ഋതുചക്രത്തിന്റെ തിരിയലിനിടയിൽക്കൂടി നമ്മുടെ മുറ്റത്തേക്കു് മറ്റൊരു ഓണംകൂടി ഇതാവരുന്നു. അണിഞ്ഞൊരുങ്ങുന്ന ഓണവഴികൾ എന്റെ മുമ്പിലുണ്ടു്. ഇതു് കച്ചവടക്കാരുടെ തന്ത്രവഴികളാണു്. ഈ തന്ത്രവഴികളിൽ നിന്നുകൊണ്ടുതന്നെ ഞാൻ ആ മഹാകവിയുടെ വരികൾ ഓർക്കട്ടെ:
പോവല്ലേ പോവല്ലേ ഓണപ്പൂവേ!
ജീവനിൽ ജീവനാമോണപ്പൂവേ!
തൈക്കുളിർ കാറ്റും മുകിലുകളും
പൂക്കളും പാട്ടും പറവകളും
പിഞ്ചുകിടാങ്ങളുമോണവില്ലും
നെഞ്ചലിഞ്ഞൊത്തു കളിച്ചതെങ്ങോ,
സുന്ദരമാനന്ദ സമ്പൂർണ്ണമാമാ-
മന്ദിരത്തിൻ പടിവാതിൽ ചൂണ്ടി,
മാനുഷരെല്ലാരുമൊന്നുപോലാം
മാവേലിനാടിൻ വഴികൾ ചൂണ്ടി,
തുള്ളിവരും പുലരോണക്കാറ്റിൽ-
ത്തുള്ളിക്കളിക്ക നീയോണപ്പൂവേ!
തുള്ളിവരുന്ന നിലാവൊളിയിൽ-
ത്തുള്ളിവിരിയൂ നീ കണ്മണിയേ
കാറ്റിലിണങ്ങിക്കളിക്ക, ജീവൻ
പോറ്റിപ്പുലർത്തുമെൻ പൊൻ
കിനാവേ!

മഹാകവി കുഞ്ഞിരാമൻ നായർക്കു് ഈ ഓണപ്പൂക്കൾ ഭൂമി കാണാനിറങ്ങിയ നക്ഷത്രക്കുഞ്ഞുങ്ങളായിരുന്നു. ഭൂമി നഷ്ടപ്പെട്ട ആ നക്ഷത്രക്കുഞ്ഞുങ്ങളെപ്പറ്റി പാടാൻ ഇന്നു് ആ കവി ഇല്ല. അദ്ദേഹം നമ്മുടെ മാനത്തു വിരിയുന്ന മഴവില്ലിന്റെയും ഭൂമിയിൽ വിരിയുന്ന പൂക്കളുടെയും കവിയായിരുന്നു. നമ്മുടെ നദികളുടെയും മരങ്ങളുടെയും പാട്ടുകാരനായിരുന്നു. നമ്മുടെ കാർമേഘങ്ങളുടെയും തിരമാലകളുടെയും പാട്ടുകാരനായിരുന്നു. ഓ, എന്തിനു് ഈ ചിങ്ങത്തിലും ആ കവിയുടെ പാട്ടു് പാടുന്നേ? കുഞ്ഞിരാമൻനായർ കവിതയുടെ ഭ്രാന്താലയത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത വെറുമൊരു സ്വപ്നജീവിയായിരുന്നു. എന്തിനോ, ആ സ്വപ്നജീവിയുടെ പാട്ടു് ഈ കാണാവഴികളിലൂടെ നടക്കുമ്പോഴും ഞാൻ പാടുന്നു. ഇങ്ങനെ പാടിക്കൊണ്ടിരിക്കേ, പരലോകത്തുള്ള ആ മഹാകവിയോടു് ഇങ്ങനെ പറയാനും തോന്നുന്നു. ഓണത്തിന്റെ നിറം ഇവിടെ വല്ലാതെ മങ്ങിപ്പോയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകൾക്കും ഉന്മേഷം പകർന്ന ആ പഴയകാലത്തെ ഓണം ഇന്നില്ല. ഞങ്ങൾ വെറും സാമ്പത്തിക മനുഷ്യരായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ മത്സരങ്ങൾക്കും പാടുകൾക്കുമിടയിൽ ഞങ്ങൾക്കു് സ്വപ്നങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. മാവേലി ഞങ്ങൾക്കു് വെറുമൊരു മാവേലിസ്റ്റോറായി മാറിയിരിക്കുന്നു. ഓണനിലാവിപ്പോൾ സർക്കാർ ചെലവിൽ വൈദ്യുതിയിലൂടെയാണൊഴുകുന്നതു്. ഓണത്തെക്കുറിച്ചു് പാട്ടു പാടുന്ന സ്വപ്നജീവികളായ കവികൾ പോലും ഞങ്ങളുടെ ഇടയിലിന്നില്ല.
