു്… എന്തു തോന്നുന്നു?
- ഉണ്ണി:
- അബുവിന്റെ കാരികേച്ചറിലും ഇതുണ്ടു്. സദാനന്ദ് മേനോൻ ഇതെടുത്തെഴുതിയിട്ടുണ്ടു്. അബുവിന്റെ വാക്കുകളിൽ, “ആന എന്താണു്, നീണ്ട മൂക്കുള്ള ഒരു പന്നിയല്ലെ.” കാർട്ടൂണിനു ഏതാണ്ടൊരു മൂല ഭാഷയുണ്ടു്. അതിൽ പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യരൂപവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അബുവും വിജയനും ഈ ജൈവ പാതയിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടുണ്ടു്. The Animals who Govern Us (നമ്മെ ഭരിക്കുന്ന മൃഗങ്ങൾ) എന്ന പേരിൽ എൺപതുകളിൽ യൂറോപ്പിൽ ഒരു കാർട്ടൂൺ പുസ്തകം ഇറങ്ങി. അന്നു് അധികാരത്തിലുള്ള മാർഗരറ്റ് താച്ചർ, റൊണാൾഡ് റീഗൻ, ഫിഡെൽ കാസ്ട്രോ തുടങ്ങിയ ലോകനേതക്കന്മാരുടെ രൂപസാമ്യമുള്ള പക്ഷിമൃഗാദികളെ വരച്ചു ഫലിപ്പിച്ചിട്ടുണ്ടു് ഇതിൽ. ഇങ്ങനെ വരച്ചതിനു തുറുങ്കിൽ അടക്കപ്പെട്ട ഒരു പ്രശസ്ത കാർട്ടൂണിസ്റ്റുണ്ടു്. 1830-ൽ ചാൾസ് ഫിലിപോൻ ഫ്രാൻസിലെ രാജാവു് ലൂയി ഫിലിപിനെ ഒരു സബർജല്ലിയായി വരച്ചുവെച്ചു… തമ്പുരാനെ പഴവർഗ്ഗമാക്കി അവഹേളിച്ചതിനു ജയിലിൽ ആയി. വരച്ചുകൊണ്ടാണു് പ്രതി കേസ് വാദിച്ചതു്. രാജകീയ ശിരസ്സിനെ പ്രത്യക്ഷ രൂപത്തിൽ ആദ്യം വരച്ചു കാണിച്ചു, തുടർന്നു ഘട്ടം ഘട്ടമായി വ്യതിയാനം വരുത്തി സബർജല്ലിയിൽ എത്തിച്ചു. ജൂറിയെ ബോധ്യപ്പെടുത്തി താൻ കുറ്റക്കാരനല്ല എന്നു്. രാജൻ എങ്ങിനെ കാണപ്പെടുന്നുവോ അങ്ങിനെ വരച്ചു. അത്ര മാത്രം. ഫിലിപോനെ വിട്ടയച്ചു.
- ഗോപാലകൃഷ്ണൻ:
- അടിയന്തിരാവസ്ഥക്കാലത്തു് വിജയൻ കാർട്ടൂൺ ചെയ്തില്ല. അതുകൊണ്ടാണോ ധർമ്മപുരാണത്തിൽ മാത്രം നമുക്കു് ഒരു കാർട്ടൂണിസ്റ്റിനെ കാണാൻ കഴിയുന്നതു്?
