
രാവു്…
നിലാവിൻ വെൺപട്ടുടുക്കുന്നു
കാടു്,
പച്ചച്ചിരുണ്ട മരവുരിയൂർന്നു പോവുന്നു
പഴകിയൊരോർമ്മപോൽ
സ്തബ്ധ നിശ്ശബ്ദമീയാശ്രമം,
കാറ്റിലകിലിൻ മണം
നേർത്തു വീർത്തുറയൂരിയൊരോർമ്മകൾ
പത്തി വിടർത്തുന്നുവോ?
പാല പൂത്ത മണം,
ഉൾക്കാടുകൾ പൂത്തും തളിർത്തും
മദിക്കും മണം മോന്തി രാവു ചായുന്നു.
അടങ്ങിയ കാറ്റിന്റെ മാറിൽ
തലചായ്ച്ചു കാടുറങ്ങുന്നു.
നിലാവിന്റെ പട്ടുമഴിഞ്ഞു.
തൂമഞ്ഞിൽ നനഞ്ഞ വനം
ചൂഴ്‌ന്നു ചൂഴ്‌ന്നെന്നെപ്പൊതിയുന്നു.
ഇന്നു ഞാനോർക്കു-
മുറങ്ങാതെയെന്നെക്കുറിച്ചു്.
എന്നുമറക്കുവാനീ ദിനം?
പുണ്യഗന്ധ ഭാഗീരഥി-
യമ്മയെപ്പോൽക്കുളുർ-
ക്കയ്യാൽത്തഴുകവേ
നിന്നു ഞാൻ നീറ്റിൽ,
മാനത്തു രോഹിണി മിന്നിടുംപോലെ
സുവർണ്ണകമലമായ് മിന്നീ-
യുടൽ വ്രതമേറ്റു ചടക്കിലും
നീലഞരമ്പുകളിൽ കുതിച്ചോടുന്നു
കാടിൻ ഹരിതം, വിലാസം,
വിദർഭ കേളീഗൃഹങ്ങളിൽ-
പ്പോലുമുണരാത്ത കാമം
ഇന്നെന്നിൽത്തളിർക്കുന്നു,
ദിവ്യർത്തുഭംഗികളെല്ലാം
വ്രതകാർശ്യമോലും
ശരീരത്തിൽ ഏകാന്തരാത്രിയിൽ-
പ്പൂവിടും കാട്ടശോകങ്ങൾതൻ
ഗന്ധമുണരുന്നു.
ഹോമസൗരഭ്യവും കാടുമുടജവും
മായുന്നു.

ഞാൻ രാജപുത്രി,
ലോപാമുദ്ര,
ചരാചരലാവണ്യമെല്ലാമെടുത്തു-
യിരാർന്നവൾ.
എൻ പ്രിയനാകുമഗസ്ത്യനെ-
പ്പിൻതുടർന്നെൻ കുലവും
രാജധാനിയും വിട്ടവൾ.
എന്നുമെന്നോടുമവനോടും
ചോദിപ്പതൊന്നേ…
തപസ്സു് എല്ലാം വെടിയലോ?
ലാവണ്യസാരമെടുത്തു-
യിരൂതിയുണർത്തി-
യതെന്തിനെന്നാലെന്നെ?
എന്നെയീക്കാടിൻ ഋതു
വിലാസങ്ങളിൽനിന്നു്
മഞ്ഞായി മറയ്ക്കുന്നതെന്തിനു്?
രാവൊരു കാമാഞ്ജനം പോലെ-
യാശ്രമം മൂടിയിഴുകുമ്പോൾ
ഉയരുമുടൽക്കടൽ,
പൊള്ളുമുൾനീരുകൾ
വറ്റിക്കുമെൻ പ്രിയൻ?
എങ്ങനെ? തീവ്രതപസ്സിതോ?
