കാലത്തു്, കിളിക്കരച്ചിലുകൾ കേട്ടു നടക്കുമ്പോഴായിരുന്നു—പേരമരത്തിൽ കയറി കുരുവിയുടെ കൂടു കാണണമെന്നു ശാഠ്യംപിടിച്ച കൊച്ചു മകനെ, മരക്കൊമ്പുകളിലേയ്ക്കു് എടുത്തു കയറ്റവേ— പെട്ടെന്നൊരു തളർച്ച തോന്നി വൃദ്ധൻ നിലത്തേക്കിരുന്നു് ആശ്രയം കിട്ടാതെ കുഴഞ്ഞുവീണതു്. മുറ്റം കടന്നോടിപ്പോയ ഒരു ഭീകരജന്തു തന്നെ തട്ടി താഴെ വീഴ്ത്തിയതായാണു് വൃദ്ധനു തോന്നിയതു്. പിന്നീടു്, മുഖത്തു് വെള്ളത്തുള്ളികളുടെ തണുപ്പേറ്റു് കണ്ണു തുറക്കുമ്പോൾ, താൻ ചായ്പുമുറിയിലെ കട്ടിലിൽ കിടക്കുകയാണു്. വീട്ടുകാരെല്ലാം ചുറ്റുമുണ്ടു്. വൃദ്ധൻ ‘കുഞ്ഞൂഞ്ഞമ്മേ’ എന്നു വിളിക്കുന്ന ഭാര്യ, ജോസുകുട്ടി എന്നു പേരായ ഇളയ മകൻ, മകന്റെ ഭാര്യയായ അമ്മിണി, അയൽക്കാരനും ഉറ്റ കൂട്ടുകാരനുമായ രാമകൃഷ്ണപിള്ള—ഇവരെല്ലാം കട്ടിലിനോടുചേർന്നു് ഒരു വെള്ളായത്തിനപ്പുറം നിൽക്കുന്നു. ഒരു പേരയ്ക്കയും കടിച്ചുതിന്നു കൊണ്ടു കൊച്ചുമകനും അവർക്കിടയിലൂടെ നുഴഞ്ഞു കയറി അപ്പച്ചന്റെ പതിവില്ലാത്ത പകലുറക്കം കൗതുകത്തോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖം വൃദ്ധന്റെ കണ്ണിൽപ്പെട്ടില്ല.
കുഞ്ഞൂഞ്ഞമ്മയുടെ നരച്ച കൺപീലികളിലെ നനവു്, ഏതോ വിഹ്വലതകൾക്കടിപ്പെട്ട തന്റെ മനസ്സിലേയ്ക്കു് ഒരു അശുഭസന്ദേശം എത്തിക്കുന്നതായി വൃദ്ധനു തോന്നി. എല്ലാവരും മാറി മാറി തന്നോടു് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നിട്ടും ഒരു വാക്കും തെളിഞ്ഞു കേൾക്കുന്നില്ല. കൊച്ചുമകൻ പേരമരത്തിൽനിന്നു് ഇറങ്ങിയോ എന്നു ചോദിക്കാനാഞ്ഞിട്ടും അതിനു കഴിയാത്തത്ര ഒരു ബലഹീനത തന്റെ നാവിനെയും ബാധിച്ചതു് ഒരുൾക്കിടിലത്തോടെ വൃദ്ധനറിഞ്ഞു. തന്റെ വിറയ്ക്കുന്ന കൈകളിൽ അതിലേറെ വിറയലോടെ പിടിച്ചിരിക്കുന്ന കുഞ്ഞൂഞ്ഞമ്മയുടെ മുഖത്തേക്കുതന്നെ വൃദ്ധൻ വീണ്ടും നോക്കി. കിടപ്പു മുറിയുടെ കോണിലെ പെട്ടിക്കടിയിൽ അവൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ജോഡി വെള്ളവസ്ത്രങ്ങൾ പെട്ടെന്നു വൃദ്ധന്റെ ഓർമ്മയിലെത്തി. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച പള്ളിയിൽ പോകാൻ ഉള്ളതിൽ കൊള്ളാവുന്ന മുണ്ടും ഷർട്ടും തിരഞ്ഞു തിരഞ്ഞു പെട്ടിക്കടിയോളം ചെന്നപ്പോഴാണു്, ഏറെക്കാലം കാണാതെ താൻ ഏതാണ്ടു മറന്നുപോയിക്കഴിഞ്ഞിരുന്ന ആ ഒരു ജോഡി വസ്ത്രങ്ങൾ നല്ലതൂവെള്ള നിറത്തോടെ തേച്ചുമടക്കിയപാടെ ഇരിക്കുന്നതു കണ്ടതു്. അടുത്തു തന്നെ നോക്കി നിന്നിരുന്ന കുഞ്ഞൂഞ്ഞമ്മ, ‘അതെടുക്കേണ്ട’ എന്നു തിടുക്കപ്പെട്ടു പറഞ്ഞു്, തടസ്സപ്പെടുത്തിയിട്ടു് തന്നത്താൻ പെട്ടിയിൽ തപ്പി അത്രതന്നെ വെളുത്തതല്ലായിരുന്ന മറ്റൊരു ജോഡി വസ്ത്രങ്ങൾ എടുത്തു തരികയായിരുന്നു.
ആ വിലക്കപ്പെട്ട വസ്ത്രങ്ങൾ അവൾ തനിക്കായി കണ്ണുനീരോടെ എടുക്കുന്നതോർത്തപ്പോൾ ഭാര്യയുടെ മുഖത്തേക്കു് ഒരിക്കൽക്കൂടി നോക്കാൻ വൃദ്ധൻ ശ്രമിച്ചെങ്കിലും കുനിഞ്ഞ കുതിരകളെപ്പോലെ കണ്ണുകൾ പീലി താഴ്ത്തിത്തുടങ്ങിയിരുന്നു.
ആശങ്കകൾ നിറഞ്ഞ മനസ്സോടെ ഇതിനിടെ വീടുവിട്ടു് പോയിരുന്ന ജോസുകുട്ടി ജ്യേഷ്ഠനായ കുഞ്ഞാപ്പുവിനെയും കൂട്ടി, നാൽക്കവലയിൽനിന്നു ടാക്സിക്കാറും വിളിച്ചു മടങ്ങിയെത്തി.
മക്കൾ തന്നെ താങ്ങിയെടുത്തു പടിക്കലേയ്ക്കു നടക്കുന്നതും കാറിന്റെ പിൻസീറ്റിലിരുത്തി ചാരിക്കിടത്തുന്നതുമെല്ലാം ഒരു പാതിയുണർവിൽ വൃദ്ധൻ അറിയുന്നുണ്ടായിരുന്നു. കാർ സ്റ്റാർട്ട് ചെയ്തപ്പോഴാകട്ടെ, അല്പം ആക്കം കൂടിയ ഒരുണർച്ചയിൽ വൃദ്ധൻ ചില്ലുകൾക്കിടയിലൂടെ വെയിലേറുകൾ തട്ടിത്തെളിഞ്ഞ കുഞ്ഞൂഞ്ഞമ്മയുടെയും അമ്മിണിയുടെയും മുഖങ്ങൾ നോക്കി, വിരലുകൾ മെല്ലെ ചലിപ്പിച്ചു് ‘സാരമില്ല’ എന്നു് ഒരാംഗ്യം കാട്ടുകയും ചെയ്തു. ഒരു യാത്ര ചോദിക്കലോടെ അവരെ നോക്കിക്കിടന്ന വൃദ്ധന്റെ ദൃഷ്ടികൾ കാർ നീങ്ങിത്തുടങ്ങിയിട്ടും സ്ഥാനചലനമില്ലാതെ പുറംകാഴ്ചകൾ നിഴലിപ്പിച്ചുകൊണ്ടിരുന്നു. താഴത്തെ ചിറയിൽ താൻ നട്ടുവളർത്തിയ ഏത്തവാഴകൾ, അപ്പോൾ ആഞ്ഞു വീശിയ ഒരു കാറ്റിൽ അനാഥമായുലയുന്നു. നെൽച്ചെടികളെ ചവിട്ടിച്ചായ്ച്ചുകൊണ്ടു് ആ കാറ്റു് കിഴക്കോട്ടു പാഞ്ഞു പോകുന്നു…
