images/Macbeth.jpg
Macbeth and the Witches, a painting by Thomas Barker of Bath .
‘ചത്തും കൊന്നും…’
സി. ജെ. തോമസ്

എല്ലാ ദുരന്തങ്ങളും ട്രാജഡിയല്ല. ‘ട്രാജഡി’ക്കു നാടകശാസ്ത്രത്തിൽ പ്രത്യേകമായ ഒരർത്ഥമുണ്ടു്. വെറും നിർഭാഗ്യം നാടകവസ്തുവായികൂടെന്നില്ല. പക്ഷേ, ഒരുനല്ല ദുരന്തനാടകത്തിനു ലൈലയുടേയോ ജുലിയറ്റിന്റേയോ നിർഭാഗ്യം മതിയാവുകയില്ല. ഇടിവെട്ടേറ്റു മാതാപിതാക്കന്മാർ മരിച്ചുപോയ അനാഥക്കുട്ടികൾ കഷ്ടതയുടെ ദൃശ്യരൂപങ്ങളാണു്. പക്ഷേ, അക്കഥ നാടകീയമല്ല. പാശ്ചാത്യ നാടകാദർശപ്രകാരം (ദുരന്തനാടകത്തെ സംബന്ധിച്ചിടത്തോളം പൗരസ്ത്യാദർശത്തെ അവഗണിക്കുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു ദുരിതമനുഭവിക്കുന്നവർക്കു് ആ ദുരിതം വരുത്തിക്കൂട്ടുന്നതിൽ ഒരു പങ്കുണ്ടായിരിക്കണം. എങ്കിൽമാത്രമേ, നാടകത്തിനാവശ്യമായ സംഘട്ടനമുണ്ടാവാൻ വഴിതെളിയു. ലൈലയും ജുലിയറ്റും നിർദ്ദയമായ വിധിയുടെ മുമ്പിൽ തകർന്നുവീഴുകയാണുചെയ്യുന്നതു്. അതുകൊണ്ടു നാടകമെന്ന നിലയ്ക്കു ‘ലൈലാ മജ്നുവും’ ‘റോമിയോ ജൂലിയറ്റും’ തരംതാഴുന്നു. നേരേമറിച്ചു ലീയറും, ഹാംലെറ്റും, മാൿബത്തും സ്വയം വിന വരുത്തിക്കൂട്ടുന്നവരാണു്. വിധിക്കു് അവിടെ സ്ഥാനമില്ലെന്നല്ല. പക്ഷേ, ചെയ്തതെറ്റുമായി യാതൊരു പൊരുത്തവുമില്ലാത്ത ഭയങ്കരദുർവിധിയാണവരുടെമേൽ പതിക്കുന്നതെങ്കിൽ അതു കഷ്ടമാണല്ലോ. ശിക്ഷതന്നെയോ ദുർവിധി മാത്രമോ പോരാ ട്രാജഡിക്ക്. നായകനും അന്യരുമായിട്ടുള്ള സംഘട്ടനത്തേക്കാൾ പ്രാധാന്യം നായകന്റെ ആത്മാവിൽത്തന്നെയുള്ള സംഘട്ടനത്തിനാണു്. മാൿബത്തു പ്രഭ്വിദുഷ്ടസ്ത്രീയാണു്. പക്ഷേ, അവരുടെ ആത്മാവിൽ കോളിളക്കമൊന്നുമില്ല. ലക്ഷ്യം പരാജയപ്പെട്ടെന്നു കാണുമ്പോൾ അവർ വെറുതേ അങ്ങു ചത്തുകളയുന്നു. അങ്ങനെ ട്രാജഡിയിൽനിന്നു രക്ഷപ്പെടുന്നു. അവരുടെ മരണം പ്രേക്ഷകരിൽ വലിയ വേദനയുണ്ടാക്കുന്നില്ല. നേരേമറിച്ചു്, മരിക്കാതിരിക്കുന്ന മാൿബത്തിന്റെ സ്ഥിതിയാണു് കഷ്ടം. പ്രഭ്വി മരിച്ചു രാജാവാകണമെന്ന ആശയും തകർന്നു. ചെയ്ത പാതകം അങ്ങാടിപ്പാട്ടായിത്തീർന്നു. ഈ നിലയിൽ മരിക്കാൻ കഴിഞ്ഞിരുന്നെങ്കിലതൊരാശ്വാസമാകുമായിരുന്നു. പക്ഷേ, അത്തരമൊരു