images/venu-hampi-16.jpg
Hazara Rama pillar, Hampi„ a photograph by T. R. Venugopalan .
ഹമ്പി അനുഭവം
ടി. ആർ. വേണുഗോപാലൻ

എക്കാലത്തേയും ചരിത്രസ്ഥലികളിൽ കൂടുതൽ ദൃശ്യവിസ്തൃതവും നിഗൂഢസാന്ദ്രവുമാണു് വടക്കൻ കർണ്ണാടകത്തിലെ ഹമ്പി. തെന്നിന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ തലസ്ഥാനം. സംഗമ വംശത്തിലെ ഹരിഹര-ബുക്ക സഹോദരന്മാർ[1] പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തുടക്കമിട്ട ഒരു ചെറിയ രാജ്യം. ഡൽഹി സുൽത്താന്മാരുടെ തുടരേയുള്ള തെന്നിന്ത്യൻ ആക്രമണങ്ങളുടെ പ്രക്ഷുബ്ധ പശ്ചാത്തലത്തിലാണു് അതിന്റെ പിറവി. ഡെൽഹി സുൽത്താന്മാരുടെ മുന്നേറ്റത്തിനു് പ്രതിരോധം തീർക്കുന്നതും ഈ സഹോദരങ്ങൾതന്നെ. ഡെൽഹി സുൽത്താന്മാർക്കെതിരെ അവർ നേടിയ വിജയത്തിന്റെ സ്മാരകമായി തുംഗഭദ്രയുടെ തെക്കൻകരയിൽ പണി കഴി പ്പിച്ച രാജധാനിയാണു് വിജയനഗരം-ഹമ്പി (വിജയത്തിന്റെ നഗരം). സംഗമ, സളുവ, തുളുവ, അരവിഡു രാജവംശങ്ങൾ മാറിമാറി ഭരിച്ച ഈ അധികാരമണ്ഡലത്തെ വിജയനഗരസാമ്രാജ്യമെന്നാണു് അറിയപ്പെടുന്നതു്. സി. ഇ. 1336 മുതൽ ഡെക്കാനിൽ ആധിപത്യമുറപ്പിച്ച വിജയനഗരത്തിലെ ഭരണാധിപന്മാർ രണ്ടു നൂറ്റാണ്ടോളം അവരുടെ ജൈത്രയാത്ര തുടർന്നു. ഒടുവിൽ, തുംഗഭദ്രയുടെ വടക്കൻ കരയിൽ, ഏതാണ്ടു് വിജയനഗരത്തിനു സമകാലീനരായി ഉയർന്നുവന്ന ബാഹ്മിനി സുൽത്താന്മാരാണു് 1556-ലെ തളിക്കോട്ട യുദ്ധത്തിൽ അവരെ പരാജയപ്പെടുത്തുന്നതു്. അങ്ങനെ, ഡെൽഹി സുൽത്താന്മാർക്കെതിരെയുള്ള രക്ഷാകവചമായി ഉയർന്നുവന്ന വിജയനഗരം, രണ്ടു നൂറ്റാണ്ടുകൾക്കു് ശേഷം, ബാഹ്മിനി സുൽത്താന്മാർക്കുമുന്നിൽ അടിപതറുമ്പോൾ ഇന്ത്യാചരിത്രത്തിലെ ഒരു രാഷ്ട്രീയപരീക്ഷണത്തിനാണു് വിരാമമായതു്. ഇന്ത്യാചരിത്രനിർമ്മിതിയിലും ഇതൊരു വഴിത്തിരിവായി. അതിലേക്കു് പിന്നീടു് വരാം.

തളിക്കോട്ടയിൽ ജയിച്ച ബാഹ്മിനി സുൽത്താന്മാരുടെ സൈന്യം തുംഗഭദ്ര കുറുകെ കടന്നു് ഹമ്പിയിലെത്തി. തുടർന്നുള്ള വിജയാഘോഷത്തിൽ ഹമ്പി നഗരം തകർന്നു തരിപ്പണമായി. ഉപേക്ഷിക്കപ്പെട്ട തലസ്ഥാനനഗരിയിലെ ശേഷിപ്പുകളാണു്, ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ സംരക്ഷണമികവിൽ, ചരിത്രത്തിന്റെ അത്ഭുതകരമായ ദൃശ്യാവിഷ്കാരമായി, ഇപ്പോൾ നിലകൊള്ളുന്നതു്. പൂർണ്ണമായി തകർന്നതും ഭാഗികമായി തകർന്നതും വലിയ കേടുപാടുകൾ ഇല്ലാത്തതും ആയ അനവധി കെട്ടിടസമുച്ചയങ്ങളും ക്ഷേത്രങ്ങളും ശിൽപ്പങ്ങളും അങ്ങാടികളും കോട്ടകളും പാതകളും ജലപ്രണാളികളും (aqueduct) എല്ലാം കൂടി സചേതനമായൊരു ഭൂമികയാണു് ചരിത്രാവശിഷ്ടങ്ങളിലെ ഹമ്പി. തകർന്ന ബസാറുകളും ശൂന്യരാജവീഥികളും, ഇതൊന്നുമറിയാത്തമട്ടിൽ ശാന്തമായി ഒഴുകുന്ന തുംഗഭദ്രയും, എല്ലാം ചേർന്നൊരുക്കുന്ന മായികാന്തരീക്ഷത്തിൽ നാം അറിയാതെ മദ്ധ്യകാല വിജയനഗര രാജധാനിയിലെ തിരക്കേറിയ ജീവിതത്തിലേക്കു് സന്നിവേശിക്കപ്പെടുന്നു.

images/venu-hampi-03.jpg
വിരൂപാക്ഷ ക്ഷേത്രം പനൊരമ.

1800-ൽ കേണൽ കോളിൻ മെക്കൻസിയാണു് ആക്രമണത്തിലും കൊള്ളിവെപ്പിലും തകർന്നു് കാടു മൂടിയ ഹമ്പിനഗരത്തെ വെളിച്ചത്തേക്കു കൊണ്ടുവരുന്നതു്. എഞ്ചിനിയറും ഭൂപടനിർമ്മാതാവും പുരാവസ്തുതല്പരനുമായ മെക്കൻസി ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സർവ്വേയർ ജനറൽ ആയിരുന്നു. ഹമ്പിയുടെ ആദ്യഭൂപടം തയ്യാറാക്കിയതും മെക്കൻസിയാണു്. ഹമ്പിയിൽ നടന്ന അതിക്രമങ്ങളെ അതിജീവിക്കുകയും ആരാധന മുടങ്ങാതെ തുടർന്നുപോരുകയും ചെയ്തുവന്ന വിരൂപാക്ഷ ക്ഷേത്രത്തിലെ പൂജാരിമാരിൽനിന്നും ശേഖരിച്ച വിവരങ്ങളാണു് ഹമ്പിയെ കണ്ടെത്തുന്നതിൽ മെക്കൻസിക്കു് തുണയായതു്. ഹമ്പി വീണ്ടെടുക്കലിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതു് 1856-ൽ കേണൽ അലക്സാണ്ടർ ഗ്രീൻലോ വന്നെത്തുന്നതോടേയാണു്. തകർന്നടിഞ്ഞ ഹമ്പിയുടെ ഫോട്ടോകൾ ആദ്യമായെടുക്കുന്നതു് ഗ്രീൻലോ ആണു്. ഫിലിമിന്റെ അഭാവത്തിൽ ചില്ലുകൊണ്ടുണ്ടാക്കിയ നെഗറ്റീവുകൾ ഉപയോഗിച്ചാണു് അവിശ്വസനീയ വലുപ്പത്തിലും വ്യക്തതയിലുമുള്ള ഫോട്ടോകൾ അദ്ദേഹം ലോകത്തിനു സമ്മാനിച്ചതു്. ഈ ചിത്രങ്ങൾ ഇപ്പോഴും ഹമ്പി മ്യൂസിയത്തിൽ സൂക്ഷിച്ചുവരുന്നു. 1902-ൽ സർ ജോൺ മാർഷലിന്റെ നേതൃത്വത്തിലാണു് ഹമ്പിയുടെ സംരക്ഷണ നടപടികൾ ആരംഭിക്കുന്നതു്. 1986-ൽ യുണെസ്കൊ ഹമ്പിയ്ക്കു് ലോകപൈതൃക പദവി നൽകി. ഹമ്പിയിപ്പോൾ വിവിധ രാജ്യങ്ങളിലെ പുരാവസ്തു ഗവേഷകരുടെ പരീക്ഷണശാലയും ലോകത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണു്.

ഭൗമാത്ഭുതമായി ഹമ്പി

ഭൗമശാസ്ത്രപരമായും പുരാവൃത്തപരമായും ഒട്ടനവധി സവിശേഷതകൾ ഉള്ള പ്രദേശമാണു് ഹമ്പി. പലവലുപ്പത്തിലും ആകൃതിയിലും വർണ്ണങ്ങളിലുമുള്ള കരിങ്കൽക്കഷ്ണങ്ങൾ എങ്ങും പരന്നു കിടക്കുന്നു. വ്യത്യസ്ത ആകൃതിയിൽ, ആരോ കൂട്ടിയിട്ടിട്ടുള്ളതെന്നു തോന്നിപ്പിക്കുന്ന, കരിങ്കൽക്കൂനകൾ മുതൽ വലിയ പാറക്കുന്നുകൾ വരെ, സർവ്വത്ര പാറയാണു് ഹമ്പിയിൽ. എപ്പോൾ വേണമെങ്കിലും താഴേക്കു പതിച്ചേക്കാമെന്ന പ്രതീതിയുളവാക്കുന്ന കൂറ്റൻ ഉരുളൻ കല്ലുകൾ, പ്രകൃതിയുടെ ഏതോ നിയമം പാലിച്ചുകൊണ്ടു്, സന്തുലനത്തിൽ നിൽക്കുന്നു, അതിശയകരമായി. അതിവിസ്തൃതമായ തലസ്ഥാനനഗരിയെ ജലസമൃദ്ധമാക്കിക്കൊണ്ടു് ഒഴുകുന്ന തുംഗഭദ്രയിലും വലിയ കരിങ്കൽകുന്നുകൾ കാണാം. ഹമ്പി ഒരു തലസ്ഥാനനഗരത്തിനു് ചേർന്ന സ്ഥലമാണോയെന്നു്, ഒരുപക്ഷേ, ആരും സംശയിച്ചേക്കാം. അത്രയ്ക്കു് അസമമായ ഭൂപ്രതലമാണു് ഹമ്പിയുടേതു്. എന്നാൽ, സൂക്ഷ്മമ നിരീക്ഷണത്തിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നു് ബോദ്ധ്യപ്പെടും. വടക്കുഭാഗത്തു് തുംഗഭദ്രയും ബാക്കി ഭാഗങ്ങളിൽ ഇടവിട്ടുള്ള കുന്നുകളും ചേർന്നു് എളുപ്പത്തിൽ പ്രതിരോധിക്കാവുന്ന ഒരു പ്രദേശമായിരുന്നു യഥാർത്ഥത്തിൽ ഹമ്പി. ആകെവേണ്ടിയിരുന്നതു് കുന്നുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന ചെറുമതിലുകൾ മാത്രം. ഈ സ്വാഭാവിക പ്രതിരോധശേഷിയാണു് തലസ്ഥാനനഗരിയായി ഹമ്പി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള കാരണം.

images/venu-hampi-02.jpg
ഹേമകുണ്ഡകുന്നിൽ നിന്നുള്ള ഹമ്പിക്കാഴ്ച.

ഇത്രമാത്രം കരിങ്കൽക്കൂനകൾ ഹമ്പിയിലെങ്ങനെയുണ്ടായി എന്നു് ആരും ആലോചിച്ചു പോകും. കാലം നിർണ്ണയിക്കാൻ പറ്റാത്തവിധം അതിപുരാതനവും വന്യവുമായ ഒരു പ്രദേശമാണതു്. ഏതോ അജ്ഞാത ഭൗമ പ്രക്രിയയിൽ—ഭൂമികുലുക്കമോ, അഗ്നിപർവ്വതസ്ഫോടനമോ—ആയിരിക്കാം ഈ കരിങ്കൽക്കൂമ്പാരങ്ങൾ രൂപംകൊണ്ടതു്. ആയിരക്കണക്കിനു വർഷത്തെ മഴയിലും പ്രകൃതിക്ഷോഭത്തിലും മണ്ണൊലിപ്പിലുമായിരിക്കാം കാലാന്തരത്തിൽ കുന്നുകൾ ഇപ്രകാരമായിത്തീർന്നതു്. ഭൗമശാസ്ത്ര പഠനങ്ങൾക്കു മാത്രമെ ഈ പ്രകൃതി രഹസ്യം അനാവരണം ചെയ്യാനാകൂ. ഏകദേശം 3000 വർഷങ്ങൾക്കു് മുൻപെങ്കിലും മനുഷ്യവാസം തുടർന്നുപോന്നതിന്റെ പുരാവസ്തുശാസ്ത്രപരമായ തെളിവുകൾ ഈ പ്രദേശങ്ങളിലുണ്ടു്.[2]

പുരാവൃത്തത്തിലെ ഹമ്പി

പുരാവൃത്തലാവണ്യത്തിലും ഹമ്പി മുന്നിലാണു്. ആരാധന ഇപ്പോഴും നടന്നുവരുന്ന വിരൂപാക്ഷ ക്ഷേത്രവുമായി ബന്ധമുള്ള ഐതിഹ്യങ്ങൾക്കു പുറമെ ‘രാമായണ’ത്തിലെ ചില സംഭവങ്ങളും ഇവിടത്തെ ദേശചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പുരാവൃത്തത്തിലെ പല ആഖ്യാനങ്ങൾക്കും ക്ഷേത്ര ശില്പങ്ങളിൽ സാധൂകരണമുണ്ടു്. അതിനാൽ, ചരിത്രകാരന്മാർക്കവയെ കെട്ടുകഥകളെന്നു് കരുതി തള്ളിക്കളയാനാവില്ല. വിരൂപാക്ഷക്ഷേത്രം ഐതിഹ്യസമൃദ്ധമാണു്. ശിവന്റെ തൃക്കണ്ണുമൂലമുള്ള വൈരൂപ്യമാകാം വിരൂപാക്ഷൻ എന്ന പേരിനു് ഹേതു. ഹമ്പിയിലെ ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും നിറഞ്ഞുനിൽക്കുന്ന പ്രാചീന വനദേവതയാണു് ബ്രഹ്മാവിൻപുത്രിയെന്നു വിശ്വസിക്കപ്പെടുന്ന പമ്പാ ദേവി. ഹമ്പിയെന്ന പേരുതന്നെ ‘പമ്പ’യിൽ നിന്നുണ്ടായതു്. ഹമ്പിയിലെ ഹേമകുണ്ഡകുന്നിന്മുകളിൽ തപസ്സനുഷ്ഠിക്കുകയായിരുന്നു പമ്പ. തൊട്ടടുത്തു് പരമശിവനും തപസ്സുചെയ്തിരുന്നു. പമ്പയെ കാണാനിടയായ പരമശിവൻ അവരിൽ ആകൃഷ്ടനായിയെന്നും തുടർന്നു് അവരെ വിവാഹംചെയ്തുവെന്നുമാണു് കഥാസാരം. അങ്ങനെ, പമ്പ പാർവ്വതിയും ശിവൻ പമ്പാപതിയുമായി, ഐതിഹ്യങ്ങളിൽ. വിരൂപാക്ഷക്ഷേത്രത്തിൽ ശിവനും പമ്പയ്ക്കും വെവ്വേറെ മണ്ഡപങ്ങളുണ്ടു്. ക്ഷേത്രോത്സവസന്ദർഭം തന്നെ ഇവരുടെ വിവാഹമാണു്. ഇതെല്ലാം അടിവരയിടുന്നതു് പുരാവൃത്തത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണു്.

images/venu-hampi-01.jpg
ഹേമകുണ്ഡക്ഷേത്രസമുച്ചയം.

‘രാമായണ’ത്തിലെ കിഷ്കിന്ധകാണ്ഡത്തിൽ പരാമർശമുള്ള ചിലകാര്യങ്ങൾ ഇവിടെ സംഭവിച്ചതാണെന്നു് വിശ്വസിക്കപ്പെടുന്നു. സീതയെ അന്വേഷിച്ചു് രാമലക്ഷ്മണന്മാർ പുറപ്പെടുന്നതും അവർ ഹനുമാനെ കാണുന്നതും ഇവിടെവെച്ചാണത്രെ. രാവണൻ സീതയെ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടു പോകുന്നതു് സുഗ്രീവൻ കാണുന്നതും ആ വിവരം രാമ-ലക്ഷ്മണന്മാരെ ധരിപ്പിക്കുന്നതുമെല്ലാം ഇവിടെ വെച്ചുതന്നെ. ബാലീവധത്തിനുശേഷം സുഗ്രീവനെ പുനഃസ്ഥാപിക്കുന്നതും ഇവിടെവെച്ചു്. ഹമ്പിയിലെ ക്ഷേത്രശില്പങ്ങളിലും ക്ഷേത്രേതരശില്പങ്ങളിലും ഗുഹകളിലും ഈ പ്രമേയം ആവർത്തിച്ചു് ആവിഷ്കരിക്കപ്പെടുന്നു എന്നിടത്താണു് ചരിത്രകാരന്റെ സൂക്ഷ്മദൃഷ്ടിയെത്തുന്നതു്.

ഹമ്പിയുടെ പുരാവസ്തുവിസ്തൃതി

ഹമ്പിയിലെ പുരാവസ്തുസ്ഥലിയെ വിദഗ്ദർ പഠനസൗകര്യാർത്ഥം മൂന്നായി തിരിച്ചിരിക്കുന്നു—പുണ്യ സ്ഥാനം, റോയൽ സെന്റർ അഥവാ അധികാരകേന്ദ്രം, നഗരകേന്ദ്രം. ഹമ്പിയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയാൽ വടക്കു-പടിഞ്ഞാറെ ഭാഗത്തു്, തുംഗഭദ്രയുടെ കരയോടുചേർന്നുള്ള ക്ഷേത്രകേന്ദ്രിതപ്രദേശങ്ങളാണു് പുണ്യസ്ഥാനത്തുള്ളതു്. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കൊട്ടാരമുൾപ്പെടെയുള്ള പ്രദേശമാണു് റോയൽ സെന്റർ. ഇതിനു പിറകിൽ തെക്കു-കിഴക്കായി സ്ഥിതിചെയ്യുന്ന അതിവിസ്തൃത പ്രദേശമാണു് ‘നഗരകേന്ദ്രം’. കടകളും ചന്തകളും വഴിവാണിഭക്കാരും അവരുടെ വാസസ്ഥലങ്ങളുമുൾപ്പെടെ ഈ പ്രദേശത്തിനുമാത്രം 25 ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയുണ്ടെന്നു് ഹമ്പി ഉദ്ഖനനത്തിൽ ദീർഘകാലം പങ്കെടുത്ത കലാചരിത്രകാരൻ ജോർജ് മിഷെൽ അഭിപ്രായപ്പെടുന്നു.[3] ഏറ്റവും കൂടുതൽ നാശം സംഭവിച്ചിട്ടുള്ള ഈ പ്രദേശത്തു് പുരാവസ്തുഗവേഷകരുടെ അന്തർ ദേശീയ സംഘം തുടർപഠനങ്ങൾ നടത്തിവരുന്നു. ഇവയുടെ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ നഗരത്തിന്റെ പൂർണ്ണരൂപം അറിയാൻ കഴിയു.

പുണ്യസ്ഥാനം (Sacred Centre)
images/venu-hampi-25.jpg
വേട്ടദൃശ്യം, മഹാനവമി മണ്ഡപം.

1. ഹേമകുണ്ഡ

ഹേമകുണ്ഡകുന്നു്, വിരൂപാക്ഷക്ഷേത്രം, കൃഷ്ണക്ഷേത്രം, വിട്ഠലക്ഷേത്രം എന്നിവയുൾപ്പെടുന്ന ക്ഷേത്രമേഖലയാണു് പുണ്യസ്ഥാനം. ഹേമകുണ്ഡകുന്നു് ചെറിയ ശിവക്ഷേത്ര സമുച്ചയമാണു്. പഴയ ഡെക്കാൻ ശൈലിയിലുള്ള പൂർവ്വ-വിജയനഗര നിർമ്മിതികളാണിവിടെയുള്ളതു്. പാറക്കുന്നിൻചെരുവിൽ പടിപടിയായി ക്രമീകരിച്ച പിരമിഡിന്റെ ആകൃതിയിലാണു് ഹേമകുണ്ഡത്തിലെ ക്ഷേത്രങ്ങൾ. ത്രൈലിംഗപ്രതിഷ്ഠയാണു് ഇവിടത്തെ പ്രത്യേകത. ഡെൽഹി സുൽത്താന്മാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്നിടയിൽ കൊല്ലപ്പെട്ട (1320-കളിൽ) നാടുവാഴി കമ്പിലന്റെ ഓർമ്മയ്ക്കു് അയാളുടെ മാതാപിതാക്കൾ സ്ഥാപിച്ചതാണു് ഈ ത്രൈലിംഗക്ഷേത്രങ്ങളെന്നു് കരുതപ്പെടുന്നു. വിജയനഗരം സ്ഥാപിച്ച സംഗമ രാജാക്കന്മാരുടെ ക്ഷേത്രങ്ങളും ഇവിടെയുണ്ടു്. സമീപത്തു്, വിരൂപാക്ഷക്ഷേത്രവും പഴയ ഹമ്പി മാർക്കറ്റും. വിദൂരതയിൽ, തുംഗഭദ്രയും പാറക്കൽനിബിഡ കുന്നുകളും. ഹേമകുണ്ഡത്തിൽനിന്നുള്ള ഹമ്പിക്കാഴ്ച ഇവയെല്ലാം ചേർന്നൊരുക്കുന്ന വന്യ, നിഗൂഢ, ദൃശ്യവിശാലതയാണു്.

images/venu-hampi-26.jpg
വേട്ടദൃശ്യങ്ങൾ, മഹാനവമി മണ്ഡപം (2).
2. വിരൂപാക്ഷ ക്ഷേത്രം

ഹേമകുണ്ഡത്തിൽ നിന്നാൽ വിരൂപാക്ഷക്ഷേത്രത്തിന്റെ കൂറ്റൻ ഗോപുരവും ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലും ശ്രീകോവിലും ഒരു ആകാശദൃശ്യം പോലെ കാണാം. കുന്നിറങ്ങി വരുമ്പോൾ ഗോപുരത്തിലെ ശില്പങ്ങൾ ക്രമത്തിൽ തെളിഞ്ഞുവരുന്നതു് മറ്റൊരു ദൃശ്യവിസ്മയം. ഒമ്പതു നിലകളും 52 മീറ്റർ ഉയരവുമുള്ള ഗോപുരം ഒറ്റക്കാഴ്ചയിൽത്തന്നെ 11–12 നൂറ്റാണ്ടുകളിലെ ചോളാക്ഷേത്രശൈലിയുടെ അനുകരണമാണെന്നു ബോദ്ധ്യപ്പെടും. ചോളാശൈലിയുടെ സ്വാധീനം ഹമ്പിയിൽ പൊതുവെ പ്രകടമാണു്.

images/venu-hampi-27.jpg
കുതിരയുടെ വായ് തുറന്നു് പരിശോധിക്കുന്ന കച്ചവടക്കാരൻ, മഹാനവമി മണ്ഡപം.

കലാചരിത്രകാരന്മാർ ഇതിനെ നവചോളാശൈലിയെന്നു വിളിക്കുന്നു. ആരാധനമുടങ്ങാത്തതും വിഗ്രഹം നഷ്ടപ്പെടാത്തതുമായ ഹമ്പിയിലെ ഏക ദേവാലയമാണു് വിരൂപാക്ഷക്ഷേത്രം. ഇതും ഹമ്പിചരിത്രത്തിലെ ചർച്ചാവിഷയമാണു്. അതിലേയ്ക്കു് പിന്നീടു് വരാം. 1510-ൽ കൃഷ്ണദേവരായർ നിർമ്മിച്ച ഒരു ഗോപുരം കൂടി കടന്നുവേണം ക്ഷേത്രത്തിനുള്ളിലെത്താൻ. നടുക്കു് വിരൂപാക്ഷന്റെ ശ്രീകോവിൽ: മുന്നിൽ അർദ്ധമണ്ഡപവും രംഗമണ്ഡപവും (മഹാമണ്ഡപം). കൃഷ്ണദേവരായരുടെ സ്ഥാനാരോഹണ സമയത്തു് (1510-ൽ) പണികഴിപ്പിച്ചതാണു് അതിവിസ്തൃതവും ശില്പസമൃദ്ധവുമായ ഒട്ടനവധി തൂണുകളുമുള്ള മഹാമണ്ഡപം. അതേ രാജാവു് പണികഴിപ്പിച്ച നൂറുകാൽമണ്ഡപവും വിജയനഗരത്തിന്റെ പ്രതാപകാലത്തെ കാണിക്കുന്നു. മതപ്രഭാഷണങ്ങൾ, സംഗീത-നൃത്തപ്രകടനങ്ങൾ എന്നിവക്കായി സജ്ജമാക്കിയ രംഗവേദിയും ഇതിനകത്തുണ്ടു്. സീലിങ്ങിലെ ചതുരത്തിലും ചിത്രങ്ങളുണ്ടു്. ശിവനും പമ്പയും തമ്മിലുള്ള വിവാഹവും ത്രിപുരാന്തകന്റെ പാനലുമാണു് ഇതിലേറ്റവും മികച്ചതു്.

images/venu-hampi-04.jpg
വിരൂപാക്ഷ ക്ഷേത്രഗോപുരം.

ഹമ്പിയിലെ പ്രധാന ക്ഷേത്രങ്ങൾക്കു മുന്നിൽ കമ്പോളമുണ്ടു്. നാലു് ഒറ്റക്കൽ തൂണുകൾക്കു മുകളിൽ കരിങ്കൽ പാളികൾവെച്ചു് മൂടിയ ചതുരാകൃതിയുലുള്ള ചെറുമുറികളാണു് കമ്പോളത്തിലുള്ളതു്. നിരനിരയായി ഏതാണ്ടൊരു നേർരേഖയിൽ പരസ്പരബന്ധിതമായിട്ടാണു് ഈ മുറികൾ. ക്ഷേത്രഗോപുരങ്ങളുടെ ഇരുവശവും ഇത്തരം പീടികകൾ സ്ഥിതിചെയ്യുന്നു. ഇവയെല്ലാം ഏതാണ്ടു് തകർന്നുവീഴാറായ അവസ്ഥയാണിപ്പോഴുള്ളതു്. വിരൂപാക്ഷക്ഷേത്രത്തിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ഹമ്പി മാർക്കറ്റിനു് മുക്കാൽ കിലോമീറ്റർ ദൈർഘ്യമുണ്ടു്. കൃഷ്ണദേവരായർ നിർമ്മിച്ചതാണിതു്.

3. കൃഷ്ണക്ഷേത്രം

ഒറീസയിലെ ഗജപതി രാജാക്കന്മാർക്കെതിരെ നേടിയ വിജയത്തിന്റെ ഓർമ്മക്കായി കൃഷ്ണദേവരായർ 1515-ൽ നിർമ്മിച്ചതാണു് കൃഷ്ണ ക്ഷേത്രത്തിന്റെ മുഖ്യ ഗോപുരം. യുദ്ധാനന്തരം ഒറീസയിലെ ഉദയഗിരിയിൽ നിന്നു കൊള്ളയടിച്ച ബാലകൃഷ്ണന്റെ വിഗ്രഹം ഈ ക്ഷേത്രത്തിലാണു് പ്രതിഷ്ഠിച്ചിരുന്നതു്. വിജയനഗരശൈലിയിൽ നിർമ്മിച്ച മുഖ്യഗോപുരത്തിന്റെ മുകൾ ഭാഗം തകർന്നിരിക്കുന്നു. ഗോപുരത്തിലെ വെങ്കലശില്പങ്ങളിലേറേയും പരിചപിടിച്ച സൈനികരും ആനയും കുതിരകളുമാണു്. ഒരുപക്ഷേ, ഒറീസ ആക്രമണത്തിന്റെ ദൃശ്യാവിഷ്കാരമായിരിക്കാമിതു്. ഒപ്പം രാജാധികാരപ്രദർശനവും. ശ്രീകോവിലും അർദ്ധമണ്ഡപവും മഹാമണ്ഡപവും അടങ്ങുന്നതാണു് ക്ഷേത്രത്തിന്റെ ഉൾവശം. അർദ്ധമണ്ഡപത്തിന്റെ ഒരു തൂണിൽ ദശാവതാരശില്പമുണ്ടു്. ഇവിടേയും കമ്പോളമുണ്ടു്, വിരൂപാക്ഷനിലേതുപോലെ.

4. വിട്ഠല ക്ഷേത്രം

ഹമ്പിയിലെ ഏറ്റവും വലിയ നിർമ്മിതികളിലൊന്നാണു് വിട്ഠല (വിഷ്ണു) ക്ഷേത്രം. ഹമ്പി മാർക്കറ്റിൽ നിന്നും തുംഗഭദ്രയൊരുക്കുന്ന ദൃശ്യചാതുരി അനുഭവിച്ചുകൊണ്ടു് ഏതാണ്ടു് ഒരു കിലോമീറ്റർ നടന്നാൽ വിട്ഠല ക്ഷേത്രസമുച്ചയത്തിലെത്താം. ഈ ക്ഷേത്രനിർമ്മാണം നടക്കുന്നതു് പല ഘട്ടങ്ങളായിട്ടാണു്. ദേവരായൻ രണ്ടാമന്റെ (1422–46)കാലത്താണു് ക്ഷേത്രനിർമ്മാണം ആരംഭിച്ചതെന്നും അല്ലാ വീരനാരായണന്റെ കാലത്താണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടു്. ദീർഘചതുരാകൃതിയിൽ, അതിവിസ്തൃതമായ മതിൽക്കെട്ടിനുള്ളിൽ കിഴക്കോട്ടഭിമുഖമായിട്ടാണു് മൂന്നു ഗോപുരങ്ങളുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്. ക്ഷേത്രത്തിന്റെ കിഴക്കും വടക്കുമുള്ള ഗോപുരങ്ങൾ കൃഷ്ണദേവരായരുടെ രണ്ടു പത്നിമാർ പണികഴിപ്പിച്ചതാണു്. ശ്രീകോവിലിലെ വിഗ്രഹം നഷ്ടപ്പെട്ടിരിക്കുന്നു. വാതിലുകളും മച്ചും തീവെപ്പിൽ കത്തിനശിച്ചു. ആക്രമണത്തിന്റേയും കൊള്ളിവെപ്പിന്റേയും പ്രത്യക്ഷ തെളിവുകൾ ഇവിടെയുണ്ടു്. അതിന്റെ വ്യാഖ്യാനങ്ങൾ പിന്നീടു്.

images/venu-hampi-06.jpg
മഹാമണ്ഡപം, വിട്ഠലക്ഷേത്രം.

ശ്രീകോവിലിനടുത്തുള്ള മറ്റു നിർമ്മിതികളാണു് മഹാമണ്ഡപം, അർദ്ധമണ്ഡപം, കല്ല്യാണമണ്ഡപം, ഉത്സവമണ്ഡപം എന്നിവ. വിരൂപാക്ഷ ക്ഷേത്രത്തിലേതിനോടു സമാനമായ ഈ മഹാമണ്ഡപവും കൃഷ്ണദേവരായർ നിർമ്മിച്ചതാണു്, 1516-ൽ. അതിശയകരമായ ഒരു ദൃശ്യാനുഭവമാണു് ഇതിന്റെ അധിഷ്ഠാനത്തിലെ ശില്പസമൃദ്ധി. മതപരവും മതേതരവും ഭൗതികവും ആത്മീയവുമായ ശില്പവിന്യാസം. മതേതര ശില്പങ്ങളാണിവയിലേറേയും. മതേതരശില്പങ്ങളിൽ സൈനികരും കച്ചവടക്കാരും വിദേശികളും കൗതുകകരമാം വിധത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു. അധികവും റിലീഫ് പാനലുകളാണു്. ആനയും കുതിരയുമടങ്ങിയ റിലീഫ് പാനലുകൾ അധിഷ്ഠാനത്തിൽ ഒട്ടനവധിയുണ്ടു്. കുതിരയുടെ കടിഞ്ഞാൺ പിടിച്ചിരിക്കുന്നവരിൽ പാശ്ചാത്യ ശൈലിയിൽ തൊപ്പിയും കുപ്പായവുമണിഞ്ഞ യൂറോപ്യന്മാരെ (പോർച്ചുഗീസുകാർ) കാണാം. അറബി കച്ചവടക്കാരും ഇക്കൂട്ടത്തിലുണ്ടു്. കുതിരയുടെ വായതുറന്നു പരിശോധിക്കുന്ന ഒരാളും റിലീഫ് പാനലിലുണ്ടു്. കച്ചവടക്കാർ കുതിരയുടെ പ്രായം പരിശോധിക്കുന്നതാവാമിതു്. ആനകൾ തുമ്പിക്കൈ പരസ്പരം കോർത്തിരിക്കുന്നതും രണ്ടാനകൾ ചേർന്നു് ഒരാളെ ചവിട്ടിക്കൊല്ലുന്നതുമായ ദൃശ്യങ്ങൾ തികഞ്ഞ സ്വാഭാവികതയോടെ കല്ലിൽ കൊത്തിയിട്ടുണ്ടു്. ദശാവതാരവും ഹംസങ്ങളും നൃത്തരംഗങ്ങളുമുൾപ്പെടെ ശില്പങ്ങളില്ലാത്ത ഒരിടവും അധിഷ്ഠാനത്തിലില്ല. ശില്പാലംകൃതമായ 64 ഒറ്റക്കൽ തൂണുകളും ഈ മണ്ഡപത്തിന്റെ പ്രത്യേകതയാണു്. നാലെണ്ണത്തിൽ വ്യാളികളും മറ്റുള്ളവയിൽ നരസിംഹം, നർത്തകിമാർ തുടങ്ങിയ ശില്പങ്ങളും കൊത്തിയിരിക്കുന്നു. മഹാമണ്ഡപം പോലെ മനോഹരവും ശില്പാലംകൃതവുമാണു് മറ്റു മണ്ഡപങ്ങളും.

images/venu-hampi-07-a.jpg
വിട്ഠല, പില്ലർ.

വിട്ഠല ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും മനോഹരമായ നിർമ്മിതിയാണു് ഗരുഡരഥം. ഇതിന്റെ ചക്രങ്ങൾ, പല വിവരണങ്ങളിലുമുള്ള പോലെ, ഏകശിലാനിർമ്മിതിയല്ല. കൃത്യമായ അളവിൽ, വ്യാസത്തിൽ, മുറിച്ചെടുത്ത പാറക്കഷ്ണങ്ങൾ അതീവ സൂക്ഷ്മതയോടെ യോജിപ്പിച്ചാണു് ചക്രങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നതു്. സൂക്ഷമമായ അലങ്കാരപ്പണികൾ തീർത്തു് ഏപ്പുകളെ ശ്രദ്ധയിൽനിന്നു മറച്ചിരിക്കുന്നു. ഉരുളാൻ തയ്യാറെടുക്കുന്നതുപോലേയാണു് രഥത്തിന്റെ സചേതനമായ നില്പു്. മരംകൊണ്ടു നിർമ്മിച്ച ക്ഷേത്രരഥങ്ങളിൽ കണ്ടുവരുന്നതുപോലെ അതിസങ്കീർണ്ണ കൊത്തുപണികൾ ഈ കരിങ്കൽ രഥത്തിലുമുണ്ടു്. കൊണാർക്കിലെ സൂര്യക്ഷേത്രത്തെ മാതൃകയാക്കിക്കൊണ്ടാണു് ഈ രഥം നിർമ്മിച്ചിട്ടുള്ളതെന്നു് അഭിപ്രായമുണ്ടു്. കൃഷ്ണദേവരായരുടെ ഒറീസ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ അഭിപ്രായം പ്രസക്തമാണു്. രഥാകൃതിയിലുള്ള ഈ ഗരുഡൻ കോവിലിനു് ഇഷ്ടികകൊണ്ടുകെട്ടിയ മുകൾ ഭാഗമുണ്ടായിരുന്നുവെന്നു് അലക്സാണ്ടർ ഗ്രീൻലോ എടുത്ത ഫോട്ടൊ വ്യക്തമാക്കുന്നുണ്ടു്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണു് ഈ ഭാഗം പൊളിച്ചുമാറ്റിയതു്. ദൃഢവും തരിമുഴുപ്പുള്ളതുമായ കരിങ്കല്ലിൽ ഡെക്കാനി കലാകാരന്മാരുടെ ശില്പവൈഭവം പ്രകടമാക്കുന്ന കൊത്തുപണികൾ ഹമ്പിയിലുടനീളം ദൃശ്യമാണു്. പുണ്യസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെ മാത്രമാണു് ഇവിടെ പരാമർശിച്ചതു്. തുംഗഭദ്രയുടെ കരയിൽത്തന്നെയുള്ള അച്യുതരായക്ഷേത്രവും റോയൽ സെന്ററിലെ ഹസാർരാമ ക്ഷേത്രവും തുല്ല്യ പ്രാധാന്യമുള്ള നിർമ്മിതികളാണു്.

images/venu-hampi-07.jpg
മഹാമണ്ഡപം പില്ലർ, വിട്ഠല.

