‘വിധിപ്രകാരം ഇഷ്ടം പോലുള്ള ആസനങ്ങൾ പരിചയിച്ചു കഴിഞ്ഞിട്ടു് അല്ലയോ ഗാർഗ്ഗി! ജിതാസനനായ ആൾക്കു് പിന്നെ പ്രാണായാമം ശീലിക്കാം.’
തറയിൽ ദർഭപ്പുല്ലു വിരിച്ചു് അതിന്മേൽ തോലിട്ടു് പഴങ്ങളും മറ്റു മധുരദ്രവ്യങ്ങളും കൊണ്ടു് ഗണപതിയെ പൂജിച്ച്, ആസനത്തിന്മേലിരുന്നു്, വലത്തേ കൈ ഇടത്തേക്കാലിന്റെയും ഇടത്തേ കൈ വലത്തേക്കാലിന്റെയും മുട്ടിന്മേൽ വെച്ചു കഴുത്തും, തലയും ചൊവ്വേ ആക്കി നിവർന്നിരുന്നു്, ചുണ്ടുകൾ ദൃഢമായി അമർത്തിക്കൊണ്ടു് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ദൃഷ്ടികൾ നാസാഗ്രത്തെ ലാക്ഷ്യമായി നിർത്തണം. അമിതാഹാരവും ഉപവാസവും അരുതു്. ഇങ്ങിനെ മുൻപറഞ്ഞ വിധിപ്രകാരം നാഡിശുദ്ധി അഭ്യസിക്കണം. അതില്ലെങ്കിൽ യോഗാഭ്യാസം ഒന്നും ഫലിക്കില്ല. പിംഗല [1] യുടെയും ഇഡ [2] യുടെയും മദ്ധ്യേ ‘ഹം’ എന്ന ബീജാക്ഷരത്തെ ചിന്തിച്ചു് പന്ത്രണ്ടു് മാത്രകൾ (നിമിഷങ്ങൾ) കൊണ്ടു് ഇഡയിൽ കൂടി വായുവിനെ മേൽപോട്ടു് പിടിച്ചു് നിറയ്ക്കണം. എന്നിട്ടു് മേൽപറഞ്ഞ സ്ഥാനത്തുതന്നെ അഗ്നിയെയും ‘രം’എന്ന അക്ഷരത്തെയും ധ്യാനിക്കണം. ധ്യാനത്തിനിടയിൽ ക്രമേണ പിംഗലയിൽക്കൂടി വായുവിനെ പുറത്തേക്കു വിടണം. വീണ്ടും അതുപോലെതന്നെ പിംഗലയിൽക്കൂടി പിടിച്ചു് ക്രമേണ ഇഡയിൽക്കൂടി പുറത്തേക്കു വിടണം; ഇങ്ങനെ മൂന്നോ നാലോ കൊല്ലമോ മൂന്നോ നാലോ മാസമോ ഗുരു ഉപദേശിക്കുന്നതുപോലെ വിജനസ്ഥലത്തു് ഇരുന്നു് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരായ്ക്കും മുടങ്ങാതെ നാഡികൾ എല്ലാം ശുദ്ധി ആകുന്നവരെ അഭ്യസിക്കണം. നാഡികൾ ശുദ്ധമായാൽ ഉള്ള ലക്ഷണങ്ങൾ ശരീരത്തിന്നു് ലാഘവം, മുഖത്തിന്നു പ്രസന്നത, നല്ല വിശപ്പ്, നാദശ്രവണം ഇവയാണു്. പിന്നെ രേചക പൂരക കുംഭകങ്ങളാകുന്ന പ്രാണായാമങ്ങളെ അഭ്യസിക്കാം, പ്രാണനെ അപാനനോടു് യോജിപ്പിക്കുന്നതിനാണു് പ്രാണായാമം എന്നു് പറയുന്നതു്.
‘ശരീരത്തെ വായുകൊണ്ടു് കേശാദിപാദം പതിനാറു മാത്രകൾ കൊണ്ടു പൂരിപ്പിക്കയും മുപ്പത്തിരണ്ടു മാത്രകൾകൊണ്ടു രേചിപ്പിക്കയും അറുപത്തിനാലു മാത്രകൾ കുംഭകംചെയ്കയും ചെയ്യണം.’
‘വേറൊരുവിധം പ്രാണായാമം ഉണ്ടു്. അതിൽ പൂരകം പതിനാറു മാത്രകൾ കൊണ്ടു ചെയ്തു് ഉടൻ അറുപത്തിനാലു മാത്ര കുംഭകം ചെയ്തു് ഒടുവിൽ മുപ്പത്തിരണ്ടുമാത്രകൊണ്ടു രേചകം ചെയ്ക ആകുന്നു.’
പ്രാണായാമംകൊണ്ടു ശരീരമലം നീങ്ങുന്നു. ധാരണംകൊണ്ടു മനോമലം നീങ്ങുന്നു. പ്രത്യാഹാരംകൊണ്ടു സംഗമലം നീങ്ങുന്നു. സമാധികൊണ്ടു് ആത്മാവിന്റെ ഈശ്വരതത്വത്തെ മറയ്ക്കുന്ന സകല ഉപാധികളും നീങ്ങിപ്പോകുന്നു.’