images/Courbet_Winter.jpg
Winter, a painting by Gustave Courbet (1819–1877).
ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും
ടി. ബി. വേണുഗോപാലപ്പണിക്കർ

മലയാളികൾ എഴുതുംപോലെ ഉച്ചരിക്കുന്നവരാണെന്നും എല്ലാ ഉച്ചാരണത്തിനും നമുക്കു് എഴുത്തുണ്ടു് എന്നും തീരെ തെറ്റായ ഒരു ധാരണ പലരും പറഞ്ഞു പരത്തുന്നുണ്ടു്. ഇത്തരം ഒരേർപ്പാടു് ഒരു ഭാഷയ്ക്കും ഇല്ല, ആവശ്യവും ഇല്ല. എഴുതിക്കണ്ടാൽ ഉച്ചാരണം തിരിച്ചറിയണം ഉച്ചരിക്കുന്നതു കേട്ടാൽ എഴുതാനും ആകണം—അത്രമതി. അതിനെന്തു വേണം? പ്രസക്തമായ അർഥവ്യാവർത്തനങ്ങൾ എഴുതിക്കാൻ ഒത്ത ലിപി വേണം. പ്രസക്തമായ അർഥവ്യാവർത്തനങ്ങൾ എഴുതിക്കാട്ടാൻ ലിപി ഇല്ലാത്തതാണു് ഇംഗ്ലീഷിലെ എഴുത്തുരീതിയുടെ ഒരു കുഴപ്പം. ഒറ്റസ്വരങ്ങളും ഇരട്ടസ്വരങ്ങളും ചേർന്നു് ഇംഗ്ലീഷിൽ 20 എണ്ണമുള്ളതായി ഓക്സ്ഫഡ് ലേണേഴ്സ് ഡിക്ഷനറി പറയുന്നു. ലിപികളോ a, e, i, o, u എന്നു് അഞ്ചെണ്ണം മാത്രം. ആവശ്യത്തിനു് ലിപിയില്ലാത്തതുപോലെ വേണ്ടതിലേറെ ലിപികൾ ഉണ്ടുതാനും. Q എപ്പോഴും u ചേർന്നേ വരൂ. Qu എന്നതിനു് ഉച്ചാരണം എപ്പോഴും kw എന്നു മാത്രം. X എന്നതിനു് ks എന്നതിന്റെ ഉച്ചാരണമാണു്. മലയാളത്തിലും ഇത്തരം കുഴപ്പങ്ങൾ കുറഞ്ഞ അളവിൽ ഇല്ലായ്കയില്ല. കന്നിയിലെ ന്ന അല്ല കുന്നിയിലേതിനു്. ഒരേ ലിപി, രണ്ടു വ്യത്യസ്തമായ ഉച്ചാരണവും. ലിപിക്കുറവിന്റെ കാര്യം ഇങ്ങനെ. ലിപിക്കൂടുതലിന്റെ കാര്യമോ? എഴുതിക്കാണിക്കുന്ന വ്യത്യാസങ്ങൾ ഉച്ചാരണത്തിൽ വരുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനനുസരിച്ചിരിക്കും ഈ ചോദ്യത്തിനു് ഉത്തരം. ‘പാഠപുസ്തകത്തിലെ കഥ’, ‘പാടപുസ്തകത്തിലെ കദ’ ആയാൽ നമുക്കു് എത്രയോ ലിപികൾ അനാവശ്യമാണു് എന്നുവരും. അത്രത്തോളം പോകുന്നില്ല, ‘പാഠ’വും ‘കഥ’യും തന്നെയാണു് എന്നു വന്നാലും പ്രശ്നം തീർന്നില്ല. ഖ-ഘ, ഛ-ഝ, ഠ-ഢ, ഥ-ധ, ഫ-ഭ വ്യാവർത്തനം മലയാളികൾക്കു് അത്യന്തം പ്രയാസമാണു്. ഇവ തമ്മിലുള്ള അർഥവ്യത്യാസം കാണിക്കുന്ന ജോഡികൾ തന്നെ വിരളം. ‘പൊരു’ളിനെക്കുറിക്കുന്ന അർത്ഥം, ‘പാതി’ക്കുള്ള അർധം ഇവയാണു് എളുപ്പം എടുത്തുകാട്ടാവുന്നവ. ഇവ തമ്മിൽ ഉച്ചാരണത്തിൽ എത്രയുണ്ടു് വ്യത്യാസം? ‘എന്റെ അർധസമ്മതം അവർ അർഥാൽ സമ്മതമായെടുത്തു’ എന്ന വാക്യത്തിൽ ഉദ്ദേശിച്ചതെന്തെന്നു് പിടികിട്ടാം. പലപ്പോഴും എഴുതിക്കാണിച്ചാലേ തിരിച്ചറിയാൻ പറ്റൂ. ഗ്രന്ഥത്തിലെ ‘ന്ഥ’യെ ഗാന്ധിയിലെ ‘ന്ധ’യിൽ നിന്നു് എത്രപേർവ്യാവർത്തിപ്പിക്കും? ഇത്രപോലും വ്യത്യാസമില്ല, പാട-പീഡ ഇവയിലെ ട-ഡ കൾക്കു തമ്മിൽ. വെവ്വേറെ എഴുത്തിന്നു് ഉച്ചാരണത്തിൽ ഏകീഭാവം വരുന്നു എന്നതിന്റെ മറുവശമാണു് എഴുത്തൊന്നു് ഉച്ചാരണം വേറെ എന്ന സ്ഥിതി. സംവാരം എന്നതിലെ രണ്ടു ‘മുറുക്ക’ങ്ങളും (അനുസ്വാരലിപി, ‘ ം’) മകാരത്തെ കുറിക്കുന്നതായി നാം ഗ്രഹിക്കുന്നു. ഈ രണ്ടുമകാരങ്ങളും തമ്മിൽ നാം വ്യത്യാസപ്പെടുത്തുന്നു. രം എന്നതിലേ കേവലം ഓഷ്ഠ്യമായുള്ളൂ, ചുണ്ടുരണ്ടും ചേരുന്നുള്ളൂ. സം എന്നതിൽ ദന്ത്യോഷ്ഠ്യമായ വകാരത്തിനുമുമ്പായി നാം മകാരത്തെ ദന്ത്യോഷ്ഠ്യമായുച്ചരിക്കും—കീഴ്ച്ചുണ്ടു്മേൽ നിരപ്പല്ലിൽ ചേരും. ഈ ഉച്ചാരണഭേദം നമ്മുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. അവ തമ്മിലുള്ള വ്യത്യാസം അർഥവ്യാവർത്തകമല്ല എന്നതു തന്നെ കാര്യം. ഇങ്ങനെ അർഥവ്യാവർത്തകമല്ലാത്ത ഉച്ചാരണഭേദങ്ങൾ വേറെയും പലതും ഉണ്ടു്. കലം-അകലം ചാരം-ആചാരം തിരി-മാതിരി പത്തു്-ആപത്തു് ഇത്തരം ജോഡികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും സ്വരങ്ങളുടെ മധ്യത്തിൽ ഉള്ള ക-ച-ത-പ-കൾ ഗ-ജ-ദ-ബ-യോടു് അടുത്തു നിൽക്കുന്നു എന്നു്. സ്വരമധ്യത്തിലെ ക-ച-ത-പ-കളുടെ മാറിയ ഉച്ചാരണം, allophone, മറ്റൊരു പ്രശ്നത്തിനു് വഴി വയ്ക്കുന്നുണ്ടു്. മതം-മദം, ശാപം-ശാബം ഈ ജോഡികളിലെ ഒന്നു് മറ്റൊന്നിൽ നിന്നു നാം എത്ര വ്യാവർത്തിപ്പിക്കുന്നു? ചിലപ്പോൾ ത-ദ, പ-ബ വ്യത്യാസം സ്വരമധ്യത്തിലാകുമ്പോൾ പിൻവരുന്ന അകാരത്തിൽ പ്രതിഫലിക്കും. മദം, ശാബം എന്നിവയിലെ രണ്ടാമക്ഷരത്തിലെ അകാരത്തിനു് വിവാരം അല്പം കുറഞ്ഞുവരും. മതം-ശാപം ഇവയിൽ അങ്ങനെ അല്ലതാനും. ത-ദ, പ-ബ വ്യത്യാസം തെളിയുന്നതു് പിൻവരുന്ന അകാരത്തിലെ അല്പമായ വ്യത്യാസത്തിൽ ഒതുങ്ങിപ്പോകും. എന്നാൽ ‘വില മതിക്ക’ലിൽ ഉള്ള മതിക്കലും ‘കളിച്ചുമദിക്ക’ലിൽ ഉള്ള മദിക്കലും തമ്മിൽ ഇത്രയെങ്കിലും വ്യത്യാസം നാം ദീക്ഷിക്കുന്നുണ്ടോ?

