images/Boccioni_Materia.jpg
, a painting by .
അണിഞ്ഞൊരുങ്ങുമ്പോൾ
ഡോ. ജി. ഉഷാകുമാരി

പുതുസാഹചര്യങ്ങളിലെ മാറിവരുന്ന ശരീരവിന്യാസങ്ങളുടെ, വേഷാലങ്കാരങ്ങളുടെ രാഷ്ട്രീയമെന്തു് ? ഫാഷനിലെ ലിംഗബോധം, അതിനകത്തെ കോയ്മകളും എതിർബലങ്ങളും എന്തെല്ലാം?

കേരളത്തിലെ സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചാരം നേടിയ രണ്ടു വീഡിയോ ദൃശ്യങ്ങളിൽ നിന്നു തുടങ്ങാം. സ്ത്രീവേഷമണിഞ്ഞ പുരുഷന്മാരാണു് രണ്ടു വീഡിയോകളുടെയും കേന്ദ്രം. ആദ്യത്തെ വീഡിയോ മലപ്പുറം തണ്ണീർക്കോടു് ഭാഗത്തു നിന്നുള്ളതാണു്. സാരിയുടുത്ത ബംഗാളി യുവാവിനെ പൊതിഞ്ഞു നില്ക്കുന്ന ആൾക്കൂട്ടം. ആൾക്കൂട്ടത്തിന്റെ പരിഹാസങ്ങളും ദ്വയാർത്ഥങ്ങളും പൊട്ടിച്ചിരികളും കൂവലും ഒക്കെച്ചേർന്നു് ഹാസ്യാത്മകമായ അന്തരീക്ഷം. ‘കള്ളത്തീ’എന്ന വിളിയിൽ ചമ്മലും ലജ്ജയും മാറിമറയുന്ന മുഖഭാവത്തോടെ നില്ക്കുന്ന യുവാവു്. സ്ത്രീവേഷം കെട്ടി വീടുകളിൽ അടുക്കള ഭാഗത്തുവന്നു് വീട്ടുകാരികളോടു് ഭിക്ഷ യാചിക്കുന്നതിനിടയിലാണു് ഇയാളെ പിടികൂടുന്നതു്.

അടുത്ത വീഡിയോ ഉത്തരേന്ത്യയിൽ നിന്നാണു്. പകുതിയഴിഞ്ഞ ബ്രായും ചുരിദാറിന്റെ പാന്റും മാത്രം ധരിച്ച ഒരാളാണതിൽ. മെലിഞ്ഞ പുരുഷന്റെ അർധനഗ്നമായ ദേഹത്തെ വലിച്ചിഴച്ചും പിടിച്ചുലച്ചും രോഷാകുലയായ, ആരോഗ്യവതിയായ ഒരു മധ്യവയസ്ക അയാളെ ചെരുപ്പൂരി അടിക്കുന്നു. ഒരു ഘട്ടത്തിൽ അവർ അയാളുടെ അരയിൽ നിന്നും പാന്റു വലിച്ചൂരി നഗ്നനാക്കുന്നു. ലൈംഗികാവയവം ചൂണ്ടിക്കാട്ടി ചീത്തവിളിക്കുന്നു. അക്രമാസക്തമായ ഒരു രംഗമായിട്ടും കാഴ്ചക്കാർ ഇടപെടുന്നില്ല.

പെൺ വേഷംധരിച്ചു് ടി. വി. ചാനലുകളിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ അനുഭവം ഇതോടു ചേർത്തുവെയ്ക്കാവുന്നതാണു്. സജി ഓച്ചിറ, വിനോദ് (സൂര്യ) തുടങ്ങി നിരവധി പേർ സ്ത്രീവേഷം കെട്ടിയതിന്റെ തിക്താനുഭവങ്ങൾ പലപ്പോഴായി പിന്നിട്ടവരാണു്. വിനോദ് ഒരിക്കൽ പരിപാടിക്കായി മേക്കപ്പിൽ പോകുമ്പോൾ പോലീസ് പിടിയിലായി. കാര്യം പറഞ്ഞപ്പോൾ ഡാൻസ് ചെയ്തു കാണിക്കണമെന്നായി. അതു ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനിൽ കൊണ്ടുപോയി രാത്രി മുഴുവൻ നിർത്തി, പെൺവേഷം കെട്ടി ആളെ പറ്റിക്കാൻ നോക്കിയെന്നാരോപിച്ചു് ഒരു കേസും ചാർജു ചെയ്തു. പെൺവേഷം കെട്ടാൻപാടില്ല എന്നൊരു നിയമം ഇന്ത്യയിലുണ്ടോ എന്നാണു് വിനോദിന്റെ ചോദ്യം.

ഈ അനുഭവകഥനങ്ങളും വീഡിയോദൃശ്യങ്ങളും നമ്മോടു പറയുന്നതെന്താണു്? വേഷം, ലിംഗം, ലിംഗപദവി, വസ്ത്രത്തിന്റെ പ്രകടനീയത ഇവയ്ക്കു് പൊതുസമ്മതിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുന്നതിന്റെ സംഘർഷങ്ങളാണു നാം കാണുന്നതു്. പിടിയിലായ ബംഗാളിയും ഉത്തരേന്ത്യക്കാരനും ചില്ലറ കുറ്റകൃത്യങ്ങളുടെ പേരിൽ കൂടിയായിരിക്കാം പീഡിപ്പിക്കപ്പെട്ടതു്. അതിലുമധികം പെൺവേഷം കെട്ടുന്നതിലെ ‘തട്ടിപ്പും’ ‘വൈരുദ്ധ്യ’വുമാണതിലെ കുറ്റം. ഒരു പടി കൂടിക്കടന്നു് വേഷം തന്നെയാണിവിടെ കുറ്റവാളി!

സാമൂഹ്യവിരുദ്ധരെ കാണുന്ന കണ്ണുകൊണ്ടാണു് പോലീസ് തങ്ങളെ കാണുന്നതെന്നു് സൂര്യാവിനോദിനെപ്പോലെയുള്ളവർ പറയുമ്പോൾ വേഷം പോലും ഭരണകൂടത്തിന്റെ നിയന്ത്രണാധികാരത്തിനകത്തു് പുനഃക്രമീകരിക്കപ്പെടുന്നു. വേഷവും ലിംഗവും തമ്മിലുള്ള പാരസ്പര്യത്തിലും ആൺപെൺമാനകതയിലുമൂന്നിയ (Heteronormative) നിരീക്ഷണാധികാരം ഇവിടെ പ്രവർത്തനക്ഷമമാകുന്നു. വേഷത്തിന്റെ ദൃശ്യതയും നാട്യപരതയും ഈ നോട്ടാധികാരത്തിനു് (power gaze) കീഴിൽ സാധുവോ അസാധുവോ ആകുന്നു.

മാനകനോട്ടം

എന്താണീ നോട്ടത്തിന്റെ ആന്തരാർത്ഥങ്ങൾ? സുസമ്മതമായ ലിംഗപദവിയെ ഉലയ്ക്കുന്ന വേഷങ്ങൾ നോട്ടത്തിന്റെ ഉറവിടങ്ങളെ, പരിസരങ്ങളെ, അലോസരപ്പെടുത്തുന്നു. കൃത്യമായ ആൺപെൺമാനകതയിൽ അടിയുറച്ച മൂല്യബോധം അധീശപരമായി പുലരുന്ന ഇത്തരം ഇടങ്ങളെല്ലാം നിയന്ത്രിക്കുന്നതു് മേൽപ്പറഞ്ഞ നോട്ടമാണു്. ആൺപെൺമാനകതയുടെ അധികാരനോട്ടമാണതു് (heteronormative power gaze). നമുക്കതിനെ മാനകനോട്ടം എന്നു ചുരുക്കിവിളിക്കാം. ലിംഗകൃത്യതയെ വെല്ലുവിളിക്കുന്ന എന്തിനെയുമതു് കണ്ടെത്തി, ശാസിക്കും, പുറത്താക്കും, വിമർശിക്കും. ഈ നോട്ടം ചെറുതും വലുതുമായ നിരവധി മൂല്യങ്ങളും അധീശവ്യവസ്ഥകളും പേറുന്ന ഒന്നാണു്.

സ്ത്രീവാദചിന്തകൾക്കകത്തു് ഏറെ ചർച്ച ചെയ്യപ്പെട്ട ലോറാ മല്വിയുടെ (Laura Mulvey) ‘ആൺനോട്ടം’ (Male gaze) എന്ന പരികല്പനയിൽനിന്നു്, അതു് ഉള്ളടക്കുന്ന ആശയാവലികളിൽനിന്നു് വലിയൊരളവോളം വ്യത്യസ്തമാണിതു്. ആൺനോട്ടത്തെപ്പോലെ സാർവത്രികവും അതിലേറെ ശക്തവുമാണതു്. മാത്രമല്ല, ആൺനോട്ടത്തിലെ കാമനയുടെയും വശീകരണത്തിന്റെയും അതിലൂടെയുള്ള കീഴ്പെടുത്തലിന്റെയും തന്ത്രപരമായ ഘടകങ്ങൾ ഇവിടെ ഉണ്ടാവണമെന്നില്ല. നോട്ടത്തിന്റെ ഉറവിടവും ദൃശ്യത്തിന്റെ ഉറവിടവുമായുള്ള അന്യവല്കൃതമായ, എന്നാൽ അധീശപരമായ പാരസ്പര്യം മാനകനോട്ടത്തിലുണ്ടു്. നോട്ടകേന്ദ്രം ആധികാരികതയുടെ മണ്ഡലമായും ദൃശ്യകേന്ദ്രം വസ്തുവൽകൃതമണ്ഡലമായും മാറിക്കൊണ്ടു് ഒരു മേൽകീഴ്ബന്ധം രൂപപ്പെടുന്നു. ആൺനോട്ടത്തിനകത്തുതന്നെ മാനകനോട്ടങ്ങൾ പ്രവർത്തിച്ചെന്നു വരാം. പൃഥ്വിരാജും റോമയും നായികാനായകന്മാരാവുന്ന ‘ചോക്ലേറ്റി’ൽ ഇത്തരം ചില രംഗങ്ങളുണ്ടു്.

നമ്മുടെ ‘സാധാരണ’ നോട്ടങ്ങളെത്തന്നെ കുറച്ചൊന്നു ഖനനം ചെയ്താൽ ഇത്തരം അധീശനോട്ടങ്ങൾ കണ്ടെത്താം. മുന്നിൽപ്പെടുന്നവർ ലെസ്ബിയനാണോ ഗേയാണോ പകുതിപ്പെണ്ണും പകുതിയാണുമാണോ തുടങ്ങിയ ലൈംഗികാഭിമുഖ്യത്തെക്കുറിച്ചുള്ള ജിജ്ഞാസകളും ലൈംഗികശേഷിക്കുറവുണ്ടോ അഴിഞ്ഞാട്ടക്കാരാണോ എന്നൊക്കെയുള്ള അനേകമനേകം ചോദ്യങ്ങളും ഉള്ളടക്കുന്ന ചുഴിഞ്ഞുനോട്ടങ്ങളാണവ. ഇതെല്ലാം അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും വേഷഭൂഷകളുടെയും ശരീരനിലകളുടെയും ശരീരാകൃതിയുടെയും അടിസ്ഥാനത്തിൽ പൊതുവെ പറഞ്ഞാൽ ‘ലുക്കി’ന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്നവയാണു് (ലുക്കിനെ വ്യക്തിയെ സംബന്ധിച്ച പൂർവ്വനിശ്ചിതസത്തയായി വ്യാഖ്യാനിച്ചുറപ്പിക്കുന്നതിന്റെ പ്രശ്നം ഇവിടെയുണ്ടു്). ആൺനോട്ടത്തിൽ സങ്കല്പിക്കപ്പെടുന്ന, നോക്കുന്നവന്റെ ഉയർന്ന പുരുഷാധികാരം ഇവിടെ സംഗതമല്ല. നോക്കപ്പെടുന്നതു് പലപ്പോഴും പുരുഷശരീരമാകാം, നോക്കുന്നതു് സ്ത്രീയുമാകാം. ലിംഗപരമായ ദ്വന്ദ്വഘടനയുടെ സന്ദർഭമാണെങ്കിലും അല്ലെങ്കിലും ഈ നോട്ടം അധീശപരമാണു്. മാത്രമല്ല, ജാതിക്കും തൊലിനിറത്തിനും പ്രായത്തിനും തൊഴിലിനും ഭാഷയ്ക്കും പ്രദേശത്തിനും മറ്റു പലതരം കോയ്മകൾക്കും കീഴ്പ്പെട്ടുതന്നെയാണു് ഈ നോട്ടാധികാരം പ്രവർത്തിക്കുന്നതു് എന്നു് എടുത്തുപറയേണ്ടതുണ്ടു്. വംശീയതയെ മുൻനിർത്തിയുള്ള സാമ്രാജ്യത്വനോട്ടങ്ങളെക്കുറിച്ചു് ഫാനൻ പറയുന്നുണ്ടല്ലോ.

