ഞാൻ ആ വൃദ്ധനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടു് വളരെക്കാലമായി. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അയാളെന്റെ കടയ്ക്കു മുന്നിലൂടെ കടന്നു പോകും. ഈ പട്ടണത്തിലെ ചന്ത കൂടുന്ന ദിവസങ്ങളാണവ.
ഒറ്റ മുണ്ടും തോർത്തുമാണു് അയാളുടെ വേഷം. തോർത്തു് നെഞ്ചും മാറും മറയുമാറു് ചുറ്റിപ്പുതച്ചിരിക്കും. മ്ലാനതയ്ക്കു് സഹജമായ ഒരു ശാന്തതയുണ്ടല്ലോ, അതാണയാളുടെ സ്ഥിരം മുഖഭാവം. വളരെ പതിയെ മാത്രമേ നടക്കു… ഒച്ചുപോലും പേപിടിച്ചോടുന്ന നഗരത്തിൽ ഒരു വിയോജനക്കുറിപ്പു പോലെ ഇഴഞ്ഞു നീങ്ങുന്ന മനുഷ്യൻ. ആ നടത്തമാവാം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയതു്.
രാവിലെ ചന്തയിലേക്കു നടക്കുന്ന അയാൾ ഉച്ചയ്ക്കു് വിയർത്തൊലിച്ചു് തിരികെപ്പോകും. അന്നേരം തലയിൽ ഒരു ചുമടുണ്ടാകും. ഉണങ്ങിയ വാഴയിലകൊണ്ടു് പൊതിഞ്ഞു് ഭദ്രമായിക്കെട്ടിയ ഒരു ചുമടു്. അതിനുള്ളിൽ പച്ചക്കറിയാണെന്നു് വ്യക്തം.

ആരാണയാൾ? ആർക്കു വേണ്ടിയാണു് മലക്കറി വാങ്ങിച്ചുമക്കുന്നതു്? ഇയാൾക്കു വേറെ തൊഴിലൊന്നുമില്ലേ? കാണുന്നതിനെപ്പറ്റിയെല്ലാം നിരുപയോഗമായ കുറെ ചോദ്യങ്ങൾ മെനെഞ്ഞെടുക്കുന്ന എന്റെ മനസ്സു് ആ വൃദ്ധനെയും വെറുതെ വിട്ടില്ല. ഉത്തരം തേടി സങ്കൽപങ്ങളിൽ അലഞ്ഞു് ഞാൻ കുഴഞ്ഞു.
ഒരു ദിവസം അയാളെ വിളിച്ചു നിർത്തി ഇതൊക്കെ ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ള. പക്ഷേ, അതിനുള്ള തഞ്ചം എനിക്കു് ഉണ്ടായില്ല.
അങ്ങനെയിരിക്കെ ഒരു മഴയത്തു് അയാൾ എന്റെ കടയുടെ വരാന്തയിൽ കയറി ഒതുങ്ങി നിന്നു. അപ്പോൾ ഞാൻ ആ രൂപം ആപാദചൂഡം ഒന്നു നോക്കി. ചുളിവുകൾ വീണ ഇരുണ്ട നെറ്റിയുടെ മേലെ അറ്റത്തു്, തലമുടി തുടങ്ങുന്നിടത്തു്, രണ്ടു വൃണങ്ങൾ. മൊരിഞ്ഞ അതിരുകളുള്ള ചുവന്നു തുടുത്ത വ്രണങ്ങൾ. അവ തലമുടിക്കുള്ളിലേക്കു് നൂഴ്‌ന്നു് വളർന്നിരുന്നു. അയാളോടൊന്നു സംസാരിക്കാൻ ഞാൻ ഒരുങ്ങുകയായിരുന്നു.
പൊടുന്നനെ മഴ പടം താഴ്ത്തി. എനിക്കു് എന്തെങ്കിലും ചോദിക്കാൻ പറ്റും മുമ്പു് അയാൾ ഇറങ്ങിപ്പോയി.
