ചില്ലകളിൽ പോലും കാതലുള്ള വൃക്ഷമാകുക എന്നതാണു് ഒരു മരത്തിന്റെ ആഗ്രഹം. ആ ആഗ്രഹം വളർത്തി ചില്ലകളിലെത്തിക്കുമ്പോളാണു് ആ വൃക്ഷത്തിന്റെ ജീവിതം സഫലമാകുക. അങ്ങനെയുള്ള ഒരു വൃക്ഷം അന്വേഷിച്ചു് കാടുകളിലെത്തുന്ന മരം വെട്ടുകാരനെക്കുറിച്ചു് ആലോചിച്ചു നോക്കൂ. അയാളുടെ ആഗ്രഹം സഫലമാകുമോ? ഒരിക്കലും സഫലമാകില്ല. ഒരു വൃക്ഷം അതിന്റെ നൂറു വർഷം കൊണ്ടു് പൂർണ്ണതയിലെത്തുമെങ്കിലും മരം വെട്ടുകാരനു് അതു് എന്നെങ്കിലും കണ്ടെത്താനാകുമോ? തുഞ്ചായം ഉണങ്ങി നിൽക്കുന്ന വൃക്ഷം ആയുസെത്തി ശാഖകളിലെല്ലാം കാതലുള്ള വൃക്ഷമായി അയാൾക്കു് ഒരിക്കലും തോന്നില്ല. ഉണങ്ങിയ വൃക്ഷമായേ തോന്നൂ. മലയാളിയിൽ എപ്പോഴും ഒരു മരം വെട്ടുകാരനുണ്ടു്. ആ മരം വെട്ടുകാരനു് കാതലുള്ള വൃക്ഷങ്ങളെ കണ്ടെത്താൻ കഴിയാറില്ല. കാട്ടിലും പൊന്തകളിലുമുള്ള പാഴ്മരങ്ങളെ കാതലുള്ള മരങ്ങളായി വെട്ടി ഉരുപ്പടികളായി സൂക്ഷിക്കും. ചിതലോ ഉച്ചോ കുത്തി സൂക്ഷിപ്പിൽ തന്നെ ഇല്ലാതാകുമെങ്കിലും മരം വെട്ടുകാരന്റെ കാമനാ കൗതുകം കാതലിൽ കുത്തേൽക്കില്ലെന്നു കരുതി സമാധാനിക്കും. ഈ സമാധാനമാണു് ഇന്നത്തെ കലാ നിർമ്മിതികളിൽ കാണാൻ കഴിയുന്നതു്. യഥാർത്ഥ മരം വെട്ടുകാരൻ നമ്മിൽ നിന്നു് അകന്നു പോകുകയും യഥാർത്ഥ കാതൽ കാണാൻ കഴിയാതേയും ആയിരിക്കുന്നു. പാഴ്മരങ്ങളിലെ ചില്ലറ ഉരുപ്പടികൾ മാത്രം കാണുന്നവരായിത്തീർന്നിരിക്കുന്നു. കേസരിയും സി. ജെ. തോമസും എം. എൻ. വിജയനും എം. പി. ശങ്കുണ്ണി നായരും എം. ഗോവിന്ദനും ജി. എൻ. പിള്ളയും ഡോ. ടി. പി. സുകുമാരനും തുടങ്ങി ഏതാനും പേർ നമ്മുടെ കാതലുകളിൽ നോക്കി മരത്തിന്റെ ആയുസ്സു നിർണ്ണയിക്കാൻ കഴിവുള്ളവരായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ടി. കെ. രാമചന്ദ്രൻ, ബി. രാജീവൻ, വി. സി. ശ്രീജൻ, നിസാർ അഹമ്മദ്, വി. സനിൽ, നന്ദകുമാർ, ടി. ടി. ശ്രീകുമാർ തുടങ്ങിയവരെ കാണാവുന്നതാണു്. ഇവർക്കു് കാതലിൽ നല്ല പിടിപാടുമുണ്ടു്. എന്നാൽ പിന്നീടിങ്ങോടു് പാഴ്മരങ്ങളെ നിറയെ കാതലായി കണ്ടവരാണു് ഈ വിരുന്നു മേശയിലെത്തിയവർ. അവർ രുചിച്ചതെല്ലാം ഒരേ രുചിയിലായിരുന്നു. അവർ എഴുതിയതു് ഫീച്ചറിന്റെ കുളിരിലായിരുന്നു. സ്വയം അഭിരമിച്ചു് ആഴത്തിനു പകരം താൻ കണ്ട തന്റെ നിഴലിനെ പകർത്തിവച്ചു. സാമൂഹിക രാഷ്ട്രീയ ബോധം പരിശോധിക്കുന്ന പോയറ്റിക്സിനു പകരം ആമുഖമെഴുതുന്ന തത്തയുടെ ചീട്ടെടുപ്പിലേക്കു് നീങ്ങി. തനിക്കു് വളയുന്ന മരങ്ങൾക്കു ചോട്ടിലവർ നിന്നു. കാതലുള്ള മരങ്ങൾ വളയാത്തതിനാൽ അവയെ കാണാതെയുമിരുന്നു.