ഭീരുത്വംകൊണ്ടു രക്ഷപ്പെടാൻ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിക്കുന്നില്ല. തനിക്കാവശ്യമില്ലാത്ത ഒരു ജീവിതവുംപേറി, തനിക്കിഷ്ടമില്ലാത്ത ഒരു സമരവും നടത്തി, ആത്മാവിൽ ഉമിത്തീയുമായി കഴിയുന്ന ആ ജീവിതം ആയിരം മരണങ്ങളേക്കാൾ കഷ്ടമാണു്. ഭ്രാന്തനായ ലീയറും, അസ്ഥിരചിത്തനായ ഹാംലെറ്റും ഇതുപോലെ ദുരിതമനുഭവിക്കുന്നവരാണു്. ഭാര്യയും പുത്രനും മരിച്ച, ഭാഗിനേയിയുടെ ഘാതകനായി, ജനങ്ങളാൽ വെറുക്കപ്പെട്ടും ദേവകളാൽ ശപിക്കപ്പെട്ടു, മരിക്കാതെ ജീവിക്കുന്ന ക്രിയോൺ രാജാവും ഇക്കുട്ടത്തിൽപെടും. ഈ വംശപാരമ്പര്യമവകാശപ്പെടുന്ന ഒരു മലയാളിയാണു് ‘നീ മനുഷ്യനെ കൊല്ലരുതു്’ എന്ന നാടകത്തിലെ അധികാരി. ഇവിടെയെല്ലാം ഒരു കാര്യമാണു് മുന്നിട്ടുനില്ക്കുന്നതു്. മരണത്തേക്കാൾ ഭീകരമായ ചിലതൊക്കെ ലോകത്തിലുണ്ടെന്നതു്. മരണം ഒരവസാനമായിട്ടാണു് സാധാരണ കണക്കാക്കപ്പെടാറുള്ളതു്, സുഖത്തിന്റെയെന്നതുപോലെ ദുഃഖത്തിന്റെയും. മിക്കവാറും അങ്ങനെയാണുതാനും. എങ്കിലും, ചില ചില സന്ദർഭങ്ങളിൽ ഈ ധാരണയെ അപഹസിച്ചുകൊണ്ടും, തുടർന്നുള്ള ദുരിതങ്ങളുടെയെല്ലാം ഉറവിടമായി മരണം പ്രത്യക്ഷപ്പെടാറുണ്ടു്. സ്വന്തം ജീവനേക്കാൾ വിലമതിക്കുന്ന ആദർശങ്ങളോ, അഭിമാനമോ, വിശ്വാസമോ മറ്റോ തകർന്നുപോവുകയും, അങ്ങനെ ജീവിതം ശുന്യവും നിരർത്ഥകവുമായിത്തീരുകയും ചെയ്യുമ്പോൾ മരണം ഒരാശ്വാസമായിത്തീരുന്നു. അങ്ങനെയുള്ള ഒരിതിവൃത്തമാണു് ദുരന്തനാടകത്തിനുയോജിച്ചതു്.

മുമ്പുപറഞ്ഞ അധികാരി ആരെയും കൊല്ലുന്നില്ല. അദ്ദേഹം കൊല്ലപ്പെടുന്നുമില്ല. പുത്രന്റെ മരണം ധീരമായി സഹിക്കാനുള്ള മനഃകരുത്തും അദ്ദേഹത്തിനുണ്ടു്. പക്ഷേ, സംഭവഗതികൾ അദ്ദേഹത്തെ ഒരു കൊലപാതകിയേക്കാൾ നികൃഷ്ടനാക്കിത്തീർക്കുന്നു. പുത്രന്റെ മരണത്തെപ്പറ്റി ഖേദിക്കേണ്ടിടത്തു് അദ്ദേഹം അതിൽ വെള്ളയടിക്കുന്നു. രണ്ടാമനേയും അദ്ദേഹം ചതിക്കുഴിയിലേക്കുതള്ളിവിടുന്നു. ഇതെല്ലാം ചെയ്തുകഴിഞ്ഞു്, തന്റെ പൊങ്ങച്ചത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി, ഇതികർത്തവ്യതാമുഢനായി നില്ക്കുന്ന ആ ദയനീയപാത്രം തികഞ്ഞ ഒരു ദുരന്തനായകൻതന്നെ.

