ആ സന്ധ്യയ്ക്കു് ഡോക്ടർ ബാലഗോപാലൻ വെറുതെ പുറത്തേയ്ക്കു് നോക്കി നിന്നു. പെൺകുട്ടികൾ ചെറുസംഘങ്ങളായി കടന്നു പോകുന്നു; തമാശകൾ പറഞ്ഞും നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചും. ഏതോ കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായിരിക്കണം. എന്നെന്നും അവർക്കിങ്ങനെ ചിരിച്ചുല്ലസിക്കാൻ കഴിയട്ടെ എന്നു് അയാൾ മനസാ ആശംസിച്ചു.
പുരുഷനാൽ പങ്കിലയാവാതിരിക്കുന്നിടത്തോളമേ പെൺകുട്ടികൾക്കിങ്ങനെ പൊട്ടിച്ചിരിക്കാനാവൂ. പ്രേമമെന്ന ഭാവം ഒരു സ്വപ്നമായി, അകലങ്ങളിൽ തത്തിക്കളിക്കുന്ന സുഗന്ധം മാത്രമായി അവളെ ചൂഴ്‌ന്നു നിൽക്കുന്ന കാലത്തോളം, അവൾ അവൾക്കുതന്നെ ഒരത്ഭുത പ്രതിഭാസമായിരിക്കുന്ന പ്രായത്തോളം മാത്രം.
ബാലഗോപാലന്റെ ഏകാന്തചിന്തകളെ മുറിച്ചുകൊണ്ടു വീണ്ടും ആ ചെറുപ്പക്കാരൻ കടന്നു വന്നു. ഒരമ്മാവന്റെ ഭാര്യയുടെ അനുജന്റെ ബന്ധുവാണെന്നവകാശപ്പെടുന്നവൻ: “വാസന്തിയെ ലേബർറൂമിലേക്കു മാറ്റി.”
അയാളുടെ മുഖത്തു പ്രസവത്തിന്റെ ഞെരക്കം.
“അത്രേയല്ലേയുള്ളൂ?” ബാലഗോപാലൻ ചിരിച്ചു:
“ഇനിയും സമയമെടുക്കും. കുഴപ്പമൊന്നുമില്ല.”
പക്ഷേ, ആ പയ്യൻഭർത്താവിനു് ആശ്വാസമായില്ല.
അയാൾ നിന്നു പുളഞ്ഞു.
ബാലഗോപാലൻ ഈർഷ്യയടക്കാൻ ബദ്ധപ്പെട്ടു. വാസന്തിയുടെ കന്നി പ്രസവമാണു്. നാലാംമാസം മുതൽ ആഴ്ചയിലൊരിക്കൽ ഇവിടെ കൊണ്ടുവന്നു സ്പെഷ്യലിസ്റ്റിനെ കാണിക്കുന്നുണ്ടു്. അസാധാരണമായിട്ടൊന്നുമില്ല. ഒൻപതു മാസം തികഞ്ഞപ്പോഴേ പേവാർഡ് ബുക്കുചെയ്തു കുടിയേറി. രണ്ടു സ്പെഷ്യലിസ്റ്റുകളെ പ്രത്യേകം ഏർപ്പാടു ചെയ്തിട്ടുണ്ടു്. പക്ഷേ, ഒന്നിലും ആരിലും വിശ്വാസമില്ലാഞ്ഞമട്ടു പെടപെടപ്പാണു്…
ദിവസേന ശരാശരി എഴുപതും എൺപതും പ്രസവം നടക്കുന്ന ആശുപത്രിയാണിതു്. ഒരു മാസമായി വാസന്തിയും ഭർത്താവും ആ യാന്ത്രികവൃത്തി കാണുന്നുമുണ്ടു്.
“ഡോക്ടർ രേവതി വന്നു നോക്കിയിട്ടുപോയി” അയാൾ പുലമ്പി.
“എന്തു പറഞ്ഞു?” ബാലഗോപാലൻ വെറുതെ ചോദിച്ചു.
“സമയത്തു വരാമെന്നു പറഞ്ഞു”
“ഉം”
“ഡോക്ടർ ചെന്നൊന്നു നോക്കിയാൽ വേണ്ടില്ല.”
