SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/bayaweaver.jpg
Baya Weaver Ploceus philippinus Nesting, a photograph by Dr. Raju Kasambe .
ഉ­ഞ്ഛ­വൃ­ത്തി
ആ­ത്മാ­രാ­മൻ

ക­ഴി­ഞ്ഞ ആ­റു­മാ­സ­ക്കാ­ല­ത്തു്—കൊ­റോ­ണ­ക്കാ­ല­ത്തു്—കു­ത്തി­ക്കു­റി­ച്ച­വ­യിൽ ചി­ല­താ­ണു് ‘ഉഞ്ഛ’ത്തിൽ.

സു­ഹൃ­ജ്ജ­ന­പ­രി­വൃ­ത­നാ­യ­ല്ലാ­തെ ജീ­വി­ച്ചി­ട്ടി­ല്ലാ­ത്ത എന്നെ ഈ കെ­ടു­കാ­ല­ത്തു് തു­ണ­ച്ച­തു് മൊബൈൽ ഫോണും സം­സ്കൃ­ത­ശ്ലോ­ക­ര­ച­ന­യു­മാ­ണു്. സം­സ്കൃ­ത­ത്തിൽ അ­നു­ഷ്ടു­പ്പിൽ മാ­ത്രം എ­ഴു­താ­നേ എ­നി­യ്ക്കു് ധൈ­ര്യ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ. കൊ­റോ­ണ­ക്കാ­ല­ത്തു് ഞാൻ ദീർ­ഘ­വൃ­ത്ത­ങ്ങ­ളി­ലേ­യ്ക്കു് ‘ക­ട­ന്നി­രു­ന്നു.’ ര­ച­നാ­ഭ്യാ­സ­മെ­ന്ന­തി­ലേ­റെ തെ­ല്ലും പ്രാ­ധാ­ന്യ­മി­ല്ലാ­ത്ത ആ ആ­നു­ഷ­ങ്ഗി­ക ശ്ലോ­ക­ങ്ങ­ളെ ‘ഉഞ്ഛ’ത്തിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല—സാ­ധ്വ­സ വ­ശാ­ദു്.

പലേ പ­രി­ച­യ­ക്കാ­രും ബ­ന്ധു­ക്ക­ളും ഗു­രു­ജ­ന­ങ്ങ­ളും ക­ട­ന്നു­പോ­യ കാ­ല­വു­മാ­യി­രു­ന്നു ഇതു്. ഒ­ടു­വിൽ എന്റെ അ­മ്മ­യും ക­ട­ന്നു­പോ­യി.

ഞാൻ എ­ഴു­തു­ന്ന­തെ­ന്തും സാ­ഭി­മാ­നം സ­ശ്ര­ദ്ധം വാ­യി­യ്ക്കാ­റു­ള്ള അമ്മ അ­വ­സാ­നം മ­റ­വി­യു­ടെ മൂ­ടാ­പ്പി­ലൂ­ടെ അവയെ വെ­റു­തേ നോ­ക്കി വി­ടാ­റേ­യു­ള്ളൂ.

അമ്മ ഒ­ടു­ക്കം ശ്ര­ദ്ധാ­പൂർ­വം വാ­യി­ച്ച എന്റെ പ­ടു­കൃ­തി തു­ട­ക്ക­ത്തിൽ ചേർ­ത്തി­ട്ടു­ള്ള ശ്ലോ­ക­മാ­ണു്. അതു വാ­യി­ച്ച­ശേ­ഷം ആരോടോ പ­റ­യു­ന്ന­തു കേ­ട്ടു: “എന്തു കൃതം! കു­ട­ത്തി­ലെ വി­ള­ക്കാ­ണു്.”

കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ മ­രി­ച്ച­ത­റി­ഞ്ഞു് ത­മ്പു­രാ­ന്റെ അമ്മ പ­റ­ഞ്ഞു­വ­ത്രേ: “ബു­ദ്ധി കു­റ­വാ­യി­രു­ന്നെ­ങ്കി­ലും കു­റ­ച്ചു കാലം കൂടി ഇ­രു­ത്താ­മാ­യി­രു­ന്നു.” അ­മ്മ­മാ­രു­ടെ മു­ഗ്ധ­ത­കൾ­ക്കി­ങ്ങ­വ­സി­തി­യു­ണ്ടോ ഭു­വ­ന­ത്തിൽ?

കു­ട­ത്തി­ലെ വി­ള­ക്കെ­ങ്കി­ലും വി­ള­ക്കാ­ണ­ല്ലോ. ഞാൻ ഉ­ത്കർ­ഷേ­ച്ഛു­വ­ല്ലെ­ന്നു് എ­ന്നും പ­രാ­തി­പ്പെ­ട്ടി­രു­ന്ന അ­മ്മ­യു­ടെ പി­റ­ന്നാ­ളി­ന്നു്—ക­ന്നി­പ്പൂ­യം—ഞാൻ ഈ കൊ­ച്ചു­വി­ള­ക്കു് കൊ­ളു­ത്തി­വെ­യ്ക്ക­ട്ടേ!

ആ­ത്മാ­രാ­മൻ

നീഡം

൧൧൯൬ കന്നി ൨൫

नारायणीये दशकम् तृतीयम्

गायत्यशंकम् बहुशो जनोयम्।

जाने न कानि स्खलितानि! तानि

नारायणः सर्वम् अपाकरोतु!॥

I have been singing the third Dashaka of Narayaneeyam several times unhesitatingly. Don’t know how many errors I have committed! May Narayana remove all of them!

നാ­രാ­യ­ണീ­യം ദശകം തൃ­തീ­യം

പാ­ടു­ന്നു ഞാനും പ­ല­പാ­ടും; എ­ന്നാൽ

കാ­ണാ­ത്ത­താ­കും പി­ഴ­യൊ­ക്കെ­യും ശ്രീ-

നാ­രാ­യ­ണൻ ത­ന്നെ­യ­ക­റ്റി­ട­ട്ടേ!

രൂപ പ­ബ്ലി­ക്കേ­ഷൻ­സ്, ദി­ല്ലി പ്ര­സാ­ധ­നം ചെയ്ത Akkitham: A Pictorial Autobiography എന്ന പു­സ്ത­ക­ത്തി­ന്റെ ആമുഖം.
images/Akkitham_Achuthan_Namboothiri_.jpg
Akkitham Achyuthan Nambudiri

This book is no ordinary autobiography; nor is it written in the usual manner. Simply because Akkitham Achyuthan Nambudiri (b. 1926) did not write it. I have chosen and organised excerpts from his writings, speeches, interviews and private conversations to retell his life story. Indeed some entries have even been ‘constructed’; but every one of them could certainly have been told by Akkitham. I have provided the entire text including the two essays and all translations of poems except those on pp. 166–171.

I had mooted the idea of a pictorial biography to Akkitham sometime in 2006. He did not disapprove of it; nor did he give his consent. He only commented that howsoever you try, certain projects may not come to fruition if their time has not come.

By the time the request was renewed in 2017, I had garnered the support of his immediate family; in particular, his two sons. The elder of the two, Akkitham Vasudevan, agreed to supply sketches; the younger one, Narayanan, enthusiastically took up the job of gathering ‘institutional’ support.

Akkitham Narayanan, the poet’s renowned artist brother, promised to chip in wherever necessary with the sketches. Artist Narayana Bhattathiri happily took up the job of designing the book. Several friends, too numerous to be named, helped in many ways by granting permission to make use of their private portfolios, locating/restoring old photographs, piecing together missing bits of information and the like.

As it was envisaged, the book would have been text scarce and illustration rich. The ideal proved unrealistic at many junctures. Besides, what was originally meant to be a third person narrative transformed into a first person account. It appeared opportune because of the greater intimacy and authenticity it afforded. Which was how the pictorial biography project turned itself into an autobiography.

Akkitham avers that his life has hardly had any earth shaking incidents. But it has been remarkably eventful. Quietly, but resolutely, he has gone against the grain in many an issue—literary or otherwise. Many are those who have attempted to downplay the pre-​eminence of Akkitham for extraliterary reasons. And Akkitham has never been overly eager to play the inoffensive game and be politically correct. Which is why Akkitham is barely known beyond Kerala. This book, therefore, hopes to introduce poetry enthusiasts across India and abroad to arguably one of the foremost Indian poets of the bygone century.

Putting together this book has been a humbling experience for me. Here is my humble tribute to a poet who has impressed me with his resolute honesty.

As we go to press, there is news that Jnanpith Puraskar 2019 will be presented to Akkitham at a virtual ceremony to be held shortly.

പ­ര­മ­ദുഃ­ഖം

—അ­ക്കി­ത്തം

ഇ­ന്ന­ലെ­പ്പാ­തി­രാ­വിൽ­ചി­ന്നി­യ പൂനിലാവി-​

ലെ­ന്നെ­യും മ­റ­ന്നു ഞാ­ന­ലി­ഞ്ഞു­നിൽ­ക്കേ

താനേ ഞാ­നു­റ­ക്ക­നെ­പ്പൊ­ട്ടി­ക്ക­ര­ഞ്ഞു­പോ­യി;

താ­ര­ക­വ്യൂ­ഹം പെ­ട്ടെ­ന്നു­ല­ഞ്ഞു­പോ­യി!

കാരണം ചോ­ദി­ച്ചി­ല്ല പാ­തി­രാ­ക്കി­ളി­പോ­ലും,

കാ­റ്റെൻ വി­യർ­പ്പു­തു­ള്ളി തു­ട­ച്ചു­മി­ല്ല.

ചാ­ര­ത്തെ മ­ര­മൊ­റ്റ­പ്പാ­ഴി­ല പൊ­ഴി­ച്ചി­ല്ല,

പാ­രി­ടം ക­ഥ­യൊ­ന്നു­മ­റി­ഞ്ഞു­മി­ല്ല.

കാ­ല­ടി­ച്ചു­വ­ട്ടി­ലെ­പ്പു­ല്ലും കു­ലു­ങ്ങീ­ലെ;ന്നാൽ-​

ക്കാ­ര്യം ഞാ­നൊ­രാ­ളോ­ടും പ­റ­ഞ്ഞു­മി­ല്ല!

എ­ന്തെ­ന്നെ­നി­ക്കു­പോ­ലും ചി­ന്തി­ക്കാൻ കഴിയാത്ത-​

തെ­മ്മ­ട്ടി­ല­പ­ര­നോ­ടു­ണർ­ത്തി­ടാ­വു?

The Ultimate Anguish

Yesternight I stood in the glistening moonlight,

All alone, forgetting myself.

I burst into tears and screamed aloud;

The galaxies trembled all of a sudden.

Nightingales did not enquire why;

Nor did the night breeze wipe away my sweat.

The tree beside did not drop even a single leaf;

The world did not know a thing.

The grass beneath my feet did not even quiver;

Nor did I tell this to anyone.

How do I relate to others

What I myself cannot comprehend?

ചി­രി­വ­രു­ന്ന കാലം

—അ­ക്കി­ത്തം

വെ­ള്ളം കു­റ­വാ­ണു, പൈ­പ്പിൽ­നി­ന്നോ­രോ­രോ

തു­ള്ളി­യാ­യ് വീണു കുടം നി­റ­യാൻ

എത്ര മ­ണി­ക്കൂ­റു വേണമോ? ന­മ്മൾ­ക്കു

കു­ത്തി­യി­രു­ന്നി­ടാ­മി­ക്ക­ലു­ങ്കിൽ.

പൊ­ന്നി­ള­വെ­യ്ല­ത്തു പാ­യു­ന്ന വ­ണ്ടി­കൾ

ചി­ന്നും പൊ­ടി­മ­ണ്ണു തി­ന്നു­കൊ­ണ്ടും

ത­മ്മിൽ­ത്ത­മാ­ശ പ­റ­ഞ്ഞു­കൊ­ണ്ടും സഖീ,

ന­മ്മൾ­ക്കി­രി­ക്കാം കു­റ­ച്ചു­നേ­രം.

നി­ന്ന­ഭി­പ്രാ­യ­മെ­ന്താ, ണൊരു കാ­ര്യം ഞാ-

നെ­ന്നിൽ­നി­ന്നി­യ്യി­ടെ­ക്ക­ണ്ടെ­ടു­ത്തു:

അ­മ്മി­ണീ, സത്യ, മീ­യൗ­വ­ന­കാ­ല­ത്തു

ചു­മ്മാ ന­മു­ക്കു ചി­രി­വ­രു­ന്നു!

കാ­ല­ത്തെ­ഴു­ന്നേ­റ്റു പ­ല്ലു­തേ­ച്ചീ­ടു­മ്പോൾ,

കാ­ലി­ക്കു തീറ്റ കൊ­ടു­ത്തി­ടു­മ്പോൾ,

കാ­പ്പി­വെ­ള്ളം വീണു കൈ­ത്ത­ണ്ട­പൊ­ള്ളു­മ്പോൾ,

ക­ണ്ണീർ­പ്പു­ക­ക്ക­ലി­പ്പൂ­റി­ടു­മ്പോൾ,

ഉ­ച്ച­യ്ക്ക­ക­ങ്ങൾ മെഴുകിത്തുടച്ചെനി-​

യ്ക്കൂ­ര­മു­ഴു­വൻ വി­ല­ങ്ങി­ടു­മ്പോൾ,

മു­ല്ല­യ്ക്ക­ല­ന്തി­ത്തി­രി കൊ­ളു­ത്താൻ­വേ­ണ്ടി

മു­ത്ത­ശ്ശി നി­ന്നു പി­ര­ക്കി­ടു­മ്പോൾ,

പാ­തി­രാ­സ്വ­പ്ന­ത്തിൽ ഞെ­ട്ടി­യൂ­ണർ­ന്നു ഞാൻ

പേ­ടി­ച്ച­ര­ണ്ടു കി­ത­യ്ക്കു­മ്പോ­ഴും

ഊ­റി­ച്ചി­രി­ച്ചു പോ­കു­ന്നു ഞാ­ന­മ്മി­ണീ,

കാ­ര­ണ­മി­ല്ലാ­തി, തെ­ന്തു കഷ്ടം!

ഞാ­ന­വ­സാ­നം നിരൂപിച്ചതിങ്ങനെ-​

യാ,ണതു വാ­സ്ത­വം­ത­ന്നെ­യ­ല്ലേ;

അ­മ്മി­ണി, സത്യ,മീ യൗ­വ­ന­കാ­ല­ത്തു

ചു­മ്മാ ന­മു­ക്കു ചി­രി­വ­രു­ന്നു!

***

അ­യ്യ­യ്യോ! ഞായം പറയും തി­ര­ക്കിൽ ഞാ-

ന­ക്കാ­ര്യം തീരെ മ­റ­ന്നു­പോ­യി:

എൻ­കു­ടം പാടേ നി­റ­ഞ്ഞു­തു­ളു­മ്പി­യി

ട്ടെ­ത്ര­യോ നേരം ക­ഴി­ഞ്ഞു­വ­ല്ലോ!

Time for Giggles

Water is scarce;

Dripping drop by drop from the tap.

How long will it take to fill the pot!

Let’s sit by this culvert for some time.

Watching the vehicles that pass by

Raising dust in the golden sun;

Let’s sit here cracking jokes.

What do you think?

Of late I realized this within.

O dear! In youth we tend to giggle for no reason.

As I brush my teeth in the morning,

As I feed the cows,

As I spill hot coffee and burn my wrist,

As smoky tears trickle down,

As I squat and scrub the floors till my hip aches,

As grandma scolds me for not lighting the lamp,

Or even as I wake up from a nightmare

And gasp for breath with fear,

O dear! I tend to giggle for no reason!

At last I realized it; isn’t it true?

In youth we tend to giggle for no reason.

O dear! In the bustle of chatter

I forgot all about it.

It’s long since my pot is overflowed!

ജീവോ ബ്ര­ഹ്മൈ­വ

—അ­ക്കി­ത്തം

അ­റി­യാ­മ­ച്ഛ­നാ ബ്രഹ്മ-​

സൂ­ത്രം മു­ഴു­വ­നെ­ങ്കി­ലും

കൈ­യി­ലെ­ട്ടോർ­ച്ചു ക­ത്താ­ഞ്ഞാൽ

പ­രു­ങ്ങി­ക്കൊ­ണ്ടു നിൽ­ക്ക­യാ­യ്.

മ­ക­നാ­ട്ടോർ­ച്ചെ­ടു­ക്കു­ന്നു;

സ്വി­ച്ചിൽ, ബ്ബൾ­ബ്ബി­ന്റെ വ­ക്കി­ലും

കു­ഞ്ഞി­ക്കൈ­വി­ര­ലോ­ടു­ന്നൂ;

ക­ത്തു­ന്നൂ ടോർ­ച്ചു പി­ന്നെ­യും.

അവൻ തൊ­ട്ടാൽ പാ­ടി­ടു­ന്നൂ

കേ­ടു­പ­റ്റി­യ റേ­ഡി­യോ,

നിന്ന ടൈം­പീ­സി­ലെ­സ്സൂ­ചി

തു­ട­ങ്ങു­ന്നൂ പ്ര­ദ­ക്ഷി­ണം.

ചു­ണ്ടിൽ­ച്ചി­രി­ചു­ര­ന്ന­ച്ഛൻ

നനയും ക­ണ്ണ­ട­യ്ക്ക­വേ

ഉ­ള്ളിൽ­ച്ച­മ്രം പടിഞ്ഞുംകൊ-​

ണ്ടി­രി­പ്പു­ണ്ടാ­ദി­ശ­ങ്ക­രൻ.

മ­ക­നെ­പ്പു­ല്കു­മ­ച്ഛ­ന്റെ

കാതിൽ മ­ന്ത്രി­പ്പു ശ­ങ്ക­രൻ:

“ബ്ര­ഹ്മ സത്യം ജ­ഗ­ന്മി­ഥ്യാ

ജീവോ ബ്ര­ഹ്മൈ­വ നാപരഃ”

Jeevo Brahmaiva

Father knows the entire Brahmasutra by heart.

But if the electric torch doesn’t work,

He starts fumbling.

His son takes that torch

And runs his teeny fingers over

the switch and the bulb.

And lo! The torch shines again!

Once he touches,

The conked out radio starts singing;

And the hands of the dead timepiece start moving.

Father closes his eyes with a tearful smile.

Within him squats Adi Sankara;

He whispers in the ears of the father

hugging the son-

ब्रह्म सत्यं जगन्मिथ्या जीवो ब्रह्मैव नापर: ।

ഗീ­താ­സാ­രം

—അ­ക്കി­ത്തം

ചൈ­ത­ന്യ­ദേ­വൻ ദ­ക്ഷി­ണേ­ന്ത്യ­യിൽ തീർ­ത്ഥാ­ട­നം

ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോ­ളൊ­രു വി­സ്മ­യം കണ്ടു.

ഒരുവൻ വാ­യി­ക്കു­ന്നു ഗീത; തൊ­ട്ട­ടു­ത്തു മ-

റ്റൊ­രു­വൻ ചെ­വി­കൂർ­പ്പി­ച്ചി­രി­പ്പൂ ക­ണ്ണീ­രോ­ടേ.

“മ­ന­സ്സി­ലാ­വു­ന്നു­ണ്ടോ താ­ങ്കൾ­ക്കു ഗീ­താ­സാ­രം

മു­ഴു­ക്കെ?” ചോ­ദി­ച്ചു­പോ­യ് പെ­ട്ടെ­ന്നു

തീർ­ത്ഥാ­ന്വേ­ഷി.

പ­റ­ഞ്ഞൂ ശ്രോ­താ­വ­തി­ന്നു­ത്ത­രം: “ഇ­ല്ല­ങ്ങു­ന്നേ,

ഒ­രൊ­റ്റ­പ്പ­ദം­പോ­ലും മ­ന­സ്സി­ലാ­യി­ട്ടി­ല്ല!”

***

എ­ങ്കി­ലി­ക്ക­ണ്ണീ­രി­ന്നു കാരണമെന്തെന്നുള്ളൊ-​

ര­ങ്ക­ലാ­പ്പൊ­ടു­കൂ­ടി ച്ചൈ­ത­ന്യ­ദേ­വൻ നിൽ­ക്കെ

ക­ണ്ണീ­രിൽ കു­ളി­ച്ചു­കൊ­ണ്ടി­രി­ക്കും ശ്രോ­താ­വോ­തീ:

“ക­ണ്ണു­കൊ­ണ്ടി­താ, കാ­ണു­ന്നു­ണ്ടു ഞാൻ

തേരെൻ മു­ന്നിൽ.

തേർ­ത്ത­ട്ടിൽ നിൽ­ക്കും കൃ­ഷ്ണ­ന­രു­ളി­ച്ചെ­യ്തീ­ടു­ന്നു

പാർ­ത്ഥ­നൊ­ടെ­ന്തോ; ക­ണ്ണീ­രെൻ

ക­ണ്ണിൽ തു­ളു­മ്പു­ന്നു!”

Essence of the Gita

Guru Chaitanya,

On a pilgrimage to South India,

Witnessed a wondrous sight.

One reading the Gita and

Another beside him in tears,

Listening intently.

“Are you able to make out the

Essence of the Gita in its entirety,”

Asked the pilgrim.

“No, not a word, my Lord”,

Replied the listener.

Then why these tears,

As Chaitanya wondered,

Clarified the listener–

“I see the chariot in front;

Krishna on the deck is speaking to Arjuna,

Don’t know what.

And tears well up in my eyes.”

ചക്രം

—അ­ക്കി­ത്തം

വി­ജ­യ­ത്തിൻ കൈ­ക­ളിൽ ചു­റ്റി­ക്ക­റ­ങ്ങു­ന്നു

വി­ദ്യു­ന്മ­യ­മൊ­രു ചക്രം.

ഒ­രു­മാ­ത്ര­പോ­ലും ക­റ­ക്ക­ത്തിൽ­നി­ന്ന­തു

വി­ര­മി­ച്ച­തോർ­മ്മ­യി­ല്ലാർ­ക്കും.

ക­ണ്ണി­ന്ന­ക­ത്തൊ­രു ക­ണ്ണു­ള്ള­വർ ചില-

രെ­ന്നാൽ പ­റ­വ­തു­ണ്ടേ­വം:

“തി­രി­യു­മ്പോൾ വർ­ത്തു­ള­മെ­ങ്കി­ലു­മി­ച്ച­ക്രം

തി­രി­യാ­തി­രി­ക്കെ­ച്ച­തു­രം.”

The Wheel

In the hands of victory

Revolves a dazzling wheel.

No one remembers seeing it at rest,

even for a moment.