മേല്പറഞ്ഞ നാടകം ഒരു ഏകപാത്രനാടകമാണു്. ഇതരപാത്രതങ്ങൾ അധികാരിയെ ശ്വാസമമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള പരമാണുക്കൾ മാത്രം. പ്രശ്നം അധികാരിയുടേതാണു്; അധികാരിയുടേതുമാത്രം. ആ പാത്രത്തിന്റെ സ്വഭാവവിശകലനത്തിൽ നാടകം അടങ്ങിയിരിക്കുന്നു. നാടകത്തിന്റെ വിജയത്തിനു് അധികാരിയുടെ ചിത്രീകരണമാണു് മുഖ്യോപാധി. മദിരാശിയിൽവെച്ചു് ഈ നാടകം അരങ്ങേറിയപ്പോൾ അധികാരിയായി അഭിനയിച്ച ശ്രീ. ഗംഗാധരൻകർത്താവു് നന്നായിട്ടഭിനയിച്ചു. എങ്കിലും, ചില ഭാഗങ്ങളിൽ സദസ്യർ ഒരു ഫലിതമനോഭാവം പ്രകടിപ്പിച്ചു. അതു് അഭിനയത്തിൽ പറ്റിയ എന്തെങ്കിലും പിശകുകൊണ്ടാണോ, പാത്രത്തിന്റെ യഥാർത്ഥസ്വഭാവം പ്രേക്ഷകർക്കു മനസ്സിലാകാഞ്ഞിട്ടാണോ എന്നു തീർത്തുപറഞ്ഞുകൂടാ. എന്തുതന്നെയായിരുന്നാലും അധികാരിയുടെ സ്വഭാവം വ്യക്തമായി മനസ്സിലാവുകയെന്നതു് അഭിനയത്തിനും ആസ്വാദനത്തിനും അനുപേക്ഷണീയമാണു്.

അധികാരി പരിഹാസ്യപാത്രമല്ല, ദുരന്തനായകനാണു്. ഒരുകണക്കിൽ ഇന്നത്തെ സമുദായത്തിന്റെ ഒരു പ്രതീകം. എങ്ങനെ?

യുദ്ധവിരോധം പ്രഥമദർശനത്തിൽ വളരെ എളുപ്പമായിത്തോന്നുന്ന ഒരു വിഷയമാണു്. ബോംബുവർഷം, ഭാരിച്ച നികുതി, റേഷൻ ഇങ്ങനെ നിരവധിയായ യുദ്ധക്കെടുതികളെപ്പറ്റി ഒരു പ്രബന്ധം തയ്യാറാക്കാനാണെങ്കിൽ അതു സമാധാനത്തിനു വേണ്ടി സമരംചെയ്യുന്നവർക്കും, സമാധാനംകൊണ്ടു സമരംചെയ്യുന്നവർക്കും എളുപ്പത്തിൽ സാധിക്കും. പക്ഷേ, ഇതൊരു കലാവസ്തുവായിട്ടെടുക്കുമ്പോൾ പരാജയം വരാൻ എളുപ്പമാണു്. മനുഷ്യവർഗ്ഗത്തിലിന്നും അവശേഷിക്കുന്ന കാട്ടാളത്തമുണ്ടു്. അതിന്റെ മുമ്പിൽ യുദ്ധവിരോധം ഒരുവകവങ്കത്തമായിത്തോന്നും. ‘വിദേശി’കളോടും ‘ശത്രു’ക്കളോടും ‘മർദ്ദകവർഗ്ഗ’ത്തോടുമെല്ലാം യുദ്ധം ചെയ്യുന്നതു നല്ലതാണെന്നൊരുപക്ഷം. യുദ്ധം നല്ലതുണ്ടു്, ചീത്തയുമുണ്ടു്, ആവശ്യമായതും അനാവശ്യമായതും ഉണ്ടു്. ‘നാം’ തോല്ക്കുന്ന യുദ്ധങ്ങളെല്ലാം അനാശാസ്യമാണു്. അവയ്ക്കെതിരായി സമാധാനപ്രസ്ഥാനം കെട്ടിപ്പടുക്കണം. നാം ജയിക്കുന്ന യുദ്ധങ്ങളാകട്ടെ സൽകർമ്മങ്ങളാണു്. കൂട്ടക്കൊലയ്ക്കു പൂശുന്ന ഇത്തരം നിറപ്പകിട്ടുകളാണു് തുടച്ചുകളയേണ്ടതു്. ഇക്കാര്യം അത്ര എളുപ്പമായ ഒരു പ്രവൃത്തിയല്ല. വിശ്വസാഹിത്യത്തിൽ കൊലപാതകത്തെ അപഹസിക്കുന്ന ഓരോ കൃതിക്കും. അതിനെ പുകഴ്ത്തുന്ന പതിനായിരം കൃതികൾ ഉണ്ടാകും. കെർവാൻറീസിന്റെ ധീരവീരശുരപരാക്രമിയായ ക്വിക്സോട്ടു കഴിഞ്ഞു് അധികമാരും യുദ്ധത്തിന്റെ റൊമാന്റിക് പുറം തൊലി ഉരിഞ്ഞുകളയാൻ പരിശ്രമിച്ചിട്ടില്ല. കുട്ടികൾക്കു കളിക്കാൻ കൈത്തോക്കു്, ഭിത്തിയിലലങ്കരിക്കാൻ ഖഡ്ഗം, വായിക്കാൻ സ്കോട്ടിന്റെ നോവലുകൾ—ഇതാണു് നമ്മുടെ സംസ്കാരത്തിന്റെ രത്നച്ചുരുക്കം. ഇന്നുള്ള പതിവിതാണു്: സമരമെന്ന ആശയം വിശുദ്ധമായി കണക്കാക്കുക, സമരത്തിന്റെ എണ്ണമറ്റ കെടുതികളെല്ലാം ഭടന്മാരുടെ മേൽ വച്ചുകെട്ടുക. മനുഷ്യനെ കൊന്നു പുലർത്തേണ്ട ഏതെങ്കിലും മൂല്യം മനുഷ്യനുണ്ടാക്കിയിട്ടുണ്ടെന്നു ഗണിക്കുന്നവർ ആദ്യം ചെയ്യേണ്ടതു കാപാലികന്മാരെ സംരക്ഷിക്കുകയാണു്. അവരും ആത്മാർത്ഥമായി ഒരാദർശത്തിൽ വിശ്വസിക്കുന്നവരാണു്. അതോടൊപ്പംതന്നെ നരബലി നിറുത്താൻവേണ്ടി ആസ്തെക്കുവംശവംശത്തെ മുഴുവനും കൂട്ടക്കൊല നടത്തിയ കോർട്ടസ്സിനെ നീതീകരിക്കയും വേണം. ഇത്തരം തലതിരിഞ്ഞ കാട്ടാളത്തത്തിന്റെ ഫലമാണു് ചത്തും കൊന്നും പിടിച്ചടക്കാനുള്ള ആഹ്വാനം. ഇന്നുസമരംപാടില്ലെന്നു പറയുന്നവൻ ക്വിക്സോട്ടായി അപഹസിക്കപ്പെടും. അത്രയ്ക്കുണ്ടു് ഖഡ്ഗാരാധനയുടെ ശക്തി, ചത്തും കൊന്നും പിടിച്ചടക്കുകയെന്നതു് ഒരു വെറും സൈനികനിർദ്ദേശമല്ല, ഒരു മതമാണു്. വാളിനും പരിചയ്ക്കും പകരം ചട്ടുകവും ദോശക്കല്ലും മാത്രമായിത്തീർന്ന ഇക്കാലത്തും പഴശ്ശിരാജാവിന്റെ ആത്മഹത്യയോർത്തു ഞെളിയുന്നവരാണു് നാം. ആ രോഗം പൊട്ടിയൊഴുകുന്ന ര്വ്ര വ്രണങ്ങളാണു് നമ്മുടെ വർഗ്ഗീയലഹളകളും, ‘കീശയിലെ വിപ്ലവങ്ങൾ’ എന്നറിയപ്പെടുന്ന ലഹളകളും. ഇതിനെല്ലാം ഒഴികഴിവുകളും നീതീകരണങ്ങളും കണ്ടുപിടിക്കുകയെന്നതു് അല്പം വാചാലതയുള്ളവർക്കു് എളുപ്പമാണു്. വേണ്ടിവന്നാൽ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’, “ശ്രീ ഭഗവാനുവാച…” പറയുന്ന ഭാഷ എന്തായിരുന്നാലും ഇവർ ചെയ്യുന്നതു് കൊലയ്ക്കു കുരവയിടുകയാണു്.

അങ്ങനെ ഗീതയും മാർക്സും, ക്വിക്സോട്ടും പെരുമാളും ആറ്റം ബോംബും ആസിഡ് ബൾബും എല്ലാംകൂടി കെട്ടിമറിഞ്ഞ ഒരു നൂലാമാലയാണു് ഇന്നത്തെ സാമൂഹ്യമനസ്സു്. നാം ഹൈഡ്രജൻ ബോംബു നിരോധിക്കണമെന്നു പറയുമ്പോൾ, അതിനർത്ഥം അതു നമ്മുടെ രാജ്യത്തിടരുതെന്നുമാത്രമാണു്. ‘വിദേശ’ത്തു് അതു പ്രയോഗിക്കുന്നതിനു നാമെതിരല്ല. അവർ ‘നൊമ്മടെ ശത്രുക്കളാ’ണല്ലോ! ദീർഘകാലമായി നിലനിന്നുവരുന്ന ഒരു തെറ്റിന്റെ മുമ്പിൽ ശരി മാപ്പുപറയേണ്ടിവരും. യാതൊരു സമരവും നീതീകരിക്കത്തക്കതല്ല എന്നു പറയുന്നവന്റെ അനുഭവവും അതാണു്. പക്ഷേ, രാജാവു് നഗ്നനാണു് എന്നു പറയാനും ഒരു ബാലൻ വേണമല്ലോ. ആ ഭാഗം താനറിയാതെ അഭിനയിക്കുന്നയാളാണു് അധികാരി. മനുഷ്യനെ കൊല്ലുന്ന ഏർപ്പാടു്, ഏതെല്ലാം വിശദികരണങ്ങൾകൊണ്ടു മൂടിപ്പൊതിഞ്ഞാലും, മനുഷ്യോചിതമല്ല എന്നാണു് അധികാരിയുടെ അനുഭവം. അനുഭവമെന്നു പറയാൻ കാര്യമുണ്ടു്. ഇതു തർക്കിച്ചു സ്ഥാപിക്കാൻ കഴിയുന്ന കാര്യമല്ല. മനുഷ്യർ കാട്ടാളത്തത്തിൽനിന്നുയരണമെന്നു ന്യായവാദം ചെയുണമെങ്കിൽ കാട്ടാളത്തം മോശമാണെന്നൊരു ബോധം ഹൃദയത്തിലുണ്ടാകണമല്ലോ. ആ ബോധം അനുഭവങ്ങളിൽനിന്നു മാത്രമേയുണ്ടാകൂ. അധികാരിയുടെ അനുഭവം നാടകം മുഖേന നമ്മിലേയ്ക്കു പകരുന്നു. അധികാരിയിലുണ്ടാകുന്ന മാറ്റത്തിന്റെ പഠനം ഒരു കണക്കിൽ നമ്മുടെമനസ്സിന്റെതന്നെ ഒരു വിശകലനമായിരുന്നേക്കാം.

അധികാരി ഒരു ശുദ്ധനാണു്. അദ്ദേഹം ചില പഴങ്കഥകളുടെ പൊങ്ങച്ചം കൊണ്ടു ജീവിക്കുകയാണു്. വലിയമ്മാവന്റെ തോക്കു് അദ്ദേഹം സൂക്ഷിച്ചിട്ടുണ്ടു്. മാനിച്ചവിക്രമന്മാർ ഒരു മാറാത്ത സ്വപ്നവുമാണു്. ഇതൊക്കെയാണെങ്കിലും അദ്ദേഹം രക്തം കണ്ടിട്ടില്ല. മൂത്തപുത്രനെ അദ്ദേഹം വീരസ്വർഗ്ഗത്തിനു പറഞ്ഞയച്ചു. ഇയവനെ രക്ഷിച്ചാൽ കൊള്ളാമെന്നു മോഹമില്ലാഞ്ഞിട്ടല്ല അവനെയും യുദ്ധത്തിനയക്കുന്നതു്. ആരെങ്കിലും ‘തടിതപ്പി’ എന്നു വിളിച്ചാലോ എന്നാണു് ഭയം. ഇത്തരം ഭീരുത്വംകൊണ്ടു കൊലപാതകികളായിത്തീർന്നവരുണ്ടു്. ഒരുതരത്തിൽ അധികാരിയും അങ്ങനെതന്നെ.‘ഒരു യോഗം കലക്കി’യുടെ ചോദ്യത്തിന്റെ മുമ്പിൽ നല്ലവനായ ആ മനുഷ്യൻ ചൂളിപ്പോയി. മകനെ അദ്ദേഹം കൊലക്കുകൊടുക്കുന്നു ഒരു മിത്ഥ്യാഭിമാനത്തിനുവേണ്ടി അദ്ദേഹം തറവാടു് മുടിക്കുകയാണു്. കൃഷി വെറും താഴ്‌ന്ന തൊഴിലാണെന്ന കണ്ടുപിടുത്തം! അമ്മയുടെ പുത്രസ്നേഹത്തേക്കൂടി അദ്ദേഹത്തിനിടിച്ചുതാഴ്ത്തേണ്ടതായി വരുന്നു. ഒരു മഠയത്തരത്തെ നീതികരിക്കാൻവേണ്ടി അദ്ദേഹം ചെയ്തുകൂട്ടുന്ന തെറ്റുകൾക്കു കണക്കില്ല. മാനിച്ചവിക്രമന്മാരുടെ പ്രേതം അദ്ദേഹത്തെ നരകത്തിലേക്കു വലിച്ചിഴക്കുകയാണു്. അദ്ദേഹം ചെയ്യുന്ന കൃത്യങ്ങളൊന്നുമല്ല ട്രാജഡിക്കുനിദാനം. അദ്ദേഹത്തിന്റെ ശപ്തമായ ആദർശമാണു് അദ്ദേഹത്തെ നശിപ്പിക്കുന്നതു്. ശാന്തനായ അദ്ദേഹം ക്ഷുഭിതനാകുന്ന രംഗങ്ങൾ നോക്കൂ. പുത്രന്റെ മരണത്തേക്കാളധികം അദ്ദേഹത്തെ വേദനിപ്പിക്കുന്നതു് അക്കാര്യം ഭാര്യയുടെ മുമ്പിൽവെച്ചു സംസാരിക്കുന്നതാണു്. രണ്ടു പുത്രന്മാരുടെയും ജീവനെക്കാൾ അദ്ദേഹത്തിനു വില വീരസ്വർഗ്ഗമെന്ന ആശയത്തിനാണു്. ആ വ്യാമോഹം തകരുന്നതാണു് അധികാരിക്കേറ്റം ദുർവഹമായ ദുരന്തം. അവസാനമായി മക്കളെക്കൊന്നു സ്വന്തപരാജയബോധത്തിൽനിന്നു മുക്തിനേടാമെന്നുധരിച്ച അദ്ദേഹത്തിനു പിന്നെയും വരാനുണ്ടു് വിനകൾ. രണ്ടാമത്തെ പുത്രനും മരിച്ചിരുന്നെങ്കിൽ അതും സഹിക്കാമായിരുന്നു. പക്ഷേ, വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ആ മുടന്തൻ ‘ടൈമൂർ’ അധികാരിയുടെ മരണംവരെ അദ്ദേഹത്തിനുനേരെ കോക്രികാട്ടുന്ന ഒരു രൂപമാണു്. ആ ഒറ്റക്കാലനിൽ അധികാരിക്കുപോലും യാതൊരു വീരശ്രീയും ദർശിക്കാൻ കഴിയുന്നില്ല.

അധികാരിയിൽ നാം കാണുന്നതു് അടിക്കടി വളരുന്ന ഒരു സ്വഭാവത്തെയല്ല. അധികാരിയുടെ വ്യക്തിത്വം ഏതാണ്ടു് സ്ഥിരമായഒന്നാണു്. സംഭവഗതികൾ അതിന്റെ ഓരോ വശങ്ങളിൽ വെളിച്ചം വീശുന്നു. അവസാനമായി അദ്ദേഹം പരാജയപ്പെട്ടു തകർന്നു പോവുന്നതേയുള്ളു. അദ്ദേഹം ഒരുറച്ച വിശ്വാസിയാണു്. ചില്ലറ പരാജയങ്ങൾ അദ്ദേഹത്തെ വിഷമിപ്പിക്കുകയില്ല. വളയാൻ കഴിയാത്ത ആ ആദർശശാലിക്കു് ഒടിയാനേ കഴിയൂ. പക്ഷേ, അനുവാചകനിലുണ്ടാവുന്ന ഫലമെന്താണു്? അധികാരിയോടു് അനുകമ്പയുണ്ടാകാതെ വയ്യ. എങ്കിലും, കുറെയൊക്കെ സ്വയംകൃതാനർത്ഥമാണു് എന്നേ നമുക്കു തോന്നു. എന്തെന്നാൽ നാടകാവസാനമാകുമ്പോഴേക്കും അധികാരിയുടെ ജീവിതദർശനത്തിൽനിന്നു നാം വളരെ അകന്നുകഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ ലോകത്തിൽ സമരപ്രധാനമായ ഒരു ഇതിവൃത്തത്തിനു് ഒരു ഫ്യൂഡൽപാത്രം വന്നുകൂടുന്നതിലെന്തുമാത്രം ഔചിത്യമുണ്ട്? നിർഭാഗ്യവശാൽ അതാണു് നമ്മുടെ ശാപം. സാമൂഹ്യവ്യവസ്ഥിതിയുടെ മാറ്റംകൊണ്ടു തെരുവുതെണ്ടികളായിത്തീർന്ന കുലീനന്മാരാണു് നമ്മുടെ രക്തസന്ദേശക്കാർ—നമ്മുടെ ക്വിക്സോട്ടുമാർ. അവർക്കാണു് നിലവിലുള്ള വ്യവസ്ഥിതിയോടു് അന്ധമായ വെറുപ്പും, കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റി അന്ധമായ മതിപ്പും കാണാറുള്ളതു്. ഒന്നും നടന്നില്ലെങ്കിൽത്തന്നെയും അവർക്കു മിശറു കടിച്ചു മരിക്കുന്നതുപോലെ പടവെട്ടി മരിക്കുന്നതിലുമുണ്ടു് ഒരു സുഖം. ഇതു മലനാട്ടിനു സ്വന്തമായിട്ടു വന്നുപെട്ട ഒരു കെടുതിയാണു്. തകർന്ന ഫ്യൂഡലിസത്തിന്റെ നിസ്സഹായമായ വാലുകൾക്കേ ഇത്തരം കാട്ടാളത്തം ഫിലോസഫിയായിത്തീരുകയുള്ളൂ. ഇന്നത്തെ ലോകത്തോടു് കുറെയെങ്കിലും പൊരുത്തപ്പെട്ട മുതലാളിക്കും തൊഴിലാളിക്കും ഇത്തരം വീരസാഹസികത്വത്തെ പുച്ഛമാണു്. അവർക്കു് ഇത്തരം ‘മഹത്വ’ങ്ങളൊന്നും പറയാനില്ല. ഈ ബലഹീനതയുടെ ഒരു വകഭേദമാണു് വടക്കേ ഇൻഡ്യയിലും മറ്റും കണ്ടതു്. മുകില സാമ്രാജ്യത്തിന്റെ മഹിമയ്ക്കും ഹൈന്ദവസംസ്കാരത്തിന്റെ നിലനില്പിനുംവേണ്ടി അവിടെ എത്ര ധീരസമരങ്ങളാണു് നടന്നതു്! അതിലെ രണധീരന്മാരെപ്പറ്റി ചരിതം ഒന്നും പറയാത്തതെന്തുകഷ്ടമാണു്! എത്ര മ്ലേച്ഛന്മാരെയും, കാഫറുമാരെയും