ഞെങ്ങിഞെരുങ്ങിക്കരൾ-
കലമ്പുമ്പൊഴും
രണ്ടുപേരൊറ്റയായ്
ഒറ്റയായ്
തന്നിലെക്കാഴ്‌ന്ന്
സ്വയമുറയുന്നതോ?
ഇന്നലെയെന്നോടവൻ പറഞ്ഞു,
“നിന്നിൽ ഞാൻ പ്രീതനായ്,
വംശകരൻ പുത്രനുണ്ടാകുവാൻ
നിന്നെ,യിന്നു പരിഗ്രഹിപ്പൂ
തൃപ്തയാവുക”.
ചൊല്ലി ഞാൻ
പുത്രൻ പിറക്കാൻ?
അതിനു മാത്രം?
ഒരേ ഒരു രാവിൽ മാത്രം?
എങ്കിലാ രാത്രി ഞാൻ പൂർണ്ണമാക്കാം.
കാടിനെപ്പോലെ ഞാൻ പൂത്തുലയാം
കാട്ടാറിനെപ്പോലെ മദിച്ചുയരാം,
എല്ലാമണിയണം,
ഓർമ്മയിലൂറുന്നതെല്ലാം-
തിളങ്ങുന്ന രത്നങ്ങളെല്ലാം
മണക്കും കുറിക്കൂട്ടു
നിൻ വിയർപ്പാലെയലിയണം,
മുത്തരഞ്ഞാണങ്ങൾ
നിൻമെയ്യിലൂരി വിതറണം,
നീലനാഗങ്ങളെപ്പോലെ-
പ്പതക്കങ്ങൾ നീയുമ്മവയ്ക്കേ
അഴിയണം,
നാടും നഗരവും
ലാവണ്യസാരമായൂറി
നിറയണമെന്നിൽ…
ദിവ്യാഭരണവും
ദിവ്യവസ്ത്രങ്ങളും
ദിവ്യസുഗന്ധങ്ങളും
പട്ടുമെത്തയും
കൊണ്ടുവരാമെന്നു പോയോ-
രഗസ്ത്യനെക്കണ്ണിലുമുള്ളിലും
കാത്താണിരിക്കുന്നു!
ഇന്നുവരും പ്രിയൻ…
‘കാത്തിരിക്കൂ ഋതുസ്നാതയായ്
നിന്നെ രമിപ്പിച്ചിടാമിഷ്ടരീതിയിൽ’
എന്നുവിടർകണ്ണിലഗ്നിയുമായ്
വനം വിട്ടുപോയോൻ വരുമിന്നു്…
… … … …
ലോപാമുദ്ര,
മുനിപത്നി ഞാനറിയുന്നു
പ്രപഞ്ചരഹസ്യം,
മാനായ് മയിലായ്
മരങ്ങളായാടുന്ന
കാടിന്റെ ലീലയിൽ-
പ്പൂവിടും ജന്മരഹസ്യം,
ഈ രാത്രിയിൽ
കാമനായ് രൂപമെടുത്തു്,
വൈദർഭിയെ-
ക്കാമിക്കുവാൻ വരും
താപസൻ,
എന്റെ മനസ്സിൻ
കിളിവാതിൽ വന്നു തുറക്കും
സുഗന്ധാനിലൻ,
എന്നോ മറന്ന മൃദുസ്വരങ്ങൾ,
എന്നോ മറന്ന സുഖസ്പർശനങ്ങൾ,
പൂ, പട്ടു്, അംഗരാഗം
എല്ലാമണിയുന്നതു്
നിൻ വിരലാൽ അഴിച്ചീടുവാൻ മാത്രം…
പ്രണയം, പ്രപഞ്ചം, തുടിക്കുമുടൽ,
പ്രകൃതിനടനം, ലയം,
അർദ്ധനാരീശ്വരം.