ഇത്തവണ ഓണത്തെക്കുറിച്ചുള്ള ചിന്തകളുമായി ഞാൻ കുറേ സാധാരണ മനുഷ്യരെ സമീപിച്ചു. ഓണമെന്നാൽ നിങ്ങൾക്കെന്താണു് എന്ന ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നു. ആദ്യം കണ്ടതു് തിരുമലക്കാരനായ ഒരു നാരായണൻ നായരെയാണു്. അമ്പത്തിയേഴു വയസ്സുള്ള നാരായണൻനായർ പെയിന്റടിക്കുന്ന ഒരു തൊഴിലാളിയാണു്. നാരായണൻ നായരുടെ നേർക്കു് ഞാൻ എന്റെ ചോദ്യം എടുത്തിട്ടു. നാരായണൻനായർ പറഞ്ഞു: “എല്ലാവരെയുംപോലെ ഓണം എനിക്കും ഒരാഘോഷം തന്നെ. പണ്ടാണെങ്കിൽ വലിയൊരാഘോഷം. ഇപ്പോഴാകട്ടെ പാടുപെട്ടു ജീവിക്കാനുള്ള ബദ്ധപ്പാടാണു്. മുമ്പൊക്കെ അഞ്ചാറുദിവസം ആഘോഷമായിരിക്കും. ഇപ്പോൾ ഒരു ദിവസം മാത്രം. ഇപ്പോൾ എന്തോന്നു് ഓണക്കളി? ടൂറിസ്റ്റ് വാരാഘോഷം കാണാൻ തന്നെയാണു് ഇപ്പോഴത്തെ ആഘോഷം. പിള്ളേരെല്ലാം അതു കാണാൻ ഉത്സാഹത്തോടെ പോകും. ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോൾ ഓണക്കാലത്തു് ഊഞ്ഞാൽ കെട്ടും. അർദ്ധരാത്രിയിൽപ്പോലും നിലാവിലൂഞ്ഞാലാടും. ഇന്നെങ്ങനെ ഊഞ്ഞാലു കെട്ടുന്നൂ? മൂന്നു സെന്റ് തറയിൽ ഒരു മരമില്ല. ഉള്ളതു് ഒരു തൈമാവു് മാത്രം. പിന്നെ, എവിടെ ഊഞ്ഞാലുകെട്ടികൊടുക്കാൻ? പിള്ളേർ വാശിപിടിച്ചു കരഞ്ഞാൽ വീട്ടിനുള്ളിൽ പേരിനൊരൂഞ്ഞാലിട്ടു കൊടുക്കും. മക്കളും കൊച്ചുമക്കളുമായി പതിനൊന്നു് അംഗങ്ങളുണ്ടു് വീട്ടിൽ. പണ്ടാണെങ്കിൽ പത്തുരൂപാ ചക്രമുണ്ടങ്കിൽ കാര്യമെല്ലാം ഭംഗിയായി നടക്കും. ഇന്നാണെങ്കിൽ നൂറുരൂപ ഉണ്ടെങ്കിലും ഒന്നും നടക്കില്ല. ഇപ്പോൾ, വാസ്തവത്തിൽ ഓണമൊന്നും ആഘോഷിക്കുന്നില്ല. ഒരു പായസം— അതുതന്നെ ഓണം. പണ്ടു് രണ്ടു രൂപയ്ക്കു് മലക്കറി വാങ്ങിയാൽ അതുതന്നെ സുഭിക്ഷം. ഇപ്പോഴാണെങ്കിൽ പതിനഞ്ചുരൂപയ്ക്കു് വാങ്ങിയാലും ഒരു നേരത്തേക്കു വരില്ല. വന്നുവന്നു് കടശ്ശിയിൽ ഓണം തന്നെ ഇല്ലാതാകുമെന്നാണു തോന്നുന്നതു്. ജീവിക്കാൻ വഴിയില്ലാതാവുമ്പോൾ, ഓരോ ദിനവും തള്ളിവിടാൻ പാടുപെടുമ്പോൾ എന്തു് ഓണം.” “
