അനുദിനമെന്നോണം ഞാൻ ഓർമ്മിക്കുന്ന പേരാണു് വള്ളത്തോൾ എന്ന ത്ര്യക്ഷരി. ഇന്നവിധമെന്നു പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു മമതാ ബന്ധത്തിന്റെ കുളുർമ്മ ആ മനോഹര നാമധേയം എന്നിലുളവാക്കിക്കൊണ്ടിരിക്കുന്നു. മനസ്സിന്റെ കലവറയിൽ മായാതെ കിടക്കുന്ന സ്മരണ പരമ്പരയ്ക്കു നവജീവൻ നൽകുന്ന ഒരു മാന്ത്രികപ്പേരാണതു്. നിത്യദർശനത്തിനായി എന്റെ വായനമുറിയിൽ വച്ചിട്ടുള്ള മൂന്നു നാലു ഛായാ പടങ്ങളിലൊന്നു് വള്ളത്തോളിന്റേതാണു്. ഒരു കൊച്ചനുജനോടുള്ള സ്നേഹം അദ്ദേഹം മരിക്കുന്നതുവരെ എന്നിൽ ചൊരിഞ്ഞുകൊണ്ടിരുന്നു. എത്ര ദീർഘവും ദൃഢവുമായൊരു ബന്ധമായിരുന്നു അതു്! ഏതാണ്ടു് നാൽപ്പത്തഞ്ചുകൊല്ലം യാതൊരു ഉടവും തടവും കൂടാതെ അതു നീണ്ടുനിന്നു. എറണാകുളത്തു് പുത്രഗൃഹത്തിൽ രോഗഗ്രസ്തനായിക്കിടക്കുമ്പോഴാണു് ഞാൻ മഹാകവിയെ അവസാനമായിക്കണ്ടതു്. എന്റെ മുഖത്തു നോട്ടം തറപ്പിച്ചുകൊണ്ടു് കുറേനേരം അദ്ദേഹം ഒന്നും മിണ്ടാതെ കിടന്നു; ആളെ അറിയാഞ്ഞിട്ടല്ല വികാരസമ്മർദ്ദം ആ നേത്രങ്ങളിൽ പ്രതിഫലിച്ചിരുന്നു. ഒടുവിൽ “വയസ്സ് എഴുപത്തൊമ്പതായി” എന്നു മാത്രം പറഞ്ഞു നിർത്തി. അൽപ്പം കഴിഞ്ഞു് എന്റെ കൂടെ ഉണ്ടായിരുന്നവരെപ്പറ്റി ചിലതു ചോദിച്ചു—അത്രമാത്രം. അടക്കാൻ വയ്യാത്ത സങ്കടത്തോടെ ഞാൻ യാത്ര പറഞ്ഞു. ആ സന്ദർശനത്തിനു ശേഷം ഏതാനും ദിവസമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. അക്കൊല്ലം ആലുവായിൽ വച്ചു് നടത്താൻ നിശ്ചയിച്ചിരുന്ന സാഹിത്യ ശിൽപശാലയുടെ (Literary workshop) പ്രവർത്തനം തുടങ്ങിയതു് ആയിടയ്ക്കായിരുന്നു. അതിൽ ചേരാൻ വന്നിരുന്ന രണ്ടു യുവസാഹിത്യകാരന്മാർ ഒരു ദിവസം പ്രഭാതത്തിൽ എന്റെ വസതിയിൽ എത്തി. അവരാണു് ഹൃദയഭേദിയായ ആ മരണവാർത്ത എന്നെ ആദ്യമായി അറിയിച്ചതു്. അപ്രതീക്ഷിതമല്ലെങ്കിലും അതു കേട്ടപ്പോൾ സങ്കടം ഉള്ളിലൊതുക്കാൻ കഴിഞ്ഞില്ല. കൊച്ചുകുട്ടിയെപ്പോലെ ഞാൻ പൊട്ടിക്കരഞ്ഞുപോയി. വന്നവർ തെല്ലൊന്നമ്പരന്നു. അവർക്കറിയാമായിരുന്നില്ല, പരേതനും ഞാനും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ദാർഢ്യവും പഴക്കവും. എന്റെ അമ്മ അകാലചരമമടഞ്ഞപ്പോഴും മഹാത്മജിയുടേയും പണ്ഡിറ്റ് നെഹ്റുവിന്റേയും മരണവാർത്ത കേട്ടപ്പോഴും മാത്രമേ ഞാൻ ഇതുപോലെ പൊട്ടിക്കരഞ്ഞിട്ടുള്ളൂ.