But those with an eye within the eye,

keep saying this–

“Though circular whilst in motion,

This wheel is but a square at rest.”

നീ­ല­ത്തി­മിം­ഗി­ല­ത്തി­ന്റെ പാ­ട്ടു്
മാ­തൃ­ഭൂ­മി ബു­ക്സ് പ്ര­സാ­ധ­നം ചെയ്ത ദേ­വി­യു­ടെ ‘മൃ­ണ്മ­യി’ എന്ന ക­വി­താ­സ­മാ­ഹാ­ര­ത്തി­നു് എ­ഴു­തി­യ അ­വ­താ­രി­ക.

എമിലി ഡി­ക്കിൻ­സ­ന്റെ നിർ­ദ്ദേ­ശ­പ്ര­കാ­രം ച­ര­മ­ശേ­ഷം അ­വ­രു­ടെ സ്വ­കാ­ര്യ­ക്ക­ത്തു­കൾ ക­ത്തി­ച്ചു­ക­ള­യാൻ തി­ര­ഞ്ഞ­പ്പോ­ഴാ­ണ­ത്രേ അ­നു­ജ­ത്തി ല­വീ­നി­യ ഡി­ക്കിൻ­സൻ ചേ­ച്ചി­യു­ടെ ആ­യി­ര­ത്തി എ­ഴു­നൂ­റ്റി എ­ഴു­പ­ത്തി­യ­ഞ്ചു ക­വി­ത­കൾ ക­ണ്ടെ­ത്തി­യ­തു്. ക­വി­ത­കൾ ക­ത്തി­ക്കാൻ നിർ­ദ്ദേ­ശ­മി­ല്ല, അ­തി­നാൽ അവ പ്ര­സി­ദ്ധീ­ക­രി­ക്കാ­മെ­ന്നാ­ണു് ല­വീ­നി­യ തീ­രു­മാ­നി­ച്ച­തു്.

അ­തി­ലും ക­വി­ഞ്ഞ വാ­ഗ്ദാ­ന­ലം­ഘ­ന­മു­ണ്ടു് ഈ പു­സ്ത­ക­ത്തി­ന്റെ പി­ന്നിൽ. തന്റെ തു­ച്ഛ­മാ­യ സ­മ്പ­ത്തി­ന്റെ ഒരു ഓഹരി കി­ച്ചു­വെ­ന്ന വ­ളർ­ത്തു­പ­ട്ടി­ക്കും മ­റ്റൊ­രു ഓഹരി തെ­രു­വു­പ­ട്ടി­ക­ളു­ടെ പ­രി­പാ­ല­ന­ത്തി­ന്നും വ്യ­വ­സ്ഥ ചെ­യ്യു­ന്ന ഒ­സ്യ­ത്തിൽ തന്റെ ക­വി­ത­ക­ളെ­ല്ലാം ക­ത്തി­ച്ചു­ക­ള­യ­ണ­മെ­ന്നും പേ­ര­ക്കി­ടാ­ങ്ങൾ അ­തു­ക­ണ്ടു് ര­സി­ക്ക­ട്ടേ­യെ­ന്നു­മാ­ണു് സു­ജാ­ത­ട്ടീ­ച്ച­റു­ടെ നിർ­ദേ­ശം. അ­തു­കൊ­ണ്ടു് ത­ന്നേ­ക്കാൾ പ­ന്തീ­രാ­ണ്ടി­ള­പ്പ­മാ­യ അ­നു­ജ­ത്തി­യു­ടെ അ­പ്ര­കാ­ശി­ത­ര­ച­ന­കൾ ച­ര­മാ­ന­ന്ത­രം പ്ര­സി­ദ്ധീ­ക­രി­ക്കാ­മോ എ­ന്ന­തു് ദുഃ­ഖാർ­ത്ത­യാ­യ സു­ഗ­ത­ച്ചേ­ച്ചി­ക്കു് സ­ങ്കീർ­ണ­മാ­യ ധർ­മ്മ­പ്ര­ശ്ന­മാ­യി മാറി. ഒ­ടു­ക്കം, ല­വീ­നി­യ­യെ­പ്പോ­ലെ, സു­ഗ­ത­ച്ചേ­ച്ചി­യും സോ­ദ­രി­യു­ടെ നിർ­ദ്ദേ­ശ­ത്തെ വി­ഗ­ണി­ച്ചു്, ആ പ്ര­കൃ­ഷ്ട­ര­ച­ന­ക­ളെ പ്ര­കാ­ശി­പ്പി­ക്കു­വാൻ തീ­രു­മാ­നി­ക്കു­ക­യാ­ണു ചെ­യ്ത­തു്.

ല­വീ­നി­യ­യോ­ടും സു­ഗ­ത­ച്ചേ­ച്ചി­യോ­ടും നന്ദി പറയുക. അ­ല്ലെ­ങ്കിൽ അ­ലോ­ക­സാ­മാ­ന്യ­രാ­യ ഈ രണ്ടു ക­വി­ക­ളെ­യും നാം സാ­ക­ല്യേ­ന അ­റി­യി­ല്ലാ­യി­രു­ന്നു.

ര­ണ്ടു്

സു­ജാ­ത­ട്ടീ­ച്ച­റു­ടേ­താ­യി ഒ­രേ­യൊ­രു ക­വി­താ­സ­മാ­ഹാ­ര­മേ­യു­ള്ളൂ. നാ­ല്പ­ത്തി­യെ­ട്ടാം വ­യ­സ്സിൽ നി­രാ­ഡം­ബ­ര­മാ­യി പ്ര­സാ­ധ­നം ചെയ്ത ആ പു­സ്ത­ക­ത്തി­നു് ടീ­ച്ചർ അ­സാ­ധാ­ര­ണ­മാ­യൊ­രു പേ­രാ­ണി­ട്ട­തു്—‘മൃ­ണ്മ­യി’. ഇ­രു­പ­ത്തി­യ­ഞ്ചു ക­വി­ത­ക­ളേ­യു­ള്ളൂ അതിൽ. ‘ദേവി’യെന്ന പേ­രി­ലാ­ണു് ടീ­ച്ചർ ‘മൃ­ണ്മ­യി’ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. ക­വി­ത­ക­ളെ­ല്ലാം ‘ദേവി’യെന്ന പേ­രി­ലും ഗ­ദ്യ­ലേ­ഖ­ന­ങ്ങ­ളെ­ല്ലാം ‘സുജാത’യെന്ന പേ­രി­ലും; അ­താ­യി­രു­ന്നു ടീ­ച്ച­റു­ടെ മുറ. രണ്ടു പ­ന്തീ­രാ­ണ്ടു­കൂ­ടി ജീ­വി­ച്ചു ടീ­ച്ചർ. ക­വി­ത­യെ­ഴു­തി­പ്പോ­രി­ക­യും ചെ­യ്തു. എ­ങ്കി­ലും മി­ക്ക­തും ടീ­ച്ചർ പു­റ­ത്തു­കാ­ട്ടി­യി­ല്ല. (“സുജാത നിറയെ ക­വി­ത­ക­ളെ­ഴു­തു­ന്നു­ണ്ടു്; എന്തു നല്ല ക­വി­ത­കൾ! എത്ര പ­റ­ഞ്ഞി­ട്ടും പ്ര­സി­ദ്ധീ­ക­രി­ക്കാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല” എന്നു സു­ഗ­ത­ച്ചേ­ച്ചി.) ച­ര­മ­ശേ­ഷം ടീ­ച്ച­റു­ടെ നോ­ട്ടു­പു­സ്ത­ക­ങ്ങ­ളിൽ­നി­ന്നു ക­ണ്ടെ­ടു­ത്ത ക­വി­ത­ക­ളും കൂ­ട്ടി­ച്ചേർ­ത്താ­ണു് ഈ സ­മാ­ഹാ­രം സം­വി­ധാ­നം ചെ­യ്തി­രി­ക്കു­ന്ന­തു്; ‘മൃ­ണ്മ­യി’ എന്ന അതേ പേരിൽ. എമിലി ഡി­ക്കിൻ­സ­ന്റെ ക­വി­ത­ക­ളു­ടെ പ്രാ­തഃ­സം­ശോ­ധ­ന­വും പ്ര­സി­ദ്ധീ­ക­ര­ണ­വും ഇ­ന്നും വി­വാ­ദ­ജ­ടി­ല­മാ­ണു്. ‘മൃ­ണ്മ­യി’യുടെ സ­മാ­ഹ­ര­ണ­വും ഒ­ട്ടും സു­ക­ര­മാ­യി­രു­ന്നി­ല്ല. ഒരേ പേരിൽ പല ക­വി­ത­കൾ, ഒരേ ക­വി­ത­യു­ടെ പല പാ­ഠ­ങ്ങൾ, വ­രി­ക­ളു­ടെ ആ­ഭ്യ­ന്ത­ര­സ്ഥാ­ന­വി­ചാ­ല­ന­ങ്ങൾ, അ­സം­ഖ്യം തി­രു­ത്തു­കൾ, അ­പ്ര­ചു­ര­പ­ദ­ങ്ങൾ, നിർ­ദ്ദേ­ശ­ങ്ങ­ളി­ലെ അ­വ്യ­ക്ത­ത, ചി­ഹ്ന­ന­ത്തി­ന്റെ അഭാവം—വൈ­ഷ­മ്യ­ങ്ങൾ പ­ല­താ­യി­രു­ന്നു. എ­ല്ലാ­റ്റി­നും മേലേ, കൈ­പ്പ­ട­പ്പു­സ്ത­ക­ങ്ങ­ളെ­ല്ലാം ക­ണ്ടു­കി­ട്ടി­യെ­ന്നു­റ­പ്പു­മി­ല്ല. അ­തി­നാൽ ഈ സ­മാ­ഹാ­ര­ത്തി­ന്നു് ഒ­ട്ടും തി­ക­വു് അ­വ­കാ­ശ­പ്പെ­ടു­ന്നി­ല്ല.

മൂ­ന്നു്

“കവിത പാ­ലാ­ണു്, സാ­മൂ­ഹി­ക­പ്ര­തി­ബ­ദ്ധ­ത ഉ­പ്പും. ഇവ കൂ­ട്ടി­ക്ക­ലർ­ത്തേ­ണ്ട­തി­ല്ല” എന്നു ടീ­ച്ചർ. അ­തി­നാൽ ടീ­ച്ച­റു­ടെ ക­വി­ത­ക­ളിൽ ഒ­ട്ടു­മി­ക്ക­തും ആ­ത്മ­നി­ഷ്ഠ­മാ­യ തീ­വ്രാ­നു­ഭ­വ­ങ്ങ­ളു­ടെ പ്ര­കാ­ശ­ന­മാ­ണു്, സ­ത്യ­ത്തിൽ, തീ­വ്ര­പ്ര­ണ­യ­ങ്ങ­ളു­ടെ പ്ര­കാ­ശ­ന­മാ­ണു്. ജീ­വി­ത­ര­തി കു­റു­ക്കി­യ മ­ദ­ഭ­ര­ര­സ­മാ­ണു് ഈ പാൽ. സൗ­വർ­ണ­ച­ഷ­ക­ത്തിൽ നു­ര­ഞ്ഞൊ­ഴു­കു­ന്ന കാ­കോ­ള­മാ­ണ­തു്. ശൃം­ഗാ­ര­വാ­ത്സ­ല്യ­ങ്ങൾ വേർ­പി­രി­യാ­ത­വ­ണ്ണം ഇ­ട­നെ­ഞ്ചിൽ കെ­ട്ടി­ക്കു­രു­ങ്ങി­ക്ക­ന­ത്ത­തു്. അ­തി­നാൽ,

തു­ടു­ത്തു­ചോ­ന്നൊ­രു പ­നി­മ­ല­രി­ന്റെ

തു­ടി­ച്ചു­നി­ല്ക്കു­ന്നോ­രി­ത­ളി­ട­യി­ലാ­യ്

പ­തു­ക്കെ ഞാ­നൊ­ന്നു തൊ­ടു­ത്തു­വെ­ക്ക­ട്ടേ

ക­റു­ത്തു­മി­ന്നു­ന്ന മു­ഴു­ത്ത മു­ന്തി­രി!

ഈ അ­നാ­വ­ര­ണ­ത്തി­ന്റെ­യും പ്ര­ദർ­ശ­നോ­ത്സു­ക­ത­യു­ടെ­യും ആ­ത്മ­ര­തി­യു­ടെ­യും പേരിൽ ഒരു ക്ഷ­മാ­പ­ണ­ത്തി­നും താൻ ത­യ്യാ­റ­ല്ല. തീ­വ്ര­മാ­യ അ­നു­ഭൂ­തി­കൾ. പ­രി­മി­തി­യി­ല്ലാ­ത്ത വി­കാ­ര­ങ്ങൾ. വി­ല­ക്കു­ക­ളെ­യും അ­തി­രു­ക­ളെ­യും കൂ­ട്ടാ­ക്കാ­ത്ത ക­വി­ത­യാ­ണു് ത­ന്റേ­തു്. “ഏറെ ചെ­റു­പ്പ­ത്തിൽ ഉ­ള്ളിൽ നാ­ഗ­മു­ണ്ടെ­ന്നു ഭ­യ­ന്നു് പാ­റ­കൊ­ണ്ട­ട­ച്ചു­പോ­ന്ന ഗുഹ ഒരു വർ­ഷ­താ­ണ്ഡ­വ­ത്തിൽ പാറ തെ­റി­ച്ചു­പോ­യി ന­ഗ്ന­യാ­ക്ക­പ്പെ­ട്ടു. വെ­ളി­ച്ച­ത്തി­ന്റെ ഒ­ര­മ്പു് ഉ­ള്ളി­ലേ­ക്കു തു­ള­ച്ചു­ക­യ­റി­യ­പ്പോൾ ഉ­റ­ങ്ങി­ക്കി­ട­ന്ന ആ ചൂടിൽ പൊ­ട്ടി­വി­രി­ഞ്ഞു് വെ­യിൽ­ത്താ­ര­യി­ലൂ­ടെ പു­റ­ത്തേ­ക്കു പ­റ­ന്നു­പോ­ന്ന­തു് എന്റെ കവിത” എന്നു ടീ­ച്ചർ. ആ­ക­സ്മി­ക­ത്വ­ത്തി­ന്റെ ഈ അ­നി­യ­ന്ത്രി­താ­വേ­ശ­മാ­ണു് പല ര­ച­ന­ക­ളെ­യും തീ­ക്ഷ്ണ­മാ­ക്കു­ന്ന­തു്.

പു­റ­ത്തു ശീ­ത­ക്കാ­റ്റിൻ താ­മ­സ­താ­ള­ങ്ങ­ളിൽ

അ­ര­ക്കെ­ട്ടു­ല­ഞ്ഞാ­ടും വൃ­ക്ഷ­ദ­മ്പ­തി­ക­ളും

അ­ക­ത്തു കു­ഴൽ­പാ­ട്ടിൻ മാ­യി­ക­ച­ക്ര­ങ്ങ­ളിൽ

കു­തി­ച്ചു­പു­ള­ഞ്ഞാ­ടും അ­ഗ്നി­ദ­മ്പ­തി­ക­ളും

ഒ­ത്തു­ചേർ­ത്തി­ണ­ക്കി­യ വി­ഭ്രാ­ന്ത­ല­യ­ങ്ങ­ളിൽ

ക­ത്തി­നീ­റി­യ രാ­ഗ­ത­പ്ത­മാ­മൊ­രു രാ­ത്രി.

കാ­റ്റൊ­ത്തു ക­ന­ലൊ­ത്തു പാ­ട്ടൊ­ത്തു പി­ണ­ഞ്ഞാ­ടി

ചാർ­ത്തി­യൊ­രേ­കാ­ന്ത­ത­യു­രി­ഞ്ഞെൻ ഹൃ­ദ­ന്ത­വും

മോ­ന്തി­യ ച­വർ­പ്പൊ­ക്കെ മ­ധു­വാ­ക്കി­യ രാ­ത്രി,

ചീ­ന്തി­യ മു­ള്ളും ന­ഖ­ക്ഷ­ത­മാ­ക്കി­യ രാ­ത്രി.

പ്ര­ണ­യം, ഭ്രാ­ന്ത­മാം പ്ര­ണ­യം. സർ­വം­ക­ഷ­മാ­യ ഈ ഉ­ദ്ദാ­മാ­ഭി­നി­വേ­ശം­മൂ­ലം “കു­ടി­ച്ച ഇ­രു­ളൊ­ക്കെ കൊ­തി­യേ­റ്റു­ന്നു. കു­ളി­ച്ച വെ­യി­ലൊ­ക്കെ കു­ളി­രാ­വു­ന്നു.” സ്ത്രീ­സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി വാ­ദി­ക്കു­ന്ന പു­രു­ഷ­കാ­പ­ടി­ക­ന്മാർ­ക്കു താ­ങ്ങാ­വു­ന്ന­ത­ല്ല ഈ സ്ത്രീ­ലോ­ക­ത്തി­ന്റെ വൈ­വി­ധ്യ­വും വി­സ്തൃ­തി­യും. ആടിയ കാ­ലി­നും പാടിയ നാ­വി­നും വേ­ണ്ടേ ഒ­ര­തി­രു്? അ­തി­രു­കൾ ലം­ഘി­ക്കു­ന്ന­വർ­ക്കു് പഴി കേൾ­ക്കാ­തെ വയ്യ.

ആരോ ചി­രി­ക്കു­ന്നു, ‘ഭ്രാ­ന്തി’യെന്നപ്പുറ-​

ത്താ­രോ ചി­ന­യ്ക്കു­ന്നു­വോ, ‘അ­ഴി­ഞ്ഞാ­ടു­വോൾ.’

ആ­രാ­കി­ലെ­ന്തു നീ­ല­ക്ക­ട­ലെ­ന്നു­ള്ളിൽ

ആ­ടി­ത്തി­മിർ­ത്തു നു­ര­ഞ്ഞു­പ­ത­യ­വേ?

ധർ­മ്മാ­ധർ­മ്മ­ങ്ങൾ, ബ­ന്ധ­ങ്ങൾ, സു­ര­ക്ഷ, സ്നേ­ഹം, മൂ­ല്യ­ങ്ങൾ എ­ന്നു­വേ­ണ്ട, സ്വ­ന്തം നി­ല­നി­ല്പു­പോ­ലും സ­ത്യ­ത്തി­ന്റെ മു­ന്നിൽ വീ­ണു­ട­യു­ന്നു. ഓരോ സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പ­ന­ത്തി­നും ലോകം വി­ല­യി­ടു­ന്നു—ദാ­മ്പ­ത്യ­ത്തി­ന്റെ വില, കു­ടും­ബ­സൗ­ഖ്യ­ത്തി­ന്റെ വില, മാ­തൃ­ത്വ­ത്തി­ന്റെ വില. കൂ­ടി­ന്നുൾ­ക്കൊ­ള്ളാൻ വ­യ്യാ­ത്ത­വ­ണ്ണം പു­റ­ത്തേ­ക്കു പ­ര­ന്നു­വി­രി­ഞ്ഞ പെ­രും­ചി­റ­കു­ക­ളു­ള്ള പ­ക്ഷി­യാ­യി­രു­ന്നു ടീ­ച്ചർ.

നാലു്

എ­വി­ടെ­യെ­ല്ലാം പ­റ­ന്നു­ചെ­ന്നു ഈ പക്ഷി! നി­സ്ത­ന്ദ്ര­വും നി­ര­ന്ത­ര­വു­മാ­യ യാ­ത്ര­ക­ളെ­ക്കൊ­ണ്ടാ­ണു് ടീ­ച്ചർ ജീ­വി­ത­ത്തെ പൂ­രി­പ്പി­ച്ച­തു്; ക­ലാ­സ്വാ­ദ­ത്തി­ന്റെ ആ­ന്ത­ര­യാ­ത്ര­ക­ളെ­ക്കൊ­ണ്ടും ബാ­ഹ്യ­പ്ര­കൃ­തി­യെ­ക്ക­ണ്ട­റി­യാൻ ചെയ്ത ഭൗ­തി­ക­യാ­ത്ര­ക­ളെ­ക്കൊ­ണ്ടും. ടീ­ച്ച­റു­ടെ പ്രേ­ഷ്ഠ­ക­ല സം­ഗീ­ത­മാ­യി­രു­ന്നു. കു­ട്ടി­ക്കാ­ല­ത്തേ ടീ­ച്ചർ ന­ന്നാ­യി പാ­ടു­മാ­യി­രു­ന്നു­വ­ത്രേ; ഒ­ട്ടൊ­ന്നു പാ­ട്ടു പ­ഠി­ക്കു­ക­യും ചെ­യ്തി­രു­ന്നു. പാ­ട്ടു­പ­ഠി­ത്ത­മെ­ന്നാൽ അ­ന്നു് കർ­ണാ­ട­ക­സം­ഗീ­ത­പ­ഠ­ന­മെ­ന്നർ­ഥം. ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ത്തെ­പ്പ­റ്റി അ­റി­വി­ല്ല. ഏ­റെ­ക്കാ­ലം ക­ഴി­ഞ്ഞു് യാ­ദൃ­ച്ഛി­ക­മാ­യി കി­ശോ­രി അ­മോ­ങ്ക­റു­ടെ ജോൻ­പു­രി രാ­ഗാ­ലാ­പം കേ­ട്ട­പ്പോ­ഴ­ത്തെ ആ­ന­ന്ദ­വി­സ്ഫോ­ട­ന­ത്തെ­പ്പ­റ്റി ടീ­ച്ചർ എ­ഴു­തി­യ­തി­ങ്ങ­നെ: “നീ­ല­ക്ക­യ­ങ്ങ­ളു­ടെ സൗ­ന്ദ­ര്യം ഒ­രി­ക്ക­ല­റി­ഞ്ഞ­വൻ പി­ന്നെ മീ­നാ­യി­മാ­റു­ന്നു.” ആ മ­ത്സ്യാ­വ­താ­ര­ത്തി­ന്റെ മാ­ന­സാ­ന്ത­ര­ത്തി­ന്റെ പ്ര­ത്യ­ക്ഷ­സാ­ക്ഷ്യ­ങ്ങ­ളാ­ണു് ‘ജോഷി പാ­ടു­ന്നു’, ‘ആ­ന്ദോ­ള­നം’, ‘താളം’, ‘സോജാ രാ­ജ­കു­മാ­രീ സോജാ’ എന്നീ രചനകൾ. പ­രോ­ക്ഷ­സാ­ക്ഷ്യ­ങ്ങ­ളാ­വ­ട്ടേ, പിൽ­ക്കാ­ല­ക­വി­ത­ക­ളു­ടെ സൂ­ക്ഷ്മ­ശ­രീ­ര­ത്തിൽ അ­ഴി­ച്ചാ­ലും അ­ഴി­ച്ചാ­ലും പി­രി­ഞ്ഞു­പോ­രാ­ത്ത നി­ലീ­ന­ത­ന്തു­ക്ക­ളാ­യി പി­ണ­ഞ്ഞു കി­ട­ക്കു­ന്നു.

