images/Michelangelo_Pieta.jpg
Pietà, a sculpture by Michelangelo (1475–1564).
ആമുഖം

വലിയ നോമ്പുകാലത്തു് ക്രിസ്ത്യൻ വീടുകളിൽ പാടുന്നതാണു് പുത്തൻപാന. കൂതാശപ്പാന, മിശിഹായുടെ പാന എന്നും പുത്തൻ പാന, രക്ഷാചരിത കീർത്തനം എന്നൊക്കെ പേരുകളുള്ള ഈ കൃതി പുതിയനിയമത്തെ ആധാരമാക്കി ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരി (Johann Ernst Hanxleden) രചിച്ചതാണു്. ജർമ്മൻകാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, 1699-ൽ കേരളത്തിലെത്തി. തൃശൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂർ, പഴയൂർ, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം കൂടുതൽ കാലം ചിലവഴിച്ചു. അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ചു് പ്രാവീണ്യം നേടി.

ഈ കാവ്യത്തിനു് പുത്തൻപാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ടു്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയുടെ ചുവടു പിടിച്ചാണു് പുത്തൻപാന രചിച്ചിട്ടുള്ളതെന്നു് അനുമാനിക്കാവുന്നതാണു്. പുത്തൻപാനയുടെ ഏറ്റം പ്രധാന ഭാഗം 10, 11, 12 പാദങ്ങളായാണു് കരുതിപ്പോരുന്നതു്. ജ്ഞാനപ്പാനയ്ക്കു് ശേഷം വന്ന പാന എന്ന അർത്ഥത്തിൽ പുത്തൻപാന എന്ന പേരു് പ്രചാരത്തിലായതുമാകാം.

ഹിന്ദുക്കൾ രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണു് പുത്തൻ പാന ഒരു കാലത്തു് കേരളത്തിലെ ക്രിസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നതു്. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവു് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ടു്. 1500-ൽ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ ലോകസൃഷ്ടി മുതൽ മിശിഹായുടെ ജനനമരണങ്ങൾ വരെ പ്രതിപാദിച്ചിരിക്കുന്നു.

പുത്തൻ പാനയിലെ പന്ത്രണ്ടാം പാദം മൈക്കലാഞ്ചലോയുടെ പിയേത്താ എന്ന ശില്പത്തിന്റെ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടിട്ടുണ്ടു്. പൊതുവേ സർപ്പിണി വൃത്തത്തിലും പന്ത്രണ്ടാം പാദം നതോന്നത വൃത്തത്തിലുമായി രചിച്ചിട്ടുള്ള ഈ കൃതി പതിനാലു പാദങ്ങളായാണു് പ്രസിദ്ധം ചെയ്തിരിക്കുന്നതു്.

ഭാഷ ലളിതവും ഹൃദ്യവുമാണു്. സംസ്കൃത പദങ്ങൾ മറ്റു കൃതികളെ അപേക്ഷിച്ചു് കുറവാണു്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ രചനാ ശൈലിയെക്കുറിച്ചു പറയുന്നതു് ശ്രമകരമാണു്.

പുത്തൻപാന അഥവാ രക്ഷാകരവേദകീർത്തനം
ഒന്നാം പാദം

ദൈവത്തിന്റെ സ്ഥിതിയും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരിൽ ചിലർ പിഴച്ചുപോയതും അതിനാൽ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും ആദിമാതാപിതാക്കന്മാരെ ചതിപ്പാൻ പിശാചു സർപ്പത്തിന്റെ വേഷം ധരിച്ചുകൊണ്ടു് ഹാവായുടെ പക്കൽ ചെന്നതും…

ആദം ചെയ്ത പിഴയാലെ വന്നതും,

ഖേദനാശവും രക്ഷയുണ്ടായതും,

ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം,

സൂക്ഷ്മമാം കഥ കേൾക്കേണമേവരും.

എല്ലാ മംഗള കാരണ ദൈവമേ!

നല്ല ചിന്തകളുദിപ്പിക്കേണമെ.

ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു

നിർമ്മലനീശോകാരുണ്യമേകേണം.

അമ്മകന്യകേ! ശുദ്ധ ശോഭാനിധേ,

എന്മനസ്തമസ്സൊക്കെ നീക്കേണമെ.

വാനവർ നിവിയന്മാർ ശ്ലീഹന്മാരും,

വാനതിൽ വിളങ്ങുംപുണ്യവാളരും

വന്നിനിക്കു സഹായമായുള്ളിലെ,

മന്ദം നീക്കി വെളിവുദിപ്പിക്കേണം

സത്യമിങ്ങറിയിച്ച ഗുരുവരൻ,

മാർത്തോമ്മായേ! സഹായമേകണമേ!

ഇത്ഥം കേരള സത്യവേദികളെ

നിത്യം ചിന്തയാല്പാലനം ചെയ്യുന്ന

റമ്പാന്മാരുടെ സഞ്ചയ ശോഭനൻ,

മേല്പട്ടത്തിന്നലങ്കാര വർദ്ധനൻ,

മെത്രാന്മാരിലഗ്രേസരനുത്തമൻ,

ശാസ്ത്രജ്ഞന്മാരിലാദ്യൻ തപോനിധി,

കുറവറ്റ ഗുണാന്വിത ശീലൻ,

മാറന്തോനീസെന്നോടു കല്പിച്ച നാൾ,

അങ്ങേയാശീർവ്വാദത്തിന്നനുഗ്രഹം,

മംഗലം വരുത്തുമതറിഞ്ഞു ഞാൻ.

സാരവാർത്തകൾ ചൊന്നു തുടങ്ങുന്നു

സാരസ്യമിതു കേട്ടുകൊള്ളേണമേ.

ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ

സാദമെന്നിയെ സംപൂർണ്ണമംഗലൻ,

ആദിതാനുമനാദിയാന്തമ്പുരാൻ,

ഖേദനാശനാം സ്വസ്ഥനനാരതൻ,

ഇടമൊക്കെയും വ്യാപിച്ച സ്വാമിയും,

ഇടത്തിലടങ്ങാത്ത മഹത്വവും,

സർവ്വകർമ്മങ്ങൾക്കാദിയുമന്തവും,

സർവ്വവസ്തുക്കൾക്കദ്വയനാഥനും.

എല്ലാ രൂപത്തിന്നരൂപരൂപവും,

എല്ലാം തൃപ്തി നിരന്തരപ്രാപ്തിയും,

എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ,

എല്ലാം സാധിപ്പാനും വശമുള്ളവൻ,

ഒന്നിനാലൊരു മുട്ടു വരാത്തവൻ

ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ.

തന്റെ മുഷ്ക്കരം കാട്ടുവാൻ കാരണം

മറ്റും സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു.

ആകാശമുടൻ ഭൂമിയുമാദിയായ്

വാക്കിൻ ശക്തിയാൽ ഭൂതമായ് വന്നിതു്.

എത്ര ഭാരമായുള്ള ലോകങ്ങളെ

ചിത്രമർദ്ധ ക്ഷണം കൊണ്ടു സൃഷ്ടിച്ചു.

എത്രയത്ഭുതമായതിൽ നിർമ്മിച്ച

ചിത്രകൗശലമെത്ര മനോഹരം!

മാലാഖാമാരാം പ്രതാപമേറിയ

സ്വർല്ലോകപ്രഭു സമൂഹവും തദാ.

സൂക്ഷ്മ, മക്ഷയം, ദീപ്തി, ലഘുത്വവും,

രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിനു്.

ധീരസ്മരണ, മനസ്സിതു ത്രിവശം

വിസ്മയനാഥൻ നൽകി സ്വസാദൃശ്യം.

തൽ പ്രതാപപ്പെരുമയറിവാനും,

ഇപ്രകാരമരൂപിസമൂഹത്തെ

താൻ പ്രിയത്തോടെ സൃഷ്ടിച്ചനവധി

അവർക്കാനന്ദ മോക്ഷത്തെ പ്രാപിപ്പാൻ

ദേവൻ കല്പിച്ചു ന്യായപ്രമാണവും,

അരൂപരൂപമായവനിയതിൽ

നരവർഗ്ഗത്തെ സൃഷ്ടിക്കും ദാസരായ്

ഭൂനരകത്തിലായ് വലയും വിധൗ

ഭൂനരത്രാണത്തിന്നു മമ സുതൻ

ഭൂതലേ നരനായവതരിക്കും

ഭൂതനാഥനെ വന്ദിച്ചാരാധിച്ചു

നീതിസമ്മതഞ്ചെയ്തു കൃപാഫലം

സതതാനന്ദ മോക്ഷത്തെ നേടുവിൻ.

മേ വിധിയതു സമ്മതമല്ലെങ്കിൽ

ഭവിക്കും സദാ സങ്കടം നിശ്ചയം.

പരീക്ഷിപ്പതിന്നായൊരു കല്പന

പരമദേവൻ കല്പിച്ചനന്തരം

സ്വാമിതന്നുടെ ന്യായദയവിധി

സുമനസ്സോടെ സമ്മതിച്ചു പലർ

അസമേശനെക്കണ്ടവരക്ഷണേ

അസമഭാഗ്യപ്രാപ്തിയെ നേടിനാർ.

മോക്ഷഭാഗ്യം ഭവിച്ച മാലാഖമാർ

അക്ഷയസുഖം വാഴുന്നാനന്ദമായ്.

ശേഷിച്ച മഹാ മുഖ്യ സ്വരൂപികൾ,

ഭോഷത്വം നിരൂപിച്ചുമദിച്ചുടൻ.

അവർക്കു ദേവൻ നൽകിയ ഭാഗ്യങ്ങൾ

അവർ കണ്ടു നിഗളിച്ചനേകവും.

ദേവനോടു സമമെന്നു ഭാവിച്ച്,

ദേവകല്പന ലംഘനം ചെയ്തുവർ.

നിന്ദ ചെയ്തതു കണ്ടഖിലേശ്വരൻ

നിന്ദാ ഭാജന നീചവൃന്ദത്തിനെ

സ്വരൂപശോഭ നീക്കി വിരൂപവും

അരൂപികൾക്കു നൽകി നിരാമയം.

ദേവകോപമഹാശാപവും ചെയ്തു്,

അവനിയുടെ ഉള്ളിലധോലോകേ,

നിഷ്ഠൂരികളെത്തട്ടിക്കളഞ്ഞുടൻ,

കഷ്ടമായ മഹാ നരകാഗ്നിയിൽ

ദുഷ്ടരായ പിശാചുക്കളൊക്കെയും

നഷ്ടപ്പെട്ടതിൽ വീണു നശിക്കിലും,

ദുഷ്ടത, ഗുണദ്വേഷ,പൈശൂന്യവും

ഒട്ടുമേ കുറവില്ലവർക്കൊന്നുമേ…

മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാൻ

പിന്നെ മന്നിലുണ്ടാക്കി പലതരം.

ആറാം നാളതിൽ മർത്ത്യരിൽ മുമ്പനെ

അറാവുത്തായിൽ സൃഷ്ടിച്ചു തമ്പുരാൻ.

മണ്ണുകൊണ്ടൊരു യോഗ്യശരീരത്തെ-

യുണ്ടാക്കിയതിൽ ജീവനെ പൂകിച്ചു.

ബുദ്ധി ചിത്തവും പഞ്ചേന്ദ്രിയങ്ങളും

ആദമെന്നൊരു പേരും കൊടുത്തിതു.

പറുദീസായിലിരുത്തിയാദത്തെ

ഏറെസ്സൗഖ്യമുള്ള സ്ഥലമായതു്…

സ്വപ്നത്തിലവന്റെയൊരു വാരിയാൽ

തമ്പുരാൻ സ്ത്രീയെ നിർമ്മിച്ചു തൽക്ഷണം…

ആദിനാഥനു പുത്രരിതെന്നപോൽ

ആദം ഹാവായും നരപിതാക്കളായ്.

തൽ ബുദ്ധിയും മനസ്സുമതുപോലെ

നൽകി ദേവനവർക്കു കരുണയാൽ.

നേരുബുദ്ധിയിൽ തോന്നിടും നേരിന്നു

വൈരസ്യമവർക്കിച്ഛയായ് വന്നിടാ

ന്യായം പോൽ നടപ്പാൻ വിഷമമില്ല

മായമെന്നതു ബുദ്ധിയിൽ തോന്നിടാ.

ദൃഷ്ടിക്കെത്തുന്ന വസ്തുക്കളൊക്കെയും,

സൃഷ്ടമായൊരീ ഭൂമിയും വ്യോമവും,

അവർക്കുപകാരത്തിനു തമ്പുരാൻ

കീഴടക്കിക്കൊടുത്തു ദയവോടെ.

സിംഹവ്യാഘ്രങ്ങൾ പക്ഷിനാല്ക്കാലികൾ

അങ്ങുന്നൊക്കെ മാനുഷർക്കു നൽകിനാൻ

മൃഗങ്ങൾ വിധിയായ വണ്ണമുടൻ.

വർഗ്ഗത്താൽ സ്വർഗ്ഗനാഥനെ ശങ്കിക്കും.

നക്ര, ചക്രം മകരാദിമത്സ്യങ്ങൾ,

ഭക്ഷ്യകാകനി കൂടെയുമവ്വണ്ണം

വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും

ഒക്കെയാദത്തിൻ കല്പന കേൾക്കുമേ.

കണ്ടതെല്ലാമനുഭവിപ്പാൻ വശം

ദണ്ഡത്തിന്നുടെ പേരുമില്ല സദാ.

കേടും ക്ലേശവും എന്തെന്നറിവില്ലാ,

പേടിക്കുമൊരു ശക്തരിപുവില്ലാ.

പൈയും ദാഹവും തീർപ്പതിനൊക്കവേ

വിയർപ്പെന്നിയേ ഭൂമി കൊടുത്തിടും!

ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാൻ

അന്തമില്ലാത്തൊരീശൻ ദയാപരൻ.

തൻ പിതാവു തനയന്മാർക്കെന്നപോൽ

താൻ പ്രിയത്തോടു സൃഷ്ടിച്ചു നൽകിനാൻ.

പിൻപവർക്കൊരു പ്രമാണം കല്പിച്ചു.

അൻപിനോടിതു കാക്കേണം പഥ്യമായ്.

തല്പരനെന്നൊരുൾഭയമെപ്പോഴും

ഉൾപ്പൂവിലവരോർക്കേണമെന്നിട്ട്.

വൃക്ഷമൊന്നു വിലക്കി സർവ്വേശ്വരൻ,

അക്ഷിഗോചരമൊക്കെയും ദത്തമായ്.

ഒന്നുമാത്രമരുതൊരു കാകനി,

തിന്നാൽ ദോഷവും നാശവുമാമത്.

എപ്പോഴുമെന്നെയോർത്തു പ്രിയത്താലെ

ഇപ്രമാണം വഴിപോലെ കാക്കേണം…

ഇക്കല്പനയ്ക്കൊരീഷൽ വരുത്തായ്കിൽ

എല്ലാ ഭാഗ്യവുമന്തരിക്കയില്ല.

അവർക്കുമവർക്കുള്ള ജന്മത്തിന്നും

നിർവ്വിശേഷസൗഖ്യം രസിക്കാം സദാ.

കല്പനയ്കൊരു വീഴ്ചവരുത്തിയാൽ

അപ്പോൾ ദുർഗ്ഗതി വാതൽ തുറന്നുപോം.

അനർത്ഥങ്ങളനേകമുണ്ടായ് വരും

സന്തതിയും നശിക്കുമനന്തരം

ഇഗ്ഗുണ ശുഭഭാഗ്യവും നാസ്തിയാം,

നിർഗുണതാപവാരിയിൽ വീണുപോം.

ഇപ്പടി ഗുണദോഷഫലങ്ങളും

തൽപ്പരനരുളിച്ചെയ്തിരുത്തിനാൻ.

ചൊൽപെരിയവൻ കല്പിച്ചതുപോലെ

ഉൾപ്രസാദിച്ചവരിരിക്കും വിധൗ

അപ്പോഴെ നരകത്തിലസുരകൾ

ഉൾപൂവിലതിദ്വേഷം കലർന്നുടൻ

മൂന്നാം വാനതിലാഞ്ചുക്കളായി നാം

ഉന്നതപ്രഭയോടെ വിളങ്ങുന്നാൾ

അന്നു ദേവതിരുവുള്ളക്കേടിനാൽ

വൻ നരകത്തിൽ പോന്നതിവർ മൂലം,

മർത്ത്യദേവനെ വന്ദിച്ചാരാധിപ്പാൻ

കീർത്തിഹീനം നമുക്കു വിധിച്ചതു്

ഒത്തു സമ്മതിച്ചില്ലെന്ന കാരണാൽ

കർത്താവു നമ്മെ ശിക്ഷിച്ചധോലോകേ

അന്നു നാശം നമുക്കു ഭവിച്ചതു-

മിന്നരകുലത്തിന്നുടെ കാരണം.

എന്നതുകൊണ്ടീമാനുഷവർഗ്ഗത്തെ

ഇന്നരകത്തിൽ കൂടെ മുടിക്കേണം.

ദേവൻ നമ്മെ ശിക്ഷിച്ചതിനുത്തരം

ദേവസേവകരെ നശിപ്പിക്കേണം.

ദേവനോടും മാലാഖ വൃന്ദത്തോടും

ആവതല്ലിവരോടെ ഫലിച്ചീടൂ

എന്നതിനെന്തുപായം നമുക്കെന്നു

വന്നരക പിശാചുക്കൾ ചിന്തിച്ചു.

ദേവനിഷ്ഠൂരവരതു കാരണം

ആവതില്ല നമുക്കവരോടിപ്പോൾ

അവരിൽ തിരുവുള്ളം കുറയുമ്പോൾ

അവരോടു ഫലിക്കും നമുക്കഹോ

തിരുവുള്ളം കുറയണമെങ്കിലോ

അരുളപ്പാടവരു കടക്കേണം

ദേവകല്പന ലംഘിക്കിലാരേയും

ദേവൻ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ.

എങ്കിലോയിവർക്കുമൊരു പ്രമാണം

സകലേശ്വരൻ കല്പിച്ചിട്ടുണ്ടല്ലോ.

എന്നാലാവിധിലംഘനം ചെയ്യിപ്പാൻ

ചെന്നു വേല ചെയ്തീടേണം നാമിപ്പോൾ.

എന്നുറച്ചു പിശാചു പുറപ്പെട്ടു

അന്നു വഞ്ചകൻ തൻ വ്യാജ ക്രിയയ്ക്കു്

തക്ക വാഹനമായ്ക്കണ്ടു സർപ്പത്തെ

എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം

അറപ്പാൻ യോഗ്യൻ വിഷം ധൂളുന്നവൻ,

മറഞ്ഞിഴഞ്ഞു ഭൂമിയിൽ മേവുന്നോൻ,

നീചൻ ഘാതകൻ ജാത്യാരിപുസാത്താൻ

നീച സർപ്പത്തിൽ ചെന്നു ഹാവാ മുന്നിൽ

ഒന്നാം പാദം സമാപ്തം.

രണ്ടാം പാദം

ഹാവായെടു പിശാചു ചൊല്ലിയ വഞ്ചനയും, അവൾ ആയതിനെ വിശ്വസിച്ചു കനി തിന്നതും, ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനിതിന്നു ഇരുവരും പിഴച്ചതും, ദൈവനാദം കേട്ടു അനുതപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂടിയ ചേതനാശവും അവരുടെ മനസ്താപത്താൽ സർവ്വേശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ചതും,മിശിഹായുടെ അവതാരത്തെ പൂർവ്വപിതാക്കന്മാർ പ്രാർത്ഥിച്ചുവന്നതും…

മാനുഷരെ പിഴപ്പിച്ചുകൊള്ളുവാൻ

മാനസദാഹമോടു പിശാചവൻ,

തൻ കരുത്തു മറച്ചിട്ടുപായമായ്

ശങ്കകൂടാതെ ഹാവായോടോതിനാൻ

മങ്കമാർ മണി മാണിക്യരത്നമേ,

പെൺകുലമൗലേ കേൾ മമ വാക്കു നീ

നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ

അല്ലലായിരിപ്പാനെന്തവകാശം?

എന്നസുരൻ മധുരം പറഞ്ഞപ്പോൾ

ചൊന്നവനോടു നേരായ വാർത്തകൾ.

കണ്ടതെല്ലാമടക്കി വാണിടുവാൻ

ദണ്ഡമെന്നിയെ കല്പിച്ചു തമ്പുരാൻ.

വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളുവാൻ

വേണ്ടുന്ന വരവും തന്നു ഞങ്ങൾക്ക്.

പിന്നെയീമരത്തിന്റെ കനിയിതു്

തിന്നരുതെന്ന പ്രമാണം കല്പിച്ചു.

ദൈവകല്പന കാത്തു കൊണ്ടിങ്ങനെ

ദേവസേവികളായിരിക്കുന്നിതാ.

ഹാവായിങ്ങനെ ചൊന്നതിനുത്തരം

അവൾ സമ്മതിപ്പാനസുരേശനും.

വഞ്ചനയായ വൻ ചതിവാക്കുകൾ

നെഞ്ചകം തെളിവാനും ചെയ്തവൻ.

കണ്ട കായ്ക്കനിവുണ്ടുകൊണ്ടിങ്ങനെ

കുണ്ഠരായ് നിങ്ങൾ വാഴ്‌വതഴകതോ?

സാരമായ കനി ഭുജിച്ചിടാതെ,

സാരഹീനഫലങ്ങളും ഭക്ഷിച്ചു്,

നേരറിയാതെ സാരരഹിതരായി,

പാരിൽ മൃഗസമാനമെന്തിങ്ങനെ.

എത്ര വിസ്മയമായ കനിയിതു്!

ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും,

നന്മയേറ്റം വളർത്തുമിതിൻ കനി

തിന്മാനും രുചിയുണ്ടതിനേറ്റവും,

ഭാഗ്യമായ കനിയിതു തിന്നുവാൻ

യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാൻ.

അറ്റമില്ലിതു തിന്നാലതിൻ ഗുണം

കുറ്റമവർക്കറിയാമെന്നതേ വേണ്ടൂ.

ദിവ്യമായ കനിയിതു തിന്നുകിൽ

ദേവനു സമമായ് വരും നിങ്ങളും.

ആയതുകൊണ്ടു ദേവൻ വിരോധിച്ചു.

ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ.

സ്നേഹം നിങ്ങളെയുണ്ടെന്നതുകൊണ്ടു

മഹാസാര രഹസ്യം പറഞ്ഞു ഞാൻ.

ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ

വന്നിടുമ്മഹാഭാഗ്യമറിഞ്ഞാലും,

ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോൾ

കഷ്ടമാക്കനിതിന്നു പിഴച്ചഹോ.

നഷ്ടമായെന്നറിയാതെ പിന്നെയും

ഇഷ്ടഭക്ഷ്യമായി നൽകി ഭർത്താവിനും,

ഹാവാതങ്കൽ മനോരുചിയാകയാൽ

അവൾക്കിമ്പം വരുവതിന്നാദവും

ദേവകല്പന ശങ്കിച്ചിടാതന്നു

അവൾ ചൊന്നതു സമ്മതിച്ചക്കനി

തിന്നവൻ പിഴപെട്ടോരനന്തരം

പിന്നെയും ദേവഭീതി ധരിച്ചില്ല.

ഉന്നതനായ ദേവനതുകണ്ടു

തന്നുടെ നിതിലംഘനം ചെയ്തയാൽ,

താതൻ തന്നുടെ തനയനോടെന്നപോൽ

നീതിമാനഖിലേശ്വരൻ കോപിച്ചു.

ആദം! നീയെവിടെയെന്നരുൾ ചെയ്ത

നാദം കേട്ടു കുലുങ്ങി പറുദീസാ.

ആദവുമഴകേറിയ ഭാര്യയും

ഭീതിപൂണ്ടു ഭ്രമിച്ചു വിറച്ചുടൻ.

ദൈവമംഗലനാദങ്ങൾ കേട്ടപ്പോൾ

ദൈവികമുള്ളിൽ പുക്കുടനാദവും,

ദൈവന്യായം കടന്നതു ചിന്തിച്ചു

ദൈവമേ പിഴച്ചെന്നവൻ തേറിനാൻ

നാണമെന്തെന്നറിയാത്ത മാനുഷർ

നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ.

ചെയ്ത ദോഷത്തിന്നുത്തരമപ്പോഴെ

സുതാപത്തോടനുഭവിച്ചാരവർ.

അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു

പാമ്പു ദേവാജ്ഞ ലംഘിപ്പിച്ചെന്നതാൽ.

നിന്റെ വായാൽ നീ വചിച്ചതുകൊണ്ടു

നിന്റെ ദോഷം നിൻവായിൽ വിഷമെന്നും

പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും,

കണ്ടവർ കൊല്ലുമെന്നും ശപിച്ചുടൻ,

സർവ്വനാഥനെയാദമ്മറക്കയാൽ

സർവ്വജന്തുക്കളും മറന്നാദത്തെ

തമ്പുരാൻ മുമ്പവർക്കുകൊടുത്തൊരു

വമ്പുകൾ വരം നീക്കി വിധിച്ചിതു്

പൈയും ദാഹം ക്ഷമിക്കേണമെന്നതും,

വിയർപ്പോടു പൊറുക്കണമെന്നതും,

വ്യാധി ദുഃഖങ്ങളാൽ വലകെന്നതും,

ആധിയോടു മരിക്കണമെന്നതും,

ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും,

ഏറ്റമായുള്ള ദണ്ഡസമൂഹവും,

മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിതു്

പള്ളക്കാടു പരന്നു ധരിത്രിയിൽ.

സ്വൈരവാസത്തിൽ നിന്നവരെയുടൻ

ന്യായം കല്പിച്ചു തള്ളി സർവ്വേശ്വരൻ

മൃഗതുല്യമവർ ചെയ്ത ദോഷത്താൽ

മൃഗവാസത്തിൽ വാഴുവാൻ യോഗ്യരായ്.

ഇമ്പമോടു പിഴച്ചതിന്റെ ഫലം

പിമ്പിൽ കണ്ടു തുടങ്ങി പിതാക്കന്മാർ

നല്ലതെന്നറിഞ്ഞീടിലും നല്ലതിൽ

ചൊല്ലുവാൻ മടി പ്രാപിച്ചു മാനസെ

വ്യാപിച്ചു ഭുവി തിന്മയെന്നുള്ളതും,

മുമ്പിൽ തിന്മയറിയാത്ത മാനുഷർ,

തിന്മ ചെയ്തവർ തിന്മയിലായപ്പോൾ

നന്മ പോയതിനാൽ തപിച്ചേറ്റവും

ഉള്ള നന്മയറിഞ്ഞീടുവാൻ പണി

ഉള്ള തിന്മയറിയായ് വാനും പണി,

അശുഭത്തിലെ വിരസം കണ്ടവ-

രാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ,

വീണു താണതി ഭീതിമഹാധിയാൽ

കേണപജയമെണ്ണിക്കരയുന്നു

ജന്മവര്യന്തം കല്പിച്ച നന്മകൾ

ദുർമ്മോഹംകൊണ്ടശേഷം കളഞ്ഞയ്യോ.

നല്ല കായ്ക്കനി തോന്നിയതൊട്ടുമെ

നല്ലതല്ലതു ദോഷമനവധി.

സ്വാമിതന്നുടെ പ്രധാന കല്പന

ദുർമ്മോഹത്തിനാൽ ലംഘനം ചെയ്തതു്,

കഷ്ടമെത്രയും സ്വർല്ലോക നാഥനെ

ദുഷ്ടരായ നാം മറന്നതെങ്ങിനെ

സത്താം ദേഹവും തന്ന സ്രഷ്ടാവിനെ

എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ,

ആപത്തെല്ലാം വരുത്തിച്ചമച്ചു നാം

താപവാരിയിൽ വീണു മുഴുകിയേ,

വീഴ്ചയാലടി നാശവും വന്നു നാം

താഴ്ചയേറും കുഴിയതിൽ വീണിതു്.

പൊയ് പോയ ഗുണം ചിന്തിച്ചുചിന്തിച്ചു

താപത്തിന്നു മറുകര കാണാതെ

പേർത്തു പേർത്തു കരഞ്ഞവർ മാനസേ

ഓർത്തു ചിന്തിച്ചു പിന്നെപ്പലവിധം,

ശിക്ഷയായുള്ള നന്മ കളഞ്ഞു നാം

രക്ഷക്കെന്തൊരുപായം നമുക്കിനി

ഇഷ്ടവാരിധി സർവ്വൈകനാഥനെ

സാഷ്ടാംഗ സ്തുതിചെയ്തു സേവിക്കേണം

അവിടെനിന്നിനി മംഗലമേ വരൂ

അവിടെ ദയാലാഭ മാർഗ്ഗമുണ്ടാകും.

അറ്റമാം ദയാനിധി സ്വാമിയേ-

ക്കുറ്റം പോവതിനേറെ സേവിച്ചവർ.

സർപ്പൈകഗുണസ്വരൂപ ദൈവമേ.

അവധി തവ കരുണയ്ക്കില്ലല്ലോ.

പാപം ചെയ്ത നാമേറെ പീഡിക്കുന്നു

താപം നീക്കുക സർവ്വദയാനിധേ

ന്യായം കല്പിച്ച ദൈവമേ നിന്നുടെ

ന്യായം നിന്ദിച്ചഞങ്ങൾ ദുരാത്മാക്കൾ

ന്യായലംഘനം കാരണം നിന്നുടെ

ന്യായശിക്ഷ തികയ്ക്കല്ലേ നായകാ

കണ്ണില്ലാതെ പിഴക്കയാൽ ഞങ്ങൾക്കു

ദണ്ഡമിപ്പോൾ ഭവിച്ചു പലവിധം.

ദണ്ഡത്തിൽ നിങ്ങൾതിരുവുള്ളക്കേടാൽ

ദണ്ഡമേറ്റംനമുക്കയ്യോ ദൈവമേ

ആർത്തെരിയുന്നോരാർത്തിയമർത്തുവാൻ

പേർത്തു നീയൊഴിഞ്ഞാരു ദയാനിധേ

സർവ്വേശാ നിന്റെ കാരുണ്യ ശീതളം

സർവ്വതൃപ്തി സുഖം സകലത്തിന്നും

ദേവഗീതം ഞങ്ങൾക്കു കുറകയാൽ

അവധിഹീന സംഭ്രമ വേദന,

അയ്യോ പാപം നിരന്ത മഹത്വമേ.

അയ്യോ ബുദ്ധിക്കന്ധത്വം ദുർഭാഗ്യമേ,

നിൻ തൃക്കൈ ബലം രക്ഷിച്ചില്ലെങ്കിലൊ

ഗതിയെന്നിയേ മുടിഞ്ഞു നാം സദാ

ഇപ്രകാരമനേക വിലാപമായ്

സുപീഡയൊടവരിരിക്കും വിധൗ

കണ്ണുനീരും തൃക്കൺപാർത്തു നായകൻ

ത്രാണം കല്പിച്ചനുഗ്രഹിച്ചു പുനർ

സ്ത്രീ, പാദത്തിന്നു കേടു വന്നിടാതെ

സർപ്പത്തിനുടെ തല തകർത്തീടും.

ആ ദോഷത്തിന്റെ നാശമേല്ക്കാതെ ക-

ണ്ടാദത്തിനുടെ ജന്മനിഭൂതയായ്.

കറകൂടാതെ നിർമ്മല കന്യകാ

സർവ്വപാലനു ജനനിയായ് വരും.

പുത്രൻതമ്പുരാൻ നരാവതാരത്തിൽ

ധാത്രിദോഷ വിനാശമൊഴിച്ചീടും.

ദിവ്യവാക്കുകൾ കേട്ടോരനന്തരം

ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ.

രക്ഷക്കന്തരം വരാതിരിപ്പാനായ്

ശിക്ഷയാം വണ്ണ. മിരുന്നു സന്തതം.

അവർകളുടെ കാലം കഴിഞ്ഞിട്ടു്

അപജയമൊഴിക്കും പ്രകാരങ്ങൾ.

മുമ്പിലാദത്തോടരുളിച്ചെയ്തപോൽ

തമ്പുരാൻ പിന്നെ ഔറാഹത്തിനോടും,

ദാവീദാകുന്ന പുണ്യരാജാവോടും,

അവർക്കാത്മജന്മിശിഹായായ് വരും.

എന്നുള്ള ശുഭവാർത്തയറിയിച്ച്,

മാനസാശയുമേറെ. വർദ്ധിച്ചു.

ലോകമാനുഷരായ മഹാജനം

ലോകനായകനെ സ്തുതിച്ചീടിനാർ.

ലോകൈകനാഥ! സർവ്വ ദയാനിധേ!

ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ

മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും

ശീഘ്രം നീയും വരാത്തതിനെന്തയ്യോ

ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,

ആകെ നിൻ കൃപയില്ലാതെന്തു ഗതി

നീക്കൂ താമസം പാർക്കാതെ വേദന

പോക്കിക്കൊള്ളുക വേഗമെന്നാരവർ.

രണ്ടാം പാദം സമാപ്തം.

മൂന്നാം പാദം

ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്തിൽ യൌസേപ്പു പുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസറസ്സിൽ പോയതും…

പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം

വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും.

സൂര്യാഗ്രേസര പ്രത്യൂഷ നക്ഷത്രം

വരും നേരമഹസ്സടുക്കും ദ്രുതം

കാലത്തിനുടെ മദ്ധ്യമടുത്തപ്പോൾ

ഭൂലോകത്തിനു രക്ഷയുദിപ്പാനായ്

വെളിച്ചമേറും നക്ഷത്രമെന്നപോൽ

തെളിവൊടിങ്ങുദിച്ചു കന്യാമണി.

വെന്ത ഭൂമിക്കു ശീതവർഷത്തിന്നായ്

അത്യന്ത ഗുണവാഹമേഘമിതു്

ഉത്തമഫലം പൂവിന്നുണ്ടാകുവാൻ

ചിത്താപഹര രൂപപുഷ്പമിതേ,

ദേവസൂര്യനുദിപ്പാനവനിയിൽ

ദേവാനുഗ്രഹ താരമുദിച്ചിതു്

രാജരാജൻ ധരെയെഴുന്നെള്ളുവാൻ

രാജസിംഹാസനം പണിയിച്ചിതു്

രാജമുഷ്ക്കരത്വത്തിന്നടുത്തോരു

രാജധാനി പണിചെയ്തു ശോഭയിൽ.

സർവ്വദോഷത്താൽ വലയും മർത്ത്യരെ

സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ.

സർവ്വേശൻ നരനാവാൻ ജനനിയായി

സർവ്വ നിർമ്മല കന്നി പിറന്നിതു്.

മാനുഷ കുലശ്രേഷ്ഠരത്നമിതു്

തിന്മയറ്റ ഗുണഗണ ശാലിനി,

ദുർല്ലോകത്തിന്നപജയ കാരണം,

സ്വർല്ലോകത്തിനു മാന്യമാം സ്ത്രീവര

കറയറ്റ നൈർമ്മല്യം ധരിച്ചവൾ,

നിറവുള്ള ധർമ്മങ്ങടെ ഭാജനം.

ജനിച്ചന്നേ സംപൂർണ്ണചന്ദ്രൻ പോലെ

മനോജ്ഞപ്രഭ വീശി തുടങ്ങിയാൾ.

പാപത്തിന്നുടെ നിഴലും തൊട്ടില്ല

തമ്പുരാനിഷ്ട പുണ്യമെല്ലാമുണ്ട്.

ജന്മദോഷം നിഴൽ പോലും തീണ്ടാതെ

നന്മയിൽ മുളച്ചുണ്ടായ നിർമ്മലാ

റൂഹാദക്കുദശായവളെയുടൻ

മഹാ സ്നേഹത്താലലംകരിച്ചിതു്.

ആത്മാവിന്നുടെ സാമ്യർത്ഥ്യമായവ

സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ,

മാലാഖാമാർക്കും മനുഷ്യർക്കുമുള്ള

ആത്മപുഷ്ടിയിതിനോടൊത്തുവരാ.

