പുലർകാലത്തു് പതിവായുണ്ടാകാറുള്ള ഉത്തേജനത്തിന്റെ ഉണർവിൽ നേരത്തെ കണ്ട സ്വപ്നത്തിലെ അശ്ലീലത്തിലേക്കു് ഒന്നു കൂടെ കൂപ്പുകുത്താൻ ജോണിക്കുട്ടാട്ടൻ കുരിശുപള്ളി മെനക്കെട്ടുകൊണ്ടിരുന്നു. ഹോ എന്തോരു് കാഴ്ചയായിരുന്നു. തുടകൾക്കിടയിലേക്കു് ഇരുകൈകളും ഒന്നൂടെ ആഴത്തിലാഴ്ത്തി കൊഞ്ചു പോലെ വളയുന്നതിനിടയിൽ സ്ഥാനം തെറ്റിപ്പോയ ഉടുമുണ്ടിനെ വലിച്ചു നേരെയിടാൻ ഒരു വൃഥാശ്രമം കൂടി നടത്തി ജോണിക്കുട്ടാട്ടൻ. ലിസിപ്പെണ്ണെങ്ങാനും കടന്നുവന്നെങ്കിൽ നാണക്കേടായേനേ. തുറിച്ചുള്ള നോട്ടവും വക്കും മൂലയും പൊട്ടിയ അർത്ഥം വെച്ചുള്ള മൂളലും കൊണ്ടു് അവള് കുളിപ്പിച്ചു് കിടത്തും. അല്ലേലും അമ്പത്തഞ്ചിലെത്തിയവന്റെ ആത്മാവിന്റെ ആർത്തികൾ എങ്ങനെ പറഞ്ഞാണു് അവളെയൊക്കെ ബോധ്യപ്പെടുത്തുക.
പുറമേ നിന്നു് നോക്കുമ്പോ ലിസിപ്പെണ്ണു് സുന്ദരിയൊക്കെത്തന്നെയാ. അണിഞ്ഞൊരുങ്ങലും കൂടിയാവുമ്പോൾ പറയുകയും വേണ്ട. ന്നാലും ഒരു മടുപ്പൊക്കെയുണ്ടു്. അവൾക്കും കാണും. സ്നേഹിച്ചു കൊണ്ടിരിക്കുമ്പോൾ ഈയിടെയായി അവൾ കൊപ്പരയാക്കാൻ ഉടച്ചുവെച്ച തേങ്ങയെ കുറിച്ചോർത്തു് വേവലാതിപ്പെടും. മഴയെങ്ങാനും പെയ്തുപോയാ അതൊക്കെ കെട്ടുപോവുമല്ലോ കർത്താവേന്നു് ഒരു വിലാപം വരും. രസത്തിലൊന്നു് മുറുകുമ്പോഴായിരിക്കും അല്ലേലും ഈ മുട്ടുവേദനയ്ക്കു് ഹോമിയോ മരുന്നൊന്നും ഏശുകില്ലെന്നേന്നും പറഞ്ഞു് ഒന്നു് വേഗം നോക്കന്റെ ജോണിക്കുട്ടാട്ടാ ഞാൻ ചെന്നു് അടുപ്പിൻ കല്ലേലു് ഇത്തിരി വിറകെട്ത്തു് ഉണക്കാൻ വെക്കട്ടേന്നും പറഞ്ഞു് ധൃതിപ്പെടും. മനുഷ്യൻ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത സകല മൂഡും പോകും.
‘എന്നാ നീ നിന്റെ പണ്ടാറടക്കു്’ എന്നു് പ്രാകി ദേഷ്യത്തോടെ ഒന്നു രണ്ടു് തവണ തിരിഞ്ഞു കിടന്നിട്ടുണ്ടു്. അപ്പോഴൊക്കെ അവൾ പതുക്കെ ചേർന്നു കിടന്നു് വിരലുകൾ കൊണ്ടു് വീണ മീട്ടുന്നതു പോലുള്ള ചില പ്രയോഗങ്ങൾ നടത്തും. അവൾക്കറിയാം ജോണിക്കുട്ടാട്ടന്റെ മർമ്മങ്ങള്. ഏതു് പാടാത്ത വീണയും അപ്പോൾ പാടും. എന്റെ ജോണിക്കുട്ടാട്ടാ ഒന്നു് തിരിഞ്ഞു കെടന്നേന്നും പറഞ്ഞവൾ കെഞ്ചും. എനിക്കിപ്പോ മൂഡില്ലാന്നും പറഞ്ഞു് ജോണിക്കുട്ടാട്ടൻ പ്രതികാരം വീട്ടും. ന്നാപ്പിന്നെ മൂഡ്ണ്ടാക്ക്ന്നും പറഞ്ഞു കൊണ്ടവൾ തലയിണ അയാൾക്കു മേൽ വലിച്ചെറിഞ്ഞു് തലമുടി വാരിക്കെട്ടി മുരണ്ടുംകൊണ്ടെണീറ്റു പോവും. തുറന്ന വാതിൽ വെളിച്ചത്തിൽ ഒരു എക്സറേ ചിത്രം പോലെ നൈറ്റിയിൽ തെളിഞ്ഞ അവളുടെ ഉടൽ ഇത്തിരി നേരം കൂടി കണ്ണിൽ പറ്റിക്കിടക്കും.