സൂജി (ഗോതമ്പു്)-സൂചി ഇവ തമ്മിലോ?

സ്വരമധ്യത്തിൽ മലയാളികളും തമിഴൻമാരും പൊതുവേ ഖരങ്ങളെ (ക-ച-ട-ത-പ) മൃദുക്കൾ (ഗ-ജ-ഡ-ദ-ബ) ആക്കും എന്നതുപോലെ അനുനാസികത്തിനുശേഷം ഇവ തമ്മിൽ വ്യത്യാസം ഇല്ലാതിരിക്കും എന്നതും വസ്തുതയാണു്. കാൾഡ്വെല്ലിനറിയാവുന്ന ഈ വസ്തുത അംഗീകരിക്കാൻ നമുക്കു മടിയാണു്. പക്ഷേ മന്തുള്ള മന്തൻ മന്ദതയുള്ള മന്ദൻ അല്ല എന്നു വരുത്താൻ മന്ദനിലെ ന്ദ ‘കുന്ന’നിപ്പോലെ ന്ന (ദന്ത്യം) ആയി മന്നൻ ആയി മാറ്റുക പതിവാണു്. അല്ലെങ്കിൽ മന്ദനിൽ രണ്ടാമക്ഷരത്തിലെ അകാരത്തിന്റെ വ്യത്യാസം വ്യഞ്ജനത്തിലുള്ള വ്യത്യാസമാണെന്നങ്ങു നടിക്കും. ഇന്ദുമതി, ഇന്നുമതി ആകാതെകാക്കുന്നവർ ന്തു-ന്ദു വ്യത്യാസം എത്രത്തോളം ദീക്ഷിക്കും? ‘ഇന്ദുമതി, പന്തുമതി’ എന്നുച്ചരിച്ചു നോക്കുക.

അനുനാസികാൽപരം ഖര-മൃദുവ്യാവർത്തനം മലയാളികൾ നടത്താറില്ല എന്നതിന്നു് പരോക്ഷമായ തെളിവുകൾ ഉണ്ടു്. നാം London നഗരത്തിന്റെ പേർ ലന്ദൻ എന്നോ ലണ്ഡൻ എന്നോ എഴുതാതെ ലണ്ടൻ എന്നെഴുതുന്നതു് എന്തുകൊണ്ടു് എന്നാലോചിക്കുക. ണ്ട എന്നെഴുതിയാൽ ണ്ഡ എന്നുച്ചരിക്കുന്നതുകൊണ്ടല്ലേ ഈ ശീലം? മലയാളിയുടെ എഴുത്തുശീലത്തിൽ engineer ഒരിക്കലും എഞ്ജിനീയർ അല്ല, എഞ്ചിനീയർ ആണു്. -mp-ഉള്ള stamp ഉം -mb- ഉള്ള number ഉം നാം മ്പ എന്ന ലിപി ഉപയോഗിച്ചെഴുതും ‘സ്റ്റാമ്പ്,’ ‘നമ്പർ’ എന്നു്. ഇതിനർഥം ഇത്രമാത്രം: -mp-: -mb- വ്യാവർത്തനം നമുക്കു് ഇല്ല. സാമാന്യമായി പറഞ്ഞാൽ അനുനാസത്തിനുശേഷം ഖര-മൃദുവ്യാവർത്തനമില്ലാ മൃദു (നാദി-സ്പൃഷ്ടം) മാത്രമേ ഉള്ളൂ.

മലയാളി ഇംഗ്ലീഷ് ഉച്ചരിക്കുന്നതും മലയാളം ഉച്ചരിക്കുന്നതിന്റെ ഈ പൊതുശീലം മിക്കവാറും ദീക്ഷിച്ചുകൊണ്ടു തന്നെ. നാം പഠിക്കുന്ന മറ്റെല്ലാഭാഷകളിലേക്കും ഇതുവ്യാപിപ്പിക്കും. മലയാളി ഇംഗ്ലീഷ് പറയുന്നതുപോലെ സംസ്കൃതം പറയുന്നതും ഈ ശീലംവച്ചുതന്നെ, വേദം ഉച്ചരിക്കുന്നതും.

ഇത്രയും‌ പറഞ്ഞതുകൊണ്ടു് ഉച്ചാരണത്തിൽ നിലവാരപ്പെടുത്തൽ ആവശ്യമില്ല എന്ന പക്ഷമാണു് ഈ ലേഖകനു് എന്നു ധരിക്കാതിരിക്കാൻ അപേക്ഷ.

നിലവാരപ്പെടുത്തലാണു് വിഷയം, തെറ്റു തിരുത്തലല്ല. ഈ ശ്രമം തന്നെയും വാമൊഴിയുടെ സ്വാച്ഛന്ദ്യത്തിനു നേരെ നടത്തുന്ന അത്യാചാരാമായി ധരിച്ചു പോകാം. അതുകൊണ്ടു് ഉറപ്പിച്ചു പറയട്ടെ, വിശേഷവ്യവഹാരമാണു് രംഗം. വ്യാകരണസാധുത എന്നതു മറ്റൊരു വിഷയമാണു്. വിശേഷവ്യവഹാരത്തിൽ എത്രത്തോളം വ്യാവർത്തനം ദീക്ഷിക്കേണ്ടതുണ്ടു്, എത്രത്തോളം സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണു് എന്നതുമാത്രം. ആസൂത്രിതമായ ഏകീകരണത്തിനപ്പുറം വൈവിധ്യങ്ങൾ നിലനിന്നു കൊള്ളും.