വേഷങ്ങളുടെ വ്യതിയാനം, വ്യതിചലനങ്ങൾ എന്നതിനേക്കാൾ അവ നിലനില്ക്കുന്ന വ്യവസ്ഥയ്ക്കും കാഴ്ചാമൂല്യങ്ങൾക്കും എങ്ങനെ വെല്ലുവിളിയാകുന്നു എന്നിടത്താണു് വേഷങ്ങളുടെ വിദ്ധ്വംസകത. തടിച്ച സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചുകാണുമ്പോഴുള്ള നോട്ടംപോലെയല്ല, അതിലുമെത്രയോ കുറ്റാരോപിതമാണു് സാരിയുടുത്ത കണ്ണെഴുതിയ പുരുഷനെ കാണുമ്പോഴുള്ള നോട്ടം. ആ നോട്ടം ആണുനോക്കിയാലും പെണ്ണുനോക്കിയാലും അധീശപരമായ മാനകനോട്ടം തന്നെ. കാരണം അതിനെ നിയന്ത്രിക്കുന്നതു് ആൺപെൺമാനകതയുടെ അധികാരവ്യവസ്ഥയാണു്. അദൃശ്യമായിരിയ്ക്കെത്തന്നെ എല്ലായിടത്തും പിടിമുറുക്കുന്ന ആൺപെൺമാനകതയുടെ അധികാരം. അതിന്റെ സാർവത്രികതയിലും സാമൂഹികസമ്മതിയിലുമുള്ള വിശ്വാസം വ്യക്തികളെ ശാസകരാക്കുന്നു. ദൈനംദിനജീവിതത്തിലെ എല്ലാ ചലനങ്ങളെയും വേഷഭൂഷങ്ങളെയും നിയന്ത്രിക്കാനും മെരുക്കാനുമുള്ള നിർവ്വഹണശേഷി തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസം അവരിൽ ഊറിക്കൂടുന്നു. ഓണാഘോഷങ്ങളിലും മറ്റും അധ്യാപികമാരോടു കസവുമുണ്ടും മുല്ലപ്പൂവും ധരിച്ചുവരാൻ നിർബന്ധിക്കുന്ന സഹപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയും ‘കർത്തവ്യതാ’ബോധം സ്ത്രൈണതയെ കുറിച്ചുള്ള ആൺപെൺമാനകതയിലൂന്നിയ സങ്കല്പത്തിൽ നിന്നുകൂടിയാണു് ഉരുവം കൊളളുന്നതു്. 14 സെക്കന്റ് തുറിച്ചുനോട്ടവിവാദത്തിലിടപെട്ടു് പ്രീത ജി. പി. എഴുതിയ ഓൺലൈൻ കുറിപ്പിൽ ഈ മാനകനോട്ടത്തെ അടുത്തറിയാൻ ശ്രമിക്കുന്നുണ്ടു്. (‘സിങ്കങ്ങൾ ആണിടങ്ങളിലേക്കു ചെല്ലട്ടെ; പുരുഷന്മാരെ പരിഷ്കരിക്കട്ടെ.’— 16/8/2016).

പെൺവേഷത്തിലൂടെ പറ്റിക്കപ്പെട്ടതിലുള്ള പ്രതികരണമാണു് തുടക്കത്തിൽ പറഞ്ഞ വീഡിയോകളിൽ കണ്ടതു്. ലിംഗകൃത്യതയിലുള്ള ഉല്ക്കണ്ഠാകുലമായ മാനകനോട്ടം പുലരുന്ന ഒരു സമൂഹമെന്ന നിലയിൽ മലയാളികൾ, അതിനെ അട്ടിമറിക്കുന്നവർക്കുള്ള താക്കീതെന്നപോലെ ഈ വീഡിയോദൃശ്യങ്ങൾ ഷെയർ ചെയ്തതിൽ അത്ഭുതമില്ല. ഇതിനിടയിലും സമൂഹത്തിന്റെ സ്ഥൂലപ്രതലത്തിൽ നടക്കുന്ന അധികാരപ്രയോഗങ്ങളെ അട്ടിമറിക്കുന്ന ലിംഗാഭിരുചികൾ സൂക്ഷ്മമായി പടർന്നേറുന്ന നിരവധി കാഴ്ചകൾ ഇന്നുകാണാം. അതേക്കുറിച്ചാണു് ഈ കുറിപ്പു്.

മാനകതയ്ക്കെതിരെ

ഈ മാനകനോട്ടങ്ങൾക്കു കീഴിൽ എല്ലായ്പോഴും മെരുക്കപ്പെടുന്നതല്ല നമ്മുടെ ശരീരജീവിതത്തിന്റെ അകംപുറങ്ങൾ. അനിശ്ചിതമായ വഴികളിലൂടെ, അപ്രവചനീയമായ ചലനങ്ങളിലൂടെ അതു് അധീശനിലകളെ കൂസാതെ മുന്നേറുന്നു. ഏതൊക്കെയോ കാമനകളുടെ ഒഴുക്കുകളും രോധങ്ങളും ചേർന്നു് പുതിയൊരു ദിശ രൂപപ്പെട്ടുവരുന്നു. പൊതുബോധത്തിന്റെ അധികാരനിലകളെയും വേർതിരിവുകളെയും ശരീരത്തിന്റെ പലതരം വിന്യാസങ്ങൾ മറികടക്കുന്നു. അതിൽ ഫാഷന്റെയും പലതരം അലങ്കാരവിധാനങ്ങളുടെയും സാധ്യതകൾ ഉൾച്ചേരുന്നു. പെണ്ണിന്റേതു മാത്രമെന്നു കരുതപ്പെട്ടിരുന്ന പല അലങ്കാരങ്ങളും ഇന്നു് ആണുങ്ങളും ശരീരത്തിൽ പേറുന്നു. ഹെയർബാന്റുകളും കൈവളകളും നിറമുള്ള സ്കാർഫുകളും സുഗന്ധദ്രവ്യങ്ങളും ഇന്നു പുരുഷശരീരത്തെയും അലങ്കരിക്കുന്നുണ്ടു്. ആണിന്റെ/പെണ്ണിന്റെ എന്നു അതിരുതിരിച്ച, വേർതിരിക്കപ്പെട്ട അലങ്കാരവ്യവസ്ഥ മാറിക്കൊണ്ടേയിരിക്കുന്നു. ഈ പുതിയ പ്രവണത മറ്റനേകം ഘടകങ്ങളുടെ പാരസ്പര്യത്തിലൂടെ അനിച്ഛാപൂർവ്വകമായി ലിംഗാതീതമായി വളരുകയാണു്. അടി മുതൽ മുടിവരെയുള്ള പരിഷ്കാരങ്ങളിലൂടെ, തൊഴിലിലും ഹോബിയിലും വാഹനങ്ങളിലും മറ്റനേകം ഹാബിറ്റാറ്റുകളിലുമെല്ലാമുള്ള അട്ടിമറികളിലൂടെ ലിംഗാതീതമായ ഒരവസ്ഥ രൂപം കൊള്ളുന്നുണ്ടു്. സ്വത്വപ്രകാശനത്തിനും സ്വത്വസമർത്ഥനത്തിനുമായി ബോധപൂർവ്വം സൃഷ്ടിച്ചെടുത്തവയല്ല ഇവയൊന്നും. മറിച്ചു് സംസ്കാരത്തിന്റെ പൂർവ്വനിശ്ചിതമല്ലാത്ത, സ്വാഭാവികമായ ഒരു പുനഃക്രമീകരണമായി വന്നുഭവിക്കുന്നതാണു്. പലപ്പോഴും സ്വേച്ഛാപരമായ കാമനകളും ഭാവനകളുമാണു് അവയുടെ പ്രേരണാകേന്ദ്രം. കൂടുതൽ പരിശോധനയിലേയ്ക്കു കടക്കും മുമ്പു് അവയെ ചരിത്രപരമായി സമീപിക്കാം.

സ്ത്രീവേഷഭൂഷകളും കാമനയും

19-ാം നൂറ്റാണ്ടോടുകൂടിയാണു് യൂറോപ്പിലെന്നപോലെ തന്നെ കേരളത്തിലും ഫാഷൻ എന്ന ആധുനികമായ അഭിരുചി സ്ത്രീകളെ കേന്ദ്രീകരിച്ചു് കൊഴുക്കാൻ തുടങ്ങുന്നതു്. ആദ്യകാലങ്ങളിൽ യൂറോപ്പിലും വസ്ത്രധാരണവും ശാരീരികാലങ്കാരങ്ങളും ലിംഗഭേദത്തിന്റെ അടയാളങ്ങൾ പേറിയിരുന്നില്ല എന്നാണു് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നതു്. 1700-കളിലും മറ്റും ഉയർന്ന വർഗ്ഗത്തിൽപ്പെട്ടവരാണു് തുണിയലങ്കാരങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നതു്. പിങ്ക്, ചുവപ്പു് നിറങ്ങളിലുള്ള സില്ക്ക് സ്യൂട്ടുകളും സ്വർണാലങ്കാരങ്ങളും സ്ത്രീപുരുഷന്മാർ ഒരേപോലെ ധരിച്ചിരുന്നു. പിന്നീടു് ലിംഗഭേദം വർഗ്ഗക്രമത്തേക്കാൾ വലിയ സ്വാധീനമായി പടരുന്നു, ഒപ്പം പുരുഷസ്വത്വവും പൊതുവസ്ത്രാലങ്കാരങ്ങളും തമ്മിൽ എടുത്തുപറയത്തക്കരീതിയിലുള്ള വ്യതിരിക്തത പ്രകടമാകുന്നു. തിളക്കവും വർണ്ണഭംഗിയുമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും സ്ത്രൈണമണ്ഡലങ്ങളിൽ മാത്രമായി ചുരുങ്ങി. ഫ്യൂഗൽ എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ ഉപയോഗപ്രദമായതു് എന്ന മൂല്യത്തെ കൂടുതൽ ഉയർത്തിയും സൗന്ദര്യവത്തായതു് എന്ന ഘടകത്തെ കുറച്ചുമാണു് 19-ാം ശതകത്തിനൊടുവിൽ ബൂർഷ്വാപൗരുഷം സ്വയം രൂപപ്പെടുത്തിയതു്. 1850-കളോടെ പുരുഷവസ്ത്രങ്ങളും ഫാഷനും പൂർണ്ണമായും ഇപ്രകാരം ഏറെ പൗരുഷവല്ക്കരിക്കപ്പെട്ടു എന്നദ്ദേഹം പറയുന്നു. കാലഗണനയിൽ സമാന്തരതയില്ലെങ്കിലും കേരളത്തിന്റെ ചരിത്രവും ഏറെക്കുറെ സമാനമാണു്.

ഇന്റർനെറ്റിൽ ലഭ്യമായ പഴയ രണ്ടു ചിത്രങ്ങളുണ്ടു്. തിരുവിതാംകൂർകൊട്ടാരം ആർക്കൈവിൽ സൂക്ഷിച്ച 1900-ലെ ഒരു ചിത്രമാണു് ആദ്യത്തേതു്. വല്ലാർപാടം ദ്വീപിലെ കീഴാളരുടേതെന്നു കരുതപ്പെടുന്ന ചിത്രത്തിൽ ആൺപെൺശരീരങ്ങൾ വസ്ത്രത്തിന്റെ കാര്യത്തിൽ ഒരേപോലെയാണു്. അരയിലുടുത്ത മുണ്ടാണു് ഏകവസ്ത്രം. ഇരുകൂട്ടരും അരയ്ക്കുമുകളിൽ നഗ്നരാണു്. സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ചിത്രമാണു് അടുത്തതു്. ബാസൽ മിഷൻ ശേഖരിച്ച 1921-ലെ ഈ ഫോട്ടോയിൽ ഓല മെടയുന്ന ചിലരാണു് ഉള്ളതു്. പ്രായമായ സ്ത്രീയൊഴിച്ചു് സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും അരയ്ക്കുമുകളിൽ നഗ്നരാണു്.

images/A_male_and_female_from_Malabar.jpg
മലബാറിൽ നിന്നുള്ള ആണും പെണ്ണും.

വസ്ത്രങ്ങളുടെ കുറഞ്ഞ ഉപഭോഗത്തിന്റെ ഈ കാലയളവിൽ ചില വിഭാഗങ്ങളുടെ ആൺപെൺ ശരീരങ്ങളിൽ ലിംഗഭേദത്തെ സംബന്ധിച്ച മൂല്യങ്ങൾ ചമയങ്ങളിൽ ദൃശ്യമല്ല. ലഭ്യമായ മറ്റു ചിത്രങ്ങൾ കൂടി പരിശോധിച്ചാൽ വസ്ത്രങ്ങൾ ആൺപെൺ വ്യത്യാസത്തേക്കാൾ ജാതിവ്യത്യാസത്തിന്റെ സൂചനകളാണു് നല്കുന്നതു്.

അതേസമയം മാറിടങ്ങൾ മറച്ച ഇതിനേക്കാൾ പഴയ ഫോട്ടോകളും ലഭ്യമാണു്. സൂക്ഷ്മമായി പരിശോധിച്ചാൽ അവയിൽ പലതിലും സ്ത്രീപുരുഷന്മാരുടെ ആഭരണങ്ങളും മാർശീലകളും തൊടുകുറികളും മാലയും മാറിടത്തെ മറയ്ക്കുന്നതിനേക്കാൾ അലങ്കരിക്കുന്നതായാണു് കാണുന്നതു്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരനായ വില്യം വാന്നിഹോഫ് തയ്യാറാക്കിയ ഒരു ചിത്രം ഈ അർത്ഥത്തിൽ ശ്രദ്ധേയമാണു്. ആ ചിത്രത്തിൽ ഉമയമ്മറാണി മുലഞെട്ടുകൾ ദൃശ്യമാകും വിധം മുലക്കച്ച ധരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു. അവരുടെ മേൽമുണ്ടിനു് മുലകളെ മറയ്ക്കുക എന്ന ഫങ്ഷണലായ പ്രാധാന്യം ഇല്ലെന്നു വേണം മനസ്സിലാക്കാന്‍.