ഈ രാത്രി കാഷ്വാലിറ്റി ഡ്യൂട്ടി ലഭിച്ച കാലദോഷത്തെ പഴിച്ചും തന്റെ ബന്ധുവർഗ്ഗത്തെയാകമാനം ഉള്ളാലെ ശപിച്ചും ബാലഗോപാലൻ പറഞ്ഞു.
“ഞാൻ വിളിച്ചു ചോദിക്കാം”.
പിന്നെ ഇന്റേണൽ ഫോണിൽ സിസ്റ്ററിനോടു വിവരം തിരക്കി. സിസ്റ്റർ അറിയിച്ചു. “പെയിൻ തുടങ്ങിയിട്ടേയുള്ളു”.
ഫോൺ തിരികെ വെച്ചു് ചെറുപ്പക്കാരനെ ആശ്വസിപ്പിക്കാനൊരുങ്ങുമ്പോഴേക്കും അയാൾ വിങ്ങിപൊട്ടുംമട്ടിൽ ചൊല്ലി: “ഒരു കൊച്ചുവേദന പോലും സഹിക്കാത്തവളാ വാസന്തി”.
‘അതു നേരത്തെ ഓർക്കാമായിരുന്നില്ലേ? എന്നു് ചോദിക്കാനാണു് ബാലഗോപാലന്റെ നാവു തരിച്ചതു്.’
അപ്പോൾ ഒരു ആസ്ത്മാരോഗി വന്നുചേർന്നതു് ഒരു ഇടക്കാലാശ്വാസമായി. ദുരിതാശ്വാസത്തിനു പിടയുന്ന ആ സ്ത്രീയ്ക്കു് ഇഞ്ചക്ഷൻ കൊടുത്തിട്ടു തിരിഞ്ഞു നോക്കുമ്പോൾ കാത്തുനിൽക്കുന്ന വാസന്തിയുടെ ജനകൻ.
“മോളെ പ്രസവമുറിയിലാക്കി”. വൃദ്ധനും വല്ലാത്ത പരിഭ്രമം.
“അറിഞ്ഞു”
“ഞാനിപ്പൊ ഡോക്ടർ ആലീസിനെ കണ്ടു. സമയത്തിങ്ങു വന്നേക്കാമെന്നു പറഞ്ഞിട്ടു് അവരു പോയി. സമയത്തു് ആരുമില്ലാണ്ടു വരുമോ?”
“ഇതവരുടെ ഡ്യൂട്ടിയല്ലേ? ഡോക്ടർ വന്നോളും”.
“എങ്കിലും… ഡോക്ടർ ചെന്നു് ആ നേഴ്സ്മാരോടു് എന്റെ സ്വന്തം ആളാണെന്നൊന്നു് പറയണം”.
“അവർക്കു് അറിയാം”
വൃദ്ധനു് ആ ഉത്തരം തൃപ്തിയായില്ല. ഒരു സൊല്ല ഒഴിവാക്കാൻ ബാലഗോപാലൻ പറഞ്ഞു: ‘ശരി, ഇപ്പൊത്തന്നെ ഞാനങ്ങോട്ടൊന്നു പോകാം’.
താൻ ലേബർറൂമിലേക്കു പുറപ്പെടാതെ വൃദ്ധൻ പിൻവാങ്ങുകയില്ലന്നു് ബാലഗോപാലനറിയാം. അതിനാൽ അയാൾ നടന്നു തുടങ്ങി.
അയാളെ അനുഗമിച്ചുകൊണ്ടു് ആ പിതാവു് ആരാഞ്ഞു: ‘രക്തമോ മറ്റോ അടയ്ക്കേണ്ടി വരുമോ?’
എഴുതാപ്പുറം വായിക്കുന്നവരോടെന്തു പറയണമെന്നറിയാതെ ബാലഗോപാലൻ പല്ലിറുമ്മി. പക്ഷേ, തുടർന്നു: ‘അല്ല, അതിനും ഞാൻ കരുതീട്ടൊണ്ടു്. നാട്ടീന്നു് മൂന്നുനാലു പേരെ വരുത്തീട്ടുണ്ടു്.’
‘നന്നായി’ എന്നഭിനന്ദിച്ചു കൊണ്ടു് ബാലഗോപാലൻ മുമ്പോട്ടു പോയി.
