images/La_Ficelle.jpg
Illustration for G. de Maupassant’s story “The Piece of String”, a painting by Ch. Morel .
‘ജനസഞ്ചയ’ത്തിന്റെ മാന്ത്രികാഖ്യാനങ്ങൾ
കെ. വിനോദ് ചന്ദ്രൻ
images/Jayaprakash_Narayan.jpg
ജയപ്രകാശ് നാരായണൻ

ഇന്ത്യാചരിത്രത്തിലെയെന്നല്ല ലോകചരിത്രത്തിലെത്തന്നെ അഭൂതപൂർവ്വമായ സംഭവം എന്നു് കരുതാവുന്ന കർഷക പ്രക്ഷോഭത്തെ വിലയിരുത്തുവാൻ പ്രത്യയശാസ്ത്രപരമായ മുൻധാരണകളോ ഗ്രന്ഥവ്യുൽപ്പത്തിയോ തത്വജ്ഞാനമോ നമ്മെ സഹായിക്കില്ലെന്നുള്ള മുന്നറിയിപ്പാണു് ബി. രാജീവന്റെ ‘രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പ്രഭാത ഭേരി’ എന്ന ലേഖനം (സായാഹ്ന, 2021). മാത്രമല്ല ഇത്തരം സന്ദർഭങ്ങളിൽ ബുദ്ധിജീവികളുടെ ടോൾക്കിറ്റുകൾ, നമ്മുടെ ഗതി തടയുന്ന ബാരിക്കേഡുകളോ വഴി തെറ്റിക്കുന്ന ദിശാ സൂചികളോ ആയി മാറാമെന്നും അതു് സൂചിപ്പിക്കുന്നു.

കർഷക സമരത്തെ അതിവിശേഷണങ്ങൾ കൊണ്ടു് കീർത്തനം ചെയ്യുന്ന ഈ ലേഖനം ഫലത്തിൽ അതിനെ ലഘൂകരിക്കുകയും അതിന്റെ സംഭവമാനത്തെ ന്യൂനീകരിക്കുകയും ചെയ്യുന്ന ബൗദ്ധികാഭ്യാസമായി മാറുന്നു എന്നതാണു് ഖേദകരമായ വസ്തുത. ഈ മഹാപ്രക്ഷോഭത്തിന്റെ അനന്യതയെ, നവനവീനതയെ, വിപ്ലവകരമായ അന്തർബലതന്ത്രത്തെ, ഉന്മീലനം ചെയ്യുന്നതിൽ ലേഖനം പരാജയപ്പെടുന്നു. ‘ഭാവി രാഷ്ട്രീയത്തിനൊരാമുഖം’ എന്ന കുറിമാനത്തോടെ പ്രത്യക്ഷപ്പെടുന്ന, ‘പുതിയ രാഷ്ട്രീയ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ’ എന്നു് ഡോക്ടർ ആസാദ് വിശേഷിപ്പിക്കുന്ന, ഈ പ്രബന്ധം രാഷ്ട്രീയത്തെ സംബന്ധിച്ച ചില മോഹചിന്തകളെ പ്രക്ഷേപണം ചെയ്യുന്ന ഒരു ബൃഹദാഖ്യാന സമുച്ചയം മാത്രമായി ഒടുങ്ങുന്നു എന്നതാണു് സത്യം.

സ്വാതന്ത്ര്യ സമരം ഒരു തുടർ പദ്ധതിയോ?
images/Bipan_Chander.jpg
ബിപൻ ചന്ദ്ര

രണ്ടാം സ്വാതന്ത്ര്യസമരം എന്ന നാമകരണം തന്നെ പരിശോധിക്കുക. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ച എന്ന അർത്ഥത്തിലാണു് ഈ നാമം ഉപയോഗിക്കുന്നതു്. അടിയന്തിരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണ ന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നാണു് അന്നു് വ്യാപകമായി വിളിച്ചു വന്നതു്. ഫലത്തിൽ ഈ പദം ഒരു ക്ലിഷേയായി മാറിയതു് കൊണ്ടും, സ്വാതന്ത്ര്യ സമരത്തിന്റെ ബൃഹദാഖ്യാനങ്ങളുടെ തുടർച്ചയായി മാത്രം കർഷക പ്രക്ഷോഭത്തെ അതു് സ്ഥാനപ്പെടുത്തുമെന്നതു് കൊണ്ടും, അങ്ങനെ ഈ പ്രക്ഷോഭത്തിന്റെ അന്തർവ്യത്യസ്ഥതയെയും, അന്യാദൃശത്വത്തെയും ഈ നാമകരണം ദുർബ്ബലപ്പെടുത്തും എന്നു് കരുതുകകൊണ്ടും രണ്ടാം സ്വാതന്ത്ര്യസമരം എന്നല്ല നവസ്വാതന്ത്ര്യ സമരം എന്നാണു് ഈ സമരത്തെ വിളിക്കേണ്ടതെന്നും രാജീവന്റെ ലേഖനത്തെ നേരിട്ടു് സ്പർശിക്കാതെ തന്നെ മറ്റൊരു കുറിപ്പിൽ ഞാനെഴുതുകയുണ്ടായി.