വിജയനഗരത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളിൽ ഈ ക്ഷേത്രങ്ങൾ വഹിച്ച പങ്കു് എന്തായിരിക്കാം? ഇവ കേവലം ആരാധനയ്ക്കുവേണ്ടി മാത്രം നിലകൊണ്ടവയാകാനിടയില്ല. ആരാധന അവയുടെ പ്രത്യക്ഷ ലക്ഷ്യം മാത്രമാണല്ലോ. കച്ചവടക്കാരും വിദേശികളുമുൾപ്പെടെ ഒരു വലിയ ജനസഞ്ചയം ഹമ്പിയിലുണ്ടായിരുന്നുവെന്നു് സഞ്ചാരികളുടെ വിവരണങ്ങൾ വ്യക്തമാക്കുന്നുണ്ടു്. അതിനാൽ രാജാധികാര പ്രദർശനപരതയുടെ ബിംബങ്ങൾ കൂടിയാകാം ഈ ക്ഷേത്രങ്ങൾ. അധീശാധികാരത്തിന്റെ മകുടോദാഹരണമായി കലാചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന ചോളശൈലിയിലുള്ള ഗോപുരങ്ങൾ ഹമ്പിയിലും ആവർത്തിക്കപ്പെടുന്നതു് ഇക്കാരണത്താലാകാം. പുതുതായി ഹമ്പിയിൽ അധികാരമേറ്റ രാജവംശത്തിന്റെ സ്വീകാര്യത വർദ്ധിപ്പിയ്ക്കുന്നതിന്നും അവരുടെ വാഴ്ച സാധൂകരിക്കുന്നതിന്നും ഈ ക്ഷേത്രങ്ങൾ സഹായകമായി. വിരൂപാക്ഷൻ വിജയനഗര രാജാക്കന്മാരുടെ കുലദൈവമായി മാറുന്നതു് ഈ കാരണത്താലാണു്. ക്ഷേത്രങ്ങൾ, കല്പിതവും അല്ലാത്തതും, പുത്തൻ അധികാര കേന്ദ്രങ്ങളെ സാധൂകരിക്കുന്നതിൽ എത്രമേൽ നിർണ്ണായകപങ്കു് വഹിക്കുന്നുവെന്നു് സമകാലീന ഇന്ത്യയിലെ രാമക്ഷേത്ര നിർമ്മാണം വ്യക്തമാക്കുന്നുണ്ടല്ലോ.

images/venu-hampi-12.jpg
ഗരുഡൻ കോവിൽ, വിട്ഠല.
റോയൽ സെന്റർ

ഹമ്പിയുടെ തെക്കുപടിഞ്ഞാറെ ഭാഗത്താണു് റോയൽ സെന്റർ. രാജകൊട്ടാരവും പൊതുമന്ദിരങ്ങളുമടക്കം മുപ്പതിൽപരം നിർമ്മിതികളാണവിടെയുള്ളതു്. ഇതിനുപുറമെ, അറുപതോളം ക്ഷേത്രങ്ങളും. അധികാരചിഹ്നങ്ങൾ കമനീയമായി വിന്യസിച്ചിട്ടുള്ള ഹസാർരാമ ക്ഷേത്രമാണിതിൽ ഏറ്റവും പ്രധാനം. കൂടാതെ, മഹാനവമി മണ്ഡപം, ആനക്കോട്ട, സുരക്ഷാനിരീക്ഷണഗോപുരം മുതലായ രാജാധികാരത്തിന്റെ/ഭരണകൂടത്തിന്റെ ചിഹ്നവിന്യാസങ്ങളാണു് റോയൽ സെന്ററിലുള്ളതു്. പുണ്യസ്ഥാനത്തിലേയും റോയൽ സെന്ററിലേയും നിർമ്മിതികൾക്കു് പ്രകടമായ വ്യത്യാസങ്ങളുണ്ടു്. കരിങ്കല്ലും ഇഷ്ടികയും പോലുള്ള ദൃഢസാമഗ്രികളാണു് പുണ്യസ്ഥാന നിർമ്മിതികൾക്കു് ഉപയോഗിച്ചിട്ടുള്ളതു്. ക്ഷേത്രങ്ങൾമാത്രമല്ല മാർക്കറ്റും തലക്കുമുകളിലൂടെയുള്ള നീർച്ചാലുകളും (aqueduct) ഇപ്രകാരമാണു് നിർമ്മിച്ചിരിക്കുന്നതു്. എന്നാൽ റോയൽ സെന്ററിൽ ക്ഷേത്രങ്ങളും ലോട്ടസ് മഹലും ആനക്കൊട്ടിലും പോലെയുള്ള അപൂർവനിർമ്മിതികളൊഴിച്ചാൽ ബാക്കിയെല്ലാം നിർമ്മിച്ചിരിക്കുന്നതു് ജീർണ്ണിക്കാനിടയുള്ള സാമഗ്രികളുപയോഗിച്ചാണു്. രാജകൊട്ടാരത്തിനു് പോലും മരംകൊണ്ടുള്ള ചുമരും മേൽക്കൂരയുമാണുണ്ടായിരുന്നതു്. ഇവിടം സന്ദർശിച്ചിട്ടുള്ള സഞ്ചാരികൾ ഇതു് സാക്ഷ്യപ്പെടുത്തുന്നുണ്ടു്.[4] കൊടുംചൂടിനെ പ്രതിരോധിക്കാനാണു് മരച്ചുമരുകളും മരമേൽക്കൂരയും ഉപയോഗിച്ചിട്ടുള്ളതു്.

ഹസാർരാമ ക്ഷേത്രം

ശ്രീരാമന്റെ ആയിരം പ്രതിനിധാനങ്ങൾ ഉള്ളതിനാലാണു് ഈ ക്ഷേത്രത്തിനു് ഹസാർരാമ (ആയിരം രാമ) എന്നു പേർ വന്നതു്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദേവരായൻ ഒന്നാമൻ പണികഴിപ്പിച്ചതാണു് ഈ ക്ഷേത്രം. വിജയനഗരത്തിലെ രാജകീയ ക്ഷേത്രമാണിതു്. (രാജാക്കന്മാരുടെ കുടുംബക്ഷേത്രം, Royal temple). ക്ഷേത്ര ഗോപുരത്തിലുള്ള ഒരു സംസ്കൃതലിഖിതത്തിൽ പമ്പാദേവി ദേവരായൻ ഒന്നാമനെ സംരക്ഷിച്ചുവരുന്നതായി പറയുന്നുണ്ടു്. ഹമ്പിയിൽ നിലനിന്നുവന്ന പമ്പാദേവി പാരമ്പര്യത്തിന്റെ സ്വാധീനം ഇതു വ്യക്തമാക്കുന്നു. ‘രാമായണ’ത്തിനു ഹമ്പിയിലുണ്ടായിരുന്ന പുരാവൃത്തപരമായ പ്രാധാന്യത്തിന്റെ ചേതോഹാരമായ ദൃശ്യാവിഷ്കാരമാണു് ഹസാർരാമയിലെ ശില്പങ്ങൾ. വിഗ്രഹം നഷ്ടപ്പെട്ട ഈ ക്ഷേത്രത്തിലിപ്പോൾ ആരാധനയില്ല.

images/venu-hampi-15.jpg
രാമായണ കഥ, രഥം, ഹസാർരാമ ക്ഷേത്രം.

ശില്പസമൃദ്ധിയും വൈവിദ്ധ്യവുമാണു് ഹസാർരാമയെ ഹമ്പിയിലെ ഇതര ക്ഷേത്രങ്ങളിൽനിന്നു വ്യതിരിക്തമാക്കുന്നതു്. ക്ഷേത്രച്ചുമരുകളിലും തൂണുകളിലും ചുറ്റുമതിലിനിരുവശവും സർവ്വത്ര ശില്പങ്ങൾ. പ്രതലത്തിൽ നിന്നുന്തിനിൽക്കുന്ന റിലീഫ് ശില്പങ്ങളാണധികവും. ചുറ്റുമതിലിന്റെ ഉൾവശത്തു് ‘രാമായണ’കഥയുടെ പാനലുകൾ കല്ലിൽ കൊത്തിയിരിക്കുന്നു, മരത്തിലെന്നപോലെ, സ്വാഭാവികമായി. ക്ഷേത്രച്ചുമരിൽ ‘രാമായണ’ത്തിൽ നിന്നുള്ള 108 ദൃശ്യങ്ങൾ കൊത്തിയിട്ടുണ്ടു്. വാത്മീകി രാജാവിനോടു് കഥപറയുന്നതു മുതൽ അയോദ്ധ്യയിൽ രാമന്റെ കിരീടധാരണം വരേയുള്ള വിവിധ രംഗങ്ങൾ. രാവണനും സീതയും പുഷ്പകവിമാനവും ഹനുമാൻ കടൽകടക്കുന്നതുമെല്ലാം ചുമരുകളിൽ സന്ദർശകരെ കാത്തിരിക്കുന്നു. രാമൻ ഹനുമാനു് മോതിരം നൽകുന്നതും സീത തന്റെ മുടിയിൽ ചൂടിയ രത്നങ്ങൾ ഹനുമാനു നൽകുന്നതുമായ ഒട്ടനവധി ‘രാമായണ’ദൃശ്യങ്ങൾ മുഖമണ്ഡപത്തിലുണ്ടു്.

ചുറ്റുമതിലിന്റെ പുറത്തുള്ള ദൃശ്യാവിഷ്കാരങ്ങൾ അകത്തുള്ളവയിൽനിന്നു് വ്യത്യസ്തമാണു്. അധികാരത്തിന്റെയും ആഢംബരത്തിന്റെയും ശക്തമായ പ്രദർശനമാണിവിടെയുള്ളതു്. വിജയനഗര സൈനികശക്തിയുടെ ഉജ്ജ്വല പ്രഘോഷണം. അഞ്ചുനിരകളായിട്ടാണു് ശില്പങ്ങൾ ഉടനീളം ഒരുക്കിയിരിക്കുന്നതു്. താഴത്തുനിന്നുള്ള ആദ്യനിരയിൽ ആനകളും രണ്ടാമത്തേതിൽ കുതിരകളും മൂന്നാമത്തേതിൽ കാലാൾപ്പടയും നാലും അഞ്ചും നിരകളിൽ നൃത്തമാടുകയും വിനോദങ്ങളിലേർപ്പെടുകയും ചെയ്യുന്ന സ്ത്രീകളുമാണു് വിന്യസിക്കപ്പെട്ടിട്ടുള്ളതു്. ചലനാത്മകതയാണു് മൊത്തം ശില്പങ്ങളുടേയും മർമ്മം. ഒരു ഘോഷയാത്രയിൽ മുന്നോട്ടുനീങ്ങുന്ന വിധത്തിലുള്ള ശരീരഭാഷയാണു് ആനകൾക്കും കുതിരകൾക്കുമുള്ളതു്. കുതിരകൾക്കൊപ്പം അവയുടെ പരിചാരകരും, എല്ലാം നിരീക്ഷിച്ചുകൊണ്ടു്, രാജാവും ദൃശ്യങ്ങളിലുണ്ടു്.

images/venu-hampi-10.jpg
ആനകളുടെ സൗഹൃദം, വിട്ഠല.

ഹസാർരാമ ക്ഷേത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ശില്പങ്ങളിൽ മാത്രമല്ല റോയൽ സെന്ററിന്റെ മദ്ധ്യത്തിലുള്ള അതിന്റെ സ്ഥാനത്തിലും പ്രകടമാണു്. ഹമ്പിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം ഇതിനടുത്താണു് സന്ധിക്കുന്നതു്. കൊട്ടാരങ്ങളും മറ്റു അധികാരസ്ഥാനങ്ങളും ഇവിടെത്തന്നെ. ഇന്ത്യൻ കലയിൽ രാജാധികാരബിംബവിധാനത്തിന്റെ ഏറ്റവും പകിട്ടേറിയ ഉദാഹരണമായി ഈ ക്ഷേത്രമതിലിലെ റിലീഫ് പാനലുകൾ നിലകൊള്ളുന്നു. ഹസാർരാമക്ഷേത്രത്തെ റോയൽ സെന്ററിൽ ഉൾപ്പെടുത്തിയതതിന്റെ യുക്തി ഇതോടെ വ്യക്തമായല്ലോ.

മഹാനവമി മണ്ഡപം

റോയൽ സെന്ററിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണു് മഹാനവമി മണ്ഡപം (ഡിബ്ബ). പതിനൊന്നായിരം ചതുരശ്രയടി പ്രതലവിസ്തീർണ്ണമുള്ള ഈ മണ്ഡപത്തിന്റെ ഉയരം നാല്പതു് അടിയാണു്. മൂന്നു തട്ടുകളായിട്ടാണു് ഈ മണ്ഡപം നിർമ്മിച്ചിട്ടുള്ളതു്. ആദ്യത്തെ രണ്ടു തട്ടുകൾ വലിയ കരിങ്കൽ ബ്ലോക്കുകൾ കൊണ്ടു് പടുത്തിരിക്കുന്നു. ഇവ രണ്ടിന്റെയും മുൻഭാഗത്തു് അത്യാകർഷകമായ റിലീഫ് പാനലുകൾ. മണ്ഡപത്തിന്റെ കിഴക്കുഭാഗത്തുള്ള ഇരട്ടഗോവണി കയറിയാൽ മൂന്നമത്തെ തട്ടിൻമുകളിലെത്താം. അവിടെനിന്നാൽ കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ കാണാം. മണ്ഡപത്തിന്റെ മുകൾത്തട്ടിൽ നാലുഭാഗത്തുമുള്ള ദീർഘചതുരദ്വാരങ്ങൾ മേൽക്കൂരയുടേതാണെന്നു് കരുതപ്പെടുന്നു.

images/venu-hampi-16.jpg
ഹസാർരാമ പില്ലർ.

രാജധാനിയിലെ മഹാനവമി ആഘോഷങ്ങൾ ഇവിടെവെച്ചാണു് നടത്തിയിരുന്നതു്. ചക്രവർത്തിയുടെ സാന്നിദ്ധ്യത്തിൽ പത്തുദിവസം നീളുന്ന ദസ്റ ആഘോഷങ്ങൾ വിജയനഗര സാമ്രാജ്യത്തിന്റെ ആഢംബരപൂർണ്ണമായ അധികാരപ്രകടനവും സാസ്കാരിക പ്രദർശനവുമാണു്. രാജാവു് തന്റെ കീഴിലുള്ള സാമന്തന്മാരേയും സൈനികത്തലവന്മാരേയും ദേശവാഴികളേയും രാജധാനിയിലേക്കു ക്ഷണിച്ചു വരുത്തി അവരുടെ മുന്നിൽവെച്ചു് പരസ്യമായി ദുർഗ്ഗാരാധന നടത്തുന്നതു് ഈ അവസരത്തിലാണു്. രാജ്യം ഭരിക്കുന്നതിനും ശത്രുക്കളെ കീഴടക്കുന്നതിനുമുള്ള വീര്യവും ശക്തിയും രാജാവിനിതോടെ സിദ്ധിക്കുന്നുവെന്നാണു് ഇതിന്റെ പിന്നിലുള്ള വിശ്വാസം. ഈയവസരത്തിൽ സാമ്രാജ്യത്തിൻ കീഴിലുള്ള എല്ലാ നാടുവാഴികളും കപ്പം കൊടുത്തും സൈനികരേയും മൃഗങ്ങളേയും വാഗ്ദാനം ചെയ്തും രാജാവിനോടു് കൂറു് പ്രഖ്യാപിക്കേണ്ടതുണ്ടു്. ഇതാണു് ഹമ്പിയിലെ മഹാനവമിയാഘോഷങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം. രാജകീയപ്രൗഢിയുടെ വിളംബരം കൂടിയാണു് നവരാത്രിയാഘോഷങ്ങൾ. വർണ്ണച്ചമയങ്ങളണിഞ്ഞ ഗജവീരന്മാരും കുതിരകളും സർവ്വാഭരണവിഭൂഷിതകളായി കന്യകമാരും വാദ്യക്കാരും അഭ്യാസികളുമെല്ലാമടങ്ങുന്ന ഘോഷയാത്ര രാജധാനിയിൽ സന്നിഹിതരായ വിദേശികളെ ആകർഷിക്കുന്നതിന്നും വിജയനഗരത്തിന്റെ സമ്പത്തും അധികാരവും പ്രൗഢിയും അവരെക്കൂടി ബോദ്ധ്യപ്പെടുത്തുന്നതിനു് ഉദ്ദേശിച്ചുള്ളതുമാണു്. സമകാലിക ലോകത്തിലെ എറ്റവും നിറപ്പകിട്ടാർന്ന ഘോഷയാത്രക്കൊടുവിൽ കരിമരുന്നു പ്രയോഗവും വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നതായി പേർഷ്യ, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നെത്തിയ സന്ദർശകർ സക്ഷ്യപ്പെടുത്തുന്നു.

കൃഷ്ണദേവരായരുടെ കാലത്തു് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് കുതിരവ്യാപാരി ഡൊമിൻഗൊ പെയ്സ് നൽകുന്ന 1512-ലെ മഹാനവമി ആഘോഷങ്ങളുടെ നേർക്കാഴ്ചാവിവരണം ഇപ്രകാരം സംഗ്രഹിക്കാം:[5]

മുഖ്യ ഉത്സവസമയത്തു് രാജാവു് തലസ്ഥാനനഗരിയായ ബിശനഗരത്തിൽ (വിജയനഗരം) എത്തുന്നു. അവിടെ സമ്മേളിക്കുകയെന്നതു് അന്നത്തെ ആചാരമാണു്. ഉത്സവത്തിനും വിരുന്നിനും രാജ്യത്തെ പ്രമുഖ നർത്തകികളെ ഇവിടേക്കു് വിളിച്ചു വരുത്തുന്നു: അതുപോലെ സാമന്തന്മാരും പടത്തലവന്മാരും പ്രഭുക്കന്മാരും അവരുടെ പരിവാരങ്ങളും. 1512 സെപ്തംബർ ഇരുപതിനാണു് ഒമ്പതു ദിവസത്തെ ഉത്സവം ആരംഭിക്കുന്നതു്, രാജകൊട്ടാരത്തിൽ… അടുത്തുള്ള തുറസിൽ വലിയ ഒറ്റനില മന്ദിരമുണ്ടു് (ഇപ്പോഴത്തെ മഹാനവമിമണ്ഡപം). ഈ മന്ദിരത്തെ ‘വിജയനഗരം’ എന്നു വിളിക്കുന്നു. വലതുഭാഗത്തു് പച്ചയും ചുവപ്പും വെൽവെറ്റിൽ പൊതിഞ്ഞ ഉയർന്ന മരത്തട്ടുകളുണ്ടു്. വളരെ ഉയരത്തിൽ, കുറെ ദൂരത്തുനിന്നും കാണാവുന്നവ. മൊത്തം പതിനൊന്നെണ്ണം. ഉത്സവസമയത്തുമാത്രം ഉപയോഗിക്കുന്നവ. മുഖ്യകവാടത്തിനഭിമുഖമായി, രണ്ടു വൃത്തങ്ങളിൽ, പവിഴ, വജ്ര, സ്വർണ്ണാഭരണത്തിളക്കത്തിൽ കമനീയമായണിഞ്ഞൊരുങ്ങിയ നർത്തകിമാർ.

images/venu-hampi-17.jpg
രഥം, ഹസാർരാമ ക്ഷേത്രം.

മണ്ഡപത്തിൽ രാജാവിനായി തുണികൊണ്ടു് വേർതിരിച്ച, അടഞ്ഞ കവാടത്തോടുകൂടിയ മുറി. അതിൽ ദേവബിംബത്തിനുള്ള ഒരു പീഠവും. മണ്ഡപമദ്ധ്യത്തിൽ ഉയർന്ന പ്രസംഗവേദി. തൊട്ടടുത്തു് സ്വർണ്ണസിംഹാലംകൃതമായ സിംഹാസനം. പട്ടുകൊണ്ടു മൂടിയിരിക്കുന്നു. പട്ടുതുണിയുടെ ഏപ്പുകൾ സ്വർണ്ണപാളികൾകൊണ്ടു് മറച്ചിരിക്കുന്നു. സർവ്വത്ര സ്വർണ്ണരത്നാലംകൃതം. രാജാവു് സിംഹാസനത്തിൽ ഉപവിഷ്ടനാവുന്നതോടെ ഉത്സവമാരംഭിക്കുകയായി… പ്രത്യേകം അലങ്കരിച്ച ദേവബിംബത്തിൽ ബ്രാഹ്മണർ പൂജയും മന്ത്രോച്ചാരണവും നടത്തുന്നു. മണ്ഡപത്തിനു പുറത്തു് രാജാവിന്റെ അനുചരന്മാരും, വിശ്വസ്ഥരും. തൊട്ടടുത്ത ചതുരത്തിൽ നർത്തകികൾ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. ക്യാപ്റ്റന്മാരും പൗരമുഖ്യന്മാരും ഇതു കണ്ടുംകൊണ്ടാണു് വരുന്നതു്.