വിശേഷവ്യവഹാരത്തിലും മാറ്റം വരുക തന്നെചെയ്യും. ‘മാങ്കനി’യും ‘മാമ്പൂ’വും ഇരിക്കെത്തന്നെ മാങ്കായ് മാറി മാങ്ങയായതോർക്കുക. അന്നുപലർക്കും ഹിതം മാങ്കായ് ആയിരുന്നിട്ടും അന്നത്തെ വിശേഷവ്യവഹാരത്തെ നിയന്ത്രിക്കുന്ന ഭാഷകസമൂഹഗണം അംഗീകരിച്ചമാറ്റം നടപ്പിലായി. ഭാഷാസൂത്രകർ വിശേഷവ്യവഹാരത്തിലേക്കായി രൂപങ്ങൾ തിരഞ്ഞെടുക്കും. അവയുടെ ലക്ഷണം വിവരിക്കയും ചെയ്യും. ഭാഷ ചിലപ്പോഴൊക്കെ ഇതിന്നു വഴങ്ങിനിൽക്കാതെ കുതറിപ്പോകും. നമ്മുടെ ആദ്യകാലത്തെ ഭാഷാസൂത്രകനായ ലീലാതിലകകാരൻ ഇരണ്ടിലെ ആദ്യത്തെ ‘ഇ’ വിട്ടു് രണ്ടു് ആക്കരുതെന്നു വിധിച്ചു. അങ്ങനെ ചെയ്യുന്നതു് ‘ഒരുത്തി’ എന്നു വേണ്ടതു് ‘രുത്തി’ എന്നാക്കും പോലെയാണെന്നുവാദിച്ചു. ക്രമികതയും യുക്തിഭദ്രതയുമാണു് ഭാഷാസൂത്രകനായ വൈയാകരണന്റെ താൽപര്യവിഷയങ്ങൾ. അവ കണക്കിലെടുത്താൽ ലീലാതിലകവൃത്തിക്കാരന്റെ വാദം ശരിയാണു്. ഒരുത്തിയിൽ പ്രകൃതി ഒരു്, ഇരണ്ടിൽ ‘ഇരു്’ എന്നും. ഇതിന്റെ സാന്നിധ്യം കാണുക: ഇരട്ടി, ഇരുപതു്, ഇരുന്നൂറു്. ദീർഘസ്വരത്തോടെ ഈ(രി)രണ്ടു്, ഈരായിരം, ഈരാറു്… എന്നും മറ്റും. ക്രമം, യുക്തി ഇവ വിട്ടു് ഭാഷകശീലം രണ്ടു് എന്നതിൽ ഉറച്ചു. ഇരണ്ടു് അന്യമായി. പോയ വഴിയേ തെളിക്കയേ വൈയാകരണന്നു തരമുള്ളൂ. തോറ്റുപോകുമെന്നറിഞ്ഞിട്ടും പണിപ്പെടേണ്ടി വരുന്ന ആളാണു് ഒരു നിലയ്ക്ക് ഭാഷാസൂത്രകൻ. വ്യതിയാനങ്ങൾക്കും വൈവിധ്യങ്ങൾക്കും അപ്പുറത്തുള്ള ഏകീകരണത്തിനു വേണ്ടിയാണല്ലോ അയ്യാളുടെ പരിശ്രമമത്രയും.

ഏകീകരണത്തിനുള്ള ശ്രമം ആസൂത്രകന്റെ മാത്രം ബദ്ധപ്പാടാണോ? അല്ല. ഭാഷകർ അറിഞ്ഞും അറിയാതെയും ഇതിൽ പങ്കുചേരുന്നുണ്ടു്. അടുത്ത ജില്ലയിൽ എത്തിച്ചേർന്നാൽപ്പോലും നാം ഭാഷണത്തിൽ ചില ഒത്തുതീർപ്പും ക്രമപ്പെടുത്തലും സഭ്യപ്പെടുത്തലും നടത്താൻ ഒരുക്കമാകും. ‘യ്ക്ക് ശ്ശല്യ’ മാറ്റി ‘എനിക്കറിയില്ല’ എന്നും ‘ച്ചുമാണ്ട’ മാറ്റി ‘എനിക്കുവേണ്ട’ എന്നാക്കാനും ഒരാളും മടിക്കാറില്ല. മാന്യതയ്ക്കായിട്ടുമാത്രമല്ല, കാര്യം തിരിയാനും. പരിഷ്ക്കരണം സ്വീകാര്യതയ്ക്കുള്ള ശ്രമമാണു്. കടുംപിടിത്തമല്ലാ വഴക്കമാണാവശ്യം. ശാഠ്യമല്ലായുക്തിയാണു് വേണ്ടതു്. ഏതുപ്രാദേശികവും ഏതുസാമൂഹികവൈവിധ്യവും തുല്യം സാധുവായിരിക്കെ ആസൂത്രകന്റെ വിഷയം സാധുതയല്ല, ഏകീകരണമാണു്. ഭാഷയുടെ സാമാന്യസ്വഭാവത്തിന്നു് നിരക്കായ്കയാണു് അസാധുത. സാധുത-അസാധുത എന്ന വകതിരിവു് ആവശ്യം തന്നെയാണു്. വ്യാകരണസാധുത ഭാഷാശാസ്ത്രത്തിന്റെ പരിഗണനാവിഷയവുമാണു്.