അരനൂറ്റാണ്ടിനുമുമ്പു ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണു് ഞാൻ വള്ളത്തോൾക്കവിത വായിക്കാൻ തുടങ്ങിയതു്. പ്രസിദ്ധ നിരൂപകനായ വിദ്വാൻ സി. എസ്. നായർ അന്നു് അവിടെ മലയാളപണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യത്വം എന്റെ സാഹിത്യവാസന വികസിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്നു് ഇവിടെ കൃതജ്ഞതയോടെ സ്മരിക്കട്ടെ. ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സന്ദർഭോചിതമായി വള്ളത്തോൾ കവിത ചൊല്ലിക്കേൾപ്പിക്കുക ഈ ഗൂരുവര്യന്റെ ഒരു പതിവായിരുന്നു. അക്കാലത്തു് അദ്ദേഹം മഹാകവിയുടെ കവനപാടവത്തെപ്പറ്റി മണ്ഡന രൂപത്തിൽ ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അവയൊക്കെ വായിച്ചപ്പോൾ എനിക്കും അതുപോലൊരു നിരൂപകനാകണമെന്ന മോഹമുദിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ഞാൻ ചിലതൊക്കെ കുത്തിക്കുറിച്ചതു് ഒന്നുരണ്ടു മാസികകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുനാഥൻ അതുകണ്ടു പ്രോത്സാഹിപ്പിച്ചപ്പോൾ തുടർന്നെഴുതാൻ ധൈര്യം തോന്നി. ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കിയശേഷം 1922-ൽ ആലുവാ അദ്വൈതാശ്രമസംസ്കൃതപാഠശാലയിൽ ഞാൻ ഒരദ്ധ്യാപകനായിച്ചേർന്നു. അന്നുമുതൽക്കാണു് വള്ളത്തോൾക്കവിതയെപ്പറ്റി കൂടുതലെഴുതാൻ തുടങ്ങിയതു്. മഹാകവിയുടെ പത്രാധിപത്യത്തിൽ കുന്നംകുളത്തുനിന്നു പുറപ്പെട്ടിരുന്ന ആത്മപോഷിണിമാസികയ്ക്കു്, സാഹിത്യത്തിന്റെ പരമോദ്ദേശം എന്ന പേരിൽ ഒരു ലേഖനം ഞാൻ ആയിടയ്ക്കയച്ചു കൊടുത്തു. വള്ളത്തോളിന്റെ പത്രാധിപത്യം, മാസികയോ, പേരും പെരുമയുമുള്ള ഒന്നാംകിട എഴുത്തുകാരുടെ കേളീരംഗവും. മാദൃശരായ കിഞ്ചിജ്ഞർക്കു് അതിൽ സ്ഥലം കിട്ടുമോ എന്നു ശങ്കിച്ചും പേടിച്ചുമാണു് ലേഖനമയച്ചതു്. അടുത്ത ലക്കത്തിൽത്തന്നെ ഒന്നാമത്തെ ലേഖനമായി അതു പ്രസിദ്ധീകരിച്ചുകണ്ടപ്പോഴുണ്ടായ ആഹ്ലാദം എന്തായിരുന്നുവെന്നോ! അതോടൊപ്പം പത്രാധിപരുടെ ഒരു അഭിനന്ദനക്കത്തും. എനിക്കു് ഒരു നിധികിട്ടിയപോലെ തോന്നി. വള്ളത്തോളിനു് എന്റെ പേരു് സുപരിചിതമായതു് അന്നുമുതൽക്കാണു്. പിന്നീടു് പരസ്പരം കത്തുകൾ എഴുതി പരിചയം ഉറപ്പിക്കാൻ എത്രയോ സന്ദർഭങ്ങളുണ്ടായി. ആത്മപോഷിണിയിൽത്തന്നെ, വള്ളത്തോൾഗാനങ്ങൾ എന്ന പേരിൽ ഞാൻ രണ്ടോ മൂന്നോ ലേഖനങ്ങളെഴുതി. കിളികൊഞ്ചൽ, കർമ്മഭൂമിയുടെ പിഞ്ചുകാൽ, കൃഷ്ണപ്പരുന്തിനോടു് എന്നീ ഗാനകവിതളുടെ ആസ്വാദനമായിരുന്നു അവയിലെ ഉള്ളടക്കം. അക്കാലത്തുതന്നെയാണെന്നു തോന്നുന്നു സമഭാവിനി എന്നൊരുമാസികയിൽ സാഹിത്യമഞ്ജരി മൂന്നാം ഭാഗത്തെപ്പറ്റി സമഗ്രമായൊരു നിരൂപണം ഞാനെഴുതിയതു്. കവിതയ്ക്കകത്തുപോലും രാജദ്രോഹം ഒളിഞ്ഞുകിടപ്പുണ്ടോ എന്നു ബ്രിട്ടീഷ് ഭരണാധികാരികൾ അന്വേഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. ഗംഗാനദിയെ അഭിസംബോധനചെയ്തുകൊണ്ടുള്ള വിജയിപ്പൂതാക എന്നൊരു കവിതയുണ്ടല്ലോ മൂന്നാംഭാഗത്തിൽ. അതിൽ ധ്വനിക്കുന്ന ദേശാഭിമാനോജ്ജ്വലമായ രാഷ്ട്രീയചിന്ത ഞാൻ വിശദീകരിച്ചിരുന്നതു വായിച്ചപ്പോൾ “വ്യംഗ്യം കുത്തിപ്പൊക്കുന്നതു സൂക്ഷിച്ചുവേണം” എന്നു പറഞ്ഞുകൊണ്ടു വള്ളത്തോൾ എനിക്കൊരു കത്തയയ്ക്കുകയുണ്ടായി. എന്റെ തൂലികാവ്യാപാരം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ മഹാകവിയെ നേരിട്ടു കാണാനുള്ള ഭാഗ്യം വിചാരിച്ചിരിക്കാതെ വന്നുചേർന്നു. അദ്ദേഹത്തിന്റെ മൂത്തമകളുടെ വിവാഹം കുന്നംകുളത്തുവച്ചു് ആഘോഷിക്കുന്നതിൽ പങ്കുകൊള്ളാനുള്ള ഒരു ക്ഷണക്കത്തു് എനിക്കു കിട്ടി. തൃശൂരിൽനിന്നു കാൽനടയായിട്ടാണു് അന്നു ഞാൻ കുന്നംകുളത്തെത്തിയതു്. മണക്കുളം രാജാവിന്റെ കൊട്ടാരത്തിൽ വച്ചായിരുന്നു കല്യാണാഘോഷം.
“പരസ്പരതപസ്സമ്പത
ഫലായിതപരസ്പരൗ
പ്രപഞ്ചമാതാപിതരൗ
പ്രാഞ്ചൗ ജായാപതീസ്തുമഃ”
എന്ന പദ്യം വിവാഹമണ്ഡപത്തിന്റെ പ്രവേശകവാടത്തിൽ എഴുതിവച്ചിരുന്നതു ഇപ്പോഴും ഓർക്കുന്നു. പ്രശസ്താതിഥികളെ സത്ക്കരിക്കുന്ന തിരക്കിനിടയിലും വള്ളത്തോൾ എന്നെ മറന്നില്ല; ആലുവായിൽനിന്നൊരു ചെറുപ്പക്കാരൻ വന്നിട്ടുണ്ടോ എന്നന്വേഷിച്ചുകൊണ്ടിരുന്നു. വിവരം അറിഞ്ഞപ്പോൾത്തന്നെ അദ്ദേഹം വേഗം വന്നു് എന്നെ കൂട്ടിക്കൊണ്ടുപോയി അടുത്തിരുത്തി. വിശേഷങ്ങൾ പലതും ചോദിച്ചറിഞ്ഞു. കൂടെ നാലപ്പാട്ടും ഉണ്ടായിരുന്നു, സംഭാഷണത്തിൽ സഹായിക്കാൻ. അതുകൊണ്ടു മറുപടി പറഞ്ഞു ധരിപ്പിക്കാൻ ഞാൻ അധികം വിഷമിച്ചില്ല. നാലപ്പാട്ടു് ദ്രുതഗതിയിൽ കൈയിലെഴുതിക്കാണിക്കുന്നതും വള്ളത്തോൾ ഉടനുടൻ അതു നോക്കി മനസ്സിലാക്കുന്നതും കണ്ടു ഞാൻ അത്ഭുതപ്പെട്ടു. പിന്നീടു് ഈ വിദ്യ കുറെയൊക്കെ എനിക്കും വശമായി. ആത്മപോഷിണി മാനേജരുമായി ഞാൻ പരിചയപ്പെട്ടതും അന്നാണു്. മഹാകവി