സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ. എങ്കിലും, ഈ ലേഖനങ്ങളിൽ ചിലപ്പോഴെങ്കിലും കാണാറുള്ള ലിംഗപരവും വംശീയപരവുമായ ഭാഷാ പ്രയോഗങ്ങൾ, നിർദോഷമല്ലാത്ത കളിയാക്കലുകൾ, ഞങ്ങളും ശ്രദ്ധിക്കുന്നു. പക്ഷേ, അവ അതേപോലെ തിരുത്താതെ പ്രസിദ്ധീകരിയ്ക്കുന്നു. നീതിയുടെ തെളിച്ചത്തിലേക്കു് എഴുത്തുകാരും സമൂഹവും എത്തുന്നതിലെ കാലതാമസം മറച്ചു വെയ്ക്കണ്ടതുമല്ലല്ലോ. മാന്യ വായനക്കാർ ഇതെല്ലാം കാണുന്നുണ്ടാകുമെന്നുതന്നെ ഞങ്ങൾ കരുതുന്നു.
സായാഹ്ന പ്രവർത്തകർ.

സോക്രട്ടീസിനെ കുറ്റംവിധിച്ചവർക്കു് അവരുടേതായ ഒരു ന്യായമുണ്ടായിരുന്നു. അതു സോക്രട്ടീസ് അംഗീകരിക്കുകയും ചെയ്തു. തന്റെ പ്രവൃത്തികൾ തെറ്റാണെന്നു സമ്മതിക്കുകയല്ല, അവരുടെ വീക്ഷണകോണത്തിൽനിന്നു് തന്നെത്തന്നെ കാണുകയാണദ്ദേഹം ചെയ്തതു്. അഥിനിയൻ പൗരന്മാർക്കു സോക്രട്ടീസി നെ വധിക്കണമെന്നു് ഒരു നിർബന്ധവും ഉണ്ടായിരുന്നില്ല. ഈശ്വരൻ, മതം, വിജ്ഞാനം മുതലായ പലതിനെപ്പറ്റിയും നിലവിലുള്ള അഭിപ്രായങ്ങൾക്കു വിരുദ്ധമായി അദ്ദേഹം പ്രചരണം നടത്തി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ന്യായവാദം കൊണ്ടു തെളിയിച്ചുവെന്നതു് കാര്യം കുറെക്കൂടി വഷളാക്കിയതേയുള്ളു. അഭിപ്രായങ്ങൾ ഔദ്യോഗികമായിത്തീരുന്നതു് അവ ശരിയെന്നു തെളിയുമ്പോഴല്ല, അധികാരികൾ അവയെ അംഗീകരിക്കുമ്പോഴാണു്. അനൗദ്യോഗികമായ അഭിപ്രായങ്ങളെ വെച്ചുപുലർത്താൻ ക്രമീകൃതമായ യാതൊരു സമുദായത്തിനും സാധ്യമല്ല. ഒരു സമുദായത്തിലെ നിയമങ്ങൾ നിർവ്വഹിക്കപ്പെടുന്നതു് അവ ശരിയോ തെറ്റോ എന്നു നോക്കിയിട്ടല്ല, അവ നിലവിലുണ്ടോ എന്നു നോക്കിയിട്ടാണു്. ‘നിലവിലുള്ളതെല്ലാം ശരി’, എന്ന മനോഭാവത്തെ ചോദ്യം ചെയ്യുന്നവർ അതിനുള്ള ശിക്ഷ ശിരസാവഹിക്കുന്നതിനു സന്നദ്ധരായിരിക്കണം. അഥീനിയൻ പൗരന്മാർക്കു് സോക്രട്ടീസിനോടു സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. പക്ഷേ, ഒരു വ്യക്തിക്കുവേണ്ടി ആ നഗരത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുവാൻ അവർക്കു് സമ്മതമുണ്ടായിരുന്നില്ല.