അതുമുതൽ എന്റെ ചിന്ത ആ വ്രണങ്ങളിൽ കേന്ദ്രീകരിച്ചു. അയാളെ അകലെക്കാണുമ്പോഴേ ഞാൻ നെറ്റിയിൽ മിഴികളൂന്നും. അവ അല്പാല്പം വളരുകയാണെന്ന സത്യം ഞാൻ മനസ്സിലാക്കി. കുറെനാൾ കഴിഞ്ഞപ്പോൾ അയാളുടെ ഇടത്തെ കാതിന്റെ ഓരത്തു് മറ്റൊരു വൃണം മുളപൊട്ടിയതും ഞാൻ കണ്ടെത്തി. ആ തോർത്തു മൂടിയ മാറിലും മുതുകിലും ഇതുപോലുള്ള അനവധി വൃണങ്ങൾ ഉണ്ടാകാം. പക്ഷേ, എന്തുകൊണ്ടോ അയാളിലുള്ള എന്റെ താൽപര്യം വർദ്ധിച്ചുവന്നതേയുള്ള.
ഒരു ദിവസം അയാൾ എന്റെ കടവരാന്തയിൽ ചുമടിറക്കി വച്ചിട്ടു് ഷോകേസിൽ വിടർത്തിയിട്ടിരിക്കുന്ന സാരികളിൽ കണ്ണുംനട്ടു് നിൽപ്പായി. ഇടയ്ക്കിടെ ഒളികണ്ണാൽ എന്നെയും നോക്കുന്നുണ്ടായിരുന്നു. എന്റെ ജിജ്ഞാസ ഗൗരവത്തിന്റെ അണക്കെട്ടു് ഭേദിച്ചു. അയാൾ ഇങ്ങോട്ടു് നോക്കിയതും ഞാൻ തലയാട്ടി വിളിച്ചു. അയാൾ അറച്ചറച്ചു് കൗണ്ടറിനടുത്തേക്കു് വന്നു. ഞാൻ വളരെ നിർബന്ധിച്ചിട്ടും ആ വൃദ്ധൻ ഇരുന്നില്ല.
‘വീടെവിടെയാണു്?’ ഞാൻ ആദ്യത്തെ ചോദ്യം കണ്ടെത്തി.
‘ഇപ്പോതു് വീടും കുടിയുമൊന്നും കിടയാതു് മൊതലാളീ’—അയാൾ പുഞ്ചിരിച്ചു.
‘നാടു് ?’ ഞാൻ സാകൂതം ചോദിച്ചു. അയാൾ തമിഴ്‌നാട്ടിലുള്ളൊരു സ്ഥലത്തിന്റെ പേരുപറഞ്ഞു.
‘ഇവിടെ എന്തു ജോലിയാണു?’
‘വേലെയൊണ്ണും ഇല്ല സാർ, വയറ്റുപ്പാടുക്കു് ഏതാവതു ചെയ്യാതിരിക്ക മുടിയുമാ’ അയാൾ വരാന്തയിലെ ചുമടിലേക്കു് വിരൽ ചൂണ്ടി.
‘പച്ചക്കറിക്കച്ചവടമാണോ?’
‘ഇന്ത മലക്കറി വാങ്കിനതല്ല സാർ, ചന്തയിലിരുന്ത് നുള്ളിപെറുക്കിയെടുത്ത് സുമാറാക്കിനതാക്കും’
‘ഇത്രയുമോ!’ ഇനി ഇതെന്തു ചെയ്യും?
‘സായംകാലം അന്ത ചിന്നമാർക്കറ്റിലെ കൊണ്ടുപോയി വിറ്റിട്ടാ ഏതാവതു ചില്ലറൈ കെടയ്ക്കും എനക്കു് പിച്ചക്കാരുമട്ടിലെ എരക്ക മുടിയാതു് സാർ. അതിനാലെതാൻ ഇന്ത മെനക്കേടു വേലൈ.’
