images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
അവതരണിക

യോഗസൂത്രങ്ങളിലേക്കു് പ്രവേശിക്കുന്നതിനു മുമ്പു് യോഗികൾക്കു് മതസംബന്ധമായുള്ള മുഴുവൻ സിദ്ധാന്തത്തിന്റെയും താങ്ങായി നിൽക്കുന്ന ഒരു വല്യപ്രമേയത്തെപ്പറ്റി ഞാൻ പ്രതിപാദിക്കാൻ നോക്കാം. നാം നമ്മുടെ സംബന്ധമായ ആധുനികാവസ്ഥക്കു അടിയിലുള്ള ഒരു കേവലാവസ്ഥയുടെ ഫലങ്ങളും, പരിണാമങ്ങളുമാണെന്നും വീണ്ടും ആ കേവലാവസ്ഥയിലേക്കു് മടങ്ങിയെത്താൻ അഭിഗമിച്ചുകൊണ്ടിരിക്കയാണെന്നുമുള്ളതു് ലോകത്തുള്ള വല്യ, ബുദ്ധിശാലികളുടെ സർവ്വസമ്മതമായ അഭിപ്രായമായും, ഭൗതികതത്വങ്ങളുടെ ശാസ്ത്രീയപരിശോധനയാൽ സാധിതപ്രായമായുമിരിക്കുന്നു. ഇതു് സമ്മതിച്ചാൽ പിന്നെയുള്ള ചോദ്യം ആ കേവലാവസ്ഥയോ? ഈ അവസ്ഥയോ? ഏതു നല്ലതു്? എന്നാണു്. ഈ പരിണതാവസ്ഥയാണു് മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥ എന്നു വിചാരിക്കുന്ന ആളുകൾ കുറവല്ല. വല്യ ബുദ്ധിസാമർഥ്യമുള്ള ചിന്തകന്മാരുടെ അഭിപ്രായം നാം അവ്യക്ത തത്ത്വത്തിന്റെ പരിണതങ്ങളായ മാതൃകകളാണെന്നും, ഈ വ്യക്താവസ്ഥ ആ കേവലാവസ്ഥയേക്കാൾ ഉയർന്നതാണെന്നും ആകുന്നു. കേവലാവസ്ഥയിൽ ഒരു ഗുണവും ഉണ്ടായിരിപ്പാൻ പാടില്ലാത്തതിനാൽ അതു ജ്ഞാനശൂന്യവും, ജഡവും, അചേതനവുമാണെന്നും, ഈ ജീവിതം മാത്രമേ അനുഭവയോഗ്യമായിരിക്കുന്നുള്ളൂ എന്നും അതുകൊണ്ടു് നാം ഇതിനെ മുറുക്കെപിടിച്ചുകൊള്ളേണ്ടതാണെന്നും അവർ ഊഹിക്കുന്നു. ആദ്യമായി നമുക്കു് ജീവിതത്തെ സംബന്ധിച്ച മറ്റു സിദ്ധാന്തങ്ങളെപ്പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ മരണശേഷവും യഥാപൂർവം ഇരിക്കും എന്നും, അവന്റെ ദോഷഭാഗങ്ങളെ ഒഴിച്ചു ഗുണഭാഗങ്ങൾ എല്ലാം എന്നേക്കും ശേഷിച്ചിരിക്കും എന്നും ഒരു പഴയസിദ്ധാന്തം ഉണ്ടായിരുന്നു. ന്യായശാസ്ത്രീയമായി പ്രതിപാദിക്കുമ്പോൾ ഇതിന്റെ അർത്ഥം മനുഷ്യന്റെ ഉദ്ദിഷ്ടസ്ഥാനം ഈ ലോകം തന്നെ എന്നാകുന്നു. അതായതു് ഈ ലോകത്തെ ഒരുപടി പൊക്കിവെച്ചു് അതിന്റെ ദോഷങ്ങളെയും വിസ്മരിച്ചുകളഞ്ഞാൽ ആ അവസ്ഥയാണു് അവർ സ്വർഗ്ഗം എന്നു പറയുന്നതു്. ഈ സിദ്ധാന്തം പ്രത്യക്ഷത്തിൽ തന്നെ അബദ്ധവും ശൈശവസൂചകവുമാകുന്നു. എന്തുകൊണ്ടെന്നാൽ അങ്ങിനെ സംഭവിക്കുന്നതല്ല. ദോഷത്തോടു കൂടാതെ ഗുണവും ഗുണത്തോടു് കൂടാതെ ദോഷവും ഉണ്ടായിരിപ്പാൻ തരമില്ല. സർവ്വവും ഗുണവും ദോഷം അശേഷമില്ലാത്തതുമായ ഒരു ലോകത്തിൽ ജീവിക്കുക എന്നതു സംസ്കൃത നൈയ്യായികന്മാർ പറയും പോലെ ‘മനോരാജ്യവിജ്യംഭിതം’ തന്നെ ആണു്. മനുഷ്യന്റെ വിധി സദാ അഭിവൃദ്ധിപ്പെട്ടുകൊണ്ടും സദാ പോരാടിക്കൊണ്ടും ഒരിക്കലും അവധിയിൽ എത്താതെയും മുമ്പോട്ടു പോയികൊണ്ടിരിപ്പാനാണെന്നും വേറൊരു സിദ്ധാന്തം വർത്തമാനകാലത്തു പലകക്ഷികളും പുറപ്പെടുവിച്ചിരിക്കുന്നുണ്ടു്. പ്രത്യക്ഷത്തിൽ വളരെ ഭംഗിയുള്ളതായിത്തോന്നുന്നു എങ്കിലും ഈ നിരൂപണവും അബദ്ധം തന്നെ. എന്തുകൊണ്ടെന്നാൽ ഋജൂരേഖയിലുള്ള ചലനം എന്ന ഒരു വസ്തുത തന്നെയില്ല. എല്ലാ ചലനവും ഒരു വൃത്തത്തിൽ ഉള്ളതാകുന്നു. ഒരു കല്ലെടുത്തു് വെളിയിലേക്കു് എറിഞ്ഞുകൊണ്ടു വേണ്ടിടത്തോളം ദീർഘകാലം വരെ നിങ്ങൾക്കു് ജീവിച്ചിരിക്കാൻ നിങ്ങൾക്കു് കഴിയുമെങ്കിൽ ആ കല്ലു നിങ്ങളുടെ കയ്യിൽ തന്നെ ശരിയായും മടങ്ങിവന്നു ചേരുന്നതാണു്. ഒരു ഋജൂരേഖയെ അവധിയില്ലാതെ വരച്ചുകൊണ്ടു പോയാൽ അതു് ഒരു വൃത്തമായി തന്നെ അവസാനിക്കണം. അതുകൊണ്ടു് ഒരിക്കലും തടഞ്ഞു നിൽക്കാതെ സദാ അഭിവൃദ്ധിപഥത്തിലേക്കുള്ള മുമ്പോട്ടുള്ള ഗതിയാണു് മനുഷ്യന്റെ അവസാനമെന്നുള്ള അഭിപ്രായം തെറ്റുതന്നെ. പ്രകൃതത്തോടു് സംബന്ധമില്ലാത്തതാണെങ്കിലും, ഈ അഭിപ്രായം നിങ്ങൾ ദ്വേഷിക്കരുതു്, സ്നേഹിക്കണം’ എന്ന ധർമ്മസിദ്ധാന്തത്തിന്റെ താല്പര്യത്തെ വെളിപ്പെടുത്തുന്നതാണെന്നു സൂചിപ്പിക്കാം. എന്തുകൊണ്ടെന്നാൽ വിദ്യുച്ഛക്തിയെയും മറ്റേതെങ്കിലും ശക്തിയെപ്പോലെ തന്നെ ശക്തിജനകയന്ത്ര (dynamo) ത്തിൽനിന്നു ചലന ശക്തി തിരിച്ചു വീണ്ടും അതിൽത്തന്നെ മടങ്ങിയെത്തി അതിന്റെ വൃത്തയാത്ര പൂർത്തിയാക്കുന്നു എന്നാണു നവീനസിദ്ധാന്തം. അതുപോലെ തന്നെ ലോകത്തുള്ള എല്ലാ ശക്തികളും അവയെല്ലാം അവയുടെ ഉല്പത്തിസ്ഥാനത്തിൽ മടങ്ങിയെത്തിയേ കഴിയു. അതുകൊണ്ടു് ആരോടും