മേൽമുണ്ടുകലാപകാലത്തെ അവർണ്ണസ്ത്രീകളുടെ താല്പര്യങ്ങൾ ഇപ്രകാരം കാമനകളുമായിട്ടു കൂടി ബന്ധപ്പെട്ടിരുന്നുവെന്നതിനു് മറ്റു ചില തെളിവുകൾ കൂടിയുണ്ടു്. മേൽമുണ്ടുകലാപകാലത്തു് നടന്ന പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്ക രുടെ നേതൃത്വത്തിൽ നടന്ന മൂക്കുത്തിസമരം. അവർണ്ണസ്ത്രീകൾക്കു് മൂക്കുത്തി ധരിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സമരം. സ്വർണ്ണാഭരണങ്ങൾ ധരിക്കാനുള്ള അവകാശമായിരുന്നു മറ്റൊന്നു്. ജാതിപദവിയെ കാമനയുമായി കൂട്ടിക്കെട്ടിയിരിക്കയാണു് ഇവിടെ. നൂറ്റാണ്ടുകൾക്കു ശേഷം സി. കേശവന്റെ അമ്മായിയമ്മ ജാക്കറ്റു ധരിയ്ക്കുമ്പോൾ കേൾക്കേണ്ടിവന്ന പഴിയും തേവിടിശ്ശികളെ പോലെ അണിഞ്ഞൊരുങ്ങുന്നു എന്നതാണു്. മറയ്ക്കുക എന്നതിനേക്കാൾ മുലകളെ അലങ്കരിച്ചുവെന്നതായിരുന്നു പ്രശ്നമായതു്.

ക്രിസ്ത്യൻ മിഷണറിമാർ സ്ത്രീകളുടെ മേൽവസ്ത്രത്തിൽ ഇടപെട്ടുകൊണ്ടു് മാറിടത്തെ സംബന്ധിച്ച ലൈംഗികവല്ക്കരണം നിർമ്മിച്ചെടുത്തതിന്റെ സാംസ്കാരികചരിത്രം നമുക്കു പരിചിതമാണു്. ബി. രാജീവനും ജെ. ദേവികയും മറ്റും അതേക്കുറിച്ചു് വിശദമായി എഴുതിയിട്ടുണ്ടു്. മേൽമുണ്ടു് ഒരേ രീതിയിലല്ലാതെ പലതരത്തിൽ കക്ഷത്തിൽ ഇറുക്കിപ്പിടിച്ചും വെറുതെ പുതച്ചും അയച്ചു തോളിലിട്ടും ചുറ്റിക്കെട്ടിയുമൊക്കെയായി ധരിച്ചതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നതു് മറയ്ക്കൽ ഒരു പ്രധാന ലക്ഷ്യമല്ലെന്നും അലങ്കാരത്തിലൂടെയുള്ള, പുതിയ സ്വത്വപ്രകാശനത്തിനായുള്ള വൈയക്തിക കാമനയാണതെന്നുമാണു്. പക്ഷേ, നമ്മുടെ ഒട്ടുമിക്ക മുഖ്യധാരാവിശകലനങ്ങളും കൊളോണിയൽ എഴുത്തുകളെ പിൻപറ്റിക്കൊണ്ടു് അന്തസ്സിനെയും മാറുമറയ്ക്കലിനെയും പരസ്പരം ബന്ധപ്പെടുത്തുകയാണു് പതിവു്. ഒറ്റനോട്ടത്തിൽ അതു് ശരിയുമാണു്. അതേസമയം മാറിടം പോലുള്ള ശരീരഭാഗങ്ങളെ അലങ്കരിയ്ക്കുന്നതുമായി ബന്ധപ്പെട്ട കാമനകൾക്കും അത്രതന്നെ പങ്കുണ്ടു്. അവർണ്ണസ്ത്രീകളെ ജാക്കറ്റിടുവിച്ച പാതിരിമാരുടെ താല്പര്യങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു ജാക്കറ്റിട്ട പെണ്ണുങ്ങളുടേതു് എന്നർഥം.

മാറുമറയ്ക്കുക എന്ന പ്രയോഗത്തിന്റെ പില്ക്കാലത്തുണ്ടായ ആവർത്തിച്ചുള്ള ഉപയോഗം തന്നെയായിരിക്കണം മറിച്ചൊരു ധാരണയ്ക്കു് ഇടവരുത്തിയതെന്നു വേണം കരുതാൻ. ‘എന്റെ സ്മരണകളി’ൽ (പുറം 318) കാണിപ്പയ്യൂർ എഴുതുന്നു: ‘അന്നൊക്കെ മാറുമറയ്ക്കുക എന്നല്ല ഭാഷ; മുലക്കച്ച ധരിക്കുക എന്നായിരുന്നു.’ മുലകളെ ഒരു ലൈംഗികാവയവമാക്കിത്തീർത്തു് അതിന്മേലുള്ള ലൈംഗികമൂല്യത്തെ നിർമ്മിച്ചെടുക്കുകയും നിലനിർത്തുകയുമാണു് പിന്നീടുണ്ടായ ചരിത്രപ്രക്രിയകളിലൂടെ നടന്നതു്. അതാകട്ടെ കാമനകളുടെ ഭാവനാരൂപങ്ങളാൽ നിർമ്മിച്ചവയുമാണു്. തീർച്ചയായും ഇതൊക്കെ സംഭവിക്കുന്നതു് സമൂഹത്തിലെ മുഴുവൻ സ്ത്രീകളിലും ഒരേ കാലത്തും തോതിലുമല്ല; മറിച്ചു് വ്യത്യസ്ത കാലയളവുകളിൽ, വ്യത്യസ്തവിഭാഗങ്ങളിൽ വ്യത്യസ്ത ഏജൻസികളുടെ സംഘർഷങ്ങളിലൂടെയാണു്.

അലങ്കരിക്കപ്പെടുന്ന പൗരുഷം

പുരുഷശരീരവും ഇപ്രകാരം ലിംഗഭേദത്തിന്റെ ചിഹ്നങ്ങളിലേക്കു് ക്രമീകരിക്കപ്പെടുന്നതിന്റെ ചരിത്രം കൂടി ഇതിനു സമാന്തരമായുണ്ടു്. നമ്പൂതിരി വിഭാഗങ്ങൾക്കിടയിൽ ആൺകുട്ടികളുടെ ആഭരണാലങ്കാരങ്ങൾ പെൺകുട്ടികളുടേതിനേക്കാൾ ആർഭാടം നിറഞ്ഞതായിരുന്നുവെന്നു് കാണിപ്പയ്യൂർ നിരീക്ഷിക്കുന്നുണ്ടു്. ആൺകുട്ടികൾക്കു് അരയിൽ പൊന്നുകൊണ്ടുള്ള ഏലസ്സാണു് ധരിപ്പിച്ചിരുന്നതെങ്കിൽ പെൺകുട്ടികൾക്കു് വെള്ളികൊണ്ടുള്ളതാണു് ധരിപ്പിച്ചിരുന്നതു്. ആൺകുട്ടിയുടെ തള സ്വർണ്ണവും പെൺകുട്ടിയുടേതു് വെള്ളിയുമായിരുന്നു. അണിഞ്ഞൊരുങ്ങൽ, അലങ്കാരങ്ങൾ, അതുസംബന്ധിച്ച ഫെറ്റിഷ് മൂല്യങ്ങൾ ഒക്കെ ഇവിടെ പെൺകുട്ടികളേക്കാൾ ആൺകുട്ടികളെയാണു് ചൂഴ്‌ന്നുനില്ക്കുന്നതു് എന്നതിന്റെ തെളിവായാണിതു വായിച്ചെടുക്കാൻ കഴിയുക. ലിംഗവിവേചനം, ദായക്രമം തുടങ്ങി പലതും അതോടൊപ്പം പ്രവർത്തിക്കുന്നുമുണ്ടു്.

‘ഇന്ദുലേഖ’യിൽ സൂരിനമ്പൂതിരിപ്പാടു് സംബന്ധത്തിനു് ഒരുങ്ങിപ്പുറപ്പെടുമ്പോൾ കരുതുന്ന അലങ്കാരശേഖരത്തെക്കുറിച്ചു പറയുന്നതിങ്ങനെ: ‘ഉയർന്നതരം കസവുതുപ്പട്ടാവുകളിൽ ഒരു പതിനഞ്ചു വിധം, പട്ടക്കരക്കൊട്ടാരൻ പലേ മാതിരിയിൽ ഉള്ള മുണ്ടുകളിൽ പത്തിരുപതു്, പലേമാതിരി മോതിരങ്ങൾ അനവധി, ശുദ്ധ കട്ടി വെള്ളികൊണ്ടുണ്ടാക്കി സ്വർണ്ണക്കുമിഴ അടിച്ച വിശേഷമായ ഒരു ചെല്ലം, സ്വർണ്ണം കൊണ്ടുള്ള ചെറിയ വെറ്റിലചുരുളുകൾ, വെള്ളിപ്പിടിമൊന്ത, വെള്ളിച്ചങ്ങലപ്പട്ട, വെള്ളി അടപ്പൻ, മാലയായി കഴുത്തിൽകൂടി ഇടുന്ന സ്വർണ്ണച്ചങ്ങലയോടുകൂടിയുള്ള സ്വർണ്ണഗഡിയാൾ, നീരാളക്കുപ്പായങ്ങൾ, തൊപ്പികൾ, സ്വർണ്ണം കൊണ്ടുള്ള കുറിപ്പാത്രം, സ്വർണ്ണക്കൂടുള്ള കണ്ണാടി, സ്വർണ്ണം കൊണ്ടുള്ള പനീർവീശി, അത്തർ കുപ്പികൾ മുതലായുള്ള പലവിധ സാമാനങ്ങൾ ഒരു മേശമേൽ നിരത്തിവെച്ചിരിക്കുന്നു.’ (പുറം 91, ഇന്ദുലേഖ).

മാധവന്റെ അലങ്കാരങ്ങളും കുറവല്ല. നീണ്ട മുടിയിൽ മുല്ലമാല ചൂടലും അലങ്കരിക്കലും മാധവനു പത്ഥ്യമാണു്. രേഷ്മാഭരദ്വാജ്/ദിലീപ് രാജ് ‘നമ്മളെങ്ങനെ ഇങ്ങനെയായി’ (മിഥ്യകൾക്കപ്പുറം സ്വവർഗ്ഗലൈംഗികത കേരളത്തിൽ) എന്ന ലേഖനത്തിൽ ഇതു എടുത്തു പറയുന്നുണ്ടു്.

images/C.Keshavan.jpg
സി. കേശവൻ

അച്ഛൻ സമ്മാനിച്ച ചുവപ്പു കടുക്കൻ മാധവനെ അണിയിക്കുന്ന രംഗം പുരുഷചമയത്തിന്റെ അഭിരുചി വെളിപ്പെടുത്തുന്നുണ്ടു്. ഇന്ദുലേഖ മാധവന്റെ കാതിൽ കടുക്കൻ ഇട്ടു. മാധവൻ എഴുന്നേല്ക്കാൻ ഭാവിച്ചപ്പോൾ ഇന്ദുലേഖ: ‘ഇരിക്കൂ ഇനി ഞാൻ തന്നെ ഈ കുടുമ ഒന്നു കെട്ടട്ടെ. അതുകെട്ടി ഒരുഭാഗത്തു വെച്ചാലേ ആ കടുക്കനും മുഖവും തമ്മിലുള്ള യോജ്യത അറിവാൻ പാടുള്ളു.’ (പുറം:57, ഇന്ദുലേഖ). അന്നത്തെ പൗരുഷത്തെ നിർമ്മിച്ചെടുക്കുന്നതിൽ സൂരിനമ്പൂതിരിപ്പാടിൽ നിന്നും മാധവനുള്ള ഭേദപരിഗണനകൾ ഒരു മാതൃകയായി പ്രവർത്തിച്ചിരിക്കണം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്റെ സമുദായത്തിലെ പ്രമാണിമാരിലൊരാളായ ആലുംമൂട്ടിൽ ചാന്നാരു ടെ വേഷഭൂഷാദികളെ കുറിച്ചു് സി. കേശവൻ അനുസ്മരിക്കുന്നതു് നോക്കൂ: ‘പുൽപ്പാക്കെട്ടും പിടിമൊന്തയും വാല്യക്കാരും ഒക്കെയുണ്ടു്. ആജാനബാഹുവാണു്. കറുത്ത ഒരു ലോങ് കോട്ട് ഇട്ടിട്ടുണ്ടു്. ഒരു കിന്നരി തലപ്പാവു് വെച്ചിരിക്കുന്നു. പക്ഷേ, അതൊന്നുമല്ല ഞാൻ ശ്രദ്ധിച്ചതു്. ഒരു വലിയ പവന്മാല നാഭിക്കുഴി ചുറ്റിക്കവിഞ്ഞു് തെളിഞ്ഞു നീണ്ടു കിടക്കുന്നു, കഴുത്തു ചുറ്റി. ഈ ഒരു വിശേഷം മറ്റാർക്കും ഞാൻ കണ്ടിട്ടില്ല. ഒരു പത്തുപതിനഞ്ചു് പവന്റെ മാലയാണു് അതു്. കുബേരമുദ്രയാണു് അതെന്നു ഞാൻ കരുതി’ (പുറം: 259, ജീവിതസമരം, സി. കേശവൻ) ഇപ്രകാരം അടുത്ത കാലം വരെയെങ്കിലും പുരുഷശരീരം സ്ത്രീയുടേതുപോലെതന്നെ കാമനകളുടെയും സൗന്ദര്യാലങ്കാരങ്ങളുടെയും കേന്ദ്രമായിരുന്നു. എന്നു മാത്രമല്ല, പില്ക്കാലത്തെ സ്ത്രൈണാലങ്കാരങ്ങളോടു് ഏറെ ചേർന്നുനില്ക്കുന്നതുമായിരുന്നു അതു്.

പരിഷ്കാരകേന്ദ്രമായ പുരുഷശരീരവും കേശാലങ്കാരങ്ങളും

19, 20 നൂറ്റാണ്ടിലെ ശരീരകേന്ദ്രിതമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീശരീരത്തെക്കുറിച്ചാണു് പറഞ്ഞു കേൾക്കാറുള്ളതു്. സ്ത്രീശരീരത്തോളം പുരുഷശരീരവും പരിഷ്കാരങ്ങളുടെയും സംഘർഷങ്ങളുടെയും ഭൂമികയായിരുന്നുവെന്ന കാര്യം എന്തുകൊണ്ടോ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പരിഷ്കരിക്കപ്പെടേണ്ട സ്ത്രീ എന്ന മുൻവിധി നമ്മുടെ ഗവേഷകരെയും സ്വാധീനിച്ചതിന്റെ ഫലമായിരിക്കാം അതു്.