‘ആഴ്ചയിൽ രണ്ടു് ദിവസമല്ലേ ഇവിടെ ചന്തയുള്ളൂ?’
‘അങ്കും ഇങ്കും വേറെ ചന്തകളിരിക്കെ, എല്ലാടവും പോകും.’
‘താമസം എവിടെ?’
‘അന്തിക്ക് എങ്കെയാവത് പടുത്തിടവേൻ. ആരുക്കുമേ തൊന്തറവു ശെയ്യാതെ ചാകണം. അവ്വളവുതാൻ എണ്ണം.’
‘നാട്ടിൽ ആരുമില്ലേ?’
‘ആണ്ടവൻ വാഴവൈത്ത് എല്ലാവരും ഇരുക്ക് സാർ. തമയനും തമ്പിയുമുണ്ട്. നാൻ താലിവെച്ച പൊണ്ണ്. എനിക്കു് പെറന്ത മുന്നു കുളന്തൈകളും ഇരുക്ക്. രണ്ടാണും ഒരേയൊരു പൊണ്ണും. അവളിക്കിപ്പോ വയത് പത്തൊമ്പത്. ആൺപിള്ളൈകളുക്ക് ഗവൺമെന്റ് ഫാക്ടറിയിലെ നല്ലവേലയുമിരുക്ക്. എല്ലാരുമേ നന്റാക്ക ഇരുക്കട്ടും’. വൃദ്ധൻ ചിരിക്കാൻ ശ്രമിച്ചു.
‘പിന്നെ ഇവിടെക്കിടന്നു് കഷ്ടപ്പെടുന്നതെന്തിനാ?’
‘എനക്കു് കടവുൾ ഇന്ത വ്യാതി തന്തിട്ടില്ലാ! പോന ജന്മത്തിലെ നാൻ കൊടും പാപിയായിരുന്തിരിക്കലാം. കുഷ്ഠരോഗി വീട്ടുക്കുൾ ഇരിപ്പതു അവാൾ ആരുക്കുമേ പിടിക്കാതാ. അവളാവത് സന്തോഷമാ ഇരിക്കട്ടും’.
‘അവർ ഇറക്കി വിട്ടതാണോ?’
‘അതൊണ്ണും ശൊല്ലവേണ്ടാം സാർ. മനിതനുക്കു് ഉടമ്പു താൻ പെരുമൈ. അദു കേടു വന്തിട്ടെണ്ണാ പിള്ളയ്ക്കു തള്ള കെടയാതു്. മകനുക്കു് തകപ്പനില്ലൈ. പെണ്ണുക്കു കണവൻ ഇല്ലൈ. ഉലകത്തിൽ അന്പും ഉറുതിയും നം നലമാക ഇരുക്കും വരെതാൻ ഉണ്ടും. അതിലൊണ്ണും എനിക്കു് കവലയില്ലെ.’
വൃദ്ധന്റെ വരണ്ട കണ്ണുകളുടെ ആഴങ്ങളിലെവിടെയോ ഒര നനവു്. അയാളുടെ കണ്ഠം ഇടറി. അയാൾ ഝടിതി തലകുമ്പിട്ടു് പടിയിറങ്ങിപ്പോയി.
കുഷ്ഠരോഗം പിടിപ്പെട്ടതു കൊണ്ടു് ആട്ടിയിറക്കപ്പെട്ട ഒരു ഗൃഹസ്ഥൻ. അയാളെ കാണുമ്പോഴെല്ലാം ആ അറിവു് എന്നെ കുത്തി നോവിച്ചു.
