കവിയും പ്രബന്ധകാരനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി 1939 ജൂൺ 02-നു് തിരുവല്ലയിലെ മേപ്രാൽ ശ്രീവല്ലി ഇല്ലത്തു് വിഷ്ണു നമ്പൂതിരിയുടേയും അദിതി അന്തർജ്ജനത്തിന്റെയും ഏക മകനായി ജനിച്ചു. കൈലാത്തെ ഗോവിന്ദപ്പിള്ള ആശാന്റെ അക്ഷരക്കളരിയിൽ വിദ്യാഭ്യാസത്തിനു തുടക്കം. ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം. പ്രശസ്ത ഇംഗ്ലീഷ് അദ്ധ്യാപകൻ സി. എ. ഷെപ്പേർഡിന്റെ ശിഷ്യത്വം തുടങ്ങുന്നതു് ചങ്ങനാശ്ശേരിയിൽ വച്ചാണു്. കോഴിക്കോടു് ദേവഗിരി കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം. 1959 മെയ് 04-നു് കുളക്കട വെതിരമന ഇല്ലത്തു് സാവിത്രി അന്തർജ്ജനത്തെ വേളികഴിച്ചു. ബിരുദപഠനത്തിനുശേഷം തിരുവല്ല പ്രിൻസ് മാർത്താണ്ഡവർമ്മ സ്ക്കൂളിൽ ഫിസിക്സ് അദ്ധ്യാപകനായി ചേർന്നു. ഇംഗ്ലീഷിൽ ഉപരിപഠനത്തിനുശേഷം 1961–63 കാലത്തു് കോഴിക്കോടു് മലബാർ ക്രിസ്റ്റ്യൻ കോളേജിലും കൊല്ലം എസ്. എൻ കോളേജിലും ട്യൂട്ടർ. 1963 മുതൽ സർക്കാർ സർവ്വീസിൽ.
1968-ൽ ആദ്യ കവിതാ സമാഹാരം ‘സ്വാതന്ത്ര്യത്തെക്കുറിച്ചു് ഒരു ഗീതം’, പ്രസിദ്ധീകരിച്ചു. ഈ കൃതിയ്ക്കു് 1970-ൽ കല്യാണി കൃഷ്ണമേനോൻ പ്രൈസ് ലഭിച്ചു. 1971-ൽ രണ്ടാമത്തെ സമാഹാരം, ‘പ്രണയഗീതങ്ങൾ’ പ്രസിദ്ധീകരിച്ചു. 1979-ൽ ‘ഭൂമിഗീതങ്ങൾ’ എന്ന കവിതാസമാഹാരത്തിനു് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ‘ഇന്ത്യ എന്ന വികാരം’, ‘മുഖമെവിടെ’, ‘അതിർത്തിയിലേക്കു് ഒരു യാത്ര’, ‘അപരാജിത’, ‘ആരണ്യകം’, ‘ഉജ്ജയിനിയിലെ രാപകലുകൾ’, ‘പരിക്രമം’, ‘ശ്രീവല്ലി’, ‘ഉത്തരായനം’, ‘ചാരുലത’ എന്നീ സമാഹാരങ്ങളും 2012-ൽ ‘വൈഷ്ണവം’ എന്ന സമ്പൂർണ്ണ കവിതാസമാഹാരവും പുറത്തിറങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (‘ഉജ്ജയിനിയിലെ രാപ്പലുകൾ’), എഴുത്തച്ഛൻ പുരസ്കാരം, മഹാകവി പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, സി. വി. കുഞ്ഞിരാമൻ പുരസ്കാരം, വയലാർ അവാർഡ് എന്നിങ്ങനെ മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട അവാർഡുകളും ലഭിച്ചിട്ടുണ്ടു്. 2014-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.
2021 ഫെബ്രുവരി 25-നു് അന്തരിച്ചു. അദിതി, അപർണ്ണ എന്നിവർ മക്കൾ.
ആധുനിക കവിതയിലെ വേറിട്ട ശബ്ദമാണു് വിഷ്ണു നാരായണൻ നമ്പൂതിരിയുടേതു്. ഭാഷ മലയാളമെങ്കിലും കവിതയുടെ ഭൂമിക ഇന്ത്യയാണു്. കാളിദാസനും ഐറിഷ് കവി W. B Yeats-ഉം വൈലോപ്പിള്ളി ശ്രീധരമേനോനും കവിതയിൽ വഴികാട്ടികൾ. എൻ. വി. കൃഷ്ണവാര്യരും ജയപ്രകാശ് നാരായണനും വിളക്കുമരങ്ങൾ. കാളിദാസന്റെ “ഋതുസംഹാരം” മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. എട്ടു പ്രാവശ്യം ഹിമാലയത്തിൽ തീർത്ഥാടനം നടത്തി. അറുപതാം പിറന്നാളും എഴുപതാം പിറന്നാളും ബദരീനാഥിൽ ചിലവഴിച്ചു. കാളിദാസനും ഹിമാലയവും ഗംഗയും അദ്ദേഹത്തിന്റെ കവിതയിലെ പ്രധാന സാന്നിദ്ധ്യങ്ങൾ. അതുപോലെ തന്നെ ദലൈലാമയും തിബറ്റൻ ജനതയും ഗ്രീസും അയർലണ്ടും അദ്ദേഹത്തിനു് പ്രിയപ്പെട്ടവർ. ആശാൻ സ്മാര പ്രഭാഷണം പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. കുമാരനാശാന്റെയും ശ്രീനാരായണഗുരുവിന്റെയും കവിതകളെക്കുറിച്ചുള്ള പുതിയ വിചാരങ്ങൾ ഈ പ്രഭാഷണത്തിന്റെ പ്രത്യേകതയാണു്. അടിയന്തിരാവസ്ഥ കാലഘട്ടത്തെക്കുറിച്ചുള്ള സൂക്ഷ്മ വിചാരങ്ങളാണു് ‘ഇന്ത്യ എന്ന വികാരം’ എന്ന സമാഹാരത്തിലെ കവിതകൾ. ‘ഭൂമി ഗീതങ്ങൾ’ മുതൽക്കു് പാരിസ്ഥിതിക വിചാരങ്ങളുടെ ധാര അദ്ദേഹത്തിന്റെ കവിതയിലുണ്ടു്. രാഷ്ട്രീയ സാഹിത്യ സംബന്ധിയായ പല പ്രബന്ധങ്ങളും ഇനിയും സമാഹരിച്ചിട്ടില്ല.