ജോണിക്കുട്ടാട്ടൻ കൊഞ്ചു പരുവത്തിൽ നിന്നും നിവർന്നു് കുറച്ചു നേരം സീലിംഗിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഒച്ചക്കൊപ്പം കറങ്ങി. സുരതാനന്തരം അയാൾക്കുണ്ടാവാറുള്ള ആത്മനിന്ദ വന്നു് അപ്പോഴും പൊതിഞ്ഞു. അത്തരം നേരങ്ങളിലാണു് കിണറിലിറങ്ങുന്നതു പോലെ അയാൾ അയാളിലേക്കിറങ്ങുക. ടോർച്ചു ലൈറ്റിന്റെ വെട്ടത്തിലെന്ന പോലെ കിണറിന്റെ പടവുകളിറങ്ങുകയും കയറുകയും ചെയ്യും. ദർശനത്തിന്റെ ഭാരം അപ്പോൾ വലിയൊരു പാറക്കല്ലു പോലെ ജോണിക്കുട്ടാട്ടന്റെ ശിരസിൽ വന്നു പതിയും.
കട്ടിലിൽ നിന്നെണീക്കുമ്പോഴേക്കും ജോണിക്കുട്ടാട്ടൻ സീരിയസാവും. ചാർജു ചെയ്യാനിട്ട ഫോണെട്ത്തു വൈഫൈ ഓണാക്കിവെച്ചു് മുഖം കഴുകാൻ വാഷ്ബേസിനരികിലേക്കു് ചെല്ലും. വലിയ ഒച്ചയിൽ ചുമച്ചും കാർക്കിച്ചുതുപ്പിയും കുലുക്കിയുഴിഞ്ഞും അക്ഷരശ്ലോക മത്സരത്തിലെന്നപോലെ മത്സരിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നും ലിസിപ്പെണ്ണിന്റെ ഒച്ചവരും.
“എന്റെ ജോണിക്കുട്ടാട്ടാ ഒന്നു് പതുക്കെ ചെയ്യ്. ഇവ്ടെ മന്ഷ്യനു് ഉളുത്ത്കേര്ന്നു്.”
അപ്പോഴാണു് തന്റെ ഒച്ചകൂടിയെന്നു് ജോണിക്കുട്ടാട്ടനു് ബോധ്യപ്പെടുക. അമർഷത്തോടെ മുഖംതുടച്ചു് ചാരുകസാരയിൽ വന്നിരുന്നു് പത്രത്തിൽ മുഖം പൂഴ്ത്തുന്നതിനിടയിൽ ലിസിപ്പെണ്ണു് ചായകൊണ്ടു വെച്ചു പോവും.
സാധാരണയായി രാവിലെ ലിസിപ്പെണ്ണിടുന്ന ചായ ഒരു പ്രത്യേക രസത്തിലുള്ളതാ. അതിനു് പ്രത്യേകിച്ചു് ഇത്രയും കാലമായിട്ടും വലിയ കോട്ടമൊന്നും പറ്റിയിട്ടില്ല. വയനാട്ടീന്നു് തീരുമ്പം തീരുമ്പം തേയില കൊണ്ടുവരും. കട്ടൻ ചായേലു് ഒരു ഏലക്കാത്തരി ചതച്ചിട്ടു് മിന്റിന്റെ ഒരില മേമ്പൊടിയായി കപ്പിൽ പൊങ്ങിക്കിടക്കും വിധമാണു് ലിസിപ്പെണ്ണു് ചായക്കപ്പു് നീട്ടുക. അതു് രുചിയോടെ ഊതിയുതിക്കുടിക്കുമ്പോ ഇതെന്നാ കൊച്ചു പിള്ളേരു് ഒച്ചവെച്ചു് കുടിക്കുന്നതു പോലെന്നൊരു തള്ളുണ്ടു് അവളുടേതായി. ആ ലിസിപ്പെണ്ണിട്ട ചായയാ ഇതെന്തോന്നു് ചായയാടീന്നും പറഞ്ഞലറിക്കൊണ്ടു് മുറ്റത്തേക്കു് വലിച്ചെറിഞ്ഞതു്. “നീയെന്താ ഉള്ളിയരിഞ്ഞ കൈയ്യോണ്ടാണോടി ചായയിട്ടതു്. ഉള്ളിമണത്തിട്ടു് ചായ കുടിക്കാൻ മേല. പറഞ്ഞു് പറഞ്ഞു് ഒന്നിനും ഒരു വ്യവസ്ഥയില്ലാണ്ടായി നിനക്കു്.”