അതിൽപ്പിന്നെ എന്റെ കടയുടെ മുന്നിൽ എത്തുമ്പോൾ അയാൾ എന്നെ നോക്കി മന്ദഹസിക്കും. ചിലപ്പോൾ ഒന്നും തൊഴുതെന്നും വരും. മ്ലാനതയുടെ മന്ദഹാസം. ഞാൻ ഒന്നു ചിരിച്ചു് മ്ലാനനാകും.
ഒരു മാസത്തോളം കഴിഞ്ഞു് വീണ്ടും അയാൾ കയറി വന്നു. എന്നെ തൊഴുതിട്ടു് ഷോക്കേസിലെ സാരികളിൽ കണ്ണോടിച്ചു നിന്നു. ഒടുവിൽ കടുംചുവപ്പു് ബോർഡറുള്ള ഒരു ഇളംനീല സാരി ചൂണ്ടിക്കാണിച്ചു് അതിന്റെ വില ചോദിച്ചു.
തെല്ലൊരു വിസ്മയത്തൊടെയാണു ഞാൻ മറുപടി നൽകിയതു്.
അയാൾ മടിശ്ശീലയിൽനിന്നു് ഒരു ചുരുൾ നോട്ടെടുത്തു് എണ്ണിനോക്കി. എണ്ണിത്തീർന്നപ്പോൾ ആ മുഖം ഒന്നുകൂടി ഇരുണ്ടു.
‘തികയാതു് സാർ, പതിമൂന്റ് രൂപാ കമ്മി.”
‘നല്ല സാരി വേറെയുണ്ടു് നോക്കൂ.’
അയാൾ വിനയപൂർവ്വം പറഞ്ഞു; ‘ഇദു താൻ വേണം.’ അയാൾ നോട്ടുചുരുൾ മേശപ്പുറത്തു് വച്ചിട്ടു പറഞ്ഞു; ‘സാർ ഇതേ വച്ചിടുങ്കോ. പിറങ്ക് ബാക്കി പൈസ തന്തു് സാരി നാൻ എടുത്തിടലാം. ഇരണ്ടു് വാരത്തുക്കുള്ളെ… ”
‘സാരി കൊണ്ടുപൊയ്ക്കൊളൂ. ബാക്കി പിന്നെ തന്നാൽ മതി.’ ഞാൻ പറഞ്ഞു.
‘വേണ്ടാം സാർ, അദു മുറയല്ലെ. അന്തസാരിയെ മാറ്റി ഉള്ളൈ വച്ചിട്ടാ പോതും.’
അയാൾ പോയി.
ആർക്കു വേണ്ടിയാണു സാരിയെന്നു ചോദിക്കാൻ ഞാൻ മറന്നു. മകൾക്കോ, ഭാര്യക്കോ അതോ മറ്റു വല്ലവർക്കുമോ? ഇതെന്റെ ഒരു കുഴപ്പമാണു. വേണ്ടപ്പോൾ ഒന്നും ചോദിച്ചറിയുകയില്ല. പിന്നെ യാതൊരു ആവശ്യവും ഇല്ലാതെ കുറെ സംശയങ്ങളും മനസ്സിലേറ്റി വെറുതെ നട്ടം തിരിയും.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ അയാൾ കയറിവന്നു.
വന്നയുടനെ പതിമൂന്നു രൂപ എന്റെ മേശപ്പുറത്തു വച്ചു. ഞാൻ പയ്യനെ വിളിച്ചു് ആ സാരി എടുത്തുകൊണ്ടു വരുവാൻ പറഞ്ഞു.
ആ വൃദ്ധന്റെ മുഖത്തു് മുമ്പെങ്ങും കാണാത്ത ഒരു തിളക്കം ഞാൻ കണ്ടു. അയാൾ ചൊല്ലി. ‘സാർ, അന്ത പൊണ്ണുക്കാക്കും, മകളുക്ക്. പൊങ്കലല്ലാ വാറത്. എങ്കൾ ഊരിലെ പൊങ്കൽ പെരിയ വിഴായാക്കും. പൊണ്ണുക്ക് ഇത് പാഴ്സലാ അനുപ്പണം. സാർ, ഉങ്കൾ അതൈ പൊതിഞ്ച് അഡ്രസ്സെഴുതി തരുവീർകളാ?’
