images/Album_Cover_with_Shiva.jpg
Sculpture, Shiva as the Destroyer of the Three Cities of the Demons (Tripurantaka), Sandalwood with silver fittings, a photograph by N. Sivappa .
ആമുഖം
വിനയ ചൈതന്യ

“ആദ്യരുടെ അറുപതുവചനത്തിനു്

ദണ്ണായകരുടെ ഇരുപതുവചനം!

ദണ്ണായകരുടെ ഇരുപതുവചനത്തിനു്

പ്രഭുദേവരുടെ പത്തുവചനം!

പ്രഭുദേവരുടെ പത്തുവചനത്തിനു്

അജഗണ്ണന്റെ അഞ്ചുവചനം!

അജഗണ്ണന്റെ അഞ്ചുവചനത്തിനു്

കൂടലചന്നസംഗയ്യനിൽ

മഹാദേവിയക്കഗളുടെ ഒരു വചനം നിർവ്വചനം,

കാണൂ സിദ്ധരാമയ്യാ”…

അക്കന്റെ സമകാലീനനും, പ്രസിദ്ധവചനകാരനുമായ ചന്നബസവണ്ണന്റെ ഒരു വചനമാണു് മുകളിൽ ഉദ്ധരിച്ചിട്ടുള്ളതു്. അക്കന്റെ വചനങ്ങളെ മറ്റു വചനകാരന്മാർ എങ്ങനെ കണ്ടുവെന്നതിനു് നല്ലൊരുദാഹരണമാണു് ഈ വചനം. ഇതിൽ പരാമർശിക്കപ്പെടുന്ന വചനകാരന്മാർ കന്നഡത്തിൽ സുപ്രസിദ്ധരാണു്. ‘ആദ്യർ’ എന്നറിയപ്പെടുന്ന ‘ആദയ്യ’യാണു് ആദ്യവചനകാരനായി അറിയപ്പെടുന്നതു്. ‘എനിക്കു തോന്നിയ പോലെ ഞാൻ പാടും’ എന്നു സധൈര്യം പറയുകമാത്രമല്ല, മനുഷ്യമനസ്സിന്റെ ഉയരങ്ങളും ആഴങ്ങളും സാമൂഹിക ഉച്ചനീചത്വങ്ങൾക്കു് അതീതമായി എല്ലാവർക്കും പ്രാപ്യമാണെന്നും ആദ്ധ്യാത്മികതത്വങ്ങൾ പ്രതിപാദിക്കുന്നതിനു് സംസ്കൃതംപോലെ നാട്ടുഭാഷകളും തികച്ചും പര്യാപ്തങ്ങളാണെന്നും തെളിയിക്കുകവഴി, യാഥാസ്ഥിതികത്വത്തോടുള്ള വെല്ലുവിളിയായിട്ടാണു് പത്താംനൂറ്റാണ്ടിൽ വചനങ്ങളുടെ ആവിർഭാവം കന്നഡയിലുണ്ടായതു്. എല്ലാവരും ശിവന്റെ മക്കളാണെന്നും സോദരങ്ങൾക്കിടയിൽ അസമത്വങ്ങളില്ലെന്നും ഈ സത്യം എല്ലാ വീര്യത്തോടുംകൂടി അനുഷ്ഠിക്കേണ്ടതാണെന്നും ഈ ശിവശരണർ വിശ്വസിച്ചു. ഇവരിൽ പ്രമുഖരായിരുന്നു വീരശൈവമതസ്ഥാപകനായി ഗണിക്കപ്പെടുന്ന ശ്രീബസവേശ്വരൻ, അദ്ദേഹത്തിന്റെ ഗുരുവായി കരുതപ്പെടുന്ന അല്ലമപ്രഭു, തന്റെ നിഷ്ഠയിൽ എല്ലാവരേയും അതിശയിച്ച അജഗയ്യ തുടങ്ങി മേലുദ്ധരിച്ച വചനത്തിൽ പറയുന്ന ശരണർ.

പത്തുമുതൽ പതിനാലാം നൂറ്റാണ്ടുവരെ കർണ്ണാടകത്തിൽ വലിയൊരു മാറ്റം വരുത്താൻ വീരശൈവപ്രസ്ഥാനത്തിനു കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവണ്ണനെ സ്ഥാപകനായി കരുതുന്നുവെങ്കിലും പുരാതനമാണു് ഈ മാർഗ്ഗമെന്നും, ജനതയുടെ ആദിബോധത്തിൽ ഉറങ്ങുന്ന ‘ശിവജ്ഞാന’ത്തെ തൊട്ടുണർത്തുക മാത്രമേ തങ്ങൾ ചെയ്യുന്നുള്ളുവെന്നും ഇവർ പറയുന്നു. തമിഴ്‌നാട്ടിലെ നയിനാർമാരെ പുരാതനരെന്നു വിളിക്കുന്ന ഇവർ ഭാരതത്തിൽ പണ്ടുമുതൽ നിലനിന്നിരുന്ന ശൈവപാരമ്പര്യത്തെത്തന്നെ പുനരുദ്ധരിക്കയാണു ചെയ്തതു്. ‘ദേഹം തന്നെ ദേവാലയം’, ‘കർമ്മം തന്നെ കൈലാസം’ തുടങ്ങിയ വചനങ്ങൾ ആദ്യനോട്ടത്തിൽ തികച്ചും ലളിതമെന്നു തോന്നാമെങ്കിലും അവ പൗരോഹിത്യമേൽക്കോയ്മയുടെ വിഗ്രഹാരാധന, തൊഴിലനുസരിച്ചുള്ള ജാതിശ്രേണീകരണം, തുടങ്ങിയ ജഡിലതകൾക്കെതിരേ ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നതു് ശ്രദ്ധേയമാണു്. ബ്രാഹ്മണ്യത്തിന്റെ അത്തരം യാഥാസ്ഥിതികത്വത്തിനു മറുവശമായെന്നോണം സാമ്പ്രദായികമായതിനെയെല്ലാം നിഷേധിക്കുന്ന ജൈനപാരമ്പര്യവും അന്നത്തെ കർണ്ണാടകത്തിൽ പ്രബലമായിരുന്നു. ഇസ്ലാംമതവും അതു വാഗ്ദാനംചെയ്ത സാമൂഹിക സമത്വവും അതേകാലത്തു് ജനങ്ങളെ ആകർഷിച്ചു തുടങ്ങിയിരുന്നു. ഇതിനെത്തടയാൻ ശ്രമിച്ച നവോത്ഥാനമായിരുന്നു ‘ഭക്തിപ്രസ്ഥാന’മെന്നു്, വീരശൈവപ്രസ്ഥാനത്തെയും അതിന്റെ ഭാഗമായാണു് കാണേണ്ടതെന്നു്, അഭിപ്രായപ്പെടുന്നവരുണ്ടു്. എന്നാൽ ആയിരക്കണക്കിനു് ‘ശരണരും’ ജാതി-മത ഭാഷാ ലിംഗഭേദങ്ങളില്ലാതെ തികഞ്ഞ സാമൂഹിക (രാഷ്ട്രീയ) ബോധത്തോടെ ഒരുമിച്ചുജീവിച്ചിരുന്ന, ആഴമറ്റ ജ്ഞാനസംവാദങ്ങളും മറ്റും എത്രയും സജീവമായിരുന്ന ‘അനുഭവ മണ്ഡപ’ത്തിന്റെ മൂല്യമാനങ്ങൾ ‘ഭക്തിപ്രസ്ഥാന’മെന്ന അക്കാദമിക് സംവർഗത്തിനു് (category) ഉൾക്കൊള്ളാവതല്ല.

കാശ്മീരം മുതൽ കേരളം വരെയുള്ളിടങ്ങളിൽനിന്നുവന്ന ‘ശരണരി’ൽ പലരുടെയും വചനങ്ങൾ നാമമാത്രമായെങ്കിലും അവശേഷിക്കുന്നുണ്ടു്. കേരളത്തിൽനിന്നുവന്ന ‘ഗുഗ്ഗവ്വ’യുടെ (കുക്കൃമ്മ?) പേരു് ഇവിടെ സ്മരണീയമാണു്. ‘ധൂപകായകദ ഗുഗ്ഗവ്വ’യുടേതെന്നറിയപ്പെടുന്ന (ധൂപം പുകയ്ക്കൽ തൊഴിലാക്കിയ ഗുഗ്ഗവ്വ) നാലഞ്ചുവചനങ്ങളുണ്ടു്. ‘ശൂന്യസമ്പാദനെ’ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളിലാണു് വചനകാരരായ പലരുടെയും പേരുകൾ പറയുന്നതു്; എങ്കിലും അവരുടെയെല്ലാം വചനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. ഓലഗ്രന്ഥങ്ങൾ സൂക്ഷിക്കാനുള്ള പ്രയാസവും (ചിതലിനു പ്രസിദ്ധമാണു് കർണ്ണാടകം) കാലത്തിന്റെ മഹത്വവും ഇതിനു കാരണമായിരിക്കാം. ഏതായാലും അക്കമഹാദേവിയുടേതായി ഏതാണ്ടു് നാനൂറ്റിഇരുപതു വചനങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടു്. ലഭ്യമായ എല്ലാ വചനസംഗ്രഹങ്ങളും താളിയോലകളും പരിശോധിച്ചു്, താരതമ്യങ്ങളും പഠനങ്ങളും നടത്തി വചനസാഹിത്യമണ്ഡലത്തിൽ തന്റെ ചിരമുദ്ര പതിപ്പിച്ച പ്രൊഫ. (ഡോ.) എൽ. ബസവരാജു സംശോധനം ചെയ്തു്, ഗീതാ ബുക്ക് ഹൗസ് (മൈസൂർ) പ്രകാശിപ്പിച്ചിട്ടുള്ള അക്കന്റെ വചനങ്ങൾ (അക്കന വചനഗളു) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളവയാണു് ഞാൻ ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന വചനങ്ങൾ. ഇവയിൽ ഇരുന്നൂറ്റിമൂന്നു് വചനങ്ങൾ ഈ ലേഖകൻ പരിഭാഷ ചെയ്തതു് Songs For Siva എന്ന പേരിൽ Yale University Press പ്രസിദ്ധീകരിച്ചിട്ടുണ്ടു്. (എന്റെ അറിവിൽപ്പെട്ടിടത്തോളം) കന്നഡത്തിൽനിന്നു് നേരിട്ടു് മലയാളത്തിലേക്കു് ഇതാദ്യമായാണു് അക്കന്റെ വചനങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നതു്. (ശ്രീ. ഡി. വിനയ ചന്ദ്രനും, ശ്രീ. എം. രാമയുമടങ്ങിയവർ ചേർന്നു ചെയ്തതും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതുമായ വചനങ്ങളെ വിസ്മരിക്കുന്നില്ല). ശ്രീ. എ. കെ. രാമാനുജൻ വിവർത്തനം ചെയ്തു് ‘പെൻഗ്വിൻ’ പുറത്തിറക്കിയ Speaking of Siva-യിലൂടെയാണു് ആധുനികർ വചനങ്ങളെ അധികമായി അറിയാൻ തുടങ്ങിയതു്. ഇതിൽ അക്കന്റെ അമ്പതു വചനങ്ങളും അല്ലമ പ്രഭു, ബസവണ്ണൻ, ഭാസിമയ്യ എന്നിവരുടെ തിരഞ്ഞെടുത്ത വചനങ്ങളുമാണുള്ളതു്. നിത്യൻ (ഗുരു നിത്യചൈതന്യയതി) ഇതിൽനിന്നുള്ള പല ശ്ലോകങ്ങളും മലയാളത്തിലാക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അവ നിത്യനുമൊത്തു് മൂലവുമായി ചേർത്തുവച്ചു പഠിക്കുമ്പോഴാണു് കന്നഡയിൽനിന്നു നേരിട്ടൊരു വിവർത്തനം നന്നായിരിക്കുമെന്ന പൊതുവഭിപ്രായമുണ്ടായതു്. ഇരുപതു വർഷത്തിലധികമായി ഈ ശ്രമം തുടങ്ങിയിട്ടെന്നും ഇപ്പോഴെങ്കിലും ഇതു വെളിച്ചം കാണുന്നതിൽ വളരെ സന്തോഷവും ആശ്വാസവും ഉണ്ടെന്നും പറഞ്ഞുകൊണ്ടു് അക്കന്റെ ജീവചരിത്രത്തിലേക്കു് കുറഞ്ഞൊന്നു പ്രവേശിക്കാൻ ശ്രമിക്കാം.

ചന്നമല്ലികാർജ്ജുനനെന്ന ശിവനോടു് അക്കമഹാദേവിക്കുള്ള പാരസ്പര്യത്തിന്റെ തീവ്രതയാലാകണം, അക്കയെ ശ്രീപാർവ്വതിയുടെ അവതാരംതന്നെയായാണു് വീരശൈവർ കാണുന്നതു്, അതുകൊണ്ടു തന്നെ ചരിത്രവസ്തുതകളും തീയതികളും അപ്രസക്തമാകുന്നു. എന്നാൽ, അക്ക വിവാഹംചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന കൗശികൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകത്തിലെ ‘ശിവമൊഗ’ ജില്ലയിലുണ്ടായിരുന്ന ഒരു ജൈനനാടുവാഴിയായിരുന്നുവെന്നതിനു രേഖകളുണ്ടു്. അതിസുന്ദരിയായ മഹാദേവിയെക്കണ്ടു മോഹിച്ചു കൗശികരാജാവു് വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ശൈവപാരമ്പര്യം പിന്തുടenumerateർന്നിരുന്ന അവളുടെ മാതാപിതാക്കൾ വിസമ്മതിച്ചെന്നും എന്നാൽ അവരെ രാജകോപത്തിൽനിന്നും രക്ഷിക്കാനായി അക്ക വിവാഹത്തിനു സമ്മതിച്ചെന്നും വിശ്വസിക്കപ്പെടുന്നു. ബാല്യം മുതൽക്കുതന്നെ ശിവനെ സ്വയംവരിച്ചിരുന്ന മഹാദേവി മൂന്നു നിബന്ധനകളോടെയാണു് കൗശികനു വിവാഹസമ്മതം കൊടുത്തതു്.

ഒന്നു്, താൻ സ്വന്തം ഇച്ഛപോലെ ശിവധ്യാനത്തിലേർപ്പെടും; രണ്ടു്, സ്വന്തം ഇച്ഛപോലെ ശിവശരണരുമൊത്തു സമയം കഴിക്കും; മൂന്നു്, സ്വന്തം ഇച്ഛപോലെ ഗുരുസേവയിൽ ഏർപ്പെടും. തന്റെ ഈ മൂന്നു നിബന്ധനകൾ കൗശികരാജാവു് ലംഘിക്കാത്തിടത്തോളം താൻ അദ്ദേഹത്തിന്റെ കൂടെ കഴിയും; അവ തെറ്റിച്ചാൽ സ്വതന്ത്രയായി ജീവിക്കും. മഹാദേവിയുടെ ആ ഉടമ്പടി രാജാവു് അംഗീകരിച്ചു. അവ വളരെ പ്രയാസപ്പെട്ടുതന്നെ പാലിച്ചുപോരവേ ഒരിക്കൽ, ഭിക്ഷാംദേഹിയായ ഒരു ജംഗമൻ (ശൈവഭിക്ഷു) കൊട്ടാരത്തിൽ വന്നു. മഹാദേവി അപ്പോൾ വിശ്രമിക്കയായിരുന്നതിനാൽ ഉണർത്തേണ്ടതില്ലെന്നു രാജാവു് ഭൃത്യരോടു പറഞ്ഞതു് അവർ അനുസരിച്ചെങ്കിലും ഉണർന്നുവന്ന മഹാദേവി ഇനി രണ്ടു കരാറുകളേ ശേഷിക്കുന്നുള്ളുവെന്നു രാജാവിനോടു പറഞ്ഞു.

കുറച്ചുനാൾ കഴിഞ്ഞു്, ധ്യാനത്തിൽ മുഴുകിയിരുന്ന മഹാദേവിയെക്കണ്ടു് ആസക്തനായി രാജാവു് അവളെ കയറിപ്പുണർന്നപ്പോൾ, ഇനിയും ഒരു കരാർ മാത്രമേ തനിക്കും സ്വാതന്ത്ര്യത്തിനുമിടയിൽ ഉള്ളൂവെന്നു് മഹാദേവി കൗശികനെ ഓർമ്മിപ്പിച്ചു. മറ്റൊരിക്കൽ, കൗശികനുമൊത്തു് മഹാദേവി കിടപ്പറയിലായിരിക്കുമ്പോൾ അവളുടെ ദീക്ഷാഗുരു കൊട്ടാരത്തിലേക്കു വന്നു. ഗുരു വന്നതറിഞ്ഞു് സ്വീകരിക്കാൻ ഓടിച്ചെന്ന മഹാദേവിയോടു ഗുരു, ‘പോയി വസ്ത്രം ധരിച്ചിട്ടു വരൂ മകളെ’ എന്നു പറഞ്ഞതനുസരിച്ചു് ദേവി കിടപ്പറയിലേക്കു് മടങ്ങിയെങ്കിലും കുപിതനായ രാജാവു്, ‘മഹാശരണയായ നിനക്കു് ഉടുതുണിയെന്തിനു്’, എന്നുചോദിച്ചു് വസ്ത്രം കൊടുക്കാൻ വിസമ്മതിച്ചു. അപ്പോൾ മഹാദേവി മൂന്നു നിബന്ധനകളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി താൻ പൂർണ്ണസ്വതന്ത്രയാണെന്നും രാജാവിനോടു പറഞ്ഞിട്ടു് കൊട്ടാരം വിട്ടിറങ്ങിയെന്നു പറയപ്പെടുന്നു.

ഒരു യുവതിക്കു് നഗ്നയായി തെരുവിലിറങ്ങി നടക്കുകയെന്നതു് അചിന്ത്യമായിരിക്കുന്ന ഇക്കാലത്തു്, എട്ടുനൂറ്റാണ്ടു് മുമ്പു് അങ്ങനെ ചെയ്യാൻ ഒരുമ്പെട്ട മഹാദേവി വളരെ പ്രസക്തമായ ചില സമസ്യകൾ നമുക്കുമുന്നിൽ ഉയർത്തുന്നുണ്ടു്. എന്തുകൊണ്ടാണു് ശരീരം നമുക്കു ലജ്ജാവഹമായിത്തീർന്നിരിക്കുന്നതു്? ആദവും ഹവ്വയും നന്മ-തിന്മകളുടെ കനി പറിച്ചുതിന്നുന്നതോടെ അത്തിയിലകൾകൊണ്ടു് സ്വയം മറയ്ക്കാൻ മാത്രം നാണിച്ചുപോകുന്നതു് എന്താണു്? അതുമുതൽ ഇങ്ങോട്ടു് എന്തെല്ലാംതരം ‘നാണങ്ങൾ’ നമുക്കു മറച്ചുവെയ്ക്കേണ്ടി വരുന്നു? കൊട്ടാരം വിട്ടിറങ്ങി നടക്കുന്ന അക്കമഹാദേവി പൂക്കളോടും കിളികളോടും തുമ്പികളോടുമെല്ലാം തന്റെ ചന്നമല്ലികാർജ്ജുനൻ എവിടെയാണെന്നു് അന്വേഷിക്കുന്നുണ്ടു്. അക്കയുടെ ആ അന്വേഷണം അവസാനിക്കുന്നതു് ഉള്ളതെല്ലാം തന്റെ പതിതന്നെയാണെന്ന തിരിച്ചറിവിലാണു്. അങ്ങനെ, എല്ലാ ശരീരവും ശിവന്റെയാണെന്ന നഗ്നസത്യത്തെ അറിയുന്ന അക്കയ്ക്കു് ആ ശരീരത്തിൽ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ലെന്നു് സുവ്യക്തമാണു്. ശിവന്റെ ഉള്ളിലായവളാണു് താനെന്നു് അക്കതന്നെ ഒരിടത്തു് പറയുന്നുണ്ടു്. ഇവിടെ, താനായിരിക്കുന്ന ഉണ്മയുടെ പൂർണ്ണതയെ, വിശ്വവ്യാപകതയെ, അറിയുന്നതാണു് ഭയങ്ങളിൽനിന്നെല്ലാം അക്കയെ മോചിപ്പിക്കുന്നതു്. ഇതിനുവിരുദ്ധമായി തന്റെ സ്വത്വത്തെ നന്മ-തിന്മകളുടെ സാപേക്ഷികതയിലൂടെ, ഉള്ളതിൽനിന്നെല്ലാം അന്യവൽക്കരിച്ചു്, കാണുന്ന അശ്ലീലത്തിൽനിന്നാണു് ഭയങ്ങളും നാണങ്ങളുമെല്ലാം ഉടലെടുക്കുന്നതു്. ദൈവരാജ്യത്തിൽ (ഏദൻ തോട്ടത്തിൽ) തങ്ങളെന്നു പ്രവേശിക്കുമെന്നു ചോദിക്കുന്ന ശിഷ്യരോടു് യേശു, ‘നിങ്ങൾ എന്നു ശിശുക്കളെപ്പോലെ ഉടുതുണികൾ ഉരിഞ്ഞു കളഞ്ഞിട്ടു്, അവയുടെ മേൽ നൃത്തം ചവിട്ടുമോ, അന്നു നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കും’ എന്നാണു് മറുപടി പറയുന്നതു് (തോമസിന്റെ സുവിശേഷം, വചനം: 37).

ജൈനരിലെ തീവ്ര ആദ്ധ്യാത്മികപാരമ്പര്യമുള്ള ‘ദിഗംബരരും’ അക്കയ്ക്കു പ്രചോദനം നൽകിയിരിക്കാം. കൊട്ടാരത്തിൽനിന്നും അനുഭവമണ്ഡപത്തിലേയ്ക്കാണു് മഹാദേവി പോകുന്നതു്. വചനങ്ങളുടെ വിപ്ലവം ജ്വലിച്ചുനിന്ന കാലമായിരുന്നു അന്നു്. ബസവാദി ശരണരുടെ പ്രശസ്തിയും അതിന്റെ മൂർദ്ധന്യത്തിലായിരുന്നു. ഇതൊക്കെ മഹാദേവിയെ അങ്ങോട്ടാകർഷിച്ചിരിക്കണം. അവിടെയെത്തിയപ്പോൾ അദ്ധ്യക്ഷസ്ഥാനത്തിരുന്ന ഗുരു അല്ലമപ്രഭു, മഹാദേവിയോടു് കർക്കശമായ ചോദ്യങ്ങൾ ചോദിക്കുന്നു: ‘നിന്റെ ഭർത്താവാരു്?’ എന്നായിരുന്നു ആദ്യചോദ്യം. ‘ശിവനേ, നീയെന്റെ പതിയാകണമെന്നു് അനന്തകാലം തപിച്ചവൾ ഞാൻ…’ എന്ന സുപ്രസിദ്ധ വചനമായിരുന്നു ഉത്തരം. ‘ദേഹാഭിമാനം ഇല്ലാത്തവളെങ്കിൽ എന്തിനു മുടികൊണ്ടു ശരീരം മറയ്ക്കുന്നു’വെന്നതായിരുന്നു പ്രഭുദേവരുടെ അടുത്ത ചോദ്യം. ‘നെഞ്ചിൽ കാമദേവന്റെ മുദ്രയുള്ളതു് കണ്ടു് നിങ്ങൾക്കു് മനക്ഷോഭം ഉണ്ടായെങ്കിലോ എന്ന ശങ്കയാലാണു് താൻ മാറുമറച്ചതെന്നും, ചന്നമല്ലികാർജ്ജുനന്റെ ഉള്ളിലായവളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും മറുപടി പറഞ്ഞ മഹാദേവിയെ അല്ലമപ്രഭു തന്റെ ജേഷ്ഠസഹോദരിയായി ഗണിക്കുകയും ‘അക്ക’ എന്നു വിളിക്കുകയും ചെയ്തു. അങ്ങിനെയാണു് മഹാദേവി ‘അക്കമഹാദേവി’യായതു്. ബസവണ്ണനാകട്ടെ ‘എന്നെ പെറ്റ അമ്മ’ എന്നുപറഞ്ഞു് മഹാദേവിയുടെ സാക്ഷാത്കാരത്തിന്റെ ഔന്നത്യം അംഗീകരിക്കുകയാണു്. അക്കയ്ക്ക്, അല്ലമ്മപ്രഭുവിനോടും ബസവണ്ണനോടുമുള്ള പാരസ്പര്യവും അക്കയുടെ വചനങ്ങളിൽ പലയിടത്തും കാണാവുന്നതാണു്.

അക്കന്റെ ‘ചന്നമല്ലികാർജ്ജുനൻ’ എന്ന പദം ശ്രദ്ധിക്കേണ്ടതുണ്ടു്. ‘ചന്ന’ എന്നാൽ ‘ചന്തമുള്ള’, ‘പ്രിയപ്പെട്ട’ എന്നൊക്കെയാണു് അർത്ഥം. ‘മല്ലിക’ മുല്ലപ്പൂവാണല്ലോ, ‘അർജ്ജുനൻ’ എന്നാൽ ‘വെളുത്തവൻ’ എന്നും. ശിവനിൽനിന്നു് ‘പാശുപതാസ്ത്രം’ നേടുവാൻ തപസ്സുചെയ്ത അർജ്ജുനന്റെ യോഗ്യത പരീക്ഷിക്കാൻ ‘കിരാത’രായി ശിവപാർവ്വതിമാർ പ്രത്യക്ഷപ്പെട്ടെന്നും അർജ്ജുനനും ശിവനുമായി മത്സരിച്ചുനടന്ന ശരവർഷത്തിൽ ദേവി ഇടപെടുകയും, അർജ്ജുനനെയ്ത അമ്പുകൾ മുല്ലപ്പൂക്കളായി ശിവനെ മൂടുകയാൽ ശിവൻ മുല്ലപ്പുപോലെ വെളുത്തെന്നും അങ്ങനെ ചന്നമല്ലികാർജ്ജുനനായെന്നുമാണു് ഐതിഹ്യം. ഏതായാലും ഇക്കഥയിലടങ്ങിയിരിക്കുന്ന സ്ത്രീത്വത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണു്, സ്നേഹത്തിന്റെ ശക്തി, അന്യതയുടേയും മത്സരത്തിന്റെയും കൂരമ്പുകളെ എത്രയും തരളമായ മുല്ലപ്പൂക്കളാക്കുന്നു.