തന്നെയാണു് പരിചയപ്പെടുത്തിയതു് എന്നെപ്പറ്റി അദ്ദേഹം നേരത്തേ മാനേജരോടു സംസാരിച്ചിരുന്നുവെന്നു വർത്തമാനത്തിൽനിന്നു മനസ്സിലായി. ഈ പരിചയപ്പെടുത്തലിൽ ഒരുദ്ദേശ്യമുണ്ടായിരുന്നു. വള്ളത്തോളിനു് എന്തോ അസൗകര്യം നേരിട്ടതിനാൽ കുറെ നാളത്തേയ്ക്കു മാസികയുടെ പത്രാധിപത്യസംബന്ധമായ ജോലി നിർവ്വഹിക്കാൻ ഒരാളെ വേണ്ടിയിരുന്നു. അതിനു ഞാൻ മതിയെന്നു രണ്ടുപേരും കൂടി അന്നു നിശ്ചയിച്ചു. അൽപ്പം അമ്പരപ്പോടെയാണു് ഞാൻ സമ്മതം മൂളിയതു്. ഈ വക കാര്യങ്ങളിൽ തീരെ അപരിചിതനും അപക്വമതിയുമായ ഒരു യുവാവു് മഹാകവി ഇരുന്ന സ്ഥാനത്തു ചാടിക്കയറുന്നതു സാഹസമാണെന്നു തോന്നി. എങ്കിലും ആചാര്യന്റെ ആജ്ഞയാണല്ലോ എന്നോർത്തു സമാധാനിക്കയും ചെയ്തു. ആപ്പീസിൽ വന്നുകൂടുന്ന മാറ്റർ എനിയ്ക്കയയ്ക്കുക; ഞാൻ അതു പരിശോധിച്ചു് അതതുമാസത്തേയ്ക്കു വേണ്ട ലേഖനങ്ങൾ തിരഞ്ഞെടുത്തു തിരിച്ചയയ്ക്കുകയും പതിവുള്ള പത്രാധിപക്കുറിപ്പുകളെഴുതുകയും ചെയ്യുക. ഇതുമാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. കുറിപ്പുകളെഴുതാനായിരുന്നു ബുദ്ധിമുട്ടു്. വള്ളത്തോൾതൂലിക വിളയാടിയിരുന്നിടത്തു ഞാനെന്തെഴുതും! എങ്കിലും ഒരുവിധം ഒപ്പിച്ചു മാറിയെന്നു പറയാം. അങ്ങനെ രണ്ടോ മൂന്നോ മാസം ഞാൻ ആരുമറിയാതെ ആത്മപോഷിണി പത്രാധിപരായി വിലസി. ഇടയ്ക്കൊരു നേരംപോക്കുണ്ടായി. ചിത്രമെഴുത്തു കെ. എം. വർഗ്ഗീസിന്റെ ഒരു ഗദ്യകവിത പ്രസിദ്ധീകരണത്തിനു വന്നു. ആത്മപോഷിണിയിലെ ഒരു സ്ഥിരം ലേഖകനായിരുന്നു അദ്ദേഹം. ഗദ്യകവിത വായിച്ചുനോക്കിയപ്പോൾ എനിക്കത്ര പിടിച്ചില്ല. “ശബ്ദ ജാലം മഹാരണ്യം ചിത്തഭ്രമണകാരണം” ആ. പ—എന്നൊരു അടിക്കുറിപ്പോടുകൂടിയാണു് ഞാൻ അതു് അടുത്തലക്കത്തിൽ ചേർക്കാനയച്ചുകൊടുത്തതു്. ലേഖനം പുറത്തു വന്നപ്പോൾ വലിയ ഒച്ചപ്പാടിനു കാരണമായി. ഞാനാണു് ഈ കുസൃതികാണിച്ചതെന്നു് എങ്ങനെയോ ലേഖകൻ മനസ്സിലാക്കി. അദ്ദേഹം വളരെ ക്ഷോഭിച്ചു്, ഒരു ധിക്കാരിയാണു് ഞാനെന്നും എന്നെ വിശ്വസിക്കരുതെന്നും മറ്റും പറഞ്ഞു് മാനേജർക്കു് ഒരു പരാതിക്കത്തയച്ചു. ചിത്രമെഴുത്തു വർഗ്ഗീസ്, മാനേജരുടെ ചിരകാല സുഹൃത്തായിരുന്നെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം മൗനംദീക്ഷിച്ചതേ ഉള്ളൂ; എന്നെ വിവരമറിയിച്ചതുപോലുമില്ല. വിദ്വാൻ സി. എസ്. നായരിൽ നിന്നാണു് ഞാനിതൊക്കെ പിന്നീടറിയാനിടയായതു്.