ഈ അലഞ്ഞുനടപ്പിനിടയിലും പത്തൊമ്പതുകാരിയായ മകളുടെ ഓർമ്മ മനസ്സിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ആ വൃദ്ധന്റെ സ്നേഹം എന്റെ കണ്ണു നിറച്ചു.
പയ്യൻ സാരി പൊതിഞ്ഞുകെട്ടുമ്പോൾ അയാൾ മടിയിൽ നിന്നു് ഒരു മുഷിഞ്ഞ കടലാസുതുണ്ടെടുത്തു. അതിൽ അഴകമ്മയുടെ പേരും മേൽവിലാസവും എല്ലാം വ്യക്തമായി എഴുതിയിരുന്നു.
ഞാൻ ചോദിച്ചു. പാഴ്സലയയ്ക്കാൻ ഇരുപത്തഞ്ചു രൂപയെങ്കിലുമാകില്ലേ? പത്തോ പതിനഞ്ചോ കൂടി ചെലവാക്കിയാൽ അവിടെ ചെന്നു് ഇതു് മകളുടെ കൈയ്യിൽ കൊടുക്കാം. ആ കുട്ടിക്കും അതു് കൂടുതൽ സന്തോഷമാകുമല്ലോ?’
അയാളുടെ മുഖം വല്ലാതെ ഇരുണ്ടു. നോട്ടം ശൂന്യമായി. ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ മുഖം തിരിച്ചു.
‘ഇല്ല സാർ, അന്ത തള്ളയും മക്കളും എന്നെ വീട്ടുക്കുള്ളേ ഏറവിടാതു്. ഇന്ത പൊണ്ണുകൂട എൻ മുഖത്തിലെ പാക്കാതു്.’
സ്നേഹം തിരിച്ചുകിട്ടാത്ത ഒരു ഡിപ്പോസിറ്റ് ആണെന്നാവാം ഈ തത്ത്വജ്ഞാനിയുടെ വിശ്വാസം.
ഞാൻ പൊതിക്കെട്ടിനു മുകളിൽ അഡ്രസ്സെഴുതി. അപ്പോഴാണു മറ്റൊരു പ്രശ്നം ഓർത്തതു്; ‘അയയ്ക്കുന്ന ആളിന്റെ അഡ്രസ്സ് വേണം. അല്ലെങ്കിൽ പാഴ്സൽ പോസ്റ്റാഫീസിൽ എടുക്കില്ല.’
അയാൾ കുറേ നേരം നിശ്ചേഷ്ടനായി നിന്നു. എന്നിട്ടു മടിച്ചു മടിച്ചു പറഞ്ഞു. ‘സാർ, ഒരു ഉതവി കൂടി ശെയ്യണം. ഉങ്കളുടെയ അഡ്രസ്സ് എഴുതുങ്കോ.’
അപരിചിതനായ ഒരാൾ അയക്കുന്ന പാഴ്സൽ ആ പെണ്ണു് സ്വീകരിക്കുമൊ? പോസ്റ്റുമന്റെ മുന്നിൽ അമ്പരന്നു നിൽക്കുന്ന ആ നാടൻപെണ്ണിന്റെ രൂപം ഞാൻ മനസ്സിൽ കണ്ടു് ചിരിച്ചുപോയി.
ആകെ പതറി നിൽകുന്ന ആ വൃദ്ധനോടു് ഞാൻ പറഞ്ഞു; ‘നിങ്ങളുടെ പേരെഴുതി, ഈ കടയുടെ അഡ്രസ്സു് വയ്ക്കാം, പോരേ?’