19-ാം നൂറ്റാണ്ടിൽ ആൺശരീരത്തിൽ നടന്ന പരിഷ്കാരങ്ങളുടെ കേന്ദ്രം തലമുടിയായിരുന്നു. അക്കാലത്തു് പല ജാതിവിഭാഗങ്ങളും ലിംഗഭേദമെന്യേ തലമുടി നീട്ടി വളർത്തിയിരുന്നു. തലമുടി മൊട്ടയടിച്ചവരും അനുഷ്ഠാനപരമായി കുടുമ സ്വീകരിച്ചവരുമായിരുന്നു മറ്റു വിഭാഗങ്ങൾ. കുടുമ തന്നെ പല തരമാണു്. വൈയക്തിക അഭിരുചിയ്ക്കനുസരിച്ചു് കുടുമ, വിവിധ രൂപഭേദങ്ങൾ ആർജ്ജിച്ചിരുന്നു.

പലതിലും എന്നപോലെ കേശാലങ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിവെച്ചതു് മിഷനറിമാരാണു്. കുടുമ വൈയക്തിക ഫാഷനോ അതോ മതാചാരമോ എന്നായിരുന്നു സംവാദവിഷയം. മതം മാറുന്ന സമയത്തു് കുടുമ നിലനിർത്തണോ കളയണോ എന്നതുമായി ബന്ധപ്പെട്ടു് ഔദ്യോഗികമായ തർക്കങ്ങളും നിരവധി കത്തിടപാടുകളും ഇക്കാലത്തു് നടന്നു. ഈ വ്യവഹാരങ്ങളുടെ വിശദാംശങ്ങൾ റവ. സാമൂവൽ മറ്റീർ ‘നേറ്റീവ് ലൈഫ് ഇൻട്രാവൻകൂറി’ൽ രേഖപ്പെടുത്തിയിട്ടുണ്ടു്.

അദ്ദേഹം നല്കുന്ന സൂചനയനുസരിച്ചു് 1827-ൽ റവ. ജെ. ഡി. തോംസണാണു് കുടുമയെ കുറിച്ചുള്ള സംവാദം തുടങ്ങിവെയ്ക്കുന്നതു്. 1837-ൽ ആബ്സ്, എല്ലാ മിഷൻ പ്രവർത്തകരെയും കുടുമ ഉപേക്ഷിക്കാൻ നിർബന്ധിച്ചു. ഹിന്ദുമതചിഹ്നമെന്ന നിലയിൽ ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചവർ കുടുമ വെയ്ക്കുന്നതു് ശരിയല്ലെന്നായിരുന്നു കാരണം. 1846-ൽ തിരുനെൽ വേലിയിൽ ഉപദേശിമാരെ പട്ടക്കാരാക്കാനുള്ള ലിസ്റ്റു തയ്യാറാക്കിയപ്പോൾ അതിലുള്ള എല്ലാവരും കുടുമ നീക്കം ചെയ്യണമെന്നു് നിർദ്ദേശിച്ചിരുന്നുവെന്നു് റവ. ജെ. തോമസ് പറയുന്നു.

റവ. ബർഗസി ന്റെ അഭിപ്രായത്തിൽ മതപരമായ ആശയങ്ങളുടെ ചിഹ്നമാണു് കുടുമ. മുടി മുഴുവൻ വടിച്ചുകളഞ്ഞ തല മുസ്ലീങ്ങളുടെയും മുടി വളർന്ന ശിരസ്സു് ക്രിസ്ത്യാനികളുടെയും മതചിഹ്നമാണു്. അതേപോലെ കുടുമ ഹിന്ദുവിന്റെ മതാചാരപരമായ അടയാളമാണു്. മി. കോക്സ്, റവ. ജെ. ദേവസഹായം, ജേഡ സ്കഡർ, എഫ്. ഡബ്യൂ. എൻ. അലക്സാണ്ടർ, ബെയ്നൻ, റവ. പി. രാജഗോപാൽ, ജെയിംസ്, ബെയ്ലിസ് തുടങ്ങിയവരാണു് ഈ വിഷയത്തിൽ സജീവമായി ഇടപെട്ട പ്രമുഖർ. ഏകദേശം ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ ചർച്ചകളിൽ തദ്ദേശീയരുടെ പ്രാകൃതവും അനുഷ്ഠാനപരവുമായ വേഷവ്യവസ്ഥയായിട്ടാണു് ഏറെ മിഷണറിമാരും കുടുമയെ മനസ്സിലാക്കിയതു്. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവർ അതുപേക്ഷിക്കണം എന്നവർ നിർബന്ധിച്ചതും അതുകൊണ്ടാണു്. അതേസമയം ഉച്ചിയിൽ രോമങ്ങൾ നീട്ടിവളർത്തി കുടുമയാക്കുന്ന സമ്പ്രദായം മാത്രമേ എതിർക്കപ്പെടേണ്ടതായുള്ളു എന്ന അഭിപ്രായമായിരുന്നു റവ. തോമസിന്റേതു്. പകരം യൂറോപ്യൻ രീതിയിലുള്ള കേശാലങ്കാരങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു.

മിഷണറിമാരെ സംബന്ധിച്ചിടത്തോളം മതംമാറുന്നവരുടെ പൂർണ്ണമായ ആത്മസമർപ്പണത്തിന്റെയും സത്യസന്ധതയുടെയും സാക്ഷ്യമാണു് കുടുമയുടെ തിരസ്കാരം. സ്വമേധയാ കുടുമ കളഞ്ഞു മതംമാറിയ ഒരാളുടെ അനുഭവം റവ. ജെ. സി. തോമസ് റിപ്പോർട്ട് ചെയ്യുന്നുണ്ടു്. മതംമാറിയ കാര്യം സുഹൃത്തുക്കളെ വിശ്വസിപ്പിക്കുന്നതിനു വേണ്ടിയാണത്രെ അദ്ദേഹം കുടുമ ഉപേക്ഷിച്ചതു്. (മദ്രാസ്, ഇ. ങ. റെക്കോഡ്, ജൂൺ, 1980). അതേസമയം മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്നു് രക്ഷതേടാൻ കുടുമ വെയ്ക്കാൻ അനുമതി ചോദിച്ചവരുമുണ്ടു്.

കുടുമ മുറിക്കാൻ തുടർച്ചയായി വിസമ്മതിച്ച ചില ഉദാഹരണങ്ങൾ സാമുവൽ മറ്റീർ എഴുതുന്നു. ഒരു അപ്പോത്തിക്കരിയാണു് ഒരാൾ. കടലോരങ്ങളിൽ ഒരു ക്രിസ്ത്യാനിയായി വളർത്തപ്പെട്ട അയാൾ കുടുമ നിലനിർത്തി. അതിനയാൾ പറഞ്ഞ കാരണം തന്റെ കൂട്ടത്തിലുള്ളവരെ കാണാനായി വീടുകളിൽ പോകുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയ്ക്കു ഇടിവു തട്ടും എന്നതാണു്. സ്കൂളധ്യാപകനായ മറ്റൊരാൾ ജാതി ഹിന്ദുക്കളുമായുള്ള സാമ്യം നിലനിർത്താനാണു് കുടുമ വെച്ചതു്. കുടുമയില്ലാത്ത ക്രിസ്ത്യാനികളെ തിരുവിതാംകൂറിൽ ക്ഷേത്രം പണിയിൽ നിന്നു് ഒഴിച്ചുനിർത്തിയിരുന്നു. ഒരിക്കൽ ഒരു തഹസിൽദാർ കുടുമയില്ലാത്തവർക്കെതിരെ വ്യാജകുറ്റം ചുമത്തി പിഴ ഈടാക്കിയത്രെ. 1858-ലെ മേൽമുണ്ടു കലാപത്തിൽ ശൂദ്രന്മാർ ചന്തകളിലും പൊതുസ്ഥലത്തും നടന്നു് കുടുമയില്ലാത്തവരെ കണ്ടുപിടിക്കാൻ ശ്രമിച്ചതിനെ കുറിച്ചും മെറ്റീർ എഴുതുന്നുണ്ടു്.

images/Robert_Caldwell.jpg
റോബർട്ട് കാഡ്വെൽ

കുടുമയെ കുറിച്ചു് ഇതിൽ നിന്നു വ്യത്യസ്തമായ നിരീക്ഷണങ്ങൾ അവതരിപ്പിച്ചവരിൽ പ്രമുഖൻ ബിഷപ്പ് റോബർട്ട് കാഡ്വെല്ലാ ണു്. 1867-ൽ അദ്ദേഹം കുടുമയെ അനുകൂലിച്ചുകൊണ്ടു് പത്രത്തിൽ ലേഖനമെഴുതി. 1875-ൽ അതു് ഇന്ത്യൻ ആന്റിക്വറിയിൽ പുനഃപ്രസിദ്ധീകരിച്ചു. കുടുമയെ കേശലങ്കാരത്തിലുള്ള ഒരു പ്രത്യേകശൈലിയായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അതൊരു പരിഷ്കാരമോ ഫാഷനോ ആണെന്നും (ഹിന്ദു) ആചാരപരമല്ലെന്നുമായിരുന്നു വാദം. കുടുമവെച്ചവരെ മുഴുവൻ അമ്പലത്തിൽ കേറ്റാറില്ല എന്നതാണു് ആചാരമല്ലെന്നതിനു തെളിവായി എടുത്തുകാട്ടിയതു്. സാധാരണ മുടി നീട്ടിവളർത്തുന്ന നാടാർമാർ ക്രിസ്തുമതത്തിലേക്കു് പരിവർത്തനം ചെയ്തശേഷവും ഉയർന്ന ജാതിക്കാരെപ്പോലെ കുടുമ വെയ്ക്കാറുണ്ടു്. ആയതിനാൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവർ മുടി മുറിക്കുന്നതോ കുടുമ കളയാതിരിക്കുന്നതോ കാര്യമായെടുക്കേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു.

കുടുമയുടെ ചരിത്രത്തിലേക്കും കാൽഡ്വൽ കടക്കുന്നുണ്ടു്. കുടുമയെ അദ്ദേഹം ആര്യന്മാരുമായി ബന്ധപ്പെടുത്തുന്നു. ആര്യന്മാർ ആദിമ ഇന്ത്യക്കാരെ കീഴടക്കുന്നതിനു മുമ്പുള്ള കാലത്തു് ഇതിലധികം കേശാലങ്കാരങ്ങളും താടിവടിക്കൽ രീതികളും ഉണ്ടായിരുന്നുവത്രെ. കുടുമയെക്കുറിച്ചു് വിഷ്ണുപുരാണത്തിൽ പരാമർശമില്ലാത്തതിനാൽ അതു് ആര്യന്മാരുടെ വേഷമായിരുന്നിരിക്കണം എന്നു് കാൽഡ്വൽ അനുമാനിക്കുന്നു. അതാണു് പിന്നീടു് മറ്റു വിഭാഗങ്ങളിലേക്കു് പ്രചരിച്ചതു്. ചുരുക്കത്തിൽ റോബർട്ട് കാൽഡ്വലിന്റെ അഭിപ്രായത്തിൽ കുടുമ ഒരു ഫാഷൻ എന്ന നിലയ്ക്കു് ആദിമകാലം മുതലേ ഉണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നു. അതു ബഹുമാന്യതയുടെ ചിഹ്നമായി കരുതപ്പെടുകയും ചെയ്തിരുന്നു.

പതിയെപ്പതിയെ ആരംഭിച്ച കുടുമ ചർച്ച പിന്നീടു് മിഷണറിമാർക്കും മതംമാറിയവർക്കുമിടയിലുള്ള സംഘർഷത്തിന്റെ കേന്ദ്രമായി മാറി. 1883-ൽ കാൽഡ്വലിന്റെ അഭിപ്രായത്തെ ചോദ്യംചെയ്തുകൊണ്ടു് സാമുവൽ മറ്റീർ രംഗത്തെത്തി. തന്റെ പുസ്തകത്തിൽ കുടുമയ്ക്കുവേണ്ടി ഒരു അധ്യായം തന്നെ നീക്കിവെച്ചു. കുടുമയെ ഒരു ഫാഷനായി, വൈയക്തികമായ അഭിരുചിയുടെ പ്രകാശനമായി അതോടൊപ്പം ദേശീയതയുടെയും ബഹുമാന്യതയുടെയും ഒക്കെയായ പ്രയോഗമായി കാൽഡ്വൽ വിലയിരുത്തിയതിനെ മറ്റീർ എതിർക്കുന്നു. കുടുമ എന്നതു് അതു ധരിക്കുന്നയാളുടെ സ്വത്വകാമനകളുടെ സൂചകമാണെങ്കില്‍, ജാതിപദവിയിൽ ഉയർന്നുനില്ക്കാനുള്ള പ്രവണത അതിലുണ്ടെങ്കിൽ ശരിയായ ക്രൈസ്തവതയുമായി അതു പൊരുത്തപ്പെടുകയില്ല എന്നദ്ദേഹം വാദിച്ചു. കുടുമയെ കുറിച്ചു ദീർഘകാലം നീണ്ടുനിന്ന ഈ സംവാദങ്ങൾ സൂചിപ്പിക്കുന്നതു് പുരുഷശരീരവും കൊളോണിയൽ പരിഷ്കാരങ്ങളുടെ കേന്ദ്രമായിരുന്നു എന്നാണു്.