സാ­ങ്കേ­തി­ക­മാ­യ പ­രി­ജ്ഞാ­ന­മി­ല്ലാ­തെ ഹി­ന്ദു­സ്ഥാ­നി സം­ഗീ­തം ആ­സ്വ­ദി­ച്ചു­തു­ട­ങ്ങി­യ ടീ­ച്ച­റെ ഏ­റ്റ­വും തു­ണ­ച്ച­തു് രാ­ജീ­വ് (നായർ) ഇം­ഗ്ലീ­ഷി­ലെ­ഴു­തി­യ ഒരു അ­പ്ര­കാ­ശി­ത­ഗ്ര­ന്ഥ­മാ­ണു്; ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ത്തി­ന്റെ പ്ര­ധാ­ന വി­ഭാ­ഗ­ങ്ങ­ളെ­യും രാ­ഗ­സ്വ­രൂ­പ­ത്തെ­യും ഭി­ന്ന­ശൈ­ലി­ക­ളെ­യും ഗാ­യ­ക­രെ­യും വാ­ദ്യ­ജ്ഞ­രെ­യും പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടെ­ഴു­തി­യ ഗ്ര­ന്ഥം. ത­ന്നെ­ക്കാൾ പ­തി­നേ­ഴു വ­യ­സ്സി­ള­പ്പ­മാ­യ ആ അ­ജ്ഞാ­ത­യു­വ­ഗ്ര­ന്ഥ­കാ­ര­ന്റെ കൃതി ടീ­ച്ചർ ശ്ര­ദ്ധാ­പൂർ­വം മ­ല­യാ­ള­ത്തി­ലേ­ക്കു് പ­രി­ഭാ­ഷ­പ്പെ­ടു­ത്തി; ‘ഹി­ന്ദു­സ്ഥാ­നി സം­ഗീ­തം ഒരു പ്ര­ദ­ക്ഷി­ണം’ എന്ന പേരിൽ ആ പു­സ്ത­ക­ത്തി­ന്റെ വി­പു­ലീ­കൃ­ത­മാ­യ രൂ­പ­മാ­ണു് A Rasika’s Journey through Hindustani Music. കൃ­തി­യും ഗ്ര­ന്ഥ­കാ­ര­നും വി­വർ­ത്ത­ക­യും കേ­ര­ള­ത്തിൽ അ­ജ്ഞാ­ത­രാ­യി­രി­ക്കു­ന്ന­തി­ന്റെ കാരണം ചി­ന്ത്യം.

അ­പ്ര­കൃ­ത­മെ­ങ്കി­ലും പ­രി­ഭാ­ഷ­യു­ടെ വൈ­ശി­ഷ്ട്യ­ത്തെ­യും വ്യ­തി­രി­ക്ത­ത­യെ­യും പറ്റി രണ്ടു വാ­ക്കു്; ടീ­ച്ച­റു­ടെ മ­നോ­മ­ണ്ഡ­ല­ത്തെ അതു് നി­ത­രാം അ­ഭി­വ്യ­ക്ത­മാ­ക്കി­യേ­ക്കാ­മ­ല്ലേ­ാ. ‘But the form (of Khayal) as such existed… in a somewhat crude and indefinite form’ എന്നു മൂലം; “ഖയാൽ അ­ന്നൊ­രു പൊ­ന്മ­ണി­പ്പൈ­തൽ മാ­ത്ര­മാ­യി­രു­ന്നു” എ­ന്നു് പ­രി­ഭാ­ഷ! കി­ശോ­രി അ­മോ­ങ്ക­റെ­പ്പ­റ്റി മൂ­ല­ത്തിൽ ഇ­ങ്ങ­നെ; ‘But if the low, menacing and grumbling clouds clear, what one sees is a vast sea of pure moonlight in which one can swim and be engrossed for a long while.’ പ­രി­ഭാ­ഷ കാണുക: “പക്ഷേ, കാറും കോ­ളു­മി­ല്ലാ­തെ പിറ തെ­ളി­ഞ്ഞാ­ലോ, നി­മി­ഷ­ങ്ങൾ­കൊ­ണ്ടു പി­ന്നെ പൗർ­ണ്ണ­മി­യാ­ണു്. യാ­മ­ങ്ങ­ളോ­ളം അ­ത്യ­പൂർ­വ­മാ­യ നി­ലാ­വി­ലാ­വും നമ്മൾ നീ­രാ­ടു­ക.” ഒ­രു­ദാ­ഹ­ര­ണം കൂടി: ‘…the potent ‘upstart’ ‘Khayal had thrust the stolid elder statesman, dhrupad, out of the field to become the most popular of classical forms’ എ­ന്നു് ആംഗലം; “ഖയാൽ കൂ­ടു­തൽ വി­ഭ­വ­സ­മൃ­ദ്ധ­മാ­യ സദ്യ ന­ല്കു­ന്ന­താ­യി ശ്രോ­താ­വി­നു് അ­നു­ഭ­വ­പ്പെ­ട്ട­പ്പോൾ ധ്രു­പ­ദി­ന്റെ അ­ഗ്ര­ശാ­ല­യിൽ ഊണിനു തി­ര­ക്കു കു­റ­ഞ്ഞു” എ­ന്നു് പ­രി­ഭാ­ഷ!

ആൾഡോ ലി­യോ­പ്പോൾ­ഡി­ന്റെ സാൻഡ് കൌ­ണ്ടി ആൽ­മ­നാ­ക്, റൊ­മാ­ങ് റോ­ള­യു­ടെ ലൈഫ് ഓഫ് രാ­മ­കൃ­ഷ്ണ എ­ന്നി­വ ടീ­ച്ചർ ഭാ­ഗി­ക­മാ­യെ­ങ്കി­ലും പ­രി­ഭാ­ഷ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്നു് അ­റി­യാം; അ­വ­യൊ­ന്നും ക­ണ്ടു­കി­ട്ടി­യി­ട്ടി­ല്ലെ­ന്നു മാ­ത്രം.

അ­ഞ്ചു്

പ­രി­ഭാ­ഷ­യും പിൽ­ക്കാ­ല­ത്തെ നി­ര­ന്ത­ര­മാ­യ സം­ഗീ­താ­സ്വാ­ദ­ന­ത്തിൽ നി­ന്നു­യിർ­ക്കൊ­ണ്ട കേൾ­വി­ജ്ഞാ­ന­വും ടീ­ച്ച­റെ പല പു­നർ­നിർ­ണ­യ­ന­ങ്ങൾ­ക്കും പ്രേ­രി­പ്പി­ച്ചു. “ജോഷി പാ­ടു­ന്നു” എന്ന ര­ച­ന­യി­ലെ ആ­ദ്യ­പാ­ഠ­ത്തിൽ­നി­ന്നാ­ണീ വരികൾ:

പാ­റ­യിൽ­ത­ല്ലി­ത്തി­മിർ­ത്തൊ­ഴു­കും നദം, പ്രാണ-​

ഗൂ­ഢ­ഗ­ഹ്വ­ര­ങ്ങ­ളിൽ ഇ­രു­ണ്ടു­നി­റ­യു­ന്നു

സു­ര­മൽ­ഹാ­രം പ­ത­ഞ്ഞൊ­ഴു­കി­പ്പ­തി­ക്ക­വേ

ഭ­വ­സാ­ഗ­ര­ത്തി­ങ്കൽ മ­ന്ദ്ര­മാം മേ­ഘ­ധ്വാ­നം.

അഞ്ചു കൊ­ല്ലം ക­ഴി­ഞ്ഞെ­ഴു­തി­യ പാ­ഠ­ത്തിൽ ഈ വ­രി­ക­ളി­ല്ല. അ­ന്തി­മ­വർ­ത്ത­മാ­ന­പാ­ഠ­ത്തി­ലെ

ദ­ഗ്ധ­മാം മ­രു­ഭൂ­വിൻ കി­ത­പ്പും, എ­രി­വെ­യ്ലിൻ

ത­പ്ത­കാ­ഞ്ച­നം ചോരും പതപ്പുമുരുകിച്ചേർ-​

ന്നഗ്നിദീപ്തിയാളുന്നോരധിരോഹിണിയായി-​

ച്ചു­റ്റു­ന്നു, പാരും വാനും വി­ള­ക്കി­ച്ചു­ഴ­ലു­ന്നു

എന്നീ വരികൾ ആ­ദ്യ­പാ­ഠ­ത്തി­ലു­മി­ല്ല. ‘ജോഷി പാ­ടു­ന്നു’ എന്ന ഈ കവിത തന്റെ അ­ശി­ക്ഷി­ത­ത്വ­ത്തി­ന്റെ പ്ര­തി­ക­ര­ണ­മാ­യി­രു­ന്നു­വെ­ന്നു് ടീ­ച്ചർ പി­ന്നീ­ടു് പ­റ­ഞ്ഞി­രു­ന്നു­വ­ത്രേ. പ­ണ്ഡി­ത് ഓംകാർ നാഥ് ഠാ­ക്കൂ­റി­ന്റെ സം­ഗീ­ത­വു­മാ­യി—ഗാ­ന്ധി­ജി­യെ­യും മു­സ്സോ­ളി­നി­യെ­യും ത്ര­സി­പ്പി­ച്ച സം­ഗീ­തം—പ­രി­ച­യ­പ്പെ­ട്ട­തോ­ടെ­യാ­ണു് ടീ­ച്ച­റു­ടെ സം­ഗീ­ത­സ­ങ്ക­ല്പം­ത­ന്നെ മാ­റി­പ്പോ­കു­ന്ന­തു്. “പ­ണ്ഡി­ത് ഓംകാർ നാഥ് ഠാ­ക്കൂ­റി­ന്റെ മാൽ­ക്കോൻ­സ് ആ­ദ്യ­മാ­യി ശ്ര­വി­ച്ച­പ്പോൾ പ്രേ­മ­ഭ­ക്തി­യു­ടെ ഉ­ന്മാ­ദ­ത്തി­ക­വെ­ന്തെ­ന്നു ഞാൻ തൊ­ട്ട­റി­ഞ്ഞു. ഉ­ന്മാ­ദ­ത്തി­ന്റെ വി­ഷ­നീ­ല­യും പ്രേ­മ­ത്തി­ന്റെ തൂ­മ­ഞ്ഞ­യും ഇ­ഴ­പി­രി­ഞ്ഞ ഒ­രൂ­ഞ്ഞാ­ലി­ന്റെ ആ­ന്ദോ­ള­ന­ത്തിൽ വി­ഭ്രാ­മ­ക­മാ­യ ഭ്ര­മ­ണം വ­ന്നു­നി­റ­യു­ന്നു. മീ­ര­യും ഠാ­ക്കൂർ­ജി­യും ഞാനും അവിടെ ഒറ്റ നാ­ദ­മാ­കു­ന്നു. മാൽ­ക്കോൻ­സ് എന്ന രാഗം. ഹൃദയം പ­ദ­ഘും­ഘു­രു­വാ­യി മാ­റു­ന്നു. ആ പൊൻ­നി­റ­വിൽ­നി­ന്നു­തി­രു­ന്ന­തു് ക­ണ്ണീർ­മു­ത്തും ര­ക്ത­മാ­ണി­ക്യ­വും.” ഠാ­ക്കൂർ­ജി­യു­ടെ മാൽ­ക്കോൻ­സ് ആ­ല­പ­ന­ത്തെ­പ്പ­റ്റി­യു­ണ്ടു് ഒരു കവിത: ‘ആ­ന്ദോ­ള­നം’. ഒ­ന്ന­ല്ല, രണ്ടു ക­വി­ത­കൾ. ഇവിടെ കാ­ര്യം ഏറെ സ­ങ്കീർ­ണ്ണ­മാ­ണു്.

ഒരു പൂ­ന്തി­ര­ത്ത­ള്ളിൻ ശാ­ന്ത­മാം ആ­ന്ദോ­ള­നം

തി­രു­വാ­തി­ര­ത്തി­ങ്ക­ളൂ­ഞ്ഞാ­ലിൻ ഹി­ന്ദോ­ള­കം

എന്നു തു­ട­ങ്ങി

മു­റു­കെ­ച്ചു­റ്റി­പ്പി­ണ­ഞ്ഞു­ഗ്ര­വേ­ഗ­ത്തിൽ പിരി-

യ­ഴി­യും ഭ്ര­മ­ണ­ത്തി­ന്ന­ന്ത്യ­മാം ച­ല­ന­ത്തിൽ

എ­റി­യ­പ്പെ­ടും­പോ­ലെ രാ­ഗി­ണി മാ­ഞ്ഞു, സാ­ന്ദ്രം

ഇ­രു­ളിൻ ഗർ­ഭ­ഗൃ­ഹ­നീ­ല­നിർ­വൃ­തി­ക­ളിൽ

എ­ന്നു് അ­വ­സാ­നി­ക്കു­ന്ന­താ­ണു് ആ­ദ്യ­ക­വി­ത.

ഏഴു കൊ­ല്ലം ക­ഴി­ഞ്ഞു് ടീ­ച്ചർ അതേ പേരിൽ വേ­റെ­യൊ­രു ക­വി­ത­യെ­ഴു­തി, അതേ രാ­ഗാ­ലാ­പം കേ­ട്ട­തി­നെ­പ്പ­റ്റി.

രാ­വാ­ണു്, പാ­തി­വി­രി­ഞ്ഞൊ­രു, രാ,വെ­ന്റെ

ഏ­കാ­ന്ത­പ­ഞ്ജ­ര­ത്തി­ന്നു­ചു­റ്റും മഴ-

യാ­ടു­ന്നു, ഞാ­നു­ള്ളി­ലാ­ടു­ന്നു ചെമ്പക-​

പ്പൂ­വി­ന്റെ വീർ­പ്പു­വി­ഷം പെ­യ്തൊ­ഴു­കു­ന്നു

എന്നു തു­ട­ക്കം.

ഇ­പ്പൊ­ഴും സാ­രം­ഗി­യിൽ മഴ കേഴുന്നി-​

തി­പ്പൊ­ഴും ചെ­മ്പ­ക­പ്പൂ­വി­ഷ­മൂ­റു­ന്നു.

ഹൃ­ത്തോ­ള­മെ­ത്തി­യ നിർ­വൃ­തി­തൻ നീലം

ഒ­ട്ടു­റ­ഞ്ഞീ മ­ണ്ണിൽ വീ­ണു­റ­ങ്ങ­ട്ടെ ഞാൻ

എ­ന്നു് അ­ന്ത്യ­ച­തു­ഷ്പ­ദി.

ര­ച­നാ­പ­ര­മാ­യ തി­രു­ത്തു­ക­ള­ല്ല ഉ­ദ്ദി­ഷ്ട­മെ­ന്നു­റ­പ്പു്. ഘ­ട­ന­യി­ലും ഛ­ന്ദ­സ്സി­ലും ബിം­ബ­യോ­ജ­ന­യി­ലും വ്യ­ത്യ­സ്ത­മാ­ണു് രണ്ടു ക­വി­ത­ക­ളും. ടീ­ച്ച­റു­ടെ വാ­ക്കു­ക­ളിൽ “അ­ല­യി­ള­കു­ന്ന മ­ല­നി­ര­ക­ളു­ടെ, ധ്യാ­ന­ശൃം­ഗ­ങ്ങ­ളു­ടെ, മ­ണ­ലാ­ഴി­ക­ളു­ടെ, കൊ­ടു­ങ്കാ­റ്റു­ക­ളു­ടെ, ഹി­മ­വാ­ഹി­നി­ക­ളു­ടെ, ച­ക്ര­വാ­ള­ത്തോ­ളം ഒഴുകി നി­റ­ഞ്ഞ പൊൻ­വ­യ­ലു­ക­ളു­ടെ ഒരു ലോകം. ഉ­ത്ത­ര­ഭാ­ര­ത­ത്തി­ന്റെ വി­സ്തൃ­തി­യും സ­ങ്കീർ­ണ­ത­യും പൂർ­ണ­മാ­യും ഉൾ­ക്കൊ­ണ്ട ഒരു സം­ഗീ­ത­ഭൂ­മി.” ന­മ്മു­ടെ പല ക­വി­ക­ളും പ്ര­ശ­സ്ത­ഗാ­യ­ക­രു­ടെ സം­ഗീ­ത­ത്താൽ പ്ര­ഭാ­വി­ത­രാ­യി ക­വി­ത­യെ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ടു്. ടീ­ച്ച­റു­ടെ ക­വി­ത­ക­ളി­ലെ പ്ര­ശ്ന­സ­ങ്കു­ല­ന­വും ആ­ത്മാ­ന്വേ­ഷ­വും പക്ഷേ, അ­ന്യ­ത്ര ദുർ­ല­ഭം. സൈഗാൾ, സാ­ക്കിർ ഹുസൈൻ—ടീ­ച്ച­റെ പ്ര­ചോ­ദി­പ്പി­ച്ച­വർ പ­ല­രാ­ണു്.

ആറു്

ചി­ത്ര­ക­ല­യാ­യി­രു­ന്നു ടീ­ച്ച­റു­ടെ മ­റ്റൊ­രു ആ­കർ­ഷ­ബി­ന്ദു. എ­ഡ്മ­ണ്ഡ് തോമസ് ക്ലി­ന്റി­നെ­ക്ക­ണ്ട­റി­ഞ്ഞ­വ­രിൽ ടീ­ച്ച­റും ഉൾ­പ്പെ­ട്ടി­രു­ന്നു­വ­ത്രേ. ടീ­ച്ച­റു­ടെ മൂ­ത്ത­ചേ­ച്ചി പ്രൊഫ. ഹൃ­ദ­യ­കു­മാ­രി പാ­ശ്ചാ­ത്യ­ചി­ത്ര­ക­ലാ­മർ­മ­ജ്ഞ­യാ­യി­രു­ന്നു; ക്ലൗ­ദ് മോ­നെ­യെ­പ്പ­റ്റി­യെ­ഴു­തി­യ ശ്ര­ദ്ധേ­യ­മാ­യ ദീർ­ഘ­ലേ­ഖ­നം സാ­ക്ഷ്യം. വാ­സ്ത­വ­ത്തിൽ ന­വോ­ത്ഥാ­ന­പ്ര­തി­ഭ­ക­ളു­ടെ­യൊ­രു സം­ഗ­മ­കേ­ന്ദ്ര­മാ­യി­രു­ന്നു ടീ­ച്ച­റു­ടെ കു­ടും­ബം. കി­ഴ­ക്കൻ­മ­ല­ക­ളു­ടെ സൂ­ക്ഷ്മ­നീ­ലി­മ­യെ വി­വ­രി­ക്കു­ന്ന പ്ര­ക­ര­ണ­ത്തിൽ ടീ­ച്ചർ നി­ക്കോ­ളാ­സ് റോ­റി­ക്കി­നെ ഓർ­ക്കും. റോ­റി­ക്കി­ന്റെ നീ­ല­വർ­ണ­മാ­യ ഹി­മാ­ല­യ­ചി­ത്ര­ങ്ങൾ പോ­ലെ­യ­ല്ല പ്ര­കൃ­തി­യു­ടെ വി­ചി­ത്ര­നീ­ല­മെ­ന്നു­പ­ദർ­ശി­ക്കും.

മി­ഴി­നീ­ല, മഴനീല, കു­ള­നീ­ല, പു­ഴ­നീ­ല,

നി­ഴൽ­നീ­ല, കി­ളി­നീ­ല, ഞാ­വൽ­നീ­ല,

വി­ഷ­നീ­ല, മ­ഷി­നീ­ല, തു­രി­ശു­നീ­ല,

സു­റു­മ­തൻ നീല, പ­ളു­ങ്കു­നീ­ല,

പൂനീല, പു­ക­നീ­ല, പുൽ­നീ­ല, ക­രി­നീ­ല,

രാനീല, തീനീല, മി­ന്നൽ­നീ­ല,

ക­രി­നീ­ല, മു­ടി­നീ­ല, എ­ണ്ണ­നീ­ല,

ക­റു­ക­തൻ നീല; ക­രി­മ്പു­നീ­ല…

“ഓരോ ഇ­ല­യ്ക്കും നി­റ­ത്തി­ന്റെ ഓരോ സ­വി­ശേ­ഷ­ത­യു­ണ്ടു്. ഓരോ പ­ക്ഷി­ക്കും ശ­ബ്ദ­ത്തി­ന്റെ സ്വ­ര­ഭേ­ദ­ങ്ങ­ളും. പ­ച്ച­നി­റം, ക­ള­നാ­ദം എ­ന്നൊ­ക്കെ പ­റ­ഞ്ഞു പോയാൽ അ­വ­യോ­ടു നീ­തി­ചെ­യ്യ­ലാ­വി­ല്ല” എന്ന വൈ­ലോ­പ്പി­ള്ളി മാ­സ്റ്റ­റു­ടെ വാ­ദ­ത്തെ സാ­ക്ഷാ­ത്ക­രി­ച്ച­തു് ടീ­ച്ച­റാ­ണു്.