പുത്രൻതമ്പുരാൻ ജനനിയാകുവാൻ

മർത്ത്യരത്നത്തെ വരിച്ചു കൈക്കൊണ്ടു

ബാവാ പുത്രിയിവളെന്നതുപോലെ

സർവ്വത്തെക്കാളുമേറെ സ്നേഹിച്ചിതു.

മാലാകാമാരിൽ പ്രധാനികളവർ

വേലയ്ക്കുനില്പാനേറെയാഗ്രഹിച്ചു

ഗൗറിയേലിനെ തമ്പുരാൻ കല്പിച്ചു

സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായി

സർവഭൂതരുമാദരിപ്പാനായി

മറിയമെന്ന നാമധേയമിതു്.

ത്രിലോകത്തിലും പൂജ്യമാം നാമത്തെ

കല്പിച്ചു പേരുമിട്ടു സർവേശ്വരൻ.

ജനിച്ചന്നെ തികഞ്ഞു ബുദ്ധിപ്രഭാ

മാനസത്തെ നടത്തും യഥോചിതം

അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ

അങ്ങേക്കിഷ്ടമിതങ്ങെ പ്രമാണമാം.

ബുദ്ധിധ്യാനവും ചിത്തരസങ്ങളും

പ്രധാന ഗുണമിഛിക്കും സന്തതം.

ഭൂലോകം പ്രതിയിഛ ഒരിക്കലും

ഉള്ളിൽ പൂകാതെ വാണു തപസ്വിനി

മൂന്നു വയസ്സിൻ കാലം കഴിഞ്ഞപ്പോൾ

അന്നോറശെലം പള്ളിയിൽ പാർത്തവൾ

പിതാക്കന്മാരെ ചിന്തിക്കാതെ സദാ

ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം.

അല്പഭക്ഷണം ദേവ ജപം തപ-

സ്സെപ്പൊഴുമിവ വൃത്തികളയാതെ

ഉറക്കത്തിലും മനസ്സും ബുദ്ധിയും

ഉറക്കത്തിന്റെ സുഖമറിയാതെ

ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും

ജീവിതം കഴിച്ചീടുമാറാവത്.

പുണ്യവാസത്തിനു മാലാകാമാരുടെ

ശ്രേണി നിയതം കന്നിയെ സേവിക്കും.

ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചീടും

ഉത്തരലോകേ വാർത്തയറിയിക്കും

ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്

യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ

കല്പിച്ച കാലമൊട്ടു തികഞ്ഞതു്

തമ്പുരാനെയീ ഭൂമിയിൽ കാൺമതി-

ന്നുപായമത്രേ-വന്നിവയെന്നതും

മുൻപിൽ നിവ്യന്മാരോടരുൾ ചെയ്തപോൽ

സത്യവാർത്തകളറിയിക്കും വിധൗ

ചേതസി ദാഹമുജ്വലിക്കും സദാ

ശക്തിയേറിയ തീയിലനന്തരം.

ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ

വന്നരുളുക ദൈവമെ! താമസം

നീങ്ങുവാനനുഗ്രഹിക്ക സത്വരം

ഗുണമെന്നും നീയല്ലാതെയില്ലല്ലോ,

പുണ്യം കൂട്ടുവാൻ വന്നരുളേണമെ!

പ്രാണപ്രാണൻ നീ സർവ്വ മംഗലമെ

പ്രാണേശാ എന്നെ വന്നാശ്വസിപ്പിക്ക

കണ്ണിനു വെളിവെനിക്കു നീതന്നെ

ഘൃണയാലിൽ പോവാനുദിക്ക നീ

പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ

കണ്ടു നിന്നെ ഞാൻ വന്ദിച്ചുകൊള്ളുവാൻ,

ഭാഗ്യത്തിന്നുടെ യോഗമുണ്ടാകുമോ?

അഗതിക്കു സഹായമുണ്ടാകിലോ.

അന്നിനിക്കുള്ള ദാഹവിനാശമാം

അന്നു തൽപരം ഭാഗ്യം വേണ്ടൂ ഭൂവി.

നീയീ ഭൂമിയിൽ ജനിച്ചുകൊള്ളുകിൽ

പ്രിയത്താലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ

കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട

വേലയൊക്കെയ്ക്കുമാളു ഞാൻ നിശ്ചയം.

നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും

എന്നിലേതും മടിയില്ല ദൈവമേ

ഉറങ്ങുന്നേരം നിന്നെ ദയവോടെ

ഉറങ്ങാതെ ഞാൻ കാത്തു കൊണ്ടീടുവാൻ

ഉറക്കത്തിനു ഭംഗം വരുത്താതെ

വെറുപ്പിക്കാതിരിക്കും തൃക്കാൽക്കൽ ഞാൻ.

തൃക്കാൽമയത്തിൽ പരിഭവിക്കാതെ

ഭക്തിയോടു ഞാൻ മുത്തുമതുനേരം

ഉയർന്നിട്ടിഛയൊക്കെയും സാധിപ്പാൻ

തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ

ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ

ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു് ഞാൻ

നടപ്പാൻ കുഞ്ഞുതൃക്കാലിളക്കുമ്പോൾ

പിടിച്ചുണ്ണിയെ നടത്തികൊള്ളുവാൻ

പ്രേമത്തിന്നുടെ കൂരിടം ദൈവമെ

എന്മനോരസമുജ്ജ്വലിക്കുന്നതു്

കന്യകാരത്നമിങ്ങനെ ചിന്തിച്ചു.

പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു.

ഇക്കൃമിയായ ഞാനിതു ചിന്തിച്ചാൽ

ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ.

നീയനന്തഗുണ സകലാംബുധി

നീയഖിലപ്രഭു സർവ്വമുഷ്ക്കരൻ

ഒൻപതുവൃന്ദം മാലാകാമാർ നിന്റെ

മുൻപിലാദരിച്ചെപ്പോഴും നിൽക്കുന്നു.

ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്

സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു.

മൺപാത്രം കിഴിഞ്ഞുള്ളവൾ ഞാനല്ലോ

ഇപ്രകാരംഞാനെന്തു മോഹിക്കുന്നു

കാരുണ്യത്തിന്റെ വിസ്മയത്താലെ നീ

പരിപൂർണ്ണമിനിക്കു വരുത്തുക

സൂര്യവേഷത്തെ നോക്കുമതുപോലെ

ദൂരെയെങ്കിലും കണ്ടാവു നിൻ പ്രഭാ

ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു

ദൈവാനുഗ്രഹം പാർത്തീടും കന്യകാ,

അന്യഭാവമുണ്ടാകരുതെന്നുമേ

മാനസത്തിലുറച്ചിതു നിശ്ചയം.

മാംസമോഹങ്ങളേറെയറച്ചവൾ

കന്യാത്വം നേർന്നു സർവ്വേശസാക്ഷിണി

പന്തിരണ്ടുവയസ്സു തികഞ്ഞപ്പോൾ

ഭർത്താവാരിവൾക്കെന്ന വിചാരമായി

വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്

ദേവൻ ജനിപ്പാൻ കല്പിച്ച കാരണം

സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നതു്

പൂർവ്വകല്പനയായതറിഞ്ഞാലും

ഈവണ്ണം നരജന്മത്തിലാരുമേ

ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം

രൂപസൗന്ദര്യ മഹാ വിരക്തിയും

ഉപേക്ഷാപേക്ഷ സുക്രമ നീതിയും.

ദേവസേവയും ശാസ്ത്രവിജ്ഞാനവും

ഇവയങ്ങനെ കണ്ടവരാരുള്ളു.

ഇക്കന്യയുടെ മുഖത്തു നോക്കുമ്പോൾ

ശങ്കാചാരങ്ങൾ പറഞ്ഞു കൂടുമോ?

ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം

ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ

ഇവൾക്കു തുണയാകുവാൻ യോഗ്യനെ

ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ.

പട്ടക്കാരിതിങ്ങനെയെണ്ണമ്പോൾ

കൂടുന്നില്ല. വിചാരത്തിൽ ചഞ്ചലം.

ദേവഭാവമന്വേഷിക്കയെന്നതു്

നിർവ്വൈഷമ്യമുറച്ചുവെച്ചു തദാ

ദേവധ്യാനസ്ഥലമതിലേവരും

ദേവസേവദ്ധ്യാനം ചെയ്തപേക്ഷിച്ചു.

ദേവൻ താനറിയിച്ചിതു വാർത്തകൾ

സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു.

വിവാഹം ചെയ്യാതുള്ള പുരുഷന്മാർ

വിവാഹത്തിനു പള്ളിയിൽ കൂടുവാൻ

കൈവടിയാൽ വരുവാനറിയിച്ചു

കൈവടിയുമെടുത്തുകൊണ്ടാരവർ.

കല്പിച്ചപോലെ വേഗം പുറപ്പെട്ടു

ശില്പമായൊക്കെ ഭൂഷണവേഷത്തിൽ

പിന്നാലെ വന്നു ധന്യൻ യവുസേപ്പും

ചിൽപുരുഷനു കൈവടിയില്ലാഞ്ഞു

കോപിച്ചു പട്ടക്കാരനയാളോടു

ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ

കൈവടിയൊന്നു നൽകിയൊരു സഖി

മർത്ത്യരാജനാം പുണ്യവാന്റെ കൈയിൽ

ചേർത്ത ദണ്ഡു വരണ്ടതറിഞ്ഞാലും.

പുണ്യശാലയിൽ കൈവടി വച്ചുടൻ

വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ്.

കന്യകായിനിക്കാകണം ഭാര്യയായ്

എന്നപേക്ഷിച്ചു ബാലരെല്ലാവരും.

കന്യാത്വക്ഷയം വരാതിരിപ്പാനായ്

ധന്യനാം യവുസേപ്പുമപേക്ഷിച്ചു.

ഒട്ടുനേരം കഴിഞ്ഞോരനന്തരം

എടുത്തു വടി നോക്കിയനേരത്തു്

ആശ്ചര്യമൊരു ശുഷ്ക്കമായ വടി

പച്ചവെച്ചു കിളിർത്തു ചിത്രമഹോ

ശാഖാപത്രവും പുഷ്പഫലങ്ങളും

ശാഖാതന്മേലിറങ്ങിതു റുഹായും.

ദണ്ഡെല്ലാവരും നോക്കിയ നേരത്തു്

പുണ്യനാം യൗസേപ്പെന്നറിഞ്ഞുടൻ

ദാവീദിന്നുടെ രാജജന്മമുള്ള

സുവിനീതൻ യൗസേപ്പു കന്യയെ

അക്കാലം യൂദരുടെ മര്യാദയ്ക്കു്

തക്കപോലെ വിവാഹവും ചെയ്തുടൻ.

ഭാര്യസുവ്രതം നേർന്നതു കേട്ടപ്പോൾ

വീര്യവാൻ യൗസേപ്പു തെളിഞ്ഞുടൻ.

ധർമ്മത്തിന്നു സഹായമുണ്ടായെന്നു

ബ്രഹ്മചാരിപ്രധാനി സ്തുതിചെയ്തു

ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ

സൂര്യൻ പോലെ തെളിഞ്ഞുവിളങ്ങുന്നു.

പുണ്യഭാവമുദിച്ചു ശോഭിക്കുന്നു,

ഗുണത്തിന്നു ചെലുത്തീടും മാനസം.

ആയതുകൊണ്ടു യൗസേപ്പു ഭാഗ്യവാൻ

ഭാര്യയും കൊണ്ടുപോയി നസറസ്സിൽ

മൂന്നാം പാദം സമാപ്തം.

നാലാം പാദം

മാതാവും തന്റെ ഭർത്താവും കൂടി എത്രയും ഉന്നത പുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാകാ മാതാവിനോടു മംഗല വാർത്ത ചൊന്നതും, ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ഗ്ലീലായിൽ പോയതും, മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ ഏലീശ്വായിൽ റൂഹാദക്കദശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവു കർത്താവിനെ പുകഴ്ത്തി പത്തു വാക്യം ചൊല്ലിയതും, പിന്നെയും തിരികെ ഇരുവരും നസ്രസിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിൻ രഹസ്യമറിയാതെ യൌസേപ്പപുണ്യവാനുണ്ടായ ദുഃഖം മാലാകാ കാണപ്പെട്ടു തീർത്തതും ദേവമാതാവ് തന്റെ പുത്രൻറ ദർശനം ഏറ്റവും ആഗ്രഹിച്ചുവന്നതും.

ഉമ്മ കന്യക നസ്രസിൽ പോയപ്പോൾ

നന്മക്കും ഗുണവൃത്തി തപസ്സിന്നും

തുമ്പമേതും വരുത്താതെ നിഷ്ഠയായ്,

മുൻപിൽ പള്ളിയിൽ പാർത്തിരിക്കും വണ്ണം

സ്വാമിതന്നുടെയിഷ്ടമതുപോലെ

ശ്രമിച്ചു പുണ്യഭർത്താവും താനുമായ്

ഏകമാനസാൽ പുണ്യകാര്യത്തിന്നു

സങ്കല്പിച്ചു പുറപ്പെട്ടു സന്തതം.

ഒട്ടൊഴിയാതെ ധർമ്മഗുണത്തിന്നും

കൂടെ ക്ലേശിച്ച വിഘ്നം വന്നീടാതെ

അവർകളുടെ മംഗലവൃത്തിയെ

നാവിനാല്പറഞ്ഞൊപ്പിച്ചു കൂടുമോ?

യൗസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ

ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം

അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ

ആയുമ്മാമലമുകളെന്നു നൂനം

മാണിക്യം കൊണ്ടയാൾ പൊന്നെന്നാകിലോ

മണിനായകക്കല്ലായുമ്മാതന്നെ

ഭൂതലത്തിലും സംഭുവനത്തിലും

ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ

സൃഷ്ടിചെയ്ത കാർത്താവിന്റെ മുഖ്യത

സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്നു.

സ്വർന്നിധികളാൽ വ്യാപ്തമംഗലം കൃതം

തമ്പുരാന്റെയിരിപ്പിന്നു പാത്രമായ്

എന്നു തോന്നിയ സമയം തമ്പുരാൻ

തന്നുടെ മനിഷ്പത്തെയയച്ചിതു്,

കന്യകയുടെ സമ്മതം കേട്ടിട്ടു

കന്യകയ്ക്കു സൂനുവാകുവാൻ തമ്പുരാൻ

ദൂത്യത്തിന്നുടെ യോഗ്യമാകും യഥാ

ദൂതരിൽ ബഹുമാന്യനെ കല്പിച്ചു

രാത്രി പാതി ചെന്നെത്തിയ നേരത്തു

ഉത്തമധ്യാനയുക്തയുമ്മായുമായ്

രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ

മഹാ ഭക്തനാം ഗൗറിയേൽ മാലാകാ

സ്വനാഥയിതെന്നെത്രയും ഭക്തിയാൽ

ചെന്നു വന്ദിച്ചുകുമ്പിട്ടുണർത്തിനാൻ

സത്വം നിന്നിൽ സർവ്വേശ തിരുവുള്ളം

ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ

നിന്നോടുകൂടെ നാഥനാം തമ്പുരാൻ

നീ വധുക്കളിലാശീർവ്വദിക്കപ്പെട്ടു

ഇത്യാദി വാക്കു കേട്ടുടൻ കന്യകാ

അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു

സ്തുതിരൂപമാം വാക്കിനെന്തിങ്ങനെ

ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ

മാനസത്തിലെ ശങ്ക കാണുംവിധൗ

വന്ന ദൂതനുണർത്തിച്ചതുനേരം.

“ചിന്ത നീക്കിൻ മറിയം, പേടിക്കേണ്ട

തമ്പുരാന്റെ പ്രസാദം നിനക്കുണ്ട്.

നിനക്കുദരേ ഗർഭമുണ്ടായ് വരും

സൂനുവെ പ്രസവിക്കുമനന്തരം

അവനെയീശോ പേർ നീ വിളിക്കേണം

ഭുവനങ്ങളിൽ വലിയവനാകും”

ഏകതപ്പെട്ടവനു പുത്രനിവൻ

സകലേശനനന്ത ദയാപരൻ

ജനകനാകും ദാവീദുരാജന്റെ

തനയനീയാൾ വാഴും സിംഹാസനേ

എങ്ങനെ ഭവിച്ചിടുമിതൊക്കവേ?

പുരുഷസംഗമറിയുന്നില്ല. ഞാൻ

നരസംമോഹ പ്രത്യാശമില്ലമേ

നിർമ്മലനായ സർവ്വേശ സാക്ഷിണീ

നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ

ഉത്തരമുണർത്തിച്ചിതു മാലാകാ

സത്വമായ വചനങ്ങൾ പിന്നെയും.

റൂഹാദക്കുദശായിറങ്ങും നിന്നിൽ

സിംഹാസനമയാൾക്കു നീയാകുമേ,

പൂരഭൂതമാം വിസ്മയവൃത്തിയാൽ

നിൻവയറ്റിൽ ജനിച്ചിട്ടും സുപ്രജ

കന്യാത്വത്തിനു ക്ഷയമുണ്ടാകാതെ

കന്യകേ! ദേവമാതാവാകും നീയെ

ആലാഹാ പുത്രൻ നിന്മകനായ് വരും

അലസി നരർക്കയാളൊഴിച്ചീടും

എന്നുതന്നെയുമല്ല. വിശേഷിച്ചും

നിന്നുടെയിളയമ്മയാമേലീശ്വാ

വൃദ്ധത പൂക്കിരിക്കുന്നറിവല്ലോ?

വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു

മാസമാറായി മച്ചിപേരെങ്കിലും

അസാദ്ധ്യ കാര്യം സർവ്വേശനില്ലല്ലൊ,

മാലാകായതുണർത്തിച്ചതുനേരം

കാലം വൈകാതെ കന്യയരുൾചെയ്തു.

ദേവനുദാസിയാകുന്നു ഞാനിതാ

ദേവനിഷ്ടം പോലെയെനിക്കാകട്ടെ

അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ

തമ്പുരാൻ റൂഹാക്കന്യാമണിയുടെ

ഉദരത്തിലതി ശുദ്ധചോരയാൽ

സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം

സർവ്വബോധം നിറഞ്ഞൊരാത്മാവിനെ

സർവ്വേശൻ നിർമ്മിച്ചാദേഹം പൂകിച്ചു

പുത്രൻതമ്പുരാൻ കന്യാമണിയുടെ

പുത്രനായിയെടുത്തു മനുസുഖം

ആത്മാവുദേഹമായുസാൽ വർദ്ധിച്ചു

ആത്മനാഥനുമിങ്ങനെമർത്ത്യനായ്

പുത്രൻതമ്പുരാൻ രണ്ടുമെടുത്തിങ്ങു

പുത്രരായ നരാദിയെ രക്ഷിപ്പാൻ

ദേവമർത്യസ്വഭാവമെടുത്തിതു

ദേവമാനുഷനായിയാളിങ്ങനെ

സ്വദയാവോടിളയമ്മയെക്കാണ്മാനായ്

സാദേവമാതൃകന്യക യാത്രയായ്

ഗ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി

ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്കു

അമ്മ കന്നി, ഇളയമ്മെക്കണ്ടുടൻ

ശ്ലാമ്മ ചൊല്ലിയണഞ്ഞു തഴുകിനാൻ

സ്വത്വം ചൊന്നതു കേട്ടൊരേലീശുവാ

സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു

റൂഹാദക്കുദശായുമതുനേരം

രഹസ്യവിധമെല്ലാമറിയിച്ചു

സത്യമേലീശ്വാ ഗർഭത്തിലെ പ്രജാ

അത്യന്തം തെളിഞ്ഞോടിച്ചാടിക്കൊണ്ട്

കന്നിതന്നുദരത്തിലെ നാഥനെ

വന്ദിച്ചേലീശ്വാതൻ പ്രജകുമ്പിട്ടു

ഈശോനാഥനാം കന്യൂദരഫലം

ആശീർവ്വാദം കൊടുത്തു യോഹന്നാനെ,

ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ

സ്നിഗ്ദ്ധഭൃത്യനെ സർവ്വ ദയാപരൻ

അന്നേരം കന്നിതന്നെയേലീശുവാ

വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ

നീ വധുക്കളിലാശീർവ്വാദപ്പെട്ട

നിൻവയറ്റിലെ പ്രജയ്ക്കാശീർവ്വാദം

എന്റെ നാഥനു മാതാവായുള്ളവൾ

എനിക്കു യോഗ്യമുണ്ടായതെങ്ങിനെ?

നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ

നിന്നോടു ദേവൻ കല്പിച്ചവയെല്ലാം

നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം.

വിശ്വസിച്ച നിനക്കു ഭാഗ്യമഹോ

നിശ്വാസം നരജാതിക്കു പോക്കി നി

നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ

എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു.

അന്നേരം ദേവമാതാവരുൾച്ചെയ്തു

എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു.

എന്നുടെയാത്മം സത്യ സർവ്വേശനിൽ

ആനന്ദം ധരിച്ചേറെ സ്മരിക്കുന്നു.

തനിക്കുള്ള ദാസിയുടെ താഴ്ചയെ

അനുഗ്രഹമായ് തൃക്കൺ പാർത്തമൂലം

എന്നതുകൊണ്ടു ഭാഗ്യമിനിക്കെന്നു

ജന്മം തോറും പറയുമെല്ലാവരും

മുഷ്ക്കരനെന്നെ സല്ക്കരിച്ചേറ്റവും

ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു

നിർമ്മലൻതന്നെ പേടിയുള്ളോർകളെ

ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം

തന്തൃക്ക ബലമങ്ങിന്നെടുത്തുടൻ

ചിതറിച്ചഹങ്കാരമുള്ളോർകളെ

മുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ

സൽക്കരിച്ചങ്ങുയത്തി സർവ്വേശ്വരൻ

ക്ഷുത്തുള്ളോർകൾക്കു സംപൂർണ്ണംനൽകി താൻ

വിത്തമുള്ളോരെ ശൂന്യരായും വിട്ട്

മുൻപിറവാളരോടരുൾ ചെയ്തപോൽ,

തമ്പുരാൻ തന്റെ വിശ്വാസഭക്തനാം

താതനാകുമൗറാഹത്തിനും തന്റെ

സന്തതിശുഭമോർക്കും മനോഗുണം

ദാഹിച്ചു തൻ ദയാവിനെയോർത്തൊരു

ദാസനാമിസറായേലെപ്പാലിപ്പാൻ

അന്തമില്ലാത്ത തന്റെ ദയവിനാൽ

സന്തതിയായി വന്നു ജനിച്ചു താൻ.

ഇസ്തുതിചൊല്ലിയേറ്റം തെളിഞ്ഞമ്മ

സത്വരമിളയമ്മയോടൊന്നിച്ചു.

പലനാൾ കൂടി പാർത്താളവിടത്തിൽ

ഫലമേറ്റമതിനാലുണ്ടായതു്

സൂര്യനാലിരുൾ നീങ്ങിത്തെളിഞ്ഞുപോം.

തീയടുക്കയാൽ ശീതമകന്നു പോം

എന്നതുപോലെ ജന്മദോഷത്തിരുൾ

നീങ്ങി സൂര്യനാലുമ്മായുദരസ്ഥൻ

യോഹന്നാനിൽ നിറച്ചിതു റൂഹായും,

സ്നേഹമാതാസുതനുടെ ശക്തിയാൽ

ആ വീട്ടിലുള്ള ശീതളം നീക്കീട്ടു

ദേവപ്രിയ പ്രകാശമുറപ്പിച്ചു

സ്വർന്നിധിയവിടത്തിരിക്കുമ്പോൾ

എന്നാലാ വീട്ടിൽ ദാരിദ്ര്യമുണ്ടാമോ

മൂന്നു മാസമവിടെയിരുന്നിട്ടു

കന്യസ്വാലയംപ്രതിയെഴുന്നള്ളി

അർക്കൻ മേഘത്തിൽ പൂക്കിരിക്കും വിധൗ

പ്രകാശമതിന്നുണ്ടാക്കുമെന്ന പോൽ,

സൂര്യൻപോലെ മനോഹര ശോഭയും

ഭാരം കൂടാതൊരുദരവൃദ്ധിയും

ഉമ്മാ തന്നിലീ ലക്ഷണമുണ്ടായി

ക്രമത്താലെ പ്രജ വളർന്നിങ്ങനെ

ഭാര്യ തന്നുടെ ലക്ഷണം കണ്ടിട്ടു

ഭർത്താവിനുള്ളിലുണ്ടായി ചഞ്ചലം

വൃത്തിദോഷം വിചാരിപ്പതിനൊന്നും

ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളു.

എന്തവകാശമിങ്ങിനെ കണ്ടതു്

ചിന്തയാലതിനന്തവും കണ്ടില്ല.

നിർമ്മലവ്രതം ഞാനുമെൻ ഭാര്യയും

ധർമ്മദോഷമോ? എന്തിതു ദൈവമെ

ഗർഭമെന്നതു നിശ്ചയമെങ്കിലോ

കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ

ഭാര്യതന്നെ ഉപേക്ഷിക്കേണമെന്നു്

ധൈര്യമുള്ളിലുറച്ചിതു താപസൻ.

പുണ്യവാന്റെ മനസ്സിലെ വേദന

തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു

മാലാകായുമന്നേരമയാളോടു

കാലം വൈകാതെ ചൊല്ലി സുവാർത്തകൾ

സംശയമില്ല പത്നിയെ ശങ്കിപ്പാൻ

മംഗല ഭാര്യയെപ്പാലിക്ക സാദരം,

ഗർഭം സർവ്വേശ റൂഹായാലെന്നറി

നീ ഭയം നീക്കിസ്സന്തോഷിച്ചീടുക.

പുത്രനെപ്പെറും നിർമ്മല കന്യക

സുതന്നെ ഈശോ പേർ നീ വിളിക്കേണം

ദോഷത്താലുള്ള കേടുകൾ തീർത്തീടും

രക്ഷിക്കുമിയ്യാൾ തനിക്കുള്ളോർകളെ,

ദിവ്യവാക്കുകൾ കേട്ടോരനന്തരം

ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയ്യാൾ

വന്നു ഭാര്യയെക്കുമ്പിട്ടു പുണ്യവാൻ

തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു

ദേവമാതാവോടുള്ളഴിവോടു താൻ

സേവിച്ചെന്റെ പിഴ നീ പൊറുക്കേണം

ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ

ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു.

പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ

പുണ്യവാരിധികന്യയരുൾചെയ്തു-

ഭർത്താവിനുളള ഭീതിയറിഞ്ഞു ഞാൻ.

ചിന്തയുംകണ്ടു ഭാവവികാരത്താൽ

ദേവനാലുള്ള ഗർഭമിതെങ്കിലോ

ദേവൻ താനറിയിച്ചീടും നിർണ്ണയം

എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ

തീർന്നു സംശയം അങ്ങേ കരുണയാൽ

എന്നുമ്മ ബഹു കാരുണ്യഭാഷയിൽ

മാന്യനാം പതിയോടരുളിച്ചെയ്തു.

അന്നുതൊട്ടീയാളെത്രയും ഭക്തിയാൽ

കന്യകാരത്നത്തെപ്പരിപാലിച്ചു.

സൂതിമാസമടുക്കുന്തോറുമുമ്മാ

ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു

വെളിച്ചത്തുടൻ വന്നരുളീടുക!

എണ്ണുമ്മാസം ദിനം പ്രതി നാഴിക,

കണ്ണിൽ കാണ്മാനുഴറുന്നു മാനസം

കാൽക്ഷണം മഹാ യുഗമെന്നു തോന്നും

കാൽക്ഷണമളവില്ലാതപേക്ഷയും

സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ

പ്രസവത്തിന്നുകാലമടുത്തിതു്

നാലാം പാദം സമാപ്തം.

അഞ്ചാം പാദം

ദേവമാതാവും തന്റെ ഉത്തമ ഭർത്താവുംകൂടെ ബത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും അതിൽ ദൈവപുത്രൻ പിറന്നതും, മാലാകാമാർ തന്നെ പാടി സ്തുതിച്ചതും, മാലാകായുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ കുമ്പിട്ടു സ്തുതിച്ചതും എട്ടാന്നാൾ ഛേദനാചാരം കഴിച്ചു് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രംകാരണത്താൽ മൂന്നു രാജാക്കൾ വന്നു പൊന്നും മുരുളും കുന്തുരുക്കവും കാഴ്ചവെച്ചു കുമ്പിട്ടതും നാല്പതാം നാൾ ഉണ്ണിയെ പള്ളിയിൽ കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്നാ എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും, ശെമയോൻ മാതാവിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹേറോദേസ് കുഞ്ഞിപ്പൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽ നിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവു തന്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തന്റെ വളർത്തുപിതാവിനും കീഴ്‌വഴങ്ങി പാർത്തതും—

വൻപനഗുസ്തോസു് കേസർ മഹാരാജൻ

കല്പിച്ചു തന്റെ ലോകരെയെണ്ണുവാൻ

നൂതനം തൽക്കാണവും വാങ്ങിച്ചു്

സാധനത്തിലെഴുതേണം ലോകരേ

ജന്മമായ നഗരിയിൽ കൂടുവാൻ

തന്മഹീപതി കല്പിച്ചറിയിച്ചു

ദാവീദു രാജപുത്രൻ യൗസേപ്പും

ദേവമാതാവും ദാവീദുഗോത്രികൾ

താതൻ രാജാവു ദാവീദു വാണതു്

ബെസ്ലഹം തന്നിലെന്നതു കാരണം

പോകേണമവർ ബസ് ലഹം ചന്തയിൽ

സകലേശവിധിയുമതുപോലെ

ഉമ്മായും യവുസേപ്പുമെളുന്നള്ളി,

ജന്മഭൂമിയവർക്കതറിഞ്ഞാലും,

ബെസ്ലഹം പുക്കു രാജവിധിപോലെ

ബസ്ലഹേം ചന്തയാകെ നടന്നവർ

ഇരിപ്പാനൊരു വീടു തിരഞ്ഞാറെ

ആരും കൈക്കൊണ്ടില്ല നരമുഖ്യരെ

മുഷ്കരന്മാർക്കു നൽകി ഭവനങ്ങൾ

സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും,

ഇവരെത്രയും നിർദ്ധനരാകയാൽ

ആവാസത്തിനു സ്ഥലമില്ലാഞ്ഞാറെ

ശ്രേഷ്ഠനാഥയ്ക്കുനിയോഗ്യയോഗത്താൽ

ഗോഷ്ഠാനത്തിലിറങ്ങി പാർത്താരവർ.

വില്പഞ്ചവിശേതി ഞായർ, വാസരേ

സ്വപ്നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ

തിന്മയാലുള്ള താപങ്ങൾ നീക്കുവാൻ

ഭൂമിക്കാനന്ദത്തിനുള്ള കാരണം

രാത്രി പാതി കഴിഞ്ഞോരനന്തരം

ചിത്രമെത്രയും നീക്കിയിരുട്ടുകൾ

മനോജ്ഞനൊരു സൂര്യോപമനായി

കന്യാപുത്രൻ ഭൂപാലൻ പിറന്നിതു

കന്യത്വക്ഷയം വരാതെ നിർമ്മലാ

ഊനംകൂടാതെ പെറ്റു സവിസ്മയം

കുപ്പിക്കുഛേദം വരാതെയാദിത്യൻ

കുപ്പിതന്നിൽക്കടക്കുമതുപോലെ

ഉദരത്തിനുഛേദം വരുത്താതെ

മേദിനിയിലിറങ്ങി സർവപ്രഭു

സൂതി ദുഃഖങ്ങളുമ്മായറിയാതെ

പുത്രനെ പുരോഭാഗത്തിൽകണ്ടുടൻ

ഉള്ളകത്തുകൊള്ളായുള്ള സന്തോഷാൽ

പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാൽ

ആദരിച്ചു തൃക്കാൽ മുത്തി ബാലന്റെ

സ്നേഹസാധനം മാനസേപൂരിച്ചു

ദേവമർത്ത്യനായ് വന്നു പിറന്നൊരു

ദേവബാലനെ മാതൃകകൊണ്ടാടിനാൾ

ആടുകൾക്കിടയരുടെ സഞ്ചയം

ആടുകൾ മേച്ചിരുന്ന സമയത്തിൽ

ആജനം മഹാശോഭകണ്ടക്ഷണം

രജനിയിലീ വെളിവെന്തിങ്ങനെ?

പകച്ചു മഹാപേടിയും പൂണ്ടിവർ

ആകാശത്തിലെ വികാരകാരണം

മാലാഖയുമിറങ്ങിയവരോടു

കാലം വൈകാതെ സംഭ്രമം നീക്കുവിൻ

ഭീതിക്കിപ്പോളവകാശമില്ലല്ലോ

സന്തോഷത്തിന്റെ കാലമിതായതു്

അത്യന്തോത്സവം പൂണ്ടുകൊണ്ടാടുവിൻ

സത്യവേദവും വന്നുപിറന്നിതാ

രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ

അക്ഷിഗോചരനായീടുമപ്രഭു

ദാവീദിന്നുടെ നഗരേ ചെല്ലുവിൻ

ഞാൻപറഞ്ഞപോലുണ്ണിയെക്കണ്ടീടും

അസറോറെന്ന ശീലയും ചുറ്റിച്ച്

അസമേശനെ ഗോഷ്ഠാനം തന്നിലെ

തൃണത്തിമ്മേൽകിടക്കുന്ന നാഥനെ

കാണുവിൻ നിങ്ങൾ ത്രിലോകേശനയാൾ

ഈ വണ്ണം ചൊല്ലിക്കൂടിയ തൽക്ഷണം

ദിവ്യന്മാർ വന്നുകൂടിസംഖ്യവിനാ

ഉന്നതത്തിലിരിക്കുന്ന ദേവന്നു,

നിരന്തരസ്തുതി സർവലോകത്തിന്നും

സുമനസ്സുള്ളഭൂമി ജനത്തിനും

അമേയാനുകൂലമുണ്ടായീടുക

ഇത്യാദി ബഹുസുന്ദരഭാഷയിൽ

സത്യവേദാവിൻ ദൂതന്മാർ പാടിനാർ

അന്തോനദേവപാദവും വന്ദിച്ചു

സന്തോഷിച്ചു നമനം ചെയ്താരവർ

ഇടയന്മാരും നേരം കളയാതെ,

ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടൻ

മുട്ടും കുത്തി വന്ദിച്ചു തിരുമേനി

സാഷ്ടാംഗനമസ്കാരവും ചെയ്തുടൻ

ഇടയർ ഞങ്ങളെന്നു വരികിലും

ആടുകൾ നിനക്കഖിലപാലകാ

ആടുകൾ ഞങ്ങൾ രക്ഷിക്കുമെന്നപോൽ

ഇടയൻ നീയേ ഞങ്ങളെ പാലിക്ക

കണ്ണിന്നിവിടെ ദുർബലനെങ്കിലും

ഉണ്ണി നീ തന്നെ സർവവശനല്ലോ

ദീനന്മാർ ഞങ്ങളെങ്കിലും നായകാ

അനുഗ്രഹിക്കും നീയെന്നു വിശ്വാസമായ്

നിൻ മുമ്പിലൊന്നുണർത്തിച്ചുകൊള്ളുവാൻ

സാമർത്ഥ്യം ഞങ്ങൾക്കില്ലെന്നറിഞ്ഞു നീ

ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ

നീ പാലിക്കണം സർവദയാനിധേ!