ലേബർ റൂമിന്റെ വരാന്തയിൽ വാസന്തി നില്പുണ്ടു്. അവളുടെ അമ്മയുൾപ്പടെ നാലഞ്ചു പെണ്ണുങ്ങൾ ചുറ്റുമുണ്ടു്. അവരോടൊരു കുശലം പറഞ്ഞിട്ടു് ബാലഗോപാലൻ തിരികെ നടന്നു.
മുറ്റത്തെ ചെടികൾക്കിടിയിൽ പ്രാണവേദനയോടെ കറങ്ങുന്ന തന്തയോടും ഭർത്താവിനോടും നല്ലതു മാത്രം ചൊല്ലിയിട്ടു് ബാലഗോപാലൻ കാഷ്വാലിറ്റിയിൽ മടങ്ങിയെത്തി.
അന്നേരം ഗേറ്റു കടന്നു് ഒരു സംഘം ആളുകൾ വരുന്നതു കണ്ടു. ഒരു സ്ത്രീയാണു മുന്നിൽ. അവൾ കൈയിലൊരു പഴന്തുണിക്കെട്ടു് തൂക്കിപ്പിടിച്ചിട്ടുണ്ടു്. അവൾക്കിരുവശവും പോലീസുകാർ. പിറകിലൊരു പോലീസ് വനിത. ആഘോഷപൂർവ്വം അനുഗമിക്കുന്ന ജനക്കൂട്ടവും.
മുൻനിര അകത്തെത്തി. പിന്നണി വരാന്തയോരത്തു തമ്പടിച്ചു. ഹെഡ് കൊൺസ്റ്റബിൾ രണ്ടടി മുന്നേറി സല്യൂട്ട് ചെയ്തു് വിവരമുണർത്തിച്ചു: ‘ഈ നശിച്ച പെണ്ണു് പെറ്റ ചോരക്കുഞ്ഞിനെ വെള്ളത്തിലെറിഞ്ഞു കൊന്നു. സന്ധ്യയ്ക്കാണു സംഭവം. നാട്ടുകാർ കൈയോടെ പിടികൂടി. കേസ് ചാർജു ചെയ്തിരിക്കുകയാണു്.’
ആ ഘാതകി പൊതിക്കെട്ടു നിലത്തു വെച്ചിട്ടു് നീണ്ടു നിവർന്നു നിന്നു. അവളുടെ കണ്ണിൽ പരിഭ്രമത്തിന്റെ ഒരു കരടുപോലുമില്ല!
ഇവിടെ, ആരോഗ്യവകുപ്പിനു് കർമ്മം രണ്ടാണെന്നു് ബാലഗോപാലൻ ഓർത്തു:
ഒന്നു്: ഇവളിൽ അധുനാതനപ്രസവത്തിന്റെ ലക്ഷണങ്ങളുണ്ടോ എന്നു നോക്കുക.
രണ്ടു്: ഈ കുഞ്ഞു താനെ ചത്തതാണോ, കൊല ചെയ്യപ്പെട്ടതാണോ എന്നു തിട്ടം വരുത്തുക.
താൻ ഈ വയ്യാവേലിയിൽ നിന്നു തലയൂരുന്നതാണു നന്നെന്നു് ബാലഗോപാലനു് അപ്പോൾ തോന്നി. താൻ സ്പെഷ്യലിസ്റ്റല്ല. ഇതിനെയൊക്കെ തൊട്ടാൽ ചിലപ്പോൾ കോടതിയിലും കയറേണ്ടി വരും. ചട്ടപ്രകാരം ഇതൊക്കെ ആർ. എം. ഒ.-യുടെ ചുമതലയാണുതാനും. അവർ പ്രസിദ്ധ ഗൈനക്കോളജിസ്റ്റാണു്.
ബാലഗോപാലൻ ഹെഡ്കോൺസ്റ്റബിളിനോടു് പറഞ്ഞു. ആർ. എം. ഒ. മുകളിലുണ്ടു്. അവിടെ ചെന്നു പറയൂ.
ആർ. എം. ഒ. വന്നപാടു് ബാലഗോപാലനോടു ചോദിച്ചു ‘ഡോക്ടർ തന്നെയങ്ങു ചെയ്താൽ പോരെ?’
‘ഞാൻ സ്പെഷ്യലിസ്റ്റല്ലല്ലോ’
‘സെൻസ് ഓഫ് റീസന്റ് ഡലിവറി നോക്കാൻ സ്പെഷ്യലിസ്റ്റ് വേണോ?’