ഉത്തമവിശ്വാസത്തിനുവേണ്ടി അവർ കൊന്നു! എന്നിട്ടും, നമ്മുടെ ചരിത്രകാരന്മാർ അവരെ മറക്കുകയാണു്! മതാന്ധതയ്ക്കുവേണ്ടി കൂട്ടക്കൊലചെയ്യുന്നതു ശരിയല്ലെന്നുള്ള ബോധം നമ്മിലുണ്ടാവാൻ തുടങ്ങിയിട്ടുണ്ടെന്നു സാരം. രാഷ്ട്രീയമായ കൊലപാതകങ്ങൾ നിഷിദ്ധമായിത്തീരാത്തതുകൊണ്ടാണു് ‘രക്തംകൊണ്ടു ചരിത്രമെഴുതുകയും’ മറ്റും തുടർന്നു പോരുന്നതു്. ഈ രക്തത്തിന്റെ മനഃശാസ്ത്രത്തിൽനിന്നു് മലയാളി മുക്തിനേടുന്ന കാലത്തു്, നമുക്കുള്ള പരാക്രമം മുഴുവൻ കാട്ടിലെ കരിമ്പാറയുടെനേരെ തിരിയുന്ന കാലത്തു്, മനുഷ്യൻ മനുഷ്യനായിത്തീരും. ഇന്നു പട്ടാളത്തിൽപ്പോയി വെയിലത്തു കവാത്തെടുത്തു് ഗോതമ്പുതിന്നാൻ നമുക്കു മടിയില്ല. വെയിലത്തു കൃഷിചെയ്തു കൊള്ളിക്കിഴങ്ങു തിന്നുന്നതു് അവമാനകരമാണു്. ആശുപത്രിയിലെ ഡോക്ടർ കള്ളനെയും യാചകനെയും ശസ്ത്രക്രിയചെയ്യുമ്പോൾ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ നാം പൊറുക്കുകയില്ല. യുദ്ധക്കളത്തിൽ ഭടന്മാർ മെഷിൻഗൺ പ്രവർത്തനം നടത്തുമ്പോൾ നാം ആർത്തട്ടഹസിക്കുന്നു. എങ്കിലും, മനുഷ്യനിന്നും വെറും മൃഗമായിട്ടില്ല. ഒരു പട്ടാളക്കാരനോടുതന്നെ ചോദിക്കൂ. വെടിവെയ്ക്കുന്നതിനോളം എളുപ്പമാണോ ബയണനറ്റുകൊണ്ടു കുത്തുന്നതെന്നു്. നാം കാട്ടാളത്തത്തെ പിന്നിട്ടു വഴി വളരെയധികം പോന്നിരിക്കുന്നു. ഇടയ്ക്കിടയ്ക്കു്, ആനയ്ക്കു മദംപൊട്ടുമ്പോലെ, അതു തിളച്ചുവരാറുണ്ടെന്നു മാത്രമേയുള്ളു. അത്തരം സന്ദർഭങ്ങളിൽ, മായാത്ത ഒരു ദർശനമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടട്ടെ, ശുദ്ധനും ധീരനുമായ ആ അധികാരി.

മാതൃഭൂമി 4 ജൂലായ് 1954.

ധിക്കാരിയുടെ കാതൽ 1955.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Chathum Konnum (ml: ‘ചത്തും കൊന്നും…’).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-08-13.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Chathum Konnum, സി. ജെ. തോമസ്, ചത്തും കൊന്നും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Macbeth and the Witches, a painting by Thomas Barker of Bath . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.