‘കവിത’ എന്നു നാം വിവക്ഷിക്കാറുള്ള ഒരർത്ഥവും ‘വചന’ത്തിനില്ല. ‘വാക്കു കൊടുക്കുക’ എന്ന അർത്ഥമാണുള്ളതു്; ‘വചനഭ്രഷ്ടത്വം’ എങ്ങനെയും ഒഴിവാക്കേണ്ടതുമാണു്. വൃത്തം, ഛന്ദസ്സ്, എന്നൊന്നും കെട്ടിയൊതുക്കാനാവാത്തപോലെയായിരുന്നു വചനത്തിന്റെ തിരതള്ളൽ. പ്രഥമവചനകാരനായി അറിയപ്പെടുന്നതു് പത്താം നൂറ്റാണ്ടുകാരനായ ദാസിമയ്യയാണു്. പകുതിയെങ്കിലും വചനങ്ങൾ ചോദ്യങ്ങൾക്കോ സന്ദർഭങ്ങൾക്കോ ഉള്ള പ്രതികരണങ്ങളാണു്. ഇവയധികവും ‘ശൂന്യസമ്പാദനെ’ എന്നറിയപ്പെടുന്ന ഗ്രന്ഥാവലികളിലുൾപ്പെടുന്നവയാണു്. വിവർത്തനങ്ങളിൽ മാത്രമല്ല, മൂലത്തിലും അർത്ഥം ഗ്രഹിക്കാൻ പ്രയാസമുള്ള പല വചനങ്ങളുമുണ്ടു് ഇക്കൂട്ടത്തിൽ. ഉദാഹരണത്തിനു് ‘രണ്ടിനും വിട്ട കിടാവിനെപ്പോലെ’ എന്നുള്ള വചനം. അതിനെക്കുറിച്ചു് കന്നഡപണ്ഡിതരോടു പലരോടും ചോദിച്ചെങ്കിലും ആർക്കും അസന്ദിഗ്ദ്ധമായി ഒരുത്തരവും പറയാനില്ല. എന്നാൽ ഏതകിട്ടിൽനിന്നു് മുലകുടിക്കണം എന്നു ശങ്കിച്ചു നിൽക്കുന്ന ഒരു പശുക്കുട്ടിയെ സങ്കൽപ്പിക്കുമ്പോൾ നമുക്കു് ഉഭയങ്ങൾക്കിടയിൽപ്പെട്ടു കുഴയുന്ന സ്വന്തം മനസ്സിന്റെ അവസ്ഥതന്നെ ഓർമ്മവരുന്നു.

വചനങ്ങൾ മലയാളത്തിലാക്കുന്നതിൽ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതു് രണ്ടുഭാഷകളുടെ സാമ്യം മൂലമാണു്. കന്നഡയും മലയാളവും തമ്മിൽ വ്യത്യസ്ഥതകളെക്കാൾ സമാനതകളാണുള്ളതു്. ചില സന്ദിഗ്ദ്ധതകൾ അടിക്കുറിപ്പുകളായി കൊടുത്തിട്ടുണ്ടു്. മൂലവചനങ്ങളിലെ ഭാഷയെ കഴിവതും അങ്ങനെ തന്നെ മലയാളത്തിലാക്കാനുള്ള ശ്രമമാണു് വായനാനുഭവത്തെ ബാധിക്കാനിടയുള്ള മറ്റൊരു കാര്യം. ‘ഗണ്ട’ എന്ന കന്നഡപദം ഭർത്താവു് എന്നർത്ഥമുള്ളതാണു്. കണ്ടൻ എന്നതാണു് തത്തുല്യമായ മലയാള പദം. ഗണ്ടൻ വരുന്ന ഓരോ വചനവും ‘കണ്ട’നായി എന്നെ പ്രലോഭിപ്പിച്ചെങ്കിലും ‘ഭർത്താവു്’ എന്നുതന്നെയാണു് ഈ കൃതിയിൽ വിവർത്തനം ചെയ്തിട്ടുള്ളതു്. ‘വേശ്യ’ എന്നർത്ഥമുള്ള ‘സൂളെ’യാണു് സമാനമായ മറ്റൊരു പദം. ‘ചൂല’ (വേശ്യ) എന്നു് മലയാളം നിഘണ്ടുവിലുണ്ടെങ്കിലും ‘വേശ്യ’ എന്നുതന്നെ ഒത്തുതീർപ്പാക്കുകയായിരുന്നു ഒടുവിൽ. ‘അംഗം-ലിംഗം’, ‘ഭക്തൻ-ഭവി’ തുടങ്ങിയ ദ്വന്ദങ്ങളെ കഴിവതും അക്ക ഉപയോഗിച്ചരീതിയിൽത്തന്നെ മലയാളത്തിലാക്കിയിട്ടുണ്ടു്. ‘ലിംഗാംഗസാമരസ്യം’ (ലിംഗവും അംഗവും ഒരേ രസമുള്ളതാകൽ) ആണു് സാധനയുടെ ലക്ഷ്യം.

ഗുരു-ലിംഗം-ജംഗമൻ എന്ന വാക്കുകൾ പലവുരു വചനങ്ങളിൽ കാണാവുന്നതാണു്. ‘വീരശൈവ’ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം തന്നെ ആയിരിക്കുന്ന ഈ വാക്കുകളെ കുറഞ്ഞൊന്നു മനസ്സിലാക്കുന്നതു് നന്നായിരിക്കും. ‘ഗുരു’ എന്നാൽ ‘ഇരുട്ടിനെ ഇല്ലാതാക്കുന്നതു്’ എന്നാണർത്ഥം. അറിവുവെളിച്ചം ശിഷ്യരിൽ സഹജമായുള്ളതാണു്, ജീവിതത്തിലെ വ്യാവഹാരികതകളുണ്ടാക്കുന്ന ആശയക്കുഴപ്പത്തെ-ഇരുട്ടിനെ അകറ്റുകയേ ഗുരു ചെയ്യുന്നുള്ളൂ. സോക്രട്ടീസ്, ഗുരുവിനെ ഒരു വയറ്റാട്ടിയോടാണു് ഉപമിക്കുന്നതു്. സ്വാർത്ഥചിന്തയേതുമില്ലാത്ത, ത്യാഗിയായ, ഗുരുവിനു് ശിഷ്യനെ പൂർണ്ണബോധത്തിലേയ്ക്കു നയിക്കുകയെന്നല്ലാതെ മറ്റൊരുദ്ദേശവുമില്ല. ഗുരുവിന്റെ അനുജ്ഞയില്ലാത്ത ഒരു ജ്ഞാനവും സുനിശ്ചിതമല്ല. സാധകന്റെ (ശിഷ്യയുടെ) മനകല്പിതമായ വിഭ്രാന്തികളിൽനിന്നും മോഹങ്ങളിൽനിന്നും ഇതയാളെ രക്ഷിക്കുന്നു. ഗുരു, ജ്ഞാനത്തിന്റെ, ‘രഹസ്യ’ങ്ങളിലേക്കു് ശിഷ്യനെ ‘ദീക്ഷി’തനാക്കുന്നു. ആ രഹസ്യങ്ങൾ ആരും ഒളിച്ചുവെക്കുന്നുവെന്നല്ല, എല്ലാവരും തിരിച്ചറിയുകയോ കാണുകയോ ചെയ്യാത്തതുകൊണ്ടു മാത്രം ‘രഹസ്യ’ങ്ങളായിരിക്കുന്നവയാണു്.

വീരശൈവദീക്ഷയിൽ ഗുരു ശിഷ്യനു് ഒരു ‘ലിംഗം’ നൽകുന്നു. ‘ലിംഗ’മെന്നാൽ ‘അടയാളം’. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രതീകമാണു് ശിവലിംഗം. സ്ത്രീപുരുഷരുടെ നിത്യമായ ഒരുമയുടെ പ്രതീകമായ ‘ലിംഗ’ത്തിനു് പല മാനങ്ങളുമുണ്ടു്. പലപ്പോഴും അതൊരു ജ്യോതിർലിംഗമാണു്. ബൈബിളിലെ പഴയ നിയമത്തിൽ കല്ലു തലയിണയാക്കി ഉറങ്ങിയ ‘യാക്കോബ്’ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തിൽ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഒരു ‘ഗോവണി’യാണു് യാക്കോബ് കാണുന്നതു്. ഉറക്കമുണർന്ന യാക്കോബ്, കല്ലു നിവർത്തിവച്ചു്, അതിനെ എണ്ണകൊണ്ടു് ‘അഭിഷേകം’ ചെയ്യുന്നു (ഇന്നും ശിവഭക്തർ ചെയ്യുന്നതുപോലെതന്നെ) ഭൂമിയെയും സ്വർഗ്ഗത്തെയും കൂട്ടിയിണക്കുന്ന, അന്നം മുതൽ ആനന്ദം വരെ നീളുന്ന ഒരു മൂല്യവ്യസ്ഥയെയാണിതു് അടയാളപ്പെടുത്തുന്നതു്. ഗുരു നൽകുന്ന ലിംഗരൂപം ജീവിതതത്വങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന അറിവിന്റെ പ്രതീകമാണു്. ആരും ജന്മനാ വീരശൈവരാകുന്നില്ല. ഗുരുവിനാൽ ദീക്ഷിതനായാലേ ‘വീരശൈവ’നാകുകയുള്ളു.

‘ജംഗമ’നെന്നാൽ ‘വന്നുംപോയും’ ഇരിക്കുന്നവൻ തത്വത്തിൽ ‘സ്ഥാവര’ത്തിന്റെ മറുവശമാണു്. ‘ലിംഗം’ സ്ഥാവരമെങ്കിൽ, മുക്തനായി ചരിക്കുന്ന ദീക്ഷിതൻ ‘ജംഗമ’നാണു്. ‘വാക്കും അർത്ഥവും’ ഒരുമിക്കുന്നതു് ‘ജംഗമ’നിലാണു്. അതിനാൽത്തന്നെ ‘ജംഗമൻ’ പൂജനീയനാണു്. ‘വഴിപോക്ക’രായിത്തീരാൻ യേശുവും ശിഷ്യരെ ഉപദേശിക്കുന്നുണ്ടു്.

കർണ്ണാടകത്തിലെ ഗ്രാമങ്ങളിൽ വസിക്കുമ്പോൾ ‘വാമൊഴി’യായിത്തന്നെയാണു് ഞാൻ ആദ്യമായി ‘വചനങ്ങൾ’ കേട്ടതു്. ഇന്നും വചനങ്ങളും കീർത്തനങ്ങളും പാടി അലയുന്ന ധാരാളം ‘സാധുക്കൾ’ കർണ്ണാടകത്തിലെ ഗ്രാമങ്ങളിലുണ്ടു്. ഇവരിൽ ‘നിരക്ഷര’രായവർക്കുൾപ്പെടെ നൂറുകണക്കിനു് പാട്ടുകൾ ഹൃദിസ്ഥമാണു്. ഈ പാട്ടുകൾ കേൾക്കുമ്പോൾ അവയുടെ വഴികൾ പലപ്പോഴും തെളിഞ്ഞും മറഞ്ഞും എന്റെ ഉള്ളിലും മുഴങ്ങുന്നതായി എനിക്കു് അനുഭവപ്പെട്ടതിനാലാണു് ഞാൻ ഈ വിവർത്തനത്തിനു് മുതിർന്നതു്.

ഇത്രയും ആമുഖമായിപ്പറഞ്ഞുകൊണ്ടു്, പ്രിയ വായനക്കാരേ, അക്കമഹാദേവിയെ ഞാൻ നിങ്ങളുടെ കൈയിലേൽപ്പിക്കുന്നു…

വിനയചൈതന്യ

1.

നിലത്തിൻ മറയിലെ നിധിപോലെ,

ഫലത്തിൻ മറയിലെ രുചിപോലെ,

ശിലയിൻ മറയിലെ പൊന്നുപോലെ,

തിലത്തിൻ മറയിലെ തൈലം പോലെ,

മരത്തിൻ മറയിലെ തീ പോലെ,

ഭാവത്തിൻ മറയിൽ ബ്രഹ്മമായിരിക്കും

ചന്നമല്ലികാർജുനന്റെ നില ആർക്കുമറിയില്ല.

2.

എന്നെ ഞാനറിയാതിരുന്നപ്പോൾ

എവിടിരുന്നു നീ, ചൊല്ലയ്യാ.

പൊന്നിനുള്ളിലെ നിറം പോലെ

എന്നുള്ളിലിരുന്നയ്യാ.

എന്നുള്ളിലിരുന്നിട്ടും ഇല്ലാത്ത ഭേദം ഞാൻ

നിന്നിൽ കണ്ടു, കണ്ടില്ലേ, ചന്നമല്ലികാർജുനാ?

3.

പാലിനു നെയ്യെ വിഴുങ്ങി വേറാകാനാകുമോ?

സൂര്യകാന്തസ്ഫടികത്തിൻ അഗ്നിയെ

ആർക്കു ഭേദിക്കാനാകും?

അപാരമഹിമൻ ചന്നമല്ലികാർജുനാ.

നീ എന്നുള്ളിലടങ്ങിയിരിക്കും വഴി

വേറില്ലാതെ കണ്ടു കൺതുറന്നേൻ.

4.

നാരകം, ചെറുനാരകം, മാവു മാതളത്തിനു

പുളിനീരൊഴിച്ചവർ ആരയ്യാ?

കരിമ്പു വാഴ പ്ലാവു നാളികേരത്തിനു

മധുരനീരൊഴിച്ചവർ ആരയ്യാ?

കഴമ വരകു നെല്ലരികൾക്കു

പോഷകത്തിന്നുദകം ഒഴിച്ചവർ ആരയ്യാ?

മരുവകം മല്ലിക കർപ്പൂരത്തുളസിക്കു

പരിമള ഉദകമൊഴിച്ചവർ ആരയ്യാ?

ഇന്നീ ജലവും ഒന്നു്, നിലവും ഒന്നു്,

ആകാശവും ഒന്നു്-

ജലത്തിൽ പലദ്രവ്യങ്ങളും കൂടി

തന്റെ വിധം വേറായിരിക്കും പടി

എന്റെ ദേവൻ ചന്നമല്ലികാർജുനയ്യൻ

പല ജഗങ്ങളെയും കൂടിയിരുന്നാലെന്തു?

തന്റെ വിധം വേറെ.

5.

കായത്തെ നിഴലായി ബാധിച്ചു മായ,

പ്രാണനെ മനമായി ബാധിച്ചു മായ,

മനത്തെ നിനവായി ബാധിച്ചു മായ,

നിനവിനെ അറിവായി ബാധിച്ചു മായ,

അറിവിനെ മറവായി ബാധിച്ചു മായ,

ജഗത്തിൻ കൂട്ടങ്ങളെ ചെങ്കോലെടുത്തു

ബാധിച്ചു മായ,

ചന്നമല്ലികാർജുനയ്യാ, നീ വിരിച്ച മായയെ

ആരും വെല്ലില്ല.

6.

ഹരിയെ വിഴുങ്ങി മായ, അജനെ വിഴുങ്ങി മായ,

ഇന്ദ്രനെ വിഴുങ്ങി മായ, ചന്ദ്രനെ വിഴുങ്ങി മായ,

അറിയാമെന്ന വമ്പന്മാരെ വിഴുങ്ങി മായ,

അറിയില്ലെന്ന അജ്ഞാനികളെ വിഴുങ്ങി മായ,

ഈരേഴു ഭുവനങ്ങളെയും ആവരണം ചെയ്തു മായ,

ചന്നമല്ലികാർജുനയ്യാ,

എന്റെ മായയെ മാറ്റൂ, കരുണയിൽ.

7.

വിട്ടേനെന്നാലും വിടില്ലീമായ,

വിടാതിരുന്നാൽ പുറത്തേറുമീ മായ,

യോഗിക്കു യോഗിനിയായി ഈ മായ,

ശ്രമണനു ശ്രമണിയായി ഈ മായ,

യതിയ്ക്കു സ്തുതിപാഠിയായി ഈ മായ,

നിന്റെ മായയ്ക്കു ഞാൻ അഞ്ചുന്നോളല്ല,

ചന്നമല്ലികാർജുനാ, നിന്നാണെ.

8.

അല്ലെന്നാൽ അതെയെന്നു് ഈ മായ,

വേണ്ടെന്നാലും വിടില്ല ഈ മായ,

എനിയ്ക്കിതു വിധിയോ!

ഒത്തു് അടി പണിഞ്ഞാൽ[1] പിന്നെ വേറുണ്ടോ?

കാക്കയ്യാ, ശിവധോ!

9.

എന്റെ മായയുടെ മദത്തെ മുറിക്കയ്യാ,

എന്റെ കായത്തിൻ കലപിലയെ കെടുത്തയ്യാ,

എന്റെ ജീവന്റെ ചാഞ്ചാട്ടം മാറ്റയ്യാ,

എന്റെ ദേവൻ ചന്നമല്ലികാർജുനയ്യാ,

എന്നെ ചുറ്റിയ പ്രപഞ്ചത്തെ വിടീയ്ക്കൂ,

നിന്റെ ധർമ്മം.[2]

10.

കണ്ടേനെന്നാൽ ദൃഷ്ടി മറയാകും,

കൂടിയേനെന്നാൽ ഭാവം മറയാകും

അറിഞ്ഞേനെന്നാൽ മറവു മറയാകും

നിന്റെ മായയെ മറികടക്കൽ എന്നാലാമോ?

കാക്കയ്യാ, ചന്നമല്ലികാർജുനാ.

11.

എന്റെ കായം മണ്ണു്, ജീവൻ വെളി,[3]

ഏതിനെ പിടിയ്ക്കുമയ്യാ, ദേവാ!

നിന്നെ എവ്വിധം നിനയ്ക്കുമയ്യാ?

എന്റെ മായയെ മാറ്റയ്യാ, ചന്നമല്ലികാർജുനാ.

12.

പിന്നിൽ തോടു്, മുന്നിൽ പുഴ-

പോകേണ്ട വഴിയെങ്ങു, ചൊല്ലൂ.

പിന്നിൽ ചിറ, മുന്നിലെ വല-

എളുപ്പമിതിലേതു നീ ചൊല്ലൂ.

നീയിട്ട മായ കൊന്നുകൊണ്ടിരിക്കുന്നു,

കാക്കയ്യാ, കാക്കയ്യാ, ചന്നമല്ലികാർജുനാ.

13.

ഉള്ളതൊരു തനു, ഉള്ളതൊരു മനം,

ഞാനിനി ഏതു മനസ്സിൽ ധ്യാനിയ്ക്കണമയ്യാ?

സംസാരത്തെ ഇനി ഏതു

മനസ്സിൽ തല്ലീനമാക്കുമയ്യാ?

അയ്യയ്യോ, കെട്ടു, ഞാൻ കെട്ടു!

സംസാരത്തിനല്ല, പരമാർത്ഥത്തിനല്ല,

രണ്ടിനും വിട്ട കിടാവിനെപ്പോലെ![4]

വില്വവും വിളാപ്പഴവും[5] ഒരുമിച്ചു പിടിയ്ക്കാമോ,

ചന്നമല്ലികാർജുനാ?

14.

പഞ്ചേന്ദ്രിയങ്ങൾ, സപ്തധാതുക്കൾ,

അഷ്ടമദങ്ങൾ-

കൊന്നു കൊലവിളിച്ചല്ലോ!

ഹരിബ്രഹ്മരുടെ പെരുമ മുറിച്ചു

കൊന്നുകൊലവിളിച്ചല്ലോ!

മഹാ ഋഷിമാരുടെ തപസ്സുകെടുത്തി കൊന്നു കൊലവിളിച്ചല്ലോ!

ചന്നമല്ലികാർജുനനേ ശരണമെന്നു

നമ്പി ആശ്രയിച്ചാൽ[6]

അഞ്ചി നിന്നുവല്ലോ!

15.

എരുമയെ്ക്കാരു ചിന്ത,

തോല്പണിക്കാരനു് ഒരു ചിന്ത,

എനിക്കെന്റെ ചിന്ത,

തനിക്കു തന്റെ കാമത്തിന്റെ ചിന്ത.

ഇല്ല, വേണ്ട, ചേല വിടൂ മഠയാ,

എനിക്കു് ചന്നമല്ലികാർജുന ദേവൻ

ഇണങ്ങുമോ ഇണങ്ങില്ലയോ എന്ന ചിന്ത.

16.

കല്ലും ചുമന്നു കടലിൽ മുങ്ങിയാൽ

ഇടരുകൾ തീരുമോ, അമ്മാ?

ഉണ്ടിട്ടും വിശക്കുന്നെന്നാൽ കഷ്ടം തന്നെ!

കണ്ട കണ്ടിടത്തെല്ലാം മനം വെന്താൽ

കാന്തൻ ചന്നമല്ലികാർജുനൻ

എങ്ങനെ ഇണങ്ങുമയ്യാ?

17.

അയ്യാ, നിന്നെ തൊട്ടിട്ടും

തൊടുന്നില്ലെന്റെ മനം, കണ്ടോ,

അഴിഞ്ഞു കുഴഞ്ഞിതെന്റെ മനം,

പട്ടണവാതിലിലെ ചുങ്കക്കാരനെപ്പോലെ

എരിപിരി കൊണ്ടെന്റെ മനം,

രണ്ടെന്നതു മറന്നു് ഒഴിയുന്നില്ലെന്റെ മനം,

നീ ഞാനാകും വഴിയേതു ചൊല്ലൂ, ചന്നമല്ലികാർജുനാ.

18.

എപ്പോഴും എന്റെ മനം ഉദരത്തിലേക്കൊഴുകുന്നു,

കാണാനാകുന്നില്ലയ്യാ, നിന്റെ മുഖം,

ഭേദിയ്ക്കാനറിയില്ലയ്യാ, നിന്റെ മായയെ;

മായയുടെ സംസാരത്തിൽ പെട്ടിരിക്കുന്നേൻ,

എന്റെ ദേവൻ ചന്നമല്ലികാർജുനയ്യാ,

നിന്നെ പൊതിയും പോലാക്കൂ എന്നെ,

നിന്റെ കരുണയാൽ.

19.

മനം തന്റെ സാക്ഷിയെക്കണ്ടു് അനുഭവിയ്ക്കാൻ

നിജസ്മൃതിയാൽ[7] ആകുമെന്നല്ലാതെ

അതു പ്രമാണത്തിൽ അടങ്ങുമോ?

എടീ തള്ളേ, നീ മഠയി തന്നെ.

എന്റെ ദേവൻ ചന്നമല്ലികാർജുനനു് ഇണങ്ങി

സ്വയം വിറ്റുപോയവൾ ഞാൻ,

നിന്റെ തായത്തമൊന്നും വേണ്ട, പോടീ.

20.

ഊരു നടുവിലൊരു വേട്ടയിര വീണിരുന്നു-

ആരു കണ്ടവരുണ്ടു്, കാണിക്കയ്യാ.

ഊരിലറിയിക്കും, പുരവാതിലിൽ വയ്ക്കും ഞാൻ,

അറിയിക്കും ഞാനെന്റെ വേട്ടയിതു്,

അറിഞ്ഞു് അറിയാതൊരു വേട്ടയാടി ഞാൻ,

അറിയിച്ചു തരൂ, ചന്നമല്ലികാർജുനാ.

21.

കല്ലിന്നകത്തുപോയാൽ കല്ലായി വരുന്നു,

ഗിരിയിൽ ഒളിച്ചാൽ ഗിരിയായി വരുന്നു,

പാഴു സംസാരമേ, മുതുകിൽ നിന്നു മുതുകേറി വന്നേ,

ചന്നമല്ലികാർജുനയ്യാ, ഇനിയെന്തു്, ഇനിയെന്തു?

22.

വെന്ത സംസാരം വിടാതെ പീഡിപ്പിക്കുന്നയ്യാ,

എന്തെന്തു് ചെയ്യുമേൻ അയ്യാ?

അന്നന്നത്തെ സന്താപത്തിനു് എന്തു്, എന്തു് അയ്യാ?

വെന്ത ഉടലുചുമക്കാൻ ഞാനില്ല,

ചന്നമല്ലികാർജുനയ്യാ,

കൊല്ലൂ, കാക്കൂ, അതു് നിന്റെ ധർമ്മം.

23.

സംസാരമെന്ന പകയാണയ്യാ എന്റെ തന്ത,

എന്റെ വംശക്കാർ എങ്ങും വിടാതെ

തെരക്കി വരുന്നുണ്ടയ്യാ,

എന്നെ തെരഞ്ഞുതെരഞ്ഞു്

പിടിച്ചുകൊല്ലുന്നയ്യാ,

നിന്നെ ഞാൻ അടിപണിഞ്ഞാൽ കാക്കയ്യാ,

എന്റെയീ സങ്കടം അറിയൂ, ചന്നമല്ലികാർജുനാ.

24.

തനുവിന്റെ സത്ത്വത്തെ തടുത്തു,

മനസ്സിൻ വിരക്തിയെ കെടുത്തി,

ഘനത്തെ[8] കാണാൻ വിടാത്ത ദുഃഖം,

വലുവമ്പന്മാരെയും അടിമുടി ബാധിച്ചു.

ചന്നമല്ലികാർജുനയ്യാ,

നിന്നെ മൂടുന്ന സംസാരത്തിന്റെ മറശ്ശീല

എന്നെ വരാൻ വിടുന്നില്ലയ്യാ.

25.

ഞാൻ പിറന്നപ്പോൾ സംസാരം പിറന്നു,

സംസാരം പിറന്നപ്പോൾ അജ്ഞാനം പിറന്നു,

അജ്ഞാനം പിറന്നപ്പോൾ ആശ പിറന്നു,

ആശ പിറന്നപ്പോൾ കോപം പിറന്നു,

ആ കോപാഗ്നിയുടെ താമസധൂമം മൂടിയപ്പോൾ

ഞാൻ നിന്നെ മറന്നു് ഭവദുഃഖത്തിനു് ഇരയായി.

നീ കരുണയോടെ എടുത്തെന്റെ മറവി മാറ്റി

നിന്റെ പാദം അറിയിക്കയ്യാ,

ചന്നമല്ലികാർജുനാ.