ലിസിപ്പെണ്ണു് അയാളെ ഒന്നു തുറിച്ചുനോക്കി.
“അടുക്കളേലു് നെരങ്ങുമ്പോൾ ഉള്ളിയൊക്കെ മണത്തെന്നു വരും. ചിലപ്പോൾ മീനും മണത്തെന്നു വരും വേണേലു് കുടിച്ചേച്ചാ മതി”.
ഉടുപ്പിൽ കൈ തുടച്ചു് തിരിച്ചു നടക്കുമ്പോൾ അവളിത്രേം വിളിച്ചുപറഞ്ഞു.
“മുറ്റത്തേക്കെറിഞ്ഞ ചായക്കോപ്പ എടുത്തങ്ങ് കളഞ്ഞേക്കണം തൂത്തുവാരാൻ ഞാൻ തന്നെ വരുമെന്നു് കരുതി കാത്തിരിക്കണ്ട.”
ഇത്തിരി നേരം കഴിഞ്ഞു് ഒരു തേങ്ങാമുറിയും കടിച്ചേച്ചു് ലിസിപ്പെണ്ണു് വീണ്ടും വന്നു. “ചള്ള് തേങ്ങയാ കറിക്കരക്കാൻ കൊള്ളത്തില്ല. ഉച്ചയ്ക്കു് തേങ്ങയരച്ച കറിതന്നെ വേണേലു് രണ്ടു് തേങ്ങയെടുത്തു് പൊതിക്കു്. ഇന്നു് പ്രസംഗിക്കാനൊന്നും പോവണ്ടാല്ലോ…”
നിവർത്തിപ്പിടിച്ച പത്രത്തിനു മുന്നിൽ ഇരുന്നു എന്നല്ലാതെ ജോണിക്കുട്ടാട്ടൻ വാർത്തകളൊന്നും കണ്ടില്ല. ലിസിപ്പെണ്ണു് അടുത്ത കാലത്തായി പതിവില്ലാത്ത വിധം ചൂടായിത്തുടങ്ങുന്നതിന്റെ കാരണം തിരയുകയായിരുന്നു അയാളപ്പോൾ. എത്ര നല്ല പ്രസംഗമായാലും ഇരുപതു മിനിറ്റിനപ്പുറം സഹിക്കാൻ വയ്യാത്തതുപോലെ ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ സഹിക്കുന്നതിന്റെ പരിധി എത്രയായിരിക്കും. ലോകത്തു് ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ അധികകാലം സഹിക്കാനാവില്ല എന്നതു് നേരു് തന്നെ. അപ്പോഴാണു് അറുപതു കൊല്ലത്തെ ദീർഘദാമ്പത്യവുമായി കടന്നു പോയ അപ്പനും അമ്മച്ചിയും പടമായി ചുമരിൽ കിടന്നു ചിരിച്ചതു്. “ജോണിക്കുട്ടോ, രുചിയാണു് പ്രശ്നം. രുചിക്കുന്തോറും രുചി കുറഞ്ഞു പോകുന്നൂന്നു് തോന്നുന്ന ഒന്നാണു് ദാമ്പത്യം. തോന്നലാണേ…”
“അപ്പാ…” അയാൾ നീട്ടി വിളിച്ചു.
അപ്പനപ്പോൾ തോട തൂങ്ങിയ അമ്മച്ചിയുടെ കാതിൽ എന്തോ മന്ത്രിച്ചു.
മനസ്സാണു് പ്രശ്നം. ഉരയ്ക്കുന്തോറും തിളങ്ങുന്ന കല്ലാണതു്. എപ്പോഴും ഉരച്ചു് വെടിപ്പാക്കി വെക്കണം. അല്ലെങ്കിൽ ക്ലാവു പിടിച്ചു് ബോറാവും. ഇരുപത്തിരണ്ടാം വയസ്സിലു് കെട്ടിയേച്ചു് കൊണ്ടുവരുമ്പോഴുള്ള ലിസിയെ ഇടയ്ക്കിടെ ജോണിക്കുട്ടാട്ടൻ ഓർക്കാറുണ്ടു്. എന്തു് മുറ്റായിരുന്നു അവൾക്കു്. ഉള്ളംകയ്യിലെടുത്തമ്മാനമാടാൻ തോന്നും. ചെയ്തിട്ടുമുണ്ടു്.