മകളേ… ചെത്തം നെഞ്ചിൻ കനലിൽ കരിയുന്നൂ,
കരയും മിഴിയോടെ, പേടിയാൽപ്പിടയുന്ന മൃദുവാം
വിരൽതൊട്ടു് മൂകമായ്
വിടയോതിയവൾ പോകവേ
മകളേ… ജീവൻ പാതിവിണ്ട വിഗ്രഹംപോലെ.
മണ്ണിൽച്ചെവിയോർക്കുമ്പോളുള്ളിൽപ്പൊടിക്കും
മുളകൾതൻ ജീവനസംഗീതത്തിന്നലകൾ…
അതുപോലെ നേരിന്നു ചെവിയോർക്കേ
അവനല്ലവളല്ല… പെറ്റ വയറിൻ പച്ചത്തത്ത-
ച്ചിറകിൽ വാൽസല്യത്തിൻ കുളിർമ്മ കുട്ടിക്കാലം
മരച്ചൂരു നിറയും വിടർനെഞ്ചിലഭയം,
അതുകണ്ടു ചിരിയാൽക്കുതിർന്നമ്മ നില്ക്കവേ…
“ഇന്നു്, കടഞ്ഞ വെൺചന്ദനവിഗ്രഹത്തേക്കാളു
മഴകും സുഗന്ധവും നിനക്കേ”യെന്നാനച്ഛൻ.
അന്നുണർന്നതാണുള്ളിൽ
രചിക്കണം അമ്മയെ…
അതേ ചന്ദനസ്പർശം,
ഉമ്മവയ്ക്കാൻ കുനിയും മുഖത്ത-
മ്പിളിച്ചിരി, ആർദ്രത, പാൽപ്പുഴ…
അങ്ങനെത്തന്നെ കല്ലിൽ മരത്തിൽ അല്ല
കാലത്തിലമ്മയെ വാർക്കണം.
എന്തുവേദന എന്തുവടംവലി
എന്തുഗാഢഗാഢാനന്ദം
കാലത്തിൽ മങ്ങിമായ്കിലുമമ്മ… എൻ
പ്രതിഭയിലാ മിഴി മിന്നിടും…
ചന്ദ്രസൂര്യൻ വസുന്ധര
താരങ്ങളുള്ളകാലമെന്നമ്മയും വാണിടും.
ചൊല്ലിടുമച്ഛൻ ചെക്കനു
കൈവിരുതെന്നിലും കേമം
ഉള്ളിൽ കുരുത്തതു് കൈവിരലിൽ
വിടർന്നു് മുളച്ചില
ചില്ല വൃക്ഷമായ് പൂവിട്ടു കായ്ച്ചു്
എന്തു ജന്മസുകൃതമോ…
കേൾക്കുകിൽ കൈവണങ്ങുമാ
ചിത്തവിശുദ്ധിയെ
പിന്നെ യൗവ്വനമെൻ സിരയിൽ
തടംതല്ലിയാർക്കിലു
മോർമ്മയില്ലൊരുസന്ധ്യയും ശാന്തമായ് എൻ
പ്രിയതൻ മടിയിൽക്കിടന്നതായ്…
കാട്ടുപൂവുകളുള്ളിൽ വിരിയുന്നു,
കാട്ടുപക്ഷിക്കലമ്പൽ
നിറയുന്നു
കാട്ടിലകൾ തിരുമ്മി മണക്കുന്നു,
കാട്ടുമൺതരി നാവിലലിയുന്നു…
കാടനാണു് ഞാൻ…
യൗവ്വനസ്വപ്നങ്ങൾ കാട്ടിലയിലും
പുല്ലിലും പൂവിലും
കാട്ടുചന്ദന വെൺകുളിർമെയ്യിലും
കാടകത്തുറങ്ങുന്ന നിലാവിലും പാറിവീഴുന്നു
ളള്ളിൽ ശില്പങ്ങൾ മാത്രം… പ്രണയത്തിനെന്തു
വാസന, എത്ര നിറം,
ആണ്ടുമുങ്ങിയാലും മതിവരാ
ശീതളസിന്ധു
എങ്കിലുമോർത്തതിതുമാത്രം…
എങ്ങനെയിതു കല്ലിൽ, മരത്തിലെന്നിലൂടെ
അനശ്വരമായിടും?