നിലവാരപ്പെടുത്തൽ, പരിഷ്ക്കരണം എന്നതിന്നു് ഏകീകരണപരിശ്രമം എന്നാണാർഥം. വിഷം/വെഷം എന്നതു് വെശം, ബെസം… എന്നൊക്കെ ഉപയോഗിക്കുന്നവർ ഉണ്ടു്. ഈ വൈവിധ്യങ്ങൾ ഇരിക്കെത്തന്നെ പൊതുവാമൊഴിയിൽ വെഷം എന്നും ഔപചാരികഭാഷണത്തിൽ വിഷം എന്നും കൈക്കൊള്ളുന്നു. ഇതിൽ ആർക്കാനും വിഷമമുണ്ടോ? ശ-ഷ-സ മാറിമറിയുന്ന വാമൊഴികളെ നിലനിറുത്തിക്കൊണ്ടുതന്നെ അവയുടെ വ്യാവർത്തനം ദീക്ഷിക്കുന്ന വിശേഷവ്യവഹാരം നാം പരിഗണിക്കേണ്ടതുണ്ടു്. സകലം, ശകലമായാൽ പോരല്ലോ. സവിശേഷവും സുവിശേഷവും നമുക്കാവശ്യമുണ്ടു്. ഇതിനർഥം വാമൊഴികൾ തിരുത്തണമെന്നല്ല. ‘വടക്കേമാളികയ്ക്കൽ’ എന്നു് ബഡക്കേമാളിയേക്കലെന്ന വീട്ടുപേരോ ‘വിളാകയിൽ’ എന്നു് ബ്ലാഹേക്കാരോ തിരുത്താൻ തയാറാവുകയുമില്ല, വേണ്ടതാനും.

ശ-ഷ-സ വ്യാവർത്തനം, വ-ബ വ്യാവർത്തനം ഇവപോലെയാണു് യ-ഴ വ്യാവർത്തനവും. ‘മഴപെയ്തു മയം വന്ന മണ്ണി’നെപ്പറ്റി ചിലപ്പോൾ പറയേണ്ടിവരും. വാമൊഴികളിൽ മയ എന്നും മയം എന്നും പലപ്പോഴും മതിയാകാം. ഈ വ്യാവർത്തനയുക്തി ക-ച-ട-ത-പ ഇവയും ഖ-ഛ-ഠ-ഥ-ഫ ഇവയും തമ്മിലുള്ള വ്യാവർത്തനവും തമ്മിൽ ആവശ്യമാണോ? ഗ-ജ-ഡ-ദ-ബ എന്നിവയെ ഘ-ഝ-ഢ-ധ-ഭ എന്നിവയിൽ നിന്നു വേറുതിരിക്കേണ്ടതുണ്ടോ? ഇത്തരം അല്പപ്രാണ-മഹാപ്രാണവ്യാവർത്തനം ഇല്ലെങ്കിൽ വീതിയും വീഥിയും ഒന്നാകും. മദ്യവും മധ്യവും ഒരേ ഉച്ചാരണമാകും. അപ്പോൾ അർഥവ്യത്യാസം എഴുതിമാത്രം കാണിക്കണം എന്ന നിലവരും. വ്യത്യസ്തപദങ്ങളുടെ സമോച്ചാരണത്വം (homonymy) ഇംഗ്ലീഷിലെ സ്പെല്ലിങ് വ്യവസ്ഥയുടെ ഒരു ദുർഘടമാണു്.

write, right, rite (1)

peace, piece (2)

flower, flour (3)

ഇവ കാണുക. ഇത്തരം ദുർഘടത്തിൽപ്പെടലാണോ അതോ ഇവ തമ്മിൽ വല്ലവണ്ണവും വ്യാവർത്തിപ്പിക്കയാണോ നല്ലതു്? ഉത്തരം ഭാവിതലമുറ തീർമാനിച്ചു കൊള്ളട്ടെ.

നിലവാരപ്പെടുത്തലിൽ ചില ക്ലേശങ്ങൾ സഹിക്കേണ്ടിവരും. ആസൂത്രണം ക്ലേശമില്ലാതെ പറ്റുമോ?

ഈ ലേഖനത്തിലെ രണ്ടുകാര്യങ്ങൾ എടുത്തുപറയട്ടെ: മലയാളത്തിലെ ലിപിവിന്യാസത്തിലും സ്പെല്ലിങ് പ്രശ്നമുണ്ടു്. എഴുത്തിലെന്ന പോലെ ഉച്ചാരണത്തിലും മാനകീകരണത്തിനു സാംഗത്യമുണ്ടു്.