പ്ലാറ്റ്ഫോമിനടുത്തു് വേഷഭൂഷകളോടെ പതിനൊന്നു് കുതിരകൾ. രാജാവു് കുതിരകളുടെ അടുത്തേക്കു് പോകുന്നു. രാജാവിനെ അനുഗമിക്കുന്ന ബ്രാഹ്മണൻ പനിനീർപ്പൂക്കൾ കുതിരകൾക്കെറിഞ്ഞു കൊടുക്കുന്നു. തുടർന്നു് കൂടയിൽസൂക്ഷിച്ച സുഗന്ധദ്രവ്യങ്ങൾ കുതിരകൾക്കു നേരെ എറിയുന്നതായി ഭാവിക്കുന്നു. അവക്കു് പരിമളം പൂശിയതായിട്ടാണു് സങ്കല്പം. അതിനു ശേഷം ആനകളുടെ അടുത്തെത്തി ഇതു് ആവർത്തിക്കുന്നു… തുടർന്നു്, ബിംബം സൂക്ഷിച്ചിട്ടുള്ള മുറിയിൽ രാജാവു് വിണ്ടും പ്രവേശിക്കുന്നു. ഉടനെ മുറിക്കുമുന്നിലെ തിരശീല ഉയരുന്നു…

രാജാവു് 21 പോത്തുകളേയും 150 ആടുകളേയും കശാപ്പുചെയ്തു് ദേവനു് ബലിയർപ്പിക്കുന്നതു് നേരിട്ടു വീക്ഷിക്കുന്നു. തുടർന്നു് അടുത്ത മന്ദിരത്തിൽ നിലയുറപ്പിച്ച ബ്രാഹ്മണർ രാജാവിനെ പനിനീർപ്പുക്കൾ കൊണ്ടു് പുഷ്പവൃഷ്ടിനടത്തുന്നു… മറ്റൊരു മുറിയിൽ മാണിക്യക്കല്ലും രത്നങ്ങളും മറ്റുവിലപിടിപ്പുള്ള കല്ലുകളും ചേർത്തുള്ള ചെറിയ അഗ്നികുണ്ഡം. തുടർന്നു് കുതിരകളെ നിർത്തിയ സ്ഥലത്തേക്കു് മടങ്ങുന്ന രാജാവു് അവിടെ നിൽക്കുന്ന ക്യാപ്റ്റന്മാരുടേയും പ്രഭുക്കന്മാരുടേയും അഭിവാദ്യം സ്വീകരിക്കുന്നു. താല്പര്യമുള്ളവർ രാജാവിനു് സമ്മാനങ്ങൾ നൽകുന്നു. രാജാവു് കൊട്ടാരത്തിലേക്കു് മടങ്ങുന്നു. ഇതാണു് എല്ലാ ദിവസവും രാവിലെ നടക്കുന്നതു്…

അപരാഹ്നത്തിൽ മൂന്നു മണിക്കു് എല്ലാവരും വേദിക്കരികിലേയ്ക്കെത്തുന്നു… മുൻനിശ്ചയിച്ച ക്രമീകരണങ്ങൾ സജ്ജമായാൽ രാജാവു് വേദിയിലെത്തി സിംഹാസനത്തിലിരിക്കുന്നു. തന്റെ കൂട്ടത്തിൽപ്പെട്ട മൂന്നോ നാലോ പേരെ രാജാവു് വേദിയിലേക്കു് ക്ഷണിക്കുന്നു. ഇവർ സാമന്തന്മാരോ രാജ്ഞിപിതാക്കന്മാരോ ആയിരിക്കും… രാജാവിരിക്കുന്നതു് ചിത്രത്തുന്നലോടുകൂടിയ ശുഭ്രവസ്ത്രങ്ങളണിഞ്ഞാണു്. സ്വർണ്ണപ്പിടിയുള്ള തൂവൽ വീശറികൊണ്ടു് പുരോഹിതന്മാർ ദേവബിംബം വീശിക്കൊണ്ടിരിക്കുന്നു. ഒപ്പമുള്ള രാജാവിനേയും അവർ വീശുന്നുണ്ടു്.

images/venu-hampi-18.jpg
രാമയണദൃശ്യം, ഹസാർരാമ ക്ഷേത്രം.

പ്രഭുക്കന്മാരും സൈനികരും അവരുടെ സ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാൽ നർത്തകിമാരുടെ നൃത്തം ആരംഭിക്കുന്നു. സ്വർണ്ണക്കോളറും ഒട്ടനവധി രത്നങ്ങളും മുത്തുകളും മാണിക്യക്കല്ലും തുന്നിച്ചേർത്ത ഉടയാട, കയ്യിൽ കങ്കണം, കാലിൽ ചിലങ്ക. ആർക്കാണു് അവർ ധരിച്ചിട്ടുള്ള ആഢംബരവസ്തുക്കളെ കൃത്യമായി വിവരിക്കാനാവുക?… നൃത്തം കഴിഞ്ഞാൽ ഗുസ്തിക്കാരുടെ വരവായി. കടുത്ത ഇടികൾക്കൊടുവിൽ പൊട്ടിയ പല്ലുകളും ചളുങ്ങിയ മുഖവുമായി ഗുസ്തിക്കാർ. ഇവർക്കു് അവരുടെ ക്യാപ്റ്റന്മാരും വിധികർത്താക്കളുമുണ്ടു്. കാണികൾ ശ്വാസമടക്കി ഉദ്വേഗഭരിതമായ ഗുസ്തി കാണുന്നു. പകൽ മുഴുവനിതു തുടരുന്നു… ഒട്ടനവധി തീവെട്ടികൾ പ്രഭാപൂരിതമാക്കുന്ന രാത്രിയിൽ ഏറെ നീണ്ടുപോകുന്ന നാടകങ്ങളും ചെപ്പിടിവിദ്യകളും. വിനോദങ്ങൾക്കൊടുവിൽ കരിമരുന്നു പ്രയോഗം. അതിനുശേഷം വിജയികളായ ക്യാപ്റ്റന്മാരുടെ തേരുകൾ നിരനിരയായി ഉത്സവസ്ഥലത്തേക്കു് പ്രവേശിക്കുന്നു. അവയ്ക്കു പുറകെ കഴുത്തിലും ശിരസ്സിലും പൂചൂടിയ കുതിരകൾ. ഏറ്റവും മുന്നിൽ രാജാവിന്റെ ഔദ്യോഗിക കുടകളുമായി മറ്റൊരു കുതിര. രണ്ടു പ്രാവശ്യം അരങ്ങിനെ വലംവെച്ചതിനുശേഷം അതിന്റെ മദ്ധ്യത്തിൽ അഞ്ചോ ആറോ വരികളായി അവ അണിനിരക്കുന്നു. രാജാവിന്റെ കുതിര ഏറ്റവും മുന്നിൽ. എല്ലാ കുതിരകളും രാജാവിനഭിമുഖമായി നിൽക്കുന്നു. രാജാവും മറ്റുരണ്ടു പേരും, ഒരു പാത്രത്തിൽ ചോറും തേങ്ങയും പൂക്കളുമായി മുഖ്യബ്രാഹ്മണനും, ചേർന്നു് കുതിരകളെ വലംവെക്കുന്നു… ഇതിനു ശേഷം, ഇരുപത്തഞ്ചൊ മുപ്പതൊ കാവൽക്കാർ കയ്യിൽ ചൂരലുമായി സ്വന്തം ചുമലിൽ പ്രഹരമേല്പിച്ചു് മുന്നേറുന്നു. അവർക്കു പിന്നാലെ അനേകം ഷണ്ഡന്മാർ. തൊട്ടുപിന്നിൽ വാദ്യഘോഷങ്ങളുമായി ഇരുപത്തഞ്ചോളം സ്ത്രീകൾ. എല്ലാവരും വിലയേറിയ പട്ടുവസ്ത്രങ്ങളണിഞ്ഞവർ. ഇവരുടെ തൊപ്പികളിൽ പവിഴനിർമ്മിതമായ വലിയ പൂക്കൾ. കഴുത്തിലണിഞ്ഞ ആഭരണങ്ങളിൽ വൈരക്കല്ലും, സ്വർണ്ണവും മരതകവും. പലനൂലുകളുള്ള മുത്തുമാലകൾ. ഒരോ സ്ത്രീയുടേയും ചമയാഭരണങ്ങളുടെ മൂല്ല്യം കൃത്യമായി നിർണ്ണയിക്കാൻ ആർക്കാണു കഴിയുക? അണിഞ്ഞ കൈവളകളുടേയും ആഭരണങ്ങളുടേയും ഭാരം നിമിത്തം അവർ നീങ്ങുന്നതു് കൂടെയുള്ള സ്ത്രീകളുടെ കൈസഹായത്താലാണു്.

ഈ സ്ത്രീകൾ പിൻവാങ്ങുന്നതോടെ, കുതിരകളും അവയ്ക്കു പുറകെ ആനകളും സലാം പറഞ്ഞു് മടങ്ങുന്നു. പിന്നാലെ രാജവും കൊട്ടാരത്തിലേക്കു് മടങ്ങുന്നു. ദേവബിംബവുമേന്തി ബ്രാഹ്മണർ ക്ഷേത്രത്തിലേക്കും. രാജാവു് ഈ ഒമ്പതു് ദിവസവും ഉപവസിക്കുന്നു. രാത്രിഭക്ഷണം മാത്രം, അതും ഏതാണ്ടു് അർദ്ധരാത്രിയോടെ.

ഇപ്രകാരമാണു് 9 ദിവസത്തെ ആഘോഷങ്ങൾ നടക്കുന്നതു്. ഈ ഉത്സവദിനങ്ങൾ കഴിയുമ്പോൾ രാജാവു് തന്റെ കീഴിലുള്ള സൈനിക വിഭാഗങ്ങളുടെ അവലോകനം നടത്തുന്നു. അവലോകനം ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു. രാജാവിന്റെ ഉത്തരവനുസരിച്ചു് സിൽക്കു് കൂടാരം മുൻനിശ്ചയിട്ടുള്ള സ്ഥലത്തേക്കു് മാറ്റുന്നു. ആരുടെ ബഹുമാനാർത്തമാണോ ഈ ഉത്സവം ആ ദേവന്റെ ബിംബവും കൂടാരത്തിൽ വെക്കുന്നു. കൂടാരം മുതൽ കൊട്ടാരം വരെ സൈനികർ അവരുടെ റാങ്കനുസരിച്ചു് അണിനിരക്കുന്നു. മുന്നിൽ കാലാൾപ്പടയാളികൾ, തൊട്ടുപിന്നിൽ കുതിരപ്പുറത്തേറിയ സൈനികർ, അതിന്റെ പിന്നിൽ ആനകൾ. ചമയാലംകൃതമാണു് കുതിരകൾ. കുതിരപ്പുറത്തുള്ളവർ പട്ടുകൊണ്ടുള്ള മേലാട ധരിച്ചിരിക്കുന്നു. ഹെൽമെറ്റ് പോലെയുള്ള തൊപ്പി, അരയിൽ വാളും കയ്യിൽ കുന്തവും. ആനകൾക്കും ചമയങ്ങളുണ്ടു്. ആനപ്പുറത്തു് മൂന്നോ നാലോപേർ പരിചയും കുന്തവുമായി നിൽക്കുന്നു… സൈനികരെ നിരീക്ഷിക്കുന്നതിനായി പുറപ്പെടുന്ന രാജാവിനു മുന്നിൽ ചമയങ്ങളോടു കൂടിയ ആനകൾ; പിന്നിൽ ചമയാലംകൃതമായ 21 കുതിരകൾ. രാജവിനോടു് ചേർന്നു് ചെമ്പുകൊണ്ടോ വെള്ളികൊണ്ടൊ നിർമ്മിച്ച ഒരു പെട്ടി. ഓരോ വശത്തും 8 പേർ വീതം ചേർന്നു് ചുമന്നുകൊണ്ടു പോകുന്നു. അതിലാണു് ദേവബിംബമുള്ളതു്. പരിവാരസമേതം രാജാവു് സൈനികരെ നോക്കിക്കൊണ്ടു് കടന്നുപോകുന്നു. നഗരത്തെ പ്രകമ്പനംകൊള്ളിക്കുമാറു് സൈനികരുടെ ആക്രോശവും ആയുധങ്ങളുടെ ഒച്ചയും. ഒപ്പം അമിട്ടുകളുടെ ശബ്ദം… സൈനികനിരീക്ഷണം കഴിഞ്ഞു് രാജാവു് കൊട്ടാരത്തിലേക്കു മടങ്ങുന്നതോടെ ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കുന്നു.

images/venu-hampi-19.jpg
മഹാനവമി മണ്ഡപത്തിന്റെ പുറം മതിൽ.

സൈനിക പരിശോധനയിൽ നടക്കുന്ന മറ്റൊരു ചടങ്ങിനെക്കുറിച്ചുള്ള വിവരണം അച്യുതരായയുടെ കാലത്തു് ഹമ്പി സന്ദർശിച്ച പോർച്ചുഗീസ് കുതിരക്കച്ചവടക്കാരൻ ഫെറനൊ നൂനസ് (1535–37) നൽകുന്നതിങ്ങനെ:[6]

സായുധസേനയെ പരിശോധിച്ചശേഷം രാജാവു് (കുതിരപ്പുറത്തുനിന്നു്) താഴെയിറങ്ങുന്നു. തുടർന്നു് വില്ലെടുത്തു് മൂന്നു് അസ്ത്രങ്ങൾ തൊടുക്കുന്നു. അവ യത്ഥാക്രമം യദാൽക്കാവൊ (ബിജാപ്പൂർ സുൽത്താൻ), കൊതാമുലൊകൊ (ഗൊൽക്കുണ്ടയിലെ രാജാവു്) പോർച്ചുഗീസുകാർ എന്നിവർക്കു വേണ്ടി. ശരം സഞ്ചരിച്ച ദിശയിലുള്ള രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുന്നതു് അന്നത്തെ ആചാരമായിരുന്നു.

അധികാരത്തിന്റെയും ആഢംബരത്തിന്റെയും ധാരാളിത്തം മഹാനവമി മണ്ഡപത്തിലെ റിലീഫ് പാനലുകളിലും പ്രകടമാണു്. രാജകീയ ബിംബങ്ങളാണു് ശില്പങ്ങളിലധികവും. കാലിന്മേൽ കാലുകയറ്റിവെച്ചാണു് രാജാവിന്റെ ഇരിപ്പു്. അതിഥികളെ സ്വീകരിക്കുന്നതും ഗുസ്തിമത്സരങ്ങൾ കാണുന്നതും മാനിനെ വേട്ടയാട്ടുന്നതും പുലിയെകുത്തിവീഴ്ത്തുന്നതും മറ്റുമായി രാജാവു് കേന്ദ്രസ്ഥാനത്തുള്ള നിരവധി ദൃശ്യങ്ങൾ മഹാനവമിമണ്ഡപത്തിന്റെ പുറംചുമരിലുണ്ടു്. നിരന്നുനിൽക്കുന്ന ആനകളും കുതിയ്ക്കാനൊരുങ്ങുന്ന കുതിരകളും അപൂർവ്വമായി ഒട്ടകങ്ങളുമടങ്ങുന്ന വിജയനഗര സൈനികശക്തിയുടെ പ്രദർശനമാണിവിടെയുള്ളതു്. ഒട്ടനവധി വേട്ടദൃശ്യങ്ങളും നൃത്തദൃശ്യങ്ങളുമുള്ള പുറംചുമരിൽ, തുർക്കിയിൽനിന്നും മദ്ധ്യേഷ്യയിൽനിന്നുമുള്ള കുതിരപ്പരിശീലകരേയും കാണാം. രാജാവിന്റെ പരിചാരകഗണത്തിൽ ഈ വിദേശികളുമുണ്ടായിരുന്നു എന്നുവേണം കരുതാൻ.

images/venu-hampi-08.jpg
തുർക്കിയിൽനിന്നുള്ള കുതിര പരിശീലകർ, വിട്ഠല.
കൊട്ടാരസമുച്ചയം

മഹാനവമിമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറുള്ള വിശാലസമതലത്തിലാണു് കൊട്ടാരസമുച്ചയമെന്നു വിശേഷിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളുടെ പുനർനിർമ്മിച്ച അസ്തിവാരമുള്ളതു്. മരത്തൂണുകളും മരച്ചുമരുകളും ഓടുമേഞ്ഞ മേൽക്കൂരയുമാണു് കൊട്ടാരത്തിനുണ്ടായിരുന്നതെന്നും തളിക്കോട്ട യുദ്ധത്തിനുശേഷം സുൽത്താന്മാരുടെ സൈന്യം ഇതു തീവെച്ചുനശിപ്പിച്ചുവെന്നുമാണു് കരുതപ്പെടുന്നതു്. അതിനാൽ, കൊട്ടാരത്തിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. കൊട്ടരത്തിനു മുന്നിലുണ്ടായിരുന്ന കല്പടവുകളോടുകൂടിയ കുളവും അപ്രത്യക്ഷമായി. 1980-ൽ ഏ. എസ്. ഐ. നടത്തിയ ഉത്ഖനനത്തിലിതു് കണ്ടെത്തുകയും മണ്ണിനടിയിൽ പൂണ്ടുപോയ അതേ സാമഗ്രികളുപയോഗിച്ചു് പുനർനിർമ്മിക്കുകയും ചെയ്തു. തലക്കു മുകളിലൂടെ കടന്നുപോകുന്ന കൽനിർമ്മിത കനാൽവഴിയാണു് തുംഗഭദ്രയിൽനിന്നും ശുദ്ധജലം ഈ കുളത്തിലെത്തിച്ചിരുന്നതു്. ഇതിപ്പോഴും കേടുകൂടാതെ നിൽപ്പുണ്ടു്. നഗരത്തിനകത്തു നിലനിന്നിരുന്ന മികച്ച ജലവിതരണ സമ്പ്രദായത്തിന്റെ തെളിവുകൂടിയാണിതു്.

ഹമ്പി സന്ദർശിച്ച വിദേശികൾ കൊട്ടാരത്തെക്കുറിച്ചുള്ള വിവരണം നൽകുന്നുണ്ടു്. പേർഷ്യൻ സ്ഥാനപതി അബ്ദുൾ റസാഖ്, പോർച്ചുഗീസ് സഞ്ചാരി ദ്വർട്ടെ ബർബോസ, ഇറ്റാലിയൻ സഞ്ചാരി ലുഡൊ വികൊ ഡി വർത്തേമ, പോർച്ചുഗീസ് കുതിരക്കച്ചവടക്കാരായ ഡൊമിൻഗൊ പെയ്സ്, ഫെറാനൊ നൂനസ് എന്നിവരുടെ വിവരണങ്ങളാണു് ഇവയിൽ പ്രധാനം. ഹമ്പിവിസ്മയങ്ങളെ അബ്ദുൾ റസാഖ് വിവരിക്കുന്നതു് അതിശയോക്തിയോടേയാണെങ്കിലും നേർക്കാഴ്ചയുടെ പ്രാധാന്യം അതിനുണ്ടു്. റസാഖിന്റെ വിവരണം ഇങ്ങനെ സംഗ്രഹിക്കാം:

ഇതിനു സമാനമായ ഒരിടം ലോകത്തെവിടെയെങ്കിലുമുണ്ടോയെന്നു് കണ്ണിന്റെ കൃഷ്ണമണി ഇതു വരെ കാണാത്തതും ദിഷ്ണയുടെ കാതുകൾ ഇതുവരെ അറിയാത്തതുമായ ഒന്നാണു്. ഏഴാമത്തെ കോട്ടമതിലിനുള്ളിലാണു് രാജകൊട്ടാരം സ്ഥിതിചെയ്യുന്നതു്. കൊട്ടാരത്തിനരികിലൂടെ ചെത്തിമിനുക്കിയ കല്പാളികൾകൊണ്ടു് നിർമ്മിച്ച തോടുകളിലൂടെ ജലമൊഴുകുന്നു. കൊട്ടാരത്തിനു പുറമെ ഔദ്യോഗിക കാര്യനിർവ്വഹണത്തിനു് മറ്റൊരു മന്ദിരവുമുണ്ടു്. കൊട്ടാരത്തിന്റെ വലതു ഭാഗത്താണു് കമ്മട്ടം, അതിനോടു് ചേർന്നു് ഖജനാവും. ഖജനാവിന്റെ അടിത്തട്ടിലുള്ള അറയിൽ ഉരുക്കിയ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നു. അതിനു പിന്നിൽ 300 വാര ദൈർഘ്യവും 20 വാര വീതിയുമുള്ള കമ്പോളം.[7]

ഡൊമിൻഗൊ പെയ്സ് രാജകൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്കു് പ്രവേശനം ലഭിച്ച വിദേശികളിലൊരാളാണു്. കൃഷ്ണദേവരായരെ നേരിൽ കാണാനും സംസാരിക്കാനും തനിക്കവസരം ലഭിച്ചിരുന്നതായി പെയ്സ് അവകാശപ്പെടുന്നുണ്ടു്. പെയ്സിന്റെ സുദീർഘവിവരണത്തെ ഇങ്ങനെ സംഗ്രഹിക്കാം:

