മഹാമാരിയുടെ വിപൽനേരങ്ങളിൽ, പ്രതിഷേധങ്ങളെല്ലാം അടിച്ചമർത്തപ്പെടുകയും, ഭരണകൂടം ഒരു അതീത, ആത്യന്തിക ശക്തിയായി സ്വയം രൂപാന്തരപ്പെടുകയും ചെയ്ത കരാള രാത്രികളിൽ, രാഷ്ട്രീയവും ജനാധിപത്യവും ഇന്ത്യയിൽ സാധ്യമാണെന്നു് തെളിയിച്ച മഹാ “സംഭവ”മാണു് കർഷക പ്രക്ഷോഭം. പ്രതീക്ഷകളെല്ലാം കെട്ടു പോയ ഒരു കാലത്തു് ഋഷി തുല്യരായ കർഷകരുടെ രാഷ്ട്രീയമായ ആവിർഭാവം, ആരോഹണം, ജനമനസ്സുകളിൽ നവീനമായ ഒരു ശുഭാപ്തി ബോധം വിതച്ചു. പ്രക്ഷോഭത്തിന്റെ കയറ്റിറങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃൽ സ്പന്ദനങ്ങൾ അളക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഇതേവരെ കാണാത്ത ഒരു സത്യാഗ്രഹ പ്രസ്ഥാനത്തിനാണ്, ജനാധിപത്യവിപ്ലവത്തിനാണ്, 2021-ൽ നാം സാക്ഷ്യം വഹിക്കുന്നതെന്നു് പ്രക്ഷോഭത്തിന്റെ ഐതിഹാസികമായ ഗതിവിഗതികൾ ഓർമ്മിപ്പിച്ചു. “സംഭവ”ത്തിന്റെ രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിന്റെ “സംഭവ”ത്തെയും പറ്റി കഴിഞ്ഞ നൂറ്റാണ്ടിലെ മഹാവിമർശചിന്തകർ പഠിപ്പിച്ച പുതു പാഠങ്ങൾ, ജീവിതത്തിന്റെ അന്തസ്ഥിത ശക്തിയേയും ജീവന്റെ രാഷ്ട്രീയത്തെയും സംബന്ധിച്ച പുതു പരികല്പനകൾ, എല്ലാം തന്നെ, പൊള്ളയായ സിദ്ധാന്തങ്ങളല്ലെന്നും നേരിടലിന്റെ ജനകീയവും വൈയക്തികവുമായ നേരങ്ങളിൽ ആയവും വീര്യവും ഉന്നവും പ്രാണവായുവും നൽകുന്ന രക്ഷായന്ത്രങ്ങളാണെന്നും ഈ പ്രക്ഷോഭം ബോദ്ധ്യപ്പെടുത്തി: അതോടൊപ്പം ഈ അപൂർവ്വ “സംഭവം” പുതിയ പരികല്പനകളെയും പുതിയ ചിന്താസാമഗ്രികളെയും ആവശ്യപ്പെടുന്നുവെന്നും.
കർഷക പ്രക്ഷോഭം ഇളക്കി മറിച്ചതു് മസ്തിഷ്ക്കങ്ങളെയല്ല, ഹൃദയങ്ങളെയാണു്. സമരത്തിന്റെ ജയാപജയങ്ങളല്ല, അതുയർത്തിപ്പിടിച്ച ആശയാദർശങ്ങളോടുള്ള വിശ്വസ്തതയും നൈതികമായ പ്രതിബദ്ധതയുമാണു് ചിന്തയെ, നിലപാടിനെ നിർണ്ണയിച്ചതു്. സമരത്തോട് കൂറു പ്രഖ്യാപിക്കുന്ന കുറിപ്പുകളും വിശകലനങ്ങളും ഫെയ്സ് ബുക്കിൽ അന്നന്നു പോസ്റ്റ് ചെയ്തു. ചരിത്രത്തിന്റെ ഏതു് സൂക്ഷ്മ ചലനങ്ങളും പിടിച്ചെടുക്കുന്ന മർമ്മഗ്രാഹിയും കവിയും ചിന്തകനുമായ കെ. ജി. എസ്സിനെപ്പോലുള്ള സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളും ചർച്ചകളും ഈ കുറിപ്പുകൾക്കു് വെള്ളവും വളവുമേകി. സമരം സൃഷ്ടിച്ച ആവേശവും വിശ്വാസവും നൽകിയ ഊർജ്ജപ്രസരത്തിൽ ചിന്തകൾ തിടം വച്ചു. പുസ്തകം എന്ന ആശയം ഉദിക്കുന്നതു് തന്നെ കെ. ജി. എസ്സിന്റെ നിരന്തര പ്രേരണകളിൽ നിന്നും പ്രചോദനവാക്യങ്ങളിൽ നിന്നുമാണു്. 