images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
രാജയോഗ സംക്ഷേപം

താഴെ കാണുന്നതു് കൂർമ്മപുരാണത്തിൽനിന്നെടുത്തു സ്വതന്ത്രമായി തർജ്ജമ ചെയ്തിട്ടുള്ള രാജയോഗത്തിന്റെ ചുരുങ്ങിയ ഒരു വിവരണം ആകുന്നു.

യോഗമാകുന്ന അഗ്നി മനുഷ്യനെ ബന്ധിച്ചിരിക്കുന്ന പാപമാകുന്ന പഞ്ജരത്തെ ദഹിപ്പിക്കുന്നു. അപ്പോൾ ജ്ഞാനം ശുദ്ധീകരിക്കപ്പെടുകയും മോക്ഷം സാക്ഷാൽ പ്രാപ്യമാകുകയും ചെയ്യുന്നു. യോഗത്തിൽനിന്നു ജ്ഞാനം ഉണ്ടാകുന്നു. ജ്ഞാനം യോഗിയെ സഹായിക്കുകയും ചെയ്യുന്നു. യോഗവും ജ്ഞാനവും ആകുന്ന രണ്ടും ഒന്നായി ചേർന്നിരിക്കുന്ന ഒരുവനിൽ ഈശ്വരൻ പ്രസന്നനായിത്തീരുന്നു. ദിവസം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമോ എല്ലായ്പ്പോഴുമോ ‘മഹായോഗം’ ശീലിക്കുന്നതാരോ അങ്ങനെയുള്ളവരെ ദേവന്മാർ എന്നു് വിചാരിക്കുവിൻ! യോഗം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു അഭാവയോഗമെന്നും മറ്റേതിനു മഹായോഗം എന്നും പറയുന്നു. ഏതിൽ ആത്മാവു് ഗുണരഹിതമായും ശൂന്യംപോലെയും ധ്യാനിക്കപ്പെടുന്നുവോ അതു് അഭാവയോഗം എന്നു പറയപ്പെടുന്നു. ഓരോന്നുകൊണ്ടും യോഗി തന്റെ ആത്മാവിനെ അനുഭവിച്ചറികയാകുന്നു. ഏതിൽ ഒരുവൻ തന്നെ ആനന്ദപൂർണ്ണനായും സർവകൽമഷനിർമുക്തനായും ഈശ്വരനോടു് ഏകീഭൂതനായും കാണുന്നുവോ ആയതു് മഹായോഗം എന്നുപറയപ്പെടുന്നു. നാം വായിച്ചറികയും കേട്ടറികയും ചെയ്യുന്ന മറ്റു യോഗങ്ങൾ ഒന്നും തന്നെയും മുഴുവൻ പ്രപഞ്ചത്തെയും സാക്ഷാൽ ഈശ്വരൻ മാത്രമായി കാണുന്നതായ ആ ബ്രഹ്മയോഗത്തിന്റെ ഒരു അംശത്തിനു വില പോരുന്നതല്ല. ഇതാണു് എല്ലാ യോഗങ്ങളിലും വച്ചു് ഏറ്റവും ഉപരിതനമായതു്.

രാജയോഗത്തിന്റെ പടികൾ (അംഗങ്ങൾ) താഴെ കാണുന്നവയാണു്. യമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. ഇവയിൽ ആരെയും ഉപദ്രവിക്കാതിരിക്ക, സത്യം പറക, ഒന്നിനെയും അപഹരിക്കാതിരിക്ക, ബ്രഹ്മചര്യം, മറ്റാരിൽനിന്നും ഒന്നിനെയും സ്വീകരിക്കാതിരിക്ക, ഇവ യമം ആകുന്നു. ഇതു ചിദ്ധശുദ്ധിയെ ഉണ്ടാക്കുന്നു. വിചാരംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും ഒരിക്കലും ഒരു പ്രാണിക്കും പീഡയുണ്ടാക്കാതിരിക്കയാണു് ആരെയും ഉപ്രദ്രവിക്കാതിരിക്ക അതായതു് ‘അഹിംസ’ എന്നു പറയുന്നതു്. ഈ അഹിംസയേക്കാൾ വലുതായ ധർമ്മം ഇല്ല. എല്ലാ സൃഷ്ടിജാലങ്ങളുടെ നേരയുമുള്ള അദ്രോഹബുദ്ധിയിൽ നിന്നു് സിദ്ധിക്കുന്നതിനേക്കാൾ ഉന്നതമായ സൗഖ്യം ഒന്നുമില്ല. സത്യംകൊണ്ടു നമുക്കു് കർമ്മസിദ്ധി ഉണ്ടാകുന്നു. സത്യം കൊണ്ടു് സർവസ്വവും സിദ്ധമാകുന്നു. സത്യത്തിൽ എല്ലാം പ്രതിഷ്ഠിതമായിരിക്കുന്നു. വസ്തുക്കളെ ഉള്ളവണ്ണം തന്നെ പറയുന്നതാണു് സത്യം. അന്യന്മാരുടെ വസ്തുക്കളെ അവർ അറിയാതെയോ ബലാൽക്കാരമായോ കയ്ക്കലാക്കാതിരിക്കുന്നതാണു് ‘അസ്തേയം’ എന്നുപറയുന്നതു്. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും എല്ലായ്പ്പോഴും ഏതവസ്ഥയിലും ഉള്ള ചാരിത്രശുദ്ധിക്കാണു ബ്രഹ്മചര്യം എന്നുപറയുന്നതു്. ഒരാളിൽ നിന്നും ഏതു ഭയങ്കരമായ ആപത്തിൽകൂടിയും ഒരു ദാനവും സ്വീകരിക്കാതിരിക്കുന്നതിനു് ‘അപരിഗ്രഹം’ എന്നുപറയുന്നു. ഒരുത്തൻ മറ്റൊരുത്തനിൽനിന്നു ദാനം സ്വീകരിക്കുമ്പോൾ അവന്റെ ഹൃദയം മലിനമാകുകയും, അവൻ പതിതനാകുകയും, അവന്റെ സ്വാതന്ത്ര്യം പോയ്പോകയും അവൻ ബദ്ധനും സക്തനുമായിത്തീരുകയും ചെയ്യുന്നു എന്നാണു സിദ്ധാന്തം. താഴെക്കാണുന്നവ യോഗസിദ്ധിക്കു ഉപകാരകങ്ങളാണു്. (നിയമം നിരന്തരമായ ആചാരങ്ങളും നിഷ്ഠകളും) തപസ്സു്, സാദ്ധ്യയം (വേദപഠനം), സന്തോഷം. ശൗചം ഈശ്വരപ്രണിധാനം (ഈശ്വരധ്യാനം). ഉപവസിച്ചിട്ടോ മറ്റുപ്രകാരത്തിലോ ശരീരത്തെ നിയമനം ചെയ്യുന്നതിനെ കായികതപസ്സെന്നുപറയുന്നു.

വേദങ്ങളെയോ മറ്റുമന്ത്രങ്ങളെയോ ആവർത്തനം ചെയ്തു ശരീരാന്തസ്ഥമായ സത്വത്തെ ശുദ്ധീകരിക്കുന്നതിനാണു് സ്വാദ്ധ്യായം എന്നു പറയുന്നതു്. ഈ മന്ത്രങ്ങൾക്കു് മൂന്നുപ്രകാരം ആവർത്തനങ്ങൾ അല്ലങ്കിൽ ജപങ്ങൾ ഉണ്ടു്. ഒന്നു് വാചികം മറ്റൊന്നു് അർദ്ധകവാചികം മൂന്നാമത്തേതു് മാനസികം. വാചികം അല്ലങ്കിൽ ശ്രാവ്യം അധമമാകുന്നു. അശ്രാവ്യം എല്ലാറ്റിലുംവച്ചു് ഉത്തമവുമാണു്. ആർക്കും കേൾക്കത്തക്കവണ്ണം അത്ര ഉച്ചത്തിലുള്ള ജപം വാചികമാണു്. രണ്ടാമത്തേതിൽ ഉച്ചാരണസ്ഥാനങ്ങൾ സ്ഫുരിപ്പാൻ ആരംഭിക്കുകയേ ഉള്ളു. ശബ്ദശ്രവണം ഉണ്ടാകയില്ല. അടുത്തിരിക്കുന്ന വേറൊരാൾക്കു് എന്തുപറഞ്ഞു എന്നു കേട്ടുകൂട. ശബ്ദം ഇല്ലാതിരിക്കയും മന്ത്രങ്ങളെ മനസ്സുകൊണ്ടു് ജപിക്കയും അതോടുകൂടി അതിന്റെ അർഥത്തെ ചിന്തിക്കയും ചെയ്യുന്നതിനു് ‘മാനസജപം’ എന്നു പറയുന്നു. അതാണുത്തമമായിട്ടുള്ളതു്. ആഭ്യന്തരവും ബാഹ്യവുമായ രണ്ടുതരം ശൗചമുണ്ടെന്നു ഋഷികൾ പറഞ്ഞിരിക്കുന്നു. ശരീരത്തിന്റെ ശൗചം മൃത്തു് (മണ്ണു്), മറ്റു പദാർത്ഥങ്ങൾ ഇവകൊണ്ടാണു് അതായതു് സ്നാനാദികൾ കൊണ്ടുള്ള ബാഹ്യശൗചം. മനസ്സിന്റെ ശൗചം സത്യം കൊണ്ടും മറ്റുള്ള എല്ലാ ധർമ്മങ്ങളെക്കൊണ്ടും ആകുന്നു. അതിനാണു് ആഭ്യന്തരശൗചം എന്നു പറയുന്നതു്. രണ്ടും ആവശ്യമാകുന്നു. ഒരു മനുഷ്യൻ അകത്തു ശുദ്ധനായും പുറത്തു അശുചിയായും ഇരുന്നാൽ മതിയാകുന്നതല്ല. രണ്ടു ശൗചവും സാദ്ധ്യമല്ലെങ്കിൽ ആന്തരശൗചം കുറേക്കൂടി നല്ലതാണു്. എന്നാൽ രണ്ടും ഉണ്ടാകുന്നതുവരെ ഒരുവൻ യോഗിയാകുന്നതല്ല.