നിലാവിലെൻ പ്രണയത്തിനുൽസവം.
എങ്കിലുമെന്നിലായിരം ലാസ്യഭാവങ്ങളായ്
പൊന്തിവന്നു ചിരാതിനെപ്പുഞ്ചിരി
കൊണ്ടു മങ്ങിച്ച ശില്പങ്ങൾ, ഓരോന്നു
മെന്നിലൂറുമലിവിൽപ്പിറന്നവർ,
എൻ രതിതൻ മൃദുസ്നിഗ്ദ്ധരൂപങ്ങൾ,
രാവിലുള്ളിന്റെ പച്ചിലക്കുമ്പിളിൽ
ഊറിയൂറി നിറഞ്ഞ നിലാവുകൾ.
അവളെന്നൊടെന്നും കലമ്പും…
“ഇല്ലെന്നെയിഷ്ടം… ഇതെല്ലാം വെറുതെ…
എന്നെയോർക്കുമാർ?
ആരറിയുമീ ശില്പമായ് വാർത്തതു്
എന്നുടൽ, പ്രണയം, കെടാച്ചിരി?”
എന്തുരയ്ക്കാൻ? പകുതി സത്യങ്ങൾക്കെന്തു
ശോഭ ചിലപ്പോൾ… ചിരിയായിക്കൊഞ്ചലായ്
പിന്നെയെൻ മകനേ…
വിളിയിതിലെന്തു ജീവൻ വിറപ്പൂ?
എന്നെയാരറിയുന്നു? പാതിസത്യത്തിനെന്തു
ശക്തി ചിലപ്പോൾ!
നീ കൊഞ്ചലും ഇളവിരൽത്തുമ്പിലെൻ
ജന്മസാഫല്യവും പേറി വന്നവൻ…
സൗമ്യസൂര്യൻ, നിറവിളക്കെന്റെ രണ്ടാംപിറവി.
എങ്ങനെ നിന്നെ… ഞാൻ…
നിന്നമ്മ ചൊല്ലി ഞാൻ നിന്നെ ലാളിക്കവേ
“എൻ പ്രണയത്തിലൂടെ ഞാനൂറ്റി നിന്റെ
സത്ത… അതാണിവൻ”
പഠിച്ചു ഞാനന്നു ശില്പകലാപ്പൊരുൾ
പൂർണ്ണമായ്…
പിന്നെയെന്നും നിഴലായ് നടക്കുവോനെൻ
ബഹിശ്ഛരപ്രാണനവൻ… ഇമ്പമുള്ള ശബ്ദത്തിൽ
തിളങ്ങുന്ന ചന്തമുള്ള മിഴികൾ വിടർത്തിയെൻ
പിറകേ നിഴലായ് നടന്നവൻ…
നിന്നിലേക്കു പകർന്നു ഞാനെന്നുയിർ, ഉള്ളം,
ഉള്ളറിവു്, തിരിയിൽനിന്നു സൂര്യനുയിർത്തുവോ?
ഇനിയെൻ മകളേ…
എൻ മകളേ പിറന്ന നേരം
എന്തൊരുൽസവമായിരുന്നു,
നിന്നമ്മ പീലിമിഴി തുറന്നെന്നെ നോക്കി
‘ഇതാ, മകൾ… പൂർണ്ണ സ്വർണ്ണവിഗ്രഹം’, എന്നു
ചൊല്ലുന്നപോൽ.