പരിശിഷ്ടം:

ഫലം, കഫം ഇവയിലെ f-ഉച്ചാരണം:

ഫലം, കഫം ഇവയിലെ ‘ഫ’ എന്ന ലിപി തന്നെ നാം ഫീസും ഫൈസലും ജോസഫും എഴുതാൻ ഉപയോഗിക്കുന്നു. ഈ രീതി ഇന്ത്യയിലെ വിവിധലിപികളിൽ പതിവാണു്. അതുകൊണ്ടു് ഈ കുഴച്ചിൽ മറാഠിയിലും ഗുജറാത്തിയിലും ഹിന്ദിയിലും ഉണ്ടു്. നാഗരി ലിപിയിൽ ‘f’ കാണിക്കാൻ ലിപിക്കടിയിൽ കുത്തിടുന്ന ഏർപ്പാടുണ്ടു്. അതങ്ങനെ സാർവത്രികമല്ല എന്നുമാത്രം.

മലയാളത്തിൽ തൽഭവരൂപീകരണത്തിൽ സംസ്കൃതത്തിൽ നിന്നുവന്ന പദങ്ങളിലെ ഫയും മറ്റു ഭാഷകളിൽനിന്നുവന്ന f ഉം ഒരുപോലെ പ ആയിത്തീരും. ഫലക-പലക; ഫലാഹാരം-പലഹാരം; fees-പീസ്; coffee-കാപ്പി; എസ്തഫാനോസ്-എത്തേപ്പാൻ.

മലയാളികൾ പലരും ‘ഘർ’ എന്ന ഹിന്ദി വാക്ക് ‘ഗർ’ എന്നു് അല്പപ്രാണമായോ ‘ഖർ’ എന്നു് ശ്വാസിയായോ ഉച്ചരിക്കുന്നതിനെപ്പറ്റി പരിഹാസമുതിർക്കുന്ന ഒരു ഗുജറാത്തി എനിക്കു് സുഹൃത്തായുണ്ടു്. ഗർ ‘വിഷ’മാണെന്നും ഖർ ‘കഴുത’യാണെന്നും പറഞ്ഞാണു് പരിഹാസം. പക്ഷേ അയാൾ ഫൽ എന്നതു് f ആയേ ഉച്ചരിക്കൂ!

ഫലം, ഫീസ് ഇവയിലെ ‘ഫ’ വ്യത്യസ്തമായ ഉച്ചാരണത്തെ കുറിക്കുന്നു എന്നു ശീലിക്കുന്നതു് sch എന്ന വ്യഞ്ജനചിഹ്നങ്ങൾ school ൽ ഒരു മട്ടിൽ, schedule ൽ മറ്റൊരുമട്ടിൽ എന്നു ശീലിക്കുംപോലെയാണു് (അമേരിക്കയിൽ, ബ്രിട്ടണിൽ). ഫലത്തിൽ f അല്ലെന്നു തിരിച്ചറിഞ്ഞാലും മറവി വന്നു കൂടാം. പ-ഫ എന്ന ക്രമം ക-ഖ, ച-ഛ, ട-ഠ, ത-ഥ പോലെയാണെന്നതു സത്യം. f അല്ലെന്നവാദത്തിനിതു് സാധകം തന്നെ. ഭാഷാമാറ്റം ഇതൊന്നും ഗണിച്ചുകൊള്ളണമെന്നില്ല. ഴ-ള കന്നഡത്തിൽ വെവ്വേറെ എഴുതിയിരുന്നു. ഇവ ഉച്ചാരണത്തിൽ അഭേദമായിത്തുടങ്ങിയകാലത്തുതന്നെ വ്യാകരണകാരൻമാർ താക്കീതുചെയ്തിരുന്നു. ഇവ തമ്മിൽ പ്രാസദീക്ഷയും പാടില്ലെന്നു വിധിച്ചു. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ കന്നഡഭാഷ വിഗണിച്ചു കളഞ്ഞു.

ലിപി ഉച്ചാരണത്തെ പിടിച്ചു നടത്തുക എന്നതു് സാക്ഷരസമൂഹത്തിന്റെ ഒരു ‘ശാപം’ തന്നെ. ഇംഗ്ലീഷിൽ ഇതിന്നു് എത്രയോ ഉദാഹരണങ്ങൾ കാണാം. ‘ഹ്രിസ്തു്’ എന്ന മട്ടിൽ ഉച്ചരിക്കാനാണു് Christ എന്ന സ്പെല്ലിങ്. അതു് ഇംഗ്ലീഷ് ‘ക്രൈസ്റ്റ്’ ആയി. Michael ‘മിഹായേൽ’ ആയിരുന്നു. അതു ‘മൈക്കൾ’ ആയി. Rachael ‘റാഹേലി’ന്റെ എഴുത്താണു്. ch-ന്റെ ഉച്ചാരണം ഉദ്ദേശിച്ചതു് ഇങ്ങനെയെന്നതു് മറന്നാണു് ‘റെയ്ചൽ’ എന്നു മാറിയതു്. ചീന എന്നുച്ചരിക്കാൻ china എന്നു ലിപിവിന്യാസം. അതു ചൈനയെന്നായി. ഇംഗ്ലീഷിൽ വാലിൽത്തൂങ്ങി നമുക്കും ‘മൈക്കിളും’ ‘റേയ്ച്ചലും’ ‘ചൈന’യും കിട്ടി. മിഹായേലും റാഹേലും ചീനയും നമുക്കറിയായ്കയില്ല.

