ചോര ഉറവകൂടിയ മുറിയിലെ തണുപ്പിൽ അപ്പന്റെ മണം കലരുന്നതറിഞ്ഞു് ആറാംവാരിയിൽ കടിച്ചു തൂങ്ങിയ കൊതുകുകളെ അടിച്ചു ചമ്മന്തിയാക്കിക്കൊണ്ടു് ആന്തോ അലറി.
“അപ്പനിതെന്നാ കോപ്പിലെ ഏർപ്പാടാ കാണിച്ചേ ഈ കൊച്ചുവെളുപ്പിനു് ഇക്കണ്ട മഴയെല്ലാം നനഞ്ഞുകുളിച്ചിങ്ങോട്ടു് കയറിവന്ന നേരം വേണ്ടാരുന്നല്ലോ ചത്തുകെടന്നപ്പോ ശവത്തിലു് ശ്വാസമായിട്ടു വരാൻ”
ഏതാണ്ടു് രണ്ടു കഷണമായ തല താടിയോടു് ചേർത്തു് തോർത്തിനുകെട്ടി അപ്പൻ വെറുംനിലത്തു് കുറേനേരം കുന്തിച്ചിരുന്നു. പിന്നെ പതിഞ്ഞ ഒച്ചയിൽ പറഞ്ഞുതുടങ്ങി.
“ഈ കൊതൂളൊക്കെ ചത്തോരെ പ്രേതങ്ങളാടാ കുഞ്ഞേ ഇങ്ങനെ കൊന്നാലു് ഗതികിട്ടാണ്ടു് അലഞ്ഞുനടക്കേണ്ടി വരും, എത്രെണ്ണത്തിനെ കൊന്നോ അത്രേം വട്ടം”
“ദേണ്ട വിഷയൊന്നും മാറ്റണ്ട എല്ലാരും കൂടിയെന്നെ എടുത്തിട്ടു ഞെരിച്ചപ്പഴും അപ്പൻ തിരിച്ചുവരൂന്നു ഞാങ്കെടന്നലറി എന്നിട്ടും അവരപ്പന്റെ ശവോം കൊണ്ടു് പോയി. അപ്പാപ്പന്മാരെല്ലാം വന്നപോലെ അപ്പനെന്നാ നേരത്തും കാലത്തും വരാഞ്ഞേ…?”.
ചുറ്റാകെ മൂളിപ്പറക്കുന്ന കൊതുകുകളെ നോക്കി ആന്തോ കണ്ണീരുപായിച്ചു.
“വെഷമിക്കാതെടാ കുഞ്ഞേ… നീയീ പറയുമ്പോലൊന്നുമല്ല. ചത്തുകഴിഞ്ഞാ ഏണും കോണും തിരിയാൻതന്നെ കൊറേനേരം പിടിക്കും. പിന്ന പഴയോരൊക്ക ചാവും മുന്നേ ലോകം മോത്തോം കണ്ടോരാ, വലിയോരാ. അതുപോലെങ്ങാനുമപ്പനെക്കൊണ്ടുപറ്റുമോടാ. എന്റെ ശവത്തിലു് നോക്കി പള്ളിക്കാരു് പറഞ്ഞതു് നീയും കേട്ടില്ല്യോടാ കുഴിച്ചിടുന്ന മണ്ണു് നാറൂന്നു്. അതുണ്ടല്ലിയോ അവരെന്നെ ക്രിസ്ത്യാനിക്കു നെരക്കാതെ കത്തിച്ചു കളഞ്ഞതു്. ഒന്നിനും കൊള്ളാത്ത അശുവാടാ ഞാൻ നാറ്റം വച്ച വെറും തീട്ടം.”
അപ്പന്റെ തൊണ്ടയിടറി. മരിക്കും മുമ്പു് വലിച്ച ബീഡി മണം കൊക്കി ചുമച്ചു് പുറത്തു് ചാടി.