‘എനിക്കു വയ്യ മാഡം’
അവർ തമ്മിലുള്ള സംവാദം കേട്ടു നിന്ന ഘാതകി പറഞ്ഞു: ‘ഡോക്ടറെ, നിങ്ങള് പിണങ്ങണ്ട. എന്നെ പരിശോധിക്കണമെന്നുമില്ല. ഞാൻ പെറ്റതുതന്നെയാ ഇദു്. സംശയം വേണ്ട.’
‘എപ്പൊ പ്രസവിച്ചു?’ ആർ. എം. ഒ. ചോദിച്ചു.
‘ഇന്നലെ ത്രിസന്ധ്യയ്ക്ക്’.
‘എവിടെവച്ചു് ?’
‘ആ ആറ്റിന്റെ കരയിലെ കരിമ്പിൻ പടപ്പിനെടയിൽക്കെടന്നു്. ദൈവം സഹായിച്ചു വല്യ വെഷമൊന്നുമുണ്ടായില്ല. ഞാൻ തനിച്ചേ ഒണ്ടായിരുന്നൊള്ളു.’
‘നിനക്കിവിടെ വന്നുകൂടായിരുന്നോ?’
‘ആശുപത്രീലു് പെറാനുള്ള പാങ്ങൊന്നും ഞങ്ങൾക്കില്ല.’
‘അതിനു് പാങ്ങെന്തിനു്?’
‘ഡോക്ടറമ്മേ, എന്നെക്കൊണ്ടതു പറയിക്കണമോ? ഇദിന്റെ മൂത്തതിനെ പെറാൻ ഞാനിവിടെ വന്നതാ. നാണം കെട്ടു നേടിവച്ചതും കടംവാങ്ങിയതുമെല്ലാം തീർന്നു. ഇറങ്ങിപ്പോകുമ്പോ പിള്ളയും ഉടുതുണീം മിച്ചം കിട്ടി. എന്നിട്ടോ, കിട്ടിയ ആട്ടിനും തുപ്പിനും വല്ല കൊറവുമുണ്ടോ? വേണോങ്കി ആളും പേരുമെല്ലാം ഞാമ്പറഞ്ഞു തരാം’.
വിഷയം മാറ്റുന്നതാണു നന്നെന്നു് ആ ഭിഷഗ്വരിക്കു തോന്നി.
‘ആട്ടെ, മൂത്തകുട്ടി എവിടെ?’
‘ഒന്നല്ല. രണ്ടൊണ്ടു്. ബസ് സ്റ്റാൻഡിലോ, റയിലാപ്പീസിലോ കാണും. ഞാൻ കണ്ടിട്ടു് നാലു ദെവസമയി. ആമ്പിള്ളേരുതന്നെ. അതുങ്ങളു വളർന്നോളും.’
ഇതിനെ നീ കൊന്നതാണോ?
‘ഡോക്ടറെ, സത്യം ഞാൻ പറയാം. ഇന്നലെ വൈകീട്ടു് പെറ്റു. ഇതും ആങ്കൊച്ചു തന്നെ. ഇന്നു്, നേരം വെളുത്തു് ഒരു പത്തുമണിയായപ്പോ അതിന്റെ കാറ്റുപോയി. ഞാനെന്തു ചെയ്യും? ഈ ശവം ഒന്നു് മാന്തിവെയ്ക്കാൻ എന്റെ തന്ത സമ്പാദിച്ചു തന്ന മണ്ണില്ല. ഞാനീ പിണവും കൊണ്ടു് അന്നേരം മൊതലു് നടക്കുകാ, ആളൊഴിഞ്ഞ ഒരിടം കിട്ടിയാലു് തോണ്ടിപുന്തിവയ്ക്കാമെന്നും കരുതി ഈ സിറ്റിയിലെ മുടുക്കും മൂലയും മുഴുവൻ നടന്നു. തെക്കുവടക്കലഞ്ഞു് കാലുകഴച്ചതും ചൊമന്നു് കൈകൊഴഞ്ഞതും മിച്ചം. എവിടേങ്കിലും ചുരുട്ടിക്കൂട്ടിയിട്ടാലു് പട്ടി കടിച്ചു വലിക്കും. അതു് പെറ്റവയറു പൊറുക്കുമോ? അതുകൊണ്ടു് ഇരുട്ടു വീഴുന്നപ്പൊ ആ ആറ്റിലു കൊണ്ടിട്ടതു്.
‘കള്ളി! കള്ളമാണു് പറയുന്നതു്.’ കാതോർത്തു നില്ക്കുന്ന ജനം ആക്രോശിച്ചു.
‘ഹോ! കൊറെ ഹരിശ്ചന്ദ്രമാരു വന്നിരിക്ക്ണ്! ഇവരാരെങ്കിലും തരുമോ ഒന്നരയടി മണ്ണു്? ഡോക്ടറു ചോദിക്കണം… ഒരു പക്ഷേ, അതിന്റെ തന്തയും കാണുമീ കൂട്ടത്തില്…’
ആരുമൊന്നും മിണ്ടിയില്ല. തെല്ലു കഴിഞ്ഞു് അവൾ തുടർന്നു: ‘കൊന്നു വെള്ളത്തിൽ തള്ളണമെങ്കിലു് എനിക്കു് ഇത്തിരിക്കൂടി ഇരുട്ടിയിട്ടു് ചെയ്തൂടിയോ? ഇല്ലെങ്കിലു് രാത്രി റെയിൽപ്പാളത്തിൽ കൊണ്ടുവെച്ചാ പോരായോ? എല്ലാം മൊകളിലു് കണ്ണും തൊറന്നിരിക്കുന്ന ഒരുത്തൻ കാണണൊണ്ടു്. അദ്ദേഹം ആയുസ്സു കൊടുത്തിരുന്നെങ്കിലു് ഞാൻ ഇതിനേം നടക്കാറാകും വരെ വളർത്തിയേനെ.
ആ ഒരു നിമിഷം അവൾ തേങ്ങിപ്പോകുമെന്നു തോന്നി.
വാസന്തിയുടെ ഭർത്താവിന്റെ തല അങ്ങകലെ ബാലഗോപാലൻ കണ്ടു. എന്തോ പറയാൻ ഓടിവന്നപ്പോൾ അപ്രതീക്ഷിതമായി ഈ ജനക്കൂട്ടം കണ്ടു പകച്ചു് അകലെ മാറിനിന്നു കിതയ്ക്കുകയാണു്. ബാലഗോപാലനെ ആ ദൃശ്യം രസിപ്പിച്ചു. അയാൾ ഘാതകിക്കു് മനംകൊണ്ടു് സ്തുതിചൊല്ലി. ആർ. എം. ഒ. നിർദ്ദേശിച്ചു. ‘ഏതായാലും കേസ് രജിസ്റ്ററിലെഴുതി വയ്ക്കൂ.’ ‘പേരു് പറഞ്ഞു കൊടെടീ.’ ഒരു പോലീസുകാരന്റെ അധികാരം നാവുയർത്തി. ‘പഴയ പേരു മതിയോ, പുതിയ ഒരെണ്ണം പറയട്ടെ?’ ഘാതകി ചോദിച്ചു.
‘വെളയുന്നോ? മര്യാദയ്ക്കു സംസാരിക്കെടീ…’ അയാൾ പല്ലു ഞെരിച്ചു.
‘ഓ ഇനി ഇങ്ങേരാ എന്നെ മര്യാദ പഠിപ്പിക്കണത്! പണ്ടു് ഒരു ഹേഡ്ങ്ങുന്നു പഠിപ്പിച്ചു തന്ന മര്യാദയാണു് ഇപ്പൊ റയിലാപ്പീസിലു കെടന്നു് തെണ്ടണ ചെറുക്കൻ… സാറെ, ദേവകിയെന്നോ, ചന്ദ്രമതിയെന്നോ വല്ലതുമെഴുതിക്കൊള്ളീൻ. അല്ലെങ്കിലു് ചന്ദ്രമതി മതി.’
‘സ്ഥലം പറയെടീ.’ വീണ്ടും പോലീസ് നിർദ്ദേശം.
‘മണക്കാടോ, വേളിയോ, പൂജപ്പുരയോ എഴുതണം സാറെ, ഞങ്ങൾക്കെല്ലാം ഒന്നുതന്നെ.’
‘അധികപ്രസംഗം കാട്ടാതെ ശരിയായ സ്ഥലം പറയെടീ.’
‘അപ്പൊ തിരുവന്തരമെന്നു മതി.’
‘വകതിരിവില്ലാത്ത കൂട്ടം.’ പെൺപോലീസ് മുരണ്ടു.