- ഉണ്ണി:
- അടിയന്തിരാവസ്ഥക്കു മുമ്പേ വിജയൻ ധർമ്മപുരാണം എഴുതിത്തുടങ്ങിയിരുന്നു. അതിൽ അടിയന്തിരാവസ്ഥ എന്നൊരു അദ്ധ്യായവും ഉണ്ടായിരുന്നു. കമ്പോടു കമ്പു് കനത്ത രാഷ്ട്രീയം, തീവ്രമായ ആക്ഷേപ ഹാസ്യം, ഒക്കെയുണ്ടു് നോവലിൽ. ശരി തന്നെ. എന്നാൽ വിജയന്റെ കൃതികളിൽ ഒരു പക്ഷേ, ഏറ്റവും കുറവു് കാർട്ടൂൺ ഞാൻ കാണുന്നതു് ധർമ്മപുരാണത്തിലാണു്. മങ്കര, ഇരിഞ്ഞാലക്കുട, ചെമ്മീൻ തുടങ്ങിയ കഥകളിലും ഖസാക്കിലുമൊക്കെയാണു് വിജയന്റെ കയ്യൊപ്പുള്ള നർമ്മം. അധികാരത്തിനെതിരെയുള്ള അന്തിമ വിധി പോലൊന്നു് ധർമ്മപുരാണത്തിൽ ഉണ്ടു്. ഇനിയങ്ങോട്ടൊന്നുമില്ല എന്ന മട്ടിൽ. സാഹിത്യ നിരൂപണത്തിനുള്ള ശ്രമം ഒന്നും അല്ലിതു്. ആ നോവലിൽ വിജയൻ എന്ന കാർട്ടൂണിസ്റ്റിന്റെ സാന്നിദ്ധ്യം കുറവാണു് എന്നു് മാത്രമാണു് പറയുന്നതു്. വിജയന്റെ കാർട്ടൂൺ സംസ്കാരം വേറെയാണു്. നേരത്തെ പറഞ്ഞ പോലെ പ്രകോപിപ്പിക്കുക തർക്കിക്കുക പാലക്കാടൻ ഭാഷയിൽ ‘കൂട്ടം കൂടുക’… ഇന്നത്തെ പൊതു സമൂഹം പരീക്ഷിക്കേണ്ട വഴിയാണിതു്.
- ഗോപാലകൃഷ്ണൻ:
- “സലൂൺ ഫലിതം ഇന്ത്യൻ ജനാധിപത്യത്തിൽ പറ്റില്ല. എന്റെ നാടു് ഒരു ജനാധിപത്യ ദ്വീപാണു്. പക്ഷേ നാലുപാടുനിന്നും ഭ്രാന്തൻ തിരകൾ കരയെടുക്കുന്ന ദ്വീപു്… നിങ്ങൾ എന്താണു് ഒരു കാർട്ടൂണിസ്റ്റിൽ നിന്നും പ്രതീക്ഷിക്കുന്നതു്? ഞാൻ ചിരിക്കണോ അതോ കരയണോ?” എന്തായിരുന്നു വിജയന്റെ സ്ഥായി?
- ഉണ്ണി:
- വിജയന്റെ കാർട്ടൂണുകൾ ഗവേഷണം ചെയ്തെഴുതിയ സുന്ദർ രാമനാഥയ്യർ ഈ തീവ്രമായ വ്യാകുലതകൾ ഉത്തമ കാർട്ടൂണിസ്റ്റിന്റെ ലക്ഷണമായി തന്നെ കാണുന്നു. വിജയന്റെ പ്രതിഭയെ ഇത്രയും തന്നെ മാനിച്ച സദാനന്ദു് മേനോൻ പറയുന്നതു് പക്ഷേ, കാർട്ടൂണിലെ രാഷ്ട്രീയത്തെ തെളിഞ്ഞു കാണാൻ അനുവദിക്കാതെ തീക്ഷ്ണമായ ഒരു ഇരുണ്ട ദർശനം ഗ്രസിച്ചിട്ടുണ്ടു് എന്നാണു്. ഇത്തരം കുറെ തീരാ തർക്കങ്ങൾ ബാക്കി വെച്ചിട്ടാണു് ആൾ പോയതു്. അതുകൊണ്ടു കൂടിയാവണം നമുക്കു് കൂടെക്കൂടെ വിജയനിലേക്കു് മടങ്ങാൻ തോന്നുന്നതു്…
- ഗോപാലകൃഷ്ണൻ:
- വിജയൻ പറഞ്ഞ ഒരു ഫലിതം പറയാം… “ഒരാളെ anti-communist ആക്കണമെങ്കിൽ ഒരിക്കൽ സോവിയറ്റു് യൂണിയനിലോ കിഴക്കൻ യൂറോപ്പിലോ അയച്ചാൽ മതി എന്നു് കേട്ടിട്ടുണ്ടു്. എനിക്കു് ധനലാഭവും ഉണ്ടായി. യാത്രാക്ലേശം ഉണ്ടായതുമില്ല. ഞാൻ Patriot ൽ പണിയെടുത്തു” ഇനിയാണു് എന്റെ ചോദ്യം… കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം വിജയനെ തെറ്റായി മനസ്സിലാക്കിയതിനു് ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ കാർട്ടൂണുകൾ കാണാൻ മെനക്കെടാതെ, പിൽക്കാല എഴുത്തുകളിലെ സ്വതന്ത്രാന്വേഷണങ്ങളെ മാത്രം കണ്ടതുകൊണ്ടല്ലേ?