പ്രണിധാനം അല്ലെങ്കിൽ ആരാധനം ഈശ്വരനെ ഭക്തിയോടു കൂടി സ്തോത്രം ചെയ്കയും സ്മരിക്കുകയും ആകുന്നു. യമത്തെയും നിയമത്തെയുംപറ്റി നാം പറഞ്ഞുകഴിഞ്ഞു. അടുത്തതു് പ്രാണായാമമാണു്. പ്രാണൻ എന്നുവച്ചാൽ ഒരുത്തന്റെ സ്വന്തശരീരത്തിൽ തന്നെയുള്ള ജീവശക്തികൾ എന്നു് അർത്ഥമാകുന്നു. യമം എന്നുവെച്ചാൽ അവയുടെ നിയമനം എന്നർത്ഥമാണു്. മൂന്നുവിധ പ്രാണായാമങ്ങൾ ഉണ്ടു്. സാധാരണം, മദ്ധ്യമം. ഉത്തമം. പ്രാണയാമങ്ങളെ മുഴുവൻ രണ്ടുഭാഗമായി വിഭജിച്ചിരിക്കുന്നു. ഒന്നിനു പൂരകം എന്നും മറ്റേതിനു് രേചകം എന്നും പറയുന്നു. പന്ത്രണ്ടു മാത്രകൾ കൊണ്ടു് ആരംഭിക്കുന്നതു് അധമപ്രാണയാമവും ഇരുപത്തിനാലു മാത്രകൾകൊണ്ടു് ആരംഭിക്കുന്നതു് മദ്ധ്യമ പ്രാണയാമവും ആണു്. മുപ്പത്തിയാറു മാത്രകൾ കൊണ്ടു ആരംഭിക്കുന്ന പ്രാണയാമമാണു് ഉത്തമമായിട്ടുള്ളതു്. ആദ്യം ശരീരത്തിനു സ്വേദവും പിന്നീടു് കമ്പവും പിന്നീടു് ആസനത്തിൽനിന്നു് ഉത്ഥാനവും ആത്മാവിനോടുള്ള ആനന്തയുക്തമായ ഏകീഭാവവും ഉണ്ടാകുന്ന പ്രാണായാമമാണു് ഏറ്റവും ഉത്തമമായിട്ടുള്ളതു്. ഗായത്രി [1] എന്നു പ്രസിദ്ധമായ മന്ത്രമുണ്ടല്ലോ. ഇതു വേദങ്ങളിൽ വച്ചേറ്റവും പരിശുദ്ധമായിട്ടുള്ള ഒരു പദ്യം ആകുന്നു. ‘ഈ ലോകത്തെ സൃഷ്ടിച്ച ആ പരിശുദ്ധസ്വരൂപിയുടെ മാഹാത്മ്യത്തെ ധ്യാനിക്കുവിൻ. അവൻ നമ്മുടെ ബുദ്ധിയെ ഉൽബോധിപ്പിക്കട്ടെ’ എന്നാണതിന്റെ താല്പര്യം. പിന്നെ ഓം എന്നുള്ളതിനെ അതിന്റെ ആരംഭത്തിലും ഒടുവിലും ചേർക്കണം. ഒരു പ്രാണായാമത്തിൽ മൂന്നുപ്രാവശ്യം ഗായത്രി ഉരുവിടണം. എല്ലാ ഗ്രന്ഥങ്ങളിലും പ്രാണായാമം രേചകം, (ശ്വാസത്തെ വെളിയിൽ വിടുക) പൂരകം (ശ്വാസത്തെ ഉള്ളിലേക്കു് വലിക്കുക), കുംഭകം (ശ്വാസത്തെ ഉള്ളിൽ തടഞ്ഞുനിർത്തുക) ഇങ്ങനെ മൂന്നായിട്ടു വിഭജിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾ വെളിയിൽ വ്യാപരിച്ചു വിഷയങ്ങളോടു് സംബന്ധിക്കുന്നു. അതിനെ നിയമനം ചെയ്തു മനസ്സിന്റെ അധീനതയിൽ നിർത്തുന്നതിന്നാണു് പ്രത്യാഹാരം എന്നു പറയുന്നതു്. തന്നിൽ ഒതുക്കുക എന്നതാണു് അതിന്റെ അവയവാർത്ഥം.