26.

അടുപ്പിൽ കയറി എരിതീ മറന്നവളെ,

മലയേറി ബഹളം മറന്നവളെ നോക്കൂ,

സംസാരസംബന്ധം നോക്കൂ,

സംസാരസംബന്ധം വരും ജന്മങ്ങളിലും

മുതുകിൽ നിന്നിറങ്ങില്ല.

അരഞ്ഞാണും അരഞ്ഞാണില്ലായ്മയും ഒന്നായവൾ-

എന്നിലെന്തു നോക്കുമയ്യാ, ചന്നമല്ലികാർജുനാ?

27.

അയ്യയ്യോ, സംസാരത്തിൻ

പൊള്ളത്തരം വന്നു് ആടിയല്ലോ!

അപ്പൻ, ബൊപ്പൻ എന്ന വേഷമതു്

ആദ്യമേ വന്നു് ആടി,

നെയ്മിനുക്കിയ മീശയുള്ള വേഷമതു നട്ടനടുവിലാടി,

മുപ്പുമുതുക്കെന്ന വേഷമതു് ഏറ്റവുമൊടുവിലാടി,

നിന്റെ നോട്ടം തീർന്നാൽ ഉടൻ

ജഗന്നാടകവും തീർന്നു,

അല്ലേ, ചന്നമല്ലികാർജുനാ?

28.

എനിക്കെന്തിനയ്യാ ചാവും പ്രപഞ്ചത്തിൻ കളിപ്പാവ?

മായികത്തിൻ മലഭാണ്ഡം, ആതുരത്തിൻ ഭവനിലയം,

കുംഭത്തിൻ വിടവിൽ ജലം പരക്കുന്ന

നിലം എനിക്കെന്തിനയ്യാ?

വിരൽ പഴം ഞെക്കുകയല്ലാതെ ചവയ്ക്കുമോ?

ചിത്തെല്ലാം ജീവൻ, അതൊക്കാത്ത തരമെനിക്കു്.

എന്റെ പിഴകൾ പൊറുത്തുകൊള്ളൂ.

ചന്നമല്ലികാർജുന ദേവദേവൻ

നിങ്ങൾതന്നെ അണ്ണന്മാരേ.

29.

തന്റെ വിനോദത്തിനു താനേ

സൃജിച്ചു സകല ജഗത്തും,

തന്റെ വിനോദത്തിനു താനേ

ചുറ്റിയതിൽ സകല പ്രപഞ്ചവും,

തന്റെ വിനോദത്തിനു താനേ

ചുഴറ്റി അനന്ത ഭവദുഃഖങ്ങളിൽ.

ഇങ്ങനെ എന്റെ ചന്നമല്ലികാർജുനൻ

എന്ന പരമശിവൻ

തന്റെ ജഗദ്വിലാസം മതിയായാൽ പിന്നെ

താനേ അറുക്കും അതിൻ മായാപാശത്തെ.

30.

അരുതാത്ത ഭവങ്ങളിൽ വന്നേനയ്യാ,

ഒടുങ്ങാത്ത താപങ്ങളിൽ നൊന്ത്

നിന്റെ കരുണയുടെ വഴി വന്നേനയ്യാ.

ഇതിനാൽ എന്റെ ദേവൻ ചന്നമല്ലികാർജുനനു്

തനു ഇണങ്ങി, മനം വിറ്റു.

മറ്റൊന്നില്ലാത്ത തീവ്രസ്നേഹത്തിനു്

ഇനി തരമെങ്ങ്, ചൊല്ലൂ, തന്തേ.

31.

പിറക്കാത്ത യോനികളിൽ ജനിപ്പിച്ചു്,

അരുതാത്ത ഭവങ്ങളിൽ വരുത്തി,

ഉണ്ണാത്ത ഊണും ഊട്ടി, വിധിക്കുള്ളിൽപ്പെടുത്തുന്നോൻ, കേൾക്കണ്ണാ.

തന്റെയോരെന്നാൽ പൊറുക്കുന്നോനോ?

അടുത്തിരുന്ന ഭൃംഗിയുടെ തോലു വലിച്ചുരിച്ചവൻ

വേറാരെ അറിയാൻ?

ഇതറിഞ്ഞു് വിടാതിരി, വിടാതിരി;

ചന്നമല്ലികാർജുനൻ ഇത്തരം വഞ്ചകനമ്മാ.

32.

പട്ടുനൂൽപ്പുഴു തന്റെ സ്നേഹത്താൽ വീടുകെട്ടി

തന്റെ നൂലു തന്നെയേ ചുറ്റി ചാവുമ്പോലെ,

മനം വന്നതൊക്കെ ആശിച്ചു

ഞാൻ വെന്തുരുകുന്നയ്യാ.

എന്റെ മനസ്സിൻ ദുരാശയെ മാറ്റി

നിന്നോടു ചേർക്കൂ, ചന്നമല്ലികാർജുനാ.

33.

അമേദ്യത്തിന്റെ മൺകുടം, മൂത്രത്തിന്റെ മൊന്ത,

എല്ലിന്റെ പനമ്പു്, പഴുപ്പിന്റെ നാറ്റം-

ചുടട്ടെ ഈ ദേഹത്തെ;

ഉടൽ പിടിച്ചു തുലയല്ലേ

ചന്നമല്ലികാർജുനനെ അറിയാത്ത മഠയാ.

34.

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല-

എൺപത്തിനാലു ലക്ഷം

യോനികളിൽ വന്നേൻ വന്നേ.

വരരുതാത്ത ഭവങ്ങളിൽ വന്നു വന്നു്

ഉണ്ടു ഞാൻ സുഖാസുഖങ്ങളെ.

പിന്നിലെ ജന്മം താനെന്തും ആയ്ക്കൊള്ളട്ടെ

മുന്നെ നീ കരുണ ചെയ്യൂ,

ചന്നമല്ലികാർജുനാ.

35.

കെടാതിരി, കെടാതിരി, മൃഡനടി പിടിയെടോ,

ദൃഢമല്ല നോക്കുകീ നിന്നുടലു്,

ദൃഢമല്ല നോക്കെടോ സംസാരസുഖവും;

ചന്നമല്ലികാർജുനൻ എഴുതിയ അക്ഷരം

തുടച്ചുമാറ്റുമ്മുമ്പു് തെരുതെരെ ശിവനു ശരണമാകൂ.

36.

പുഴുപോലെ വലഞ്ഞു പുളഞ്ഞു്

മണൽപോലെ തിരിഞ്ഞു പിരിഞ്ഞു്,

കിനാവിലും കലങ്ങി ഞാൻ വിരണ്ടേ.

ആവിയിലെന്നപോലെ പുഴുങ്ങിവെന്തേൻ;

ആപത്തിൽ സഖികളാരും ഇല്ലെനിക്കു തുണയായി.

പരതി കാണാത്ത തനുവും

ചേർന്നു് അകലാത്ത സുഖവും

എനിക്കു നീ അരുളണേ, ചന്നമല്ലികാർജുനാ.

37.

കേൾക്കെന്റെ യാചന, ലാളിക്കെന്റെ യാചന.

പാലിക്കെന്റെ യാചന;

എന്തേ എൻമുറവിളി നീ കേൾക്കാത്തൂ, തന്തേ?

നീയല്ലാതെ മറ്റില്ല, മറ്റില്ല.

നീയേ എനിക്കു ഗതി, നീയേ എനിക്കു മതി, അയ്യാ,

ചന്നമല്ലികാർജുനാ.

38.

കൂട്ടം തെറ്റി പിടിപെട്ട കുഞ്ജരം

തന്റെ വിന്ധ്യനെ നിനയ്ക്കുമ്പോലെ

നിനയ്ക്കുന്നേനയ്യാ.

ബന്ധനത്തിലായ കിളി

തന്റെ ബന്ധുവെ നിനയ്ക്കുമ്പോലെ

നിനയ്ക്കുന്നേനയ്യാ.

മകനേ, നീ ഇങ്ങുവാ എന്നു്

നീ നിന്റെ നില കാട്ടയ്യാ

ചന്നമല്ലികാർജുനാ.

39.

ലോകത്തിൻ ചേഷ്ടക്കു് രവി ബീജമായതുപോലെ

കരണങ്ങളുടെ ചേഷ്ടക്കു മനസ്സേ ബീജം.

എനിക്കുള്ളതൊരു മനം-

ആ മനം നിന്നിൽ കുരുങ്ങിയാൽ പിന്നെ

എനിക്കു ഭവം ഉണ്ടോ,

ചന്നമല്ലികാർജുനാ.

40.

സംസാരസംഗത്തിലായിരുന്നു ഞാൻ, നോക്കൂ;

സംസാരം നിസ്സാരമെന്നു

കാട്ടിത്തന്നെനിക്കു് ശ്രീഗുരു.

അംഗവികാരത്തിൻ സംഗത്തെ നിറുത്തി

ലിംഗത്തെ അംഗത്തിന്മേൽ സ്ഥാപിച്ചു എന്റെ ഗുരു,

കഴിഞ്ഞ ജന്മം തുടച്ചുമായ്ച്ചു്

മുന്നോട്ടു വഴികാട്ടി എന്റെ തന്ത,

ചന്നമല്ലികാർജുനന്റെ നിജത്തെ

കാട്ടിത്തന്നെന്റെ ഗുരു.

41.

പൃഥ്വി പൃഥ്വിയോടു കൂടുന്നതിൻ മുമ്പു്,

വെള്ളം വെള്ളത്തോടു കൂടുന്നതിൻ മുമ്പു്,

തേജസ്സു് തേജസ്സോടു കൂടുന്നതിൻ മുമ്പു്,

വായു വായുവിനോടു കൂടുന്നതിൻ മുമ്പു്,

ആകാശം ആകാശത്തോടു കൂടുന്നതിൻ മുമ്പു്

പഞ്ചേന്ദ്രിയങ്ങളെല്ലാം പിഞ്ചിപ്പറിയുമ്മുമ്പ്

ചന്നമല്ലികാർജുനനു ശരണം ചൊല്ലു്.

42.

അകമേ ശോധിച്ചു്, പുറമേ ശുദ്ധിചെയ്തു്,

അകം പുറമെന്ന ഉഭയശങ്ക കളഞ്ഞു്,

സ്ഫടികത്തിൻ ശലാകപോലെ തെളുതെളെ വിളക്കി,

സുക്ഷേത്രമറിഞ്ഞു വിത്തുവിതയ്ക്കുമ്പോലെ-

ശിഷ്യന്റെ സർവ്വപ്രപഞ്ചവും നിവർത്തിച്ചു്

നിജോപദേശം അരുളി

ആ ശിഷ്യനു് നിജപഥം കാട്ടുവോൻ ജ്ഞാനഗുരു.

ആ സഹജഗുരുവേ ജഗദാരാദ്ധ്യൻ;

അവന്റെ ശ്രീപാദത്തിനു നമോനമോ എന്നേൻ

കണ്ടോ, ചന്നമല്ലികാർജുനാ.

43.

സദ്ഗുരുസ്വാമി ശിഷ്യനു്

അനുഗ്രഹം അരുളിയാൽ,

ശിഷ്യന്റെ മസ്തകത്തിന്മേൽ തന്റെ ശ്രീഹസ്തമിട്ടാൽ,

ലോഹത്തിന്മേൽ ചിന്താമണി വീണപോലായി അയ്യാ.

ചേരുന്ന ശ്രീവിഭൂതിയാൽ നെറ്റിയിൽ

പട്ടം കെട്ടിയാൽ

മുക്തിരാജ്യത്തിനു് ഉടയോനായി പട്ടം കെട്ടിയയ്യാ.

സദ്യോജാത വാമദേവ അഘോര

തത്പുരുഷ ഈശാനമെന്ന

പഞ്ചകലശത്തിൽനിന്നു് അഭിഷേകം ചെയ്താൽ

ശിവന്റെ കരുണാമൃതം

മാരികോരിച്ചൊരിഞ്ഞപോലായി;

നിരന്ന ശിവഗണങ്ങൾക്കു നടുവിൽ

മഹാലിംഗം കരതലാമലകമായി

ശിഷ്യന്റെ കരസ്ഥലത്തു് ഇരുത്തി,

അംഗത്തിൽ പ്രതിഷ്ഠിച്ചു്,

പ്രണവ പഞ്ചാക്ഷരി ഉപദേശം

ചെവിയിലോതി, കങ്കണം കെട്ടിയാൽ

കായമേ കൈലാസമായി,

പ്രാണനേ പഞ്ചബ്രഹ്മമയലിംഗമായി.

ഇങ്ങനെ മുമ്പുകാട്ടി, പിമ്പു വിടീച്ച

ശ്രീഗുരുവിൻ സാന്നിദ്ധ്യത്താൽ

ഞാൻ രക്ഷപെട്ടേനയ്യാ,

ചന്നമല്ലികാർജുനാ.

44.

പണക്കാരൻ പത്തായം തുറക്കുമ്പൊഴേക്കും

പാവങ്ങളുടെ പ്രാണൻ പാറിപ്പോയപോലെ ആയി.

നീ അവഹേളിച്ചു പരീക്ഷിച്ചു നോക്കി കഴിയുംവരെ

എനിക്കിതു വിധിയോ, ചൊല്ലൂ തന്തേ!

മൂന്നും ആറും വരെ-

എരുമ കാറ്റിൽ പറന്നപോലായി.

എനിക്കു നീ എങ്ങനെ കരുണചെയ്യുമയ്യാ,

ചന്നമല്ലികാർജുനാ?

45.

നീരക്ഷീരം പോലെ നീയിരിക്കയാൽ

ഏതു മുമ്പു്, ഏതു പിമ്പു് എന്നറിയില്ല,

ആരു കർത്താവു്, ആരു ഭൃത്യൻ എന്നറിയില്ല,

ഏതു ഘനം, ഏതു ചെറുതു് എന്നറിയില്ല.

ചന്നമല്ലികാർജുനയ്യാ,

നീ ഇണങ്ങി കൊണ്ടാടിയാൽ

എറുമ്പു രുദ്രനാകില്ലേ, ചൊല്ലയ്യാ!

46.

തെരഞ്ഞു തണൽ തേടിയാൽ കാക്കുന്ന ഗുരുവേ,

ജയ ജയ ഗുരുവേ,

ആരും അറിയാതെ വെളിയിൽ

വെറുവെളിയായ് നിന്ന നിലയെ

എടുത്തെന്റെ കൈയിൽ കാട്ടിയ ഗുരുവേ,

ചന്നമല്ലികാർജുനദേവാ, ഗുരുവേ,

ജയ ജയ ഗുരുവേ.

47.

ശിവ ശിവാ, ശ്രീഗുരുലിംഗയ്യദേവൻ തന്റെ

കരസ്ഥലം തന്നു് എന്റെ ശിരസ്ഥലത്തിന്മേൽ

ഇരുത്തിയ മേലെ, എന്റെ ഭവം നാസ്തിയായി,

എന്നെ തന്നെപ്പോലാക്കി,

തന്നെ എന്നെപ്പോലാക്കി;

എന്നിലും തന്നിലും ഇടയില്ലാത്ത മനം കാട്ടി,

തന്റെ കരസ്ഥലത്തിരുന്ന ശിവലിംഗദേവനെ

എന്റെ കരസ്ഥലത്തു മൂർത്തികൊള്ളിച്ചു;

എന്റെ കരസ്ഥലത്തിരുന്ന ശിവലിംഗദേവനെ

എന്റെ തനുവിന്മേൽ മൂർത്തികൊള്ളിച്ചു.

എന്റെ തനുവിന്മേലിരുന്ന ശിവലിംഗദേവനെ

എന്റെ മനമെന്ന മണ്ഡപത്തിനുള്ളിൽ

മൂർത്തികൊള്ളിച്ചു.

എന്റെ മനോമണ്ഡപത്തിലിരുന്ന ശിവലിംഗദേവനെ

എന്റെ ജ്ഞാനമെന്ന മണ്ഡപത്തിൽ

മൂർത്തികൊള്ളിച്ചു.

എന്റെ ജ്ഞാനമെന്ന മണ്ഡപത്തിനുള്ളിലെ ശിവലിംഗദേവനെ

മഹാഘനത്തിൽ മൂർത്തികൊള്ളിച്ചു.

കരിമ്പിന്റെ തനിരസം എടുത്തു് ചണ്ടി വിടുമ്പോലെ-

മനത്തിന്മേൽ ശിവലിംഗദേവൻ ഇരിക്കുമ്പോൾ

തനുവിന്മേലിരുന്ന ശിവലിംഗദേവൻ പോയെന്നു്

ആത്മഘാതകം ചെയ്യും

ബ്രഹ്മാദിശൂന്യക്കാരെ നോക്കയ്യാ,

ചന്നമല്ലികാർജുനാ.

48.

നിത്യത എന്റെ വീട്ടിലേക്കു നടന്നുവന്നു ഇന്നു്.

മുക്തി എന്റെ വീട്ടിലേക്കു നടന്നു വന്നു ഇന്നു്.

ജയ ജയ, ഹരഹരാ, ശങ്കര ശങ്കരാ,

ഗുരുവേ നമോ, പരമഗുരുവേ നമോ,

ചന്നമല്ലികാർജുനനെ കാട്ടിത്തന്ന ഗുരുവേ,

നമോ നമോ.

49.

വറ്റിവരണ്ട ചിറയിൽ പുഴ വന്നുചേർന്നപോലായി,

വാടിയ ചെടിയ്ക്കു മഴ ചൊരിഞ്ഞപോലായി,

ഇന്നെനിക്കു്.

ഇഹത്തിൻ സുഖവും പരത്തിൻ ഗതിയും ചേർന്നു

നടന്നു വന്നപോലായി, നോക്കൂ, എനിക്കിന്നു്.

ചന്നമല്ലികാർജുനയ്യാ,

ഗുരുപാദം കണ്ടു് ധന്യയായി അയ്യാ.

50.

ഗുരുതന്നെ കാരണവരായി

ലിംഗമേ മണവാളനായി

ഞാൻതന്നെ മണവാട്ടിയായി,

ഈ ഭുവനമെല്ലാം അറിയട്ടെ-

അസംഖ്യാതരെനിക്കു തായ്തന്തമാർ,

സാദൃശ്യം നിറഞ്ഞ വരനെ നോക്കി

എന്നെ കൊടുത്തു, അവർ.

ഇതു കാരണം, ചന്നമല്ലികാർജുനനേ

കാന്തൻ എനിക്കു്;

ബാക്കി ലോകരുമായി എനിക്കു

സംബന്ധമില്ലയ്യാ, പ്രഭുവേ.

51.

മരതകത്തിൻ നിലക്കെട്ടു്,

കനകത്തിൻ തോരണം,

വജ്രത്തിൻ തൂണുകൾ, പവിഴത്തിൻ പന്തൽ,

മുത്തു മാണിക്യത്തിൻ മേൽക്കട്ടി കെട്ടി

കെട്ടിച്ചുവിട്ടു അവർ, എന്റെയോരെന്നെ

കെട്ടിച്ചു വിട്ടെടോ!

കങ്കണം കൈനൂലു സ്ഥിരതിലകവുമിട്ടു്

ചന്നമല്ലികാർജുനൻ എന്ന കെട്ടിയോനു്

എന്നെ കെട്ടിച്ചുവിട്ടെടോ.

52.

ഗുരുപാദതീർത്ഥം തന്നെയെനിക്കു മംഗളസ്നാനം,

വിഭൂതിയേ കാന്തിയേറ്റും മഞ്ഞൾ എനിക്കു്,

ദിഗംബരം തന്നെ ദിവ്യാംബരം,

ശിവഭക്തരുടെ പാദരേണു താൻ അനുലേപനം,

രുദ്രാക്ഷമേ ഉടുപ്പെനിക്കു്,

ശരണരുടെ പാദരക്ഷകൾ എന്റെ

ശിരസ്സിനു് അലങ്കാര ചീർപ്പുകൾ.

ചന്നമല്ലികാർജുനന്റെ മണവാട്ടിക്കു്

ഇനി വേറെ അലങ്കാരമെന്തിനു്,

ചൊല്ലൂ, അമ്മമാരേ!

53.

ഹരനേ നീയെന്റെ കാന്തനാകണമെന്നു്

അനന്തകാലം തപിച്ചിരുന്നേൻ, കാണൂ.

മണിയറയുടെ കാര്യം പറയാൻ തുടങ്ങുമ്പോൾ

ശശിധരന്നടുത്തേക്കു് അയച്ചവർ എന്റവർ.

ഭസ്മവും പൂശി, കങ്കണവും കെട്ടിച്ചവർ-

ചന്നമല്ലികാർജുനൻ തനിക്കു

ഞാൻ തന്നെ വേണമെന്നു്.

54.

ജലത്തിൻ മണ്ഡപത്തിന്മേൽ

എരിതീയിൻ പന്തലിട്ടു്

ആലിപ്പഴമെത്തവിരിച്ചു്, പട്ടവും കെട്ടി

കാലില്ലാത്ത പെണ്ണിനെ തലയില്ലാത്ത

ചെക്കൻ വന്നു

കല്യാണം ചെയ്തു.

എന്നെന്നും വിടാത്ത വാഴ്‌വിനു കൊടുത്തെന്നെ,

ചന്നമല്ലികാർജുനൻ എന്ന കാന്തൻ

എന്നെ കല്യാണം കഴിച്ചമ്മാ.

55.

ഗുരുകരുണകൊണ്ടു് ലിംഗം കണ്ടേ,

ജംഗമനെ കണ്ടേ,

ഗുരുകരുണകൊണ്ടു് പാദോദകം കണ്ടേ,

പ്രസാദം കണ്ടേ,

ഗുരുവിന്റെ കരുണയാൽ സജ്ജനസദ്ഭക്തരുടെ

സദ്സഭ കണ്ടേ,

ചന്നമല്ലികാർജുനയ്യാ,

ഞാൻ പിറന്നപ്പോൾത്തന്നെ ശ്രീഗുരു

വിഭൂതിയിൽ പട്ടം കെട്ടി

ലിംഗസ്വായതം ചെയ്തവളായി, ധന്യയായി ഞാൻ.

56.

നരജന്മം തുടച്ചു ഹരജന്മമാക്കിയ ഗുരുവേ, നമോ.

ഭവബന്ധനം വിടീച്ചു് പരമസുഖം

കാട്ടിയ ഗുരുവേ, നമോ.

ഭവിയുടെ ബന്ധം പിരിച്ചു് ഭക്തയെന്നു

വിളിപ്പിച്ച ഗുരുവേ, നമോ.

ചന്നമല്ലികാർജുനനെ കൊണ്ടുവന്നു് എന്റെ

കൈവശം തന്ന ഗുരുവേ, നമോ.

57.

പാതാളം ഇങ്ങിങ്ങു്, പാദങ്ങൾ അങ്ങങ്ങു്;

ദശദിക്കും ഇങ്ങിങ്ങു്, ദശഭുജങ്ങൾ അങ്ങങ്ങു്;

ബ്രഹ്മാണ്ഡം ഇങ്ങിങ്ങു്, മണിമകുടം അങ്ങങ്ങു്,

ചന്നമല്ലികാർജുനയ്യാ,

നീ എൻകരസ്ഥലത്തു വന്നു ചുരുങ്ങിയല്ലോ, ലിംഗമേ!

58.

മറവി വന്നേക്കുമെന്നു് ഗുരു അടയാളം തന്നു;

അറിവിനു പ്രാണലിംഗം വേറെ, കാണണ്ണാ.

നിർണ്ണയമില്ലാത്ത ഭക്തിയ്ക്കു

വെറുതേ വലയുന്നതെന്തിനു്?

ചന്നമല്ലികാർജുനനെ അറിഞ്ഞു പൂജിച്ചാൽ

തിരിച്ചു ഭവത്തിൽ വരുമോ?

59.

സജ്ജനയായി മജ്ജനം ചെയ്യിക്കാം.

ശാന്തയായി പൂജയും ചെയ്യാം,

സമരതിയോടെ നിന്നെ പാടാം,

ചന്നമല്ലികാർജുനയ്യാ,

നീ അകലാത്ത പൂജ തരമായി എനിക്കു്.

60.

അകക്കൈയ്യിലെ ലിംഗത്തെ പൂജിച്ചു

മംഗളാരതികൾ തിളക്കി

വിളങ്ങിക്കൊണ്ടിരുന്നേനയ്യാ,

കൺകളുടെ നോട്ടം, വാർത്തെടുത്ത ഭാവം,

ഒടുങ്ങാത്ത മോഹം-

തരമില്ലാതിരുന്നേൻ, നോക്കയ്യാ,

ചന്നമല്ലികാർജുനയ്യാ,

നീ അകലാത്ത പൂജ തരമായി എനിക്കു്.

61.

അറിഞ്ഞേൻ എന്നാൽ അറിയാനാവില്ല, കാണൂ,

ഘനത്തിനു ഘനം തന്നെ, നോക്കൂ;

ചന്നമല്ലികാർജുനന്റെ നിർണ്ണയം ഇല്ലാതെ തോറ്റു.

62.

അരിയില്ലാത്ത പതിരിനു് തീർത്ഥം തളിച്ചാൽ

അതു് എന്നേക്കു കതിരിട്ടു വിളയുമയ്യാ?

അറിവില്ലാത്തവർക്കു് ആചാരമിരിക്കിലും

ആശയഴിഞ്ഞു സുഖമെന്നു വന്നുചേരും അയ്യാ?

വിടർന്ന പരിമളം സ്ഥിരമായി നില്ക്കുമോ?

എന്റെ ദേവൻ ചന്നമല്ലികാർജുനനെ

അറിയാത്തോർക്കു്

ആചാരമില്ല, കാണണ്ണാ!

63.

ഹിതമുണ്ടു് സകലലോകത്തിലെ ജനത്തിനും,

മതമുണ്ടു് ശ്രുതി പുരാണാഗമത്തിന്റെ,

ഗതിയുണ്ടു ഭക്തിയുടെ, വെളിച്ചത്തിൻ ഉന്നതിയുണ്ടു്.