കുടുമയും ചോയ്സും

അതേസമയം പൊതുവെ കരുതപ്പെടുന്നതുപോലെ കുടുമ നൂറ്റാണ്ടുകളോളം യാതൊരു മാറ്റവുമില്ലാതെ നിലനിന്ന കേശാലങ്കാര രീതിയായിരുന്നില്ല. മറ്റു പലതിലുമെന്ന പോലെ ധരിക്കുന്നവരുടെ പലതരം ചോയ്സുകൾ അതിലും പ്രവർത്തിച്ചു. കുടുമ പിന്നിയിടുന്നതു് ഉത്തമമെന്നും കെട്ടി വെക്കുന്നതു് രണ്ടാം തരമെന്നുമാണത്രെ കരുതിയിരുന്നതു്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന കുടുമയിൽത്തന്നെയുള്ള ഫാഷൻ വൈവിധ്യങ്ങളെക്കുറിച്ചു് കാണിപ്പയ്യൂർ എഴുതുന്നു: ‘കുടുമയുടെ കാര്യത്തിലും ചില പരിഷ്കാരങ്ങൾ എന്റെ ചെറുപ്പകാലത്തു വന്നിരുന്നു. അതെന്തെന്നാൽ ‘തല നിറയെ കുടുമ വെക്കുക’ എന്നതാണു്. നെറ്റിയുടെ മേൽഭാഗത്തു് അധികമൊന്നും രോമം കളയാതെ പിൻപുറത്തു് ചുഴിവരെ വ്യാസം വരത്തക്കവിധം കുടുമ വെയ്ക്കുകയായിരുന്നു, അതു്. എന്റെ ജ്യേഷ്ഠന്മാരെല്ലാം അങ്ങനെ കുടുമ വെച്ചവരായിരുന്നു. കുടുമ പിരിച്ചിടാതെ കെട്ടിവെക്കുന്ന സമ്പ്രദായം നടപ്പാക്കാൻ കാരണം അതാകണം. അത്രയും വട്ടത്തിൽ കുടുമ വെച്ചാൽ അതു പിരിച്ചിടാൻ കുറച്ചു് അസൗകര്യമാണു്. അക്കാലത്തെ കാരണവന്മാർക്കു് ചെറുപ്പക്കാരെ കുറിച്ചുള്ള ആക്ഷേപങ്ങളിലൊന്നു് തല നിറയെ കുടുമ വെക്കുക എന്നതായിരുന്നു.’ (പുറം 332–333). സ്ത്രീകളുടെ കേശാലങ്കാരങ്ങളെ ഒറ്റ നോട്ടത്തിൽ അനുസ്മരിപ്പിക്കുന്നതായിരുന്നു പുരുഷന്മാരുടേതെന്നതാണു് ഇവിടെ നാം ശ്രദ്ധിക്കേണ്ടതു്.

images/Nair_women_from_Malabar.jpg
നായർ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു, ചെറിയ നായർ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിന്റെ ചിത്രം.

തല മുഴുവൻ കുടുമ വയ്ക്കുന്നതു് അല്ലെങ്കിൽ അതിനേക്കാളധികം ക്രോപ്പു ചെയ്യുന്നതു് ആധുനികതയുടെ അഭിരുചിയായി തിരിച്ചറിഞ്ഞ കാലത്തു് അതിനെയും യാഥാസ്ഥിതികർ എതിർത്തുപോന്നിരുന്നു. ചെറുകാടിന്റെ ‘ജീവിതപ്പാത’യിൽ എന്റെ കുടുമ എന്ന അധ്യായത്തിൽ കുടുമയുമായി ബന്ധപ്പെട്ടു് അനുഭവിച്ച സംഘർഷങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടു്. പുരുഷകാമനകളുടെ സംഘർഷങ്ങൾ നമുക്കതിൽ വായിക്കാം: ‘എന്റെ തലയിൽ ചെരുവുകളോളം വട്ടത്തിൽ രണ്ടു ചാണിലധികം നീളമുള്ള കുടുമയുണ്ടായിരുന്നു. യാഥാസ്ഥിതികത്വത്തിന്റെ ആ കൊടുംകാടും വെട്ടി ക്രോപ്പു ചെയ്യണമെന്നു് എനിക്കാഗ്രഹവുമുണ്ടായിരുന്നു. ധിക്കാരിയും കോൺഗ്രസുകാരനുമായിരുന്ന ഞാൻ ക്രോപ്പു ചെയ്യിക്കാൻ ഭയപ്പെട്ടിരുന്നുവെന്നു പറയുമ്പോൾ അത്ഭുതപ്പെട്ടേക്കാം. മുടി മുറിപ്പിക്കാൻ ഞാൻ വളരെയധികം ഭയപ്പെട്ടിരുന്നു.’ ഗുരുനാഥനായ മൂസ്സിനു് മുടി മുറിക്കുന്നതിഷ്ടമല്ലെന്നറിയാവുന്ന ചെറുകാടു് പ്രതിസന്ധിയിലായി. എന്നാൽ മൂസ്സിനും ഗുരുകല്പനായ കൃഷ്ണമ്മാമൻ യാഥാസ്ഥികത്വത്തെ നിലനിർത്തിക്കൊണ്ടു് മുടിയുടെ കാര്യത്തിൽ ഒരു പരിഷ്കാരം വരുത്തിയിരുന്നതു് ചെറുകാടു് ഓർക്കുന്നു: ‘പഴയ വെള്ളിയരയ്ക്കാൽ ഉറുപ്പികയുടെ വട്ടത്തിൽ മുടി നിർത്തി ബാക്കി രോമമാകെ വടിച്ചുകളഞ്ഞു് മിനുപ്പിച്ച കുടുമമണ്ടയുമായി അദ്ദേഹം ഗാന്ധിജിയെപ്പോലെ വിരാജിച്ചുകൊണ്ടിരുന്നു. തലയിൽ കുടിയിരിക്കുന്ന ഈരിനെയും പേനിനെയും കളയാൻ ആ മാതൃക ഞാനും സ്വീകരിച്ചു. വിളക്കത്തല രാമന്നായരുടെ മുന്നിൽ ചെന്നിരുന്നു് കൃഷ്ണമ്മാമന്റെ മുടിയുടെ മാതൃകയിൽ എനിക്കു മുടിവെച്ചുതരാൻ പറഞ്ഞു. ദയാലുവായ ആ നായർ എന്റെ കുടുമനിർത്തി കൊടുകാടുവെട്ടി തലയാകെ വടിച്ചു വൃത്തിയാക്കിത്തന്നു. ബന്ധുവും ധിക്കാരിയും പുരോഗമനവാദിയുമായ നാരായണേട്ടൻ മുടിമുറിക്കാനും മീശവെക്കാനുമൊക്കെ ഇത്ര ഭയപ്പെട്ടാലോ എന്നു ചോദിക്കുമ്പോൾ ചെറുകാടു് ഉരുണ്ടുകളിച്ചു. തമ്മിൽ തർക്കിച്ചു് ഒടുവിൽ നാരായണേട്ടൻ ചെറുകാടിന്റെ ഊശിക്കുടുമ പേനാക്കത്തി കൊണ്ടു് മുറിച്ചു കളഞ്ഞു. പഠിക്കാൻ പോകാതെ, മൂസിനെ മറഞ്ഞു നടന്ന ചെറുകാടു് ഒടുവിൽ മൂസിനെ ചെന്നുകണ്ടു. അരിശപ്പെട്ടെങ്കിലും പിന്നീടു് ക്ഷമിച്ചു. ഏതു പരിഷ്കാരങ്ങളുടെ പിന്നിലും പ്രവർത്തിക്കുന്ന എതിർബലങ്ങളും സംഘർഷങ്ങളും കാമനയുടെ വിനിമയങ്ങളും നമുക്കിവിടെ കാണാം. പുരുഷശരീരത്തിൽ മുമ്പുണ്ടായിരുന്ന അലങ്കാരങ്ങളിലെ അധികപ്പറ്റുകളും അഭാവങ്ങളും കൂടി ഇവിടെ കാണാൻ കഴിയും.

താറും ശ്ലീലാശ്ലീലങ്ങളും

അരയ്ക്കുതാഴെ ഉപയോഗിച്ചിരുന്ന കേരളീയ വസ്ത്രങ്ങളെയും ഇത്തരത്തിൽ ലിംഗവിശകലനത്തിനു വിധേയമാക്കാം. വ്യത്യസ്ത ജാതിവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അരക്കു താഴെയുള്ള വസ്ത്രങ്ങൾ ആണിനും പെണ്ണിനും ഏതാണ്ടു് ഒരേ പോലെയായിരുന്നു. താറുടുക്കലിനെ കുറിച്ചു് കാണിപ്പയ്യൂർ എഴുതുന്നു. പുരുഷനായാലും സ്ത്രീയായാലും ശരി ജാതി ഹിന്ദുക്കളിൽ എതെങ്കിലും തരത്തിൽ താറുടുക്കാത്തവരായി ആരുമില്ലെന്നാകുന്നു. (എന്റെ സ്മരണകൾ മൂന്നാംഭാഗം പുറം 320) ആചാരത്തിന്റെയും പരിഷ്കാരത്തിന്റെയും പേരിൽ പല വിഭാഗങ്ങളിൽപ്പെടുന്നവർ താറുടുക്കുന്നതു കാണാൻ കഴിയും. തന്ത്രപരമായ പല രീതികൾ അതിലുമുണ്ടെന്നു കാണാം. തെക്കൻതിരുവിതാംകൂറിലെ നായർ സ്ത്രീകൾ തൊഴാൻ വരുന്ന സമയത്തു് താറുടുക്കുക പതിവാണു്. അമ്പലനടയിൽ എത്തിയാൽ ചുറ്റിയ മുണ്ടിന്റെ കോന്തലയെടുത്തു് പിന്നിൽ കുത്തി താറുടുത്തു എന്നു വരുത്തുന്നതു് താൻ കണ്ടതായി അദ്ദേഹം പറയുന്നു. അമ്മ്യാന്മാരുടെ താറു് അതിനു മീതെ വസ്ത്രമുടുക്കുന്നതിനാൽ പുറത്തുകാണുകയില്ല. എന്നാൽ അയ്യങ്കാരസ്ത്രീകളുടേതു് പട്ടന്മാരുടെ പാളത്താറുപോലെ പുറത്തുകാണാം. എമ്പ്രാന്തിരി സ്ത്രീകൾ കോണകമട്ടിൽ ചരടുകെട്ടിയാണു് ഉടുക്കുന്നതെന്നും തെക്കൻ കോട്ടയത്തുനിന്നു തെക്കോട്ടുള്ള നായർ സ്ത്രീകളും വടക്കൻ കോട്ടയത്തു നിന്നു വടക്കോട്ടുള്ള നായർ സ്ത്രീകളും മാത്രമേ താറുടുക്കാത്തവരായുള്ളു എന്നും കാണിപ്പയ്യൂരെഴുതുന്നു.

60-കളിൽ എഴുതപ്പെട്ട ‘എന്റെ സ്മരണകളി’ലൂടെ ഈ ചരിത്രാനുഭവം പങ്കുവെക്കുന്ന കാണിപ്പയ്യൂർ താറുടുക്കാതിരുന്നാൽ പിന്നിൽ നിന്നുള്ള കാഴ്ച ആഭാസകരമാണെന്നു് കണ്ടെത്തുന്നു: ‘ക്രിസ്ത്യാനികൾ താറുടുക്കുകയേ പതിവില്ല. കാഴ്ചയിൽ ആഭാസമാണെങ്കിലും അവരുടെ പിന്നിൽ തൂക്കിയിടുന്ന ഞൊറികൊണ്ടു് ആസനം മറിഞ്ഞിരിക്കും. മുസ്ലീങ്ങൾ ഒറ്റമുണ്ടു ചുറ്റുക മാത്രമേ ചെയ്യുന്നുള്ളു. അതു നല്ല കട്ടിയുള്ള ജോനകക്കച്ചയാണെങ്കിലും പിന്നിൽ നിന്നും നോക്കിയാൽ രണ്ടാസനങ്ങളും പകുത്തുവെച്ചതുപോലെ വേറെ വേറെ കാണാം. തലയിലിടുന്ന തട്ടത്തിന്റെ ബാക്കിഭാഗം ആസനത്തിന്റെ താഴെ വന്നു തൂങ്ങിക്കിടക്കുന്നതു കൊണ്ടാണു് അതു കാണാതെ കഴിയുന്നതു്. ഈ പ്രദേശത്തെ യുവതികളായ ഈഴവസ്ത്രീകൾപോലും ഒറ്റമുണ്ടു ധരിച്ചു് അങ്ങാടിയിൽകൂടി നടക്കുന്നതു സാധാരണയാണു്. അവർ റൗക്ക ധരിക്കാറുണ്ടെങ്കിലും പിന്നിൽ നിന്നുള്ള കാഴ്ച്ച—ഇന്നത്തെ പരിതസ്ഥിതിയിൽ—ആഭാസമാണെന്നു പറയാന്തോന്നുന്നു.’ ജാതിഹിന്ദുക്കളിൽ വസ്ത്രത്തിന്റെ കാര്യത്തിൽ ലിംഗഭേദത്തേക്കാൾ ജാതിഭേദമാണു് മുന്നിൽ നിന്നിരുന്നതെന്നു് കാണിപ്പയ്യൂരിന്റെ വിവരണങ്ങളിൽ നിന്നു മനസ്സിലാക്കാം. അതിനു താഴെയുളള ജാതിക്കാർ ആണും പെണ്ണും ഒറ്റമുണ്ടുകൊണ്ടു് കാര്യം കഴിയ്ക്കുന്നവരാണു്.