മനസ്സിനെ ഹൃദയപത്മത്തിലോ ശിരോമദ്ധ്യത്തിലോ സ്ഥിരമായി നിർത്തുന്നതിനാണു് ധാരണ എന്നു പറയുന്നതു്. ഒരേ സ്ഥാനത്തിൽ തന്നെ സ്ഥിതി ചെയ്കയും മനസ്സിന്റെ വൃത്തികൾ വിജാതീയ വൃത്തികളോടു് ഇടകലരാതെ പൊങ്ങി ഒരുസ്ഥാനത്തെത്തന്നെ ആധാരമാക്കി നിൽക്കയും മറ്റെല്ലാ വൃത്തികളും നിന്നുപോകയും മനസ്സിൽ ഒരു വൃത്തിമാത്രം ഉണ്ടായിരിക്കയും ചെയ്യുമ്പോൾ അതിനാണു് ധ്യാനം എന്നു പറയുന്നതു്. ഒരു ആലംബവും ആവശ്യപ്പെടാതെയും മനസ്സു മുഴുവൻ ഒരു അഖണ്ഡാകാരവൃത്തിയായും തീരുമ്പോൾ അതിനാണു് സമാധി എന്നുപറയുന്നതു്. ആധാരങ്ങളുടെയും സ്ഥാനങ്ങളുടെയും സകലസംബന്ധവും വിട്ടു നിരാലംബമായി വസ്തുവിന്റെ അർത്ഥം മാത്രം അപ്പോൾ ശേഷിച്ചു നിൽക്കുന്നു. മനസ്സിനെ ഒരുസ്ഥാനത്തിൽ പന്ത്രണ്ടു മാത്രനേരത്തേക്കു് നിർത്താൻ കഴിഞ്ഞാൽ അതു് ഒരു ‘ധാരണ’ ആകും. അതുപോലെ പന്ത്രണ്ടു ധാരണകൾ ഒരു ധ്യാനമാകും. അങ്ങനെ ഉള്ള പന്ത്രണ്ടു ധ്യാനങ്ങൾ ചേർന്നാൽ ഒരു സമാധിയും ആകും. അടുത്തതു് ആസനം ആണു്. അതിൽ മനസ്സിലാക്കേണ്ട ഏക സംഗതി ശരീരത്തെ നേരെ (ഋജു) വച്ചു, ഹൃദയം ഭുജങ്ങൾ ശിരസ്സു് ഇവയെ നേരെ ആക്കി ഇരുന്നേക്കുക എന്നുള്ളതാകുന്നു. തീയുടെ അടുക്കലും വെള്ളത്തിലും ഉണക്കയിലകൾ നിറഞ്ഞസ്ഥലത്തും, ദുഷ്ടജന്തുക്കൾ ഉള്ള ദിക്കിലും, നാൽക്കോൽ പെരുവഴികളിലും അധികം ശബ്ദങ്ങൾ ഉള്ളേടത്തും അധികം ഭയമുള്ളേടത്തും അധികം പുറ്റുകൾ ഉള്ളേടത്തും, അധികം ദുഷ്ടമനുഷ്യർ ഉള്ള സ്ഥലത്തും ഇരുന്നു യോഗം അഭ്യസിക്കരുതു്. ഇതു വിശേഷിച്ചും അധികം പറ്റുന്നതു് ഇന്ത്യദേശത്തിനാണു്. ശരീരം വളരെ തളർന്നിരിക്കുമ്പോഴും മനസ്സു് വളരെ അസ്വസ്ഥമായും വ്യസനയുക്തമായും ഇരിക്കുമ്പോഴും എന്തെങ്കിലും രോഗം ബാധിച്ചിരിക്കുമ്പോഴും, അഭ്യസിക്കരുതു്. നല്ല മറവുള്ളതും ജനങ്ങൾ വന്നു യാതൊരു പ്രകാരത്തിലും ഉപദ്രവിക്കാത്തതുമായ ഒരു സ്ഥലത്തേക്കു പോകുക. നിങ്ങൾ ചെയ്യുന്നതു് എന്താണെന്നു് ജനങ്ങൾ അറിയാതിരിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുമ്പോൾ തന്നെ (അതിനെ കാണ്മാൻ) ജനങ്ങൾക്കു് ആസക്തിയുണ്ടാകുന്നതു കാണാം. എന്നാൽ നിങ്ങൾ തെരുവിൽ ചെന്നു് ഇരിക്കുകയും നിങ്ങൾ ചെയ്യുന്നതിനെ ജനങ്ങൾ കാണണമെന്നു ആവശ്യപ്പെടുകയുമാണെങ്കിൽ അവർ അതിനെ വകവയ്ക്കുക തന്നെ ഇല്ല. അശുചിയായ സ്ഥലങ്ങളെ തിരഞ്ഞെടുക്കരുതു്. ഭംഗിയുള്ള പ്രദേശങ്ങളെ തിരഞ്ഞെടുക്കണം. അല്ലങ്കിൽ നിങ്ങളുടെ സ്വന്തഗൃഹങ്ങളിൽത്തന്നെ ഭംഗിയുള്ള ഒരു മുറി തിരഞ്ഞെടുക്കുന്നതും നന്നു്. നിങ്ങൾ അഭ്യസിക്കുമ്പോൾ ആദ്യം പൂർവയോഗീശ്വരന്മാരെയും, നിങ്ങളുടെ സ്വന്തഗുരുവിനേയും ഈശ്വരനെയും വന്ദിച്ചുകൊണ്ടു വേണം ആരംഭിപ്പാൻ.

ധ്യാന്യത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞു. ധ്യാന്യവിഷയത്തെപ്പറ്റിയും ചില ദൃഷ്ടാന്തങ്ങൾ പറഞ്ഞിട്ടുണ്ടു്. നിവർന്നിരിക്കുക. നിങ്ങളുടെ മൂക്കിന്റെ അറ്റത്തുനോക്കിക്കൊള്ളുക. അതു് മനസ്സിനെ എങ്ങനെ നിയമനം ചെയ്യുന്നു എന്നും ആ രണ്ടു നേത്രസിരകളുടെ നിയമനത്താൽ ഒരുത്തൻ എങ്ങനെ മാനസപ്രതികരണത്തിന്റെ പരിവർത്തനസ്ഥാനത്തെയും അപ്രകാരം മനശക്തിയേയും നിയമിക്കുന്നതിനുള്ള മാർഗ്ഗത്തിൽ മുമ്പോട്ടു കടന്നുചെല്ലുന്നു എന്നും നമുക്കു് ക്രമേണ കാണാറാവും. താഴെ പറയുന്നവ ധ്യാനത്തിന്റെ ചില മാതൃകകളാണു്. ശിരസ്സിന്മേൽ ഏതാനും അംഗുലങ്ങൾക്കു മുകളിൽ ഒരു പത്മത്തെ ധ്യാനിക്കുക. അതിന്റെ കർണ്ണിക ധർമ്മമാണെന്നും തണ്ടു് ജ്ഞാനമാണെന്നും വിചാരിക്കുക. പത്മത്തിൽ എട്ടു ദളങ്ങൾ യോഗിയുടെ അഷ്ടസിദ്ധികൾ ആകുന്നു. ഉള്ളിലുള്ള കേസരങ്ങൾ ത്യാഗമാകുന്നു. യോഗി