“ആ നായ്ക്കളു് കൊരയ്ക്കട്ടു്. നമ്മളതു് കേക്കാൻ പോവണ്ട. അപ്പനെന്റെ മുത്തുമണിയല്ലേപ്പാ.”
ചോരയുണങ്ങിയ ചിറികളിൽ ആന്തോ മാറി മാറി മുത്തി.
“അല്ല. ആണേപ്പിന്നെ എന്നാത്തിനാ നീ എന്റ തലമണ്ട അടിച്ചു പൊട്ടിച്ചേ? പഴയോരെ പെട്ടിക്കു് മേണ്ടീട്ടാണാ? തൊട്ടപ്പന്മാരെ ദിക്കരിച്ചു് അതു് തൊറക്കാനാണു് നെന്റ ഭാവോങ്കി ഞാൻ പറഞ്ഞിട്ടുണ്ടേ… ”
വിറപ്പിക്കുന്ന ഒച്ചയിൽ തലപ്പാളികൾ ആടിയുലയുന്നതു് നോക്കി ആന്തോ വേഗം പറഞ്ഞു.
“ആ അതുശരി വേണ്ടാത്ത കഥയൊക്കെ ഇരുന്നു് പറഞ്ഞു തന്നിട്ടല്ലേ. പഴയോരെല്ലാവരും ചത്തെണീറ്റു് വന്നപോലെ അപ്പനും വരൂന്നു് ഞാൻ നിരീച്ചു. അപ്പനൊന്നാലോചിച്ചു നോക്കിക്കേ ചത്തിട്ടു് ഒരു റീ എൻട്രിയൊക്കെ അടിച്ചു് ഇങ്ങോട്ടു് വന്നാ എന്റ അപ്പൻ പിന്നിവിടെ ആരാ…? സ്വന്തം അപ്പനെ ഒരു രാജാവായിട്ടു് കാണാൻ ഏതു് മക്കളേം പോലെ എനിക്കും ആഗ്രഹം ഉണ്ടാവൂല്ലേപ്പാ ”
ചാരായം കട്ട പെരുകിയ കൺപോളകൾ പൊക്കി മുന്നിലിരിക്കുന്ന തകരപ്പെട്ടിയിലേക്കാക്കിക്കൊണ്ടു് ആന്തോ പിന്നെയും കുറേനേരം ചീവീടുകൾക്കൊപ്പം കരഞ്ഞു.
ഇരുട്ടു് ഇടഭിത്തി കെട്ടിയ മുറിയിൽ രണ്ടുപേരും മുഖാമുഖം നോക്കിയിരുന്നു. നിശ്ശബ്ദത വെളുപ്പിൻ വെട്ടം തേടിയിറങ്ങിയപ്പോൾ മൂക്കു് പിഴിഞ്ഞെറിഞ്ഞുകൊണ്ടാന്തോ പതിയെ ചോദിച്ചു.
“ചത്തെഴുനേറ്റിട്ടു് അപ്പന്റപ്പനു് ശെരിക്കും എന്നതാ പിന്നെ ഉണ്ടായേ…?”
ഒരു തെറുപ്പു് ബീഡിക്കു് തീവെച്ചു് അപ്പനും മോനും കുറേനാൾ മുമ്പുള്ള ഒരുച്ച നേരത്തോട്ടു് മാറി മാറി പുകയൂതിവിട്ടു.
വലിയപള്ളി പിതാവിന്റെ പൊന്തിഫിക്കൽ ബലി ദിവസം കുഴിതൊറന്നുള്ള തിരുശേഷിപ്പു് പ്രാർത്ഥനകഴിഞ്ഞു കുടിച്ചുപേഞ്ഞുവന്ന അന്നു് കുരുമുളകിട്ടു വറട്ടിയ പോർക്കു് കഷ്ണം വായിലിട്ടു ചവച്ചുകൊണ്ടപ്പൻ ചോദിച്ചു.
“എടാ ആന്തോ എന്റപ്പൻ ഔതായെ നീ ഫോട്ടോയിലെങ്കിലും കണ്ടിട്ടൊണ്ടോഡാ?”