വട്ടംചുറ്റിക്കുമ്പോൾ “തല ചുറ്റുന്നേ ജോണിക്കുട്ടാട്ടാ തറേലു് വെക്ക്ന്നു്” ശ്വാസം മുട്ടിക്കൊണ്ടവൾ പറയും. ആകെ ചുവന്നു പോയ അവളുടെ മുഖത്തു് അപ്പോൾ ആഞ്ഞൊരു മുത്തം കൊടുക്കും.
ചാരുകസേരയിൽ നാണം വന്നു് ജോണിക്കുട്ടാട്ടൻ ചുരുണ്ടപ്പോൾ വീണ്ടും ലിസിപ്പെണ്ണിന്റെ ഒച്ച വന്നു. “തേങ്ങാ പൊതിച്ചു് കിട്ടീലാ”
അവളുടെ കൈയ്യിൽ കടന്നുപിടിച്ചു് ജോണിക്കുട്ടാട്ടൻ ചോദിച്ചു.
“നീയെന്താടി ഇങ്ങനെ…”
“നിങ്ങളെന്താ ഇങ്ങനെ” ലിസി തിരിച്ചും ചോദിച്ചു
“ഒരിതില്ലാതെ…”
“നിങ്ങൾക്കിതുണ്ടോ…”
“ഓ… നിന്റെയീ സൊഭാവാ എനിക്കൊട്ടും പിടിക്കാതെ”
“എനിക്കും”
അതും പറഞ്ഞു് ലിസി ഊർന്നു പോയി.
തേങ്ങ പൊതിക്കുമ്പോൾ ജോണിക്കുട്ടാട്ടൻ എന്തോ അശ്ലീലമോർത്തു. സുവർണ്ണ ജൂബിലി കഴിഞ്ഞേപ്പിന്നെ തൊടുന്നതിലും നോക്കുന്നതിലുമൊക്കെ അശ്ലീലം കൂടിക്കൂടി വരുന്നുണ്ടു്. ‘മറ്റു പെണ്ണുങ്ങളോടു് കൊഞ്ചാനും ഫോണിൽ ചാറ്റാനും’ എന്നു് ഇടക്കിടെ ലിസി തിരുത്തും. സത്യാണു്. അവളും അമ്പതിനോടടുക്കുകയാണു്. ഇപ്പോൾ അവൾക്കെങ്ങനെയാണെന്നറിയാൻ മോഹമില്ലാതില്ല. പക്ഷേ, അടുക്കാൻ പറ്റണ്ടേ. കുരച്ചു ചാടും. ന്റമ്മോ. “ആർത്തവിരാമത്തോടടുത്ത പെണ്ണുങ്ങൾ ചിലർ അക്രമാസക്തരാവും. അവർ എപ്പോഴും അസ്വസ്ഥരായിരിക്കും. ശബ്ദവും വെളിച്ചവും പോലുമവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. സ്നേഹത്തോടെ സംസാരിക്കുക. ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കുക. വർത്താനത്തിനു് വലിയ ഒച്ച വേണ്ട. പറ്റുമെങ്കിലു് നേരിയ സംഗീതം കേൾപ്പിക്കുക. ശാന്തമായിക്കോളും. ലക്ഷണം കേട്ടിട്ടു് ഇതു് മറ്റേതിന്റെതുതന്നെയാ…”
ഹോമിയോ ഡോക്ടർ ചങ്ങാതി സമാധാനിപ്പിച്ചു.
“ക്ലിനിക്കിലു് വന്നാലു് ഞാനിത്തിരി പഞ്ചാര മിട്ടായി തരാം.”
“ഓ” തൃപ്തിയാവാതെ ജോണിക്കുട്ടാട്ടൻ മൂളി.
“അമ്പത്തഞ്ചിലും സംഗതിയൊക്കെ കൃത്യമായി നടക്കുന്നില്ലേ…?” ഒരാക്കിച്ചിരി ചിരിച്ചു് പുറത്തു തട്ടിക്കൊണ്ടുള്ള ഡോക്ടറുടെ ചോദ്യത്തിനു് “ഹോ” എന്നൊരു നിരാശ കലർന്ന ഒച്ച ജോണിക്കുട്ടാട്ടനിൽ നിന്നുമുണ്ടായി.