ബിശനഗരത്തിലെ ഗവർണർ ഞങ്ങൾക്കു് കൊട്ടാരം കാണിച്ചുതന്നു. കവാടത്തിനു പുറത്തുനിന്നു് സുരക്ഷാജീവനക്കാർ അകത്തു കടക്കുന്നവരുടെ എണ്ണം എടുക്കുന്നു. ഓരോരുത്തരെയെണ്ണി അകത്തു പ്രവേശിപ്പിക്കുന്നു. തേച്ചുമിനുക്കിയ മുറ്റം. ചുറ്റും വെള്ളമതിൽ. ഈ മുറ്റത്തിനൊടുവിൽ ഇടതുഭാഗം ചേർന്നു്, മറ്റൊരു മുറ്റം. അതു് അടഞ്ഞുകിടക്കുന്നു. അതിന്റെ എതിർവശത്തുള്ള വാതിൽ രാജമന്ദിരത്തിലേക്കുള്ളതാണു്. ഈ വാതിൽ കടക്കുമ്പോൾ വലതുഭാഗത്തു് രാജാവിന്റേയും ഇടതു ഭാഗത്തു് രാജപിതാവിന്റേയും പൂർണ്ണ ഛായചിത്രങ്ങൾ… അകത്തെത്തിക്കഴിഞ്ഞാൽ ഒന്നിനു മുകളിൽ മറ്റൊന്നായി രണ്ടു പള്ളിയറകളുണ്ടു്. താഴേയുള്ളതു് നിലദമനത്തിൽനിന്നു് രണ്ടു പടി താഴേയാണു്. സ്വർണ്ണം പൂശിയിരിക്കുന്നു. അവിടെനിന്നും മുകളിലേക്കു് സ്വർണ്ണലയിനുകളിട്ടിരിക്കുന്നു. പുറത്തു് ഡോമിന്റെ ആകൃതി. നാലു കാലുകളുള്ള ചൂരൽ നിർമ്മിത പൂമുഖം. വിലകൂടിയ മുത്തുകളും രത്നങ്ങളും തൂണുകളിൽ പതിച്ചിരിക്കുന്നു. പൂമുഖത്തിന്റെ സീലിങ്ങിൽ രണ്ടു സ്വർണ്ണപ്പതക്കങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിൽ വിലപിടിപ്പുള്ള രത്നങ്ങൾ പരസ്പരം കോർത്തിട്ടിരിക്കുന്നു. പൂമുഖത്തിനുള്ളതു പോലെ തന്നെയാണു് പള്ളിയറയിലെ കട്ടിലിന്റെ കാലുകൾ. അവയെ ബന്ധിപ്പിക്കുന്ന അഴികൾ സ്വർണ്ണം പൊതിഞ്ഞവ. മെത്തയുടെ നിറം കറുപ്പു്. ചുറ്റുമുള്ള അഴികളിൽ ഒരു ചാൺ അകലത്തിൽ മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു. അതിന്മേൽ രണ്ടു കുഷനുകൾ വെച്ചിരിക്കുന്നു. ഈ മന്ദിരത്തിൽ കൊത്തുപണിയോടുകൂടിയ തൂണുകളുള്ള മറ്റൊരു മുറിയുണ്ടു്. ഇതു് ആനക്കൊമ്പുകൊണ്ടു് മൊത്തം പൊതിഞ്ഞിരിക്കുന്നു. പനിനീർപ്പൂക്കളും താമരപ്പൂക്കളും ആന ക്കൊമ്പിൽ തീർത്തിരിക്കുന്നു. ഇത്ര സമ്പന്നവും മനോഹരവുമായ മറ്റൊന്നു് എവിടേയും കാണാനാവില്ല. പോർച്ചുഗീസുകാരും സാധാരണക്കാരുമുൾപ്പെടുന്നവരുടെ ജീവിതശൈലി ചിത്രീകരിച്ചിട്ടുള്ള പെയിന്റിങ്ങ് ചുമരിൽ തീർത്തിരിക്കുന്നു. രാജാവിന്റെ പത്നിമാർക്കു് ജനജീവിതം കണ്ടുമനസ്സിലാക്കുന്നതിനാണിതു്. സ്വർണ്ണം പൊതിഞ്ഞ രണ്ടു സിംഹാസനങ്ങൾ ഈ മന്ദിരത്തിലുണ്ടു്. വെള്ളിയിൽ നിർമ്മിച്ച ഒരു കട്ടിൽ തിരശ്ശീലയിട്ടു് മൂടിയിരിക്കുന്നു. അതിനടിയിൽ സൂര്യകാന്തക്കല്ലിന്റെ ഒരു ഫലകം കണ്ടു. അതിനുതൊട്ടു് താഴിട്ടുപൂട്ടിയ ഒരു ചെറിയ വാതിൽ. അതിനുള്ളിൽ ഒരു മുൻ രാജാവിന്റെ ഖജനാവാണെന്നു് കൂടെയുണ്ടായിരുന്നവർ പറഞ്ഞു…[8]

കൊട്ടാരസമുച്ചയത്തെക്കുറിച്ചുള്ള ഫെറാനൊ നൂനസിന്റെ വിവരണത്തിൽ ജീവനക്കാരെക്കുറിച്ചു് പ്രതിപാദ്യമുണ്ടു്.

images/venu-hampi-19-a.jpg
സൈനിക ശക്തിപ്രകടനം, രഥം, ഹസാർരാമ ക്ഷേത്രം.

ശമ്പളം പറ്റുന്ന സ്ഥിരം സൈനികർ 50,000. അതിൽ 6000 പേർ കുതിരപ്പടയാളികൾ. 20,000 പേർ പരിചയോടുകൂടിയ കുന്തപ്പോരാളികൾ. ആനകളെ പരിചരിക്കുന്നവർ 3000. കുതിരപ്പരിചാരകർ 1600. കുതിരയെ പരിശീലിപ്പിക്കുന്നവർ 3000. 2000 കരകൗശല ജീവനക്കാർ… രാജാവു് പ്രതിവർഷം ഓർമുസിൽ നിന്നു് 13,000 കുതിരകളെ വാങ്ങുന്നു. അവയിൽ നല്ല ഇനത്തെ കൊട്ടാരത്തിലും ബാക്കിയുള്ളവയെ ക്യാപ്റ്റന്മാർക്കും നൽകുന്നു. മുഖ്യകവാടത്തിനകത്തു് 4000 സ്ത്രീകൾ. അവരെല്ലാവരും കൊട്ടാരത്തിലെ അന്തേവാസികൾ. അവരിൽ ചിലർ നർത്തകികൾ, മറ്റുള്ളവർ രാജപത്നിമാരെ തോളിലേറ്റി നടക്കുന്നവർ. സ്ത്രീകളിൽ ഗുസ്തിക്കാരും ജ്യോതിഷികളും ഭാവി പ്രവചിക്കുന്നവരുമുണ്ടു്. കൊട്ടാരത്തിനകത്തുള്ള ചിലവുകളുടെ കണക്കെഴുതുന്നതു് മറ്റൊരു സ്ത്രീയാണു്. പാട്ടുപാടുന്നതിനും വാദ്യോപകരണങ്ങൾ വായിക്കുന്നതിനും വെവ്വേറെ സ്ത്രീകളുണ്ടു്. രാജവിനുള്ള പാചകക്കാരും വിരുന്നുസൽക്കാരം നടത്തുന്നവരും സ്ത്രീകൾ. ഒരു ഷണ്ഡനാണു് അടുക്കള കവാടത്തിന്റെ ചുമതല. അയാൾ ആരേയും അകത്തുപ്രവേശിപ്പിക്കില്ല. ഭക്ഷണത്തിൽ ആരെങ്കിലും വിഷം ചേർക്കുന്നതു് തടയാനാണു് ഈ നടപടി. കൊട്ടാരസുരക്ഷാചുമതലയുടെ മേൽനോട്ടത്തിനും സ്ത്രീകളുണ്ടു്…[9]

‘സെനാന’ എൻക്ലോഷറിലെ നിർമ്മിതികൾ

റോയൽ സെന്ററിലെ അതിമനോഹരമായ ചില നിർമ്മിതികൾ ഉൾപ്പെടുന്ന പ്രദേശം സെനാന എൻക്ലോഷർ എന്നാണറിയപ്പെടുന്നതു്. അന്തപ്പുരവാസികളുടെ വിനോദത്തിനും മറ്റുമായി പ്രത്യേകം വേർതിരിച്ചിട്ടുള്ള സ്ഥലം എന്നാണു് ‘സെനാന’ എന്ന പേർഷ്യൻ പദം അർത്ഥമാക്കുന്നതു്. ഏകദേശം ചതുരാങ്കണ രൂപത്തിലുള്ള ‘സെനാന’ ഉയർന്നതും അപൂർണ്ണമെന്നു തോന്നിക്കുന്നതുമായ മതിൽക്കെട്ടിനുള്ളിലാണു്. ആനക്കൊട്ടിലും സൈനികപരേഡിനുള്ള അതിവിശാല മൈതാനവും നിരീക്ഷണഗോപുരങ്ങളും ആയുധപ്പുരയും മറ്റുമാണു് ഇവിടെയുള്ളതു്. അതിനാൽ ഇതിനെ ‘സെനാന’ എൻക്ലോഷർ എന്നു വിളിക്കുന്നതിലെ ഔചിത്യത്തെ ജോർജ് മിഷേലിനെപ്പോലേയുള്ള കലാചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ടു്. സൈനിക മേധാവിമാരുടെ വാസസ്ഥലമാകാമിതെന്നാണു് മിഷെൽ പറയുന്നതു്.[10]

ലോട്ടസ് മഹൽ

റോയൽസെന്ററിലെ അത്യാകർഷകവും പൂർണ്ണവുമായ സ്മാരകങ്ങളിലൊന്നായ ലോട്ടസ് മഹൽ ‘സെനാന’ക്കുള്ളിലാണു് സ്ഥിതിചെയ്യുന്നതു്. വിജയനഗര-ഡെക്കാനി (ബാഹ്മിനി) സുൽത്താനെറ്റ് വാസ്തുവിദ്യാശൈലികളുടെ സമ്മിശ്രവും അതിമനോഹരവുമായ ആവിഷ്കാരമാണു് ലോട്ടസ് മഹൽ. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭാവനാവിലാസമാണു് ലോട്ടസ് മഹലെന്ന പേരിനു നിദാനം. ഭാവനയെന്തായാലും, 1799-ലെ ഹമ്പിഭൂപടം നൽകുന്ന സൂചനയനുസരിച്ചു് രാജാവിന്റെ ഉപദേശകസമിതി സമ്മേളിച്ചിരുന്ന മന്ദിരമായിരുന്നു ഇതു്. ക്ഷേത്രസമാനമായ അധിഷ്ഠാനത്തിനു മുകളിൽ പിരമിഡിന്റെ ആകൃതിയിലുള്ള ഒമ്പതു് ഗോപുരങ്ങളാണു് ലോട്ടസ് മഹലിനുള്ളതു്. ഇരട്ടച്ചുളിവുകളോടു കൂടിയതും മധ്യഭാഗം കൂർത്തതുമായ ആർച്ചുകൾ സമമായി വിന്യസിച്ചിട്ടുള്ള, ഏതുവശത്തുനിന്നു നോക്കിയാലും ഒരുപോലെയിരിക്കുന്ന, ലോട്ടസ് മഹൽ രാജാധികാരത്തിന്റെ ഏറ്റവും കൗതുകകരമായ കാഴ്ചകളിലൊന്നാണു്. പ്രതിസമതയോടെ വിന്യസിച്ചിട്ടുള്ള ഡോമുകളാണു് മേൽക്കൂരയുടെ പ്രത്യേകത.

images/venu-hampi-30.jpg
ലോട്ടസ് മഹൽ.
നിരീക്ഷണ ഗോപുരം, ആനക്കൊട്ടിൽ മുതലായവ

നിരീക്ഷണഗോപുരങ്ങളിൽ, ‘സെനാന’യുടെ തെക്കുകിഴക്കു ഭാഗത്തു് സ്ഥിതിചെയ്യുന്ന, ഒരെണ്ണം മാത്രമാണു് നിലംപൊത്താതെയുള്ളതു്. ലോട്ടസ് മഹലിലെ സമ്മിശ്രശൈലി തന്നേയാണു് ഇവിടേയുമുള്ളതു്. ക്ഷേത്രസമാനമായ ഗോപുരങ്ങളും സുൽത്താൻ ശൈലിയിലുള്ള കൂർത്ത ആർച്ചുകളുമാണു് അഷ്ഠകോണിലുള്ള ഈ നിർമ്മിതിക്കുള്ളതു്. ‘സെനാന’യിലെ മറ്റൊരു നിർമ്മിതി രാജ്ഞിമാരുടെ കൊട്ടാരമാണു്. ഇതിന്റെ 45.78 × 28.6 മീറ്റർ വിസ്തൃതിയുള്ള അസ്തിവാരം മാത്രമെ നിലവിലുള്ളൂ. സൈനിക ആക്രമണത്തിൽ തകർന്നതാകാമിതിന്റെ മേൽക്കൂരയും ചുമരുകളും.

images/venu-hampi-31.jpg
ആനക്കൊട്ടിൽ.

‘സെനാന’ എൻക്ലോഷറിന്റെ പുറത്തു് അതിവിസ്തൃതമായ ഒരു മൈതാനം. സൈനിക പരേഡിനും പരിശീലനത്തിനും ഉപയോഗിച്ചിരുന്ന ഈ മൈതാനിയിൽത്തന്നെയാണു് ഗംഭീരനിർമ്മിതികളിലൊന്നായ ആനക്കൊട്ടിൽ സ്ഥിതിചെയ്യുന്നതു്. മദ്ധ്യഭാഗം കൂർത്ത ഗോഥിക്ക് ആർച്ചുകൾ കടന്നു വേണം ഓരോ ആനയറയിലും പ്രവേശിക്കാൻ. മൊത്തം പതിനൊന്നു് അറകളാണു് കൊട്ടിലിലുള്ളതു്. ഒരോ അറയിലും രണ്ടാനകളെ തളച്ചിടാം. മന്ദിരമേൽക്കൂരയിൽ ഒന്നിടവിട്ടുള്ള അറകളുടെ സ്ഥാനത്തു് വ്യത്യസ്ത ആകൃതിയിലുള്ള ഡോമുകൾ സമാകലത്തിൽ കമനീയമായി വിന്യസിച്ചിരിക്കുന്നു. പവിലിയൻ പോലെ തോന്നിപ്പിക്കുന്ന പന്ത്രണ്ടു വശങ്ങളുള്ള ഒരു നിർമ്മിതിയും മേൽക്കൂരയുടെ മദ്ധ്യത്തിലുണ്ടു്. ഇതു് വാദ്യക്കാർക്കുള്ള പരിശീലനകേന്ദ്രമാകാനിടയുണ്ടു്. വിജയനഗരം സന്ദർശിച്ച അബ്ദുൾ റസാഖിന്റെ വിവരണത്തിൽ നിന്നാണു് ഇതു് ആനകോട്ടയാണെന്നു് വ്യക്തമാകുന്നതു്.[11] ഈ മന്ദിരത്തിനു് കേടുപാടുകളില്ല.

റോയൽ സെന്ററിലെ മറ്റുചില നിർമ്മിതികൾ കൂടി പരിശോധിക്കേണ്ടതുണ്ടു്. ഇവയിൽ, ‘ക്വീൻസ് ബാത്ത്’ എന്നു് കൊളോണിയൽ കാലത്തു് വാഴ്ത്തപ്പെട്ട, ചുമരുകളും മേൽക്കൂരയുമുള്ള ചത്വരക്കുളമാണു് പ്രധാനം. ഇതിന്റെ പുറംചുമർ അതീവ ലളിതം. അകത്തുള്ള വരാന്തയിൽ ഡെക്കാനിശൈലിയിൽ ആർച്ച് ജനലുകളുള്ള പവിലിയനുകൾ. മേൽക്കൂരയെ താങ്ങിനിർത്തുന്ന ആർച്ചുകളിലും ചിത്രപ്പണികളുണ്ടു്. ഇതിനെ ‘ക്വീൻസ് ബാത്ത്’ എന്നു വിളിച്ചിരുന്നതു് രാജ്ഞിമാർ ഉപയോഗിച്ചിരുന്ന നീന്തൽക്കുളമെന്ന ധാരണയിലാണു്. എന്നാൽ, കൊട്ടാരത്തിൽനിന്നു് കുളത്തിലേക്കുള്ള ദൂരമാണു് ഈ നിഗമനത്തെ ദുർബലമാക്കുന്നതു്. കൊട്ടാരം സേവകരും അവരുടെ സ്ത്രീകളും വിനോദത്തിനുവേണ്ടി ഉപയോഗിച്ചിരുന്നതായിരിക്കാം ഈ കുളമെന്നു് ജോർജ് മിഷെൽ അഭിപ്രായപ്പെടുന്നുണ്ടു്.[12] 1426-ൽ, ദേവരായൻ രണ്ടാമൻ, ജൈന തീർത്ഥങ്കരൻ പാർശ്വനാഥനു സമർപ്പിച്ച ബസതിയാണു് മറ്റൊരു നിർമ്മിതി. ഇതു് പൂർണ്ണമായി തകർന്നിരിക്കുന്നു. എങ്കിലും, വിജയനഗരത്തിന്റെ ജൈന ഭൂതകാലം ഇതു് സാക്ഷ്യപ്പെടുത്തുന്നു.

നഗരകേന്ദ്രം

സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി വിശേഷിപ്പിക്കപ്പെടുന്ന വിജയനഗരം-ഹമ്പിയുടെ മദ്ധ്യഭാഗത്തിനു മാത്രം 25 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നതായി പുതു ഗവേഷണങ്ങളിൽ പ്രതിപാദ്യമുണ്ടു്.[13] കൊട്ടാരസമുച്ചയവും അതിഥിമന്ദിരങ്ങളും ഔദ്യോഗികമന്ദിരങ്ങളും ക്ഷേത്രങ്ങളും ഒട്ടനവധി മാർക്കറ്റുകളും വിവിധ രാജ്യക്കാരും വിശ്വാസികളുമടങ്ങുന്ന ഒരു വൻജനസഞ്ചയമുണ്ടായിരുന്ന രാജധാനിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള സൂചനകൾ അവശിഷ്ടങ്ങൾക്കിടയിലുണ്ടു്. ആപ്പിന്റെ ആകൃതിയിലുള്ള വലിയ കരിങ്കൽകട്ടകൾ അടുക്കിവെച്ചു് പിൻവശം മണ്ണും കൽച്ചീളുകളും നിറച്ചാണു് കോട്ടമതിലുകൾ നിർമ്മിച്ചിരുന്നതു്. ഇതിന്റെ ശേഷിപ്പുകൾ പല ഭാഗത്തുമുണ്ടു്. കല്ലുകളുടെ നിരപ്പായ പ്രതലം ചേർത്തുവെച്ചു് ഏപ്പുകളിൽ കുമ്മായമോ മറ്റു ബലപ്പെടുത്തുന്ന വസ്തുക്കളോ ഒന്നുമിടാതെയാണു് മതിലുകൾ നിർമ്മിച്ചിരിക്കുന്നതു്. കോട്ടമതിലിനു് വലിയ ആർച്ചുകവാടങ്ങളുണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഹമ്പി സന്ദർശിച്ച അബ്ദുൾ റസാഖ് വിജയനഗരത്തിലെ ഏഴുനിര കോട്ടമതിലുകളെക്കുറിച്ചു് പ്രതിപാദിക്കുന്നുണ്ടു്.[14] ഒന്നും രണ്ടും മൂന്നും നിരകൾക്കിടയിലുള്ള കോട്ടമതിലിനിടയിലാണു് കൃഷിഭൂമിയും തോട്ടങ്ങളും സ്ഥിതിചെയ്തിരുന്നതെന്നു് റസാഖ് രേഖപ്പെടുത്തിയിട്ടുണ്ടു്. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് സഞ്ചാരി ഡൊമിൻഗൊ പെയ്സും ഇതു് സക്ഷ്യപ്പെടുത്തുന്നു. കോട്ടമതിലുകളുടെ രണ്ടും മൂന്നും നിരകൾ യഥാക്രമം നഗരകേന്ദ്രത്തിനും റോയൽ സെന്ററിനും ചുറ്റുമായി സ്ഥിതിചെയ്യുന്നു. റോയൽ സെന്ററിലും പുണ്യകേന്ദ്രത്തിലുമുള്ള പ്രധാന മന്ദിരങ്ങൾക്കും ക്ഷേത്രങ്ങൾക്കുമിടയിൽ വെവ്വേറെ മതിൽക്കെട്ടുകളുണ്ടു്.