“ഇല്ലപ്പാ… അപ്പാപ്പൻ ആളെങ്ങനാരുന്നു?”
അപ്പന്റെ ആവേശത്തിനുമേൽ ഒരു കുപ്പി കള്ളുകൂടി ചരച്ചു് ആന്തോ കൂടെപ്പിടിച്ചു. ഉച്ചവെയിൽ നിഴൽ ചിത്രങ്ങൾ വരച്ച വരാന്തയിലേക്കു് അപ്പൻ കഥയുടെ തോർത്തുവിരിച്ചു.
പണ്ടീ കടയ്ക്കലെ ദാദയാര്ന്ന്ഡാ എന്റപ്പൻ, നെന്റപ്പാപ്പൻ. അപ്പന്റ തലവെട്ടം കണ്ടാമതി ഇവിടുത്ത വല്യ കൂത്താടികള് നിക്കറിമുള്ളും. നല്ല പച്ചപ്പാതിരാപോലെനിക്കിപ്പഴും ഓർമ്മയൊണ്ടു്. നമ്മക്കു് സ്വാതന്ത്ര്യം കിട്ടിയ കൊല്ലത്തെ വലിയ പെരുന്നാളിനു് അറക്കാൻ കൊണ്ടുവന്ന പോത്തന്മാരിൽ പെരവണ്ണമൊള്ള ഒന്നിനെ നോക്കി അപ്പൻ അഴിച്ചോണ്ടിങ്ങു പോന്നു. പള്ളിവികാരിയും പഞ്ചായത്തുമെമ്പറുമൊക്കെ അപ്പന്റെ അടുത്തൂന്നു് ഒരു കയ്യകലം മാറിനിന്നു് ആജ്ഞാപിച്ചും കാലുപിടിച്ചുമൊക്കെ നോക്കി ആരു കേൾക്കാൻ. പോത്തിനെ എരിത്തിലിൽ കേറ്റി കെട്ടിയിട്ടു് എന്റെ കൂടെപറഞ്ഞു. “നെന്റെ തള്ള ഒണ്ടായിരുന്നേലു് അവക്കൊരു കൂട്ടായേന അല്ലിയോടാ”.
അമ്മച്ചിയെപ്പറ്റി ചോദിച്ചപ്പോഴൊക്കെ “ചത്തിട്ടില്ല” എന്നു് മാത്രം അപ്പൻ പറഞ്ഞിട്ടൊണ്ടു്. പിന്നേം അതേപ്പറ്റി വല്ലോം ചോദിച്ചാ അപ്പന്റെ സ്വഭാവത്തിനു് എന്റെ പള്ളയ്ക്കു് ചവിട്ടു വീഴും.
അപ്പനില്ലാത്ത നേരത്തു് വർത്താനം പറഞ്ഞിരിക്കാൻ ഒരാളായതിന്റെ സുഖത്തിലു് വയ്യുന്നേരത്തു് കഞ്ഞി മോന്തിക്കൊണ്ടിരുന്നപ്പോഴാണു് പോത്തുംവണ്ണമുള്ള ഏഴെട്ടു ഗുണ്ടകള് കത്തീം വടിവാളുമായിട്ടു് പടികേറി വന്നതു്.