എന്നാൽ ഇപ്പറഞ്ഞതിനേക്കാൾ ഗുരുതരമായ പ്രശ്നം ഈ നാമകരണത്തിൽ, ഈ സാമ്യപ്പെടുത്തലിൽ, അന്തർഭവിച്ചിട്ടുണ്ടെന്നു് സൂക്ഷ്മ വായനയിൽ നമുക്കു് വെളിപ്പെടും. ഈ രണ്ടു് സ്വാതന്ത്ര്യ സമരങ്ങൾക്കും രാജീവൻ നൽകുന്ന നിർവ്വചനം അവ രണ്ടിന്റെയും അനന്യതയെ, സംഭവത്വത്തെ, വാസ്തവത്തിൽ നിഹനിക്കുകയാണു് ചെയ്യുന്നതു്.

images/Ramachandra_guha.jpg
രാമചന്ദ്ര ഗുഹ

സ്വാതന്ത്ര്യ സമരത്തെ രാജീവൻ നിർവ്വചിക്കുന്നതിങ്ങനെയാണു്: ‘ഗ്രാമീണ കർഷകരുടെയും കൈവേലക്കാരുടെയും സ്വാതന്ത്ര്യവാഞ്ചയെ ഏറ്റെടുത്തു് കൊണ്ടു് (ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരേ) ഇന്ത്യൻ മുതലാളിവർഗ്ഗം നേതൃത്വം കൊടുത്ത സമരം’. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജനകീയ സ്വഭാവവും, അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ അന്തർബ്ബലങ്ങളും അതിനെ മുന്നോട്ടു് നയിച്ച ആശയമൂല്യ ഊർജ്ജ പ്രവാഹിനികളും സംഭവവിതാനങ്ങളും ഒറ്റയടിക്കു് നിരാകരിക്കപ്പെടുകയാണു് ഈ യാന്ത്രിക നിർവ്വചനത്തിൽ. കർഷകർ, കൈവേലക്കാർ, തൊഴിലാളികൾ, മുതലാളികൾ, തൊഴിൽരഹിതർ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, അദ്ധ്യാപകർ, വിദ്യാർഥികൾ, സ്ത്രീകൾ, യുവാക്കൾ, ബാലന്മാർ, വൃദ്ധർ, ആദിവാസികൾ, ദളിതർ, അവർണ്ണർ, സവർണ്ണർ, എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിലും മേൽത്തട്ടിലുമുള്ള നിരവധി ധാരകൾ, വിഭാഗങ്ങൾ, ഒന്നിച്ചും മൽസരിച്ചും പങ്കെടുത്ത ഒരു ജനകീയ മഹാ പ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വസ്തുത ബിപൻ ചന്ദ്ര, രാമചന്ദ്ര ഗുഹ തുടങ്ങി പ്രഗൽഭരായ നിരവധി ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും അത്യുജ്ജ്വലമാം വിധം രേഖപ്പെടുത്തിയിട്ടുണ്ടു്. ഒന്നിച്ചും പരസ്പരം മൽസരിച്ചും, ഇണങ്ങിയും പിണങ്ങിയും, മുന്നോട്ടു് പോയ ഈ സമര പ്രസ്ഥാനത്തിലൂടെയാണു് ഇന്ത്യയിലെ ജനങ്ങൾ ഒരു ‘ജനത’യായിത്തീരുന്നതു് (ദെല്യൂസിയൻ വിവക്ഷകളിൽ). ഇന്ത്യക്കാരുടെ ഈ ജനതയായിത്തീരലാണു് (becoming people) സ്വാതന്ത്ര്യ സമരത്തിന്റെ സംഭവത്വം എന്നു് ഞാൻ കരുതുന്നു.

