images/Albert_Bierstadt_California.jpg
Among the Sierra Nevada, California, a painting by Albert Bierstadt (1830–1902).
അച്ചടിദാസൻ
സക്കറിയ
images/chicagoums.png
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈലിന്റെ ആദ്യ പതിപ്പിലെ ഒരു താൾ.

ഞാനൊരു അച്ചടിദാസനായതിന്റെ ആരംഭകാലകഥയാണിതു്. അച്ചടിവിദ്യയായിരുന്നു എന്റെ ജീവിതത്തിന്റെ ഇരുപതോളം വർഷങ്ങളുടെ നായകനും അന്നദാതാവും.

അച്ചടിയോടും അതുമായി ബന്ധപ്പെട്ടു് ഡിസൈൻ, ലേ-ഔട്ട് തുടങ്ങിയ കലകളോടുമുള്ള എന്റെ ഭ്രമം എന്റെ പുസ്തകപ്പുഴുജീവിതത്തിന്റെ സ്വാഭാവികമായ ശിഖരരൂപീകരണമായിരുന്നിരിക്കണം. പുസ്തകം വായിക്കുക മാത്രമല്ല, പുറംതാൾ മുതൽ ഇൻഡക്സും ബൈൻഡിങ്ങും വരെ, ഭംഗി നോക്കാനും ഞാൻ സ്വയം പഠിച്ചിരുന്നു. ഒരുപക്ഷേ, ഇത്തരമൊരു ചിന്തയുടെ അടിത്തറ എന്നിലുണ്ടാകാൻ ഏറ്റവും കാരണമായതു് 1957–60 കാലഘട്ടത്തിൽ അമേരിക്കയിൽനിന്നു് ഒരു തൂലികാസുഹൃത്ത്—വന്ദ്യവയോധികനും മെയ്ൻ സംസ്ഥാനവാസിയുമായ ഡോൺ മത്തീസൺ—എനിക്കയച്ചുതന്നു കൊണ്ടിരുന്ന സാറ്റർഡേ ഈവനിങ് പോസ്റ്റ്, ലൈഫ്, ലുക്ക് എന്നീ വാരികകളായിരുന്നു. ഇവ മൂന്നും അവതരണത്തിലും ചട്ടക്കൂട്ടിലും ആ കാലത്തിന്റേതായിരുന്ന അത്യന്താധുനിക നിലവാരം പുലർത്തിയിരുന്ന പ്രസിദ്ധീകരണങ്ങളായിരുന്നു. ലൈഫ് അന്നു ലോകത്തിലെ ഏറ്റവും പ്രശസ്ത സചിത്രവാരികയായിരുന്നു. ‘ഈവനിങ് പോസ്റ്റി’ലായിരുന്നു ഞാൻ, തപ്പിത്തടഞ്ഞാണെങ്കിലും, ആദ്യമായി പെറിമേസൺ ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതു്, ഖണ്ഡഃശ.

ആദ്യമായിട്ടായിരുന്നു ഞാൻ അത്തരം കടലാസും പരസ്യങ്ങളും വർണ അച്ചടിയും കാണുന്നതു്. ഉരുളികുന്നത്തെ മരച്ചീനിക്കാലാകളിൽനിന്നു് എന്റെ ദിവാസ്വപ്നങ്ങൾ ബ്യൂക്ക്കാർ പരസ്യങ്ങളിലേറി അമേരിക്കയിലൂടെ പറന്നു.

images/zacharia-ad-01.jpg

അച്ചടിയുടെ മറ്റൊരു ചക്രവാളത്തിലേക്കു് എനിക്കൊരു നീക്കമുണ്ടായതു് 1964–67 കാലഘട്ടത്തിൽ ബാംഗ്ലൂരിലാണു്. സെൻട്രൽ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥികളായിരുന്ന ഞങ്ങളിലൊരു ചെറുസംഘത്തിന്റെ ഊണും ഉറക്കവും പ്രണയവും കലഹവും എല്ലാം അന്നു് സെന്റ് മാർക്സ് റോഡിലെ കോശീസ് പരേഡ് കഫെക്കു മുകളിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിലായിരുന്നു. ബാക്കിയുള്ള സമയം താഴെ പരേഡ് കഫെയിലും പിന്നെ കോളേജിലും. ആ ലൈബ്രറിയുടെ വായനമുറിയിൽ ചെലവഴിച്ച അവസാനമില്ലാത്ത ദിനങ്ങളിലൂടെ ഞാൻ ബ്രിട്ടനിൽ നിന്നുള്ള ഏറ്റവും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ തൃപ്പാദദാസനായിത്തീർന്നു. വായനയോടൊപ്പം അവയുടെ അച്ചടി-ഡിസൈൻ-സാങ്കേതികവിദ്യാ-മികവും ഞാൻ ആസ്വദിച്ചു. അവയിലൂടെയാണു് ഞാൻ ആദ്യമായി പരസ്യം ഒരു കലയാണെന്നു കണ്ടുപിടിച്ചതു്—പിടിച്ചുനിർത്തുന്ന വാക്കുകളുടേയും ബിംബങ്ങളുടെയും കല.

images/zacharia-ad-16.jpg

അന്നത്തെ ബ്രിട്ടനിലെ ഒരുപക്ഷേ, ഏറ്റവും പേരെടുത്ത ബൗദ്ധിക മാസികയായിരുന്ന എൻകൗണ്ടർ മുതൽ ദി ടൈംസ് വരെയുള്ള പ്രസിദ്ധീകരണങ്ങൾ വായനമുറിയിലുണ്ടായിരുന്നു. ബി. ബി. സി. അന്നു പുറത്തിറക്കിയിരുന്ന ദി ലിസണർ എന്ന ബ്രോഡ്കാസ്റ്റിങ് വാരികയുടെ അസാധാരണമായ രൂപകല്പനാവ്യക്തിത്വം എനിക്കു് ഇന്നും ഓർമ്മയുണ്ടു്. ബാംഗ്ലൂരിൽ അന്നുണ്ടായിരുന്ന അമേരിക്കൻ കൾച്ചറൽ സെന്ററിന്റെ വായനമുറിയും അമേരിക്കയിലെ തനിപ്പുത്തൻ അച്ചടിവിദ്യയുടെ ഒരു ഖനിയായിരുന്നു. എന്തുകൊണ്ടോ ആ വായനമുറിക്കു് ബ്രിട്ടീഷ് കൗൺസിലിന്റെ സൗഹൃദസ്വഭാവമില്ലായിരുന്നുവെന്നുമാത്രം. നാഷണൽ ജിയോഗ്രഫിക് മാഗസിൻ അവിടെ എപ്പോഴുമുണ്ടായിരുന്നു. കൊതിയോടെ അദ്ഭുതപരതന്ത്രനായി ഞാനതിലെ മായികലോക ചിത്രങ്ങളിലേക്കു് ഊളിയിട്ടു.