സൂ­ക്ഷ്മ­ത­യു­ടെ അ­പ­ര­ധ്രു­വ­മാ­ണു് സാ­ക­ല്യം. ഒരു ചി­ത്ര­കാ­ര­ന്റെ ര­ച­ന­ക­ളെ സാ­ക­ല്യേ­ന നി­രീ­ക്ഷി­ക്കു­ന്ന ക­വി­ത­യാ­ണു് ‘പിറ.’ ചി­ത്ര­ങ്ങ­ളിൽ ഊ­ന്നു­ന്ന ക­വി­ത­കൾ­ത­ന്നെ കു­റ­വാ­ണു് മ­ല­യാ­ള­ത്തിൽ. ഈ ചി­ത്ര­കാ­ര­നാ­വ­ട്ടേ, അത്ര പ­രി­ചി­ത­നു­മ­ല്ല, ‘ഹെൻറി റൂ­സ്സോ’. നേരിയ പ­രി­ച­യ­മു­ള്ള­വർ ഓർ­ക്കാ­നി­ട­യു­ള്ള റു­സ്സോ ചി­ത്രം ‘ദി സ്ലീ­പ്പി­ങ് ജി­പ്സി’ ആ­യി­രി­ക്കാം. എ­ന്നാൽ മ­രു­ഭൂ­മി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലു­ള്ള ഈ ചി­ത്ര­ത്തെ ‘പിറ’യിൽ സൂ­ചി­പ്പി­ക്കു­ന്ന­തേ­യി­ല്ല. റൂ­സ്സോ­യു­ടെ വി­ചി­ത്ര­വ­ന­ചി­ത്ര­ങ്ങ­ളാ­ണു് ‘പിറ’യുടെ പ്ര­ചോ­ദ­നം. പാ­ര­മ്പ­ര്യ­രീ­ത്യാ ചി­ത്ര­ക­ല അ­ഭ്യ­സി­ച്ച­യാ­ളാ­യി­രു­ന്നി­ല്ല റൂ­സ്സോ. കൈ­കാ­ലു­ക­ളു­ടെ­യും ശി­ര­സ്സി­ന്റെ­യും അ­നു­പാ­തം­പോ­ലും നേരേ ചൊ­വ്വേ വ­ര­യ്ക്കാ­ത്ത റൂ­സ്സോ­യെ വി­മർ­ശ­കർ നിർ­ത്തി­പ്പൊ­രി­ക്കാ­റു­ണ്ടു്. ര­സാ­വ­ഹ­മാ­യ കാ­ര്യം മ­റ്റൊ­ന്നാ­ണു്; റൂ­സ്സോ ഒറ്റ മ­ഴ­ക്കാ­ടു­പോ­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത­യാ­ളാ­യി­രു­ന്നു. മൃ­ഗ­ശാ­ല­ക­ളും ഉ­ദ്യാ­ന­ങ്ങ­ളും ചി­ത്ര­ക­ഥാ­പു­സ്ത­ക­ങ്ങ­ളും പ­ര­സ്യ­ങ്ങ­ളു­മൊ­ക്കെ­യാ­യി­രു­ന്നു റൂ­സ്സോ­യു­ടെ പ്ര­ഭ­വ­കേ­ന്ദ്ര­ങ്ങൾ. ഏതേതു ചി­ത്ര­ങ്ങ­ളെ­ന്നു് ഇ­ഴ­പി­രി­ച്ചു പറക വിഷമം. എ­ന്നാ­ലും.

ചി­ല­നേ­ര­ത്തു­ച്ച­ക്കാ­നം വി­രി­യു­മ്പോൾ

അവൾ കേൾ­ക്കു­ന്നു,

പു­ഴ­യോ­ര­ത്തോ­ട­ക്കു­ഴ­ലാ­യ­വ­നെ­ത്തി വി­ളി­ച്ചീ­ടു­ന്നു

എന്ന ഈരടി ‘ദി ഡ്രീം’ എന്ന ചി­ത്ര­ത്തി­ന്റെ പ­രാ­വർ­ത്ത­ന­മാ­കാം. ‘ദി സ്നേ­ക്ക് ചാമർ’ എന്ന ചി­ത്ര­ത്തി­ന്റെ ഭാ­വ­ച്ഛാ­യ­ക­ളെ­യും അതു് ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടാ­വാം.

അ­വി­ട­ല്ലോ വേ­നൽ­ച്ചീ­ളാം ഇ­രു­ക­ണ്ണു­കൾ,

ദാ­ഹ­മി­ര­മ്പും

തെ­ളി­മ­ഞ്ഞ­ത്തി­രി­ക­ളി­രു­ട്ടിൻ

മു­ന­യു­ള്ളി­ലൊ­ളി­ച്ചു പി­ടി­പ്പോർ

എ­രി­തീ­യിൻ പൂ­ക്ക­ളു­ടു­ത്തോൾ

പെ­രു­താ­മൊ­രു വ്യാ­ഘ്രി­യ­ടു­ത്താ­യ്

എന്ന വ­രി­ക­ളിൽ ഉ­ദ്ദി­ഷ്ടം ‘സർ­പ്രൈ­സ്ഡ്; ടൈഗർ ഇൻ എ ട്രോ­പ്പി­ക്കൽ സ്റ്റോം’ എന്ന ചി­ത്ര­മാ­കാം. പ­രാ­മൃ­ഷ്ട­മാ­യ ചി­ത്ര­ങ്ങൾ ഏ­തേ­തെ­ന്നു് ക­ണ്ടു­പി­ടി­ക്കു­ന്ന­തു് ക­ലാ­പ­ര­മാ­യ സ­ര­ള­കു­തൂ­ഹ­ലം മാ­ത്രം. റൂ­സ്സോ­യു­ടെ മ­ഴ­ക്കാ­ടു­ക­ളി­ലെ സ­ങ്കീർ­ണ­മാ­യ ആ­വാ­സ­വ്യ­വ­സ്ഥ­യെ­യും അ­നു­ഭൂ­തി­സം­ഘാ­ത­ത്തെ­യും കവിത സ­മർ­ത്ഥ­മാ­യി പു­ന­രാ­വി­ഷ്ക­രി­ക്കു­ന്നു എ­ന്ന­താ­ണു് പ്ര­ധാ­നം. റൂ­സ്സോ­യു­ടെ കാ­ന­ന­ചി­ത്ര­ങ്ങ­ളു­ടെ ആ­ത്മ­സാ­ര­മാ­ണു് ടീ­ച്ചർ ‘പിറ’യിൽ സം­ഭ­രി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന­തു്. റൂ­സ്സോ­യു­ടെ പല ചി­ത്ര­ങ്ങ­ളി­ലും മേൽ­വ­ലം കോണിൽ പൗർ­ണ­മി­ച്ച­ന്ദ്ര­നെ കാണാം.

ഇ­ട­നെ­ഞ്ഞിൽ ഇ­രു­ട്ടിൻ­കോ­ണിൽ

പി­റ­പോ­ലൊ­രു കവിത പി­റ­പ്പൂ

എ­ന്നു് ക­വി­ത­യു­ടെ അ­ന്ത്യ­പാ­ദം.

ക­വി­ത­കൾ വി­ഷ­യ­മാ­ക്കു­ന്ന­തു് സം­ഗീ­ത­ത്തെ­യോ ചി­ത്ര­ക­ല­യെ­യോ ആ­ക­ട്ടെ, ര­ണ്ടി­ലും ടീ­ച്ച­റു­ടെ രീതി ഒ­ന്നു­ത­ന്നെ—തന്റെ ആ­സ്വാ­ദാ­നു­ഭ­വ­ത്തെ ഇ­ഴ­പി­രി­ച്ചു വേർ­പെ­ടു­ത്തു­ക, അതിനെ വി­ശ­ദ­ത­ര­മാ­യി സ്വയം വ്യാ­ഖ്യാ­നി­ക്കു­ക. ആ­ന്ത­ര­യാ­ത്ര­ക­ളെ വ്യാ­ഖ്യാ­നി­ക്കു­വാൻ ബാ­ഹ്യ­പ്ര­കൃ­തി­സം­യോ­ജ­ക­ങ്ങ­ളെ ആ­ശ്ര­യി­ച്ചേ തീരു. ഭൗ­തി­ക­യാ­ത്ര­ക­ളി­ലോ? ക­ണ്ടും കേ­ട്ടും പ­ഠി­ച്ച­തെ­ല്ലാം അ­ത്ര­മേൽ അ­നാ­യാ­സ­മാ­യി, നൈ­സർ­ഗി­ക­മാ­യി സാ­ഹി­ത്യ­സൂ­ച­നാ­സ­മൃ­ദ്ധി­യാ­യും സം­ഗീ­താ­സ്വാ­ദ­സ്മൃ­തി­ക­ളാ­യും വ­ന്നു­ദി­ക്കു­ന്നു.

താം ഹം­സ­മാ­ലാഃ ശരദീവ ഗ­ങ്ഗാം

മ­ഹൗ­ഷ­ധിം ന­ക്ത­മി­വാ­ത്മ­ഭാ­സഃ

സ്ഥി­രോ­പ­ദേ­ശാം ഉ­പ­ദേ­ശ­കാ­ലേ

പ്ര­പേ­ദി­രേ പ്രാ­ക്ത­ന­ജ­ന്മ­വി­ദ്യാഃ

ഇ­തേ­പ്പ­റ്റി പി­ന്നാ­ലെ ഒ­ട്ടൊ­ന്നു വി­സ്ത­രി­ക്കാം.

ഏഴു്

കാ­ടു­ക­ളെ പ്ര­ണ­യി­ച്ച­വ­ളാ­യി­രു­ന്നു ടീ­ച്ചർ. നി­ഗൂ­ഢ­വും നി­ഷി­ദ്ധ­വും ഭീ­ക­ര­വും ത­മോ­വൃ­ത­വു­മാ­ണു് കാടു്. മ­ന­സ്സി­ന്റെ നി­താ­ന്ത­രൂ­പ­കം. സ­മ്മോ­ഹ­ന­മാ­യ അ­ജ്ഞാ­ത­സ്ഥ­ലി. കേ­ര­ള­ത്തി­ലെ­യും ഹി­മാ­ല­യ­ത്തി­ലെ­യും കാ­ടു­ക­ളിൽ ഏറെ അ­ല­ഞ്ഞു­തി­രി­ഞ്ഞു ടീ­ച്ചർ. ‘കാ­ടു­ക­ളു­ടെ താളം തേടി’ എന്ന ചെ­റു­പു­സ്ത­കം ഒരു ഹി­മാ­ല­യ­യാ­ത്ര­യു­ടെ ഓർ­മ്മ­ക്കു­റി­പ്പു­ക­ളു­ടെ രൂ­പ­ത്തിൽ സു­ഗ­ത­ച്ചേ­ച്ചി­ക്കെ­ഴു­തി­യ പ­തി­നാ­റു ക­ത്തു­ക­ളു­ടെ സ­മാ­ഹാ­ര­മാ­ണു്.

“ഹി­മാ­ല­യം എ­നി­ക്കു് സ്വ­പ്ന­ഭൂ­മി­യാ­ണു്… ഹ­രി­ദ്വാ­റും ഹൃ­ഷീ­കേ­ശും കേ­ദാ­റും ബ­ദ­രി­യു­മൊ­ക്കെ ആ സ്വർ­ഗീ­യാ­നു­ഭൂ­തി­യി­ലേ­ക്കു­ള്ള പ­ട­വു­കൾ മാ­ത്രം. ജ­ന­ത്തി­ര­ക്കു­ള്ള തീർ­ഥാ­ട­ന­കേ­ന്ദ്ര­ങ്ങൾ­ക്കൊ­ക്കെ എ­ത്ര­യോ അ­പ്പു­റ­ത്താ­ണു് പ്രാ­ലേ­യാ­ച­ലം ഭാ­വ­ഗാം­ഭീ­ര്യ­ത്തോ­ടെ പ­ള്ളി­കൊ­ള്ളു­ന്ന­തു്. ഹി­മാ­ല­യം­ത­ന്നെ­യാ­ണു് ക്ഷേ­ത്ര­ഭൂ­മി. ഹി­മ­പ്പ­ര­പ്പാ­ണു് ക്ഷേ­ത്രം. ഹി­മ­മാ­ണു് പ്ര­തി­ഷ്ഠ. വി­രാ­ഗ­മാ­ണു് ഭാവം. അ­പ്ര­മേ­യ­ത­യു­ടെ ഈ ലാ­വ­ണ്യം കോ­രി­ക്കു­ടി­ക്കാ­നാ­യ­തു് എന്റെ പു­ണ്യാ­തി­രേ­കം. വാ­ക്കു­ക­ളി­ലൊ­തു­ക്കാ­വു­ന്ന­ത­ല്ല ആ ചാ­രി­താർ­ഥ്യം” എ­ന്നു് ടീ­ച്ചർ.

കാ­ടു­ക­ളു­ടെ താളം തേ­ടി­പ്പോ­യ ടീ­ച്ചർ ക­ണ്ട­തു മി­ക്ക­തും താ­ള­പ്പി­ഴ­യാ­ണു്. അ­തു­കൊ­ണ്ടാ­ണു് സ്ത­വ­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളാ­കു­ന്ന­തു്. ‘ഘനസംഘ’ത്തി­ന്റെ മാ­തൃ­ക­യി­ലെ­ഴു­തി­യ ‘ഹി­മ­രു­ദ്ര­സ്ത­വം’ മാമൂൽ കേ­ശാ­ദി­പാ­ദ­വർ­ണ­ന­മ­ല്ല. അ­തു­കൊ­ണ്ടാ­ണു്

ഹി­മ­തൂ­ലം പ­ര­ത്തു­ന്ന ശ്വ­സി­തം കൈ­തൊ­ഴു­ന്നേൻ

ഘ­ന­പാ­ഷാ­ണ­വർ­ഷ­ത്തിൻ നി­ശ്വ­സി­തം തൊ­ഴു­ന്നേൻ,

ചു­ര­മാ­ന്തി­ക്കു­തി­ച്ചെ­ത്തും വൃ­ഷ­ഭ­ത്തിൻ ക­ണ­ക്കേ

ഉടൽ മൂ­ടി­ത്തു­മി­ച്ചെ­ത്തും ഹി­മ­വർ­ഷം തൊ­ഴു­ന്നേൻ,

കു­ഴ­മ­ഞ്ഞാ­യ്ക്കു­ഴ­ഞ്ഞും, വൻ­ചു­ര­മാ­യി­ട്ടി­ടി­ഞ്ഞും

ഉ­രു­ളാ­യി­ട്ടു­രു­ണ്ടും, കാൽ­വ­ഴു­തു­മ്പോൾ മി­നു­ത്തും

ഹി­മ­ശാർ­ദൂ­ല­മാം ഭീ­ത­ഗീ­ത­മാ­യ് മെയ് പൊ­ളി­ച്ചും

അണയും സം­ഹാ­ര­ഭൂ­ത­ഗ­ണ­ങ്ങൾ­ക്കും തൊ­ഴു­ന്നേൻ!

എന്നീ വ­രി­ക­ളെ അ­തി­ലുൾ­ച്ചേർ­ക്കാൻ ക­ഴി­യു­ന്ന­തു്. കാടും മലയും പു­ഴ­യും ന­ല്കി­യ­തെ­ല്ലാം വാ­ചാ­മ­ഗോ­ച­ര­മാ­ണെ­ന്നാ­ണു് ടീ­ച്ചർ പ­റ­യാ­റു്; ആ ഇ­ന്ദ്രി­യാ­നു­ഭൂ­തി­കൾ ഉ­ള്ളിൽ നി­റ­ഞ്ഞു­വി­ങ്ങു­ന്ന­തു് എ­ന്നെ­ങ്കി­ലും ഇറ്റു ക­വി­ത­യാ­യെ­ങ്കിൽ താൻ ധ­ന്യ­യാ­യെ­ന്നും. മുൻ­കൂർ ഉ­റ­പ്പു­ക­ളൊ­ന്നു­മി­ല്ലാ­തെ, ട്രെ­യി­നി­ലെ ഇ­ട­നാ­ഴി­യിൽ പെ­ട്ടി­മേൽ കു­ത്തി­യി­രു­ന്നു­റ­ങ്ങി­യും, അ­പ­രി­ചി­ത­രു­ടെ സൈ­ക്കി­ളി­ന്റെ പി­ന്നി­ലും ലോ­റി­യി­ലു­മൊ­ക്കെ­ക്ക­യ­റി യാത്ര ചെ­യ്തും പെ­ട്ടി­ക്ക­ട­ക­ളിൽ­നി­ന്നു ഭ­ക്ഷ­ണം ക­ഴി­ച്ചും പീ­ടി­ക­ത്തി­ണ്ണ­യി­ലും ചാ­യ­ക്ക­ട­യി­ലു­മെ­ല്ലാം അ­ന്തി­യു­റ­ങ്ങി­യു­മാ­ണു് ടീ­ച്ചർ ഹി­മാ­ല­യ­ദർ­ശ­നം ന­ട­ത്തി­യ­തു്.

തും­ഗ­നാ­ഥ­ത്തിൻ താഴെ സ്വർ­ഗ­ഭൂ­മി­യിൽ ഞാനൊ-

ര­ന്തി­യിൽ അ­ന്തി­ക്ക­തിർ­ചാ­ഞ്ഞു­പോ­വ­തും നോ­ക്കി

തീ­യു­കാ­ഞ്ഞെ­ാ­രു ചു­ടു­ചാ­യ­യും മോ­ന്തി, കൂട്ടു-​

കാ­രൊ­ത്തു പു­ക­തി­ങ്ങും പു­തു­സ­ത്ര­ത്തിൽ തങ്ങീ…

എ­ട്ടു്

ഗദ്യ-​പദ്യയാത്രകളിലെല്ലാം സാ­ഹി­ത്യ­സം­ഗീ­ത­സ്മൃ­തി­കൾ വ­ന്നു­ദി­ക്കു­ന്ന­തേ­പ്പ­റ്റി പ­റ­ഞ്ഞു­വ­ല്ലോ. സി. വി. രാമൻ പി­ള്ള­യും വി. കെ. എ­ന്നും വി­ല്യം കൂ­പ്പ­റും, ഈ­ശാ­വാ­സ്യ­വും ശ­ങ്ക­രാ­ചാ­ര്യ­രും ഗ­ണേ­ശ­പ­ഞ്ച­ര­ത്ന­സ്തോ­ത്ര­വു­മൊ­ക്കെ­യു­ണ്ടു് കൂ­ട്ട­ത്തിൽ; പ­ണ്ഡി­ത് ജ­സ്രാ­ജി­ന്റെ ‘ഓം ശ്രീ ആ­ന­ന്ദ­ഹ­രി­നാ­രാ­യ­ണ’ പ്രാ­രം­ഭ­വും ല­ക്ഷ്മീ­ശ­ങ്ക­റി­ന്റെ ‘മേരേ തോ ഗി­രി­ധർ ഗോപാൽ, ദൂസരാ ന കോയീ’ ഭ­ജ­നു­മു­ണ്ടു്. നി­റ­ഞ്ഞു­നി­ല്ക്കു­ന്ന­തു്, പക്ഷേ, വൈ­ലോ­പ്പി­ള്ളി മാ­സ്റ്റ­റാ­ണു്—‘പെ­ണ്ണും പു­ലി­യും’, ‘ലി­ല്ലി­പ്പൂ­ക്കൾ,’ ‘ക­വി­യും സൗ­ന്ദ­ര്യ­ബോ­ധ­വും’ ഇ­ത്യാ­ദി. എ­ങ്കി­ലും

മൂ­ടൽ­മ­ഞ്ഞു­കൾ മാറിയുണർന്ന-​

പാടു് കാടു കു­ളിർ­ത്തു­നി­ല്ക്കു­ന്നൂ.

എന്ന ഈ­ര­ടി­യു­ദ്ധ­രി­ച്ച­തു് വൈ­ലോ­പ്പി­ള്ളി­ക്ക­വി­താ­പ്ര­ണ­യി­ക­ളെ­പ്പോ­ലും അ­തി­ശ­യി­പ്പി­ച്ചേ­ക്കാം. ‘പൂ­ക്ക­ളു­ടെ താ­ഴ്‌­വ­ര’യിൽ ‘ലി­ല്ലി­പ്പൂ­ക്ക­ളി’ൽ­നി­ന്നു് നാ­ലു­വ­രി നേ­രി­ട്ടു് ഉ­ദ്ധ­രി­ച്ചി­രി­ക്കു­ന്നു. ‘ഹരി, വരൂ, വരൂ’ എന്ന പ്ര­ശ­സ്ത ര­ച­ന­യി­ലെ പല ഖ­ണ്ഡ­ങ്ങൾ­ക്കും വൈ­ലോ­പ്പി­ള്ളി മാ­സ്റ്റ­റു­ടെ ‘ഓർ­മ്മ­ക’ളു­മാ­യു­ള്ള ഘ­ട­നാ­പ­ര­മാ­യ സാ­മ്യം കാ­ണാ­തെ പോക വയ്യ.

തൊ­ട്ടു­പി­ന്നിൽ കാ­ളി­ദാ­സ­നാ­ണു്. സൂ­ച­നാ­വി­പ­ര്യാ­സ­ത്തി­നു് ഒ­രു­ദാ­ഹ­ര­ണം മാ­ത്രം.

അ­തി­ലൊ­രു തു­ള്ളി പൊ­ഴി­ഞ്ഞു­വീ­ണെൻ

നി­റു­ക­യിൽ കാടു ക­രി­ഞ്ഞു­പോ­യീ

പ­തി­യെ­ക്കി­ഴി­ഞ്ഞു­പ­തി­ഞ്ഞു­വീ­ണെൻ

മി­ഴി­മ­യിൽ­പ്പീ­ലി­യെ­രി­ഞ്ഞു­പോ­യീ

തു­ടു­മ­ലർ­ച്ചൊ­ടി­യിൽ തു­ളു­മ്പി­വീ­ഴ്കേ

ഇതളു ക­രി­ഞ്ഞു ചു­രു­ണ്ടു­പോ­യീ

മു­ല­ക­ളിൽ­ത്ത­ട്ടി­ച്ചി­ത­റി വീ­ഴ്കേ

ക­ര­ളി­ലെ­പ്പാ­ലും ക­രി­ഞ്ഞു­പോ­യീ

ഒ­ടു­വി­ലൊ­ലി­ച്ചൊ­ലി­ച്ചെ­ത്തി നാഭി-

ച്ചു­ഴി­യി­ലൂ­ടു­ള്ളി­ലേ­യ്ക്കാ­ഞ്ഞി­റ­ങ്ങീ

എന്നു വാ­യി­ക്കു­മ്പോൾ നി­ങ്ങ­ളു­ടെ ഓർ­മ്മ­യിൽ പ്ര­സി­ദ്ധ­മാ­യ ആ കാ­ളി­ദാ­സ­ശ്ലോ­കം ഉ­ദി­ക്കു­ന്നി­ല്ലെ­ങ്കിൽ പ­രാ­തി­യി­ല്ല. തീ­ക്ഷ്ണ­ത മാ­ത്രം പോരാ; വ്യു­ത്പ­ത്തി­യും വേണം; വ്യു­ത്പ­ത്തി മാ­ത്രം പോരാ, തീ­ക്ഷ്ണ­ത­യും വേണം.

പ്ര­ച്ഛ­ന്ന­മാ­യ സാ­ഹി­ത്യ­സൂ­ച­ക­ത്തി­നൊ­രു­ദാ­ഹ­ര­ണ­മി­താ: കൊ­ച്ചേ­ച്ചി­യു­ടെ ‘കൃഷ്ണ, നീ­യെ­ന്നെ­യ­റി­യി­ല്ല’ എന്ന പ്ര­സി­ദ്ധ­ര­ച­ന­യ്ക്കു് അ­നു­ജ­ത്തി വൈകി എ­ഴു­തി­യ മ­റു­പ­ടി.