“ചില പ്രശ്നങ്ങളുണ്ടു്. ഞാനൊന്നു് ക്ലിനിക്കിലേക്കു് വരാനിരിക്കയായിരുന്നു”
“ഓ അതിനെന്താ. ഒന്നു വിളിച്ചിട്ടുവന്നോളൂ.” ഡോക്ടർ ചങ്ങാതി പഞ്ചാരച്ചിരി പിന്നേയും ചിരിച്ചു.
ഉദ്ഘാടനം, തുടർച്ചയായുള്ള പ്രസംഗങ്ങൾ പുസ്തക പ്രകാശനം സെമിനാർ… ഇതിനിടയിൽ ക്ലിനിക്കിലൊന്നും പോയില്ല. ഹോമിയോ ചങ്ങാതിയെ വിളിച്ചു പോലുമില്ല. പുസ്തക പ്രകാശനം കഴിഞ്ഞു് ടൗൺ ഹാളിൽ നിന്നിറങ്ങുമ്പോൾ ലിസിപ്പെണ്ണിന്റെ വിളി വന്നു് മുട്ടി. ഓ… നേരത്തേയും രണ്ടു മൂന്നു തവണ വിളിച്ചിരിക്കുന്നു. ഫോണു് അനങ്ങാപ്പാറയാക്കി ഇട്ടിരുന്നതിനാൽ കേട്ടതുമില്ല.
“എന്താ ലിസി വിളിച്ചതു്” പരമാവധി മയത്തിലാണു് ചോദിച്ചതു്.
“ഒന്നു ഫോണെടുക്കണമെങ്കിൽ എത്ര തവണ വിളിക്കണം” തർക്കുത്തരമാണു്.
“പരിപാടിയിലായിരുന്നു. ഫോൺ സൈലന്റിലായിരുന്നു.”
“ഞാൻ കരുതി ചത്തുപോയിക്കാണൂന്നു്”
ജോണിക്കുട്ടാട്ടനു് ഉള്ളം കാലിൽ നിന്നും വിറയൽ അരിച്ചു കയറി. തെറി പറയാൻ പല്ലു് ഞെരിച്ചു തുടങ്ങിയതാണു്. പെട്ടെന്നാണോർത്തതു് ചുറ്റും ആരാധകരാണു്. പരിപാടി കഴിഞ്ഞു് എല്ലാരും വിട്ടു പോയിട്ടില്ല. ‘സെൽഫി’ക്കു് നിന്നു കൊടുക്കാൻ ഫോണും പിടിച്ചു് ചിലർ കാത്തു നിൽക്കുന്നുമുണ്ടു്.
“സാറിന്റെ ഇന്നത്തെ പ്രസംഗം ഗംഭീരമായിട്ടുണ്ടു്. ഇത്രത്തോളം സ്ത്രീപക്ഷം ചേർന്നു നിൽക്കുന്ന എഴുത്തുകാർ അധികമില്ല കേട്ടോ…”
കവയിത്രിയുടെ കൂട്ടുകാരിയാണു്. ലിസിപ്പെണ്ണിനു നേരെ പതഞ്ഞു പൊന്തിയ ദേഷ്യം കല്ലമ്മിയിലരഞ്ഞ പോലെ നേർത്ത ചിരിയാക്കി അവർക്കു നേരെ ചൊരിഞ്ഞു.
ലിസിയെ വിളിച്ചു് ശാന്തമായി ചോദിച്ചു. “നീയെന്തിനാണു് വിളിച്ചതു് പറയൂ. വല്ലതും വാങ്ങിക്കാനുണ്ടോ” അപ്പുറത്തു് അവളും ശാന്തയായി. “എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ. ഭയങ്കര തലവേദന. രാത്രിയേക്കു് കഴിക്കാൻ വല്ലതും വാങ്ങിച്ചോ”
“ബിരിയാണി, ഫ്രൈഡ് റൈസ്… ചപ്പാത്തി മതിയോ”
“ങ്ങ് ആ… എന്തായാലും കൊള്ളാം”
പതിവായുള്ള രണ്ടു പെഗ് വിസ്ക്കിക്കൊപ്പം കുരുമുളകിട്ടു വരട്ടിയ കോഴിക്കറിയിൽ മുക്കി ചപ്പാത്തി ചവയ്ക്കുന്നതിനിടയിൽ ജോണിക്കുട്ടാട്ടൻ ലിസിപ്പെണ്ണിനെ നോക്കി. അവൾ മുന്നിലുള്ള ഒറ്റച്ചപ്പാത്തിയിൽ ഭൂപടം വരഞ്ഞു കളിക്കുകയാണു്.