ദ്വേഷമരുതു്. എന്തുകൊണ്ടെന്നാൽ ആ ദ്വേഷമാകുന്ന ശക്തി നിങ്ങളുടെ ഹൃദയത്തിൽ നിന്നാണു പുറപ്പെടുന്നതു്. അതു കാലാന്തരത്തിൽ നിങ്ങളുടെ ഉള്ളിൽത്തന്നെ തിരിയെ വന്നെത്തുകയും ചെയും. നിങ്ങൾ സ്നേഹിക്കുകയാണെങ്കിൽ ആ സ്നേഹം തന്നെ നിങ്ങളുടെ അടുക്കൽ മടങ്ങിയെത്തി അതിന്റെ യാത്ര നിറവേറ്റും. മനുഷ്യന്റെ ഹൃദയത്തിൽ നിന്നും പോകുന്ന ദ്വേഷത്തിന്റെ ഓരോ ശകലം പോലും പൂർണ്ണിശക്തിയോടുകൂടി അവന്റെ നേരെ മടങ്ങിയെത്തുമെന്നുള്ളതു് നിശ്ചയമായിരിപ്പാൻ പാടുള്ളിടത്തോളംതന്നെ നിശ്ചയമായിട്ടുള്ളതാകുന്നു. ഒന്നിനും അതിനെ തടുപ്പാൻ കഴിയില്ല. സ്നേഹത്തിന്റെ ഓരോ തള്ളലും അപ്രകാരം അവന്റെ അടുക്കൽ മടങ്ങി എത്തുന്നതാകുന്നു. മറ്റുപ്രകാരത്തിലും അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയും നോക്കിയാൽ നിത്യാഭിവൃദ്ധിയെ സംബന്ധിച്ച സിദ്ധാന്തം യുക്തിസഹമല്ലെന്നു നാം കാണുന്നു. എന്തുകൊണ്ടെന്നാൽ ലോകത്തുള്ള എല്ലാത്തിന്റെയും അവധി നാശമാണു്. നമ്മുടെ മത്സരങ്ങൾ, ആശാബന്ധങ്ങൾ, ഭയങ്ങൾ, സന്തോഷങ്ങൾ ഇവയെല്ലാം ഏതിനെ ലക്ഷ്യം പിടിച്ചാണു് പോകുന്നതു്? നാം എല്ലാവരും മരണത്തിൽ അവസാനിക്കണം. ഇത്ര നിശ്ചയമായി വേറൊന്നും തന്നെയില്ല. അപ്പോൾ ആ നെടിയ യാത്ര എവിടെ? ഈ അവസാനമില്ലാത്ത അഭിവൃദ്ധിയാത്രയോ? അതു കുറേദൂരം വരെ വെളിയിലേക്കു് പോയി പിന്നെയും പുറപ്പെട്ട സ്ഥാനത്തു് തന്നെ മടങ്ങി എത്തുകയാകുന്നു. എങ്ങിനെ ജ്യോതിഷപടലത്തിൽ (Nebulae) നിന്നും സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും ഉത്ഭവിച്ചിരിക്കുന്നു എന്നു നോക്കുക. ഒടുവിൽ അവ ലയിച്ചു ജ്യോതിഷ പടലത്തിലേക്കു് മടങ്ങി എത്തുകയും ചെയ്യുന്നു. ഇതുതന്നെ എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെടികൾ ഭൂമിയിൽ നിന്നും പദാർത്ഥങ്ങളെ ഗ്രഹിക്കുന്നു. ലയിച്ചു് അവയെ തിരിയെ അതിലേക്കു വിടുകയും ചെയ്യുന്നു. ഈ ലോകത്തിലുള്ള എല്ലാ സ്വരൂപങ്ങളും ചുറ്റുമുള്ള പരമാണുക്കളിൽനിന്നും സ്വരൂപിക്കപ്പെടുകയും ആ പരമാണുക്കളിൽത്തന്നെ തിരികെപ്പോയി ലയിക്കുകയും ചെയ്യുന്നു.