ഗാന്ധിയും മാർക്സും അംബേദ്ക്കറും: മാന്ത്രിക സംശ്ലേഷണങ്ങൾ

സ്വാതന്ത്ര്യ സമരങ്ങളെ, ‘സംഭവങ്ങളെ’ന്നതിനേക്കാൾ തുടർപദ്ധതികളായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാവണം സ്വാതന്ത്ര്യസമരത്തെയും കർഷക സമരത്തെയും ഒരേ പോലെ ന്യൂനീകരിക്കുന്ന നിർവ്വചനങ്ങൾ ലേഖകൻ ഉപയോഗിക്കുന്നതു്. ഇതിനു വേണ്ടി, പഴയ കമ്യൂണിസ്റ്റുകാർ നിരന്തരം ആവർത്തിച്ചിരുന്നതും പിൽക്കാലത്തെ വിവേകികളായ കമ്യൂണിസ്റ്റു ആശയകാരന്മാർ തള്ളിക്കളഞ്ഞതുമായ ആ പഴയ യാന്ത്രികവും വരട്ടുവാദപരവുമായ കാഴ്ചപ്പാടു് പൊടിതട്ടിയെടുക്കുന്നു, ദെല്യൂസി ന്റെയും, ഫൂക്കോ യുടെയും നെഗ്രി യുടെയും വിമർശനാത്മക തത്വചിന്തയുടെ പ്രണേതാവായി അറിയപ്പെടുന്ന രാജീവൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒരു ബൂർഷ്വാ വിപ്ലവമായിരുന്നുവെന്ന പഴയ യാന്ത്രിക കമ്മ്യൂണിസ്റ്റ് സങ്കല്പത്തെ, ഗാന്ധിയുടെ പൂർണ്ണ സ്വരാജ് എന്ന സങ്കല്പവുമായി ഘടിപ്പിക്കുന്ന സാഹസിക പ്രക്രിയയിലൂടെയാണു് രണ്ടാം സ്വാതന്ത്ര്യ സമര സിദ്ധാന്തത്തെ രാജീവൻ സമർത്ഥനം ചെയ്യുന്നതു് എന്നതും ശ്രദ്ധേയമാണു്.

images/Michel_Foucault.jpg
ഫൂക്കോ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരകളിൽ നിന്നു് അകലം പാലിക്കുകയും, പ്രതിസന്ധി നിമിഷങ്ങളിൽ ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയും ചെയ്ത ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ വികല ‘സ്വാതന്ത്ര്യ സമര’ സങ്കല്പമാണു് രാജീവൻ ഇവിടെ കൂട്ടു പിടിക്കുന്നതെന്നതു് രസാവഹമത്രെ. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ യാന്ത്രികവും വൈരുദ്ധ്യാത്മകവുമായ ചരിത്രപദ്ധതിയെയും, ഗാന്ധിയുടെ പൂർണ്ണ സ്വരാജ് പദ്ധതിയെയും, മാർക്സിയൻ ചരിത്രഭൗതികതയെയും, ഗാന്ധിയൻ നൈതികതയെയും, ഒറ്റയടിക്കു് കൂട്ടിച്ചേർക്കുകയാണു് ഇവിടെ. ചരിത്രപ്രക്രിയകളെ ഷോർട്ട് സർക്യൂട്ട് ചെയ്തുകൊണ്ടു് ഗാന്ധിയൻ രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള സർവ്വ വൈരുദ്ധ്യങ്ങളും മാന്ത്രികമായി മായ്ച്ചു കളയുന്നു ഈ സംശ്ലേഷണ വൈഭവം. അങ്ങനെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ അപൂർണ്ണമായിപ്പോയെന്നു് കരുതപ്പെടുന്ന കമ്മ്യൂണിസ്റ്റ് പദ്ധതിയും ഗാന്ധിയൻ പദ്ധതിയും അംബേദ്ക്കറു ടെ മൈത്രീപദ്ധതിയും പൂർത്തീകരിക്കുവാനുള്ള ആസൂത്രിത പരിപാടിയാണു് കാർഷിക സമരം എന്നു് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അതായതു് ഗാന്ധി യുടെയും മാർക്സി ന്റെയും അംബേദ്ക്കറുടെയും സ്വപ്നപരിപാടികളെ പൂർത്തീകരിക്കലാണു് കർഷകസമരത്തിന്റെ ആത്യന്തിക ലക്ഷ്യം. സമഗ്ര സ്വാതന്ത്ര്യം എന്ന വംശീയമായ സ്വപ്നത്തിന്റെ ആവിഷ്ക്കാരം കർഷക സമരത്തിൽ അടങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതു് ആസൂത്രിതമായ ഒരു പദ്ധതിയുടെയും ഭാഗമല്ലെന്നും സമരത്തിന്റെ സംഭവമാനവുമായി ബന്ധപ്പെട്ടതാണെന്നുമത്രേ ഈ ലേഖകൻ കരുതുന്നതു്.

