
ശ്രീരാമകൃഷ്ണ സന്ന്യാസി പരമ്പരയിലെ മഹാപണ്ഡിതനായ സന്ന്യാസി ആയിരുന്നു ആഗമാനന്ദസ്വാമികൾ. പെരിയാർ തീരത്തു് ചിതയിൽ 1961 ഏപ്രിൽ 17-നു് അദ്ദേഹത്തിന്റെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങുന്നതിനു് ഞാൻ സാക്ഷിയാണു്. എനിക്കു് ജോലി തന്നതു് അദ്ദേഹമാണു് എന്നു പറഞ്ഞാൽ പോരാ, ഞാൻ അറിയാതെ എന്റെ ജോലി സംരക്ഷിച്ചു തന്നതും അദ്ദേഹമാണു്. ആ വിവരം സ്വാമിജിയുടെ സമാധിക്കുശേഷം വർഷങ്ങൾ കഴിഞ്ഞാണു് മറ്റു ചിലർ പറഞ്ഞു് ഞാൻ അറിഞ്ഞതു്. കാലടി ശ്രീശങ്കരാകോളേജ് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു ആഗമാനന്ദസ്വാമികൾ ഞാൻ അവിടെ നിയമിതനാകുമ്പോൾ. എന്റെ കുട്ടിക്കാലത്തു് ഇടപ്പള്ളിയിൽ എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവകാലത്തു് മതപ്രഭാഷണത്തിനു് വരാറുള്ള സ്വാമിജിയെ കണ്ടിട്ടുണ്ടു് എന്നുമാത്രം. (സ്വാമിജിയുടെ പ്രസംഗം കഴിഞ്ഞു് ആരംഭിക്കുന്ന കുറത്തിയാട്ടം കാണാനുള്ള തിടുക്കത്തിലായിരുന്നു ഞാനും കൂട്ടുകാരും!).
ശങ്കരാ കോളേജിലെ ഉദ്യോഗത്തിനു് അപേക്ഷയും ഡയറക്ടർ ബോർഡിലെ കരുത്തനായ പ്രാക്കുളം രാമൻപിള്ളയുടെ ശുപാർശക്കത്തും ആയിട്ടാണു് ഞാൻ സ്വാമിജിയെ സമീപിക്കുന്നതു്. ആശ്രമത്തിൽ എത്തിയ എന്നോടു് സ്വാമിജി ആദ്യം ചോദിച്ചതു് പഠിക്കുകയാണോ എന്നാണു്! കാണാൻ ചെന്നതിന്റെ ഉദ്ദേശ്യം വിവരിച്ചു് കത്തുകൊടുത്തു. തുടർന്നു് സ്വാമിജി ചോദിച്ചതു്, ഞാൻ വിവേകാനന്ദ സ്വാമികളുടെ ഏതെങ്കിലും കൃതി വായിച്ചിട്ടുണ്ടോ എന്നാണു്. അവിടെ ഭാഗ്യം എന്റെ കൂടെ ആയിരുന്നു. എന്റെ വല്യച്ഛൻ വലിയ വിവേകാനന്ദ ഭക്തനായിരുന്നു. അദ്ദേഹം, ഞാൻ ബി. എ. പാസ്സായപ്പോൾ സ്വാമിജിയുടെ സമ്പൂർണ്ണ കൃതികൾ എനിക്കു് വായിക്കാൻ തന്നു. ഞാനതു് വായിച്ചു. എന്നെ അത്ഭുതപ്പെടുത്തിയതു് സ്വാമിജിയുടെ ഇംഗ്ലീഷാണു്. എന്തു ശക്തി, എന്തു ഭംഗി! ഭാഷ ആത്മാവിഷ്ക്കാരം തന്നെ.
ഭാഗ്യവശാൽ എനിക്കു് ജോലി കിട്ടി. 1958-ൽ. ഏതാനും മാസങ്ങൾക്കകം വിമോചനസമരം പൊട്ടിപ്പുറപ്പെട്ടു. അതിന്റെ പിന്നിലെ പ്രത്യയശാസ്ത്രത്തെക്കാൾ അതിന്റെ തെമ്മാടിത്തമാണു് കാലടിഅങ്കമാലി പ്രദേശത്തെ ബാധിച്ചതു്. അതു് അന്തരീക്ഷത്തെ കലുഷിതമാക്കി. തുടർന്നു് തെരഞ്ഞെടുപ്പു് കണയന്നൂർ താലൂക്കിൽ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി സഖാവു് ടി. കെ. രാമകൃഷ്ണൻ. രാമകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് എന്റെ അച്ഛൻ ആയിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന പ്രാക്കുളം രാമൻപിള്ളയ്ക്കു് ആ സംരംഭത്തിൽനിന്നും അച്ഛനെ പിൻതിരിപ്പിക്കണം എന്ന വാശി. നേരിട്ടു് പറഞ്ഞിട്ടു ഫലമില്ല എന്നു ബോധ്യമായപ്പോൾ ലക്ഷ്യപ്രാപ്തിക്കു് എന്റെ ഉദ്യോഗം കരു ആക്കാനാണു് അദ്ദേഹം തീരുമാനിച്ചതു്. എന്നെ ജോലിയിൽ നിന്നും പിരിച്ചുവിടണം എന്നദ്ദേഹം ആഗമാനന്ദനോടു് ആവശ്യപ്പെട്ടുപോലും. മാനേജിംഗ് കമ്മിറ്റി സെക്രട്ടറിക്കും അതു സ്വീകാര്യം—അദ്ദേഹം തനി രാഷ്ട്രീയക്കാരൻ. കോൺഗ്രസ്സ് എക്സ് എം. എൽ. എ. ഉപജാപങ്ങളിൽ ചാണക്യൻ എന്നാണു് കേട്ടറിവു്. പ്രശ്നം ഡയറക്ടർ ബോർഡിനു മുന്നിൽ ചർച്ചയ്ക്കു വരും; എന്നെ പിരിച്ചുവിടാൻ തീരുമാനം ഉണ്ടാവും. നിയമങ്ങൾ ഉണ്ടാക്കുന്നതു് മാനേജർമാരായിരുന്നു. പ്രശ്നം പരാമർശിക്കപ്പെട്ടു. മികച്ച റിസൽട്ട് ചൂണ്ടിക്കാട്ടി പിരിച്ചുവിടലും നിയമനവും ഒന്നും പരിഗണിക്കേണ്ടതില്ല അപ്പോൾ എന്നു് സ്വാമിജി പ്രഖ്യാപിച്ചു. ആ കാര്യം തന്നെ അജൻഡയിൽ ഉൾപ്പെടുത്തിയില്ല. സ്വാമിജി ഉറച്ചുനിന്നിരുന്നില്ല എങ്കിൽ, ഞാൻ പുറത്തേക്കു വലിച്ചെറിയപ്പെടുമായിരുന്നു, തീർച്ച, സ്വാമിജി എന്നോടു് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞു് മറ്റു ചിലർ പറഞ്ഞാണു് ഞാൻ അറിഞ്ഞതു്. ഋഷിക്കാരുണ്യം എന്നല്ലാതെ മറ്റൊന്നും എനിക്കു പറയുവാൻ ഇല്ല.