അന്നൊന്നും റബ്ബർക്കൃഷി, റബ്ബർ വ്യവസായം തുടങ്ങിയവ സാംസ്കാരികമായി ഇത്രമാത്രം കുറ്റകരമാണെന്നു് എനിക്കറിഞ്ഞുകൂടായിരുന്നു. തെങ്ങ്, കാപ്പി, ചായ, ഇഞ്ചി, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ പോലെയുള്ള മറ്റൊരു വിളയായാണു് ഞാനതിനെ കണ്ടതു്. പരമ്പരാഗത മലയാളി ബുദ്ധിജീവികളിൽ റബ്ബർ, പ്രത്യേകിച്ചും പാലാ, കോട്ടയം പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന റബ്ബർ, എത്രമാത്രം ക്രോധം ജനിപ്പിക്കുന്നുവെന്നു പിന്നീടാണു് എനിക്കു മനസ്സിലായതു്.

പക്ഷേ, അച്ചടിയുടെ ഭംഗി നോക്കാൻ മാത്രമേ എനിക്കു് അറിയുമായിരുന്നുള്ളൂ. അതിന്റെ സാങ്കേതികവിദ്യയെപ്പറ്റി ഞാൻ പരിപൂർണ്ണമായും അജ്ഞനായിരുന്നു. ആദ്യമായി എന്റെ അച്ചടിസ്നേഹം പരീക്ഷിക്കാൻ എനിക്കു് അവസരം കിട്ടിയതു കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിൿസ് കോളേജി ൽ പഠിപ്പിക്കുമ്പോൾ, കോളേജ് മാഗസിന്റെ ചുമതല വഹിച്ചപ്പോഴാണു്. 1967–71 കാലഘട്ടത്തിൽ. മാഗസിന്റെ അച്ചടി ചങ്ങനാശ്ശേരി രൂപത വക പ്രസ്സിലായിരുന്നു. ചങ്ങനാശ്ശേരിയിലെ സെന്റ് ബർക്മാൻസ് കോളേജി നു് എതിർവശത്തു് റോഡിറമ്പത്തു് ഒരു ചെറിയ കെട്ടിടമാണു് പ്രസ്സ്. അതിന്റെ മേൽനോട്ടം വഹിച്ചിരുന്ന സൗമ്യനായ പിഷാരടിസാറുമായി ഞാൻ പുത്തനച്ചിയുടെ പുരപ്പുറം തൂപ്പുപോലെ നടത്തിയ അച്ചടിസംവാദങ്ങളോർക്കുമ്പോൾ ലജ്ജകൊണ്ടു തല കുനിയുന്നു. ആ പ്രസ്സുമായി എനിക്കു് മറ്റൊരു വൈകാരികബന്ധം കൂടിയുണ്ടു്. അവിടെ അച്ചടിച്ചു പ്രസിദ്ധീകരിച്ചിരുന്ന കേരള ഡൈജസ്റ്റ് എന്ന മാസികയിലെ ഒരു ലേഖനത്തിലായിരുന്നു ഞാൻ ആദ്യമായി എന്റെ പേരു് കഥാകൃത്തു് എന്ന നിലയിൽ പരാമർശിക്കപ്പെട്ടുകണ്ടതു്. (എനിക്കു് സാഹിത്യസൂര്യനു കീഴിലൊരിടം നൽകിയ നിരൂപകന്റെ പേരു് നിർഭാഗ്യവശാൽ ഓർമയില്ല.) ബാംഗ്ലൂരിലെ തെരുവുകളിൽ ധാരാളമുണ്ടായിരുന്ന, ഉപയോഗിച്ച പുസ്തക-മാസികക്കമ്പോളങ്ങളിൽനിന്നു് ഞാൻ വാങ്ങി സൂക്ഷിച്ചുവെച്ചിരുന്ന എൻകൗണ്ടർ മാസികകളിലൊന്നിന്റെ കവർ ഡിസൈനാണു് ഞാൻ കോളേജ് മാഗസിനുവേണ്ടി മോഷ്ടിച്ചതു്.