അന്തോണിയോ ഗ്രാംഷിയും നെഗ്രി-ഹാർട്ടും: മാന്ത്രികാഖ്യാനങ്ങൾ

ഈ മാസ്മരിക സംശ്ലേഷണങ്ങളിൽ നിന്നു് വളരെപെട്ടന്നു്, മറ്റൊരു മാന്ത്രികാഖ്യാനത്തിലേക്കു് ലേഖകൻ കുതിക്കുകയാണു്. ആഗോളമൂലധന ‘സാമ്രാജ്യ’വാഴ്ചയും ‘കീഴാള ജനസഞ്ചയവും’ തമ്മിൽ നേർക്കു് നേർ ഏറ്റുമുട്ടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ‘ബദൽ ജനാധിപത്യ വിപ്ലവ സമരമാണു് ’ പ്രമേയം.

‘കീഴാള ജനസഞ്ചയം’ എന്ന പ്രയോഗത്തിൽ രണ്ടു കഥനങ്ങൾ ഇരട്ടിക്കുന്നു: ഗ്രാംഷി യുടെയും നെഗ്രിയുടെയും വിപ്ലവകഥനങ്ങൾ. കർഷക സമരത്തെയും, ലോകമെമ്പാടും വന്നുകഴിഞ്ഞതും വരാനിരിക്കുന്നതുമായ സമരങ്ങളെയും ഈ ആഖ്യാന സമുച്ചയത്തിലൂടെ ഒന്നിപ്പിക്കുമ്പോൾ, അവയുടെയെല്ലാം തന്നെ വ്യത്യസ്തതകളും ചരിത്രസവിശേഷതകളും ബലികഴിക്കപ്പെടുകയല്ലേ?

images/Gramsci.png
ഗ്രാംഷി

രണ്ടു് സ്വാതന്ത്ര്യ സമരങ്ങളും തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നതു് ‘സാമ്രാജ്യ’(ത്വ?)ത്തിനെതിരേയുള്ള സമരം എന്ന നിലയ്ക്കാണു്. ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയെങ്കിൽ കർഷക പ്രക്ഷോഭം/ രണ്ടാം സ്വാതന്ത്ര്യ സമരം ആഗോള മൂലധന ‘സാമ്രാജ്യ’ത്തിനും അതിന്റെ ‘സാമന്തന്മാരായ’ പ്രതിലോമ രാഷ്ട്രീയ ശക്തികൾക്കുമെതിരെയത്രേ. ഗാന്ധിയുടെ ഭാഷയിൽ ഇതു് പരാവർത്തനം ചെയ്യുന്നുമുണ്ടു് ലേഖകൻ: ‘പാർലമെന്ററി സ്വരാജിൽ നിന്നും കർഷകരും കൈവേലക്കാരും ദളിതരും സ്ത്രീകളുമെല്ലാം അടങ്ങുന്ന പൂർണ്ണസ്വരാജിനു വേണ്ടിയുള്ള സമരം’ സ്ഥൂലവായനയിൽ ഈ സാമ്യ പ്രസ്താവങ്ങൾ നിർദ്ദോഷകരമെന്നു് തോന്നാമെങ്കിലും സൂക്ഷ്മവിശകലനത്തിൽ പിഴവുകൾ വ്യക്തമാകും.

‘ആഗോള മൂലധനസാമ്രാജ്യവും’ ‘സാമന്തന്മാരും’