പ്രകൃതിയൊരുക്കിയ സുരക്ഷ പ്രത്യേകം കാണേണ്ടതുണ്ടു്. നഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും അതിലുള്ള പാറക്കുന്നുകളും വടക്കുനിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള കവചമായി നിലകൊണ്ടു. ഹമ്പിയിൽ വ്യാപകമായി കാണപ്പെടുന്ന പാറക്കുന്നുകൾ തമ്മിൽ ബന്ധിപ്പിച്ചാണു് കോട്ടമതിലുകളധികവും നിർമ്മിച്ചിട്ടുള്ളതു്. ഇതു് സ്വാഭാവികമായും കോട്ടനിർമ്മാണം എളുപ്പവും ചിലവു കുറഞ്ഞതുമാക്കി. കോട്ടമതിൽനിരകൾക്കിടയിലുള്ള കൃഷിഭൂമിയും തോട്ടങ്ങളും എന്താണു് സൂചിപ്പിക്കുന്നതു? എല്ലാ കൃഷിയിടങ്ങളും കോട്ടകെട്ടി സംരക്ഷിച്ചിരുന്നുവെന്നു് പറയുവാനും വയ്യ. അങ്ങനെവരുമ്പോൾ, ഇതൊരു സംരക്ഷിത ഭക്ഷ്യമേഖലയായിരുന്നു എന്നുവേണം കരുതാൻ. വർഷങ്ങളോളം നീളുന്ന സൈനിക ഉപരോധവും കൃഷിനശിപ്പിക്കലും മുന്നിൽക്കണ്ടുകൊണ്ടുള്ള ഒരു കരുതൽ നടപടി.

images/venu-hampi-09.jpg
യൂറോപ്യൻ കുതിരക്കച്ചവടക്കാർ, വിട്ഠല.

ഹമ്പി ഒരു സാർവ്വജനീന നഗരമായിരുന്നു. രാജധാനിയിലെ ക്ഷേത്രങ്ങളിലും മതേതര മന്ദിരങ്ങളിലുമുള്ള ശില്പങ്ങൾ ഇതു് സാക്ഷ്യപ്പെടുത്തുന്നു. വിട്ഠല, ഹസാർരാമ ക്ഷേത്രങ്ങളിലും മഹാനവമി മണ്ഡപത്തിലുമുള്ള ശില്പങ്ങളിൽ നീണ്ട താടിയോടും അറ്റംകൂർത്ത തൊപ്പിയോടും കൂടിയ അറബി/തുർക്കി കുതിരക്കച്ചവടക്കാരേയും കുടുക്കുകളോടുകൂടിയ കുപ്പായവും പാശ്ചാത്യശൈലിയിലുള്ള തൊപ്പിയും ധരിച്ച യൂറോപ്യന്മാരേയും ധാരാളമായി കാണുന്നുണ്ടു്. രാജധാനിയിൽ ധാരാളം വിദേശികളുണ്ടായിരുന്നതായി ഹമ്പിയിലെത്തിയ സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നുണ്ടു്.[15] വ്യത്യസ്ത മതവിശ്വാസികളും ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഹിന്ദുക്ഷേത്രങ്ങൾക്കു പുറമെ മുസ്ലീം ദേവാലയങ്ങളും ജൈനബസതികളും ഇവിടെ നിലകൊണ്ടതു്. തലസ്ഥാനനഗരിയിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും, ഹമ്പിയിലെ തിരക്കേറിയ റോഡുകളും മാർക്കറ്റും വിദേശസന്ദർശകർ സാക്ഷ്യപ്പെടുത്തുന്നുണ്ടു്. സമകാലീന ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കേറിയ നഗരം; ലോകത്തിലെ ഏറ്റവും സുസജ്ജമായ നഗരം: ഇതാണു് വിദേശികൾക്കനുഭവപ്പെട്ട ഹമ്പിപ്പെരുമ. ഡൊമിൻഗൊ പെയ്സിന്റെ വിരണം ഇങ്ങനെ സംഗ്രഹിക്കാം:

നഗരവ്യാപ്തിയെക്കുറിച്ചു് ഞാനിപ്പോൾ എഴുതുന്നില്ല. കാരണം, ഒരിടത്തുനിന്നു നോക്കിയാലും അതു് പൂർണ്ണമായി കാണാനാകില്ല. എങ്കിലും, ഞാനൊരു കുന്നിൻ മുകളിൽ കയറി. നഗരത്തിന്റെ സിംഹഭാഗവും അവിടെനിന്നെനിക്കു കാണാനായി. റോമിനോളം വലുപ്പമുള്ള നഗരമാണു് ഞാനവിടെനിന്നു കണ്ടതു്. കാഴ്ചയ്ക്കതിമനോഹരം. മരങ്ങൾ നിറഞ്ഞ നിരവധി ചാലുകൾ, വീടുകളിൽ നിറയെ തോട്ടങ്ങൾ. അവിടേക്കു് വെള്ളമെത്തിക്കുന്ന ഓടകൾ. ചിലയിടങ്ങളിൽ ജലാശയങ്ങൾ… ലോകത്തിലെ ഏറ്റവും സുസജ്ജമായ നഗരമാണിതു്. അരി, ഗോതമ്പു്, മറ്റു ധാന്യങ്ങൾ, ഇന്ത്യൻ ചോളം, ഒരു നിശ്ചിത അളവിൽ ബാർലിയും പയറുവർഗ്ഗങ്ങളും, മുതിരയും. ഇന്ത്യയിൽ വളരുകയും ഇന്ത്യക്കാർ ഭക്ഷിക്കുകയും ചെയ്യുന്ന മറ്റു ധാന്യങ്ങൾ. ഇവയുടെ വലിയ ശേഖരം മാർക്കറ്റിലുണ്ടു്. ഇവക്കെല്ലാം തുച്ഛമായ വില. തെരുവുകളും മാർക്കറ്റുകളും നിറയെ അസംഖ്യം കാളകൾ. അവ കാരണം നടക്കാൻതന്നെ പ്രയാസം. ഈ രാജ്യത്തു് ധാരാളം വളർത്തുപക്ഷികൾ ഉണ്ടു്, അത്ര തന്നെ തിത്തിരിപ്പക്ഷികളും. കാടപ്പക്ഷികൾ, മുയലുകൾ, കാട്ടുകോഴികൾ: ഇവകൊണ്ടു് മാർക്കറ്റ് നിറഞ്ഞിരിക്കുന്നു. എല്ലാ പക്ഷികളേയും വളർത്തുമൃഗങ്ങളേയും ഇവിടെ വിൽക്കുന്നു. എണ്ണമെടുക്കാൻ കഴിയാത്ത, അസംഖ്യം ആടുകളെ അവർ പ്രതിദിനം കശാപ്പുചെയ്യുന്നു. അജമാംസം വിൽക്കുന്നവർ ഓരോ തെരുവിലുമുണ്ടു്…[16]

പുത്തൻ പച്ചക്കറികളടക്കം എല്ലാ ഭഷ്യവസ്തുക്കളും തലസ്ഥാനത്തു് സുലഭമായിരുന്നു. വജ്രം, മരതകം, മുത്തു്, സ്വർണ്ണം എന്നിവയ്ക്കു് ലോകപ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണു് ഹമ്പി. ഇവിടെ നടത്തിയ ഉത്ഖനനങ്ങളിൽ അവയൊന്നും കണ്ടെത്താനായില്ല എന്നതു് ഒരു വിരോധാഭാസമായി തോന്നാം. എങ്കിലും, കമ്പോളത്തിലെ ഇത്തരം വിലപിടിപ്പുള്ള വസ്തുക്കളുടെ ധാരാളിത്തം വിദേശികളെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളതു്. ഇന്ത്യൻ നിർമ്മിത തുണിത്തരങ്ങൾക്കു പുറമെ തുർക്കി, പേർഷ്യ, ചൈന എന്നിവിടങ്ങളിൽന്നിന്നു് ഇറക്കുമതി ചെയ്ത വെൽവെറ്റും കമ്പോളത്തിൽ സുലഭമായിരുന്നു. രാജധാനിയിലുണ്ടായിരുന്ന അളവറ്റ സമ്പത്തിന്റെ തെളിവാണിതു്. ഈ സമ്പത്താണു് വിജയനഗരത്തിലെ വാസ്തുശില്പാവിഷ്കാരങ്ങളിലും മഹാനവമി ആഘോഷങ്ങളിലും മറ്റു ആർഭാടങ്ങളിലും പ്രതിഫലിക്കുന്നതു്.

സംഗീതം, നൃത്തം, ശില്പകല
പൂർവ്വവിജയനഗരകാലം

വിജയനഗര[17] നൃത്ത-സംഗീത പാരമ്പര്യത്തിന്റെ പ്രത്യക്ഷ തെളിവുകൾ ശില്പങ്ങളിലും സാഹിത്യത്തിലും സുലഭമാണു്. വാസ്തവത്തിൽ കർണ്ണാടക സംഗീതമെന്നു് പൊതുവെ അറിയപ്പെടുന്ന ശാഖ അതിന്റെ പരമകാഷ്ഠയിലെത്തുന്നതു് വിജയനഗരത്തിലാണു്. എന്നാലതിന്റെ ഉത്ഭവം ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും പലയിടങ്ങളിൽ, പല കാലങ്ങളിലായിട്ടാണു്. വിജയനഗരം-ഹമ്പിയിൽ സംഭവിയ്ക്കുന്നതു് വിവിധ സംഗീതധാരകളുടെ സംയോജനമാണു്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കർണ്ണാടകസംഗീതം പ്രായപൂർത്തികൈവരിക്കുന്നതു് ഹമ്പിയിലാണു്. ഈ സംഗീതശാഖയുടെ പേരുതന്നെ അവ്യക്തമാണു്, തർക്കവിഷയവും. പലവിധത്തിലുള്ള സ്വാധീനങ്ങൾ, കൊടുക്കൽ വാങ്ങലുകൾ, കർണ്ണാടക സംഗീതത്തിൽ സംഭവിക്കുന്നുണ്ടു്. അതിനാൽ, അതിനെ ശുദ്ധസംഗീതമെന്നോ ദക്ഷിണേന്ത്യൻ സംഗീതമെന്നൊക്കെ വിളിക്കുന്നതിൽ പരിമിതികളുണ്ടു്. വാസ്തവത്തിൽ, കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും വിശാലമായ അർത്ഥത്തിൽ ഭാരതീയ സംഗീതം തന്നെ. പരസ്പരം സ്വാധീനിച്ചു്, പരിവർത്തിപ്പിച്ചു് നിലകൊള്ളുന്ന രണ്ടു സംഗീതസരണികൾ.

images/venu-hampi-28.jpg
കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം.

നമുക്കാദ്യം ശില്പാവിഷ്കാരങ്ങളിലെ സംഗീത സാന്നിദ്ധ്യം എന്തൊക്കെ, എവിടെയൊക്കെയെന്നു നോക്കാം. നൃത്തം, ഗീതം, വാദ്യം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യങ്ങൾ മൗര്യകാല (പൂർവ-പൊതു വർഷം 321–185) ലിഖിതങ്ങളിൽ കാണാം. ദക്ഷിണേന്ത്യയിൽ, ഭരതമുനിയുടെ വിധിക്കനുരോധമായി, മാതംഗ, സാരംഗദേവ എന്നിവർ ആന്ധ്ര-ജാതി സംഗീത രൂപകം ചിട്ടപ്പെടുത്തിയിരുന്നതായി നീലകണ്ഠ ശാസ്ത്രി പ്രതിപാദിക്കുന്നുണ്ടു്.[18] 1175-ൽ കാശ്മീരിൽ ജനിച്ച സാരംഗദേവൻ ഡെൽഹി സുൽത്താന്മാരുടെ ആക്രമണത്തെത്തുടർന്നു് ഡെക്കാനിൽ അഭയം പ്രാപിച്ച സംഗീതോപാസകനായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ—കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഉൾപ്പെടെ—ആധികാരിക ഗ്രന്ഥമായ സംഗീതരത്നാകരത്തിന്റെ കർത്താവാണു് സാരംഗദേവൻ. സംഗീതവും നൃത്തവും ആസ്പദമാക്കിയുള്ള ഏഴു് അദ്ധ്യായങ്ങളാണു് ഇതിലുള്ളതു്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മദ്ധ്യകാല സൈദ്ധാന്തികരിൽ ഒരാളായ സാരംഗദേവന്റെ സംഗീതരത്നാകരം ഭരതമുനിയുടെ നാട്യശാസ്ത്രത്തിനു തുല്ല്യമായ കൃതിയായി കണക്കാക്കപ്പെടുന്നു. തന്റെ ശ്രോദ്ധാക്കളെ മനസ്സിലാക്കുന്നതിനും പരിപാടികൾ വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള കഴിവു് ഗാനരചയിതാവിനുണ്ടായിരിക്കണമെന്ന നിലപാടായിരുന്നു സാരംഗദേവനുണ്ടായിരുന്നതു്.[19] കോറൽ ഗാനശൈലി മദ്ധ്യകാല ഭക്തി സാഹിത്യത്തിന്റെ ഭാഗമായിട്ടാണു് ഉരുവപ്പെടുന്നതു്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ദേവഗിരിയിലെ രാമചന്ദ്രരായരുടെ കൊട്ടാരം ഗായകനായിരുന്ന ഗോപൽ നായിക് പ്രസിദ്ധ നർത്തകനും വാദ്യസംഗീതജ്ഞനുമായിരുന്നു. 1307-ൽ അലാവുദ്ദിൻ ഖിൽജിയുടെ ആക്രമണത്തിൽ പരാജിതനായ ദേവഗിരിയിലെ രാജാവു്, ഗോപാൽ നയിക്കിനെ സുൽത്താനു് കാഴ്ചവെച്ചു. അമീർ ഖുസ്രുവിന്റെ നിർദ്ദേശപ്രകാരം ഖിൽജിയുടെ കൊട്ടരം ഗായകരിൽ ഒരാളായി നിയമിതനായ ഗോപാൽ നായിക് ‘നൗഹർ ബനി’ എന്ന സംഗീതശാഖയുടെ ഉപഞ്ജാതാവായി അറിയപ്പെട്ടു. നായിക്കിന്റെ പിൻഗാമിയായിരുന്ന സുജൻദാസ് നൗഹർ ആഗ്രയിൽ അക്ബറിന്റെ രാജസദസ്സിൽ സംഗീതഞ്ജനായിരുന്നു.

images/venu-hampi-24.jpg
ഘോഷയാത്രക്കു കൊണ്ടുപോകുന്ന ആന, മഹാനവമി മണ്ഡപം.

പശ്ചിമചാലൂക്യൻ രാജാവായിരുന്ന സോമേശ്വരൻ മൂന്നാമൻ (1127–1138) ആണു് കർണ്ണാടക സംഗീതത്തിനെ നിർവ്വചനക്ഷമമായ ഒരു സ്ഥിതിയിലെത്തിച്ചതു്. അദ്ദേഹം രചിച്ച മാനസോല്ലാസ ഒരു സർവ്വവിജ്ഞാനകോശത്തിന്റെ വൈപുല്ല്യവും വ്യാപ്തിയുമുള്ള സംസ്കൃതഗ്രന്ഥമാണു്. തർക്കം, വ്യാകരണം, ജ്യോതിഷം, ജ്യോതിർശ്ശാസ്ത്രം, വൈദ്യം, വാസ്തുവിദ്യ, ചിത്രകല, സംഗീതം തുടങ്ങി രാജ്യഭരണം വരേയുള്ള കാര്യങ്ങളുടെ ഗഹനതയാണു് ഈ കൃതിയുടെ ഉള്ളടക്കം. മാനസോല്ലാസത്തിന്റെ നാലാം ഭാഗം ‘പ്രമോദകരണം’ സംഗീതത്തിനും നൃത്തത്തിനും മറ്റു വിനോദങ്ങൾക്കുമായി നീക്കിവെച്ചിരിക്കുന്നു. ഓരോ ഋതുക്കളിലും ആലപിക്കേണ്ട സംഗീതത്തിനും പ്രത്യേക വേർതിരിവുണ്ടു്. ഉദാഹരണമായി, ‘ത്രിപദി’ അവതരിപ്പിക്കേണ്ടതു് കൊയ്ത്തുകാലത്തും ‘ധവാല’ ആലപിക്കേണ്ടതു് വിവാഹാഘോഷത്തിനുമാണു്. ‘ക്ഷഠ്പദി’ അവതരിപ്പിക്കേണ്ടതു് കഥാകാലക്ഷേപക്കാരാണു്. ‘ചര്യ’ വിഭാഗത്തിലെ പാട്ടുകൾ ധ്യാനത്തിനുള്ളതാണു്. ഹോളി ആഘോഷങ്ങൾക്കു് ‘ചച്ചരി,’ ‘മംഗള’ ഇനങ്ങളിലുള്ള പാട്ടുകളാണു്. ഗാനവും ഗീതവും തമ്മിലുള്ള വേർതിരിവും ഈ കൃതിയിൽ കാണാം.

images/venu-hampi-11.jpg
വിട്ഠല ക്ഷേത്രം.

പൊതുവർഷം ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ നീണ്ട ചാലൂക്യന്മാരുടെ ഭരണകാലത്താണു് സംഗീതത്തിന്റെ ശില്പാവിഷ്കാരം ഡെക്കാനിൽ കണ്ടു തുടങ്ങുന്നതു്. വാതാപി ചാലൂക്യന്മാരുടെ പട്ടടക്കല്ലിലുള്ള ക്ഷേത്രസമുച്ചയത്തിൽ ഗന്ധർവന്മാരുടേയും നർത്തകികളുടേയും അനവധി ശില്പങ്ങളുണ്ടു്. വാദ്യോപകരണങ്ങളും ശില്പങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. നൃത്ത, സംഗീത പരിപാടികൾ നടത്തുന്നതിനുള്ള രംഗമണ്ഡപം ഇവരുടെ കാലം മുതൽക്കാണു് കണ്ടുതുടങ്ങുന്നതു്. ക്ഷേത്ര നർത്തകികളുടെ പേരുകൾ പട്ടടക്കല്ലിലെ സംഗമേശ്വര ക്ഷേത്രത്തിൽ കൊത്തിയിരിക്കുന്നു. വിജയാദിത്യന്റെ ലിഖിതങ്ങളിൽ ‘ചലഭി’, ‘പൊലിയച്ചി’, ‘ഭൊദമ്മ’ ‘വിദ്യാശിവ’ തുടങ്ങിയ പേരുകൾ കാണുന്നു.[20] വിജയാദിത്യന്റെ മഹാകൂട സ്തംഭലിഖിതത്തിൽ തന്റെ പ്രിയനർത്തകി വിനൊപതിയെ പരാമർശിച്ചുകാണുന്നു. ശില്പകലയിലെന്നപോലെ ചിത്രകലയിലും സംഗീതജ്ഞരും പാട്ടുകാരും നർത്തകരും വാദ്യക്കാരും പ്രത്യക്ഷപ്പെടുന്നുണ്ടു്. ബാദാമിയിലെ മൂന്നാം നമ്പർ ഗുഹയിൽ ആസനസ്ഥനായ പ്രഭുവും കുറചു കാഴ്ചക്കാരും സന്നിഹിതരാണു്. വാദ്യക്കാരും നൃത്തം അവതരിപ്പിക്കുന്ന നർത്തകിയും ചിത്രത്തിലുണ്ടു്. അവിടേയുള്ള രണ്ടാമത്തെ പാനലിലും ഇത്തരം രംഗങ്ങളുണ്ടു്. അതിൽ സന്നിഹിതനായ രാജാവു് കീർത്തിവർമ്മൻ ഒന്നാമൻ ആണെന്നു് തിരിച്ചറിഞ്ഞിട്ടുണ്ടു്. പുതുക്കോട്ടയിലെ കുടുമിയാമലൈ ഗുഹാലിഖിതത്തിൽ രാജാവു് മഹേന്ദ്രവർമ്മൻ വീണാവാദന നിപുണനാണെന്നു് പ്രതിപാദ്യമുണ്ടു്. ‘പരിവദിനി’ എന്നാണു് രാജാവിന്റെ വീണയുടെ പേരു്. ഈ ലിഖിതത്തിൽ സംഗീത ചിഹ്നങ്ങളുമുണ്ടു്. നായനാന്മാരുടെ ഭക്തിഗീതങ്ങൾ ആലപിച്ചിരുന്നതു് വാദ്യോപകരണങ്ങളുടെ അകമ്പടിയോടേയാണു്. സംഗീത, നർത്തന പരിപാടികൾക്കായി ഒട്ടനവധി ദാനങ്ങൾ ഈ കാലത്തു് നൽകപ്പെടുന്നുണ്ടു്.