യുവാക്കന്മാരുടെയിടയിൽ വിധ്വംസകാഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന പതിവു് സോക്രട്ടീസ് നിർത്താമെന്നു് സമ്മതിച്ചിരുന്നെങ്കിൽ അവർ അദ്ദേഹത്തെ ശിക്ഷിക്കുകയില്ലായിരുന്നു. ഇതു സോക്രട്ടീസിനു് സ്വീകാര്യമായിരുന്നില്ല. നഗരത്തിൽനിന്നു് പുറത്തുപോയി സ്വതന്ത്രമായി വിഹരിച്ചുകൊള്ളാൻ അവർ സോക്രട്ടീസിനോടു് അപേക്ഷിച്ചു. ഈ നിർദ്ദേശവും അദ്ദേഹം നിരസിച്ചു. അങ്ങനെ നിർബദ്ധരായ അവസ്ഥയിലാണു് അവർ അദ്ദേഹത്തെ വിചാരണ ചെയ്തതു്. വിചാരണയാകട്ടെ നിയമത്തിന്റെ എല്ലാ ചടങ്ങുകളും കൃത്യമായി നിർവ്വഹിച്ചു് ഏറ്റവും നീതിപൂർവ്വകമായിട്ടാണു് നടത്തിയതു്. ബഹുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജൂറിയാണു് അദ്ദേഹത്തെ മരണശിക്ഷയ്ക്കു വിധിച്ചതു്. അതും അന്നറിയപ്പെട്ടിരുന്നതിൽ ഏറ്റവും വേദന കുറഞ്ഞ രീതിയിൽ സ്വയം വിഷം കുടിച്ചു മരിച്ചുകൊള്ളാൻ! ഇത്രയായിട്ടും ആഥെൻസിലെ യുവജനങ്ങൾ അദ്ദേഹത്തിനു് ഒളിച്ചോടാനുള്ള സൗകര്യം കൊടുത്തു. നിയമം ഒന്നു കണ്ണടയ്ക്കുകകൂടി ചെയ്തു. പക്ഷേ, ആ വൃദ്ധൻ പറഞ്ഞു, താൻതന്നെ നിയമത്തെ നിഷേധിക്കുന്നതു് തെറ്റായിരിക്കുമെന്നു്. ഭാര്യാപുത്രാദികളുടെ ഇരുളടഞ്ഞ ഭാവിയെപ്പറ്റി ഓർമ്മിപ്പിച്ചിട്ടു പോലും അദ്ദേഹത്തിന്റെ സ്ഥിരനിശ്ചയത്തെ ഇളക്കാൻ ആർക്കും കഴിഞ്ഞില്ല. എന്തുകൊണ്ടാണു് സോക്രട്ടീസ് ഈ രീതിയിൽ പെരുമാറിയതെന്നു് മനസ്സിലാക്കുന്നതു് നന്നായിരിക്കും. തന്റെ അഭിപ്രായങ്ങളുടെ വിപ്ലവസ്വഭാവത്തെപ്പറ്റി സോക്രട്ടീസിനു് വ്യക്തമായ ബോധമുണ്ടായിരുന്നുവെന്നതാണു് വാസ്തവം… എതിർപ്പുകൊണ്ടു മാത്രമേ അവ നീതീകരിക്കപ്പെടുകയുള്ളു. വ്യവസ്ഥാപിതമായ ചിന്താഗതിക്കെതിരായി പ്രവർത്തിക്കുന്നതിനു് പ്രതിഫലം പൂമാലയല്ല, വിഷകുംഭമാണെന്നു് അദ്ദേഹം അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിധികർത്താക്കളുടെ ന്യായം അദ്ദേഹം മനസ്സിലാക്കി. അവരോടു് യാതൊരു കയ്പും കൂടാതെ അദ്ദേഹം പുഞ്ചിരികൊണ്ടു; വിഷം കഴിച്ചു; മരിക്കുകയും ചെയ്തു, അതായിരുന്നു അദ്ദേഹത്തിനു ലഭിച്ച ഏറ്റവും ഉറച്ച നീതീകരണം. ഏതാണ്ടിതൊക്കെത്തന്നെയാണു് മലയാളത്തിലെ സോക്രട്ടീസിന്റെയും അനുഭവം.