നന്ദിയോ നന്നിയോ?

ശുദ്ധിശാഠ്യമുള്ളവർ ചന്ദനം, നിന്ദ… ഇവപോലെ സംസ്കൃതമാണു് നന്ദി എന്നു കരുതി ആ പദം കുന്നിപോലെ ഉച്ചരിക്കുന്നതു തിരുത്തും. എന്നാൽ ‘കൃതജ്ഞ’താർഥകമായി സംസ്കൃതത്തിൽ നന്ദി ഇല്ല. അവിടെ അതു് ‘സന്തോഷാ’ർഥകം മാത്രം. കന്നിയിലും കുന്നിയിലുമുള്ള വ്യത്യസ്തമായ ഉച്ചാരണത്തിനു് ലിപിഭേദമില്ലാത്ത കുഴപ്പം കാരണം കുന്ദംകുളം എന്ന മട്ടിൽ പരിഷ്ക്കരണം നടത്തിയതു മാത്രമാണു് നന്ദി. അതിൽ ഇരട്ടിച്ച ദന്ത്യാനുനാസികത്തിനേ ചരിത്രസാധുതയുള്ളൂ. ഫലം f ചേർത്തുച്ചരിക്കുംപോലെയാണു് നിന്ദ പോലെ നന്ദി ഉച്ചരിക്കുന്നതു്!

വെളുത്തരേഫം/കറുത്തരേഫം

ഉത്തരകേരളത്തിൽ ഒഴിച്ചു് മറ്റു പ്രദേശങ്ങളിലെ മലയാളികൾ ഗ്രാമം, ചന്ദ്രൻ, ബ്രാഹ്മണൻ… എന്നിങ്ങനെ രേഫം പിൻവരുന്ന കൂട്ടക്ഷരങ്ങളിൽ ആവർണം ര് പോലെ ഉച്ചരിക്കും. ഇതുവെളുത്തരേഫം. എന്നാൽ ക്രമം, മന്ത്രം, പ്രാണി… എന്നിങ്ങനെയുള്ളവയിൽ റ് പോലെ ഉച്ചരിക്കും. ഇതു കറുത്ത രേഫം. രേഫം എവിടങ്ങളിൽ വെളുത്തിരിക്കും എവിടങ്ങളിൽ കറുത്തിരിക്കും എന്ന നിയമം തൽക്കാലം വിടുക. ഈ വ്യതിയാനത്തിന്റെ ചില സ്വഭാവങ്ങളിൽ ശ്രദ്ധിക്കുക. ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം രേഫത്തിന്റെ വെളുപ്പും കറുപ്പും പ്രാചീനവിവരണങ്ങളിൽ ഉണ്ടോ എന്ന കാര്യമാണു്. ഇന്നുകിട്ടുന്ന ശിക്ഷാഗ്രന്ഥങ്ങളിലോ പ്രാതിശാഖ്യങ്ങളിലോ ഇത്തരം ഒരു വേറുപാടിന്റെ കഥ പറയുന്നതേ ഇല്ല. രേഫത്തിന്റെ ‘സ്ഥാനം’ വർത്സമാണെന്നു ചിലർ പറയുന്നു. ചിലർക്കതു മൂർധാവാണു്. മൂർധന്യാദേശത്തിനു കാരണമായിത്തീരുന്നുമുണ്ടു്. ഉച്ചാരണ‘രീതി’യെക്കുറിച്ചുള്ള വിശദീകരണം തൈത്തിരീയപ്രാതിശാഖ്യത്തിന്റെ ത്രിഭാഷ്യരത്നം വ്യാഖ്യാനത്തിൽ നിന്നാണു് കിട്ടുന്നതു്. തുണിയും മറ്റും വലിച്ചുകീറുമ്പോഴത്തെ ഒച്ചയ്ക്കുതുല്യമാണു് എന്നാണവിടെ പറയുന്നതു്. ‘രിഫ്യതേ, വിപാടയതേ-വസ്ത്രാദിധ്വനിവദുച്ചാര്യതേ’ എന്നു്. ഇതുപരിശോധിച്ചാൽ രേഫത്തിന്റെ ഉച്ചാരണം ര് എന്നതിനേക്കാൾ റ് എന്നതിനു നിരക്കും എന്നു വ്യക്തമാക്കും. കേരളീയപാരമ്പര്യത്തിൽ, പണ്ടോ ഇപ്പോഴോ സംസ്കൃതോച്ചാരണത്തിൽ മറ്റെങ്ങുമില്ലാത്ത സാഹചര്യനിഷ്ഠമായ ഒരു ഉച്ചാരണഭേദം നമ്മുടെ ര-റ മട്ടിൽ നാം പ്രക്ഷേപിച്ചതു മാത്രമാണു് രേഫത്തിലെ വെളുപ്പും കറുപ്പും.