images/zacharia-ad-06.jpg

അച്ചടിയിൽ സാങ്കേതികബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും മോഷ്ടിച്ച ഡിസൈൻ എങ്ങനെയോ വലിയ മോശമാവാതെ അച്ചടിക്കപ്പെട്ടു. താമസിയാതെ ഞാൻ കോളേജുമായി വിടപറഞ്ഞു. കാഞ്ഞിരപ്പള്ളി വിട്ടു് കോയമ്പത്തൂരിലെത്തിയതു് ട്രെഡ് റബ്ബർക്കച്ചവടക്കാരനായാണു്. ആ ഒരു വർഷം അച്ചടിയൊഴികെ ബാക്കിയെല്ലാം ഉണ്ടായി. ജോൺ എബ്രഹാം, വയലാർ രാമവർമ്മ, ഒ. വി. വിജയൻ തുടങ്ങി അനവധി സുഹൃത്തുക്കളുമായുള്ള വാഴൽ, ബാംഗ്ലൂരിൽ നിന്നു് ഒളിച്ചോടിയ കാമുകീകാമുകജോഡിക്കു് അഭയം, എന്റെ വിവാഹം, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലെ ആർ. ആർ. വർമയുമായുള്ള കൂട്ടുകെട്ടുകൾ, തമിഴ്‌നാട്ടിലെങ്ങും ചുറ്റിയടിക്കൽ. അന്നൊന്നും റബ്ബർക്കൃഷി, റബ്ബർവ്യവസായം തുടങ്ങിയവ സാംസ്കാരികമായി ഇത്രമാത്രം കുറ്റകരമാണെന്നു് എനിക്കറിഞ്ഞുകൂടായിരുന്നു. തെങ്ങ്, കാപ്പി, ചായ, ഇഞ്ചി, കുരുമുളകു് തുടങ്ങിയ നാണ്യവിളകൾപോലെയുള്ള മറ്റൊരു വിളയായാണു് ഞാനതിനെ കണ്ടതു്. പരമ്പരാഗത മലയാളി ബുദ്ധിജീവികളിൽ റബ്ബർ, പ്രത്യേകിച്ചും പാലാ, കോട്ടയം പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന റബ്ബർ, എത്രമാത്രം ക്രോധം ജനിപ്പിക്കുന്നുവെന്നു പിന്നീടാണു് എനിക്കു മനസ്സിലായതു്. കാലക്രമേണ, ബുദ്ധിജീവികളുടെ കാറുകളോടുന്നതു് ഞാൻ വിറ്റിരുന്ന ട്രെഡ് ഒട്ടിച്ച റബ്ബർ ടയറുകളിലാണെന്നും അവരുടെ കൃതികൾ അച്ചടിക്കുന്ന യന്ത്രങ്ങളിൽ റബ്ബർ പാർട്ടുകൾ ധാരാളമുണ്ടെന്നും മനസ്സിലായപ്പോൾ എന്റെ കുറ്റബോധത്തിനു് അല്പം ആശ്വാസമായി. ബുദ്ധിജീവിയുടെ കാറും സ്കൂട്ടറും അദ്ദേഹം കയറുന്ന ഓട്ടോറിക്ഷയും ബസ്സുപോലും ഓടുന്നതു് റബ്ബർച്ചക്രങ്ങളിലാണല്ലോ. അവരുടെ ഹവായ് ചപ്പലും റബ്ബർ തന്നെ.

റബ്ബറിനെയും കോയമ്പത്തൂരിലെ സുഖജീവിതത്തെയും കൈവിട്ടു് ഡൽഹിയിലെത്തിയതോടെയാണു് ഞാൻ പൂർണമായും അച്ചടിദാസനായി മാറിയതു്. ഡൽഹിപോലെയൊരു മഹാനഗരത്തിലെ മഹാജീവിതം ഉരുളികുന്നത്തെ പൊയ്കവക്കിലിരുന്നു് പണ്ടേ സ്വപ്നം കണ്ടിരുന്നതുംകൊണ്ടും എന്റെ നവവധുവിനു് ജോലി അവിടെയായിരുന്നതുകൊണ്ടുമാണു്, ഞാൻ കോയമ്പത്തൂരിലെ തകിടംമറിഞ്ഞ ആനന്ദജീവിതം മതിയാക്കി ഡൽഹിക്കു പുറപ്പെട്ടതു്. അവിടെ എന്നെ കാത്തിരിക്കുന്നുവെന്നു് ഞാൻ കരുതിയ ജോലി അച്ചടിവിദ്യയുടെ ലോകത്തായിരുന്നു. നാഷണൽ ബുക്കു് ട്രസ്റ്റിൽ മലയാളം അസിസ്റ്റന്റ് എഡിറ്ററുടെ ജോലിക്കു ഞാൻ അപേക്ഷിച്ചിരുന്നു. ബുക് ട്രസ്റ്റിനുള്ളിൽ എനിക്കു് ശക്തനായൊരു അഭ്യുദയകാംക്ഷിയുണ്ടായിരുന്നു. ഒ. വി. വിജയന്റെ ഭാര്യസഹോദരനും അവിടെ ഇംഗ്ലീഷ് വിഭാഗം എഡിറ്ററുമായിരുന്ന എം. സി. ഗബ്രിയേൽ. പുറത്തു് വിജയനും മറ്റു സുഹൃത്തുക്കളും എന്നെ പിന്തുണച്ചു. പക്ഷേ, ജോലി മറ്റൊരാൾക്കു് ലഭിച്ചു. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പ്രശസ്ത നാടകകൃത്തു് ഓംചേരി പിൽക്കാലത്തു് ആശ്വാസത്തോടെ എന്നോടു പറഞ്ഞു. “ഞാൻ സക്കറിയയെ സർക്കാർ ജോലിയിൽ നിന്നു് അന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ… ” അന്നു് ആ ജോലി കിട്ടാതിരുന്നതിൽ നിരാശയുണ്ടായെങ്കിലും ഓംചേരി പറഞ്ഞതുപോലെ, അതു് എന്റെ രക്ഷപ്പെടലായിരുന്നു. സർക്കാരുദ്യോഗം എനിക്കോ ഞാൻ സർക്കാരുദ്യോഗത്തിനോ ഗുണം ചെയ്യുമായിരുന്നു എന്നു തോന്നുന്നില്ല.

images/zacharia-ad-08.jpg
images/zacharia-ad-05.jpg

അങ്ങനെ ഞാൻ ജോലി തേടുന്ന കോടിക്കണക്കിനു് പൗരന്മാരിൽ ഒരാളായിത്തീർന്നു. ജോലിയില്ലാ ഭർത്താവായി ഭാര്യയുടെ സംരക്ഷണയിൽ കഴിഞ്ഞുകൂടുന്നതിന്റെ ജാള ്യവും ഞാൻ പിടിച്ചെടുക്കാനാഗ്രഹിച്ച മഹാനഗരത്തിന്മേൽ പിടിമുറുക്കാൻ കഴിയാത്തതിന്റെ വൈക്ലബ്യവും ആഴ്ചകൾ കഴിയുന്തോറും വർദ്ധിച്ചുവന്നു. അതേസമയം വി. ഗോപകുമാർ എന്ന സിംഗപ്പൂർ ഗോപകുമാറുമായുള്ള നഗരംചുറ്റലുകളും വിജയന്റെ സ്റ്റുഡിയോയിലിരുന്നുള്ള ബിയർകുടിയും സൊള്ളലും തൊഴിലില്ലായ്മയുടെ മറവിൽ വിജയകരമായി മുന്നേറി. എന്റെ തൊഴിലില്ലായ്മ ഒരു തരം സുഖഭോഗമായി മാറുകയായിരുന്നു. എങ്കിലും ജോലിക്കുള്ള ശ്രമങ്ങൾ ഉഷാറായി തുടർന്നു. ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരുന്നതുകൊണ്ടു് ഡൽഹിയിലെ ഇംഗ്ലീഷ് അച്ചടിരംഗത്തേക്കു് എന്റെ തൊഴിലന്വേഷണങ്ങൾ മാറ്റി. വിജയൻ, ഗോപൻ തുടങ്ങിയ സുഹൃത്തുക്കൾ, ഭാര്യയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ പിൻബലത്തോടെയായിരുന്നു പരിശ്രമങ്ങൾ. ഡൽഹിയിലെ പ്രധാനവും അപ്രധാനവുമായ പത്രമോഫീസുകളിലും വാരികയോഫീസുകളിലും പുസ്തകപ്രസാധക ഓഫീസുകളിലും കയറിയിറങ്ങി. പ്രമുഖ പത്രാധിപരായിരുന്ന ഇടത്തട്ട നാരായണ നെ ഞാൻ ആദ്യമായും അവസാനമായും കാണുന്നതു്, വിജയന്റെ ശുപാർശയിൽ ജോലി തേടിച്ചെന്ന എന്നെ അദ്ദേഹം നിഷ്കാസനം ചെയ്യാനെടുത്ത ചുരുങ്ങിയ നിമിഷങ്ങളിലാണു്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പേട്രിയട്ടു് ഓഫീസിൽത്തന്നെ അവരുടെ ശാസ്ത്രമാസികയിൽ പണിയെടുത്തിരുന്ന സി. രാധാകൃഷ്ണന്റെ അടുത്തു ചെന്നിരുന്നാണു് ഞാൻ ആശ്വസിച്ചതു്. ഇടത്തട്ട എന്നോടു് പ്രത്യേകമായി അക്ഷമ പ്രദർശിപ്പിച്ചതൊന്നുമായിരുന്നില്ല. അദ്ദേഹമൊരു മുൻശുണ്ഠിക്കാരനായിരുന്നു. എന്റെ ജോലിയന്വേഷണങ്ങളിൽ വളരെയധികം സഹായിച്ച ആളുകളിലൊരാളാണു് കരിയർ ആൻഡ് കോഴ്സസ്, വുമൺസ് ഇറ, കാരവൻ തുടങ്ങിയ ഡൽഹി പ്രസ്സ് പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിരുന്ന കുഞ്ചു. അന്നത്തെപ്പോലെ ഇന്നും അദ്ദേഹം ഒരുറച്ച ആദർശവാദിയും ഇടതുപക്ഷവിശ്വാസിയുമാണു്. ഇതിന്റെയെല്ലാം ആകത്തുക എനിക്കൊരു ജോലിയായിരുന്നില്ല. മറിച്ചു് കുറഞ്ഞൊരു കാലംകൊണ്ടു്, നവാഗതനായ ഞാൻ ഡൽഹിയിലെ പത്ര-പുസ്തക-പ്രസാധക ലോകത്തുകൂടി വഴിനടക്കാൻ പഠിച്ചു. ഊടുവഴികളും നേർവഴികളും പഠിച്ചു. യു. എൻ. ഐ.യിലെയും ഹിന്ദുസ്ഥാൻ ടൈംസി ലെയും ഐ. ഇ. എൻ. എസ്സിലെയുമെല്ലാം കാന്റീനുകളിലെ ചായയുടെയും വടയുടെയും സമോസയുടെയും രുചിഭേദങ്ങളിൽ വിദഗ്ദ്ധനായി. ധാരാളം സുഹൃത്തുക്കളെയും സമ്പാദിച്ചു. ജോലി തേടിയാണു് ഞാൻ സി. പി. രാമചന്ദ്രനെ പരിചയപ്പെട്ടതു്. അദ്ദേഹത്തിലൂടെ അദ്ദേഹത്തിന്റെ അനന്തരവൻ കെ. ഗോപാലകൃഷ്ണനെയും. ഗോപാലകൃഷ്ണനും ഞാനും ഒരേ പാതകളിലൂടെ—പലപ്പോഴും ഒന്നിച്ചും ജോലി തേടിയിട്ടുള്ളവരാണു്. അന്നൊന്നും ഞാൻ വി. കെ. മാധവൻകുട്ടി യെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. എനിക്കു ഡൽഹിയിലെ മലയാള പത്രരംഗത്തേക്കു് അപ്പോൾ ലഭിച്ചിരുന്ന പരിചയപ്പെടുത്തൽ—ഭാര്യയുടെ ബന്ധുവഴി—കേരളകൗമുദിയുടെ ഡൽഹി ബ്യൂറോ ചീഫും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന, പരേതനായ നരേന്ദ്രനോടായിരുന്നു. അദ്ദേഹവും എനിക്കു് ഡൽഹിയിലെ അച്ചടിലോകത്തിലേക്കു കയറാനൊരു വാതിൽ തുറന്നുകിട്ടാൻ പല ശ്രമങ്ങളും നടത്തി.

images/zacharia-ad-11.jpg

അവസാനം ഒരു സുദിനത്തിൽ ഡൽഹിയിലെ എന്റെ ആദ്യത്തെ ജോലി സമാഗതമായി—അച്ചടി സ്ഥാപനത്തിൽ തന്നെ. തൊഴിലില്ലായ്മയുടെ ഹ്രസ്വകാലസുഖഭോഗം അവസാനിച്ചു. അഫിലിയേറ്റഡ് ഈസ്റ്റ്-വെസ്റ്റ് പ്രസ്സ് എന്ന പുസ്തകവിതരണ-പ്രസാധന സ്ഥാപനത്തിലാണു് എനിക്കു ജോലി കിട്ടിയതു്. അതിന്റെ മാനേജിങ് ഡയറക്ടർ, പദ്ദു എന്നു ഞങ്ങൾ വിളിക്കുന്ന കെ. എസ്. പദ്മനാഭ നായിരുന്നു. എന്റെ ഭാര്യയുടെ അമ്മാവൻ ഡൽഹിയിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായിരുന്ന പരേതനായ എസ്. സുന്ദരരാജൻ തിയോസഫി പ്രസ്ഥാനത്തിന്റെ തലപ്പത്തെ ആളുകളിലൊരാളായിരുന്നു. പദ്ദു ഉറച്ച തിയോസഫിസ്റ്റും ഭാര്യയുടെ കുടുംബസുഹൃത്തുമായിരുന്നു. അങ്ങനെയാണു് മദേം ബ്ലാവറ്റ്സ്കി യുടെയും ആനി ബസന്റി ന്റേയും ലെഡ്ബീറ്ററു ടേയും ജെ. കൃഷ്ണമൂർത്തി യുടേയും ആദ്ധ്യാത്മികപ്രസ്ഥാനത്തിന്റെ ബന്ധങ്ങൾ എന്റെ ഭാര്യയിലൂടെ ഡൽഹിയിൽ എനിക്കു പിടിച്ചുനില്ക്കാനൊരു വഴിയുണ്ടാക്കിത്തന്നതു്. (1975-ൽ പദ്ദു ചെന്നൈ തന്റെ ആസ്ഥാനമാക്കി. ഞാൻ ഈസ്റ്റ്-വെസ്റ്റ് വിട്ടു. പദ്ദുവിന്റെ നേതൃത്വത്തിൽ ഈസ്റ്റ്-വെസ്റ്റ് പുസ്തകവിതരണത്തിനൊപ്പം ‘മനസ്സ്’ എന്ന പ്രസാധനശാല ആരംഭിച്ചു. അതാണു് ഇന്നു് ഇന്ത്യയിലെ പ്രമുഖ പ്രസാധനസ്ഥാപനങ്ങളിലൊന്നായ വെസ്റ്റ്ലാന്റ്. പദ്ദുവിന്റെ മകൻ ഗൗതം ആണു് അതിന്റെ മേധാവി. രണ്ടുവർഷം മുമ്പു് വെസ്റ്റ്ലാന്റിൽ ആമസോൺ പങ്കാളിയായി. അതിനുശേഷം ആരംഭിച്ച പ്രസാധനസംരംഭമാണു് കോൺടെക്സ്റ്റ് (Context). മലയാളിയായ വി. കെ. കാർത്തികയാണു് അതിന്റെ തലപ്പത്തു്. 1994-ൽ എന്റെ കഥകളുടെ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തന സമാഹാരം (Bhaskara Pattelar and other Stories) പ്രസിദ്ധീകരിച്ചതു് ‘മനസ്സ്’ ആയിരുന്നു. 2019-ൽ കോൺടെക്സ്റ്റ് എന്റെ നോവൽ A Secret History of Compassion പ്രസിദ്ധീകരിച്ചു. പദ്ദു 2013-ൽ മരിച്ചു. തന്റെയും കമലിന്റെയും ശിഷ്യന്റെ ഇംഗ്ലീഷ് നോവൽ അക്ഷരത്തെറ്റും വ്യാകരണപ്പിശകുമില്ലാതെ ഭംഗിയായി പുറത്തുവന്നതു കണ്ടു് പദ്ദു സന്തോഷിക്കുമായിരുന്നു എന്നതിൽ സംശയമില്ല.)

ഈസ്റ്റ്-വെസ്റ്റ് പ്രസ്സിന്റെ സ്ഥാപകൻ ഡള്ളസ്സ് എന്ന അമേരിക്കക്കാരൻ തിയോസഫിസ്റ്റായിരുന്നു. അദ്ദേഹം അമേരിക്കയിലേക്കു മടങ്ങാൻ തീരുമാനിച്ചപ്പോൾ സ്ഥാപനം സഹപ്രവർത്തകരായിരുന്ന പദ്മനാഭനും കമൽ മല്ലിക്കിനും കൈമാറുകയായിരുന്നു. അമേരിക്കയുടെ വിവാദമായിത്തീർന്ന പി. എൽ-480 ധനസഹായപദ്ധതിയിലൂടെ സർവകലാശാലാതലത്തിലുള്ള അമേരിക്കൻ പാഠപുസ്തകങ്ങളുടെ വില കുറഞ്ഞ ഇന്ത്യൻ പതിപ്പുകളിറക്കുകയായിരുന്നു ഈസ്റ്റ്-വെസ്റ്റിന്റെ ആരംഭകാലപ്രവർത്തനം. ഞാൻ ചേരുമ്പോൾ പദ്ധതിയുടെ കാലഘട്ടം അവസാനിക്കുകയായിരുന്നു. അമേരിക്കയിലെ അക്കാലത്തെ ശാസ്ത്രീയ-സാങ്കേതിക പുസ്തകപ്രസാധനരംഗത്തെ ഭീമനായിരുന്ന വാൻ-നോസ്ട്രൻഡ് റെയിൻഹോൾഡ് കമ്പനിയുടെ പുസ്തകങ്ങളുടെ ഇന്ത്യയിലെ വിതരണവും സർവകലാശാലാ തലത്തിലേക്കു് ഇന്ത്യാക്കാർ എഴുതിയ ശാസ്ത്രപാഠപുസ്തകങ്ങളുടെ പ്രസാധനവുമായിരുന്നു പ്രധാന പ്രവർത്തനം. എഡിറ്റോറിയൽ അസിസ്റ്റന്റായി ചേർന്ന എന്റെ ജോലി പ്രധാനമായും ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ ഇന്ത്യയിലെ പുസ്തകവിപണികളിൽ എത്തിക്കുവാനായി ഒരു ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. വാൻ-നോസ്ട്രൻഡ് പുതിയ പുസ്തകങ്ങളുടെ കവർ പേജുകളും ഉള്ളടക്കത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും കാലേക്കൂട്ടി അയയ്ക്കും. മനോഹരങ്ങളായ പുറംതാളുകളും ലഘുലേഖകളുമായിരുന്നു അവ. പുസ്തകങ്ങളുടെ ഉദ്ഭവകേന്ദ്രത്തിൽ ഞാൻ ആദ്യമായി തൊടുകയായിരുന്നു. ചില പുസ്തകങ്ങളുടെ പ്രൂഫ് കോപ്പി തന്നെ ലഭിക്കുമായിരുന്നു. നൊബേൽസമ്മാനജേതാക്കളുടെ പുസ്തകങ്ങളുടെ പ്രൂഫ് കോപ്പി കൈയ്യിൽ പിടിച്ചു് ഞാൻ രോമാഞ്ചംകൊണ്ടിരുന്നിട്ടുണ്ടു്.

ബുള്ളറ്റിനിലേക്കാവശ്യമുള്ള വിവരങ്ങൾ ഇവയിൽനിന്നെടുത്തു് ഉള്ളടക്കം ആസൂത്രണം ചെയ്യും. അവ ഞാൻതന്നെ എന്റെ രണ്ടു ചൂണ്ടുവിരലുകൾകൊണ്ടുള്ള ടൈപ്പിങ്ങിലൂടെ അടിച്ചെടുത്തു് പ്രസ്സിനു മാർക്കു ചെയ്യും. (അമ്പതുകളിൽ, ഞാനൊരു സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ, വേനൽക്കാലത്തു്, അമ്മയുടെ പിതൃസഹോദരപുത്രനായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ വടക്കൻ മലബാറിലെ ചീമേനിയിലുള്ള തോട്ടത്തിന്റെ ഓഫീസിലെ ടൈപ്പ്റൈറ്ററിൽ ഒരു മഹാദ്ഭുതമായി ഞാൻ കണ്ടെത്തിയ വിദ്യ—വിരൽ തൊടുമ്പോൾ ഒരു അക്ഷരം കടലാസിൽ ജനിക്കുന്ന അതിശയം—ഇപ്പോൾ എനിക്കു് ഉപകരിച്ചു.) മഷിയും ഓയിലും പുരണ്ട ഗാലി പ്രൂഫുകൾ മുറിച്ചു് ഒതുക്കി വായിക്കും. ഒന്നു്, രണ്ടു്, മൂന്നു്, നാലു്, എന്നിങ്ങനെ പ്രൂഫുകൾ നീളും. ബുള്ളറ്റിന്റെ നാമഫലകം ഞാൻ തന്നെ ഡിസൈൻ ചെയ്തു വരപ്പിച്ചെടുത്തു. മാറ്റർ പേജുകളിൽ ഒട്ടിച്ചു് പേജ് രൂപീകരിച്ചു. ബ്ലോക്ക് മേക്കിങ്ങിന്റെ ഇടപാടുകൾ പഠിച്ചു. വിവിധയിനം കടലാസുകളുമായി പരിചയപ്പെട്ടു. ബൈൻഡിങ് എന്ന കലയുടെ രീതികൾ മനസ്സിലാക്കി. അങ്ങനെ അക്കാലത്തെ അച്ചടിവിദ്യയുടെ ലോകത്തിലേക്കു ഞാൻ താറാവു വെള്ളത്തിലേക്കെന്ന പോലെ ഊളിയിട്ടു. ഹിന്ദിയിൽ അച്ചടിക്കാര്യങ്ങൾ പറയാൻ പഠിച്ചു. പ്രസ്സുകാരുടെ വാഗ്ദാനലംഘനങ്ങളും

images/zacharia-ad-14.jpg

താമസിപ്പിക്കലും ജീവിതയാഥാർഥ്യങ്ങളായി മാറി. എത്ര തവണ വായിച്ചാലും അവസാനം പ്രൂഫിൽ ഒരു നശിച്ച തെറ്റു് ഒളിഞ്ഞുകിടക്കും എന്ന ജീവിതസത്യം അംഗീകരിച്ചു. പ്രൂഫുകളുടെ മഷിയും ഗന്ധവുമായി ഇണങ്ങി. ബ്ലോക്കുകളുടെ എച്ചിങ്ങിലെ ചതിക്കുഴികൾ തിരിച്ചറിയാൻ പഠിച്ചു. രണ്ടുവിരൽ-ടൈപ്പിങ്ങിൽ ഞാൻ തീവ്രവേഗവാനായി. സ്പെല്ലിങ്ങിനെപ്പറ്റി, ഒരു ജീവന്മരണക്കാര്യമെന്നപോലെ ശ്രദ്ധാലുവായിത്തീർന്നു. ഇതെല്ലാം കൂടാതെ, മെയിലിങ് ലിസ്റ്റുകൾ രൂപീകരിക്കാനും അവ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കാനും പഠിച്ചു. തപാലോഫീസുമായുള്ള ബൾക്ക്-മെയിലിങ് ബന്ധങ്ങൾ കൈകാര്യം ചെയ്യാൻ ശേഷി നേടി. ഇതെല്ലാം തുടക്കത്തിന്റെ തുടക്കം മാത്രമായിരുന്നു എന്നതാണു് വാസ്തവം. കാരണം, താമസിയാതെ ഈസ്റ്റ്-വെസ്റ്റ്, ഹ്യൂമാനിറ്റീസ് പുസ്തകങ്ങളുടെ പ്രസാധനത്തിന്റെ തുടക്കമിട്ടു. അതോടെ കമൽ മല്ലിക്കു് എന്ന വ്യക്തി എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. ഞാൻ പബ്ലിസിറ്റി അസിസ്റ്റന്റ് എന്നതിനൊപ്പം കോപ്പി എഡിറ്റർ കൂടിയായി രൂപാന്തരപ്പെടുകയും ചെയ്തു. ശാസ്ത്രപുസ്തകങ്ങളുടെ എഡിറ്റിങ്ങിന്റെ ചുമതല വഹിച്ചിരുന്ന കമൽ കമ്പനിയുടെ ഡയറക്ടർ കൂടിയായിരുന്നു. പദ്ദു മാനേജിങ് ഡയറക്റ്ററും. ഹ്യൂമാനിറ്റീസ് പുസ്തകങ്ങളുടെ ടൈപ്പ് ചെയ്ത മാറ്റർ സ്ക്രിപ്റ്റുകൾ വന്നുചേരാനാരംഭിക്കുകയും അവ എഡിറ്റ് ചെയ്യുന്ന ചുമതല എന്റേതായിത്തീരുകയും ചെയ്തതോടെ എഡിറ്റിങ് സംബന്ധിച്ചകാര്യങ്ങളിൽ ഞാൻ കമലിനോടു് ഉത്തരവാദിത്വപ്പെട്ടവനായിത്തീർന്നു. എഡിറ്റിങ്-അച്ചടി-പ്രസാധനകലയിലെ എന്റെ ഒന്നാമത്തെയും അവസാനത്തെയും ഗുരുനാഥനാണു് കമൽ മല്ലിക്ക്. കമൽ എന്നെ വിശ്വസിക്കാൻ പഠിപ്പിച്ച വേദപുസ്തകമാണു് “യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈൽ ”.

images/cms-cover.jpg

ഇത്രയും കർക്കശനായ ഒരു ഗുരുനാഥനെ ആർക്കും ലഭിക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നതിനോടൊപ്പം കമലിന്റെ ഒത്തുതീർപ്പുകളില്ലാത്ത പ്രൊഫഷണലിസത്തിനു മുൻപിൽ ഞാൻ തല കുനിക്കുകയും ചെയ്യുന്നു. കമൽ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. ഒരു സിഗരറ്റിൽനിന്നു് അടുത്തതു് കൊളുത്തുമ്പോഴുള്ള ഇടവേളയിൽ മാത്രമാണു് എഡിറ്റു ചെയ്യുന്ന പേജിൽനിന്നു ശ്രദ്ധ മാറുന്നതു്. അതല്ലെങ്കിൽ പ്രിന്റർമാരും ചിത്രംവരക്കാരും ബൈൻഡർമാരും മറ്റുമായി ദീർഘമായ തർക്കങ്ങളിൽ പ്രവേശിക്കുമ്പോഴും. കോപ്പി എഡിറ്റിങ്ങിന്റെ അത്യുന്നതലത്തിൽ എത്തിച്ചു എന്നു ഞാൻ കരുതിയ പേജുകൾ കമലിന്റെ മുൻപിൽ വെക്കുമ്പോഴാണു്, എത്രയോ പ്രകാശവർഷങ്ങൾ പിന്നിലാണു് ഞാൻ എന്നു മനസ്സിലാക്കിയതു്. ഒരു സ്ഥാനം മാറിയ കോമ, ഒരു ആവശ്യമില്ലാത്ത കോളൺ, ഹൈഫനും ഡാഷും തമ്മിലുള്ള ‘എം’ വ്യത്യാസത്തിലെ ഒരു പിഴവു്, ഒരു അനാവശ്യമായ കാപ്പിറ്റൽ ലെറ്റർ—ചുണ്ടിലെ സിഗരറ്റിന്റെ പുകയിൽ ചുളിഞ്ഞ കമലിന്റെ കണ്ണുകൾ ഓരോ അശ്രദ്ധയിലേക്കും സൂക്ഷ്മസൂക്ഷ്മമായ പാളിച്ചയിലേക്കും നേരേ ചെന്നു പതിക്കും. നിസ്സാരമെന്നു് എനിക്കന്നു തോന്നിയിരുന്ന പ്രശ്നങ്ങൾപോലും—ഉദാഹരണമായി, ആശ്ചര്യചിഹ്നവും അതിനു തൊട്ടുമുൻപിലെ അക്ഷരവും തമ്മിലുള്ള അകലം—കമൽ ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈലിന്റെ വിധിന്യായത്തിനു വിധേയമാക്കും. ഓരോ സംശയം തീർക്കലിനും ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈലിലേക്കു തിരിയാൻ കമൽ കഠിനപാഠങ്ങളിലൂടെ എന്നെ പഠിപ്പിച്ചു. എഡിറ്റിങ്ങിലെ അടിസ്ഥാനപാഠം കമൽ എനിക്കു നല്കി—ടേക്കു് നത്തിങ് ഫോർ ഗ്രാൻഡഡ്. ശരിയായിരിക്കാനാണു വഴി എന്നുള്ളിൽ കരുതി ഒന്നിനെയും കടന്നുപോകരുതു്. ഭാഷയുടെയും വരകളുടേയും ചിത്രങ്ങളുടെയും അച്ചടിവിന്യാസത്തെപ്പറ്റി ഞാൻ അതുവരെ കണ്ടിട്ടില്ലാതിരുന്ന ഒരു ലോകം എന്റെ മുൻപിൽ ഉദിച്ചുയർന്നു.

images/zacharia-ad-02.jpg

ഓഫീസിലെ സയൻസ് എഡിറ്റർമാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ വാസ്തവത്തിൽ എന്റെ ക്ലേശങ്ങൾ നിസ്സാരമായിരുന്നു. ശാസ്ത്രപുസ്തകങ്ങളുടെ കോപ്പി എഡിറ്റിങ് ഹ്യുമാനിറ്റീസിന്റേതിനെക്കാൾ എത്രയോ മടങ്ങു് സങ്കീർണമാണെന്നതും കമലിന്റെ വിട്ടുവീഴ്ചയില്ലായ്മയും കൂടിച്ചേർന്നപ്പോൾ അവരുടെ കാര്യം പരിതാപകരാമായിരുന്നു. മിസ്സിസ് ഫെർണാണ്ടസ് എന്ന സയൻസ് എഡിറ്റർ കണ്ണീരുമായി കമലിന്റെ പക്കൽനിന്നു മടങ്ങിവരുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. കമൽ ഹ്യുമാനിറ്റീസിനെ വെറുമൊരു ഫലിതമായേ കണ്ടിരുന്നുള്ളൂ. എഡിറ്റിങിൽ യാതൊരു വെള്ളം ചേർക്കലും അനുവദിച്ചില്ലെങ്കിലും. പക്ഷേ, കമലിന്റെ നിഷ്ഠൂരമായ എഡിറ്റോറിയൽ നിഷ്കർഷയാണു് പ്രൊഫസർ സി. എൻ. ആർ. റാവു വിനെപ്പോലെയുള്ള പ്രശസ്ത ശാസ്ത്രജ്ഞന്മാരെ പ്രസിദ്ധീകരണത്തിനായി ഞങ്ങളെ തേടിവരാൻ പ്രേരിപ്പിച്ചതു്. കമലിനെ ഞാൻ ശപിച്ച രഹസ്യശാപങ്ങളെല്ലാം തിരിച്ചറിവില്ലാത്ത ഒരു ശിഷ്യന്റെ വിഡ്ഢിത്തങ്ങളായിരുന്നു. കമലിന്റെ കീഴിൽ ഞാൻ പഠിച്ച അച്ചടിപാഠങ്ങൾ അടുത്ത പതിനെട്ടോളം വർഷങ്ങൾ ഡൽഹിയിൽ എനിക്കു് അമൂല്യധനങ്ങളായി മാറി. അഫിലിയേറ്റഡ് ഈസ്റ്റ്-വെസ്റ്റ് പ്രസ്സിൽനിന്നു് ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനിലേക്കും എന്റെ സ്വന്തം പ്രസിദ്ധീകരണസ്ഥാപനത്തിലേക്കും പി. ടി. ഐ.യിലേക്കും ഇന്ത്യാ ടുഡെ-യിലേക്കുമെല്ലാം ഡൽഹിയിലെ ജീവിതസമരപാതകളെ പിന്തുടരാൻ അവയെന്നെ പ്രാപ്തനാക്കി. കേരളത്തിലെ അച്ചടി പ്രസാധനരംഗത്തു് ധാരാളമായി പ്രത്യക്ഷപ്പെടുന്ന പ്രൊഫഷണലിസമില്ലായ്മയും മാനദണ്ഡബോധമില്ലായ്മയും ഒട്ടേറെ അവസരങ്ങളിൽ തികഞ്ഞ അജ്ഞതയും എന്നെ രോഷാകുലനാക്കുമ്പോൾ ഡൽഹിയിലെ എന്റെ അച്ചടിപാഠങ്ങളാണു് എന്നിലൂടെ പ്രതികരിക്കുന്നതു്. ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈൽ ഞങ്ങളെ അഭ്യസിപ്പിച്ച, പ്രയോഗകൃത്യതയുടെയും ഉപയോഗശുദ്ധിയുടെയും യുക്തിയുടെയും ലാളിത്യത്തിന്റേയും സൗന്ദര്യബോധത്തിന്റേയും സുവർണനിയമങ്ങൾ വാസ്തവത്തിൽ ഏതു കലയ്ക്കും ബാധകമാണു്. ആ നിയമാവലികൾ ഒരു തടവറയായിരുന്നില്ല. മറിച്ചു് കടലാസും അച്ചും ചേർന്നുണ്ടാകുന്ന സൗന്ദര്യശാസ്ത്രത്തിന്റേയും അർഥശാസ്ത്രത്തിന്റേയും വഴികാട്ടികളായിരുന്നു. ഇന്നും ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈൽ ഒരു നോവൽ പോലെ വായിക്കാൻ എനിക്കു കഴിയും. അതിന്റെ ഓരോ പുതിയ പതിപ്പും മാറുന്ന സാങ്കേതികവിദ്യയും സംവേദനാവശ്യങ്ങളുമായി പുതിയ സമന്വയങ്ങൾ ഉണ്ടാക്കുന്നു.

images/zacharia-ad-19.jpg

നാലഞ്ചു വർഷംമുൻപ് അതായതു്, ഏതാണ്ടു് മുപ്പതോളം വർഷത്തിനുശേഷം ഞാൻ കമലിനെ ഡൽഹിയിൽവെച്ചു കണ്ടു. കമലിനു പ്രായമായിരിക്കുന്നു. ഹൃദ്രോഗിയാണു്. എന്നെക്കണ്ടു് വെളുക്കെ ചിരിച്ചു. കമൽ ചിരിക്കുന്നതു് ഒരുപക്ഷേ, ആദ്യമായി കണ്ടതു് അപ്പോഴാണു്, ഞാനൊരു എഴുത്തുകാരനായി അറിയപ്പെടുന്നു, എന്റെ കഥകളുടെ ഇംഗ്ലീഷ് വിവർത്തനം ഈസ്റ്റ്-വെസ്റ്റ് പ്രസ്സ് തന്നെ പ്രസിദ്ധീകരിച്ചു എന്നതിന്റെതായിരുന്നു ആ നല്ല ചിരി. എന്നിലെ മാനദണ്ഡബോധമുള്ള മനുഷ്യന്റെ ഒരു നല്ല പങ്ക് കമലിന്റെ സൃഷ്ടിയാണെന്നു പറയാൻ എനിക്കു മടിയില്ല. കാരണം, കമലിലൂടെ ഞാൻ ആർജ്ജിച്ച അച്ചടിയെ സംബന്ധിച്ച നിലവാരബോധം ജീവിതത്തിനും കലയ്ക്കും ഒരുപോലെ ബാധകമാണു്. ഇന്നും റോജറ്റ്സ് തിസാറസി നും

images/zacharia-ad-10.jpg

നിഘണ്ടുവിനുമൊപ്പം എനിക്കു് മറ്റൊരു വേദപുസ്തകമേയുള്ളൂ; കമൽ എന്നെ വിശ്വസിക്കാൻ പഠിപ്പിച്ച “യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈൽ” ബൈബിളിനെയും ഖുർആനെയും ഭഗവദ്ഗീതയെയുമെല്ലാം പ്രതിരോധിക്കാൻ അതിന്റെ ലളിതമായ രീതിശാസ്ത്രം മതി. ഭൂമികുലുക്കുന്ന തത്ത്വജ്ഞാനങ്ങളൊന്നും ആവശ്യമില്ല.

മൂന്നുനാലു് വർഷം മുമ്പു് എന്റെ മകൾ ഒരു യാത്രാമാസികയുടെ പത്രാധിപരായി ജോലിയിൽ പ്രവേശിച്ചപ്പോൾ ഞാനവൾക്കു് ‘യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ മാനുവൽ ഓഫ് സ്റ്റൈൽ’ അയച്ചുകൊടുത്തു് പറഞ്ഞു: “ഞാനിതുവരെ നിനക്കു് ഒരു വേദപുസ്തകവും തന്നിട്ടില്ല. ഇനി ഇതു വേണ്ടിവരും”. അവൾ മറുപടി അയച്ചു: “Too late! I already have it!” എനിക്കു് സന്തോഷമായി എന്നു് പറഞ്ഞാൽ മതിയല്ലൊ.

images/Paul_Sakaria.jpg

ചിത്രങ്ങൾ: മുഹമ്മദ് അഷ്റഫ്

Colophon

Title: Achadidasan (ml: അച്ചടിദാസൻ).

Author(s): Zacharia.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-03.

Deafult language: ml, Malayalam.

Keywords: Memoir, Zacharia, Achadidasan, സക്കറിയ, അച്ചടിദാസൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Among the Sierra Nevada, California, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.