ഒന്നുരണ്ടുകൊല്ലം കഴിഞ്ഞു മറ്റൊരു ബഹുമതികൂടി മഹാകവി എനിക്കു സമ്മാനിച്ചു. അതും എന്റെ അന്നത്തെ പ്രായത്തിനും പഠിപ്പിനും താങ്ങാൻ വയ്യാത്ത ഒന്നായിരുന്നു. സാഹിത്യമഞ്ജരി രണ്ടാംഭാഗം രണ്ടാം പതിപ്പിന്റെയും അഞ്ചാംഭാഗം ഒന്നാംപതിപ്പിന്റേയും പ്രസാധകത്വം അദ്ദേഹം എന്നെ ഏൽപ്പിച്ചു. ആ ജോലിയും ഒരു വിധം തൃപ്തികരമായി ചെയ്യാൻ കഴിഞ്ഞുവെന്നാണു് എന്റെ വിശ്വാസം. രണ്ടിലും ഇന്നു കാണുന്ന ടിപ്പണിയും അവതാരികക്കുറിപ്പും അന്നു ഞാനെഴുതിയതാണു്. 1926-ലാണു് അഞ്ചാംഭാഗം പ്രസിദ്ധീകരിച്ചതു്. അതിലെ അവതാരികക്കുറിപ്പിലുള്ള “കാല പ്രവാഹത്തിൽപെട്ടു മരണാർണ്ണവർത്തിലേയ്ക്കു പാഞ്ഞുകൊണ്ടിരിക്കുന്ന ജീവജാലങ്ങളെ ഒരു സാക്ഷിയെന്ന നിലയിൽ സൂക്ഷ്മവീക്ഷണം ചെയ്യുന്നവനാണു് കവി” എന്ന പ്രഥമവാക്യം, നമ്മുടെ മഹാകവി. പി. കുഞ്ഞിരാമൻനായർ അടുത്തകാലത്തു് എന്നെ ചൊല്ലിക്കേൾപ്പിക്കുകയുണ്ടായി. അദ്ദേഹം പട്ടാമ്പി സംസ്കൃതകോളേജിൽ പഠിച്ചിരുന്ന കാലത്താണത്രേ സാഹിത്യമഞ്ജരി അഞ്ചാംഭാഗം വായിക്കാനിടയായതു്. നാൽപ്പത്തിരണ്ടു കൊല്ലത്തെ പഴക്കമുള്ള, എഴുതിയ ആൾക്കുപോലും ഓർമ്മയില്ലാത്ത ഒരു വാക്യം ആ സുഹൃത്തു സംഭാഷണമധ്യേ ഉദ്ധരിച്ചതു കേട്ടപ്പോൾ അത്ഭുതമോ ആനന്ദമോ ഏതാണു് കൂടുതൽ അനുഭവപ്പെട്ടതെന്നു പറകവയ്യാ. ഒരു കവിഹൃദയത്തിൽ ഇത്ര ദീർഘകാലം കുടിപാർക്കാൻ ആ വാചകത്തിനു ഭാഗ്യം ഉണ്ടായതിൽ അൽപ്പമൊരഭിമാനവും തോന്നാതിരുന്നില്ല. വള്ളത്തോൾ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ അലതല്ലുന്ന ഭക്തിസ്നേഹാദരങ്ങളുടെ തൂടിപ്പുകൾമാത്രമാണു് വാസ്തവത്തിൽ ആ കുറിപ്പുകൾ. ഒരു നിരൂപകൻ ഇന്നെടുത്തുനോക്കുമ്പോൾ അപാകതയുടെ അടയാളങ്ങൾ അവയിൽ കണ്ടേയ്ക്കാം.
പദ്യത്തിലെന്നതുപോലെ ഗദ്യത്തിലും കൃതഹസ്തനായിരുന്നല്ലോ വള്ളത്തോൾ. ആത്മപോഷിണിയിൽനിന്നു ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള ‘ഗ്രന്ഥവിഹാരം’ തന്നെ ഇതിനുദാഹരണമാണു്. മറ്റെങ്ങും കാണാത്ത മാധുര്യവും മനോഹാരിതയുമാണു് മഹാകവിയുടെ കത്തുകൾക്കുള്ളതു്. മേൽവിലാസത്തിലെ കൈപ്പട കണ്ടാലറിയാം അതു വള്ളത്തോളിന്റെ കത്താണെന്നു്. ഒരിക്കലും മങ്ങാത്ത നിറം കലർന്ന വയലറ്റുമഷിയിലേ അദ്ദേഹം കത്തെഴുതാറുള്ളൂ. എത്രയോ കൊല്ലം തുടർച്ചയായി എനിക്കു കിട്ടിക്കൊണ്ടിരുന്ന കത്തുകൾ കെട്ടുകെട്ടായി ഞാൻ സൂക്ഷിച്ചുവച്ചിരുന്നു. കഷ്ടകാലത്തിനു് അവയെല്ലാം എങ്ങനെയോ നഷ്ടപ്പെട്ടു. ഈ കത്തുകളിലൊന്നിലെങ്കിലും മറ്റൊരുമഷി ഉപയോഗിച്ചതായി കണ്ടില്ല. ഒരേമട്ടിലുള്ള ചന്തഞ്ചേർന്ന അക്ഷരവടിവു്, വെട്ടും തിരുത്തും വളവുമില്ലാത്ത സമാന്തരങ്ങളായ വാചകങ്ങൾ, ഹൃദയാവർജ്ജകമായ സുന്ദരശൈലി, സമുചിതപദപ്രയോഗം, പ്രസന്നമായ പ്രതിപാദനം, ആത്മാർത്ഥത ഇവയെല്ലാം കൂടിച്ചേർന്നു വള്ളത്തോൾകത്തുകളുടെ അകവും പുറവും കമനീയമാക്കുന്നു. ഈയിടെ പഴയ പുസ്തകക്കെട്ടുകൾ പരിശോധിച്ചപ്പോൾ ഭാഗ്യവശാൽ ഒരു കത്തു കണ്ടു കിട്ടി, ഇടതുവശത്തു വള്ളത്തോൾ എന്നും വലതുവശത്തു കുന്ദംകുളം എന്നും അച്ചടിച്ചിട്ടുള്ള ലറ്റർപേപ്പറിൽ 18-മിഥുനം 1101 എന്നു തിയ്യതി വച്ചിരിക്കുന്നു. നാൽപ്പത്തിമൂന്നുകൊല്ലം കഴിഞ്ഞിരിക്കുന്നു അതെഴുതിയിട്ടു്. എന്നിട്ടും ആ വയലറ്റുമഷിക്കു് ഇപ്പോഴും വലിയ മങ്ങൽപറ്റിയിട്ടില്ല. മ-രാ-രാ-വിദ്വാൻ കുറ്റിപ്പുഴ കൃഷ്ണപിള്ള അവർകൾ, അദ്വൈതാശ്രമം, ആലുവാ എന്നാണു് മേൽവിലാസം. പഴയ കൊച്ചി അഞ്ചൽ സ്റ്റാമ്പ് പതിച്ചിട്ടുള്ള ആ കവറും കൈപ്പടയും കണ്ടപ്പോൾ ഞാൻ ഏറെനേരം മനോരാജ്യത്തിലാണ്ടുപോയി. എന്തെല്ലാം സ്മരണകളാണു് അന്തരംഗത്തിലുണർന്നു പൊന്തിവന്നതു്! ആലുവാ യൂണിയൻ ക്രിസ്ത്യൻകോളേജിൽ ഞാൻ ജോലിക്കപേക്ഷിച്ചപ്പോൾ അദ്ദേഹം അയച്ചുതന്ന ഒരു സാക്ഷിപത്രം (Testimonial) ആയിരുന്നു ആ കത്തു്. അതുമുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹമുണ്ടെങ്കിലും ആത്മപ്രശംസയാകുമോ എന്നു ഭയന്നു് ഒടുവിലത്തെ വാക്യം മാത്രം ഇവിടെ കുറിക്കട്ടെ.
“വിനീതനും സുനിർമ്മലസ്വഭാവനുമായ ഈ യുവാവിനു്, ഇദ്ദേഹത്തിന്റെ ഉൽകൃഷ്ടാദർശങ്ങളെ ലാക്കാക്കിക്കൊണ്ടുള്ള ജീവിതയാത്രയിൽ, ഞാൻ അനർഗ്ഗളമായ മാർഗ്ഗസൗഖ്യത്തെ ആശംസിക്കുന്നു.”
ഇതിലെ യുവാവു് ഇന്നു വൃദ്ധനാണു്, ഇതെഴുതിയ മഹാശയൻ ഇന്നില്ല.
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഞാൻ അദ്ധ്യാപകനായിച്ചേർന്നകാലത്തു യാദൃച്ഛികമായിട്ടൊരിക്കൽ വള്ളത്തോൾ ആ സ്ഥാപനം സന്ദർശിക്കുകയുണ്ടായി. കലാമണ്ഡലം ഭാഗ്യക്കുറിയുടെ ടിക്കറ്റു വിൽക്കാൻവേണ്ടി, നാലപ്പാട്ടുമൊരുമിച്ചു് അദ്ദേഹം അവിടവിടെ സഞ്ചരിക്കുകയായിരുന്നു; അതിനിടയിൽ ഒരു ദിവസം എന്നെ അന്വേഷിച്ചാണു് കോളേജിൽ വന്നതു്. ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. പത്തുമണിക്കു് ക്ലാസ്സാരംഭിച്ചു് പഠിത്തം നടന്നുകൊണ്ടിരിക്കുന്ന സമയം. വള്ളത്തോൾ വന്നിരിക്കുന്നു എന്ന വാർത്ത ഒരു നിമിഷം കൊണ്ടു് അവിടെയെല്ലാം പരന്നു. അധ്യാപകരും വിദ്യാർത്ഥികളും ആഹ്ളാദമത്തരായി. അവർക്കു് മഹാകവിയെ ഒന്നടുത്തുകാണണം. തരപ്പെടുമെങ്കിൽ ഒരു പ്രസംഗം കേൾക്കണം. വിചാരിച്ചിരിക്കാതെ വന്നുചേർന്ന ഈ അസുലഭാവസരം പാഴാക്കരുതെന്നു പ്രിൻസിപ്പാളും നിശ്ചയിച്ചു. കോളേജിനു രണ്ടുമണിക്കൂർ ഒഴിവുകൊടുത്തുകൊണ്ടു് അദ്ദേഹം പെട്ടെന്നൊരു സമ്മേളനം വിളിച്ചുകൂട്ടി വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്തു.