പത്തുമുതൽ പതിനാലം നൂറ്റാണ്ടുവരെ കർണ്ണാടകത്തിന്റെ ബഹുഭൂരിഭാഗവും ഹൊയ്ശല രാജാക്കന്മാരുടെ കീഴിലായിരുന്നുവെങ്കിലും അവർ 1182-വരെ പശ്ചിമചാലൂക്യന്മാരുടെ ആജ്ഞാനുവർത്തികളായിരുന്നു. സ്വാഭാവികമായും, ചാലൂക്യൻ സ്വാധീനം ഹൊയ്ശല കലകളിലും പ്രകടമായി. ഹൊയ്ശല രാജധാനിയായിരുന്ന ഹാലിബീഡു അവരുടെ കലയുടെ പ്രധാന കേന്ദ്രമായി മാറി. സുകുമാരകലകളിൽ സ്ത്രീസാന്നിദ്ധ്യം വളരെ പ്രകടമായ കാലമായിരുന്നു അതു്. ഹൊയ്ശല രാജ്ഞിമാരായ മഹാദേവിയും ശന്തളദേവിയും പൊതുവേദികളിൽ സംഗീതപരിപാടികൾ നടത്തിയിരുന്നു. നൃത്തദൃശ്യങ്ങളും സംഗീതദൃശ്യങ്ങളും ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലും ഹാലിബീഡുവിലെ ഹൊയ്ശലേശ്വര ക്ഷേത്രത്തിലുമുള്ള നിരവധി പാനലുകളിൽ കൊത്തിയിരിക്കുന്നു. വിവിധ തരത്തിലുള്ള വീണ, പുല്ലാംകുഴൽ ഇടക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങൾ ശില്പങ്ങളിൽ എവിടെയും ദൃശ്യമാണു്.

images/venu-hampi-29.jpg
മൂന്നുചുഴികളോടുകൂടിയ ആർച്ചുകൾ, ലോട്ടസ് മഹൽ.
വിജയനഗരകാലം

കർണ്ണാടക സംഗീതമെന്നു് പൊതുവെ പറഞ്ഞുപോരുന്ന സംഗീതസരണി പല സ്ഥലികളിൽ, പല കാലങ്ങളിൽ, ഉരുവപ്പെട്ടവ. അവ പല നീരുറവകളായി ഒഴുകിയെത്തി സംഗമിക്കുന്നതു് പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗരത്തിലാണു്. വിജയനഗരം ഈ സംഗീതധാരയിലേക്കു് കാര്യമായ സംഭാവനയൊന്നും നൽകിയില്ലെന്നല്ല പറഞ്ഞുവരുന്നതു്. മറിച്ചു്, കർണ്ണാടകസംഗീതത്തിന്റെ സംശ്ലേഷണമാണു്, സമ്പൂർണ്ണതയാണു് വിജയനഗരത്തിൽ സംഭവിക്കുന്നതു് എന്നുമാത്രം. ഇതു തന്നെ 16, 17 നൂറ്റാണ്ടുകളിലാണു് പൂർത്തിയാവുന്നതു്. അതും ആണെഗുണ്ഡി, പെണുകൊണ്ഡ, തഞ്ചാവൂർ, മധുര, ഇക്കേരി എന്നിവിടങ്ങളിൽ, വിജയനഗര കാലത്തും, തുടർന്നുള്ള നായകന്മാരുടെ കാലത്തും (post Vijayanagara).

images/venu-hampi-20.jpg
മദമിളകിയ ആന, മഹാനവമി മണ്ഡപം.

കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാനഘടന ചിട്ടപ്പെടുത്തുന്നതു് വൈഷ്ണവ സന്ന്യാസിയായിരുന്ന പുരന്ദരദാസനാണു്. (ഏതാണ്ടു് 1484–1565). കർണ്ണാടകത്തിലെ ഒരു സമ്പന്ന ആഭരണവ്യാപാരിയുടെ മകനായി ജനിച്ച അദ്ദേഹം ഭൗതിക നേട്ടങ്ങളെല്ലാമുപേക്ഷിച്ചു് കൃഷ്ണഭക്തനായി (ഹരിദാസൻ) മാറി. പ്രസിദ്ധ ദ്വൈദസൈദ്ധാന്തികനായിരുന്ന വ്യാസതീർത്ഥന്റെ ശിക്ഷ്യനായിരുന്നു പുരന്ദരദാസൻ, ക്ലാസിക്കൽ സംഗീതപഠനത്തിനുവേണ്ടി സ്വരാവലികളും അലങ്കാരങ്ങളും ചിട്ടപ്പെടുത്തി; നിരവധി കീർത്തനങ്ങൾ രചിച്ചു. ഭാവ, താള, ലയങ്ങളുടെ അത്ഭുതകരമായ സംയോജനം പുരന്ദരദാസനെ ഇതര ക്ലാസിക്കൽ സംഗീതഞ്ജരിൽ നിന്നും വ്യത്യസ്തനാക്കുന്നു. നിരർത്ഥകമായ ജാതിസമ്പ്രദായത്തെ തന്റെ കീർത്തനങ്ങളിലൂടെ തുറന്നുകാണിച്ച പുരന്ദരദാസൻ, അബ്രാഹ്മണീക നിലപാടുകൾ കൊണ്ടു് സമൂഹപരിഷ്കരണരംഗത്തും ശ്രദ്ധേയനായി മാറി.[21] കൂനിയ കരിമ്പിൻതണ്ടിന്റെ മധുരത്തിനു കൂനുണ്ടാകുമോ, പലനിറങ്ങളിലുള്ള പശുക്കളുടെ പാലിനു് പല വർണ്ണങ്ങളാകുമോ എന്ന ആലങ്കാരിക ചോദ്യമാണു് അദ്ദേഹം ജാതിവ്യവസ്ഥക്കെതിരെ ഉന്നയിച്ചതു്.

സംഗീതശാസ്ത്ര നവരത്നങ്ങൾ (Musicological Nonet)

സംഗീതസാരമായ ഒമ്പതു് മഹാപ്രബന്ധങ്ങളാണു് സംഗീതശാസ്ത്ര നവരത്നങ്ങളുടേതായിട്ടുള്ളതു്. പല കാലങ്ങളിൽ രചിക്കപ്പെട്ടവ. അവയിൽ വിദ്യാരണ്യന്റെ സംഗീതസാരം പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ രചിയ്ക്കപ്പെട്ടതാണു്. ഗോപാല തിപ്പൊന്ദ്രയുടെ താളദീപിക, കല്ലീനാഥന്റെ സംഗീതകലാനിധി എന്നിവ പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ എഴുതപ്പെട്ടവയാണു്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഭണ്ഡാരു വിട്ഠലേശ്വരൻ തെലുംഗുവിൽ എഴുതിയ സംഗീതരത്നാകര ഭാഷ്യം ഈ പരമ്പരയിൽ അഞ്ചാമത്തേതും വിട്ഠലേശ്വരന്റെ മകനും കൃഷ്ണദേവരായരുടെ സമകാലികനുമായ ഭണ്ഡാരു ലക്ഷ്മിനാരായണ 1525 രചിച്ച സംഗീതസൂര്യോദയ ആറാമത്തേതുമാണു്. താളങ്ങളുടെ അടിസ്ഥാന പ്രമാണമാണു് അച്യുതദേവരായരുടെ താളകലാബ്ധി താളകലാവൃദ്ധി. താളങ്ങളെക്കുറിച്ചുള്ള മുൻപഠനങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണു് ഈ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളതു്. അഷ്ടവദന സോമഭട്ടൻ രചിച്ച സ്വരരാഗസുധാരസത്തിന്റെ ചില ഭാഗങ്ങൾ മാത്രമെ ലഭ്യമായിട്ടുള്ളൂ. ഈ പരമ്പരയിൽ അവസാനത്തേതും എന്നാൽ സാരാംശംകൊണ്ടു് പ്രൗഢവുമാണു് രാമമാത്യന്റെ സ്വരമേളകലാനിധി (ഏ 1550). രാജസദസ്സിലെ ഗാനരചയിതാവു കൂടിയായിരുന്നു രാമമാത്യൻ. ആധുനിക സംഗീത വ്യവഹാരങ്ങളോടു് ഏറെ അടുത്തുനിൽക്കുന്ന ഈ പ്രബന്ധം മുൻകാല താളസിദ്ധാന്തങ്ങളിൽ നിന്നു് വ്യതിരിക്തമായി നിലകൊള്ളുന്നു. മുഖ്യമായും രാഗങ്ങളെക്കുറിച്ചണു് പ്രബന്ധത്തിലെ പ്രതിപാദ്യമെങ്കിലും പ്രാരംഭമെന്നനിലയിൽ മേളങ്ങളെക്കുറിച്ചും പരാമർശമുണ്ടു്. രാഗങ്ങളെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളെ ക്രോഡീകരിക്കുകയും നവീകരിക്കുകയും അവയെ യുക്ത്യാനുസൃതവും പ്രയോഗക്ഷമവുമാക്കിയതു് രാമമാത്യനാണു്. മേളകർത്താസംഗീതത്തിനു് അടിസ്ഥനമിടുന്നതും രാമമാത്യനാണു്.

images/venu-hampi-21.jpg
വിദേശ കുതിര പരിശീലകൻ, മഹാനവമിമണ്ഡപം.
വസന്തോത്സവാഘോഷങ്ങൾ

വിജയനഗരത്തിലെ പ്രധാന ഉത്സവങ്ങളിലും നൃത്ത, സംഗീതപരിപാടികൾ അരങ്ങേറുക പതിവായിരുന്നു. വസന്തോത്സവമാണു്[22] അതിലേറ്റവും പ്രധാനം.[23] ചൈത്രമാസത്തിലാണു് വസന്തോത്സവം നടന്നിരുന്നതു് (ഏപ്രിൽ/മെയ്). വിജയനഗരകാലത്തു് ജീവിച്ചിരുന്ന അഹോബലന്റെ വിരൂപാക്ഷ വസന്തോത്സവ ചമ്പുവിൽ വിരൂപാക്ഷക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചു് വിവരിക്കുന്നുണ്ടു്.[24] മദനോത്സവമെന്നും ഈ ആഘോഷമറിയപ്പെടുന്നു. മദനനും പത്നി രതിയും അടങ്ങുന്ന ശില്പ പാനലുകൾ വിട്ഠല ക്ഷേത്രത്തിലും മഹാനവമി മണ്ഡപത്തിലും കാണപ്പെടുന്നു. ശില്പങ്ങളിലും സാഹിത്യത്തിലുമുള്ള നൃത്ത/സംഗീത പ്രതിനിധാനം ഈ കാലഘട്ടത്തിലുണ്ടായ ശൈലീമാറ്റങ്ങൾ പ്രകടമാക്കുന്നു. ഇതിലേറ്റവും പ്രധാനം പരമ്പരാഗത ‘മാർഗി’ ശൈലിയിൽ നിന്നും പ്രാദേശിക ‘ദേശി’ ശൈലിയിലേക്കുള്ള ചുവടുമാറ്റമാണു്.[25] ഇതിനനുസൃതമായി പ്രാദേശിക നൃത്ത/സംഗീത ഭാഷാകോഡുകൾ വികസിപ്പിച്ചു. സമൂഹനൃത്തങ്ങൾക്കീകാലത്തു് പ്രചാരമേറുന്നുണ്ടു്. ഇതിനനുസൃതമായി നൃത്ത വിദ്യയിലും (കോറിയോഗ്രാഫി) വ്യത്യാസങ്ങളുടലെടുത്തു. പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ സൈന്യാധിപൻ ജയസേനാപതി രചിച്ചതെന്നു കരുതപ്പെടുന്ന നൃത്തരത്നാവലി വസന്തോത്സവ നടന ശൈലിയെക്കുറിച്ചുള്ള ഒരു പ്രാമാണിക ഗ്രന്ഥമാണു്. വസന്തോത്സവ വൈകാരികസ്ഥിതിക്കനുസൃതമായി ‘ചരാചരപ്രബന്ധം’ ദേശിസുധാരാഗത്തിൽ ആലപിച്ചാണു് പരിപാടി ആരംഭിക്കുന്നതു്. ‘ദേശി’ ശൈലിയിലുള്ള ഒരു നൃത്തരൂപമാണു് നാട്യരസകം. ചെറുപ്പക്കാരായ നർത്തകികൾ ഉന്മത്താവസ്ഥാരസം ഭാവത്തിലും ചുവടുകളിലും പ്രകടമാക്കിക്കൊണ്ടാണു് നർത്തനം പുരോഗമിക്കുന്നതു്. ദണ്ഡകരസ ശൈലിയെന്നു പറയുന്നതു് ദണ്ഡുകൾ ഉപയോഗിച്ചുള്ള നൃത്തത്തിനാണു്.

images/venu-hampi-13.jpg
കോലാട്ടം, വിട്ഠല.

വസന്തോത്സവം വിജയനഗരശില്പങ്ങളിൽ എപ്രകാരം പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നു നോക്കാം. വിരൂപാക്ഷ ക്ഷേത്രമേലാപ്പിൽ ദണ്ഡകാര ശാഖാക്രമത്തിലുള്ള നൃത്തരംഗം ചിത്രീകരിച്ചിട്ടുണ്ടു്. കൃഷ്ണക്ഷേത്രത്തിന്റെ രംഗമണ്ഡപത്തിലുള്ള വൃത്താകൃതിയിലുള്ള പാനലിലും ‘കോലാട’[26] സമ്പ്രദായത്തിലുള്ള സമൂഹനൃത്താവിഷ്കാരമുണ്ടു്. ഹസാർരാമ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ പുറംചുമരിൽ കോലാട, വസന്തോത്സവ സമ്പ്രദായങ്ങളിലുള്ള നൃത്താവിഷ്കാരത്തിന്റെ പാനലുകളുണ്ടു്. ചടുലവേഗത്തിൽ ചുവടുകൾമാറ്റുന്ന രീതിയാണു് ശില്പങ്ങളിൽ പ്രകടമാവുന്നതു്. നർത്തകിമാരുടെ കൈവശമുള്ള കോലുകൾ (ദണ്ഡുകൾ) വളരെ പ്രകടമായി ഈ ശില്പങ്ങളിൽ കാണാം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തെ ചുമരിൽ ഹോളിയാഘോഷങ്ങൾക്കു് ചെറിയ പാത്രങ്ങളിൽ വർണ്ണക്കൂട്ടുകൾ ഒരുക്കുന്നതും അവർക്കിരുവശവുമായി വാദ്യക്കാർ കുഴലൂതുന്നതുമായ ദൃശ്യങ്ങളുണ്ടു്. പൂന്തോട്ട പശ്ചാത്തലമാണു് ഈ പാനലിനുള്ളതു്. മഹാനവമി ഡിബ്ബയിലെ (മണ്ഡപം) പാനലുകളിലും വസന്തോത്സവ ശില്പങ്ങളുണ്ടു്. ആദ്യം കാണുന്ന പാനലിൽ നർത്തകർ കുങ്കുമ വർണ്ണം ചാലിക്കുന്നതും അന്യോന്ന്യം തെറിപ്പിക്കുന്നതുമായ ഹോളി ദൃശ്യങ്ങൾ കാണാം. മന്മഥനേയും രതിയേയും പ്രതിനിധീകരിച്ചു് ഓരോരോ നർത്തകർ മലരമ്പും കയ്യിലേന്തി പ്രണയവസന്തത്തിന്റെ വരവറിയിച്ചു് നിൽക്കുന്നു. ഹോളിയെ പ്രതിനിധാനം ചെയ്യുന്ന വേറേയും പാനലുകൾ ഈ ക്ഷേത്രത്തിലുണ്ടു്. മറ്റൊരു പാനലിൽ ഒരു നർത്തകന്റെ ഇരുവശത്തും ഒരോ കന്യകമാർ വ്യത്യസ്ഥ ശരീരഭാഷയിൽ നിൽക്കുന്നു. വലതു ഭാഗത്തുള്ള കന്യക വിലപിടിപ്പുള്ള വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. ഇതൊരുപക്ഷേ, രതിയും മന്മഥനുമായിരിക്കാം. വിട്ഠല ക്ഷേത്രപാനലുകളിലും വസന്തോത്സവ ശില്പങ്ങൾ കാണപ്പെടുന്നു. നൃത്തമണ്ഡപത്തിൽ ദണ്ഡകരസം ആവിഷ്കരിച്ചിരിക്കുന്നു. ഇടതു കൈയ്യിൽ തുണികളും പൂക്കളും കഠാരകളും ഝടുതിയിൽ കറങ്ങുന്ന ചക്രങ്ങളും, വലതുകൈയ്യിൽ ദണ്ഡുകളും പിടിച്ചു് നർത്തനനിർണ്ണയ പ്രബന്ധത്തിലെ വിധിപ്രകാരമുള്ള നൃത്തദൃശ്യമാണു് ഈ പാനലിലുള്ളതു്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു് അധിഷ്ഠാനത്തിൽ രതി-മന്മഥ പാനൽ കൊത്തിയിരിക്കുന്നു. ദൃശ്യത്തിൽ മന്മഥൻ അമ്പും രതി ചക്രവുമായി തത്തയുടെ പുറത്തു് സവാരിചെയ്യുന്നു. തുടർന്നുള്ള പാനലിൽ, കുളിത്തൊട്ടിയിലെ വർണ്ണജലത്തിൽ മുങ്ങിക്കിടക്കുന്ന ഒരാണിനേയും ഇരുവശത്തുമായി രണ്ടു സ്ത്രീകളേയും ചിത്രീകരിച്ചിട്ടുണ്ടു്. ഇതു് സമകാലിക ഹമ്പിയിലെ ഹോളിയാഘോഷത്തിന്റെ ചിത്രീകരണമാണു്.

ചരിത്ര വൈരുദ്ധ്യങ്ങളിലെ ഹമ്പി
images/venu-hampi-23.jpg
വേട്ടദൃശ്യങ്ങൾ, മഹാനവമി മണ്ഡപം.

1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനെത്തുടർന്നു് ഡെക്കാനിസുൽത്താന്മാരുടെ സംയുക്ത സൈന്യം ഹമ്പിയിൽ പ്രവേശിക്കുകയും മാസങ്ങളോളം നീണ്ട കൊള്ളയും കൊള്ളിവെപ്പും നടത്തുകയും കാലാന്തരത്തിൽ പ്രസ്തുത നഗരം ഉപേഷിക്കപ്പെടുകയും ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചതാണല്ലോ. വിജയനഗരത്തെക്കുറിച്ചു് പിൽക്കാലത്തെഴുതപ്പെട്ട ചരിത്രങ്ങൾ പലതിലും, ബോധപൂർവ്വവും അല്ലാത്തതുമായ, വർഗ്ഗീയ വ്യാഖ്യാനങ്ങൾ ഇടംപിടിച്ചതായി കാണാം. ബ്രിട്ടീഷ് ചരിത്രകാരന്മാരാണു് വിജയനഗരത്തിന്റെ തകർച്ചയെ ഹിന്ദു-മുസ്ലീം ഏറ്റുമുട്ടലിന്റെ പരിണത ഫലമായി ചിത്രീകരിക്കുന്നതിനു തുടക്കമിട്ടതു്.[27] ബ്രിട്ടീഷുകാർ ഇന്ത്യയിൽ അനുവർത്തിച്ചുപോന്ന ‘ഡിവൈഡ് ആൻഡ് റൂൾ’ നയത്തിനനുരോധമായി ചരിത്രനിർമ്മിതിയിലും ഈ കുതന്ത്രം പ്രയോഗിക്കപ്പെട്ടു. തെളിവുകളുടെ തൊലിപ്പുറമെ മാത്രം കണ്ണോടിക്കുന്നവർക്കും ഹിന്ദുദേശീയതയുടേയും ഹിന്ദുത്വവാദത്തിന്റേയും വക്താക്കൾക്കും ഇതു് ഹിതകരമായ വ്യാഖ്യാനമായി. എന്തെന്നാൽ, യുദ്ധാനന്തരം ഡെക്കാനിസുൽത്താന്മാരുടെ സംയുക്തസൈന്യം ഹമ്പിയിൽ മാസങ്ങളോളം അവരുടെ വിജയമാഘോഷിച്ചു; കൊള്ളയും കൊള്ളിവെപ്പും തുടർന്നു. സമകാലീന ഇന്ത്യയിലെ പ്രൗഢഗംഭീരമായ ഒരു സാമ്രാജ്യം അങ്ങനെ നിലംപരിശായി. വർഗ്ഗീയവ്യാഖ്യാനങ്ങൾക്കു് തഴച്ചുവളരുവാൻ വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു വിജയനഗരം.

images/venu-hampi-05.jpg
ഹമ്പി മാർക്കറ്റ്.