ഇതു ചൊല്ലിസ്തുതിച്ചു തൃക്കാൽ മുത്തി

സന്തോഷത്തോടു പോയാരവർകളും

എട്ടാംനാൾ തികഞ്ഞന്നു വറുകിതും

ഇട്ടു നാമവുമീശോ വിളിച്ചിതു്

അന്നു മുമ്പിൽ ഭൂമിയുടെ രക്ഷയ്ക്കു്

തൻ തിരുമേനി ചിന്തി തിരുരക്തം

ഈശോ നാമാർത്ഥം രക്ഷകനെന്നതും

നിശ്ചയിച്ചുവരുത്തി പരമാർത്ഥം

ഈ നാമത്തിനാലാണു മുമ്പിൽ ജയം

മാനസേ പൂണ്ടു ദുർഗ്ഗതിവാസികൾ

ഇതിനാൽ പരലോകപുണ്യജനം

അത്യന്തസുഖം പ്രാപിച്ചു നിശ്ചയം

സർവനാഥനെ ഭൂമിക്കു കാട്ടുവാൻ

പൂർവാദൃഷ്ടശോഭാത നക്ഷത്രം

കിഴക്കിൽ നിന്നുദിച്ചു പുറപ്പെട്ടു

കീഴിൽകാണാത്ത താരകാശ്മിയാൽ

മൂന്നുലോകേശ രാജപ്രസൂതിയെ

മൂന്നു രാജാക്കൾ ബോധിച്ചാരന്നേരം

സർവപാലപ്രജയെന്നുബോധിച്ചു

കീഴ്‌വഴങ്ങേണമെന്ന ന്യായവശാൽ

ഗാംഗേയം കുന്തുരുക്കവും മുരുളും

വേഗം കാഴ്ചയുംകൊണ്ടു പുറപ്പെട്ടു

നക്ഷത്രം വഴികാട്ടിയ ശോഭയാൽ

സൂക്ഷ്മത്തോടു നടന്നു രാജാക്കന്മാർ

പ്രാപിച്ചങ്ങവരെറുശലേം പുരേ

അപ്പോളംബരേ നക്ഷത്രം മാഞ്ഞുപോയ്

പകച്ചു മഹാപ്രഭുവൃന്ദമന്നേരം

ലോകനാഥനെ ചോദിച്ചന്വേഷിച്ചു

ഹെറോദേശതുകേട്ടതി സംഭ്രമാൽ

ഏറെ ശാസ്ത്രികളെ വരുത്തീടിനാൻ

ആജനത്തോടു ചോദിച്ചവനപ്പോൾ

രാജരാജനാമുണ്ണീ സ്സുവാർത്തകൾ

ശാസ്ത്രോക്തംപോലെമ്ശിഹേടെ ജാതം

ശാസ്ത്രസിദ്ധമറിഞ്ഞവർ ചൊല്ലുവിൻ

ശാസ്ത്രിക്കാരതുകേട്ടു വിചാരിച്ചു

ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു

“ഇക്ഷിതാവായ ദാവീദിൻ പുത്രനായ്

രക്ഷിപ്പാൻ മിശിഹാവരും നിശ്ചയം

ദാവീദുരാജ ജന്മനഗരിയാം

ബേദലയിൽ മിശിഹാപിറന്നീടും.”

ശാസ്ത്രക്കാരിതു-ചൊന്നതുകേട്ടാറെ

മാത്രനേരം വിചാരിച്ചുചൊന്നവൻ

പോക നിങ്ങളന്വേഷിച്ചു കുമ്പിട്ടു

പോകുമ്പോൾ വന്നിങ്ങെന്നോടു ചൊല്ലേണം

നിന്ദിച്ചു ഹിംസിപ്പാനുറച്ച ദുഷ്ടൻ

വന്ദിപ്പാനാശയുണ്ടെന്നു ചൊല്ലിനാൻ

ആയതു കേട്ടു കുശ ത്രിരാജാക്കൾ

ആയിടത്തീന്നു വേഗം നടകൊണ്ടു

പൂർവനക്ഷത്രം പിന്നെയും കണ്ടുടൻ

ഉൾവ്യാധിയൊഴിഞ്ഞു സന്തോഷമായി

ബേദലനഗരിയുടെയന്തികേ

അത്താരം തൊഴുത്തിൻമീതേ നിന്നുടൻ

തൊഴുക്കൂട്ടിൽ പുകിന്തു രാജാക്കന്മാർ

തൊഴുതാദരവോടവർ നിന്നുടൻ

രാജരാജനായുള്ളൊരു ബാലനെ

രാജാക്കൾ ഭക്ത്യാ സൂക്ഷ്മിച്ചു നോക്കിനാർ

ആനനം നല്ല പ്രതാപദൃഷ്ടിയും

മേനി സൂര്യനെത്തോല്പിക്കും ശോഭയും

സർവലക്ഷണമെല്ലാം തികഞ്ഞൊരു

സർവപാലനാം ബാലകനുണ്ണിയെ

കണ്ടുകൊണ്ടാടി നിന്നാനന്ദിച്ചവർ

വീണു സാഷ്ടാംഗംചെയ്തവർ നാഥനെ

കാണിക്കയവർവെച്ചു തിരുമുമ്പിൽ

സ്വർണ്ണം നല്ല കുന്തുരുക്കമെന്നതും

മരത്തിൻപശയാം മുരളെന്നിവ

പരൻ മുമ്പിൽസ്വവിശ്വാസഭക്തിയ്ക്ക്

രാജസമ്മതം പൊന്നും, കുന്തുരുക്കം,

രാജരാജനാം ദേവനിയാളെന്നും

മാനുഷനെന്നും മരിക്കുമെന്നതും

തനുവിൽ ക്ഷയഹീനവും, മൂന്നിവ

ഉറച്ചെന്നതിനടയാളമവർ

മുരുൾക്കാഴ്ച കൊടുത്തു ഭക്തിയോടും

കുന്തുരുക്കത്താൽവിശ്വാസമെന്നതും

പിന്നെ മുരുളാൽ സുപ്രതീക്ഷാഗുണം

പൊന്നിനാൽ സർവ്വനായകസ്നേഹവും

ചിഹ്നമായിവകാഴ്ചവെച്ചാരവർ

തൃക്കാലും മുത്തിയാത്രയുണർത്തിച്ചു.

അകക്കാമ്പു തെളിഞ്ഞു പിരിഞ്ഞവർ

പോകുന്നേരം ഹേറോദേശറിയാതെ

പോകണമെന്നു ദിവ്യനറിയിച്ചു

തല്ക്കാരണത്താലന്യമാർഗ്ഗമായി

സ്വർല്ലോകം പ്രതിപോയവർ സാദരം

നാല്പതാംദിനം തികഞ്ഞ കാലത്തു്

സ്വപുത്രനെയോറേശലം പള്ളിയിൽ

ബാവാതമ്പുരാൻമുമ്പിൽ കന്യാമണി

സുഭക്തിയോടു കാഴ്ചയായ് നൾകിനാൾ

അന്നേരം വയസ്സേറിയ ശെമയോൻ

ചെന്നു ജ്ഞാനദൃശം ബഹുസാദരം

പാർത്തുകണ്ടു താൻ ബാലക മുഖ്യത

ചിത്തസമ്മതം വന്ദിച്ചു ചൊല്ലിനാൻ

ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ

ഭൂനരനായി വന്ന ദയാപരാ

തേലോകരീസാറായേല്പെരിമക്കും

എല്ലാഭൂമിക്കും പ്രത്യക്ഷമാകുക

വെളിവായെൻ കണ്ണുകൾ കാൺകയാൽ

വെളിവൊക്കെയും നീയല്ലോ ദൈവമേ

വെളിവു നിന്റെ ലോകർക്കുകാട്ടുവാൻ

തെളിവോടിങ്ങുവന്ന സർവ്വപ്രഭോ

ഇപ്പോൾ ദാസനെ അനുകൂലത്തോടെ

പ്രേമപ്രഭോയാത്രയാക്കിക്കൊൾക നീ.

അമ്മയോടുടൻ ചൊല്ലിവയോധികൻ

നിന്മകനിപ്പോൾ വിരോധലക്ഷ്യമാം

പലർക്കുമിയ്യാളാലുണ്ടാം മംഗലം

പലർക്കുമിയാളാൽ വരും നാശവും

നിന്നുടെചിത്തംദുഃഖാസി ലംഘനം

സങ്കടമേറെ ഭവിക്കും നിർണ്ണയം

പുണ്യദീർഘദർശിനി യന്നായും

ഗുണത്തിന്നുടെ കാലമിതെന്നതും

രക്ഷനാഥനെഴുന്നള്ളിയെന്നതും

സാക്ഷിച്ചുറൂഹായാലന്നേരം ചൊന്നു

കന്യകതാനനുമുണ്ണിയേയുംകൊണ്ട്.

ധന്യനാം യവുസേപ്പുമവിടുന്നു്

കാലം വൈകാതെ പോയി നസ്സറസ്സിൽ

ബാലനെപരിപാലിച്ചിരിക്കുമ്പോൾ

അക്കാലമൊരു മാലാഖതൽക്ഷണം

ഇക്കാലമിവിടെ പാർക്കരുതെന്നും

മാർ യൗസേപ്പോടും കന്യക തന്നോടും

കാര്യകാരണമൊക്കെയും ചൊല്ലിനാൽ

ബാലകവധം ഭാവിക്കുന്നു ചിലർ

കാലം വൈകാതെ പോകുുമെസറേനിൽ

വൈരികൾ വരവിന്നു സമയമായി.

വരുംമുമ്പേനടകൊൾക വേഗത്തിൽ

ഒളിക്ക പരദേശത്തിൽ ബാലനെ

വെളിച്ചത്തുവരുവാൻ സമയമായി.

പിൻതിരിഞ്ഞിങ്ങു പോരുവാൻ കാലത്തിൽ

അന്തോനവിധി ഞാൻ വന്നറിയിക്കാം

എന്നതുകേട്ടു യൗസേപ്പുമുമ്മായും

അന്നവിടേന്നു വാങ്ങിമെസറേനിൽ

ഉണ്ണിയെപ്പരിപാലിച്ചിരുപേരും

പുണ്യവൃദ്ധിയാൽ വാണുചിരകാലം

ഹേറോദേശപ്പോളുണ്ണിയെക്കാണാഞ്ഞു

ഏറെക്കോപിച്ചു ശങ്കിച്ചു കശ്മലൻ

മറ്റൊരു രാജനീ ഭൂമി വാഴുകിൽ

അറ്റു രാജ്യം തനിക്കെന്നു ബോധമായ്

ശത്രുവാരെന്നറിയായ്കകാരണം

ചിന്തിച്ചിട്ടുമുപായത്തെ കണ്ടില്ല,

എങ്കിലാസമയത്തിൽ പിറന്നോരെ

ഒക്കെക്കൊല്ലേണമെന്നു കല്പിച്ചവൻ

ഒക്കെക്കൊന്നിട്ടുംത്രിലോകനാഥന്നു

സങ്കടം ഭവിച്ചിട്ടില്ലിവയൊട്ടുമേ

ഹേറോദേശിതിനുത്തരം വീട്ടുവാൻ

അറപ്പാംവണ്ണം പുഴുത്തു ചത്തവൻ

വർത്തമാനമതൊക്കെയും മാലാഖ

മാർ യൗസേപ്പിന്നു പ്രത്യക്ഷമാക്കിനാൻ

മെസറേനിൽനിന്നുമ്മായും യൗസേപ്പും

നസ്രസുനാട്ടിൽവന്നു പാർക്കുന്നനാൾ

പന്തീരണ്ടു വയസ്സിൽ മിശിഹായും

അന്നോറേശലത്തുമ്മായും യൗസേപ്പും

ചെന്നു പള്ളിയിൽ കുമ്പിട്ടാനനന്തരം

അന്നാലോകരിൽ താൻ മറഞ്ഞീടിനാൻ

കണ്ണുീനീരാലെ യൗസേപ്പുമുമ്മായും

ഉണ്ണിയെത്തിരഞ്ഞെങ്ങുമേ കാണാഞ്ഞു

കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും,

കാട്ടിലും തിരഞ്ഞെങ്ങുമേ കണ്ടില്ല.

മൂന്നാംനാളുമ്മാ യൗസേപ്പും പള്ളിയിൽ

ചെന്നു പുത്രനെക്കണ്ടു തെളിഞ്ഞുടൻ

അന്നവിടത്തിൽ ശാസ്ത്രികളോടൊത്തു്

ഉന്നതനായ ഉണ്ണി മിശിഹാ താൻ

ശാസ്ത്രയുക്തികൾ ചോദിച്ചും കേൾപ്പിച്ചും

ശാസ്ത്രികളൊക്കെ വിസ്മയം കൊൾകയും

അന്നേരം സുതസന്നിധാവുമ്മായും

ചെന്നു ഭക്തിവിനയത്തോടെ ചൊന്നാൾ

എന്തിനിങ്ങനെ പുത്രാ നമ്മോടുനീ

എന്തനിഷ്ടം നമ്മിലൊന്നു ചൊല്ലുക

നിന്റെ താതനും ഞാനുംസുതാപത്താൻ

നിന്നെയന്വേഷിച്ചേറ്റം വലഞ്ഞിതു്

നിന്നെക്കാണാഞ്ഞു നിശ്വാസപ്പെട്ടാറെ

നിന്നെക്കണ്ടിപ്പോളാശ്വാസമായി നാം.

എന്നമ്മാ ബഹുസന്തോഷഭക്തിയാൽ

ചൊന്നതുകേട്ടു പുത്രനരുൾ ചേയ്തു

സ്റ്റിഗ്ദ്ധനാമെൻ ജനകന്റെ കാര്യങ്ങൾ

സാധിപ്പാൻ വിധിയെന്നറിഞ്ഞില്ലയോ

തദ്ധ്വേതുവെന്നെയന്വേഷിക്കേണമോ?

ബുദ്ധി ധ്യാനമുള്ളോർകൾ ഗ്രഹിപ്പാനായ്

മിശിഹായിതുചൊന്നോരനന്തരം

സംശയം പോക്കി കൂടെയെഴുന്നള്ളി

അവരെ വഴക്കത്തോടു കൂടവേ

ആവാസം ചെയ്തുനസ്സറസ്സുപുരേ.

അഞ്ചാം പാദം സമാപ്തം.

ആറാം പാദം

യോഹന്നാന്റെ മാമ്മോദീസായും, കർത്താവു് അയാളാൽ മാമ്മോദീസാ മുങ്ങിയതും ഉടൻ തന്റെമേൽ റൂഹാ ഇറങ്ങിയതും ബാവായിൽനിന്നു അശരീരിവാക്യം കേൾക്കപ്പെട്ടതും നാല്പതാംനാൾ താനൊന്നും തിന്നാതെ വനത്തിൽ പാർത്തു നോമ്പു നോറ്റതും, പിശാചിനാൽ പരീക്ഷിക്കപ്പട്ടതും, യോഹന്നാൻ കർത്താവിനെ ചൂണ്ടിക്കാണിച്ചു ബോധിപ്പിച്ചതും, ഗ്ലീലായിൽ വിവാഹത്തിന്നു വെള്ളം വീഞ്ഞാക്കിയതും, പള്ളിയിൽ വില്ക്കയും കൊൾകയും ചെയ്തവരെ ശിക്ഷിച്ചതും, താൻ മാമ്മോദീസാ മുങ്ങിയതും, ശമറായക്കാരത്തിയെ തിരിച്ചതും, ഗ്ലീലായ്ക്ക പിന്നെയുമെഴുന്നള്ളിയതും പ്രഭുവിന്റെ മകനെ പൊറുപ്പിച്ചതും, തിരുവാക്കാൽ ഗ്ലീലായിൽ അനേക രോഗങ്ങൾ പൊറുപ്പിച്ചതും, കേപ്പാ, അന്ത്രയോസ്, യാക്കോ, യോഹന്നാൻ, എന്ന നാലു ശിഷ്യരെ ചേർത്തതുംഒരു പ്രഭുവിന്റെ ഭൃത്യനുണ്ടായ സന്നിപാതം പൊറുപ്പിച്ചതും, കടലിലെ ഓളം അടക്കിയതും, പിശാചുക്കളെ പുറപ്പെടുത്തിയതും, അനുവാദത്താൽ പിശാചുക്കൾ പന്നിയിൽ പുക്കു് അവയെ കൊന്നതും, ദോഷം പൊറുത്തെന്നു് കല്പിച്ചുകൊണ്ടു് സർവ്വാംഗം തളർച്ചക്കാരനെ സ്വസ്തപ്പെടുത്തിയതും, ഒരുവന്റെ മരിച്ച മകളെ ജീവിപ്പിച്ചതും, അവിടെ പോകുംവഴിയിൽ തന്റെ കുപ്പായത്തിന്റെ വിളുമ്പുമേൽ തൊട്ടതിനാൽ ഒരു സ്ത്രീയുടെ രക്തസ്രാവം പൊറുത്തതും, മറ്റു പല പുതുമകൾ ചെയ്തതും.

ത്രിംശതി തിരുവയസ്സു ചെന്നപ്പോൾ

മിശിഹാ സ്വകതത്വമുദിപ്പാനും

സ്വാമി തന്റെ വരവറിയിപ്പാനും

സ്വാമി ഭക്തൻ മഹാ മുനിശ്രേഷ്ഠനാം

യോഹന്നാൻ പുരോഗാമിയെ കല്പിച്ചു

മഹാ ഭക്തനയ്യാൾ വന്നു ദൂതനായ്

ആസ്ഥപ്പാടാം പ്രായശ്ചിത്തം മാംദീസാ

ആസ്ഥയായ് മുക്കി പലരേയുമയ്യാൾ

ഭക്തപ്രിയൻ മിശിഹായും മാംദീസാ

ഭക്തനാമിയ്യാടെ കയ്യാൽ മുങ്ങിനാൻ

ഇഛയൊത്ത മൽപുത്രനിയാളെന്നും

ഉച്ചത്തിലൊരുനാദം പ്രത്യക്ഷമായ്.

സ്നേഹാലയനിയ്യാളെന്നറിയിപ്പാൻ

സ്നേഹറൂഹായിറങ്ങിയാളുടെമേൽ

അവിടെന്നു വനത്തിലെഴുന്നള്ളി

അവിടെപ്പാർത്തു നാല്പതുനാളുതാൻ

ശിക്ഷയാംവണ്ണം ദേവധ്യാനം ചെയ്തു

ഭക്ഷ്യമൊന്നും രസിക്കാതെ നിഷ്ഠയാൽ

തല്ക്കാലാന്തരേ പിശാചിൻ വ്യാജങ്ങൾ

ദൃക്കിൻഗോചരമായ പരീക്ഷകൾ

ക്ഷുത്താപത്തോടിരിക്കാതെ നീയിപ്പോൾ

ക്ഷുത്തിന്നിഛയാം ഭക്ഷണസാധനം

കല്പിക്കദേവനെങ്കിൽ നീയിക്കല്ലു്

അപ്പമാക്കീട്ടു തിന്നു ജീവിക്കെടോ

ഇപ്രകാരം പിശാചു പറഞ്ഞപ്പോൾ

തൽപരനുത്തരമരുളിച്ചെയ്തു

അപ്പത്താൽമാത്രംമർത്ത്യൻ ജീവിക്കില്ലേ

തൽപരന്റെ തിരുവുള്ളംകൊണ്ടത്രേ

പിന്നെനാഥം വഹിച്ചു ദേവാലയ

ഉന്നതചുവരിൻമേൽ സ്ഥാപിച്ചവൻ

ദേവൻ നീയെങ്കിൽ ചാടുക തൽക്ഷണം

സേവകരാമ്മാലാഖമാർ താങ്ങീടും

പരീക്ഷവാക്കു ചൊന്ന പിശാചോടു

പരമ ദേവൻതാനരുളീടിനാൻ

കോവണിയിരിക്കുന്നേരം ചാടുവാൻ

അവകാശവുമില്ലൊരു തിട്ടതി

നിന്റെ നാഥനെ നീ പരീക്ഷിക്കേണ്ട

നിന്റെ വാക്കിന്നെടുത്തു പൊട്ടുത്തരം

മൂന്നാംവട്ടം പിശാചവൻ നാഥനെ

ഉന്നതാദ്രി മുകളിൽ നിറുത്തീട്ടു

അവധിഹീന സമ്പൽസുഖങ്ങളെ

അവൻ മായാവ്യാജത്താല്ക്കാകൊണ്ടു

നാണംകെട്ടു പിശാചവൻ ചൊല്ലിനാൻ

കാണുന്ന വസ്തുവൊക്കെയെനിക്കുള്ളു

വീണുനീയെന്നെക്കുമ്പിടുന്നാകിലോ

വേണമെങ്കിലിതെല്ലാം തരുവാൻ ഞാൻ

സർവ്വനിന്ദപറഞ്ഞപിശാചിനെ

സർവ്വമുഷ്ക്കരനായകനാട്ടിനാൻ-

പോക, നീചൻ നീയെന്റെമുമ്പിൽനിന്നു്

സകലേശ്വരകല്പന കേട്ടപ്പോൾ

ഭീതിപൂണ്ടു പിശാചു വിറച്ചുടൻ

ഭീദിത ലോകേ പോയി മറഞ്ഞൻ

ചിത്തനീതിയും, വർജ്ജങ്ങളെന്നതും

വൃത്തിയിൽകാട്ടി നമുക്കറിവാനായി

മർത്ത്യരക്ഷകനായ മ് ശിഹാ താൻ

മർത്ത്യർക്കു ബോധമാവാൻ ശ്രമിച്ചിതു്

കർത്താവീശോയെ കണ്ടൊരുനാൾ പിന്നെ

കീർത്തിയുള്ള യോഹന്നാനുരചെയ്തു-

മർത്ത്യദോഷങ്ങൾ നീക്കുവാൻ തമ്പുരാൻ

യാത്രയാക്കിയ ആട്ടിൻകുട്ടിയിതാ

തമ്പുരാൻ പുത്രനിയാളെന്നതു്

തമ്പുരാനെന്നോടരുളിച്ചെയ്തിതു്

ഇയ്യാളീലോകരക്ഷയ്ക്ക വന്നവൻ

ഇയ്യാളാൽദേവദത്ത സംപൂർണ്ണവും

കിട്ടുവാൻ വഴിയുള്ളുവെന്നിങ്ങനെ

പട്ടാങ്ങസാക്ഷി മാംദാന ചൊല്ലിനാൻ

യൂദാവിൽനിന്നു മിശിഹാ ഗ്ലീലായിൽ

തദനന്തരം പോയ് കല്യാണത്തിന്നു്

വിവാഹത്തിന്നു മുന്തിരിങ്ങാനീരു

സുവിസ്മയത്താൽ വെള്ളംകൊണ്ടാക്കിനാൻ

പെൺകെട്ടിനു ശുഭം കൂട്ടിയിങ്ങനെ

തൻകരുണയ്ക്കടയാളം കാട്ടിനാൻ

അക്കാലം യൂദന്മാരായ മൂഢന്മാർ

വില്ക്കുംകൊള്ളുമോറേശലം പള്ളിയിൽ

എന്നതുകൊണ്ടുകോപിച്ചു നാഥനും

നിന്ദ ചെയ്യുന്ന നീചവൃന്ദത്തിനെ.

തിന്മയായ പ്രവൃത്തികൾ ചെയ്കയാൽ

ചമ്മട്ടികൊണ്ടുദുഷ്കൃതം ശിക്ഷിച്ചു

പുണ്യപ്രവൃത്തിയാലാചാരയോഗ്യമാം

പുണ്യമായ സ്ഥലമെന്നരുളിനാൻ

ആ ദിക്കിൽ മുമ്പിൽ മാമ്മോദീസാ മുക്കി

യൂദായിലതിനാജ്ഞയറിയിച്ചു

ശമ് റായിൽ പരസ്ത്രീയവൾക്കു ധർമ്മം

ദുർമ്മതമൊഴി വാനരുളീടിനാൻ

നല്ലസാധുത്വമുള്ള വചനത്താൽ

ചൊല്ലിദേവദത്താവുമുദിപ്പിച്ചു

അവളുമുടൻ മിശിഹാ വന്നതും

സുവൃത്തികളതെല്ലാമറിയിച്ചു

നീളെ ചൊല്ലി നടത്തിയ ലോകരും

ഉള്ളിൽ വിശ്വാസങ്കൊണ്ടവൾ വാക്കിനാൽ

പാർപ്പിച്ചു രണ്ടുനാളവർ നാഥനെ

ഓർപ്പിച്ചു ദേവന്യായമവരെത്താൻ

ഇഛയാംവണ്ണം നല്ല വചനത്താൽ

നിശ്ചയിച്ചു പഠിപ്പിച്ചു വേദാർത്ഥം

പണ്ടുകേളാത്ത വാക്കിന്റെ ശക്തിയാൽ

കൊണ്ടാടി സ്തുതിച്ചവർ നാഥനെ

പിണക്കമെന്നിയെ മനോദാഹത്താൽ

ഗുണത്തിന്നായുറപ്പിച്ചു മാനസം

ഗ്ലീലാനാട്ടിന്നവിടെന്നെഴുന്നള്ളി

ഗ്ലീലാക്കാരുമോറേശലംപുരേ

ചെയ്ത വിസ്മയം കണ്ടുവിശ്വാസത്താൽ

സന്തോഷത്തോടു കൈക്കൊണ്ടുസ്വാമിയെ

നാടുവാഴിയൊരുത്തൻ മകനുടെ

കേടുപോക്കാൻകൂടവേ പോരണം

എന്നപേക്ഷിച്ചു വൈഷമ്യം കേൾപ്പിച്ചു

അന്നേരംസകലേശനരുൾ ചെയ്തു

എങ്കിൽനിന്മകനിപ്പോൾ സുഖംവന്നു

സങ്കടമൊഴിഞ്ഞൊന്നുറച്ചു പ്രഭു

പൊറുത്തെന്നരുളിച്ചെയ്ത നേരത്തു

പൊറുതിയങ്ങുവന്നു പ്രഭു സുതൻ

സങ്കടമെല്ലാം തീർന്നു സുഖം വന്നു

തങ്കൽ വിസ്മയം പൂണ്ടു തെളിഞ്ഞവൻ

ഗ്ലീലായിൽ ചുറ്റിസഞ്ചരിച്ചു നാഥൻ

നല്ല നേർവഴി സേവിക്കേണമെന്നും

തന്നെ വിശ്വസിച്ചീടേണമെന്നതും

അന്നാലോകരോടൊക്കെ പ്രസംഗിച്ചു

എന്നെല്ലാദിക്കിലുള്ള നരാമയം

അന്നുതാൻ തിരുവാക്കാലൊഴിച്ചു താൻ

കേപ്പതന്നെയുമന്ത്രയോസിനെയും

ചിൽപുരുഷൻ യാക്കോ, യോഹന്നാനെയും

കൂട്ടരാക്കിയരുൾചെയ്തു വേദത്തിൻ

കൂട്ടത്തിന്നുടെ, ശിഷ്യരാക്കീടിനാൻ

ചൈത്താൻ ക്ലേശം പൊറുപ്പിച്ച തമ്പുരാൻ

ചെയ്ത വിസ്മയ പ്രത്യക്ഷം കേട്ടുടൻ

ശതപത്തിക്കധിപനായുള്ളവൻ

ചിത്ത ദാഹത്താൽ വന്നുടനപ്രഭു

സന്നിപാതത്താൽ വലഞ്ഞ ഭൃത്യനു

താനാരോഗ്യം കൊടുപ്പാനപേക്ഷിച്ചു

കൂടെപ്പോരാമെന്നപ്പോൾ മിശിഹായും

കേട്ടു ഭക്തനുണർത്തിച്ചു തൽക്ഷണം

കൂടെപ്പോന്നേ മതിയാമെന്നില്ലല്ലോ

കേടുപോവാൻ കല്പിച്ചാൽ മതിതാനും

ഭാഗ്യനാഥനാം നീയെഴുന്നെള്ളുവാൻ

യോഗ്യമില്ലിനിക്കുമെന്റെ വീട്ടിന്നും

ചിന്തയുമവൻ ഭക്തിയും കണ്ടുതാൻ

സന്തോഷിച്ചവന്റെ വിശ്വാസത്തിനാൽ

പോക നിന്റെ വിശ്വാസമതുപോലെ

ആകട്ടെ ന്നരുൾചെയ്തു കേടും തീർത്തു

കപ്പൽകേറി ശിഷ്യരുമായോടുമ്പോൾ

കോപിച്ചു കടലോളവും വായുവാൽ

ശിഷ്യർ പേടിച്ചു രക്ഷയപേക്ഷിച്ചു

തൽക്ഷണം കടൽ കോപമടക്കി താൻ

രക്ഷനാഥൻ മിശിഹാടെ വാക്കിനാൽ

അക്ഷോഭ്യംപോലടങ്ങി കടലപ്പോൾ

പിശാചുക്കളാൽ പീഡിതനെക്കണ്ടു

പിശാചുക്കളും തന്നോടപേക്ഷിച്ചു

തമ്പുരാന്റെ പുത്രൻ മിശിഹായെ നീ

വൻപാ ഞങ്ങളെ ശിക്ഷിക്കല്ലെയെന്നു

ഇങ്ങിനെ പിശാചുക്കൾ പറഞ്ഞപ്പോൾ

വാങ്ങുവിനെ ന്നവരോടരുൾ ചെയ്തു

കല്പനയതുകേട്ടു പിശാചുക്കൾ

തല്പരനോടപേക്ഷിച്ചു ചൊല്ലിനാർ

നിന്നുകൂടാമനുഷ്യരിലെങ്കിലോ

പന്നിക്കൂട്ടത്തിൽ പോകാൻ കല്പിക്കണം

പോകയെന്നനുവാദം കൊടുത്തപ്പോൾ

പുക്കു പന്നിയശേഷവും കൊന്നുടൻ

പോർക്കുപാലകന്മാരോടിവന്ന ക്ഷണം

പോർക്കശേഷംനശിച്ചെന്നു ചൊല്ലിനാർ

എന്നാൽ നായകൻ മുൻപേയറിഞ്ഞത്രെ

അന്നവർക്കനുവാദം കൊടുത്തിതു്

മാനുഷരോടും വസ്തു സർവ്വത്തോടും

ദീനരായ പിശാചു ഗണങ്ങൾക്ക്

പൈശൂന്യമവർക്കുണ്ടെന്നറിയിപ്പാൻ

മിശിഹായനുവാദം കൊടുത്തിതു്

അപ്പുരിയതിൽ പാർത്തിരിക്കുംവിധൗ

ആൾപ്പെരുപ്പത്താൽ കൂടിയ യോഗത്തിൽ

സർവ്വാംഗം വാതമുള്ള വ്യാധികനെ

പര്യങ്കത്തിന്മേൽ വെച്ചു കൊണ്ട്വന്നപ്പോൾ

തൻതിരുമുമ്പിൽ കൊണ്ടുവന്നീടുവാൻ

ചിന്തിച്ചാവതില്ലാൾപ്പെരുപ്പംകൊണ്ടു്

എന്നാൽമേൽപ്പുര നീക്കിത്തിരുമുമ്പിൽ

അന്നാ രോഗിയെ വെച്ചപേക്ഷിച്ചവർ

ആത്മദോ,ത്താൽ വന്ന രോഗമിതു

ആത്മനാഥൻ പൊറുത്തെന്നരുൾ ചെയ്തു

രക്ഷിതാവിന്റെ കല്പന കേട്ടപ്പോൾ

രക്ഷവന്നു നടന്നിതുരോഗിയും

ആരീയാളെന്നു ചിന്തച്ചു ലോകരും

ദുരിതങ്ങളെ തമ്പുരാനെന്നിയേ

പോക്കുവാനാർക്കും മുഷ്ക്കരമില്ലല്ലോ?

പോക്കി രക്ഷവരുത്തി യതത്ഭുതം

അപ്പോൾ സർവ്വേശനിയാളാകുന്നിതോ?

ഇപ്പടി വിചാരിക്കുന്നു ലോകരും

അപ്പോൾ വന്നയിറോസെന്ന വൻപനും

തൻപുത്രിയുടെ സങ്കടം പോക്കുവാൻ

കൂടെപ്പോന്നേ മതിയാമെന്നേറ്റവും

ആടലോടെയപേക്ഷിച്ചു നായകൻ

പോകുന്നേരത്തൊരു സ്ത്രീയടുത്തുടൻ

രക്തസ്രാവം നില്ക്കുമെന്നതോറ്റത്താൽ

ത്രാതാവി്ന്നുടെ കുപ്പായം തൊട്ടവൾ

ത്രാതാവന്നേരം കല്പിച്ചു വിസ്മയം

ആരെന്നെ തൊട്ടതെന്നു ചോദിച്ചുടൻ

അരുൾ കേട്ടാറെ ലോകരുണർത്തിച്ചു

എല്ലാരും ചുറ്റിയെഴുന്നള്ളും വിധൗ

പലരും തിരുമേനിമേൽ തൊട്ടല്ലോ

അന്നേരമരുൾ ചെയ്തു, തമ്പുരാൻ

എന്നെ തൊട്ടതു ചോദിപ്പാൻ കാരണം

എന്നിൽ നിന്നു ഗുണം പുറപ്പെട്ടിതു

എന്നതുകൊണ്ടു ചോദിച്ചു ഞാനിപ്പോൾ

പിന്നെയുമരുളിച്ചെയ്തു തമ്പുരാൻ

എന്നെത്തൊട്ടവരാരെന്നു ചൊല്ലുവിൻ

പേടിച്ചു വീണു കുമ്പിട്ടു സ്ത്രീയവൾ

പേടിപോക്കി മിശിഹായരുൾചെയ്തു

നിന്റെ വിശ്വാസം നിന്നെപ്പൊറുപ്പിച്ചു

നിന്റെ രോഗമൊഴിഞ്ഞു നീ പോയാലും.

അപ്പോൾ വൻപന്റെ പുത്രി മരിച്ചെന്നു

കേൾപ്പിച്ചാളുകളോടിവന്നക്ഷണം

ഏറെപ്പീഡിതനോടരുൾച്ചെയ്തുതാൻ

തേറിക്കൊൾക നിൻപുത്രി ജീവിച്ചീടും

എന്നരുൾചെയ്താ വീട്ടിലെഴുന്നള്ളി

ചെന്നുതാൻ കൈപിടിച്ചരുളിച്ചെയ്തു

എഴുന്നേല്ക്ക പെണ്ണേയപ്പോൾ ബാലയും

എഴുന്നേറ്റു ജീവിച്ചു സുഖത്തോടും

ഇപ്രകാരത്തിൽ സർവ്വേശസ്വയമാം

സൽപ്രവർത്തികൾ ചെയ്തു സംഖ്യംവിനാ

അന്ധന്മാർക്കു വെളിവുകൊടുത്തതും

വ്യാധിശാന്തിയെവാക്കിനാൽ ചേർത്തതും

ചൈത്താന്മാരെ താൻ കല്പന കേൾപ്പിച്ചു

ചത്തോരെയൊരുവാക്കാലുയർപ്പിച്ചു

അതിനാൽ സകലേശ്വരൻതാനെന്നു

മർത്ത്യർക്കു ബോധമാവാൻ കല്പിച്ചിതു

ബോധിപ്പിപ്പാൻ താനാഗ്രഹിക്കുന്നിതു

ബുദ്ധിയിൽകൊൾവാൻ വേലമഹാപണി,

മാനുഷരറിയേണ്ടുന്ന കാര്യത്തിൽ

മനസ്സാശയുള്ളോരു ചുരുക്കമേ

അതീന്ദ്രിയങ്ങൾ ബോധിച്ചുകൊള്ളുവാൻ

അത്യന്തംവിഷമം നരദൃഷ്ടിയാൽ

നിർവ്വികല്പനും സർവ്വശക്തനും ഞാൻ

സർവ്വജ്ഞാന നിധിയാം ഗുരുവും താൻ

ദുഷ്ടമാനസേ ശക്തിയാൽ നൽകുകിൽ

ശ്രേഷ്ഠശാസ്ത്രമുറച്ചീടും ചേതസി

അതുകൊണ്ടു താനാരെന്നതാദിയിൽ

പ്രത്യക്ഷമാക്കിയറുത്തു സംശയം

ആറാം പാദം സമാപ്തം.

ഏഴാം പാദം

ദൈവഗുരുവായ ഈശോതമ്പുരാൻ ആദ്യം പന്ത്രണ്ടുപേരെ ശിഷ്യരായിട്ടു കൈക്കൊണ്ടു. അവരോടു ഏവൻഗേലിക്കടുത്ത എട്ടു ഭാഗ്യങ്ങൾ കല്പിച്ചതും, പിന്നെ മറ്റു സമയങ്ങളിൽ അരുളിച്ചെയ്ത അനേകം വേദസാരങ്ങളും ജ്ഞാനങ്ങളും…

തൻ വാക്കിലൂനമില്ലാത്ത തമ്പുരാൻ

സർവ്വത്തെയറിയുന്ന സർവേശ്വരൻ

പൂർവം ദ്വാദശ ശ്ലീഹാജനങ്ങളെ

വരിച്ചു വേദസാരമരുൾ ചെയ്തു.