വെളിയിലുള്ള സിദ്ധികളെ നിരസിച്ചുകളഞ്ഞാൽ മോക്ഷത്തെ പ്രാപിക്കും. അതുകൊണ്ടു് പത്മങ്ങളുടെ എട്ടു ദളങ്ങളും അഷ്ടസിദ്ധികളാണു്. എന്നാൽ ഉള്ളിലെ കേസരങ്ങളാകട്ടെ അത്യന്തമായ ത്യാഗമാകുന്നു. ഈ എല്ലാറ്റിന്റെയും ത്യാഗമാകുന്നു. ആ പത്മത്തിന്റെ ഉള്ളിൽ സർവശക്തനും അസ്പൃശ്യനും ഓങ്കാരത്തിന്റെ അർത്ഥഭൂതനും, അവാച്യനും ഭാസ്വരമായ തേജസ്സിനാൽ പരിവൃതനും ഹിരണ്യ ഗർഭനുമായ മഹേശ്വരനെ വിചാരിക്കുക. അങ്ങനെ ധ്യാനിക്കുക. വേറെ ഒരു ധ്യാന്യത്തെപ്പറ്റി പറയാം. നിങ്ങളുടെ ഹൃദയത്തിൽ ഒരു ഒഴിഞ്ഞ ഇടത്തെപ്പറ്റി വിചാരിക്കുക. ആ ഇടത്തിൽ ഒരഗ്നി ജ്വലിക്കുന്നതായി വിചാരിക്കുക. ആ അഗ്നി നിങ്ങളുടെ സ്വന്ത ആത്മാവാണെന്നും വിചാരിക്കുക. ആ ജ്വാലയുടെ മദ്ധ്യത്തിൽ ഉജ്ജ്വലത്തായ മറ്റൊരു ഇടമുണ്ടു്. അതു് നിങ്ങളുടെ ആത്മാവിന്റെയും ആത്മാവായ ഈശ്വരൻ ആകുന്നു. ഹൃദയത്തിൽ അങ്ങനെ ധ്യാനിക്കുക. ബ്രഹ്മചര്യം, അഹിംസ, എല്ലാവരോടും—പരമശ്ശത്രുവിനോടുപോലുമുള്ള ക്ഷമ, സത്യം, ഈശ്വരഭക്തി ഇവയെല്ലാം വിവിധങ്ങളായ വൃത്തികൾ ആകുന്നു. ഇവയെല്ലാം നിങ്ങൾക്കു് പൂർത്തിയായിട്ടില്ലെന്നുവെച്ചു ഭയപ്പെടരുതു്. ശ്രമിക്കുവിൻ ശേഷമുളളതെല്ലാം വരും. ആർ എല്ലാ മമതാബന്ധത്തെയും, എല്ലാ ഭയങ്ങളെയും, എല്ലാ ദോഷങ്ങളെയും ത്യജിച്ചിരിക്കുന്നുവോ, ആരുടെ മുഴുവൻ ആത്മാവും ഈശ്വരന്റെ നേരെ എത്തിയിരിക്കുന്നുവോ, ആരു ഈശ്വരനെ ശരണം പ്രാപിക്കുന്നുവോ ആരുടെ ഹൃദയം പരിശുദ്ധമായിത്തീർന്നിരിക്കുന്നുവോ അങ്ങനെയുള്ളവൻ ഏതു ആഗ്രഹത്തോടു് കൂടി ഈശ്വരന്റെ സന്നിധിയിൽ എത്തിയാലും അദ്ദേഹം അവൻ അതു് നൽകുന്നതാകുന്നു. അതുകൊണ്ടു് അദ്ദേഹത്തെ ജ്ഞാനം കൊണ്ടു് ആരാധിക്കുവിൻ. അല്ലെങ്കിൽ ഭക്തികൊണ്ടാരാധിക്കുവിൻ. അല്ലെങ്കിൽ ത്യാഗം കൊണ്ടു് ആരാധിക്കുവിൻ.