ഒന്നു് മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നു് വ്യത്യസ്ഥമായി കർഷക പ്രക്ഷോഭം ഇന്നു് നേരിടുന്നതു് ആഗോള സാമ്രാജ്യത്വശക്തിയെ (‘സാമ്രാജ്യം’ എന്നു് നെഗ്രി) മാത്രമല്ല, അതിനോടു് ചങ്ങാത്തം പുലർത്തുന്ന, ബ്രിട്ടീഷ് സാമ്രാജ്യത്തെക്കാൾ ഭീഷണമായ, ഒരു ഫാസിസ്റ്റ് ഭരണസ്വരൂപത്തെയുമാണു്. ഭരണഘടനാപരമായ സർവ്വ പൗരാവകാശങ്ങളും നിഷേധിക്കുന്ന, ഇലക്ടറൽ ഭൂരിപക്ഷം ഉപയോഗിച്ചു് പാർലമെന്ററി ജനാധിപത്യത്തെത്തന്നെ അട്ടിമറിയ്ക്കുന്ന, സമഗ്രാധിപത്യവും ഫാസിസവും സന്ധിക്കുന്ന, ഒരു പൈശാചിക ഭരണസ്വരൂപം. ഫാസിസ്റ്റ് ഭരണകൂടത്തെ വെറും ഒരു സാമന്ത ശക്തി എന്നു പറഞ്ഞു കൊണ്ടുള്ള ലഘൂകരണം ‘ഫാസിസത്തിലേക്കിനിയും എത്തിച്ചേരാത്ത ഒരു സമഗ്രാധിപത്യം എന്നു് മോദി ഭരണകൂടത്തെ നിർവ്വചിക്കുന്ന പ്രകാശ് കാരാട്ടിന്റെ ന്യൂനീകരണ ശ്രമത്തെ’ ഓർമ്മിപ്പിക്കുന്നു. പാർലമെന്ററി സ്വരാജിനെ തന്നെ തകർത്തു് കൊണ്ടു് ഭരണഘടനാസ്ഥാപനങ്ങളെയും മറികടന്നു ഭരിക്കുന്ന ഒരു ‘അപവാദ’ഭരണകൂടമാണു് (State of exception) മോദി ഭരണകൂടമെന്നും, സ്വാതന്ത്ര്യ സമരത്തിൽ നേടിയെടുത്ത ജനാധിപത്യ സംവിധാനങ്ങൾ എല്ലാം തന്നെ ധ്വംസിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള വർത്തമാന യാഥാർത്ഥ്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. 2014-ൽ അധികാരത്തിൽ വന്ന മോദി ഗവണ്മെന്റിൽ ‘ആഗോള-കോർപ്പറേറ്റ് മൂലധന സാമ്രാജ്യത്തിന്റെ ശക്തികളും ഇന്ത്യൻ നവ ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികളും’ ഒത്തു ചേരുന്നതായി ഈ ലേഖനത്തിൽ തന്നെ മറ്റൊരിടത്തു് രാജീവൻ നിരീക്ഷിക്കുന്നുണ്ടു്. എന്നാൽ നെഗ്രിയുടെ സാമ്രാജ്യബൃഹദാഖ്യാനത്തെ പിന്തുടർന്നു കൊണ്ടു് ആഗോള ‘സാമ്രാജ്യ’വാഴ്ചയ്ക്കു് (Empire) ഊന്നൽകൊടുക്കുകയും അതിന്റെ സാമന്തപദവി മാത്രം ചാർത്തിക്കൊടുത്തു് കൊണ്ടു് മോദി ഗവണ്മെന്റിന്റെ കോർപ്പറേറ്റ് സൗഹൃദ-ഫാസിസ്റ്റ് സ്വരൂപത്തെ മയപ്പെടുത്തിയെടുക്കുകയുമാണു് രാജീവൻ ഇവിടെ.