അവ കാതലിലേക്കു തന്നെ വളർന്നുകൊണ്ടിരുന്നു. എന്നാലും പാഴ്മരങ്ങളുടെ കാതലിനെക്കുറിച്ചു് എഴുതുന്നതു് തുടർന്നു കൊണ്ടുമിരുന്നു. പടർ വേരുകളുള്ള ചെടികളെക്കുറിച്ചു് ഇവർ അറിയുക പോലും ചെയ്തില്ല. അവയുടെ പടർ വേരുകൾ പുതിയ ജ്ഞാനങ്ങളെ ഉല്പാദിപ്പിച്ചപ്പോൾ കാതലുള്ള മരങ്ങൾക്കു് സന്തോഷമായി. എന്നാൽ കാതൽ ഉള്ളിനെ ഉറപ്പിക്കുന്നതിനാൽ പടർ വേരുള്ളവയ്ക്കും അതിന്റെ ഉറപ്പുണ്ടെന്നു മനസിലാക്കി. സച്ചിദാനന്ദൻ ആ സാധ്യതകൾക്കായി മലയാളത്തിൽ എല്ലാ വാതിലുകളും തുറന്നിട്ടു. തന്റെ ശാഖകളിലെ കാതലിനു കാരണം പടർ വേരുള്ള ചെടികളാണെന്നും തിരിച്ചറിഞ്ഞു. ദളിത്, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ മലയാളത്തിന്റെ നിത്യ വ്യാകരണങ്ങൾ തെറ്റിച്ചു് കുട്ടിച്ചേർത്തു. അംബേദ്ക്കറുടെ ജൈവ നീതിയേയും ജൂലിയക്രിസ്തോവയുടെ സങ്കീർണ സ്ത്രൈണതയേയും ഏകപക്ഷീയമല്ലാതെ തുറന്നു വച്ചു. ലാറ്റിനമേരിക്കൻ സാഹിത്യത്തേയും ആഫ്രിക്കൻ സാഹിത്യത്തേയും മൈനർ ലിറ്ററേച്ചറിനേയും തന്റെ കാതലിൽ തന്നെ പുറത്തെടുത്തു. രാമാനുജനെപ്പോലെ ഇന്ത്യൻ സാഹിത്യത്തിലെ പ്രശ്നവൽക്കരണ സന്ദർഭങ്ങളെ അതിന്റെ പരിസരത്തു നിന്നു് അടർത്തിയെടുത്തു. കബീറാ യും അക്ക മഹാദേവി യായും ബുള്ളേഷയായും നമ്മുടെ ഇടത്തിനോടു് ചേർത്തു വച്ചു. അതെല്ലാം തന്റെ ശിഖരങ്ങളിലെ കാതലിനെ പരിശോധിക്കാനായിരുന്നു. തന്റെ ഒരു നേർത്ത ശാഖയിൽപ്പോലും കാതൽ നഷ്ടപ്പെടരുതെന്നു് ആഗ്രഹിച്ചതിനാൽ അയ്ക്കോയ് അർമയെപ്പോലെ ബ്യൂട്ടിഫുൾ വൺസ് ആർ നോട്ട് യെറ്റ്ബോൺ എന്നു് ആവർത്തിച്ചുക്കൊണ്ടിരുന്നു. അങ്ങനെ തന്നിലിരുന്നു് അധികാരത്തോടും അഴിമതിയോടും കലഹിക്കുകയും ചെയ്തു. അതു് വിചാരമായി കവിതയുടെ കാതലിൽ ഒരു ഉളിയ്ക്കും പിടികിട്ടാത്ത ശില്പമായി കിടന്നു. ചിലപ്പോളതു് അഴിക്കും തോറും പിരിവുള്ള ഡിഎൻഎയായി. എങ്കിലുമതു് കവിതയായിരുന്നു. സന്ദേഹമുള്ള, അനന്തതയെ എയ്യുന്ന കവിത. മരിച്ചതും നഷ്ടപ്പെട്ടതുമായ ഭാഷയെ തിരിച്ചെടുക്കുന്ന കവിത. ഭാഷയുടെ ദൈവവുമായി (ദെറിദ പോൾ സെലാന്റെ കവിതയെക്കുറിച്ചു് പറയുന്നതുപോലെ) കാതലുരക്കുന്ന കവിത നമ്മുടെ ഛായപടങ്ങളിലെ അവ്യക്തത (indecipherability) യെ മാറ്റിയെടുക്കുന്നു. അവ്യക്തതയിൽ നിന്നു് വ്യക്തതയും അതിന്റെ ഉൾപ്പിരിവുകളും കാട്ടിത്തരുന്നു. ഓരോ രാജ്യത്തു നിന്നും അതിന്റെ സൂക്ഷ്മ പ്രദേശങ്ങളെടുത്തു് കൂട്ടിപ്പിരിക്കുന്നു. എപ്പോഴും പുതിയതായി നമുക്കു മുന്നിൽ വന്നു നിൽക്കുന്നു. പുതിയതായി ആരംഭിക്കുന്നു. അനായാസം തുറന്നു പറയുന്നു. എപ്പോഴും നവീകരിക്കുന്ന റെനെമാഗരിതിന്റെ ചിത്രം പോലെ.