അർത്ഥദാഹമില്ലാത്തോർക്കു ഭാഗ്യമേ

സ്വർല്ലോകാർത്ഥമവർക്കാമനന്തരം

സാധുക്കൾക്കു ഭാഗ്യമവർകളുടെ

ബുദ്ധി സന്തോഷംപൂണ്ടിരിക്കും സദാ

ദോഷം ചെയ്തതുകൊണ്ടു ദുഃഖിച്ചോർക്കു

തുഷ്ടിവന്നീടും ഭാഗ്യമവർക്കഹോ

പുണ്യത്വത്തിന്നു ദാഹമുള്ളോർകൾക്കു

പൂർണ്ണത വരും നിത്യസമ്മാനവും

കാരുണ്യം കിട്ടും കരുണയുള്ളോർക്കും

അനഘമുള്ളോർ ദൈവത്തെക്കണ്ടീടും

നിരപ്പുശീലമുള്ളാർക്കു ഭാഗ്യമേ

സർവേശൻ പുത്രരെന്നു വിളിച്ചീടും

ന്യായത്തെപ്രതി ക്ഷമിക്കുന്നോർക്കുഹോ

ആയതിൻഫലം മോക്ഷരാജ്യലാഭം

സാമർത്ഥ്യമുള്ളോർക്കയ്യോ നിർഭാഗ്യമേ

ഭൂമിതന്നിലനുകൂലമേയുള്ളൂ

ഇവിടെ പരിപൂർണമുള്ളോർക്കയ്യോ

അവർ മേലിൽ വിശക്കുമനന്തരം

ഭൂമിതന്നിൽ സന്തോഷമുള്ളോർകൾക്കു്

പിന്നെ ദുഃഖവും കണ്ണുനീരും വരും

ധാത്രിയിൽ സ്തുതിയുള്ളവരൊക്കയും

ഉത്തരലോകേ നിന്ദിതരായ് വരും

സർവനാഥനെ സർവകാലത്തിലും

സർവാത്മാവാലും സ്നേഹിച്ചുകൊള്ളണം

ബാവായെന്നും തന്റെ പുത്രൻ ഞാനെന്നതും

സർവ്വനാഥൻ റൂഹായെന്നിതിങ്ങിനെ

ദൈവൈകത്വത്തിലീ മൂവരെന്നതും

നിർവികല്പ വിശ്വാസമായീടേണം

തൻനാമത്തിൽ മാമ്മോദീസാ മുങ്ങേണം

അന്നേ മർത്ത്യനു മോക്ഷം കിട്ടിക്കൂടു

കുറുബാനയും കൂദാശയശേഷവും

കുറ്റംവാരാതെ കൈക്കൊള്ളണമഹോ

ദൈവീകത്വമില്ലാത്ത മറ്റൊന്നിനെ

ദൈവഭക്തിയാൽ സേവിച്ചീടുകിലോ

ചോദിപ്പാൻ ഞാനവനോടു നിശ്ചയം

ആ ദോഷത്തിന്നു നരകമുത്തരം

എനിക്കുള്ള സ്തുതി മറ്റൊരുത്തനു

ദാനം ചെയ്കിലെനിക്കതു വൈരമാം

രണ്ടീശന്മാർക്കു വേലസാദ്ധ്യമല്ല

പ്രണയത്തിന്നതന്തരമായ് വരും

ഞാൻ വിളിച്ചാൽ മടിയുള്ള ദുർജ്ജനം

എന്റെ വേലയ്ക്കു യോഗ്യരവരല്ല

എന്നെസ്നേഹിക്കുമ്പോൽ മറ്റൊരുത്തനെ

നിന്നെയെങ്കിലും സ്നേഹിക്കിൽ ദോഷമാം

എല്ലാമെന്നെ പ്രതിയുപേക്ഷിക്കിലോ

നല്ല ശിഷ്യനവനെത്തെളിഞ്ഞു ഞാൻ

ഏകനാഥനുള്ളുവെന്ന ബുദ്ധിയാൽ

തൻകല്പനകൾ കേൾക്കേണം കേവലം

ആ നാഥനുടെ ശിക്ഷ പേടിക്കണം

അന്യരാൽദണ്ഡമസാരമോർക്കണം

മാനുഷർ തമ്മിൽ കൂടെപ്പിറന്നോരെ

എന്നപോൽ പ്രിയം ചിത്തേ ധരിക്കേണം

നിനക്കു വേണമെന്നിച്ഛിക്കുന്നതു

മാനുഷർ ശേഷത്തോടു നീ ചെയ്യേണം

ന്യായമല്ലാത്ത ക്രിയ നിനയ്ക്കേണ്ട,

രാജകല്പന സമ്മതിച്ചീടേണം,

പിതാക്കന്മാരെ സ്നേഹമുണ്ടാകേണം

ചേതസ്താപമവർക്കുവരുത്തൊല്ലെ

കൊല്ലരുതതുകൊണ്ടുതന്നെ പോരാ

ചൊൽകൊണ്ടുമൊരുപദ്രവം ദോഷമാം

ചിത്തത്തിങ്കലും വൈരമൊഴിക്കേണം

ശത്രുഭാവമതൊക്കെയും നീക്കേണം

ഇഷ്ടന്മാരെ പ്രിയമുണ്ടായാൽ പോരാ

ദ്വേഷമുള്ളോരെ സ്നേഹമുണ്ടാകണം

പൊറുക്ക പരാപകൃതം, നിന്നുടെ

കർമ്മപാപം പൊറുത്തീടുമവ്വണ്ണം

പൊറുക്കായ്കിലോ സത്യമറഞ്ഞിരി

പൊറുതി നിനക്കെന്നു മുമ്പായ് വരാ

കവിളിലടികൊണ്ടിട്ടു പിന്നെയും

കവിൾ നിയമിച്ചീടുവാൻ കാട്ടുകിൽ

ആയതെത്രയുമിമ്പമെനിക്കാകും

പ്രിയത്തോടു ഞാൻ സമ്മാനം നല്കുവൻ

പകരം ശ്രമിക്കേണ്ട നീ ഭൂമിയിൽ

പകരത്തെ ഞാൻ കല്പിക്കും നീതിമാൻ

അന്യ സ്ത്രീദോഷമരുളെന്നുണ്ടല്ലോ

മാനസത്താലുമാഗ്രഹം ദോഷമാം

മോഹചിന്ത വിഷമെന്നറികനീ.

ദേഹാനന്തനാശമതുകാരണം

കുറ്റം നിന്നിൽ നീ പോക്കുവാനോർക്കണം

മറ്റൊരുത്തർക്കും കുറ്റം വിധിക്കല്ലെ

കുറ്റം കാൺകിലോ സ്നേഹത്താൽ നീയതു്

മാറ്റുവാൻ വേലചെയ്തു കൊണ്ടിടണം

ദ്വേഷംപൂണ്ടു ശ്രമിക്കിലോ നിർണ്ണയം

ശേഷിക്കും കുറ്റം, നിനക്കു നാശവും

അന്യരെ ബഹുമാനിച്ചുകൊള്ളണം

നിന്ദിച്ചീടുകിൽ പകരംവീട്ടുവാൻ

അന്യദോഷത്തിന്നാരോപം ചെയ്തിലോ

നിനക്കു ദോഷം സംഖ്യവിനായറി

നിന്നോളം ദുഷ്ടരാരുമില്ലെന്നതു്

മനസ്സിലോർക്കയിച്ചിന്ത സന്തതം

ഒന്നിനാൽ ക്ഷയമില്ലാത്ത സ്വർന്നിധി

ധന്യലാഭമിച്ഛിക്ക നീ സന്തതം

സ്വാമി സ്വാമിയെന്നു വിളിച്ചാൽ പോരാ

നന്മചെയ്കിലേ സമ്മതമായ് വരു

എന്നോടുകൂടെ വാഴേണമെങ്കിലോ

എൻപ്രമാണങ്ങൾ മാനിച്ചു കാക്കേണം

കേട്ടില്ലെങ്കിലോ വൃത്തിഫലം വരാ

അടിസ്ഥാനമില്ലാത്ത പണിയിതു്

എല്ലാവസ്തുക്കൾക്കീശൻ ഞാനെന്നുടെ

കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ

ഉത്തരമിതിനുണ്ടെന്നറിയേണം

അത്യല്പം മറന്നിടുകയില്ല ഞാൻ

ദേഹത്താൽ പിഴയുള്ള ദോഷത്തിന്നു്

ദേഹം കൂടവേ ദുഃഖിക്കും നിർണ്ണയം

ചത്തുപോകുമെന്നോർക്കേണ്ട നീ ബലാൽ

ചത്തവർകളെ ജീവിപ്പിച്ചീടും ഞാൻ

നല്ലോർ ദേഹത്തിൽ സ്തുതിയുണ്ടായ് വരും

അല്ലൽ വന്നീടും ദുഷ്ടജനങ്ങൾക്കു്

ചോദിച്ചീടും ഞാൻ സർവജനത്തോടും

ചോദിക്കും നാളിൽ ദയവുണ്ടായ് വരാ

എന്നെ സമ്മതമില്ലാത്ത ദുർജ്ജനം

ഞാനാരെന്നറിഞ്ഞീടുമെല്ലാവരും

ഇന്നാനന്ദിച്ചു വരും ഞാൻ മേഘത്തിൽ

എന്നുടെ മുമ്പിലാകെ വരുത്തും ഞാൻ

അന്ധർ സേവിച്ച ദേവന്മാരാരെന്നും

ഞാനാരെന്നും കാണുന്ന മൂഢന്മാരും

സൽകൃത്യം നിന്ദിച്ചിഷ്ടംപോൽ ധാത്രിയിൽ

ദുഷ്കൃത്യം ചെയ്ത പാപികളേവരും

“ഞങ്ങളെ മലകളടക്കീടുവിൻ

ഞങ്ങളെ ധര വിഴുങ്ങിക്കൊള്ളുവിൻ”

എന്നപേക്ഷിച്ചു പീഡിക്കും ദുർജ്ജനം

എന്നേയുള്ളോരു ഘോരഭയത്തിനാൽ

ദേവസന്നിധി ഭീതിക്കൊപ്പമില്ല

ഭീവഹങ്ങളിൽ സംഭ്രമമായതു്

ദുർഗ്ഗത്യാഗ്നിയതിലതിസഹ്യമാം

ഭാഗ്യഹീനരെല്ലോ ഞങ്ങളെന്നവർ

സുകൃതത്തോടു നടന്നവർ സദാ

അകക്കാമ്പുതെളിഞ്ഞു സന്തോഷിക്കും

സൂര്യൻ പോലെ ശോഭിക്കും മനോഹരം

ഭയവും നാശവുമില്ലവർക്കെന്നുമേ

അനന്തസ്നേഹത്തിലതിരഞ്ജനാൽ

ആനന്ദിച്ചീടും കാമ്യത്തിലേറ്റവും

ആമോദത്തിന്നൊടുക്കമില്ലെന്നുമേ

സ്വാമിയോടൊരുമിച്ചവർ തോഷിക്കും

വമ്പരെങ്കിലും ദീനരായീടിലും

തമ്പുരാൻ മുമ്പിലൊക്കുമെല്ലാവരും

നല്ലവൃത്തിയാൽ ഭാഗ്യലാഭം വരും

അല്ലാതൊന്നിനാലും പകരം വരാ

ദരിദ്രന്മാർക്കെന്നെ പ്രതി വർജ്ജിക്കിൽ

അർത്ഥം ഞാനപ്പോൾസ്വർല്ലാഭം നൽകുവാൻ

ജീവിതകാലേയെന്നെപ്പേടിക്കേണം

ഭാവികാലത്തിലെന്നേ സുഖം വരു

സംക്ഷയവസ്തു ബഹുമാന്യമല്ല

അക്ഷയാനന്ദമേകം മാന്യമഹോ

അർത്ഥം കൂട്ടുവാനെന്തു ശ്രമിക്കുന്നു?

മൃത്യു വരുമ്പോൾ തൻ ഫലമെന്തു ചൊൽ

നിന്റെ ദേഹം നീയേറെ സ്നേഹിക്കിലോ

നിന്റെ സ്നേഹത്താൽ നാശം നിനക്കതു

ഇന്ദ്രിയത്തിന്നു സുഖം വരുത്തുകിൽ

പിന്നെ ഖേദിപ്പാനാകുമിതു ശ്രമം

ദേഹമാഗ്രഹിച്ചിടേണ്ട നീ ബലാൽ

ദേഹി സൗഖ്യത്താൽ കൂടെയുണ്ടാമതു്

ഇച്ഛയ്ക്കൊക്കെയ്ക്കും സമ്മതിച്ചീടല്ലേ

നിശ്ചയമാശ നാശം വരുത്തുമേ

ദേഹം ശത്രുവെന്നോർത്തു നടക്ക നീ

ദേഹരക്ഷയതിനാലുണ്ടായ് വരും

ഭൂമിയിലുള്ളതൊക്കെ ലഭിക്കിലും

ആത്മനാശം വന്നാൽ ഫലമെന്തുചൊൽ?

ഏകാത്മാവെന്നും നിത്യാത്മാവെന്നതും

ഏകകാര്യം തൽക്കാര്യവിചാരവും

ആത്മരക്ഷയാൽ രക്ഷസകലവും

ആത്മനാശത്താൽ നാശങ്ങളൊക്കെയും

ഇവ സന്തതം ചിത്തത്തിലോർത്തു നീ

തവാത്മാവിനുവേണ്ടി ശ്രമിക്കഹോ

നശ്വരമായ ദേഹചേതത്തിനാൽ

അചേതമെന്നു ബോധിക്കബുദ്ധിമാൻ

അക്ഷയമായ ദേഹമനന്തരം

തൽക്ഷയഫലമെന്നു ധരിക്ക നീ

ഞാൻ നടക്കുന്ന മാർഗ്ഗേ നടക്ക നീ

അന്ധകാരമൊഴിഞ്ഞീടുമെപ്പേരും

ദുസ്സഹങ്ങളെ ഞാൻ സഹിച്ചീടുന്നു

നീ സഹിപ്പാനെന്നോടു പഠിക്കടോ

എന്നോടുകൂടെ ക്ഷമയിഛിക്ക നീ

എന്നാലെന്നെ സ്നേഹമെന്നു സമ്മതം

ദുഃഖത്താൽ ഭൂവനാന്തരെ സന്തതം

സുഖലാഭമെൻ ക്ഷമയാൽ കാൺക നീ

അല്പകാലമീഭൂമിയിൽ വാഴും നീ

സ്വല്പക്ലേശാൽ സുഭാഗ്യമഭാഗ്യവും

അനന്തഭാഗ്യം സുഗുണവൃത്തിയാൽ

അനന്ത നാശം ദുഷ്ടകർമ്മത്തിന്നും

സുകാര്യം പ്രതി ക്ലേശിക്ക വേഗത്തിൽ

അകാര്യമെല്ലാം നിസ്സാരമോർക്ക നീ

ദുർബോധംകൊണ്ടു ദോഷത്തിൽ വീണുനീ

സുബോധംകൊണ്ടു പിന്നെ പിഴയ്ക്കല്ലേ.

ചെയ്തദോഷമറച്ചെന്നെ സേവിക്ക

പുത്ര! താതൻ ഞാൻ നിന്നെക്കളയുമോ

ഭാരം നീങ്ങുവാനെൻ പക്കൽ വന്നാലും

ആർത്തി തീർത്തുഞാൻ തണുപ്പുനല്കുവാൻ

ഭാരം കല്പിച്ചതോർത്തു പേടിക്കല്ലേ

കാരുണ്യത്തോടു ഞാൻ തുണയുണ്ടല്ലോ

ഇത്തരമുപദേശമരുൾ ചെയ്തു്

തത്ത്വജ്ഞാനമുദിപ്പിച്ചു ഭൂമിയിൽ

ഏഴാം പാദം സമാപ്തം.

എട്ടാം പാദം

മറിയം മഗ്ദലൈത്തായോടു ദോഷം പൊറുത്തുവെന്നു അരുളിച്ചെയ്തതും വനത്തിൽവെച്ചു് അഞ്ചപ്പംകൊണ്ടും രണ്ടു പൊരിച്ചമീൻകൊണ്ടും അയ്യായിരംപേർക്കു ഭക്ഷണം കൊടുത്തതും തനിക്കു രാജപട്ടം നിശ്ചയിച്ചവരിൽനിന്നു് താൻ മറഞ്ഞതും ഓളത്തിന്മേൽ താൻ നടന്നു ചെല്ലുന്നതുകണ്ടു് തോണിയിൽ ഇരുന്ന തന്റെ ശിഷ്യർ പേടിച്ചു നിലവിളിച്ചതും അവരെ ആശ്വസിപ്പിച്ചതും കേപ്പായെ കടൽമീതെ നടത്തിയതും കുളി മുതലായ പുറമെയുള്ള ശുദ്ധികൊണ്ടു കർത്താവു കല്പിച്ചതും ഏഴപ്പംകൊണ്ടും കുറേ മീൻകൊണ്ടും നാലായിരംപേർക്കു ഭക്ഷണം കൊടുത്തു തൃപ്തിയാക്കിയതും കേപ്പാ കർത്താവിനെ ദൈവപുത്രനെന്നു മുമ്പിനാൽ ചൊല്ലിയതും കേപ്പായ്ക്കു കൊടുപ്പാനിരുന്ന അധികാരം അറിയിച്ചതും താൻ പാടുപെട്ടു മരിക്കുമെന്നും മൂന്നാംനാൾ ഉയിർക്കുമെന്നും മുൻകൂട്ടി കല്പിച്ചതും, താബോറെന്ന മലയിൽ വടിവു പകർന്നതും താഴെ ഇറങ്ങിയപ്പോൾ ഒരു പിറവിക്കുരുടനു കാഴ്ച കൊടുത്തതും അവനെ യൂദന്മാർ കൂട്ടത്തിൽനിന്നു തള്ളിയതും അവൻ മിശിഹായിൽ വിശ്വസിച്ചു മാമ്മോദീസാ മുങ്ങിയതും ശനിയാഴ്ച രോഗം പൊറുപ്പിച്ചതിനുള്ള ന്യായം കല്പിച്ചതും തന്നെ കൊല്ലുവാൻ ഭാവിച്ചതും, പാപികളെ രക്ഷിപ്പാൻ തനിക്കുണ്ടായ കൃപയും

അങ്ങനെ ദയയോടു സർവേശ്വരൻ

ഞങ്ങളെ പ്രതി ക്ലേശിച്ചീടും വിധൗ

പ്രീശന്മാരിലൊരുത്തൻ വന്നക്കാലം

മിശിഹായെ വിളിച്ചു വിരുന്നിന്നു്

ഭക്ഷണം കഴിഞ്ഞീടുന്നശാലയിൽ

തൽക്ഷണമൊരു സ്ത്രീ വന്നു കുമ്പിട്ടു

വീണു തൃക്കാലും മുത്തി ഭക്തിയോടെ

കണ്ണുനീർ കൊണ്ടു കഴുകി കാലിണ,

കണ്ടവരുടൻ തൽകൃതം നിന്ദിച്ചു

തൊട്ടുപോയതുമറച്ചു മാനസേ

സർവജ്ഞനിവനെന്നു വരുകിലോ

ഇവളാരെന്നറിഞ്ഞീടും നിർണ്ണയം

ദുഷ്ടസ്ത്രീയവൾ മഹാലോകത്തിലും

ദോഷകാരണമെന്നു വരുമ്പോഴേ

ഇവളെയധികമറപ്പാൻ വിധി

ഈവണ്ണമടുപ്പിക്കുന്നതെന്തിവൻ

ഇപ്പടിയുള്ളിൽ ചിന്തിച്ചതൊക്കെയും

തമ്പുരാൻ കണ്ടവരോടരുൾ ചെയ്തു.

ഒരുവൻ മുതലാളിയുടെ പണം

ഇരുവർക്കു കടമാകപ്പെട്ടിതു

ഒരുത്തൻ പണമഞ്ഞൂറുകൊണ്ടവൻ

മറ്റവൻ പണമൻപതുകൊണ്ടവൻ

വീട്ടുവാനിരുവർക്കും വകയില്ല,

കേട്ടിളച്ചുടയോനിരുവരോടും

ആർക്കിതിലേറെ സ്നേഹമുടയോനെ

ന്നോർക്ക്, ചിന്തിച്ചു ചൊൽക നീയുത്തരം

ആരോടുമുതലേറെയിളച്ചവൻ

നേരോടേറെ സ്നേഹിപ്പാനവകാശം

എന്നതു കേട്ടു നാഥനരുൾ ചെയ്തു.

നന്നു നീ ചൊന്നപോലെയിവളെന്നെ

ഏറെ സ്നേഹിച്ചപേക്ഷിച്ചകാരണം

ഏറെ ദോഷം പൊറുത്തവളോടു ഞാൻ

പിന്നെ നാഥനവളോടരുൾ ചെയ്തു

“നിന്നുടെ ദോഷമെല്ലാം പൊറുത്തു ഞാൻ”

തൃക്കാൽ തൊട്ടവൾ നൽവഴി ബോധിച്ചു

സുകൃതത്തോടു നടന്നു സന്തതം

മറിയം മഗ്ദലൈത്തായവളിൽ തൻ

തിരുവുള്ളം കുറയാതെ വർദ്ധിച്ചു

ലോകാർത്ഥം ലോകനായകനാം ഗുരു

ലോകരെ പഠിപ്പിച്ചൊരു കാലത്തിൽ

ആരണ്യം തന്നിൽ കൂടിയെല്ലാവരും

നാരീ,ബാലരും കൂടാതയ്യായിരം

വൈകിനേരവും ഭക്ഷിച്ചില്ലാരുമേ,

ഏകനാഥൻ മിശിഹാ ദയയോടെ,

അരുളിച്ചെയ്തു, ലോകരെല്ലാരെയും

ഇരുത്തി മേശയ്ക്കാവനദേശത്തിൽ.

അപ്പമഞ്ചും വറുത്തമീൻ രണ്ടിനാൽ

അപ്പോഴാലോകർക്കൊക്കെ നിറച്ചുതാൻ

പരിപൂർണ്ണം വരുത്തിയെല്ലാവർക്കും.

പരൻ നാഥൻ മിശിഹാടെ വിസ്മയം!

ശേഷിച്ചീരാറുകൊട്ട നുറുക്കുകൾ

ശേഷം ചിന്തിച്ചുകൂടിയ ലോകരും!

ഈശോ നാഥനെ രാജാവാക്കീടുവാൻ

ആശ ലോകർക്കറിഞ്ഞു മിശിഹാതാൻ

രക്ഷകനെന്ന ഭക്തികൊണ്ടല്ലതു

ഭക്ഷണ രുചിലാഭമോർത്തിട്ടത്രേ

വിശ്വാസഹീനന്മാരെയകറ്റുവാൻ

വിശ്വനായകൻ കല്പിച്ചുപായമായ്

കടൽക്കരെ അയച്ചു ശിഷ്യരെ

അടവിതന്നിൽ താനുമൊഴിഞ്ഞുപോയ്

ശിഷ്യർ തോണിയിൽ പോകുന്ന നേരത്തു

തൽക്ഷണം കടൽ കോപിച്ചനേകവും

ഓളമേറിയലറുന്ന വായുവാൽ

തള്ളിത്തോണിയെ മുക്കിത്തുടങ്ങീതു്

അന്നേരം കടലോളത്തിൽ നടന്നു

വന്നോരു മർത്ത്യദേഹം പ്രത്യക്ഷമായ്

പേടിപൂണ്ടു കരഞ്ഞിതു ശിഷ്യരും

പേടിപോക്കി മിശിഹായരുൾ ചെയ്തു.

ദുഃഖം നീക്കുവാൻ, വന്നതുഞാൻ തന്നെ

ഉൾക്കനിവോടു കല്പനകേട്ടപ്പോൾ

ഉടനെ കേപ്പാതാനുണർത്തീടിനാൻ.

ഉടയോൻ നീയീവന്നവനെങ്കിലോ

കടൽ മീതെതന്നെ വരുത്തിക്കൊള്ളുക

കടൽ, ഭൂ സകലേശനവനോടു

വന്നുകൊൾകെന്നു തൻ തിരുവാക്കിനാൽ

ചെന്നു കേപ്പാ കല്ലിൻ മീതെയെന്നപോൽ

അക്കാലം കടൽ കോപിച്ചു കേപ്പായും

ശങ്കിച്ചു രക്ഷയപേക്ഷിച്ചീടിനാൻ

മിശിഹാ തൃക്കൈനീട്ടിപ്പിടിച്ചുടൻ

“വിശ്വാസാല്പാ! നീയെന്തു പകച്ചതു?”

എന്നു കുറ്റമരുൾ ചെയ്തു തോണിയിൽ

താനും കൂടെയെഴുന്നെള്ളിയക്കരെ

പുക്കവിടെ വസിച്ചോരനന്തരം

അക്കുലത്തോടു മാർഗ്ഗമറിയിച്ചു

അവിടെ പല വമ്പരും ശിഷ്യർക്കു

തീൻവിശുദ്ധിയില്ലെന്നു പറഞ്ഞിതു്

കുളിയാതെയും കൈകഴുകാതെയു-

മുള്ള ഭക്ഷണ ദോഷമറിയിച്ചു

ഉത്തരമപ്പോൾ നാഥനരുൾ ചെയ്തു.

ഏതുകല്പനകൊണ്ടതു ദോഷമായ്

പുറത്തുള്ളതുകൊണ്ടൊരു ദോഷത്തിൻ

കറ ദേഹിക്കു വരുവതല്ലഹോ

ഉള്ളിൽനിന്നുള്ള ദോഷമലത്തിന്നു

ക്ഷാളനം കൊണ്ടു ശുദ്ധിയുണ്ടാകുമോ?

നാട്ടാചാരത്തെയേറ്റവും വർദ്ധിച്ചു്

കാടുള്ളിൽ വച്ചു തേറിക്കാട്ടും ചിലർ

ദൈവകല്പന ലംഘിക്കാതെ കറ

ഭവിക്കുമെന്നു ശങ്കിക്കേണ്ടാ ബലാൽ

ഇതുകേട്ടവർ കോപം മുഴുത്തുടൻ

അതിനുശേഷമരുൾ ചെയ്തു തമ്പുരാൻ

“കണ്ണില്ലാതുള്ളോൻ കുരുടക്കൂട്ടത്തെ

ഗുണമാംവണ്ണം നടത്തിക്കൂടുമോ?

വഴിക്കുപുറപ്പെട്ടവർ പോകിലോ

കുഴിയിലവർ വീഴുമൊരുപോലെ”

തന്നുടെ സാരവാക്യരസത്തിനാൽ

പിന്നെയും കൂടി നാലായിരം ജനം

മൂന്നുനാൾ കൂടെ പാർത്തവരൊക്കെയും

അനുഗ്രഹിച്ചു തമ്പുരാനന്നേരം

ഏഴപ്പം കൊണ്ടും കുറഞ്ഞ മീൻ കൊണ്ടും

അഴകാം വണ്ണം വിരുന്നുമൂട്ടിനാൻ

എല്ലാവരും തിന്നു പരിപൂർണ്ണം വന്നു

നല്ല തീൻ തരം ശേഷിച്ചു പിന്നെയും

ഒരേഴുകൊട്ട മിഞ്ചൽ നിറച്ചുതാൻ

നേരോടീശോമിശിഹാടെ വിസ്മയം

രക്ഷനാഥൻ മിശിഹായതിൻ ശേഷം

ശിഷ്യരെ വിളിച്ചീവണ്ണം ചോദിച്ചു:

“ഞാനീ കാട്ടിയ പ്രത്യക്ഷം കണ്ടിട്ടു്

ഞാനാരെന്നു പറയുന്നു ലോകരും?”

എന്നരുൾ ചെയ്തനേരത്തു ശിഷ്യരും

അന്നാലോകരിൽ കേട്ടതുണർത്തിച്ചു.

നിവ്യന്മാരിലൊരുത്തനെന്നു ചിലർ

ഭൂവാർത്ത ചിലർ മാംദാനയെന്നതും

അന്നേരം ശിഷ്യരോടരുളിച്ചെയ്തു:

എന്നാൽ നിങ്ങൾക്കു നേരെന്തുറച്ചിതു?

ഞാനാരെന്നും ശിഷ്യർ നിങ്ങൾ ചൊല്ലുവിൻ

അന്നവനിതു കല്പിച്ചനേരത്തു്

തമ്പുരാനോടും കേപ്പായുണർത്തിച്ചു.

തമ്പുരാൻ പുത്രൻ നീയെന്നു നിശ്ചയം.

കേപ്പാ! ഭാഗ്യവാൻ നീയതു മാനുഷൻ

കേൾപ്പിച്ചില്ല, സർവേശ്വരൻ തമ്പുരാൻ

എൻ പിതാവത്രേ നിന്നെ ചൊല്ലിച്ചതു

കേപ്പാ, നിന്റെ നാമാർത്ഥവും കല്ലല്ലോ?

എന്റെ ലോകസഭയ്ക്കടിസ്ഥാനം നീ

നിന്റെ മേലെന്റെ പള്ളി പണി ചെയ്യും

അല്ലൽ ഭവിക്കാമിതിനല്ലാതെ

വെല്ലുവാൻ നരകം മതിയായ് വരാ

സുലോകത്തിന്റെ താക്കോൽ തരുവാൻ ഞാൻ

ഈലോകത്തിൽ നീ കെട്ടിയഴിച്ചപോൽ

മോക്ഷലോകത്തും ഞാൻ തികച്ചീടുവാൻ

മുഷ്കരമതിന്നൊക്കെത്തരുവൻ ഞാൻ

ഇക്കാര്യാന്തരം ഭൂമ്യന്തവും വരാ

ഉൾകൃപാലിതു കല്പിച്ചതിൻശേഷം

പിന്നെത്താൻ മരിച്ചീടും പ്രകാരങ്ങൾ

തന്നുടെ ശിഷ്യരോടരുളിച്ചെയ്തു:

ആദമാദി നരകുലരക്ഷയ്ക്ക്

ആദരാലെ ഞാനോറോശലം പുരേ

യൂദർ കൈയാലെ പാടുകളേറ്റീടും

ഖേദാവദ്യം ക്ഷമിച്ചു മരിച്ചീടും

ഇമ്പമോടുഞാൻ ത്രിദിനം ജീവിക്കും

മുമ്പേ വ്യക്തമരുൾചെയ്തു സർവതും

ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ

ദേവശിഷ്യൻ മനോതാപമുൾക്കൊണ്ടു

കേവലമുണർത്തിച്ചിതു കേപ്പാതാൻ

ദേവ! മൽഗുരുവേ! കൃപാവാരിധേ!

നീയേവം ദുഃഖം കൈക്കൊള്ളരുതയ്യോ

ആയതു നിനക്കൊട്ടുമഴകല്ല

ഇവ കേപ്പായുണർത്തിച്ചതുനേരം

അവനോടു തിരുവുള്ളക്കേടുമായ്

ഇവ ചൊല്ലാതെ പോകയെന്നാട്ടി താൻ

നീ വപുസ്സിൻ സുഖമറിയും നീചൻ

നീ വൃഷലൻ മൽ കാര്യമറിവില്ല

ദേവനിഷ്ടമതു കാര്യമെന്നറി

ദേവകാര്യം പ്രതി മരിച്ചീടുവാൻ

ഭുവനിയിൽ പിറന്നു ഞാൻ മർത്ത്യനായ്

സർവേശ്വരൻ ചിങ്ങമാസമാറാംദിനം

പർവ്വതമേറി താവോറഗ്രേ നാഥൻ

കേപ്പാ,യാക്കോ, യോഹന്നാനെയും കണ്ടു

അപ്പർവ്വത മുകളിൽ ചെന്നപ്പോൾ

മൂശാ, യേലിയായെന്ന നിവിയന്മാർ

ഈശോമുന്നിൽ പ്രത്യക്ഷമായത്ഭുതം

ആത്മനാഥന്റെയാത്മാവിലെമോക്ഷം

ആത്മാവിൽ നിന്നു ദേഹത്തിൽ ചിന്തിച്ചു

ചിന്തിയനല്പമോക്ഷ നിഴലത്രേ

തൻതിരുമേനി സൂര്യനെ തോല്പിക്കും

കുപ്പായത്തിന്റെ നിർമ്മല വെണ്മയാൽ

കൺ പറിക്കുന്ന പ്രകാശയുക്തമാം

ഭാവിഭാവ പ്രഭാവ പ്രഭയെന്നു്

അവൻ കണ്ടപ്പോൾ ബുദ്ധി പകച്ചതു്

മൂശയോടുമേലിയായോടുമപ്പോൾ

ഈശോ നാഥനരുളിച്ചെയ്തീടിനാൻ

ശത്രുവാല്പല പാടുപെടുമെന്നും

ശത്രുകൈയാലേ താൻ മരിക്കുമെന്നും

ലോകദോഷോത്തരം ചെയ്യുമെന്നതും

ലോകരക്ഷ വരുത്തും പ്രകാരവും

ശക്തനായ ദയാപരൻ തമ്പുരാൻ

വ്യക്തമാംവണ്ണം സർവമരുൾ ചെയ്തു

അപ്പോളാസ്ഥലശോഭകൾ കണ്ടാറെ

കേപ്പാ സന്തോഷം പൂണ്ടുണർത്തിച്ചുടൻ

എത്ര നല്ലൊരിടമിവിടത്തിൽ നാം

ചിത്രമായ്ക്കുടിൽ മൂന്നുചമയ്ക്കേണം

ഒന്നു സ്വാമിക്കൊന്നേലിയായിക്കിതു്

ഒന്നു മൂശ നിവിയായിക്കാകേണം

നല്ല വിസ്മയമെന്തെന്നറിയാതെ

ചൊല്ലി ശിഷ്യരിലുത്തമനിങ്ങനെ

അന്നേരം മേഘം മുടിയെല്ലാരെയും,

അന്നു ദ്യോവിലെ നാദവും കേട്ടുടൻ:

ഇയ്യാൾ പുത്രനിനിക്കു മഹാപ്രിയൻ,

ഇയ്യാൾ ചൊല്ലുന്നതെല്ലാരും കേൾക്കേണം.

വിസ്മയമെല്ലാം മാഞ്ഞുപോയന്നേരം

വിസ്മയനാഥൻ താനും ശിഷ്യരുമായ്

അമ്മലയിൽ നിന്നപ്പോളെഴുന്നള്ളി

നിർമ്മലനാഥൻ താഴ്‌വരെ വന്നപ്പോൾ

പിറന്നപ്പോളേ കാഴ്ചയില്ലാത്തവൻ

പുറത്തെ വഴി തന്നിലിരുന്നിതു്

നാദം കേട്ടപ്പോൾ നാഥനെ കുമ്പിട്ടു

ഖേദംപൂണ്ടപേക്ഷിച്ചോരനന്തരം

മണ്ണിൽ തുപ്പൽ കുഴച്ചു കുഴമ്പതു

കണ്ണിൽ തേച്ചു വെളിവു കൊടുത്തു താൻ

യൂദന്മാരുടെ പ്രധാനദുർജ്ജനം

വേദാവുചെയ്ത പ്രത്യക്ഷം മൂടുവാൻ

നാഥൻ കാഴ്ചകൊടുത്ത പുരുഷനെ

യഥാ മുമ്പിൽ വരുത്തീട്ടു ചൊന്നവർ

ദുഷ്ടനാം ദോഷത്താളനിവൻ നിന്റെ

ദൃഷ്ടിനൽകുവാൻ യോഗ്യനല്ലാത്തവൻ

മുമ്പിലങ്ങു കുരുടൻ നീയെങ്കിലോ

ഇപ്പോൾ പുത്തനായ് കണ്ടു നീയെങ്ങിനെ?