സനാതനികളും ചില മാർക്സിസ്റ്റുകളും ഒരുപോലെ ഭരണിപ്പാട്ടിനു് ലക്ഷ്യമാക്കുന്ന ഒരു ദേഹമാണു് ശ്രീ. എ. ബാലകൃഷ്ണപിള്ള. ഇവരിൽ ആദ്യത്തെ വിഭാഗം എന്തുകൊണ്ടു് വിമർശിക്കുന്നുവെന്നു് മനസ്സിലാക്കാൻ വിഷമമില്ല. ‘ആർഷ’ഭാരതത്തിന്റെ പൂപ്പൽപിടിച്ച പനയോലക്കെട്ടുകളിലേയ്ക്കു് അദ്ദേഹം കൊളുത്തിയെറിഞ്ഞ പന്തം നീറിപ്പിടിക്കുന്നതിന്റെ ചീറലും പൊട്ടലുമാണാക്കേൾക്കുന്നതു്. ആ തീ പടർന്നു. ശ്രീബുദ്ധനെ ശ്വാസംമുട്ടിച്ച ബ്രാഹ്മണ്യത്തിന്റെ ക്ഷേത്രം കത്തിയെരിഞ്ഞു്, അവിടെ ഒളിച്ചിരിക്കുന്ന നരിച്ചീറും, പൂജാരിയും, ശങ്കരാചാര്യ രും എല്ലാം ഓടി മറയും എന്നദ്ദേഹത്തിനറിയാം. അതുകൊണ്ടു് സനാതനിയുടെ ക്ഷോഭം അദ്ദേഹത്തിനു് മനസ്സിലാകും. അതോടൊപ്പം തന്റെ പ്രയത്നത്തിന്റെ സാഫല്യം വ്യക്തമാവുകയും ചെയ്യും. അദ്ദേഹത്തിനു് “പടിഞ്ഞാറൻ പ്രേതബാധ” പിടിപെട്ടിരിക്കുകയാണെന്നു് മാർക്സിസ്റ്റുകൾ ആക്ഷേപിക്കുമ്പോഴും ആ വൃദ്ധനു് പരിഭവമില്ല. കാറൽ മാർക്സ് ‘പൗരസ്ത്യ പ്രേത’മാണെന്നു് ധരിച്ചതുകൊണ്ടല്ല, ചുവന്ന കുപ്പായത്തിനിടയിൽ കിടക്കുന്ന ‘ചന്ദ്രോത്സവ’സംസ്ക്കാരത്തെ വലിച്ചു പുറത്തിട്ടാൽ ചിലരെല്ലാം കോപിക്കുമെന്നു് മനസ്സിലാക്കാൻ അദ്ദേഹത്തിനു് ശക്തിയുള്ളതുകൊണ്ടു്. അദ്ദേഹം “ഗ്രന്ഥപ്പുരകളിലെ പുസ്തകപ്പുഴു”വാണെന്നു് പ്രഖ്യാപനമുണ്ടാകുമ്പോൾ ആ വൃദ്ധനയനങ്ങൾ ദീപ്തമാകും, അവയുടെ അരശതാബ്ദക്കാലത്തെ അക്ഷീണപരിശ്രമത്തിനു് ഇന്നെങ്കിലും അംഗീകാരമുണ്ടായല്ലോ എന്ന കൃതാർത്ഥതയോടുകൂടി. പാണ്ഡിത്യം സാധാരണയായി അംഗീകരിക്കപ്പെടുന്ന ഒരു സമ്പാദ്യമല്ലെന്നദ്ദേഹത്തിനറിയാം. ഈ അഭിനന്ദനം തലതിരിഞ്ഞ രീതിയിൽ വരുന്നതുകൊണ്ടു് അദ്ദേഹത്തിനു് വിരോധമൊന്നുമില്ല. അന്ധതയുടെ പ്രതിഷേധമാണു് ജ്ഞാനത്തിനുള്ള പ്രശംസാപത്രം. ഒരു ശതാബ്ദംമുമ്പു് മറ്റൊരു പുസ്തകപ്പുഴു (അതും പാശ്ചാത്യ ഗ്രന്ഥശാലകളിൽ) എഴുതിവെച്ച കാര്യങ്ങളെക്കടന്നു് യാതൊന്നും മനുഷ്യ വിജ്ഞാനീയത്തിൽ ഉണ്ടായിട്ടില്ലെന്നും ഉണ്ടായിക്കൂടെന്നും വിശ്വസിക്കുന്ന ‘പുരോഗമനക്കാർ’ ഓമറെ ന്ന കാലിഫ് ചെയ്തതുപോലെ വേദമൊഴിച്ചുള്ള ഗ്രന്ഥങ്ങളെല്ലാം ചുട്ടുകരിക്കാത്തതദ്ഭുതം. പുതിയ ഉപനിഷത്തും പുതിയ വേദവും ലഭിച്ച ഇക്കൂട്ടർ ഗ്രന്ഥപാരായണത്തെ സ്തുതിക്കും തെറിക്കും മാത്രമാക്കി വെട്ടിച്ചുരുക്കിയതിലും അദ്ദേഹത്തിനദ്ഭുതമില്ല. നിലനിൽപു ലഭിച്ച ഏതു ചിന്താഗതിയും മതമായിത്തീരും. ഏതു് മതവും ജ്ഞാനത്തിനൊരതിരുവെയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്റെ പുരോഹിതന്മാർ ശപിക്കുകയും ചെയ്യും.

ആയില്ല, പിന്നെയുമുണ്ടു് അഥീനിയൻ പൗരന്മാർക്കു് ചില ആരോപണങ്ങൾ. അദ്ദേഹം ഒരു ഡീക്കേഡന്റ് (ചീയൽ പ്രസ്ഥാനക്കാരൻ) ആണത്രേ. ഇതിനു് അദ്ദേഹം നിങ്ങൾക്കൊരു സലാം തരും. അപ്പറഞ്ഞതു ശരിയാണു്. അദ്ദേഹം പലതും ചീഞ്ഞു നാറുന്നതു കണ്ടു. അദ്ദേഹം അതിന്റെ കാരണമന്വേഷിച്ചു് ഓടയിൽത്തന്നെ ഇറങ്ങിനോക്കി. “അറപ്പുള്ളവനു് ശുചിത്വമില്ല” എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കി അദ്ദേഹം ആ ഓടയിൽ കണ്ടതെല്ലാം വാരി വെയിലത്തിട്ടു. അനേകം യുവാക്കന്മാരെ അദ്ദേഹം ഈ പ്രവൃത്തിക്കു് പ്രേരിപ്പിച്ചു. തോട്ടിസംഘം വർദ്ധിച്ചു. ഓടയിൽ കാണുന്ന മാലിന്യത്തിനു് തങ്ങൾക്കൊരുത്തരവാദിത്തമില്ലെന്ന ഭാവത്തിൽ അതുവഴി കടന്നുപോയ മാന്യന്മാർ മൂക്കുപൊത്തിക്കൊണ്ടു് വഴിമാറിപ്പോയി. ഓട വൃത്തിയായേക്കാം. പക്ഷേ, ഈ വെള്ളതേയ്ക്കപ്പെട്ട ശവക്കല്ലറകൾ എന്നും നാറിക്കൊണ്ടുതന്നെയിരിക്കും. അദ്ദേഹമാകട്ടെ നമ്മോടു ചോദിക്കും: “ഒരിക്കൽകൂടി എന്നെ ഡിക്കേഡന്റ് എന്നു വിളിക്കണേ” എന്നു്. അദ്ദേഹത്തിന്റെ നേതൃത്വം ‘പിഴച്ച’താണെന്നു പറയുമ്പോഴും ആ കണ്ണുകൾ തിളങ്ങും. ആ ആരോപണംകൊണ്ടു് ‘നേതൃത്വ’മുണ്ടെന്നെങ്കിലും സമ്മതിച്ചല്ലോ. അതുമതി. സോക്രട്ടീസിനും അതുതന്നെയായിരുന്നു സമാധാനം. പ്ലേറ്റോയെയും അരിസ്റ്റോട്ടലിനെയും പിഴച്ച വഴിയിൽ നയിച്ചുവെന്നതിൽ കവിഞ്ഞു് ഒന്നും ഒരു താടിക്കാരനും ലഭിക്കേണ്ടതില്ല. പിന്നെയുമുണ്ടു് ഒരു ചുമടു് ആരോപണങ്ങൾ. അദ്ദേഹം