ശ്രീവിഭൂതി ധരിച്ചാൽ ഭവം അറും;

ഹരന്റെ സാലോക്യ സാമീപ്യ സാരൂപ്യ

സായുജ്യത്തിലിരുത്തും;

നിരതം ഇതു നമ്പു, നമ്പെടോ, മനുജാ,

ജനനഭീതി ഈ വിഭൂതി!

മരണഭയം കൊണ്ടു് അഗസ്ത്യ കാശ്യപ ജമദഗ്നിമാർ

ധരിച്ചിരുന്നു അന്നിതു, നോക്കൂ!

ശ്രീശൈല ചന്നമല്ലികാർജുനനെ

ഇണക്കുന്ന വിഭൂതി.

64.

ചേരുന്ന ശ്രീവിഭൂതി നെറ്റിയിൽ ധരിച്ചു്

കൺകോണിലൂടെ നിന്നെ നോക്കിയാലുടൻ

മലപോലുള്ള തെറ്റുകളുണ്ടെന്നാലും

അവ തൊടില്ല, നോക്കൂ.

ദുരിത അന്യായം പരിഹരിക്കണമെങ്കിൽ

‘ഓം നമഃശിവായ’ ശരണം എന്നതേ മന്ത്രം.

അതെങ്ങനെയെന്നാൽ:

‘നമഃശിവായേതി മന്ത്രം യഃ കരോതി ത്രിപുണ്ഡ്രകം

സപ്തജന്മകൃതം പാപം തത്ക്ഷണാദേവ നശ്യതി’

എന്നുള്ളതിനാൽ,

സിംഹത്തിൻ കുട്ടിയെ ചെന്നായ് തിന്നെന്നാൽ

ഭംഗം അതാർക്കയ്യാ, ചന്നമല്ലികാർജുനാ?

65.

ഏഴുകോടി മഹാമന്ത്രം,

ഉപമന്ത്രങ്ങൾക്കു കണക്കില്ല.

ചിത്തവ്യാകുലനായി ഭ്രമിക്കാതിരി, എടോ, മനമേ!

ശിവശിവ ശിവശിവാ ശിവശിവാ

ശിവശിവാ ശിവശിവാ നമോ നമോ

ശിവശിവാ ശിവശിവാ ശിവശിവാ

ശിവശിവാ ശിവശിവാ

ശരണം എന്നാൽ പോരേ?

അതെന്തെന്നാൽ ശിവധർമ്മത്തിൽ:

‘ശിവേതി മംഗളം നാമം യസ്യ വാചി പ്രവർത്തതേ

ഭസ്മീ ഭവന്തി തസ്യാശു മഹാപാതക കോടയഃ’

എന്നുള്ളതിനാൽ, എനിക്കിതേ മന്ത്രം,

എനിക്കിതേ തന്ത്രം,

എനിക്കിതേ ഗതി, മതി, ചൈതന്യം അയ്യാ.

സദ്ഗുരു ചന്നമല്ലികാർജുനനെ അറിയിച്ച

ഇതു താനെനിക്കു സഹജമന്ത്രം.

66.

സർപ്പത്തിൻ വായിലെ തവള

ഈച്ച പിടിക്കാൻ കുതിക്കുമ്പോലെ?

ഉദരനിമിത്തപ്പാച്ചിൽ[9] വിടില്ല, നോക്കൂ,

ദേഹം അർപ്പിതമെന്ന നുണ നോക്കൂ,

ഞാൻ ഭക്തയെന്ന നാണക്കേടു നോക്കൂ,

ഞാൻ യുക്തയെന്ന അമേദ്യം നോക്കൂ,

നൈവേദ്യമിനിയില്ല, പ്രസാദം മുമ്പില്ല,

ചന്നമല്ലികാർജുനയ്യാ,

ഉഭയം അടങ്ങുംവരെ.

67.

ഗുണദോഷങ്ങൾ സമ്പാദിക്കുന്നത്രയും

കാമത്തിന്റെ ഉടൽ, ക്രോധത്തിന്റെ അറിവു്,

ലോഭത്തിന്റെ ഉള്ളു്, മോഹത്തിന്റെ മന്ദിരം,

മദത്തിന്റെ ആവരണം, മത്സരത്തിന്റെ പുതപ്പു്?

ആ ഭാവം അറുത്താലല്ലാതെ ചന്നമല്ലികാർജുനനെ

അറിയാൻ തരമില്ല, കാണണ്ണാ.

68.

സത്ക്രിയകളുള്ളിടത്തൊരാശ,

സദ്ഭക്തരുടെ വാക്കുകൾ കേൾക്കുന്നിടത്തു് ഒരാശ,

ശ്രീഗിരിയിലേറി നിന്നെ ചേർന്നാൽ

എന്റെ ആശ അറുമോ, അയ്യാ?

യാതൊരു ആശയുമില്ലാതെ

നിന്നെ നമ്പി വന്നുകെട്ടേനയ്യാ,

ചന്നമല്ലികാർജുനാ.

69.

ക്രിയകൾക്കു തൊടാനാകില്ലല്ലോ,

നിന്നെ എങ്ങനെ പൂജിക്കും?

നാദബിന്ദുക്കൾ തൊടില്ലല്ലോ,

നിന്നെ എങ്ങനെ പാടും?

ദേഹം തൊടുമെന്നാൽ

കാണാനാകാത്ത ഘനം,

നിന്നെ എങ്ങനെ കരസ്ഥലത്തു ധരിക്കാൻ?

ചന്നമല്ലികാർജുനയ്യാ, ഞാൻ എന്തെന്നറിയാതെ

നിന്നെ നോക്കി നോക്കി വിറളിപിടിച്ചേ.

70.

കോലിനറ്റത്തെ കുരങ്ങനെപ്പോലെ,

നൂലിനറ്റത്തെ പാവപോലെ?

ആടിയയ്യാ, നീ ആട്ടിയപോലെ,

ഞാൻ പറഞ്ഞയ്യാ നീ പറയിച്ചപോലെ,

ഞാനിരുന്നയ്യാ, നീയിരുത്തിയപോലെ,

ജഗത്തിൻ യന്ത്രവാഹകൻ

ചന്നമല്ലികാർജുനൻ മതി എന്നവരെയും.

71.

ഭാവം വിരസമായി, മനം മൃത്യുവെ പുണർന്നു;

ഏനെന്തു ചെയ്യുമയ്യാ?

വണ്ടിനെപ്പോലുള്ള മനം തലകീഴായി,

ഏനെന്തു ചെയ്യുമയ്യാ?

വിട്ടു വേറാകാത്ത ഭാവമായി

കലർന്നൊരിക്കൽ നിന്റെ നിത്യസുഖത്തിൽ

എന്നിരിക്കുമയ്യാ, ചന്നമല്ലികാർജുനയ്യാ?

72.

മുണ്ഡിതനെന്നു നമ്പണ്ട, വഞ്ചകൻ ഇവൻ

ജഗത്തിൻ വിജ്ഞാനി;

ബാണമയൂര കാളിദാസ ഓഹില

ഉദ്ഭട മലുഹണർക്കു

കൊടുത്ത വഴി വേറെ,

മുക്തി കാട്ടി ഭക്തിയെ മറയ്ക്കും

ചന്നമല്ലികാർജുനൻ.

73.

വാർത്തെടുത്ത പ്രതിമ അരക്കിൻ

കിളിപ്പാവയെ ഓതിക്കുമ്പോലെ-

ഓതിക്കുന്നതിനു ജീവനില്ല,

കേൾക്കുന്നതിനു് ജ്ഞാനമില്ല,

ചന്നമല്ലികാർജുന ദേവയ്യാ,

നിന്നെ അറിയാത്തോന്റെ ഭക്തി

വാർത്തുവച്ച പ്രതിമ കിളിപ്പാവയെ

ഓതിക്കും പോലെ.

74.

ഊട്ടിയാൽ ഉണ്ണില്ല, കൊടുത്താൽ പ്രസാദിക്കില്ല,

തൊടില്ല, കേൾക്കില്ല, പ്രസാദിക്കയുമില്ല;

ഊട്ടിയാൽ ഉണ്ടു്, കൊടുത്താൽ പ്രസാദിച്ചു്

വേണ്ട വരം തരുന്ന

ജംഗമലിംഗത്തിൻ പാദം പിടിച്ചു രക്ഷപെട്ടേൻ,

അല്ലേ, ചന്നമല്ലികാർജുനാ?

75.

ഒരുമയോടെ ഒത്തവർ കുലഛലം നോക്കുമോ?

മയങ്ങി വീണവർ നാണം അറിയുമോ?

ചന്നമല്ലികാർജുനദേവനു് ഇണങ്ങിയോർ

ലോകാഭിമാനം അറിയുമോ?

76.

ഭൃത്യനായാൽ പിന്നെ പ്രഭുവിനു്

ഉത്തമവസ്തുവേ കൊടുക്കണം,

ഇതേ പ്രഭു ഭൃത്യരുടെ ഭേദം.

ലിംഗഭക്തനായാൽ ജംഗമ

പാദതീർത്ഥ പ്രസാദത്തെ

മജ്ജന ഭോജന നൈവേദ്യങ്ങളാക്കി

പ്രസാദം സ്വീകരിക്കണം.

ഇതേ വർമ്മം, ഇതേ ധർമ്മം,

അല്ലേ, ചന്നമല്ലികാർജുനാ?

77.

ഉപമാതീതരാണു രുദ്രഗണങ്ങൾ,

അവരെനിക്കു ബന്ധുമിത്രങ്ങൾ.

നമ്മുടെ ശ്രീശൈല ചന്നമല്ലികാർജുനൻ

അരുളിയാൽ

തിരിച്ചിതിലേ വരില്ല ഞാൻ, തായേ.

78.

പഞ്ചേന്ദ്രിയത്തിന്റെ ബാധ-

മദം നിറഞ്ഞ യൌവ്വനത്തിൻ ഉടൽ

വൃഥാ പോയല്ലോ!

തുമ്പി പരിമളം നുകർന്നു

നിവരുന്ന തരത്തിൽ

ഇനിയെന്നു് ഉൾക്കൊള്ളുമയ്യാ,

ചന്നമല്ലികാർജുനാ?

79.

ആയുസ്സു പോകുന്നു, ഭാവി തുലയുന്നു,

കൂടിയിരുന്ന സതിസുതർ തനിതനിയെ

പൊഴിഞ്ഞുപോകുന്നു;

വേണ്ട, വേണ്ടെടോ, വന്ധ്യയായി കെടണ്ട,

വൃഥാ, മനമേ,

ചന്നമല്ലികാർജുനന്റെ ശരണരുടെ സംഗത്തിൽ

അടിചേർന്നു വാഴെന്റെ മനമേ.

80.

പകലു നാലുയാമം അശനത്തിനു കുതിപ്പോർ,

ഇരുളു നാലുയാമം വ്യസനത്തിനു കുതിപ്പോർ,

രജകൻ നീരിൽത്തന്നെ ഇരുന്നും

വായ് വറ്റി ചത്തപോലെ-

തനിക്കുള്ളിലിരിക്കും മഹാഘനത്തെ

അറിവവരില്ല, ചന്നമല്ലികാർജുനാ.

81.

നമുക്കു് നമ്മുടെ ലിംഗത്തിന്റെ ചിന്ത,

നമുക്കു് നമ്മുടെ ഭക്തരുടെ ചിന്ത,

നമുക്കു് നമ്മുടെ ആദ്യരുടെ ചിന്ത,

നമുക്കു് നമ്മുടെ ചന്നമല്ലികാർജുനന്റെ ചിന്തയല്ലാതെ

ലോകത്തിൻ വാർത്ത നമുക്കെന്തിനു് അണ്ണാ?

82.

ഭക്തരുടെ വീട്ടുമുറ്റം തന്നെ

വാരണാസി എന്നതു പൊളിയോ?

ഭക്തരുടെ വീട്ടുമുറ്റത്തു്

അഷ്ടാഷഷ്ടി തീർത്ഥങ്ങളും

നിലകൊള്ളുന്നു എന്നതും?

അതെങ്ങനെയെന്നാൽ, അതിനു് ആഗമം സാക്ഷിഃ-

‘കേദാരസ്യോദകേ പീതേ വാരണാസ്യാം മൃതേ സതി,

ശ്രീശൈലശിഖരേ ദൃഷ്ടേ പുനർജന്മം നവിദ്യതേ’

എന്ന ശബ്ദത്തിലും അധികം.

ചുറ്റിവന്നാൽ ശ്രീശൈലം, ഇടവലത്തു കേദാരം,

അതിനും പുറത്തു വാരണാസി.

വിരക്തി വിതയായി, ഭക്തി മുളയായി,

എന്റെ ദേവൻ ചന്നമല്ലികാർജുനയ്യാ,

നിന്റെ ഭക്തരുടെ വീട്ടുമുറ്റം

വാരണാസിയേക്കാൾ കുന്നിക്കുരു അധികം, നോക്കൂ.

83.

അയ്യാ, ഇരുളിനെ കളഞ്ഞുനില്ക്കും

സത്യശരണരുടെ വഴിയെ എന്തു പറയാനയ്യാ!

ഘനത്തെ ഉൾക്കൊണ്ട മനത്തിൻ

മഹാനുഭാവികളുടെ

വഴി പിടിച്ചു കരകേറുമയ്യാ;

അയ്യാ, നിന്നുള്ളിൽ നിലനിന്നു് വേറൊന്നുമറിയാത്ത

ലിംഗസുഖികളുടെ സംഗത്തിൽ

നാൾ കഴിക്കുമാറാക്കയ്യാ, ചന്നമല്ലികാർജുനയ്യാ.

84.

ലിംഗത്തെയും പുരാതനരെയും

അന്യരുടെ വീട്ടിൽച്ചെന്നു പുകഴ്ത്തുന്നോർ,

തന്റെ ഒരു ഉദരം കാരണം

ലിംഗവും പുരാതനരും അങ്ങോട്ടു വരുമോ?

അന്യമെല്ലാം മറന്നു് നിന്നെ നിനപ്പവരെ

എനിക്കൊന്നു കാണിക്കൂ, ചന്നമല്ലികാർജുനാ.

85.

സുഖത്തിൻ സുഖികളുടെ സംഭാഷണത്താൽ

ദുഃഖത്തിനു വിശ്രമമായി,

ഭാവത്തിനു ഭാവം സാക്ഷിയായപ്പോൾ

നിനവിനു വിശ്രമമായി,

കലർന്നു ചേർന്ന ഉടൽ

ഉള്ളിൽ വീണു, മുദ്രയായി

ചന്നമല്ലികാർജുനയ്യാ,

നിന്റെ ശരണരുടെ സംഗത്താൽ.

86.

നോക്കി പറഞ്ഞു് ഉരിയാടിയാൽ

അതൊരു സുഖം;

എന്തു ചെയ്യില്ലയ്യാ, നിന്റെ ശരണരുടെ അനുഭവം!

ചന്നമല്ലികാർജുനയ്യാ,

നിന്റെ ശരണരുടെ സത്സംഗം

എന്തുതന്നെ ചെയ്യില്ല!

87.

അറിവില്ലാത്തവരോടു സംഗം വന്നാൽ

കല്ലുകൂട്ടി ഉരച്ചു് തീയുണ്ടാക്കുമ്പോലെ,

അറിവുള്ളവരോടു് സംഗം ഉണ്ടായാൽ

തൈരു കടഞ്ഞു വെണ്ണ എടുക്കുമ്പോലെ.

ചന്നമല്ലികാർജുനയ്യാ,

നിന്റെ ശരണരോടു ചേരുന്നതു്

കർപ്പൂരക്കുന്നിനു തീ പിടിക്കുമ്പോലെ.

88.

മുടിവിട്ടു, മുഖം വാടി, തനു ഉരുകിയവൾ ഞാൻ-

എന്നെ എന്തിനു പറയിപ്പിക്കുന്നു?

അണ്ണന്മാരേ, എന്നെയെന്തിനു പറയിപ്പിക്കുന്നു?

എടോ, തന്തമാരേ, വലഞ്ഞുവിളിച്ചു്,

ഭവം കെട്ടു്, ഛലം വിട്ടു്,

ഭക്തയായി ചന്നമല്ലികാർജുനനോടു ചേർന്നു്

കുലം കെട്ടവളെ.

89.

അംഗവികാരത്തിൻ സംഗം മറന്നു്

ലിംഗത്തോടു് ഒന്നുചേർന്നിരിപ്പോരെ കാട്ടെനിക്കു്,

കാമവികാരത്തിൻ കൂരിരുട്ടൊഴിഞ്ഞു്

ഭക്തിപ്രാണനായിരിപ്പോരെ കാട്ടെനിക്കു്,

ത്രികരണം ശുദ്ധമായി നിന്നെ നിറനമ്പിയ

സദ്ഭക്തരെ കാട്ടിത്തരൂ എനിക്കു്,

ചന്നമല്ലികാർജുനാ.

90.

വ്യസനത്തിൻ ധ്യാനത്താൽ ഓട്ടമായിരുന്നു,

ജ്യോതിർലിംഗം കാണാനാകുന്നില്ല,

വാക്കിൻ മാലകളിൽ പെട്ടുകിട്ടുവോനല്ല.

ധാതു കെടുത്തി മനത്തെ നോക്കി

ഞെക്കി ഞെരുക്കുവോൻ.

ആത്മനോടൊത്തു് പരവും അറിയുകിൽ

അവനേ ശിവയോഗി;

അവന്റെ പാദങ്ങൾക്കു ശരണമെന്നേനയ്യാ,

ചന്നമല്ലികാർജുനയ്യാ.

91.

രത്നച്ചങ്ങലയായാലും തുടലല്ലയോ?

മുത്തിൻ വലയായാലും ബന്ധനമല്ലയോ?

പൊന്നിൻകത്തികൊണ്ടു് തലയറുത്താൽ

ചാകാതിരിക്കുമോ?

ലോകത്തിൻ ഭജനയുടെ ഭക്തിയിൽ പെട്ടെന്നാൽ

ജനനമരണം വിടുമോ?

ചന്നമല്ലികാർജുനാ?

92.

അയ്യാ, നിന്റെ ശരണരുടെ വരവിനു്

കോവിൽ തോരണം ചാർത്തുമേ,

അയ്യാ, നിന്റെ ശരണരുടെ വരവിനു്

മുടിയിൽ പട്ടവും കെട്ടുമേ,

അയ്യാ, നിന്റെ ശരണർ എന്റെ വീട്ടിൽ വന്നാൽ

അവരുടെ ശ്രീപാദമെന്റെ ഹൃദയത്തിൽ

പ്രതിഷ്ഠിക്കും, നോക്കൂ, ചന്നമല്ലികാർജുനാ.

93.

ലിംഗത്തിൽ നിന്നുദിച്ചു് ഉടൽ പൂണ്ടിരിക്കും

പുരാതനരുടെ ഇംഗിതം എന്തെന്നു ചൊല്ലാൻ!

അവരുടെ നടപ്പേ ആഗമം, അവരുടെ വാക്കേ വേദം;

അവരെ ലോകത്തിൻ മാനവർ

എന്നു പറയാമോ, അയ്യാ?

അതെന്തെന്നാൽ സാക്ഷി:

‘വൃക്ഷാദ്ഭവതി ബീജം ഹി തദ് വൃക്ഷേ ലീയതേ പുനഃ

രുദ്രലോകം പരിത്യക്ത്വാ ശിവലോകേ ഭവിഷ്യതി’,

എന്നുള്ളതിനാൽ,

അങ്കോലവൃക്ഷത്തിൽ നിന്നു് മരം ഉണ്ടായി,

ആ വൃക്ഷം വീണ്ടും ആ ബീജത്തിൽ അടങ്ങുമ്പോലെ,

ലിംഗത്തിൽനിന്നു് പുരാതനർ ഉദ്ഭവിച്ചു്

വീണ്ടും ആ ലിംഗത്തിൽ കലർന്നു ചേരും.

ഇത്തരം പുരാതനരിൽ ശരണമായി

ഞാൻ പിറപ്പൊഴിഞ്ഞേ, ചന്നമല്ലികാർജുനാ.

94.

ആടുന്നതും പാടുന്നതും

പറയുന്നതും കേൾക്കുന്നതും

നടക്കുന്നതും ചിരിക്കുന്നതും

സരസസമ്മേളനമയ്യാ, ശരണരോടൊത്തു്;

ചന്നമല്ലികാർജുനയ്യാ,

നീ തന്ന ആയുസ്സുള്ളത്രയും നാൾ

ലിംഗസുഖികളുടെ സംഗത്തിൽ കഴിക്കും ഞാൻ.

95.

ആയത സ്വായത അനുഭാവങ്ങളെപ്പറ്റി

ഞാനെന്തറിയാനയ്യാ?

ഗുരു ലിഗ ജംഗമങ്ങൾക്കു്

അർത്ഥപ്രാണാഭിമാനങ്ങളർപ്പിച്ച

നിന്റെ ഭക്തരുടെ ഭൃത്യർക്കു ദാസിയായിരിക്കും ഞാൻ;

ഇതു കാരണം, നിന്റെ ശരണരുടെ സംഗമല്ലാതെ

വേറൊന്നും വേണ്ടെനിക്കു്, ചന്നമല്ലികാർജുനയ്യാ.

96.

ശിവഭക്തരുടെ രോമം നൊന്തെന്നാൽ

ശിവനും നോവും, നോക്കെടോ,

ശിവഭക്തർ പരിണമിച്ചാൽ ശിവനും പരിണമിയ്ക്കും;

ഭക്തദേഹികൻ ദേവൻ എന്നു

ശ്രുതി പുകഴ്ത്തുന്നതിനാൽ

അവരുടെ സുഖദുഃഖങ്ങൾ ശിവനെ തൊടുന്നു;

അമ്മയ്ക്കു നൊന്താൽ ഉള്ളിലെ

ശിശുവിനും നോവുംപോലെ

ചന്നമല്ലികാർജുനനു്, ഭക്തർക്കു നൊന്താൽ

തനിയ്ക്കും നോവും.

97.

ഭവഭവങ്ങളിൽ ചുഴന്നു വലഞ്ഞിതെൻ മനം;

എന്തു ചെയ്യട്ടെ ഞാൻ അയ്യാ?

വിശന്നു് ഉണ്ടു എന്നാൽ ഉണ്ടും വിശന്നു.

ഇന്നു നീ അരുളുകയാൽ

എനിക്കു് അമൃതത്തിൻ നിറവൂണു്,

ഇതുകൊണ്ടു്, നീയിട്ട മായയെ

ഇനി ഞാൻ തൊടുകയോ?

ഇല്ലില്ല, തീർച്ച, നിന്നാണെ,

ചന്നമല്ലികാർജുനയ്യാ.

98.

ഉയിരിനു പരിമളമുണ്ടെങ്കിൽ

പൂവിന്റെ ഡംഭെന്തിനു്?

ക്ഷമ, ദയ, ശാന്തി, സഹനങ്ങളുണ്ടെങ്കിൽ

സമാധിയുടെ ഹുങ്കെന്തിനു്?

ലോകമേ താനായാൽ പിന്നെ

ഏകാന്തത്തിന്റെ വമ്പെന്തിനു്,

ചന്നമല്ലികാർജുനാ?

99.

ഉടുക്കും ഞാൻ ലിംഗത്തിനായ്

ഒരുങ്ങും ഞാൻ ലിംഗത്തിനായ്

ചെയ്യും ഞാൻ ലിംഗത്തിനായ്,

നോക്കും ഞാൻ ലിംഗത്തിനായ്,

എന്നന്തരംഗ ബഹിരംഗമെല്ലാം ലിംഗത്തിനു്,

ചെയ്തും ചെയ്യാത്ത പോലിരിക്കും ഞാൻ, നോക്കൂ.

ഞാനെന്റെ ചന്നമല്ലികാർജുനന്റെ ഉള്ളിലായി,

പത്തിനോടു പതിനൊന്നായി ഇരിപ്പതു്

എങ്ങനെ, എന്തു ചൊല്ലാനമ്മാ?

100.

പാമ്പിന്റെ പല്ലുകളഞ്ഞു

പാമ്പാട്ടാമെങ്കിൽ പാമ്പിന്റെ സംഗം കൊള്ളാം.

കായത്തിൻ സംഗം വിവരിക്കാനാവുകിൽ

കായത്തിൻ സംഗവും കൊള്ളാം, അയ്യാ!

അമ്മ രാക്ഷസിയായപോലെ കാമവികാരം,

ഇതു നോക്കയ്യാ!

ചന്നമല്ലികാർജുനയ്യാ,

നീയിണങ്ങിയോർ ഉടലെടുത്തവരെന്നു ചൊല്ലേണ്ട.

101.

ഇന്ദ്രിയം വിട്ടു കായമില്ല,

കായമില്ലാതെ ഇന്ദ്രിയവുമില്ല;

എങ്ങനെ നിഷ്ക്കാമിയെന്നു്,

എങ്ങനെ നിർദ്ദോഷിയെന്നു ചൊല്ലും?

നീയിണങ്ങിയില്ലെങ്കിൽ ദുഃഖിയായിരിക്കും

ഞാൻ, അയ്യാ,

ചന്നമല്ലികാർജുനയ്യാ.

102.

ഉദയാസ്തമയമെന്ന രണ്ടു കുട്ടകളിൽ

ആയുസ്സെന്ന ധാന്യരാശി അളന്നു തീരുമ്മുമ്പു്,

ശിവനെ നിനയ്ക്കെടോ, ശിവനെ നിനയ്ക്കൂ.

ഈ ജന്മം വീണ്ടുമില്ല;

ചന്നമല്ലികാർജുനദേവദേവനെ നിനച്ചു്

പഞ്ചമഹാപാതകരെല്ലാം മുക്തിനേടി അന്നു്.

103.

ഗുരു എന്ന ബന്ധു എനിക്കു്

ലിംഗമെന്ന കത്തി മനോനിഷ്ഠയെന്ന

കൈയിൽ തന്നു,

അടരാടി ജയിച്ചു ഞാൻ കാമൻ എന്നവനെ,

ക്രോധാദികൾ കെട്ടു്, വിഷയങ്ങളോടിപ്പോയി.

അലക് എന്നുള്ളിൽ നട്ടു്

ഞാൻ ഒഴിഞ്ഞ കാരണം

ചന്നമല്ലികാർജുനലിംഗം കൈയിൽ പിടിച്ചേൻ.

104.