ഈ വാദത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിനു മുൻപു് അതിന്റെ നിജസ്ഥിതികൂടി പരിശോധിക്കേണ്ടതുണ്ടു്. പ്രത്യക്ഷ തെളിവുകളെന്താണു് സൂചിപ്പിക്കുന്നതെന്നു് ആദ്യം പരിശോധിക്കാം. ഹമ്പിയിൽ കാണുന്ന വാസ്തുശൈലിയും ശില്പദൃശ്യങ്ങളും സ്വയം സംസാരിക്കുന്ന തെളിവുകളാണല്ലോ. ലോട്ടസ് മഹലും സ്നാനസമുച്ചയവും ആനക്കൊട്ടിലും നിരീക്ഷണഗോപുരങ്ങളുമെല്ലാം ഡെക്കാനി സുൽത്താൻശൈലി പ്രകടമാക്കുന്ന നിർമ്മിതികളാണു്. ഡക്കാൻ സുൽത്താനേറ്റിന്റെ വിവിധഭാഗങ്ങളിൽനിന്നു് വന്ന വിദഗ്ധതൊഴിലാളികൾ ഒട്ടേറെക്കാലം ഹമ്പിയിൽ താമസിച്ചാണു് ഈ മന്ദിരങ്ങളെല്ലാം പണിതിട്ടുള്ളതു്. അതുപോലെത്തന്നെ, വിജയനഗരശൈലിയിലുള്ള നിർമ്മിതികൾ ബിജാപ്പൂർ, ഗൊൽക്കൊണ്ട തുടങ്ങിയ സുൽത്താൻ രാജ്യങ്ങളിലും കാണാം. ഇതു് വിജയനഗരവും ഡെക്കാൻ സുൽത്താനെറ്റും തമ്മിൽ നിലനിന്നുപോന്ന സാംസ്കാരിക വിനിമയത്തിന്റെ, മൈത്രിയുടെ, അനിഷേദ്ധ്യമായ തെളിവാണു്. അല്ലാതെ, രണ്ടു മതസമൂഹങ്ങൾ തമ്മിലുണ്ടെന്നു് ആരോപിക്കപ്പെടുന്ന സ്പർദ്ധയല്ല. ഹമ്പിയിലെ റിലീഫ് ശില്പങ്ങളിൽ ഒട്ടനവധി മുസ്ലീം കുതിരക്കച്ചവടക്കാരെ കാണാം. വിജയനഗരത്തിന്റെ സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്കുള്ള കുതിരകളെ അറബിനാടുകളിൽ നിന്നു് കൊണ്ടുവന്നിരുന്നതു് മുസ്ലീം സഹോദരന്മാരാണു്. ഹമ്പിയിലെ മുസ്ലിം പള്ളികളുടെ സാന്നിദ്ധ്യം ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണു്. മുസ്ലീം അംഗരക്ഷകരും ഹമ്പിയിലെ റിലീഫ് പാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. ഇന്ത്യയിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ള മുസ്ലീങ്ങളെ വിജയനഗര സൈന്യത്തിലും മറ്റുദ്യോഗങ്ങളിലും നിയോഗിച്ചിരുന്നുവെന്നു് അബ്ദുൾ റസാഖിന്റെ വിവരണങ്ങളിൽ നിന്നുമറിയാം. മുൻപു് പരാമർശിച്ച, ദേവരായൻ രണ്ടാമൻ തന്റെ സിംഹാസനത്തിനു പിന്നിൽ വിശുദ്ധഖുറാന്റെ ഒരു പ്രതി സൂക്ഷിച്ചിരുന്നതായി റസാഖ് പറയുന്നുണ്ടു്. മുസ്ലീം ഓഫിസർമാരുടെ സത്യപ്രതിജ്ഞ രാജാവിനു് നേരിട്ടു നടത്താൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തിരുന്നതത്രെ. ഈ രാജാവു് സ്വയം വിശേഷിപ്പിച്ചിരുന്നതു് ‘ഹിന്ദുക്കൾക്കിടയിലെ സുൽത്താൻ’ എന്നാണെന്നും പറയപ്പെടുന്നു.[28]

images/venu-hampi-22.jpg
നൃത്തംവെക്കുന്ന രണ്ടു തുർക്കികൾ.

വിജയനഗരം-ഹമ്പിയിൽ നടന്ന അതിക്രമങ്ങളുടെ തെളിവുകൾ പുരാവസ്തുവിസ്തൃതിയിൽ തന്നെ പ്രകടമാണു്. തകർന്ന മന്ദിരങ്ങൾ, ക്ഷേത്രങ്ങൾ, ശിരച്ഛേദം ചെയ്യപ്പെട്ട ശില്പങ്ങൾ—എങ്ങും തകർച്ചയുടെ ദൃശ്യവ്യാപ്തി. പക്ഷേ, നാം അഭിമുഖീകരിക്കേണ്ട ചോദ്യം ഇതെങ്ങനെ സംഭവിച്ചു എന്നതാണു്. ഹമ്പിയിൽ നടന്ന അതിക്രമങ്ങൾക്കു പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ വർഗ്ഗീയ അജണ്ടയോ ഉണ്ടായിരുന്നുവോ? അതോ ഇതെല്ലാം ശത്രുയിടങ്ങളിൽ വിജയികൾ നടത്തുന്ന പതിവു തേർവാഴ്ച മാത്രമോ? വിജയനഗര-സുൽത്തനേറ്റ് ജനതകൾ തമ്മിൽ വർഗ്ഗീയ സ്പർദ്ധകളൊന്നും നിലനിന്നിരുന്നില്ലെന്നു് ഇവർ തമ്മിലുള്ള സാംസ്കാരിക കൈമാറ്റവും വാണിജ്യബന്ധങ്ങളും വ്യക്തമാക്കുന്നുണ്ടല്ലോ. ഭരണകൂടങ്ങൾക്കു് പരസ്പരവിരുദ്ധ താല്പര്യങ്ങളുണ്ടായിരുന്നുവെന്നതു് സ്വാഭാവികമാണല്ലോ. ഡെക്കാനിൽ, തുംഗഭദ്രയോടു് ചേർന്നുള്ള, റൈച്ചൂർ ദൊവാബിലെ കാർഷികസമ്പത്തിന്റെ നിയന്ത്രണത്തിനായി ഇരുകൂട്ടരും മത്സരിച്ചിരുന്നു, കലഹിച്ചിരുന്നു. ഇതിന്റെ മൂർദ്ധന്യത്തിലാണു് തളിക്കോട്ട യുദ്ധം വിജയനഗരത്തിന്റെ അജയ്യപ്രയാണത്തിനു വിരാമമിടുന്നതു്. വാസ്തവത്തിൽ, വിജയനഗരവും ബാഹ്മിനി സുൽത്താന്മാരും തമ്മിലുള്ള വൈര്യത്തിന്റെ അടിസ്ഥാനം സാമ്പത്തിക താല്പര്യങ്ങളായിരുന്നു. മതാധിഷ്ഠിത കലഹങ്ങൾ ഉടലെടുക്കുന്നതു് മതാത്മക ഭരണകൂടങ്ങളിലോ അല്ലെങ്കിൽ മതാത്മക ദേശീയതയിലോ ആണു്. വിജയനഗരം അതിനു വളക്കൂറുള്ള ഇടമായിരുന്നില്ല.

images/venu-hampi-14.jpg
ഹസാർരാമക്ഷേത്രം, മുന്‍വശം.

വിജയനഗരത്തിന്റെ അന്ത്യത്തിൽ സംഭവിച്ച ക്ഷേത്രകേന്ദ്രിത ആക്രമണങ്ങളെക്കുറിച്ചു് പുതു വ്യാഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണം വിജനഗരത്തിലെ വൈഷ്ണവ-ശൈവ സംഘർഷങ്ങളിലേക്കു് വിരൽചൂണ്ടുന്നു. വിജയനഗരത്തിനു വളരെ മുൻപുതന്നെ വീരശൈവ പ്രസ്ഥാനത്തിനു ശക്തമായ വേരോട്ടമുള്ള ഭൂമികയായിരുന്നു വടക്കൻ കർണ്ണാടകം. ചാലൂക്യന്മാരുടെ കാലം മുതൽക്കെ ഇവർ ദക്ഷിണേന്ത്യൻ ഭക്തിപ്രസ്ഥാനത്തിലെ പ്രബലശക്തിയായിത്തീർന്നു. ഹമ്പിയിലെ തെളിവുകളിലേയ്ക്കു വന്നാൽ, നാം കാണുന്നതു് എല്ലാ വിഷ്ണുക്ഷേത്രങ്ങളും തകർക്കപ്പെട്ടിരിക്കുന്നതായിട്ടാണു്. വിഷ്ണുവിഗ്രഹങ്ങൾ അപ്രത്യക്ഷമാവുകയോ അല്ലെങ്കിൽ തകർക്കപ്പെടുകയോ ചെയ്തിരിക്കുന്നു. വാളുപയോഗിച്ചു് ശിരച്ഛേദം ചെയ്ത വിഗ്രഹങ്ങളും അവശിഷ്ടങ്ങളിൽനിന്നു് കണ്ടെടുത്തിട്ടുണ്ടു്. ആരായിരിയ്ക്കാം ഇതിനുത്തരവാദികൾ? ഡെക്കാൻ സുൽത്താന്മാരുടെ സംയുക്ത സൈന്യം ഹമ്പിയിൽ നടത്തിയ അതിക്രമങ്ങളുടെ പട്ടികയിലാണു് ഇതും ഇടംപിടിച്ചിട്ടുള്ളതു്. പക്ഷേ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ പിന്നെയും ബാക്കിയാവുന്നു. ഉദാഹരണമായി, എന്തുകൊണ്ടു് വിഷ്ണുക്ഷേത്രങ്ങൾ മാത്രം നശിപ്പിക്കപ്പെട്ടു? വിജയനഗര രാജാക്കന്മാരുടെ കുലക്ഷേത്രമായ വിരൂപാക്ഷ (ശിവൻ) ക്ഷേത്രം മാത്രം യാതൊരു പരിക്കുകളുമില്ലാതെ, തുടർപൂജയുള്ള, ഒരേഒരു ക്ഷേത്രമായി, എങ്ങിനെ നിലകൊണ്ടു? സുൽത്താൻ സൈന്യത്തിനുണ്ടോ ശിവനും വിഷ്ണുവും! അങ്ങനെ നോക്കുമ്പോൾ, ഇതിനു പിന്നിൽ മറ്റേതോ പ്രേരകഘടകമുണ്ടെന്നു വരുന്നു. ഈ പശ്ചാത്തലത്തിലാണു് വീരശൈവരുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു് പ്രസക്തിയേറുന്നതു്. ഈ പ്രശ്നം കൂടുതൽ സമചിത്തതയോടെ, വസ്തുനിഷ്ഠമായി, ഇനിയും പഠിക്കേണ്ടതുണ്ടു്.

കുറിപ്പുകൾ

[1] ഈ സഹോദരന്മാർ ഡെക്കാനിലെ കാകതീയ രാജ്യത്തിൽ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥന്മാരായിരുന്നുവെന്നും കാകാതിയരെ തോൽപ്പിച്ച ഡെൽഹി സുൽത്താന്മാർ ഇവരെ അടിമകളാക്കി, മതപരിവർത്തനം നടത്തിയെന്നും പിന്നീടു് ഇവരെ ഡെക്കാനിലെ സുൽത്താന്മാരാക്കി തിരികെ അയച്ചുവെന്നും ദക്ഷിണേന്ത്യയിലെ സ്ഥിതിഗതികൾ ഇവർ ഭദ്രമാക്കിയെന്നും പറയപ്പെടുന്നു. മാധവാചാര്യന്റെ (വേദരണ്യ) സ്വാധീനത്തിൽ ഇവർ ഹിന്ദുവിശ്വസികളായി വീണ്ടും മാറിയെന്നുമാണു് പുരാവൃത്ത സൂചന.

[2] ‘Providing a date for these and other legendary associations is hardly possible, but there can be no doubt that human habitation has existed in the area for at least 3000 years. Pre-historic rock shelters abound in this part of the Tungabhadra river valley, some with painted designs showing horsemen with spears and figures brandishing clubs, as well as lions, antelopes, horses and bulls.’ John M Fritz and George Michell, Hampi Vijayanagara, Jaico Publishing House, Mumbai, 2014, pp. 16–17.

[3] John M Fritz and George Michell, Hampi Vijayanagara, Jaico Publishing House, Mumbai, pp. 58–60.

[4] തലസ്ഥാനനഗരിയുടെ നേർക്കാഴ്ചാവിവരണങ്ങളിൽ ഏറ്റവും പ്രധാനം 1443-ൽ ഹമ്പി സന്ദർശിച്ച അബ്ദുൽ റസാക്കിന്റെയും 1501-ൽ ഹമ്പി സന്ദർശിച്ച ദ്വാർട്ടെ ബാർബോസയുടേയും 1520–22-ൽ ഹമ്പിലുണ്ടായിരുന്ന ഡൊമിൻഗൊ പെയ്സിന്റെയും 1542-ൽ ഹമ്പിസന്ദർശിച്ച ഫെറാനൊ നൂനസിന്റെതുമാണു്. പെയ്സും നൂനസും പോർച്ചുഗീസ് കുതിരക്കച്ചവടക്കാരനായിരുന്നു. പെയ്സിന്റെയും നൂനസിന്റെയും വിവരണങ്ങളിൽ രാജകൊട്ടാരവും ക്ഷേത്രങ്ങളും മഹാനവമി ആഘോഷങ്ങളും മാർക്കറ്റും വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ടു്.

[5] Frits and Michell, Hampi Vijayanagara, pp. 132–37.

[6] Robert Sewell, A Forgotten Empire (Viajayanagar), reprint, Asian Educational Services, 2000, pp. 299–302, 369–71.

[7] R. H. Major Quoted in Fritz et al.

[8] Pius.

[9] Robert Sewell pp. 299–302.

[10] Fritz and Michell, pp. 77–81.

[11] Abdul Razzaq, quoted in R. H. Major, pp. 105–27.

[12] Fritz and Michell, p. 91.

[13] Fritz and Michell pp. 32–33.

[14] Razzaq quoted in R.H. Major.

[15] Robert Sewell.

[16] Quoted in Fritz and Michell.

[17] സംഗീതത്തെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾക്കു് വിക്ടോറിയ കോളേജ് ചരിത്രവകുപ്പു് മുൻ മേധാവിയും ചാലൂക്യചരിത്ര ഗവേഷകനും സംഗീതഞ്ജനുമായ ഡോ. പി. കെ. ശ്രീകുമാറിനോടു് കടപ്പാടു്.

[18] K. A. N. Sastri, A History of South India, p. 330.

[19] Peter Fletcher.

[20] Sreenivaasa Padiar, (ed.) Inscriptions of the Chalukyaas of Badami, nos. 197, 198, 199, 200, pp. lxvi–lxvii.

[21] M. K. V. Narayanan, Lyrical Musings of Indic Culture, Read Worthy Publications.

[22] For the details of Vasntothsava, I have extensively borrowed from Padmini Seshadri and Dr. Choodamani Nandagopal, ‘Vasnthotsava—Dances of the Spring Festival in Vijayanagar Times’, IOSR Journal of Humanities and Social Sciences, Volume 20, Issue 9, Ver. IV, (Sep. 2015) pp. 47–51.

[23] ജംബാവതി കല്ല്യാണ എന്ന സംസ്കൃതനാടകം എല്ലാവർഷവും ഈ സമയത്തു് അരങ്ങേറിയിരുന്നു. കൃഷ്ണദേവരായയർ രചിച്ചതാണു് ഈ നാടകമെന്നു കരുതപ്പെടുന്നു.

[24] Leone. M Anderson, Vasnthotsava: The Spring Festival of India, cited in Padmini Seshadri et al., p. 175.

[25] പരമ്പാരഗത നൃത്തസമ്പ്രദായം മാർഗി എന്നറിയപ്പെടുന്നു. മാർഗിയിൽ തന്നെ രണ്ടു വകഭേദങ്ങൾ: നിബദ്ധം അനിബദ്ധം. നിബദ്ധം നിയന്ത്രിതവും അനിബദ്ധം കൂടുതൽ അയവുള്ളതുമാണു്. ഇതിൽ അനിബദ്ധശൈലിയാണു് ദേശി നൃത്ത, സംഗീത ശാഖകൾക്കു് വഴിതുറക്കുന്നതു്. വിശദാംശങ്ങൾക്കു് കാണുക, ഡോ. വി. എസ്. ശർമ്മ, ബ്രഹദേശ്ശി മാതംഗമുനി, കേരള സംഗീത നാടക അക്കാദമി, തൃശ്ശൂർ, 2009, പു. 17–18.

[26] കർണ്ണാടകത്തിലെ പരമ്പരാഗത സമൂഹ നൃത്തമാണു്, കോലട. കോലുകൾ ഉപയോഗിച്ചു് നർത്തകർ ഓരോ ജോഡികളായി തിരിഞ്ഞു് ചടുല വേഗത്തിൽ സംയുക്തമായി നൃത്തം ചവിട്ടുന്നു. സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്ന ഈ സമൂഹനടനത്തിൽ ബഹുവർണ്ണ ദണ്ഡുകൾ ഉപയോഗിക്കുന്നു. വിവരങ്ങൾക്കു് ഡോ. ശ്രീകുമാറിനോടു് കടപ്പാടു്.

[27] Robert Sewel, A Forgotten Empire, Vijayanagar.

[28] Cited in Fritz and Michell.

ടി. ആർ. വേണുഗോപാലൻ
images/venu.png

തൃശ്ശൂർ ജില്ലയിലെ പെരിഞ്ചേരി സ്വദേശി. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും പ്രൊഫ. എം. ജി. എസ്സ്. അദ്ധ്യക്ഷനായിരുന്ന കോഴിക്കോടു് സർവ്വകലാശാല ചരിത്രവിഭാഗത്തിൽ നിന്നു ബിരുദാനന്തര ബിരുദവും. 1975 മുതൽ ചരിത്രാദ്ധ്യാപകൻ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിനിലകളിൽ വിവിധ സർക്കാർ കലാലയങ്ങളിൽ പ്രവർത്തിച്ചു. 2007-ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ നിന്നു് പ്രിൻസിപ്പലായി വിരമിച്ചു.

പ്രസിദ്ധീകരണങ്ങൾ
  1. ദേശചരിത്രം
  2. സമ്പത്തും അധികാരവും
Edited works
  1. History and Theory
  2. State and Society in Pre-modern South India (edited jointly with R. Champakalakshmi and Kesavan Veluthat)

കൂടാതെ സമാഹരിക്കാത്ത കുറച്ചു ലേഖനങ്ങളും.

Colophon

Title: Hampi Anubhavam (ml: ഹമ്പി അനുഭവം).

Author(s): T. R. Venugopalan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-22.

Deafult language: ml, Malayalam.

Keywords: Experience note, T. R. Venugopalan, Hampi Anubhavam, ടി. ആർ. വേണുഗോപാലൻ, ഹമ്പി അനുഭവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hazara Rama pillar, Hampi„ a photograph by T. R. Venugopalan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.