വെട്ടുവഴി കഴിഞ്ഞു്, കാർ ടാർറോഡിലേക്കു തിരിഞ്ഞു കയറുമ്പോൾ പള്ളിയിലേയ്ക്കു കയറിപ്പോകുന്ന ചെങ്കൽപ്പാതയുടെ കാഴ്ച. ഒരു ശവഘോഷയാത്രയുടെ ചിത്രം കാറ്റത്തു് പാറിവീഴുന്ന കരിയിലപോലെ ആ വഴിയിൽനിന്നു് വൃദ്ധന്റെ മനസ്സിലേയ്ക്കു വീണു. നാൽക്കവല കടക്കുമ്പോൾ, കാറിനുള്ളിലേയ്ക്കു ധൃതിപ്പെട്ടു നോക്കുന്ന നാട്ടുകാരുടെ മുഖങ്ങൾ ഒന്നൊന്നായി ആ ഘോഷയാത്രയിലേയ്ക്കു ചേർന്നുകൊണ്ടിരുന്നു.
പിന്നെ പട്ടണത്തിലേയ്ക്കുള്ള വഴി. പാപ്പച്ചന്റെ റേഷൻകടയും കുഞ്ഞുതോമായുടെ റബർ, കുരുമുളകു്, കൊക്കോ ശേഖരണ ഡിപ്പോയും ഗോപാലപിള്ളയുടെ ചായക്കടയുമൊക്കെ അതിവേഗത്തിൽ കണ്ണിലൂടെ കടന്നുപോകുന്നു. അതിന്റെ മിന്നായങ്ങളിൽ കണ്ണുകൾ അടഞ്ഞടഞ്ഞുപോകുന്നു. കാഴ്ചകളും ഓർമ്മകളും വേർതിരിച്ചെടുക്കാനാവാതെ, തന്റെയുള്ളിൽ ബോധത്തിന്റെ വഞ്ചി ആടിയുലയുന്നു. ഒരു മയക്കത്തിലേയ്ക്കു വീണു, വഞ്ചി മറിഞ്ഞു്, വൃദ്ധന്റെ മനസ്സിൽ പ്രളയജലത്തിന്റെ മുകൾപ്പരപ്പിലെ തിളക്കങ്ങൾ നിറഞ്ഞു. വീടിന്റെ മേൽക്കൂരയോളം ഉയർന്നു കഴിഞ്ഞ പ്രളയജലത്തിൽനിന്നു രക്ഷ തേടി താൻ കൊച്ചുമകനെയുമെടുത്തു് ഒരു വൻ വൃക്ഷത്തിന്റെ ശിഖരങ്ങളിലൂടെ ആയാസപ്പെട്ടു വലിഞ്ഞുകയറുകയാണു്. ജലനിരപ്പു് ഉയർന്നുയർന്നുവരികയും ശിഖരങ്ങൾ വീണ്ടും മേലേയ്ക്കു മേലേയ്ക്കു പടരുകയും… ആകാശമോ, താണുതാണു വരുന്നു. പുല്ലുമേഞ്ഞു നടക്കുന്ന വെള്ളപ്പശുക്കളെപ്പോലെ മേഘങ്ങൾ കൂട്ടംകൂട്ടമായി കുന്നുകളിലൂടെ നീങ്ങിനീങ്ങിപ്പോകുന്നു… എവിടെനിന്നോ മഴയിരമ്പലുകളും ആരൊക്കെയോ വിളിച്ചുകൂവുന്ന ശബ്ദങ്ങളും. ഇലകൾക്കിടയിലൂടെ താഴേക്കു നോക്കുമ്പോൾ, മൂടപ്പെടാറായ വീടിന്റെ മേൽക്കൂരയിലിരുന്നു് കുഞ്ഞാപ്പുവും രാമകൃഷ്ണപിള്ളയും തന്നെ ഉറക്കെ വിളിക്കുന്നു: അപ്പാ, അപ്പാ… പൈലീ, പൈലീ…
സംഭ്രാന്തി നിറഞ്ഞ ആ വിളികൾ ജലപ്പരപ്പിലൂടെ അടുത്തടുത്തു വരുന്നതായും അവർ ഇരുവശത്തുമിരുന്നു തന്നെ കുലുക്കി വിളിക്കുന്നതായും അറിഞ്ഞു് വൃദ്ധൻ വീണ്ടും കണ്ണുകൾ പ്രയാസത്തോടെ തുറന്നു. ഓട്ടം നിലച്ചുകഴിഞ്ഞിരുന്ന കാറിന്റെ മുന്നിലെ കന്യാമറിയത്തിന്റെ ചിത്രത്തിൽ വൃദ്ധന്റെ ദൃഷ്ടികൾ തടഞ്ഞുനിന്നു.
സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവാർഡിലേയ്ക്കു കൊണ്ടുപോകുമ്പോൾ വൃദ്ധൻ ആറു നിലകളുള്ള ആശുപത്രിക്കെട്ടിടവും അതിനുയരെ മാറാല പിടിച്ചുകിടക്കുന്ന ഒരാകാശവും കണ്ടു. മരുന്നുകൾ മണക്കുന്ന ഒരു ഇരുണ്ട ഇടവഴി കടന്നു തനിക്കിഷ്ടമായ വെള്ളവസ്ത്രങ്ങളുടെ ഒരു വലയത്തിലേക്കു പ്രവേശിച്ചപ്പോൾ, ഒരു സുരക്ഷിതസ്ഥാനത്തെത്തിയതുപോലെ വൃദ്ധൻ നേരിയ നെടുവീർപ്പിട്ടു.
പണ്ടെപ്പോഴോ കണ്ടിട്ടുള്ള ഒരു ചുവന്നു തുടുത്ത മുഖം തന്റെ മുഖത്തിനടുത്തേയ്ക്കു കുനിഞ്ഞു കുനിഞ്ഞു വരുന്നു. നെഞ്ചിലും വയറ്റിലുമൊക്കെ അമർത്തപ്പെടുന്ന അധികാരമുള്ള ഏതോ കൈകൾക്കു് താൻ കീഴപ്പെടുന്നു. പ്രസരിപ്പുള്ള മുഖങ്ങളും ആരോഗ്യം തുടിക്കുന്ന കണ്ണുകളുമുള്ള രണ്ടു പെൺകുട്ടികൾ… അവർ തലയിൽ വച്ചിരിക്കുന്ന വെള്ളത്തൊപ്പികൾ പ്രാവുകളുടെ ചിറകുകൾപോലെ… അങ്ങനെ ഓരോന്നോരോന്നു നോക്കിക്കിടക്കവേ, വീട്ടുമുറ്റത്തുകൂടി ഓടിപ്പോയ ആ ജന്തു തന്റെ ദൃഷ്ടികളെ തട്ടിമാറ്റിക്കൊണ്ടു് ആ തണുത്ത മുറിയിലൂടെ വീണ്ടും കടന്നുപോയതു വൃദ്ധൻ നടുക്കത്തോടെ കണ്ടു. പിന്നെയും പ്രളയജലത്തിന്റെ മുകൾപ്പരപ്പു്… പാമ്പിഴയുന്നതുപോലെ മുകളിലേയ്ക്കു വളർന്നുപോകുന്ന വൃക്ഷശിഖരങ്ങൾ. ഉയർന്നുവരുന്ന വെള്ളംകണ്ടു് ആർത്തു ചിരിക്കുകയും തന്റെ കൈകളിൽനിന്നു് എടുത്തുചാടാനൊരുങ്ങുകയും ചെയ്യുന്ന കുസൃതിക്കാരനായ കൊച്ചുമകൻ.