അയാൾക്കു് അളവറ്റ ആഹ്ലാദം. കറുത്ത പല്ലുകൾ മുഴുവൻ പുറത്തുകാട്ടി അയാൾ ചിരിച്ചു. തന്റെ നന്ദി ഒന്നാകെ കൈക്കുമ്പിളിലൊതുക്കി എന്നെ തൊഴുതു നിലകൊണ്ടു.
‘നിങ്ങളുടെ പേർ?’
‘കുറ്റാലിംഗം, സാർ’
അയാളാ പൊതി വാങ്ങി. ഞാനെണീറ്റു് ആ സ്നേഹനിധിയെ യാത്രയാക്കി.

തൈപ്പൊങ്കൽ ദിവസം സിന്ദൂരപ്പൊട്ടുമിട്ടു് അയാളെത്തി.
‘ഇന്നു തൈപ്പൊങ്കലാക്കും, കോടി വാങ്കറുതുക്കാക വന്തേൻ’
‘എന്തൊക്കെ വേണം?’
’ഒരു തോർത്തുമട്ടും പോതും സാർ’
പോകാൻ നേരം അയാൾ രഹസ്യം മന്ത്രിക്കും മട്ടു് ചോദിച്ചു. ‘ഇപ്പൊ അന്ത ചേല എൻ കൊളന്തയ്ക്കു് കെടച്ചിരിക്കും, ഇല്ലയാ സാർ?’
ഞാൻ ‘തീർച്ചയായും’ എന്നു് തലയാട്ടി. അയാൾ വീണ്ടും ഹൃദ്യമായൊന്നു ചിരിച്ചു.
നാലഞ്ചു ദിവസം കഴിഞ്ഞു് പോസ്റ്റുമാൻ വന്നു് അറിയിച്ചു. ഒരു പാഴ്സലുണ്ടു്. മടങ്ങിവന്നതാണു്.
ഞാനതു് വാങ്ങി നോക്കി. ‘അതിൽ മേൽവിലാസക്കാരി ഇല്ല’ എന്നു് ചുമന്ന മഷികൊണ്ടു് എഴുതിയിരുന്നു.
ഒരു നിമിഷം നിശ്ശബ്ദനായിരുന്നിട്ടു് ഞാൻ പറഞ്ഞു: ‘ഇതു് അയച്ച ആൾ ഇപ്പോൾ ഇവിടില്ല. നാളെ വരും. അങ്ങോട്ടു് പറഞ്ഞയക്കാം.’
പിറ്റേന്നു് വൃദ്ധൻ കടയ്ക്കു മുന്നിലെത്തിയനേരത്തു്, നാശത്തിനോ നന്മയ്ക്കോ എന്നറിയില്ല. പോസ്റ്റുമാനും വന്നുചേർന്നു. വിവരം അറിഞ്ഞപ്പോൾ വൃദ്ധൻ പ്രജ്ഞയറ്റു നിന്നു.
‘ഒപ്പിട്ടു വാങ്ങൂ ഹേ.’ ക്ഷമയറ്റ പോസ്റ്റുമാൻ പറഞ്ഞു.
‘എനക്കു് എതർക്കു സാർ സാരി?’ എന്റെ നേരെ തിരിഞ്ഞു് അയാൾ ചോദിച്ചു. പോസ്റ്റുമാൻ എന്തോ മുറുമുറുത്തു. ‘വാങ്ങൂ’, ഞാൻ അനുനയം പറഞ്ഞു. പേന കൊടുത്തു.
തികച്ചും യാന്ത്രികമായി അയാളുടെ കൈകൾ ചില വരകൾ വരച്ചു.
പോസ്റ്റുമാൻ പാഴ്സൽ എന്റെ മേശപ്പുറത്തു് വച്ചു.