ലിംഗമാനകതയുടെ അനുശീലനം

ആധുനികമായ ആൺപെൺ ലിംഗമാനകതയ്ക്കു കീഴിൽ കേരളീയജനതയെ പരുവപ്പെടുത്തിയെടുക്കുന്നതിൽ മിഷനറിമാരിലും പാശ്ചാത്യവിദ്യാഭ്യാസത്തിലും ഉൾച്ചേർന്ന കൊളോണിയൽ മൂല്യങ്ങളും സമുദായപരിഷ്കരണങ്ങളും ആത്മീയസഭകളും നവോത്ഥാന പരിഷ്കരണശ്രമങ്ങളും സർക്കാർ ഇടപെടലുകളും വലിയ പങ്കുവഹിച്ചു. വൃത്തിയും വെടിപ്പുമുള്ള ശരീരം, വസ്ത്രധാരണം എന്നതു് എല്ലാ സമുദായപരിഷ്കരണങ്ങളുടെയും അജണ്ടകളിലൊന്നായിരുന്നു. കൊച്ചി പുലയമഹാസഭ 1913-ൽ നടത്തിയ കായൽസമ്മേളനത്തിലെ കർമ്മപരിപാടികളിൽ ഒന്നു് സ്ത്രീപുരുഷന്മാരുടെ പരിഷ്കൃതമായ വസ്ത്രധാരണമായിരുന്നു. മറ്റൊന്നു് പുരുഷന്മാരെ കൊണ്ടു് മുടി ക്രോപ്പു ചെയ്യിക്കലും. ചെരുപ്പും കുടയും ഉപയോഗിക്കുന്നതിനും നിർദ്ദേശിച്ചിരുന്നു. (കുട്ടംകുളം സമരചരിത്രം, പുറം: 86, ഇ. രാജൻ, 1996-ലെ കേരള പുലയർ മഹാസഭാ രജതജൂബിലി സുവനീറിൽ നിന്നു് ഉദ്ധരിച്ചതു്) ഇവിടെയല്ലാം ശരീരത്തെ ലിംഗകൃത്യതയുള്ള ആണായും പെണ്ണായും അച്ചടക്കത്തോടെ ശരീരത്തെ വിന്യസിക്കേണ്ടതിന്റെ സമ്മർദ്ദങ്ങൾ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നു.

ഇക്കാലത്തു് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും യോജിച്ചതെന്ന മട്ടിലുള്ള വെവ്വേറെയുള്ള തൊഴിൽ മാതൃകകളും നിർദ്ദേശിക്കപ്പെടുന്നുണ്ടു്. കൊല്ലത്തെ എസ്. എൻ. ഡി. പി.-യുടെ പ്രഥമവാർഷിക യോഗത്തിൽ ഡോ. പൽപ്പു നടത്തിയ പ്രസംഗം ഉദാഹരണമാണു്. ‘തുണി നെയ്ത്തിനെ പരിഷ്കരിക്കണം, അതു് സ്ത്രീയ്ക്കു ചെയ്യാമെന്നുള്ള തൊഴിലാണു്. മറ്റുള്ള നീചങ്ങളായ കൂലിവേലകളേക്കാൾ സ്ത്രീകൾക്കതു് ശ്രേഷ്ഠവുമാണു്’ (എസ്. എൻ. ഡി. പി. യോഗചരിത്രം, പ്രഫ. പി. എസ്. വേലായുധൻ, കൊല്ലം എസ്. എൻ. ഡി. പി. യോഗം, ഡിസംബർ 1978, പുറം: 108)

തൊഴിലാളി സ്വത്വമായി ആധുനികമാക്കി സ്ത്രീയെ പുതുക്കുമ്പോഴും ലിംഗകൃത്യതയിലുള്ള ഊന്നൽ പ്രധാനമായി കടന്നുവരുന്നു എന്നതാണു് പ്രസക്തമായതു്. കായികാധ്വാനവും ചലനശേഷിയും കുറഞ്ഞ, പൊതുവിടത്തെ ശാരീരികമായ വെളിപ്പെടൽ കുറഞ്ഞ, തുറന്ന ഇടങ്ങളിലല്ലാത്ത ജോലികൾ എന്ന നിലയ്ക്കാവാം നെയ്ത്തിനെ സ്ത്രീയ്ക്കനുയോജ്യമെന്നു് കല്പിച്ചതു്. ഗാർഹികവും ആന്തരികവുമായ ലോകം സ്ത്രീയുടെയും പൊതുവിടങ്ങളും തുറന്ന പുറംലോകവും പുരുഷന്റേതുമെന്ന ആൺപെൺമാനകതയുടെ യുക്തിയിലാണതു് ഉറപ്പിക്കുന്നതു്. ടീച്ചിങ്, നഴ്സിങ്, സ്റ്റെനോ, ടൈപ്പിസ്റ്റ് തുടങ്ങിയ തൊഴിൽ മേഖലകളെ എപ്പോഴും സ്ത്രീത്വവുമായി ബന്ധിപ്പിച്ചു് കാണുന്നതിന്റെ സാംസ്കാരികതലങ്ങൾ ജെ. ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ’ എന്ന കൃതിയിൽ കാണാം.

images/Amy_Carmichael_children.jpg
കുട്ടികളോടൊപ്പം ആമി കാർമിഷായെൽ.

ബഹുമാന്യതയുടെയും സഭ്യതയുടെയും ഘടകങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഉൾച്ചേർക്കുന്നതിന്റെ ഭാഗമായാണു് മിഷണറിമാർ അവരുടെ വസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ടതു്. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ വൃത്തി, എഴുത്തും വായനയും, ഭൂമിശാസ്ത്രം, ചരിത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ ശിക്ഷണം നല്കുന്ന സ്കൂളുകൾ അവർ സ്ഥാപിച്ചിരുന്നു. അയർലെന്റുകാരിയായ ആമി കാർമിഷായെൽ (1867–1951) 9 സ്ത്രീകളെ ഉദ്ധരിക്കാനും വിമോചിപ്പിക്കാനും വിദ്യാഭ്യാസം ചെയ്യിക്കാനുമായി തിരുനെൽവേലിയിൽ എത്തി. അവിടെ അവർ അനാഥാലയം തുറക്കുകയും ക്ഷേത്രകേന്ദ്രിതമായ ലൈംഗികവൃത്തിയിൽ നിന്നു് സ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുകയും ചെയ്തു. സ്ത്രീകേന്ദ്രിതമായ ലൈംഗികസദാചാരത്തെ കുറിച്ചുള്ള ഉദ്ബോധനങ്ങൾ തങ്ങളുടെ പ്രവത്തനങ്ങളിൽ അവർ ഉൾച്ചേർത്തു. ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കണമെന്ന നിലപാടിൽ നിന്നുകൊണ്ടു് അത്തരം പ്രയത്നങ്ങളുടെ ഭാഗമായി അവരും അനുയായികളും ഇന്ത്യന്‍ മാതൃകയിലുള്ള വസ്ത്രധാരണം നടത്തിക്കൊണ്ടു് അവരുടെ കുട്ടികൾക്കു് കാരുണ്യ മുതലായ പേരുകളിടുകവരെ ചെയ്തു.

പുതിയ ഗാർഹികതയെയും അതിനിണങ്ങിയ ‘സഭ്യ’വും ‘അഭിജാത’വുമായ സ്ത്രീപുരുഷബന്ധങ്ങളെയും നിർമ്മിച്ചെടുക്കുന്നതിലായിരുന്നു മിഷണറിമാരുടെ ശ്രദ്ധ. ആണിനെയും പെണ്ണിനെയും കൃത്യതയുള്ള മൂല്യങ്ങളാൽ ചിട്ടപ്പെടുത്തി വ്യക്തവും വ്യതിരിക്തവുമായി പരസ്പരം വേർതിരിക്കപ്പെട്ട ലിംഗസ്വത്വങ്ങളായി രൂപീകരിച്ചെടുക്കുന്ന പ്രക്രിയയിലാണവർ ഏർപ്പെട്ടിരുന്നതു്. മിഷണറിമാരുടെ ഭാര്യമാർ ഇതിൽ നിർണ്ണായകമായ പങ്കുവഹിച്ചു. ബൈബിൾ പാരായണം നടത്തി അവയെ വ്യാഖ്യാനിച്ചും വിശദീകരിച്ചും മിഷനറി സ്ത്രീകൾ വീടുകളിൽ കടന്നുചെന്നു. മിസിസ് മർഷ്മാനെപ്പോലെയുള്ളവർ ഉയർന്ന വർഗ്ഗത്തിലെ സ്ത്രീകളെ വീടുകളിൽചെന്നു പഠിപ്പിക്കാനും തയ്യാറായി. സെനാനക്ലാസുകൾ എന്ന് ഈ ക്ലാസ്സുകൾ അറിയപ്പെട്ടു. എലിസ എഫ്. കെന്റിനെപ്പോലെയുള്ളവരുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിലൂടെ സാക്ഷരത മാത്രമല്ല, പുതിയ സ്ത്രീത്വത്തിനായുള്ള പരിശീലനം കൂടിയാണു് ഉദ്ദേശിച്ചിരുന്നതു്. അഭ്യസ്തവിദ്യരും സംസ്കൃതചിത്തരുമായ പുതുതലമുറയിലെ പുരുഷന്മാർക്കിണങ്ങുന്ന ഉത്തമഭാര്യമാരും മാതാക്കളും കുടുംബിനികളുമായിരിക്കാൻ അതവരെ സജ്ജരാക്കി. തൊഴിൽ, സഭ്യത, ആഭിജാത്യം തുടങ്ങിയവയിലുള്ള ഇടപെടലുകളിലൂടെ നിർമ്മിച്ചെടുത്ത ലിംഗഭേദം വസ്ത്രങ്ങളിലും ഇടപെടാതിരുന്നില്ല. വേഷഭൂഷകളുടെ കാര്യത്തിൽ ഏതൊക്കെ വസ്ത്രം ആണിനു് ഏതൊക്കെ വസ്ത്രം പെണ്ണിനു് എന്ന മട്ടിൽ ചിട്ടപ്പെടുത്തിക്കൊണ്ടു തന്നെയാണു് ആധുനികതാബോധം ആൺപെൺ ശരീരങ്ങളിൽ പെരുമാറിയതു്.

തൊഴിൽപരമായി ലിംഗഭേദം രൂപപ്പെടുന്ന കാലത്തു തന്നെയാണു് മിഷനറിമാരുടെ ഭാര്യമാരുടെ മുൻകൈയിൽ ലെയ്സ് വ്യവസായം വളർന്നുവരുന്നതു്. അതു് സ്ത്രീകൾക്കു് തൊഴിൽ മാത്രമല്ല, വസ്ത്രകേന്ദ്രീകൃതമായ ലിംഗഭേദവും സ്ത്രൈണതയും സംഭാവന ചെയ്തു. സ്ത്രീകൾക്കു് സാരിയും ബ്ളൗസും പുരുഷന്മാർക്കു് ഷർട്ടുകളും കാൽസ്രായിയും ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിലാണു് സ്വീകരിക്കപ്പെടുന്നതു്. ആദ്യകാലത്തെ കോളറില്ലാത്ത മേലുടുപ്പുകളിൽ നിന്നു് പിന്നീടു് കോളറുകളുള്ള ഷർട്ടിലേയ്ക്കു് പുരുഷന്മാർ പടിപടിയായി മാറുന്നതു് ലിംഗഭേദത്തിലൂന്നിയ പൗരുഷത്തെ കുറിച്ചുള്ള ധാരണകളെ നിർമ്മിച്ചുകൊണ്ടാവണം. പൊതുവേ സാത്വികഗുണം ആരോപിക്കപ്പെടുന്ന അധ്യാപകരും എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടുന്ന സാംസ്കാരികനായകരുടെ വേഷം കുറച്ചുകാലം മുമ്പുവരെയെങ്കിലും ജുബ്ബയായിരുന്നുവല്ലോ. സി. പി. രാമസ്വാമിഅയ്യർ ദിവാനായിരുന്ന കാലത്തു് അദ്ധ്യാപകർക്കു് ജുബ്ബ നിർബന്ധമാക്കിയിരുന്നു. (പുറം117, ഇസ്ലാമികവിജ്ഞാനകോശം, ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ്, കോഴിക്കോടു്, 2015). ചമയൽ വ്യവസ്ഥയിൽ രൂപംകൊണ്ട ലിംഗഭേദത്തിന്റെ ചരിത്രത്തിലെ ചില ഘടകങ്ങളാണു് നാമിതുവരെ പരിശോധിച്ചതു്. വർത്തമാനകാലത്തുനിന്നുള്ള ചില നിരീക്ഷണങ്ങളെ അവതരിപ്പിച്ചുകൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കാം.

ലിംഗഭേദത്തിന്റെ അട്ടിമറി

തൊട്ടുമുമ്പുള്ള കാലം വരെ കട്ടിയും ഈടുമുള്ള, അലങ്കാരപ്പണികൾ കുറഞ്ഞ വസ്ത്രം പുരുഷനും തിരിച്ചുള്ളതു് സ്ത്രീയ്ക്കും എന്നതായിരുന്നു പൊതുരീതി. വർണ്ണവും വർണ്ണസങ്കലനവും ഇമ്മാതിരി ലിംഗഭേദത്തിനു് വിധേയമായിരുന്നു. കടുംനിറത്തിലുള്ള വസ്ത്രങ്ങൾ പൊതുവേ പൗരുഷത്തിന്റെ ചേരുവയിൽ പെടുന്നില്ല. അതുപോലെ ചെക്ക്, വരകൾ തുടങ്ങിയവ പുരുഷന്മാർക്കും പൂക്കൾ, വള്ളികൾ, വർത്തുളരേഖകൾ, വൃത്തങ്ങൾ ഇവ സ്ത്രീകൾക്കും എന്നാണു് പൊതുരീതി. വസ്ത്രങ്ങളും അനുബന്ധവസ്ത്രങ്ങളുമായി ഏറെ ഇനങ്ങൾ ശരീരത്തിൽ പേറുന്ന രീതിയിലും ആൺപെൺ ഭേദങ്ങളുണ്ടു്. സ്ത്രീകൾ അടിവസ്ത്രങ്ങളും മേൽവസ്ത്രങ്ങളും ഒപ്പം ഷാള്, സ്റ്റോള്, ജാക്കറ്റ്, ഓവർകോട്ട് മുതലായ പല വസ്ത്രങ്ങളും ധരിക്കുന്നു. ബാഗിലും ചെരുപ്പിലും കുടയിലും തൊപ്പിയിലും എല്ലാമെല്ലാം ആൺപെൺമാനകതയെ സംബന്ധിച്ച അതതുകാലത്തെ കണിശമായ ലിംഗഭേദയുക്തി നിലനിർത്തിയിരുന്നു.