ഒരു നിയമം തന്നെ പല സ്ഥലങ്ങളിൽ പലപ്രകാരേണ പ്രവർത്തിക്കുന്നു എന്നുള്ളതു വരുന്നതല്ല. നിയമം ഐകരൂപ്യമുള്ളതാണു്. അതിനേക്കാൾ അധികം നിശ്ചിതമായി വേറെ ഒന്നുമില്ല. പ്രകൃതിയുടെ നിയമം ഇതാണെങ്കിൽ ഇതുതന്നെയാണു് വിചാരത്തെ സംബന്ധിച്ചുമുള്ളതു്; അതും ലയിക്കുകയും അതിന്റെ ഉല്പത്തിസ്ഥാനത്തിൽ തിരികെ വന്നുചേരുകയും ചെയ്യും. നാം, നാം ആഗ്രഹിക്കുന്നു എങ്കിലും ഇല്ലെങ്കിലും ഈശ്വരൻ അല്ലെങ്കിൽ കേവലാത്മാവു് എന്നു പറയുന്ന നമ്മുടെ ഉല്പത്തിസ്ഥാനത്തിൽ മടങ്ങിയെത്തേണ്ടതാണു്. നാം എല്ലാവരും ഈശ്വരനിൽ നിന്നും വന്നു. നാം എല്ലാവരും ഈശ്വരങ്കൽ മടങ്ങി എത്തുവാൻ കടപ്പെട്ടിരിക്കയുമാകുന്നു. ആ ഈശ്വരനെ നിങ്ങളുടെ ഇഷ്ടംപോലെ ഏതെങ്കിലും പേരു വിളിക്കുവിൻ. അദ്ദേഹത്തെ ഈശ്വരനെന്നോ കേവലാത്മാവെന്നോ പ്രകൃതിയെന്നോ നിങ്ങളുടെ ഇഷ്ടംപോലെ എത്ര നൂറു പേരുകൾ ചൊല്ലിയോ വിളിച്ചുകൊള്ളുവിൻ. വസ്തുത അതേ സ്ഥിതിയിൽത്തന്നെ ഇരിക്കും. ഈ ലോകം മുഴുവൻ ആരിൽനിന്നും ഉണ്ടാകുന്നു, ഉണ്ടായ എല്ലാം ആരിൽ ജീവിക്കുന്നു ആരിൽ എല്ലാം തിരിയെ മടങ്ങിയെത്തുകയും ചെയ്യുന്നു. (യതോ വാ ഇമാനി ഭൂതാനി ജായന്തേ യേന ജാതാനി ജീവന്തി, യൽപ്രയന്ത്യഭിസംവിശന്തി) ഇതു തർക്കരഹിതമായ ഒരു വസ്തുതയത്രേ. പ്രകൃതി ഇതേ മാതൃകയിൽ തന്നെ പ്രവർത്തിക്കുന്നു. ഒരു ഭാഗത്തു് എങ്ങനെ വ്യാപരിക്കപെട്ടിരിക്കുന്നുവോ അതേപ്രകാരം തന്നെ ലക്ഷോപലക്ഷം ഭാഗങ്ങളിലും പ്രവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രഹങ്ങളിൽ നിങ്ങൾ എന്തു കാണുന്നുവോ അതേ കാര്യം തന്നെ ഭൂമിയിലും, മനുഷ്യരിലും നക്ഷത്രങ്ങളിലും കാണപ്പെടുന്നു. ഒരു ഉന്നതമായ അല അനേകം ചെറു അലകളുടെ ഒരു ശക്തിമത്തായ കൂട്ടായിരിക്കും അനേക ലക്ഷം അലകളുടെതായിരിക്കും. ഈ മുഴുവൻ ലോകത്തിന്റെ ജീവിതം അനേകകോടി ചെറുജീവിതങ്ങളുടെ സംഘാതമാണു്. ഈ മുഴുവൻ ലോകത്തിന്റെ മരണം ഈ എത്രയോ കോടി ചെറു ജീവികളുടെ മരണത്തിന്റെ സമൂഹവുമാകുന്നു.