കാലടിയിൽ ഒരുപാടു പേർക്കു്—പഴയ തലമുറക്കാരായ പലർക്കും—അറിയാവുന്ന പല കഥകൾ ഉണ്ടു് സ്വാമിജിയെപ്പറ്റി. അവയിൽ എന്നെ വല്ലാതെ സ്പർശിച്ച ചിലതു് ഓർത്തെടുക്കട്ടെ.
പെരിയാർ തീരത്തു് പറയത്തു ഗോവിന്ദമേനോൻ എന്ന ജന്മിദാനമായി നൽകിയ ഏതാനും ഏക്കർ പ്രദേശത്താണു് ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയതു്. ആശ്രമം എന്നൊന്നും പറയാനില്ല. നാലുമുളങ്കാലിൽ ഓലമേഞ്ഞ ഒരു കുടിൽ. അത്രമേൽ വിനീതമായിരുന്നു തുടക്കം. സ്വാമിജി കേരളത്തിലാകെ അറിയപ്പെട്ടിരുന്നു അക്കാലത്തു തന്നെ.
വൈക്കം സത്യാഗ്രഹ കാലത്തു് യാഥാസ്ഥിതികനും മഹാദേവ ക്ഷേത്രത്തിന്റെ ഊരാളരിൽ പ്രമുഖനും ആയിരുന്ന ഇണ്ടന്തുരുത്തി നമ്പ്യാതിരി, ഹരിജനങ്ങളെ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മഹാത്മജിയോടു് ശ്രുതിസ്മൃതികളുടെ പിൻബലത്തോടെ വാദിച്ചപ്പോൾ, അതിനു് യുക്തിഭദ്രമായി മറുപടി പറഞ്ഞതു് സന്ന്യാസം സ്വീകരിച്ചു് ആഗമാനന്ദൻ ആകുന്നതിനു മുൻപുള്ള കൃഷ്ണൻ നമ്പ്യാതിരി ആയിരുന്നു. ഗുരുവായൂർ സത്യാഗ്രഹകാലത്തും ആഗമാനന്ദന്റെ വീരവാണി കേരളത്തിൽ മുഴങ്ങി. ആശ്രമം തുടങ്ങിയപ്പോൾ സ്വാമിജി ആദ്യം ചെയ്തതു് രണ്ടു് ഹരിജൻ കുട്ടികളെ ദത്തെടുക്കുകയാണു്. അവരെ സംസ്കൃതം പഠിപ്പിച്ചു. ഭക്ഷണം നൽകാം എന്നതായിരുന്നു ആ കുട്ടികൾക്കു നൽകിയ വാഗ്ദാനം. ആരോ ഒരാൾ കുട്ടികൾക്കു് സംസ്കൃതത്തിലെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാൻ തയ്യാറായി. കണ്ണീരുപ്പു പുരട്ടി, വിശപ്പുണ്ടു ശീലിച്ച ആ പാവം കുട്ടികൾ രാവിലെ ഏഴുമണിയാവുമ്പോഴേക്കും ആശ്രമത്തിൽ എത്തും.
സ്വാമിജിയോ? ആറുമണിയാവുമ്പോഴേക്കും അദ്ദേഹം പെരിയാറ്റിൽ കുളിക്കാനിറങ്ങും. ഉടുവസ്ത്രം നനച്ചു പിഴിഞ്ഞു് മണപ്പുറത്തു വിരിക്കും. കച്ചമുണ്ടു് ഉടുത്തു് വെള്ളത്തിൽ കിടക്കും. ഒന്നു് ഒന്നര മണിക്കൂർ അപ്പോഴേക്കും കരയിൽ വിരിച്ച മുണ്ടു് ഈറൻ വലിഞ്ഞിട്ടുണ്ടാവും. അതു് ഉടുക്കും. അതല്ലാതെ മറ്റൊന്നില്ല മാറി ഉടുക്കാൻ. നനവു വിട്ടിട്ടില്ലാത്ത മുണ്ടു് ഉടുത്തു് ഒരു പാത്രവും ആയി സ്വാമിജി ചില വീടുകളിൽ ഭിക്ഷ യാചിച്ചു ചെല്ലും. ചിലർ എന്തെങ്കിലും കൊടുക്കും. തലേ ദിവസം ബാക്കി വന്ന ചോറു്, ഒന്നോ രണ്ടോ പഴം, ചിലപ്പോൾ കുറച്ചു് അരി, അര അണയോ കാലണയോ തുട്ടുകൾ. ഒൻപതു മണിയാവുമ്പോഴേക്കും ഭിക്ഷാപാത്രം നിറഞ്ഞിട്ടുണ്ടാവും. അതുമായി സ്വാമിജി വീണ്ടും ആശ്രമത്തിലേക്കു് പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ സ്ഥലം വിട്ടിട്ടുണ്ടാവും. കുട്ടികൾ ആശ്രമമുറ്റത്തു് ഇളവെയിൽ കാഞ്ഞു് സ്വാമിജിയെ കാത്തിരിക്കുകയാവും. അന്നു കിട്ടിയ ഭിക്ഷ അദ്ദേഹം അവർക്കു് വിളമ്പിക്കൊടുക്കും. കുട്ടികളുടെ വയർ നിറഞ്ഞാൽ ബാക്കി ഉള്ളതു് സ്വാമിജി കഴിക്കും. ആ ഭക്ഷണം അവർ മൂവർക്കും ഏറെ സ്വാദിഷ്ടമായിരുന്നു. വിശപ്പിനോളം നല്ല ഉപദംശം വേറെ ഇല്ലല്ലോ.