“എന്താ കഴിക്കുന്നില്ലേ…”
“എനിക്കെന്തോ ഛർദ്ദിക്കാൻ തോന്നുന്നു”
അതും പറഞ്ഞവൾ കഴിച്ചു കൊണ്ടിരിക്കുന്ന പാത്രവുമെടുത്തു് അടുക്കളയിലേക്കോടി. ജോണിക്കുട്ടാട്ടൻ പിന്നാലെ ഓടാനൊന്നും മിനക്കെട്ടില്ല. അടുക്കളയിൻ നിന്നു് ചില ശബ്ദങ്ങൾ വന്നു. പെട്ടന്നയാൾക്കു് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിന്റെ രുചി പോയി. ഗ്ലാസിലുള്ളതു് ഒറ്റ വലിക്കു് മോന്തി ഒരു പെഗ് കൂടെയെടുക്കാൻ എഴുന്നേറ്റു.
“എനിക്കു് ജീവിതം തന്നെ മടുത്തതുപോലായി” തിരിഞ്ഞു കിടന്നു് അവൾ പിറുപിറുത്തതു് അയാൾ കേൾക്കാതിരുന്നില്ല. “അതിനെന്തു പറ്റി”
“ഓ…”
കുടിച്ചതും കഴിച്ചതുമെല്ലാം ജോണിക്കുട്ടാട്ടനിൽ ആവിയായിപ്പോയി. രുചി, വിശപ്പു്, ആഹാരം എന്നിവയെക്കുറിച്ചുള്ള പുതുമയാർന്നൊരു ചിന്തയിലമർന്നു് അയാളെപ്പോഴോ ഉറങ്ങിപ്പോയി. മടുപ്പിനു് കാരണമെന്തെന്ന ചിന്തയിൽ കുറേനേരം അലഞ്ഞു തിരിഞ്ഞു് ലിസിപ്പെണ്ണും കൂർക്കം വലിച്ചു. പിന്നേയും രാത്രിയായി പകലായി.
പുതുതായി വാങ്ങിയ ഫോണിൽ മുഖം പൂഴ്ത്താൻ തുടങ്ങിയപ്പോഴാണു് ലിസിപ്പെണ്ണു് വീണ്ടും ഉല്ലാസവതിയായതെന്നു് ജോണിക്കുട്ടാട്ടൻ നിരീക്ഷിച്ചു. കിട്ടുന്ന ഇടവേളകളിലൊക്കെ ഫോൺ അവളുടെ കൈയിൽ കിടന്നു പുളഞ്ഞു. ഇടയ്ക്കിടെ അണിഞ്ഞൊരുങ്ങുന്നതും പൊട്ടു തൊടുന്നതും ലിപ്സ്റ്റിക്ക് തേക്കുന്നതും സെൽഫിയെടുക്കാൻ വേണ്ടി മാത്രമാണെന്നു് മനസ്സിലാക്കുകയും ചെയ്തു. ഫോണെങ്കിലു് ഫോണു്. ഒന്നു് ചിരിച്ചു കാണൂലോ. അലമ്പുണ്ടാക്കാതിരിക്കൂലോ. വീട്ടിലു് മനസ്സമാധാനം തരൂലോ.
“എന്തായി” ഹോമിയോ ചങ്ങാതി ചോദിച്ചു.
“ഫോൺ തെറാപ്പി ഏറ്റുന്നു് തോന്നുന്നു.”
“എങ്കിലും ഒരു ശ്രദ്ധവേണം. കൈവിട്ടു പോകാനും സാധ്യതയുണ്ടു്.”
മീറ്റിംഗിനു പുറപ്പെടുമ്പോൾ പതിവില്ലാത്ത വിധം അവൾ കാറിൽ കയറിയിരുന്നതു് കുറച്ചു് പർച്ചേയ്സുണ്ടെന്നും പറഞ്ഞായിരുന്നു. “എന്നെ ആ മാളിനു മുന്നിൽ ഇറക്കിയാൽ മതി. പ്രസംഗം കഴിഞ്ഞാൽ ഒരു മിസ്ഡ് കോൾ വിട്ടോളു. ഞാനിവിടെ റെഡിയായി നിൽക്കാം. പിന്നേ ജോണിക്കുട്ടാട്ടാ ആ ഏ ടി എം കാർഡൊന്നു തരണേ. എനിക്കും ഒരു ബാങ്ക് അക്കൗണ്ടാക്കി കുറച്ചു കാശിട്ടുതരണം. ഇത്രേം കാലം നിങ്ങക്കൊക്കെ വേണ്ടി കൊറേ പണിയെടുത്തതല്ലേ. കൂലിയായി കരുത്യാ മതി”
ലിസിപ്പെണ്ണു് പോയിട്ടും ജോണിക്കുട്ടാട്ടൻ കാറ് മുന്നോട്ടെടുക്കാൻ മറന്നു് കുറച്ചു നേരം കൂടി അവിടെത്തന്നെ നിന്നു. എങ്ങോട്ടാണു് പോവേണ്ടതെന്നോ എന്താണു് പരിപാടിയെന്നോയുള്ള കാര്യവും മറന്നു. തെരുവിൽ പൂക്കൾ വിൽക്കുന്നവരുടെ കലപിലക്കൊപ്പം മുല്ലമണമൊഴുകി വന്നു. ഓ മുല്ലപ്പൂ വിപ്ലവം എന്നുള്ളിൽ പറഞ്ഞു് ജോണിക്കുട്ടാട്ടൻ വണ്ടി മുന്നോട്ടെടുത്തു.