- ഉണ്ണി:
- കേരളത്തിനു അകത്തും പുറത്തുമുള്ള ഇടതുമനസ്സുകൾ വിജയനോടു് ഇണങ്ങിയും പിണങ്ങിയും നിന്നു. കേരളത്തിലെ പാർട്ടി പക്ഷേ, വാതിൽ കൊട്ടിയടച്ചു. പ്രകോപനം കാർട്ടൂണുകളെക്കാൾ ഖസാക്കായിരുന്നിരിക്കണം. നോവലിൽ പച്ച പാലക്കാടൻ ഉപഭാഷയിൽ ആയിരുന്നു പൂശൽ. വിജയന്റെ വരയ്ക്കു ഇതിലും മയമുണ്ടു്. ആശയതലത്തിലാവും വിമർശം. അതു് താങ്ങാം. കറകളഞ്ഞ പരിഹാസം പാർട്ടിക്കു് സഹിക്കില്ല. തിരിച്ചടിക്കാനുള്ള നർമ്മ ബോധം അത്ര സുലഭവുമല്ല. പിന്നെ, കാർട്ടൂണിനെ ചീത്ത വിളിക്കുന്നത് അക്കാലത്തൊരു കുറച്ചിൽ ആയിരുന്നു. അപ്പോൾ വിജയൻ തുടർന്നെഴുതിയതിനെ ചികഞ്ഞുനോക്കി എതിർത്തു. അന്നന്നാളത്തെ രാഷ്ട്രീയ ന്യായം വെച്ചു നോക്കുമ്പോൾ ചില എതിർപ്പുകളിൽ സാംഗത്യം ഉണ്ടു്. പാർട്ടിക്കാർ മാത്രമല്ല, പുറത്തുള്ള ഇടതുപക്ഷക്കാരും ചിലപ്പോളെങ്കിലും വിയോജിച്ചിട്ടുണ്ടു്. ഇതൊക്കെ സ്ഥിരമായി വരയ്ക്കുകയും രാഷ്ട്രീയ കോളം എഴുതുകയും ചെയ്യുന്ന ഒരാൾ പ്രതീക്ഷിക്കേണ്ടതു് തന്നെ. അയിത്തം കല്പിച്ചതാണു് പാർട്ടി ചെയ്ത ക്രൂരത. അടിസ്ഥാനപരമായി മാർക്സിസത്തിനു് ചേരാത്ത അലിഖിത ഫ്യൂഡൽ വിലക്കു്. അതോടെ പാർട്ടി വൃത്തങ്ങളിൽ എന്നെങ്കിലും വിജയനെ സൂക്ഷ്മ പാരായണം ചെയ്യാനുള്ള സർവ്വ സാദ്ധ്യതയും പോയി. ഇന്നു് പല കാരണങ്ങൾ കൊണ്ടു് വിജയൻ പാർട്ടിക്കു് അഭിമതൻ ആയിരിക്കുന്നു. അല്പം വൈകിപ്പോയി. അവകാശ വാദവുമായി മറ്റുള്ളവരും രംഗത്തുണ്ടു്. അപ്പോൾ അങ്ങേരെ വീതം വെക്കേണ്ടി വരുന്നു. പാലക്കാട്ടു് നൂറണിക്കു് പോകുന്ന വഴി കോഴിക്കാര തെരുവിനടുത്തു് ഏതാണ്ടു് പത്തു് കൊല്ലം മുമ്പു് വിജയന്റെ ഒരു ക്യൂബിസ്റ്റു സ്മാരകം പ്രത്യക്ഷപ്പെട്ടു. തിരക്കേറിയ റോഡ് രണ്ടായി പിരിയുന്ന സ്ഥലത്താണു് സ്തൂപം. അർദ്ധ രാത്രിക്കും ഹർത്താൽ ദിനങ്ങളിലും ട്രാഫിക് നിലയ്ക്കുമ്പോളേ ഇതു് കണ്ണിൽ പെടൂ. ആരും ശ്രദ്ധിക്കാതെ ഇതു് വന്ന പോലെ ഒരു