പിന്നെ ആശ്രമം വളർന്നു. ഞാൻ കാണുമ്പോഴേക്കു് അതൊരു വലിയ സ്ഥാപനം ആയി… സ്വാമിജി സമാധിയായി… ആ കുട്ടികളിൽ ഒരാൾ പഠിച്ചു. വിദ്യാഭാസവകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനായി. സർക്കാർ വാഹനത്തിൽ അദ്ദേഹം പലതവണ ആശ്രമത്തിൽ എത്തി. ഓരോ തവണ വരുമ്പോഴും അപ്പോഴത്തെ ആശ്രമാധിപതിയെ കണ്ടു് വന്ദിച്ചു് കുശലം പറഞ്ഞശേഷം അദ്ദേഹം പെരിയാർതീരത്തു് സ്വാമിജിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയ ചിത എരിഞ്ഞടങ്ങിയ സ്ഥലത്തേക്കു പോകും. അവിരാമം ഒഴുകുന്ന തെളിഞ്ഞ പെരിയാറിലെ ജലവിതാനത്തിലേക്കു നോക്കിനിശ്ശബ്ദനായി, നിരുദ്ധകണ്ഠനായി കൈകൂപ്പി നിൽക്കും. ഭുഗർഭത്തിലെ മഹാജലധിയിൽനിന്നും ആർദ്രതയുടെ ഒരു കണികയായി നദി ഒലിച്ചിറങ്ങുന്നപോലെ ആ മനുഷ്യന്റെ മനസ്സിൽ ഇരമ്പുന്ന കൃതാജ്ഞതാനിർഭരമായ ദുഃഖം ഒരു തുള്ളി കണ്ണുനീരായി ആ മിഴികളിൽ നിറയും. ഒരക്ഷരം മിണ്ടാതെ കിഴക്കൻ ചക്രവാളത്തിലെ നീലക്കുന്നുകളേയും തെളിഞ്ഞ ആകാശത്തേയും സാക്ഷിയാക്കി, മനസ്സിൽ അദ്ദേഹം തിലോദകം അർപ്പിച്ചു് മടങ്ങും. അടുത്ത വരവുവരെ കർമ്മനിരതൻ ആവാനുള്ള ഊർജ്ജം ഏകാന്തനീരവമായ ആ അർച്ചന അദ്ദേഹത്തിനു പകർന്നു നൽകിയിട്ടുണ്ടാവും എന്നെനിക്കു് ഉറപ്പു്.
ആശ്രമം അതിന്റെ ബാലാരിഷ്ടതകൾ പിന്നിടുന്നതിനു് മുൻപുണ്ടായ മറ്റൊരു സംഭവം ആഗമാനന്ദസ്വാമികളുടെ മറ്റൊരു മുഖമാണു് കാണിച്ചുതരുന്നതു്. കാലടിയിൽ ശൃംഗേരിമഠം, രാമകൃഷ്ണാശ്രമ സ്ഥാപനത്തിനു് ദശാബ്ദങ്ങൾ മുൻപുതന്നെ, ശാരദാദേവി-ശങ്കരാചാര്യക്ഷേത്രങ്ങളോടും വേദപാഠശാലയോടുംകൂടി തുടങ്ങിയിരുന്നു. അവയുടെ ഭാഗമായി തമിഴു് ബ്രാഹ്മണർ താമസിക്കുന്ന അഗ്രഹാരവും—ഗ്രാമം. മൈസൂരിൽനിന്നു് വല്ലപ്പോഴും—ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച താമസിക്കും. മതാചാരങ്ങളുടെ നേരെ തികച്ചും യാഥാസ്ഥിതികമനോഭാവത്തോടെയായിരുന്നു ശൃംഗേറി മഠത്തിന്റെ സമീപനം. ഇന്നും വലിയ മാറ്റം വന്നിട്ടുണ്ടോ? ആഗമനാനന്ദനു് ഭ്രഷ്ടു് കല്പിച്ചു. ശൃംഗേരിക്ഷേത്രങ്ങൾക്കു മുന്നിൽ ഒരു ബോർഡ് എഴുതി വെച്ചു “അവർണ്ണർക്കും ആഗമാനന്ദനും പ്രവേശനും ഇല്ല!”.