ആ പുഞ്ചിരിയും മലർമിഴിവെട്ടവും മങ്ങിമങ്ങി
മരണമായ് മാറവേ
‘നിന്നിൽ രണ്ടാം പിറവിയായമ്മയ്ക്കു്’ എന്നു
ചൊല്ലി മക്കളെത്തലോടി ഞാൻ.
ദൂരയാത്രകൾ, ശില്പഗൃഹങ്ങളിൽ രാപ്പകലും
മുടങ്ങാത്തപസ്സുകൾ, കൂട്ടിനോ? ഉളി മാത്രം
കഴിഞ്ഞുപോയ് നൂറുനൂറു ജന്മങ്ങളെന്നാകിലും
ആരവം ഉള്ളിൽ “നേടിയില്ലാ മഹത്തമം”
എന്നു താൻ.
അമ്മയില്ലാക്കുരുന്നുകൾ,
നിങ്ങളുമെന്നോടൊപ്പം നടന്നൂ…
ചെറുമകൾ എങ്കിലും നീയൊരമ്മയായ്
ചോറൂട്ടി എണ്ണപൊത്തി നിറുക തണുപ്പിച്ചു.
“രാത്രിയേറെയായ് അച്ഛനുറങ്ങുകെ”-
ന്നാർദ്രമായോതി
രാവിൽ ഞാനിടയ്ക്കൊന്നുണർന്നേല്ക്കവേ…
നീയുണർന്നിരിപ്പാണു്
ഗ്രന്ഥങ്ങൾതൻ തോഴിയായ്, അതല്ലെങ്കിൽ
ഉളിക്കോലുമായ് സർഗ്ഗതീവ്രതപ്പസ്സിലും.
എങ്കിലും കണ്ടറിഞ്ഞില്ല
നിൻവിരലിൻ വിരുതുകൾ,
ഉൾക്കടലിലുറങ്ങുന്ന ലക്ഷ്മീവിഗ്രഹങ്ങൾ.
ഏതാണിനുമങ്ങനെ… വീടു് ലോകമാവട്ടെ
മകൾക്കെന്നു് ഞാനുമന്നു കരുതിയതില്ലയോ?
എങ്കിലും സാഭിമാന ചൊടിച്ചീല, നീ നിഷാദ
കുമാരിയായീ, ഏകലവ്യനെപ്പോലെ
മെനഞ്ഞുയിർ-
വയ്പിച്ചു നിൻ മനസ്സിൽ നൂറായിരം വിഗ്രഹം
പിന്നെ ദാരുക്കളിൽ എന്തു ചന്തം, മയം,
നിൻ വിരലുകൾ…
‘അച്ഛനെപ്പോലെ മക്കൾ’ എന്നാർ ചിലർ…
നിങ്ങളാളുന്ന പന്തങ്ങളായ് തിരിയെൻ
വെളിച്ചം മറച്ചുവോ? ഉള്ളിലൂറിയോ
കയ്പുമസൂയയും? ഇല്ല… ഇല്ല…
മകളേ ഇതേ ഋതം.

നീയുമേട്ടനും… പൂർവ്വജന്മത്തിൽ നിന്നീ
യടുപ്പും തുടങ്ങിയോ?
അമ്മയില്ലാത്ത കുഞ്ഞുങ്ങൾ
നിങ്ങളമ്മയായീ പരസ്പരം ‘ഏട്ടൻ’
എന്ന ശബ്ദമോ സ്വർണ്ണമായ് സ്നേഹമായ്.
എന്നുമന്തിയിൽ ഞാൻ മറന്നാലും എൻ മകൻ
മറക്കില്ല വാങ്ങാൻ ‘അവൾക്കെന്തു കമ്പം,
വളകളണിയുവാൻ, എന്തു പൂതി പൂ ചൂടുവാൻ
എന്നല്ല… എന്തു മോഹം
മരത്തിൽപ്പണിയുവാൻ’
എന്നുതാനേ മൊഴിഞ്ഞു് കൈസഞ്ചിയിൽ
ദാരുഖണ്ഡങ്ങൾ… ശില്പരൂപങ്ങൾ…
രൂപരേഖകൾ… അങ്ങനെ… അങ്ങനെ…
അവളെ പഠിപ്പിക്കുകെന്നിലും കേമി എന്നഭി-
നന്ദിച്ചു ചൊല്ലിടും മകൻ,
നീയറിവിന്റെ സൂര്യതേജസ്സിനാൽ
പൂർവ്വജന്മത്തിൽനിന്നേ നിറഞ്ഞവൾ.