‘ആർക്കു് ആരോടും അസൂയയില്ലയോ. ആർ എല്ലാവർക്കും ഇഷ്ടനായിരിക്കുന്നുവോ, എല്ലാവരോടും ദയയുള്ളവനായിരിക്കുന്നുവോ, ആർക്കു തന്റെ വകയായി യാതൊന്നുമില്ലയോ, ആർക്കു് അഭിമാനം നശിച്ചിരിക്കുന്നുവോ, അവനാണു് എന്റെ പ്രിയങ്കരനായ പൂജകൻ, അവനാണു് എന്റെ പ്രിയ ഭക്തൻ. ആർ എല്ലായ്പ്പോഴും തൃപ്തനായിരിക്കുന്നുവോ, ആരു എല്ലായ്പ്പോഴും യോഗത്തിൽത്തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവോ ആരുടെ ആത്മാവു് നിയമിതമായും ഇച്ഛാ സ്ഥിരമായും മനസ്സും ബുദ്ധിയും എന്നിൽ സമർപ്പിതങ്ങളായും ഇരിക്കുന്നുവോ അവൻ എന്റെ പ്രിയപ്പെട്ട ഭക്തനാണെന്നറിഞ്ഞാലും. ആരിൽനിന്നു് ആർക്കും ഉപദ്രവം ഉണ്ടാകുന്നില്ലയോ. ആർ ഒരിക്കലും മറ്റുള്ളവർക്കു് ഉപദ്രവഹേതുവായിത്തീരുന്നില്ലയോ, ആർ അധികമായ സന്തോഷത്തെയും അധികമായ ദുഃഖത്തെയും ഭയത്തേയും വ്യാകുലതയേയും വിട്ടിരിക്കുന്നുവോ അങ്ങനെ ഉള്ള ഒരുവൻ ആണു് എനിക്കു് പ്രിയപ്പെട്ടവൻ. ആരു ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നുവോ ശുദ്ധനും ഉത്സാഹശീലനും എല്ലാറ്റിനെയും ഉപേക്ഷിച്ചവനും ആയിരിക്കുന്നുവോ, ആരു തനിക്കു് ഗുണം വന്നാലും ദോഷം വന്നാലും ഗണിക്കുന്നില്ലയോ, ഒരിക്കലും ഖിന്നനാകുന്നില്ലയോ, ആരു സ്തുതിയിലും നിന്ദയിലും തുല്യനായിരിക്കുന്നുവോ, മൗനയുക്തവും വിചാരപൂർണ്ണവുമായ മനസ്സോടുകൂടിയവനായി യാദൃച്ഛികമായി തന്റെ മുമ്പിൽ വരുന്നതിനെക്കൊണ്ടു് സന്തുഷ്ടനായി ഭവനമില്ലാത്തവനായിരിക്കുന്നുവോ, ആരു ഭവനമില്ലാത്തവനായും എന്നാൽ മുഴുവൻ ലോകവും തന്റെ ഭവനമാക്കിയും ഇരിക്കുന്നുവോ, തന്റെ അഭിപ്രായങ്ങളിൽ സ്ഥിരനായിരിക്കുന്നുവോ അങ്ങനെ ഉള്ള ഒരുവനാണു് യോഗിയായിത്തീരുന്നതു്.’

നാരദനെന്നു പേരായി ഒരു വലിയ ദേവർഷി ഉണ്ടായിരുന്നു. മനുഷ്യരുടെ ഇടയിൽ ഋഷികളായ മഹായോഗികൾ ഉള്ളതുപോലെ തന്നെ ദേവന്മാരുടെ ഇടയിലും വലിയ യോഗികൾ ഉണ്ടു്. നാരദൻ ഒരു നല്ല യോഗിയും വലിയ മഹാനുമായിരുന്നു. അദ്ദേഹം എല്ലാദിക്കിലും സഞ്ചരിക്ക പതിവാണു്. ഒരു ദിവസം അദ്ദേഹം ഒരു കാട്ടിൽക്കൂടി പോകുമ്പോൾ ഒരു മനുഷ്യനെ കണ്ടു. അയാൾ ധ്യാന്യത്തിലിരിക്കയായിരുന്നു. അയാളുടെ ശരീരം മുഴുവൻ പുറ്റു കൊണ്ടു് മൂടപ്പെട്ടിരുന്നു. അയാൾ ആ നിഷ്ഠയിലിരുന്നിട്ടത്ര ദീർഘകാലമായി. ‘അവിടുന്നെങ്ങോട്ടാണു് പോകുന്നതു്?’ എന്നു് അയാൾ നാരദനോടു ചോദിച്ചു. “ഞാൻ വൈകുണ്ഠത്തിലേക്കു് പോകയാണു്” എന്നു് അദ്ദേഹം മറുപടി പറഞ്ഞു. ‘എന്നാൽ ഭഗവാനോടു് അദ്ദേഹത്തിനു എപ്പോൾ എന്നിൽ കാരുണ്യമുണ്ടാകുമെന്നും എനിക്കു് എപ്പോൾ മോക്ഷം കിട്ടുമെന്നും ചോദിക്കണേ?’ എന്നു അയാൾ പറഞ്ഞു. കുറെ ദൂരം പോയിട്ടു് നാരദൻ മറ്റൊരു മനുഷ്യനെ കണ്ടു. അയാൾ തുള്ളിച്ചാടുകയും പാടുകയും നൃത്തംവയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ‘ഹേ നാരദ! താൻ എവിടേക്കാണു് പോകുന്നതു്?’ എന്നു അയാൾ ചോദിച്ചു. അയാളുടെ ശബ്ദവും നിലകളും എല്ലാം വികൃതമായിരുന്നു. ‘ഞാൻ വൈകുണ്ഠത്തിലേക്കാണു് പോകുന്നതു്’ എന്നു നാരദൻ പറഞ്ഞു. “എന്നാൽ എനിക്കു് എപ്പോൾ മോക്ഷം പ്രാപിക്കാം എന്നു ചോദിക്കൂ.’ നാരദൻ പോയി. കുറേക്കാലം കഴിഞ്ഞിട്ടു് ഒരിക്കൽ നാരദൻ വീണ്ടും അതുവഴി തന്നെ വന്നു. അവിടെ പുറ്റുവളർന്നു മൂടുന്നതുവരെ നിഷ്ഠയിൽ ഇരുന്ന ആ മനുഷ്യനും ഉണ്ടായിരുന്നു. അയാൾ ചോദിച്ചു, ‘അല്ലയോ നാരദ! അങ്ങ് എന്നെപ്പറ്റി ഭഗവാനോടു് ചോദിച്ചുവോ?” ‘ഉവ്വു്’ ‘എന്നാൽ അവിടന്നു് എന്താണു് കൽപിച്ചതു്?’ ‘ഇനി നാലു ജന്മങ്ങൾ കഴിഞ്ഞിട്ടു് നിങ്ങൾക്കു് മോക്ഷം കിട്ടുമെന്നു് ഭഗവാൻ എന്നോടു് പറഞ്ഞു.’ ഉടനെ അയാൾ കരയാനും മുറവിളികൂട്ടാനും തുടങ്ങി. അയാൾ പറഞ്ഞു ‘പുറ്റുവളർന്നു് എന്നെ മൂടുന്നതുവരെ ഞാൻ നിഷ്ഠയിൽ ഇരുന്നിരിക്കുന്നു. എന്നിട്ടും എനിക്കു് ഇനിയും നാലു ജന്മങ്ങൾ കൂടി ഉണ്ടത്രേ.’ നാരദൻ മറ്റേ മനുഷ്യന്റെ അടുക്കൽ പോയി. അയാൾ “എന്റെ ചോദ്യം താൻ ചോദിച്ചുവോ?” നാരദൻ: ‘ഉവ്വു്, ഞാൻ നിന്നോടു് പറയാം. നീ ഈ പുളിമരം കാണുന്നുണ്ടല്ലോ. ആ മരത്തിന്മേൽ എത്ര ഇലകൾ ഉണ്ടോ അത്രയും പ്രാവശ്യം ഇനിയും ജനിക്കണം. പിന്നെ നിനക്കു് മോക്ഷം കിട്ടും.’ ഉടനെ ആ മനുഷ്യൻ ആനന്ദപരവശനായി തുള്ളിച്ചാടിക്കൊണ്ടു് പറഞ്ഞു, അത്ര അല്പ കാലത്തിനുള്ളിൽ എനിക്കു് മോക്ഷം പ്രാപിക്കാമല്ലോ.’ ഉടൻ ഒരു അശരീരിവാക്കു് കേട്ടു. “എന്റെ കുട്ടി! ഈ നിമിഷത്തിൽത്തന്നെ നിനക്കു് മോക്ഷം പ്രാപിക്കാം.” അയാളുടെ സ്ഥിരോൽസാഹത്തിന്റെ ഫലം അതാണു്. ആ ജന്മങ്ങളിൽ എല്ലാവും കൂടി ശ്രമിച്ചു കൊണ്ടിരിപ്പാൻ അയാൾ സന്നദ്ധനായിരുന്നു. ഒന്നും അയാളെ അധൈര്യപ്പെടുത്തിയില്ല. എന്നാൽ ആദ്യത്തെ മനുഷ്യനാകട്ടെ അധികമായ നാലു ജന്മങ്ങൾകൂടിയും അതി ദീർഘമായി തോന്നിപ്പോയി. എത്രയോ ജന്മാന്തരങ്ങൾ കാത്തിരിപ്പാൻ സന്നദ്ധനായ ആ മനുഷ്യനുണ്ടായിരുന്നപോലെയുള്ള സ്ഥിരോൽസാഹം കൊണ്ടു മാത്രമേ സർവോൽകൃഷ്ടമായ ഫലം സിദ്ധിക്കൂ. ഓം തൽ സത് പൂർവഭാഗം സമാപ്തം

കുറിപ്പുകൾ
[1]

ഗായത്രീമന്ത്രം—തതു് സവിതുർവരേണ്യം ഭർഗ്ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാൽ

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.