എ­ല്ലാം വെ­ടി­ഞ്ഞു നീ പോരൂ, വി­ളി­ക്കു­ന്നു

പു­ല്ലാ­ങ്കു­ഴൽ, ക­ടൽ­ക്കാ­റ്റിൽ

മ­രു­വി­ന്റെ നീണ്ട കി­ത­പ്പി­ലൂ­ടെ നി­ന്റെ

കു­ഴൽ­കേ­ട്ട­ഴി­ഞ്ഞു ഞാൻ നീ­ന്താം.

നി­ണ­മൊ­ലി­ക്കും വെ­യിൽ­ത്താ­ര­യാ­യ് നിന്മണൽ-​

ക്കു­ഴ­ലൂ­ത്തി­ലൂ­ടെ ഞാൻ പോരാം

അ­റി­യു­ന്നു ഞാൻ, കു­ഴ­ലൂ­ത്തു­കാ­രാ, മൃ­ത്യു

ഇ­ള­കു­ന്ന തീമറ മാ­ത്രം.

അ­തി­നും പി­റ­കി­ലേ­ക്ക­ല്ലോ വി­ളി­ക്കു­ന്നു

മുരളി, വ­രു­ന്നേൻ, വ­രു­ന്നേൻ.

അ­വി­ടെ­ന്തു് ? പൊൻ­കു­ഴൽ മാ­ത്ര­മോ, പാ­ടു­ന്ന

കു­ഴ­ലൂ­ത്തു­കാ­ര­നി­ല്ലെ­ന്നോ?

കു­ഴ­ലി­ന്റെ പൊൻ­ചു­രു­ളു­ള്ളിൽ നി­ശ്ശൂ­ന്യ­മാം

ഇരുളോ, വെ­ളി­ച്ച­മോ, തേനോ?

‘ഗോ­പി­കാ­ദ­ണ്ഡ­ന’ത്തെ ‘കൃഷ്ണ! നീ­യെ­ന്നെ­യ­റി­യി­ല്ല’ എന്ന ര­ച­ന­യു­ടെ പ്ര­തി­വാ­ദ­മാ­യി വാ­ഴ്ത്തു­ന്ന­വർ ടീ­ച്ച­റു­ടെ ഈ കവിത കാ­ണു­കി­ല്ല. പി­ന്നെ­യ­ല്ലേ ഛ­ന്ദഃ­സാ­ധർ­മ്യ­ത്തി­ന്റെ സൂ­ച­ക­ത്വം! (ടീ­ച്ച­റെ ഒ­ട്ടെ­ങ്കി­ലും പ്ര­സി­ദ്ധ­യാ­ക്കി­യ ‘ഹരി, നി­ന­ക്കാ­യി കരുതി കാ­ത്തു ഞാൻ’ എന്ന ര­ച­ന­യിൽ ‘കാ­ളി­യ­മർ­ദ്ദ­ന’ത്തി­ന്റെ ഭാ­വ­ച്ഛാ­യ­ക­ളു­ണ്ടോ?)

ഒൻ­പ­തു്

‘കാ­ളി­യ­മർ­ദ്ദ­ന’ത്തി­ലും ‘ഗ­ജേ­ന്ദ്ര­മോ­ക്ഷ’ത്തി­ലും സു­ഗ­ത­ച്ചേ­ച്ചി ആ­ഖ്യാ­തൃ­സ്ഥാ­ന­ത്തു നിർ­ത്തി­യ­തു് പു­രു­ഷ­നെ­യാ­ണു്. ‘വാ­ടി­ക്കാൽ­ക്കൽ അ­ടി­ഞ്ഞോ­രെൻ പ്രി­യ­നാ­ഗി­നി കേണു ത­ളർ­ന്നോ­ട്ടേ!’ എ­ന്നു് കാ­ളി­യൻ; ‘ത­ണ്ടോ­ടോ­മൽ­ത്താ­മ­ര പി­ഴു­തു പി­ടി­യ്ക്കു കൊ­ടു­ത്തു’ എന്നു ഗ­ജേ­ന്ദ്രൻ. എ­ന്നാൽ നി­ര­വ­ധി കൃ­ഷ്ണ­ക­ഥ­ക­ളിൽ­നി­ന്നു് ടീ­ച്ചർ വ­രി­ച്ച­തു് പൂ­ത­ന­യെ­ന്ന ശ­പ്ത­സ്ത്രീ­ജ­ന്മ­ത്തെ­യാ­ണെ­ന്ന­തു് സാ­കൂ­ത­മ­ല്ലേ? ‘ഇതാ, എന്റെ കവിത. ഇവൾ ഞാ­നാ­ണു്. എ­ന്ന­ല്ല ഇവൾ മാ­ത്ര­മാ­ണു് ഞാൻ. ഇ­വ­ളി­ലി­ല്ലാ­ത്ത­തൊ­ന്നും എ­ന്നി­ലി­ല്ല. എ­ന്നി­ലു­ള്ള­തൊ­ക്കെ ഇ­വ­ളി­ലു­ണ്ടു്. ഇ­രു­ളും വെ­ളി­ച്ച­വും ഇ­മ്പ­വും ഇ­ട­ച്ചി­ലും.’ പൂതന/ല­ളി­ത­യു­ടെ ദ്വി­ല­ഗ്ന­ത­യാ­ക­ണം ആ­കർ­ഷ­ഹേ­തു.

പു­ള­യും തീ­നാ­ള­മി­ള­കും മെ­യ്യു­മാ­യ്

ഇ­ണ­യെ­ത്തേ­ടു­ന്ന മ­ദി­ച്ച വ്യാ­ഘ്രി­പോൽ

ഇ­രു­ളു­റ­ങ്ങു­ന്ന തെ­ളി­ഞ്ഞ മെ­യ്യു­മാ­യ്

ലളിത ഞാൻ നി­ന്നെ­ത്തി­ര­ഞ്ഞു­പാ­ടു­ന്നു.

ഈ തു­ട­ക്കം നി­രാ­സ്പ­ദ­മെ­ന്നു വി­ചാ­രി­ക്ക­വ­യ്യ. ര­തി­കാ­മ­ന­യു­ടെ­യും മാ­തൃ­ത്വ­വാ­ഞ്ഛ­യു­ടെ­യും സം­യു­ക്ത­മാ­ണു് പൂതന/ലളിത; ‘ഒ­ര­മ്പി­ളി­ക്ക­ല കൊ­തി­ച്ചു വീർ­പ്പി­ടും നി­താ­ന്ത­വ­ന്ധ്യ­യാം ക­റു­ത്ത വാ­വു­പോൽ.’ ‘എല്ലാ ക­വി­ത­യ്ക്കും ഒരു വി­ഷ­യ­മേ­യു­ള്ളൂ എ­ന്നാ­ണെ­ന്റെ വി­ശ്വാ­സം—ഞാൻ. ഈ ഞാനും എ­ന്നെ­പ്പ­റ്റി­ത്ത­ന്നെ­യാ­ണു് പാ­ടു­ന്ന­തു്. എ­ന്നെ­പ്പ­റ്റി­യ­ല്ലെ­ങ്കിൽ എ­ന്റേ­തി­നെ­പ്പ­റ്റി. എന്റെ സ്നേ­ഹം, എന്റെ ആ­ഹ്ലാ­ദം, എന്റെ ദുഃഖം, എന്റെ ഭയം, എന്റെ ഭൂമി, എന്റെ ഉ­ള്ളി­ന്റെ­യു­ള്ള്. ഇ­തൊ­ക്കെ­യ­ല്ലാ­തെ മ­റ്റെ­ന്തി­നെ­പ്പ­റ്റി­പ്പാ­ടാൻ’ എ­ന്നു് ആ­വു­ന്ന­ത്ര ഉ­ച്ച­ത്തിൽ ടീ­ച്ചർ ചോ­ദി­ക്കു­ന്നു. അ­ടു­ക്ക­ള­യ്ക്കും പ­ടി­പ്പു­ര­യ്ക്കും പു­റ­ത്തു് താൻ നു­കർ­ന്ന ജീ­വി­താ­ന­ന്ദ­ങ്ങ­ളെ­പ്പ­റ്റി—പു­രാ­ണ­രൂ­പ­ക­ങ്ങ­ളൊ­ന്നി­ന്റെ­യും സാ­ഹാ­യ്യം തേ­ടാ­തെ—ആ­വു­ന്ന­ത്ര വ്യ­ക്ത­മാ­യി പ­റ­യു­ന്നു:

നിളതൻ തീ­ര­ത്തു നാം ക­വി­ത­ക്ക­തിർ­കൊ­യ്തൂ,

നിശതൻ ക­ള­ങ്ങ­ളിൽ കൊ­യ്ത്തു­പാ­ട്ടു­കൾ പെ­യ്തു,

ചഷകം നി­റ­ഞ്ഞ­ല്ലോ കവിത, ന­മു­ക്ക­ന്നു

മ­ധു­ശാ­ല­യാ­ണോ­രോ രാവും, എ­ന്തൊ­രാ­ന­ന്ദം!

…അ­ന്ന­തൻ വ്യഥ, പാ­സ്റ്റർ­നാ­ക്കി­ന്റെ

ശൈ­ത്യം, തെ­ക്കൻ

വന്യത വി­ള­ഞ്ഞാ­ടും നെ­രൂ­ദാ­ന­ദീ­ത­ടം,

വ്യർ­ഥ­പീ­ഡ­യെ മൂ­ക­രൂ­പ­ത്തി­ലാ­ഴ്ത്തും സെലാൻ

-​അത്തിരുമുറിവുകളൊക്കെയും ചും­ബി­ച്ചു നാം.

എ­ങ്കി­ലും കു­ടും­ബ­മെ­ന്ന സ്ഥാ­പ­ന­ത്തെ പ­രി­പാ­ലി­ക്കു­വാൻ സ്വയം ബലി കൊ­ടു­ക്കു­വാ­നും താൻ ഒ­രു­ക്ക­മാ­ണു്:

അ­നർ­ഘ­യെ­ന്നെ കാ­ക്കു­ന്നൂ

ദേ­വ­നും ദേ­വ­ദൂ­ത­രും;

എ­നി­ക്കു ര­ക്ഷ­യീ­ക്ക­ള്ളി,

ഇ­ക്ക­ളം, ച­തു­ര­ങ്ക­ണം…

പി­ട­ഞ്ഞു ചാകയോ മത്ത–

മാ­തം­ഗം? കുതിരക്കുള-​

മ്പി­ട­ഞ്ഞു വീരർ വീ­ഴു­ന്നോ?

തേരും മ­ണ്ണി­ല­ടി­ഞ്ഞി­തോ…?

ഒ­ടു­ക്ക­മൊ­രു നീ­ക്കം താൻ

ബാ­ക്കി നി­ല്പ­ത­വൾ­ക്കി­നി;

തു­ട­ച്ചു­നീ­ക്കി മാ­റ്റാ­തെ

കാ­ത്തി­ടാ­നി­ക്കു­ല­ത്തി­നെ.

കാ­ര്യ­ത്തിൽ മ­ന്ത്രി കരണേ

ദാ­സി­യാം റാ­ണി­യാ­ളി­താ

കാ­ല­ത്തിൻ ക­ലി­പീ­ഠ­ത്തിൽ

സ്വ­യ­മർ­പ്പി­ച്ചി­ടു­ന്നി­തേ.

(കൂ­ട്ട­ത്തിൽ­പ്പ­റ­യ­ട്ടേ, ഇ­ട­ശ്ശേ­രി­യു­ടെ ‘വ­ര­ദാ­നം’ ഒ­ഴി­ച്ചാൽ ച­തു­രം­ഗ­സ­ങ്കേ­ത­ങ്ങൾ ക്ലി­ഷ്ട­മാ­യെ­ങ്കി­ലും ഇ­ത്ര­യ്ക്കു സ­മർ­ഥ­മാ­യി ഉ­പ­യോ­ഗി­ച്ച വേ­റെ­യേ­റെ ക­വി­ത­ക­ളി­ല്ല; അതും ഒരേ ഛ­ന്ദ­സ്സിൽ.) ബ­ഹ്വർ­ഥ­ഗർ­ഭ­മാ­യ ഒരു ക­വി­ത­യെ­ക്കൂ­ടി ഉ­ദാ­ഹ­രി­ച്ചു­കൊ­ള്ള­ട്ടേ;

പെ­രു­ത്ത പാപി, സ്വച്ഛന്ദ-​

ചാരി, കാ­മ­വ­ശം­വ­ദ,

ഒ­രി­റ്റു പു­ണ്യ­മെ­ന്തു­ണ്ടീ

പെൺ­ജ­ന്മ­ത്തി­ന്നു്? ദുർഭഗ,

എ­ടു­ത്ത കു­ട­മോ­രോ­ന്നും

പ­ടി­ക്ക­ല്ലി­ലു­ട­ച്ച­വൾ.

അ­ച്ഛ­ന്നും പെറ്റ താ­യ­യ്ക്കും

അ­റി­യാ­തേ­റ്റ ശാ­പ­മാം;

ഉറ്റ കൂ­ട­പ്പി­റ­പ്പി­ന്നും

ഉ­ത­കാ­ത്ത­വൾ, ധൂമില;

കാ­ന്ത­ന്നു കൃത്യ, കുലട,

ത്യാ­ജ്യ, സ്വൈ­രി­ണി, താമസി…

മാൺ­പെ­റും സ­ന്ത­തി­ക്കെ­ല്ലാം

കു­മാ­താ­വു്, കു­ല­ഘ്നി താൻ…

ഇ­ല്ല­ല്ലോ പാ­തി­വ്ര­ത്യ­ത്തിൻ

കവചം, ന­ഗ്ന­യാ­ണി­വൾ.

സാ­ത്താൻ പാ­പ­മോ­രോ­ന്നും എ­ണ്ണി­പ്പ­റ­ഞ്ഞ­പ്പോൾ വൈ­കു­ണ്ഠ­ത്തിൽ­നി­ന്നെ­ത്തി­യ പാർ­ഷ­ദൻ അവളെ സാ­ധൂ­ക­രി­ച്ച­തി­ങ്ങ­നെ: അ­ഗ്നി­സ്വ­രൂ­പ­നാ­യ സ­ത്യ­നാ­രാ­യ­ണ­നെ സ്മ­രി­ക്കാ­തെ ഇ­വ­ളൊ­ന്നും ചെ­യ്തി­ട്ടി­ല്ല.

പി­രി­ഞ്ഞ­തി­ല്ല ഹരിയെ

പാ­പ­ത്തിൽ­പ്പോ­ലു­മീ വധു!

ക്രി­സ്തീ­യ­മാ­യ പാ­പാ­രോ­പ­ണ­ങ്ങൾ­ക്കു് വൈ­ഷ്ണ­വ­മാ­യ മോ­ച­ന­മാർ­ഗം!

പ­ത്തു്

മോ­ഹ­ചി­ന്ത­യു­ടെ ദുർ­ബ­ല­മാ­യ സാ­ധൂ­ക­ര­ണം പോരാ, ദാർ­ശ­നി­ക­ത­യു­ടെ സ­വി­സ്ത­ര­സ­മർ­ത്ഥ­നം­ത­ന്നെ വേ­ണ­മെ­ന്നു­റ­ച്ച­തി­നാ­ലാ­വ­ണം ടീ­ച്ചർ ഭ­ക്ത­ക­വ­യി­ത്രി­ക­ളു­ടെ ജീ­വി­ത­വും കൃ­തി­ക­ളും പ­ഠി­ച്ചു് ഒരു ദീർ­ഘ­പ്ര­ബ­ന്ധ­മെ­ഴു­തി­യ­തു്. ‘ഇ­ന്ത്യ­യു­ടെ എല്ലാ കോ­ണു­ക­ളിൽ­നി­ന്നും മു­ക്ത­ന­ക്ഷ­ത്ര­ങ്ങൾ ഇ­റ­ങ്ങി­വ­ന്നു് എന്നെ വലയം ചെ­യ്തു. എ­നി­ക്കി­നി മ­റ്റൊ­രു വ­ഴി­യി­ല്ലെ­ന്നു ഞാൻ അ­റി­ഞ്ഞു. സ്വയം ധൂ­ളി­യാ­യി ഈ വി­യ­ദ്ഗം­ഗ­യിൽ അ­ലി­യു­ക. ഇതിൽ മു­ങ്ങി­പ്പൊ­ങ്ങി ഇ­തോ­ടൊ­ത്തൊ­ഴു­കു­ക.’ അ­ക്ക­മ­ഹാ­ദേ­വി, കാ­ര­യ്ക്കൽ അ­മ്മ­യാർ, ലാൽ­ദെ­ദ്, ആ­ണ്ടാൾ, മീര—എന്നീ അ­ഞ്ചു­പേ­രെ­യാ­ണു് ടീ­ച്ചർ പ­ഠി­ക്കാൻ തി­ര­ഞ്ഞെ­ടു­ത്ത­തു്; ‘ദാരാൻ, സുതാൻ, ഗൃഹാൻ, പ്രാ­ണാൻ/യ­ത്പ­ര­സ്മൈ നി­വേ­ദ­നം’ എന്ന അ­നു­ശാ­സ­നം ജീ­വി­ച്ചു­കാ­ണി­ച്ച അഞ്ചു സ്ത്രീ­ജ­ന്മ­ങ്ങ­ളെ. കു­ടും­ബ­സൗ­ഖ്യ­ത്തി­ന്റെ സ­ക­ല­സം­ര­ക്ഷ­ണ­ങ്ങ­ളും വേ­ണ്ടെ­ന്നു­വെ­ച്ചു് ഉ­ടു­തു­ണി­പോ­ലും ഉ­രി­ഞ്ഞെ­റി­ഞ്ഞു­ക­ള­ഞ്ഞ­വർ. സമൂഹം ഏർ­പ്പെ­ടു­ത്തി­യ എല്ലാ വി­ല­ക്കു­ക­ളെ­യും ഉ­ല്ലം­ഘി­ച്ച­വർ. സംഭോഗ ശൃം­ഗാ­ര­ത്തി­ന്റെ ര­തി­ല­യ­ത്തെ­പ്പ­റ്റി വെ­ട്ടാ­വെ­ളി­യാ­യി നി­സ്സ­ങ്കോ­ചം പാടിയ ഇ­വ­രെ­യാ­ണു് സർ­വോ­ത്കൃ­ഷ്ട­രാ­യ ക­വി­ക­ളാ­യി ടീ­ച്ചർ മാ­നി­ച്ച­തു്. ക­ട­ലി­ന്റെ അ­ന്ത­രാ­ള­ങ്ങ­ളിൽ അ­ല­യു­ന്ന മ­ഹാ­മ­ക­ര­ങ്ങ­ളു­ടെ­യോ നീ­ല­ത്തി­മിം­ഗി­ല­ങ്ങ­ളു­ടെ­യോ പാ­ട്ടി­നോ­ടാ­ണു് ടീ­ച്ചർ ഇ­വ­രു­ടെ ര­ച­ന­ക­ളെ ഉ­പ­മി­ച്ച­തു്.

പ­തി­നൊ­ന്നു്

ജീ­വ­ന്മു­ക്ത­രാ­യ ഈ മ­ഹാ­യോ­ഗി­നി­ക­ളെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാ­കാം പിൽ­ക്കാ­ല­ത്തു് പ്രൊഫ. ജി. ബാ­ല­കൃ­ഷ്ണൻ നാ­യ­രു­ടെ ആ­ത്മീ­യ­ശി­ഷ്യ­ത്വം വ­രി­ക്കു­വാൻ ടീ­ച്ച­റെ പ്രേ­രി­പ്പി­ച്ച­തു്. ഈ ആ­ത്മ­വി­ദ്യാ­ഭ്യ­സ­ന­ത്തെ­പ്പ­റ്റി ടീ­ച്ചർ ഒ­ന്നും എ­ഴു­തി­ക്ക­ണ്ടി­ട്ടി­ല്ല. അ­തേ­പ്പ­റ്റി ക­ണ്ടി­ട്ടു­ള്ള ഒ­രേ­യൊ­രു രേഖ ഇ­രു­വ­രും ത­മ്മിൽ ന­ട­ത്തി­യ ഒരു ദീർ­ഘ­സം­വാ­ദ­ത്തി­ന്റെ ലി­ഖി­ത­രൂ­പ­മാ­ണു്. ദൃ­ഷ്ടാ­ന്ത­മാ­യി ടീ­ച്ച­റു­ടെ ഒരു ചോ­ദ്യ­വും ഗു­രു­വി­ന്റെ ഉ­ത്ത­ര­വും ഉ­ദ്ധ­രി­ക്കു­ന്നു:

ചോ­ദ്യം: അ­ഹിം­സ­യ്ക്കും ഹിം­സ­യ്ക്കും പ്ര­സ­ക്തി ന­ഷ്ട­പ്പെ­ടു­മ്പോൾ പി­ന്നെ ധർ­മ്മ­ചി­ന്ത­യ്ക്കു് എ­ന്താ­ണു പ്ര­സ­ക്തി?