ചിന്തിച്ചുത്തരം ചൊന്നവരോടുടൻ:

എന്തുവേണ്ടു രഹസ്യമിതല്ലല്ലോ

ഈശോയെന്നയാൾ ചെയ്ത ദയാവിനാൽ

ദർശനമിനിക്കുണ്ടായി നിശ്ചയം

ദോഷമുള്ളവനെന്നറിഞ്ഞില്ല ഞാൻ

ദുഷ്ടർക്കു ദേവസഹായമില്ലല്ലോ

ജനിച്ചപ്പൊളേ ദൃഷ്ടിയില്ലാത്തതു്

കനിവോടിയാൾ തന്നിനിക്കിങ്ങിനെ

നേരവനിതു ചൊല്ലിയ കാരണം

വൈരത്താലവനെപ്പുറത്താക്കി നാർ

കേട്ടിതു നാഥൻ തൻ കാരുണ്യാധിക്യം

കാട്ടി വീണ്ടുമവനെക്കണ്ടെത്തിയപ്പോൾ

തമ്പുരാനരുൾച്ചെയ്തു ദയവോടെ

തമ്പുരാന്റെ സുതനെ വിശ്വാസമൊ?

നിന്മനക്കാമ്പിലെന്നതിനുത്തരം

നിർമ്മലനാഥനോടുണർത്തിച്ചവൻ

തമ്പുരാന്റെ പുത്രനെ നീ കാട്ടുകിൽ

അൻപിനോടു ഞാൻ വിശ്വസിച്ചീടുവാൻ

തമ്പുരാൻ ചൊല്ലി: “നിന്നോടു ചൊന്ന ഞാൻ

തമ്പുരാന്റെ പുത്രനെന്നറിഞ്ഞാലും”

ഇതുകേട്ടപ്പോൾ കുമ്പിട്ടു വീണവൻ.

“കർത്താവേ! തേറി വിശ്വസിച്ചേനഹം.”

ആജ്ഞസമ്മതം ചെയ്ത പുരുഷനു

സുജ്ഞാനശോഭ നൽകി സർവ്വേശ്വരൻ

മാനുഷനായി വന്ന സർവേശ്വരൻ

ശനിയാഴ്ച പൊറുപ്പിച്ചു രോഗങ്ങൾ

എന്നതു കേട്ടു യൂദന്മാരെത്രയും

അന്നു കോപിച്ചു വിസ്മയം പൂണ്ടവർ

വ്യാധിയുള്ളാരു നാരിയെപ്പിന്നെയും

ആധിപോക്കി മിശിഹാ പൊറുപ്പിച്ചു

അന്നാളിലതു ചെയ്തോരു കാരണം

ആ നഗർ വിചാരത്തിന്നുടെ വമ്പൻ

കുറ്റം നാഥനെ നീചൻ പറഞ്ഞപ്പോൾ

കുറ്റമറ്റ സർവ്വേശ്വരൻ കല്പിച്ചു.

കേൾക്ക നീ, ശനിയാഴ്ച ദിവസത്തിൽ

നാല്ക്കാലിയൊന്നു വീണു കുഴിയതിൽ

പാർക്കുമോ, ശനിയാഴ്ച കരേറ്റുമോ?

ഓർക്ക മർത്ത്യനതിൽ വലുതല്ലയോ!

ന്യായമുള്ളവരെന്നു പറകയും

ന്യായക്കേടനേകം നിങ്ങൾ ചെയ്കയും

ഇപ്രകാരങ്ങൾ കേട്ടു പ്രധാനിയും

കോപപൈശുന്യം വർദ്ധിച്ചു മാനസേ

അവർകളുടെ ദുഷ്കൃത വ്യക്തത

അവരോടരുളിച്ചെയ്ത ഹേതുവാൽ

പലനാളിൽ മിശിഹായെക്കൊല്ലുവാൻ,

ഫലമെന്നിയെ വേലചെയ്താരവർ,

നാശമേല്പാനുറച്ചുതാനെങ്കിലും

മിശിഹാ മനസ്സാകും കാലത്തിലും

താൻ കല്പിച്ചദിവസം വരുമ്പോളും

താൻ കല്പിക്കാതെയാവതില്ലാർക്കുമേ

രോഗക്കാരെപ്പൊറുപ്പിച്ചുകൊള്ളുവാൻ

വേഗം വൈദ്യനെയവരന്വേഷിക്കും

കണ്ടാലേറ്റമവനെ പ്രിയപ്പെടും

പണ്ടൊരുനാളും കണ്ടിട്ടില്ലെങ്കിലും

ആത്മനാഥൻ മിശിഹായുമവ്വണ്ണം

ആത്മരോഗികളെ രക്ഷിച്ചീടുവാൻ,

പാപദുഷ്ടരെ രക്ഷിച്ചുകൊള്ളുവാൻ,

പാപികളോടണയും കരുണയാൽ,

സ്നേഹമോടവരെ ബഹുമാനിക്കും;

മഹാകഷ്ടമതെന്നു ചിലർ ചൊല്ലും.

ലോകനായകൻ സർവമറിഞ്ഞവൻ

തൽകൃതത്തിനു സാമ്യമരുൾച്ചയ്തു

നൂറാടുള്ളവനൊന്നിനെക്കാണാഞ്ഞാൽ

നൂറതിലൊന്നൊഴിഞ്ഞെന്ന ഖേദത്താൽ

അക്കൂട്ടത്തെയവിടെവെച്ചേച്ചവൻ

പൊയ്ക്കഴിഞ്ഞോരജത്തിനെ തേടുമേ

ഇന്നുഞാനതുപോലെ ക്ലേശിക്കുന്നു

വന്നു ഞാൻ പാപിക്കൂട്ടത്തെ രക്ഷിപ്പാൻ

എട്ടാം പാദം തികഞ്ഞു.

ഒൻപതാം പാദം

മരിച്ചു് അടക്കപ്പെട്ടു നാലുനാളായ ലാസറിനെ, ഉയർപ്പിച്ചതും, യൂദന്മാരുടെ മേല്പട്ടക്കാരും പ്രധാനികളും കൂടിവിചാരിച്ചു കർത്താവിനെ കൊല്ലുവാൻ ഉറച്ചതും, ലാസറിന്റെ വിരുന്നിൽ മറിയംമഗ്ദലൈത്താ കർത്താവിന്റെ തൃക്കാലുകളിൽ വിലയേറിയ സുഗന്ധം പൂശിയതും അതു കാരണത്താൽ ശിഷ്യരോടു കൽപ്പിച്ചതും, താൻ പ്രതാപത്തോടുകൂടെ ഓറേശലം പള്ളിയിൽ കഴുതമേൽ എഴുന്നള്ളിയതും അപ്പോഴുണ്ടായ സ്തുതിയും, ഓറേശലം നഗരിയെക്കണ്ടു കർത്താവുകരഞ്ഞു് അതിന്റെമേൽ അശരീരി വാക്യമുണ്ടായതും, തന്റെ തിരുമരണത്തെ പിന്നെയും ശിഷ്യരോടു് അറിയിച്ചതും, യൂദസ്ക്കറിയോത്ത കർത്താവിനെ ഒറ്റിക്കാണിച്ചു കൊടുപ്പാൻ കൂലി പറഞ്ഞൊത്തതും, കർത്താവു തന്റെ അമ്മയുടെ പക്കൽചെന്നു് എത്രയും ദുഃഖത്തോടെ യാത്ര ചൊല്ലി പിരിഞ്ഞതും…

പാപം തീർന്നു മഗ്ദലൈത്തായും സദാ

തൻപ്രിയമൊക്കെയീശോമേലാക്കിനാൾ

അവൾക്കുള്ളാരു ഭ്രാതാവിന്നാമയം

സുവൈഷമ്യമായേറ്റവും വർദ്ധിച്ചു

അവസ്ഥയതുചൊല്ലി വിട്ടാളുടൻ

ജീവരക്ഷനാഥനോടുണർത്തിക്കാൻ

തൻ പ്രിയനായ ലാസറിന്നാമയം

തമ്പുരാനോടു ദൂതരറിയിച്ചു

കർത്താവീമൊഴി കേട്ടിട്ടു രണ്ടുനാൾ

പാർത്തുപിന്നെയും പോയില്ല രക്ഷകൻ

ഇഷ്ടനാഥൻ ശിഷ്യരോടു കല്പിച്ചു:

“ഇഷ്ടനാമെന്റെ ലാസർ മരിച്ചെ”ന്നു്

ഒടുക്കമെഴുന്നെള്ളി സർവപ്രഭു

ഓടിവന്നപ്പോൾ മാർത്തായുണർത്തിച്ചു

ഉടയോൻ നീയിവിടെയുണ്ടെങ്കിലോ

ഉടപ്പിറന്നവൻ മരണം വരാ

ഇപ്പോഴും നീ പിതാവോടപേക്ഷിച്ചാൽ

തല്പിതാവതു കേൾക്കു മറിഞ്ഞുഞാൻ.

വിശ്വനാഥൻ മിശിഹായരുൾ ചെയ്തു

“വിശ്വസിക്ക! നിൻ ഭ്രാതാവു ജീവിക്കും”

മറിയം മഗ്ദലൈത്തായതുനേരം

അറിഞ്ഞപ്പോളവളോടി വന്നുടൻ

ചേതസി പ്രിയമുള്ളവർകളുടെ

ചേതസ്താപത്തെക്കണ്ട ദയാപരൻ

അല്പം കൊണ്ടു പുറപ്പെട്ടു കണ്ണുനീർ

തല്പരൻ തന്റെ പ്രിയത്തെക്കാട്ടിനാൻ

മുഖ്യന്മാരവരാകുന്ന കാരണം

ദുഃഖം പോക്കുവാൻ കൂടി മഹാജനം

ഭൂമിരന്ധ്രത്തിൽ വെച്ചുമുമ്പേ ശവം,

ഭൂമി നാഥനവിടേയ്ക്കെഴുന്നള്ളി

കല്ലടപ്പതു നീക്കുവാൻ കല്പിച്ചു

“നാലുവാസരം ചെന്നവൻ ചത്തിട്ടു്

കർത്താവേ! പാരം നാറീടുമിശ്ശവം”

മാർത്തായിങ്ങിനെ വാർത്തയുണർത്തിച്ചു

വിശ്വനാഥൻ പിന്നെയും കല്പിച്ചു.

“വിശ്വസിച്ചാൽ മരിച്ചവൻ ജീവിക്കും”

ത്രാതാവു താൻ പിതാവോടപേക്ഷിച്ചു,

പിതാവേ!യെന്റെയപേക്ഷ കേട്ടു നീ

അതുകാരണം നിന്നെ സ്തുതിക്കുന്നു

ഇതിഹയിപ്പോൾ ഞാനപേക്ഷിക്കുന്നു

ഞാനപേക്ഷിക്കും കാര്യങ്ങളൊക്കെയും

അനുകൂലമറിഞ്ഞിരിക്കുന്നു ഞാൻ

ഈ മഹാജനം കണ്ടു വിശ്വസിപ്പാൻ

ആമയമിതു പറഞ്ഞുകേൾപ്പിച്ചു

അതിനുശേഷമനന്തദയാപരൻ

പുത്രൻതമ്പുരാനുന്നതാനന്ദത്താൽ

ലാസർ നീ പുറപ്പെട്ടു വാ,യിങ്ങിനെ

ലാസറുമപ്പോൾ ജീവിച്ചു വിസ്മയം!

ഇടിപോലൊരു നാദം കേൾക്കാമപ്പോൾ

ഉടൻ ചത്തവൻ ജീവിച്ചെഴുന്നേറ്റു

പലരുമീയാൾ രക്ഷിതാവെന്നതും

കലുഷം നീക്കി വിശ്വസിച്ചീടിനാർ

ചിലരിക്കഥ പട്ടക്കാരരോടും

വലിയ ജനത്തോടുമറിയിച്ചു

പൈശൂന്യമവർ വ്യാപിച്ചു മാനസേ

മിശിഹാടെ സ്തുതിയറച്ചേറ്റവും

യോഗം കൂടി വിചാരിച്ചുയൂദരും

വേഗമീശോവെ കൊല്ലണമെന്നതും;

അഗ്നിവർദ്ധിച്ചു പെരുകീടും മുമ്പേ

അഗ്നിവേഗം കെടുത്തേണമല്ലെങ്കിൽ

ശക്തിപ്പെട്ടെന്നാലഗ്നി കെടുത്താമോ?

ശക്തിയേറി വരുന്നതുപോലിപ്പോൾ

ഇവൻ ചെയ്യുന്ന വിസ്മയം കാൺകയാൽ

ദേവനെന്നതു ലോകരുറച്ചുപോം

അവന്റെ ചൊല്ലിൽ നില്ക്കുമെല്ലാവരും

അവസ്ഥകൊണ്ടു കാണാമതപ്പോഴേ

റോമ്മാരാജാവും പരിഭവിച്ചീടും

നമ്മുടെ നാട്ടിന്നന്തരവും വരും

എന്തുവേണ്ടുവെന്നെല്ലാരും നോക്കുവാൻ

അന്തരമായെല്ലാവരും ഗ്രഹിച്ചല്ലോ

കൈയ്യേപ്പായെന്ന മേല്പട്ടമുള്ളവൻ

ന്യായത്തെയവൻ തന്നെ വിധിച്ചതു്

ലോകമൊക്കെയും രക്ഷിപ്പതിന്നായി

ലോകരിലൊരുത്തൻ മരിക്കനല്ലു

മരണംകൊണ്ടു രക്ഷ ലോകത്തിന്നു

വരുമെന്നറിയാതെ പറഞ്ഞവൻ

ഹിംസിപ്പാനുള്ള മനസ്സുകൊണ്ടത്രേ

ഈ സാദ്ധ്യമെന്നു പറഞ്ഞു കൈയ്യേപ്പാ

അന്നുതൊട്ടു മിശിഹായെക്കൊല്ലുവാൻ

വന്നവർക്കു മനസ്സിലെ നിശ്ചയം

പെസഹാ പെരുന്നാളടുക്കുന്നതിൻ

വാസരമാറു മുമ്പിൽ മിശിഹാതാൻ

ലാസറോടെ വിരുന്നിലിരുന്നപ്പോൾ

അസ്ഥലത്തിൽ മഗ്ദലത്താചെന്നുടൻ

മാണിക്യമായ സുഗന്ധമീലിസം

പുണ്യകാൽകളിൽ പൂശി ഭക്തിയോടെ

സ്കറിയോത്ത ദുരാത്മാവതുനേരം

പറഞ്ഞു: “മഹാ ചേതമിതെന്നവൻ

ഇതിന്റെ വില മുന്നൂറു കാശുണ്ടു്

ഇതിനാലെത്ര ദാനധർമ്മം ചെയ്യാം?

കള്ളൻ മോഷ്ടിപ്പാനാഗ്രഹം പൂണ്ടവൻ

ഉള്ളിൽ ദീനദയവുകൊണ്ടല്ലതു”

അന്നേരമരുളിച്ചെയ്തു രക്ഷകൻ:

എന്നുടെ ദേഹം പൂശിയതുകാലം

അവൾ ചെയ്തതിനർത്ഥമുണ്ടെന്നറി

ശവത്തെയടക്കുമ്പോളിതു ക്രിയ

കാലവുമതിനടുത്തിരിക്കുന്നു

എല്ലാരും കൃതം നന്നെന്നു ചൊല്ലീടും

മർത്ത്യപൗരുഷം നാണിപ്പിച്ചീടുന്നു”

പ്രതാപതല്യനാഥനേറോശലം

പൂകുവാൻ തിരുമനസ്സിൽ കല്പിച്ചു,

അക്കോപ്പെത്രയും ചിത്രം ചിത്രമഹോ

തേരിലാനക്കഴുത്തിലുമല്ലല്ലോ

വീര്യമേറുമശ്വത്തിന്മേലുമല്ല

കഴുതയേറി മഹാഘോഷത്തോടും

എഴുന്നെള്ളി മിശിഹാ പുറപ്പെട്ടു

സ്വർണ്ണം സുവർണ്ണ പങ്കത്തിലെങ്കിലും

വർജ്യം പങ്കവും പൊന്നിലിരിക്കിലും

സ്വർണ്ണത്തിൻ കാന്തിമാനം മങ്ങാത്ത പോൽ

സ്വർണ്ണവർണ്ണ സ്വരൂപിയാം നാഥനെ

അസംഖ്യം ലോകർകൂടിയെതിരേറ്റു

പ്രസാദം മഹാ സ്തുതിഘോഷത്തോടും

ഓശാന ദാവീദിന്നുടെ പുത്രനും;

ആശീർവാദം സർവ്വേശ്വരന്റെ നാമത്താൽ

സാധുവാംവണ്ണം വരുന്ന നാഥനും;

സാധുലോകജനത്തിനു സ്വത്വവും

ഉന്നതത്തിലും തമ്പുരാനും സ്തുതി;

എന്നെല്ലാവരും സ്തുതിച്ചുഘോഷിച്ചു.

വൈരനുള്ളവരതു മുടക്കിനാർ

ഗുരുവേയെന്തിനെന്നതുകേട്ടാറെ

ദുർജ്ജനമിതു ചൊന്നതിനുത്തരം

സജ്ജനസർവനാഥനരുൾ ചെയ്തു.

ഇജ്ജനത്തെ മുടക്കിയാൽ കല്ലുകൾ

ആജ്ഞകേട്ടെന്നെ സ്തുതിച്ചീടുമുടൻ

എന്നതുകേട്ടു ശത്രുമനസ്സിങ്കൽ

അന്നു കോപാഗ്നി ജ്വലിപ്പിച്ചു ദൃഢം

രാജധാനിക്കടുത്തു മിശിഹായും

യശസ്സുമതിൻ മുഖ്യവും പാർത്തുതാൻ

വാർത്തു കണ്ണുനീരിനുടെ ധാരകൾ

“പേർത്തോറേശലമേ!”യെന്നരുൾ ചെയ്തു.

മുന്നം നീ നിവിയന്മാരെക്കൊന്നവൾ

വന്നുകൂടും നിനക്കതിന്റെ ഫലം

ചിന്തിക്കാതെ നിനക്കുള്ള ഭാഗ്യം നീ

അന്ധത്വം കൊണ്ടു കാണാതെ നിന്ദിച്ചു

കൂട്ടും കുഞ്ഞിനെ കുക്കുടപ്പെടപോൽ

കൂട്ടുവാൻ നിന്നെയാസ്ഥയായെത്ര ഞാൻ

കിട്ടിയില്ലാ നിനക്കതിന്റെ ഫലം

വീട്ടുവാനുള്ള കാലം വരുന്നഹോ

ശത്രുകൂടും വളയും ഞെരുക്കീടു-

മ്മിത്രരന്നു നിനക്കാരുമില്ലാതെ

ചിന്തവെന്തതി സംഭ്രമഭീതിയാൽ

അന്തവും നിനക്കാവഹിക്കും പുനർ

കല്ലിന്മേലൊരുകല്ലു ശേഷിക്കാതെ

എല്ലാം നിന്നിലൊടുങ്ങുമസംശയം

പത്തനത്തിൽ ചൊല്ലി മഹായോഗത്തിൽ

“പിതാവേയിപ്പോൾ കാട്ടുക പുത്രനെ”

ഇടിപോലൊരു നാദം കേൾക്കായുടൻ

കാട്ടി നിന്നെ ഞാൻ കാട്ടുവന്മേലിലും

ശിഷ്യരോടുതാൻ പിന്നെയരുൾ ചെയ്തു

ദ്വേഷികളുടെ പക്കൽ കയ്യാളിച്ചു.

കുരിശിലെന്നെ തൂക്കുവാൻ കല്പിക്കും

ധരിക്കയിപ്പോൾ കാലമടുക്കുന്നു

നത്തിന്നു പ്രഭപോലെ മിശിഹാടെ

സ്തുതി മുഖ്യജനത്തിനസഹ്യമായ്

അതുകാരണം മേൽപ്പട്ടക്കാരനും

ശത്രുയോഗവും കൂടിയൊരുമ്പെട്ടു

ഇവൻ ചെയ്യുന്ന ക്രിയകൾ കണ്ടിട്ടു

സർവലോകരനുസരം ചെയ്യുന്നു

ചതിയാലിവനെ വധിപ്പിക്കേണം

അതല്ലാതൊരുപായവും കണ്ടില്ല

പെരുന്നാളിലതു കൂടുവാൻ പണി

വിരോധിച്ചീടും ലോകരൊരുപോലെ

സ്കറിയോത്തദ്രവ്യത്തിനുമോഹിതൻ

നെറിവുകെട്ട ദുഷ്ടൻ നരാധമൻ

എന്തിനിക്കുതരും നിങ്ങൾ ചൊല്ലുവിൻ

ചിന്തിച്ചപോലെ സാധിപ്പിച്ചീടുവൻ

നിങ്ങൾക്കുള്ള പ്രത്യർത്ഥി ജനത്തിനെ

നിങ്ങൾക്കു ഞാനവകാശമാക്കുവൻ

മുപ്പതു വെള്ളിക്കാശു വിലയതു

അപ്പോഴെല്ലാരുമൊത്തു ബോധിപ്പിച്ചു

സത്ഗുരുവായ സർവേശനെയവൻ

നിർഗുണനിധി മുഢരിൽ നീചകൻ

വിറ്റവൻ വിലവാങ്ങി മടിയാതെ

ഒറ്റുവാൻ തരംനോക്കി നടന്നിതു്

സ്വാമിതന്റെ മരണമടുത്തപ്പോൾ

സ്വമാതാവിനെക്കണ്ടു മിശിഹാതാൻ

യാത്ര ചൊല്ലി, വരുന്ന ദുഃഖങ്ങളും

പിതാവിനുടെയാജ്ഞയും കേൾപ്പിച്ചു.

സർവ സൃഷ്ടിയിൽ മേ പ്രിയകന്യകേ

ഭാവിയാകുന്ന വസ്തുക്കൾ ചൊല്ലുവാൻ

മടിയെങ്കിലും പീഡയെന്നാകിലും

മൂടുവാൻ യോഗ്യമല്ലെന്നുറച്ചു ഞാൻ

ഞാൻ പിതാവിന്റെ രാജ്യത്തുപോകുവാൻ

ഇപ്പോൾ കാലം വരുന്നു സമയമായ്

പോകുമ്മുമ്പിൽ ഞാൻ നിന്നോടുവാർത്തകൾ

ആകെയുമറിയിപ്പാനായ് വന്നിതു്

96 ഇഷ്ടമാതാവേ! കേട്ടുകൊണ്ടാലുമെ

ദുഷ്ടന്മാരുടെ കൈകളാൽ ഞാൻ മഹാ

നിഷ്ഠൂര ദുഷ്കർമ്മങ്ങളനേകവും

ഇഷ്ടപാലനത്തിന്നു ക്ഷമിക്കും ഞാൻ

എന്നെ വിറ്റുകഴിഞ്ഞതറിഞ്ഞുടൻ

പിന്നെ ശത്രുക്കളെന്നെപ്പിടിച്ചീടും

കെട്ടും തല്ലുമിഴയ്ക്കും നിഷ്ഠുരമായ്

അടിക്കും ദേഹം പൊളിക്കും തല്ലിനാൽ

മുൾമുടിവയ്ക്കും, കുരിശിൽ തൂക്കീടും,

തുളയ്ക്കും ഹൃദയത്തെ കുന്തത്തിനാൽ

ഇതെല്ലാം ക്ഷമിപ്പാനുമുറച്ചുഞാൻ

പിതാവുമതു കല്പിച്ചു നിശ്ചയം

ലോക ദോഷത്തിനുത്തരഞ്ചെയ്യേണ-

മെങ്കിലിതിന്നു സമ്മതമാകേണം

ഭൂമിദണ്ഡവും തമ്പുരാനെ പ്രതി

ശങ്കിപ്പാൻ യോഗ്യമല്ലെന്നുകാട്ടുവേൻ

പരലോകസുഖമേകമാദ്യമേ-

സർവ്വിലോകരിതിനാലറിയേണം

എന്നുടെ ദുഃഖംകൊണ്ടു വലയും നീ

ഞാനതുകൊണ്ടു സഹിക്കുമേറ്റവും

മനസ്സിൽ സ്ഥിരംകൊള്ളുക നാമിനി,

തനിക്കുള്ളവർ കല്പനകേട്ടീടും

നിവ്യന്മാരിതു മുമ്പേയറിയിച്ചു

സർവതും തികഞ്ഞീടുമിതുകാലം

ഇടികൊണ്ടപോൽ തപിച്ചു സ്ത്രീവര,

വാടി കണ്ണുകൾ പെയ്തു പെരുമഴ

ഒട്ടുനേരമഭാഷയായ് നിന്നിട്ടു

‘ഇടമുട്ടിപ്പറഞ്ഞു’ വധൂത്തമാ

ഇത്ര ദുഃഖമിനിക്കു മറ്റൊന്നിനാൽ

വസ്തുവൊക്കയും മുടിഞ്ഞാലും വരാ

ദേവകല്പന കേട്ടേ മതിയാവു

തദ്വിരോധമയോഗ്യമല്ലൊട്ടുമേ

ദുഷ്കർമ്മം കൂടെക്കൊണ്ടു ഞാൻ നിന്നുടെ

സങ്കടം കുറപ്പാൻ മമ വാഞ്ഛിതം

അതുകൊണ്ടൊരു തണുപ്പുണ്ടാം മമ

ചേതസ്സിലതു കൂടാതെന്തു ഗതി

സർവനാഥനാം പുത്രനിതുകേട്ടു

സർവസ്നേഹമാതാവോടരുൾ ചെയ്തു

ഇരുവരുടെ ദുഃഖം പൊറുക്ക നീ

ഇരുവരുടെ ദുഃഖവും ഞാൻ തഥാ

എന്നു പുത്രൻ അരുൾ ചെയ്തനേരത്തു

അന്നേരം ദേവമാതാവരുൾ ചെയ്തു

നിന്നുടെ ദുഃഖത്തിനു പ്രതിശ്രുതി

എന്നാത്മാവിലതേൽക്കു മുഗ്രം യഥാ

ലോകപുത്രാ! വിരോധമെന്നാകിലും,

ലോകരക്ഷയതിനാലുണ്ടാമല്ലോ

എന്നിലുമെന്നെക്കാളെനിക്കിഷ്ടമാം

നിന്നിലും പിതൃകല്പന സമ്മതം

അന്നേരം സുതൻ മൂന്നാം നാൾ രാവിലെ

നിന്നെക്കാണ്മതിന്നായ് വരുന്നുണ്ടുഞാൻ

പിന്നെയെന്നും മരണമുണ്ടായ് വരാ

അന്നേരം നിന്നെത്തണുപ്പിച്ചീടുവാൻ

ഈ വണ്ണം പ്രഭു യാത്ര വഴങ്ങീട്ടു

പോയ് വിധിപോലെ പെസഹാകല്പിച്ചു

ഒൻപതാം പാദം സമാപ്തം.

പത്താം പാദം

പെസഹാ ആയത്തമാക്കുവാൻ തന്റെ ശിഷ്യരോടു് കല്പിച്ചതിൻവണ്ണം ആയത്തമാക്കിയതും, തന്റെ ആ ഒടുക്കത്തെ അത്താഴത്തിൽ ശിഷ്യരുടെ കാൽ കഴുകുകയും, യൂദസ്ക്കറിയോത്ത തന്നെ ഒറ്റിക്കൊടുക്കുന്നവിവരം അറിയിക്കയും അപ്പത്തിന്റേയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ മുഴുവനും തന്റെ ബാവായ്ക്കു പൂജയായിട്ടും മനുഷ്യരുടെ ആത്മാവിന്റെ ഭക്ഷണമായിട്ടും കല്പിക്കയും ചെയ്തതും, താൻ ചാവുപൊരുൾ അരുളിച്ചെയ്തതും, പത്രോസു തന്നെ മൂന്നൂഴം ഉപേക്ഷിക്കുമെന്നു് അരുളിച്ചെയ്തതും, അത്താഴം കഴിഞ്ഞു തന്റെ പിതാവിനെ സ്തുതിച്ചുകൊണ്ടു മൂന്നുശിഷ്യരോടുകൂടെ ഒരു തോപ്പിൽ ചെന്നു തന്റെ ബാവായോടു പ്രാർത്ഥിച്ചു ചോര വിയർത്തതും, ഒടുക്കം മാലാഖാ വന്നു ആശ്വസിപ്പിച്ചതും അതിന്റെ ശേഷം ശിഷ്യരെ ഉണർത്തിക്കൊണ്ടു് ശത്രുക്കളുടെ എതിരെ ചെന്നതും, തിരുവാക്കിന്റെ ശക്തിയാൽ ശത്രുക്കൾ വീണതും അവരെ എഴുന്നേല്പിച്ചതും, യൂദസ്ക്കറിയോത്ത കർത്താവിനെ മുത്തി ഒറ്റിക്കൊടുത്തതും, കേപ്പാ ഒരുത്തന്റെ ചെവി ചെത്തിയാറെ ആയതിനെ സ്വസ്ഥതയാക്കിയതും, കർത്താവിനെ ശത്രുക്കൾ പിടിച്ചുകെട്ടി ഹന്നാന്റെ പക്കൽ കൊണ്ടുചെന്നതും, ഒരുനീചൻ തന്റെതിരുക്കുന്നത്തിൽ അടിച്ചതും, പിന്നീടു് കയ്യേപ്പായുടെ പക്കൽ കൊണ്ടുപോയതും, തന്നെ കൊല്ലുവാൻ തക്കവണ്ണം പലകൂട്ടം കള്ളസാക്ഷി ഉണ്ടാക്കുകയും പിന്നെയും പലവിധത്തിൽ കർത്താവിനെ കഷ്ടപ്പെടുത്തിയതും…

പുളിയാത്തപ്പം തിന്നേണ്ടും മുമ്പിലേ

നാളിൽ ശിഷ്യരടുത്തു ചോദിച്ചിതു്

ഇപ്പെസഹാടെ ഭക്ഷണമെവിടെ

കോപ്പുകൂട്ടേണമെന്നരുളീടുക

പരമപരൻ മിശിഹാതമ്പുരാൻ

അരുളിച്ചെയ്തു ശിഷ്യജനത്തോടു്

പുരത്തിൽ നിങ്ങൾ ചെല്ലുമ്പോൾ നീർക്കുടം

ഒരുത്തൻ കൊണ്ടുപോകുമവനുടെ

സ്ഥലത്തിൽ നിങ്ങൾ കൂടവേ ചെല്ലുവിൻ

ശാലകാട്ടുമാവീട്ടിലെ നായകൻ

അതിൽ പെസഹാ വിരുന്നു കുട്ടുവിൻ

ഇതു കല്പനപോലെ ചെയ്താരവർ

അക്രൂരമുള്ളോരാടുപോൽ തമ്പുരാൻ

അക്കാലം മരിക്കുമെന്നകാരണം

നിർമ്മല സർവ്വജ്ഞാനിയാം ദേവനും

നിർമ്മലമുള്ളോരാടുപൂജിക്കണം

ആടതുചുട്ടു പത്തിറായും ദ്രുതം

വീടുതോറും ഭക്ഷിക്കേണമെല്ലാരും

എന്നു പണ്ടൊരു പ്രമാണം കല്പിച്ചു

തന്റെ ലോകർക്കിതെത്രയുമാദരം

ഇല്പക്കന വിഷയവും സാമ്യവും

തികപ്പാനീശോ പെസഹാ തിന്നിതു്

അത്താഴം കഴിയുന്ന നേരമുടൻ

വസ്തുവൊക്കെയ്ക്കുമീശ്വരമുള്ളവൻ

ചിത്രമെത്ര താൻ ചെയ്തൊരു വിസ്മയം

ചിത്തഭക്തിയെളിമ വിനയത്താൽ

ശീലചുറ്റി തന്റെ ശിഷ്യജനങ്ങടെ

കാൽകഴുകി വിശുദ്ധി വരുത്തിനാൻ

അതിന്റെശേഷമരുൾ ചെയ്തു തമ്പുരാൻ

കർത്താവെന്നതും ഗുരുഞാനെന്നതും

എല്ലാരും നിങ്ങളെന്നെ വിളിക്കുന്നു

ഉള്ളപോലിതു ചൊല്ലുന്നിതെന്നുടെ

എളിമയുള്ള വൃത്തിയിൽ കണ്ടപോൽ

തെളിവോടിതു ചെയ്യേണം നിങ്ങളും

ഇവചൊല്ലീട്ടന്തർവികാരത്തോടെ

ഭാവിദർശനം കൊണ്ടരുളിച്ചെയ്തു:

സത്യം നിങ്ങളിലൊരുത്തനൊറ്റാനായ്

ശത്രുക്കൾക്കെന്നെ കൈയാളിക്കുമിതു്

ആരെന്നെല്ലാരും ചോദിച്ചീടും വിധൗ

തിരിച്ചു സ്കറിയോത്തായെക്കാട്ടിനാൻ

അതിന്റെ ശേഷം വാക്കിന്നഗോചരം

അതുലപ്രിയത്തിന്നുടെ രക്ഷക്കും

അർച്ചർക്കുമാത്മാവിന്നുടെ രക്ഷയ്ക്കും

അർച്ചശീഷ്ട കുർബാന നൽകിനാൻ

തൻ വിശുദ്ധശരീരവും ചോരയും

രണ്ടു മാനുഷമംഗലദത്തമായ്

ഉള്ളിൽ ചേർന്നിരിപ്പാൻ പ്രിയത്താലതു

കൊള്ളുകയെന്നു മിശിഹാ കല്പിച്ചു

എപ്പോഴുമുള്ള ഭക്ഷണസാധനം

അപ്പം കൊണ്ടു ശരീരബലം വരും

മുന്തിരിങ്ങാഫലരസ പാനത്താൽ

സന്തോഷമുണ്ടാം നശിക്കും ദാഹവും

ഈ രണ്ടിൽ ഗുണംകൊള്ളുമാത്മാവിനും

വരുമെന്നതിനർത്ഥമറിയിപ്പാ

തദ്രുപങ്ങളിൽ രഹസ്യമായതു

തദ്രുപങ്ങളിൽ തന്നെ മറച്ചുതാൻ

എന്നുമേയകന്നിടാതിരിപ്പാനായ്

ഇസ്നേഹോപായം കല്പിച്ചു തന്നിതു്

അന്നു ശിഷ്യർക്കു പട്ടം കൊടുത്തു താൻ

പിന്നെച്ചാവുപൊരുളരുളിച്ചെയ്തു

കേട്ടുകൊള്ളുവിനെന്റെ യുണ്ണികളേ!

ഒട്ടും വൈകാതെ പോകുന്നുഞാനിതാ

പുത്തനായുള്ള പ്രമാണം നൽകുന്നു

അതാകുമെന്റെ ശിഷ്യർക്കു ലക്ഷണം

നിങ്ങളെ ഞാൻ സ്നേഹിച്ചതുപോലെ

നിങ്ങൾ തങ്ങളിൽ സ്നേഹമുണ്ടാകണം

ഞാൻ പോകുന്ന സ്ഥലത്തിങ്കലെത്തുവാൻ

ഉപായം നിങ്ങൾക്കിപ്പോളുണ്ടായ് വരാ

ഇപ്പോൾ കൂടാത്തതെന്തുകൊണ്ടെന്നതും

കേപ്പാ; കൂടെ മരിപ്പാൻ ഞാനെന്നവൻ

നീ മരിക്കുമോയെന്നരുളിച്ചെയ്തു-

ശെമോൻ കേപ്പായെകേട്ടുകൊൾകെങ്കിൽ നീ

ഇന്നിശാ കോഴികുകുന്നതിൻ മുമ്പേ

മൂന്നുവട്ടം നീയെന്നെയുപേക്ഷിക്കും

ഞാൻ പോകുംവഴി നിങ്ങൾക്കുണ്ടാകുവാൻ

ഞാൻ പ്രമാണിക്കും കല്പനകേട്ടാലും

എന്നോടുകൂടെ വാഴേണമെങ്കിലോ

എന്നെ സ്നേഹമുണ്ടാകിലും കല്പന

ഉപേക്ഷിക്കാതനുസരിച്ചീടേണം

ഞാൻ പോയിട്ടു നിങ്ങൾക്കുള്ള പീഡകൾ

പോക്കി റൂഹായെയയപ്പൻ സത്വരം

നീക്കീടുമയ്യാൾ ചിത്തതമസ്സിനെ

മുന്തിരിങ്ങാവള്ളിയതുതൻ കൊമ്പതിൽ

നിന്നു വേർപെട്ടാൽ കായുണ്ടായീടുമോ?