എന്നാലിന്നു് വ്യാപകമായി സ്ത്രീകൾ ജീൻസിലേക്കും പാന്റിലേക്കും വരുന്നതോടെ വേഷത്തിലെ ലിംഗഭേദപ്രതീതി മാഞ്ഞു തുടങ്ങിയിരിക്കുന്നു. ലിംഗാതീതമായ വേഷങ്ങൾ പതിയെയാണെങ്കിലും കടന്നുവരികയാണു്. പൂക്കളും വള്ളികളും ഇലകളും എംബ്രോയ്ഡറിയുമുള്ള പോക്കറ്റില്ലാത്ത ഷർട്ടുകൾ മുമ്പു് സ്ത്രീകൾക്കായിരുന്നെങ്കിൽ അതേതരം ഷർട്ടുകൾ പുരുഷന്മാരും ഇന്നുപയോഗിക്കുന്നു. പോക്കറ്റുള്ള, ചെക്കും കള്ളികളും കുത്തനെ വരകളുമുള്ള വസ്ത്രങ്ങൾ സ്ത്രീകളുമുപയോഗിക്കുന്നു. ചുരിദാർ, കുർത്ത മുതലായ വസ്ത്രങ്ങൾക്കു് മീതെയിടുന്ന ജാക്കറ്റുകളിലും ഷാളുകളിലും ഈ ലിംഗാതീത ഫാഷൻ പ്രവർത്തിക്കുന്നു. തൊഴിലുറപ്പുപദ്ധതിയിലെ, റോഡ്/കെട്ടിടനിർമ്മാണമേഖലയിലെ സ്ത്രീകൾ നൈറ്റിക്കും സാരിക്കും മീതെ ഇടുന്ന ഷർട്ടുകളും ലിംഗാതീതമാണു്. വസ്ത്രങ്ങളുടെ ധാരാളിത്തം സ്ത്രീസൂചനയായിരുന്നെങ്കിൽ ഇന്നതു് ആണിന്റേതുമാണു്. നേർമ്മയുള്ള മൃദുവായ തുണിത്തരങ്ങൾ സ്ത്രീകൾക്കും കട്ടികൂടിയതും പരുപരുത്തതുമായ വസ്ത്രങ്ങൾ പുരുഷന്മാർക്കും എന്ന പഴയ രീതിവിട്ടു് ഇരുകുട്ടരും ഇരുരീതികളും ലിംഗാതീതമായി സ്വീകരിച്ചിരിക്കുന്നു.

കഴുത്തിലണിഞ്ഞ സ്വർണ്ണമാലകളും നിറമുള്ള മുത്തുമാലകളും ചരടുകളും പുറത്തുകാണാൻ സഹായിക്കുന്ന കോളറില്ലാത്ത കുർത്തയും ടീഷർട്ടും ഇന്നു പുരുഷന്മാരും ധരിക്കുന്നു. സ്ത്രീകൾ കോളറും പോക്കറ്റുമുള്ള ചെക്ക് ഷർട്ടുകളും ജീൻസുമണിഞ്ഞു് പുറത്തിറങ്ങുന്നു. വസ്ത്രങ്ങളുടെ പ്രിന്റിലും നിറങ്ങളിലും സ്ത്രൈണമെന്നു കരുതിയതു് പുരുഷന്മാരും പൗരുഷമെന്നു കരുതുന്നതു് സ്ത്രീകളും സ്വീകരിച്ചു കഴിഞ്ഞു. തലമുടി നീട്ടിവളർത്തുന്ന ന്യൂജെൻ ഫാഷനിൽ നിറമുള്ള മുടിപ്പിന്നുകളും സ്കാർഫുകളും റിബണും വരെ കേശാലങ്കാരത്തിനായി യുവാക്കൾ ഉപയോഗിക്കുന്നു. കണ്ണുകളിൽ സുറുമയും മസ്കാരയും കയ്യിൽ വളയും കാതിൽ കമ്മലും അപൂർവ്വമായിട്ടെങ്കിലും വളഞ്ഞ മൂക്കുത്തിയുമിട്ട (തുറുപ്പുഗുലാനിലെ ഗുണ്ടയെപ്പോലെ ഏറ്റവും അക്രമകാരിയായ തീക്ഷ്ണപൗരുഷത്തിന്റെ സന്ദർഭത്തിലും) പുതിയ പുരുഷാലങ്കാരങ്ങൾ ഇന്നു് അത്ഭുതമല്ല. കൗബോയ് ജീൻസും ഷർട്ടും ബെൽറ്റും ക്യാൻവാസ് ഷൂവു തൊപ്പിയും ധരിച്ചു് ആഭരണങ്ങളില്ലാതെ ബൈക്കിൽ പറന്നുപോകുന്ന പെൺകുട്ടിയും അതേ മൂല്യങ്ങളെ പേറുന്നു. ഇരുതോളുകളിലൂടെയും പുറകിലേക്കു ചുമക്കുന്ന ട്രാവൽ ബാഗും തോൾ ബാഗും സ്കൂൾ ബാഗും മുതൽ വാഹനം വരെ ഈ പുതുമൂല്യങ്ങളെ പേറുന്നുണ്ടു്. ആൺകുട്ടികൾക്കിടയിൽ ഏറെ കണ്ടുവരുന്ന ചില തൊപ്പികൾ കേശഭാരത്തെ ഓർമ്മിപ്പിക്കുവിധം പുറകിലേക്കു തൂങ്ങിക്കിടക്കുന്നു.

ഫോറിൻ കുട എന്ന മടക്കു കുടകൾ 80-കളിൽ ലേഡീസ് കുടകളായാണു് അവതരിച്ചതു്. എന്നാലിന്നു് അവ സാർവ്വത്രികമായി ലിംഗഭേദമില്ലാതെ ഉപയോഗിക്കുന്നു. നിറമുള്ള മടക്കുകുടകൾ കുറച്ചുകാലം വരെ പുരുഷന്മാർ ഉപയോഗിക്കാൻ മടിച്ചിരുന്നെങ്കിൽ ഇന്നു് സ്ഥിതിമാറി. അതേസമയം മുമ്പു പ്രായം ചെന്ന പുരുഷന്മാരും കന്യാസ്ത്രീകളും മാത്രം ഉപയോഗിച്ചിരുന്ന കാലൻകുടകൾ പുതിയ കാലത്തു് ലിംഗഭേദമില്ലാത്ത ന്യൂജെൻ ഫാഷനാണു്. മുൻകാലങ്ങളിൽ സ്ത്രീകൾ വലതുകൈയിലും പുരുഷന്മാർ ഇടതുകൈയിലുമാണു് വാച്ചുകെട്ടിയിരുന്നതെങ്കിൽ ഇന്നു് ഇരുകൂട്ടരും ഇടതുകൈയിലേക്കു മാറിയിരിക്കുന്നു. വീതിയേറിയ വാച്ച്സ്ട്രാപ്പും വലിയ ഡയലും പുരുഷന്മാർക്കിണങ്ങിയതായി കരുതിയിരുന്നെങ്കിൽ ഇന്നതു് പെൺകുട്ടികളുടെയും ഫാഷന്റെ ഭാഗമാണു്.

ധാരാളിത്തം, വൈവിധ്യം, ടെക്സ്ചർ, ബഹുവർണ്ണ പ്രിന്റിംഗ്, നേർമ്മ തുടങ്ങിയ കാര്യങ്ങളിൽ ഇപ്രകാരം പരസ്പരം കൂടിക്കലർന്ന ഈ പ്രക്രിയകൾ ലിംഗദ്രാവകത്വത്തിന്റെയും ഒപ്പം അതീതലിംഗതയുടെയും[1] അഭിരുചികളെയാണു് ഉൾക്കൊള്ളുന്നതു്. മാനകമായ ലിംഗകൃത്യതയെ അതു ചെറുതല്ലാത്ത രീതിയിൽ ഉലയ്ക്കുന്നു. കാഡ്ബറീസ് ചോക്കളേറ്റിന്റെ ഒരു പരസ്യത്തിൽ അച്ഛനെന്നു് തെറ്റിദ്ധരിച്ചുപോയ ആളോടു് അമ്മ അലറുന്നുണ്ടു്: ‘ഷട്ടപ്! ഞാനവന്റ അമ്മയാ!!’. സ്ത്രീകളും പുരുഷന്മാരും പരസ്പരം തങ്ങളുടെ പരിഷ്കാരങ്ങളെ വെച്ചുമാറുന്നു എന്നതിനേക്കാൾ ഫാഷനിലെ സ്ത്രീപുരുഷഭേദത്തിന്റെ അതിരുകൾ മായുന്നുവെന്നുവേണം അനുമാനിക്കാൻ.

കുറിപ്പുകൾ

[1] അതീതലിംഗത എന്ന പദതർജ്ജമയ്ക്കു് കെ. എം. വേണുഗോപാലനോടു് കടപ്പാടു്.

അതേസമയം വർണ്ണഭംഗിയുള്ള വാച്ചിന്റെ സ്ട്രാപ്പുകളും ചെരുപ്പുകളും സ്ത്രൈണതയുടെ സൂചനയെന്നവണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ടു്. ‘കിന്റർജോയ്’പോലുള്ള പുതിയ വിപണിസാമഗ്രികളിലും ലിംഗഭേദത്തെ മുന്‍ നിർത്തി ചോയ്സുകളെ അവതരിപ്പിക്കുന്നു. പെൺജീൻസുകളിൽ പൂവുകൾ തുന്നിയും അലങ്കാരഭേദങ്ങൾ നിർമ്മിച്ചും ലിംഗഭേദം കാത്തുവെക്കുന്നു. ലിംഗഭേദവും ലിംഗാതീതത്വവും ഒരേ സമയം സഹവർത്തിച്ചു പുലരുന്ന ചോയ്സുകളാണെന്നാണിതു സൂചിപ്പിക്കുന്നതു്. തെരഞ്ഞെടുപ്പാകട്ടെ വ്യക്തികാമനകളുടേതും സ്വത്വപ്രവണതകളുടേതും.

ലിംഗാതീത പ്രവണതകളുടെ ഉയർന്ന രൂപം കാണാവുന്ന മറ്റൊരിടം ഇരുചക്രവാഹനങ്ങളുടെ ഉപയോഗത്തിലാണു്. വസ്ത്രം പോലെ തന്നെ വ്യക്തിസത്തയെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന അതു് സവിശേഷമായി പരിഗണിക്കേണ്ടതുണ്ടു്.

ഇരുചക്രവാഹനങ്ങൾ

1950-കളോടെയാണു് ഇന്ത്യൻ വിപണികളിൽ മൊട്ടോർസൈക്കിൾ കടന്നുവരുന്നതു്. അതിനു വളരെ മുമ്പുതന്നെ ഇന്ത്യയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ഇവ ഉപയോഗിച്ചിരുന്നു. 1954-ൽ ഇന്ത്യൻ അതിർത്തിയിലെ സൈനിക ഉപയോഗത്തിനു വേണ്ടി ബ്രിട്ടനിൽ നിന്നു് 800 റോയൽ എൻഫീല്‍ഡ് ബുള്ളറ്റുകൾ ഇറക്കുമതിചെയ്തു. ‘റഫ് ആന്റ് ടഫ്’ ലുക്കുള്ള ബുള്ളറ്റുകൾ ഇന്ത്യൻ വിപണിയിൽ കടന്നുവന്നതു് അതേത്തുടർന്നാണു്. സൈനികത, പൗരുഷം, അധികാരം തുടങ്ങിയവയുടെ പ്രതീകമായാണു് ഇവ സ്വീകരിക്കപ്പെട്ടതു്.

1972-ൽ ബജാജ്, സ്കൂട്ടർ ഇനത്തിലുള്ള അവരുടെ ആദ്യ മോഡൽ ചേതക് പുറത്തിറക്കി. കാലുകൾ കവയ്ക്കാതെ ചേർത്തുവെയ്ച്ചുകൊണ്ടു് ഓടിക്കാമെന്നതായിരുന്നു അവയുടെ പ്രത്യേകത. കുറഞ്ഞ പുള്ളിങ്, ബൈക്കുകളെ അപേക്ഷിച്ചു് പൗരുഷത്തിന്റെ കുറഞ്ഞ പ്രതീതി എന്നിവ കൊണ്ടു് സ്കൂട്ടറുകൾ കുടുംബസ്ഥർക്കും മധ്യവയസ്കർക്കും അതിപൗരുഷകാംക്ഷകളില്ലാത്ത യുവാക്കൾക്കും ചേർന്നതായി കരുതപ്പെട്ടു. 1983-ൽ എസ്കോർട്ട് ഗ്രൂപ്പ് രാജദൂത് 350 സി. സി. ബൈക്കും തുടർന്നു് യമഹ RX100 ബൈക്കുകളും പുറത്തിറക്കി. പുരുഷന്മാർക്കു് യോജിച്ച ഉയർന്ന പിക്കപ്പായിരുന്നു യമഹയുടെ മുഖമുദ്ര. സ്കൂട്ടറുകൾ വിപണിയിലുണ്ടായിരുന്നെങ്കിലും രണ്ടായിരം വരെ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ പൗരുഷപ്രതീതിയുള്ള ബൈക്കുകളുടെ കാലമായിരുന്നു.