മറ്റൊരു ഭാഷയിൽ ഇല്ലാത്ത ഒരു വേറുപാടു് നാം അതിൽ പ്രക്ഷേപിക്കുന്നതെന്തിനു്? നമ്മുടെ കേൾവി ശീലത്തിൽപ്പെടുത്തിയാണു് നാം ലോകത്തെ കേൾക്കുന്നതു് എന്നതുകൊണ്ടുതന്നെ. ഇംഗ്ലീഷിലെ peel എന്നതിൽ നാം ലകാരവും pool എന്നിടത്തു് ളകാരവും കേൾക്കും. നമ്മുടെ വർണവ്യാവർത്തനങ്ങൾ മറ്റു ഭാഷകളിൽ സാഹചര്യനിഷ്ഠമായെങ്കിലും നാം കേൾക്കും എന്നുസാരം.

ഇതാണു് രേഫത്തിലെ കറുപ്പുവെളുപ്പുകളുടെ സത്യസ്ഥിതി എങ്കിൽ റകാരച്ഛായയിൽ ചന്ദ്രൻ ഉച്ചരിച്ചുകേട്ടാൽ അതിനുനേരെ പരിഹാസം ഉതിർക്കരുതു്.

ടി. ബി. വേണുഗോപാലപ്പണിക്കർ

അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ ടി ബി വേണുഗോപാലപ്പണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്തു് ഏഴിക്കരയിൽ ഉളനാട്ടു് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു.

മഹാരാജാസ് കോളേജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) മലയാളത്തിൽ എം. എ. ബിരുദവും (1968) എടുത്തു. തുടർന്നു് അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാർ അഴിക്കോടിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക—ഒരു വിമർശനാത്മകപഠനം (A critical study of Pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.

1971-ൽ മദ്രാസ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി 4-നു് കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ. 2003–2005 കാലത്തു് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടു്.

ജർമ്മനിയിലെ കോളൻ സർവകലാശാല സ്റ്റട്ഗർടിൽ നടത്തിയ ഒന്നാമതു് അന്താരാഷ്ട്ര ദ്രവീഡിയൻ സെമിനാർ (2003) ഉൾപ്പെടെ 100 ലേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമ്മിഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗർ, കേരള, എം ജി, കണ്ണൂർ സർവകലാശാലകൾ യു പി എസ് സി, യു. ജി. സി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ കൈരളി ചാനലിനു വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ടു്.

രചനകൾ
  1. സ്വനമണ്ഡലം (1981)
  2. നോം ചോസ്കി (1987)
  3. ഭാഷാർത്ഥം (1998)
  4. വാക്കിന്റെ വഴികൾ (1999)
  5. ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും (2006)
  6. ഭാഷാലോകം (2006)
  7. Studies on Malayalam Language (2006)
  8. ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയിൽ (എസ്. വി. ഷണ്മുഖം-തമിഴ്) വിവർത്തനം (1995)
  9. കൂനൻ തോപ്പു് (തോപ്പിൽ മുഹമ്മദ് മീരാൻ-തമിഴ്) വിവർത്തനം (2003)
  10. പ്രൊഫ എൽ. വി. രാമസ്വാമി അയ്യരുടെ A Primer of Malayalam Phonology (2004) (എഡിറ്റർ)
  11. വ്യാകരണ പഠനങ്ങൾ(1996) ( മലയാള വിമർശം എഡിറ്റർ)

ഭാഷാർത്ഥം എന്ന കൃതിക്കു് കേരള സാഹിത്യ അക്കാദമിയുടെ ഐ. സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു (2000). വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പു് എന്ന തമിഴ്‌നോവലിന്റെ മലയാള പരിഭാഷയ്ക്ക് ലഭിച്ചു.

(വിവരങ്ങൾക്കു് വിക്കീപ്പീഡിയയോടു് കടപ്പാടു്.)

Colophon

Title: Uchchaaranaseelam: Nilavaarappeduththalum Prasnangalum (ml: ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും).

Author(s): T. B. Venugopala Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-29.

Deafult language: ml, Malayalam.

Keywords: Article, T. B. Venugopala Panicker, Uchchaaranaseelam: Nilavaarappeduththalum Prasnangalum, ടി. ബി. വേണുഗോപാലപ്പണിക്കർ, ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Winter, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.