എന്റെ സ്നേഹത്തിൽ നിന്നു വേർപെട്ടവൻ

അഗ്നിക്കുമാത്രം കൊള്ളുമക്കൊമ്പുകൾ

ഞാൻ സഹായമില്ലാതൊരുകാര്യവും

നിങ്ങൾക്കു സാധ്യമായ് വരാ നിർണ്ണയം

എന്നിൽ നിന്നകലാതെ നിന്നീടുവിൻ

എന്നാൽ നിങ്ങൾക്കുഞാൻ തുണസന്തതം

ഞാൻ പോകുന്നതിനാൽ വരും മുട്ടുകൾ

അപായമതുകൊണ്ടുള്ള സംഭ്രമം

നീക്കുവിൻ, ശുഭം കൂട്ടുവിൻ നിങ്ങൾക്കു

സങ്കടം നിങ്ങൾക്കാവശ്യമായതു്

എൻനാമത്താലപേക്ഷിച്ചതൊക്കയും

ഞാൻ നിങ്ങൾക്കു വരുത്തിത്തന്നീടുവൻ

ഇതരുൾ ചെയ്തശേഷവും തന്നുടെ

പിതാവിൻസ്തുതി ചൊയ്തതിൻശേഷവും

ചിത്തെതെളിവും ഭൂമിക്കുവെളിവും

അസ്തമിച്ചിട്ടെഴുന്നെള്ളി രക്ഷകൻ

തൻപുരത്തിലെ സൗഖ്യമതൊക്കവേ

അപ്പോൾ കൂടെപ്പുറപ്പെട്ടു നിശ്ചയം

ഈശോനായകൻ ചെന്നൊരു തോട്ടത്തിൽ

തൻശിഷ്യന്മാരെ ദൂരത്തുപാർപ്പിച്ചു

തൻ പ്രതാപസാക്ഷികളാം മൂവരെ

താൻ തിരിച്ചുകൊണ്ടുപോയരുൾ ചെയ്തു

മരണാധി മേ മാനസേപ്രാപിച്ചു

പരീക്ഷതന്നിൽ വീഴാതിരിപ്പാനായ്

ഉണർന്നു നിങ്ങൾക്കിപ്പോൾ ദേവബലം

ഉണ്ടാവാനായി പ്രാർത്ഥിച്ചുകൊള്ളണം

മേ പ്രാണയാത്രയടുത്തിരിക്കുന്നു

അല്പം പിന്നെയും നീങ്ങീട്ടു കുമ്പിട്ടു

സ്വപിതാവോടപേക്ഷിച്ചു ചൊന്നതു്

മേ പിതാവേ നിൻ സമ്മതമെങ്കിലോ

ദുസ്സഹമീ ദുഃഖമൊഴിക്ക നീയെ

മനക്കാമ്പുനിൻ തികെയ്ക്കകേവലം

ഒഴിപ്പാൻ തെളിഞ്ഞില്ലെങ്കിൽ നിന്നാജ്ഞ

വഴിപോലെ നിന്നിൽ പൂർത്തിയാകെട്ടെന്നും

പിന്നെ ശിഷ്യരെക്കാൺമാനെഴുന്നെള്ളി

സ്വപ്നത്തിലകപ്പെട്ടതു കണ്ടുതാൻ

എന്നോടുകൂടെ ഉണർന്നിരിപ്പതി-

നിന്നു നിങ്ങൾക്കു സാധ്യമതില്ലയോ

മനസ്സാകിലും ദുർബലപാത്രങ്ങൾ

എന്നറിഞ്ഞു ഞാനെന്നു പ്രഭോത്തമൻ

തമ്പുരാൻ പിന്നെയും നമസ്കരിച്ചു

മുമ്പോലെയുറങ്ങി ശിഷ്യന്മാരും

മൂന്നാംവട്ടം വരുന്ന ദുഃഖങ്ങളും

തന്നുടെ ക്ഷമയനുസരിപ്പോരും

ചുരുക്കമെന്നുമാളുകളേറെയും

നരകത്തിങ്കൽ വീഴുവോരെന്നതും

ചിന്തിച്ചിട്ടുള്ള താപമഹത്ത്വത്താൽ

തൻതിരുമേനി ചോര വിയർത്തുതാൻ

ചിന്തികണ്ണിൽ ക്ഷതജമൊഴുകീട്ടു

രക്തസ്വേദത്താൽ നനച്ചുഭൂതലം

അന്നേരമൊരു മാലാകാ വന്നുടൻ

തന്നെ വന്ദിച്ചുണർത്തിനാനിങ്ങനെ

ആ, ജയ പ്രഭു നീയല്ലോ നിന്നുടെ

തേജസ്സിന്നു സമമോ ജഗത്രയം

അനന്തനൃദോഷ മഹത്ത്വത്തിന്നു

ഹീനാന്ത ധർമ്മമഹത്ത്വം കൊണ്ടു നീ

ദേഹനീതിക്കു പകരം വീട്ടുവാൻ

ഭൂവിങ്കൽ നരനായ സർവ്വപ്രഭോ

നിന്തിരുനാമാർത്ഥമറിഞ്ഞല്ലോ നീ

നിൻ പിതാവിന്നിഷ്ടവുമറിഞ്ഞു നീ

സാമ്യമല്ലാത്ത ദയാവുകണ്ടവർ

സ്വാമി! നിൻജയം ഘോഷിക്കും ഞങ്ങളും

ചൈത്താന്മാർക്കു മഹാതോൽവിയെങ്കിലും

ചൈത്താന്മാരാൽ വിരോധം വശമല്ല

പുണ്യവാന്മാരാം സജ്ജനമൊക്കയും

ത്രാണം നിന്നോടു പ്രാർത്ഥിച്ചിരിക്കുന്നു

എന്തിതൊക്കെ ഞാൻ കേൾപ്പിക്കുന്നു വൃഥാ

അന്തോനേശ്വരൻ നീയല്ലോ ത്രാണേശാ

സർവജ്ഞനാം നീ സർവമറിയുന്നു

സർവസാരനിധി മഹാവീര്യവാൻ.

മാലാഖയിതുണർത്തിച്ചു കുമ്പിട്ടു

കാലം വൈകാതെ നാഥൻ മിശിഹായും

ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്തു:

എന്നെയൊറ്റിയ ശത്രുവരുന്നിതാ

ഇങ്ങുവന്നവരെത്തുന്നതിൻ മുമ്പേ

അങ്ങോട്ടു ചെല്ലേണം മടിയാതെ നാം

എന്നരുൾ ചെയ്തെഴുന്നെള്ളി രക്ഷകൻ

അന്നേരം ശത്രുവൃന്ദം വരവതാ

പന്തം, കുന്തം, വാൾ, മുൾത്തടി, വടി,

ചന്തത്തിൽ ശൂലം, വെണ്മഴു, ചാട്ടയും

സന്നാഹമോട്റ്റനും കൂട്ടരും

വന്നു നാഥനാം മിശിഹാടെ നേരെ

അന്നേരമടുത്തു സ്കറിയോത്തായും

മുന്നമൊത്തപോൽ മുത്തി മിശിഹായെ

എന്തിനുവന്നു നീയിങ്ങു സ്നേഹിതാ,

എന്തിതു ചുംബിച്ചെന്നെയേൽപ്പിക്കുന്നു.

എന്നു യൂദായോടരുളിയശേഷം

വന്ന മറ്റുള്ളോരോടു ചൊന്നീശോതാൻ

“നിങ്ങളാരെയന്വേഷിച്ചു വന്നിതു?”

ഞങ്ങളീശോ നസറായെയെന്നവർ

ഈശോ ഞാൻ തന്നെയെന്നരുൾചെയ്തപ്പോൾ

നീചവൃന്ദമതുകേട്ടു വീണുടൻ

ചത്തപോലവർ വീണുകിടക്കിലും

ശത്രുത്വത്തിന്നിളക്കമില്ലതാനും

എന്തുകൊണ്ടവർ വീണതുകാരണം

തൻതിരുദേവവാക്കിന്റെ ശക്തിയാൽ

ലോകമൊക്കെയും ലോകരെയൊക്കെയും

ഏകവാക്കിനാൽ സൃഷ്ടിച്ചവനിയാൾ

തന്മനോഗുണാൽ ദാസ്യരക്ഷാർത്ഥമായ്

താൻ മരിപ്പാനുറച്ചിതെന്നാകിലും

താനനുവദിച്ചീടാതെയാർക്കുമേ

തന്നോടാവതില്ലെന്നറിയിച്ചുതാൻ

പിന്നെശ്ശത്രുക്കളോടരുളിച്ചെയ്തു

ഉന്നതനായ നാഥൻ മിശിഹായും

ഊഴിതന്നിൽ ശയനമെന്തിങ്ങിനെ

എഴുന്നേറ്റുരചെയ്താലും വാർത്തകൾ

അടയാളമറിഞ്ഞു ശത്രുക്കളും

അടുത്തുപിടിപ്പാനുള്ളിൽ വൈരത്താൽ

ശെമോം കേപ്പാ വാളൂരിയൊരുത്തനെ

തിന്മയ്ക്കധീനമാം ചെവിഛേദിച്ചു

മിശിഹായതു വിലക്കിയച്ചെവി

ആശ്ചര്യം വച്ചുതാൻ കേടുപോക്കിനാൻ

അന്നേരം വിശപ്പേറിയ വ്യാഘ്രം പോൽ

ചെന്നു കെട്ടിവലിച്ചു മിശിഹായെ

ഉന്തി-ത്താഡിച്ചിടിച്ചു ചവിട്ടിയും

(മാന്തി നുള്ളി മുഖത്തവർ തുപ്പിയും

തമ്മിൽത്തമ്മിൽ പിണങ്ങി വലിക്കയും

നിർമ്മരിയാദവാക്കു പറകയും

ഇമ്മഹാദുഃഖ കൃപ്ശ്രമളവുണ്ടോ)

നമ്മുടെ മഹാദോഷമുഴുപ്പയ്യോ

പിന്നെയുന്നതനായ മിശിഹായെ

ഹന്നാടെ മുമ്പിൽ കൊണ്ടു നിറുത്തിനാർ

അവിടെകയ്യേപ്പായുടെ വാസത്തിൽ

തൻവിധി കേൾപ്പാൻ നാഥനെകൊണ്ടുപോയ്

മേൽപ്പട്ടക്കാരനാകുന്നവനപ്പോൾ

തൽപ്പരൻ മിശിഹായോടു ചോദിച്ചു

കേൾക്കട്ടെ നിന്റെ ശാസ്ത്രങ്ങൾ യുക്തിയും

വ്യക്തമായുള്ള വ്യാപ്തി വചനവും

നിന്ദവാക്കവനിങ്ങിനെ ചൊന്നപ്പോൾ

അന്നേരം സകലേശനരുൾ ചെയ്തു:

എന്നോടെന്തിന്നു ചോദിക്കുന്നു വൃഥാ

അന്നേരം പലർ കേട്ടവരുണ്ടല്ലോ!?

അന്വേഷിക്ക നീ നേരെല്ലാം ബോധിക്കാം

എന്നരുൾ ചെയ്ത നേരത്തൊരു ഖലൻ

പട്ടക്കാരനോടിതോ നീയെന്നവൻ

അടിച്ചു മിശിഹാടെ കവിളിന്മേൽ

അന്നേരമവനോടരുളിച്ചെയ്തു:

ചൊന്നതിൽ കുറ്റമുണ്ടെങ്കിൽ കാട്ടുനീ

ന്യായമത്രേ പറഞ്ഞു ഞാനെങ്കിലോ

ന്യായമോ നീയടിച്ചതു ചൊല്ലുക

മേല്പട്ടക്കാരനിരിക്കും മന്ദിരേ

കേപ്പാ പിന്നാലെ ചെന്നു ഗുരുപ്രിയൻ

ഒരു സ്ത്രീയവനോടു ചോദിച്ചപ്പോൾ

ഗുരുവിനെയുപേക്ഷിച്ചു പേടിയാൽ

മൂന്നുവട്ടവും താനാഗുരുവിന്റെ

സുസ്നേഹ ശിഷ്യനല്ലെന്നു ചൊന്നപ്പോൾ

കോഴികൂകി, മിശിഹാടെ നോക്കിനാൽ

അഴൽ പൂണ്ടവനറിഞ്ഞു ദുഷ്കൃതം

കോഴി കൂകുന്നതയാൾ കേട്ടാൽ മനം

അഴിവോടു കരയും പിന്നെസ്സദാ

ഭവിക്കും മുമ്പിൽ തോന്നും മനസ്ഥിരം

ഭവിപ്പാനടക്കുമ്പോൾ മടുത്തുപോം

മിശിഹാടെ സഭയ്ക്കു കൽത്തൂണിതു്

പ്രശംസിച്ച പോലെവിടെയുൾ സ്ഥിരം

കൈയ്യേപ്പായുമാലോകരിൽ മുഖ്യരും

ഭയം വിട്ടു മിശിഹായെക്കൊല്ലുവാൻ

ന്യായകാരണം വേണമെന്നുണ്ടല്ലോ

ആയതിന്നവർ സാക്ഷി നിറുത്തിനാർ

സാക്ഷിത്വമതുകൊണ്ടു പോരാഞ്ഞിട്ടു്

സൂക്ഷ്മം ചൊല്ലു നീ സർവ്വേശനാമത്താൽ

തമ്പുരാന്റെ പുത്രനോ? നീ ചൊല്ലുക

തമ്പുരാനോടു ചോദിച്ചു കൈയ്യേപ്പാ

തമ്പുരാനവനോടരുളിച്ചെയ്തു:

തമ്പുരാന്റേകനാം പുത്രൻ ഞാന്തന്നെ

തമ്പുരാന്റെ പ്രാബല്യത്തോടുകൂടെ

തമ്പുരാൻ പുത്രൻ ഞാൻ വരും മേഘത്തിൽ

സർവ്വഭൂതരുമന്നെന്നെക്കാണുമ്പോൾ

സർവ്വസംശയം തീർന്നു വിശ്വാസമാം.

എന്നീവണ്ണമരുൾ ചെയ്തു തമ്പുരാൻ

അന്നേരം കൈയ്യേപ്പായുമുരചെയ്തു.

എന്തിനിന്നിപ്പലതരം സാക്ഷിത്വം?

ചിന്തിച്ചാലിതു സാക്ഷിക്കുപോരായോ?

സർവ്വേശൻ പുത്രനാകുമിവനെന്നു

സർവ്വേശൻ തന്നെ നിന്ദിച്ചു ചൊന്നപ്പോൾ

മരണത്തിനു യോഗ്യനിവൻ നൂനം

കാരുണ്യംവേണ്ട ചത്തേ മതിയാവു

കാര്യക്കാരിവനെ കൊടുക്കേണം

ദുരിതത്തിന്റെ ശിക്ഷ വേണം താനും

ഈവണ്ണമവൻ ചൊല്ലിയാലോകരും

അവ്വണ്ണം തന്നെ കല്പിച്ചുറപ്പിച്ചു

തല്ലി, നുള്ളി, യടി-ച്ചിടിച്ചാരവർ

തലയിൽ മുടി പറിച്ചു ഭാഷിച്ചു

തന്മുഖത്തിലും തുപ്പി കഷ്ടമഹോ

ജന്തുവോടിതു കാട്ടുമോ മാനുഷർ

ഭൂമഹാദോഷം പൊറുക്കാനായതും

ക്ഷമിച്ചൊക്കെ മഹാദുഃഖവാരിധി

മാനുഷരുടെ രക്ഷ ദാഹത്താലും

തീർന്നു വൈരം വൈരസ്യഫലമിതു്

കൃച്ശ്രത്തിന്നുടെ സമുദ്രേവാങ്ങുന്നോർ

കൃഛ്രാദി മഹാസങ്കടം പുക്കിതു

മിശിഹാ മഹാദുഃഖാഗാധാബ്ധിയിൽ

നാശഭൈർയ്യവംവീണു മുഴുകിനാൻ

പത്താം പാദം തികഞ്ഞു.

പതിനൊന്നാം പാദം

കർത്താവിനെ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോയതും, സ്ക്കറിയോത്ത കെട്ടി ഞാണു ചത്തതും, യൂദന്മാരോടു പീലാത്തോസു കർത്താവിന്റെ കുറ്റം ചോദിച്ചതും, താൻ രാജാവാകുന്നോ എന്നു് പീലാത്തോസു ചോദിച്ചതിനു് ഉത്തരം അരുളിച്ചെയ്തതും, കൊലയ്ക്കു കുറ്റം കണ്ടില്ലായെന്നു് പറഞ്ഞു് കർത്താവിനെ പീലാത്തോസ് ഹേരോദേശിൻ പക്കൽ അയച്ചതും, തന്നെ വെള്ളക്കുപ്പായം ധരിപ്പിച്ചു് വീണ്ടും പീലാത്തോസിൻപക്കൽ ഹേറോദേസ് അയച്ചതും, തന്നോടു് വധം ചെയ്യരുതെന്നു് പീലാത്തോസിന്റെ ഭാര്യ ആളുവിട്ടു പറഞ്ഞതും, കർത്താവിനെയും ബറഅംബായെന്ന കൊലപാതകനേയും ഇണയാക്കി പെരുന്നാളിനു് ആരെ വിട്ടുവിടേണമെന്നു പീലിത്തോസു ചോദിച്ചാറെ ബറഅംബായെ വിട്ടയച്ചതും കർത്താവിനെ തല്ലിച്ചതും മുൾമുടി വെച്ചതും, തന്നെ ശത്രുക്കൾക്കു് കാണിച്ചുകൊണ്ടു് ഇതാ മനുഷ്യൻ എന്നു പറഞ്ഞതും, കുരിശിൽ തൂക്കണമെന്നു് യൂദന്മാർ നിലവിളിച്ചുകൊണ്ടു് പറഞ്ഞതും, പിന്നേയും കേസറിന്റെ ഇഷ്ടക്കേടു് പറഞ്ഞതുകേട്ടു് പീലാത്തോസു ഭയന്നു് ഇവന്റെ ചോരയ്ക്കു് പങ്കില്ലായെന്നു പറഞ്ഞു കൈ കഴുകിയതും, കൊലയ്ക്കു് വിധിച്ചതും സ്ത്രീകൾ മുറയിട്ടതും, ഒരു സ്ത്രീ മുഖം തുടച്ചതും, തന്നെ കുരിശിന്മേൽ തറച്ചുതൂക്കിയതും, സൂര്യഗ്രഹണവും മറ്റും പല പുതുമ ഉണ്ടായതും, തന്റെ ശത്രുക്കളെക്കുറിച്ചു അപേക്ഷിച്ചതു മുതലായി ഏഴു തിരുവാക്യം അരുളിച്ചെയ്തതും, തന്റെ ജീവൻ പിരിഞ്ഞശേഷം തന്റെ തിരുവിലാവിൽ ഒറ്റക്കണ്ണൻ കുത്തിയതും, തിരുശരീരം കവറടക്കം ചെയ്തതും…

ആകാശത്തിൽ നിന്നൊഴിഞ്ഞ താമസി,

ആകാന്ധകാരം മുഴുത്തു മാനസേ

പ്രകാശം നീളെ വ്യാപിച്ചിരിക്കിലും

അകക്കാമ്പിൽ പുലർച്ചയടുത്തില്ല

പുലർകാലേ മഹായോഗവും കൂടി

കൊലയ്ക്കു് വട്ടംകൂട്ടി പുറപ്പെട്ടു

വീര്യവാനായ സർവേശപുത്രനെ

കാര്യക്കാരൻ പക്കൽ കൈയ്യാളിച്ചു

സ്കറിയോത്ത മിശിഹായെക്കൊല്ലുവാൻ

ഉറച്ചെന്നതറിഞ്ഞവനന്നേരം

ഖേദിച്ചു പട്ടക്കാരനെക്കണ്ടവൻ

തദ്രവ്യം വീണ്ടുകൊടുത്തു പീഡിതൻ

ദോഷമില്ലാത്ത ഈശോയെ വിറ്റതു്

ദോഷമത്രേ കഷ്ടമിനിക്കെന്നവൻ

വാങ്ങിയ കാശെറിഞ്ഞവിടെയവൻ

തന്നത്താൻ തൂങ്ങി ദുർജ്ജനം ചത്തിതു്

ആ ദിക്കിൽ ശവമടക്കുവാൻ നിലം

ആ ദ്രവ്യം കൊടുത്തു കൊണ്ടു യൂദരും

നിവ്യന്മാരിതു മുമ്പെഴുതി വച്ചു

അവ്വണ്ണമതിന്റെ തികവായതു്

പീലാത്തോസിന്റെ ന്യായത്തിൽ നാഥനെ

ഏല്പിച്ചനേരം കുറ്റം ചോദിച്ചവൻ;

“ദുഷ്ടനല്ലെങ്കിലിവനെയിവിടെ

കൊണ്ടുവരുവാൻ സംഗതിയാകുമോ?”

ഇങ്ങിനെ യുദർ; പീലാത്തോസുത്തരം:

നിങ്ങടെ ന്യായത്തൊടൊത്തീടും യഥാ

ശിക്ഷിപ്പിനെന്നാൽ നിങ്ങൾക്കുതോന്നുമ്പോൽ

ശിക്ഷിപ്പാൻ കുറ്റം കണ്ടില്ലിവന്നു ഞാൻ

പീലാത്തോസിതു ചൊന്നതിനുത്തരം

ആ ലോകരവനോടറിയിച്ചിതി

സാക്ഷാൽ ഞങ്ങൾക്കു ശിക്ഷിച്ചാൽ മുഷ്ക്കരം

ശിക്ഷിപ്പാനില്ലെന്നിങ്ങിനെ യൂദരും

രാജദൂതനീശോയോടു ചോദിച്ചു:

“രാജാവാകുന്നോ നീ നേരുചൊല്ലുക”

അന്നേരം നാഥൻ, “രാജാവു ഞാൻ തന്നെ

എന്നുടെ രാജ്യം ഭൂമിക്കടുത്തല്ല

ഞാൻ രാജാവായ് പിറന്നു പട്ടാങ്ങക്കു

ഞാൻ സാക്ഷിപ്പാനായ് ഭൂമിയിൽ വന്നിതു്”

ആ ലോകരോടധികാരി ചൊന്നപ്പോൾ

കൊലയ്ക്കു് യോഗ്യം കണ്ടില്ലിയാൾക്കു ഞാൻ

ശ്ലീലക്കാരനീശോയെന്നറിഞ്ഞപ്പോൾ

പീലാത്തോസയച്ചേറോദേശിൻ പക്കൽ

ഹെറോദേശു പലപല ചോദ്യങ്ങൾ

അറപ്പു കെട്ടു നീചകൻ ചോദിച്ചു

മിശിഹായും മിണ്ടാതെ നിന്നു തദാ

ഈശോയെയവൻ നിന്ദിച്ചു കശ്മലൻ

വെളുത്തോരു കുപ്പായമിടുവിച്ചു

ഇളപ്പത്തോടയച്ചവൻ നാഥനെ

വീണ്ടും പീലാത്തോസിൻപക്കൽ നാഥനെ

കൊണ്ടുവന്നു നരാധമസഞ്ചയം

പൈശൂന്യത്താലെ ഈശോയെക്കൊല്ലുവാൻ

ആശ യൂദർക്കറിഞ്ഞധികാരവും

ഇയാളെ രക്ഷിപ്പാനുമയപ്പാനും

ആയതിന്നു പീലാത്തോസു വേലയായ്

ഭാര്യയന്നു ചൊല്ലി വിട്ടു തൽക്ഷണം

നീയതിക്രമിപ്പാൻ തുടങ്ങുന്നവൻ

ന്യായസമ്മതമുള്ളവൻ പുണ്യവാൻ

നീയവനോടു നിഷ്കൃപചെയ്യല്ലേ

അവന്മൂലമീ രാത്രി വലഞ്ഞു ഞാൻ

അവനോടുപദ്രവിപ്പാൻ പോകല്ലേ.

എന്നവൾ ചൊല്ലിവിട്ടതുകേട്ടപ്പോൾ

എന്നതുകണ്ടു ശങ്കിച്ചധികാരി

എന്നാലെന്തൊരുപായമിതിനെന്നു

തന്നുള്ളിലവൻ ചിന്തിച്ചനേകവും

മുന്നമേ പെരുന്നാൾ സമ്മതത്തിന്നു്

അന്നൊരു പിഴയാളിയെ വീടുവാൻ

ന്യായമുണ്ടല്ലോ യൂദർക്കതുകൊണ്ടു്

ആയതിനെന്നാൽ ഈശോയെ രക്ഷിപ്പാൻ

ഇന്നതിന്നൊഴിവുണ്ടാകുമിങ്ങനെ

നന്നായുള്ളിലുറച്ചു തെളിഞ്ഞവൻ

അതുകൊണ്ടു പിഴയാത്ത നാഥനെ

ഘാതകനായ മറ്റു പാപിയെയും

വരുത്തി ലോകരോടവൻ ചോദിച്ചു:

“ആരെയിപ്പോളയക്കേണം ചൊല്ലുവിൻ”

ശിഷ്ടനെ വേണ്ട ദയയില്ലൊട്ടുമേ

ദുഷ്ടനാം മഹാപാപിയെ വീണ്ടവർ

സർവ്വമംഗല നിധിയെക്കാളവർ

സർവ്വദുഷ്ടനെ സ്നേഹിച്ചു രക്ഷിച്ചു

അന്നേരം യൂദന്മാരോടധികാരി

“എന്നാലീശോയെക്കൊണ്ടെന്തു വേണ്ടതു?

ചൊല്ലിക്കൊള്ളുവിനെ”ന്നു പീലാത്തോസു

ചൊല്ലിയൂദരധികാരിയോടുടൻ

“കുരിശിലിവനെ തൂക്കിക്കൊല്ലുക”

അരിശത്താലവരിതു ചൊന്നപ്പോൾ

കല്ലുപോലെയുറച്ച മനസ്സതിൽ

അല്ലൽ തോന്നിച്ചലിവു വരുത്തുവാൻ

ചൊല്ലി പീലാത്തോസതിന്നുപായമായ്

തല്ലുകല്പിച്ചു; കെട്ടിച്ചു നാഥനെ

വൈരിപക്ഷത്തിലാകുന്ന സേവകർ

ശരീരമുള്ളാനിയ്യാളെന്നോർക്കാതെ

ചമ്മട്ടി, വടി, കോൽ, മുൾത്തുടലുകൾ,

മാംസം ചിന്തുവാനാണിക്കെട്ടുകളും

കോപ്പുകൾ കൂട്ടി കെട്ടി മുറുക്കി നാർ

കുപ്പായം നീക്കി ദയവില്ലാതവർ

തല്ലിട്ടാലസ്യമുള്ളവർ നീങ്ങീട്ടു

തല്ലീവൈരികൾ പിന്നെയും പിന്നെയും

ആളുകൾ പലവട്ടം പകർന്നിട്ടു

ധൂളിച്ചു തന്റെ മാംസവും ചോരയും

അന്തമറ്റ ദയാനിധി സ്വദേഹം

ചിന്തി വീഴുന്നതെന്തു പറയാവു

തലതൊട്ടടിയോളവും നോക്കിയാൽ

തൊലിയില്ലാതെ സർവം മുറിവുകൾ

ഒഴുകുന്ന പുഴയെന്നതു പോലെ

ഒഴുകിച്ചോര മാംസഖണ്ഡങ്ങളാൽ

പുലിപോലെ തെളിഞ്ഞവരന്നേരം

പല പാടുകളേല്പിച്ച കാരണം,

മരിക്കത്തക്ക ശിക്ഷ പലവട്ടം

ധീരതയോടു ചെയ്തവരെങ്കിലും

മരണസ്ഥലമവിടെയല്ലാഞ്ഞു

മരിച്ചില്ലതാനെന്നേ പറയാവു

മുള്ളാലെ മുടിചമച്ചു തലയിൽ

കൊള്ളുവാൻ വച്ചു തല്ലിയിറക്കിനാർ

ഭാഷിച്ചു പിന്നെ രാജാവിനെപ്പോലെ

തൊഴുതു നിന്ദിച്ചേറ്റം പറഞ്ഞവർ

ഈശോതാനുമൊരക്ഷരം മിണ്ടാതെ

കൃഛ്റമെല്ലാം ക്ഷമിച്ചു ലോകം പ്രതി

മാനുഷരിതു കണ്ടാൽ മനം പൊട്ടും

ദീനരായ മഹാദുഷ്ടരെങ്കിലും

ഇങ്ങിനെ പല പാടുകൾ ചെയ്തിട്ടു്

അങ്ങു യൂദരെക്കാട്ടി മിശിഹായെ

അതുകൊണ്ടവർ വൈരമൊഴിപ്പാനായ്

ഇതാ! മാനുഷൻ’ എന്നു ചൊന്നാനവർ

നാശസംശയം പോക്കുവാനെന്നപോൽ

ആശപൂണ്ടു പീലാത്തോസു ചൊന്നപ്പോൾ

ലേശാനുഗ്രഹം കൂടാതെ പിന്നെയും

നീചഘാതകയൂദരുചൊല്ലിനാർ

“കുരിശിൽ തൂക്കുകെ”ന്നതിനുത്തരം

കാരണം കണ്ടില്ലെന്നു പീലാത്തോസ്സും

എന്നതുകേട്ടു യൂദരുരചെയ്തു.

(അന്നേരം സകലേശനു കുറ്റമായ്)

തമ്പുരാൻ പുത്രനാകുന്നിവനെന്നു്

തമ്പുരാനെ നിന്ദിച്ചു പറഞ്ഞിവൻ

ഇമ്മഹാ നിന്ദ വാക്കു പറകയാൽ

തന്മൂലം മരണത്തിന്നു യോഗ്യനായ്

ഇങ്ങിനെ യൂദർ ചൊന്നതുകേട്ടപ്പോൾ

അങ്ങു പീലാത്തോസ്സേറെ ശങ്കിച്ചവൻ

ഉത്തമൻ മിശിഹായോടു ചോദിച്ചു

(ഉത്തരമൊന്നും കേട്ടില്ല തൽക്ഷണേ)

“എന്നോടെന്തിപ്പോൾ നീ പറയാത്തതു്

നിന്നെ കൊല്ലിപ്പാൻ മുഷ്കരൻ ഞാൻതന്നെ

വീണ്ടും നിന്നെയയപ്പാനും ശക്തൻ ഞാൻ

രണ്ടിനും മുഷ്കരമിനിക്കുണ്ടല്ലോ

എന്നറിഞ്ഞു നീയെന്നോടു നേരുകൾ

ചൊന്നുകൊള്ളുക”യെന്നു പീലാത്തോസും

അന്നേരം മിശിഹായരുളിച്ചെയ്തു:

തന്നു മേൽനിന്നു നിനക്കുമുഷ്കരം

അല്ലെങ്കിലൊരു മുഷ്കരത്വം വരാ

എല്ലാം മുമ്പേയറിഞ്ഞിരിക്കുന്നു ഞാൻ

അതുകൊണ്ടെന്നെ ഏല്പിച്ചവനുടെ

വൃത്തിക്കു ദോഷമേറുമെന്നീശോ താൻ

കാര്യക്കാരനയപ്പാൻ മനസ്സതു്

വൈരികൾ കണ്ടു നിലവിളിച്ചതു്

കേസർ തന്റെ തിരുവുള്ളക്കേടതും

അസംശയംനിനക്കുവരും ദൃഢം

അയ്യാളല്ലാതെ രാജൻ നമുക്കില്ല

ആയങ്കചുങ്കമിവൻ വിരോധിച്ചു

താൻ രാജാവെന്നു നടത്തി ലോകരെ

നേരെചൊല്ലിക്കീഴാക്കിയവനിവൻ

കുരിശിന്മേൽ പതിക്ക മടിയാതെ

കാര്യക്കാരനതുകേട്ടു ശങ്കിച്ചു

കുറ്റമില്ലാത്തവനുടെ ചോരയാൽ

കുറ്റമില്ലെനിക്കെന്നുര ചെയ്തവൻ

കഴുകികയ്യും യൂദരതുകണ്ടു

പിഴയെല്ലാം ഞങ്ങൾക്കായിരിക്കട്ടെ

എന്നു യൂദന്മാർ ചൊന്നതുകേട്ടപ്പോൾ

അന്നേരം പീലാത്തോസു കാര്യക്കാരൻ

കുരിശിലിപ്പോളീശോയെ തൂക്കുവാൻ

വൈരികൾക്കനുവാദം കൊടുത്തവൻ

വലിയതടിയായ കുരിശതു്

ബലഹീനനീശോയെയെടുപ്പിച്ചു്

ഉന്തിത്തള്ളി നടത്തി മിശിഹായെ

കുത്തി പുണ്ണിലും പുണ്ണുവരുത്തിനാർ

ചത്തുപോയ മൃഗത്തിനെ ശ്വാക്കൾ പോൽ

എത്തി വൈരത്താൽ മാന്തുന്നു നുള്ളുന്നു

പാപികൾ ബഹുമത്സരം കൃഛ്രങ്ങൾ

കൃപയറ്റവർ ചെയ്യുന്നനവധി

അതു കണ്ടിട്ടു സ്ത്രീകൾ മുറയിട്ടു

സുതാപമീശോ കണ്ടരുളിച്ചെയ്തു:

എന്തേ? നിങ്ങൾ കരയുന്നു സ്ത്രീകളേ?

സന്തതി നാശമോർത്തു കരഞ്ഞാലും

എന്റെ സങ്കടംകൊണ്ടു കരയേണ്ട

തന്റെ തന്റെ ദോഷങ്ങളെ ഓർത്തിട്ടും

നിങ്ങടെ പുത്രനാശത്തെ ചിന്തിച്ചും

നിങ്ങൾക്കേറിയ പീഡയ്ക്കവകാശം

ഒരു സ്ത്രീയപ്പോൾ ശീലയെടുത്തുടൻ

തിരുമുഖത്തിൻ ശുദ്ധി വരുത്തി നാൾ

ശീല പിന്നെ വിരിച്ചുടൻ കണ്ടപ്പോൾ

ശീലയിൽ തിരുമുഖരൂപമുണ്ടു്

ഇതുകണ്ടവർ വിസ്മയം പൂണ്ടുടൻ

അതിന്റെ ശേഷം സർവ്വദയാപരൻ

‘വലഞ്ഞുവീണു’ ഗാഗുൽത്താമലയിൽ

ആലസ്യത്തോടുചെന്നു മിശിഹാതാൻ

കുപ്പായമുടൻ പറിച്ചു യൂദന്മാർ

അപ്പോളക്കുരിശിന്മേൽ മിശിഹായെ

ചരിച്ചങ്ങു കിടത്തി നിഷ്ഠൂരമായ്

കരം രണ്ടിലും കാലുകൾ രണ്ടിലും

ആണി തറച്ചുടൻ തൂക്കി മിശിഹായെ

നാണക്കേടുപറഞ്ഞുപലതരം

കുരിശിമ്മേൽ കുറ്റത്തിന്റെ വാചകം

കാര്യക്കാരനെഴുതി തറച്ചിതു്

തദർത്ഥമീശോ നസ്രായിലുള്ളവൻ

യൂദന്മാരുടെ രാജാവിയാളെന്നും

ലത്തീനിൽ, യവുനായിൽ എബ്രായിലും

ഇത്തരം മൂന്നുഭാഷയെഴുത്തിതു്

കുരിശും പൊക്കിനിറുത്തിപ്പാറയിൽ

ഞരമ്പുവലി ദുഃഖമൊപ്പിക്കാമോ?