നീ തൊടുന്ന മരങ്ങൾ സൗവർണ്ണമായ്
നീ മെനഞ്ഞ ശില്പങ്ങളുയിരാർന്നു.
ഞാനുമാശിച്ചിരുചിറകാർന്നിനി
ഭാവനാസ്വർഗ്ഗമൊപ്പമണഞ്ഞിടാം
ദുർനിമിത്തങ്ങൾ വന്നു തടുക്കുന്നു,
ഉള്ളറയിലെ പൂർവ്വപിതാമഹർ
ഇന്നു പോകേണ്ട അശുഭം… എന്നു്
പിൻവിളിയാർക്കുന്നു.
നിറകണ്ണുമായ് നീ
വാതിൽക്കലെത്തുന്നു.
എന്നുമില്ലാത്തപോലെ ഏട്ടൻ
തിരിച്ചൊന്നുവന്നു ചുരുൾമുടി മാടുന്നു,
നിൻ നെറുകയിലുമ്മവയ്ക്കുന്നു.
എൻ കരളിലെ ചന്ദനവിഗ്രഹം
ഇന്നു വേണ്ടെന്നു കെഞ്ചിപ്പറയുന്നു.
എങ്കിലും പണി പാതിയായ്
നിർത്തുവതെങ്ങനെ?
‘സൂര്യതേജസ്വിയാം മകനില്ലയോ?’
എന്നൊരാൾ മറുമൊഴിയാവുന്നു.
ചങ്കുറപ്പില്ല പിന്തിരിയാൻ
ഇരുൾക്കൊമ്പുമായിയൊരാൽമരം
ആയിരം ചോന്ന കണ്ണുമായ് തെച്ചികൾ,
പൂർവ്വജന്മപിപാസകളെങ്കിലും
നീ പുറപ്പെടുകെന്നു കല്പിക്കുന്നു.
എന്തുദാഹം… ഞരമ്പിലും ചുണ്ടിലും
എന്നുയിരിലും തീയു പടരുന്നു.
പിന്നെ…
ഓർമ്മയിലായിരം സൂര്യമണ്ഡലങ്ങ-
ളടർന്നപോൽ പുഞ്ചിരിക്കൊണ്ടു
മിന്നുന്ന ചോരയിറ്റും മുഖം.
എൻ വിരലുകൾ കർമ്മപാസങ്ങളോ?
എൻ മിഴികൾ നരകദീപങ്ങളോ?
ഏതുദിക്കിലും ഏതുമൊഴിയിലും
പുത്രഘാതകനാണെന്ന
നിശ്ശബ്ദ ഗർജ്ജനം…
എൻ മകളേ… നിന്റെ ചുണ്ടിൽ
വേവുന്ന ശാപങ്ങൾ,
നിൻകണ്ണിലഗ്നിഗോളങ്ങൾ,
നിന്നുടൽ കത്തിയാളുന്ന കോപം,
എന്നുയിരിൻ വിളി കേൾക്കാതെ കേൾക്കാതെ
നിന്ദയാൽ മെഴുകിട്ട നിൻ കാതുകൾ…
ഇങ്ങു കേൾക്കാം, അടഞ്ഞ നിൻ വാതിലിൻ
പിൻപിൽ… നീ വീണുരുണ്ടു കരയുന്നു.