കർഷക കർത്തൃത്വമോ? ജനസഞ്ചയ കർത്തൃത്വമോ?
images/AntonioNegri.jpg
നെഗ്രി

സമരത്തിലേർപ്പെടുന്ന കൃഷിക്കാരെ–അതിൽ എല്ലാത്തട്ടിലുള്ള കൃഷിക്കാരും പെടും—‘കീഴാളർ’ അല്ലെങ്കിൽ ‘ജനസഞ്ചയം’, എന്ന സന്ദിഗ്ധ സംജ്ഞകൾ കൊണ്ടു് സാമാന്യവൽക്കരിക്കുന്നതു് അനുചിതമല്ലേ? കൊറോണ ഉയർത്തുന്ന ബയോഭീകരതയുടെയും ഭരണകൂട ഭീകരതയുടെയും സന്ദർഭത്തിൽ, എല്ലാ പ്രതിരോധങ്ങളും അടിച്ചൊതുക്കപ്പെട്ട ഈ നീചസന്ധിയിൽ, മുഖ്യമായും കൃഷിക്കാർ മാത്രമാണു് ജനാധിപത്യ രക്ഷയ്ക്കായി മുന്നോട്ടു് വന്നതെന്നും അവരാണു് സമരത്തിന്റെ പ്രാണശക്തിയെന്നും ഇരിക്കെ, ഈ പ്രക്ഷോഭത്തിന്റെ കർത്തൃസ്ഥാനത്തിൽ ‘കർഷകവർഗ്ഗത്തെ’ത്തന്നെ പ്രതിഷ്ഠിക്കുവാൻ ലേഖകൻ മടികാട്ടുന്നതെന്തു് കൊണ്ടു്? ലോകത്തിൽ ഇന്നു നടക്കുന്ന എല്ലാ പ്രതിരോധ സമരങ്ങളെയും കീഴാളരുടെയും ജനസഞ്ചയത്തിന്റെയും സമരങ്ങളായി സാമാന്യവൽക്കരിക്കുന്നതു് അവയുടെയെല്ലാം അനന്യബഹുത്വത്തെയും, വ്യത്യസ്തതകളെയും മനസ്സിലാക്കുന്നതിൽ നിന്നു് നമ്മെ തടയുകയല്ലേ ചെയ്യുന്നതു്? മാർക്സിന്റെയും ഗ്രാംഷിയുടെയും നെഗ്രിയുടെയും ഒക്കെ വിപ്ലവാഖ്യാനങ്ങളെ എല്ലാക്കാലത്തും എല്ലാ പ്രശ്നങ്ങൾക്കും ഏതു് വ്യത്യസ്ഥ–സംസ്ക്കാര-സന്ദർഭങ്ങളിലും നിരുപാധികം പ്രയോഗിക്കാവുന്ന മാന്ത്രിക ഫോർമുലകളായി അവതരിപ്പിക്കുന്നതു് പുത്തൻ രാഷ്ട്രീയ സമരരൂപങ്ങളെ തിരിച്ചറിയുന്നതിൽ നിന്നു് നമ്മെ (ലേഖകനെയും) അകറ്റുകയല്ലേ ചെയ്യുന്നതു്?

മാസ്മരികമായ രൂപാന്തരീകരണങ്ങൾ

കീഴാള ജനസമൂഹങ്ങൾ ദേശീയ ജനത എന്ന ‘പരിമിതി’യിൽ നിന്നു് പുറത്തു കടന്നു് ‘ജനസഞ്ചയം’ എന്ന രാഷ്ട്രീയ ശക്തിയായി മാറുന്നതിനെപ്പറ്റി രാജീവൻ അവതരിപ്പിക്കുന്ന ആഖ്യാനം രാഷ്ട്രീയ നിരൂപണത്തിലും മാജിക്കൽ റിയലിസം പ്രയോഗക്ഷമമാണെന്നതിന്റെ ഉദാഹരണമായി മാറുന്നു. നെഗ്രി-ഹാർട്ടിന്റെ ജനസഞ്ചയകഥനമാണു് ഈ ആവശ്യത്തിനായി രാജീവൻ നിർലോഭം ഉപയോഗിക്കുന്നതു്. ‘ആഗോള മൂലധന സാമ്രാജ്യ’ത്തിന്റെ ഭാഗമായി കീഴാള സമൂഹങ്ങൾ (ഇവിടെ കർഷകർ) മാറുന്നതോടെയാണു് മാസ്മരികമായ ഈ രൂപാന്തരീകരണം—‘ജനത’ ജനസഞ്ചയമായി മാറുന്ന മാന്ത്രിക പ്രക്രിയ—സംഭവിക്കുന്നതു്:

അങ്ങനെ കീഴാളരെ ജനസഞ്ചയമാക്കി ഉയർത്തി അവരെ വിപ്ലവകരമായ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതിന്റെ എല്ലാ ക്രെഡിറ്റുകളും രാജീവൻ ആഗോള മൂലധന സാമ്രാജ്യത്തിനു തന്നെ നൽകുന്നു. ‘ദേശീയ ജനത’ എന്ന അസ്തിത്വത്തിൽ നിന്നു് സാർവ്വദേശീയ സ്വഭാവമുള്ള ‘ജനസഞ്ചയ’മായി കർഷകർ മാറുന്നതോടെ ആഗോള മൂലധന സാമ്രാജ്യത്തിനെതിരേ നേരിട്ടു് പൊരുതുവാനുള്ള സാഹചര്യം ലഭിക്കുന്നു. അങ്ങനെയാണു് രാജീവനെ സംബന്ധിച്ചിടത്തോളം ‘പഴയ കാലത്തെ ദേശീയ ജനത’ ‘സ്വതന്ത്ര ജനസഞ്ചയമായി’ മാറുന്നതു്. ‘ദേശീയതയുടെ പരിമിതികളിൽ നിന്നു് പുറത്തു കടക്കുന്ന ഒരു ബദൽ ആഗോള രാഷ്ട്രീയ പ്രതിഭാസമാണു് കർഷക ജനസഞ്ചയം’ (‘ചമ്പാരനിൽ നിന്നു് കൊളുത്തുന്ന പുതിയ കർഷക സമരജ്വാല’, True Copy Web Magazine, 30th November, 2020), ഇത്തരം പ്രസ്താവങ്ങളിലൂടെ കടന്നുപോവുമ്പോൾ നെഗ്രി-ഹാർട്ടിന്റെ ആഗോള ‘സാമ്രാജ്യ’ കഥനം എങ്ങനെയാണു് രാജീവന്റെ കണ്ണുകെട്ടുന്നതു് എന്നു് നമുക്കു് വെളിവാകുന്നു.