ഇപ്പോൾ ഒരു ചോദ്യം വരുന്നതു് ‘ഈശ്വരനിലേക്കു തിരികെ പോകുന്നതു് ഒരു ഉയർന്ന അവസ്ഥ തന്നെയോ? അല്ലെയോ?’ എന്നാകുന്നു. യോഗപാക്ഷകന്മാരായ തത്വജ്ഞാനികൾ ദൃഢമായും ‘തന്നെ’ എന്നാണു ഉത്തരം പറയുന്നതു്. മനുഷ്യന്റെ ആധുനികാവസ്ഥ ഒരു അധഃപതനമാണെന്നവർ പറയുന്നു. ഭൂമിയിൽ ഒരു മതവും മനുഷ്യൻ നന്നായിരിക്കയാണെന്നു പറയുന്നില്ല. അതിന്റെ താല്പര്യം അവന്റെ ആദി, പരിപൂർണ്ണവും, പരിശുദ്ധവുമായിട്ടുള്ളതാണെന്നും, അവൻ മേലാൽ അധഃപതിക്കാൻ തന്നാൽ കഴിയാതാകുന്നതുവരെ അധഃപതിക്കുന്നു എന്നും പിന്നെ തന്റെ ഗതിയുടെ വൃത്തത്തെ പൂർത്തിയാക്കാനായി വീണ്ടും മേല്പോട്ടേക്കു് കയറിച്ചെല്ലുന്ന ഒരുകാലം നിശ്ചയമായും അവനുണ്ടാകുമെന്നും ആകുന്നു. ആ വൃത്തം തീർച്ചയായും ഉണ്ടായിരിക്കണം. അവൻ എത്രതന്നെ താഴോട്ടു് പോയാലും അവസാനം മേല്പോട്ടേക്കുള്ള ഒരു തിരച്ചിൽ വീണ്ടും ഉണ്ടാകുന്നതും മൂല കാരണമായ ഈശ്വരനിൽ തിരികെ പോയി ചേരുന്നതും ആകുന്നു. ആദ്യം മനുഷ്യൻ ഈശ്വരനിൽ നിന്നും വരുന്നു. മദ്ധ്യേ അവൻ മനുഷ്യനായിത്തീരുന്നു. ഒടുവിൽ അവൻ ഈശ്വരനിൽ തന്നെ മടങ്ങിപ്പോകയും ചെയ്യുന്നു. ഇതാണു ദ്വൈതമതപ്രകാരം അതിനെ പ്രതിപാദിക്കുന്ന ക്രമം. അദ്വൈതമതപ്രകാരം പറയുന്നതു് മനുഷ്യൻ തന്നെയാണു് ഈശ്വരനെന്നും വീണ്ടും ആ ഈശ്വരനിൽ തന്നെ അവൻ മടങ്ങിയെത്തുന്നു എന്നുമാകുന്നു. നമ്മുടെ വർത്തമാനാവസ്ഥ ഉയർന്നതാണെങ്കിൽ എന്തുകൊണ്ടു് ഇത്രയെല്ലാം ഭയവും കഷ്ടതയുമുണ്ടാകണം? എന്തുകൊണ്ടു് ഇതിനു ഒരു അവസാനം ഉള്ളതായിരിക്കണം? ഇതാണു് ഉപരിതനമായ അവസ്ഥയെങ്കിൽ എന്തുകൊണ്ടിതു് നശിച്ചുപോകുന്നു? ദുഷിക്കയും അധഃപതിക്കുകയും ചെയ്യുന്നതായ അവസ്ഥ സർവോൽക്കൃഷ്ടമായിരിപ്പാൻ പാടുള്ളതല്ല. എന്തുകൊണ്ടു് ഇതു ഇത്ര ആസുരവും ഇത്ര അതൃപ്തികരവും ആയിരിക്കണം? ഇതിൽക്കൂടി നാം ഒരു ഉയർന്ന പന്ഥാവിലേക്കു് തിരിയുന്നു എന്നുള്ളതുകൊണ്ടു് മാത്രമേ ഇതു സഹനീയമായിരിക്കുന്നുള്ളു. നാം വീണ്ടും ഊർദ്ധ്വഗാമികളാകുന്നതിനു ഇതിൽക്കൂടി കടന്നു