ഫ്രണ്ട്സിനൊപ്പം മൂന്നു ദിവസത്തേക്കു് ഒരു ട്രിപ്പ് പോവുന്നു എന്നൊരു മെസേജുമിട്ടു് ലിസിപ്പെണ്ണു് മുങ്ങിയതു് ജോണിക്കുട്ടാട്ടനു് ആദ്യത്തെ അറ്റാക്കായി. ഒരു തുറന്ന ജീപ്പിൽ ട്രൗസറും ടീഷർട്ടുമിട്ടു് കൂട്ടുകാരൊപ്പം ബിയർ ബോട്ടിലും ഉയർത്തിപ്പിടിച്ചു് ആർമ്മാദിക്കുന്ന ചിത്രം അവൾ തന്നെ പോസ്റ്റ് ചെയ്തതു് രണ്ടാമത്തെ അറ്റാക്കായി. അമ്മ അടിച്ചു പൊളിക്കയാണല്ലോ അച്ഛനെ കൂട്ടിയില്ലേ എന്നുള്ള മക്കളുടെ കുത്തിക്കുത്തിയുള്ള ചോദ്യം മൂന്നാമ്മത്തെ അറ്റാക്കും തന്നു. വീട്ടിൽ അടുപ്പു പുകയുന്ന നേരങ്ങൾ കുറഞ്ഞതും കാറ്ററിംഗ് പയ്യൻ നിരന്തരം വന്നു പോയതും വയറ്റിൽ ഏനക്കേടുണ്ടാക്കി. മീറ്റിങ്ങിനിടയിൽ അവളയച്ച ഒരു മെസേജ് വായിച്ചു് ജോണിക്കുട്ടാട്ടൻ ശരിക്കും അന്തം വിട്ടു. “വരുമ്പോൾ ഒരു ബോട്ടിൽ വോഡ്ക്ക വാങ്ങിക്കണേ. ഗുവ ഫ്ളേവർ…”
പിന്നേപ്പിന്നേ അറ്റാക്കുകൾ ജോണിക്കുട്ടാട്ടനു് ഏശാതെയായി. ഡൈ ചെയ്യാൻ മറന്നു പോകുന്ന ദിവസങ്ങളിലൊക്കെ ജോണിക്കുട്ടാട്ടൻ പെട്ടെന്നു വൃദ്ധനുമായി.
യാ സുനാരിയോ എന്ന ജാപ്പാനീസ് എഴുത്തുകാരന്റെ The Other heart എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരു പ്രസാധകനു വേണ്ടി മലയാളത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു ജോണിക്കുട്ടാട്ടൻ. ഒരു തവണ വായന കഴിഞ്ഞതാണു്. മറ്റുള്ളവരിലേക്കു് ‘പരകായപ്രവേശം’ നടത്തി അവരെ അറിയാനുള്ള ഒരു മാന്ത്രികന്റെ യാത്രകളാണു് വിഷയം. മനുഷ്യ മനസ്സെന്ന നിഗൂഢ ഗുഹയിലൂടെയുള്ള ഗൂഢസഞ്ചാരം എന്നു് ചുരുക്കിപ്പറയാം. ചായക്കപ്പും നീട്ടി ലിസിപ്പെണ്ണു് കുറച്ചു നേരമായി മുന്നിൽ നിൽക്കുന്ന കാഴ്ച ജോണിക്കുട്ടാട്ടൻ കാണാൻ വൈകി. “ന്റ ജോണിക്കുട്ടാട്ടാ നിങ്ങളിതു് ഏതു് ലോകത്താ. കുരിശ് പള്ളീലു് കുർബാന കഴിഞ്ഞു വരേണ്ട നേരമായല്ലോ ഞാനീ നില്പു് തുടങ്ങീട്ടു്” എന്നും പറഞ്ഞു് അയാളുടെ കൈയിൽ ചായക്കപ്പു പിടിപ്പിച്ചു് അവൾ തിരിഞ്ഞു നടന്നു. അടുക്കളയിൽ ചെറിയുള്ളിമൊരിയുന്നതിന്റെയും പോർക്കു് ഉലത്തുന്നതിന്റേയും മണം വന്നു. തവിയുടെ തുമ്പിൽ ഒരു കഷണം പൊള്ളുന്ന പോർക്കുമായി “കുട്ടാട്ടാ ഇതൊന്നു് വെന്തോന്നു് നോക്കിയേ” ന്നും പറഞ്ഞു് അവള് വീണ്ടും വന്നു. പണ്ടവൾ എന്നും തരാറുള്ള പ്രണയത്തിന്റെ നുറുങ്ങുകൾ അതിലെവിടെയോ ഉണ്ടല്ലോയെന്നു് അയാളപ്പോൾ മണത്തു. വായനക്കിടയിൽ പുസ്തകം അടച്ചു വെച്ചു് അയാൾ അടുക്കളയോളം ചെന്നു.