‘നെന്റതന്ത എന്തിയെടാ കൊച്ചുകൂരോളി’ എന്നും പറഞ്ഞു വാതിലു് തള്ളിത്തുറന്നു പൊരയ്ക്കുള്ളിൽ കയറിയ ഒരുത്തൻ അപ്പന്റെ ഒറ്റച്ചവിട്ടിനു രണ്ടു കരണം മറിഞ്ഞു മിറ്റത്തു് തെറിച്ചു വീണു. പിന്നയാരുന്നു രസം. തടിയന്മാരെയൊക്കെ തള്ളിമാറ്റി അപ്പൻ നേരെ പിന്നാമ്പറത്തേക്കോടി പോത്തിനെ അഴിച്ചതിന്റെ പെറത്തു കയറി. അപ്പനെ കുത്തിമലത്തുന്നതു് കാണാൻ തൊടിയിൽ തടിച്ചുകൂടിയവന്മാരെയൊക്കെ തൂക്കിയെറിഞ്ഞുകൊണ്ടു ശരം വിട്ടപോലെ പാഞ്ഞ അപ്പനും പോത്തും, എല്ലാവരും ഓടിക്കിതച്ചാറ്റിങ്കരയിൽ എത്തുന്നൊരെ അവിടെ നിന്നു. പിന്ന ആറ്റിലോട്ടൊറ്റമറിച്ചിലു്. പെണ്ണുങ്ങള് അടിക്കേം നനയ്ക്കേം ചെയ്യുന്ന ആറ്റുകുഴിയിലു് രണ്ടും പൊങ്ങി. പോത്തിനു കഴുത്തോളം വെള്ളം അപ്പനു് അരയോളം. വെള്ളത്തിക്കെടന്നു തന്നെ എല്ലാവനെയും അടിച്ചു ശെരിപ്പെടുത്തി രണ്ടുപേരും കരയ്ക്കു കയറി. അന്നു് തൊട്ടു് പോത്തന്റ പെറത്തായി ഞങ്ങളുടെ സർക്കീട്ടു്. പോത്തിന്റെ പെറത്തിരിക്കുമ്പോ എനിക്കും, അപ്പൻ പൊറത്തിരിക്കുമ്പോ പോത്തിനും പയങ്കര ഗമയായിരുന്നു്. അപ്പനെ കേക്കാതെയും എന്നെ കേക്കയും ആള്ക്കാരു് പോത്തനെന്നും പോത്തന്റെ മോനേന്നും വിളിച്ചു. വട്ടപ്പേരുവിളിച്ചു് മുമ്പിൽവന്നു ചാടുന്നവന്മാരുടെയെല്ലാം കയ്യും കാലും തല്ലിയൊടിച്ചിട്ടു് അവരുടെ വീടുകളിലെ പെണ്ണുങ്ങളോടു് അപ്പൻ രാത്രിയുദ്ധത്തിനു പോകുമായിരുന്നു. ഞായറാഴിച്ച കുർബ്ബാന കഴിഞ്ഞു മടങ്ങുന്ന എല്ലാവരെയും പേടിപ്പിച്ചു കൊണ്ടപ്പനും പോത്തും തലങ്ങനേം വെലങ്ങനേം പാഞ്ഞു ആറ്റുകുഴിയിലോട്ടു മറിയും. അന്നൊക്കെ വലിയ വീട്ടിലെ പെണ്ണുങ്ങളുപോലും അപ്പന്റെ അഭ്യാസങ്ങള് കാണാൻ തോട്ടു കരയിലു് തിരിഞ്ഞു നിന്നിരുന്നു.