അഷ്ടദളകമലത്തിൻ ആത്മാവിനുള്ളിൽ

സൃഷ്ടി ജനിച്ചു്,

കൂർമ്മം ദിഗ്ദന്തികളെ, ദിഗ്വലയങ്ങളെ വിഴുങ്ങി,

നിജശൂന്യം താനായശേഷം-

തന്നെ താൻ അറിയുന്ന നിജപദം

ഭിന്നയോഗത്തിനു സാദ്ധ്യമോ?

കൺകളുടെ നോട്ടത്തിൽ, മനത്തിൻ പ്രിയങ്ങളിൽ

അനങ്ഗന്റെ പോരിനെ അകന്നവൾ ഞാൻ അണ്ണാ.

മരീചികാജലത്തിലെ പ്രാണി

വ്യാധന്റെ വലയിൽ പെടുമോ?

എന്റെ ദേവൻ ചന്നമല്ലികാർജുനൻ ഒഴികെ

പരപുരുഷൻ നമുക്കു് ആകില്ലണ്ണാ.

105.

അംഗത്തിൻ ഭംഗത്തെ ലിംഗമുഖത്താൽ ജയിച്ചു,

മനത്തിൻ ഭംഗത്തെ അറിവിൻ മുഖത്താൽ ജയിച്ചു,

ജീവന്റെ ഭംഗത്തെ ശിവാനുഭവത്താൽ ജയിച്ചു,

കരണത്തിൻ ഇരുളിനെ വെളിച്ചം ഉടുത്തു ജയിച്ചു,

യൗവ്വനത്തിൻ പുറമിന്നലിൽ നിങ്ങളുടെ

കണ്ണിൽ കാണുന്നതു്

കാമനെ ചുട്ടെരിച്ച ഭസ്മമാണു, നോക്കയ്യാ.

എന്റെ ദേവൻ ചന്നമല്ലികാർജുനൻ കൊന്ന കാമൻ

മനസ്സിജനായി ശേഷിച്ചാൽ

അവന്റെ തലയിലെഴുത്തു തുടച്ചു മായ്ക്കും ഞാൻ.

106.

ശിവനോടു് ഇടഞ്ഞ കാലൻ

ഭസ്മമായതു് അറിയില്ലേ?

ശിവനോടു് ഇടഞ്ഞ കാമൻ എരിഞ്ഞതു് അറിയില്ലേ?

ശിവനോടു് ഇടഞ്ഞ ബ്രഹ്മന്റെ

തലപോയതു് അറിയില്ലേ?

ചന്നമല്ലികാർജുനന്റെ പാദത്തോടു് ഇടഞ്ഞാൽ

ഭവം ഘോരനരകം എന്നറിയില്ലേ?

107.

ആരുമില്ലാത്തോളെന്നു് വഞ്ചിക്കവേണ്ട, കേട്ടോ,

എന്തുതന്നെ ചെയ്താലും അഞ്ചുവോളല്ല ഞാൻ,

കരിയില ചവച്ചു ഞാൻ കഴിയുന്നു,

വാളിന്മേൽ ചാരി ഞാൻ ഇരിക്കുന്നു,

ചന്നമല്ലികാർജുനാ, കടുംകൈ കാട്ടിയാൽ

ഉടലും പ്രാണനും നിനക്കർപ്പിച്ചു്

ശുദ്ധയാകും ഞാൻ.

108.

അയ്യാ, നീ കേട്ടാൽ കേൾക്കു്,

കേൾക്കില്ലെങ്കിൽ വിടു്-

ഞാൻ നിന്നെ പാടിയല്ലാതെ അടങ്ങില്ല, അയ്യാ;

അയ്യാ, നീ നോക്കിയാൽ നോക്കു്,

നോക്കില്ലെങ്കിൽ വിടു്-

ഞാൻ നിന്നെ നോക്കി, കൺനിറഞ്ഞു്,

പുല്കിയല്ലാതെ അടങ്ങില്ലയ്യാ;

അയ്യാ, നീ അരുളുമെങ്കിൽ അരുളു,

അരുളില്ലെങ്കിൽ വിടൂ,

അയ്യാ, ചന്നമല്ലികാർജുനാ,

ഞാൻ നിന്നെയർച്ചിച്ചു് പൂജിച്ചു്

ഹർഷത്തിൽ ഊഞ്ഞാലാടുമയ്യാ.

109.

നാളെ വരുന്നതു നമുക്കു് ഇന്നേ വരട്ടെ.

ഇന്നു വരുന്നതു നമുക്കു് ഇപ്പൊഴേ വരട്ടെ,

അപ്പോൾ, ഇപ്പോൾ എന്നു് ഇല്ലാതിരി,

ചന്നമല്ലികാർജുനാ.

110.

വിശന്നാൽ ഊരുകളിൽ ഭിക്ഷാന്നമുണ്ടു്,

ദാഹിച്ചാൽ ചിറകൾ, കിണറുകൾ, തോടുകളുണ്ടു്.

കിടക്കാൻ പാഴുദേവാലയങ്ങളുണ്ടു്,

ചന്നമല്ലികാർജുനയ്യാ,

ആത്മചങ്ങാത്തത്തിനു് നീ എനിക്കുണ്ടു്.

111.

അന്നും നീയേ, ഇന്നും നീയേ,

എന്നും നീയേ, കേൾക്കൂ തന്തെ,

നിന്നെ വിടാതെ പുൽകുന്ന ഇളയമകൾ ഞാനയ്യാ.

അന്നും ഇന്നും എന്നും നിന്നെ നമ്പിയ

അരുമശിശു ഞാനയ്യാ,

ഒന്നല്ലാതെ രണ്ടു് അറിയില്ലെനിക്കയ്യാ.

എന്റെ തന്തേ, കേൾക്കു ചന്നമല്ലികാർജുനയ്യാ,

നിന്റെ എച്ചിലുണ്ണുന്ന പഴയവൾ ഞാനയ്യാ.

112.

വണ്ടിൻനിരകളേ, മാമരമേ,

വെൺതിങ്കളേ, കോകിലമേ

നിങ്ങളോടെല്ലാം ഞാൻ ഒന്നേ കേഴുന്നു:

എന്നുടയോൻ ചന്നമല്ലികാർജുനദേവനെ

കണ്ടയുടൻ വിളിച്ചു കാണിക്കൂ.

113.

അഷ്ടവിധാർച്ചന ചെയ്തു് നിന്നെ

പ്രസാദിപ്പിക്കാനോ, അയ്യാ?

നീ ബഹിരംഗവ്യവഹാര ദൂരസ്ഥൻ.

അന്തരംഗത്തിൽ ധ്യാനിച്ചുനിന്നെ

പ്രസാദിപ്പിക്കാനോ അയ്യാ,

നീ വാങ്മനാതീതൻ.

ജപസ്തോത്രങ്ങളാൽ പ്രസാദിപ്പിക്കാനോ അയ്യാ.

നീ നാദാതീതൻ.

ഭാവജ്ഞാനത്താൽ പ്രസാദിപ്പിക്കാനോ അയ്യാ.

നീ മതിയ്ക്കതീതൻ

ഹൃദയകമലമദ്ധ്യത്തിൽ ഇമ്പംകൊള്ളുമോ അയ്യാ.

നീ സർവ്വാംഗ പരിപൂർണ്ണൻ.

പ്രസാദിപ്പിക്കൽ എന്നാൽ ആവതല്ല,

നീ പ്രസാദിക്കലേ സുഖമയ്യാ, ചന്നമല്ലികാർജുനയ്യാ.

114.

എല്ലാമെല്ലാം അറിഞ്ഞു ഫലമെന്തയ്യാ?

തന്നത്താൻ അറിയണം അല്ലയോ.

അറിവു തന്നുള്ളിൽ സ്വയമായിരിക്കുമ്പോൾ

അന്യരോടു ചോദിച്ചിട്ടെന്തു?

ചന്നമല്ലികാർജുനാ,

നീ അറിവായി എനിക്കു വഴികാട്ടിയതിനാൽ

നിന്നിൽ നിന്നു് നിന്നെ അറിഞ്ഞു ഞാൻ.

115.

അമൃതുണ്ണും ശിശുവിനു വിഷമൂട്ടുമോ, അയ്യാ,

നിഴലിൻ തണലിൽ വളർന്ന ചെടിക്കു് തീ വേലികെട്ടുവോരോ, അയ്യാ,

ചന്നമല്ലികാർജുനയ്യാ,

നിന്റെ കരുണയിൻ മകനോടു്

ശൂന്യക്കാരുടെ വാർത്തയോതുമോ, അയ്യാ.

116.

അർത്ഥസന്ന്യാസി ആയാലെന്തു്, അയ്യാ,

ഏതു് അംഗത്തിൽനിന്നു വന്നാലും

സ്വീകരിക്കാതിരിക്കണം.

രുചിസന്ന്യാസി ആയാലെന്തു്, അയ്യാ,

നാവിൻ തുമ്പിൽ മധുരമറിയാതിരിക്കണം

സ്ത്രീസന്ന്യാസി ആയാലെന്തു്, അയ്യാ,

ജാഗ്രത് സ്വപ്നസുഷുപ്തികളിൽ തെറ്റില്ലാതിരിക്കണം.

ദിഗംബരി ആയാലെന്തു് അയ്യാ,

മനം നഗ്നമായിരിക്കണം.

ഇങ്ങനെ ഈ ചതുർവ്വിധ മർമ്മം അറിയാതെ

വൃഥാ കെട്ടുപോയി, അവർ,

നോക്കൂ, ചന്നമല്ലികാർജുനാ.

117.

അശനത്തിനു കുതിച്ചു്, വ്യസനത്താൽ വെന്തു്,

അത്യാശയാൽ വലഞ്ഞു്, വിഷയങ്ങളിലേക്കു് ഒഴുകും

ജീവികൾക്കു് നിന്നെ അറിയാനാവില്ല,

കാല കല്പിതപ്രളയ ജീവികളെല്ലാം

നിന്നെ എങ്ങനെ അറിയുമയ്യാ, ചന്നമല്ലികാർജുനാ?

118.

അപാര ഘനഗംഭീരത്തിൻ അംബുധിയിൽ

താരാപഥവും നോക്കി നടക്കവേ

നൗകയാൽ ദ്വീപദ്വീപാന്തരങ്ങളിലേക്കു

സകല പദാർത്ഥങ്ങളും കൊണ്ടുപോകുന്നതു്,

എന്റെ ദേവൻ ചന്നമല്ലികാർജുനന്റെ സമീപം

തുര്യസംഭാഷണമറിയുമെങ്കിൽ

മുമ്പത്തെപ്പോലെ ആക്കുമവൻ.

119.

മഞ്ഞൾ പൂശി, പൊന്നണിഞ്ഞു്,

പട്ടുടയാട ഉടുത്തു ഞാൻ, എന്റെ പുരുഷാ, വരൂ,

പുരുഷരത്നമേ, വരൂ.

നിന്റെ വരവെന്റെ പ്രാണന്റെ വരവായി, ഇപ്പോൾ,

വരൂ, അയ്യാ, ചന്നമല്ലികാർജുനയ്യാ,

നീ വന്നേക്കുമെന്നു് വഴിയും നോക്കിയിരുന്നു

വായ് വരണ്ടെനിക്കു്.

120.

അഗ്നി സർവ്വ വ്യാപകനായി ഇരിക്കുമ്പോലെ

ചിദ്വഹ്നിരൂപനായ ശിവൻ

സർവ്വ വ്യാപകനായിരിപ്പവൻ.

ഹൃദയകമലം കണ്ണാടിപോലെ

പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

ആ കണ്ണാടിപോലുള്ള ഹൃദയകമലത്തിൽ

വ്യാപകനായ ശിവൻ

ആത്മാവെന്നപേരിൽ

പ്രതിബിംബിച്ചുകൊണ്ടിരിക്കുന്നു.

വേദോപനിഷദ് ഗായത്രി പ്രസിദ്ധമാമീ രഹസ്യം

ഗുരൂപദേശത്താൽ തെളിയുമയ്യാ,

ശ്രീ ചന്നമല്ലികാർജുനദേവാ.

121.

അനുതാപത്തിൻ ഉടലിൻനിന്നുവന്ന

നോവു് ഉണ്ണുന്നതു്

ഉടലോ, പ്രാണനോ, ആരു്, ചൊല്ലൂ.

എന്നുടലിനു് നീ പ്രാണനായശേഷം

എന്റെ ഉടലിൻ സുഖദഃഖങ്ങൾ

ആരെ തൊടും, ചൊല്ലയ്യാ.

ചന്നമല്ലികാർജുനയ്യാ,

ഞാൻ നൊന്ത നോവു്, വെന്ത വേവു്,

നിന്നെ തൊടാതെ പോകുമോ, അയ്യാ?

122.

ചന്ദ്രകാന്തത്തിൻ ശിലയോടു്

ഒരു ആന പൊരുതുമ്പോലെ-

തന്റെ നിഴലിനോടു പൊരുതി താൻ ചാവുമ്പോലെ.

ആനയുടെ ഗതി, ആനയുടെ മതി,

ആനയാണു്, ആനയല്ല, അതെന്തു പറയാൻ!

നീയെന്റെ കരസ്ഥലത്തു് നില്ക്കുമ്പോൾ

നീ ഞാൻ എന്ന ഭ്രാന്തെന്തിനു്?

ഞാൻ നീ അല്ലാതെ തരമില്ല, ചന്നമല്ലികാർജുനാ.

123.

മൂലാധാരത്തിൻ വേരു

ചവിട്ടി ഭൂമണ്ഡലത്തിലേറി,

ആചാരത്തിൻ വേരിൽ പിടിച്ചു്

ഐക്യത്തിൻ ശിഖരമേറി,

വൈരാഗ്യത്തിൻ സോപാനത്താൽ

ശ്രീഗിരി കയറി ഞാൻ,

കൈപിടിച്ചു് കരേറ്റെന്നെ, ചന്നമല്ലികാർജുനാ.

124.

ദേവാ, എന്റെ ഹൃദയകമലത്തിനുള്ളിൽ

പ്രോജ്ജ്വലിക്കും വിളക്കേ,

ദേവാ, എന്റെ മനോവീട്ടിൽ വിളങ്ങും വെളിച്ചത്തിൽ

ഗുരുവേ വരൂ, പരമേ വരൂ, വരമേ വരൂ, ദേവദേവാ,

ഹരനേ വരൂ, സുകൃതസാര,

സർപ്പഹാരാ, വരൂ ദേവാ,

വീരഭദ്രാ, രുദ്രാ, ദുരിതദൂരാ, വിശ്വരൂപാ വരൂ,

മാരമഥനാ, പുണ്യകഥനാ, സഹജമിഥുനരൂപാ, വരൂ,

താരഗിരിയിൻ പ്രിയാ, ശ്രീയാ,

സത്യശരണഭരണാ, വരൂ,

വരൂ ഫലമേ, ഫലത്തിൻ രസമേ,

രസത്തിൻ മധുരസുഖമേ, വരൂ,

വരൂ ഗുരുവേ, വരൂ പരമേ, വരൂ വരമേ, മല്ലിനാഥാ,

വരൂ ധനമേ, വരൂ സുകൃതസാരാ, വരൂ മല്ലിനാഥാ,

വരൂ സിദ്ധാ, ഭവവിരുദ്ധാ, സുപ്രസിദ്ധാ, മല്ലിനാഥാ.

125.

തനു ഉരുകാത്തവരുടെ മജ്ജനം

സ്വീകരിക്കില്ലയ്യാ നീ,

മനമുരുകാത്തവരുടെ പൂക്കളും സ്വീകരിക്കില്ലയ്യാ, നീ,

സന്തുഷ്ടരല്ലാത്തവരുടെ ചന്ദനാക്ഷതവും

സ്വീകരിക്കില്ലയ്യാ, നീ,

അറിവു കൺതുറക്കാത്തവരുടെ ആരതിയും

സ്വീകരിക്കില്ലയ്യാ, നീ,

ഭാവശുദ്ധിയില്ലാത്തവരുടെ ധൂപം

സ്വീകരിക്കില്ലയ്യാ, നീ,

പരിണാമികളല്ലാത്തവരുടെ നൈവേദ്യം

സ്വീകരിക്കില്ലയ്യാ, നീ.

ത്രികരണശുദ്ധിയില്ലാത്തവരുടെ താംബൂലം

സ്വീകരിക്കില്ലയ്യാ, നീ.

ഹൃദയകമലം വിടരാത്തവരിൽ ഇരിക്കാൻ

സമ്മതിക്കില്ലയ്യാ, നീ.

എന്നിൽ എന്തുണ്ടെന്നു് കരസ്ഥലത്തു്

ഇമ്പം കൊണ്ടു നീ, ചൊല്ലൂ

ചന്നമല്ലികാർജുനയ്യാ.

126.

നിന്നെ അറിയും നരകമേ മോക്ഷം, കാണയ്യാ.

നിന്നെ അറിയാത്ത മുക്തിയേ നരകം, നോക്കയ്യാ,

നീ ഇണങ്ങാത്ത സുഖമേ ദുഃഖം, കാണയ്യാ,

നീ ഇണങ്ങുന്ന ദുഃഖമേ പരമസുഖം, കണ്ടയ്യാ,

ചന്നമല്ലികാർജുനയ്യാ,

നീ കെട്ടിപ്പെടുത്തിയ ബന്ധനമേ വിടുതലെനിക്കയ്യാ.

127.

ചന്ദനം വെട്ടി നുറുക്കി അരച്ചാൽ

നൊന്തേക്കുമെന്നു് സുഗന്ധം വിടുമോ?

സ്വർണ്ണം കൊണ്ടുവന്നു് ഉരുക്കി ഉരച്ചാൽ

വെന്തു കളങ്കം പിടിക്കുമോ?

മുട്ടുമുട്ടിനും മുറിച്ചു കരിമ്പു് ചക്കിലിട്ടു് അരച്ചാൽ

വെന്തു പാകം വന്നു് ശർക്കരയായി

നൊന്തേക്കുമെന്നു് മധുരം വിടുമോ?

ഞാൻ പണ്ടു ചെയ്ത ഹീനതകളെല്ലാം

തന്നു മുന്നിലിട്ടാൽ

നിനക്കു തന്നെ ഹാനി.

എന്റെ തന്തേ, ചന്നമല്ലികാർജുനദേവാ,

കൊന്നാലും ശരണമെന്നതു വിടില്ല ഞാൻ.

128.

ഉടലിൻ കലമ്പൽ കാരണം

അടവിയെ പുക്കു ഞാൻ

ചെടിമരം വിടാതെ ഇരന്നെൻ അംഗത്തിനായ്,

അവർ നീട്ടിത്തന്നു, തങ്ങളുടെ ലിംഗത്തിനെന്നു്;

ഞാൻ ഇരന്നു ഭവിയായി,

അവർ തന്നു ഭക്തരായി.

ഇനിയും ഇരന്നേനെന്നാൽ, നോക്കിക്കോ,

ചന്നമല്ലികാർജുനയ്യാ, നിന്നാണ.

129.

ഗിരിയിലും വനത്തിലും തരുമരങ്ങളിലുമൊക്കെ-

ദേവാ, എന്റെ ദേവാ, വരണമയ്യാ,

തരണമയ്യാ നിന്റെ കരുണ എന്നു

തെരഞ്ഞു് അലഞ്ഞു് വലഞ്ഞു കാണാതെ ഓടിവന്നു

കണ്ടു ഞാൻ ശരണരുടെ സംഗം കൊണ്ടു്;

തെരഞ്ഞുപിടിക്കാൻ എനിക്കു

നീയടങ്ങും ഇടം ചൊല്ലൂ

ചന്നമല്ലികാർജുനാ.

130.

ഇടിമിന്നൽ ചിതറിവീണാൽ എനിക്കു്

വിശപ്പും ദാഹവും അടങ്ങിയെന്നെണ്ണുമേൻ.

മുകിൽ പറിഞ്ഞുവീണാൽ

എനിക്കു കുളിക്കാൻ ഒരുക്കിയെന്നും,

ഗിരി മേലെ വീണാൽ എനിക്കു

പൂവിട്ടതെന്നുമീ ഞാൻ,

ചന്നമല്ലികാർജുനയ്യാ, ശിരസ്സറ്റു വീണാൽ

പ്രാണൻ നിനക്കു് അർപ്പിതമെന്നും ഞാൻ.

131.

തിളങ്ങും ചെഞ്ചിടയുടെ,[10] മണിമകുടത്തിൻ

ഒക്കും കാന്തിയാൽ ഈരേഴു ഭുവനവും വിളങ്ങുന്ന

ദിവ്യസ്വരൂപനെ കണ്ടു ഞാൻ,

കണ്ടെന്റെ കൺകളിൻ വരൾച്ച തീർന്നിന്നു്,

ആണാണുകളെയൊക്കെ പെൺപെണ്ണാക്കി വാഴും

ചന്നമല്ലികാർജുനനെ കണ്ടമ്മേ ഞാൻ.

132.

ഒരിയ്ക്കൽ കാമന്റെ കാലുപിടിയ്ക്കും,

ഒരിയ്ക്കൽ ചന്ദ്രമനോടു കൈകൂപ്പി കേഴുമേൻ,

ചുടട്ടെ ഈ വിരഹത്തെ,

ഞാൻ ആർക്കായി മതികെടുന്നു?

ചന്നമല്ലികാർജുനദേവൻ

എന്നോടിണങ്ങാത്ത കാരണം

എല്ലാവർക്കും പക്കൃകാരി ആയേനമ്മാ.

133.

ചിലിമിലി എന്നോതും കിളികളേ

നിങ്ങൾ കണ്ടുവോ, നിങ്ങൾ കണ്ടുവോ?

സരോവരങ്ങളിൽ കളിയാടും ഹംസങ്ങളേ

നിങ്ങൾ കണ്ടുവോ, നിങ്ങൾ കണ്ടുവോ?

സ്വരമുയർത്തി പാടുന്ന കോകിലങ്ങളേ

നിങ്ങൾ കണ്ടുവോ, നിങ്ങൾ കണ്ടുവോ?

ഇളകിവന്നാടും തുമ്പികളേ,

നിങ്ങൾ കണ്ടുവോ, നിങ്ങൾ കണ്ടുവോ?

ഗിരിഗഹ്വരങ്ങളിലാടും മയിലുകളേ

നിങ്ങൾ കണ്ടുവോ, നിങ്ങൾ കണ്ടുവോ?

ചന്നമല്ലികാർജുനദേവൻ എവിടെയുണ്ടെന്നു്

അറിയാമെങ്കിൽ നിങ്ങൾ പറയൂ.

134.

വനമെല്ലാം നീയേ,

വനത്തിനുള്ളിലെ ദേവതരുവെല്ലാം നീയേ,

തരുക്കളിലാടുന്ന ഖഗമൃഗമെല്ലാം നീയേ,

ചന്നമല്ലികാർജുനയ്യാ, സർവ്വഭരിതനായി

എനിക്കെന്തേ മുഖം കാട്ടില്ല?

135.

കാണവേ കാണവേ

കണ്ണുകളടച്ചു ഞാൻ, നോക്കമ്മാ,

കേൾക്കവേ കേൾക്കവേ

മെയ്മറന്നുചാരി ഞാൻ, നോക്കമ്മാ.

വിരിച്ച കിടക്കയോ പങ്കില്ലാതെ പോയി,

ചന്നമല്ലികാർജുനൻ മെയ്മനം തണുപ്പിച്ചു,

നോക്കമ്മാ.

136.

സന്താപം നിറഞ്ഞ മനം തലകീഴായമ്മാ,

ചുഴന്നു വീശും കാറ്റു് എരിതീയായമ്മാ,

വെൺതിങ്കൾ വെയിലായി, തോഴീ,

പുരദ്വാരത്തിലെ ചുങ്കക്കാരനെപ്പോലെ

വലഞ്ഞു തുലയുന്നു ഞാനമ്മാ.

ബുദ്ധി ചൊല്ലിപ്പറഞ്ഞു് കൊണ്ടുവരൂ, അമ്മാ,

ചന്നമല്ലികാർജുനനു് ഇരട്ടി മുനിപ്പാണമ്മാ.

137.

മലമുകളിൽ ഒരു വീടു കെട്ടി

മൃഗങ്ങൾക്കു് അഞ്ചിയാൽ എങ്ങനെ, അയ്യാ?

സമുദ്രതീരത്തൊരു വീടു കെട്ടി

നുരതിരകൾക്കു് അഞ്ചിയാലെങ്ങനയ്യാ?

ചന്തയ്ക്കകത്തൊരു വീടുകെട്ടി

ശബ്ദത്തിനു നാണിച്ചാലെങ്ങനയ്യാ?

ചന്നമല്ലികാർജുന ദേവാ, കേൾക്കയ്യാ,

ലോകത്തിൽ പിറന്നശേഷം

സ്തുതിനിന്ദകൾ വന്നെന്നാൽ

മനം കോപിയ്ക്കാതെ സമാധാനിയായിരിക്കണം.

138.

ദൃശ്യമായ സൂര്യന്റെ വെളിച്ചം,

ആകാശത്തിന്റെ വിസ്തീർണ്ണം,

വായുവിൻ ചലനം, തരുഗുല്മലതാദികളുടെ

തളിരു പുഷ്പങ്ങൾ,

ഷഡ്വർണ്ണങ്ങളെല്ലാം പകലിന്റെ പൂജ;

ചന്ദ്രപ്രകാശം, നക്ഷത്രം, അഗ്നി, മിന്നൽ തുടങ്ങി

ദീപ്തിമയമെന്നു പറയുന്നതെല്ലാം ഇരുളിന്റെ പൂജ;

പകലും ഇരുളും നിന്റെ പൂജയിൽ

എന്നെ മറന്നിരിപ്പേനയ്യാ, ചന്നമല്ലികാർജുനാ.

139.

ഊരിൻ വിഴുപ്പിനു് അലക്കുകാരൻ

തിടുക്കപ്പെടുമ്പോലെ

പൊന്നെന്റെ, മണ്ണെന്റെയെന്നു

നിനച്ചു നിനച്ചു തളർന്നേൻ,

നിന്നെയറിയാത്ത കാരണം ചുമ്മാതെ കെട്ടേനയ്യാ,

ചന്നമല്ലികാർജുനാ.

140.