‘ശരിയാ, അതൊണ്ടെങ്കിലു് ഇദൊക്കെ വരുമോ?’
ഘാതകി അങ്ങോട്ടു തിരിഞ്ഞു; ‘ഞങ്ങള് ഊരും പേരും ശരിയായിട്ടങ്ങു പറഞ്ഞുതന്നു പെറ്റ തള്ളയ്ക്കും തന്തയ്ക്കും നാണക്കേടൊണ്ടാക്കാത്തതാണോ വകതിരിവുകേടു്?’
ആ ചോദ്യത്തിനു് ആരും ഉത്തരം പറഞ്ഞില്ല.
‘പരിശോധനയൊക്കെ നേരം വെളുത്തിട്ടു്. ഇവള് ഇന്നിവിടെ കിടക്കട്ടെ.’ ആർ. എം. ഒ. പറഞ്ഞു. ഉടനെ ജനം പ്രതിഷേധം തുടങ്ങി. ആർ. എം. ഒ. അവരുടെ നേരെ തിരിഞ്ഞു. ‘കുഞ്ഞു ചത്തതോ, ഇവളു കൊന്നതോ ആയിക്കോട്ടെ. നിങ്ങളീ വിനയൊക്കെ പൊക്കിക്കൊണ്ടുവന്നു മനുഷ്യനെ ഉപദ്രവിക്കുന്നതെന്തിനു്?’
‘ഇതൊന്നുമങ്ങനെ വിടാൻ പറ്റൂല’—ഒരു പയ്യൻ.
‘ഇവളെ കോടതി ശിക്ഷിച്ചെന്നുവെച്ചോ, അതോടെ ഈ നാടങ്ങു രക്ഷപ്പെട്ടു രാമരാജ്യമാകുമോ?’
‘അതൊന്നുമല്ല ഡോക്ടറെ, ഞങ്ങൾക്കു് ആറ്റിലു് കുളിക്കണം. പിള്ളേരെക്കൊന്നു് അതിലു കൊണ്ടിടണതു് ഒരു പതിവായി തീർന്നിരിപ്പാ. മുങ്ങി നിവരുമ്പം മൊഖത്തും തലയിലും വന്നിടിക്കും പ്രേതം. ഇതൊന്നവസാനിക്കണം’ —കൂട്ടത്തിൽ മൂപ്പനായ ഒരാൾ പറഞ്ഞു.
‘ശരി, ശരി.’ ആർ. എം. ഒ. കൂടുതൽ സംസാരത്തിനിട നൽകാതെ പിരിഞ്ഞു.
പെൺപോലീസ് ഒരു വെട്ടിലായി. അവർക്കിനി സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല. ഘാതകിക്കു കാവലുകിടന്നേ തീരു. ആ പെൺപുലിയും സദാചാരകുതുകികളായ പൊതുജനത്തെ പ്രാകി.
അങ്ങനെ ആ രാത്രി അവളെ സുരക്ഷിതമായി കിടത്തേണ്ട ചുമതല ബാലഗോപാലന്റെ തലയിലായി. അവൾക്കു കട്ടിൽ കൊടുക്കാം. പക്ഷേ, കുഞ്ഞിനെ എന്തു ചെയ്യും? ശവത്തെ കട്ടിലിൽ കിടത്താൻ സർക്കാർവകുപ്പില്ല. സാധനത്തെ ദൂരെ മാറ്റിവച്ചാൽ ആശുപത്രി വളപ്പിൽ റോന്തു ചുറ്റുന്ന നായ്ക്കൾ തട്ടിക്കൊണ്ടുപോയേക്കാം. തൊണ്ടി കൈമോശംവന്നാൽ നീതിന്യായം കോപിക്കും.
കാഷ്വാലിറ്റി ഡ്യൂട്ടിക്കാരൊന്നായി തല കൂട്ടിയിടിച്ചു് ഒരു പോംവഴി കണ്ടെത്തി. തള്ളയേയും പിള്ളയേയും നിലത്തു ബെഡ്ഷീറ്റിൽ കിടത്തു. അലക്കിവെച്ചിട്ടുള്ളതിൽ നിന്നു കീറിയതു നോക്കി മൂന്നു ഷീറ്റെടുത്തു് അവൾക്കിട്ടു കൊടുത്തു.