ആഗോള സാമ്രാജ്യമോ? സാമ്രാജ്യത്വമോ?
images/Gilles_Deleuze.jpg
ദെല്യൂസ്

ആഗോളീകരണ പ്രക്രിയ സാമ്രാജ്യത്വത്തെയും അതിന്റെ വൈരുദ്ധ്യങ്ങളെയും പുറന്തള്ളിക്കൊണ്ടു്, കേന്ദ്രം, ഒരേ സമയം അസന്നിഹിതവും സന്നിഹിതവുമായ ഒരു പുതിയ ക്രമത്തെ—‘സാമ്രാജ്യ’ത്തെ—പകരം പ്രതിഷ്ഠിക്കുന്നുവെന്നും അതോടെ ദേശീയത, ‘ജനത’, എന്നീ സങ്കല്പങ്ങൾ റദ്ദാക്കപ്പെടുന്നുവെന്നുമത്രേ നെഗ്രി-ഹാർട്ടിന്റെ ‘സാമ്രാജ്യ’ (Empire) പുരാണം നിർദ്ദേശിക്കുന്നതു്. സാമ്രാജ്യത്വ (Imperialist) ബന്ധത്തെ നിർവ്വചിക്കുന്ന കേന്ദ്ര-പ്രാന്ത-വൈപരീത്യങ്ങൾ ‘സാമ്രാജ്യ’ത്തിന്റെ ആവിർഭാവത്തോടെ ഇല്ലാതായിത്തീർന്നുവെന്നും ദേശീയഭരണകൂടങ്ങൾ ഇനി മേൽ അപ്രസക്തങ്ങളെന്നും അവർ വിധിക്കുന്നു. എന്നാൽ, പ്രശസ്ത പോസ്റ്റ്-കൊളോണിയൽ ചിന്തകനായ സമീർ അമീൻ സമർത്ഥിക്കുന്ന പോലെ ലോകമുതലാളിത്തത്തിന്റെ തലപ്പത്തു് ഇന്നും നിലകൊള്ളുന്നതു് യു. എസ്. എ., ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, എന്നിവിടങ്ങളിലെ ശക്തമായ ദേശീയ സ്വഭാവമുള്ള സമ്പന്ന വിഭാഗങ്ങളാണു് എന്നതത്രേ യാഥാർത്ഥ്യം (Samir Amin, ‘Empire and Multitude’ Monthly Review, Oct.1, 2005).

മുതലാളിത്ത ഭരണകൂടമില്ലെങ്കിൽ മുതലാളിത്ത സമ്പദ്വ്യവസ്ഥ സാധ്യമല്ലെന്നും ശക്തമായ ദേശീയ ഭരണകൂടങ്ങളുടെ അസാന്നിദ്ധ്യത്തിൽ നവ സാമ്രാജ്യക്രമം അസംഭവ്യമെന്നും ‘സാമ്രാജ്യം’ എന്നു് നെഗ്രി വിളിക്കുന്ന ലോകക്രമം പൂർവ്വാധികം ശക്തവും ചൂഷണോന്മുഖവുമായ നവസാമ്രാജ്യത്വരൂപമാണെന്നും ഉള്ള സമീർ അമീന്റെ നിരീക്ഷണങ്ങൾ നെഗ്രി ഹാർട്ടിന്റെ സ്വപ്നപ്രമേയത്തെ ഖണ്ഢനം ചെയ്യുന്നു (Samir Amin, ‘Multitude or Generalized Proletarianization?’ Monthly Review, Nov.1, 2014). പുതിയ ലോകക്രമത്തിൽ ഫാസിസം ശക്തമായി തിരിച്ചുവരുന്നതും ദേശീയ ഭരണകൂടങ്ങൾ ശോഷിക്കുന്നതിനു പകരം കൂടുതൽ പ്രബലവും കേന്ദ്രീകൃതവും ഭീഷണവുമായ സ്വരൂപമാർജ്ജിക്കുന്നതുമല്ലേ നാം കാണുന്നതു്?

