സ്വാതന്ത്ര്യത്തിനുനേരെ ഒരു ഭീഷണിമാത്രമേ ഞാൻ കാണുന്നുള്ളൂ. അതു ദാരിദ്ര്യമാണു്. മറ്റെല്ലാ ഭീഷണികളും ഒന്നുകിൽ ദാരിദ്ര്യത്തിന്റെ രൂപഭേദമോ, അല്ലെങ്കിൽ അതിൽ നിന്നുത്ഭവിക്കുന്നവയോ മാത്രമാണു്.
ദാരിദ്ര്യം രണ്ടു നിലകളിലാണു് ജീവിതത്തെ നിഷേധിക്കുന്നതു്. ഒന്നു്: സാമൂഹ്യമണ്ഡലത്തിൽ, രണ്ടു്: ആത്മമണ്ഡലത്തിൽ. ഇവരണ്ടും വ്യക്തമാക്കുവാൻ സ്വാതന്ത്ര്യം എന്നതിനെപ്പറ്റി ഒരു സാധാരണ വിവരണം ആവശ്യമാണു്.
സ്വാതന്ത്ര്യം എന്നതു് എന്തും ചെയ്യാനുള്ള ലൈസൻസല്ല. നിയന്ത്രണങ്ങളുടെ അഭാവവുമല്ല. അതു് ഒരു പോസിറ്റീവ് ഗുണമാണു്. അതു് ശാരീരികമല്ല, ആത്മീയമാണു്. അതുകൊണ്ടുതന്നെ അതു് കൊടുക്കാനാവില്ല. സ്വയം എടുക്കേണ്ടതാണു്. അതു് ആർക്കും നിഷേധിക്കാനാവില്ല. കാരണം അതു സമൂഹത്തിന്റെ സൃഷ്ടിയല്ല, വ്യക്തിയുടെ മനോഭാവമാണു്. ആത്മാഭിമാനമുള്ളവനെ അസ്വതന്ത്രനാക്കുവാൻ യാതൊരു ശക്തിക്കും കഴിവില്ല. ചങ്ങലകളെയും തലച്ചോറു് അലയ്ക്കുന്നവരേയും അതു് അതിജീവിക്കും. ജീവിക്കുമ്പോൾ ഉള്ള ഒരു മാനസികാവസ്ഥയാണതു്. മരണത്തെക്കുറിച്ചുള്ള ഭയം അതിനെ സ്പർശിക്കുകയില്ല. അത്രവരെ പോകാനുള്ള കഴിവുമാത്രമേ സ്വാതന്ത്ര്യബോധമെന്ന പേരു കൊടുക്കാനാവൂ.
ആ സ്ഥിതിക്കു് സ്വാതന്ത്ര്യത്തിനു് എന്തെങ്കിലും ഭീഷണിയുണ്ടാകാൻ കഴിയുമോ എന്നൊരു ചോദ്യമുത്ഭവിക്കാം. ഒരു കണക്കിൽ പറഞ്ഞാൽ, ഇല്ല. പക്ഷേ, സാമൂഹ്യമായി നോക്കുമ്പോൾ ദാരിദ്ര്യം അസ്വാതന്ത്ര്യത്തിലേക്കു് ഒരു പ്രേരണയാണു്. ജോലി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലാതിരിക്കുക, ചെയ്ത ജോലിക്കു കൂലി പറഞ്ഞു വാങ്ങാൻ അവകാശമില്ലാതിരിക്കുക എന്ന വ്യവസ്ഥയ്ക്കു് രാഷ്ട്രീയവശത്തു് അസ്വാതന്ത്ര്യം എന്നും സാമ്പത്തികരംഗത്തു് ദാരിദ്ര്യം എന്നുമാണു് പേരു്. അഭിമാനത്തോടെ ജോലിചെയ്യുന്ന ഒരുവൻ പിച്ചയെടുക്കാൻ—അതു സർക്കാർ വകയാലും—ഇഷ്ടപ്പെടുന്നില്ല. അല്പം കുറഞ്ഞാലും വേണ്ടില്ല, അതു മുട്ടുമടക്കാതെ സമ്പാദിക്കണമെന്നാണവന്റെ ലക്ഷ്യം.