ഒരാളെ കാണാൻ വന്നപ്പോൾ ഇങ്ങനെയൊരു ദുർഘടത്തിൽ ചാടുമെന്നു് വള്ളത്തോൾ തീരെ വിചാരിച്ചില്ല. എങ്കിലും പ്രിൻസിപ്പാളിന്റെ അഭ്യർത്ഥനയ്ക്കു വഴങ്ങി അദ്ദേഹം ഫലിതവിലസിതമായ ഒരു സരസപ്രഭാഷണംകൊണ്ടു സദസ്യരെ സംതൃപ്തരാക്കി. അന്നത്തെ സന്ദർശനത്തിനുശേഷം രണ്ടോ മൂന്നോ തവണ മഹാകവി ഈ കോളേജിൽവന്നു പ്രസംഗിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഒടുവിൽ വന്നതു് 1947-ലെ രജതജുബിലിയാഘോഷത്തിൽ പങ്കുകൊള്ളാനാണു്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ദിവസം നട്ടുച്ചയ്ക്കു് പ്രിൻസിപ്പാൾ വിയർത്തൊലിച്ചു് എന്റെ വസതിയിൽ വന്നു. എന്തുകാര്യത്തിനായാലും ഒരാളെ പറഞ്ഞയയ്ക്കുന്നതിനു പകരം ഇദ്ദേഹംതന്നെ ഇത്ര ക്ലേശിച്ചെന്തിനുവന്നുവെന്നറിയാതെ ഞാനൊന്നമ്പരന്നു. കോളേജധികാരികൾക്കു് വള്ളത്തോളിനോടുള്ള ആദരാതിരേകം അന്നാണു് എനിക്കു് തികച്ചും ബോദ്ധ്യമായതു്. ജൂബിലിക്കു മോടികൂട്ടാൻ മഹാകവികൂടി വേണമെന്നു് അവർക്കൊരു നിർബന്ധം. എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒന്നു ക്ഷണിച്ചു കൊണ്ടുവരണം. പ്രസംഗം ചെയ്തില്ലെങ്കിലും അദ്ദേഹത്തിന്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായാൽ മതി. അത്രയും കൊണ്ടുതന്നെ അവർ തൃപ്തിപ്പെട്ടുകൊള്ളും. ഇതിനു് എന്റെ ഒരു ശുപാർശക്കത്തുകൂടി വേണം. പ്രിൻസിപ്പാൾ ഇത്രയൊക്കെപറയാനും എന്റെ കത്താവശ്യപ്പെടാനും ഒരു പ്രത്യേക കാരണമുണ്ടു്. അന്നു വള്ളത്തോൾ ദേഹാസ്വാസ്ഥ്യംമൂലം മിക്കവാറും കിടപ്പിലാണെന്നൊരു വാർത്ത പത്രങ്ങളിൽ കണ്ടിരുന്നു. ആ സ്ഥിതിക്കു്, ഔപചാരികമായ ക്ഷണം കൊണ്ടുമാത്രം കാര്യം ഫലിക്കുകയില്ലെന്നു പ്രിൻസിപ്പാളിനു തോന്നി. അതുകൊണ്ടാണു് എന്നെക്കൊണ്ടു കത്തെഴുതിക്കാൻ അദ്ദേഹംതന്നെ ഇറങ്ങിപുറപ്പെട്ടതു്. സുഖക്കേടായി കിടക്കുന്ന മഹാകവിക്കു് എങ്ങനെ എഴുതും? ഞാൻ ധർമ്മസങ്കടത്തിലായി. എങ്കിലും രണ്ടും കൽപ്പിച്ചു് ഒന്നെഴുതി. സാഹചര്യങ്ങളെല്ലാം വിവരിച്ചതിനുശേഷം എന്നെവിചാരിച്ചെങ്കിലും വന്നുചേരണേ എന്നൊരു യാചനയും ഒടുവിൽ പ്രത്യേകം ചേർത്തിരുന്നു. സുഖയാത്രയ്ക്കു വേണ്ടതെല്ലാം ചെയ്യാമെന്നും ഏതുവിധേനയും കൂട്ടിക്കൊണ്ടുപോരണമെന്നും കാണിച്ചു് അദ്ദേഹത്തിന്റെ പുത്രൻ അച്യുതക്കുറുപ്പിനും ഞാൻ ഒരു കത്തുകൊടുത്തു. കോളേജിന്റെ പ്രതിനിധിയായി ഒരു വിദ്യാർത്ഥി അടുത്ത ദിവസംതന്നെ ചെറുതുരുത്തിക്കു പുറപ്പെട്ടു. അനുകൂലമായ മറുപടിയും കൊണ്ടു് അയാൾ തിരിച്ചെത്തിയപ്പോൾ ഞങ്ങളെല്ലാവരും ആഹ്ളാദാപ്ലാവിതരായി എന്നുതന്നെ പറയട്ടെ. അന്നത്തെ വമ്പിച്ച സദസ്സിൽ വള്ളത്തോൾ ചെയ്ത പ്രൗഢപ്രസംഗം ജൂബിലിസൂവിനീറിൽച്ചേർത്തു് ഇന്നും കോളേജിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടു്. അദ്ദേഹത്തിനു് എന്നോടു തോന്നിയിരുന്ന അനിർവ്വാച്യമായ സ്നേഹവിശേഷത്തിന്റെ അകൃത്രിമപ്രതിഫലനം ആ പ്രസംഗത്തിൽ കാണാം. പ്രസ്തുത ഭാഗം ഇവിടെ ഉദ്ധരിക്കാതിരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല.
“ഞാൻ ഡോക്ടറുടെ ചികിത്സയിൽ ആയിരുന്നു. ചിന്തിച്ചുകൂടാ, വായിച്ചുകൂടാ, വെടിപറയുകപോലും പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചട്ടം. എന്റെ സിരകളെ പണിമുടക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരു കമ്യൂണിസ്റ്റാണെന്നു ധരിച്ചു നമ്മുടെ ഭരണാധികാരികൾ ശിക്ഷിക്കത്തക്കവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അങ്ങനെ മൗനവും ആംഗ്യവും ആയുള്ള എന്റെ കിടപ്പിൽനിന്നു്, പണ്ടത്തെ നാഡിവിദ്യകൊണ്ടെന്നപോലെ പ്രിൻസിപ്പാൾ ശ്രീ. ഇട്ടീര എന്നെ എഴുന്നേൽപ്പിച്ചുകൊണ്ടുവന്നിരിക്കയാണു്. എന്റെ മർമ്മം നോക്കി അദ്ദേഹം ഒരു പ്രയോഗംചെയ്തു. എന്റെ ഒരു മർമ്മമാണു് ഈ കോളേജിലെ മലയാളപണ്ഡിതൻ കുറ്റിപ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ഒട്ടുവളരെ സ്നേഹകോമളമായ പിടിച്ചുവലി എന്നെ ദീനക്കിടക്കയിൽനിന്നു് ഇവിടെ എത്തിച്ചു. അദ്ദേഹം അങ്ങനെ എന്നെ നിർബന്ധിക്കാതിരുന്നെങ്കിൽ ഇവിടെ വന്നു് ഈ സഭയിൽ പങ്കുകൊള്ളുക എന്ന സന്തോഷം എനിക്കു നഷ്ടപ്പെടുമായിരുന്നു.” ഇതു വായിക്കുമ്പോഴൊക്കെ എന്റെ കണ്ണുനിറയാറുണ്ടു്. കോളേജിലെ കനകജൂബിലി കാണാൻ താൻ ജീവിച്ചിരിക്കില്ല എന്നു് പ്രസംഗാവസാനത്തിൽ അദ്ദേഹം പ്രവചിക്കുകയുണ്ടായി. അതുപോലെതന്നെ സംഭവിച്ചു…
കുഞ്ഞിക്കുട്ടൻതമ്പുരാന്റെ അകാലചരമത്തെപ്പറ്റി വള്ളത്തോളെഴുതിയ വിലാപകവിതയിലെ രണ്ടുവരികൊണ്ടു് ഈ സ്മരണകൾക്കു വിരാമമിടട്ടെ!
“നിനയ്ക്കവയ്യെൻ മലയാളഭാഷേ
നിർഭാഗ്യയാം നിൻ ഗതിയെന്തു മേലിൽ”!
—സ്മരണമഞ്ജരി.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, ക്രേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971