ഉ­ത്ത­രം: എന്തു ധർ­മ്മം? കർ­മ്മ­മേ ഇല്ല. പി­ന്നെ­യെ­ന്തു ധർ­മ്മം? ഇവിടെ നി­റ­ഞ്ഞു നി­ശ്ച­ല­മാ­യി അ­ന­ന്ത­ഘ­ന­മാ­യി നി­ല്ക്കു­ന്ന ബോധം മാ­ത്ര­മേ­യു­ള്ളൂ. സർ­വ­ത്ര നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ഒരു വസ്തു. ഇതിൽ ച­ല­ന­മു­ണ്ടാ­യാ­ലാ­ണു് കർ­മ്മ­മു­ണ്ടാ­വു­ക. ച­ല­ന­മു­ണ്ടാ­ക­ണ­മെ­ങ്കിൽ അതു് എവിടെ നി­ന്നു്? ച­ല­ന­മി­ല്ലാ­ത്ത ഒരു അ­ടി­സ്ഥാ­ന­ത്തിൽ­നി­ന്നു് മ­റ്റൊ­രു വ­സ്തു­വി­ല്ലാ­തി­രി­ക്കെ ചലനം എ­ങ്ങ­നെ­സം­ഭ­വി­ക്കും? അ­തു­കൊ­ണ്ടാ­ണു് ച­ല­ന­രൂ­പ­മാ­യ കർ­മ്മം ഉ­ണ്ടാ­കാൻ സാ­ധ്യ­മ­ല്ലെ­ന്നു പ­റ­യു­ന്ന­തു്. ഇ­താ­ണു് ആ­ചാ­ര്യ­സ്വാ­മി­കൾ ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യ­ത്തി­ന്റെ മു­ഖ­വു­ര­യാ­യി പ­റ­ഞ്ഞ­തു്. അ­താ­യ­തു്, ചലനം സം­ഭ­വി­ക്ക­ണ­മെ­ങ്കിൽ ച­ല­ന­മി­ല്ലാ­ത്ത ‘ബേസ്’ വേണം. പക്ഷേ, ച­ല­ന­മി­ല്ലാ­ത്ത­തിൽ­നി­ന്നു് അ­ന്യ­വ­സ്തു ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് ചലനം സാ­ധ്യ­മ­ല്ല­താ­നും. ബ്ര­ഹ്മ­സൂ­ത്ര­ഭാ­ഷ്യം വാ­യി­ച്ചി­ട്ടാ­ണു് ഐൻ­സ്റ്റീൻ തന്റെ ഗ­വേ­ഷ­ണ­പ­ഠ­ന­ങ്ങൾ­ക്കു മുൻപേ ഇതു വാ­യി­ക്കാൻ ക­ഴി­യാ­ത്ത­തു് ക­ഷ്ട­മാ­യി­പ്പോ­യി എന്നു പ­റ­ഞ്ഞ­തു്.

പ­ന്ത്ര­ണ്ടു്

‘ഇല്ല പു­ത്രാർ­ത്തി­യോ­ള­വും വ­ലു­താ­യി­ട്ടൊ­രാർ­ത്തി­യും’ പ്രൊഫ. ബാ­ല­കൃ­ഷ്ണൻ­നാ­യ­രു­ടെ മകൻ ചെ­റു­പ്പ­ത്തി­ലേ അ­ന്ത­രി­ച്ചു­പോ­യി­രു­ന്നു. ത­ത്സ­മാ­ന­മാ­യ ദു­ര­ന്തം ടീ­ച്ച­റു­ടെ ജീ­വി­ത­ത്തി­ലു­മു­ണ്ടാ­യി. പ­രേ­ത­നാ­യ മകനെ ഗു­രു­വാ­യി വ­രി­ച്ചു­കൊ­ണ്ടു് ശി­വ­സാ­ക്ഷാ­ത്ക്കാ­ര­ത്തി­നാ­യി ജീ­വി­ച്ച ഗു­രു­നാ­ഥ­നെ ടീ­ച്ചർ പൂർ­ണ്ണ­മാ­യി ആ­ത്മ­സാ­ത്ക­രി­ച്ചു. 2002 ന­വം­ബ­റി­ലെ­ഴു­തി­യ­തെ­ന്നു ടീ­ച്ചർ ഡ­യ­റി­യിൽ കു­റി­ച്ചു­വെ­ച്ച ക­വി­ത­യാ­ണു് ‘കാളി.’ 2002 ഡി­സം­ബർ എ­ട്ടി­ന്റെ ‘മാ­തൃ­ഭൂ­മി’യിൽ ‘കാ­ളി­ക്കു് ഒ­രു­ടു­ക്കു­പാ­ട്ടു്’ എന്ന പേരിൽ അതു പ്ര­സി­ദ്ധീ­ക­രി­ച്ച­താ­യും കു­റി­പ്പു­ണ്ടു്. ‘കാളി’യുടെ അ­ന്ത്യ­ഖ­ണ്ഡ­ത്തിൽ നി­ന്നാ­ണീ­വ­രി­കൾ:

അ­ന­ക്ക­മ­റ്റു നിൻ കാൽ­ക്കൽ

കി­ട­ക്കു­ന്ന­വൻ ആരയേ

തു­ടു­ത്ത നീ­ല­നീൾ­ക്ക­ണ്ണു

ചാ­മ്പും ന­ഗ്ന­മ­നോ­ഹ­രൻ?

അ­വ­ന്റെ ചു­ണ്ടി­ലാ­ന­ന്ദം

അ­വ­ന്നു­ടൽ അ­നാ­ദി­തം

അ­വ­ന്നു നിർ­ഗു­ണം ചി­ത്തം

അ­വ­ന­ല്ലോ ചി­ര­ന്ത­നൻ…

അ­മൃ­തും മൃ­തി­യും രണ്ടു

ക­യ്യി­ലാ­യേ­ന്തി നി­ല്പ­വൾ

മ­തി­യും കൊ­തി­യും മാറി-

മാ­റി­ത്ത­ന്നു മ­യ­ക്കു­വോൾ

പ്ര­കൃ­തീ, പ്രാ­ണ­ദാ, പ്രാ­ണാ,

പ്രാ­ണേ­ശ്വ­രീ, പ്രി­യ­ങ്ക­രീ,

വി­കൃ­തീ, വി­ശ്വ­ഹ­ന­നീ,

ത­മോ­ഗർ­ത്താ, മ­ഹാ­മൃ­തി.

ഡ­യ­റി­യു­ടെ അതേ താ­ളി­ന്റെ ചോടെ ഇ­ങ്ങ­നെ­യും കാണാം: Govind returned to the womb on 17/11/2002. 2003-ൽ ടീ­ച്ചർ ഒ­ന്നു­മേ എ­ഴു­തി­യി­ല്ല. ഡ­യ­റി­യു­ടെ അ­ടു­ത്ത താൾ­ന­ടു­വിൽ രണ്ടു വാ­ക്കു­കൾ മാ­ത്രം; ‘വർഷം മൗനം.’ താഴെ ഇ­ങ്ങ­നെ­യും; ‘മൗനം മാ­ത്രം പെയ്ത വർഷം.’ പി­റ്റേ­ക്കൊ­ല്ലം കേ­ദാ­രം ക­യ­റു­മ്പോൾ എ­ഴു­തി­യ ഉ­ജ്ജ്വ­ല­മാ­യ ക­വി­ത­യാ­ണു് ‘ശി­വോ­ഹം, ശി­വോ­ഹം.’

ശ­ങ്ക­രാ­ചാ­ര്യ­രു­ടെ ‘നിർ­വാ­ണ­ഷ­ട്ക’ത്തെ ഓർ­മി­പ്പി­ക്കു­ന്ന­താ­ണി­തി­ന്റെ ശൈലി. പ്രൊഫ. ബാ­ല­കൃ­ഷ്ണൻ നായർ ‘ഷട്ക’ത്തി­നെ­ഴു­തി­യ വ്യാ­ഖ്യാ­ന­വും ടീ­ച്ച­റെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടാ­വാം.

മമ പ്രാ­ണ­നാം പൊൻ­കി­ടാ­വിൻ കപാലം

നി­റ­ച്ച­ല്ല­യോ മോ­ന്തി­നേൻ കാ­ള­കൂ­ടം?

ഉ­റ­ഞ്ഞ­ല്ലി കാ­കോ­ള­നീ­ലം വിരാഗോ-​

ജ്വ­ല­ത്ശോ­ക­സാ­രം ശി­വേ­ാ­ഹം, ശി­വോ­ഹം!

എ­ന്നെ­ഴു­താൻ കൈ­പേ­രു­ന്ന അ­മ്മ­മാർ ഏ­റെ­പ്പേർ ഉ­ണ്ടാ­വി­ല്ല.

പ­കു­ക്കേ­ണ്ട­തി­ല്ലീ ഉയിർപ്പാതിയാണാ-​

ണു­ടു­പ്പും ന­ട­പ്പും ത­നി­പ്പെ­ണ്ണു്; ലാ­സ്യം

ന­ടി­പ്പേൻ പ്ര­സ­ന്നം, ചി­ദ­ങ്ഗം ജലിക്കെ-​

ച്ച­ല­ത്താ­ണ്ഡ­വം, ച­ണ്ഡ­താ­ളം, ശി­വോ­ഹം!

എന്ന വ­രി­ക­ളി­ലെ­പ്പോ­ലെ ആ­ത്മാ­നു­ഭ­വോ­ദ്ദീ­പ്ത­മാ­യ ഭാഷ നാ­രാ­യ­ണ­ഗു­രു­വി­ന്റെ ര­ച­ന­ക­ളി­ല­ല്ലാ­തെ വേ­റെ­യേ­റെ­ക്ക­ണ്ടി­ട്ടു­മി­ല്ല. അഥവാ, അ­വ­യി­ലൊ­ന്നി­ലും ഇ­ല്ലാ­ത്ത ഭാ­വ­തൈ­ക്ഷ്ണ്യം ഈ ക­വി­ത­യ്ക്കു­ണ്ടു­താ­നും.

പ­തി­മൂ­ന്നു്

അ­സൂ­യാ­വ­ഹ­മാ­ണു് ഈ വാ­ഗ്വി­ഭു­ത്വം. അ­തു­പ­ക്ഷേ, ടീ­ച്ചർ പ­റ­യു­ന്ന­തു പോലെ അ­ശി­ക്ഷി­ത­ത്വ­ത്തി­ന്റെ വ­ശ്യ­ത­യാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. ‘ക­ള­രി­യിൽ പി­റ­ന്നെ­ങ്കി­ലും കൊ­ത്ത­ങ്ക­ല്ലാ­ടി മ­ര­മേ­റി ന­ട­ന്നു കാലം ക­ഴി­ച്ച­തി­നാൽ അ­ഭ്യാ­സം ല­ഭി­ച്ചി­ട്ടി­ല്ല’ എന്നു പ­റ­യു­ന്ന­തും ശ­രി­യാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. ബോ­ധേ­ശ്വ­ര­നും വാ­ഴു­വേ­ലിൽ കാർ­ത്യാ­യ­നി­യ­മ്മ­യും ഹൃ­ദ­യ­കു­മാ­രി­യും സു­ഗ­ത­കു­മാ­രി­യും ലാ­ളി­ച്ചു­പാ­ലി­ച്ച ഒ­രാൾ­ക്കു് നി­യ­ത­മാ­യ കാ­വ്യാ­ഭ്യാ­സ­മു­ണ്ടാ­യി­ല്ലെ­ന്നു വി­ശ്വ­സി­ക്ക­വ­യ്യ. സു­ഗ­ത­ച്ചേ­ച്ചി­യു­ടെ കവിത ഊ­റി­വീ­ണാ­ണു്, തന്റെ പാ­റ­യി­ലും പ­ച്ച­പ്പു പൊ­ടി­ച്ച­തെ­ന്നാ­ണു ടീ­ച്ചർ പറയുക. ‘ഞാൻ എ­ഴു­തു­ന്നു­വെ­ന്നേ­യു­ള്ളൂ, പലേ ദി­വ്യ­ദർ­ശ­ന­ങ്ങ­ളും സാ­ക്ഷാ­ത്ക്ക­രി­ച്ച­തു് സു­ജാ­ത­യാ­ണു്’ എന്നേ സു­ഗ­ത­ച്ചേ­ച്ചി പറയൂ. ‘നീ­ല­മേ­ഘം­പോ­ലി­രു­ണ്ടു പൊൻ­ത­ള­യ­ണി­ഞ്ഞൊ­രു­ണ്ണി­ക്കാ­ലു­മാ­ത്രം തൊ­ട്ടി­ലിൽ­നി­ന്നൂർ­ന്ന­താ കാ­ണ്മൂ’ എ­ന്ന­വ­സാ­നി­ക്കു­ന്ന പ്ര­സി­ദ്ധ­മാ­യ കൃ­ഷ്ണ­ക­വി­ത സു­ഗ­ത­ച്ചേ­ച്ചി അ­ങ്ങ­നെ എ­ഴു­തി­യ­താ­ണ­ത്രേ. ശ­രി­യാ­യി­രി­ക്ക­ണം. ടീ­ച്ചർ­ക്കു് ആ ദി­വ്യ­ദർ­ശ­ന­മു­ണ്ടാ­യ­തു് ഇ­ങ്ങ­നെ­യാ­യി­രു­ന്നു;

അ­ക­ത്തു പൂ­ന്തൊ­ട്ടിൽ വി­രി­ഞ്ഞു­നി­ല്ക്കു­ന്നു

തി­ടു­ക്ക­മാർ­ന്ന ക­ണ്ണി­ത­ള­ക­റ്റു­ന്നൂ

വെ­ളു­ത്ത പട്ടല ഞൊ­റി­ഞ്ഞ തൊ­ട്ടി­ലിൽ

ഉ­റ­ക്കം ഭാ­വി­ച്ചു കി­ട­ക്ക­യാ­ണ­വൻ…

ന­ന­വു­ണ­ങ്ങാ­ത്ത ചു­രുൾ­മു­ടി, നെറ്റി-​

ത്ത­ളി­രിൽ ച­ന്ദ­നം ച­മ­ച്ചൊ­ര­മ്പി­ളി…

ചു­ളി­ഞ്ഞ പാ­ലാ­ഴി­ത്തി­ര­യിൽ പൊ­ന്നോ­ളം

ചു­ഴ­ന്ന താ­മ­ര­ച്ചെ­റു­മൊ­ട്ടാം പാദം…

പ­തി­നാ­ലു്

ഈ സ­മാ­ഹാ­ര­ത്തി­ലെ എല്ലാ ക­വി­ത­ക­ളു­ടെ­യും ചാ­രു­ത­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞു­തീ­ര­ലി­ല്ല—പല ക­വി­ത­ക­ളിൽ പാ­റി­ന­ട­ക്കു­ന്ന പ­ക്ഷി­കൾ (‘വാ­ലാ­ട്ടി­ക്കി­ളി’, ‘കെ­സ്സു­പാ­ട്ടു­കാ­രൻ’, ‘കു­ന്തി­പ്പു­ഴ­ക്ക­ര­യിൽ’), പല ക­വി­ത­ക­ളിൽ ആ­ക­സ്മി­ക­മാ­യി അ­വ­ത­രി­ക്കു­ന്ന വൃത്ത ഭേ­ദ­ങ്ങൾ (‘നി­ശ്ശ­ബ്ദ­ത­യു­ടെ താ­ഴ്‌­വ­ര’, ‘ഹരി നി­ന­ക്കാ­യി കരുതി കാ­ത്തു ഞാൻ’), പല ക­വി­ത­ക­ളു­ടെ പല പാ­ഠ­ങ്ങൾ (‘ഹി­മ­രു­ദ്ര­സ്ത­വം’), അ­ദൃ­ഷ്ട­പൂർ­വ­രാ­യ ആ­ഖ്യാ­താ­ക്കൾ (‘വെ­റു­മൊ­രു പ്രേ­മ­ഗാ­നം’, ‘ക­ടൽ­ത്തീ­ര­ത്തെ മ­ദ്യ­ശാ­ല­യി­ലെ പാ­ട്ടു­കാ­രി’) എ­ന്നി­ങ്ങ­നെ. എ­ങ്കി­ലും ഒന്നു പ­റ­യാ­തെ വി­ട്ടു­കൂ­ടാ. അ­പ­രി­ഹാ­ര്യ­മാ­യ നി­ര­വ­ധി പ്ര­ശ്ന­ങ്ങ­ളിൽ പെ­ട്ടു­ഴ­ലു­മ്പോ­ഴും ടീ­ച്ചർ നർ­മ്മ­ത്തെ കൈ­വി­ട്ടി­രു­ന്നി­ല്ല. നർ­മ്മ­പ്രി­യ­യാ­യി­രു­ന്നു ടീ­ച്ചർ. എ­ങ്കി­ലും എ­ന്തൊ­രു സൂ­ക്ഷ്മ­നർ­മ്മം! ഒരു ദൃ­ഷ്ടാ­ന്തം മാ­ത്രം; ‘പാ­ട്ട­ച്ചീ­ട്ടു്.’ ഭാ­വ­നാ­ലോ­ക­മാ­ത്ര­സ­ഞ്ചാ­രി­യാ­യ ക­വി­ക്കു് ധർ­മ്മ­പ­ത്നി ച­ന്ദ്രി­ക­യു­ടെ എ­ഴു­ത്താ­ണു്:

എത്ര നാൾ കി­നാ­വു­വെ­ച്ചു­ണ്ണും? ഇ­പ്പേ­മാ­രി­യിൽ

എ­ത്ര­നാൾ ഓർ­മ്മ­ച്ചൂ­ടിൻ ക­മ്പി­ളി കു­ളി­രാ­ട്ടും?

എന്റെ വാ­ത­നോ­വി­ന്നു കു­റു­ന്തോ­ട്ടി തേ­ടീ­ടാൻ

അ­ന്തി­ക്കു ചീനീം മീനും കൊ­ണ്ടു­വ­ന്നീ­ടാ­നൊ­രാൾ

ച­ന്ത­യിൽ ചു­മ­ടെ­ടു­ക്കു­ന്ന­വൻ ഈ മോ­ന്താ­യം

തന്റെ ന­ട്ടെ­ല്ലാൽ നീർ­ത്തി കൂര കെ­ട്ടു­വാൻ വന്നൂ

സ്വ­പ്ന­ഭൂ­മി ഞാൻ കപ്പ ന­ടു­വാൻ കൊ­ടു­ക്കു­ന്നു

വ­റ്റി­യ ക­ണ്ണീർ­പ്പാ­ടം പാ­ട്ട­ച്ചീ­ട്ടെ­ഴു­തു­ന്നു.

ഒ­ടു­വീ­ര­ടി­യു­ടെ വി­വ­ക്ഷ­ക­ളോ? പ്രി­യ­പ്പെ­ട്ട കൊ­ച്ചേ­ച്ചി­യു­ടെ­യും പ്രേ­ഷ്ഠ­ക­വി­യു­ടെ­യും പാ­ര­മ്പ­ര്യ­ത്തെ താൻ നി­രാ­ക­രി­ക്കു­ന്നു­വെ­ന്നോ?

പ­തി­ന­ഞ്ചു്

മേ­ധാ­ശ­ക്തി­യും ഭാ­വ­തീ­ക്ഷ്ണ­ത­യും ര­ച­നാ­ചാ­തു­രി­യും ഒ­രാ­ളിൽ­ച്ചേർ­ന്നൊ­ത്തു കാ­ണു­ന്ന­തു് വി­ര­ള­മാ­ണു്. എ­ന്തു­കൊ­ണ്ടാ­വാം പ­ത്തു­പ­തി­ന­ഞ്ചു കൊ­ല്ലം ഈ പ്ര­തി­ഭാ­ശാ­ലി­നി തന്റെ ര­ച­ന­ക­ളെ അ­സൂ­ര്യം­പ­ശ്യ­ക­ളാ­ക്കി­വെ­ച്ച­തു്? ‘തീ­വ്ര­മാ­യ താ­ള­ല­യം, ചി­ന്താ­സ­ത്ത­യും ശൈ­ലി­യും സ­മ­ഞ്ജ­സ­മാ­യി സ­മ്മേ­ളി­ച്ച തീ­വ്ര­ത­ര­മാ­യ വാ­ഗ്രൂ­പം…, തീ­വ്ര­ത­മ­മാ­യ സ­ത്യ­ദർ­ശ­ന­വും’—അ­ര­വി­ന്ദ­ഘോ­ഷി­നെ അ­നു­സ­രി­ച്ചു് താൻ നിർ­വ­ചി­ച്ച, അ­നു­ഭൂ­തി­യും ദർ­ശ­ന­വു­മൊ­ന്നാ­കു­ന്ന, മ­ന്ത്ര­സ­മാ­ന­മാ­യ ക­വി­ത­യു­ടെ ത­ല­ത്തി­ലേ­ക്കു് അവ ഉ­യർ­ന്നി­ട്ടി­ല്ലെ­ന്നു ക­രു­തി­യ­തു­കൊ­ണ്ടാ­കു­മോ? (എ­ങ്കിൽ, തീ­രെ­ച്ചെ­റി­യ ഭൗ­തി­ക­ല­ക്ഷ്യ­ങ്ങൾ നേ­ടി­യെ­ടു­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­മാ­യി ക­വി­ത­യെ ഉ­പ­യോ­ഗി­ക്കു­ന്ന ബഹുധാ പു­ര­സ്കൃ­ത­രാ­യ ക­വി­മാ­നി­ക­ളെ ടീ­ച്ചർ എത്ര അ­നു­ക­മ്പ­യോ­ടെ­യാ­യി­രി­ക്കും ക­ണ്ടി­ട്ടു­ണ്ടാ­വു­ക?) അതോ നിർ­വേ­ദ­വൈ­രാ­ഗ്യ­ങ്ങൾ ക­വി­ത­യിൽ­നി­ന്നും പി­ന്തി­രി­യാൻ പ്രേ­രി­പ്പി­ച്ച­താ­കു­മോ?

രാ­ഗ­വൈ­രാ­ഗ്യ­ങ്ങൾ ര­ണ്ട­ല്ലെ­ന്ന ആ­ത്മീ­യ­സാ­ക്ഷാ­ത്ക്കാ­ര­ത്തിൽ ടീ­ച്ചർ എ­ത്തി­യോ? അ­റി­യി­ല്ല. ഒ­ടു­ങ്ങാ­ത്ത ജീ­വി­ത­ക്ലേ­ശ­ങ്ങൾ, പ­റി­യാ­ത്ത സ്നേ­ഹ­ബ­ന്ധ­ങ്ങൾ. വ്യ­ക്ത­വും അ­തി­ദൂ­ര­സ്ഥ­വു­മാ­യ പാ­ര­ത്രി­ക­ല­ക്ഷ്യം. അ­വ്യ­ക്ത­വും അ­തി­ക­ഠി­ന­വു­മാ­യ ഐ­ഹി­ക­മാർ­ഗ­ങ്ങൾ. വീ­ഴു­ന്ന­തു­വ­രെ പാ­ടാ­നാ­ക­ണ­മെ­ന്നാ­ണു് ടീ­ച്ചർ കൊ­തി­ച്ച­തു്.

നി­ന­ച്ചി­രി­ക്കാ­തെ വീ­ണു­പോ­യി. ഊ­ഞ്ഞാ­ലി­ന്റെ ചു­റ്റ­ഴി­ഞ്ഞു. പൊ­ട്ടി­യ മാ­ല­യിൽ­നി­ന്നു തെ­റി­ച്ച മു­ത്തു­പ­ത­ക്കം സ­ര­സ്സി­ന്റെ നി­ശ്ച­ല­ഹൃ­ത്തി­ലേ­ക്കാ­ഴ്‌­ന്നു. രാ­ഗി­ണി ഗർ­ഭ­സ്വ­ര­ത്തി­ലേ­ക്കു മ­റ­ഞ്ഞു.