ദിവസം അപ്രത്യക്ഷമായി. പിന്നെ കോട്ടമൈതാനത്തു് തിരക്കൊട്ടും കുറവല്ലാത്ത മറ്റൊരിടത്തു് പേരു് വെളിപ്പെടുത്താതെ കണ്ടാൽ അറിയാവുന്ന രൂപത്തിൽ പുതിയൊരു പ്രതിമ പൊങ്ങി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ വിഗ്രഹഭഞ്ജകരിൽ ഒരാളെ ഇങ്ങനെ തന്നെ ആദരിക്കണം. എപ്പോഴോ നല്ല ബുദ്ധി തോന്നി പ്രതിമ തസ്രാക്കിലെ സുരക്ഷിതത്വത്തിലേക്കു് പലായനം ചെയ്തു എന്നു് കേൾക്കുന്നു.
- ഗോപാലകൃഷ്ണൻ:
- ഭാഷാകേരളം വിജയനിലെ എഴുത്തുകാരനെ ആഘോഷിക്കുകയും ലോകോത്തര കാർട്ടൂണിസ്റ്റിനെ കാണാതെ പോവുകയും ചെയ്യുന്നു എന്ന വ്യസനം വ്യക്തിപരമായി കൊണ്ടുനടക്കുന്ന ആളാണു് ഞാൻ. എന്തെങ്കിലും പറയാനുണ്ടോ?
- ഉണ്ണി:
- മേൽ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായിട്ടു പറയാം. കനത്ത മൌനത്തിൽ നിൽക്കുന്ന പ്രതിമയെ നിലനിർത്താൻ വിഷമമില്ല. കല്ലിനു ജീവൻ വെച്ചാൽ, പേന കയ്യിൽ എടുത്താൽ വരക്കാതെ നോക്കണം. എഴുതാൻ അനുവദിക്കാം. എഴുത്തു എങ്ങിനെയും വ്യഖ്യാനിച്ചെടുക്കാം. കാർട്ടൂൺ തൊണ്ടയിൽ കുടുങ്ങും. മരണാനന്തരം വിജയനു് വിശ്രമം ഇല്ല. സകല സർവീസ് ചട്ടങ്ങളും മറികടന്നാണു് മൂപ്പരെ സാംസ്ക്കാരിക കേരളം നിയമിച്ചിരിക്കുന്നതു്. പകൽ നേരത്തു് സഖാവു്; സന്ധ്യ കഴിഞ്ഞാൽ ഭക്തൻ. കാവിയും ചുവപ്പും ചുവപ്പിനാകാവുന്ന കാവിയും ഒക്കെ തരം പോലെ കണ്ടെത്തി ആസ്വദിക്കാം. കാർട്ടൂൺ കണ്ടു തുടങ്ങിയാൽ ഈ പൊതു സ്വീകാര്യതയിലെ വൈരുദ്ധ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വരും. വായനക്കാർ ചോദ്യം ചോദിച്ചു തുടങ്ങും, വിജയനെ പോലെ. ഇനിയങ്ങോട്ടു് കാർട്ടൂണുകൾ മാറ്റിവെക്കാനും വയ്യ. ലോകത്തെവിടെയും ഇതുപോലെ രണ്ടു് സർഗ്ഗ മേഖലകളിൽ പ്രതിഭയുള്ള അധികം പേരില്ല. മലയാളവായനാലോകത്തിന്റെ പുറത്തു് വിജയനെ എത്തിക്കാൻ കാർട്ടൂണുകൾ വേണം താനും. ഇവിടെയാണു് പ്രശ്നം. ആ കാർട്ടൂണുകൾ ഇവിടുള്ളവരും കണ്ടു തുടങ്ങും. വിജയൻ കാർട്ടൂണിസ്റ്റും കൂടി ആണെന്ന കാര്യം അറിഞ്ഞു വരുമ്പോൾ വിലയിരുത്തലുകൾ മാറാം. പ്രത്യേകിച്ചു വായന തന്നെ മാറിത്തുടങ്ങുന്ന ഇന്നു്. പഴയ ശുദ്ധ സാഹിതീയ വായനക്കാരുടെ കൂടെ ഇപ്പോൾ സിനിമാ കാർട്ടൂൺ സാക്ഷരതയുള്ള വായനക്കാരും കയറി വരുന്നു. അതോടെ വിഗ്രഹം ഇളക്കി പ്രതിഷ്ഠിക്കേണ്ടി വന്നേക്കാം. ചിലപ്പോൾ പുനഃപ്രതിഷ്ഠ തന്നെ പറ്റാതെയാവും. അന്നായിരിക്കും വിജയന്റെ വിജയം.
1954-ൽ പാലക്കാട്ടു ജനിച്ചു. കേരള സർവകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1973-ൽ ശങ്കർ വാരികയിൽ ഇ. പി. ഉണ്ണിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചു വന്നു. 1977-ൽ ദി ഹിന്ദുവിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചു തുടങ്ങി. ഈ കാലയളവിൽ സൺഡേ ടൈംസിലും ഇക്കോണമിക് ടൈംസിലും പ്രവർത്തിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ചീഫ് രാഷ്ട്രീയ കാർട്ടൂണിസ്റ്റാണു്. മലയാള വാരികകളിലും മാസികകളിലും ഇ. പി. ഉണ്ണിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
കോട്ടയം സ്വദേശി. കോട്ടയം സി. എം. എസ്. കോളേജിൽ നിന്നും ഗണിതശാസ്ത്ര ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദാനന്തരബിരുദവും. ആകാശവാണി, സഹപീഡിയ എന്നിവയിൽ ദില്ലിയിൽ ദീർഘകാലം പ്രവർത്തിച്ചു. സമകാലിക മലയാളം വാരികയിൽ ‘ചെവി ഓർക്കുമ്പോൾ’ എന്ന സംഗീതസംബന്ധിയായ പംക്തിയും എഴുതി വരുന്നു.
‘കഥപോലെ ചിലതു സംഭവിക്കുമ്പോൾ’ എന്ന പുസ്തകത്തിനു് കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ഖുശ്വന്ത് സിങ്ങിന്റെ ‘The Train to Pakistan’ മലയാളത്തിലേക്കു് വിവർത്തനം ചെയ്തു. ഇപ്പോൾ യു. എ. ഇ. കേന്ദ്രമാക്കിയുള്ള റേഡിയോ മാംഗോയിൽ ഹെഡ് പ്രോഗ്രാം ആയി പ്രവർത്തിക്കുന്നു.
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)