അങ്ങനെ ഒരു പ്രാർത്ഥനാ ദെവസം കുളിക്കാൻപോയ അപ്പൻ തിരിച്ചുവന്നതു് ശവമായിട്ടാണു്. ആറ്റു കുഴിലു് ഏതോ കള്ള നാറികള് അലക്കുപാറ ചരിച്ചിട്ടിരുന്നു. അടീലു് നിക്കറിടണ പതിവില്ലാത്തോണ്ടു തുണിയൊന്നുമില്ലാണ്ടു് ചത്തു് മലച്ചു കെടക്കണ അപ്പനെ കണ്ടപ്പോ എനിക്കു് ചിരിവന്നു. വെഷമം തോന്നിയതു് പോത്തനെ ആരാണ്ടൊക്കെ ചേർന്നു് കൊന്നു കറിവച്ചെന്നു കേട്ടപ്പോഴാണു്. മൊരടൻ സ്വഭാവം കാരണം ചാവിനു് പോലും അപ്പന്റെ വാറ്റുകമ്പിനിക്കാരല്ലാതെ വേറാരും കൂടീല്ല. സംഭവം അതല്ല, കുഴീം വെട്ടി ശവമെടുക്കാൻ ചെന്നപ്പോ അപ്പൻ ദേ ഒറക്കത്തീന്ന പോലെ നെലത്തു് ചടഞ്ഞിരിക്കുവാ. കൊറേനേരം ആർക്കും ഏണു് വന്നില്ല. ശംഖുവരയൻ പോലെ കഴുത്തിൽത്തൂങ്ങിക്കെടന്ന കൊന്തച്ചേർത്തു് കുരിശു വരച്ചു പ്രാർത്ഥിക്കുന്നതു് അന്നു് ആദ്യമായിട്ടാണു്. വലിയ പള്ളീലച്ചൻ ഉൾപ്പടെ എല്ലാരും അപ്പന്റെ പ്രേതമാണിതെന്നു പറഞ്ഞു പേടിച്ചുമാറി.” ഞാൻ ചത്തിട്ടൊന്നുമില്ലടാ പട്ടികളെ “ചോരയൊലിക്കുന്ന തലയും പൊത്തിപ്പിടിച്ചുകൊണ്ടു നെലത്തിരുന്നു് അപ്പൻ അലറി. കുരിശ്ശേറി മൂന്നാം ദിവസം പൊങ്ങിയ കർത്താവു് തമ്പുരാനെ പോലെ അപ്പനും ചത്ത് ജീവിച്ച കാര്യം എല്ലാടത്തും പാട്ടായി. അതോടെ അപ്പനെന്തോ ദൈവിക ശക്തിയൊണ്ടെന്നും പറഞ്ഞു വന്നവരെയൊക്കെ അപ്പൻ പള്ളു വിളിച്ചോട്ടിച്ചു. ഗവൺമെന്റ് ആശൂത്രീന്നു ഡോക്ട്ടറുമാരുവന്നു ഒരു കോഴപ്പോം ഇല്ലന്നു് പറഞ്ഞിട്ടും കൊറേസം കഴിഞ്ഞിട്ടാ ഞാമ്പോലും അപ്പന്റടുത്തു് പോയതു്.
തലയിലും കയ്യിലും വെച്ചുകെട്ടുമായി പാവം വലിഞ്ഞും എഴഞ്ഞും തൂറാനും പെടുക്കാനും പോന്നതും കഞ്ഞി കോരിയിട്ടു കുടിക്കുന്നതുമൊക്കെ ജാളിയിലൂടെ നോക്കി നിക്കുമാരുന്നു.
വലിയവീടന്റെ ശവമടക്കിനു് പലഹാരപ്പൊതിക്കുവേണ്ടി നമ്മള് പിള്ളാരു് അടികൂടിക്കൊണ്ടിരുന്നപ്പോഴു് വലിയോരെ വായിൽനിന്നാണു് പഴയൊരെപ്പറ്റി ആദ്യം കേട്ടതു്; വരാലിന്റെ തൊലി ഉരിക്കണ ഉശിരൻ പള്ളുകള്.
പിന്നങ്ങോട്ടു് എടവകപ്പറമ്പുകളിൽ കളിച്ചോണ്ടിരിക്കുമ്പോൾ കൂട്ടര വായീന്നും അതുപോലെ പള്ളുകള് വീണുത്തുടങ്ങി. അപ്പാപ്പന്മാരൊക്കെയും ചത്തു ജീവിച്ചോരാണന്നും പഴയൊരെല്ലാരും കൂടോത്രന്നൊക്കെയുള്ള കഥകള് പള്ളിക്കും സെമിത്തേരിക്കും എടയ്ക്കുള്ള ഓട്ടുവഴികളിൽ കാതുകൾ തേടി നടന്നു.