2004-ൽ ജെ. എൻ. യു.-വിൽ. സമർപ്പിച്ച, സി. വി. നോവലുകളെയും തിരുവിതാംകൂറിന്റെ അധികാര വ്യവഹാരങ്ങളെയും സംബന്ധിച്ച പി. എച്ചു്. ഡി. തീസിസ്സും, നിരവധി ലേഖനങ്ങളും വെളിച്ചം കാണാതെ ഇരുളിൽ പൂണ്ടു് കിടക്കുമ്പോഴും കർഷക സമരത്തെപ്പറ്റി ഞാനെഴുതിയ കുറിപ്പുകൾ എന്റെ ആദ്യത്തെ പുസ്തകമായി ഇന്നു് പ്രകാശനം കൊള്ളുന്നതിനു പിന്നിൽ ആ മഹാപ്രക്ഷോഭം ഇന്ത്യയിലെ ജനങ്ങളിൽ സൃഷ്ടിച്ച തേജപ്രസരത്തിന്റെ ഒരംശം എന്നെയും തൊട്ടുണർത്തി എന്നതാവാം.
കർഷക സമരത്തെ സംബന്ധിച്ച സമഗ്രവും സമ്പൂർണ്ണവുമായ ഒരു പഠനഗ്രന്ഥം തയാറാക്കുക എന്നതായിരുന്നില്ല ഉദ്ദേശം. അത്തരമൊരു മഹൽയത്നത്തിനാവശ്യമായ പ്രാഗൽഭ്യമോ, ഊർജ്ജമോ എനിക്കില്ല എന്നതു് മറ്റൊരു കാര്യം. കർഷക സമരത്തിന്റെ ചരിത്രപരവും, സാമ്പത്തികവും വസ്തുസ്ഥിതിപരവുമായ വശങ്ങളിലല്ല, അതിന്റെ ‘സംഭവ’ സ്വഭാവത്തിലാണു് ഈ ഗ്രന്ഥം ഊന്നൽ നൽകുന്നതു്. അസാധ്യതയെ സാധ്യതകളായി വിടർത്തുന്ന, രൂപന്തരീകരണങ്ങളെ സംഭവ്യമാക്കുന്ന, “ആയിത്തീരലിന്റെ” (becoming) പ്രക്രിയയെയാണു് “സംഭവം” എന്നു് ഞാൻ വിളിക്കുന്നതു്. “സംഭവം” (event) എന്ന പരികല്പന പ്രധാനമാവുമ്പോൾ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും രേഖീയവുമായ ആഖ്യാനങ്ങൾ അപര്യാപ്തമാവുന്നു. തത്വചിന്താപരവും സത്വശാസ്ത്രപരവുമായ (ontological) പരിചരണങ്ങൾ ആഭിമുഖ്യങ്ങൾ, സങ്കല്പനങ്ങൾ, നിർണ്ണായകമാവുന്നു. കഥനത്തിന്റെയും ചരിത്രറൊമാൻസിന്റെയും കവിതയുടെയും അരേഖീയവും പരോക്ഷവുമായ ആവിഷ്ക്കാരരൂപങ്ങളുമായി സഖ്യപ്പെടേണ്ടി വരുന്നു.
മൂന്നു ഭാഗങ്ങളായാണു് ഈ ഗ്രന്ഥം വിഭാവനം ചെയ്തിരിക്കുന്നതു്. കർഷക സമരത്തിന്റെ ആവിർഭാവവും വികാസ പരിണതികളും അടയാളപ്പെടുത്തുന്ന ആറു അദ്ധ്യായങ്ങളാണു് ഒന്നാം ഭാഗത്തിലുള്ളതു്. കർഷക സമരത്തിന്റെ “സംഭവ”മാനങ്ങളെ അനാവരണം ചെയ്യുന്ന എട്ടദ്ധ്യായങ്ങൾ ചേർന്നതാണു് രണ്ടാം ഭാഗം. അനുബന്ധമെന്നു് പറയാവുന്ന രണ്ടു് ലേഖനങ്ങളാണു് മൂന്നാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. കർഷക സമരത്തെ അധികരിച്ചു് ബി. രാജീവൻ ‘സായാഹ്ന’ ഓൺലൈൻ പത്രികയിൽ എഴുതിയ “രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ‘പ്രഭാതഭേരി’എന്ന ലേഖനത്തിനു് ഞാനെഴുതിയ വിയോജനക്കുറിപ്പാണു് ആദ്യത്തേതു്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കെ. ജി. എസ്സിന്റെ “തകഴിയും മാന്ത്രികക്കുതിരയും” എന്ന കവിതയെ പുനർ വായിക്കുന്നതാണു് രണ്ടാമത്തേ ലേഖനം.