സൂര്യനന്നേരം മയങ്ങി, ഭൂതലേ

ഇരുട്ടി മൂടിക്കറുത്തു രാത്രിപോൽ

ഉച്ചനേരത്തെന്തിങ്ങനെ കണ്ടതു

ആശ്ചര്യമൊരു നിഷ്ഠൂരകർമ്മത്താൽ

ശത്രുമാനസേ കാഠിന്യമേയുള്ളു

അത്താപത്താലുമാനന്ദിച്ചാരവർ

നിന്ദവാക്കും പലപരിഹാസവും

സന്തോഷത്തോടു പ്രയോഗിച്ചാരവർ

മ്ശിഹാതാനും കാരുണ്യചിത്തനായ്

തൻശത്രുക്കളെ പ്രതിയപേക്ഷിച്ചു

ചെയ്തതെന്തന്നവരറിയുന്നില്ല

പിതാവെ യതു പൊറുക്കയെന്നുതാൻ

കൂടെത്തൂങ്ങിയ കള്ളരിലൊരുത്തൻ

ദുഷ്ടൻ നിന്ദിച്ചു മ്ശിഹായെയവൻ

മറ്റവനപ്പോളെന്തു നീയിങ്ങനെ?

കുറ്റം ചെയ്തവർ ഞങ്ങൾ ക്ഷമിക്കുന്നു

ഈയാൾക്കെന്തൊരു കുറ്റം സർവേശ്വരാ

ഭയമില്ലയോ മരണകാലത്തും

പിന്നെ മിശിഹായോടുണർത്തിച്ചവൻ

“എന്നെ നീ മറന്നീടല്ലേ നായകാ

നിന്നുടെ രാജ്യത്തിങ്കലെത്തീടുമ്പോൾ

എന്നോടു നീയനുഗ്രഹിക്കേണമേ”

എന്നവനപേക്ഷിച്ചതുകേട്ടാറെ

അന്നേരം തന്നെയനുഗ്രഹിച്ചുതാൻ

ഇന്നുതന്നെ നീ പറുദീസയതിൽ

എന്നോടു ചേരുമെന്നു മിശിഹായും

അമ്മ കന്യക പുത്രദുഃഖമെല്ലാം

ആത്മാവില്ക്കൊണ്ടു സമീപെനിൽക്കുന്നു

അവരെ തൃക്കൺപാർത്തരുളിച്ചെയ്തു:

അവരമ്മയോഹന്നാനെന്നിങ്ങനെ

യോഹന്നാനവർക്കു പുത്രനായതും

മഹാദുഃഖത്തിൽ തണുപ്പതാകുമോ?

തമ്പുരാനും യോഹന്നാനുമൊക്കുമോ?

താപത്തിൽ മഹാതാപമിതായതു്

പിന്നെ രക്ഷകൻ മഹാ സ്വരത്തോടും

തന്നുടെ മനോശ്രദ്ധയറിയിച്ചു.

“എൻ തമ്പുരാനെ എന്റെ തമ്പുരാനെ

എന്തുകൊണ്ടു നീ എന്നെ കൈവിട്ടഹോ?”

അതിൻശേഷം ദാഹത്താൽ വലഞ്ഞുതാൻ,

ശത്രുക്കൾ ചൊറുക്കാ കുടിപ്പിച്ചുടൻ

അപ്പോളെല്ലാം തികഞ്ഞെന്നരുൾചെയ്തു

തമ്പുരാനരുൾ ചെയ്തപോൽ സർവ്വതും

ഉച്ചയ്ക്കു് പിമ്പേയേഴര നാഴിക

മിശിഹാ യാത്ര കാലമറിഞ്ഞുതാൻ

എൻ പിതാവേ! നിൻ കൈയിലാത്മാവിനെ

ഞാൻ കൈയാളിക്കുന്നേനെന്നരുൾ ചെയ്തു

തലയും ചായ്ച്ചു മരണം പ്രാപിച്ചു–

തൽ പ്രാണനധോഭൂമിഗതനുമായ്

ആത്മാവും ദേഹം വിട്ടുയെന്നാകിലും

ആത്മാവിൽ നിന്നും ശരീരത്തിൽനിന്നും

ദേവസ്വഭാവം വേർപെട്ടില്ലതാനും

അവറ്റൊടു രഞ്ജിച്ചിരുന്നു സദാ

മന്ദിരത്തിൽ തിരശ്ശീല തൽക്ഷണം

ഭിന്നമായ്ക്കീറി, ഖേദാധിക്യമയ്യോ

കുലുങ്ങി ഭൂമി കഷ്ടമറച്ചിതു്

കല്ലുകൾ പൊട്ടി ഹാ ഹാ ദുഖം യഥാ

ആത്മാവും പല ശവങ്ങളിൽ പുക്കു

ഭൂമിയിൽനിന്നുപുറപ്പെട്ടുപലർ.

പ്രാണനില്ലാത്തവർ കൂടെ ദുഖിച്ചു

പ്രാണനുള്ളവർക്കില്ലായനുഗ്രഹം

സൈനികേശനധികൃതനായവൻ

ഉന്നതത്തോടുള്ള മരണമിതു്

കണ്ടനേരത്തിയാൾ തമ്പുരാൻ പുത്രൻ

പട്ടാങ്ങയതു കണ്ടവൻ തേറിനാൻ

ചത്തുവെന്നതുകണ്ടൊരു സേവകൻ

കുത്തി കുന്തംകൊണ്ടു തൻ വിലാവതിൽ

ചോരയും നീരും ചിന്തിയവനുടെ

ഒരു കണ്ണിന്നു കാഴ്ച കൊടുത്തു താൻ

മനസ്സിങ്കലും വെളിവുകണ്ടവൻ

ലോങ്കിനോസവൻ തേറി പിഴയാതെ

ഈശോ നാഥൻ മരിച്ചതിന്റെ ശേഷം

തൻശിഷ്യരിലൊരുത്തൻ യോസേപ്പുതാൻ

കാര്യക്കാരനെക്കണ്ടു മിശിഹാടെ

ശരീരം തരുവാനപേക്ഷിച്ചവൻ

പീലാത്തോസനുവാദം കൊടുത്തപ്പോൾ

കാലം വൈകാതെ ശിഷ്യരും ചെന്നുടൻ

കുരിശിൽ നിന്നു ദേഹമിറക്കീട്ടു

ശരീരം പൂശിയടക്കി സാദരം

ദ്വേഷികളന്നു പീലാത്തോസ്സോടുടൻ

വൈഷമ്യം ചെന്നു കേൾപ്പിച്ചു ചൊല്ലിനാൻ:

മരിച്ചിട്ടു മൂന്നാംദിവസമുടൻ

നിർണ്ണയം ജീവിച്ചുയിർക്കുന്നുണ്ടു ഞാൻ

എന്നിക്കള്ളൻ പറഞ്ഞതുകേട്ടു നാം

ഇന്നതിനൊരുപായം നീ ചെയ്യണം

കൽക്കുഴിയതിൽ കാവൽ കല്പിക്കണം

അല്ലെങ്കിൽ ശിഷ്യർ കട്ടീടുമശ്ശവം

ഉയിർത്തുവെന്നു നീളെ നടത്തീടും

ആയതുകൊണ്ടു ഛിദ്രം വളർന്നുപോം

മുമ്പിലുള്ളതിൽ വൈഷമ്യമായ് വരും

നിൻമനസ്സിപ്പോൾ ഞങ്ങൾക്കുണ്ടാകേണം

അപ്പോൾ പീലാത്തോസീശോടെ കല്ക്കുഴി

കാപ്പതിന്നാളെയാക്കുവാൻ കല്പിച്ചു

കല്ലടപ്പിന്മേലൊപ്പു കുത്തിച്ചവർ

നല്ലകാവലും ചുറ്റിലുറപ്പിച്ചു

കല്പിച്ചപോലെ സാധിച്ചു കേവലം

മേൽപട്ടക്കാരതിനാൽ തെളിഞ്ഞുപോയ്.

പതിനൊന്നാം പാദം തികഞ്ഞു.

പന്ത്രണ്ടാം പാദം

ദൈവമാതാവിന്റെ വ്യാകുലപ്രലാപം

അമ്മകന്യാ മണിതന്റെ,നിർമ്മലദുഃഖങ്ങളിപ്പോൾ

നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും

ദുഃഖമൊക്കെപ്പറവാനോ,വാക്കുപോരാ മാനുഷർക്കു്

ഉൾക്കനെ ചിന്തിച്ചുകൊൾവാൻബുദ്ധിയും പോരാ

എന്മനോവാക്കിൻ വശം പോൽപറഞ്ഞാലൊക്കയുമില്ല

അമ്മ കന്നി തുണയെങ്കിൽ പറയാമല്പം

സർവമാനുഷർക്കു വന്ന,സർവദോഷോത്തരത്തിന്നായ്

സർവനാഥൻ മിശിഹായും മരിച്ചശേഷം

സർവനന്മക്കടലോന്റെ, സർവപങ്കപ്പാടുകണ്ടു

സർവദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി

കുന്ത,മമ്പു, വെടി ചങ്കിൽ കൊണ്ടപോലെമനം വാടി

തൻതിരുക്കാൽ കരങ്ങളും തളർന്നുപാരം

ചിന്തവെന്തു കണ്ണിൽ നിന്നു,ചിന്തി വീഴും കണ്ണുനീരാൽ

എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ

അന്തമറ്റ സർവനാഥൻ,തൻതിരുകല്പനയോർത്തു

ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം:

എന്മകനെ! നിർമ്മലനെ! നന്മയെങ്ങുംനിറഞ്ഞോനെ

ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!

പണ്ടു മുന്നോർ കടം കൊണ്ടുകൂട്ടിയതുവീട്ടുവാനായ്

ആണ്ടവൻ നീ മകനായി പിറന്നോ പുത്ര!

ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചു

ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര!

നന്നുനന്നു നരരക്ഷ നന്ദിയത്ര ചെയ്തതും നീ

ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെനീ ചെയ്തിവയെങ്കിൽ

നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര!

വാർത്ത മുമ്പേയറിയിച്ചു, യാത്രനീയെന്നോടു ചൊല്ലി

ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ!

മാനുഷർക്കു നിൻ പിതാവുമനോഗുണം നൽകുവാനായ്

മനോസാധ്യമപേക്ഷിച്ചു കേണിതോ പുത്ര!

ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്തസംഭ്രമത്താൽ

ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്ര!

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലുംനീ ചോരചിന്തി

മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!

ഭൂമി ദോഷാൽ വലഞ്ഞാറെ, സ്വാമിനിന്റെചോരയാലെ

ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!

ഇങ്ങിനെ മാനുഷർക്കു നീ, മംഗലംവരുത്തുവാനായ്

തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!

വേല നീയിങ്ങിനെ ചെയ്തു, കൂലിസമ്മാനിപ്പതിന്നായ്

കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര!

ഒത്തപോലെ ഒറ്റി കള്ളൻ,മുത്തിനിന്നെ കാട്ടിയപ്പോൾ

ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര!

എത്രനാളായ് നീയവനെവളർത്തുപാലിച്ചു, നീചൻ

ശത്രുകൈയിൽ വിറ്റുനിന്നെകൊടുത്തോ പുത്ര!

നീചനിത്ര കാശിനാശയറിഞ്ഞങ്കിലിരുന്നിട്ടും

കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്ര!

ചോരനെപ്പോലെ പിടിച്ചു ക്രൂരമോടെകരംകെട്ടി

ധീരതയോടവർ നി്ന്നെയടിച്ചോ പുത്ര!

പിന്നെഹന്നാൻതന്റെ മുമ്പിൽവെച്ചുനിന്റെ കവിളിന്മേൽ

മന്നിലേയ്ക്കു നീചപാപിയടിച്ചോപുത്ര!

പിന്നെന്യായം വിധിപ്പിപ്പാൻചെന്നുകൈയേപ്പാടെമുമ്പിൽ

നിന്ദചെയ്തു നിന്നെ നീചൻ വിധിച്ചോപുത്ര!

സർവ്വരേയും വിധിക്കുന്ന, സർവ്വസൃഷ്ടിസ്ഥിതിനാഥ

സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര!

കാരണം കൂടാതെ നിന്നെ കൊലചെയ്യാൻവൈരി വൃന്ദം

കാരിയക്കാരുടെ പക്കൽ, കൊടുത്തോ പുത്ര!

പിന്നെ ഹേറോദേസുപക്കൽ,നിന്നെയവർ കൊണ്ടു ചെന്നു

നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്ര!

പിന്നെയധികാരിപക്കൽനിന്നെയവർകൊണ്ടു ചെന്നു

നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോപുത്ര!

എങ്കിലും നീയൊരുത്തക്കും സങ്കടംചെയ്തില്ല നൂനം

നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്ര!

പ്രാണനുള്ളോനെന്നു ചിത്തേ,സ്മരിക്കാതെ വൈരമോടെ

തൂണുതന്മേൽ കെട്ടിനിന്നെയടിച്ചോ പുത്ര!

ആളു മാറിയടിച്ചല്ലോ! ധൂളിനിന്റെ ദേഹമെല്ലാം

ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര!

ഉള്ളിലുള്ള വൈരമോടെ, യൂദാനിന്റെ തലയിന്മേൽ

മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്ര!

തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്നചോരകണ്ടാൽ

അലസിയെന്നുള്ളിലെന്തു പറവൂ പുത്ര!

തലതൊട്ടങ്ങടിയോളം തൊലിയില്ലമുറിവയ്യോ

പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!

നിൻ തിരുമേനിയിൽ ചോര കുടിപ്പാനാവൈരികൾക്കു

എന്തുകൊണ്ടു ദാഹമിത്ര വളർന്നു പുത്ര!

നിൻ തിരുമുഖത്തു തുപ്പി നിന്ദചെയ്തുതൊഴുതയ്യോ

ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര!

നിന്ദവാക്കു പരിഹാസം, പലപല ദുഷികളും

പിന്നെയാക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്ര

ബലഹീനനായ നിന്നെ വലിയൊരു കുരിശതു

ബലം ചെയ്തിട്ടെടുപ്പിച്ചു നടത്തി പുത്ര

തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു

അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!

ചത്തുപോയ മൃഗം ശ്വാക്കളെത്തിയങ്ങുപറിക്കുമ്പോൽ

കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!

ദുഷ്ടരെന്നാകിലും കണ്ടാൽ മനംപൊട്ടും മാനുഷർക്കു

ഒട്ടുമേയില്ലനുഗ്രഹമിവർക്കു പുത്ര!

ഈയതിക്രമങ്ങൾ ചെയ് വാൻനീയവരോടെന്തുചെയ്തു.

നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!

ഈ മഹാപാപികൾ ചെയ്തയീമഹാനിഷ്ഠൂര കൃത്യം

നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!

ഭൂമിമാനുഷർക്കു വന്ന ഭീമമഹാദോഷം പൊറുപ്പാൻ

ഭൂമിയേക്കാൾ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!

ക്രൂരമായ ശിക്ഷചെയ്തുപരിഹസിച്ചവർ നിന്നെ

ജറുശലേം നഗർ നീളെ നടത്തീ പുത്ര!

വലഞ്ഞുവീണെഴുന്നേറ്റു, കുലമരം ചുമന്നയ്യോ!

കുലമലമുകളിൽ നീയണഞ്ഞോ പുത്ര!

ചോരയാൽ നിൻ ശരീരത്തിൽപറ്റിയ കുപ്പായമപ്പോൾ

ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്ര!

ആദമെന്നപിതാവിന്റെ തലയിൽവന്മരം തന്നിൽ

ആദിനാഥ കുരിശിൽ നീ തൂങ്ങിയോ പുത്ര!

ആണിയിന്മേൽ തുങ്ങി നിന്റെഞരമ്പെല്ലാം വലിയുന്നു

പ്രാണവേദന സകലം സഹിച്ചോ പുത്ര!

ആണികൊണ്ടു നിന്റെ ദേഹംതുളച്ചതിൽ കഷ്ടമയ്യോ!

നാണക്കേടു പറഞ്ഞതിന്നളവോ പുത്ര!

വൈരികൾക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ!

ഒരു ദയ ഒരിക്കലുമില്ലയോ പുത്ര!

അരിയ കേസരികളെ നിങ്ങൾ പോയഞായറിലെൻ

തിരുമകൻ മുമ്പിൽ വന്നാചരിച്ചു പുത്ര!

അരികത്തുനിന്നു നിങ്ങൾസ്തുതിച്ചോശാനയും ചൊല്ലി

പരിചിൽ കൊണ്ടാടിയാരാധിച്ചുമേ പുത്ര!

അതിൽപ്പിന്നെയെന്തുകുറ്റംചെയ്തതെന്റെ പുത്രനയ്യോ!

അതിക്രമം ചെയ്തുകൊൾവാനെന്തിതു പുത്ര

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗികണ്ടാൽ

ഈ മഹാപാപികൾക്കിതു തോന്നുമോ പുത്ര!

ഉണ്ണീ നിന്റെ തിരുമുഖം, തിരുമേനിഭംഗികണ്ടാൽ

കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്ര

കണ്ണിനാനന്ദകരനാമുണ്ണി നിന്റെ തിരുമേനി

മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്ര!

കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമേറ്റംചെയ്തു ചെയ്തു

പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!

അടിയോടുമുടി ദേഹം കടുകിടയിടയില്ല

കഠിനമായ് മുറിച്ചയ്യോ! വലഞ്ഞോ പുത്ര!

നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ടകുത്തുടൻ വേലസു

എന്റെ നെഞ്ചിൽ കൊണ്ടുചങ്കുപിളർന്നോ പുത്ര!

മാനുഷന്റെ മരണത്തെ, കൊന്നുനിന്റെ മരണത്താൽ

മാനുഷർക്കു മാനഹാനിയൊഴിച്ചോ പുത്ര!

സൂര്യനും പോയ്മറഞ്ഞയ്യോഇരുട്ടായി ഉച്ചനേരം

വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!

ഭൂമിയിൽ നിന്നേറിയൊരു ശവങ്ങളുംപുറപ്പെട്ടു

ഭൂമിനാഥ! ദുഃഖമോടെ ദുഃഖമേ പുത്ര!

പ്രാണനില്ലാത്തവർ കൂടെദുഃഖമോടെ പുറപ്പെട്ടു

പ്രാണനുള്ളോർക്കില്ല ദുഃഖമെന്തിതു പുത്ര?

കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു

അല്ലലോടു ദുഃഖമെന്തു പറവൂ പുത്ര!

കല്ലിനേക്കാളുറപ്പേറും യൂദർതന്റെ മനസ്സയ്യോ!

തെല്ലുകൂടെയലിവില്ലാതെന്തിതു പുത്ര!

സർവലോകനാഥനായ നിന്മരണംകണ്ടനേരം

സർവദുഃഖം, മഹാദുഃഖം, സർവതും ദുഃഖം

സർവദുഃഖക്കടലിന്റെ നടുവിൽഞാൻ വീണുതാണു

സർവസന്താപങ്ങളെന്തു പറവു പുത്ര!

നിന്മരണത്തോടുകൂടെയെന്നെയുംനീ മരിപ്പിക്കിൽ

ഇമ്മഹാ ദുഃഖങ്ങളൊട്ടു തണുക്കും പുത്ര!!

നിന്മനസ്സിന്നിഷ്ടമെല്ലാം,സമ്മതിപ്പാനുറച്ചു ഞാൻ

എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!

വൈരികൾക്കു മാനസത്തിൽ,വൈരമല്ലാതില്ലയേതും

വൈരഹീനപ്രിയമല്ലോ നിനക്കു പുത്ര!

നിൻ ചരണം ചോരയാദം,തൻ ശിരസ്സിലൊഴുകിച്ചു

വൻചതിയാൽ വന്ന ദോഷമൊഴിച്ചോ പുത്ര!

മരത്താലെ വന്ന ദോഷംമരത്താലെയൊഴിപ്പാനായ്

മരത്തിന്മേൽ തൂങ്ങിനീയും മരിച്ചോ പുത്ര!

നാരികൈയാൽ ഫലംതിന്നു,നരന്മാർക്കുവന്ന ദോഷം

നാരിയാം മേഫലമായ് നീയൊഴിച്ചോ പുത്ര!

ചങ്കിലും ഞങ്ങളെയങ്ങു, ചേർത്തുകൊൾവാൻപ്രിയം നിന്റെ

ചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!

ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻ

ഉള്ളകൂടെ തുറന്നു നീ കാട്ടിയോ പുത്ര!

ആദിദോഷം കൊണ്ടടച്ച,സ്വർഗവാതിൽ തുറന്നു നീ

ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!

മുമ്പുകൊണ്ട കടമെല്ലാം,വീട്ടിമേലിൽ വീട്ടുവാനായ്

അൻപിനോടു ധനം നേടിവച്ചിതോ പുത്ര!

പള്ളിതന്റെയുള്ളകത്തു, വച്ചുനിന്റെ ധനമെല്ലാം

കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര

പള്ളിയകത്തുള്ളവർക്കു, വലയുമ്പോൾകൊടുപ്പാനായ്

പള്ളിയറക്കാരനേയും വിധിച്ചോ പുത്ര!

ഇങ്ങിനെ മാനുഷർക്കു നീ, മംഗലലാഭംവരുത്തി

തിങ്ങിനതാപം ക്ഷമിച്ചു മരിച്ചോ പുത്രി

അമ്മ കന്നി നിന്റെ ദുഃഖം, പാടിവന്ദിച്ചപേക്ഷിച്ചു

എന്മനോതാപം കളഞ്ഞുതെളിക്കതായേ

നിന്മകന്റെ ചോരയാലെ,യെന്മനോദോഷം കഴുകി

വെണ്മനൽകീടേണമെന്നിൽനിർമ്മല തായേ!

നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ

നിർമ്മലാംഗി! നീക്കി നീകൈതൂക്കുക തായേ!

നിന്മകൻ കാലണച്ചെന്നെനിർമ്മലമോക്ഷം നിറച്ചു്

അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാൽ

പന്ത്രണ്ടാം പാദം സമാപ്തം.

പതിമൂന്നാം പാദം

കർത്താവുയർത്തതും ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും, ഉയർപ്പിന്റെ പട്ടാങ്ങ മറപ്പാൻ വേണ്ടി യൂദന്മാരും മേല്പട്ടക്കാരും മറ്റും വേലചെയ്തതും, മഗ്ദലൈത്ത കൽക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചാറെ നേരെന്നുറയ്ക്കാതെ കേപ്പാ കൽക്കുഴി നോക്കിക്കണ്ടതും, മഗ്ദലൈത്തായ്ക്കു് കർത്താവു കാണപ്പെട്ടതും, ആയതു് ശിഷ്യരോടു് ചൊല്ലിയതും, കുഴിമാടത്തിങ്കൽവെച്ചു് സ്ത്രീകൾക്കു മാലാഖ കാണപ്പെട്ടതും, അവർ ഗ്ലീലായിൽ പോകുംവഴി കർത്താവിനെ കണ്ടുകുമ്പിട്ടതും, ശിഷ്യരോടു് അറിയിപ്പാൻ കല്പിച്ചതും, അമ്മാവോസെന്ന കോട്ടക്കൽ പോകുന്ന രണ്ടു ശിഷ്യർക്കു് താൻ കാണപ്പെട്ടു. അവരോടു് ഉയർപ്പിന്റെ പട്ടാങ്ങ സാക്ഷിച്ചുറപ്പിച്ചതും, അപ്പം വാഴ്ത്തി അവർക്കു കൊടുത്തശേഷം താൻ മറഞ്ഞതും, കേപ്പായ്ക്കു് താൻ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുറിയിൽ അവരുടെ ഇടയിൽ വാതിൽ തുറക്കാതെ താൻ കാണപ്പെട്ടു സ്വത്വം ചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ചു് അവരുടെ ഇടയിൽ ഭക്ഷിച്ചു് അവരെ വിശ്വാസത്തിൽ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീർപ്പാൻവേണ്ടി പിന്നെയും വീട്ടിനുള്ളിൽ ശിഷ്യർക്കു കാണപ്പെട്ടു അയാളെ വിശ്വസിപ്പിച്ചതും, കടലിൽ വലയിട്ടിരുന്ന കേപ്പായ്ക്കും യോഹന്നാനും കാണപ്പെട്ടു, അവരോടുകൂടെ ഭക്ഷിച്ചതും, അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു് മൂന്നൂഴം കേപ്പായോടു് കല്പിച്ചുകൊണ്ടു് തന്റെ ജ്ഞാന ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനു് അയാളെ ഏല്പിച്ചതും, യോഹന്നാന്റെ കാര്യത്തിനു് ഉത്തരം അരുളിച്ചെയ്തതും…

ശനിയാഴ്ച കഴിഞ്ഞോരനന്തരം

അന്ധകാരമകന്നു പ്രഭാതമായ്

സൂര്യനങ്ങുദിച്ചീടുന്നതിൻ മുമ്പേ

ഉയിർത്തു സ്വദേഹത്തെ ജീവിപ്പിച്ചു

പ്രഭയ്ക്കൊക്കയ്ക്കും കാരണമുള്ളവൻ

പ്രഭാവത്തോടുകൂടെ രക്ഷാകരൻ

സ്വപുത്രദുഃഖമോർത്തു കന്യാമണി

മുമ്പിൽ താദൃശ്യവേദന പോക്കിനാൻ

സ്വരൂപം മഹാസുന്ദര ദൃഷ്ടിയാൽ

പൂർവസങ്കടം മറന്നു കന്യക

‘മാതാവേ’യെന്നരുൾ ചെയ്തു രക്ഷകൻ

പ്രതാപത്തിനു താപം മുമ്പായതു

ആയിരോഹണം മമ സ്തുതിയുടെ

ആദിപിതാവിനിക്കു കല്പിച്ചതു

ദോഷത്തിന്നുടെ വിഷമിറക്കുവാൻ

ഔഷധം കൈച്ചുവെങ്കിലും സേവിച്ചേൻ

കടുത്തഭാരംകൊണ്ടു വലഞ്ഞുഞാൻ

കടുത്തഭാരമിറക്കി വന്നിപ്പോൾ

ദുഃഖംപോക്കുക നിർമ്മല മാതാവേ!

സുഖം മേലിലിനിക്കുണ്ടു സന്തതം

എനിക്കുള്ള ശുഭംകൊണ്ടുമ്മയുടെ

മനോസൗഖ്യമറിഞ്ഞിരിക്കുന്നു ഞാൻ

എനിക്കുള്ള ദുഃഖത്താൽ വലഞ്ഞപോൽ

എന്നുടെ സുഖം കൊണ്ടു തെളിഞ്ഞാലും

കഴിഞ്ഞവർഷം വേനലിതായതു്

മഴയും പോയി കാലം തെളിഞ്ഞിതു്

താൻ കല്പിച്ചപോലൊക്കെത്തികച്ചു ഞാൻ

തൻ കരുണയ്ക്കൊരീഷൽ വരുത്താതെ

അതുപോലെന്നെ സമ്മതിക്കുമുടൻ

മാതാവന്നേരം സാദരം ചൊല്ലിയാൾ:

പുത്രാ! നിനക്കു സ്തുതിയുണ്ടാകേണം

നിന്തിരുവടി സമ്മോദം വാഴേണം

അതിനാൽ മമ ചിത്ത സമ്പൂർണത

അതല്ലാതൊരു ശ്രദ്ധയിനിക്കില്ല

ഞാൻ നശിക്കിലും നീ സ്വസ്ഥനെങ്കിലോ

ആ നാശത്തിലുമനാശയാകുംഞാൻ

ഇതമ്മയുണർത്തിച്ചു സന്തോഷിച്ചു.

പുത്രനെപ്പിന്നെക്കണ്ടു പലവട്ടം

പുലർകാലത്തിൽ കുലുങ്ങി ഭൂതലം

മാലാഖമാരിറങ്ങിയതുനേരം

നന്മുഖപ്രഭ മിന്നുമതുപോലെ

നിർമ്മല വെളുപ്പുള്ള കുപ്പായവും

കല്ക്കുഴിയുടെയടപ്പു നീക്കുമ്പോൾ

മേല്ക്കല്ലിന്മീതെയിരുന്നു കാത്തോരു

കാവൽക്കാരരതിനാൽ ഭയപ്പെട്ടു

ജീവൻ പൊയ്പോകുമിപ്പോളെന്നപോലെ

അവിടെന്നവരോടി ഭ്രമത്താലെ

അവസ്ഥ പട്ടക്കാരോടറിയിച്ചു

അവർ കൂടി വിചാരിച്ചുവച്ചുടൻ

കാവൽക്കാർക്കു ദ്രവ്യം കൊടുത്തിട്ടു്

അവസ്ഥയിതു മിണ്ടരുതെന്നവർ

അപേക്ഷിച്ചതിനുപായം ചൊന്നിതു്

“അന്നു നിങ്ങളുറങ്ങും സമയത്തിൽ

വന്നു ശിഷ്യർ ശവം കട്ടുകൊണ്ടുപോയ്

എന്നു ലോകരോടൊക്കെപ്പറയണം”

എന്നപോലവർ നടത്തി വേളുസം

കല്ലറയ്ക്കുള്ളിരുന്ന ശരീരത്ത

കല്ലിന്മീതവർ കാത്തിരിക്കും വിധൗ

കള്ളന്മാരതു കട്ടെന്നു ചൊല്ലിയാൽ

ഉള്ളതെന്നു കേൾക്കുന്നോർക്കു തോന്നുമോ?

മഗ്ദലൈത്താ പുലരുന്നതിൻ മുമ്പേ

എത്തി കല്ക്കുഴിനോക്കുന്ന തൽക്ഷണം

കല്ലടപ്പു നീക്കിയതു കണ്ടപ്പോൾ

കാലം വൈകാതെ ഓടിപ്പോയാനവൾ

വാർത്ത കേപ്പായോടും യോഹന്നാനോടും

കീർത്തിച്ചപ്പോളായവരും ചെന്നുടൻ

കേപ്പാ കല്ക്കുഴിപുക്കു സൂക്ഷിച്ചതു്

അപ്പൊഴുയിർത്തിതെന്നു വിശ്വാസമായ്

മഗ്ദലൈത്തായും നിന്നു പിരിയാതെ

പാർത്തു കല്ക്കുഴി നോക്കിക്കരഞ്ഞവൾ

വെളുപ്പുള്ള കുപ്പായധാരികളായ്

ബാല്യമുള്ളോരിരുവരെക്കണ്ടുടൻ

അവർ ചോദി“ച്ചെന്ത്യേ കരയുന്നു നീ?”

അവരോടുരചെയ്തു പുണ്യവതി-

എന്റെ നാഥനെയെവിടെക്കൊണ്ടുപോയ്

തന്റെ ദേഹം വച്ചെന്നതറിഞ്ഞില്ല

പിന്തിരിഞ്ഞുടൻ നോക്കിയൊരുത്തനെ

കണ്ടു തോട്ടം നോക്കുന്നവനെന്നപോൽ

അയ്യാൾ ചൊല്ലി-സ്ത്രീയെന്ത്യേ കരയുന്നു

നീയാരെത്തിരയുന്നതു ചൊല്ലുക

അവളന്നേരം, നീയെടുത്തെങ്കിലോ

എവിടെവെച്ചീശോ ദേഹം ചൊല്ലുക

നാഥന്റെ ദേഹം ഞാനെടുക്കുന്നുണ്ടു്

നാഥനപ്പോളവളോടരുൾ ചെയ്തു.

“മറിയമെന്നു കേട്ടവൾ നാഥനെ

അറിഞ്ഞു ഗുരുവേ”യെന്നുണർത്തിച്ചു

പിതാവിന്നുടെ സമീപെ പോയില്ല

അതുകൊണ്ടെന്നെത്തൊടല്ലെയിക്കാലം

എന്റെ ശിഷ്യരോടിതറിയിക്ക നീ

നിങ്ങൾക്കുമിനിക്കുമുള്ള താതനാം

തമ്പുരാൻ പക്കൽ പോകുന്നു ഞാനിതാ

ഇപ്രകാരമരുൾ ചെയ്തു.തമ്പുരാൻ

മഗ്ദലത്തായിതൊക്കെയും കേൾപ്പിച്ചു

അതുനേരെന്നുറച്ചില്ല ശിഷ്യർക്കു

പലനാരികൾ പോയവിടെപ്പിന്നെ

മാലാഖയെക്കണ്ടു കല്ക്കുഴിയതിൽ

‘ഉൾക്കനിവോടു നിന്നവർ പേടിയാൽ

അക്കാലം’ ദിവ്യൻ ചൊല്ലിയവരോടു:

ഇങ്ങിവിടത്തി ലീശോയെക്കാൺമാനായ്

നിങ്ങൾ വന്നതു കാര്യമറിഞ്ഞു ഞാൻ

നിങ്ങൾ പേടിച്ചിടേണ്ട മാലാഖ ഞാൻ

നിങ്ങടെ മനോ ശ്രദ്ധയതുപോലെ

ഭയം നീക്കി വന്നിങ്ങു നോക്കിക്കൊൾവിൻ

അയാളീസ്ഥലത്തില്ല, ജീവിച്ചതു്

ഗ്ലീലയിൽ നിങ്ങളയാളെക്കണ്ടീടും

ചെല്ലുവിൻ നിങ്ങൾ സത്യമറിഞ്ഞീടാം

അക്കാലമവിടെന്നു നടന്നവർ

പോകുന്ന വഴികണ്ടു മിശിഹായെ

സത്യമായരുൾ കേട്ടറിഞ്ഞാരവർ

ആ സ്ത്രീകൾ തൃക്കാൽ നമസ്കരിച്ചുടൻ

അന്നേരമരുളിച്ചെയ്തു: ഗ്ലീലയിൽ

ചെന്നറിയിപ്പിനെന്റെ ശിഷ്യരോടും

അവിടെയെന്നെ കണ്ടീടും നിർണ്ണയം

അവരായതു ചെന്നറിയിച്ചപ്പോൾ

“ഭ്രാന്തു ചൊന്നിവരെ”ന്നു ശിഷ്യർ ചൊല്ലി

മാനസത്തിലും വിശ്വാസം പുക്കില്ല

അന്നു രണ്ടുശിഷ്യന്മാർ പുറപ്പെട്ടു

ചെന്നു കൊള്ളുവാനമ്മാവോസ്ക്കോട്ടയ്ക്കൽ

പോകുന്നേരം മിശിഹാടെ വാർത്തകൾ

ആകെത്തങ്ങളില്പേശി വഴിയതിൽ

അന്നേരം മിശിഹാ വഴിപോക്കനായ്

ചെന്നവരോടുകൂടെ നടന്നു താൻ

ചോദിച്ചു: “നിങ്ങളെന്തു പറയുന്നു.

ഖേദവും നിങ്ങൾക്കെന്തെന്നു ചൊല്ലുവിൻ?”

എന്നു നാഥനവരതിന്നുത്തരം

ചൊന്നു: താനറിഞ്ഞില്ലയോ വാർത്തകൾ

ഈശോയെന്നയാൾ നസറായക്കാരൻ

ആശ്ചര്യവാക്കു സുവൃത്തിയുള്ളവൻ

പൈശൂന്യജനം തൂക്കി കുരിശതിൽ

മിശിഹായയ്യാളെന്നു നാം പാർത്തിതു

താനീലോകരെ രക്ഷിക്കുമെന്നൊരു

മാനസാഗ്രഹം പുക്കു വഴിപോലെ

മൂന്നാന്നാളിൽ മരിച്ചാലുയിർക്കും ഞാൻ

എന്നയ്യാൾ പറഞ്ഞായതും കണ്ടില്ല

കാലത്തു ചില നാരികൾ ചെന്നവർ

മാലാഖമാരെക്കണ്ടവരെന്നതും

അങ്ങു നാഥനുയിർത്തെന്നും കണ്ടെന്നും

ഞങ്ങൾക്കായതിനാൽ പല ചിന്തയായ്

എന്നവരുണർത്തിച്ചതിനുത്തരം

അന്നേരം സകലേശനരുൾ ചെയ്തു.