എങ്കിലും മുടി മാടിയൊതുക്കി-
യന്നവൻ ചെയ്തപോലെ-
യാനെറ്റിയിൽ ചുണ്ടുരുമ്മി
ലാളിക്കുവാൻ…
എൻ മകളേ ഇതു വിധി-
എന്റെ ജീവനിരിപ്പതു
എൻ മകളേ നിനക്കായ് മാത്രം
എന്നെ നമ്പുക…
ഞാൻ കുറ്റവാളിയല്ലെ-
ന്നനേകം പറയാൻ
ഇല്ല…
തീയെരിയുന്നു മിഴികളിൽ
കണ്ണുനീർ വറ്റിയുള്ളിൽ-
ക്കടലായിയെങ്കിലും…
പാതിനേരുകൾക്കെന്തു
ചാരുതയെന്നോ?
നിനക്കേട്ടനെന്നുമച്ഛനാണെന്നോ?
വിടചൊല്ലലും ശാപമെന്നോ?
(ദേശാഭിമാനി വാരിക, 1993.)
[1] അഗസ്ത്യമുനി പിതൃക്കളുടെ നിർദ്ദേശപ്രകാരം വംശകരനായ പുത്രനുവേണ്ടി വിവാഹം കഴിക്കാൻ തീരുമാനിച്ചു. തന്നെ വരിക്കാനിഷ്ടപ്പെടുന്ന ഒരു പെണ്ണിനെ സമസ്ത വസ്തുക്കളുടെയും സ്വത്വാംശങ്ങൾ ചേർത്തു് സൃഷ്ടിച്ചു് മക്കളില്ലാത്ത വിദർഭ രാജാവിനു് വളർത്താനായി കൊടുക്കുന്നു. അവളാണു് ലോപാമുദ്ര. പിന്നീടു്, ഗൃഹസ്ഥാശ്രമത്തിലേയ്ക്കു കടക്കാറായി എന്നു് തോന്നിയപ്പോൾ, ലോപാമുദ്രയെ വിവാഹം കഴിക്കുന്നു. വിശിഷ്ട വസ്ത്രാഭരണങ്ങളോടെ വേണം എന്നെ പ്രാപിക്കാൻ എന്നാണു് കൊട്ടാരം വെടിഞ്ഞു് സന്യാസിനിയായി ഏറെക്കാലം അഗസ്ത്യനെ ശുശ്രൂഷിച്ചു് കാട്ടിൽ ജീവിച്ച ലോപാമുദ്ര പിന്നീടു് പറയുന്നതു്… എന്താണു് പൊരുൾ?
[2] വിജയലക്ഷ്മിയുടെ തച്ചന്റെ മകൾ എന്ന കവിതയോടു് ചേർത്തു വായിക്കുക. കലാകാരന്റെ മനസ്സു്, അച്ഛന്റെ മനസ്സു്, പുരുഷന്റെ മനസ്സു്, പശ്ചാത്തപിക്കുന്നവന്റെ മനസ്സു് ഇവ എല്ലാം ഉരുകിച്ചേരുന്നു.

സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണു് വി എം ഗിരിജ. നാലു് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകൾ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നു് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതൽ ആകാശവാണിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊച്ചി എഫ് എം നിലയത്തിൽ പ്രോഗ്രാം അനൗൺസർ. പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഗിരിജയുടെ ഭർത്താവാണു്.
- പ്രണയം ഒരാൽബം—കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
- ജീവജലം—കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
- പാവയൂണു്—കുട്ടികൾക്കുള്ള കവിതകൾ (സൈൻ ബുക്സ്, തിരുവനന്തപുരം)
- പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ—കവിതാ സമാഹാരം
- ഒരിടത്തൊരിടത്തു്—കുട്ടികൾക്കുള്ള നാടോടി കഥകൾ
ചങ്ങമ്പുഴ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018).
ചിത്രങ്ങൾ: വി. മോഹനൻ