ലോ­പ­യു­ടെ അമ്മ

മ­റ്റൊ­രു വേ­നൽ­പ്പൂ­ട്ടാ­യ്;

ഉ­ഷ്ണ­ജ്വ­ര­ത്താൽ പൂട്ട-​

പ്പെ­ട്ടു­ഴ­ലു­മ്പോൾ കൂട്ടി-​

ന്ന­മ്മ­യെ വി­ളി­യ്ക്കു­ന്നേൻ.

ഓ­രാ­ണ്ടാ­യ്, ഒ­റ്റ­യ്ക്കെ­ന്നെ

വെ­ടി­വാ­നാ­കാ, തെ­ങ്ങും

പോ­കാ­തെ, ക­ണ്ണാൽ­ക്കാ­ണാൻ

ആകാതെ നിൽ­പ്പാ­മ­മ്മ.

ഓ­രാ­ണ്ടാ­യ്, ശോ­കാ­ശ­ങ്ക

തീ­രാ­തെ ഇ­റാ­ലി­ലോ,

പാ­ട­ത്തോ, തൊ­ടി­യി­ലോ

മ­റ­ഞ്ഞു­നിൽ­പ്പാ­മ­മ്മ.

അക്ഷരശ്ലോകാലാപ-​

വേ­ദി­യിൽ സ­ഖി­മാർ ചേർ-

ന്ന­ച്ചു­മൂ­ളി­യ്ക്കെ, ശ്ശാ­ന്തം,

ശ്ലോ­ക­മോർ­ക്ക­യാ­മ­മ്മ.

അഥവാ, വരും വേനൽ-

ച്ചൂ­ടി­നൊ­ക്കെ­യും ഇമ്പം

പകരാൻ മാ­ങ്ങാ­ത്തെ­ര

ച­മ­യ്ക്ക­യാ­കാ­മ­മ്മ.

മ­റ­ന്നേൻ തെ­ര­ക്കൂ­ട്ടിൻ

ര­സ­വി­ദ്യ­യെ,പ്പ­ണ്ടേ

മ­റ­ന്നേൻ ശ്ലോ­ക­ക്കൂ­ട്ടിൻ

രാ­സ­വി­ദ്യ­യെ­ത്തീർ­ത്തും.

“മ­റ­ന്നു­വെ­ന്നോ? നമ്മ-

ളൊ­ത്തെ­ത്ര തവണയോ

പ­ണി­ഞ്ഞൂ സഹകാര-​

സ്വാ­ദു­വാം അട തീർ­ക്കാൻ!

ക­ഴു­കി­യു­ണ­ക്കി­യ

ത­ഴ­പ്പാ­യ് ന­റു­നെ­യ്യാൽ മെ­ഴു­കീ­ടു­ക; കഴു-

ങ്ങി­ന്റെ പാളയോ, വാഴ-

യിലയോ വിരി,ച്ച­തിൽ

മാ­മ്പ­ഴം നന്നേ പിഴി-

ഞ്ഞൊ­ഴു­ക്കീ­ടു­ക, വെയ്ല-​

ത്തു­ണ­ക്കി­യെ­ടു­ക്കു­ക.

(മുൻ­കൂർ ഒ­രു­ങ്ങാ­തി­ല്ല

കർ­മ­മൊ­ന്നെ­നി­യ്ക്കി­ന്നും;

ഇ­മ്മ­ട്ടി­ല­ല്ലീ നീയും

കവിത ര­ചി­യ്ക്കു­ന്നു?)

നേർ­ത്ത പാട പോലതു

പ­ര­ത്തി, പ്പി­റ്റേ­ന്നാ­ളിൽ

പേർ­ത്തും ചാർ ഒ­ഴു­ക്കു­ക,

ലോ­ല­മേ­ല­ട­രാ­യി.

അരി, ജീരകം, ഏലം

വ­റു­ത്തു ശീലപ്പൊടി-​

പ്പ­രി­ചിൽ വി­ത­റു­ക

കൽ­ക്ക­ണ്ട­ത്ത­രി­യൊ­പ്പം.

(ഔ­ചി­ത്യ­പൂർ­വം യോജി-

പ്പി­യ്ക്ക­യ­ല്ല­യോ ചെ­യ്വൂ

സാ­ഹി­ത്യ­ത്തി­ലും നി­ങ്ങൾ

ര­സ­നി­ഷ്പ­ത്തി­യ്ക്കാ­യി?)

മാ­മ്പ­ഴ­ച്ചാ­റിൻ മീതേ

മേ­മ്പൊ­ടി, യതിൻ മീതേ

മാ­മ്പ­ഴ­ച്ചാ­റോ­ലോ­ലം;

മാ­ധു­ര്യ­ധു­ര്യം തന്നെ!

ചു­രു­ളാ­യ് തെറുത്തെടു-​

ക്കുക പാ­ളി­കൾ;പൂളി

വ­ഴ­ന­യി­ല­യ്ക്കു­ള്ളിൽ

പൊ­തി­ഞ്ഞേ സൂ­ക്ഷി­യ്ക്കു­ക.

(ചെ­റു­ചാ­രു­ത­കൾ­തൻ

സ്മൃ­തി­സൗ­ര­ഭ­ത്താ­ലേ

അ­തി­ജീ­വി­പ്പൂ കാ­വ്യം

കാ­ല­ത്തെ­യെ­ന്നു­ണ്ട­ല്ലോ.)”

വീതനമേലില്ലൊറ്റ-​

പ്പൊ­തി; എ­ങ്കി­ലു­മെ­ന്റെ

വാ­യി­ലാർ തിരുകുന്ന-​

തി­മ്പ­ത്തേ­ന­ട­ക­ളെ?

“ആ­കാ­ശ­ങ്ങ­ളെ അണ്ഡ-

രാ­ശി­ക­ളൊ­ടും”-​ശിഷ്ട-

ഭാ­ഗ­വി­സ്മൃ­തി പൂരി-

പ്പി­പ്പ­താർ അ­ഗോ­ച­രം?

ച­ട്ട­മ്പി­സ്വാ­മി­യു­ടെ ആ­ങ്ഗ­ല­ജീ­വ­ച­രി­ത്രം

വാ­യ­ന­ക്കാർ ആനന്ദ വുഡ് എ­ന്നൊ­രാ­ളെ­പ്പ­റ്റി കേ­ട്ടി­ട്ടു­ണ്ടോ? പ­ന്തീ­രാ­ണ്ടു മു­മ്പാ­ണു് ഞാൻ നടാടെ ആ പേരു കേ­ട്ട­തു്. തൊ­ള്ളാ­യി­ര­ത്തി നാ­ല്പ­ത്തി­യേ­ഴിൽ ജനനം. അമ്മ പാ­ഴ്സി; അച്ഛൻ ഐർ­ലൻ­ഡു­കാ­രൻ. ബോം­ബേ­യി­ലും കേം­ബ്രി­ഡ്ജി­ലും പ­ഠി­ച്ചു; ക­ണ­ക്കി­ലും ഫി­സി­ക്സി­ലും ബി­രു­ദം. ന­ര­വം­ശ­ശാ­സ്ത്ര­ത്തിൽ ഡോ­ക്ട­റേ­റ്റ് ചി­ക്കാ­ഗോ സർ­വ­ക­ലാ­ശാ­ല­യിൽ­നി­ന്നു്. ഭാ­ര­തീ­യ­പാ­ര­മ്പ­ര്യ­ത്തിൽ സ­വി­ശേ­ഷ­മാ­യ താ­ത്പ­ര്യം; വി­ശി­ഷ്യ അ­ദ്വൈ­ത­ത്തി­ലും ആ­ധു­നി­ക­ശാ­സ്ത്ര­ത്തി­ലും. ഇ­പ്പോൾ പൂ­ന­യിൽ സ്ഥി­ര­വാ­സം.

വു­ഡി­ന്റെ Knowledge before and after Printing—വി­ജ്ഞാ­നം അ­ച്ച­ടി­യ്ക്കു മു­മ്പും പി­മ്പും—എന്ന പു­സ്ത­ക­മാ­ണു് ഞാൻ ആദ്യം ക­ണ്ട­തു്. ‘മാ­റു­ന്ന കേ­ര­ള­ത്തിൽ ഭാ­ര­തീ­യ­പാ­ര­മ്പ­ര്യം’ എ­ന്നാ­ണു് പു­സ്ത­ക­ത്തി­ന്റെ ഉ­പ­ശീർ­ഷ­കം. വു­ഡി­ന്റെ ഡോ­ക്ട­റൽ പ്ര­ബ­ന്ധ­ത്തി­ന്റെ ഉ­പോ­ത്പ­ന്നം. 1972–74 കാ­ല­ത്തു് കേ­ര­ള­ത്തിൽ വ­ന്നു­പാർ­ത്താ­ണു് വുഡ് ഈ പ്ര­ബ­ന്ധം ത­യ്യാ­റാ­ക്കി­യ­തു്. കാ­ണി­പ്പ­യ്യൂർ ശ­ങ്ക­രൻ ന­മ്പൂ­തി­രി­പ്പാ­ടു് (1891–1981), പു­ന്ന­ശ്ശേ­രി ന­മ്പി­യു­ടെ ശി­ഷ്യൻ കെ. വി. എം. എന്ന കെ. വാ­സു­ദേ­വൻ മൂ­സ്സ­തു് (1888–1965), കൊ­ടു­ങ്ങ­ല്ലൂർ ഗു­രു­കു­ല­ത്തി­ലെ അ­ന്തേ­വാ­സി­യാ­യി­രു­ന്ന ആ­റ്റൂർ കൃ­ഷ്ണ­പ്പി­ഷാ­രോ­ടി (1876–1964), വ­യ­സ്ക­ര മൂ­സ്സു് (1842–902), ബ്ര­ഹ്മാ­ന­ന്ദ ശി­വ­യോ­ഗി (1852–1929), ച­ട്ട­മ്പി­സ്വാ­മി (1853–1924) എ­ന്നി­ങ്ങ­നെ ആ­റു­പേ­രു­ടെ അ­ധ്യ­യ­ന­സ­മ്പ്ര­ദാ­യ­ങ്ങ­ളെ­യാ­ണു് വുഡ് വി­വ­രി­യ്ക്കാൻ ശ്ര­മി­യ്ക്കു­ന്ന­തു്. ആ­ത്മ­ക­ഥ­ക­ളോ ജീ­വ­ച­രി­ത്ര­ങ്ങ­ളോ ആണു് വു­ഡി­ന്റെ മു­ഖ്യോ­പാ­ദാ­നം—കാ­ണി­പ്പ­യ്യൂ­രി­ന്റെ ‘എന്റെ സ്മ­ര­ണ­കൾ’, കെ. വി. എ­മ്മി­ന്റെ ‘ആ­ത്മ­ക­ഥ’, കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­രോ­ടി എ­ഴു­തി­യ ആ­റ്റൂ­രി­ന്റെ ജീ­വ­ച­രി­ത്രം, എ. കെ. നായർ എ­ഴു­തി­യ ശി­വ­യോ­ഗി­യു­ടെ ജീ­വ­ച­രി­ത്രം ഇ­ത്യാ­ദ്യു­ദാ­ഹ­ര­ണ­ങ്ങൾ. ഈ ഗ്ര­ന്ഥ­ങ്ങ­ളു­ടെ പ്ര­സ­ക്ത­ഭാ­ഗ­ങ്ങൾ വുഡ് തന്നെ ഇം­ഗ്ലി­ഷ്ലേ­യ്ക്കു് പ­രി­ഭാ­ഷ­പ്പെ­ടു­ത്തി­യാ­ണു് പു­സ്ത­ക­ത്തിൽ ഉൾ­പ്പെ­ടു­ത്തി­യി­രി­യ്ക്കു­ന്ന­തു്. ച­ട്ട­മ്പി­സ്വാ­മി­ക­ളെ­ക്കു­റി­ച്ചെ­ഴു­താൻ ഒരു ഇം­ഗ്ലി­ഷ് ജീ­വ­ച­രി­ത്ര­ത്തെ­യാ­ണു് വുഡ് ആ­ശ്ര­യി­ച്ചി­രി­യ്ക്കു­ന്ന­തു്. ഐ­മ്പ­തു കൊ­ല്ല­ത്തി­ന്ന­പ്പു­റം പ്ര­കാ­ശി­ത­മാ­യ ആ ല­ഘു­ഗ്ര­ന്ഥം ച­ട്ട­മ്പി­സ്വാ­മി­പ്ര­ണ­യി­കൾ­ക്കു പോലും അ­ജ്ഞാ­ത­മാ­ണോ എന്ന ശ­ങ്ക­യിൽ നി­ന്നാ­ണു് പ­രി­ചാ­യ­ക­മാ­യ ഈ ല­ഘു­പ്ര­ബ­ന്ധ­ത്തി­ന്റെ പിറവി.

ര­ണ്ടു്

സ്വാ­മി ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തെ ക­ഥ­യാ­ണു്. ആ­റ­ന്മു­ള നാ­രാ­യ­ണ­പി­ള്ള­വൈ­ദ്യ­നും ശി­വ­പ്ര­സാ­ദ് വി­ദ്യാ­ഭാ­ര­തി­യും ചേർ­ന്നു് സ്വാ­മി­യു­ടെ ശി­ഷ്യ­നാ­യ നീ­ല­ക­ണ്ഠ­തീർ­ത്ഥ­പാ­ദ­രു­ടെ ജീ­വ­ച­രി­ത്ര­മെ­ഴു­തി—‘നീ­ല­ക­ണ്ഠ­തീർ­ത്ഥ­പാ­ദ­ച­ര്യാ­മൃ­തം’ എന്ന പേരിൽ. ഗു­രു­നാ­ഥ­ന്റെ ജീ­വ­ച­രി­ത്രം പ്ര­സി­ദ്ധീ­ക­രി­യ്ക്കാ­തെ ത­ന്റേ­തു പ്ര­സി­ദ്ധീ­ക­രി­യ്ക്കു­ന്ന­തു് അ­നു­ചി­ത­മെ­ന്നാ­യി ശി­ഷ്യൻ. അ­തി­നാ­ലാ­ണു് നാ­രാ­യ­ണ­പി­ള്ള­വൈ­ദ്യൻ ‘സ­ദ്ഗു­രു­സർ­വ­സ്വം’ എന്ന സം­സ്കൃ­ത­ജീ­വ­ച­രി­ത്ര­കാ­വ്യ­മെ­ഴു­തി­യ­തു്. ഇ­തി­ന്നു് ‘അർ­ഭാ­ഹ്വ­സ്വാ­മി­ച­ര­ണാ­ഭ­ര­ണം’ എ­ന്നും പേർ.

തൊ­ള്ളാ­യി­ര­ത്തി­മു­പ്പ­ത്തി­നാ­ലിൽ പറവൂർ കെ. ഗോ­പാ­ല­പി­ള്ള ‘പ­ര­മ­ഭ­ട്ടാ­ര ശ്രീ ച­ട്ട­മ്പി­സ്വാ­മി­തി­രു­വ­ടി­കൾ’ ജീ­വ­ച­രി­ത്രം പ്ര­സി­ദ്ധം ചെ­യ്തു. സ്വാ­മി­യെ നേരിൽ കണ്ട പ­ല­രോ­ടും വി­ശ­ദ­മാ­യി ചർച്ച ചെ­യ്തു്, അ­വ­രു­ടെ സ്മ­ര­ണ­കൾ അ­നു­ബ­ന്ധ­മാ­യി ചേർ­ത്തി­ട്ടു­ള്ള ഈ ഗ്ര­ന്ഥ­മാ­ണു് സ്വാ­മി­യു­ടെ ജീ­വ­ച­രി­ത്ര­ങ്ങ­ളിൽ ഏ­റ്റ­വും ഉ­പ­ജീ­വ്യ­മെ­ന്നു് പിൽ­ക്കാ­ല­ത്തു് സ്വാ­മി­യു­ടെ ധൈ­ഷ­ണി­ക­ജീ­വ­ച­രി­ത്രം ര­ചി­ച്ച ഡോ. ആർ. രാ­മൻ­നാ­യ­രും ഡോ. സു­ലോ­ച­നാ­ദേ­വി­യും സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ജീ­വ­ച­രി­ത്ര­പ­ര­മാ­യ പല വി­വ­ര­ങ്ങ­ളും പിൽ­ക്കാ­ല­ത്തു് സ്മ­ര­ണ­ക­ളു­ടെ രൂ­പ­ത്തിൽ ക്രോ­ഡീ­ക­രി­യ്ക്ക­പ്പെ­ട്ടു. എ­ങ്കി­ലും ഇം­ഗ്ലി­ഷിൽ സ്വാ­മി­യു­ടെ ജീ­വ­ച­രി­ത്ര­മൊ­ന്നും ര­ചി­യ്ക്ക­പ്പെ­ട്ടി­ല്ല.

ഇം­ഗ്ലി­ഷിൽ ആ­ദ്യ­മാ­യി സ്വാ­മി­ച­രി­ത­മെ­ഴു­തി­യ­തു് ഡോ. കെ. പി. ക­രു­ണാ­ക­ര­മേ­നോൻ. കേ­ര­ള­സർ­വ­ക­ലാ­ശാ­ല­യു­ടെ ഇം­ഗ്ലി­ഷ് വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്നു ഡോ. മേനോൻ. തൊ­ള്ളാ­യി­ര­ത്തി­യ­റു­പ­തിൽ കെ. ഭാ­സ്ക­ര­പി­ള്ള പ്ര­സി­ദ്ധം ചെയ്ത ജീ­വ­ച­രി­ത്ര­ത്തെ­യാ­ണു് താൻ ഏറെ ആ­ശ്ര­യി­ച്ച­തെ­ന്നു് ഗ്ര­ന്ഥ­കർ­ത്താ­വു്. ഒ­രു­റു­പ്പി­ക വി­ല­യ്ക്കു് പു­സ്ത­കം പ്ര­സാ­ധ­നം ചെ­യ്ത­തു് പെ­രു­മ്പാ­വൂർ പി. ജി. നാ­രാ­യ­ണ­പി­ള്ള. വി­മ­ലാ­ന­ന്ദ­സ്വാ­മി­യു­ടെ (1904–85) ആ­മു­ഖ­വും ചി­ന്മ­യാ­ന­ന്ദ സ്വാ­മി­യു­ടെ (1916–93) സ­ന്ദേ­ശ­വു­മാ­ണു് പു­സ്ത­ക­ത്തി­ന്റെ മു­ഖ്യാ­കർ­ഷ­ങ്ങൾ.

പ­ണ്ഡി­ത­പ്ര­കാ­ണ്ഡ­മാ­യി­രു­ന്നു­വ­ത്രേ വി­മ­ലാ­ന­ന്ദ­സ്വാ­മി. ത­ദ­നു­രൂ­പ­മാ­യ ഗാം­ഭീ­ര്യം കാണാം ആ­മു­ഖ­ത്തിൽ. ചില വാ­ക്യ­ങ്ങ­ളു­ടെ പ­രി­ഭാ­ഷ കാണുക:

“പ്ര­തി­ഭ ദി­ക്കാ­ലാ­വ­ച്ഛി­ന്ന­മാ­യ­ല്ല, ത­ദ്ദേ­ശീ­യ­മാ­യ ഭാ­ഷ­യി­ലും ശൈ­ലി­യി­ലു­മാ­യി­രി­യ്ക്കും വെ­ളി­വാ­കു­ക. എ­ങ്കി­ലും അ­തി­ന്റെ സാർ­വ­ലൗ­കി­ക­ത അ­നി­ഷേ­ധ്യ­മാ­യി­രി­യ്ക്കും. ച­ട്ട­മ്പി­സ്വാ­മി­ക­ളു­ടെ ആ­ത്മാ­ന്വേ­ഷ­വും സാ­ക്ഷാ­ത്കാ­ര­വും, അ­ദ്ദേ­ഹ­ത്തി­ന്റെ വി­ര­ക്തി­യും ലാ­ളി­ത്യ­വും സ്വാർ­ഥ­ത്യാ­ഗ­വും, തന്റെ പ്ര­ബോ­ധ­ച­ന്ദ്രോ­ദ­യം മ­റ്റു­ള്ള­വ­രൊ­ത്തു പ­ങ്കു­വെ­യ്ക്കു­ന്ന­തി­ന്നു­ള്ള വി­ന­യ­പൂർ­വ­മാ­യ സ­ന്ന­ദ്ധ­ത­യും, സർ­വോ­പ­രി അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹ­മ­സൃ­ണ­മാ­യ ജീ­വാ­നു­ക­മ്പ­യും എ­ക്കാ­ല­ത്തും പ്ര­ചോ­ദ­ക­മാ­യി­ത്തു­ട­രും…”

“പു­രോ­ഗ­മ­ന­പ­ര­മാ­യ പല പ്ര­വ­ണ­ത­ക­ളെ­യും ക്രാ­ന്ത­ദർ­ശി­ത­യോ­ടെ സം­ഭാ­വ­നം ചെ­യ്ത­യാ­ളാ­യി­രു­ന്നു ച­ട്ട­മ്പി­സ്വാ­മി­കൾ; എ­ങ്കി­ലും ആ­ദ്യ­മേ മ­ത­ത്തി­ന്റെ ക­ട­യ്ക്കൽ ക­ത്തി­വെ­യ്ക്കു­ന്ന സാ­മൂ­ഹ്യ­പ­രി­ഷ്കർ­ത്താ­ക്ക­ളു­ടെ കൂ­ട്ട­ത്തി­ലാ­യി­രു­ന്നി­ല്ല അ­ദ്ദേ­ഹം. ചർ­ച്ച­ക­ളി­ലൂ­ടെ­യും വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളി­ലൂ­ടെ­യും പൗ­രോ­ഹി­ത്യ­ത്തി­ന്റെ ക­ള്ള­നാ­ട്യ­ങ്ങ­ളെ മ­റ­നീ­ക്കി പൊ­ളി­ച്ചു­കാ­ട്ടു­മ്പോ­ഴും ജാ­തി­ശ്രേ­ണി­യി­ലെ ആ­ഢ്യ­മ്മ­ന്യ­ന്മാ­രു­ടെ വി­വ­ര­ക്കേ­ടു­ക­ളെ കി­ഴു­ക്കി­യി­രു­ത്തു­മ്പോ­ഴും ഒ­രി­യ്ക്കൽ പോലും അ­ദ്ദേ­ഹം ജാ­തി­പ്പോ­രി­ന്നു് വ­ഴി­വെ­ച്ചി­ല്ല. ച­രി­ത്ര­പ­ര­മാ­യ നീ­തി­യി­ലൂ­ന്നി­യ വി­വേ­ക­വും അ­വ­ബോ­ധ­വു­മാ­ണു്, വ്യ­ക്ത്യ­ഹ­ന്ത­യ­ല്ല അ­ദ്ദേ­ഹ­ത്തെ ഉ­ത്തേ­ജി­പ്പി­ച്ച­തെ­ന്നു പറയാം.”

ചി­ന്മ­യാ­ന­ന്ദ­സ്വാ­മി­യു­ടെ സ­ന്ദേ­ശ­മാ­ക­ട്ടേ, സ്മൃ­തി­മ­ധു­ര­സ്യ­ന്ദി­യാ­ണു്. ത­നി­യ്ക്കു മൂ­ന്നോ നാലോ വ­യ­സ്സു­ള്ള­പ്പോൾ ച­ട്ട­മ്പി­സ്വാ­മി തന്റെ എ­റ­ണാ­കു­ള­ത്തെ വീ­ട്ടിൽ വ­ന്നു് തന്നെ മാ­റ­ത്തു കി­ട­ത്തി­ക്കൊ­ഞ്ചി­യ്ക്കാ­റു­ള്ള ക­ഥ­യാ­ണു് ചി­ന്മ­യാ­ന­ന്ദ­സ്വാ­മി അ­നു­സ്മ­രി­യ്ക്കു­ന്ന­തു്. “ഇ­ന്നെ­ന്നെ ലോ­ക­സേ­വ­ന­ത്തി­ന്നു പ്രാ­പ്ത­നാ­ക്കി­യ­തെ­ന്തോ, അ­തി­ന്നു ഞാൻ ക­ട­പ്പെ­ട്ടി­രി­യ്ക്കു­ന്ന­തു് അ­ലോ­ക­സാ­മാ­ന്യ­നാ­യ ഈ ഋ­ഷി­യോ­ടാ­ണെ­ന്നു് ഞാൻ ഉ­റ­ച്ചു വി­ശ്വ­സി­യ്ക്കു­ന്നു. എന്നെ ഞാ­നാ­ക്കി മാ­റ്റി­യ പ്ര­ഭാ­വ­സ്രോ­ത­സ്സു­കൾ പ­ല­താ­ണു്. സ്വാ­മി­കൾ എ­നി­യ്ക്കു്—ഏ­താ­ണ്ടു് ആയിരം നാൾ മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന ഒരു കൊ­ച്ചു­കു­ട്ടി­യ്ക്കു് ഗൂ­ഢ­മാ­യി ദീക്ഷ ഉ­പ­ദേ­ശി­ച്ചു­ത­ന്നു­വെ­ന്നാ­ണു് തോ­ന്നു­ന്ന­തു്; അ­ത്ഭു­തം തന്നെ.”

ച­ട്ട­മ്പി­സ്വാ­മി­യെ­പ്പ­റ്റി ഇം­ഗ്ലി­ഷിൽ പു­സ്ത­ക­ങ്ങ­ളൊ­ന്നും ഇ­ല്ലാ­ത്ത­തി­നാൽ ഒരു ല­ഘു­ജീ­വ­ച­രി­ത്ര­മെ­ഴു­ത­ണ­മെ­ന്നേ ഡോ. മേനോൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്നു­ള്ളൂ. അ­തി­നാൽ മൗ­ലി­ക­മാ­യ ജീ­വ­ച­രി­ത്ര­ഗ­വേ­ഷ­ണ­മോ അ­ന്യ­ത്ര അ­ല­ഭ്യ­മാ­യ വി­വ­ര­ങ്ങ­ളോ ഇ­തി­ലി­ല്ല. ‘പ്രാ­ചീ­ന­മ­ല­യാ­ള’വും ‘വേ­ദാ­ധി­കാ­ര­നി­രൂ­പ­ണ’വും സാ­മാ­ന്യ­മാ­യി പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന­തേ­യു­ള്ളൂ. സ്വാ­മി­യു­ടെ ജീ­വി­ത­ത്തി­ലെ പ്ര­ധാ­ന­സം­ഭ­വ­ങ്ങൾ കാ­ലാ­നു­ക്ര­മം ദീ­ക്ഷി­ച്ചു പ­റ­ഞ്ഞു പോ­യി­രി­യ്ക്കു­ന്നു; സ്വാ­മി­യു­മാ­യി ബന്ധം പു­ലർ­ത്തി­യി­രു­ന്ന വ്യ­ക്തി­ക­ളെ യെ­ല്ലാം നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും സ്മ­രി­ച്ചു­പോ­യി­രി­യ്ക്കു­ന്നു. ശ്രേയ ഫൗ­ണ്ടേ­ഷ­ന്റെ ശ്രേ­യ­സ് ഓൺലൈൻ ഡി­ജി­റ്റൽ ലൈ­ബ്ര­റി­യിൽ പി. ഡി. എഫ്. ഫ­യ­ലാ­യി വാ­യി­യ്ക്കാം പ­ഥ­പ്ര­ദർ­ശ­ക­മാ­യ ഈ ല­ഘു­പു­സ്ത­കം.

വാ­യ­ന­യും എ­ഴു­ത്തും

അ­ച്ഛ­ന്റെ­യു­ത്സ­ങ്ഗ­ത്തിൽ

ഇ­രു­ത്തീ­ലെ­ന്നെ, ക്കണ്ണീ-​

രി­റ്റു­മ­മ്മ­തൻ മാറ-

ത്ത­മർ­ന്നേൻ; നടന്നല-​

ഞ്ഞെ­ത്തി­നേൻ ഇരുൾപ്പുഴ-​

വ­ക്ക­ത്തു; കുടം മുക്കി-​

പ്പൊ­ക്ക­വേ വീണേൻ, അമ്പേ-​

റ്റ­മ്മ തൻ മാ­റിൽ­ത്ത­ന്നെ.

തോ­ള­ത്തെൻ ശവം പേറി

ന­ട­ന്നാ­ള­വൾ ചുടു-

കാ­ടോ­ളം, ചിത താനേ-

യെ­രി­ച്ചാൾ; വെ­ട്ടാ­നാ­ഴ്‌­ന്ന

വാൾ മാ­ല­യാ­കു­ന്നോ?എൻ

വീ, ടയൽ, ഉലകാകെ-​

ക്കീ­ഴ്മ­റി­യു­ന്നോ? ദിക് കാ-

ലങ്ങൾ വേർ­പി­ണ­യു­ന്നോ?

വേ­ന­ലാൽ വിയർത്തൊഴു-​

കു­മ്പൊ­ഴും സൈ­ബീ­രി­യൻ

ഹേ­മ­ന്ത­ക്ക­ര­ടി­യെൻ

മു­ഖ­ത്തെ മ­ണ­ക്കു­ന്നോ?

മൂ­ത്ത­വർ­കൈ­നീ­ട്ട­മാം

നാ­ണ്യ­ങ്ങ­ളെ­ക്കൺ­ചേർ­ത്തു

പാർ­ക്കു­ന്നേൻ – ഇ­വ­യെ­ല്ലാം

റൂ­ബി­ളോ, വ­രാ­ഹ­നോ?

പി­ണ്ടി­ച്ച­ങ്ങാ­ടം, നെറു-

ന്ത­ല­യിൽ തറച്ച തീ-

പ്പ­ന്തം, പ­ന്തി­രു­കു­ലം–

പൈ­തൃ­ക­മി­തു­താ­നോ?

ഉ­റു­മ്പും പുൽ­ച്ചാ­ടി­യും

ഞാ­ന­ല്ലോ; ശി­ശി­ര­ത്തിൽ

കളിമ്പത്തിനെയൂട്ടാ-​

തു­റ­ങ്ങാൻ പോമോ യത്നം?

ബലയും, പുനരതി-​

ബലയും മടിയാതെ-​

യു­രു­വി­ട്ടി­ട്ടും ക്ഷുത്പി-​

പാ­സ­യെ­ന്തൊ­ഴി­യാ­ത്തൂ?

ര­ണ്ടു്

ഒഴിയാ, തൊ­ടു­ങ്ങാ­തെ,

ആരാലുമെണ്ണാവൊല്ലാ-​

തു­യ­രു­ന്നി­തെൻ­മു­ന്നിൽ

വൻ­ഗ്ര­ന്ഥ­ക്കൂ­മ്പാ­ര­ങ്ങൾ.

എ­ത്ര­യാ­ണൊ­ന്നൊ­ന്നാ­യി

വാ­യി­ച്ചു­കൂ­ട്ടീ പിൽക്കാ-​

ലത്തു ഞാൻ എൻ സ്വാധ്യായ-​

വാ­സ­ന്ത­ദി­ന­ങ്ങ­ളിൽ!

എന്റെ വീ,ടയ,ലുല-

ക­ങ്ങ­ള­ല്ല­വ; കാലം

എ­ന്റെ­യ,ല്ലെന്റേതില്ല-​

ങ്ങൊ­ന്നു­മെ­ന്ന­റി­യു­ന്നേൻ.

എൻ ആ­കു­ലി­കൾ, ആധി-

ഭീ­തി­കൾ, ആനന്ദങ്ങ-​

ളില്ല, യെ­ന്നി­ലെ ഇരുൾ

തുറ്റ രാ­വു­ക­ളി­ല്ല,

എൻ വെളിച്ചത്തെക്കുട-​

ഞ്ഞു­യർ­ന്ന വിഭാതങ്ങ-​

ളില്ല, ശ­ങ്ക­ക­ളു­ടെ

മ­ങ്ങൂ­ഴ­ങ്ങ­ളു­മി­ല്ല.

ഞാ­നൊ­ഴി­ഞ്ഞു­ണ്ടോ പൊരുൾ

കാ­വ്യ­സം­സാ­ര­ത്തി­ങ്കൽ?

ജ്ഞാ­ന­ത്തെ­യ­നു­ഭൂ­തി

നേർ­ക്കു­ന്നൂ നി­ര­ന്ത­രം.

അ­തി­നാൽ ഉ­പ്പാ­ഴി­യിൽ

എൻ ഇ­റ്റു­ക­ണ്ണീർ കൂടി;

അ­തി­നാൽ കൊടുങ്കാറ്റി-​

ലെൻ അ­ന്ത്യ­ശ്വാ­സം കൂടി.

അ­തി­നാൽ നട്ടുച്ചയ്ക്കു-​

മെ­ന്റെ കൈ­ത്തി­രി കൂടി;

അ­തി­നാൽ പൂർണത്തിലേ-​

യ്ക്കെ­ന്നു­ടെ ശൂ­ന്യം കൂടി.

പ്രാണപുസ്തകത്തിലൊ-​

രൊ­റ്റ­ത്താൾ മാ­ത്രം; ഗ്രന്ഥ-​

കൂ­ട­ത്തിൻ കാൽ­ക്കൽ വെ­ച്ചു

ന­മി­ച്ചു പിൻ­വാ­ങ്ങു­ന്നേൻ!

പ­രി­ഭാ­ഷ­കൾ
The Secret Sits

—Robert Frost

We dance round in a ring and suppose,

But the Secret sits in the middle and knows.

നട്ടം ചു­റ്റി

നട്ടം ചു­റ്റി­ക്ക­ളി­പ്പു നാം,

ഊ­ഹി­യ്ക്കു­ന്നൂ, പക്ഷേ, ഗൂഢ-

ത­ത്ത്വ­മൊ­ത്ത­ന­ടു,ക്കെ­ല്ലാം

അ­റി­ഞ്ഞി­രി­പ്പൂ.

Fire and Ice

—Robert Frost

Some say the world will end in fire,

Some say in ice.

From what I’ve tasted of desire

I hold with those who favor fire.

But if it had to perish twice,

I think I know enough of hate

To say that for destruction ice

Is also great

And would suffice.

തീയും മ­ഞ്ഞും

തീയാൽ മു­ടി­യു­മീ

ലോ­ക­മെ­ന്നേ ചിലർ;

തീർ­ച്ച മ­ഞ്ഞാ­ലെ­ന്നു

ചൊൽവു വേറേ ചിലർ.

എ­ങ്കി­ലു­മീ ഞാൻ

ഭു­ജി­ച്ച കാമങ്ങളോർ-​

ത്തഗ്നിപക്ഷത്തിനെ-​

പ്പിൻ­തു­ണ­യ്ക്കു­ന്നി­തേ !

എ­ന്നാൽ, ഉലകിരു-​

വട്ടം മുടിഞ്ഞിടു-​

മെ­ങ്കി­ലോ, വി­ദ്വേ­ഷ­വും

വേണ്ട മാ­ത്ര­യിൽ

ക­ണ്ട­റി­ഞ്ഞോ­രു ഞാൻ

സർ­വ­നാ­ശ­ത്തി­ന്നു

മ­ഞ്ഞാ­കി­ലും മതി,

കേ­മ­മെ­ന്നോർ­പ്പി­തേ!

Who Has Seen the Wind?

—Christina Rossetti

Who has seen the wind?

Neither I nor you:

But when the leaves hang trembling,

The wind is passing through.

Who has seen the wind?

Neither you nor I:

But when the trees bow down their heads,

The wind is passing by.

ആ­രു­ള്ളൂ കാ­റ്റി­നെ­ക്ക­ണ്ട­വ­രാ­യ്?

ആ­രു­ള്ളൂ കാ­റ്റി­നെ­ക്ക­ണ്ട­വ­രാ­യ്?

ഞാ­നി­ല്ല, നീ­യു­മേ ക­ണ്ട­തി­ല്ല!

എ­ന്നാൽ, ഇലകൾ വി­റ­ച്ചു ഞാലു-

ന്നെ­ങ്കിൽ കാ­റ്റൂ­ളി­യി­ടു­ന്ന­തു­ണ്ടാം.

ആ­രു­ള്ളൂ കാ­റ്റി­നെ­ക്ക­ണ്ട­വ­രാ­യ്?

നീ­യി­ല്ല, ഞാ­നു­മേ ക­ണ്ട­തി­ല്ല!

എ­ന്നാൽ, മ­ര­ങ്ങൾ തല കു­നി­യ്ക്കു -

ന്നെ­ങ്കിൽ കാ­റ്റാ­വ­ഴി പോ­രു­ന്നു­ണ്ടാം!

Separation

—W. S. Merwin

Your absence has gone through me

Like thread through a needle.

Everything I do is stitched with its color.

വിരഹം

നിൻ അ­സാ­ന്നി­ദ്ധ്യം

തു­ള­ച്ചു ക­ട­ന്നു­പോ­യ്

എന്നെ, സൂചിക്കുഴ-​

യ്ക്കു­ള്ളി­ലെ നൂ­ലു­പോൽ.

എന്തു ഞാൻ ചെ­യ്വ­തും

ആ നി­റ­ത്തു­ന്ന­ലാം.

അ­ഭി­ജ്ഞാ­ന ശാ­കു­ന്ത­ളം–ഒ­ന്നാ­മ­ങ്കം അ­ന്ത്യ­ശ്ലോ­കം

गच्छति पुरःशरीरं

धावति पश्चाद् असंस्तुतं चेतः |

चीनांशुकमिव केतोः

प्रतिवातं नीयमानस्य ॥

Forward moves my body,

Backward runs the restless heart.

Like China silk cloth of banner

Borne against the wind.

എ­ന്നു് എം.ആർ. കാ­ലേ­യു­ടെ ഇം­ഗ്ലി­ഷ് പ­രി­ഭാ­ഷ.

എ.ആർ. ന്റെ പ­രി­ഭാ­ഷ ഇ­ങ്ങ­നെ:

മു­ന്നോ­ട്ടു നീ­ങ്ങു­ന്നു ജഡം ശരീരം,

പി­ന്നോ­ട്ടു പാ­യു­ന്നു മ­ന­സ്സ­നീ­ശം.

ഭി­ന്നി­ച്ച കാ­റ്റ­ത്തു ന­യി­ച്ചി­ടു­മ്പോൾ

ചി­ന്നും കൊ­ടി­യ്ക്കു­ള്ളൊ­രു കൂറ പോലെ.

വൃ­ത്തം മാ­റ്റി­യ­തു ക്ഷ­മി­യ്ക്കാം. ജ­ഡ­മാ­ക്കി­യ­തു സ­ഹി­ച്ചു­കൂ­ടാ ശ­രീ­ര­ത്തെ­യും ശ്ലോ­ക­ത്തെ­യും! ഉ­ത്ത­രാർ­ദ്ധം ഒ­ട്ടും ന­ന്നാ­യി­ട്ടി­ല്ലെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. അ­തി­നാൽ മാ­ത്രാ­വൃ­ത്ത­ത്തിൽ­ത്ത­ന്നെ ഒരു പ­രി­ഭാ­ഷ­യെ­ഴു­തി.

മു­ന്നോ­ട്ടു­ടൽ പോ­കു­ന്നൂ;

പി­ന്നോ­ട്ടോ­ടു­ന്നു മാനസം പാവം;

എ­തിർ­കാ­റ്റ­ടി­ച്ചു പാറും

കൊ­ടി­യു­ടെ ചീ­നാം­ശു­ക­ത്തി­നെ­പ്പോ­ലെ.

അ­മ­രു­ക­ശ­ത­കം - 38

गते प्रेमावेशे प्रणयबहुमाने विगलिते

निवृत्ते सद्भावे जन इव जने गच्छति पुरः

तदुत्प्रेक्ष्योत्प्रेक्ष्ष्य प्रियसखि! गतान् स्मांश्च दिवसान्

न जाने को हेतुर्दलति शतधा यन्न हृदयम् !

സാൻ ഫ്രാൻ­സി­സ്കോ­യ്ക്ക­ടു­ത്തു് സാൻ റ­മോ­ണിൽ­വെ­ച്ചാ­ണു് ഉമേഷ് ന­രേ­ന്ദ്ര­നെ­ക്ക­ണ്ട­തു്. ശ്ലോ­ക­മ­ല്ലൻ, വ്യാ­ക­ര­ണ­പ­ണ്ഡി­തൻ. അ­മ­രു­ക­ശ­ത­കം പ­രി­ഭാ­ഷ­യും വ്യാ­ഖ്യാ­ന­വും ചേർ­ത്തു് പ്ര­സാ­ധ­നം ചെ­യ്യാ­നൊ­രു­ങ്ങു­ക­യാ­ണു് ഉമേഷ്. കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ പ­രി­ഭാ­ഷ­യും കാണുക.

ക­ഴി­ഞ്ഞൂ പ്രേ­മ­ത്തിൻ കൊ­തി­യു­മ­വ­നി­ഷ്ടാ­ദ­ര­വു­മേ

കൊ­ഴി­ഞ്ഞൂ ച­ങ്ങാ­ത്തം, പ­രി­ച­യ­മെ­ഴാ­മ­ട്ടു വ­ര­വാ­യ്.

ചു­ഴി­ഞ്ഞോർ­ത്തോർ­ത്തേ­റെ­ദ്ദി­വ­സ,

മ­റി­യി­ല്ലെ­ങ്ങ­നെ തകർ -

ന്നു­ട­ഞ്ഞി­ല്ലെൻ തോഴീ!

പല ക­ഷ­ണ­മാ­യെ­ന്റെ ഹൃദയം!

(ഉമേഷ്)

പ്രേ­മ­വും ബ­ഹു­മാ­ന­വും പ്ര­ണ­യ­വും

സൗ­ജ­ന്യ­വും വി­ട്ട­വൻ

സാ­മാ­ന്യ­ത്തി­ലൊ­രാ­ളു­തൻ നി­ല­യി­ലാ­യ്

മുൻ­പിൽ ഗ­മി­ച്ചീ­ട­വേ

സീ­മാ­തീ­ത­സു­ഖം ക­ഴി­ഞ്ഞ ദി­വ­സാൻ

ഓർ­ത്തോർ­ത്തു മേ മാനസം

ഹേ മാ­ന്യേ സഖി! എ­ന്തു­കൊ­ണ്ടു

പൊടിയുന്നി-​

ല്ലെ­ന്ന­റി­ഞ്ഞി­ല്ല ഞാൻ.

(കേ­ര­ള­വർ­മ്മ)

ത­ണു­ത്തൂ പ്രേ­മ­ച്ചൂ,ടി­വ­ളി­ല­വ­നി­ല്ലാ

പ്ര­ണ­യ­വും;

ന­ശി­ച്ചൂ ച­ങ്ങാ­ത്തം; ചെ­റു­പ­രി­ച­യം

പോലും ഇവളിൽ

ന­ടി­യ്ക്കാ­തേ മു­ന്നിൽ പ്രി­യ­സ­ഖി അവൻ!

നാൾകൾ കു­റെ­യാ­യ്

നി­ന­പ്പേൻ; എ­ന്നു­ള്ളം ന­റു­ന­റെ

നു­റു­ങ്ങാ­ത്ത­തെ­തി­നോ?

ആ­ത്മാ­രാ­മൻ
images/atmaraman.jpg

ഇ­രി­ഞ്ഞാ­ല­ക്കു­ട ഓ­ട­ത്തു ത­ളി­യ­ക്കാ­ട്ടിൽ നാ­രാ­യ­ണി­ക്കു­ട്ടി­യു­ടെ­യും അ­ന്ന­മ­ന­ട ഐക്കര കി­ഴി­യേ­ട­ത്തു് ഭാ­സ്ക­ര­മേ­നോ­ന്റെ­യും മകൻ.

സ­ഹ­ധര്‍മ്മി­ണി: അംബിക

മകന്‍: നന്ദു, സ്നുഷ: വിനീത.

കൃ­തി­കള്‍: ‘തു­ടർ­ച്ച’, ‘കാ­വ്യ­ജീ­വി­തം’ എന്നീ ക­വി­താ­ഗ്ര­ന്ഥ­ങ്ങൾ; ‘പ്ര­ശ്ര­യം’, ‘ബ­ഹു­രൂ­പി എൻ. വി.’, ‘ പ്ര­തി­ഭാ­നം’, ‘അ­വ­ധാ­രി­ക’ എന്നീ വി­മർ­ശ­ഗ്ര­ന്ഥ­ങ്ങൾ. ‘Akkitham: A Pictorial Autobiography’ എ­ന്നൊ­രു ഗ്ര­ന്ഥം ഇം­ഗ്ലി­ഷിൽ.

Colophon

Title: Uncham (ml: ഉഞ്ഛം).

Author(s): Athmaraman.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-15.

Deafult language: ml, Malayalam.

Keywords: Article, Athmaraman, Uncham, ആ­ത്മാ­രാ­മൻ, ഉഞ്ഛം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Baya Weaver Ploceus philippinus Nesting, a photograph by Dr. Raju Kasambe . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.