കളമേറി ഇറങ്ങുക വീരനു മതമല്ല,

ശിവശരണർക്കു് പിന്മാറൽ പഥമല്ല,

മനത്തിനുടയോൻ മനത്തിൽ ഇമ്പം കൊള്ളും അയ്യാ.

ഏറാനാകില്ല ശ്രീശൈലം,

ഏറിയിറങ്ങിയാൽ വ്രതഭംഗം,

കളത്തിലിറങ്ങി മുറമറന്നാൽ

പോർവീരൻ ചന്നമല്ലികാർജ്ജുനൻ

നിന്നെ കാണുമ്പോൾതന്നെ കൊല്ലും.

141.

പന്നിയും മദഗജവും ഒരു വഴിയിൽ സന്ധിച്ചാൽ

പന്നിക്കു് അഞ്ചി മദകരി ഓരത്തേക്കു മാറിയാൽ

ആ പന്നി കേസരി ആകുമോ,

ചന്നമല്ലികാർജുനാ?

142.

മലയ്ക്കു് സാരമില്ലെന്നു ചൊല്ലുവോർ,

മരങ്ങൾ പിറക്കും വിധം പിന്നെന്തയ്യാ?

കൽക്കരിയ്ക്കു രസമില്ലെന്നു ചൊല്ലുവോർ,

ഇരുമ്പുരുകും വിധം പിന്നെന്തയ്യാ?

എനിക്കു് കായമില്ലെന്നു ചൊല്ലുവോർ,

ചന്നമല്ലികാർജുനൻ ഇണങ്ങും വിധം പിന്നെന്തയ്യാ?

143.

ആധാര സ്വാധിഷ്ഠാന മണിപൂരകം

വിശുദ്ധി ആജ്ഞേയങ്ങൾ പറഞ്ഞിട്ടെന്തു്?

ആദി അനാദികളെപ്പറ്റി

ചോദിച്ചിട്ടെന്തു്, പറഞ്ഞിട്ടെന്തു്?

തന്നിലിരിക്കുന്നതു് താൻ അറിയാത്തിടത്തോളം.

ഉന്മനിയുടെ ശീഘ്രതയുള്ള മനം

വായുവിൻ മേലെ ചന്നമല്ലികാർജുനനെ

വേർപെടുത്താനറിയില്ലവർക്കു്.

144.

തനുവെന്ന സാഗരം താണ്ടാൻ

മനമെന്നതു് ഊന്നുകോലായി, കടത്തുകാരാ,

എന്നെ പെട്ടെന്നെടുത്തു കരേറ്റൂ, കടത്തുകാരാ

എടുത്തു കടത്തുമെന്ന പ്രത്യാശയാണു് കൈമുതൽ.

പെട്ടെന്നെടുത്തു കരേറ്റൂ, കടത്തുകാരാ,

ശ്രീശൈല ചന്നമല്ലികാർജുനാ,

നിന്നെ കാണാൻ വന്നു ഞാൻ, കടത്തുകാരാ.

145.

പഴം തിന്നശേഷം ആ മരം

ആരു തറിച്ചാലെന്തു്?

പെണ്ണിനെ വിട്ടശേഷം അവളോടു്

ആരുകൂടിയാലെന്തു്?

മണ്ണുവിട്ടശേഷം ആ നിലമാരു് ഉഴുതാലെന്തു്?

ചന്നമല്ലികാർജുനനെ അറിയാത്ത[11] കായം

നായ് തിന്നാലെന്തു്, നീരു കുടിച്ചാലെന്തു്?

146.

പുരുഷന്റെ മുന്നിൽ മായ

സ്ത്രീയെന്ന അഭിമാനമായി പീഡിപ്പിക്കുന്നു,

സ്ത്രീയുടെ മുന്നിൽ മായ

പുരുഷനെന്ന അഭിമാനമായി പീഡിപ്പിക്കുന്നു,

ലോകമെന്ന മായയ്ക്കു് ശരണചാരിത്ര്യം

മണ്ടത്തരമായി തോന്നുന്നു,

ചന്നമല്ലികാർജുനൻ അരുളിയ ശരണനു്

മായയില്ല, മറവിയില്ല, അഭിമാനവുമില്ല.

147.

ചാവില്ലാത്ത, കേടില്ലാത്ത,

രൂപമില്ലാത്ത നല്ലനു് ഞാനിണങ്ങി,

ഇടയില്ലാത്ത, ഒടുക്കമില്ലാത്ത,

തരമില്ലാത്ത, അടയാളമില്ലാത്ത

സുന്ദരനു് ഞാനിണങ്ങി, അല്ലേ, അമ്മമാരേ;

ഭവമില്ലാത്ത, ഭയമില്ലാത്ത,

നിർഭയൻ നല്ലനു് ഞാനിണങ്ങി,

സീമയില്ലാത്ത നിസ്സീമനിണങ്ങി ഞാൻ.

ചന്നമല്ലികാർജുനനെന്ന കാന്തനു് നന്നായിണങ്ങി ഞാൻ, അമ്മമാരേ.

148.

പിടിക്കുമെന്നാൽ പിടിയിലൊതുങ്ങില്ലവൻ, അമ്മാ,

തടയുമെന്നാൽ താണ്ടിപ്പോകുവോൻ, അമ്മാ,

ഒരിറ്റകന്നാൽപോലും വ്യാകുലയാകും ഞാൻ,

ചന്നമല്ലികാർജുനനെ കാണാതെ

ഞാൻ ആരെന്നറിയില്ല, നോക്കമ്മാ.

149.

നാണം മറയ്ക്കും നൂലു പൊട്ടിയാൽ

നാണിക്കുന്നവർ, നോക്കൂ,

ആൺപെണ്ണെന്ന ജാതികൾ.

പ്രാണത്തിനുടയോൻ ജഗത്തിൽ

മുങ്ങാൻ തരമില്ലാതിരിക്കുമ്പോൾ

ദേവന്റെ മുന്നിൽ നാണിക്കാൻ ഇടയുണ്ടോ?

ചന്നമല്ലികാർജുനൻ ജഗത്തെല്ലാം

കണ്ണായി നോക്കിയിരിക്കവേ

മൂടിമറയ്ക്കുന്നിടം ഏതു്, ചൊല്ലയ്യാ!

150.

ഉള്ളിലെ ഭർത്താവു്, പുറത്തെ ജാരൻ.

രണ്ടുംകൂടി നടത്താനാവില്ലയ്യാ.

ലൗകിക പരമാർത്ഥങ്ങൾ

രണ്ടുംകൂടി നടത്താനാവില്ല,

ചന്നമല്ലികാർജുനയ്യാ

വില്വവും വിളാപ്പഴവും[12] ഒരുമിച്ചു പിടിയ്ക്കാനാവില്ല.

151.

ഏൻ നൊന്തേനയ്യാ, ഏൻ വെന്തേനയ്യാ,

ഏൻ വെന്ത വേവിനെ അറിയാതെ കെട്ടേനയ്യാ,

ഏൻ കെട്ട കേടിനെ എന്തൊന്നു വർണ്ണിക്കാനയ്യാ!

ചന്നമല്ലികാർജ്ജുനയ്യാ, നിന്റെ ശരണരുടെ

നോവു കണ്ടു ഞാൻ വെന്തേനയ്യാ.

152.

പകലിൻ കൂട്ടത്തിനു് പോരാടി തളർന്നേൻ,

ഇരുളിൻ കൂട്ടത്തിൽ ഇമ്പമറ്റു കയറി,

കിനാവിൽ മനസ്സംഗമായി മെയ്മറന്നിരുന്നേൻ.

മനസ്സിൽ മെയ്മറന്നു ചാരിയിരുന്നു്

ചന്നമല്ലികാർജുനനെ കണ്ടു കൺതുറന്നേൻ.

153.

അക്കാ, കേൾക്കമ്മാ, ഞാനൊരു കിനാവു കണ്ടു.

അരിയും അടയ്ക്കയും ഓലയും തേങ്ങയും കണ്ടു,

ചെറുചെറു ജടകളും നിരപല്ലുമുള്ള കുറവൻ[13]

ഭിക്ഷക്കു വന്നതു കണ്ടേനമ്മാ,

അതിരറ്റു പോമവന്റെ പുറകേയോടി കൈപിടിച്ചു.

ചന്നമല്ലികാർജുനനെ കണ്ടു കൺതുറന്നമ്മാ.

154.

മറുകു് മുദ്രയായി ഒത്തിണങ്ങിയ വിധം നോക്കൂ,

എയ്താൽ (അമ്പിൻ) തൂവലും പുറത്തുകാണരുതു്;

പുണർന്നാൽ അസ്ഥികൾ നുറുങ്ങിപ്പൊടിയണം;

കൂടിച്ചേർന്നാൽ വിളക്കിച്ചേർന്നതു

മുറിയാതിരിക്കണം;

മുറുകു് ഇണങ്ങി, ചന്നമല്ലികാർജുനന്റെ സ്നേഹം,

തായേ.

155.

പശിയേ നീ നില്ക്കു്, നില്ക്കു്,

തൃഷയേ നീ നില്ക്കു് നില്ക്കു്,

നിദ്രേ നീ നില്ക്കു്, നില്ക്കു്,

കാമമേ നീ നില്ക്കു് നില്ക്കു്,

ക്രോധമേ നീ നില്ക്കു് നില്ക്കു്,

മോഹമേ നീ നില്ക്കു് നില്ക്കു്,

ലോഭമേ നീ നില്ക്കു്, നില്ക്കു്,

മദമേ നീ നില്ക്കു്, നില്ക്കു്,

മത്സരമേ നീ നില്ക്കു്, നില്ക്കു്,

സചരാചരങ്ങളേ നില്ക്കു് നില്ക്കു്,

ഞാൻ ചന്നമല്ലികാർജുനന്റെ

തിടീരെന്നു് വരും എഴുത്തോലയും

കാത്തിരിക്കുന്നു, ശരണാർത്ഥിയായി.

156.

ഭവത്തിൻ വഴിയുടെ ദൂരം

എന്തെന്നു പറയുവാനയ്യാ?

എൺപത്തിനാലു ലക്ഷം

ഊരുകളിൽ ഇടം നേടണം,

ഒരൂരിലെ ഭാഷ ഒരൂരിലില്ല,

ഒരൂരിൽ കിട്ടുന്ന ആഹാരം മറ്റൊന്നിലില്ല,

ഇത്തരം ഊരിൽ പോയ തെറ്റിനു്

കായത്തെ ഭൂമിയ്ക്കു ചുങ്കം കൊടുത്തു്

ജീവൻ രക്ഷിച്ചുകൊണ്ടു വരേണ്ടിവന്നു,

ഇങ്ങനെയീ മഹാഘനത്തിൻ വെളിച്ചത്തിൽ

കളഞ്ഞുശേഷിച്ചു് ചുഴന്നാടി

നിന്റെ പാദം കണ്ടു സുവിധാനിയായേൻ,

കണ്ടോ, ചന്നമല്ലികാർജുനാ.

157.

ഇന്നെന്റെ വീട്ടിലേയ്ക്കു കാന്തൻ വരുന്നമ്മാ,

നിങ്ങളെല്ലാവരും അലങ്കാരക്കോപ്പു ചാർത്തൂ;

ചന്നമല്ലികാർജുനൻ ഇപ്പൊഴേ വരുന്നമ്മാ,?

എതിരേല്ക്കാൻ വരൂ നിങ്ങൾ അമ്മമാരേ.

158.

മരമിരുന്നു ഫലമെന്തു്, നിഴലില്ലാത്തിടത്തോളം?

ധനമിരുന്നു ഫലമെന്തു്, ദയയില്ലാത്തിടത്തോളം?

പശുവിരുന്നു ഫലമെന്തു്, പാലില്ലാത്തിടത്തോളം?

രൂപമിരുന്നു ഫലമെന്തു്, ഗുണമില്ലാത്തിടത്തോളം?

ഞാനിരുന്നു ഫലമെന്തു്,

നിന്റെ ജ്ഞാനമില്ലാത്തിടത്തോളം,

അയ്യാ, ചന്നമല്ലികാർജുനാ?

159.

കായം കറുത്തു കരിവാളിച്ചാലെന്തയ്യാ?

കായം മിനുമിനെ മിന്നിയാലെന്തയ്യാ?

അന്തരംഗം ശുദ്ധമെങ്കിൽ

ചന്നമല്ലികാർജുനയ്യാ, നീയിണങ്ങിയ കായം

എങ്ങനെയിരുന്നാലും എന്തയ്യാ?

160.

ദേഹം ഉള്ളിടത്തോളം ലജ്ജവിടില്ല,

അഹങ്കാരം വിടില്ല;

ദേഹത്തിനുള്ളിൽ മനം ഉള്ളിടത്തോളം

അഭിമാനം വിടില്ല, നിനവിൻ വ്യാപ്തി വിടില്ല;

ദേഹവും മനസ്സുമിരിക്കുമ്പോൾ സംസാരം വിടില്ല;

സംസാരമുള്ളപ്പോൾ ഭവം മുതുകീന്നിറങ്ങില്ല,

ഭവത്തിൻ കുരുക്കുള്ളിടത്തോളം വിധിവശം വിടില്ല;

ചന്നമല്ലികാർജുനൻ ഇണങ്ങിയ ശരണർക്കു്

ദേഹമില്ല, മനമില്ല, അഭിമാനവുമില്ല.

കണ്ടോ, മഠയാ.

161.

നോക്കും കണ്ണുകൾക്കു് രൂപം ഇമ്പമാകയാൽ

നീ മനം നാണിയ്ക്കാതെ വന്നല്ലോ, അണ്ണാ.

കേട്ട കേൾവിയുടെ സുഖത്തിൽ

മയങ്ങി നീ വന്നല്ലോ, അണ്ണാ.

നാരിയെന്ന രൂപത്തെ മോഹിച്ചു നീ വന്നല്ലോ, അണ്ണാ.

മൂത്രം തുള്ളിയിറ്റു വീഴുന്ന നാളമെന്നു

കൺകാണാതെ, തുമ്പുകെട്ടു നീ വന്നല്ലോ, അണ്ണാ.

ബുദ്ധിക്കുറവിനാൽ പരമാർത്ഥസുഖത്തെ

ആട്ടിയോടിച്ചു്,

ഇതെന്തു കാരണമെന്നറിയാതെ,

ഇതു നരകഹേതുവെന്നറിഞ്ഞു് മനം മടുക്കാതെ

നീ വന്നല്ലോ, അണ്ണാ.

ചന്നമല്ലികാർജുനൻ ഒഴികെ മറ്റു പുരുഷന്മാർ

എനിക്കു സഹോദരർ,

ഛീ വിടൂ, പോകൂ, മഠയാ.

162.

മദ്ധ്യാഹ്നത്തെക്കാൾ മൂപ്പരില്ല,

അസ്തമയത്തെക്കാൾ ജിതേന്ദ്രിയരില്ല,

വിധിയെ മറികടക്കുന്ന അമരരില്ല,

ക്ഷുദ് വിധി വ്യസനത്തിനു് അഞ്ചി

ഞാൻ നിന്റെ തണൽപറ്റി രക്ഷപെട്ടയ്യാ,

ചന്നമല്ലികാർജുനയ്യാ.

163.

തുളുമ്പും മുലകളുടെ, നിറഞ്ഞ യൗവ്വനത്തിന്റെ

ചേലു കണ്ടു വന്നുവോ, അണ്ണാ?

അണ്ണാ, ഞാൻ പെണ്ണല്ല, അണ്ണാ, ഞാൻ വേശ്യയല്ല,

അണ്ണാ, പിന്നെ എന്നെക്കണ്ടു കണ്ടു്

ആരെന്നു വന്നു നീ അണ്ണാ?

ചന്നമല്ലികാർജുനനല്ലാതെ മറ്റു പുരുഷന്മാർ

നമുക്കു ചേരാത്ത മുറയാണു്, നോക്കണ്ണാ.

164.

ഇഹത്തിനൊരു കാന്തൻ,

പരത്തിനൊരു കാന്തനോ?

ലൗകികത്തിനൊരു കാന്തൻ,

പരമാർത്ഥത്തിനൊരു കാന്തനോ?

എന്റെ കാന്തൻ ചന്നമല്ലികാർജുനദേവൻ അല്ലാതെ

ബാക്കി കാന്തന്മാരെല്ലാം

മുകിലിൻ മറയിലെ ബൊമ്മകളെപ്പോലെ.

165.

പെണ്ണു് പെണ്ണെങ്കിൽ ആണിന്റെ സൂതകം,

ആണു് ആണെങ്കിൽ പെണ്ണിന്റെ സൂതകം,

മനസ്സിൻ സൂതകം നീങ്ങിയാൽ പിന്നെ

തനുവിൻ സൂതകത്തിനു തരമുണ്ടോ?

അയ്യാ, മുമ്പില്ലാത്ത സൂതകത്തിൽ

മയങ്ങിപ്പോയി ജഗമെല്ലാം,

എന്റെ ദേവൻ ചന്നമല്ലികാർജുനനെന്ന ശെൽവനു്

ജഗമെല്ലാം പെണ്ണു്, നോക്കയ്യാ.

166.

ഓതിഓതി വേദം വാദത്തിൽ കുടുക്കി,

കേട്ടു കേട്ടു് ശാസ്ത്രം സന്ദേഹത്തിൽ കുടുക്കി,

അറിഞ്ഞു അറിഞ്ഞു എന്നു് ആഗമം പാറപോലായി,

പൂർത്തിയാക്കി പൂർത്തിയാക്കി എന്നു് പുരാണം

പൂർവ്വാദ്രിയേറിപ്പോയി,

ഞാൻ എങ്ങു്, താൻ എങ്ങു്?

ബ്രഹ്മം വെറുവെളിയല്ലോ, ചന്നമല്ലികാർജുനാ.

167.

വേദശാസ്ത്ര ആഗമപുരാണങ്ങളെല്ലാം

ഉരലിലിട്ടുകുത്തിയ നുറുക്കും തവിടുമാണു ഭോ!

ഇതു കുത്തുന്നതെന്തിനു്, പാറ്റുന്നതെന്തിനു്?

അങ്ങുമിങ്ങും ഒഴുകുന്ന മനത്തെ ശിവനു് അർപ്പിച്ചാൽ

പച്ചപ്പരവെളിയല്ലോ, ചന്നമല്ലികാർജുനാ.

168.

ഞാൻ നിനക്കിണങ്ങി, നീയെനിക്കിണങ്ങി,

നീ എന്നെ അകലാതിരിക്കുന്നു,

ഞാൻ നിന്നെയകലാതിരിക്കുന്നു,

നിനക്കും എനിക്കും മറ്റൊരിടമുണ്ടോ?

നീ കരുണാവാനെന്നറിയുന്നു ഞാൻ,

നീയിരുത്തിയ ഗതിയിൽ ഇരിപ്പവൾ ഞാൻ,

നിനക്കറിയില്ലേ, ചന്നമല്ലികാർജുനാ?

169.

കനലില്ലാത്ത തീയിൽ വെന്തേനമ്മാ,

മുറിവില്ലാത്ത വ്രണത്താൽ നൊന്തേനമ്മാ,

സുഖം കാണാതെയുഴറി പാഞ്ഞലഞ്ഞേനമ്മാ,

ചന്നമല്ലികാർജുനനു് ഇണങ്ങി

അരുതാത്ത ഭവങ്ങളിൽ വന്നേനമ്മാ.

170.

കാമന്റെ തലയരിഞ്ഞു്, കാലന്റെ കണ്ണുകളഞ്ഞു്

സോമസൂര്യരെ വറുത്തുപൊടിച്ചു തിന്നുന്നോൾക്കു

സിന്ദൂരം ചാർത്താൻ ആർക്കാകും, ചൊല്ലയ്യാ,

നീ മണവാളനായി, ഞാൻ മണവാട്ടിയായി,

വേഗതയും കാറ്റും ചേർന്ന പോലെ

അല്ലേ, ശ്രീഗിരി, ചന്നമല്ലികാർജുനയ്യാ?

171.

ഒരുവനു് ഇഹമുണ്ടു്, ഒരുവനു പരമുണ്ടു്,

ഒരുവനു് ഇഹമില്ല, ഒരുവനു പരമില്ല,

ഒരുവനു് ഇഹപരങ്ങൾ രണ്ടുമില്ല,

ചന്നമല്ലികാർജുനന്റെ ശരണർക്കു്

ഇഹപരങ്ങൾ രണ്ടുമുണ്ടു്.

172.

ഒരുവന്റെ വീട്ടിൽ പിറന്നു്,

ഒരുവന്റെ വീട്ടിൽ ഉണ്ടു്,

ഒരുവന്റെ വാതിൽ കാത്താൽ, നമുക്കെന്തയ്യാ?

നീ ആർക്കിണങ്ങിയാലും നമുക്കെന്തയ്യാ?

ചന്നമല്ലികാർജുനയ്യാ,

ഭക്തിക്കായി കേണു വായ് വരണ്ടയ്യാ.

173.

കായം നിനക്കർപ്പിതമായി,

കരണം നിനക്കർപ്പിതമായി,

എനിക്കൊന്നുമറിയില്ലയ്യാ,

എന്റെ ഗതി നീയായി, എന്റെ മതി നീയായി,

പ്രാണൻ നിനക്കർപ്പിതമായി;

നിന്നെ വിട്ടു മറ്റൊന്നു നിനച്ചാൽ

നോക്കിക്കോ, ചന്നമല്ലികാർജുനാ, നിന്നാണ.

174.

സാക്ഷി ചത്തു, പത്രം വെന്തു, കണക്കു തീർന്നു,

ജീവജീവിതത്തിൻ ആശ നിന്നു, ഭാഷ ഒടുങ്ങി.

ദേശമൊട്ടുക്കറിഞ്ഞു, എന്റെ ദേവൻ

ചന്നമല്ലികാർജുനനെ നമ്പി

ഞാൻ ഇടരു മറന്നെന്നു്.

175.

കണ്ണുകൾക്കുള്ളിൽ തിളങ്ങി വിളങ്ങുന്ന

ദിവ്യരൂപം കണ്ടു മെയ്മറന്നേനമ്മാ,

മണിമകുടത്തിന്റെ, ഫണികങ്കണത്തിന്റെ,

ചിരിമുഖത്തിന്റെ,

നിരപ്പല്ലിന്റെ സൗന്ദര്യം കണ്ടു മനം തോറ്റമ്മാ,

ഇങ്ങനെ ചന്നമല്ലികാർജുനൻ എന്റെ മണവാളൻ,

ഞാൻ മണവാട്ടി, കേൾക്കൂ, തായേ.

176.

തനു ഇണങ്ങി, മനമിണങ്ങി,

പ്രാണനും ഇണങ്ങി,

മുനിഞ്ഞു്, വരാതിരിപ്പതെന്തേ, ഇനിയും നീ?

എന്റെ പ്രാണനിൽ കലർന്നുചേർന്നു്,

മനസ്സിൻ മനമായി നിന്ന

എന്റെ ദേവൻ ചന്നമല്ലികാർജുനനെ കാണാതെ

ഞാനെങ്ങനെ ജീവനോടിരിക്കുമയ്യാ?

177.

കട്ടിനെയ്ക്കും തെളിനെയ്ക്കും വ്യത്യാസമുണ്ടോ, അയ്യാ?

ദീപത്തിനും ദീപ്തിയ്ക്കും ഭേദമുണ്ടോ, അയ്യാ?

അംഗത്തിനും ആത്മാവിനും ഭിന്നതയുണ്ടോ, അയ്യാ?

എന്റെ അംഗത്തെ ശ്രീഗുരു

മന്ത്രമാക്കി കാട്ടിയതിനാൽ

സാവയവത്തിനും നിരവയവത്തിനും ഭിന്നമില്ലയ്യാ.

ചന്നമല്ലികാർജുനദേവനിൽ കലർന്നു്

മതികെട്ടിരിക്കുന്നോളെ,

എന്തിനു പറയിപ്പിക്കുന്നയ്യാ?

178.

ഭാനുവെപ്പോലിരിക്കുന്നു ജ്ഞാനം,

ഭാനുകിരണം പോലിരിക്കുന്നു ഭക്തി,

ഭാനുവിനെ വിട്ടു കിരണങ്ങളില്ല,

കിരണങ്ങൾ വിട്ടു ഭാനുവുമില്ല.

ജ്ഞാനമില്ലാത്ത ഭക്തി, ഭക്തിയില്ലാത്ത ജ്ഞാനം-

അതെങ്ങനെയിരിക്കും, ചന്നമല്ലികാർജുനാ?

179.

എന്റെ മനപ്രാണഭാവങ്ങൾ

നിന്നിൽ നിന്നശേഷം

കായത്തിൻ സുഖമതെന്തെന്നറിയില്ല, എനിക്കു്,

ആരു തൊട്ടു, തോണ്ടിയെന്നുമറിയില്ല,

ചന്നമല്ലികാർജുനന്റെ മനസ്സിൽ

ഉരുകിച്ചേർന്ന പിന്നെ

പുറത്തെന്തായി എന്നൊന്നുമറിയില്ല.

180.

വന്ധ്യ പേറ്റുനോവറിയുമോ?

വളർത്തമ്മ മുത്തമറിയുമോ?

നൊന്തവരുടെ നോവ്

നോവാത്തവർ എങ്ങനെയറിയാൻ?

ചന്നമല്ലികാർജുനൻ തിരുകിയ അലക്

ഉടലിൽ മുറിഞ്ഞിരിക്കും എന്നഴല്

നിങ്ങളെന്തറിയാൻ, എന്റെ അമ്മമാരേ!

181.

തീയിട്ടാൽ ശീതളമെനിക്കു്,

മല മേലെ വീണാൽ പുഷ്പമെനിക്കു്,

സമുദ്രത്തിൽ മുക്കിയാൽ നീർച്ചാലെനിക്കു്,

ചന്നമല്ലികാർജുനാ, നിന്റെ ആണ എന്നതു്

തലയിലേറ്റാൻ വയ്യാത്ത ഭാരമെനിക്കു്.

182.

തനുവിനപ്പുറം, മനത്തിനപ്പുറം,

ഘനത്തിനപ്പുറം.