പിന്തിരിപ്പനാണു്. എന്താ സംശയമുണ്ടോ? മോഹൻ ജൊഡാറോ യിലെ പുരാതനവസ്തുക്കളിലും അറേബ്യൻ കടലിലാണ്ടുപോയ ദ്വാരകയിലും സത്യമന്വേഷിച്ചു് പരതിനടക്കുന്ന ആ കിഴവൻ പഴഞ്ചരക്കുതന്നെയല്ലേ? വയസ്സാണെങ്കിൽ അറുപതും കഴിഞ്ഞു. ഇതിനെല്ലാം പുറമെ അദ്ദേഹമൊരു അരാജകത്വവാദിയാണു്. എന്നുവെച്ചാൽ ഒരു വിദൂരഭാവിയിൽ മനുഷ്യൻ രാഷ്ട്രീയവും നിയമവും ഒന്നുമില്ലാതെ സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന ഒരു ജീവിയായിത്തീരുമെന്നു് വിശ്വസിക്കുന്ന മനുഷ്യൻ! നോക്കണേ എന്തൊരു പാതകമാണെന്നു്. നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന മാന്യപൗരന്മാർക്കു് ഇതു സഹിക്കുവാൻ കഴിയുമോ? ഇതിലെല്ലാം വലിയ തെറ്റു് അദ്ദേഹം, അദ്ദേഹത്തേക്കാൾ പാണ്ഡിത്യവും മഹിമയും ഉള്ള ചില അതിമാനുഷരെ അംഗീകരിക്കുന്നില്ലെന്നതാണു്. ചുരുക്കിപ്പറഞ്ഞാൽ ഈ “കരിംകാക്ക കാലം മാറിയതറിഞ്ഞീല.” വർത്തമാനത്തിൽ ഉദിച്ചുനിന്നുകൊണ്ടു് ഭൂതകാലത്തിലേക്കു് എത്തിനോക്കിയ ആ മനുഷ്യൻ, ശിവന്റെയും, സോമബ്രഹ്മാവിന്റെയും ജാതകമെഴുതിയ ആ മനുഷ്യൻ, ഭാവിയിലെ യുഗസഹസ്രങ്ങളിലേക്കു് നോക്കിനോക്കി കണ്ണുതളർന്ന ആ മനുഷ്യൻ ഇതെല്ലാം കേൾക്കുമ്പോൾ സന്തോഷിക്കും, കാലം മാറുക എന്ന ആശയം, എത്ര പരിമിതമായിട്ടാണെങ്കിലും കുറേപ്പേരുടെ തലയ്ക്കകത്തു് കയറിയല്ലോ എന്നോർത്തു്. തന്തയെക്കേറി കാക്കയെന്നു വിളിക്കുന്ന സമ്പ്രദായവും അദ്ദേഹത്തിനിഷ്ടമാണു്. അതും നിലവിലുള്ളതിനെ ചോദ്യം ചെയ്യുന്ന ഏർപ്പാടാണല്ലോ. ഭീഷണികൾ അദ്ദേഹത്തെ സന്തോഷിപ്പിക്കും. കയാഫാസിനും ജറുസലേമിലെ ജനതയ്ക്കും ഒരു വീക്ഷണകോണമുണ്ടായിരുന്നു. അവരുടേതായ ഒരു ന്യായവും. അതിഭീമമായ ജറുസലേം ദേവാലയം മൂന്നുദിവസംകൊണ്ടു് പൊളിച്ചുപണിയുമെന്നു് വീമ്പിളക്കുന്ന ഒരാശാരിച്ചെക്കനെ തച്ചുകൊല്ലുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല. നമുക്കും വിളിക്കാം: “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക!”
ഇവൻ എന്റെ പ്രിയപുത്രൻ 1953.