രണ്ടാമത്തെ നിലവാരത്തിൽ, ഭീഷണിപ്പെടുത്തുന്നതു് വ്യക്തികളുടെ ആത്മാവിനെയാണു്. തകർന്നടിഞ്ഞ ഒരു തറവാട്ടിൽ ജനിക്കുന്ന ഒരു വ്യക്തിയെ ഉദാഹരണമായിട്ടെടുക്കൂ. ദുസ്സഹമായ ദാരിദ്ര്യം അയാൾ ബാല്യത്തിൽ അനുഭവിക്കേണ്ടിവരുന്നു. ഇതിന്റെ ഫലമായി ഒരു വശത്തു് ബഹിർലോകത്തോടുള്ള തീരാത്ത വിരോധവും, മറുവശത്തു് പണത്തോടു് അടങ്ങാത്ത ആർത്തിയും ഉണ്ടായിത്തീരുന്നു. രാഷ്ട്രീയമായി അയാൾ വിപ്ലവകാരിയുടെ വേഷം അഭിനയിക്കുന്നതോടൊപ്പം സ്വകാര്യരംഗത്തു് ദീപസ്തംഭവിശ്വാസിയായിരിക്കും. ആത്മാവു മുരടിപ്പിക്കുക എന്നതാണു് ഇവിടെ ചെയ്തിരിക്കുന്നതു്. ആത്മാർത്ഥതയുണ്ടാവാൻ ഇടയുള്ള വ്യക്തികൾ അങ്ങനെ അധമബോധത്തിന്റെ മൂർത്തീകരണമായും അവന്റെ പ്രതിഭ വില്പനച്ചരക്കായും തീരുന്നു. സ്വയം അങ്ങനെയായതുകൊണ്ട് അന്യരേയും അങ്ങനെ കാണാനുള്ള വാസനയും ജനിക്കുന്നു. ഈ മാനസികാവസ്ഥയിൽ യാതൊരു കലാസൃഷ്ടിയും സാദ്ധ്യമല്ല.
ഇതാണു ദാരിദ്ര്യം മനുഷ്യാത്മാവിനോടു ചെയ്യുന്ന ദ്രോഹം. ഒരു വശത്തു് അതു് സഹൃദയന്റെ മനസ്സിനെ വരട്ടുന്നു. ജീവിതായോധനസമരത്തിൽ സൗന്ദര്യങ്ങൾ അവഗണിക്കപ്പെടുന്നു. താൽക്കാലികരസം മാത്രമുള്ള കലാഭാസങ്ങളുടെ പുറകേ പോകാൻ അവൻ നിർബന്ധിതനായിത്തീരുന്നു. മറുവശത്താകട്ടെ, കലാകാരന്റെ മനസ്സിനെ രക്ഷിക്കാനാവാത്തവിധം മലിനമാക്കുന്നു. വികൃതമാക്കുന്നു. ചുരുക്കി പറഞ്ഞാൽ ദാരിദ്ര്യത്തെ ജയിക്കുകയെന്നതു് കലാസൃഷ്ടിക്കും കലാസ്വഭാവത്തിനും ഒരുപോലെ ആവശ്യമാണു്. അതിൽകൂടിയാണു് സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം.
നിർഭാഗ്യവശാൽ ഇന്നു് ദാരിദ്ര്യമെന്നതു് ഒരു രോഗമായിട്ടല്ല ഗണിക്കപ്പെടുന്നതു്. അതൊരു മുദ്രാവാക്യമാണു് —അസ്വാതന്ത്ര്യം വർദ്ധിപ്പിക്കുവാനുള്ള ഒരു മുദ്രാവാക്യം. ദാരിദ്ര്യ ദൂരീകരണത്തിന്റെ പേരിൽ റഷ്യയിലും ചൈനയിലും നടന്ന മഹാവഞ്ചനകൾ ഇപ്പറഞ്ഞതിനു് ഉദാഹരണമാണു്. അവിടെ എന്തെങ്കിലും കുറെ ഭൗതികസമ്പത്തുണ്ടെന്നു പറഞ്ഞതുകൊണ്ടു ഫലമില്ല. അവിടെ യജമാനവർഗ്ഗമൊഴിച്ചെല്ലാവരും പരിപൂർണ്ണദരിദ്രരാണു്. സ്വന്തം തൊഴിൽ പോലും വിൽപ്പാൻ സ്വാതന്ത്ര്യമില്ലാത്ത തൊഴിലാളി അഭിമാനമുള്ള മനുഷ്യനല്ല; മനുഷ്യരൂപം പൂണ്ട യന്ത്രമാണു്. സമഗ്രാധിപത്യത്തിനു് എതിരായ ചിന്തമാത്രമാണു് സ്വാതന്ത്ര്യത്തിന്റെ രക്ഷാകവചം. അതിന്റെ പ്രായോഗികവശം ദാരിദ്ര്യം നീക്കാനുള്ള പരിശ്രമവും.