ഒന്നാം ഭാഗത്തിലെ ഒന്നാമത്തെയും അഞ്ചാമത്തെയും ലേഖനങ്ങളൊഴിച്ചാൽ എല്ലാം തന്നെ (ആദ്യരൂപങ്ങൾ) ക്രിട്ടിക്കു് എന്ന ഓൺലൈൻ ജെർണലിലും, രണ്ടാം ഭാഗത്തിലെ എട്ട് അദ്ധ്യായങ്ങളും മറ്റൊരു ഓൺലൈൻ പത്രികയായ മാതൃഭൂമി ഡോട് കോമിലും പ്രസിദ്ധീകരിക്കപ്പെട്ടവയാണു്. ഒന്നാം ഭാഗത്തിലെ ആറാമത്തെ ലേഖനം ‘സമകാലിക മലയാളം’ (2021 ഏപ്രിൽ 19) വാരികയിലും മൂന്നാം ഭാഗത്തിലെ ആദ്യലേഖനം ‘സായാഹ്ന’യിലും രണ്ടാമത്തെ ലേഖനം ജനശക്തി (2021 ജനുവരി 16-31) ദ്വൈവാരികയിലും വന്നതാണു്.
ഈ പുസ്തകത്തിന്റെ പിറവിക്കു് പലതരത്തിലും കാരണക്കാരായ, കെ. ജി. എസ്സ്, കെ. സഹദേവൻ, ഹരിത ഗോപി, സബിതാ സജീഷ്, പ്രസന്നൻ എന്നിവരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഫെയിസ് ബുക്കിലും ഓൺലൈൻ ജെർണലുകളിലും ഈ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ അകമഴിഞ്ഞു് പ്രോൽസാഹിപ്പിച്ച നിരവധി സുഹൃത്തുക്കൾക്കും, ആദ്യവായനക്കാരിയായ എന്റെ സഹധർമ്മിണിയ്ക്കും (എസ്. പി. ശ്രീലേഖ) നന്ദി. ലോക്ക്ഡൗണിന്റെ നാളുകളിൽ, പ്രസാധകരെല്ലാം തന്നെ ഹതാശരായി മാറിയ ഒരു ഘട്ടത്തിൽ, ഈ പുസ്തകത്തിന്റെ ആശയത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും അതിന്റെ നിർവ്വഹണകൃത്യം സ്വയമേവ ഏറ്റെടുക്കുകയും പ്രഗൽഭവും മനോഹരവുമായ രീതിയിൽ ഡിജിറ്റലായി പ്രകാശനം നൽകുകയും ചെയ്ത സായാഹ്ന ഫൗണ്ടേഷനും സായാഹ്നയുടെ പ്രവർത്തകർക്കും പ്രൗഢമായ അവതാരിക ഈ പുസ്തകത്തിനു് സമ്മാനിച്ച പരിസ്ഥിതി പ്രവർത്തകനും ചിന്തകനും കർഷക സമരത്തിന്റെ പ്രമുഖ വക്താക്കളിലൊരാളുമായ ആയ കെ. സഹദേവനും നന്ദി പറയുന്നു. കമനീയവും അർത്ഥനിർഭരവുമായ കവർ ചിത്രം വരച്ചു തന്ന കവിയും ചിത്രകാരനും ആയ വി. ആർ. സന്തോഷിനും നന്ദി. കേരളത്തിലെ പ്രബുദ്ധരായ വായനക്കാർ എന്റെ ഈ പ്രഥമ ഗ്രന്ഥത്തെ അതർഹിക്കുന്ന വിധത്തിൽ സ്വീകരിക്കുമെന്നു് പ്രതീക്ഷിക്കുന്നു.
കെ. വിനോദ് ചന്ദ്രൻ
ശ്രീധരം, അയ്യന്തോൾ, തൃശൂർ
30 മെയ് 2021