പോകേണ്ടിയിരിക്കുന്നു. ഒരു വിത്തു നിലത്തിടുക. അതു് അവിടെകിടന്നു ശിഥിലമാകയും, കുറെക്കഴിഞ്ഞു ദ്രവിച്ചുപോകയും ചെയ്യുന്നു. ആ ദ്രവിച്ചുപോയതിൽ നിന്നാണു് ഒരു പ്രൗഢമായ ഒരു വൃക്ഷം വളർന്നുവരുന്നതു്. ഒരു ഉന്നതമായ വൃക്ഷമായിത്തീരണമെങ്കിൽ ഓരോ വിത്തും അധോഗതിയെ പ്രാപിക്കതന്നെ വേണം. അതുകൊണ്ടു് നാം മനുഷ്യൻ എന്നു പറയുന്ന ഈ അവസ്ഥയിൽനിന്നും നമുക്കു് എത്രവേഗത്തിൽ പുറത്തു ചാടാൻകഴിയുമോ അത്രയും നല്ലതാണെന്നു് സിദ്ധിക്കുന്നു. ആത്മഹത്യ, ചെയ്തിട്ടാണോ നാം ഈ സ്ഥിതിയിൽ നിന്നും പുറത്തുചാടേണ്ടതു്? ഒരിക്കലുമല്ല. അതു കാര്യത്തെ കുറേക്കൂടി വഷളാക്കുന്നതായിരിക്കും. പുറത്തു വരാനുള്ള മാർഗ്ഗം ആത്മഹിംസ ചെയ്കയോ, ലോകദൂഷണം ചെയ്കയോ അല്ല. കൊഴിച്ച ചട്ടയിൽ പാമ്പിനുള്ളപോലെയുള്ള സക്തിഹീനത (Despond of the slough) യോടെ നാം കടന്നു പോകേണ്ടതാകുന്നു. എത്രവേഗം കടന്നുപോകുമോ അത്രയും നന്നു്. എന്നാൽ ഏറ്റവും ഉയർന്നതായ അവസ്ഥ ഇതല്ലെന്നുള്ളതും എല്ലായ്പ്പോഴും ഓർത്തു കൊള്ളണം.

ഏറ്റവും ഉൽകൃഷ്ടമായി പറയപ്പെട്ടിരിക്കുന്ന കേവലാവസ്ഥ, ചിലർ ശങ്കിക്കും പോലെ സസ്യപ്രാണിയുടെയോ കല്ലിന്റെയോ അവസ്ഥയല്ലന്നുള്ള ഭാഗം മനസ്സിലാക്കുവാനാണു് വാസ്തവത്തിൽ വളരെ പ്രയാസം. അങ്ങനെ വിചാരിക്കുന്നതു് ആപൽക്കരമാണു്. ഈ മാതിരി തത്വചിന്തകന്മാരുടെ അഭിപ്രായപ്രകാരം സ്ഥിതി രണ്ടുപ്രകാരം മാത്രമേയുള്ളൂ ഒന്നു കല്ലിന്റേതു്, മറ്റേതു വിചാരത്തിന്റേതു്. സ്ഥിതിയെ (ജീവിതത്തെ) ഈ രണ്ടു മാത്രമാണെന്നു് ഖണ്ഡിച്ചു പറവാൻ അവർക്കു് എന്തധികാരമാണുള്ളതു്? വിചാരത്തേക്കാൾ അളവില്ലാത്ത ഉൽക്കർഷമുള്ള എതാണ്ടൊന്നില്ലയോ? പ്രകാശത്തിന്റെ വിസ്ഫുരണങ്ങൾ വളരെ മന്ദമായിരിക്കുമ്പോൾ നാം കാണുന്നില്ല. കുറെക്കൂടി തീവ്രമാകുമ്പോൾ അവ നമുക്കു് പ്രകാശമായിത്തീരുന്നു. അതിലുമധികം തീവ്രമാകുമ്പോൾ വീണ്ടും നാം അവയെ കാണുന്നില്ല. നമുക്കു് അതു ഇരുട്ടായിരിക്കുന്നു. ഈ അവസാനത്തെ ഇരുട്ടും ആദ്യത്തെ ഇരുട്ടും ഒന്നാണോ? നിശ്ചയമായും അല്ല. ഇവക്കു് തമ്മിൽ ദക്ഷിണോത്തര ധ്രുവങ്ങൾക്കുള്ള വ്യത്യാസമുണ്ടു്. കല്ലിന്റെ വിചാരഹീനതയും, ഈശ്വരന്റെ വിചാരഹീനതയും ഒന്നോ? തീർച്ചയായും അല്ല. ഈശ്വരൻ വിചാരിക്കുന്നില്ല. അദ്ദേഹം ഊഹിക്കുന്നില്ല. എന്തിനു് ഊഹിക്കണം? അദ്ദേഹത്തിനു് ഊഹിപ്പാൻ അദ്ദേഹം അറിയാത്തതായി എന്തെങ്കിലുമുണ്ടോ? കല്ലിനു് ഊഹിപ്പാൻ കഴിയില്ല. ഈശ്വരൻ ഊഹിക്കുന്നില്ല. അതാണു് വ്യത്യാസം. വിചാരത്തെ അതിക്രമിച്ചു പോകുന്നതു് ഭയങ്കരമാണെന്നു ഈ തത്വചിന്തകന്മാർ വിചാരിക്കുന്നു. വിചാരത്തിനങ്ങേപ്പുറം അവർ യാതൊന്നും കാണുന്നില്ല.

ഊഹത്തിന്നപ്പുറമായി അധികമുയർന്ന അവസ്ഥകളുണ്ടു്. മതസംബന്ധമായ ജീവിതത്തിന്റെ പ്രഥമാവസ്ഥ തന്നെ കാണപ്പെടുന്നതു് വാസ്തവത്തിൽ ബുദ്ധിയുടെ അപ്പുറത്താകുന്നു. വിചാരത്തിന്റെയും ബുദ്ധിയുടെയും ഊഹത്തിന്റെയും അപ്പുറത്തു പ്രവേശിക്കുന്നതെപ്പോഴോ അപ്പോഴാണു് ഈശ്വരന്റെ സന്നിധിയിലേക്കു പോകാൻ നിങ്ങൾ ഒന്നാമത്തെ കാലു വയ്ക്കുന്നതു്. ജീവിതത്തിന്റെയും ആരംഭം അതുതന്നെ. സാധാരണമായി ജീവിതമെന്നു പറയുന്ന ഈ അവസ്ഥയാകട്ടെ കേവലം ഒരു ഗർഭാവസ്ഥയേ ആകുന്നുള്ളൂ.

അടുത്ത ചോദ്യം വിചാരത്തിനും ഊഹത്തിനുമതീതമായ ഈ അവസ്ഥയാണു് ഏറ്റവും ഉയർന്ന അവസ്ഥ എന്നുള്ളതിനു് സാധകം എന്താണു്? എന്നായിരിക്കും. ഒന്നാമതുതന്നെ ലോകത്തുള്ള മഹത്തുക്കൾ കേവലം ജല്പകന്മാരേക്കാൾ വളരെ യോഗ്യന്മാരായ മഹത്തുക്കൾ ലോകത്തെ ഇളക്കി മറിച്ച ആളുകൾ യാതൊരു പ്രകാരത്തിലുമുള്ള സ്വാർഥത്തിന്റെ ലേശവും തീണ്ടിയിട്ടില്ലാത്ത ആളുകൾ എല്ലാം ഇതു വഴിയിലുള്ള ഒരു ചെറിയ സ്ഥാനമാണെന്നും, അഖണ്ഡം ഇതിന്നപ്പുറമാണെന്നും ഘോഷിച്ചിരിക്കുന്നു. രണ്ടാമതു് അവർ കേവലം അങ്ങനെ പറയുക മാത്രമല്ല ചെയ്യുന്നതു്; എല്ലാവർക്കും തുറന്നു കാണിക്കുന്നു. അവർ അവരുടെ സമ്പ്രദായങ്ങളെ നൽകുന്നു. ആർക്കും അവർ പോയ മാർഗ്ഗത്തെ പിന്തുടർന്നു കൊള്ളാം. മൂന്നാമതു് വേറെ ഒരു പന്ഥാവു് കാണുന്നില്ല. വേറെ സമാധാനം