അന്നത്തെ കപ്യാർക്കൊപ്പം വല്യപ്പാപ്പനാണു് ആദ്യമീ നാട്ടിലോട്ടു് വരുന്നതു്. അങ്ങേരട പേരുപോലും ആർക്കും അറിയത്തില്ല. എന്നാലും പഴേ കുഴിമാന്തീന്നു് പറഞ്ഞാ എല്ലാരും അറിയും. മൂപ്പര കുടികെടപ്പൊക്കെ പള്ളിക്കാമ്പോണ്ടിൽ തന്നാരുന്നെങ്കിലും പള്ളിക്കകത്തൊന്നും കേറ്റീരുന്നില്ല. കല്യാണോന്നും അങ്ങേരു് കഴിച്ചിട്ടില്ല. പിന്ന അപ്പനോണ്ടായതു് എങ്ങാനാന്നു് വച്ചാ മൂപ്പരു് ആദ്യായിട്ടു് കുഴിവെട്ടുന്നതു് തേങ്ങീന്നു വീണു ചത്ത ഒരുത്തനാണു്. കരഞ്ഞു കലങ്ങിയ കണ്ണുമായി എനിക്കിനിയാരുണ്ടെന്നു നെഞ്ചുതല്ലി നെല വിളിച്ചുകൊണ്ടിരുന്ന പെണ്ണവളെ നോക്കി ഞാനുണ്ടടീ കൊച്ചേന്നങ്ങു പറഞ്ഞു. പറച്ചിലു് മാത്രമല്ല ആശാൻ അവിടെങ്ങു കൂടുകയും ചെയ്തു.
ഒരു പകലു് മൂപ്പരു് ഒണന്നു് നോക്കുമ്പോ നെലത്തു് ഒരു ചോര കുഞ്ഞുമാത്രം അരിച്ചു പെറുക്കിയിട്ടും തള്ളച്ചിയെ പിന്ന ആരും കണ്ടിട്ടില്ല. തള്ളേക്കൊന്നു കുഴിച്ചുമൂടേതാണെന്നൊക്കെ പറയുന്നൊരുണ്ടു്.
തോട്ടുവെള്ളത്തി മുക്കിവെച്ച വാറ്റിന്റെ തണുപ്പു് തലയ്ക്കു് കേറണ രാത്രികളിലു് ആൺ തൊണപോയ മിക്കവീടുകളിലും പതിവായിട്ടു് സേവ ഉണ്ടാരുന്നു. നല്ല പെണ്ണുങ്ങളൊള്ള വീട്ടിലെ ആൺപെറന്നോന്മാരുടെ കൂതാശ ചൊല്ലുന്നേരം കുഴിവെട്ടി ദൂരെ മാറിനിക്കുന്ന മൂപ്പരുടെ മുഖത്തോട്ടു് പള്ളിവികാരി ഒളികണ്ണിട്ടു നോക്കും. അങ്ങനെ ഒരിക്കലു് കഥകളയറിയാൻ കൊതിച്ചിട്ടു രഹസ്യായിട്ടൊന്നു കുമ്പസാരിപ്പിച്ചു. അതോടെ മൂന്നുമാസത്തിനുള്ളിൽ പള്ളിയ്ക്കു് പുതിയോരച്ചനെക്കിട്ടി. അങ്ങനെ എത്രയെത്ര കഥകൾ അങ്ങേരുടെ പേരിൽ എഴുതിവക്കാതെ പറന്നു നടന്നെന്നറിയോ.
ഒരിക്കലൊരടക്കു കഴിഞ്ഞു കാലത്തു് സെമിത്തേരിയിൽ വന്ന കപ്യാരു് കാണുന്നതു് കുഴീട മണ്ഡേലു് സ്ളാബും പിടിച്ചിട്ടു് കള്ളും കുടിച്ചു കെടന്നൊറങ്ങുന്ന മൂപ്പരെയാണു്. കപ്യാരെത്ര കുലുക്കി വിളിച്ചിട്ടും ആള് ഒണരുന്നില്ല. പള്ളയ്ക്കു് നല്ല നാലു് ചവുട്ടും പറ്റിച്ചുനോക്കി എന്നിട്ടും ഒണരാത്തതു് കണ്ടു കപ്യാരുടെ കൈ കയറു് പിടിക്കാൻ വെറയില് തൊടങ്ങി. വിവരമറിഞ്ഞു ഓടിവന്ന അച്ചൻ മൂക്കത്തെ കാറ്റു് നോക്കി പതിയെ ഒപ്പീസുചൊല്ലിത്തുടങ്ങി. ഒടുക്കത്തെ ആമേൻ ഏറ്റു പറഞ്ഞുകൊണ്ടു് കുഴിമാടത്തിൽ എണീറ്റിരിക്കുന്ന കുഴിമാന്തിയെ കണ്ടതും അച്ചൻ ബൈബിളും പുണ്യാളവുമായി നേരെ കുഴിലോട്ടുപോയി.
അതിപിന്നെ അപ്പാപ്പൻ ചാവുന്നൊരെ പള്ളിമേടയിലിരുന്നു് സുവിശേഷം ചൊല്ലി; എഴുത്തും വായനയും ഒന്നും അറിഞ്ഞൂടാരുന്നെങ്കിലും.
ബീടിപ്പുകയും ചീവീടു് ചിലപ്പും അകമ്പടി സേവിച്ചുകൊണ്ടു ആന്തോയോടൊട്ടിയിരുന്നു അപ്പൻ കഥയുടെ ബാക്കി പറഞ്ഞുതുടങ്ങി.
“കയ്യിലേം തലേലേം മുറിവൊക്കെ ഒണങ്ങിയെങ്കിലും ചത്തെണീറ്റു് വന്നതോടെ അപ്പൻ ആകെ മാറിപ്പോയഡാ. ഏതു് നേരോം അങ്ങേരട കണ്ണു് അപ്പാപ്പൻ ബാക്കിവച്ച ഈ തകരപ്പെട്ടിയിലു് ആയിരുന്നു. ഊണും ഓറക്കോം ഇല്ലാതെ അതിന്റ മുമ്പിലു് ഒരേയിരിപ്പു്. എന്റെ കൊച്ചുന്നാള് മൊതലുള്ള ആഗ്രഹമാണു് ആ പെട്ടി തൊറന്നു കാണണോന്നു്. എന്നാ അപ്പൻ പോലും അതു് ഇന്നുവരെ തൊറക്കുന്നതു് ഞാങ്കണ്ടിട്ടില്ല.
“തൊറക്കണ്ട നേരം ആവുമ്പം നെനക്കു് വിളി ഒണ്ടാവും” നെലത്തെഴഞ്ഞു വരുന്ന രാത്രികളിൽ പെട്ടി തൊറക്കാൻ പിരികേറ്റുമ്പോളെല്ലാം അപ്പാപ്പൻ അപ്പനോടു് പറഞ്ഞതുതന്നെ, നാക്കുകുഴയാതെ അപ്പൻ എന്റെ നേരെയും തുപ്പിത്തരും.
മഴമാനത്തു് തങ്ങി നിന്ന ഒരു പാതിരാത്രിയിലു് അപ്പൻ മരോട്ടി വെട്ടത്തിൽ കറുത്ത ചട്ടയൊള്ള ഒരു പുസ്തകം വായിക്കുന്നതും തകരപ്പെട്ടീന്നു എന്തൊന്നോ പൊതിഞ്ഞെടുത്തുകൊണ്ടു പൊറത്തെറങ്ങിപ്പോണതും കണ്ടു. തിരിച്ചുവരുന്ന അപ്പനേം നോക്കി കൊറേനേരം കിടന്നെങ്കിലും വെളുത്തപ്പോ അപ്പൻ അടുത്തുതന്നെ ഉണ്ടു്. ദെവസങ്ങൾ കഴിയുന്തോറും അപ്പന്റെ സ്വഭാവത്തിൽ പതിവില്ലാത്ത മാറ്റങ്ങള് കണ്ടുതൊടങ്ങി. വീട്ടിലു് വച്ചിരുന്ന മാതാവിന്റ പടം ദൂരെ എടുത്തു കളഞ്ഞു. ബൈബിള് കത്തിച്ചു. എനിക്കാകക്കൂട പേടിയായി. ആരോടെങ്കിലും പറയാനോ പൊറത്തെറങ്ങാനോ പോലും അപ്പൻ വിലക്കി. ചത്താലും തിരിച്ചുവരാൻ അപ്പനു് പറ്റും എന്നെനിക്കു് തോന്നി. അങ്ങനെയാണു് ഞാൻ അപ്പനെ അടിച്ചുകൊന്നു വീട്ടിന്റകത്തു് തന്ന കുഴിച്ചിട്ടു് ചാണകോം തളിച്ചതു്. രണ്ടുമൂന്നു ദെവസം നോക്കീട്ടും അപ്പൻ വന്നില്ല. പിന്ന ഞാനതു് ആരോടും പറയാനും പോയില്ല. അപ്പനെച്ചോദിച്ചവരടുത്തെല്ലാം കർത്താവു് മരിച്ചെടം കാണാൻ പോയെന്നു് പറഞ്ഞു.”
കനപ്പെട്ട ആ വെളിപ്പെടുത്തലിൽ ആന്തോ കുലുങ്ങിച്ചിരിച്ചു.
അപ്പനും ചിരിച്ചുകൊണ്ടേന്തോ പറയാനാഞ്ഞുവെങ്കിലും ചിതൽ കൊത്തുപണി ചെയ്ത ജനാലകളിലൂടെ മുറിയിലേയ്ക്കു് തുളച്ചിറങ്ങിയ പകൽ വെളിച്ചം അപ്പോഴേക്കും കറുപ്പിനെ മുഴുവനായും വിഴുങ്ങികഴിഞ്ഞിരുന്നു.
ഇടമുറിഞ്ഞ വാക്കുകളെറിഞ്ഞുകൊണ്ടു വെളിച്ചത്തിനു് വിധേയപ്പെട്ടു് ഇല്ലാതാകുമ്പോഴും അപ്പന്റെ നോട്ടം വെട്ടം കേറാത്ത ആ പെട്ടിയിലേയ്ക്കായിരുന്നു.
ചെറിയൊരു പാറക്കല്ലുകൊണ്ടു് ദ്രവിച്ചു തീരാറായ പൂട്ടിൽ നിന്നും പെട്ടിയെ സ്വതന്ത്രമാക്കിയ ആ നിമിഷം വെളിച്ചം നടത്തിയ പരകായ പ്രവേശത്തിൽ മരണത്തിന്റെ ഒടിവിദ്യ ഉടലുരുക്കുന്ന ചൂടായി ആന്തോയെ പൊതിഞ്ഞു.
പെട്ടിക്കുള്ളിലെ ശൂന്യത അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരമായി.
വിലക്കപ്പെട്ട നിധിപോലെ അടുത്ത തലമുറയിലേക്കു് പെട്ടി താഴിട്ടു് കുരിശു മുത്തിയ നേരം ചുണ്ടിൽ പടർന്ന ചോര തലമുറകൾ പഴക്കമുള്ള വീഞ്ഞു പോലെ മധുരിച്ചു. ആന്തോ പഴയോരെ ഓർത്തു് പുഞ്ചിരിച്ചു.
കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശി. നിലമേൽ NSS കോളേജിൽ നിന്നു് മലയാളത്തിൽ ബിരുദവും കാലടി സംസ്കൃത സർവകലാശാലയിൽ നിന്നു് ബിരുദാനന്തര ബിരുദവും. 2019-ലെ മാതൃഭൂമി കെ വി അനൂപ് പുരസ്കാരം പരേതരുടെ പുസ്തകം എന്ന ചെറുകഥയ്ക്ക് ലഭിച്ചു. 2020-ലെ ഫൈൻ ആർട്സ് സൊസൈറ്റി കഥാ അവാർഡ്, ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം (കഥ: ഒന്നാം സമ്മാനം), 2021-ലെ മാതൃഭൂമി വിഷുപ്പതിപ്പു് കഥാമത്സരം മൂന്നാം സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ടു്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