സാത്വികനായ ഒരു സന്ന്യാസി ഈ മാതിരി വങ്കത്തങ്ങൾക്കു് നേരെ സഹാതാപജന്യമായ മൗനം പാലിക്കുകയല്ലേ ചെയ്യുക. എന്നാൽ ആഗമാനന്ദന്റെ ജനുസ്സ് മറ്റൊന്നായിരുന്നു. സ്വാമിജി ഒത്ത വലിപ്പമുള്ള വ്യക്തിയായിരുന്നു. ആറടി ഉയരം. അതിനൊത്ത ശരീരപുഷ്ടി ഈ ബോർഡിനെപ്പറ്റി ആരോ പറഞ്ഞു് സ്വാമി അറിഞ്ഞു. പിന്നെ ഒരു നിമിഷം പോലും സംശയിക്കുക ഉണ്ടായില്ല. തന്റെ തോളറ്റം ഉയരമുള്ള ഉലക്കപോലുള്ള ഒരു കാഞ്ഞിരവടിയെടുത്തു് രണ്ടു് ഹരിജൻ കുട്ടികളേയും കൂട്ടി അദ്ദേഹം നേരെ ശൃംഗേരി ക്ഷേത്രസമുച്ചയത്തിലേക്കു ചെന്നു. അവിടെ ചാരിവച്ചിരുന്ന ബോർഡ് എടുത്തു് ചവിട്ടിക്കൂട്ടി വലിച്ചെറിഞ്ഞു് കുട്ടികളോടൊപ്പം അമ്പലത്തിലേക്കു കയറി. ഓടിക്കൂടിയ തമിഴു് ബ്രാഹ്മണർ സ്വാമിയെ തടയാൻ മുന്നോട്ടാഞ്ഞപ്പോൾ കുട്ടികളെ പിന്നിൽ നിർത്തി സ്വാമി തിരിഞ്ഞുനിന്നു. നീണ്ട വടി ഊന്നിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: “എന്നെ തടയാൻ വരുന്നവനെ, അതാരായാലും വേണ്ടില്ല, അടിച്ചു് നിലത്തിടും ഞാൻ.” ഈ നരസിംഹാവതാരം അവർ പ്രതീക്ഷിച്ചതേ അല്ല. ആരും സ്വാമിജിയെ തടഞ്ഞില്ല. തടയാൻ ധൈര്യപ്പെട്ടില്ല. വൈക്കത്തു് എണ്ണൂലധികം നാൾ നീണ്ടു് ഭാഗികമായി ജയിച്ച, ഗുരുവായൂരിൽ ഒരാണ്ടു നീണ്ടു് പരാജയപ്പെട്ട കാര്യമാണു് സ്വാമിജി ഒറ്റയ്ക്കു് അഞ്ചു മിനിട്ടുകൊണ്ടു് പരിപൂർണ്ണ വിജയത്തിൽ എത്തിച്ചതു്. അഭയം വൈ ബ്രഹ്മ എന്നതിനു് ഇതു് ഉദാഹരണമാവുമോ? എനിക്കറിഞ്ഞുക്കൂട!
ഏതു കാരുണ്യപ്രവൃത്തിയും ആഘോഷം ആക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മൾ. ഒരു പാവപ്പെട്ട കുട്ടിക്കു് പഠിക്കാൻ പുസ്തകമോ ഫീസോ നൽകുന്നതും ഒരു സാധു സ്ത്രീക്കു് ഉപജീവനത്തിനു് ഒരു തയ്യൽയന്ത്രം കൊടുക്കുന്നതും ഒക്കെ, ഒരുപാടു പണം ചെലവാക്കി വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളുടെ അനുബന്ധച്ചടങ്ങു മാത്രം! പൊങ്ങച്ചത്തൊപ്പി കൂടാതെ കാരുണ്യപ്രവർത്തനം വയ്യ എന്നതാണു് അവസ്ഥ. ഇതു് കച്ചവടതന്ത്രമാവാം. വലതു കൈക്കൊണ്ടു കൊടുക്കുന്നതു് ഇടതു കൈ അറിയരുതു് എന്ന ചൊല്ലു് കാലഹരണപ്പെട്ട വിശുദ്ധിയുടെ വിവേകമാണു്. ചന്തയുടെ സംസ്ക്കാരത്തിൽ അതിനു് പ്രസക്തി ഇല്ല.
ഇതു പറയുവാനും കാരണം ആഗമാനന്ദനാണു്. അദ്ദേഹത്തെപ്പറ്റി ഗുപ്തൻനായർ സാർ പറഞ്ഞു തന്ന ഒരനുഭവ കഥ. ആശ്രമം അതിന്റെ ബാലാരിഷ്ടതകൾ പിന്നിട്ടു എന്നേ പറയാനാവൂ. ദുരിതവും ദാരിദ്ര്യവും എപ്പോഴും സഹയാത്രികരായുണ്ടു്. സ്കൂളും ഹോസ്റ്റലും ഉണ്ടു്. ഒരേസമയം നേട്ടവും ബാദ്ധ്യതയും ആയിരുന്നു രണ്ടും. അക്കാലത്തു് ശങ്കരജയന്തിയും ക്രിസ്തുമസ്സും ശിവരാത്രിയും ഒക്കെ ആശ്രമത്തിൽ ആഘോഷിച്ചിരുന്നു—ആചരിച്ചിരുന്നു എന്നതാണു് നല്ല വാക്കു്. ആർഭാടങ്ങൾ ഒട്ടും ഇല്ലാത്ത ചില ചടങ്ങുകൾ മാത്രം. അത്തരം ഒരു ചടങ്ങിൽ പ്രസംഗിക്കാനാണു് ഗുപ്തൻനായർ സാർ എത്തിയതു്. പ്രഭാഷണം കഴിഞ്ഞു് അന്നു് സാർ ആശ്രമത്തിൽ താമസിച്ചു.
ദീർഘയാത്ര, പരിചയം ഇല്ലാത്ത സ്ഥലത്തെ കിടപ്പു്, തണുപ്പു്—സാറിനു് ഉറക്കം വന്നില്ല. സമയം രാത്രി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവും. സാർ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു്. അപ്പോൾ ആ മുറിക്കു മുന്നിലെ വരാന്തയിലൂടെ റാന്തൽ വിളക്കുമായി ഒരാൾ പോകുന്നു. ഈ അസമയത്തു് ആരാണു് നടക്കുന്നതു്? ജിജ്ഞാസ മൂലം ഗുപ്തൻനായർ സാർ പുറത്തിറങ്ങി. കുറച്ചു പിന്നിലായി അദ്ദേഹം ആ വിളക്കിനെ പിന്തുടർന്നു.
തൊട്ടു് അപ്പുറത്തെ കെട്ടിടത്തിലാണു് കുട്ടികൾ താമസിക്കുന്നതു്. വിളക്കേന്തിയ ആൾ അങ്ങോട്ടാണു് പോകുന്നതു്. കുട്ടികൾ കിടക്കുന്ന ഹാളിന്റെ വാതിൽ തുറന്നു് ആ ആൾ അകത്തേക്കു കടക്കുമ്പോൾ ഗുപ്തൻനായർ സാർ ആ മുഖം കണ്ടു— ആഗമാനന്ദൻ. തിരിതാഴ്ത്തി അദ്ദേഹം ആ മുറിയിൽ പായയിൽ കിടക്കുന്ന ഒരെട്ടുവയസ്സുകാരന്റെ അരികിലെത്തി.
പുറത്തു് വരാന്തയിൽ നിൽക്കുന്ന പ്രൊഫസർ സ്വാമിജിയുടെ ശബ്ദം കേട്ടു. സ്വാമിജി ആ കുട്ടിയോടു് ഒച്ച താഴ്ത്തി ചോദിക്കുന്നു:
“നിനക്കു് നന്നായി വേദനിക്കുന്നുണ്ടോ?”
“ഉം”-ഒരു നേർത്ത സ്വരം.
ഹോസ്റ്റൽ അന്തേവാസികളുടെ കൂട്ടത്തിൽ ഉള്ള അനാഥനായ ഒരു ഹരിജൻകുട്ടി. അവനു് വാതത്തിന്റെ അസുഖം ആണു്. തണുപ്പടിച്ചാൽ സന്ധികൾ വേദനിക്കും.
സ്വാമിജി അവന്റെ പായയിൽ ഇരിക്കുന്നതു് ഗുപ്തൻനായർ സാർ മങ്ങിയ വെളിച്ചത്തിൽ കണ്ടു. അദ്ദേഹം പറയുന്നതു കേട്ടു. “സാരമില്ല, നീ കണ്ണടച്ചു്,നാമം ചൊല്ലിക്കൊണ്ടു് കിടന്നോ. ഞാൻ തടവിത്തരാം.”
സ്വാമിജി അവന്റെ കാലുകൾ പതുക്കെ തടവിക്കൊണ്ടിരുന്നു. എത്ര സമയം? അരമണിക്കൂർ, ഒരു മണിക്കൂർ… അറിയില്ല. കുട്ടി ഉറങ്ങി എന്നു് ഉറപ്പായപ്പോൾ സ്വാമിജി ഒച്ച ഉണ്ടാക്കാതെ എഴുന്നേറ്റു. ഒരു മുണ്ടുകൊണ്ടു് അവനെ പുതപ്പിച്ചു. വിളക്കുമായി സ്വന്തം മുറിയിലേക്കു് നടന്നുപോയി. പുറത്തു് നിഴലിൽ തൂണിനരികിൽ നിന്നിരുന്ന പ്രൊഫസറെ അദ്ദേഹം കണ്ടതുപോലും ഇല്ല.
ഈ കഥ എന്നോടു പറഞ്ഞപ്പോൾ, ഗുപ്തൻനായർ സാർ കുറച്ചുസമയം വിതുമ്പിക്കരഞ്ഞുപോയി. പിന്നെ നിറമിഴികൾ ഒപ്പി, ഇടറിയ സ്വരത്തിൽ അദ്ദേഹം പറഞ്ഞു: “എടോ, ആ നിമിഷത്തിൽ ഞാൻ ഈശ്വരനെ കാണുകയായിരുന്നു. സ്വാമിജിയുടെ പാദങ്ങളിൽ വീണു് ആ കാലുകൾ കെട്ടിപ്പിടിച്ചു് കരയണം എന്നു തോന്നി എനിക്കു്. മനസ്സുകൊണ്ടു് ഞാനതു ചെയ്തു. ഒരിക്കലല്ല, നൂറുവട്ടം.”
സ്വാമിജിക്കു് ചില നേരമ്പോക്കുകളും ഉണ്ടു്. അക്കാലത്തു് ആശ്രമത്തിൽ പ്രാതൽ കഞ്ഞിയാണു്. ധാരാളം പ്ലാവുകൾ ഉള്ളതുകൊണ്ടു് ചക്ക ഉണ്ടാവും. കഞ്ഞിയുടെ കൂടെ ചക്കപ്പുഴുക്കും. ഉച്ചയ്ക്കും കഞ്ഞിയും ചക്കപ്പുഴുക്കും. അത്താഴവും. സ്വാമി കഞ്ഞിയും ചക്കപ്പുഴുക്കും എന്നല്ല പറയുക. കഞ്ഞി കൂട്ടി ചക്കപ്പുഴുക്കു കഴിച്ചു എന്നാണു്. ദാരിദ്ര്യത്തിന്റെ നിസ്സഹായത ചിരിയാക്കി മാറ്റുന്ന നിസ്സംഗത. ആശ്രമത്തിലേക്കു വഴി ചോദിക്കുന്നവരോടു് സ്വാമിജി പറയും: “കാലടി കവലയിൽ എത്തിയാൽ ഒരു എക്സൈസ് ഓഫീസ് കാണും. അവിടെ ചോദിച്ചാൽ അവർ. അടുത്ത കള്ളുഷാപ്പിലേക്കുള്ള വഴി പറഞ്ഞുതരും. ഷാപ്പിനു മുന്നിലെത്തിയിൽ വലത്തോട്ടു് നാലഞ്ചു് മിനിട്ട് നടന്നാൽ ആശ്രമത്തിനു മുന്നിലെത്തും. ഷാപ്പിനു മുന്നിലെത്തിയാൽ എവിടെ കേറണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണു്.”
എൻ. വി. കൃഷ്ണവാര്യരോടു് മലയാളത്തിലെ അക്കാദമിക്—പണ്ഡിതലോകത്തിനു് ‘എൻ. വി.’ (അസൂയ, വിദ്വേഷം) ആയിരുന്നു എന്നു പറയാമോ? എനിക്കറിഞ്ഞുകൂടാ. എന്നാൽ, ആ മഹാപണ്ഡിതനെ മലയാളം വേണ്ടത്ര ആദരിച്ചില്ല എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. ഇങ്ങനെ ബഹുമുഖമായ പാണ്ഡിത്യം വേറെ എവിടെ കണ്ടിട്ടുണ്ടു് മലയാളം? ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊൻപേനയും എന്ന ചൊല്ലു് എൻ. വി.യെ സംബന്ധിച്ചാവുമ്പോൾ വസ്തുസ്ഥിതി കഥനം മാത്രം. ആ മഹാപ്രഭാവത്തിന്റെ സാന്നിദ്ധ്യം, സാമീപ്യം നൽകിയ ഓർമ്മകൾ ഇപ്പോഴും ഞാൻ മനസ്സിൽ ആഹ്ലാദാഭിമാനങ്ങളോടെ സൂക്ഷിക്കുന്നു.

എൻ. വി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന കാലത്തു് കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതി അവിടെ നടപ്പിലാക്കി. കുറേ ചെറുപ്പക്കാർക്കു് വിവർത്തനത്തിൽ പരിശീലനം നൽകുക എന്നതാണു് പദ്ധതി. എൻജിനീയറിങ്ങ് ബിരുദധാരികളായ പത്തു പേർ. ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ പത്തുപേർ. ചരിത്ര-സാമ്പത്തികശാസ്ത്ര-രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദധാരികളായ പത്തുപേർ, ജീവശാസ്ത്രം പഠിച്ച പത്തുപേർ, ഊർജ്ജതന്ത്രം-ഗണിതം-രസതന്ത്രം പഠിച്ചു് ബിരുദാനന്തര ബിരുദം നേടിയ പത്തുപേർ. അങ്ങനെ അൻപതു പേരെയാണു് പരിശീലനത്തിനു് തെരഞ്ഞെടുത്തതു്. അവർക്കു പരിശീലനം നല്കാൻ അതതു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികളായ അഞ്ചു് അസിസ്റ്റന്റ് എഡിറ്റർമാർ. ഈ അൻപത്തിഅഞ്ചു പേരുടെ പ്രവർത്തനം നിയന്ത്രിക്കാൻ എഡിറ്ററായി പി. ടി. ഭാസ്ക്കരപ്പണിക്കർ. എല്ലാത്തിനും മുകളിൽ ഡയറക്ടറായ എൻ. വി.യും—അതായിരുന്നു സംവിധാനം. എന്നും രാവിലെ 8 മുതൽ ഉച്ചയ്ക്കു് 2 വരെ ആയിരുന്നു പരിശീലനം. അൻപതു് സബ് എഡിറ്റർമാർക്കും എല്ലാ വിഷയങ്ങളിലും സാമാന്യജ്ഞാനം കിട്ടണം എന്ന ഉദ്ദേശ്യത്തോടെ പരിശീലനത്തിന്റെ ഭാഗമായി അവർ അൻപതു് പ്രഭാഷണങ്ങൾ കേൾക്കേണ്ടിയിരുന്നു. എന്നും രാവിലെ 8 മുതൽ 10 വരെ അത്തരം ക്ലാസ്സുകൾ. ക്ലാസ്സിൽ പഠനവിഷയം ഇന്ത്യൻ ഭരണഘടനയാവാം. ഇന്ത്യയുടെ ശൂന്യാകാശ ഗവേഷണ ശ്രമങ്ങളാവാം, ആധുനിക ചികിത്സാസമ്പ്രദായങ്ങളാവാം, കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രമാവാം, ഭൂപരിഷ്കരണ നിയമമാവാം-എന്തുമാവാം. അൻപതു വിഷയങ്ങൾ, അൻപതു് വിദഗ്ധാദ്ധ്യാപകർ. അദ്ധ്യാപകരെ തെരഞ്ഞെടുത്തതും വിഷയങ്ങൾ നിശ്ചയിച്ചതും എൻ. വി-പി. ടി. ഭാസ്ക്കരപ്പണിക്കർ ടീം. ഞങ്ങൾ അഞ്ചു പേരുടെ ചുമതല ഈ വിദഗ്ദ്ധരെ കണ്ടു് സമയം തീർച്ചയാക്കി. പ്രഭാഷണ പരമ്പര പ്രാവർത്തികമാക്കുക എന്നതായിരുന്നു. രണ്ടു മൂന്നാഴ്ച ക്ലാസ്സുകൾ ഭംഗിയായി നടന്നു.

ഒരു ദിവസം രാവിലെ ഏഴു മണി കഴിഞ്ഞപ്പോൾ, അന്നു് ക്ലാസ്സ് എടുക്കേണ്ട ആൾ എന്നെ വിളിച്ചുപറഞ്ഞു. അന്നു ക്ലാസ്സെടുക്കുവാനാവില്ല, സുഖമില്ല എന്നു്. ഞാൻ എന്തുചെയ്യും. ഓടി എൻ. വി.യുടെ മുന്നിലേക്കു്. വിവരം അറിയിച്ചു. പകരം ഒരാളെ കണ്ടെത്തണം. അദ്ദേഹത്തിനു് ഭംഗിയായി കൈകാര്യം ചെയ്യാവുന്ന വിഷയവും വേണം.
“ആരെയെങ്കിലും സജസ്റ്റ് ചെയ്യാനുണ്ടോ?”എൻ. വി. എന്നോടു ചോദിച്ചു.
“ഉവ്വു്” ഞാൻ ധൈര്യമായിപ്പറഞ്ഞു.
“ഒരാളുണ്ടു്.”
“ആരാ?”
“എൻ. വി. കൃഷ്ണവാര്യർ.”
“ഞാനോ?”
“മറ്റൊരാളെ അരമണിക്കൂറിനകം കണ്ടെത്തി ഇവിടെ എത്തിക്കുക അസാദ്ധ്യം.”
“ഞാൻ എന്തു പറയാനാണു്” അദ്ദേഹം ഒരു നിമിഷം ആലോചിച്ചിരുന്നു. എന്നിട്ടു് ചോദിച്ചു:“ഞാൻ നിഘണ്ടുക്കളെപ്പറ്റി പറഞ്ഞാലോ?”
ഇപ്പോൾ അമ്പരന്നതു് ഞാനാണു്. ഡിക്ഷണറികളെപ്പറ്റി ക്ലാസ്സോ? അങ്ങനെ ഒന്നു് അന്നോളം ഞാൻ സങ്കല്പിച്ചിട്ടുപോലുമില്ല! എൻ. വി. തീർച്ചയാക്കി. “അതുമതി. എട്ടിനു് ഞാൻ വരാം.”
സമാധാനത്തോടെ ഞാൻ ക്ലാസ്സ് നടക്കുന്ന ഹാളിലേക്കു് ചെന്നു.
കൃത്യം എട്ടിനു് എൻ. വി. വന്നു. രണ്ടു മണിക്കൂർ അദ്ദേഹം ഡിക്ഷണികളെപ്പറ്റി സംസാരിച്ചു. ആ ക്ലാസ്സിനെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും എന്റെ അത്ഭുതവും അമ്പരപ്പും മാറുന്നില്ല. ഡിക്ഷണറി നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങൾ, പദശേഖരണം, പദനിരുക്തി, പ്രാദേശിക പദങ്ങളുടെ സ്ഥാനം, സാങ്കേതിക പദങ്ങൾ, ഉച്ചാരണം, ദ്വിഭാഷാ നിഘണ്ടു, ത്രിഭാഷാ നിഘണ്ടു, സാങ്കേതിക പദങ്ങൾ മാത്രമുള്ള കോശങ്ങൾ, പര്യായനിഘണ്ടു, തെസാറസ്, അമരകോശം, മലയാളത്തിലെ നിഘണ്ടുക്കൾ, വിദേശികൾ എഴുതിയ മലയാള നിഘണ്ടുക്കൾ… നിഘണ്ടുവിനെപ്പറ്റി ഇത്രയൊക്കെ പറയാനുണ്ടു് എന്നു് ഞങ്ങൾ മനസ്സിലാക്കിയതു് അന്നാണു്. ഞാൻ മനസ്സിൽ ഉരുവിട്ടു: “മറ്റെന്തിതിൻ നേർക്കു നമസ്ക്കരിക്ക സാഷ്ടാംഗമായ് നീ മലയാള ഭാഷേ… ”
ഈ മഹാപണ്ഡിതൻ, തന്റെ കുലീനമായ നർമ്മത്താൽ ദീപ്തമാക്കിയ ചില സന്ദർഭങ്ങൾ കൂടി ഓർക്കട്ടെ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു തവണ ക്ലാസ്സെടുക്കാൻ വന്നതു് എന്റെ ഒരു പഴയ സഹപ്രവർത്തകനാണു്. കാലടിയിലെ ജോലി വിട്ടു് അദ്ദേഹം അമേരിക്കയിലേക്കു പോയി. അവിടെ പല സർവ്വകലാശാലകളിലും പഠിപ്പിച്ചു. അവിടെവച്ചു് നരവംശ ശാസ്ത്രത്തിലും ആർക്കിയോളജിയിലും പരിശീലനം നേടി. പണ്ടു് ഇംഗ്ലീഷ് ആണു് നാട്ടിൽ പഠിപ്പിച്ചിരുന്നതു്. അന്നു് മലയാളത്തിൽ ചില ചെറുകഥകളും ചില യാത്രാവിവരണങ്ങളും എഴുതിയിരുന്നു. ഓരോ തവണ അമേരിക്കയിൽനിന്നു് വരുമ്പോഴും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ചില പദ്ധതികളെപ്പറ്റി മന്ത്രിമാരുമായും ചില എം. എൽ. എ.മാരുമായി ചർച്ച നടത്തും. തിരികെപ്പോകും. അത്രതന്നെ. കേരള ചരിത്രഗവേഷണത്തിന്റെ അപര്യാപ്തതകളെപ്പറ്റിയാണു് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്ന ചെറുപ്പക്കാരോടു് അദ്ദേഹം സംസാരിച്ചതു്. നമ്മുടെ ചരിത്രഗവേഷണത്തിന്റെ പോരായ്മകളെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം വികാരഭരിതനായി. വാചാലനായി. അദ്ധ്യക്ഷസ്ഥാനത്തിരുന്ന എൻ. വി.യെ നോക്കി അദ്ദേഹം ചോദിച്ചു: “ഇവിടെ വേണ്ടത്ര ഉദ്ഖനനങ്ങൾ നടന്നിട്ടുണ്ടോ? നടക്കുന്നുണ്ടോ?”
എൻ. വി. നിശബ്ദനായി ഇരിക്കുകയാണു്. പ്രസംഗകൻ കത്തിക്കയറി. “ഇതാ ഇവിടെ, ഇവിടെ കുഴിച്ചാൽ നമുക്കു് വിലപ്പെട്ട എന്തെങ്കിലും കിട്ടും. ഇല്ലേ?”
ഇത്തവണ എൻ. വി. ശാന്തനായി മറുപടി പറഞ്ഞു:“അറിയില്ല. കിട്ടാം, കിട്ടാതിരിക്കാം. പക്ഷേ, ഒന്നു തീർച്ച. ഇവിടെ കുഴിച്ചാൽ എന്റെ ജോലി നഷ്ടപ്പെടും.”
സദസ്സിന്റെ പൊട്ടിച്ചിരി ഇപ്പോഴും ഞാൻ കേൾക്കുന്നു.
അടുത്ത രംഗം ഏതാനും ആഴ്ചകൾ കഴിഞ്ഞാണു് ഉണ്ടായതു്. പരിശീലനം പൂർത്തിയാക്കിയ ചെറുപ്പക്കാർക്കു് സർട്ടിഫിക്കറ്റുകൾ നൽകാൻ എത്തിയതു് അന്നത്തെ ഉപമുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ നൽകിക്കൊണ്ടു് എൻ. വി. പറഞ്ഞു: “ഞങ്ങൾ അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അവയുടെ എല്ലാം ഓരോ കോപ്പി അങ്ങേയ്ക്കു തന്നാൽ കൊള്ളാം എന്നുണ്ടു്. തന്നാൽ അതു കൊണ്ടുപോകാൻ വിഷമമാവും… ” ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം എൻ. വി. ഇത്രകൂടി പറഞ്ഞു: “കൊണ്ടുപോയാൽ അതിലും വിഷമമാവും.” സദസ്സിന്റെ ചിരിയിൽ മന്ത്രിയും ഒരു കാലുഷ്യവുമില്ലാതെ പങ്കുചേർന്നു.
ഒരനുഭവംകൂടി. അതു നടന്നതു് കാലടിയിൽ വച്ചാണു് എൻ. വി. കുറച്ചുകാലം കാലടിയിൽ ആഗമാനന്ദസ്വാമികൾ തുടങ്ങിയ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. അന്നു് അദ്ദേഹം രചിച്ച പ്രാർത്ഥനാഗാനം ആണു് “യദിനഭാതി സൂര്യേന്ദുതാരകം… ” എന്ന ഗാനം. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം കത്തിപ്പടർന്ന കാലത്താണു് എൻ. വി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ ജോലി രാജിവച്ചതു്. സ്വാമിജിയുമായി അഭിപ്രായവ്യത്യാസം മൂലമായിരുന്നു രാജി എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ പരന്നിട്ടുണ്ടു്. അതല്ല വാസ്തവം. എൻ. വി.ക്കും ആഗമനന്ദനും പരസ്പരം വലിയ ആദരമായിരുന്നു. മാത്രമല്ല ആഗമാനന്ദ സ്വാമികളുടെ സ്കൂളിലാണു് കമ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്കു മത്സരിച്ച കുമാരമേനോൻ ഏറെക്കാലം അദ്ധ്യാപകനായിരുന്നതു്. കമ്യൂണിസ്റ്റുകാരനായ കെ. പി. ജി. നമ്പൂതിരി ആ സ്കൂളിലെ ഭാഷാദ്ധ്യാപകനായിരുന്നു. അവിടെ മിഡിൽ സ്കൂളിലെ ഹെഡ് മാസ്റ്റർ ആയി വിരമിച്ച രാഘവൻപിള്ള കാലടിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അദ്ധ്യാപക നിയമനത്തിൽ അന്നൊന്നും രാഷ്ട്രീയ പരിഗണനകൾ ആശ്രമത്തിനു് ഉണ്ടായിരുന്നില്ല.
ക്വിറ്റ് ഇന്താ പ്രക്ഷോഭം, രഹസ്യമായി നടത്തിയ സാഹസികപത്രപ്രവർത്തനം, ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കറങ്ങിത്തിരിഞ്ഞു് എൻ. വി. മാതൃഭൂമിയിൽ എത്തി. അക്കാലത്താണു് ആശ്രമത്തിൽ ഒരു യോഗത്തിൽ പ്രസംഗിക്കുവാനായി അദ്ദേഹം എത്തിയതു്. പ്രസംഗത്തിനിടയിൽ എൻ. വി. പറഞ്ഞു:“സ്വാമിജിക്കു് ഈ പെരിയാറിന്റെ തീരത്തു് ജീവിതപ്രവാഹം പോലെ അനുസ്യൂതം ഒഴുകുന്ന ജലവിതാനത്തിലേക്കു നോക്കി ശാന്തനായി ഇരിക്കുവാനാണു് ഇഷ്ടം. എനിക്കാകട്ടെ, പുഴ തീരംതല്ലി കവിഞ്ഞു് കലങ്ങിമറിഞ്ഞു് ഒഴുകുമ്പോൾ അതിലേക്കു് എടുത്തുചാടി ഒഴുക്കിനെതിരെ നീന്താനാണു് ഇഷ്ടം. അതാണു് ഞാൻ ചെയ്തതും. സ്വാതന്ത്ര്യസമരത്തിന്റെ ചുഴിയിലേക്കു് ഞാൻ എടുത്തുചാടി. സ്വാമിജി അക്ഷോഭ്യനായി, അതു നോക്കി ഇരുന്നതേ ഉള്ളൂ.” സദസ്സു് നീണ്ട കൈയ്യടിയാൽ എൻ. വി.യുടെ വാക്കുകളെ അംഗികരിച്ചു.
തന്റെ ഊഴം വന്നപ്പോൾ ആഗമാനന്ദ സ്വാമികൾ മറുപടി പറഞ്ഞൂ: “എൻ. വി. സാഹസികനാണു്. കലങ്ങിമറിഞ്ഞ പ്രവാഹത്തിലേക്കു്, ജീവൻ പണയപ്പെടുത്തി അയാൾ എടുത്തുചാടും; ഒഴുക്കിനെതിരെ നീന്തും. കാരണം, അയാൾക്കു തീർച്ചയുണ്ടു്, മുങ്ങിച്ചാവും എന്ന ഘട്ടം എത്തിയാൽ അയാളെ പിടിച്ചുകയറ്റുവാൻ ഇവിടെ ഈ കരയിൽ ഞാനുണ്ടു് എന്നു്!”
എൻ. വി. അപ്പോൾ ചിരിച്ച ചിരി!
1935-ൽ എറണാകുളം ജില്ലയിൽ ഇടപ്പള്ളി കരുണാകരമേനോന്റെയും തത്തമ്പിള്ളി സരസ്വതിയമ്മയുടെയും മകനായി ജനിച്ചു. എം. എ. (മലയാളം) പിഎച്ച്. ഡി., എം. എ. (ഇംഗ്ലീഷ്). ശ്രീശങ്കരാ കോളേജിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലും അദ്ധ്യാപനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അല്പകാലം അസിസ്റ്റന്റ് എഡിറ്റർ.
പ്രധാന കൃതികൾ: കേരള സംസ്ക്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ മലയാളികൾക്കു്, ജിൻക്രിസ്റ്റഫ് വിവർത്തനം. കൂടാതെ ഉപന്യാസം, നോവൽ, ചെറുകഥ, നാടകം എന്നീ ഇനങ്ങളിലായി ഏതാനും ഗ്രന്ഥങ്ങൾ.
പ്രധാന പുരസ്ക്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്ക്കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം, കേരള ഹിസ്റ്ററി അസോസിയേഷൻ പുരസ്ക്കാരം, എം. എസ്സ്. മേനോൻ പുരസ്ക്കാരം, ശൂരനാടു് കുഞ്ഞൻപിള്ള പുരസ്ക്കാരം. അങ്കണം വിശിഷ്ട സാഹിതീ സേവാപുരസ്ക്കാരം, കെ. ദാമോദരൻ പ്രസ്ക്കാരം.
ഭാര്യ: പി. പ്രേമ
മക്കൾ: ജയദേവൻ, ജയകൃഷ്ണൻ