images/Samir_Amin.jpg
സമീർ അമീൻ

നവസാമ്രാജ്യക്രമം കർഷകരെ വിമോചനത്തിലേക്കല്ല ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും പൂർണ്ണവിനാശത്തിലേക്കുമാണു് നയിക്കുന്നതെന്നു് സമകാലീന ചരിത്ര സന്ദർഭത്തിൽ കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ കാർഷിക വ്യവസ്ഥയെ കോർപ്പറേറ്റുകൾക്കു് തീറെഴിക്കൊണ്ടു് കർഷകരുടെ സ്വയം നിർണ്ണയനത്തെയും ഇന്ത്യയുടെ ഭക്ഷ്യ പരമാധികാരത്തെയും ഫെഡറലിസത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടു കൂടി മോദിയുടെ കോർപ്പറേറ്റ് ചങ്ങാത്ത-ഫാസിസ്റ്റ് ഭരണകൂടം പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ സമരരംഗത്തിറങ്ങുന്നതു് ഈ പശ്ചാത്തലത്തിലാണു്. ദേശീയമായ അസ്തിത്വത്തിൽ നിന്നു് വിടുതൽ നേടി ആഗോളമായ ഒരു കർത്തൃത്വത്തിലേക്കു് കർഷകർ കൂടുമാറുന്നതിനെയാണു് കർഷക സമരം സാക്ഷ്യപ്പെടുത്തുന്നതെന്ന രാജീവന്റെ വാദം കർഷക സമരത്തിന്റെ ആന്തരികബലതന്ത്രത്തെ വിസ്മരിക്കുകയാണു് ചെയ്യുന്നതു്. കർഷക പ്രക്ഷോഭത്തിന്റെ സാർവ്വദേശീയ വിവക്ഷകളെ അവഗണിക്കാനാവില്ലെങ്കിലും അടിസ്ഥാനപരമായും അതു് നിലകൊള്ളുന്നതു് ഭരണകൂടേതരമായ ഒരു ജനകീയ ദേശീയതയുടെ ഊർജ്ജസ്രോതസ്സിലാണെന്നും, സൂക്ഷ്മദേശീയമെന്നു് പറയാവുന്ന ജീവാവാസമൂല്യവ്യവസ്ഥകളുടെ പ്രതിഷ്ഠാപനവും ‘വരും’ ജനതയെ (‘The people to come’) കണ്ടെത്തലുമാണു് ഈ സമരത്തെ ലോക ചരിത്രത്തിലെത്തന്നെ അനന്യ സംഭവമാക്കുന്നതെന്നുമാണു് ഈ ലേഖകൻ കരുതുന്നതു്.

കെ. വിനോദ് ചന്ദ്രൻ
images/Vinod_chandran.jpg

പ്രസിദ്ധ നിരൂപകനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന സി. പി. ശ്രീധരന്റെ മകൻ. 2004-ൽ JNU, Centre For Historical Studies-ൽ നിന്നു് പി. എച്. ഡി. ബിരുദം. ഡോ: കെ. എൻ. പണിക്കരുടെ മേൽനോട്ടത്തിൽ നടത്തിയ തീസിസ്സിന്റെ ശീർഷകം: “The Counter-Narratives of Power and Identity in Colonial Keralam—A Reading of C. V. RamanPilla’s Historical Novels”. തൃശൂർ കേരളവർമ്മ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചു.

Colophon

Title: “Janasanchaya”ththinte Manthriakhyanangal (ml: “ജനസഞ്ചയ”ത്തിന്റെ മാന്ത്രികാഖ്യാനങ്ങൾ).

Author(s): K. Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-16.

Deafult language: ml, Malayalam.

Keywords: Article, K. Vinod Chandran, “Janasanchaya”ththinte Manthriakhyanangal, കെ. വിനോദ് ചന്ദ്രൻ, “ജനസഞ്ചയ”ത്തിന്റെ മാന്ത്രികാഖ്യാനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Illustration for G. de Maupassant’s story “The Piece of String”, a painting by Ch. Morel . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.