അതിന്നപ്പുറം ഭാവുകരില്ലാത്തതിനാൽ സാക്ഷിയില്ല;

ചന്നമല്ലികാർജുനൻ

കലരാനാവാത്ത നിജതത്ത്വം.

183.

ഗിരിയിലല്ലാതെ പുൽപ്പറമ്പിലാടുമോ, മയിൽ?

തടാകത്തിലല്ലാതെ കൈത്തോട്ടിലിറങ്ങുമോ,

ഹംസം?

മാമരം തളിർത്തല്ലാതെ സ്വരമുയർത്തി

പാടുമോ കുയിൽ?

പരിമളമില്ലാത്ത പുഷ്പം നുകരുമോ ഭ്രമരം?

എന്റെ ദേവൻ ചന്നമല്ലികാർജുനനിലല്ലാതെ

അന്യത്തിൽ തുനിയുമോ എൻ മനം?

പറയൂ, തോഴിമാരേ.

184.

പിറപ്പുചാവുകളുടെ കെട്ടുകൾ കളഞ്ഞു,

പൊന്നിൻ, മണ്ണിൻ, മായയെ അവൻ മാറ്റിയമ്മാ,

എന്റെ തനുവിൻ ലജ്ജയെ ഇറക്കി,

എന്റെ മനസ്സിൻ ഇരുട്ടിനെ കളഞ്ഞു,

ചന്നമല്ലികാർജുനയ്യനുള്ളിലായവളെ

എന്തൊന്നു പറിയിപ്പിക്കാനമ്മാ?

185.

ഉടലില്ലാത്ത, ഉരിയാടാത്ത, ഒടുക്കമില്ലാത്ത

നല്ലോനോടൊത്തുകൂടി സുഖിയായി, കേൾക്കയ്യാ,

ഭാഷാ വ്യവഹാരമില്ല, ഇണങ്ങില്ലിനി അന്യത്തിനു്,

ആശിക്കയുമില്ലിനി ഞാൻ സുഖത്തെ,

ആറഴിഞ്ഞു മൂന്നായി, മൂന്നഴിഞ്ഞു രണ്ടായി,

രണ്ടഴിഞ്ഞു് ഒന്നായി നിന്നേനമ്മാ.

ബസവണ്ണൻ മുതലായ ശരണർക്കു ശരണാർത്ഥി

ആ പ്രഭുവിനാൽ കൃതകൃത്യയായി ഈ ഞാൻ,

മറക്കാനാവില്ല; നിങ്ങളുടെ ശിശുവായൊരീയെന്നെ

ചന്നമല്ലികാർജുനനോടു കലർത്തെന്നു

കേണിടുന്നേൻ.

186.

സപ്തധാതുക്കളിൽ നിന്നുണ്ടായ

ഈ ശരീരം തന്നെ

ശിവന്റെ പട്ടണമെന്നു് കേൾവിപ്പെട്ടതു്.

ഈ പിണ്ഡമെന്ന പട്ടണത്തിൽ,

സൂക്ഷ്മമായ അന്തരാകാശത്തിൽ

മനോഹരമായിരിക്കും

ഹൃദയകമലമാണു് അന്തഃപുരം.

അവിടെ നിത്യപരിപൂർണ്ണതയാൽ സിദ്ധനായി

സച്ചിദാനന്ദം തന്നെ അടയാളമായുള്ള പരമശിവൻ

ജലത്തിൽ കാണപ്പെടുന്ന ആകാശംപോലെ

പ്രത്യക്ഷനായി, പ്രകാശംതന്നെ

സ്വരൂപമായുള്ളവനായി ഇരിക്കുന്നു;

ആ ജലമദ്ധ്യത്തിലെ ആകാശബിംബത്തിലിരിക്കുന്ന

ഘടാകാശത്തിന്റെ ഉപാധിയിൽ

അഖണ്ഡിതനായിരിക്കും ചിദ്രൂപനായി ശിവനെ

ഭാവിക്കുന്നേനയ്യാ, ചന്നമല്ലികാർജുനാ.

187.

വനമെല്ലാം കല്പതരു, ചെടിയെല്ലാം സഞ്ജീവനി,

ശിലയെല്ലാം സ്പർശമണി,

നിലമെല്ലാം അവിമുക്തിക്ഷേത്രം,

ജലമെല്ലാം നിർജ്ജരാമൃതം, മൃഗമെല്ലാം പുരുഷാമൃഗം,

ഇടരും ചരലെല്ലാം ചിന്താമണി,

ചന്നമല്ലികാർജുനയ്യന്റെ പ്രിയയീ ഗിരിസുത

തെരഞ്ഞുവന്നു് കദളീവനം കണ്ടേനയ്യാ.

188.

നിത്യമെന്ന നിജപദം എന്നടുത്തേക്കു്

ഇറങ്ങിവന്നതു കണ്ടമേലെ

ചിത്തമുരുകി മനംതുരന്നു് ഹൃദയം

വിടർന്നു, നോക്കയ്യാ.

വരിഞ്ഞുകെട്ടിയ ബന്ധനത്തിൽ

അങ്ങുമിങ്ങുമൊന്നും അറിയാതെ

ചന്നമല്ലികാർജുനന്റെ പാദത്തിൽ

മറന്നുചാരി ഞാൻ, നോക്കയ്യാ.

189.

കൈയിലെ ധനം എടുക്കാം, മെയ്യുടെ ഭാഷ പിടിച്ചെടുക്കാനാകുമോ,

ഉടുത്ത ഉടയാട വലിച്ചൂരിയെടുക്കാം

ആകവേ മൂടുന്ന നഗ്നതയെ വലിച്ചൂരി എടുക്കുമോ?

നോക്കുവിൻ എന്റെ അണ്ണന്മാരേ,

ചന്നമല്ലികാർജുനദേവന്റെ വിളക്കുടുത്തു്

ലജ്ജകെട്ടവൾക്കു് ഉടയാടയുടെ,

ആഭരണാലങ്കാരങ്ങളുടെ ഹുങ്കെന്തിനു്, മഠയരേ?

190.

മരവും മരവും ഉരുമ്മി തീപ്പൊരി പിറന്നു്

ചുറ്റുമുള്ള തരുമരാദികളെ ചുട്ടു.

ആത്മാവും ആത്മാവും മഥിച്ചു് അനുഭവം പിറന്നു്,

പുതച്ചിരുന്ന തനുഗുണാദികളെ ചുട്ടു.

ഇത്തരം അനുഭവികളുടെ അനുഭവം കാണിച്ചു്

എന്റെ ഉടലിനെ കാത്തുകൊൾക

ചന്നമല്ലികാർജുനാ.

191.

കാന്തൻ നീ കാന്ത ഞാൻ, വേറൊരുത്തരുമില്ല;

നിന്റെ പിമ്പേ ഞാൻ ഇഷ്ടപ്പെട്ടു് ഓടിവന്നേ.

കണ്ടു കണ്ടവരെല്ലാം ബലത്താൽ

കൈപിടിച്ചെന്നാൽ,

കാന്താ, നിനക്കു സഹിക്കാനെങ്ങനെ കഴിയുന്നു,

ചൊല്ലൂ,

ചന്നമല്ലികാർജുനയ്യാ,

നിന്റെ തോളിൽ നിന്നിവളെ

അന്യർ വലിച്ചിഴക്കുന്നതും

നോക്കിയിരിപ്പതു് ഉചിതമോ

കാരുണികർക്കരചനേ?

192.

മുലയും മുടിയും ഉണ്ടെങ്കിലെന്തു്,

മൂക്കില്ലാത്തൊരുവൾക്കു്?

തലമേൽ തട്ടമെന്തിനു്

സഹജസങ്കല്പമില്ലാത്തോൾക്കു്?

ജലത്തിൽ പിറന്നു് കുമിള ജാതിസ്മരണ ഒഴിഞ്ഞു,

പലരുടെ വഴികളിൽ ഹരിസുരർക്കു്

നിന്റെ നിലകാട്ടിയല്ലോ,

ശ്രീഗിരി ചന്നമല്ലികാർജുനാ!

193.

മുത്തു് നീരിലുണ്ടായി, ആലിപ്പഴവും നീരിലുണ്ടായി,

ഉപ്പും നീരിലുണ്ടായി.

ഉപ്പു് അലിഞ്ഞു, ആലിപ്പഴവും അലിഞ്ഞു,

മുത്തു് അലിഞ്ഞതു കണ്ടവരാരുമില്ല;

ഈ സംസാരിമാനവർ ലിംഗത്തെ

തൊട്ടു് ഭവഭാരികളായി,

ഞാൻ നിന്നെത്തൊട്ടു് രൂപംകൊണ്ടേനയ്യാ,

ചന്നമല്ലികാർജുനയ്യാ.

194.

വീടൊന്നും വിടാതെ കൈനീട്ടി

ഇരക്കുമ്പോലാക്കയ്യാ,

ഇരന്നാലും അവരൊന്നും തരാതെ ആക്കയ്യാ.

തന്നാലും നിലത്തതു വീഴുമാറാക്കയ്യാ,

നിലത്തുവീണതു ഞാനെടുക്കും മുമ്പ്

നായ് എടുക്കുമാറാക്കയ്യാ, ചന്നമല്ലികാർജുനാ.

195.

മദനാരിയെന്ന മഴ ചൊരിയുമ്പോൾ,

ശിവയോഗമെന്ന പുഴ പൊങ്ങിവരുമ്പോൾ

കാമൻതന്നെ കടത്തുകാരനായി, നോക്കൂ,

കർമ്മത്തിൻ കടൽ എന്നെ വലിച്ചാഴ്ത്തുമ്പോൾ

കൈതന്നു കരയേറ്റൂ, ചന്നമല്ലികാർജുനാ.

196.

ചത്ത പിണം എഴുന്നേറ്റതുണ്ടു്,

പൂഴ്ത്തിവച്ച ആശ കൂകിവിളിച്ചതുമുണ്ടു്,

ഉറയൊഴിച്ച പാലു കട്ടപിടിച്ചു് മധുരിച്ചതുണ്ടു്,

ഇതു നിശ്ചയിച്ചു നോക്കൂ,

ചന്നമല്ലികാർജുന ദേവനിൽ.

197.

മറന്നുറങ്ങി, സ്വപ്നം കണ്ടെഴുന്നേറ്റപ്പോൾ

ചത്ത പിണം എഴുന്നേറ്റു.

തന്റെ ഋണമായ നിധി കൂകിവിളിച്ചു.

ഉറയൊഴിച്ച പാലു കട്ടിനെയ്യായി മധുരിച്ചു,

ഇതിൽ കുറ്റം ചാർത്തുവതെന്തിനു്

ചന്നമല്ലികാർജുന ദേവദേവനിൽ, അണ്ണന്മാരേ?

198.

വെളിയിൽ നിന്നു പിറന്ന പരം എന്നൊരമ്മയ്ക്കു്

ഐവർ മക്കൾ ജനിച്ചിരുന്നു.

ഒരുവനു് ഭാവരൂപം, ഒരുവനു് പ്രാണരൂപം,

ഒരുവൻ അഞ്ചുമുഖമായി കായരൂപനായി.

ഇരുവർ ഉത്പത്തിസ്ഥിതികൾക്കു കാരണമായി.

ഐമുഖന്റെ അരമന സുഖമില്ലിതെന്നു്

കൈലാസത്തിലേക്കു പോകുമേൻ,

മർത്ത്യത്തിലിനി അടിയിടില്ല,

ചന്നമല്ലികാർജുനദേവാ,

നീയേ സാക്ഷി.

199.

മനമെന്റെതു്, തനുവെന്റെതു്,

ധനമെന്റെതു് എന്നു പറയില്ല ഞാൻ,

മനം നിന്റെതു്, തനു നിന്റെതു്,

ധനം നിന്റെതു് എന്നിരിക്കും ഞാൻ,

സതി ഞാൻ, പതിയുണ്ടു്, സുഖമുണ്ടെന്നതു്

മനഭാവത്തിൽ അറിഞ്ഞെന്നാൽ, നിന്നാണ, അയ്യാ,

നീയിരുത്തിയ ഗൃഹത്തിൽ

നിന്നിച്ഛപോലിരിക്കുകയല്ലാതെ

അന്യം ഞാനറിയില്ല, നോക്കൂ, ചന്നമല്ലികാർജുനാ.

200.

നോക്കില്ലെന്നവരെ നോക്കിക്കും,

മിണ്ടില്ലെന്നവരെ മിണ്ടിക്കും,

ഇണങ്ങില്ലെന്നവരെ ഇണക്കും,

ഇണങ്ങിയെന്നവരെ തുലയ്ക്കും, നോക്കയ്യാ,

ചന്നമല്ലികാർജുനയ്യാ,

നീയല്ലാതന്യരുടെ മുഖം നോക്കില്ലെന്നാൽ

നോക്കുമാറാക്കിയല്ലോ, തന്തേ.

201.

കൈയിലെ ചങ്ങല കളഞ്ഞല്ലോ,

കാലിൽ ചുറ്റിയ പാശം അറുത്തല്ലോ,

ചുറ്റിവരിഞ്ഞ വലയുടെ

കുടുക്കിൽനിന്നു് പുറത്തുവിട്ടല്ലോ,

ചന്നമല്ലികാർജുനാ, നീ തന്ന അവധി തീരുമ്മുമ്പേ

ചേരും ഞാൻ നിന്നിൽ.

202.

വെട്ടിയിട്ട മുളയിൽ വീണ്ടും കൂമ്പു മുളയ്ക്കുമോ?

ചുട്ടമൺകലം വീണ്ടും മണ്ണോടു ചേരുമോ?

ഞെട്ടറ്റു വീണ പഴം വീണ്ടും മരത്തിലിരിക്കുമോ?

കഷ്ടകർമ്മിമനുജർ കാണാതെ ഒന്നു പറഞ്ഞാലും

നിഷ്ഠയുള്ള ശരണർ വീണ്ടും

മർത്ത്യലോകത്തിലേക്കു വരുമോ

ചന്നമല്ലികാർജുനാ?

203.

അന്തമില്ലാത്ത ഭക്തി,

ദൃഢതയില്ലാത്ത ഭരണം,

മൃഡൻ അരുളണമെന്നു പറഞ്ഞാൽ

എങ്ങനെ അരുളുമയ്യാ?

കാട്ടാനാവില്ല ദുർമ്മനം,

കാട്ടിയാൽ മനത്തിനുടയോൻ അറിയാതിരിക്കുമോ?

ഇടവിടാതെ ജപമണി എണ്ണിയോൻ

നീയെന്നു ചൊല്ലിലും

ധൂർത്താ, ചന്നമല്ലികാർജുനയ്യൻ

എങ്ങനെ നിന്നോടിണങ്ങുമയ്യാ?

204.

ധനത്തിൻ മേലെ വന്നവരൊക്കെ

അനുസാരികളല്ലാതെ,

മതിയാക്കാൻ വന്നവരല്ല;

മനത്തിന്മേൽ വന്നു നിന്നു് ഞെരിച്ചു്

പറഞ്ഞു് പഥം കാട്ടാനാകുവോനേ സംബന്ധി;

അതല്ലാതെ തന്നിച്ഛപോലെ പറഞ്ഞ്

തന്നുദരം പേറി നടക്കും

വിടന്മാരോടിണങ്ങുമോ

ചന്നമല്ലികാർജുനൻ?

205.

വടവൃക്ഷത്തിലടങ്ങിയ സമരസബീജം

ഭിന്നഭാവത്തിലേക്കു വരുമോ?

കൺകളുടെ നോട്ടം,

നിലകൊണ്ട മനസ്സിൻ സൗഭാഗ്യം,

അനംഗന്റെ പോരിനെ വെന്നതു്, കാണൂ.

ഈ മരീചികാജലത്തിലടങ്ങിയ പ്രാണി

വ്യാധന്റെ വലയിൽ പെടുമോ?

നിന്റെ കൈവശം കിട്ടിപ്പോയിവൾ

എന്നതു മറന്നേക്കൂ, മഠയാ.

ചന്നമല്ലികാർജുനനല്ലാത്ത പരപുരുഷൻ

നമുക്കാകാത്ത മുറ, നോക്കണ്ണാ.

206.

മുത്തു് ഉടഞ്ഞാൽ വിളക്കാനാകുമോ?

മനസ്സു മുറിഞ്ഞാൽ സ്വാന്ത്വനിപ്പിക്കാനാകുമോ?

പുണരൽ വേർപ്പെട്ട സുഖം

വീണ്ടും തെരഞ്ഞാൽ ഉണ്ടോ?

നോക്കാതിരിക്കൂ, പീഡിപ്പിക്കാതിരിക്കൂ,

മനം വളയ്ക്കാതിരിക്കൂ.

ഭാഷ തെറ്റിയാൽ മുൾമുനയുടെ കനൽപോലെ,

പ്രിയവും കോപവും പോകാതിരിക്കുമ്പോൾ

ചന്നമല്ലികാർജുനനോടു ചേർന്നു

ധാതുകെടുക സാധ്യമോ?

207.

ഗംഗയോടു കളിച്ച ഘട്ടപർവ്വതങ്ങൾ

കെട്ട കേടു നോക്കയ്യാ,

അഗ്നിയോടു കളിച്ച കാഷ്ഠങ്ങൾ

കെട്ട കേടു നോക്കയ്യാ,

ജ്യോതിസ്സോടു കളിച്ച ഇരുട്ടു കെട്ട കേടു നോക്കയ്യാ,

ജ്ഞാനിയോടു കളിച്ച അജ്ഞാനി

കെട്ട കേടു നോക്കയ്യാ,

അല്ലയോ പരശിവമൂർത്തി ഹരനേ,

നിന്റെ ജംഗമലിംഗത്തോടു കളിച്ചു്

എന്റെ ഭവാദിഭവങ്ങൾ കെട്ട കേടു നോക്കയ്യാ

ചന്നമല്ലികാർജുനാ.

208.

കുലഗിരി ശിഖരത്തിൻമേൽ

വാഴവിളയുന്നുവെന്നു പറഞ്ഞാൽ

വാഴ വിളയുന്നയ്യാ എന്നു പറയണം.

ഉരകല്ലു് ഇടിച്ചു പൊടിച്ചു് ചവയ്ക്കാമെന്നു പറഞ്ഞാൽ

അതു് അത്യന്തം മൃദുവാണു്, ചവയ്ക്കാമെന്നു പറയണം.

കിട്ടിയിടത്തെല്ലാം ഉചിതമായ് പറയുന്നതു കാരണം

ചന്നമല്ലികാർജുനയ്യാ, മർത്ത്യത്തിൽ വന്നതിനു് ഇതു തന്നെ ജയം.

209.

കണ്ടാൽ ഒരു സുഖം,

മിണ്ടിപ്പറഞ്ഞാൽ അനന്തസുഖം,

ഇണങ്ങിച്ചേർന്നാൽ ഒടുങ്ങാത്ത ഹർഷം.

ചേർന്ന സുഖമകന്നാൽ പ്രാണൻ

പോയപോലെ, നോക്കയ്യാ.

ചന്നമല്ലികാർജുനദേവയ്യാ, നിന്നെ കാട്ടിത്തന്ന

ശ്രീഗുരുവിൻ പാദം തന്നെ നീയെന്നു കാണും ഞാൻ.

210.

കായത്തിൻ ചന്തം ഒരുവൻ കണ്ടു കൊതിച്ചു,

അവനു് മാംസം തൂക്കി വിലയ്ക്കു കൊടുക്കും ഞാൻ,

എന്റെ പ്രാണന്നുടയോനു്

എന്റെ ഹൃദയം ചൊരിഞ്ഞുകൊടുക്കും,

ചന്നമല്ലികാർജുനദേവൻ മുനിഞ്ഞു് ഭവിയ്ക്കു വിറ്റെന്നാൽ

തുമ്പുകെടാതിരിയെടോ, മനമേ.

211.

ഇന്ദ്രനീലത്തിൻ ഗിരിയിലേറിക്കൊണ്ടു്.

ചന്ദ്രകാന്തത്തിൻ ശിലയെപ്പുണർന്നുകൊണ്ടു്,

കൊമ്പുവായിച്ചുകൊണ്ടു് എന്നിരിക്കുമേൻ ശിവനേ,

നിന്നെ നിനച്ചുകൊണ്ടു് എന്നിരിക്കും ഞാൻ?

അംഗഭംഗം, മനഭംഗം അഴിഞ്ഞ്

നിന്നോടു് എപ്പൊഴൊന്നു ചേരും ഞാൻ

ചന്നമല്ലികാർജുനാ?

212.

മുമ്പു ചെയ്തതിനെയാർക്കും കളയാനാവില്ല.

അതു് മുതുകിൻ പിമ്പെ വന്നുകൊണ്ടിരിയ്ക്കും.

അതിനെയിനി കളഞ്ഞെന്നാൽ

എന്നിച്ഛയുണ്ടോ, അയ്യാ?

ചന്നമല്ലികാർജുനനെനിക്കു കെട്ടിയ കെട്ടുപാട്

എന്നിൽ ഞാൻ തന്നെ അനുഭവിച്ചുകളഞ്ഞേ!

213.

ചിതയിലെ ശവംപോലെ,

നൂലു പൊട്ടിയ പാവപോലെ,

ജലം വറ്റിയ തടാകം പോലെ,

വെന്ത നൂലുപോലെ?

വീണ്ടും പിമ്പോട്ടുണ്ടോ, അണ്ണാ,

ചന്നമല്ലികാർജുനന്റെ അംഗംതന്നെ

ആശ്രയമായവൾക്കു്?

214.

ലോകത്തെ പിടിച്ചു് ലോകത്തിൻ

സംഗം പോലിരിക്കും,

ആകാരം പൂണ്ടു് സാകാരസഹിതം നടക്കും,

പുറമേ കലർന്നു് അകമേ മറന്നിരിക്കും,

വെന്ത നൂൽപോലെ കൂടിപ്പിണയാതിരിക്കും,

എന്റെ ദേവൻ ചന്നമല്ലികാർജുനയ്യാ,

പത്തിനുള്ളിൽ പതിനൊന്നായി,

നീരിൽ താമരപോലിരിക്കും.

215.

ഭാവം വിരസമായി, മനം മൃത്യുവെപ്പുണർന്നു,

ഞാനെന്തു ചെയ്യാനയ്യാ?

അഴൽ നിറഞ്ഞ മനം തലകീഴായി,

ഞാനെന്തു ചെയ്യാനയ്യാ?

അഴിഞ്ഞു വേർപെടാത്ത ഭാവമായി

കലർന്നൊരിക്കൽ നിന്റെ നിത്യസുഖത്തിൽ

എന്നിരിക്കുമേനയ്യാ, ചന്നമല്ലികാർജുനയ്യാ?

216.

കണ്ണുകാണണമെന്നു് കൂരിരുട്ടിലേക്കു

പോയാലെങ്ങനെ അയ്യാ?

മലമുകളിലെത്തണമെന്നു്

പടുകുഴികളിലിറങ്ങിയാലെങ്ങനയ്യാ?

നീ തന്ന ഭിക്ഷയിൽ തൃപ്തിപ്പെടാതെ

വേറെ ആശിച്ചാലെങ്ങനയ്യാ?

ചന്നമല്ലികാർജുനന്റെ ഘനത്തെയറിയണമെന്നു്

കുരുത്തക്കേടു കാട്ടിയാലെങ്ങനയ്യാ?

217.

നുണയും നേരുമെന്നീ രണ്ടും

പിടിച്ചുനടക്കുന്നു ലോകമെല്ലാം,

നുണയും നേരുമെന്നീരണ്ടും

പിടിച്ചുപറയുന്നു ലോകമെല്ലാം,

നുണയും നേരുമെന്നീ രണ്ടും

പിടിച്ചുനടക്കുമോ നിന്റെ ശരണൻ?

ഗുരുലിംഗജംഗമരിൽ നുണ ചെയ്താൽ

അവൻ ത്രിവിധത്തിനും ദ്രോഹി, അഘോര നരകം,

അവൻ ഉണ്ണുന്നതെല്ലാം തുരുമ്പു്,

തിന്നുന്നതെല്ലാം മലം,

കുടിക്കുന്നതെല്ലാം സുര;

നുണയെന്നതേ പുല, ശിവഭക്തനു പുലയുണ്ടോ അയ്യാ?

നുണപറഞ്ഞു് ലിംഗപൂജ ചെയ്താൽ

പതിരു വിതച്ചിട്ടു് വിള കാത്തിരിക്കുമ്പോലെ,

അല്ലേ, ചന്നമല്ലികാർജുനാ?

218.

ഫലം ഉള്ളിൽ പക്വമായാലല്ലാതെ

പുറംതോൽ പൊളിയില്ല,

കാമന്റെ മുദ്രകണ്ടു് നിങ്ങൾക്കു

നോവുണ്ടായേക്കുമെന്ന

ഭാവത്താൽ മെയ് മറച്ചു ഞാൻ;

ഇതിനു നോവെന്തിനു്? ഉപദ്രവിക്കാതിരിക്കണ്ണാ,

ചന്നമല്ലികാർജുനദേവന്റെ ഉള്ളിലായവളെ.

219.

പഞ്ചേന്ദ്രിയഗുണങ്ങളിലൊന്നിനു്

പ്രിയനായാൽ പോരേ?

സപ്തവ്യസനങ്ങളിൽ ഒന്നിനു പ്രിയനായാൽ പോരേ?

രക്തത്തിൻ ചങ്ങലയായാലെന്തു്,

ബന്ധനം വിടുമോ, ചന്നമല്ലികാർജുനാ?

220.

ഏതു വിദ്യ പഠിച്ചാലെന്തു്?

ചാവിൻ വിദ്യ മുതുകിൽ കേറിയിരിക്കുന്നു,

അശനം വിട്ടാലെന്തു്, വ്യസനം മറന്നാലെന്തു്?

ശ്വാസം പിടിച്ചാലെന്തു്, വയർ മുറുക്കിയാലെന്തു്

ചന്നമല്ലികാർജുനദേവയ്യാ,

നിലംതന്നെ കാവൽക്കാരനായാൽ,

കള്ളനെവിടെപ്പോകാൻ?

221.