ഘാതകിയെ ഒബ്സർവേഷൻ മുറിയുടെ വരാന്തയിലാക്കി. വനിതാ പോലീസിനു് അവിടെ ഒരു കട്ടിലിട്ടുകൊടുത്തു. പ്രതി ചാടിപ്പോകാതിരിക്കാൻ വരാന്തയിലെ ഗ്രിൽ ഭദ്രമായി പൂട്ടി താക്കോൽ ബാലഗോപാൽ തന്നെ കീശയിലാഴ്ത്തി.
ഉത്കണ്ഠാഭരിതരായ ജനം എന്നിട്ടും പിരിഞ്ഞു പോയില്ല. അവർ മുറ്റത്തെ മരച്ചുവട്ടിൽ താവളമടിച്ചിരിപ്പായി.
ബാലഗോപാലൻ അപ്പോൾ കൊണ്ടുവന്ന ഒരു രോഗിയുടെ അടുത്തേക്കു പോയി. ആ ഹൃദ്രോഗിയുടെ നാഡിമിടിപ്പു പരിശോധിക്കുമ്പോൾ വാസന്തിയുടെ അച്ഛൻ പാഞ്ഞു വന്നറിയിച്ചു: ‘ഡോക്ടർ രേവതിയെത്തി… പക്ഷേ, ആലീസ് ഡോക്ടറെ കണ്ടില്ല.’
‘വന്നെത്തും.’ ബാലഗോപാലന്റെ സ്വരത്തിൽ ഈർഷ്യ പ്രകടമായിരുന്നു. വൃദ്ധൻ പിന്നൊന്നും പറയാതെ തിരികെ പാഞ്ഞുപോയി. അരമണിക്കൂറോളം കഴിഞ്ഞു് വരാന്തയിലിറങ്ങിയ ബാലഗോപാലൻ വെറുതെ ഗ്രില്ലിനപ്പുറത്തേക്കു നോക്കി. പോലീസ് മഹിള ഉറങ്ങിക്കഴിഞ്ഞു. ഘാതകി, നിലത്തു വിരിച്ച ബെഡ്ഷീറ്റിൽ കാലുനീട്ടിയിരിപ്പാണു്. അവൾ മറ്റൊരു ഷീറ്റു കൊണ്ടു് ആ ചോരക്കുഞ്ഞിന്റെ ജഡത്തെ ചുറ്റിവിരിഞ്ഞു പൊതിയുകയാണു്.
പുറത്തു നേരിയ മഞ്ഞുണ്ടല്ലോ. കുഞ്ഞിനു തണുപ്പേല്ക്കരുതെന്നു കരുതിയിട്ടാവും—ബാലഗോപാലന്റെ മനസ്സിലൊരു തമാശ മുളച്ചു.
അയാൾ ഡ്യൂട്ടിറൂമിലേക്കു മടങ്ങി.
വീണ്ടും ഒന്നു രണ്ടു രോഗികളെത്തി. ഇടയ്ക്കു് ഫോണിൽ വാസന്തിയുടെ വിശേഷം തിരക്കാനും മറന്നില്ല.
തിരക്കൊഴിഞ്ഞപ്പോൾ കസേരയിൽ ചാരിയിരുന്നു ലേശം മയങ്ങിപ്പോയി ബാലഗോപാലൻ.
സിസ്റ്റർ അയാളെ വിളിച്ചുണർത്തിപ്പറഞ്ഞു: ‘ഡോക്ടറെ ഒരാൾ വിളിക്കുന്നു. നേരത്തെ അന്വേഷിച്ചുവന്ന ആളാണു്.’
ബാലഗോപാൻ വരാന്തയിലേക്കു ചെന്നു. വാസന്തിയുടെ ഭർത്താവു്. പ്രസവം കഴിഞ്ഞതിന്റെ ആശ്വാസവും ഒരു വിളർത്തചിരിയും അയാളുടെ മുഖത്തുണ്ടു്.
‘വാസന്തി പ്രസവിച്ചു. പെൺകുഞ്ഞാണു്.’
ബാലഗോപാലൻ ആ നവജാതപിതാവിനെ അഭിനന്ദിക്കുംമട്ടു് പുഞ്ചിരിച്ചു.
‘എല്ലാം സുഖമായി കഴിഞ്ഞല്ലോ?’
‘ഉവ്വു്.’
പിന്നേം എന്തോ പറയാനുണ്ടെന്ന മട്ടിൽ ആ യുവാവു് നിന്നു വട്ടം ചുറ്റി.