കൊച്ചുമകനെ നിയന്ത്രിക്കാനായി വൃദ്ധൻ പാടുപെട്ടുകൊണ്ടിരിക്കെ ഏതോ വീഴ്ചയിലുണ്ടായതുപോലെ അപായകരമായ പരിക്കുകൾ പറ്റിയ ഒരു കുട്ടിയെ, ധൃതിയേറിയ കാൽവയ്പുകളോടെ വന്ന ഒരു സംഘം ആളുകൾ അടുത്ത കട്ടിലിലേയ്ക്കു സാവധാനം കിടത്തി. വേദനയും തളർച്ചയും കലർന്ന ഒരു ശബ്ദത്തോടെ ആ കുട്ടി ഞരങ്ങിക്കൊണ്ടിരുന്നു. വല്ലാത്ത മനഃക്ഷോഭത്തോടെ അതു് കുറച്ചു നേരം കേട്ടുകിടന്ന വൃദ്ധൻ, ബലഹീനമായ കൈകൾ ആയാസപ്പെട്ടു് ഉയർത്തി, അടുത്തു നിന്നവരോടു് ആ കുട്ടിയുടെ അടുത്തേയ്ക്കു ചെല്ലാൻ ആംഗ്യങ്ങൾ കാട്ടി. ആ കേൾക്കുന്നതു് തന്റെ കൊച്ചുമകന്റെ കരച്ചിലുപോലെ തോന്നി. തന്നെ വിട്ടു് അവനെ ശുശ്രൂഷിക്കാൻ പറയാൻ കൊതിച്ച വൃദ്ധന്റെ ദൈന്യത പടർന്ന കണ്ണുകൾ വല്ലാതെ തുടിക്കുകയും നനയുകയും ചെയ്തുകൊണ്ടിരുന്നു.
ആ സമയത്തു് ഡോക്ടറുടെ കുറിപ്പുകളും കൈയിൽ പിടിച്ചു് ഹെഡ്നേഴ്സ് മടങ്ങിയെത്തി, ഡ്യൂട്ടി നഴ്സുമാരെ വിളിച്ചു്, വൃദ്ധന്റെ ജീവൻ രക്ഷിക്കാൻ ഏകശ്രമമെന്നു് ഡോക്ടർ വിധിച്ച അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യാൻ ഏല്പിച്ചു.
ഓപ്പറേഷൻ തിയേറ്ററിലേയ്ക്കു മാറ്റപ്പെട്ടതോടെ, കുട്ടിയുടെ കരച്ചിലുകൾ കേൾക്കാതായ വൃദ്ധൻ താൻ വീണ്ടും സുരക്ഷിതനായതിന്റെ സാന്ത്വനത്തോടെ, മയങ്ങാൻ തുടങ്ങി… പ്രളയജലം താഴ്‌ന്നുതുടങ്ങിയിരുന്നു. മരശിഖരങ്ങൾ ചവിട്ടിയിറങ്ങി താഴേയ്ക്കു പോകുമ്പോൾ ആകാശം പിന്നെയും ഉയർന്നുയർന്നുപോയി. ഉയർന്നുയർന്നുപോകുന്ന ആകാശത്തു സൂര്യന്റെ വെള്ളവൃത്തം ചെറുതായിച്ചെറുതായിപ്പോകുകയും മേഘങ്ങളുടെ കന്നുകാലികൾ കൂട്ടിൽക്കയറുകയും ഭൂമിയിൽ ഇരുൾ വ്യാപിക്കുകയും… ഇപ്പോൾ വൃദ്ധൻ കൊച്ചുമകനെയുംകൊണ്ടു മരത്തിൽനിന്നിറങ്ങിക്കഴിഞ്ഞു… നിലത്തു ചവിട്ടിയതും അക്ഷമകൾക്കൊടുവിലെ ആവേശത്തോടെ അവൻ കൈ വിടുവിച്ചു്, വീടിന്റെ നേരേ പാഞ്ഞോടിപ്പോയി… തണുപ്പേറ്റു വിറയ്ക്കുന്ന തന്റെ കാലുകളാകട്ടെ, മുന്നോട്ടു നീക്കിവയ്ക്കാനേ കഴിയുന്നില്ല… സന്ധ്യയുടെ ഇരുളിൽ പരിസരങ്ങൾ തെളിഞ്ഞു കാണുന്നതുമില്ല.