വിളങ്ങും ചെഞ്ചിടമേലെ ഇളയവെൺതിങ്കൾ,

ഫണിമണികർണ്ണകുണ്ഡലം, കാണമ്മാ,

തലയോട്ടിമാലകളണിഞ്ഞവനെ കണ്ടാൽ

ഒന്നുവരാൻ പറയമ്മാ,

ഗോവിന്ദന്റെ നയനം കാൽവിരലിൽ ഉള്ളതേ

ചന്നമല്ലികാർജുനദേവന്റെ അടയാളമമ്മാ.

222.

ആശകളറ്റു, പൊളിവിഷയങ്ങൾ പിന്മാറി,

സംശയസംബന്ധം വിസംബന്ധമായി, നോക്കൂ,

എന്റെ മനസ്സിനുള്ളിലെ ഘനപരിണാമം കണ്ട്

മനം മൗനമായയ്യാ;

ചന്നമല്ലികാർജുനയ്യാ,

നിന്റെ ശരണൻ പ്രഭുദേവരുടെ കരുണയാൽ

ഞാൻ രക്ഷപ്പെട്ടയ്യാ.

223.

തനു ശുദ്ധം, മനം ശുദ്ധം, ഭാവം ശുദ്ധമായവരെ

എനിക്കൊന്നു കാട്ടിത്തരൂ,

നടത്തയിൽ സദാചാരം, മൊഴിയിൽ ശിവാഗമം-

നിത്യശുദ്ധരായവരെ എനിക്കൊന്നു കാട്ടിത്തരൂ.

ഇരുളിനെ മെതിച്ചു വിളങ്ങുന്ന,

അകവും പുറവും ഒന്നായിനിന്ന

നിന്റെ ശരണരെയെനിക്കൊന്നു കാട്ടിത്തരൂ,

ചന്നമല്ലികാർജുനാ.

224.

പകലില്ലാതെ ഇരുളില്ലാതെ,

ഉദയമില്ലാതെ അസ്തമയമില്ലാതെ,

പിമ്പില്ലാതെ മുമ്പില്ലാതെ,

നീയല്ലാതെ ഒന്നുമില്ലാതെ,

മനം ഘനമാകുന്നില്ലയ്യാ.[14]

ഇരുളിൽ കണ്ണാടിനോക്കി ഞാൻ വ്യാകുലയായി;

നിന്റെ ശരണൻ ബസവണ്ണന്റെ തേജസ്സില്ലാതെ

ഞാനിനിയെങ്ങു കാണും, ചൊല്ലൂ,

ചന്നമല്ലികാർജുനാ.

225.

ഇന്നെന്റെ വീട്ടിലേക്കു് ഉടയോർ വന്നാൽ

തനുവെന്ന കലശത്തിലുദകം നിറച്ചു്

കൺകോണിന്നരുവിയാൽ പാദാർച്ചന ചെയ്യും;

നിത്യശാന്തിയെന്ന ശൈത്യത്തോടെ

സുഗന്ധം പൂശും,

അക്ഷയ സമ്പദമെന്നറിഞ്ഞു് അക്ഷതമൊരുക്കും,

ഹൃദയകമലപുഷ്പത്തോടെ പൂജിക്കും,

സദ്ഭാവനയോടെ ധൂപം വീശും,

ശിവജ്ഞാനപ്രകാശത്തോടെ മംഗളാരതി ഉഴിയും,

നിത്യതൃപ്തിയോടെ നൈവേദ്യം കൈക്കൊള്ളിക്കും,

പരിണാമത്തോടെ കർപ്പൂര താംബൂലം കൊടുക്കും,

പഞ്ചബ്രഹ്മരോടെ പഞ്ചമഹാവാദ്യം കേൾപ്പിക്കും,

ഹർഷത്തോടെ നോക്കും,

ആനന്ദത്തോടെ കുണുങ്ങിയാടും,

പാരവശ്യത്തോടെ പാടും, ഭക്തിയോടെ വണങ്ങും,

നിത്യതയോടെ നൃത്തം ചെയ്യും,

ചന്നമല്ലികാർജുനാ, നിന്റെ നില കാട്ടിയ

ഗുരുവിന്നടിയിൽ മെഴുകായി ഉരുകും.

226.

പൊന്നു മുറിഞ്ഞാൽ വിളക്കാമെന്നല്ലാതെ

മുത്തു് ഉടഞ്ഞാൽ വിളക്കാനാകുമോ?

മനസ്സു മുറിഞ്ഞാൽ മനസ്സിനൊരുവൻ

ഉടയോനുണ്ടോ?

ചന്നമല്ലികാർജുനൻ സാക്ഷിയായി

ഉൾച്ചേരുമെങ്കിൽ ചേർച്ച ഘനം.

227.

ഭയക്കാതിരു മനമേ, വിരളാതിരു തനുവേ,

നിജമറിഞ്ഞു നിശ്ചിന്തനായിരു.

ഫലമുള്ളമരത്തെ കല്ലെറിയുവോർ ഒരുകോടി,

ഇലവിൻ മരത്തിലെറിയുവോരാരുമില്ല, നോക്കൂ.

ഭക്തിയുള്ളവരെ പഴിപ്പവരൊരു കോടി,

ഭക്തിയില്ലാത്തോരെ പഴിപ്പവരാരുമില്ല, നോക്കൂ.

നിന്റെ ശരണരുടെ മൊഴിയേ എനിക്കു ഗതി, സോപാനം, ചന്നമല്ലികാർജുനാ.

228.

കണ്ണുകൾ കളഞ്ഞു്, കുടൽ പറിച്ചു്,

കാമന്റെ മൂക്കു മുറിച്ചു്.

ഭംഗത്തിൻ വഴിയുടെ ഭവത്തെ വെന്നവൾക്കു്

അംഗമെവിടുണ്ടു്, ചൊല്ലൂ.

ശൃംഗാരമെന്ന പക പല്ലിളിച്ചാലെന്തുണ്ടു്?

അംഗമേ ലിംഗമെന്ന വഴിയെനിക്കു ചൊല്ലിത്തരൂ,

ശ്രീഗിരി ചന്നമല്ലികാർജുനാ.

229.

വാനരന്മാർക്കു്, കപ്പൽ ചേതം വന്ന

മുത്തുമാണിക്യനവരത്നങ്ങളുടെ

പെട്ടികൾ കിട്ടി; എന്നാൽ

ആ വാനരന്മാർക്കെന്തറിയാൻ മുത്തിന്റെ രക്ഷ?

നവരത്നപ്പെട്ടികൾ തുറന്നുനോക്കി, കൈയിലെടുത്തു്,

ചവച്ചുനോക്കി, പഴങ്ങളല്ലെന്നു് വിട്ടുകളയും.

ലോകത്തിൽ ശരണൻ നടന്നാൽ

ആ ശരണന്റെ വാക്ചര്യചാരിത്ര്യം

കർമ്മികൾ എന്തറിയാൻ?

ചന്നമല്ലികാർജുനയ്യാ.

നിന്റെ ശരണരുടെ വാഴ്‌വു് നിന്റെ ശരണർക്കറിയാം,

അല്ലാതെ ആ വാനരന്മാരെപ്പോലുള്ള

മനുജർ എന്തറിയാൻ!

230.

ഭീരുവിനു സുഖമില്ല, എന്തു ചെയ്താലുമെന്തയ്യാ?

ധീരനു ഭയമില്ല, എവിടെപ്പോയാലുമെന്തയ്യാ?

ശാന്തനു് അവഗുണമില്ല, കരുണാവാനു ശാപമില്ല,

നിന്നെ നമ്പി, പരധന പരസ്ത്രീയുടെ കാംക്ഷ വിട്ടവനു്

പിന്നെ ഭയമില്ല, അല്ലേ, ചന്നമല്ലികാർജുനാ?

231.

തനുവിനെയൊക്കെ ഞെരുക്കി

മനത്തിനുള്ളിലിരുത്തി,

ഘനസുഖത്തിൽ ആറാടും വഴികാട്ടയ്യാ, എനിക്കു്.

ഭാവമില്ലാത്ത വെളിയുടെ സുഖം

ഭാവിച്ചാൽ അതു വരുമോ ബഹിർമ്മുഖർക്കു്?

കേൾക്കയ്യാ, ശ്രീശൈല ചന്നമല്ലികാർജുനദേവാ,

ഞാനൊഴിഞ്ഞു് നീ നില്ക്കും വഴികാട്ടെനിക്കയ്യാ,

പ്രഭോ.

232.

മൂങ്ങ കണ്ണുകാണാത്തതിനു രവിയെ പഴിക്കുന്നു,

കാക്ക കണ്ണു കാണാത്തതിനു

ശശിയെ പഴിക്കുന്നു,

കുരുടൻ കണ്ണുകാണാത്തതിനു

കണ്ണാടിയെ പഴിക്കുന്നു,

ഇവരൊക്കെ പറയുന്നതു് സഹജം തന്നെ;

ഘോരസംസാരത്തിൽ തപിച്ചെരിയവേ

‘ശിവനില്ല, മുക്തിയില്ല, എല്ലാം പൊളി’

എന്നവനെ നരകത്തിലിടാതെ വിടുമോ

ചന്നമല്ലികാർജുനൻ?

233.

പാലിക്കാത്ത വാക്കു്, പ്രയോഗിക്കാത്ത പഠിപ്പു്,

ചിത്രത്തിലെ സ്ത്രീയുടെ ശൃംഗാരം,

അതെന്തു പ്രയോജനം?

ഇലയില്ലാത്ത മരം, ജലമില്ലാത്ത നദി,

ഗുണമില്ലാത്ത അവഗുണിയുടെ സംഗം,

അതെന്തു പ്രയോജനം?

ദയയില്ലാത്ത ധർമ്മം, ഉഭയമില്ലാത്ത ഭക്തി,

നയമില്ലാത്ത ശബ്ദം, അതെന്തു പ്രയോജനം,

എന്റെ ദേവാ, ചന്നമല്ലികാർജുനാ?

234.

ഉണ്ണട്ടെയെന്നു വന്ന സുഖം ഉണ്ടല്ലാതെ തീരില്ല,

കാണട്ടെയെന്നു വന്ന ദുഃഖം കണ്ടല്ലാതെ തീരില്ല,

തനുവിനു വന്ന കർമ്മം അറുന്ന കാലത്ത്

ചന്നമല്ലികാർജുനദേവൻ കടക്കണ്ണാൽ നോക്കും.

235.

അഘടിത[15] ഘടിതങ്ങളുടെ ഒരുമയിൻ ശിശു

ഞാൻ കെട്ടിയീ ജഗത്തെ വരിഞ്ഞുമുറുക്കി,

കാമക്രോധലോഭമോഹ മദ മത്സരങ്ങൾക്കു്

ഇട്ടു ഞാൻ കാലിൽ തുടലുകൾ;

ഗുരുകൃപയെന്ന തൈലംപൂശി,

മഹാശരണത്തിൻ തിലകമിട്ടു്.

കൊല്ലും ഞാൻ നിന്നെ വെല്ലും

ശിവശരണമെന്ന അലകെടുത്തു്;

വിടു വിടൂ കർമ്മമേ,

നിന്നെ കൊല്ലാതെ വിടില്ല ഞാൻ.

കെട്ടുപോകാതെന്റെ വാക്കു കേൾക്കൂ.

കെടാത്ത ശിവശരണമെന്ന അലകുവാങ്ങി

കൊന്നിടും വെന്നിടും ഞാൻ.

ബ്രഹ്മപാശമെന്ന കളഭം ചാർത്തി

വിഷ്ണുമായയെന്ന ഇടങ്കോൽ തിരുകി,

എന്നുടയോൻ ചന്നമല്ലികാർജുനയ്യൻ

തലയാട്ടിയാലുടനെ ഞാൻ പോരാടും.

236.

എളിയോർ ഉണ്ടു് അറിഞ്ഞവർ, അല്ലാതെ

വലിയോർ ഇതറിവവരില്ല, നോക്കൂ.

ഭക്തനുണ്ടു് അറിഞ്ഞു്, അല്ലാതെയില്ല, നോക്കൂ.

അടയാളമുള്ളതിനെ അറിഞ്ഞതല്ലാതെ

നിരാകുലമതു് അറിവവരില്ല,

ചന്നമല്ലികാർജുനയ്യാ.

237.

വാടിയ പൂവിൽ പരിമളം തേടുമോ?

മകനിൽ കുറ്റം പരതുമോ?

അല്ലയോ ദേവാ, സ്നേഹമിരുന്നിടത്ത്

ദ്രോഹമായാൽ പിന്നെ

വീണ്ടുമവിടെ സദ്ഗുണം കാണുമോ?

അല്ലയോ ദേവാ, വെന്ത പുണ്ണിനെ

വീണ്ടും വേവിക്കയോ?

ചൊല്ലയ്യാ, ശ്രീശൈല ചന്നമല്ലികാർജുനാ,

പുഴ വറ്റിയാൽപിന്നെ തോണിക്കാരനെന്തിനു്?

238.

അയ്യാ, സർവ്വമൂലമായ അഹങ്കാരം പിടിച്ചു്

കുലഭ്രമം, ഛലഭ്രമം ജാതിഭ്രമം,

നാമവർണ്ണ ആശ്രമ മത ശാസ്ത്രഭ്രമം,

തർക്കഭ്രമം രാജ്യഭ്രമം,

ധനധാന്യ പുത്രമിത്രഭ്രമം,

ഐശ്വര്യ ത്യാഗ ഭോഗയോഗ ഭ്രമം,

കായകരണ വിഷയഭ്രമം,

വായു മനഭാവ ജീവമോഹ ഭ്രമം,

നാഹം കോഹം സോഹം മായാഭ്രമം മുതലായ

മുപ്പത്തിരണ്ടു പാശങ്ങളാൽ ഭ്രമിതരായി തിരിയുന്ന

വേഷധാരികളെക്കണ്ടു്,

ശിവശക്തി ശിവഭക്ത ശിവപ്രസാദി

ശിവശരണൻ ശിവൈക്യൻ ശിവജംഗമൻ

എന്നു പറയാനാകാതെ നാണിച്ചു് എന്റെ മനം

നിന്നടികൾക്കു് അഭിമുഖമായയ്യാ,

ചന്നമല്ലികാർജുനയ്യാ.

239.

മനം കലങ്ങിയാൽ പ്രാണൻ

പോയതു പോലാകും, അയ്യാ,

തനുകരണങ്ങൾ മാറ്റിവച്ചു് മനം സമരസമായയ്യാ,

അന്യമറിയില്ല, ഭിന്നമറിയില്ല,

എന്റെ ദേവൻ ചന്നമല്ലികാർജുനന്റെ

വഴിയവൾ ഞാൻ,

കേൾക്കമ്മാ, തായേ.

240.

എന്റെ അണ്ണാ, നീ മണ്ടൻ തന്നെയണ്ണാ,

എന്നെ നീ എന്തറിയാൻ!

പതിന്നാലു ലോകവും വിഴുങ്ങിയ

കാമബാണത്തിൻ ഗുണം!

എന്നെ നീ എന്തറിയാൻ,

കുതിര ഇടറിയാൽ പടയാളി പിന്മാറുമോ?

ഇടറിയ ഭംഗം മുന്നെ രണത്തിൽ തെളിയും;

നീ നിന്നെത്തന്നെ സംഹരിച്ചു് പോരിന്നിറങ്ങുന്നോ?

ചന്നമല്ലികാർജുനനെന്ന പകയ്ക്ക്

ഇരയാകാതിരിയ്ക്കണ്ണാ.

241.

അശനത്തിന്നാശയെ, തൃശയുടെ തൃഷ്ണയെ,

വ്യസനത്തിൻ വേവിനെ,

വിഷയത്തിൻ വിഹ്വലതയെ,

താപത്രയത്തിൻ കല്പനകളെ വെന്നേൻ,

ഇനിയെന്തിനിയെന്താണു നിന്നിച്ഛ?

ചന്നമല്ലികാർജുനാ, നിനക്കഞ്ചുകില്ലഞ്ചുകില്ല.

242.

ഊരു മുമ്പിൽ പാൽപ്പുഴ ഉള്ളപ്പോൾ

നീരുതേടി വന്നല്ലോ ഞാൻ, അയ്യാ.

വൻപുഴയൊഴുക്കിൽ പോയവൾ ഞാൻ

എന്നെ പുണരാതിരിക്കയ്യാ.

നീ നിർബ്ബന്ധിച്ചതിനാൽ വന്നേനയ്യാ.

പേറിനിരുന്നവളെ പിടിച്ചു പുണരുമോ?

എന്റെയോർ വിറ്റെന്നെ നിനക്കു്,

എന്നോടെടുത്തു ചാടണ്ട, എന്റെ മേൽ കാലിടണ്ട,

ചന്നമല്ലികാർജുനനു സ്വയം വിറ്റുപോയവൾ ഞാൻ.

243.

തനു പിടിച്ച ഇന്ദ്രിയസുഖം

തീപ്പൊരിപോലെ തോന്നി അടങ്ങുന്നു,

ഗഗനത്തിലെ രൂപംപോലെ തനു,

കണ്ടുകണ്ടിരിക്കവേതന്നെ മറഞ്ഞുപോകുന്നു,

ഇവകളൊക്കെ തുടച്ചുമാറ്റി

നിന്റെ ഘനനിനവിൽ ഇരുത്തയ്യാ,

ചന്നമല്ലികാർജുനയ്യാ.

244.

എടീ തായേ, നീയവിടെയിരി,

എടോ തന്തേ, നീയവിടെയിരി,

എടോ ബന്ധുവേ, നീയവിടെയിരി,

എടോ കുലമേ, നീയവിടെയിരി,

എടോ ബലമേ നീയവിടെയിരി,

ചന്നമല്ലികാർജുനനോടു ചേരുവാൻ

തിടുക്കപ്പെട്ടു പോകുന്നേൻ,

നിങ്ങൾക്കു ശരണം, ശരണം.

245.

പിടിക്കുമെന്നാൽ പിടിയിലൊതുങ്ങില്ലമ്മാ,

തടയുമെന്നാൽ കടന്നുപോകുമമ്മാ,

ഒരിറ്റകന്നാൽ പോലും വ്യാകുലയാകുമേൻ,

ചന്നമല്ലികാർജുനനെ കാണാതെ

ഞാനാരെന്നറിയില്ല, കേൾക്കൂ തായേ.

246.

കായത്തിൻ കലാപത്തെ കെടുത്തി

മനസ്സിൻ മായയെ മാറ്റി,

എന്റെ വാഴ്‌വിനെ മേലേയെ്ക്കടുത്തു്

രക്ഷിച്ചല്ലോ അയ്യാ.

ശിവശിവാ, എന്റെ ഭവബന്ധനം വിടീച്ച്

നിന്നടുത്തു കാണിച്ച ഘനസുഖം

ഉപമിക്കാനാവതില്ലയ്യാ.

ഇരുളാൻ കാത്തിരിക്കും ചക്രവാകത്തെപ്പോലെ

ഞാനിന്നു നിന്റെ ശ്രീപാദത്തിൽ ഇമ്പം കൊണ്ടു്

ആനന്ദത്തിലൂഞ്ഞാലാടുമയ്യാ, ചന്നമല്ലികാർജുനാ.

247.

ലിംഗാംഗസംഗസമരസ സുഖത്തിൽ

മനം വേദ്യമായി,

നിന്റെ ശരണരുടെ അനുഭാവത്താൽ

എന്റെ തനുമന പ്രാണ പദാർത്ഥങ്ങൾ

ഗുരുലിംഗജംഗമനർപ്പിച്ചു്

ശുദ്ധസിദ്ധപ്രസിദ്ധപ്രസാദിയായി ഞാൻ;

ആ മഹാപ്രസാദത്തിൻ രൂപരുചി തൃപ്തികൾ

ഇഷ്ടപ്രാണഭാവലിംഗത്തിൽ ശ്രദ്ധയോടർപ്പിച്ചു്

മഹാഘന പ്രസാദിയായി ഞാൻ.

ഇങ്ങനെയീ സർവ്വാചാരസമ്പത്തും

എന്റെ തനുമനവേദ്യമായി;

ഇനിയെവിടയ്യാ, എനിക്കു നിന്നിൽ നിരവയവം?

ഇനിയെവിടയ്യാ നിന്നിൽ കലരുവാൻ?

പരമസുഖത്തിൻ പരിണാമം മനസ്സീമ തെറ്റി

ഞാൻ നിജത്തിലെത്തുമിടം ചൊല്ലൂ,

ചന്നമല്ലികാർജുന പ്രഭുവേ.

248.

തനു നിന്റെ രൂപമായാൽപ്പിന്നെ

ആർക്കായി ചെയ്യാൻ?

മനം നിന്റെ രൂപമായാൽപ്പിന്നെ

ആരെ നിനയ്ക്കാൻ?

പ്രാണൻ നിന്റെ രൂപമായാൽപ്പിന്നെ

ആരെ ആരാധിയ്ക്കാൻ?

അറിവു് നിന്നിൽ സ്വയമായാൽപ്പിന്നെ

ആരെയറിയാൻ?

ചന്നമല്ലികാർജുനയ്യാ, നിന്നിൽ നിന്നു് നീതന്നെ

ആയിരിക്കയാൽ നിന്നെയറിഞ്ഞേൻ.

കുറിപ്പുകൾ

[1] ‘മറെ ഹൊക്കടെ’—മറപോയാൽ—അടി പണിഞ്ഞാൽ, ആശ്രയിച്ചാൽ, നമിച്ചാൽ എന്നൊക്കെ അർത്ഥം.

[2] ‘ധർമ്മം’—കർത്തവ്യം. ചെയ്യേണ്ടതു്.

[3] ‘ബയലു’—വയൽ, ആകാശം, വെളിച്ചം. ഉദാ… ‘വെളി മുതലായ വിഭൂതിയഞ്ചുമോർത്താൽ…’ (നാരായണഗുരു, ആത്മോപദേശശതകം)

[4] ‘എരടക്കു ബിട്ട കരുവംതെ’—കൃത്യമായൊരർത്ഥം കന്നഡ പണ്ഡിതരും പറയുന്നില്ല. രണ്ടു (പശുക്കൾക്കും) വിട്ടകിടാവിനെപ്പോലെ?

[5] വിളാപ്പഴം—wood-apple; പുളിയും മധുരവും ചേർന്നൊരു ഫലം. വില്വവുമായി സാമ്യമുള്ളതു്. ഡെക്കൻ പീഠഭൂമിയിൽ കണ്ടുവരുന്നു. പാനകമുണ്ടാക്കാൻ ഉപയോഗിക്കുന്നു.

[6] ‘മറെ ഹൊക്കടെ’—മറചേർന്നാൽ, അഭയം ഗമിച്ചാൽ, ആശ്രയിച്ചാൽ. പലവുരു ആവർത്തിക്കപ്പെടുന്നൊരു പ്രയോഗം.

[7] ‘നെനവുഘനവെംബൊടെ’—നിനവു ഘനമെങ്കിൽ—സ്മൃതി നിജമെങ്കിൽ.

[8] ‘ഘന’—പരമ്പൊരുൾ, ബ്രഹ്മം.

[9] ‘ആപ്യായനം’—പോഷണം തേടൽ, വർദ്ധിക്കൽ, തടിയ്ക്കൽ വളരൽ-

[10] ‘കെംജെഡെ’—ചെമന്ന ജട, ‘ചെഞ്ചിട’ എന്നു നാരായണഗുരു.

[11] ‘അറിയദ’? അറിയാത്ത; ‘അറിദ’, അറിഞ്ഞ എന്നുമാകാം. രണ്ടു പാഠങ്ങളും നിലവിലുണ്ടു്.

[12] ബെളവലകായി? വിളാപ്പഴം (വുഡ് ആപ്പിൾ) വില്വം? കൂവളം രണ്ടിന്റെയും കായ്കൾ ഒരുപോലിരിക്കും.

[13] ‘ഗൊരവ’? കുുറവൻ (ജാതിപ്പേരല്ല) ഭിക്ഷു, സന്ന്യാസി, പാടി നടന്നു് ഉപജീവിക്കുന്നവൻ.

[14] ‘ഘന’.—ഘനം. ‘സദ്ഘനം’ എന്നതിലെപ്പോലെ ധരിക്കണം. അക്ക പലവുരു ഉപയോഗിക്കുന്ന വാക്കാണു്.

[15] അഘടിത ഘടിതം? ചേർച്ചയില്ലായ്മ, ചേർച്ച; വിയോജിപ്പു്, യോജിപ്പു്.

വിനയ ചൈതന്യ
images/vinaya_chaitanya.jpg

മുവാറ്റുപുഴയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കേ നടരാജഗുരുവിനെ കണ്ടുമുട്ടിയതു മുതൽ ഗുരുവിന്റെ അന്തേവാസിയായി കഴിയുന്നു.

ഗുരുവിൽ നിന്നു് ബ്രഹ്മചര്യ-ഗാർഹസ്ഥ്യ ദീക്ഷകളും ഗുരു നിത്യചൈതന്യയതിയിൽ നിന്നു് വാനപ്രസ്ഥ-സന്ന്യാസ ദീക്ഷകളും കൈക്കൊണ്ടു.

1973 മുതൽ 2009 വരെ ബാംഗ്ലൂർ നാരായണഗുരുകുലത്തിന്റേയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെ സൗന്ദര്യശാസ്ത്രപഠന വിഭാഗത്തിന്റേയും അദ്ധ്യക്ഷനായിരുന്നു. ഇപ്പോൾ അധ്യാശ്രമിയും പരിവ്രാജകനുമാണു്.

കൃതികൾ:

Songs for Siva, അക്കമഹാദേവിയുടെ വചനങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം, Bouquet of Meditation, ദൈവദശകംനാരായണഗുരു ജീവചരിത്രം, (കന്നഡ) തോമസിന്റെ സുവിശേഷം, മിലരേപ (വിവർത്തനം) എന്നിവയാണു് മറ്റു കൃതികൾ.

ചിത്രങ്ങൾ: വി. മോഹനൻ

Colophon

Title: Akkamahadevi (ml: അക്കമഹാദേവി).

Author(s): Vinaya Chaitanya.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-16.

Deafult language: ml, Malayalam.

Keywords: Poem, Vinaya Chaitanya, Akkamahadevi, വിനയ ചൈതന്യ, അക്കമഹാദേവി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sculpture, Shiva as the Destroyer of the Three Cities of the Demons (Tripurantaka), Sandalwood with silver fittings, a photograph by N. Sivappa . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.