അനുഭവത്തിന്റെ പദകോശങ്ങൾ അടക്കിയ ഈ ഭൂഖണ്ഡത്തിൽ നദികളും അരുവികളും തടാകങ്ങളും കടലുകളും സമുദ്രങ്ങളുമുണ്ടു്. ഒന്നിൽ നിന്നു് ഒന്നിലേക്കു് പകർന്നു് അതിന്റെ വിസ്തൃതി വർദ്ധിക്കുന്നു. വായനയിൽ നിന്നു് പ്രസാധനത്തിലേക്കു് അതിൽ നിന്നു് അധ്യാപനത്തിലേക്കു് അതിൽ നിന്നു് സഞ്ചാരത്തിലേക്കു് അതിൽ നിന്നു് വിവർത്തനത്തിലേക്കു് അങ്ങനെ കാതലുള്ള എത്ര ലോകങ്ങൾ. ചിത്രകലയിൽ നിന്നു് പടർന്ന ആദ്യ കാലങ്ങൾ. വിദേശവും സ്വദേശവും എന്നില്ലാതെ എഴുത്തിലെ ചേർച്ചകൾ. അതിൽ നിന്നു് പൗരസ്ത്യമായ അറിവിനെ തിരിച്ചെടുക്കൽ; ഒരിക്കലും പഴകാതെ. അതിന്റെ നിഗൂഢതകൾ അരിച്ചു മാറ്റി സുതാര്യമാക്കി വയ്ക്കുന്നു. ഭക്തിയോടെ തിരിച്ചു പോകാൻ കഴിയാത്ത വിധം വ്യക്തമായി. ഇങ്ങനെ കാതലിനോടു് അടുപ്പിച്ചു് വച്ചു് നമ്മെ വിളിച്ചുണർത്തുന്ന സച്ചിദാനന്ദനെക്കുറിച്ചു് ഗവേഷണം ആവശ്യമാണു്. ആ വ്യക്തി; ഒരു സമൂഹമാണു്. പല തരം സമൂഹം. അതു കൊണ്ടു് അതിന്റെ ഉള്ളിലേക്കു് ഇറങ്ങേണ്ടതുണ്ടു്. അതിന്റെ ബയോ പൊളിറ്റിക്സ് അത്രകണ്ടു് വിശാലമാണു്.
അതുകൊണ്ടു തന്നെ ഇറങ്ങി ഓരോന്നും കണ്ടെത്തേണ്ടതുണ്ടു്. ആ വൃക്ഷത്തിന്റെ ഓരോ ശാഖയിലും കാതലുള്ളതിനാൽ പഴയ ഉളിയുടെ ഉപയോഗം കൊണ്ടു് ഒന്നും കണ്ടെടുക്കാനാവില്ല. കൊത്തുമ്പോഴുള്ള ആയലിൽ സ്വയം നിലത്തു വീഴാതിരിക്കുക. കാതലുള്ള വൃക്ഷം ശാഖകളടക്കം കൊടുങ്കാറ്റു് നിറച്ചതാണു്.

ചിത്രം: വി. ആർ. സന്തോഷ്

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അഞ്ചു് കവിതാ സമാഹാരങ്ങൾ, ഒരു ചിത്രകലാനിരൂപണ ഗ്രന്ഥം, 25 വിവർത്തന പുസ്തകങ്ങൾ.