ലിസിപ്പെണ്ണു് ധൃതിപിടിച്ചു് പണിയിലാണു്. അയാൾ അവളുടെ പിറകിൽ ചെന്നു ഒച്ചയില്ലാതെ നിന്നു. അവൾ മൂക്കിൽ എന്തോ മണം വലിച്ചു കേറ്റി. അയാളുടെ സാന്നിധ്യം മണത്തിലൂടെയാണു് അവൾ പെട്ടെന്നു് തിരിച്ചറിയുക. ചലനങ്ങൾ നിശ്ചലമാക്കി തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ലിസിപ്പെണ്ണു് ചോദിച്ചു.
“എന്താ ജോണിക്കുട്ടാട്ടാ കാര്യം”
അയാളവളെ രണ്ടു കൈകൊണ്ടും വരിഞ്ഞു മുറുക്കുന്നതിനിടയിൽ ചോദിച്ചു. “നീയിന്നു് പുറത്തേക്കൊന്നും പോവുന്നില്ലേ…”
ഒരു കുഞ്ഞു പ്രാവിനെപ്പോലെ അയാളുടെ കൈകളിലൊതുങ്ങുമ്പോൾ അവൾ ചോദിച്ചു.
“വൈകുന്നേരം നമ്മുക്കൊന്നു് പുറത്തു പോയാലോ”
“പോവാം” കൈകളിൽ നിന്നും അവളെ വിടുവിച്ചുകൊണ്ടയാൾ പറഞ്ഞു.
The Other heart-ലെ എഴുത്തുകാരന്റെ ആമുഖം ജോണിക്കുട്ടാട്ടൻ മനസ്സിൽ പരിഭാഷപ്പെടുത്തുകയായിരുന്നു.
‘നിങ്ങൾ നിങ്ങളുടേതല്ലാത്ത ഏതെങ്കിലും ഹൃദയത്തിലൂടെ എപ്പോഴെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ. അതിന്റെ മിടിപ്പുകൾക്കു് കാതോർത്തിട്ടുണ്ടോ. സഫലീകരിക്കപ്പെടാത്ത മോഹങ്ങൾ, അടിച്ചമർത്തിയ വികാരങ്ങൾ, എത്തിപ്പിടിക്കാനാഗ്രഹിക്കുന്ന ആകാശങ്ങൾ… മറ്റൊരാളുടെ ഹൃദയം നിങ്ങളുടേതു കൂടിയാവുനിടത്താണു് നിങ്ങൾ ശരിക്കുമൊരു മനുഷ്യനാവുന്നതു്. ഹൃദയമുള്ള മനുഷ്യൻ’
അസ്തമിക്കാൻ തുടങ്ങിയ കടൽകരയിലൂടെ തിരകളെ ചവിട്ടിത്തെറിപ്പിച്ചു് ലിസിപ്പെണ്ണു് പാഞ്ഞു നടന്നു. അമ്പതിലേക്കു് കടക്കാൻ പോവുകയാണെന്ന യാതൊരു വിചാരവുമില്ലാതെ. ഇടയ്ക്കവൾ പാഞ്ഞുവന്നു് അയാളുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു് ഒരുമ്മ കൊടുത്തു. പിന്നെ ഒരു സ്വകാര്യമെന്ന പോലെ ചെവിയിൽ മന്ത്രിച്ചു. “ജോണിക്കുട്ടാട്ടാ, പണ്ടു് ചെയ്യാറുള്ളതുപോലെ എന്നെയെടുത്തു് ഒന്നു് വട്ടംചുറ്റിക്കാമോ?”
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന