images/venkiti-kpsasi-04.jpg
K. P. Sasi, a photograph by A. J. Joji .

1970-കൾ തൊട്ടു് ഇന്ത്യയിൽ നടന്ന എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയുമൊപ്പം സഞ്ചരിക്കുകയും സംവദിക്കുകയും അവയെ തന്റെ സിനിമകളിലൂടെ രേഖപ്പെടുത്തുകയും ചെയ്ത ഒരാളാണു് കെ പി ശശി. എല്ലാവിധ അധികാരരൂപങ്ങളോടും വ്യവസ്ഥകളോടും കലഹിച്ചുകൊണ്ടേയിരുന്നപ്പോഴും ജീവിതത്തിൽ പ്രസന്നതയും സൗന്ദര്യവും ആർദ്രതയും സൂക്ഷിക്കാൻ കഴിഞ്ഞ ഒരാളായിരുന്നു ശശി. ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ള ആർക്കും ശശിയുടെ കുസൃതിയും സ്നേഹവും കലർന്ന ചിരി മറക്കാനാവില്ല. രാഷ്ട്രീയവിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ പുലർത്തുമ്പോഴും വ്യത്യസ്തവും വിരുദ്ധവുമായ ഏതൊരു ആശയത്തോടും മനസ്സും ബുദ്ധിയും തുറന്നുവെച്ച ഒരു ചിന്താശാലി കൂടിയായിരുന്നു ശശി. ഇന്ത്യയിലെയും പ്രത്യേകിച്ചു് മലയാളത്തിലെയും ഡോക്യുമെന്ററി പ്രസ്ഥാനത്തിനു് രൂപവും ദിശയും നൽകുന്നതിൽ ശശി മുഖ്യപങ്കു് വഹിച്ചിട്ടുണ്ടു്: ജനകീയശാസ്ത്രപ്രസ്ഥാനം, മരുന്നുവ്യവസായം, പരിസ്ഥിതി, ലിംഗനീതി, മനുഷ്യാവകാശം, വർഗ്ഗീയത, ആദിവാസിജീവിതം, പ്രകൃതിദുരന്തങ്ങൾ, ലോകസമാധാനം, വികസനദുരന്തങ്ങൾ, ആഗോളീകരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശശിയുടെ രേഖാചിത്രങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിന്റെ മറുചരിത്രം തന്നെയാണു് രേഖപ്പെടുത്തിയതു്. ഇലയും മുള്ളും, ഏക് അലഗ് മൗസം, ശ് ശ് സൈലൻസ് പ്ലീസ് തുടങ്ങിയ ചിത്രങ്ങൾ ശശിയിലെ കഥാകാരനെ വെളിപ്പെടുത്തുന്നവയാണു്. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഡോക്യുമെന്ററി രചയിതാവും ശശിയിൽ എക്കാലത്തുമുണ്ടായിരുന്ന കാർട്ടൂണിസ്റ്റും ഈ ചിത്രങ്ങളിൽ ഒത്തുചേരുന്നു. സിനിമയ്ക്കു പുറമെ കാർട്ടൂൺ, സംഗീതം, എഴുത്തു് തുടങ്ങിയ മേഖലകളും ശശിക്കു് പ്രിയപ്പെട്ടവയായിരുന്നു.

ഈ ക്രിസ്മസ് ദിനത്തിലാണു് ശശി നമ്മെ വിട്ടുപോയതു്.

ശശിയുമായുള്ള നീണ്ട സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി 2019-ൽ ചലച്ചിത്രസമീക്ഷക്കായി നടത്തിയ ഈ അഭിമുഖം സമർപ്പിക്കുന്നു.

ഡോക്യുമെന്ററി സംവിധായകൻ കെ പി ശശിയുമായുള്ള അഭിമുഖം
സി. എസ്. വെങ്കിടേശ്വരൻ
images/kpsasi.jpg
കെ പി ശശി.

ചോദ്യം:
താങ്കളുടേതു് ഒരു രാഷ്ട്രീയപ്രവർത്തകരുടെ കുടുംബമാണു്. പൊതുവെ സിനിമ എന്നതു് അത്ര ഗൌരവമർഹിക്കുന്ന, ‘കൊള്ളാവുന്നവർക്കു് പറ്റിയ പണി’ അല്ല, എന്നാണു് പൊതുവായുണ്ടായിരുന്ന ധാരണ. ശശി എങ്ങിനെയാണു് സിനിമയിലേക്കു് ആകർഷിതനാകുന്നതു്? രാഷ്ട്രീയത്തിൽനിന്നു് സിനിമയിലേക്കു വന്നതാണോ അതോ മറിച്ചോ?
ശശി:
കുട്ടിക്കാലം മുതൽ തന്നെ സിനിമയിൽ താല്പര്യമുണ്ടായിരുന്നു. സിനിമ കാണാൻ സ്ഥിരമായി പോകുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്തു് സിനിമക്കു പോയതിനു് ഒരിക്കൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടു്. തിയ്യറ്ററിൽ വരുന്ന സിനിമകളാണു് കണ്ടിരുന്നതു്. പിന്നീടു് 1975-ൽ ജെ. എൻ. യു.വിൽ പോയപ്പോഴാണു് മറ്റുതരം സിനിമകൾ കാണാനിടയായതു്. അവിടത്തെ ഫിലിം സൊസൈറ്റി സ്ഥിരമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലും പുറത്തും നിന്നുള്ള പ്രധാനപ്പെട്ട സിനിമകൾ അപ്പോഴാണു് കാണുന്നതു്. പഥേർ പാഞ്ചാലി. ഘട്ടക് ചിത്രങ്ങൾ എല്ലാം അവിടെവെച്ചാണു് കണ്ടതു്. അതു് അടിയന്തരാവസ്ഥ കാലമായിരുന്നു. ആ കാലഘട്ടമാണു് എന്നിൽ രാഷ്ട്രീയബോധമുണർത്തുന്നതു്; ഇന്ത്യയിൽ ആദ്യമായി ഭരണകൂട ഭീകരത നമ്മൾ അനുഭവിക്കുകയായിരുന്നു. ജെ. എൻ. യു.വിൽ അന്നു് എസ്. എഫ്. ഐ.യിലെ ഒരു കുട്ടിയെ റാഞ്ചിക്കൊണ്ടുപോവുകയുണ്ടായി, അതു് ഒരു വലിയ പ്രശ്നമായി മാറി. വിദ്യാർത്ഥികൾ സമരം ചെയ്തു. അതെന്റെ കണ്മുന്നിലാണു് സംഭവിച്ചതു്; അതു് ഒരു വല്ലാത്ത അനുഭവമായിരുന്നു; എന്നെ മാറ്റിയ ഒന്നു്. അന്നവിടെ റാഡിക്കൽ സ്റ്റുഡന്റ്സ് സർക്കിൾ, ന്യൂ ലെഫ്റ്റ് ഗ്രൂപ്പ് തുടങ്ങിയ കൂട്ടായ്മകൾ അവിടെയുണ്ടായിരുന്നു. ന്യൂ ലെഫ്റ്റ് രാഷ്ട്രീയത്തിലേക്കു് ആകൃഷ്ടനാകുന്നതു് ആ സമയത്താണു്. അതു രാഷ്ട്രീയത്തിലും സാഹിത്യത്തിലും നാടകത്തിലും സിനിമയിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കുന്ന കാലമായിരുന്നു. റാഡിക്കൽ രാഷ്ട്രീയത്തിന്റെ സ്വാധീനം എല്ലാറ്റിലുമുണ്ടായിരുന്നു. ഞാനും സ്വാഭാവികമായി ഇതൊക്കെയായി ബന്ധപ്പെട്ടിരുന്നു. ഞാൻ ഒരു കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്നു രാഷ്ട്രീയത്തെയും കലയെയും ഒക്കെക്കുറിച്ചു ധാരാളം ഗൌരവപൂർണമായ ചർച്ചകൾ ഉണ്ടായിരുന്നു; ഒരു കൂട്ടം സ്വപ്നങ്ങളുടെ കാലമായിരുന്നു അതു്; യാഥാർഥ്യവുമായി വലിയബന്ധമൊന്നുമില്ലാത്ത കുറേ സ്വപ്നങ്ങൾ. പക്ഷേ, ഉപരോധത്തെക്കുറിച്ചു് ചില കാഴ്ചപ്പാടുകൾ അതു് വികസിപ്പിച്ചു. ഭരണകൂടത്തെയും മുതലാളിത്തത്തെയും മറ്റു സ്ഥാപനങ്ങളെയും മനസ്സിലാക്കാനുള്ള താത്വിക ഉപകരണങ്ങൾ നൽകി. അതിനപ്പുറത്തു് അതു് വെറും യുടോപ്യയായിരുന്നു. പലപ്പോഴും യാന്ത്രിക മാർക്സിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയ അന്നത്തെ ചിന്തകൾ ജാതി, ലിംഗം തുടങ്ങിയ പ്രശ്നങ്ങൾ ഒരിക്കലും കണ്ടതുമില്ല.
ചോദ്യം:
സിനിമയെ ഗൌരവപൂർവ്വം സമീപിക്കുന്നതു് അക്കാലത്താണോ?
ശശി:
സിനിമകാണലാണു് എന്റെ രാഷ്ട്രീയധാരണകളെ കൂടുതൽ സൂക്ഷ്മമാക്കിയതു്. ആദ്യം ‘മെയ്ൻ സ്ട്രീ’മിലും പിന്നീടു് ‘സെക്യുലർ ഡെമോക്രസി’ എന്ന പ്രസിദ്ധീകരണത്തിലും കാർട്ടൂൺ വരച്ചിരുന്നു. അതായിരുന്നു പ്രധാന വരുമാനമാർഗ്ഗം. അന്നു വലിയ ചിലവൊന്നുമില്ല. ആകെ 128 രൂപയാണു് ഹോസ്റ്റൽ പഠനചിലവുകൾക്കു് പ്രതിമാസം വേണ്ടിയിരുന്നതു്. 110 രൂപ സ്കോളർഷിപ്പ് ഉണ്ടായിരുന്നു. ബസ് പാസിനു അഞ്ചു രൂപ. അത്രയൊക്കെയേ ചിലവുള്ളൂ. 80 രൂപ കാർട്ടൂൺ വരച്ചുകിട്ടുമായിരുന്നു അതിൽനിന്നു് മറ്റു ചിലവുകൾ സാധ്യമാകും: സിനിമ, മറ്റു യാത്രകൾ, പുറത്തുള്ള ഭക്ഷണം, വല്ലപ്പോഴും ഒരു ബിയർ… അക്കാലത്തു് പതിനെട്ടോളം പത്രങ്ങളിൽ ഞാൻ കാർട്ടൂൺ വരച്ചിട്ടുണ്ടു്. പിന്നെ ഫിനാൻഷ്യൽ എക്സ്പ്രസിൽ ഒരു പോക്കറ്റ് കാർട്ടൂൺ എല്ലാ ദിവസവും വരയ്ക്കാൻ തുടങ്ങി, അതോടെ കുറച്ചുകൂടി വരുമാനവും ലഭിച്ചു. ദിവസവും 50 രൂപ തരുമായിരുന്നു അവർ. ഒരർത്ഥത്തിൽ വളരെ ‘റിച്ച്’ ആയ ജീവിതം അപ്പോഴേക്കും ഞങ്ങളുടെ ഗ്രൂപ്പ് പിരിഞ്ഞുതുടങ്ങിയിരുന്നു. 1980-കളുടെ തുടക്കത്തോടെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിവന്ന ഗ്രൂപ്പുകൾ വഴിമാറി സഞ്ചരിച്ചുതുടങ്ങിയിരുന്നു. എം. എൽ. തുടങ്ങിയ പാർട്ടികളിൽ വിഭജനം സംഭവിച്ചു. രാഷ്ട്രീയത്തെക്കാൾ സാംസ്കാരികരംഗത്തിനുവന്ന പ്രാധാന്യം പലരെയും അസ്വസ്ഥപ്പെടുത്തി. ഒരുപാടു ചെറുപ്പക്കാർ അന്നു നിരാശയിൽ വീണു: ചിലർ ആത്മഹത്യ ചെയ്തു, ചിലർ ലഹരിയിലേക്കു സഞ്ചരിച്ചു. സാസ്കാരികരംഗത്തു് സജീവമായവർക്കു് കുറച്ചുകൂടി ഫലപ്രദമായി തുടരാൻ കഴിഞ്ഞു. എനിക്കു കാർട്ടൂൺ വര ഉണ്ടായിരുന്നതിനാൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. 1981-82-ൽ ബോംബേയിൽ ഞാൻ “ഫ്രീപ്രസ് ജേർണലി ”ൽ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്ന സമയമായിരുന്നു അതു്. അപ്പോഴാണു് ഞാൻ ആനന്ദ് പട്വർധന്റെ യും തപൻ ബോസിന്റെ യും ഡോക്യുമെന്ററികൾ ‘പ്രിസണേഴ്സ് ഓഫ് കോൺഷ്യൻ’സും (പ്രിസണേഴ്സ് ഓഫ് കോൺഷ്യൻ)‘ആൻ ഇന്ത്യൻ സ്റ്റോറി’യും മറ്റും കാണുന്നതു്. ഈ രണ്ടു ചിത്രങ്ങൾ എന്നെ ആഴത്തിൽ സ്വാധീനിച്ചു, അതുവരെ ഞാൻ കണ്ടു ശീലിച്ചിരുന്ന ഫിലിംസ് ഡിവിഷൻ ചിത്രങ്ങളിൽനിന്നു് തികച്ചും വ്യത്യസ്തമായിരുന്നു ഇവ. ഫിലിംസ് ഡിവിഷനിൽ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത സുഖ്ദേവ്, പ്രമോദ് പതി തുടങ്ങിയവരുടെ ചിത്രങ്ങൾ പിന്നെയാണു് ഞാൻ കാണുന്നതു്. ആനന്ദിന്റെയും തപൻ ബോസിന്റെയും ചിത്രങ്ങൾ കണ്ടതോടെ എനിക്കു് എന്റെ വഴി ഇതാണു് എന്നു് ബോധ്യപ്പെട്ടു. ദിവസവും രാഷ്ട്രീയ കാർട്ടൂൺ വരയ്ക്കുക എന്ന ജോലി എനിക്കു് വളരെ യാന്ത്രികമായി അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. രാവിലെ പത്രം തുറന്നു് എന്റെ കാർട്ടൂൺ ആദ്യപേജിൽ കാണുമ്പോൾ എനിക്കു ഒരു ചെറിയ കിക്ക് കിട്ടും അതു കഴിഞ്ഞാൽ ഒന്നുമില്ല. അപ്പോഴേക്കും ചുറ്റുമുണ്ടായിരുന്ന ഗ്രൂപ്പും പിരിഞ്ഞുപോയതോടെ ഞാൻ ഒരുതരം ഡിപ്രഷനിലേക്കു വീഴുകയായിരുന്നു. രാവിലെത്തന്നെ അന്നത്തെ രാഷ്ട്രീയവാർത്തകൾ വായിക്കുന്നു, ഓഫീസിലെത്തുമ്പോഴേക്കും ഒന്നുരണ്ടു കാർട്ടൂൺ ആശയങ്ങൾ മനസ്സിലുണ്ടാകും; അതവിടെച്ചെന്നു് വരയ്ക്കുന്നു, അതോടെ എന്റെ ജോലിതീർന്നു. പിന്നെ പുറത്തിറങ്ങി സുഹൃത്തുക്കളെ കാണുന്നു, അവരുമായുള്ള ചർച്ചകൾ, സിനിമ, പാട്ടു് അല്ലെങ്കിൽ ഏതെങ്കിലും സമരത്തിലോ പ്രകടനത്തിലോ പങ്കെടുക്കുന്നു, രാത്രി പിന്നെയും ചർച്ചകൾ സുഹൃദ്സംഗമങ്ങൾ. അങ്ങനെ പോവുകയായിരുന്നു അവിടത്തെ ജീവിതം. ആവർത്തന വിരസമായിത്തുടങ്ങിയിരുന്നു ജോലിയും. വരച്ചുവരച്ചു് ഏതൊരു രാഷ്ട്രീയ നേതാവിനെയും ഉറക്കത്തിലും വരക്കാം എന്ന അവസ്ഥ. രാഷ്ട്രീയത്തിൽ സ്വാധീനവും ശക്തിയുമുള്ളവരെ കാർട്ടൂണിലൂടെ ദിവസവും കളിയാക്കുക, എന്നാൽ രാത്രിയിലെ ചർച്ചകൾക്കു് അവിടെ സംസാരിക്കുന്ന കാര്യങ്ങൾക്കു് ഇതുമായൊന്നും യാതൊരു ബന്ധവുമില്ലതാനും. അങ്ങിനെ രണ്ടു ട്രാക്കുകളായി ജീവിതം നീങ്ങുകയായിരുന്നു. ഈ വൈരുദ്ധ്യം എന്നിൽ സംഘർഷം സൃഷ്ടിച്ചു. ഡോക്യുമെന്ററി എന്ന വഴി ഇതുരണ്ടിനെയും ബന്ധിപ്പിക്കും എന്നു് എനിക്കു തോന്നി, അതോടെ ജോലി വിടാനും സിനിമയിലേക്കു് തിരിയാനും തീരുമാനമെടുത്തു. അപ്പോഴേക്കും കറന്റ്-ബ്ലിറ്റ്സ് വാരികയിൽനിന്നു് എനിക്കു് ഒരു നല്ല ഓഫറും വന്നു. പക്ഷേ, ആരോഗ്യപ്രശ്നമുണ്ടായിരുന്നതിനാൽ ഞാൻ നാട്ടിലേക്കു വന്നു.
ചോദ്യം:
ആദ്യകാല സിനിമാനിർമ്മാണ ശ്രമങ്ങൾ അക്കാലത്താണല്ലോ തുടങ്ങിയതു്. അതിന്നുള്ള സാഹചര്യങ്ങളെന്തായിരുന്നു?
ശശി:
ആ സമയത്തു് തൃശൂരിൽ വെച്ചാണു് പലരുമായും രാഷ്ട്രീയചർച്ചകളിൽ ഏർപ്പെടുന്നതും സിനിമകൾ കാണാൻ തുടങ്ങുന്നതും. അന്നു് ഒരു 8 എം. എം. ക്യാമറ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ കയ്യിലുണ്ടായിരുന്നു. പ്രൊജക്റ്ററും സ്പ്ലൈസറും ഉണ്ടായിരുന്നു. പഴയ മോഡൽ ക്യാമറയായിരുന്നു അതു്; 16 ഫ്രെയിംസ് പെർ സെക്കൻഡ് സ്പീഡുള്ളതു്, ബ്ലാക് ആന്റ് വൈറ്റ് ഫിലിം, സൌണ്ട് ട്രാക്കില്ല, നെഗറ്റീവില്ല, നേരിട്ടു് പോസിറ്റീവ് എടുക്കാം. 1950-കളിലൊക്കെ പലരും കല്യാണമൊക്കെ ഷൂട്ട് ചെയ്യാൻ അതുപയോഗിച്ചിരുന്നു. അങ്ങിനെ ശാസ്ത്രസാഹിത്യപരിഷത്തിനെക്കുറിച്ചു് ഒരു ഡോക്യുമെന്ററി എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. സൈലന്റ് വാലി സമരമൊക്കെ കഴിഞ്ഞ സമയം. വികസനത്തെയും പരിസ്ഥിതിയെയുമൊക്കെക്കുറിച്ചു് പരിഷതു് വളരെ ശക്തമായ നിലപാടുകൾ എടുത്തിരുന്ന സമയം. ഡാമുകളെക്കുറിച്ചായിരുന്നു അതു്. ആ ഗ്രൂപ്പിൽ മോഹൻ കുമാറൊക്കെ ഉണ്ടായിരുന്നു. കോളേജുകൾ, മറ്റു ഗ്രൂപ്പുകൾ അങ്ങിനെ പലയിടത്തുനിന്നും വാങ്ങിയ ചെറിയ സംഭാവനകളാണു് മൂലധനം. അഞ്ചു പൈസ പത്തു പൈസ തുടങ്ങി ഒരു രൂപ അഞ്ചുരൂപ വരെ എന്തും. മോഹൻ കുമാർ തന്റെ യൂണിയൻ ബന്ധങ്ങളുപയോഗിച്ചു് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു് സംഭാവനകൾ വാങ്ങി. ഗോപി കേരളവർമ്മ കോളേജിൽനിന്നു് പിരിച്ചു. അങ്ങിനെ മൂന്നു ദിവസം കൊണ്ടു് ഞങ്ങൾ 2000 രൂപ പിരിച്ചെടുത്തു. അങ്ങിനെ ജോണൊ ക്കെ പരീക്ഷിക്കുന്നതിനുമുമ്പു് ജനങ്ങളിൽനിന്നു് പിരിച്ചെടുത്തു് ഞങ്ങൾ സിനിമയുണ്ടാക്കി. ഞങ്ങൾ തന്നെ എഡിറ്റ് ചെയ്തു, സംഗീതം നൽകി, സിങ്ക് സൌണ്ട് ഒന്നുമില്ല, ടേപ് റെക്കോർഡർ ഒരുവശത്തു് പ്ലേ ചെയ്തു് മിക്സ് ചെയ്തു. അതു പൂർത്തിയാക്കിയപ്പോൾ എനിക്കും സിനിമയുണ്ടാക്കാൻ കഴിയും എന്ന ആത്മവിശ്വാസം തോന്നി ഈ സിനിമ പരിഷത്തിന്റെ മീറ്റിങിൽ കാണിക്കുകയുണ്ടായി. അന്നു തന്നെ ആ സാങ്കേതികവിദ്യ കാലഹരണപ്പെട്ടിരുന്നു. പരിഷത്തിന്റെ ജാഥയൊക്കെ പോകുന്നതു് പ്രത്യേക സ്പീഡിലായിരുന്നു. ഏകദേശം പത്തുമിനിറ്റിൽ താഴെയായിരുന്നു ദൈർഘ്യം. പിന്നെ ബാബുരാജും സതീശുമൊക്കെ ചേർന്നു് അഗസ്ത്യവനത്തെക്കുറിച്ചൂള്ള ഒരു ഡോക്യുമെന്ററി പ്ലാൻ ചെയ്തു. 16 എം. എം. ആയിരുന്നു, പത്തുദിവസത്തെ ഷൂട്ട്. അന്നു് ഫിലിമിനൊക്കെ നല്ല വിലയായിരുന്നു, ഷൂട്ട് തീർന്നതോടെ കയ്യിലുള്ള പൈസയും തീർന്നു, ആ പ്രോജക്റ്റ് അവിടെ നിന്നു. ആ സമയത്തു് ഡൽഹിയിലെ സെന്റിറ്റ് എന്ന സംഘടന എന്നെ വിളിച്ചു, അവർക്കു് ദൂർദർശനുമായി ബന്ധപ്പെട്ടു് ഒരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. അതു് ചെയ്യാമോ എന്നു് ചോദിച്ചു, ഞാൻ തയ്യാറാണെന്നു് പറഞ്ഞു. അങ്ങിനെ 1984-ലാണു് ആദ്യത്തെ ‘പ്രോപ്പർ’ സിനിമ ചെയ്യുന്നതു്. ‘സയൻസ് ടു പീപ്പിൾ’ എന്ന പേരിലുള്ള ആ ചിത്രം പരിഷത്തിനെക്കുറിച്ചുള്ള ആദ്യ ചിത്രമാണു്. അതു് വളരെ വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു, പ്രത്യേകിച്ചും ശാസ്ത്രപ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി/ശാസ്ത്രപ്രവർത്തകരുടെയും മറ്റും ഇടയിൽ അതു് ചർച്ച ചെയ്യപ്പെട്ടു, അവരതുവരെ ഇത്തരം ഡോക്യുമെന്റേഷനെകുറിച്ചു് ഗൌരവമായി ആലോചിച്ചിരുന്നില്ല. സിനിമയ്ക്കു് അവരുടെ പ്രസ്ഥാനത്തെ സഹായിക്കാൻ കഴിയുമെന്നു് അവർ ചിന്തിച്ചിരുന്നില്ല. അതൊരുപരിധി വരെ മനസ്സിലാക്കിയ ഒരാളായിരുന്നു ശങ്കർഗുഹ നിയോഗി യെ പോലുള്ളവർ. അദ്ദേഹവുമായി എനിക്കു് ബന്ധമുണ്ടായിരുന്നു, അവരുടെ മൂവ്മെന്റിനുവേണ്ടി ഞാൻ കാർട്ടൂണും പോസ്റ്ററുമൊക്കെ ചെയ്തിരുന്നു. അവർക്കു് ആശുപത്രിയൊക്കെയുണ്ടായിരുന്നു അവിടുത്തെ ജീവനക്കാർ ഒരു മാസം ഒരു രൂപവീതം ഇരുപത്തി അയ്യായിരം പേർ സംഭാവന ചെയ്തു ഒരു ചിത്രമുണ്ടാക്കാനായിരുന്നു പദ്ധതി. ആദിവാസികളുടെ സമരചരിത്രത്തെക്കുറിച്ചുള്ള, അവരുടെ ഇടയിൽ തന്നെ കാണിക്കാനും മറ്റുമായി ഒരു ചിത്രം എന്നതായിരുന്നു ഉദ്ദേശം. 25000 രൂപയ്ക്കു് ഒരു ബ്ലാക് ആന്റ് വൈറ്റ് സിനിമ. നിയോഗിക്കു് ആശയം വളരെ ഇഷ്ടപ്പെട്ടു, പക്ഷേ, യൂണിയൻ ചർച്ച ചെയ്തപ്പോൾ അവർക്കു് അതത്ര ബോധ്യമായില്ല, 25000 രൂപയ്ക്കു് സിനിമയെക്കാൾ അടിയന്തര സ്വഭാവമുള്ള മറ്റുപലതും ചെയ്യാം എന്നു് അവർക്കു് തോന്നി. സിനിമയ്ക്കു് മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നവർക്കു് തോന്നിയില്ല. ഇപ്പോൾ അത്തരം നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടു്. അങ്ങനെ അതു് നടന്നില്ല. പരിഷത്തിനെക്കുറിച്ചുള്ള ചിത്രം ദൂർദർശൻ പ്രക്ഷേപണം ചെയ്തു, പല ഗ്രൂപ്പുകളും കാണിച്ചു ചർച്ച ചെയ്തു. യുമാറ്റിക് ലോബാൻഡി ലായിരുന്നു ആ വീഡിയോ ചിത്രം. വി. എച്. എസ്. കോപ്പികളാണു് പ്രദർശനത്തിനു് ഉപയോഗിച്ചതു്.
images/venkiti-kpsasi-01.jpg
ഫോട്ടോ: എ. ജെ. ജോജി.
ചോദ്യം:
പിന്നെ നിർമ്മിച്ച ഡോക്യുമെന്ററികൾ?
ശശി:
അതിനുശേഷം 1985-ൽ മത്സ്യത്തൊഴിലാളികളെക്കുറിച്ചു് ഒരു ഡോക്യുമെന്ററി ചെയ്തു, ട്രോളർ വിരുദ്ധ സമരത്തിൽ ഏർപ്പെട്ടിരുന്ന പ്രസ്ഥാനത്തിനു വേണ്ടിത്തന്നെ. അതു വലിയ രീതിയിൽ പ്രസ്ഥാനത്തെ സഹായിച്ചു; അതിനെത്തുടർന്നാണു് ട്രോളർ നിയന്ത്രണമൊക്കെ വന്നതു്. ആ സിനിമ വഴി ദേശീയവും അന്തർദ്ദേശീയവുമായ ഐക്യദാർഢ്യം നേടാനും കഴിഞ്ഞു. അതിനുശേഷമാണു് ന്യൂക്ലിയർ പ്ലാന്റുകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്തതു്, 1986-ൽ. ആദ്യമായി റേഡിയേഷൻ ക്യാൻസറിനു കാരണമാകും എന്നു് പറഞ്ഞ ചിത്രമായിരുന്നു അതു്. അന്നു് ന്യൂക്ലിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഇവിടെ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പ്രഫുൽ ബിദ്വായ്, ഗിരിധർ ശർമ്മ തുടങ്ങിയവർ മാത്രം. അപ്പോഴാണു് പി. ടി. ഭാസ്കരപ്പണിക്കരു ടെ തോറിയം ഉല്പാദനത്തെക്കുറിച്ചുള്ള പഠനം വരുന്നതു്, തിരുവനന്തപുരത്തു് ഒരു ഗ്രൂപ്പ് രൂപം കൊണ്ടു, സുരേന്ദ്രനാഥ്, ശർമ്മാജി തുടങ്ങിയവരുടെ മുൻ കൈയിൽ. ഈ ചിത്രം സി അച്യുതമേനോനെ കാണിക്കുകയുണ്ടായി, കണ്ടതിനുശേഷം അദ്ദേഹം വളരെ പ്രസക്തമായ കുറച്ചു ചോദ്യങ്ങൾ ഞങ്ങളോടു് ചോദിച്ചു. അതിനുശേഷം അദ്ദേഹം വളരെ ശക്തമായ ഒരു നിലപാടു് ഇക്കാര്യത്തിൽ സ്വീകരിക്കയും ചെയ്തു. അതുപോലെ പവനനും ചിത്രം കണ്ടതിനുശേഷം ശക്തമായ ന്യൂക്ലിയർ വിരുദ്ധ നിലപാടു് സ്വീകരിച്ചു. അതുവരെ ന്യൂക്ലിയർ ഊർജ്ജം പ്രശ്നമല്ലെന്നും ആവശ്യമാണെന്നും കരുതിയ പലരും അക്കാലത്തു് നിലപാടുകൾ മാറ്റി. ഭാസ്കരപ്പണിക്കരുമായുള്ള ഒരു ചർച്ചയാണു് ആ ചിത്രം നിർമ്മിക്കാനുള്ള പ്രേരണ. ഡൽഹിയിലും ബാംഗളൂരിലുമുള്ള ഗ്രൂപ്പുകൾ ഞങ്ങളെ ഈ ദൌത്യത്തിൽ സഹായിച്ചു. പിന്നെയാണു് ഔഷധങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്തതു്. ‘ഇൻ ദ നെയ്ം ഓഫ് മെഡിസിൻ’. ഔഷധവ്യവസായത്തെക്കുറിച്ചുള്ള ആദ്യത്തെ വിമർശനാത്മകമായ ഡോക്യുമെന്ററിയാണതു്. നർമ്മദയെക്കുറിച്ചു് 1988-ലാണു് ചിത്രം നിർമ്മിച്ചതു്. അതും നർമ്മദാസമരത്തെക്കുറിച്ചുള്ള ആദ്യത്തെ സിനിമയായിരുന്നു, പിന്നീടു് പലരും ആ വിഷയത്തെ പ്രമേയമാക്കുകയുണ്ടായി. ആ സമരത്തിൽ ഞങ്ങൾ സജീവപങ്കാളികളുമായിരുന്നു. സിനിമയും ആക്ടിവിസവും ചേർന്നുള്ള ഒരു പ്രവർത്തനമായിരുന്നു അന്നത്തേതു്. പിന്നെയാണു് ആദ്യത്തെ കഥാചിത്രം ‘ഇലയും മുള്ളും’(1994) ചെയ്തതു്. തുടർന്നും അനവധി ഡോക്യുമെന്ററികളും ‘ഏക് അലഗ് മൌസം’ (2003/ഹിന്ദി) എന്ന കഥാചിത്രവും സംവിധാനം ചെയ്തു. ഈ ഡോക്യുമെന്ററികൾ ചെയ്യുന്നതിന്റെ ഇടയിൽ ഇന്ത്യയിലൊട്ടാകെ സഞ്ചരിക്കുകയും വിവിധ ജനകീയസമരങ്ങളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടുകയും ചെയ്തു. സിനിമവഴിയും അല്ലാതെയും. സിനിമയും ആക്ടിവിസവും ഒരുമിക്കുക എന്നതു് എളുപ്പമല്ല, അതു് പലപ്പോഴും നമ്മെ സംഘർഷത്തിലാക്കുകയും ചെയ്യും.
ചോദ്യം:
ഇന്നത്തെ ഡിജിറ്റൽ കാലത്തു് സിനിമാനിർമ്മാണവും പൊളിറ്റിക്കൽ ആക്ടിവിസവുമായി ബന്ധിപ്പിക്കുക എന്നതു് കുറച്ചുകൂടി സുഗമമായി മാറിയിട്ടില്ലേ? സാങ്കേതികവിദ്യ വളരെയധികം ലളിതവും സാമ്പത്തിക ബാധ്യത കുറഞ്ഞതുമായതും, ലോകത്തെമ്പാടും നിന്നുള്ള വിവരങ്ങൾ/ദൃശ്യങ്ങൾ/ആർക്കൈവ് രേഖകൾ എല്ലാം ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന ഒരു കാലത്തു് ഡോക്യുമെന്ററി സിനിമാനിർമ്മാണം കുറച്ചുകൂടി എളുപ്പമല്ലേ?
ശശി:
അതിൽ രണ്ടു ഘടകങ്ങളുണ്ടു്; തീർച്ചയായും ക്യാമറ എഡിറ്റിങ് തുടങ്ങിയ സാങ്കേതികജോലികൾ സൌകര്യങ്ങൾ എന്നിവ കൂടുതൽ എളുപ്പമായി. പക്ഷേ, അതോടൊപ്പം തന്നെ ഇന്നു ഡോക്യുമെന്ററി സംവിധായകന്റെ ക്യാൻവാസ് വളരെ വിപുലമാണു്. ഇന്നു് എനിക്കു് 2000 രൂപയ്ക്കോ രണ്ടു ലക്ഷം രൂപയ്ക്കോ സിനിമയുണ്ടാക്കാൻ കഴിയില്ല. എനിക്കു് തോന്നുന്നതു് സിനിമ ഉണ്ടാക്കൽ തന്നെ ഒരു സ്ട്രഗിൾ ആയിത്തീരുമ്പോൾ ആ മാധ്യമവുമായുള്ള നിങ്ങളുടെ ബന്ധം വ്യത്യസ്തമാണു്: നിങ്ങൾ വളരെ ഫോക്കസ്ഡ് ആയിരിക്കും, ഫിലിം സ്റ്റോക്ക് വിലപിടിച്ച ഒന്നായതിനാൽതന്നെ അങ്ങേയറ്റം ശ്രദ്ധയോടെയേ നിങ്ങൾ ഷൂട്ട് ചെയ്യുകയുള്ളൂ. നിങ്ങൾക്കു് ധനമോ സമയമോ ഊർജ്ജമോ പാഴാക്കാനാവില്ല. ഉദാഹരണത്തിനു്, ‘ഇൻ ദ് നെയ്ം ഓഫ് മെഡിസിൻ’ ഞാൻ എടുത്തതു് അഞ്ചു ദിവസം കൊണ്ടായിരുന്നു. പരിഷത്തിനെക്കുറിച്ചുള്ള സിനിമയും അഞ്ചുദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. അഞ്ചു ജില്ലകളിലായിട്ടാണു് അതു് ഷൂട്ട് ചെയ്തതു്. രാത്രി മുഴുവൻ യാത്ര, പകൽ മുഴുവൻ ഷൂട്ടിങും ആയിരുന്നു. ഇതിനിടയിൽ ഒരു നിമിഷം പോലും പാഴാക്കാനാവില്ല. ഇന്നു് എനിക്കങ്ങനെ ചെയ്യാനാവില്ല. ബോംബേയിൽ പീക് സമയത്തു് ട്രെയിനിൽ ക്യാമറയുമായി കയറി ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ടു്. പക്ഷേ, ഇന്നെനിക്കു് അതു സാധ്യമല്ല. ആ ശ്രദ്ധ നിങ്ങൾ ക്യാമറാ വർക്ക് ശ്രദ്ധിച്ചാൽ വ്യക്തമാകും. ഉദാഹരണത്തിനു് ഗുരുദത്തിന്റെ ചിത്രത്തിൽ മൂർത്തി യുടെ വർക്കു് നോക്കുക. അന്നു് 400 എ. എസ്. എ. 1000 എ. എസ്. എ. ഒന്നുമില്ല. അന്നു് ഒരു പക്ഷേ, 50 അല്ലെങ്കിൽ 100 എ. എസ്. എ. മാത്രമേയുള്ളൂ. വെളിച്ചം അന്നു് അങ്ങേയറ്റം പ്രശ്നമായിരുന്നു, അതുകൊണ്ടു തന്നെ അന്നു് ലൈറ്റിങിനെക്കുറിച്ചു് അതിസൂക്ഷ്മമായ ഗ്രാഹ്യമില്ലാത്ത ഒരാൾക്കു് ക്യാമറാമാൻ ആകാൻ കഴിയില്ല, ഇന്നു നിങ്ങൾക്കു് അത്തരം പ്രശ്നങ്ങളൊന്നുമില്ല, മൊബൈൽ ഫോണിൽ പോലും സിനിമ ഷൂട്ട് ചെയ്യാനാകും. അന്നു് സാങ്കേതികവിദ്യ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, ഛായാഗ്രാഹകൻ തികഞ്ഞ സാങ്കേതികജ്ഞാനമുള്ളയാൾ ആയിരിക്കണമായിരുന്നു. ഇന്നതിന്റെ ആവശ്യമില്ല, ആർക്കും ഷൂട്ട് ചെയ്യാം. അതുകൊണ്ടുതന്നെ അത്തരം ഛായാഗ്രാഹകരെ ഇന്നു് വ്യവസായം ഉല്പാദിപ്പിക്കുന്നില്ല, അതു് ആവശ്യപ്പെടുന്നുമില്ല. അന്നത്തെ ചിത്രങ്ങൾ നോക്കിയാൽ തന്നെ അവർക്കു് വെളിച്ചത്തെക്കുറിച്ചുള്ള അറിവും ശ്രദ്ധയും സൂക്ഷ്മതയും നമുക്കു് മനസിലാകും. ഇന്നു് 1000 എ. എസ്. എ. ഒക്കെ ഉള്ള കാലത്തു് ഒരു മെഴുകുതിരി വെളിച്ചത്തിലും നിങ്ങൾ ഷൂട്ട് ചെയ്യാം. ആദ്യം വീഡിയോ പിന്നെ ഡിജിറ്റൽ കൂടി വന്നപ്പോൾ അത്തരം കാര്യങ്ങൾ വളരെ എളുപ്പമായിത്തീർന്നു. സാങ്കേതികവിദ്യ ഒരു വെല്ലുവിളി അല്ലാതെയായിരിക്കുന്നു; നിങ്ങൾക്കു് ഇന്നു് എത്ര വേണമെങ്കിലും ഷൂട്ട് ചെയ്യാം. അന്നിതെല്ലാം വളരെ കാശുചിലവുള്ള കാര്യങ്ങളായിരുന്നു. ഒരു സംവിധായകന്റെയോ സാങ്കേതികവിദഗ്ദ്ധന്റെയോ മുന്നിൽ വെല്ലുവിളികൾ ഇല്ലാതെയാകുമ്പോൾ, സ്ട്രഗിൾ ഇല്ലാതാവുമ്പോൾ, എല്ലാം സുഗമമായിത്തീരുമ്പോൾ, മാധ്യമത്തിലുള്ള ശ്രദ്ധ കുറയുന്നു. ഒപ്പം ആക്ടിവിസത്തോടുള്ള നിലപാടുകളും മാറി. ഇപ്റ്റ, കെ. പി. എ. സി. പോലുള്ള സംഘടനകളിലൂടെ വന്ന പല കലാകാരന്മാരും സാങ്കേതികവിദഗ്ദ്ധരും പിന്നീടു് മുഖ്യധാരാസിനിമയുടെ ഭാഗമായി—ഹിന്ദിയിലും മലയാളത്തിലും അതു് സംഭവിച്ചിട്ടുണ്ടു്. കലയെക്കുറിച്ചുള്ള അന്നത്തെ ചർച്ചകളും വ്യത്യസ്തമായിരുന്നു. ‘സാമൂഹ്യമാറ്റത്തിനു കല’, ‘കലയ്ക്കു വേണ്ടി കല’ തുടങ്ങിയ തർക്കങ്ങളായിരുന്നു അന്നുണ്ടായിരുന്നതു്. ഞാൻ ഇതു രണ്ടിലും വിശ്വസിക്കുന്നില്ല, എനിക്കു് കല പ്രേക്ഷകരുമായുള്ള സംവേദനമാണു്. അതു് കലാകാരനും മാധ്യമവും പ്രേക്ഷകരും തമ്മിലുള്ള ഒരു മുഖാമുഖമാണു്. അതെന്തായിരിക്കണം എന്നു പുറത്തുനിന്നുള്ളവർ പറയുന്ന, നിർദ്ദേശിക്കുന്ന ഒരു രീതിയോടു് എനിക്കു് യോജിപ്പില്ല. കല നേരിട്ടു് ഒരു സാമൂഹ്യമാറ്റവും ഉണ്ടാക്കുന്നുണ്ടാവില്ല പക്ഷേ, കല മനുഷ്യനെ സ്പർശിക്കുന്നു, അഗാധമായി സ്വാധീനിക്കുന്നു, നിങ്ങളുടെ ആത്മാവിനെ ഉണർത്തുന്നു, ഉയർത്തുന്നു… അങ്ങനെ അതു ചെയ്യുന്നുണ്ടു് എങ്കിൽ കല അതിന്റെ ധർമ്മം നിർവഹിക്കുന്നുണ്ടു് എന്നു് എനിക്കു തോന്നുന്നു. ഇതു തിരിച്ചറിയാൻ കഴിയാതെ അന്നത്തെ തർക്കങ്ങൾ യാന്ത്രികവും വരണ്ടതുമായി മാറി. എല്ലാം ജാർഗണുകൾ ആയി മാറി. അതു മാറ്റിയതു് ഡോക്യുമെന്ററികളാണു്, അപൂർവ്വം ചില കഥാചിത്രങ്ങളും ഉണ്ടായിരുന്നു. ഗുജറാത്തിലോ, കാശ്മീരിലോ പോയി എഴുതുന്ന ഒരു എഴുത്തുകാരൻ ചെയ്യുന്നതു് അയാളുടെ കാഴ്ചപ്പാടിലൂടെ പ്രശ്നത്തെ അവതരിപ്പിക്കുക എന്നതാണു്. നേരെമറിച്ചു് ഡോക്യുമെന്ററിയാണെങ്കിൽ അവിടെ അവിടത്തെ മനുഷ്യർ നിങ്ങളോടു നേരിട്ടു സംസാരിക്കുകയാണു്. അതു് നിങ്ങളുടെ ഭാഷ്യമല്ല, നിങ്ങൾ ഇരകൾക്കായി ഒരു വേദിയൊരുക്കുകയാണു്, മണിപ്പൂരിലെയും ഗുജറാത്തിലെയും നർമ്മദയിലേയും കശ്മീരിലെയും മനുഷ്യർക്കു് കേരളത്തിലോ മറ്റിടങ്ങളിലോ ഉള്ള മനുഷ്യരുമായി നേരിട്ടു സംവദിക്കാൻ ഒരു വേദിയൊരുക്കുകയാണു് ഡോക്യുമെന്ററികൾ. അതിൽ ഇടനിലകളില്ല; തീർച്ചയായും അവിടെയും സവിധായകന്റെ നിലപാടുകളുണ്ടു്, പക്ഷേ, മനുഷ്യർ നേരിട്ടു സംസാരിക്കുന്നുണ്ടു് ഇവിടെ. നർമ്മദയിലോ കശ്മീരിലോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ ഉള്ള മനുഷ്യർക്കു് അവരുടെ കഥ പറയാൻ കേരളത്തിലേക്കു് സഞ്ചരിക്കേണ്ടതില്ല, അവർ പറഞ്ഞതു് വേറൊരാളുടെ വാക്കുകൾ വഴിയുമല്ല അതു് നമ്മിലേക്കെത്തുന്നതു്, മറിച്ചു് നേരിട്ടാണു്. ആ സാധ്യത തുറന്നുതന്നതു് ഡോക്യുമെന്ററികളാണു്. ആശയങ്ങൾ കൂടുതൽ ആൾക്കാരിലേക്കെത്താനും പ്രതിരോധ രാഷ്ട്രീയത്തെ അങ്ങനെ ശക്തിപ്പെടുത്താനും ഈ മാധ്യമം സഹായിക്കുന്നു. മുമ്പു് ആനന്ദ് പട്വർദ്ധൻ തപൻ ബോസ് തുടങ്ങിയവർ മാത്രമാണു് ഈ രംഗത്തുണ്ടായിരുന്നതു്; പിന്നീടു് ഒരുപാടു പേർ ഈ രംഗത്തേക്കു കടന്നുവന്നു. അതിൽ പലരും ആക്ടിവിസ്റ്റുകളായിരുന്നില്ല, പക്ഷേ, സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചു ചിത്രങ്ങൾ നിർമ്മിക്കുന്ന ചലച്ചിത്രകാരന്മാരാണു്. വളരെ പരീക്ഷണാത്മകവും മിശ്രിതവും ബഹുസ്വരവുമായ ഒരവസ്ഥയാണു് ഇന്നു് ഇന്ത്യൻ ഡൊക്യുമെന്ററി രംഗത്തിനുള്ളതു്. ഉദാഹരണത്തിനു് ഫിലിംസ് ഡിവിഷന്റെ സുഖ്ദേവിനെ എടുക്കുക, അദ്ദേഹത്തിനു് കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു തപൻ ബോസ്. അദ്ദേഹം ആദ്യം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീടു് എം. എൽ. മറ്റു പ്രതിരോധപ്രസ്ഥാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു് പാർട്ടിഘടനകൾക്കുപുറത്തു പ്രവർത്തിക്കുന്ന ഒരു ചലച്ചിത്രകാരനായിരുന്നു. മേഘ്നാഥ് തപന്റെ ശിഷ്യനാണു്. അദ്ദേഹം സിനിമകൾ നിർമ്മിച്ചു, ബിജു തൊപ്പോ മേഘ്നാഥിന്റെ ശിഷ്യനാണു്. അപ്പോൾ സുഖ്ദേവ് മുതൽ ബിജു വരെ നീളുന്ന നിര നോക്കുമ്പോൾ ചിത്രം വളരെ രസകരമാണു്. സ്വന്തം ശൈലികൾ തുടരുമ്പോഴും അവർ ഒരു തുടർച്ചയുടെ ഭാഗമാണു്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാന പോലെയുള്ള ഒരു ഗുരുശിഷ്യ പരമ്പരയാണിതും. ഇത്തരം തലമുറകൾ നീളുന്ന പാരമ്പര്യത്തിന്റെ സവിശേഷത അതിലൂടെ വരുന്നവർക്കു് സിനിമാനിർമ്മാണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള അറിവ് ഉണ്ടു് എന്നുള്ളതാണു്. ആ അറിവു്/പരിശീലനം നിങ്ങൾക്കു് ഒരു ഫിലിം സ്കൂളിൽനിന്നും ലഭിക്കുകയില്ല. ഒരുതരം ഘരാനാ സംസ്കാരമാണതു്. ഒരാളുടെ ഐഡന്റിറ്റി ആ ഘരാനയുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലാതെ നിങ്ങൾക്കു് സർക്കാരിൽനിന്നു് കിട്ടിയ അവാർഡല്ല അതു് നിശ്ചയിക്കുന്നതു്. എന്റെ ചിത്രങ്ങൾക്കും ചില സംസ്ഥാന-ദേശീയസർക്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്, അതുകൊണ്ടു് മറ്റു ഗുണങ്ങളൊന്നുമില്ലെങ്കിലും അതിന്റെ കൂടെയുള്ള പണം വളരെ പ്രധാനമാണു്, അതു് കടങ്ങൾ വീട്ടാൻ സഹായകരമാണു്, അല്ലാതെ ആ കുറ്റികൾ കൊണ്ടു് എന്താണു പ്രയോജനം? എന്റെ വീട്ടിലുണ്ടായിരുന്നവയൊക്കെ ഒരു ദിവസം മുസ്തഫ എന്ന എന്റെ സുഹൃത്തു് പൊടിതട്ടി അടുക്കിവെച്ചു, പിറ്റേമാസം വാടകവാങ്ങാൻ വന്ന വീട്ടുടമസ്ഥൻ അതുകണ്ടു, എന്നോടു് എന്താണു് അവയൊക്കെ എന്നു് അന്വേഷിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ അയാൾ വളരെ ഇമ്പ്രസ്ഡ് ആയി, പിന്നീടു് അയാൾക്കു് എന്നോടു് ബഹുമാനം കൂടി. വാടകസമയത്തിന്റെ കാര്യത്തിൽ അധികം ബലം പിടിക്കാതെയായി. അത്തരം പ്രയോജനങ്ങൾ അവാർഡുകൾ കൊണ്ടു് ഉണ്ടു്, അല്ലാതെ നിങ്ങളുടെ സിനിമയെക്കുറിച്ചു് അവയൊന്നും പറയുന്നില്ല. ഇത്തരം അവാർഡുകൾ വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള അംഗീകാരങ്ങളായാണു് കണക്കാക്കപ്പെടുന്നതു്, പക്ഷേ, സിനിമ കൂട്ടായ ഒരു പ്രവർത്തനത്തിന്റെ അന്ത്യഫലമാണു്. അതുകൊണ്ടുതന്നെ ‘സ്വതന്ത്ര’സിനിമ എന്നൊന്നില്ല എപ്പോഴും സിനിമ മറ്റുള്ളവരെ ആശ്രയിച്ചിട്ടാണു് നിർമ്മിക്കപ്പെടുന്നതു്. പലതരം ആശ്രിതത്വങ്ങൾ സിനിമയിലുണ്ടു്—ഷൂട്ടിങ്, എഡിറ്റിങ്, ശബ്ദം, എല്ലാറ്റിലും. അതിലും പുറമെ കലാകാരന്മാർ, ഡൊക്യുമെന്ററിയാണെങ്കിൽ മറ്റൊരുപാടു് ബാഹ്യഘടകങ്ങളെ ആശ്രയിച്ചാണു് സിനിമ നിർമ്മിക്കപ്പെടുന്നതു്. അങ്ങിനെ നോക്കുമ്പോൾ ‘സ്വതന്ത്ര’സിനിമ എന്നൊന്നില്ല. അങ്ങിനെ വ്യക്തിപരമായ ആവിഷ്കാരമായി ഡോക്യുമെന്ററിയെ അവതരിപ്പിക്കാൻ പല ശ്രമങ്ങളും ഉണ്ടെങ്കിലും. എന്നെ സംബന്ധിച്ചിടത്തോളം ‘ഇന്റിപെന്റന്റ്’ സിനിമയില്ല്, ‘ഡിപ്പന്റന്റ്’ സിനിമയേ ഉള്ളൂ. ഒരു കൂട്ടായ്മയില്ലാതെ ഡോക്യുമെന്ററി സിനിമ സാധ്യമല്ല. ഇന്നു് കൂട്ടായ്മകൾക്കു് വലിയ രീതിയിൽ ഉലച്ചിൽ തട്ടിയിട്ടുണ്ടു് എങ്കിലും.
ചോദ്യം:
എല്ലാവരും വ്യക്തിപരമായ ഒരു സാഹസമായും നേട്ടമായും സ്വന്തം സിനിമയെക്കാണുന്ന ഒരു രീതിയിലേക്കു് ഡോക്യുമെന്ററിപോലും ചുവടുമാറിയിട്ടുണ്ടോ?
ശശി:
ഒരു പരിധിവരെ അതു സംഭവിച്ചിട്ടുണ്ടു്, പ്രത്യേകിച്ചും ആഗോളവൽക്കരണാനന്തരകാലത്തു്. മുമ്പു് ഡോക്യുമെന്ററികൾ പലപ്പോഴും ജനകീയ/പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണു് നിർമ്മിക്കപ്പെട്ടിരുന്നതു്, ഇന്നു് ആ ബന്ധം പലപ്പോഴും അത്ര ശക്തമല്ല.
images/venkiti-kpsasi-02.jpg
ഫോട്ടോ: എ. ജെ. ജോജി.
ചോദ്യം:
ഇന്നു പൊതുവെ ഡോക്യുമെന്ററി രംഗത്തു പോലും ഒരുതരം വ്യക്തിപരത കടന്നുവരുന്നതായി തോന്നിയിട്ടുണ്ടു്. സമാന്തരധാരയിലുള്ളവർ പോലും അവർ നേരിടുന്ന ഭൌതികവും രാഷ്ട്രീയവും ബൌദ്ധികവും ആയ വെല്ലുവിളികൾ ഒന്നുതന്നെയായിരിക്കെ അവർക്കിടയിൽ പോലുമുള്ള കൂട്ടായ്മാബോധം/ഊർജ്ജം കുറഞ്ഞുവന്നതായി തോന്നിയിട്ടുണ്ടു്. എല്ലാവരും വ്യക്തിപരമായ ഒരു സാഹസികപ്രയാണത്തിലേർപ്പെട്ടിരിക്കുന്നതുപോലെ.
ശശി:
‘ആർട് ’ സിനിമയുടെ കാര്യത്തിൽ പൊതുവെ അതു ശരിയായിരിക്കാം അവിടെ കച്ചവട സിനിമക്കാർക്കിടയിൽ പോലുമുള്ള സാഹോദര്യ ബോധമില്ല. പക്ഷേ, സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ഇടപഴകിയും അവയുടെ ഭാഗമായും ഡോക്യുമെന്ററികൾ നിർമ്മിക്കുന്നവരുടെ ഇടയിൽ ഇന്നും കൂട്ടായ്മകളുണ്ടു്. ഈ അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം അതിൽ വലിയ പങ്കുവഹിക്കുന്നുണ്ടു്; അവാർഡുകൾ വ്യക്തികൾക്കള്ളതാണു്. പക്ഷേ, സിനിമ ഒരു കൂട്ടായ്മയുടെ ഫലമാണു്; ഒരുപാടുപേരുടെ സർഗ്ഗാത്മകതയുടെ പരിണിത ഫലമാണു് ഓരോ സിനിമയും. അതുകൊണ്ടുതന്നെ എനിക്കു് ‘ഇൻഡിപെന്റന്റ്’ സിനിമ എന്നതിൽ വിശ്വാസമില്ല. സിനിമ അങ്ങേയറ്റം ‘ഡിപന്റന്റ്’ ആയ ഒരു മാധ്യമമാണു്. എന്റെ സിനിമ ഡിപന്റന്റ് സിനിമയാണു്; അതു് ഒട്ടേറെ മനുഷ്യരെ, സാഹചര്യങ്ങളെ, അവസ്ഥകളെ ഒക്കെ ആശ്രയിച്ചാണു് ഉണ്ടാകുന്നതു്. ഒരു ഡോക്യുമെന്ററി ഉണ്ടാകണെമെങ്കിൽ അതിന്റെ വിഷയങ്ങളാകുന്ന മനുഷ്യരുടെ വിശ്വാസം നമ്മൾ നേടിയെടുക്കണം, അല്ലാതെ ആ സിനിമ സാധ്യമല്ല. അവരുടെ വിശ്വാസം ഒരു ഡിപ്പന്റൻസി ആണു്. അത്തരം പല ആശ്രയങ്ങളിലൂടെയാണു് ഓരോ ഡോക്യുമെന്ററിസിനിമയും ഉണ്ടാകുന്നതു്, അല്ലാതെ ഒരു വ്യക്തിപ്രതിഭയുടെ സ്വച്ഛപ്രകാശനമല്ല അതു്. ഒരു പക്ഷേ, വ്യക്തിക്കു് തീരുമാനങ്ങളെടുക്കുന്നതിൽ കൂടുതൽ അധികാരം ഉണ്ടായിരിക്കാമെന്നുമാത്രം. പക്ഷേ, ആ ഗ്രൂപ്പും ടീമും വളരെ പ്രധാനമാണു് ഓരോ സിനിമയുടെയും സാങ്കേതികവും ലാവണ്യപരവും ആയ രംഗങ്ങളിലെല്ലാം തന്നെ അതു നിർണായകമാണു്. പക്ഷേ, ഇന്നു്—പ്രത്യേകിച്ചു് ആഗോളവൽക്കരണാനന്തരകാലത്തു്—അത്തരം കൂട്ടായ്മകൾക്കു് പ്രക്രിയകൾക്കു് വലിയ ശോഷണം സംഭവിച്ചിരിക്കുന്നു എന്നു് തോന്നുന്നു. സിനിമക്കാർക്കിടയിൽ ഇന്നു് ഒരു സാഹോദര്യ ബോധമില്ല.
ചോദ്യം:
ശശി ഏകദേശം മൂന്നുപതിറ്റാണ്ടുകളായി ചിത്രങ്ങൾ നിർമ്മിച്ചുകൊണ്ടേയിരിക്കുന്നുണ്ടു്. പരിഷത്തിനെയും ഔഷധങ്ങളെയും കുറിച്ചൊക്കെയുള്ള ചിത്രങ്ങൾ ചെയ്യുന്ന കാലത്തു് നിങ്ങൾക്കുണ്ടായിരുന്ന പ്രേക്ഷകർ ദൃശ്യമാധ്യമങ്ങളുടെ ഇന്നത്തേതുപോലുള്ള കുത്തൊഴുക്കിനു നടുവിലല്ല ജീവിച്ചിരുന്നതു്. ഒരു സിനിമാ ദൃശ്യത്തിനു് അന്നുണ്ടായിരുന്ന ആഘാതശേഷി പ്രേക്ഷകർക്കിടയിൽ ഇന്നുണ്ടോ? അന്നു് ദൃശ്യങ്ങളുടെ ലഭ്യത പ്രത്യേകിച്ചും ഡോക്യുമെന്ററികൾ അപൂർവ്വമായിരുന്നു. ഇന്നതല്ല സ്ഥിതി, അതുകൊണ്ടുതന്നെ ഇന്നു് സിനിമ കാണുമ്പോൾ പ്രേക്ഷക ശ്രദ്ധയുടെ ആഴം/തീവ്രത വളരെ അക്ഷമവും ചിതറിയതുമാണു്. അത്തരമൊരു കാല-അവസ്ഥയെ ഒരു ഡോക്യുമെന്ററി സംവിധായകൻ എന്ന നിലയിൽ നിങ്ങൾ എങ്ങിനെ കാണുന്നു?
ശശി:
ദൃശ്യങ്ങളുടെ മാത്രമല്ല, വാർത്തകളുടെയും വിവരങ്ങളുടെയുമെല്ലാം ആധിക്യം ഇന്നുണ്ടു്. ഞാൻ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു ‘ നിങ്ങൾ സിനിമ കാണരുതു്, കണ്ടാൽ നിങ്ങൾക്കു് സിനിമ നിർമ്മിക്കാനാവില്ല, നിങ്ങൾ എഴുത്തുകാരനാണെങ്കിൽ വായന നിർത്തുക, വായിച്ചാൽ നിങ്ങൾക്കു് എഴുതാനാവില്ല, നിങ്ങൾക്കു് ഒരു നല്ല സംഗീതജ്ഞനാകണമെന്നുണ്ടെങ്കിൽ കേൾക്കുന്നതു് നിർത്തൂ’ എന്നു്. അതു് വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ടു, അതിലെ ഹാസ്യം പലർക്കും പിടികിട്ടിയില്ല. പലരും അതു് വാച്യാർഥത്തിൽ എടുത്തു എങ്കിലും പലരും അതിനെക്കുറിച്ചു് ആശങ്ക പങ്കിട്ടു. എന്തെന്നാൽ ഇന്നു് ആർക്കും വേണ്ടാത്ത ദൃശ്യങ്ങൾ, സിനിമകൾ, വിവരങ്ങൾ എല്ലാം പലയിടത്തുനിന്നും ലഭ്യമായിരിക്കുന്ന, ആ പ്രവാഹത്തിൽനിന്നു് നിങ്ങൾക്കു് പ്രസക്തമായതു്, ആവശ്യമായതു് ചികഞ്ഞെടുക്കുക അസാധ്യമാണു്. പിന്നെ നമ്മുടെ ഏക ആശ്രയം ആരു പറയുന്നു എന്നതൊക്കെ മാത്രമാണു്. അല്ലാതെ അതുമുഴുവൻ കണ്ടിട്ടോ വായിച്ചിട്ടോ നിങ്ങൾക്കൊരു തിരഞ്ഞെടുപ്പ് ദുഃസാധ്യമാണു്. നിങ്ങൾ ഒരാളെ സുഹൃത്താക്കുമ്പോൾ അയാളുടെ മറ്റു നിലപാടുകളൊക്കെ നോക്കിയിട്ടാണു്, അല്ലെങ്കിൽ നിങ്ങൾ ഈ പ്രവാഹത്തിൽ മുങ്ങിപ്പോകാനാണിട. പക്ഷേ, സോഷ്യൽ മീഡിയ പലരീതിയിലും മുഖ്യധാരയെ ഇന്നു് സ്വാധീനിക്കുന്നുണ്ടു്, പലപ്പോഴും നയിക്കുന്നുണ്ടു് എന്നെനിക്കു തോന്നുന്നു. ഏറ്റവും നല്ല ചർച്ചകൾ ഇന്നു നടക്കുന്നതു് സാമൂഹ്യമാധ്യമങ്ങളിലാണു്, ഇന്നു് മുഖ്യധാര അവയെ പിന്തുടരുകയാണു ചെയ്യുന്നതു്. ഡോക്യുമെന്ററി/സമാന്തര സിനിമകളിൽനിന്നും മുഖ്യധാര പലതും സ്വീകരിക്കുന്നുണ്ടു്. രാഷ്ട്രീയനിലപാടുകളെ സ്വാധീനിക്കുന്നതിലും സാമൂഹ്യമാധ്യമങ്ങൾ വലിയ ഒരു പങ്കു വഹിക്കുന്നുണ്ടു്.
ചോദ്യം:
പക്ഷേ, അതു് പോസിറ്റീവ് ആയ സ്വാധീനങ്ങളാണോ?
ശശി:
നിങ്ങൾ ഒരു നല്ല ഡോക്യുമെന്ററിയാണു് ചെയ്തിട്ടുള്ളതെങ്കിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അതിനു് പ്രചാരം നൽകാനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റും ഇന്നു് അവസരങ്ങളുണ്ടു്, മുമ്പു് അതുണ്ടായിരുന്നില്ല. സമാനാശയങ്ങളുള്ള മനുഷ്യർ അതു് ഷെയർ ചെയ്യുന്നു, മറ്റുള്ളവരിലേക്കു് എത്തിക്കുന്നു. അതും വളരെ വേഗത്തിൽ. മുമ്പു് നിങ്ങൾ ഒരു വി. എച്. എസ്. കാസറ്റ് നൽകിയാൽ അതു് കൈമാറപ്പെടാനും കാണപ്പെടാനും ഒരുപാടു് സമയം വേണമായിരുന്നു, ഇന്നതു് പെട്ടെന്നു സാധ്യമാണു്. ഇന്നു് ആൾക്കാർ സിനിമയുടെ ഡിവിഡിയൊക്കെ വാങ്ങാനും പലപ്പോഴും പ്രദർശിപ്പിക്കാനുമൊക്കെ തയ്യാറാണു്. പ്രദർശിപ്പിക്കാനുള്ള ഇടങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ടു്. ചലച്ചിത്രമേളകളിൽ പോലും ഇത്തരം സിനിമകൾക്കു് ഇന്നു് ഇടമുണ്ടു്, പണ്ടു് അവയെ ‘ആർട് ’ സിനിമയായി ആരും പരിഗണിച്ചിരുന്നില്ല. മേളകളിൽ ശ്രദ്ധിക്കപ്പെടുന്നതോടെ അതിനു് പുറത്തും ശ്രദ്ധ ലഭിക്കുന്നു. പരീക്ഷണാത്മകമായ സിനിമകളുടെയും സ്ഥിതി ഇന്നു് മെച്ചപ്പെട്ടിരിക്കുന്നു. ഇന്നാരും ഇത്തരം സിനിമകളെ അവഹേളിക്കുന്നില്ല. പക്ഷേ, ആഗോളവൽക്കരണം വലിയരീതിയിൽ പൊതു അന്തരീക്ഷത്തെ സ്വാധീനിച്ചിട്ടുണ്ടു്. 1994-നു ശേഷമുള്ള കാലഘട്ടത്തിൽ മുഖ്യധാരയിൽനിന്നും രാഷ്ട്രീയ രംഗത്തുനിന്നുമുള്ള എതിർപ്പു വർദ്ധിച്ചിട്ടുണ്ടു്. സിനിമ നിർമ്മിക്കുന്നവർ പ്രാഥമികമായും മാന്ത്രികരാണു്; ലൂമിയർ സഹോദരന്മാരുടെ കാലം മുതൽതന്നെ മാന്ത്രികതയുടെ അംശം സിനിമയിലുണ്ടു്. കച്ചവടസിനിമ എന്നതു് ഈ മായികതയെ ചൂഷണം ചെയ്യുന്നവരാണു്. വലിയ കെട്ടുകാഴ്ചകൾ ഉണ്ടാക്കി അവർ കാണികളെ ആകർഷിക്കുന്നു. മനുഷ്യർ ഇവ കണ്ടുകണ്ടു് ക്രമേണ ഇതാണു് സിനിമ എന്നു് ധരിക്കാനിടയാവുന്നു. അത്തരം പ്രേക്ഷകർക്കു് ഒന്നര മണിക്കൂർ നീളമുള്ള ഒരു ഡോക്യുമെന്ററി കണ്ടിരിക്കാനാവില്ല. അവർ കണ്ണഞ്ചിക്കുന്ന കാഴ്ചകളാണു് പ്രതീക്ഷിക്കുന്നതു്. ലൂമിയറിന്റെ ആദ്യചിത്രങ്ങൾ ഒരു കഥാചിത്രമല്ല യഥാർത്ഥത്തിൽ അതു് ഒരു ഡോക്യുമെന്ററി ആയിരുന്നു. ഒരു സ്റ്റേഷനിലേക്കു് ഒരു തീവണ്ടി വന്നുചേരുന്നു, ഒരു ഫാക്ടറിയിൽനിന്നു് തൊഴിലാളികൾ ഇറങ്ങിപ്പോകുന്നു എന്നിങ്ങനെ. സാധാരണമായ ദൃശ്യങ്ങൾ, പക്ഷേ, സിനിമ എന്ന മാധ്യമം മായികമായിരുന്നു. ഇന്നു സിനിമക്കാർ സ്വയം മാന്ത്രികരാണു് എന്നു് തെറ്റിദ്ധരിച്ചിരിക്കുന്നു, അവിടെയാണു് പ്രശ്നം. പണ്ടത്തെ മാന്ത്രികർ സാങ്കേതികവിദ്യയെയല്ല ആശ്രയിച്ചതു് അവരുടെ സ്വന്തം കഴിവിനെയും കാണികളുമായുള്ള ഇടപഴകലിനെയുമായിരുന്നു. മനുഷ്യർ ആ മായികതയിൽ വിശ്വസിച്ചു, കയ്യടിച്ചു. പക്ഷേ, ഇന്നു് പല സിനിമക്കാരും വിശ്വസിക്കുന്നതു് അവരാണു് മാന്ത്രികർ എന്നാണു്. ഈ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ലാവണ്യാത്മകമായി ഉപയോഗിക്കാം എന്നതു് ഒരു കലാപരമായ വൈഭവമാണു്. അതു് മാജിക്കു് അല്ല. പക്ഷേ, മാജിക്കു് ആണു് പ്രധാനം, സിനിമയല്ല എന്നു വിശ്വസിച്ചു തുടങ്ങിയാൽ പ്രശ്നമാണു്. മുമ്പതു് ഉണ്ടായിരുന്നില്ല, ഉദാഹരണത്തിനു് ഹൃഷികേശ് മുക്കർജി, ഗുരുദത്തു്, തുടങ്ങിയ മുഖ്യധാരാസിനിമകൾ നോക്കൂ, അവരൊന്നും സ്വയം മാന്ത്രികരായി കരുതിയിരുന്നില്ല. പക്ഷേ, ആഗോളവൽക്കരണത്തിനുശേഷമുള്ള സ്ഥിതി അതല്ല. ഇവിടെ എല്ലാവരും മാന്ത്രികരാണെന്നു് സ്വയം വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ നമ്മുടെ സംസ്കാരം, സാഹിത്യം, കല, സിനിമ എല്ലാം മാറിയിരിക്കുന്നു, പുസ്തകം വാങ്ങൽ വർധിക്കുന്നു, വായന കുറയുന്നു. സംഗീതം ആൾക്കാർ വാങ്ങുന്നു ആരും കേൾക്കുന്നില്ല എന്ന അവസ്ഥ. ഇന്നു് എല്ലാ ചിത്രങ്ങളും നെറ്റിലൂടെ ലഭ്യമാകുന്നു, പണ്ടു് അതിനു നമുക്കു് ചലച്ചിത്രമേളകളിലേക്കോ പ്രദർശനയിടങ്ങളിലേക്കോ പോകണമായിരുന്നു, അവിടെ മനുഷ്യർ തമ്മിലുള്ള ഇടപെടലും ചർച്ചകളും ഉണ്ടായിരുന്നു, ഇന്നു് അതിന്റെ ആവശ്യമില്ല; മനുഷ്യർ തമ്മിലുള്ള മുഖാമുഖങ്ങളുമില്ല. ഞാൻ ഇന്നു് ഒരു ചലച്ചിത്രമേളയിലേക്കു് പോകുന്നതു് മനുഷ്യരുമായി ഇടപഴകാനും ചർച്ച ചെയ്യാനും സംസാരിക്കാനുമാണു്, സിനിമ കാണൽ എന്നതു് ഇന്നു പ്രശ്നമേയല്ല. പക്ഷേ, നേരിട്ടുള്ള മുഖാമുഖങ്ങൾ കുറഞ്ഞുവന്നിരിക്കുന്നു. ഇന്നു് തന്റെ സിനിമ നെറ്റിൽ ലഭ്യമാക്കിയില്ലെങ്കിൽ അയാൾക്കു നഷ്ടപ്പെടുന്നതു് സ്വന്തം പ്രേക്ഷകരെയാണു്.
images/venkiti-kpsasi-03.jpg
ഫോട്ടോ: എ. ജെ. ജോജി.
ചോദ്യം:
മുമ്പു് സാമൂഹ്യപ്രശ്നത്തെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി പുതിയതും പ്രേക്ഷകർ കാണാത്തതുമായ ഒരുപാടു് കാര്യങ്ങൾ അവതരിപ്പിക്കാൻ ഉതകുന്നതായിരുന്നു, പക്ഷേ, ഇന്നു് ടെലിവിഷനും ഇന്റർനെറ്റും വഴി എല്ലാറ്റിനെക്കുറിച്ചുമുള്ള പലതരം വിവരങ്ങൾ ലഭ്യമാകുന്ന സാഹചര്യത്തിൽ മുമ്പുള്ളതുപോലുള്ള ഒരു ആഘാതശേഷി ഡോക്യുമെന്ററികൾക്കുണ്ടോ?
ശശി:
അതു് കൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്. എന്തെന്നാൽ ഇന്നു് പ്രശ്നങ്ങൾ വളരെ സങ്കീർണവും തീക്ഷ്ണവുമാണു്. ഞാൻ എവിടെച്ചെന്നാലും മനുഷ്യർ അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചു് ഡോക്യുമെന്ററിയുണ്ടാക്കാൻ ഇന്നും ആവശ്യപ്പെടുന്നുണ്ടു്. സാമൂഹ്യപ്രസ്ഥാനങ്ങളെ സഹായിക്കാനുള്ള ശേഷിയും ശക്തിയും ഇന്നു് ഡോക്യുമെന്ററികൾക്കു കൂടുതലുണ്ടു് എന്നാണു് എന്റെ അനുഭവം. രാഷ്ട്രീയപ്രവർത്തനങ്ങളിലേർപ്പെടുന്ന ഒരു അമേരിക്കൻ സഘത്തോടു് ഞാൻ ഒരിക്കൽ ചോദിച്ചു, വിവരങ്ങൾക്കും വിശകലനങ്ങൾക്കുമായി നിങ്ങൾ ഏതു മാധ്യമത്തെയാണു് ആശ്രയിക്കുന്നതു് എന്നു്. അവർ പറഞ്ഞതു് അവർ പത്രങ്ങളെയോ ടെലിവിഷനെയോ അല്ല, മറിച്ചു് സാമൂഹ്യമാധ്യമങ്ങളെയും ഡോക്യുമെന്ററികളെയുമാണു് എന്നാണു്. ഒരു രാഷ്ട്രീയ ഉപകരണമെന്ന രീതിയിലല്ല, സ്വപ്നങ്ങൾക്കായുള്ള ഒരു ഉപകരണം എന്ന നിലയിൽ. അതു് ലൂമിയർ കാലം തൊട്ടുള്ളതാണു താനും, പക്ഷേ, ഇവിടുത്തെ പ്രശ്നം ഏതുതരം സ്വപ്നം എന്നതാണു്. വിപണിയുടെ സ്വപ്നമാകാം അല്ലെങ്കിൽ രാഷ്ട്രീയ സ്വപ്നമാകാം അതു്. ചിലതു് യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു, ചിലതു് യാഥാർഥ്യത്തെ മാറ്റുവാൻ ശ്രമിക്കുന്നു. യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ കച്ചവടധാരയിൽ ധാരാളമുണ്ടു്. പക്ഷേ, എന്തുതരം യാഥാർഥ്യത്തെയാണു് അവർ പ്രതിഫലിപ്പിക്കുന്നതു് എന്നതാണു പ്രശ്നം. അവയെല്ലാം കാണികളുടെ ബോധത്തെ സ്വാധീനിക്കുന്നു. അവ നമ്മുടെ ബോധത്തെ സ്വാധീനിക്കുന്നതുവഴി നമ്മുടെ കർമ്മങ്ങളെയും സ്വാധീനിക്കുന്നുണ്ടു്. അതുകൊണ്ടു് അവ നമ്മുടെ ശരീരത്തെയാണു് തൊഴിക്കുന്നതു്. നമ്മൾ എങ്ങിനെ നടക്കുന്നു, ചലിക്കുന്നു, വേഷം ധരിക്കുന്നു, മുടിചീകുന്നു എന്നതിനെയെല്ലാം അതു് സ്വാധീനിക്കുന്നുണ്ടു്. പണ്ടു് ചെന്നൈയിൽ രക്തബാങ്കിൽ വെള്ളിയാഴ്ച തിരക്കേറുന്നതിനെക്കുറിച്ചു് അന്വേഷിച്ചപ്പോൾ കണ്ടെത്തിയതു് എം. ജി. ആർ. സിനിമ കാണാനായുള്ള പണത്തിനായിട്ടായിരുന്നു അതു് എന്നാണു്. രക്തം വിറ്റു സിനിമ കാണുകയായിരുന്നു അവർ. രാജേഷ് ഖന്ന മുതൽ അമീർഖാൻ വരെയുള്ള കാല്പനിക നായക നടന്മാർക്കു് പെൺകുട്ടികൾ അവരുടെ രക്തം കൊണ്ടെഴുതിയ പ്രേമലേഖനങ്ങൾ കിട്ടിയിട്ടുണ്ടു്. രാജേഷ് ഖന്ന വിവാഹം ചെയ്തപ്പോൾ പെൺകുട്ടികൾ പലരും ആത്മഹത്യ ചെയ്തിട്ടുണ്ടു്, അയാൾ അവരെയൊന്നും ഒരിക്കലും കണ്ടിട്ടോ അവരുമായി സംസാരിച്ചിട്ടോ ഇല്ല, എങ്കിലും രാജേഷ്ഖന്ന മാജിക്കു് അവരെ ജീവൻ കൊടുക്കുന്നത്ര അഴത്തിൽ സ്വാധീനിച്ചുകഴിഞ്ഞിരുന്നു. അതായതു് അവരുടെ ബോധത്തെ ആ മായികത ഭരിക്കുവാൻ തുടങ്ങുന്നു എന്നുള്ളതാണു്. അത്രയും ശക്തിയുള്ള ഒരു മാധ്യമമാണു് സിനിമ. മറ്റൊരു സന്ദർഭമെടുക്കുക. ബാബറി മസ്ജിദ് പൊളിച്ചതിനുശേഷമുണ്ടായ അക്രമത്തിനെതിരായി ആദ്യം പ്രതികരിച്ചതു് ബോംബേ ഫിലിം വ്യവസായമായിരുന്നു. സുനിൽ ദത്തു് തുടങ്ങിയവരാണു് അതിനെതിരെ ആദ്യമിറങ്ങിയതു്. അതിനദ്ദേഹം പിന്നീടു് വലിയ വില കൊടുക്കേണ്ടിയും വന്നു. അതിനുശേഷം വലതുപക്ഷ സംഘികൾ അദ്ദേഹത്തെ തകർക്കാനായി ഒരുമ്പെട്ടിറങ്ങി. ആയിടക്കു് ദില്ലിയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ നസ്രുദ്ദീൻ ഷായോടു് പത്രക്കാർ ചോദിച്ചു: നിങ്ങളുടെ സിനിമയിൽ ഇത്തരം ഹിംസയും അക്രമവുമുണ്ടല്ലോ പിന്നെ എന്തിനാണു് നിങ്ങൾ ഈ സംഭവത്തെ എതിർക്കുന്നതു്? അതിനദ്ദേഹം മറുപടി പറഞ്ഞതു് സിനിമയിലുള്ള ഹിംസ എന്നതു് യാഥാർഥ്യത്തിന്റെ ഒരു പ്രതിഫലനം മാത്രമാണു് കർമ്മത്തിനായുള്ള ആഹ്വാനമല്ല എന്നുപറഞ്ഞുകൊണ്ടാണു്. വേഷം മുടി ചീകൽ ഫാഷൻ എന്നതിനൊക്കെയുപരി സിനിമയെ അനുകരിക്കുന്നതു് അപകടകരമാണു്. എന്നായിരുന്നു വിശദീകരണം. പക്ഷേ, അത്തരം അനുകരണത്തിന്റെ ഒരുപാടു് ഉദാഹരണങ്ങൾ നമുക്കു ചുറ്റും ഒരുപാടുണ്ടു്. കമലഹാസന്റെ ശികപ്പുരോജാക്കൾക്കു ശേഷം അതിനെ അനുകരിച്ചുകൊണ്ടുള്ള ബലാത്സംഗവും കൊലപാതകവും നടത്തിയ ആരാധകരുണ്ടായി. ശക്തിമാൻ സീരിയൽ കണ്ടിട്ടു് ടെറസിൽനിന്നു് കുട്ടികൾ ചാടുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നതു് സിനിമ നമ്മുടെ മനസ്സിനെയും അതുവഴി ശരീരത്തെയും സ്വാധീനിക്കുന്നു അല്ലെങ്കിൽ നിയന്ത്രിക്കുന്നു എന്നുള്ളതാണു്. അവിടെയാണു് അതിന്റെ അപകടം പതിയിരിക്കുന്നതു്. ഡോക്യുമെന്ററികളുടെ കാര്യമെടുത്താൽ അവർ കൈകാര്യം ചെയ്തിരുന്ന സാമൂഹ്യപ്രശ്നങ്ങൾ 90-കൾക്കു ശേഷം അങ്ങേയറ്റം രൂക്ഷമായിട്ടുണ്ടു്; വർഗ്ഗീയ ഹിംസയായാലും ആഗോളവൽക്കരണത്തിന്റെ പ്രശ്നങ്ങളായാലും അതെല്ലാം കൂടുതൽ രൂക്ഷമായിരിക്കയാണു്, അതുകൊണ്ടുതന്നെ ഡോക്യുമെന്ററി സിനിമയുടെ പ്രസക്തിയും അതു നേരിടുന്ന വെല്ലുവിളികളും വളരെയധികം വർദ്ധിച്ചിരിക്കയാണിന്നു്. അതുപോലെ ഡോക്യുമെന്ററി പ്രദർശനങ്ങളും മേളകളും ഇന്നു വർദ്ധിച്ചിരിക്കുന്നു. സഞ്ജയ് ജോഷിയുടെ ഉത്തർ പ്രദേശിലെ മേളയ്ക്കു് അതിന്റെ പ്രേക്ഷകരുണ്ടു്. ഒരിക്കൽ മേഘനാദിന്റെ ‘അയേൺ ഈസ് ഹോട്ട്’ എന്ന ചിത്രത്തിനു് ഒരൊറ്റ പ്രദർശനത്തിനു് അവിടെ ഏഴായിരത്തിലധികം പേർ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ അത്തരം സിനിമകളുടെ പ്രസക്തിയും സ്വീകാര്യതയും വർദ്ധിച്ചിട്ടുണ്ടു്. പക്ഷേ, അവക്കു് കൊടുക്കേണ്ട സ്പേസ് മുഖ്യധാരയിൽ ഒരിക്കലും ലഭിക്കുന്നില്ല എന്നതാണു പ്രശ്നം. പ്രത്യേകിച്ചും ടെലിവിഷൻ ചാനലുകൾക്കു് ഡോക്യുമെന്ററികൾ കാണിക്കാവുന്നതാണു്, അവ കാണുന്ന, കാണാനാഗ്രഹിക്കുന്ന ഒരു വലിയ കാണിസമൂഹമുണ്ടു്. തീർച്ചയായും കേരളത്തിൽ അതു വളരെ കൂടുതലാണു്, പക്ഷേ, ഒരു ചാനലും അതിനു തയ്യാറാവുന്നില്ല എന്നതു ദൌർഭാഗ്യകരമാണു്. ഈ ഡോക്യുമെന്ററികൾ പ്രതിപാദിക്കുന്ന പല പ്രശ്നങ്ങളും ഈ ചാനലുകളിൽ പലരീതിയിൽ വാർത്താപരിപാടികളിലും മറ്റും വരുന്നുമുണ്ടു്. പലപ്പോഴും മുഖ്യധാരാപത്രപ്രവർത്തകർ—ടെലിവിഷനായാലും പത്രമായാലും—സാമൂഹ്യമാധ്യമങ്ങളെയും ഡോക്യുമെന്ററികളേയും അവരുടെ പണിയിൽ ഉപയോഗിക്കുന്നുമുണ്ടു്. അങ്ങിനെ എല്ലാം കൂടിച്ചേരുന്ന വളരെ സങ്കീർണമായ ഒരു ദൃശ്യസാഹചര്യത്തിലാണു് നാമിപ്പോൾ. അതുകൊണ്ടു തന്നെ ഡോക്യുമെന്ററികളുടെ പ്രസക്തി കൂടി വരുന്നതായിട്ടാണു് എനിക്കു് തോന്നുന്നതു്.
ചോദ്യം:
ഇന്നു് ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമാനിർമ്മാണത്തെ വളരെയധികം സുഗമമാക്കിയിട്ടുണ്ടു്. വൈയക്തികവും പരീക്ഷണാത്മകവുമായ ചിത്രങ്ങൾ വളരെ ചെറിയ ബജറ്റിലെടുക്കാൻ ഇന്നു് നമുക്കു് കഴിയും. ഇന്ത്യൻ ഡോക്യുമെന്ററികളുടെ ഇന്നത്ത അവസ്ഥ നോക്കുമ്പോൾ ഈ സാങ്കേതികസൌകര്യം ഈ മേഖലയെ സമ്പന്നവും ജനുസുപരമായി വൈവിധ്യപൂർണവുമാക്കിയിട്ടുണ്ടോ?
ശശി:
എനിക്കു തോന്നുന്നതു് അതു സാധ്യമായിട്ടുണ്ടു് എന്നാണു്, ഉദാഹരണത്തിനു് ഇന്ത്യയിൽ ഡോക്യുമെന്ററിയിൽ നിലനിന്നിരുന്ന പ്രരൂപങ്ങളെ മാറ്റിയ ആദ്യത്തെയാളാണു് ആനന്ദ് പട്വർദ്ധൻ.
ചോദ്യം:
അതായതു് ഡോക്യുമെന്ററി എന്നതിനെ ഒരു ഭരണകൂടഭാഷണം എന്ന നിലയിൽനിന്നു് മാറ്റി പൌരസമൂഹത്തിന്റെ ശബ്ദമായി അവതരിപ്പിച്ചതു് ആനന്ദാണു്.
ശശി:
അതു് ഉള്ളടക്കത്തിന്റെ കാര്യമാണു്. ആനന്ദിന്റെ സംഭാവന അതിന്റെ രൂപപരവും കൂടിയാണു്. അതുവരെയുള്ള ഡോക്യുമെന്ററി എന്നതു് ഫിലിംസ് ഡിവിഷന്റെയോ അതിന്റെ രൂപഘടനകൾ പിന്തുടരുന്നവയോ ആയിരുന്നു. ആനന്ദിന്റെ ‘ബോംബേ ഹമാര ശഹർ’ അതിൽ നിന്നൊക്കെയുള്ള ഒരു വിഛേദമായിരുന്നു. ഒരു വോയ്സ് ഓവറുമുപയോഗിക്കാതെയുള്ള ഒരു രീതി ആദ്യമായാണു് അവതരിപ്പിക്കപ്പെടുന്നതു്. അതു പിന്നെ പലരും പിന്തുടർന്നു, രാഷ്ട്രീയം പ്രത്യക്ഷത്തിൽ കൈകാര്യം ചെയ്യാത്തവർ പോലും അതിനെ അനുകരിച്ചു. പിന്നെ ഒരു തരം കാവ്യാത്മകമായ പരീക്ഷണം കാണാവുന്നതു് അമർ കണ്വറി ലാണു്. അങ്ങനെ നോക്കുമ്പോൾ വിവിധ തരം പരിചരണങ്ങൾക്കും പരീക്ഷണങ്ങൾക്കുമുള്ള ഇടം ഡോക്യുമെന്ററി നൽകുന്നുന്നുണ്ടു് എന്നു കാണാം.
ചോദ്യം:
ശശിയുടെ ഡോക്യുമെന്ററി നിർമ്മാണ രീതി എന്താണു്?
ശശി:
എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയത്തെക്കുറിച്ചു് ഡൊക്യുമെന്ററി ചെയ്യുമ്പോൾ ഞാൻ അതിനെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും ആദ്യം ശേഖരിക്കുന്നു. എതിർവാദങ്ങൾക്കുമെതിരായുള്ള ന്യായങ്ങളെല്ലാം ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കും. അത്തരം എതിർവാദങ്ങൾക്കെല്ലാം മറുപടി കൊടുക്കാനുള്ള ഉത്തരവാദിത്തം കൂടി എനിക്കുണ്ടു്. പിന്നീടു് അവയെക്കുറിച്ചു് സംശയങ്ങൾ അവശേഷിക്കരുതു്. നമ്മൾ കൃത്യമായ ഒരു നിലപാടു് സ്വീകരിക്കുന്നുണ്ടു്. അതായതു് എന്റെ മദനിയെക്കുറിച്ചുള്ള ചിത്രം കണ്ടുകഴിഞ്ഞാൽ പിന്നെ മദനി ഒരു തീവ്രവാദിയാണു് എന്നു് ആരും പറയരുതു്. അത്തരം ഒരു സിനിമാപ്രവർത്തനമാണു് എന്റെ രീതി. നമ്മുടെ നിലപാടിനെ ഉറപ്പിക്കുന്ന എല്ലാ വാദങ്ങളും അണിനിരത്തുക, എല്ലാം വെളിപ്പെടുത്തുക. പിന്നെ അവിടെ നിന്നു തുടങ്ങാൻ കഴിയണം… പക്ഷേ, ഓരോരുത്തരും അവരുടെ രീതികളാണു് ഡോക്യുമെന്ററിയിൽ പിന്തുടരുന്നതു്. സുഖ്ദേവിന്റെ ശിഷ്യനാണെങ്കിലും മേഘനാദിനു് സ്വന്തം രീതികളുണ്ടു്, അടുത്ത തലമുറയില്പെട്ട ബിജു മറ്റൊരു വഴിയിലാണു് സഞ്ചരിക്കുന്നതു്. സർഗ്ഗാത്മകമായ ഒരന്വേഷണം അവരെലിലെല്ലാമുണ്ടു്. അങ്ങനെ നോക്കുമ്പോൾ ഇന്നു് ഡോക്യുമെന്ററിയിൽ വിവിധ അടരുകളുണ്ടു്. മുമ്പു് 1980-കളിലൊക്കെ നമ്മുടെ ഡോക്യുമെന്ററികൾ നമ്മൾ തന്നെ കൊണ്ടുനടന്നു കാണിക്കണമായിരുന്നു; പക്ഷേ, ഇന്നു് ഒരുപാടു് ചെറിയ മേളകളുണ്ടു്, വളരെ പ്രമേയപരമായി ഫോക്കസ്ഡ് ആയ മേളകളുണ്ടു്, പുതിയവേദികളുണ്ടു്. പ്രേക്ഷകരുടെ ഒരു കലർപ്പു് ഉണ്ടായിവന്നിട്ടുണ്ടു്. വിബ്ജ്യോർ പോലുള്ള മേളകളുണ്ടു്. അങ്ങിനെ ഡോക്യുമെന്ററികൾ കൂടുതൽ കാണിക്കപ്പെടുന്നുണ്ടു്, കാണപ്പെടുന്നുണ്ടു്. അതു് വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണു്. മുഖ്യധാരാമാധ്യമങ്ങൾ പലവിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ടു് എങ്കിലും അവ ഡോക്യുമെന്ററികളെപ്പോലെ ആഴത്തിൽ അവയെ വിശകലനം ചെയ്യുന്നില്ല. ഉദാഹരണത്തിനു് എന്റെ മദനിയെക്കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടിട്ടു് പലരും അക്കാര്യത്തിന്റെ ഗൌരവം അപ്പോഴാണു് തിരിച്ചറിയുന്നതു് എന്നു പറഞ്ഞു. ഇതു് സൂചിപ്പിക്കുന്നതു് ഡോക്യുമെന്ററികളുടെ സവിശേഷ പ്രസക്തിയാണു്. സിനിമ കണ്ടിട്ടു് സ്വയം മാറുന്നവരുണ്ടു്, അവരിൽ പലരും—പ്രത്യേകിച്ചു് വിദ്യാർഥികൾ—പിന്നീടു് സാമൂഹ്യപ്രസ്ഥാനങ്ങളുടെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ടു്. പല പ്രസ്ഥാനങ്ങളും മേളകൾ സംഘടിപ്പിക്കുന്നുണ്ടു്. ഇതെല്ലാം തന്നെ വളരെ പ്രോത്സാഹനജനകമായ വികാസങ്ങളാണു്. പിന്നത്തെ ചോദ്യം ഇന്ത്യയിൽ ആരാണു് ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതു് എന്നതാണു്. ഏറ്റവും കൂടുതൽ ഡോക്യുമെന്ററികൾ ഇവിടെ നിർമ്മിക്കുന്നതു് ഭരണകൂടവും കോർപ്പറേറ്റുകളുമാണു്. ഞങ്ങളെപ്പോലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും അതിനകത്തെ ചെറിയ ഒരു അടരു മാത്രമാണു്. അപ്പോൾ അതിനകത്തുനിന്നാണു് നമ്മൾ സംസാരിക്കുന്നതു്. പക്ഷേ, അതിൽ പല സമയങ്ങളിലായി ഉണർച്ചകളുണ്ടായിട്ടുണ്ടു്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള സമയം അത്തരത്തിലുള്ള ഒന്നായിരുന്നു, അതുപോലെ 1980-കൾ, പിന്നെ ബാബ്രി മസ്ജിദ് തകർച്ചയ്ക്കു ശേഷം. പിന്നീടുള്ള ദശകങ്ങളിൽ ചെറിയ മാന്ദ്യമുണ്ടായിരുന്നു എങ്കിലും ഇന്നു ഡോക്യുമെന്ററി രംഗം വീണ്ടും സജീവമായിരിക്കുന്ന ഒരു സമയമാണു്. അതിനു പ്രധാന കാരണം ഇന്നത്തെ ഭരണകൂടത്തിന്റെ നിലപാടുകളാണു്. നാവടക്കാനാണു് അതു് കല്പിക്കുന്നതു്. അതു് നിങ്ങൾ എന്തു വേഷം ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം എന്നൊക്കെ കല്പിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളെയും വലതുപക്ഷം പിടിച്ചടക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മൾ വളരെ ഇരുണ്ടകാലത്തിലൂടെയാണു് കടന്നുപോകുന്നതു്.
images/venkiti-kpsasi-04.jpg
കെ. പി. ശശി.
ചോദ്യം:
മലയാളത്തിലെ ഡോക്യുമെന്ററി രംഗത്തെ സംബന്ധിച്ചിടത്തോളം സർഗ്ഗാത്മകമായ അത്തരം വൈവിധ്യം കാണപ്പെടുന്നുണ്ടോ?
ശശി:
വളരെ ആഴത്തിൽ ചിന്തിക്കാനുള്ള വിമുഖതയുണ്ടെന്നു തോന്നുന്നു. പലരും ഡോക്യുമെന്ററിയെ ഗൌരവമായി എടുക്കുന്നില്ല. ഒരു ഹ്രസ്വകാല വീക്ഷണമാണു് പുലർത്തുന്നതു്, പലപ്പോഴും ഒരു ഫീച്ചർ ഫിലിം എടുക്കുന്നതിനു മുമ്പായുള്ള ഒരു ചവിട്ടുപടിയാണു് ഡോക്യുമെന്ററി പലർക്കും. മാധ്യമത്തോടും പ്രശ്നങ്ങളോടും അർപ്പണബോധമില്ലാത്ത അവസ്ഥ. ഫിലിം സ്കൂളൂകൾക്കു് ഇതിൽ പങ്കുണ്ടെന്നു തോന്നുന്നു. ഫിലിം സ്കൂളുകൾ വിദ്യാർഥികളെ ചിന്തിക്കാതിരിക്കാനാണു് പ്രേരിപ്പിക്കുന്നതു്.
ചോദ്യം:
അവരുടെ മുഴുവൻ ശ്രദ്ധയും സാങ്കേതികവിദ്യ പഠിപ്പിക്കുന്നതിലാണു്; ചരിത്രം, പ്രത്യയശാസ്ത്രം, ലാവണ്യശാസ്ത്രം തുടങ്ങിയവയ്ക്കു് പ്രാധാന്യമേ നൽകുന്നില്ല. അതിന്റെ ഫലമായിരിക്കാം ഇത്തരം ഒരു കാഴ്ച്ചപ്പാടു്.
ശശി:
അതെ. അവർ ആഴത്തിൽ വിഷയങ്ങൾ പഠിപ്പിക്കുന്നില്ല, തമിഴ്‌നാടു് പോലും എത്രയോ വ്യത്യസ്തമാണു് ഇക്കാര്യത്തിൽ. ഡോക്യുമെന്ററിയുടെ കാര്യത്തിൽ സാങ്കേതികയെക്കാൾ എന്തുപയോഗിച്ചും ലഭ്യമായ എന്തിൽ നിന്നും, സ്വന്തം സിനിമയുണ്ടാക്കാനുള്ള കഴിവാണാവശ്യം. ചിലപ്പോൾ മൊബൈൽ ദൃശ്യങ്ങളാവും ലഭ്യമാവുക, അതെങ്ങനെ ഉപയോഗിക്കാമെന്നുള്ള ചിന്തയും നമുക്കുണ്ടാവേണ്ടതുണ്ടു്. ഭൌതിക സാഹചര്യങ്ങളെല്ലാം ഒരുക്കപ്പെട്ട ഒരു അവസ്ഥയിലല്ല ഒരു ഡോക്യുമെന്ററി സംവിധായകൻ ചിത്രം നിർമ്മിക്കുന്നതു്. ഒരു ഫിലിം സ്കൂളിനും അത്തരം ഒരു സാഹചര്യത്തെ എങ്ങിനെ നേരിടാമെന്നു് പഠിപ്പിക്കാനാവില്ല. ഒരുപാടു് ഷൂട്ട് ചെയ്യുകയും പിന്നെ അതുവെച്ചു് എന്തുചെയ്യണമെന്നു് അറിയാതെ കുഴങ്ങുകയും ചെയ്യുന്ന പല വിദ്യാർഥികളെയും കാണാം. തയ്യാറെടുപ്പും പഠനവും ഇല്ലാതെ നമുക്കു ഡോക്യുമെന്ററിയുണ്ടാക്കാനാവില്ല. വെറും ബൈറ്റുകൾ മാത്രം തേടി ഇറങ്ങാനാവില്ല. എന്തും സംഭവിക്കാവുന്ന ഒരു സാഹസികയാത്ര പോലെയാണതു്. അതിനു തയ്യാറുള്ള തുറന്ന മനസ്സ് ആവശ്യമുണ്ടു്. ഒരു അന്വേഷണമായി അതിനെ കാണുന്നില്ല. എപ്പോൾ വേണമെങ്കിലും എന്തും മാറാവുന്ന ഒരു യാത്രയാണതു്. പ്രതിഫലനാത്മകതയാണു് അതിന്റെ കാതൽ. ഓരോ ഡോക്യുമെന്ററിയും എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു, എന്റെ വീക്ഷണങ്ങൾ തന്നെ മാറിമറിയുന്നു, ക്യാമറയ്ക്കു പിന്നിൽ നിന്നു് നിങ്ങൾ അന്വേഷിച്ചുകൊണ്ടേയിരിക്കയാണു്.അതു നമ്മെത്തന്നെ മാറ്റുന്ന ഒരു പ്രക്രിയയാണു്. സ്വയം മാറാനുള്ള ധൈര്യം നമുക്കു വേണം. പലപ്പൊഴും അത്തരം അന്വേഷണത്തിനുള്ള ക്ഷമ വേണം. ഫിലിം സ്കൂളിൽനിന്നു വരുന്നവർക്കു് അന്തിമ ഉല്പന്നം മാത്രമാണു് പ്രധാനം, അതുണ്ടാകുന്ന പ്രക്രിയ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ആ പ്രക്രിയയാണു് രസകരം. നമ്മൾ അതിനിടയിൽ പലരേയും കാണുന്നു, പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അതിനൊക്കെയിടയിൽ ക്യാമറയുണ്ടെന്നേയുള്ളൂ. പലപ്പോഴും നമ്മളതു അറിയുന്നുപോലുമുണ്ടാവില്ല. ഷൂട്ടിങിന്റെ ആദ്യ ഒരുക്കങ്ങൾ കഴിഞ്ഞാൽ പിന്നെ ക്യാമറയുടെ സാന്നിദ്ധ്യം പ്രശ്നമല്ലാതാവുന്നു; എഡിറ്റിങിന്റെ ഘട്ടത്തിലും അതുതന്നെയാണു് സംഭവിക്കുന്നതു്. അവിടെയും നമ്മൾ ഒരുപാടു് കാര്യങ്ങൾ പഠിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകൾക്കു് പല മാറ്റങ്ങളും സംഭവിക്കുന്നു. ഒരു പഠനപ്രക്രിയയാണു് യഥാർഥത്തിൽ ഡോക്യുമെന്ററി നിർമ്മാണം. അമ്പും വില്ലും പോലെയാണതു്; വില്ല് എത്രകണ്ടു് വലിയുന്നുവോ—നമ്മൾ എത്രയധികം ആഴത്തിൽ അന്വേഷിക്കുന്നുവോ—അത്രയും ദൂരം അമ്പും സഞ്ചരിക്കുന്നു. നിങ്ങൾ വില്ല് കൂടുതൽ വലിക്കാൻ തയ്യാറായില്ലെങ്കിൽ നിങ്ങളുടെ അമ്പ് അധികദൂരം സഞ്ചരിക്കാനിടയില്ല. പലപ്പോഴും ഫിലിം സ്കൂളുകൾ ചിന്തിക്കാതിരിക്കാനാണു് പരിശീലിപ്പിക്കുന്നതു്. സ്ക്കൂളിൽ നിന്നിറങ്ങുന്നവർ വിചാരിക്കുന്നതു് അവർക്കു സിനിമ അറിയാമെന്നാണു്, ഇനിയൊന്നും പഠിക്കാനില്ല എന്ന മനസ്ഥിതി. നിങ്ങൾ ഒരു വിദഗ്ദ്ധനായിട്ടാണു് പുറത്തിറങ്ങുന്നതു്. പിന്നെ നിങ്ങളെ സഹായിക്കുക എന്നതു് സമൂഹത്തിന്റെ/പുറത്തുള്ളവരുടെ ബാധ്യതയാണു് എന്ന നിലയ്ക്കാണു് അവർ പെരുമാറുന്നതു്. പഠിച്ചതു പ്രയോഗിക്കുക എന്നതല്ലാതെ, സിനിമാ നിർമ്മാണപ്രക്രിയയിലൂടെ എന്തെങ്കിലും പഠിക്കാനുണ്ടു് എന്നു് അവർ കരുതുന്നില്ല.
ചോദ്യം:
കേരളത്തിലെ പൊതുവായ സാഹചര്യം ഡോക്യുമെന്ററി നിർമ്മാണത്തിനു് അനുകൂലമാണു്. പക്ഷേ, ശ്രദ്ധേയമായ സൃഷ്ടികളധികം ഇവിടെനിന്നുണ്ടാവുന്നില്ല.
ശശി:
കേരളത്തിലെ പല സമരസന്ദർഭങ്ങളിൽനിന്നും ധാരാളം ഡോക്യുമെന്ററികൾ ഉണ്ടാവുന്നുണ്ടു്: കേരളത്തിൽ വ്യവസ്ഥാപിത രാഷ്ട്രീയത്തിനു പുറത്തു് ഇരുന്നൂറോളം ജനകീയ സമരങ്ങൾ നടക്കുന്നുണ്ടു്—അവയെക്കുറിച്ചൊക്കെ വ്യത്യസ്തമായ ഡോക്യുമെന്ററികൾ ഉണ്ടായിട്ടുമുണ്ടു്—പ്ലാച്ചിമട, അതിരപ്പിള്ളി, എന്റോസൾഫാൻ, തുടങ്ങി പലതും ഇവിടെ നിന്നു് വന്നിട്ടുണ്ടു്. പ്രസ്ഥാനങ്ങൾക്കും അത്തരം സിനിമകൾ ആവശ്യവുമുണ്ട് കേരളത്തിന്റെ മറ്റൊരു പ്രത്യേകതയായി ഞാൻ കാണുന്നതു് സാംസ്കാരികമായ സങ്കരത്വം ഏറ്റവുമധികം സംഭവിച്ച ഇടമെന്ന നിലയിലാണു്—കാപ്പാടു് കടപ്പുറത്തുനിന്നു തുടങ്ങുന്ന ആ പാരമ്പര്യമാണു്. അറബികളും ചൈനക്കാരും പോർത്തുഗീസുകാരും മറ്റും കടന്നുവന്ന ഒരു കവാടമാണു് കേരളം. അതുകൊണ്ടുതന്നെയായിരിക്കണം ധാരാളമായി മലയാളികൾ കേരളത്തിൽനിന്നു പുറത്തേക്കു പോകാൻ തുടങ്ങുന്നതും, ആദ്യം സിലോൺ, മലേഷ്യ, സിംഗപ്പൂർ, പിന്നെ ഗൾഫ്, ഇപ്പോൾ അമേരിക്ക, കാനഡ തുടങ്ങി എല്ലായിടേത്തേക്കും മലയാളികൾ പോയിട്ടുണ്ടു്. അവരുടെ സമ്പാദ്യം നമ്മിലേക്കു് എത്തിയിട്ടുണ്ടു്. പക്ഷേ, അവരുടെ അവിടത്തെ ജീവിതം പലവിധ ഒത്തുതീർപ്പുകളുമടങ്ങിയതാണു്. അവർ അവിടെ പോയതു് സമ്പത്തുണ്ടാക്കാനും തിരിച്ചുവന്നു് സുഖമായി ജീവിക്കാനുമാണു്. അവരുടെ ഈ ജീവിത ദർശനം—ഇവിടത്തെ സമ്പന്നമായ ജിവിതം—നമ്മെ സ്വാധീനിച്ചിട്ടുണ്ടു്. അതു് ഒരു മാതൃകയായിമാറുകയും എല്ലാവരും അത്തരം ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങിനെ മനുഷ്യർ വേരുകളുള്ളപ്പോഴും വേരുറപ്പില്ലാത്തെ ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരവസ്ഥ ഇവിടെയുണ്ടു്. ഒരുപക്ഷേ, തമിഴ്‌നാടിൽ ഇത്തരം സങ്കരത്വം കാണില്ല. അതുകൊണ്ടായിരിക്കണം മറ്റു സ്ഥലങ്ങളിൽനിന്നു് വ്യത്യസ്തമായി നമ്മൾ ‘വരത്ത’ന്മാരെ—പ്രത്യേകിച്ചും വെളുത്ത തൊലിയുള്ളവരെ—ബഹുമാനിക്കുന്നതും നമ്മൾ അവരെക്കാൾ താഴെയാണു് നാം എന്നു കരുതുന്നതും. ജാർഖണ്ഡിൽ നേരെമറിച്ചു് വരത്തന്മാർ തദ്ദേശീയരെക്കാൾ താഴെയായിട്ടാണു് കരുതപ്പെടുന്നതു്. ‘ഡിക്കു’ എന്നാണു് അവർ പുറത്തുനിന്നുവന്നവരെ വിളിക്കുക. അതുകൊണ്ടാണു് നമ്മൾ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചു് പറയുമ്പോൾ ‘സിംഗപൂർ’ ‘ദുബായ്’ എന്നിടങ്ങളെ ആദർശവും മാതൃകയുമാക്കുന്നതു്. കേരളം എന്തിനു സിംഗപൂരോ ദുബായോ ആകണം? കേരളത്തിനു കേരളമായിക്കൂടെ?
images/venkiti-kpsasi-05.jpg
ഫോട്ടോ: എ. ജെ. ജോജി.
ചോദ്യം:
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെയും അതിനകത്തു് ഡോക്യുമെന്ററികളുടെ ധർമ്മത്തെയും എങ്ങിനെ കാണുന്നു?
ശശി:
മാധ്യമ രംഗത്തു് ഇവിടെ രണ്ടു രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടു്; ഒന്നു് സമവായത്തിന്റേതു്. പിന്നെ അതിനെ തിരിച്ചറിയുന്നതും പ്രതിരോധിക്കുന്നതും. ടെലിവിഷന്റെ ആധിക്യമായാലും പത്രത്തിന്റെയോ ഇന്റർനെറ്റിന്റെയോ ആയാലും അവയെല്ലാം പഠിപ്പിക്കുന്നതു് ഒരു സമവായത്തിനകത്തു ജീവിക്കാനാണു്. ആ സമവായത്തെ തകർക്കരുതു് എന്നാണു് അവർ ആവശ്യപ്പെടുന്നതു്. പക്ഷേ, ഈ സമവായം ആരുടെ നിർമ്മിതിയാണു് എന്നതാണു് പ്രശ്നം അതു് കോർപ്പറേറ്റുകളും വർഗ്ഗീയവാദികളും ഭരണകൂടവും നിർമ്മിക്കുന്നതാണതു്. അതുകൊണ്ടാണു് ഡിമോണീറ്റൈസേഷനായാലും ജി.എസ്.റ്റി. ആയാലും അത്രയധികം എതിർപ്പുകളില്ലാത്തതു്. എല്ലാ ഭരണകൂടങ്ങളും ഈ സമവായത്തിന്റെ ഭാഗമാണു്. ഈ സമവായത്തെ തകിടം മറിയ്ക്കുന്ന പുതിയ നീതിബോധമാണു് നമുക്കാവശ്യം. ഒരു ഹിന്ദുരാഷ്ട്രമാണു് ഇന്നത്തെ രാഷ്ട്രീയ അജണ്ടയുടെ അന്തിമലക്ഷ്യം. 2024-ഓടെ ഒരു ഹിന്ദുരാഷ്ട്രം ഉണ്ടാകുമെന്നു് അവർ പലതവണ പ്രഖ്യാപിച്ചിട്ടുള്ളതാണു്. 2019-ലാണു് അടുത്ത പൊതുതിരഞ്ഞെടുപ്പ്. അപ്പോൾ നമുക്കുള്ളതു് രണ്ടു വർഷമാണു്. 2019-ലെ തിരഞ്ഞെടുപ്പ് ഹിന്ദുരാഷ്ട്രത്തിന്റെ വിധിനിർണയിക്കും. എന്നാൽ പ്രതിപക്ഷം ഈ ഭീഷണിയെ തിരിച്ചറിഞ്ഞിട്ടുപോലുമുണ്ടെന്നു് തോന്നുന്നില്ല. അവസാന അവസരമാണിതു് എന്നവർ തിരിച്ചറിയുന്നില്ല. 2019 വരെ അവർ എന്തു ചെയ്യുന്നു എന്നതു് നിർണയിക്കും അതിനുശേഷമുള്ള സിനിമ, സാഹിത്യം കല എല്ലാം എന്തായിരിക്കും എന്നു്. ഫാഷിസം ഒരു യാഥാർഥ്യമാണോ എന്നതു് 2019-ൽ തീരുമാനിക്കപ്പെടും. ഇതിന്റെ ഗൌരവം പ്രതിപക്ഷം എത്രകണ്ടു് മനസ്സിലാക്കിയിട്ടുണ്ടു് എന്ന കാര്യം സംശയമാണു്; ഫാഷിസം ഇത്രയടുത്തെത്തിയിട്ടും ഒരു സെൻസ് ഓർ അർജൻസി അവരിൽ ഞാൻ കാണുന്നില്ല. സിനിമയുടെയൊക്കെ ഭാവി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിമർശനത്തിനു ഇനി ഇടമുണ്ടാകുമോ എന്നതുതന്നെ സംശയമാണു്. ഒരു പഴയ കഥയാണു് ഓർമ്മവരുന്നതു്. സോവിയറ്റ് യൂണിയനിൽനിന്നു് ഒരു നായ അവിടെനിന്നു് രക്ഷപ്പെട്ടു് ഓടിപ്പോവുകയാണു്. അതേസമയം ഫ്രാൻസിൽ നിന്നു് മറ്റൊരു നായയും അവിടെനിന്നു രക്ഷപ്പെട്ടോടി വരുന്നുണ്ടായിരുന്നു. അവർ വഴിയിൽ വെച്ചു കണ്ടുമുട്ടി. അവർ അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഫ്രാൻസിൽ എന്താണു പ്രശ്നം എന്നു് സോവിയറ്റ് നായ ചോദിച്ചു, ഫ്രാൻസിൽ ഭയങ്കര സാമ്പത്തികപ്രശ്നങ്ങളാണു്, വിലക്കയറ്റം, ഇൻഫ്ലേഷൻ, തൊഴിലില്ലായ്മ, സാമൂഹ്യ സുരക്ഷയില്ലായ്മ അങ്ങിനെ പലതും. സോവിയറ്റ് യൂണിയനിൽ എന്താണു് സ്ഥിതി എന്നു മറ്റേ നായ ചോദിച്ചു. റഷ്യൻ നായ പറഞ്ഞു അവിടെ സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, തൊഴിൽ എല്ലാമുണ്ടു് എന്നു്. അപ്പോൾ നീ എന്തിനാണു് അവിടെനിന്നു് ഓടിരക്ഷപ്പെടുന്നതു്? ഇതെല്ലാമുണ്ടെങ്കിലും എനിക്കു് ഇടയ്ക്കു് കുരയ്ക്കണമെന്നു തോന്നും അതവിടെ സാധ്യമല്ല, അതുകൊണ്ടാണ്… അത്തരമൊരു പ്രതിസന്ധിയിലേക്കാണു് നമ്മൾ അടുത്തുകൊണ്ടിരിക്കുന്നതു്, 2019 വിധിനിർണായകമായ ഒരു വർഷമാണു്. അതിന്റെ ഗൌരവം നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സാമ്പ്രദായികമായ പ്രതിപക്ഷം ശോഷിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചലച്ചിത്രകാരന്മാരും, കവികളും എഴുത്തുകാരും കലാകാരന്മാരും ജനകീയ പ്രസ്ഥാനങ്ങളും മറ്റുമാണു് യഥാർത്ഥ പ്രതിപക്ഷമായി ഇവിടെ നിലനിൽക്കുന്നതു്. സാംസ്കാരിക പ്രതിരോധത്തിനു് നിർണായകമായ പ്രസക്തിയും ആവശ്യവുമാണു് ഇന്നു് വന്നുചേർന്നിരിക്കുന്നതു്. ഇന്നു് കല എന്നതു് അടിസ്ഥാനപരമായ ഒരു രാഷ്ടീയ പ്രവർത്തനമായിരിക്കുന്നു. ഡോക്യുമെന്ററികൾ അതിന്റെ കേന്ദ്രത്തിലുണ്ടു്.
ചോദ്യം:
ഇന്നത്തെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഡോക്യുമെന്ററികളെ സമാന്തരം എന്നതിനെ വിശേഷിപ്പിക്കേണ്ടതില്ല എന്നു തോന്നുന്നു.
ശശി:
സമാന്തര മാധ്യമങ്ങളുടെയും പ്രകാശനങ്ങളുടെയും വ്യാപ്തി ഇന്നു് എത്രയോ മടങ്ങു വർദ്ധിച്ചിരിക്കുന്നു. ഒരു പുസ്തകമോ പ്രസിദ്ധീകരണമോ ആയിരങ്ങളിലേക്കെത്തുമ്പോൾ ഒരു സിനിമ ലക്ഷങ്ങളിലേക്കു് അനായാസം എത്തിച്ചേരുന്നുണ്ടു്. ഒരു സാംസ്കാരിക വാരിക രണ്ടോ മൂന്നോ ആയിരം പേരിലേക്കെത്തുമ്പോൾ സമാന്തരമായി പ്രവർത്തിക്കുന്ന ഒരു വെബ്സൈറ്റ്—ഉദാഹരണം കൌണ്ടർകറന്റ്സ്—ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളിലേക്കു് എത്തുന്നു. എന്നിട്ടും പ്രസിദ്ധീകരണത്തെ നമ്മൾ മുഖ്യധാര എന്നും മറ്റുള്ളവയെ സമാന്തരം എന്നും വിളിക്കുന്നു. ഇതു് എന്തു ന്യായമാണു്? എന്നോടു് ഒരിക്കൽ മേഘ്നാദ് പറയുകയുണ്ടായി. എന്താണു് അവർ എത്രയോ മനുഷ്യർക്കിടയിലേക്കു് ഇറങ്ങിച്ചെല്ലുന്ന നമ്മുടെ സിനിമകളെ ‘സമാന്തരം’ (ആൾട്ടർനേറ്റീവ്) എന്നും അവരുടേതിനെ മുഖ്യധാര എന്നും വിളിക്കുന്നതു്? നമ്മൾ ഇതിനെ തിരിച്ചിടേണ്ടിയിരിക്കുന്നു, നമ്മളല്ലേ യഥാർഥ ‘നേറ്റീവ്സ്’? അപ്പോൾ അവരല്ലേ യഥാർഥത്തിൽ ‘ആൾട്ടർ-നേറ്റീവ് ’?
Filmography

2016 Voices From The Ruins—Kandhamal In Search of Justice—About the aftermath of communal violence in Kandhamal, Odisha.

images/still-voicesfromtheruins-r.jpg
Stills, Voices From The Ruins.
images/still-voicesfromtheruins1-r.jpg
Stills, Voices From The Ruins.

2013 Farbicated— Documentary film on the fabricated cases on Adbul Nasar Maudany and others.

images/still-fabricated-r.jpg
Still, Farbicated.

2009 A Climate Call from the Coast This documentary film is a call from coastal communities in Kerala state of south India, who are beginning to see the impacts of global warming and climate change at close quarters. While scientists have yet to establish how exactly weather, wind and waves change, the fisher folk find an angrier sea carving out more and more of their land. They are concerned about the changing course of ocean currents and disappearance of small fish from the coastal waters. Pollution and construction along the shore make things even worse. Though their carbon footprint is very small, these local coastal communities bear the brunt of mounting emissions worldwide. They call for leaner, cleaner production processes and demand a place in the climate change debate.

2009 Like Leaves in a Storm A documentary on hardships and the effect of globalization on tea garden workers in India.

2009 Tsunami Rehabilitation: An Unfinished Business Four years on, rehabilitation with an unprecedented level of humanitarian support has helped a large number of tsunami affected people get back their livelihoods. At the same time tsunami rehabilitation is also the story of failed promises and missed lessons. This scenario raises questions about humanitarian standards and the rights of the disaster-affected people. Besides, there is the challenge of ensuring safe life on the coasts. There is also the issue of dilution of coastal environmental norms to make way for business as part of the global neoliberal agenda. In the film humanitarian workers and local communities analyse these aspects of rehabilitation and seek answers.

2009 Gaon chodab nahin—(Music Video-5 mins.) The adivasis, the original or indigenous dwellers, face massive displacement due to developmental projects, destroying the roots of their survival base. A voice of assertion that echoes throughout this music video that captures the marginalization of adivasis all over India and forces us to ask: In whose favour does the God of development work, and whom does it curse?

2007 ‘Resisting Coastal Invasion’, a documentary film about one of the most pressing issues of coastal India—the aggressive attempts being made to commercialize India’s already-degraded coasts. Fundamental policy reforms are on the anvil threatening the lives of fisher folk and also our fragile marine and coastal ecosystems—reforms against which vigorous public dissent is fast building up.

2006 ‘If It Rains Again’, a documentary that brings out the agony of the life in post-tsunami shelters in Tamil Nadu. More than two years after the Dec 2004 tsunami, most of the disaster survivors still remain in temporary shelters. A large population still continue to live without the basic amenities with constant threat of fire and rain.

2005 ‘The time after Tsunami’, a film that captures the testimonials of the survivors of the deadly tsunami that struck the coast of southern India on 26 December 2004.

2005 ‘Redefining Peace-Women lead the way’, a film that captures the work of a few among a thousand remarkable women from all over the world who were nominated by networks of women’s groups for the Nobel Peace Prize 2005. This film received the best film award and the best documentary award at the 3rd Swaralaya International Film Festival in July 2006.

2005 ‘America, America!’, an anti-war music video, that is a satirical but severe indictment of America’s role in escalating world conflict.

images/still-musical-america-america-r.jpg
Still musical, America, America!

2004 ‘The Source of Life for Sale’ on the impact of privatization of water in India and the subsequent struggles of the local communities in different parts of the country.

2003 ‘Shhh… Silence Please’, a silent comedy film. Theatre release of the film 2002 ‘Development at Gunpoint’, a documentary on the struggle of the adivasis in Kashipur affected by the bauxite mining.

2002–3 Short documentaries on the activities of the Latur earthquake survivors.

2001 ‘Voices from a Disaster’, a documentary on the problems of the earthquake survivors in Gujarat.

1998 Hindi feature film ‘Ek Alag Mausam’, on the human rights violations of the HIV patients in India. The film is scripted by Mahesh Dattani and the main cast includes Nandita Das, Rajit Kapoor, Anupam Kher, Renuka Shahane and Bharat Gopi. 1994 ‘The Wings of Kokkrebellur’, on the conservation values of the villagers of Kokkrebellur in Karnataka, who conserved and protected rare birds.

images/still-eklag-mausam-r.jpg
Stills, Ek Alag Mausam.
images/still-eklag-mausam1-r.jpg
Stills, Ek Alag Mausam.

1993 A short film ‘Appukkuttan in Time Runs’, on the problems of the changing pace of life in modern times for Asianet.This programme was telecast at least 35 times in Asianet.

1991 The feature film Ilayum Mullum (Leaves and Thorns), on the social and psychological violence on women in Kerala.The main cast of the film includes Pallavi Joshi, Shanti Krishna, Thilakan and Nedumudi Venu.

images/stills-from-ilayum-mullum.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum1.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum2.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum3.jpg
Stills from Ilayum Mullum.

1988 The documentary ‘A Valley Refuses to Die’, on the social and ecological problems created by the Narmada Dams.

1989 ‘A Campaign Begins’ on the national march of the fisher people with a slogan ‘Protect Waters, Protect Life’.

1988 The short film, ‘The Rope’, on the need for collective action.

1987 ‘In the Name of Medicine’ on the hazardous and banned pharmaceutical drugs in India.

1986 The documentary ‘Living in Fear’ on the radiation hazards created by the Indian Rare Earths Ltd an undertaking of the Dept. Of Atomic Energy. This was the first anti-nuclear film in India, documenting social and ecological problems of a nuclear establishment.

1985 The documentaries ‘We Who Make History’ and ‘That Angry Arabian Sea’ on the social and ecological problems of trawling and the subsequent protest of the fisher people in Kerala.

1984 The documentary, ‘Science to People’ (On the People’s Science Movement in Kerala) for Doordarshan.

1982 Experimented with films on 8mm.

As Cartoonist

2004—Published ‘InPosters’ a book of posters on contemporary social issues.

2000—Published ‘When the Birds Stop Singing’, a book on the problems of pesticides.

1996–1998: Initiated a study on the social and ecological problems of pesticides.

സി. എസ്. വെങ്കിടേശ്വരൻ
images/CSVenkiteswaran.jpg

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1959-ൽ ജനിച്ചു. ചലച്ചിത്രപ്രവർത്തകൻ.

Colophon

Title: Documentary Samvidhayakan K P Sasiyumayulla Abhimugham (ml: ഡോക്യുമെന്ററി സംവിധായകൻ കെ പി ശശിയുമായുള്ള അഭിമുഖം).

Author(s): C. S. Venkiteswaran.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-04.

Deafult language: ml, Malayalam.

Keywords: Interview, C. S. Venkiteswaran, Documentary Samvidhayakan K P Sasiyumayulla Abhimugham, സി. എസ്. വെങ്കിടേശ്വരൻ, ഡോക്യുമെന്ററി സംവിധായകൻ കെ പി ശശിയുമായുള്ള അഭിമുഖം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 4, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: K. P. Sasi, a photograph by A. J. Joji . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.