‘വിശേഷിച്ചെന്തെങ്കിലും…? അയാളുടെ വൈഷമ്യം പോക്കാൻ ബാലഗോപാലൻ തിരക്കി.’
‘ഈ സിറ്റിയിൽ കുഞ്ഞുങ്ങളെ നോക്കാൻ ആരാ എക്സ്പർട്ട്? ഐമീൻ, പീഡിയാട്രീഷൻ…’
ബാലഗോപാലൻ പാടുപെട്ടു് ചിരി തൊണ്ടയിലൊതുക്കി: ‘ഇപ്പൊ പ്രശ്നമൊന്നുമില്ലല്ലോ?’
‘ഇല്ല. എങ്കിലും…’ അയാൾ കാതരമായി നോക്കി.
ബാലഗോപാലൻ ഒരു വിദഗ്ദ്ധന്റെ പേരു പറഞ്ഞു കൊടുത്തു. വാസന്തിയുടെ ഭർത്താവിനു വളരെ ആശ്വാസമായി. അയാൾ തലകുമ്പിട്ടു് പിൻവാങ്ങി.
തിരികെ ഡ്യൂട്ടിറൂമിൽ കയറുംമുമ്പു് ഇന്നത്തെ അതിഥിയുടെ സ്ഥിതിയൊന്നു നോക്കിയേക്കാമെന്നു് ബാലഗോപാൻ വിചാരിച്ചു. അയാൾ ഗ്രില്ലിനടുത്തു ചെന്നു. ഘാതകി നീണ്ടു നിവർന്നുകിടന്നു് ഉറങ്ങുകയാണു്, കൂർക്കം വലിയോടെ.
അവളുടെ തല ഉയർന്നിരിക്കുന്നതു് ബാലഗോപാലൻ ശ്രദ്ധിച്ചു. അവൾക്കു് തലയണ കൊടുത്തില്ലെന്ന കാര്യം പൊടുന്നനെ ഓർത്തു.
അയാൾ വീണ്ടും നിരീക്ഷിച്ചു. ആ തൊണ്ടിസാധനം കാണാനില്ല! അയാളുടെ ഉള്ളൊന്നു പിടഞ്ഞു. തറയിൽ നിന്നു അരയിഞ്ചു പൊങ്ങി വീണ്ടും നോക്കി.
ആ തൊണ്ടിമുതൽതന്നെയാണു് അവൾ പൊതിഞ്ഞു് ഭദ്രമായി തലയ്ക്കു കീഴിൽ സസുഖം സൂക്ഷിച്ചിരിക്കുന്നതെന്നു് ബോധ്യമായ നിമിഷം ബാലഗോപാലൻ ആ ഇരുമ്പഴികളിൽ അള്ളിപ്പിടിച്ചു.
(മാതൃഭൂമി വാരിക 1985.)
ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ്. വി. വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു”.
അച്ഛൻ: പി. സദാശിവൻ തമ്പി
അമ്മ: വിശാലാക്ഷിയമ്മ
ജന്മദേശമായ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബിരുദങ്ങൾ നേടി. എൻ. എസ്. എസ്. കോളേജിയറ്റ് സർവ്വീസിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നു് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ്ജ് അവാർഡും ലഭിച്ചു.
ഭാര്യ: കെ. വത്സല
മക്കൾ: ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ
- കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണു്)
- ഗർഭശ്രീമാൻ (കഥാസമാഹാരം)
- മൃതിതാളം (കഥാസമാഹാരം)
- ആദിശേഷൻ (കഥാസമാഹാരം)
- തിക്തം തീക്ഷ്ണം തിമിരം (കഥാസമാഹാരം)
- രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
- ഒറ്റപ്പാലം (കഥാസമാഹാരം)
- ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
- ബുദ്ധിജീവികൾ (നാടകം)
- വാത്സല്യം സി. വി.-യുടെ ആഖ്യായികകളിൽ (പഠനം)
- ആ മനുഷ്യൻ (നോവൽ വിവർത്തനം)
- ചുവന്ന അകത്തളത്തിന്റെ കിനാവു് (നോവൽ വിവർത്തനം)
- ജിംപ്രഭു (നോവൽ വിവർത്തനം)
- മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തതു്)
(ഈ ജീവചരിത്രക്കുറിപ്പു് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നു്.)
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