വൃദ്ധൻ പേന മടക്കിതന്നിട്ടു് ഒന്നും മിണ്ടാതെ പുറത്തേക്കു് ഇറങ്ങി നടന്നുതുടങ്ങി; ഓടും മട്ടിൽ. ഇതികർത്തവ്യതാമൂഢനായി അതു നോക്കി നിന്ന എനിക്കു് അയാളോടു് ഒരാശ്വാസവചനം പറയാൻ പോലും കഴിഞ്ഞില്ല.
ഇനിയും അയാൾ ഇതുവഴി വരുമല്ലോ. അപ്പോൾ സാരി തിരിച്ചു നൽകാം എന്നു കരുതി ഞാൻ സമാധാനിച്ചു.
അതിനുശേഷം കുറ്റാലിംഗം അതുവഴി വന്നിട്ടേയില്ല. അയാളെ കാത്തിരുന്നു് എന്റെ കണ്ണു് കുഴഞ്ഞു. അയാൾക്കു സാരി വേണ്ടെങ്കിൽ അതു് തിരികെ എടുത്തു് വാങ്ങിയവില തിരിച്ചുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നു. യാത്രചെയ്യുമ്പോൾ വഴിവക്കിലെങ്ങും ആ വിചിത്രജീവിയെ തിരയുക എന്റെ ശീലമാണു്.
ഒരു മാസം കഴിയും മുമ്പു്, ഒരു നാലുമണി നേരത്തു്, കറുത്തിരുണ്ട ഒരു പെണ്ണു് ഒരു ചെറുപ്പക്കാരനോടൊപ്പം വന്നു. അവർ കടയ്ക്കുമുന്നിൽ നിന്നു് ബോർഡിലേക്കും ഉള്ളിലേക്കും മിഴിച്ചുനോക്കുന്നതു കണ്ടു് ഞാൻ വിവരംതിരക്കി.
അവൾ തെല്ലൊരുദ്വേഗത്തോടെ ചൊല്ലി; ‘നാൻ അളകമ്മ. അന്ത കുറ്റാലിംഗത്തെ തേടി വന്തേൻ.’
ഞാനെണീറ്റു ചെന്നു സഹതാപപൂർവ്വം എന്റെ നിസ്സഹായത അറിയിച്ചു. എന്നാൽ മുഴുവനും പറഞ്ഞു തീരും മുമ്പു് അവൾ തിരിഞ്ഞു നടന്നു. ആ ചെറുപ്പക്കാരൻ പുറകെ പാഞ്ഞു.
ഈ കടങ്കഥയുടെ പൊരുൾ പിടികിട്ടാതെ ഞാൻ മിഴിച്ചിരുപ്പായി.
രണ്ടു മാസം മുമ്പു്, അകലെ ടൌണിലെ സുഹൃത്തിനോടു് ഞാൻ കുറ്റാലിംഗത്തെപ്പറ്റി പറഞ്ഞു. അയാളുടെ തുണിക്കടയിൽ ഇരുന്നായിരുന്നു സംഭാഷണം.
ആ സുഹൃത്തു് ചിരിച്ചുകൊണ്ടു് സൈൻബോർഡ് തുറന്നു് ഒരു പഴയ പാഴ്സലെടുത്തു് കാണിച്ചു. രണ്ടു വർഷം മുമ്പു് കുറ്റാലിംഗം അഴകമ്മയ്ക്കു് അയച്ച സമ്മാനം!
പാഴ്സൽ തിരികെ വന്നശേഷം അയാളും കുറ്റാലിംഗത്തെ കണ്ടിട്ടില്ല. അഴകമ്മ അവിടെയും ചെന്നിരുന്നുവത്രേ.