നമ്മക്കെന്തൊരു ഓണം സാറേ” എന്നു പറഞ്ഞുകൊണ്ടാണു് മലക്കറിക്കച്ചവടക്കാരി സുഭദ്ര തുടങ്ങിയതു്. അമ്പത്തിമൂന്നു വയസ്സുള്ള സുഭദ്ര കൊഞ്ചിറവിളക്കാരിയാണു്. സുഭദ്ര പറയുകയായിരുന്നു: “നമ്മക്കെന്നും ഒരുപോലെ തന്നെ. ഓണച്ചന്തയും മാവേലിസ്റ്റോറുമൊക്കെ വന്നു് ഞങ്ങൾ ഗതികേടിലായി. ഇവിടെ ഞങ്ങൾ വില കുറച്ചുകൊടുത്താലും ആളുകൾ സൂപ്പർമാർക്കറ്റിൽച്ചെന്നു് കൂടുതൽ വിലകൊടുത്തു വാങ്ങുകയേ ഉള്ളു. ഇന്നു പറിച്ചെടുക്കുന്ന മലക്കറി കൊടുക്കാമെന്നു പറഞ്ഞാലും വേണ്ട. സൂപ്പർമാർക്കറ്റിൽ കിട്ടുന്ന പല ദിവസം കഴിഞ്ഞതും വാടിയതുമായ മലക്കറിമതി അവർക്കു്. അതാണിപ്പോഴത്തെ ഫാഷൻ. സൂപ്പർമാർക്കറ്റ് വരുന്നതിനുമുമ്പു് നല്ല കച്ചവടം കിട്ടുമായിരുന്നു. അന്നൊക്കെ ദിവസം നൂറൂരൂപയ്ക്കു് വില്ക്കുമായിരുന്നു. ഇപ്പോൾ കച്ചവടം വളരെ മോശമാണു്. ഉള്ളതുപോലെയൊക്കെ കഴിഞ്ഞുകൂടുന്നു. 364 ദിവസവും കഷ്ടപ്പെടുന്ന ഞങ്ങളൊക്കെ ഓണത്തെപ്പറ്റി എന്തു പറയാനാ. ഒരു ദിവസമെങ്കിലും എന്റെ കുട്ടികൾ നാലുപേരെപ്പോലെ വൃത്തിയായിരിക്കണം.”
കരകൌശല വില്പനക്കാരൻ അപ്പിച്ചെട്ടിയാരെയാണു് ഞാൻ പിന്നീടു് കണ്ടതു്. അമ്പത്തിയേഴുകാരനായ അപ്പിച്ചെട്ടിയാർ പറഞ്ഞു: “പഴയ ആചാരങ്ങളൊന്നും ഇന്നില്ല. ഓണം ആഘോഷിക്കാനുള്ള ഉത്സാഹം മനുഷ്യന്റെ സാമ്പത്തികശേഷിയെ ആശ്രയിച്ചാണിരിക്കുന്നതു്. ഓണവില്പനയ്ക്കായി ഒന്നുമില്ല. പിന്നെ എന്തോന്നു് ഓണം? ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ ഇത്തവണ രാജീവ് ഗാന്ധി വരുമെന്നു കേൾക്കുന്നു. അപ്പോൾപിന്നെ എല്ലാടവും പൊലീസ് ബന്തവസ്സുതന്നെയാവും. എല്ലാവരും സമത്വത്തോടെ കഴിഞ്ഞുവന്ന കാലത്തിന്റെ ഓർമ്മയാണല്ലോ മാവേലിയുടെ ഐതിഹ്യം. ആ കാലം ഇനി വരാൻ പോകുന്നില്ല. നമ്മൾ തമ്മിലടിച്ചു് മരിക്കും. നാടു് അങ്ങനെയാണു് പോകുന്നതു്? ആർക്കും എന്തും ചെയ്യാമെന്നായിരിക്കുന്നു. ഈ നശിച്ച കാലത്തു് എന്തു് ഓണം?” “
ആവണിഅവിട്ടവും ദീപാവലിയുമൊക്കെ കഴിഞ്ഞിട്ടേ ഞങ്ങൾക്കു് ഓണം പ്രധാനപ്പെട്ടതാകുന്നുള്ളൂ. ഞാൻ തമിഴ് ബ്രാഹ്മണനാണു്. വലുതായിട്ടൊന്നും ഓണാഘോഷം ഞങ്ങൾ തമിഴ് ബ്രാഹ്മണർക്കില്ല. പോറ്റിമാർക്കാണു് ഓണം കൂടുതലാഘോഷം. എന്നിരിക്കിലും ഓണദിവസം പായസം വയ്ക്കലും വിശേഷാൽ ഊണുമൊക്കെ ഉണ്ടാവും” പഴവങ്ങാടി ചെറിയ ഗണപതിക്കോവിലിലെ പൂജാരി കൃഷ്ണനു് ഓണത്തെക്കുറിച്ചു് മറ്റൊന്നും പറയാനില്ല.
എന്തെല്ലാം സംഭവിച്ചാലും മലയാളികൾ ഉള്ളിടത്തോളംകാലം ഓണവുമുണ്ടാകുമെന്നാണു് വെങ്ങാന്നൂർ മുട്ടക്കാട്ടെ റിട്ടയേഡ് പൊലീസ് കോൺസ്റ്റബിൾ നാണുക്കുട്ടൻനായർക്കു് പറയാനുള്ളതു്. ഓണമെന്നു കേൾക്കുമ്പോൾ, തന്നെ സംബന്ധിച്ചിടത്തോളം കുറേ പണച്ചെലവു മാത്രമാണെന്നായിരുന്നു പത്മനാഭസ്വാമിക്ഷേത്രം മതിലകം ഗാർഡ് അനന്തകൃഷ്ണപിള്ളയ്ക്കു് പറയാനുണ്ടായിരുന്നതു്. കടം വാങ്ങിയെങ്കിലും കുട്ടികൾക്കും മറ്റും പുതുവസ്ത്രങ്ങൾ വാങ്ങണം. ഓണത്തിനു് നാലു് ദിവസം ലീവെടുക്കണം.
വളക്കച്ചവടക്കാരൻ വിജയരങ്കനാണു് അടുത്ത കഥാപാത്രം. നാലു് തലമുറ മുമ്പു് തിരുനെൽവേലിയിൽ നിന്നു് തിരുവനന്തപുരത്തേക്കു് മാറിത്താമസിച്ചതാണു് വിജയരങ്കന്റെ കുടുംബം. പത്മനാഭസ്വാമിക്ഷേത്രത്തിലെ ജോലിക്കായി മഹാരാജാവു് വിളിച്ചു വരുത്തിയതാണു്. തമിഴരാണെങ്കിലും വിജയരങ്കന്റെ കുടുംബത്തിനു് വലിയ ആഘോഷമാണു്. ഇത്രയേ സംഭവിക്കാറുള്ളൂ. ഓണനാളിൽ പുതിയ വസ്ത്രങ്ങൾ ധരിക്കും; മക്കളെയും പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കും. പായസം വച്ചു് ചോറുണ്ണും. വിജയരങ്കൻ പറഞ്ഞു: “എന്തുവന്നാലും അന്നു് പായസവും പ്രഥമനുമൊക്കെ വയ്ക്കും.” വിജയരങ്കനു് പണ്ടു് ഓണക്കാലത്തു് നല്ല വളക്കച്ചവടമായിരുന്നു. ഇന്നു് വളക്കച്ചവടം വളരെ കുറവാണു്.
പാളയം മാർക്കറ്റിലെ മൺചട്ടിക്കച്ചവടക്കാരൻ കുട്ടനു് അറുപത്തിനാലു് വയസ്സായി. മൺചട്ടികൾ നമ്മുടെ കാലത്തിലൂടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, കുട്ടൻ ഇപ്പോഴും ആ കച്ചവടം വിട്ടിട്ടില്ല. പണ്ടൊക്കെ ഓണക്കാലത്തു് മൺകലങ്ങൾക്കു് നല്ല ചെലവായിരുന്നു. കുട്ടൻ പറഞ്ഞു: “ഓണക്കച്ചവടമെല്ലാം പണ്ടായിരുന്നു. പണ്ടുണ്ടായിരുന്നതിന്റെ നാലിലൊരംശം ഇപ്പോൾ ഇല്ല. അലൂമിനിയം കലങ്ങൾ വന്നതോടെ മൺചട്ടിക്കു് ഡിമാന്റില്ലാതായി; അലൂമിനിയം കലത്തിൽ വേവിച്ചാൽ രോഗം പിടിപെടുമെങ്കിൽക്കൂടി വിറകു ലാഭം കരുതിയാവാം ആളുകൾ അലൂമിനിയം കലം വാങ്ങുന്നതു്.” “
ബീൻസ്, കാരറ്റ്, കാളിഫ്ളവർ മുതലായ മലക്കറികളാണു് വേണ്ടതു്. ഓണക്കാലത്തു മലക്കറി കച്ചവടമൊക്കെ വളരെ കുറഞ്ഞുപോയി.”
ലോട്ടറി ടിക്കറ്റ് വില്പനക്കാരൻ ഗോപാലകൃഷ്ണൻനായർക്കു് ഓണക്കാലം നല്ല കച്ചവടത്തിന്റെ കാലമാണു്. ഓണക്കാലത്തു കേരള ലോട്ടറി ടിക്കറ്റുകൾക്കാണു് ഏറ്റവും കൂടുതൽ ചെലവു്. ശരാശരി 150 ടിക്കറ്റ് ദിവസവും വില്ക്കും.
അവസാനം ഞാൻ എന്നോടു തന്നെ ചോദിച്ചു: ഓണമെന്നാൽ എനിക്കെന്താണു്?
ആറ്റുനോറ്റിരുന്ന ബോണസ്സു കാലം എന്നു ഉത്തരമാണു് എനിക്കാദ്യം കിട്ടിയതു്. മറ്റുമാസങ്ങളിൽ ഞാനുണ്ടാക്കിയ കട ബാദ്ധ്യതകളിൽ നിന്നു് ചെറുതായൊരു മോചനം ഈ ഓണക്കാലത്താണു് എനിക്കുണ്ടാവുന്നതു്.
ഞാൻ വെറും ജീവിതമാണു്. പ്രശ്നങ്ങളുടെ പൊള്ളലുകളിലൂടെ പുലരുന്ന ജീവിതം. സ്വപ്നങ്ങൾക്കു് ഇടമില്ലാത്ത മനസ്സു്. മനസ്സിൽ സ്വപ്നങ്ങളില്ലെങ്കിൽ എന്തു് ആഘോഷം? ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും അവസ്ഥ ഇതാണു്. എന്നാലും ഓണം വരികയാണു്. ചിങ്ങനിലാവുണ്ടു്. അവിടവിടെ പൂക്കളുമുണ്ടു്. നമ്മുടെ കണ്മുന്നിലെ പൂക്കളോടു് ആ മഹാകവിയെപ്പോലെ ഒരു ദിവസമെങ്കിലും നമുക്കും പാടാം; പോവല്ലേ, പോവല്ലെ ഓണപ്പൂവേ…
കെ വേലപ്പൻ ഒരു പത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു.

തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയിൽ ഓമനയുടേയും കൃഷ്ണൻ നായരുടേയും പുത്രനായി വേലപ്പൻ ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം. എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതിയാണു് പത്രപ്രവർത്തനരംഗത്തു് പ്രവേശിക്കുന്നതു്. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. 1985-ൽ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാർഹിക–സാമൂഹ്യാന്തരീക്ഷത്തിൽ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നതു് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പൻ ദമ്പതിമാർക്കു് ഒരു മകനുണ്ടു്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാനകഥാപാത്രത്തിന്റെ ഓർമ്മയ്ക്കാണു് മകനു് അപുവെന്നു് പേരിട്ടതു്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-നു് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ചു് സിനിമയും സമൂഹവും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിനു് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ചു് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിനു് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.