ഇന്നു നിങ്ങൾ പകച്ചതെന്തിങ്ങിനെ

മന്ദമാനസമുള്ള മൂഢന്മാരേ

മുമ്പിൽ നിവ്യന്മാർ ചൊന്നതു ചിന്തിപ്പിൻ

തുമ്പമുണ്ടോ വരുത്തിയയ്യാളതിൽ

ഇങ്ങനെയീശോ പാടുപെടുമെന്നും

അങ്ങയാളതെല്ലാം ക്ഷമിക്കുമെന്നും

സത്യം മുമ്പറിവാളരെഴുതിയ

ശാസ്ത്രത്തിൽ സിദ്ധമില്ലയോ നിങ്ങൾക്കു

ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചു താൻ

സത്യമങ്ങു ബോധിപ്പിച്ചെഥോചിതം

പകലസ്തമിച്ചീടുന്ന കാലത്തിൽ

അക്കാലം പിരിഞ്ഞീടുവാൻ ഭാവിച്ചു

അവരും ചോദിച്ചെങ്ങുപോകുന്നു താൻ

ദിവസം പോയി രാത്രിയുമായെല്ലോ

പാർത്തുകൊള്ളുക കർത്താവെയെന്നവർ

ഓർത്തില്ലാരെന്നറിയാതെ ചൊന്നിതു

അപ്പോളീശോ താൻ പാർത്തുവിരുന്നതിൽ

അപ്പം വാഴ്ത്തിയവർക്കു കൊടുത്തു താൻ

മിശിഹായെയറിഞ്ഞു ശിഷ്യന്മാരും

ഈശോതാനപ്പോൾ മാഞ്ഞു മിന്നൽപോലെ

അവിടെന്നവരോടിയുടൻ ചെന്നു്

അവസ്ഥ ശിഷ്യരോടറിയിച്ചപ്പോൾ

ഇങ്ങിനെയവർ ചൊന്നതു കേട്ടപ്പോൾ,

ഞങ്ങളും ഗ്രഹിച്ചെന്നിവരോടവർ

കർത്താവുയിർത്തു ശെമോൻ കേപ്പായിക്കു്

പ്രത്യക്ഷനായെന്നയാൾ പറഞ്ഞഹോ

ഇതു തമ്മിൽ പറഞ്ഞിരിക്കുംവിധൗ

പ്രത്യക്ഷനായി വാതിൽ തുറക്കാതെ

അടച്ച വീട്ടിനുള്ളിൽ ശിഷ്യരുടെ

നടുവിൽച്ചെന്നുനിന്നു മിശിഹാതാൻ

സ്വത്വം ചൊല്ലി ശിഷ്യർക്കു ഗുരുത്തമൻ

ചിത്തഭീതി നീക്കീടുവിൻ, ഞാൻ തന്നെ

കൈയും കാലും ശരീരവും നോക്കുവിൻ

ആയതിനാലും വിശ്വാസം പുക്കില്ല

അന്നേരമീശോ ഭക്ഷണം ചോദിച്ചു

അന്നു തേൻ കൂടും മീൻ നുറുക്കുമീശോ

തിന്നു ശിഷ്യർക്കു വരുത്തി വിശ്വാസം

പിന്നെ ദൈവവാക്കിന്നുടെ സത്യവും

കാട്ടി വിശ്വാസമാക്കിയവർകളെ

കേട്ടുകണ്ടവർ സമ്മതിച്ചാദരാൽ

തൊമ്മായസ്ഥലത്തില്ലാഞ്ഞകാരണം

തന്മനസ്സിങ്കൽ സംശയം തീർന്നില്ല

ഇതു ശിഷ്യരു ചൊന്നതു കേട്ടാറെ

അതിനുത്തരം ചൊല്ലിയവരോടു്

എന്റെ നാഥനെ ഞാൻ തന്നെ കാണേണം

തന്റെ ദയാവിലാവിൻ മുറിവതിൽ

എന്റെ കൈവിരൽ തൊട്ടൊഴിഞ്ഞെന്നിയേ

എന്റെ സംശയം തീരുകയില്ലഹോ

എന്നു തോമ്മാ പ്രതിജ്ഞ പറഞ്ഞാറെ

പിന്നെയെട്ടുനാൾ ചെന്ന ഞായർവാരേ

വീട്ടകത്തു ശിഷ്യ ജനമെല്ലാവരും

പൂട്ടി വാതിൽക്കകത്തിരിക്കുന്നപ്പോൾ

അതിനുള്ളിലെഴുന്നെള്ളി തമ്പുരാൻ

പ്രത്യക്ഷനായരുൾ ചെയ്തു സത്വരം:

തോമ്മാവാ, നീ മുറിവതിൽ തൊട്ടുകൊൾ

നിന്മനസ്സിലെസ്സംശയം തീർക്കെടോ.

ചെന്നു കൈവിരൽ തൊട്ടു മുറിവതിൽ

തീർന്നു സംശയം, വിശ്വസിച്ചാനവൻ

തന്റെ തൃക്കാൽ വന്ദിച്ചുണർത്തിച്ചുടൻ:

എന്റെ നാഥനും തമ്പുരാനും നീയേ

എന്നു തൊമ്മാ പറഞ്ഞപ്പോൾ നായകൻ

ഇന്നു നീയെന്നെക്കണ്ടു വിശ്വാസമായ്

എന്നെക്കാണാതെ കേട്ടുള്ളഴിവോടെ

എന്നെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ.

മീൻപിടിപ്പാനായക്കാലം ശിഷ്യരിൽ

കേപ്പാ, യോഹന്നാൻ പോയി കടലതിൽ

ആ രാത്രിയൊരു മീനും ലഭിച്ചില്ല

നേരവും വെളുത്തീടുന്ന കാലത്തു

കടൽതൻ കരെനിന്നു മിശിഹാതാൻ

കൂട്ടുവാൻ ശിഷ്യരോടു ചോദിച്ചപ്പോൾ

ആളറിയാതെയില്ലെന്നു ചൊന്നവർ

വളരെ വേലചെയ്തു ലഭിച്ചില്ല

അവരിങ്ങനെ ചൊന്നതുകേട്ടപ്പോൾ

അവരോടരുൾ ചെയ്തു മിശിഹാതാൻ

തോണിക്കു വലഭാഗത്തു വീശുവിൻ

കാണും മത്സ്യങ്ങൾ കിട്ടുമെന്നിങ്ങിനെ

കല്പനകേട്ടു വീശി വലയില-

നല്പം മീനും നിറഞ്ഞോരനന്തരം

അപ്പോളാവല പൊക്കുവാൻ ദണ്ഡമായ്

കേപ്പാ നാഥനിയാളെന്നറിഞ്ഞുടൻ

ചാടി തോണിയിൽനിന്നു കടലതിൽ

ഉടൻ നീന്തിയണഞ്ഞു കരയ്ക്കയാൾ

കരക്കെല്ലാരും വന്നണഞ്ഞക്ഷണം

ആരെന്നെല്ലാരും ചിന്തിച്ചു മാനസേ

അന്നേരമപ്പം തീക്കനൽ മീനുമായ്

വന്നു ശിഷ്യർ ഭക്ഷിച്ചനന്തരം

മീനുമപ്പവും പകുത്തു തിന്മാനായ്

താനവർക്കു കൊടുത്തു കരുണയാൽ

ഭക്തപ്രിയൻ പരൻ കരുണാകരൻ

ഭക്തവാത്സല്യമിങ്ങിനെ കാട്ടിനാൻ

തീൻ കഴിഞ്ഞു കേപ്പായോടു ചോദിച്ചു:

കേൾക്ക കേപ്പാ നീയെന്നെ സ്നേഹിക്കുന്നോ?

കർത്താവേയതു നീയറിയുന്നല്ലോ

ഉത്തരമിതുകേട്ടു മിശിഹാതാൻ

എന്റെ ആടുകൾ മേയ്ക്ക നീയെന്നുടൻ

പിന്നെയുമതു ചോദിച്ചു കേട്ടിതു

മൂന്നാംവട്ടവും ചോദിച്ചകാരണം

മനോസംഭ്രമത്തോടുണർത്തിച്ചയ്യാൾ

നിന്റെ കണ്ണിന്നു രഹസ്യമില്ലല്ലോ?

നിന്നെ സ്നേഹമുണ്ടെന്നറിഞ്ഞല്ലോ നീ

അന്നേരമീശോ കേപ്പായെ കേട്ടുകൊൾ

എന്റെയാടുകൾ മേയ്ക്കു വഴിപോലെ

ബാല്യമുള്ളപ്പോൾ പോം നിന്മനസ്സുപോൽ,

കാലം വന്നീടുമെന്നു മറ്റൊരുത്തൻ

നിന്നെക്കെട്ടീടും നീട്ടും നീ കൈകളും

എന്നെയോർത്തു ക്ഷമിക്കും നീയൊക്കെയും

മുമ്പേ പേടിക്കുമെന്നരുൾ ചെയ്തപോൽ

ഇപ്പോൾ തന്നെപ്രതി മരിക്കുമെന്നും

ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ

ദേവനോടുണർത്തിപ്പിച്ചു കേപ്പാതാൻ

ഇവ യോഹന്നാനെങ്ങനെയെന്നപ്പോൾ

ഞാൻ വരുവോളം പാർക്കുമെന്നിങ്ങനെ

നിനക്കെന്തതിനാലെന്നരുൾ ചെയ്തു

അവനിതു കല്പിച്ചതു കേട്ടുടൻ

എന്നതുകൊണ്ടിരിക്കും മരിക്കാതെ

എന്നൊരു ബോധം ശിഷ്യർക്കുതോന്നിപ്പോയ്

തമ്പുരാനരുളിച്ചെയ്തില്ലതാനും

ഞാൻ വരുവോളം പാർക്കുമതേയുള്ളൂ

പതിമൂന്നാം പാദം സമാപ്തം.

പതിന്നാലാം പാദം

കർത്താവു തന്റെ മാതാവിനും ശിഷ്യർക്കും ഒടുക്കം കാണപ്പെട്ടു. തന്റെ മോക്ഷാരോഹണവും റൂഹാദ്ക്കുദശായെ യാത്രയാക്കുന്ന വിവരവും, ശിഷ്യർക്കുവരുന്ന സങ്കടങ്ങളിൽ അവരെ സഹായിക്കുമെന്നും മറ്റും അരുളിച്ചെയ്തതും, അവരുടെ മുമ്പാകെ കർത്താവു മോക്ഷത്തിൽ എഴുന്നള്ളിയതും, പത്താംനാൾ റൂഹാദ്ക്കുദശാ ഇറങ്ങിയതും, തന്റെ ശിഷ്യരിൽ റൂഹാദ്ക്കുദശായുടെ വെളിവു പ്രകാശിച്ചതും ശ്ലീഹന്മാർ പല ഭാഷകൾ സംസാരിക്കുന്നതിനെ കേട്ടു് എല്ലാ ജനങ്ങളും അത്ഭുതപ്പെട്ടതും, കേപ്പാ പ്രസംഗിച്ചതിന്മേൽ എല്ലാവരും അറിഞ്ഞു് ആഗ്രഹപ്പെട്ടുകൊണ്ടു് അവരിൽ മൂവായിരം ജനങ്ങൾ സത്യത്തെ അനുസരിച്ചു് മാമ്മോദീസാ കൈക്കൊണ്ടതും, ശ്ലീഹന്മാർ സത്യവേദം അറിയിപ്പാനായി എർദ്ദിക്കിലേക്കു തിരിഞ്ഞതും.

ഇന്നിവാസമിനിക്കില്ല ഭൂമിയിൽ

എന്നമ്മയോടും ശിഷ്യജനത്തോടും

എൻ പിതാവെന്നെപ്പാർത്തു വിളിക്കുന്നു

ഞാൻ പോവാൻ വട്ടം കൂട്ടുന്നു കന്യകേ

ഞാൻ പോയാലുമമ്മേ നിന്റെ ബുദ്ധിയിൽ

മാനസത്തിലും പാർക്കുന്നല്ലോ സദാ

സൂര്യൻ കണ്ണാടിയിലെന്നതുപോലെ

ആര്യൻ നിന്റെയാത്മാവിൽ വിളങ്ങുന്നു

എന്നെക്കാണ്മതിന്നാശ വർദ്ധിക്കിലോ

ഞാൻ സമീപത്തുണ്ടെന്നു ധരിച്ചാലും

സർവ്വമംഗലപ്രാപ്തിക്കു കാലമായ്

സർവ്വ സുലോകരാരാധിക്കുന്നിതു്

സ്വർലോകം പ്രതി പുറപ്പെടുന്നു ഞാൻ

ആലോകമെന്നേയാഗ്രഹിക്കുന്നിതു്

നിന്നെക്കൂടവേ കൊണ്ടുപോയീടുവാൻ

ഇന്നു ബാവാടെ കല്പനയില്ലല്ലോ

സ്വർന്നിധി നിനക്കിന്നിയും കൂടുവാൻ

നിൻവൃത്തി ഫലമിതല്ലോ കന്യകേ

ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളിൽ

സംഗതിയതിനെന്നറിഞ്ഞല്ലോ നീ

ഭാഗ്യലോകേ സുഖമേകമേയുള്ളു

ഭാഗ്യകാരണധനങ്ങളെ നേടുക

ഈലോകത്തിലെയതിനുള്ളു യത്നം

ആലോകത്തിലാനന്ദിച്ചു വാഴുവാൻ

ചന്ദ്രാദിത്യനുമൊന്നിച്ചു വാങ്ങുമ്പോൾ

മന്ദം ഭൂമിയിൽ കൂരിരുട്ടായ് വരും

മാതാപിതാവങ്ങൊന്നിച്ചു വാങ്ങിയാൽ

പുത്രന്മാർക്കപ്പോളെന്തു തണുപ്പുള്ളു?

ഞാൻ ഫലവൃക്ഷം നട്ടുമുളപ്പിച്ചു

നിന്റെ ദയയാലതു വളരേണം1

എന്തുവേണ്ടുവതൊക്കയും ചൊൽക നീ?

ഒത്തപോലെ ഞാൻ കൽപ്പിപ്പാൻ സർവ്വതും

പോയാൽ ഞാൻ പിന്നെ റൂഹായെയയപ്പാൻ

അയ്യാൾ നിന്നെയുമേറെ സ്നേഹിക്കുന്നു

നിന്നിൽ വാസമയ്യാൾക്കു വേണമതും

തൻതിരുമനസ്സാവിധമായതു്

അപരിച്ഛേദ്യഗുണസഞ്ചയത്താൽ

സമ്പൂർണ്ണം നിനക്കയ്യാൾ വരുത്തീടും

നിന്നെ കൂട്ടിക്കൊണ്ടുപോവതിന്നു ഞാൻ

പിന്നെയും വരുമെന്നതറിഞ്ഞാലും

എന്റെ ശ്ലീഹാകളെന്റെ ശിഷ്യന്മാരും

എനിക്കുള്ളവരെന്നതറിവല്ലോ?

അവർക്കു ഗുണം ചൊല്ലിക്കൊടുക്കേണം

ഞാൻ വൃഥാ നിന്നോടെന്തു പറയുന്നു?

ഞാൻ ചൊല്ലാഞ്ഞാലും നീയതു ചെയ്തീടും

ഞാൻ കല്പിച്ചിട്ടു ചെയ്യുന്നതിഷ്ടമാം

എന്നാൽ ചെയ്താലും പിതാവിതിങ്ങനെ

നിന്നോടു കല്പിച്ചെന്നതറിഞ്ഞാലും

നിന്റെയപേക്ഷകൊണ്ടു മമ സഭ

ജനനിയെ! വർദ്ധിക്കേണം ഭൂമിയിൽ

എനിക്കമ്മ പോലെയെന്നുമമ്മ നീ

സന്തോഷം വാഴ്ക മൽ പ്രിയ കന്യകേ

പുത്രാ! പോക നീയെന്നു നാരീമണി

ധാത്രി നിനക്കു യോഗ്യസ്ഥലമല്ല

ആകാശത്തിലെ സുരൂപാരൂപികൾ

ഉത്കൃഷ്ട ജയവന്ദനം ചൊല്ലുന്നു

സ്രാപ്പേയാദി മാലാഖമാർ ഘോഷമായ്

സ്വപ്രഭുവിനെയാഗ്രഹിച്ചീടുന്നു

പോകത്രിലോകരാജ്യം വാണീടുക

സങ്കടലോകേയിരുന്നതുമതി

എന്റെ കാര്യം നിനക്കൊത്തീടും പോലെ

എൻ മനസ്സു നീ കല്പിക്കുംപോൽ സദാ

നിന്റെ ദാസി ഞാനെന്നൊരനുഗ്രഹം

നിനക്കുള്ളതെനിക്കു മതിമതി.

നീപോയാൽ മമ പ്രാണൈക നായകാ

നിൻ പരിശ്രമം മറന്നു പോകല്ലേ

നിന്റെ ചോര വിലയാലെ നീ കൊണ്ടതു

നിൻകാരുണ്യത്താൽ രക്ഷിച്ചുകൊള്ളുക

ബലഹീനജനമെന്നറിവല്ലോ

ബാലരെപ്പോലെ താങ്ങി നടത്തുക

കയ്യയയ്ക്കുമ്പോൾ വീണീടും ബാലകർ

നായകാ. നരരിങ്ങനെയല്ലയോ?

നീ തുടങ്ങിയ വൃത്തി തികയ്ക്കഹോ

സന്തതമവർ നിന്നെ സ്തുതിക്കട്ടെ

ഇതമ്മദയാവിന്നുടെയമ്മപോൽ

തൻ തൃക്കാൽ മുത്തി തഴുകി പുത്രനെ

സന്തോഷത്തിന്റെ മഴയും കണ്ണുിനാൽ

വീഴ്ത്തി മിശിഹാ താനുമെഴുന്നെള്ളി

പിന്നെയുമീശോ ഭൂമിരക്ഷാകരൻ

ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്തു

“എന്റെ പുത്രരേ യെറോശലം പുരേ

നിങ്ങൾ പാർക്കേണ”മെന്നരുളിച്ചെയ്തു

പിതാവൊത്ത പോലവിടെ റൂഹാടെ

ശക്തി നിങ്ങൾക്കുണ്ടാകുമവിടുന്നു്

ഞാൻ പിതാവിന്റെ പക്കൽപ്പോകുന്നിതു

എന്നരുൾ ചെയ്തനേരത്തു ശിഷ്യരും

അന്നേരം യൂദന്മാരുടെ രാജ്യത്തെ

നന്നാക്കുന്നതെപ്പോളെന്നുചോദിച്ചു.

അവരോടിപ്പോളിതറിഞ്ഞീടുവാൻ

ആവശ്യമില്ല, നിങ്ങൾക്കടുത്തില്ല

താതൻ കല്പിക്കുംപോൽ വരും സർവവും

അതറിഞ്ഞിട്ടുകാര്യം നിങ്ങൾക്കെന്തു?

റൂഹാദക്കുദശായിറങ്ങും നേരം

സഹായം നിങ്ങൾക്കുണ്ടാകും ശക്തിയും

എനിക്കു നിങ്ങൾ സാക്ഷികളാകണം

എന്റെ വേദവും നീളെ നടത്തണം

വിശ്വസിച്ചവർ രക്ഷ ലഭിച്ചീടും

വിശ്വസിക്കാത്തോർക്കുണ്ടാകും ശിക്ഷയും

വമ്പരുടെയും രാജാക്കൾ തങ്ങടെ

മുമ്പിലും കൊണ്ടുപോയീടും നിങ്ങളെ

നിങ്ങളെശ്ശാസിക്കും ഭയം നീക്കുവിൻ

നിങ്ങടെ ദേഹത്തോടെയാവതുള്ളു

നിങ്ങടെയാത്മാവോടാവതില്ലല്ലോ

നിങ്ങളിൽ റൂഹാ പറഞ്ഞീടും തദാ

വേദനേരിന്നു പ്രത്യക്ഷം കാട്ടുവാൻ

ഞാൻ ദാനം ചെയ്വാൻ നിങ്ങളാൽപ്രാർത്ഥിതം

നിങ്ങൾക്കു വേണ്ടുന്നതെല്ലാം തോന്നിപ്പാൻ

“നിങ്ങളിന്നു പറയുന്നോരല്ലഹോ

ഭൂമ്യന്തത്തോളവും സഹിച്ചീടുവിൻ

സമ്മാനം പിന്നെ കല്പിച്ചു നൽകുവാൻ

ഇപ്രകാരം മിശിഹായരുൾ ചെയ്തു”

തൻ പ്രതാപയാത്രയ്ക്കു് സമയമായ്

സായിത്തെന്ന മലയിലെഴുന്നെള്ളി,

ദയാവിന്നുടെ രശ്മിയും വീശിച്ചു.

പർവ്വതാഗ്രേ താൻ പ്രാപിച്ചുതമ്പുരാൻ

അവിടെനിന്നുയാത്ര തുടങ്ങിനാൻ.

തൃക്കൈയും പൊക്കിയാശീർവ്വാദം ചെയ്തു

തൃക്കൺപാർക്കയും മാതൃശിഷ്യരെയും

ത്രിലോകം വിളങ്ങുന്ന പ്രഭാവത്താൽ

ത്രിലോകപ്രഭു ഭൂമി രക്ഷാകരൻ

മന്ദസ്മിതം ദയാഭാവത്തോടുതാൻ

മന്ദം മന്ദം പൊങ്ങി തന്റെ ശക്തിയാൽ

തൻ ശിഷ്യർക്കു കണ്ണെത്തുവോളമിവ

ദർശനത്തിങ്കൽ നിന്നുമനന്തരം

തേർപോലെ മേഘമടുത്തുപൊങ്ങിച്ചു

താൻ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു

സർവ്വേശൻ സിംഹാസനം പുക്കുശേഷം

സർവ്വമംഗലഘോഷമനവധി

വെളുത്തുള്ള കുപ്പായത്താലന്നേരം

ആളുകൾ രണ്ടിറങ്ങിപ്പറഞ്ഞിതു്

ഗ്ലീലാക്കാരേ! നിങ്ങളെന്തിങ്ങനെ

മേല്പോട്ടുനോക്കി നില്ക്കുന്നു? രക്ഷകൻ

സ്വർല്ലോകത്തിലെഴുന്നള്ളി നായകൻ

വരും പിന്നെയുമെന്നതുറച്ചാലും

സ്വർലോകത്തിലെ സജ്ജനഘോഷവും

നരവർഗ്ഗത്തിന്നസ്തമഹത്വവും

വാക്കിനാൽ വിഷയമല്ല നിർണ്ണയം

സകലേശത്വം പിതാവും നൽകിനാൻ,

ഇതുകേവലം പറയാ ശേഷവും

ചിത്തത്തിൽ നിരൂപിപ്പാനവകാശം

ഏറെ ചിന്തിച്ചുകൊണ്ടുവെന്നാകിലും

ഏറെചിന്തിച്ചാൽ ശേഷിക്കും പിന്നേയും

സർവേശത്വം കൊടുത്തതുകേൾക്കുമ്പോൾ

ദൈവപുത്രനിയ്യാളെന്നിരിക്കിലും

സ്വഭാവത്താലതുണ്ടായി സന്തതം

പ്രഭുത്വം നിനക്കും സ്വതേയുള്ളതും

താൻ മാനുഷസ്വഭാവത്തിന്നുമതു്

തമ്പുരാൻ കൊടുത്തെന്നറിവാനത്രേ

ദക്ഷിണമായ ബാവാടെ ഭാഗത്തു

രക്ഷകനിരിക്കുന്നെന്നു ചൊന്നതു്

അവിടെ നിന്നു പത്താം നാൾ പുലർകാലേ

സുവിശ്വാസികൾ ശ്ലീഹാജനങ്ങളും

കൂടിയെല്ലാവരും പാർക്കുന്ന ശാലയിൽ

കൊടുങ്കാറ്റിന്റെ വരവിതെന്നപോൽ

സ്വരം കേൾക്കായി വീടുനിറച്ചിതു്

തീരൂപത്തിലും നാവുകൾ കാണായി

ശീതളം പോക്കും നല്ല നിരുപണ

ചേതസിദയാവോടു ശോഭിക്കുന്നു

പാവനം വരുത്തീടുമക്കാരണം

പാവകരൂപത്തിങ്കലിറങ്ങി നാൻ

ഓരോരുത്തൻ മേലിരുന്നു കൃപയാൽ

സർവജനവും നിറഞ്ഞു റൂഹായാൽ

ബാവാഭൂമിയെ സൃഷ്ടിച്ചനന്തരം

ദേവജൻ രക്ഷിച്ചു റൂഹായെ നൽകി

ഇന്നു റൂഹായിറങ്ങിയ കാരണം

സർവലോകരുമാനന്ദിച്ചീടുവിേൻ

തിന്മ നീക്കാനും നന്മനിറപ്പാനും

നിർമ്മല മനസ്സവർക്കുണ്ടാവാനും

പേടിപോക്കുവാൻ കേടുകൾ തീർപ്പാനും

നാടെല്ലാം ഭയം നീക്കി നടപ്പാനും

ഇപ്പോൾ റൂഹാദക്കുദശാ തമ്പുരാൻ

കല്പന മാനസത്തിങ്കൽ വാസമായ്

മുമ്പിൽ മിശിഹാ ചൊന്നപോൽ വന്നിതു

തമ്പുരാൻ പുത്തനായി കല്പിച്ചതു്

സ്വാമിതന്നുടെ ദേഹദഗുണവഴി

ഭൂമിയിൽ നീളെ നടത്തിക്കൊള്ളുവാൻ

മാന്ദ്യം ക്ഷയിച്ചിട്ടുഷ്ണമുണ്ടാകേണം

തന്മൂലം തീനാവായിട്ടിറങ്ങി താൻ

അങ്ങുന്നുള്ളിൽ തോന്നിച്ചതെപ്പേരുമെ

അന്നെല്ലാവരും ചൊല്ലി മടിയാതെ

മുമ്പിൽ സ്ത്രീയുടെ വാക്കിനാൽ പേടിച്ച

കേപ്പാതാനപ്പോൾ സംഭ്രമം നീക്കിനാൻ

വമ്പന്മാരുടെ സമക്ഷത്തിങ്കലും

തമ്പുരാൻ മിശിഹായെയറിയിച്ചു

പലഭാഷകളിവർ പഠിക്കാതെ

നല്ലപോലെ പറയുന്നതത്ഭുതം

മാനുഷർക്കറിയാത്ത പ്രവൃത്തികൾ

അനേകവിധം ദർശിച്ചാ ലോകരും

ആശ്ചര്യം കണ്ടു നേരിനെ ബോധിച്ചു

മിശിഹായെ വിശ്വസിച്ചു തേറിനാർ

ചിലർ ചൊല്ലുന്നു: പാനമത്താലിവർ

വിലാസിച്ചു പുറപ്പെട്ടിരിക്കുന്നു.

ശേമോൻ കേപ്പായന്നേരമുരചെയ്തു-

ഇമ്മനുഷ്യരിലെന്തിതു തോന്നുവാൻ

പാനത്താൽ പലഭാഷ പറയുമോ?

മുമ്പിലാരിതു കണ്ടതും കേട്ടതും

അതല്ല, ദിനമിപ്പോളുദിച്ചതു്

മത്തന്മാരുടെ സംസാരമല്ലിതു

നിങ്ങൾ കൊല്ലിച്ച മിശിഹാ തമ്പുരാൻ

തന്റെ റൂഹായെയിപ്പോളിറക്കി താൻ

നിവ്യന്മാരിതു മുമ്പിലറിയിച്ചു

അവർകളുടെ വാചകം നോക്കുവിൻ

അയാൾ വന്നിപ്പോൾ വിസ്മയം കാട്ടുന്നു

പ്രിയത്തോടു മിശിഹായെത്തേറുവിൻ

കൺതുറന്നു കണ്ടീടുവാൻ കാലമായ്

ചെയ്തതുമിപ്പോളുറച്ചുകൊള്ളുവിൻ

കാരുണ്യത്തിന്റെ കാലമിപ്പോളുണ്ടു്

നിരുപകാരമതു കളയല്ലെ

അതുകേട്ടിട്ടു മൂവായിരം ജനം

സത്യവേദവും ബോധിച്ചു സത്വരം

ശ്ലീഹന്മാർ സത്യവേദം നടത്തുവാൻ

മഹിതോറും നടന്നു പലവഴി.

പതിന്നാലാം പാദം സമാപ്തം.

അർണ്ണോസ് പാതിരി
images/Ernst_von.jpg

ഒരു വൈദേശിക സന്ന്യാസിയാണു് അർണ്ണോസ് പാതിരി (ജനനം 1681–മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണു്. (യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെഷ്വിതു് (jesuit,) അഥവാ ‘ഈശോ സഭ’ സന്ന്യസിയായാണു് അദ്ദേഹം പ്രവർത്തിച്ചതു്. യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അതു് അർണ്ണോസ് എന്നായി.

1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണു് അദ്ദേഹം ജനിച്ചതു്. എന്നാൽ അന്നാളുകളിൽ ഇതു് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ടു്.

പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ടു് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു.

പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണു് തന്നെയാണു് ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയതു്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്കു് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണു് അന്നു് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നതു്. കോഴിക്കോട്ടു് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞു് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു.

ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ച അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. 1699 ഒക്ടോബർ 3-നു് ഇന്ത്യയിലേയ്ക്കു് തിരിച്ചു. നവംബർ 3-നു് ആരംഭിച്ചു് ഡിസംബർ 15-നു് സിറിയയിൽ ആദ്യഘട്ടം പൂർത്തിയായി. ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിനു് പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30-നു് അർണ്ണോസ് ഈശോസഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.

സിറിയയിൽനിന്നു് അർമേനിയ വഴി പേർഷ്യൻ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്കു് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്നു സൂറത്തിലേയ്ക്കു കപ്പൽ കയറി.

അഞ്ചു് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്തു് 1700 ഡിസംബർ 13-നു് സൂറത്തിലെത്തി. അവിടെവെച്ചു് രോഗാതുരരായ വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു. തുടർന്നു് പാതിരി ഗോവയിലേയ്ക്കു യാത്ര തിരിച്ചു. 1701-ന്റെ ആരംഭത്തിൽ ഗോവയിലെത്തി. ഗോവയിൽ നിന്നു് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള സമ്പാളൂർ എത്തുകയും (ഇന്നു് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ചു് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്കു് അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്നു് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. കടൽ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ നമ്പൂതിരിമാരിൽ ഉൽപ്പതിഷ്ണുക്കളായ ചിലർ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാർ. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിനു് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞു് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലുവർഷത്തോളം സഹവസിച്ചു് പഠനം നിർവ്വഹിച്ചതായി രേഖകളുണ്ടു്. പുത്തൻചിറയിൽ വെച്ചു് ഉദരസംബന്ധിയായ അസുഖബാധിതനായ അർണോസ് പാതിരി ചികിത്സാർത്ഥം വേലൂർ ഗ്രാമത്തിലേയ്ക്കു് മാറിത്താമസിച്ചതായി കരുതപ്പെടുന്നു. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ചു് വിമർശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു അർണോസ് പാതിരി.

വേലൂരിലെ പള്ളി

വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്നു കൊച്ചി രാജാവു് ആദ്യം സമ്മതിച്ചെങ്കിലും പിന്നീടു് പിൻമാറുകയാണുണ്ടായതു്. എന്നാൽ, സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ സഹായിച്ചു. എന്നാൽ ഇതു് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാർ, കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്കു് വഴി തെളിയിച്ചു. എങ്കിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, ഇല്ലിക്കൾ ഇളയതു് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്ക്കു താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചതു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണെന്നു് അഭിപ്രായമുണ്ടു്. പടിപ്പുരമാളിക എന്ന ഗോപുരമാണു് ആദ്യം നിർമ്മിച്ചതു് അവിടെ താമസിച്ചുകൊണ്ടാണു് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചതു്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിനു് തൊട്ടടുത്തുള്ള ചിറമൻകാടു് (ശ്രമംകാടു്) വെങ്ങിലശേരി അയ്യപ്പൻ കുന്നിലേയ്ക്കു താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണു് നിർമ്മാണപ്രവർത്തനങ്ങൾക്കു് നേതൃത്വം കൊടുത്തതു്. പള്ളി നിർമ്മാണത്തിനു് അനുമതി നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്തു് കീഴൂട്ടു് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്ക്കു സ്ഥലം ചിറമങ്ങാട്ടു് പള്ളിയിൽ പിറഞ്ചാങ്കുന്നു് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും… എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

വേലൂരിൽ അർണോസ് പാതിരിയെ വധിക്കാൻ ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ കുടിയാന്മാരും ചേർന്നു് ശ്രമിച്ചെങ്കിലും അതു പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്നു രക്ഷപ്പെട്ട പാതിരി പഴുവിൽ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീടു് അവിടെ ജീവിച്ചുകൊണ്ടാണു് പ്രേഷിത-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നതു്. മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ചു് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂർ (പഴുവിൽ) പള്ളിയിൽ വച്ചു് നിര്യാതനായി എന്നു കരുതപ്പെടുന്നു. എന്നാൽ വേലൂർ വച്ചാണു് മരിച്ചതെന്നും അഭിപ്രായമുണ്ടു്. പാതിരിയുടെ മരണം സംഭവിച്ചതു് 907 മീനം 20-നു് (1832 ഏപ്രിൽ 3) ആണെന്നും, അതല്ല 1732 മാർച്ച് 20-നു് ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ടു്. പഴുവിലെ പള്ളിയിൽ തന്നെയാണു് അദ്ദേഹത്തെ സംസ്കരിച്ചതു്. 1732 ജൂലൈ 27-നു് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പു് റോമിലേയ്ക്കു് അയച്ചതിനു് രേഖകളുണ്ടു്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവു് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

അർണ്ണോസ് പാതിരിയുടെ സംഭാവനകൾ

ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നതു് ഇപ്രകാരമാണു് “വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വം കൊണ്ടു് പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസു പാതിരിയാകുന്നു.” ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതു്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണു്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടു പൂർത്തിയാക്കിയതു് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണു്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നതു് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്നു് ഉള്ളൂർ പറയുന്നുണ്ടു്. അന്നു് നിലവിലുണ്ടായിരുന്ന ഗദ്യം സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്കു മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ അർണ്ണോസ് പാതിരി ആയിരുന്നു.

അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെ പറയുന്നവയാണു്:

  1. ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം
  2. പുത്തൻ പാന മലയാള ക്രിസ്തീയകാവ്യം
  3. ഉമ്മാപർവ്വം മലയാള ക്രിസ്തീയകാവ്യം
  4. ഉമ്മാടെ ദുഃഖം
  5. വ്യാകുലപ്രബന്ധം മലയാള കാവ്യം
  6. ആത്മാനുതാപം മലയാള കാവ്യം
  7. വ്യാകുലപ്രയോഗം മലയാള കാവ്യം
  8. ജനോവ പർവ്വം മലയാള കാവ്യം
  9. മലയാള-സംസ്കൃത നിഘണ്ടു
  10. മലയാളം-പോർട്ടുഗീസു നിഘണ്ടു
  11. മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica Malabarico-Lusitana)
  12. സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium Samscredamico-Lusitanum)

സംസ്കൃതഭാഷയെ അധികരിച്ചു് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ

  1. വാസിഷ്ഠസാരം
  2. വേദാന്തസാരം
  3. അഷ്ടാവക്രഗീത
  4. യുധിഷ്ഠിര വിജയം

മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണു്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇതു് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണു്.

Colophon

Title: Puthenpana (ml: പുത്തൻപാന).

Author(s): Arnose Pathiri.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-15.

Deafult language: ml, Malayalam.

Keywords: Poem, Arnose Pathiri, Puthenpana, അർണ്ണോസ് പാതിരി, പുത്തൻപാന, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 26, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pietà, a sculpture by Michelangelo (1475–1564). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.