പക്ഷേ, ഒരു കുഴപ്പം. സുഹൃത്തിന്റെ വാദം കുറ്റാലിംഗത്തിനു് കുഷ്ഠമല്ല, ക്ഷയമാണെന്നാണു. കുപ്പികൾ, കാലിടിന്നുകൾ, പ്ലാസ്റ്റിക്കു് കഷണങ്ങൾ തുടങ്ങിയവ ശേഖരിച്ചു വിൽക്കുകയായിരുന്നുവത്രേ തൊഴിൽ. അയാളുടെ കഥയിലെ അഴകമ്മ കറുത്തിരുണ്ടവളല്ല. വെളുത്തു കൊലുന്നനെയുള്ള സുന്ദരിയാകുന്നു. ഞങ്ങൾ കുറെനേരം തർക്കിച്ചിരുന്നിട്ടു് പിരിഞ്ഞു.

ഇന്നലെ ഞാനും ആ സുഹൃത്തും ഗുരുവായൂർക്കു പോവുകയായിരുന്നു. ഞങ്ങളുടെ കാർ ഒരു റയിൽവേക്രോസിനെ സമീപിക്കുമ്പോൾ, ഇത്തിരി മുന്നിലായി കുറ്റാലിംഗം മുടന്തിമുടന്തിപ്പാകുന്നതു കണ്ടു. അയാളുടെ തലയിൽ ഒരു കെട്ട്പുല്ലു്.
ഞാൻ തലപുറത്തേയ്ക്കിട്ടു് വിളിച്ചു - “കുറ്റാലിംഗം.”
അയാൾ തിരിഞ്ഞു നോക്കാതെ നടന്നു്, റയിൽവേ ഗേറ്റി താണ്ടി പാളത്തിലെത്തി.
സുഹൃത്തു് വണ്ടിയുടെ വേഗം കൂട്ടാനൊരുങ്ങുമ്പോഴേക്കും റയിൽവേ ഗേറ്റ് അടഞ്ഞു.
ഞങ്ങൾ കാറിൽ നിന്നിറങ്ങി ആ ഗേറ്റിനടുത്തു ചെന്നു.
ഞാൻ വിളിച്ചു - “കുറ്റാലിംഗം… ”
അയാൾ തിരിഞ്ഞു നോക്കിയതേയില്ല.
ഞങ്ങൾ പിന്നെയും വിളിച്ചു.
അയാൾ മറ്റേ ഗേറ്റിനപ്പുറമെത്തി. അതും അടഞ്ഞു.
അയാൾ നടന്നകന്നു.
ഞങ്ങളാ ഗേറ്റിനടുത്തു് ഒരു കടംകഥയ്ക്കിപ്പുറത്തെന്നപോലെ നിന്നു.

ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ്. വി. വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു”.
അച്ഛൻ: പി. സദാശിവൻ തമ്പി
അമ്മ: വിശാലാക്ഷിയമ്മ
ജന്മദേശമായ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബിരുദങ്ങൾ നേടി. എൻ. എസ്. എസ്. കോളേജിയറ്റ് സർവ്വീസിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നു് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ്ജ് അവാർഡും ലഭിച്ചു.
ഭാര്യ: കെ. വത്സല
മക്കൾ: ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ
- കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണു്)
- ഗർഭശ്രീമാൻ (കഥാസമാഹാരം)
- മൃതിതാളം (കഥാസമാഹാരം)
- ആദിശേഷൻ (കഥാസമാഹാരം)
- തിക്തം തീക്ഷ്ണം തിമിരം (കഥാസമാഹാരം)
- രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
- ഒറ്റപ്പാലം (കഥാസമാഹാരം)
- ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
- ബുദ്ധിജീവികൾ (നാടകം)
- വാത്സല്യം സി. വി.-യുടെ ആഖ്യായികകളിൽ (പഠനം)
- ആ മനുഷ്യൻ (നോവൽ വിവർത്തനം)
- ചുവന്ന അകത്തളത്തിന്റെ കിനാവു് (നോവൽ വിവർത്തനം)
- ജിംപ്രഭു (നോവൽ വിവർത്തനം)
- മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തതു്)
(ഈ ജീവചരിത്രക്കുറിപ്പു് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നു്.)
ചിത്രീകരണം: വി. പി. സുനിൽകുമാർ