പല പല പരിശ്രമങ്ങൾക്കുശേഷം വീട്ടുമുറ്റത്തെത്തുമ്പോൾ, നേരം പാതിരാപോലിരുണ്ടുപോയിരുന്നു. ഇലയനക്കങ്ങളോ ചീവീടുകളുടെ കരച്ചിലോ ഇല്ല. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. ആവുന്നത്ര ഒച്ചയുയർത്തി വൃദ്ധൻ ‘കുഞ്ഞൂഞ്ഞമ്മേ, കുഞ്ഞൂഞ്ഞമ്മേ’ എന്നു വിളിച്ചു. മറുപടി കേൾക്കാതായപ്പോൾ വൃദ്ധനു് അങ്കലാപ്പായി. ഏതുറക്കത്തിലും ഇന്നോളം അവൾ തന്റെ വിളികേട്ടു് ഉണരാതിരുന്നിട്ടില്ല. വൃദ്ധൻ വേച്ചുവേച്ചു് തിണ്ണയിലേയ്ക്കു കയറി വാതില്ക്കലേയ്ക്കു തപ്പിത്തടഞ്ഞു നടന്നു. അത്ഭുതം, വീടിനു വാതിൽ നഷ്ടപ്പെട്ടിരുന്നു. ഉയരാൻ തുടങ്ങിയിരുന്ന ഒരപരിചിത നിലാവിൽ വൃദ്ധൻ അവിശ്വസനീയമായ കാഴ്ചകൾ കണ്ടു. വീടിനു് അതിന്റേതായ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വാതിലുകളും ജനാലകളും കട്ടിലുകളും കസേരകളും പാത്രങ്ങളും വിളക്കുകളും എല്ലാം. എല്ലാം. വീടു് ഒരസ്ഥികൂടമോ പുറന്തോടോ പോലെയായിരിക്കുന്നു. എവിടെനിന്നോ പറന്നുവരുന്ന ഒരു ശീതക്കാറ്റു് വീട്ടിലൂടെ കയറിയിറങ്ങിപ്പോകുന്നു. അതിന്റെ കുളിരു് വല്ലാതെ ഉറക്കം വരുത്തുന്നു… അതിന്റെ സ്വരങ്ങൾ ഒരു താരാട്ടുപോലെ കേൾവിക്കു നഷ്ടപ്പെട്ടു്… നഷ്ടപ്പെട്ടു്… പോകുന്നു.
പരാജയപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം വൃദ്ധന്റെ ജഡം ഏറ്റുവാങ്ങിയ രേഖകൾ ഒപ്പിട്ടു വാങ്ങിക്കഴിഞ്ഞ ഡ്യൂട്ടി നഴ്സുമാരിൽ ഇളയവളായിരുന്ന സിസിലി തോമസ് ഹെഡ് നഴ്സിനോടു പറഞ്ഞു: “നല്ല ഒരപ്പച്ചനായിരുന്നെന്നാതോന്നുന്നതു്. മരിക്കാറായി കെടക്കുമ്പോഴും ആ കൊച്ചന്റെ കരച്ചിലു് കേട്ടപ്പം, എന്നെ വിട്ടേച്ചു് അതിനെ ശുശ്രൂഷിക്കാൻ പോകാനാ ഞങ്ങളോടു പറഞ്ഞതു്.”
“ങാ! മരിക്കാൻ കെടക്കുമ്പം എല്ലാവരും നല്ലോരാ” എന്നു് ഉദാസീനമായി പറഞ്ഞിട്ടു്, ഹെഡ്നഴ്സ് കഴുകിയിട്ടും കഴുകിയിട്ടും വെടിപ്പാകുന്നില്ലെന്നു തോന്നിയ തന്റെ കൈകളിൽ വാസനസോപ്പ് പതച്ചുകൊണ്ടിരുന്നു.