ഒന്നുമില്ല. ഉയർന്നതായി ഒരവസ്ഥയില്ലെന്നു സമ്മതിക്കുന്ന പക്ഷം എന്തുകൊണ്ടാണു് ഈ കാലമെല്ലാം നാം ഈ വൃത്തത്തിൽ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു്? ഈ ലോകജീവിതത്തെപ്പറ്റി ഏതു ഊഹത്തിനു സമാധാനം പറവാൻ കഴിയും. നമുക്കു് ഇന്ദ്രിയവിഷയങ്ങളെ കടന്നുപോവാൻ കഴികയില്ലെങ്കിലും, നമുക്കു് അതിലധികമായ ഏതെങ്കിലും ആവശ്യമില്ലെങ്കിലും നമ്മുടെ ജ്ഞാനത്തിന്റെ അവധി ഇന്ദ്രിയവിഷയം തന്നെയായിരിക്കും. ഇതാണു് സന്ദിഗ്ദ്ധമതമെന്നു പറയുന്നതു്. എന്നാൽ ഇന്ദ്രിയങ്ങളുടെ സാക്ഷ്യത്തെ വിശ്വസിക്കുന്നതിനു എന്തു യുക്തിയാണുള്ളതു്? ഒരുവൻ തെരുവിൽ നിശ്വേഷ്ടനായിനിന്നു മരിച്ചുകളയുമെങ്കിൽ അവനെ ഞാൻ ഒരു വാസ്തവ സന്ദിഗ്ദ്ധമതക്കാരൻ എന്നുപറയാം. യുക്തിയാണു് സർവ്വപരപ്രധാനമെങ്കിൽ ശൂന്യസിദ്ധാന്തത്തിന്റെ ഇങ്ങേപ്പുറത്തു നിൽപ്പാൻ നമുക്കു് അതു് ഇടം തരുന്നില്ല. ഒരു മനുഷ്യൻ മറ്റെല്ലാ വിഷയത്തിലും സന്ദിഗ്ദ്ധമതക്കാരനും എന്നാൽ പണം, കീർത്തി, പേർ ഇവയെ പറ്റി അങ്ങനെ അല്ലാത്തവനുമാണെങ്കിൽ അവൻ ഒരു ധൂർത്തനേ ആകുന്നുള്ളു. ഊഹമെന്നു പറയുന്ന വമ്പിച്ച കഠിന ഭിത്തി കടന്നു നമുക്കു് പോകാൻ പാടില്ലെന്നു് ക്യാന്റ് (എന്ന തത്ത്വശാസ്ത്രജ്ഞൻ) സന്ദേഹലേശമെന്നിയെ സാധിച്ചിട്ടുണ്ടു്. എന്നാൽ ഈ അഭിപ്രായമാണു് ആദ്യമേ ഉള്ളതു്. അതിന്മേലാണു് എല്ലാ ഇന്ത്യൻ തത്വവിചാരങ്ങളും താങ്ങി നിന്നു് അന്വേഷിപ്പാൻ ഒരുമ്പെടുകയും ആധുനികാവസ്ഥയുടെ കാരണത്തെ കാണിക്കുന്നതായി ഊഹത്തിൻ ഉപരിയായ ഏതോ ഒന്നുണ്ടെന്നു കണ്ടു പിടിപ്പാൻ ശക്തമാകുകയും ചെയ്യുന്നതു്. നമ്മെ ലോകത്തിന്റെ അങ്ങേപ്പുറത്തു കടത്തി വിടുന്ന ഒന്നിനെപറ്റി ആരാഞ്ഞറിയുന്നതിന്റെ വില ഇതാണു്. ‘അങ്ങു നമ്മുടെ പിതാവാകുന്നു. അങ്ങുതന്നെ നമ്മെ ഈ അജ്ഞാനമഹാസമുദ്രത്തിന്റെ മറുകരയിലേയ്ക്കു കൊണ്ടുപോകണം.’ ഇതാണു മതശാസ്ത്രം. വേറെ ഏതെങ്കിലുമായിരിപ്പാൻ പാടില്ല.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.