ഇതിനിടയിൽ സൈക്കിളുകൾ കൃത്യമായ ലിംഗഭേദത്തോടെയാണു് നിർമ്മിക്കപ്പെട്ടിരുന്നതു്. ആൺസൈക്കിളുകൾ കാലുകളകറ്റി കയറേയണ്ടവയാണെങ്കിൽ സെന്റർബാർ താഴ്ത്തിയും ചെരിച്ചും ഘടിപ്പിച്ചുകൊണ്ടു് കാലുകൾ അകറ്റാതെ കയറാൻ കഴിയുമെന്നതായിരുന്നു പെൺസൈക്കിളുകളുടെ പ്രത്യേകത. സൈക്കിളുകൾ ഇന്നും ലിംഗഭേദത്തോടെ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

1994-ൽ ടിവിഎസ് അവരുടെ പുതിയ മോഡൽ സ്കൂട്ടി അവതരിപ്പിച്ചു. സ്ത്രീകൾക്കുവേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത വാഹനമായാണതു നിരത്തിലിറങ്ങിയതു്. അക്കാലത്തു് മറ്റു കമ്പനികളും സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടു് സ്കൂട്ടറുകൾ അവതരിപ്പിച്ചിരുന്നു. ഹീറോ പുറത്തിറക്കിയ പ്ലഷർ എന്ന മോഡലിന്റെ പരസ്യം തന്നെ സ്ത്രീകളുടെ കാമനകളെ നേരിട്ടു് അഭിസംബോധന ചെയ്യുന്നതായിരുന്നു. ‘Why should boys have all the fun?’, ‘Just for her’ എന്നൊക്കെയായിരുന്നു പരസ്യവാചകങ്ങൾ. പൊതുരംഗത്തെ സ്ത്രീകർതൃത്വവും പദവിയും ഇതിൽ വലിയ സ്വാധീനം ചെലുത്തിയെന്നതിൽ സംശയമില്ല. സ്ത്രീകൾ വ്യാപകമായി ഇരുചക്രവാഹനങ്ങളുടെ ഉപയോക്താക്കളായ കാലമായിരുന്നു അതു്.

2000-ത്തിൽ ആക്ടിവ സ്കൂട്ടർ വിപണിയിലെ ശ്രദ്ധാകേന്ദ്രമായി മാറി. പുതിയ പരിഷ്കാരങ്ങൾ ഏറെയായിരുന്നു അതിൽ. നേർമ്മയുള്ള ഡിസൈൻ, ഒതുക്കമുള്ള ആകൃതി, കനക്കുറവു് തുടങ്ങിയ പല ഗുണങ്ങളും ഘടകങ്ങളും നിലനിർത്തി സ്ത്രീക്കും പുരുഷനും ഒരേ പോലെ ഉപയോഗിക്കാവുന്ന ഒരു വാഹനമായാണു് കമ്പനി അതിനെ വിഭാവനം ചെയ്തതു്. പിന്നീടു് വന്ന ടിവിഎസിന്റെ Scooty Zest, Wego എന്നീ മോഡലുകളും സ്ത്രീ-പുരുഷന്മാരെ ഒരേ പോലെ ലക്ഷ്യമിട്ടു് വിപണിയിൽ എത്തിയവയായിരുന്നു. ഇവയുടെ ലിംഗാതീതമായ പ്രതീതി വിപണിയിലും ഈ മോഡലുകൾക്കു് വലിയ ലാഭം നേടിക്കൊടുത്തു. രൺബീർ കപൂറിന്റെ പരസ്യത്തോടെ അവതരിപ്പിച്ച ഹീറോയുടെ സ്കൂട്ടർ മേസ്ട്രോ പുരുഷന്മാരെ മാത്രമാണു് ലക്ഷ്യമിട്ടിരുന്നതു്. എൻഫീൽഡിനോ സ്കൂട്ടിക്കോ ഉള്ളതിൽ നിന്നു വ്യത്യസ്തമായി അതീതലിംഗതയുള്ള ഉപയോഗത്തിന്റെ ഇടമായി സ്കൂട്ടറുകൾ മാറിയെന്നാണു് നമ്മുടെ വിശകലനം തെളിയിക്കുന്നതു്. കണക്കുകളും ഇക്കാര്യം ശരിവെയ്ക്കുന്നു.

കഴിഞ്ഞ കുറേ കാലമായി സ്കൂട്ടറുകളുടെ വിൽപ്പന കേരളത്തിൽ (ഇന്ത്യയിൽ മൊത്തത്തിലും) ബൈക്കുകളെ അപേക്ഷിച്ചു് ഏറെ മുന്നിലാണു്. 2011-ൽ സ്കൂട്ടർ വില്പന 20% വർധിച്ചപ്പോൾ ബൈക്കുകളുടേതു് 2% മാത്രമായിരുന്നു. 2014-നെ അപേക്ഷിച്ചു് 2015-ൽ സ്കൂട്ടറുകളുടെ വില്പന 12.9% വർധിച്ചപ്പോൾ ബൈക്കുകൾ 3.4% കുറഞ്ഞു. സ്കൂട്ടർ വില്പനയുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു് കേരളവും ഗോവയുമാണു് മുൻപന്തിയിൽ. ബൈക്കുകളെ പിന്നിലാക്കിയുള്ള ഈ വളർച്ചയ്ക്കു പിന്നിൽ സ്കൂട്ടർ കമ്പനികളുടെ മാർക്കറ്റിങ് തന്ത്രങ്ങൾക്കപ്പുറം സംസ്കാരത്തിന്റെ മണ്ഡലത്തിലെ ലിംഗമൂല്യസങ്കല്പനങ്ങൾക്കും പങ്കുണ്ടെന്നുവേണം അനുമാനിക്കാൻ.

കൂടുതൽ സ്ത്രീ

ഒരു വശത്തു് ലിംഗകൃത്യതകളെ വെല്ലുവിളിക്കുന്ന ഇത്തരം സമൂലസ്പർശിയായ മാറ്റങ്ങൾ കുറേശ്ശേ ഉണ്ടായിരിക്കുമ്പോൾതന്നെ തിരിച്ചുള്ള ചലനങ്ങളും കാണാം. ശരീരത്തെ ഒന്നാകെ മൂടിപ്പൊതിയുന്ന പർദ്ദയിലൂടെ മുസ്ലീംസ്ത്രീകൾ ലിംഗാതീതസംസ്കാരത്തിനു നേരെ എതിർവശത്തു നിലയുറപ്പിച്ചുകൊണ്ടു് സ്ത്രൈണതയെ ഉറപ്പിച്ചുവെക്കുകയാണു്. എങ്കിലും കുടുമയിൽ നാം കണ്ടതുപോലെ പർദ്ദയിലും ഫാഷന്റെ ചില സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ടു്. പർദ്ദ: സുന്നത്തോ ഫാഷനോ എന്ന ഓൺലൈൻ ലേഖനത്തിൽ സ്നെമ്യാ മാഹിൻ അതു് വിശദീകരിക്കുന്നു.

ട്രാൻസ്ജെന്റെർ വിഭാഗങ്ങളുടെ വേഷവിധാനങ്ങളാണു് മറ്റൊന്നു്. ആൺപെൺ ലിംഗമാനകതയ്ക്കെതിരേ രാഷ്ട്രീയസമർത്ഥനം നടത്തുന്ന ക്വിയർപ്രൈഡ് റാലികൾ ഇന്നു് ലിംഗഭേദത്തിന്റെ ആഘോഷമായി മാറിയിരിക്കുന്നു. സെബിൻജേക്കബ്ബ് എഴുതുന്നു: ‘…എനിക്കു വിചിത്രമായി തോന്നിയ കാര്യം ഇവരൊക്കെ മലയാളിമങ്കയാവാൻ അല്ലെങ്കിൽ സംസ്കൃത വനിതയാവാൻ യത്നിക്കുന്നു, അതാണു സൗന്ദര്യം എന്നു ധരിക്കുന്നു എന്നൊക്കെയാണു്.’ സവർണ്ണ സ്ത്രൈണസൗന്ദര്യബോധത്തിന്റെ വാർപ്പുമാതൃകകളിൽ തങ്ങളെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണു് പല ക്വിയർപ്രൈഡ് ആക്റ്റിവിസ്റ്റുകളുമെന്നു് തുടർന്നദ്ദേഹം നിരീക്ഷിക്കുന്നു. (13/8/2016-ലെ ഫേസ്ബുക്ക് പോസ്റ്റ്). തൊലിനിറം, പണം, ജാതി, പ്രശസ്തി, പഠിപ്പു്, മാധ്യമസ്വീകാര്യത തുടങ്ങിയതിന്റെയൊക്കെ പേരിൽ ട്രാൻസ്ജെന്ററുകൾക്കിടയിൽത്തന്നെ പലതരം മേൽ/കീഴുകൾ പ്രവർത്തിക്കുന്നതിന്റെ അനുഭവങ്ങൾ അവരിൽ ചിലർ സ്വകാര്യമായി പങ്കുവെച്ചതോർക്കുന്നു.

ഇതൊക്കെയാണെങ്കിലും ലിംഗമാനകതകളെയും മാനകനോട്ടത്തിന്റെ ആധികാരികതയെയും അധികാരപ്രയോഗങ്ങളെയും വെല്ലുവിളിക്കുന്നവയാണു് വർത്തമാനകാലത്തെ പല പ്രവണതകളും. ലിംഗദ്രാവകത്വത്തെയും അതീതലിംഗതയെയും അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്നതിലൂടെ ഉറപ്പിക്കപ്പെട്ട ആൺപെൺമാനകതയെ വെല്ലുവിളിച്ചുകൊണ്ടു് അസ്ഥിരമാക്കുന്നുവെന്നതാണു് ഇവയുടെ വിമോചനാത്മകത. ചരിത്രത്തിൽ ആണലങ്കാരങ്ങളും പെണ്ണലങ്കാരങ്ങളും നിരന്തരം മാറിക്കൊണ്ടിരുന്നുവെന്നും പരസ്പരം കയറിയുമിറങ്ങിയും ലിംഗപരമായ കൃത്യതകളെ വ്യവച്ഛേദിച്ചും പലപ്പോഴും കൂട്ടിക്കുഴച്ചും മുന്നേറുകയാണുണ്ടായതു് എന്നും മനസ്സിലാക്കാം. സംസ്കാരത്തിൽ കാണുന്ന ഇത്തരം പുതുചലനങ്ങൾ സമഗ്രമായൊരു മാറ്റമോ സംഘടിതമായൊരു മുന്നേറ്റമോ അല്ല. മുമ്പു പലവട്ടം സൂചിപ്പിച്ചതു പോലെ ജനതയുടെ കാമനകളിലൂടെ, സ്വത്വത്തിന്റെ സ്വേച്ഛാപരമായ വിന്യാസങ്ങളിലൂടെ ഊറിക്കൂടി പരിണമിച്ചുണ്ടായ ഒന്നാണതു്. ഒരുപക്ഷേ, സംഘടിതമായ മുന്നേറ്റങ്ങളേക്കാൾ ശക്തമാണു് അവ. അത്തരത്തിൽ കാമനകൾ കാല്പനികവും ആത്മനിഷ്ഠവുമായ ഒരർത്ഥത്തിൽ മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ല. പൗരത്വവും സ്വാതന്ത്ര്യവുമായി അതിനു അഭേദ്യമായ ബന്ധമുണ്ടു്; അതിനാൽത്തന്നെ ജനാധിപത്യവുമായും.

റഫറൻസ്
  1. പി. ഭാസ്ക്കരനുണ്ണി—പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം.
  2. കാണിപ്പയ്യൂർ ശങ്കരന്നമ്പൂതിരിപ്പാടു്—എന്റെ സ്മരണകൾ.
  3. സാമുവൽ മറ്റീർ, ഞാൻ കണ്ട കേരളം.
  4. സി. കേശവൻ, ജീവിതസമരം.
  5. അജയ് ശേഖർ: അവർണ്ണസ്ത്രീക്കു് മേൽശീല നല്കിയ കൈകൾ, സമകാലികമലയാളം, സെപ്തം. 26, 2016.
  6. ബി. രാജീവൻ, ജാതിശരീരത്തിൽ നിന്നു ലിംഗശരീരത്തിലേക്കു്, സമീക്ഷ, സെപ്തം. 2000.
  7. ജെ. ദേവിക, കേരളീയ സ്ത്രീയെ രൂപാന്തരീകരിക്കുമ്പോൾ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പു്, 2004 മെയ് 16.
  8. സ്നെമ്യാ മാഹിൻ: പർദ്ദ സുന്നത്തോ ഫാഷനോ? നാലാമിടം, ഡിസംബർ, 2011.
  9. ചെറുകാട്—ജീവിതപ്പാത.
  10. ഷെറിൻ, ബി. എസ്., ഇസ്ലാമിലെ സ്ത്രീയും മുൻവിധികളും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പു്, 2010 ആഗസ്ത്, 29.
  11. എം. എച്ച്. അനുരാജ്—പെൺചമയമിട്ട ആൺ ഉടലുകൾ.

(2017 ജനുവരി 22-ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതു്.)

ഡോ. ജി. ഉഷാകുമാരി
images/ushakumari.jpg

തലയോലപ്പറമ്പിനടുത്തു് വെള്ളൂരിൽ ജനനം. മേവെള്ളൂർ കെ. എം. എച്ച്. എസ്., കോട്ടയം ബി. സി. എം. കോളേജ്, കെ. നൈനാൻസ് കോളേജ്, കോഴിക്കോടു് സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2004-ൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ്. 2001 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപിക. സംസ്കാരപഠനവും സാഹിത്യനിരൂപണവും എഴുതാൻ ശ്രമിക്കുന്നു. സാഹിത്യവായനയിലും സിനിമയിലും താല്പര്യം. ഉടൽ ഒരു നെയ്ത്തു്: സംസ്കാരത്തിന്റെ സ്ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ, കഥയും കാമനയും, സിനിമ: വർത്തമാനത്തിന്റെ ചരിത്രം, ആറു് (എഡി.), ഉൾക്കണ്ണാടികൾ: സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള പഠനങ്ങൾ (എഡി.) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Aninjorungumbol (ml: അണിഞ്ഞൊരുങ്ങുമ്പോൾ).

Author(s): Dr. G. Ushakumari.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-02.

Deafult language: ml, Malayalam.

Keywords: Article, Dr. G. Ushakumari, Aninjorungumbol, ഡോ. ജി. ഉഷാകുമാരി, അണിഞ്ഞൊരുങ്ങുമ്പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: , a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.